Saturday, May 2, 2015

ഇയ്യോബും സാത്താനും. ഭാഗം #003 - പരീക്ഷണങ്ങളെ സംബന്ധിച്ച ഇയ്യോബിന്‍റെ അഭിപ്രായം, തിന്മയുടെ സ്രോതസ്സിന പറ്റി ചില ചിന്തകള്‍.

സ്നേഹിതരേ,

(ഇത് ഈ പരമ്പരയുടെ മൂന്നാം ഭാഗമാണ്. ഒന്നും, രണ്ടും ഭാഗങ്ങൾ വായിക്കുമല്ലോ?)

ഇയ്യോബിന്‍റെ പുസ്തകം ഏറക്കുറെ മുഴുവനും കഥാനായകനായ ഇയ്യോബ് തന്നെ എഴുതിയതാണെന്ന് കരുതപ്പെടുന്നു. എല്ലാ പരീക്ഷണങ്ങളും ഉണ്ടായത് ഇയ്യോബിനാണ്, അതുകൊണ്ടുതന്നെ വസ്തുതകള്‍ അദ്ദേഹത്തിന് അറിയാവുന്നതിനേക്കാള്‍ കൂടുതലായി ജ്ഞാനികള്‍ക്കോ, ദൈവശാസ്ത്രജ്ഞന്മാര്‍ക്കോ അറിയാവുന്നതിനേക്കാള്‍ സംഗതികള്‍ അദ്ദേഹത്തിനാണ് വ്യക്തമായി അറിയുവാന്‍ കഴിയുന്നത്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തിനാണ് നമ്മുടെ അഭിപ്രായത്തിനേക്കാള്‍ മൂല്യം. അദ്ദേഹത്തിന് സംഭവിച്ച പരീക്ഷണങ്ങളെ സംബന്ധിച്ച് അദ്ദേഹത്തിന്‍റെ അഭിപ്രായം എന്താണെന്ന് പരിശോധിക്കാം.

ആദ്യം ഉണ്ടായ വിപത്തുകള്‍ക്ക് ശേഷം ഇയ്യോബിന്‍റെ പ്രതികരണം:
ഇയ്യോ 1:21 നഗ്നനായി ഞാന്‍ എന്‍റെ അമ്മയുടെ ഗര്‍ഭത്തില്‍ നിന്നും പുറപ്പെട്ട് വന്നു, നഗ്നനായി തന്നേ മടങ്ങിപ്പോകും, യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ എന്ന് പറഞ്ഞു.
ഇയ്യോ 1:22 ഇതില്‍ ഒന്നിലും ഇയ്യോബ് പാപം ചെയ്യുകയോ ദൈവത്തിന് ഭോഷത്തം ആരോപിക്കുകയോ ചെയ്തില്ല.

യഹോവ തന്നു, സാത്താന്‍ എടുത്തു എന്ന് ഇയ്യോബ് പറഞ്ഞില്ല, പ്രത്യുത യഹോവ തന്നു, യഹോവ എടുത്തു എന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ പറഞ്ഞതില്‍ അദ്ദേഹം പാപം ചെയ്തില്ല എന്ന് വേദം ഉറപ്പിച്ച് പറയുന്നു. ഇനിയൊരു രീതിയില്‍ പറഞ്ഞാല്‍ യഹോവ തന്നു, സാത്താന്‍ എടുത്തു എന്ന് പറയുന്നത് പാപം.

