Tuesday, March 31, 2015

പിശാച്, പാപം ചെയ്ത ദൂതന്മാര്‍ ... 002 - ദിനവൃത്താന്തം 21ലെ സാത്താന്‍.

വേദപുസ്തകത്തിന്‍റെ പരിഭാഷകളില്‍ സാത്താന്‍ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചിരിക്കുന്നത് 1ദിനവൃത്താന്തം 21:1ല്‍ ആണ്. 1ദിനവൃത്താന്തം 21ന്‍റെ പ്രദിപാദ്യ വിഷയം ദാവീദ് യിസ്രായേലിന്‍റെ കാനേഷുമാരി നടത്തുവാന്‍ കല്‍പിക്കുന്നതും അതിന് നേരിടുന്ന ശിക്ഷയുമാണ്.

1ദിന 21:1 അനന്തരം സാത്താന്‍ യിസ്രായേലിന് വിരോധമായി എഴുനേറ്റ്, യിസ്രായേലിനെ എണ്ണുവാന്‍ ദാവീദിന് തോന്നിച്ചു.

ഇതേ സംഭവം 1സാമുവേല്‍ 24ല്‍ നിന്നും:

1സാമു 24:1 യഹോവയുടെ കോപം വീണ്ടും യിസ്രായേലിന്‍റെ നേരെ ജ്വലിച്ചു നീ ചെന്നു യിസ്രായേലിനെയും യെഹൂദയെയും എണ്ണുക എന്നിങ്ങനെ അവര്‍ക്കും വിരോധമായി ദാവീദിന് തോന്നിച്ചു.
ഈ രണ്ട് സന്ദര്‍ഭങ്ങളിലും:


  • പരീക്ഷിക്കപ്പെട്ട വ്യക്തി: ദാവീദ്. (2സാമു 24:1; 1ദിന 21:1) 
  • നടന്ന സംഭവം: യിസ്രായേലിന്‍റെ കാനേഷുമാരി നടത്തിയത്. (2സാമു 24:1; 1ദിന 21:1)
  • കാനേഷുമാരി നടത്തുവാന്‍ പോയത്: യോവാബ്. (2സാമു 24:4; 1ദിന 21:4)
  • ശിക്ഷ നല്‍കുവാന്‍ നിയമിക്കപ്പെട്ടത്: ജനത്തെ ബാധിക്കുന്ന ദൂതന്‍ (2സാമു 24:17; 1ദിന 21:15)

ഈ രണ്ട് സന്ദര്‍ഭങ്ങള്‍ക്കുമുള്ള ഒരേയൊരു വ്യത്യാസം, അല്ലെങ്കില്‍ പ്രധാന വ്യത്യാസം ദാവീദിന് കാനേഷുമാരി നടത്തണം എന്ന പ്രേരണ ഉണ്ടാക്കിയത് ആര് എന്നതിലാണ്.


  • 1ദിനവൃത്താന്തം 21:1ല്‍ സാത്താന്‍ പ്രേരിപ്പിച്ചു.
  • 2സാമുവേല്‍ 24:1ല്‍ യഹോവ പ്രേരിപ്പിച്ചു.


അങ്ങനെയാണെങ്കില്‍ സാത്താനും യഹോവയും ഒന്നുതന്നെയാണോ? അല്ലെങ്കില്‍ വേദപുസ്തകത്തില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടോ?

ഇത്തരം ചോദ്യങ്ങള്‍ സഭയിലെ പ്രബോധകന്മാരോട് ചോദിച്ചാല്‍ വ്യക്തമായ ഉത്തരം തരില്ല. അവരില്‍ ചിലര്‍ ചോദിക്കുന്നവനെ പറ്റി ‘ഇവന് ഇതുപോലും അറിയില്ലേ?’ എന്ന് പരിഹസിക്കും. ഇനിയും ചിലര്‍ അവരുടെ അറിവില്ലായ്മ മറയ്ക്കുവാന്‍ ഒരു പരിഹാസച്ചിരി സമ്മാനിക്കും.

ഈ രണ്ട് സന്ദര്‍ഭങ്ങളെ നാസ്തികരും ക്രൈസ്തവ വിശ്വാസത്തെ എതിര്‍ക്കുന്നവരും യഹോവ തന്നെയാണ് സാത്താന്‍, സാത്താന്‍ തന്നെയാണ് യഹോവ എന്ന് സ്ഥാപിക്കുവാന്‍ ഉപയോഗിക്കാറുണ്ട്.