സാത്താന്‍റെ പേര് സ്‌പഷ്‌ടമായി പരാമര്‍ശിച്ചിരിക്കുന്ന രണ്ടാം തവണ ഉണ്ടായ വിപത്തിന് ശേഷം ഇയ്യോബ് പറഞ്ഞത്:
ഇയ്യോ 2:10 അവന്‍ അവളോട് ഒരു പൊട്ടി സംസാരിക്കുന്നത് പോലെ നീ സംസാരിക്കുന്നു; നാം ദൈവത്തിന്‍റെ കൈയില്‍ നിന്നും നന്മ കൈക്കൊള്ളുന്നു; തിന്മയും കൈക്കൊണ്ട് കൂടേ എന്ന് പറഞ്ഞു. ഇതില്‍ ഒന്നിലും ഇയ്യോബ് അധരങ്ങളാല്‍ പാപം ചെയ്തില്ല.
ദൈവത്തിന്‍റെ കൈയില്‍ നിന്നും നന്മ കൈക്കൊണ്ടത് പോലെ കൈയില്‍ നിന്നും തിന്മ കൈക്കൊള്ളുന്നതിനെ പറ്റിയാണ് ഇയ്യോബ് പരാമര്‍ശിക്കുന്നത് എന്നത് സ്പഷ്ടം. ദൈവത്തിന്‍റെ തിന്മ കൈക്കൊണ്ടു എന്ന് പറഞ്ഞതില്‍ അദ്ദേഹം പാപം ചെയ്തില്ല എന്ന് എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ വേറെ ഏതെങ്കിലും ഒരു സ്രോതസ്സില്‍ നിന്നും തിന്മ കൈക്കൊണ്ടു എന്ന് പറയുന്നത് പാപം.

ഇയ്യോബിന്‍റെ പുസ്തകത്തിന്‍റെ അവസാനം ഇയ്യോബിന് സംഭവിച്ച തിന്മകള്‍ യഹോവ വരുത്തിത്തീര്‍ത്തത് എന്നതിന് തെളിവ് ലഭിക്കുന്നു.
ഇയ്യോ 42:11 ... യഹോവ അവന്‍റെ മേല്‍ വരുത്തിയിരുന്ന സകല അനര്‍ത്ഥത്തെയും കുറിച്ച് അവര്‍ അവനോട് സഹതാപം കാണിച്ചു അവനെ ആശ്വസിപ്പിച്ചു; ...

ഇയ്യോബിന്‍റെ സ്വന്തം വാക്കുകളില്‍ അല്ലെങ്കില്‍ ഇയ്യോബിന്‍റെ അഭിപ്രായത്തില്‍ അദ്ദേഹത്തിന് ഉണ്ടായ വിപത്തുകളുടെ സ്രോതസ്സ് യഹോവ അല്ലാതെ മറ്റാരുമല്ല.

ദൈവത്തിന് സാത്താന്‍റെ സഹായം ആവശ്യമുണ്ടോ?



ഇയ്യോബിന് ഉണ്ടായ അതേ രോഗം തന്നെയാണ് കൂടുതല്‍ മാരകമായ രീതിയില്‍ ഹിസ്കീയാവിനെ ബാധിച്ചത്.
ഇയ്യോ 2:7 അങ്ങനെ സാത്താന്‍ യഹോവയുടെ സന്നിധി വിട്ട് പുറപ്പെട്ട്, ഇയ്യോബിനെ ഉള്ളങ്കാല്‍ മുതല്‍ നെറുക വരെ വല്ലാത്ത പരുക്കളാല്‍[H7822] ബാധിച്ചു.
2രാജാ 20:7 പിന്നെ യെശയ്യാവ് ഒരു അത്തിപ്പഴക്കട്ട കൊണ്ടുവരുവിന്‍ എന്ന് പറഞ്ഞു. അവര്‍ അത് കൊണ്ടുവന്നു പരുവിന്മേല്‍[H7822] ഇട്ടു അവന് സൌഖ്യമായി. (യെശ 38:21 കാണുക)

ഹിസ്കീയാവിന് ഉണ്ടായ രോഗബാധയെ പറ്റി വേദപുസ്തകം രണ്ട് തവണ പരാമര്‍ശിച്ചിട്ടും സാത്താനാണ് അത് വരുത്തിയത് എന്ന് എവിടെയും എഴുതിയിട്ടില്ല.