ഞെട്ടിപ്പിക്കുന്ന സത്യം:


1, 2, ദിനവൃത്താന്ത പുസ്തകങ്ങളില്‍ നിന്നും ചില വചനങ്ങള്‍ മറ്റ് പുസ്തകങ്ങളിലെ വചനങ്ങളുമായി താരതമ്യം ചെയ്യുകയാണിവിടെ.

ഉദാഹരണം #1: 8? അതോ 18?

2രാജാ 24:8 യെഹോയാഖീന്‍ വാഴ്ച തുടങ്ങിയപ്പോള്‍ അവന് 18 വയസ്സായിരുന്നു;...
2ദിന 36:9 യെഹോയാഖീന്‍ വാഴ്ച തുടങ്ങിയപ്പോള്‍ അവന് 8 വയസ്സായിരുന്നു;...

ഉദാഹരണം #2: 3,000? അതോ 3,600?

1രാജാ 5:15 വേല ചെയ്യുന്ന ജനത്തെ ഭരിച്ചു വേല നടത്തുന്ന 3300 പ്രധാന കാര്യക്കാരര്‍ ഒഴികെ...
2ദിന 2:18 അവരില്‍ 70000 പേരെ ചുമട്ടുകാരായും 80000 പേരെ മലയില്‍ കല്ലുവെട്ടുകാരായും 3600 പേരെ ജനത്തെക്കൊണ്ട് വേല ചെയ്യിക്കുവാന്‍ മേല്‍ വിചാരകരായും നിയമിച്ചു.

ഉദാഹരണം #3: 2000? അതോ 3000?

1രാജാ 7:26 അതിന്‍റെ കനം 4 അംഗുലം; അതിന്‍റെ വകക്ക് പാനപാത്രത്തിന്‍റെ വക്ക് പോലെ താമരപ്പൂവിന്‍റെ ആകൃതിയില്‍ ആയിരുന്നു. അതില്‍ 2000 ബത്ത് വെള്ളം കൊള്ളും.
2ദിന 4:5 അതിന്‍റെ കനം 4 അംഗുലവും അതിന്‍റെ വക്ക് പാനപാത്രത്തിന്‍റെ വക്ക് പോലെയും വിടര്‍ന്ന താമരപ്പൂ പോലെയും ആയിരുന്നു. അതില്‍ 3000 ബത്ത് വെള്ളം കൊള്ളും.

ഉദാഹരണം #4: പല വ്യത്യാസങ്ങള്‍!

2സാമു 24:9 യോവാബ് ജനത്തെ എണ്ണിയതിന്‍റെ ആകത്തുക രാജാവിന് കൊടുത്തു യിസ്രായേലില്‍ ആയുധപാണികളായ യോദ്ധാക്കള്‍ 800000 പേരും യെഹൂദ്യര്‍ 500000 പേരും ഉണ്ടായിരുന്നു.
1ദിന 21:5 യോവാബ് ജനത്തെ എണ്ണിയ സംഖ്യ ദാവീദിന് കൊടുത്തു യിസ്രായേലില്‍ ആയുധപാണികള്‍ എല്ലാം കൂടി 1100000 പേര്‍. യെഹൂദയില്‍ ആയുധപാണികള്‍ 470000 പേര്‍.

ഉദാഹരണം #5: 700, അതോ 7000?

2സാമു 10:18 അരാമ്യര്‍ യിസ്രായേലിന്‍റെ മുമ്പില്‍ നിന്നു ഓടിപ്പോയി; ദാവീദ് അരാമ്യരില്‍ 700 തേരാളികളെയും 40000 കുതിരപ്പടയാളികളെയും കൊന്നു, അവരുടെ സേനാപതിയായ ശോബാക്കിനെയും വെട്ടിക്കൊന്നു.
1ദിന 19:18 എന്നാല്‍ അരാമ്യര്‍ യിസ്രായേലിന്‍റെ മുമ്പില്‍ നിന്നും ഓടി; ദാവീദ് അരാമ്യരില്‍ 7000 തേരാളികളെയും 40000 കാലാളുകളെയും നിഗ്രഹിച്ചു; സേനാപതിയായ ശോഫക്കിനെയും കൊന്നുകളഞ്ഞു.

ഉദാഹരണം #6: ശൌല്‍ യഹോവയോട് ചോദിച്ചോ, ഇല്ലയോ?

1സാമു 28:6 ശൌല്‍ യഹോവയോട് ചോദിച്ചപ്പോള്‍ യഹോവ അവനോട് സ്വപ്നത്താലോ ഊറീമിലൂടെയോ പ്രവാചകരെക്കൊണ്ടോ ഉത്തരം അരുളിയില്ല.
1ദിന 10:13 ഇങ്ങനെ ശൌല്‍ യഹോവയോട് ചെയ്ത അതിക്രമം ഹേതുവായും യഹോവയുടെ വചനം പ്രമാണിക്കാത്തതിനാലും വെളിച്ചപ്പാടത്തിയോട് അരുളപ്പാട് ചോദിച്ചതിനാലും മരിക്കേണ്ടിവന്നു. (മലയാളത്തില്‍ വ്യക്തത കുറവാണ്, ഇംഗ്ലീഷ് പരിഭാഷകള്‍ നോക്കുക.)

ഉദാഹരണം #7: ദാവീദ് അരവ്നയ്ക്ക് 50 ശേക്കെല്‍ വെള്ളി കൊടുത്തോ അതോ 600 ശേക്കെല്‍ പൊന്ന് കൊടുത്തോ?

2സാമു 24:24 രാജാവ് അരവ്നയോട് അങ്ങനെ അല്ല, ഞാന്‍ അത് നിന്നോട് വിലയ്ക്കേ വാങ്ങുകയുള്ളു; എനിക്ക് ഒന്നും ചെലവ് ഇല്ലാതെ ഞാന്‍ എന്‍റെ ദൈവമായ യഹോവയ്ക്ക് ഹോമയാഗം കഴിക്കുകയില്ല എന്ന് പറഞ്ഞു. അങ്ങനെ ദാവീദ് കളത്തെയും കാളകളെയും 50 ശേക്കെല്‍ വെള്ളിക്ക് വാങ്ങി.
1ദിന 21:24-25 അങ്ങനെ ദാവീദ് ആ സ്ഥലത്തിന് 600 ശേക്കെല്‍ പൊന്ന് ഒര്‍നാന് കൊടുത്തു.

ഉദാഹരണം #8: ദാവീദിന്‍റെ പിതാവിന് എത്ര ആണ്‍മക്കള്‍ ഉണ്ടായിരുന്നു? 7? 8?

1സാമു 16:10 അങ്ങനെ യിശ്ശായി 7 പുത്രന്മാരെ ശമൂവേലിന്‍റെ മുമ്പില്‍ വരുത്തി; എന്നാല്‍ ശമൂവേല്‍ യിശ്ശായിയോട് യഹോവ ഇവരെ തെരഞ്ഞെടുത്തിട്ടില്ല എന്ന് പറഞ്ഞു.
1സാമു 16:11 നിന്‍റെ പുത്രന്മാര്‍ എല്ലാവരുമായോ എന്ന് ശമൂവേല്‍ ചോദിച്ചതിന് അവന്‍ ഇനി, ഉള്ളതില്‍ ഇളയവന്‍ ഉണ്ട്; അവന്‍ ആടുകളെ മേയ്ക്കുകയാണ് എന്ന് പറഞ്ഞു. ശമൂവേല്‍ യിശ്ശായിയോട് ആളയച്ചു അവനെ വരുത്തുക; അവന്‍ വന്നിട്ടല്ലാതെ നാം പന്തിക്കിരിക്കുകയില്ല എന്ന് പറഞ്ഞു. (അതായത് ദാവീദ് 7 പേരില്‍ ഇല്ല.)
1സാമു 17:12 ... യിശ്ശായിക്ക് 8 മക്കള്‍ ഉണ്ടായിരുന്നു; (ആണ്‍മക്കള്‍)
1ദിന 2:13-15 യിശ്ശായി ... അഞ്ചാമന്‍ രദ്ദായിയെയും ആറാമന്‍ ഓസെമിനെയും ഏഴാമന്‍ ദാവീദിനെയും ജനിപ്പിച്ചു.

ഉദാഹരണം #9: നഹശോന്‍റെ മകന്‍ ആര്? ആണോ? പെണ്ണോ?

റൂത്ത് 4:20 അമ്മീനാദാബ് നഹശോനെ ജനിപ്പിച്ചു; നഹശോന്‍ സല്‍മോനെ ജനിപ്പിച്ചു.
1ദിന 2:11 നഹശോന്‍ ശല്‍മയെ ജനിപ്പിച്ചു; ശല്‍മാ ബോവസിനെ ജനിപ്പിച്ചു.
ഇനിയും വേണമെങ്കില്‍ 200ല്‍ അധികം ഇത്തരം വ്യത്യാസങ്ങള്‍ ചൂണ്ടിക്കാണിക്കുവാന്‍ കഴിയും. ഇത്തരം വ്യത്യാസങ്ങള്‍ മിക്കതും 1, 2 ദിനവൃത്താന്ത പുസ്തകങ്ങളിലാണ് കാണപ്പെടുന്നത് എന്നതാണ് അതിശയകരം.

ഞാന്‍ പറഞ്ഞുവരുന്നത് എന്തെന്നാല്‍ 1, 2 ദിനവൃത്താന്ത പുസ്തകങ്ങളില്‍ ധാരാളം വ്യത്യാസങ്ങള്‍ ഉള്ളതിനാല്‍ മിക്കവാറും 1ദിന 21:1ല്‍ സാത്താന്‍ എന്ന് എഴുതിയിട്ടുള്ളത് അത്തരം ഒരു വ്യത്യാസമാകുവാനാണ് സാധ്യത എന്നതാണ്.

അങ്ങനെയാണെങ്കില്‍ വേദപുസ്തകത്തില്‍ തെറ്റുകള്‍ ഉണ്ടെന്നോ?


തെറ്റ് എന്നൊരു വാക്ക് ഞാന്‍ ഇതുവരെ ഉപയോഗിച്ചില്ലല്ലോ? വേദശാസ്ത്രിമാര്‍ വേദം പകര്‍ത്തി എഴുതുമ്പോള്‍ പിഴവുകള്‍ സംഭവിക്കാം എന്ന് പറഞ്ഞു എന്ന് മാത്രം.

യഹോവ ദാവീദിനെ തെറ്റ് ചെയ്യുവാന്‍ പ്രേരിപ്പിച്ചെന്നാണോ?

പുറപ്പാട് പുസ്തകത്തില്‍ സാത്താന്‍ എന്ന വാക്ക് ഇല്ല. യഹോവ ഫറവോയുടെ ഹൃദയം കഠിനമാക്കി എന്ന് 19 തവണ എഴുതപ്പെട്ടിരിക്കുന്നത് ശ്രദ്ധിക്കുക.

പുറ 7:3 എന്നാല്‍ ഞാന്‍ ഫറവോയെ ഹൃദയം കഠിനമാക്കും; മിസ്രയീം ദേശത്ത് എന്‍റെ അടയാളങ്ങളും അത്ഭുതങ്ങളും പെരുക്കും. (പുറ 4:21; 7:3, 13, 14, 22; 8:15, 19. 32; 9:7, 12, 34, 35; 10:1, 20. 27; 11:10; 14:4, 8, 17 കാണുക.)

യഹോവ  ഹെശ്ബോനിലെ രാജാവിന്‍റെ ഹൃദയം കഠിനമാക്കി എന്ന് എഴുതിയിരിക്കുന്നു:

ആവ 2:30 എന്നാല്‍ നാം തന്‍റെ ദേശത്തിലൂടെ കടന്നുപോകുവാന്‍ ഹെശ്ബോനിലെ രാജാവായ സീഹോന്‍ സമ്മതിച്ചില്ല; ഇന്ന് കാണുന്നത് പോലെ നിന്‍റെ ദൈവമായ യഹോവ അവനെ നിന്‍റെ കൈയില്‍ ഏല്‍പിക്കുവാന്‍ അവന്‍റെ മനസ്സ് കടുപ്പിച്ചു അവന്‍റെ ഹൃദയം കഠിനമാക്കി.

യിസ്രായേലിനോട് യുദ്ധത്തിന് പുറപ്പെടേണ്ടതിന് യഹോവ ശത്രുക്കളുടെ ഹൃദയം കഠിനമാക്കി:

യോശു 11:20 യഹോവ മോശെയോട് കല്‍പിച്ചത് പോലെ അവരെ നിര്‍മ്മൂലമാക്കുകയും കരുണ കൂടാതെ നശിപ്പിക്കുകയും ചെയ്യുവാന്‍ തക്കവണ്ണം അവര്‍ നെഞ്ചുറപ്പിച്ചു യിസ്രായേലിനോട് യുദ്ധത്തിന് പുറപ്പെടേണ്ടതിന് യഹോവ ഇടവരുത്തിയിരുന്നു. (For it was of the LORD to harden their hearts, that they should come against Israel in battle = KJV)

ഇതില്‍ എവിടെയും സാത്താന്‍ ആരെയെങ്കിലും സ്വാധീനിച്ചു എന്ന് എഴുതിയിട്ടില്ല. ഏത് വിശ്വസിക്കണം, സത്യവേദത്തില്‍ എഴുതപ്പെട്ടവയോ അതോ നമ്മുടെ മുന്‍വിധികളെയോ?

ഒരുപക്ഷേ ജനത്തെ ബാധിക്കുന്ന ദൂതന്‍ സാത്താനാണെങ്കിലോ?

സംഹരിക്കുന്ന ദൂതന്‍ അല്ലെങ്കില്‍ സംഹാരകന്‍ ദാവീദ് നിമിത്തം യിസ്രായേലിനെ ശിക്ഷിക്കുവാന്‍ വേണ്ടിയല്ല ആദ്യം നിയോഗിക്കപ്പെട്ടത്. യിസ്രായേല്‍ ജനങ്ങളെ മിസ്രയീമില്‍ നിന്നും കൂട്ടിക്കൊണ്ട് വരുന്നതിന് മുമ്പ് മിസ്രയീമിനെ ശിക്ഷിക്കുവാന്‍ സംഹാരകനെ നിയോഗിച്ചിരുന്നു.

പുറ 12:23 യഹോവ മിസ്രയീമ്യരെ ദണ്ഡിപ്പിക്കുവാന്‍ കടന്നുവരും; എന്നാല്‍ കുറുമ്പടി മേലും കട്ടളക്കാല്‍ രണ്ടിന്മേലും രക്തം കാണുമ്പോള്‍ യഹോവ വാതില്‍ ഒഴിഞ്ഞ് കടന്നു പോകും; നിങ്ങളുടെ വീടുകളില്‍ നിങ്ങളെ ദണ്ഡിപ്പിക്കുവാന്‍ സംഹാരകന്‍ വരുവാന്‍ സമ്മതിക്കുകയും ഇല്ല.

സംഹാരകന്‍ അഥവാ സംഹരിക്കുന്ന ദൂതന്‍ പരിപൂര്‍ണ്ണമായും യഹോവയുടെ നിയന്ത്രണത്തിലണുള്ളത്. ആ ദൂതന്‍ സ്വന്തം ഇഷ്ടപ്രകാരം ഒന്നും ചെയ്യുകയില്ല. അല്ലാത്ത പക്ഷം മിസ്രയീമിലെ കടിഞ്ഞൂല്‍ പുത്രന്മാരെ മാത്രം നിഗ്രഹിക്കുവാന്‍ ദൈവം കല്‍പിച്ചപ്പോള്‍ ആ കല്‍പനയെ മറികടന്ന് കടിഞ്ഞൂല്‍ അല്ലാത്തവയെയും, ഒരുപക്ഷേ യിസ്രായേലിന്‍റെ മക്കളെയും നിഗ്രഹിക്കുമായിരുന്നു. അല്ലെങ്കില്‍ യഹോവ നിഗ്രഹിക്കുവാന്‍ കല്‍പിച്ചപ്പോള്‍ ‘ഇല്ല, ഞാനിപ്പോള്‍ അഹിംസാ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നു; ആരെയും നിഗ്രഹിക്കില്ല’ എന്ന് പറയുമായിരുന്നു.

ക്രൈസ്തവര്‍ വിശ്വസിക്കുന്നത് സാത്താന്‍ യഹോവയ്ക്ക് വിധേയനാകാത്ത കലാപകാരി ആണെന്നല്ലേ?


തുടരും,
ക്രിസ്തുവില്‍,
ടോംസാന്‍ കട്ടയ്ക്കല്‍.