സംഖ്യാപുസ്തകം പന്ത്രണ്ടാം അദ്ധ്യായത്തില്‍ മിര്യാമും അഹരോനും മോശെക്ക് വിരോധമായി സംസാരിച്ചതിന് ശിക്ഷയായി മിര്യാമിന് കുഷ്ടരോഗം ബാധിച്ചു. അതും സാത്താനില്‍ നിന്നും ഉണ്ടായതാണ് എന്ന് എഴുതിയിട്ടില്ല. (കൂടപ്പിറപ്പുകളില്‍ മൂത്തവള്‍ ആയതിനാലാവാം മിര്യാമിന് മാത്രം ശിക്ഷ ലഭിച്ചത്.)

എലീശ നയമാന്‍റെ കുഷ്ടം ഗേഹസിക്ക് എന്നെന്നേയ്ക്കുമായി കൊടുത്തു എന്ന് 2രാജാ 5:27ല്‍ നാം വായിക്കുന്നു. അവിടെയും സാത്താന്‍റെ ഇടപെടലിനെ പറ്റി എഴുതിയിട്ടില്ല.

യഹോവ അസര്യാവിനെ കുഷ്ടരോഗത്താല്‍ പ്രഹരിച്ചതിനെ പറ്റി 2രാജാ 15:5ല്‍ വായിക്കുന്നു. അവിടെയും സാത്താന്‍റെ ഇടപെടല്‍ ഇല്ല.

അപസ്മാര ബാധിതനായ ബാലനും, 18 വര്‍ഷം കൂനിയായിരുന്ന സ്ത്രീയും അങ്ങനെയായതില്‍ സാത്താന്‍റെ / പിശാചിന്‍റെ / ദുരാത്മാവിന്‍റെ ഇടപെടല്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമില്ല എന്ന് നമ്മള്‍ കണ്ടു. ആ ലക്കങ്ങള്‍ വായിച്ചിട്ടില്ലെങ്കില്‍ ഇപ്പോള്‍ തന്നെ വായിക്കുക. സാത്താനോ പിശാചോ വേറെ ആരുടെയങ്കിലും രോഗബാധയ്ക്ക് കാരണമായിരുന്നു എന്ന് എഴുതപ്പെട്ടിട്ടില്ല.

യുക്തിയുക്തമായ ഉത്തരത്തിന് വേണ്ടി കേഴുന്ന ചോദ്യം ഇതാണ്: മുകളില്‍ നാം കണ്ട ആളുകളെയെല്ലാം ദൈവമോ, ദൈവത്തിന്‍റെ മനുഷ്യരോ ആണ് ബാധിച്ചതെങ്കില്‍, ഇയ്യോബിനെ ബാധിക്കുവാന്‍ മാത്രം സര്‍വശക്തനായ ദൈവത്തിന് എന്തുകൊണ്ട് സാത്താന്‍റെ സഹായം ആവശ്യമായിത്തീര്‍ന്നു?

ഇയ്യോബിന് സംഭവിച്ച വിപത്തുകള്‍ മനുഷ്യര്‍ മുഖേന ഉണ്ടായതാണെങ്കിലോ?



പ്രകൃതിശക്തികള്‍ എല്ലാം ദൈവത്തിന്‍റെ നിയന്ത്രണത്തില്‍ ആണെന്നും, അവയെ നിയന്ത്രിക്കുവാന്‍ ദൈവത്തിനും ദൈവത്തിന്‍റെ മനുഷ്യര്‍ക്കും മാത്രമേ കഴിയുകയുള്ളൂ എന്നും ഈ പരമ്പരയിലെ ആദ്യ ലക്കത്തില്‍ നാം കണ്ടു. ദൈവം നേരിട്ടോ, അല്ലെങ്കില്‍ അവിടത്തെ വിശ്വസ്തരായ ദാസന്മാര്‍ മുഖേനയോ ആണ് മനുഷ്യരെ ബാധിക്കാറുള്ളത് എന്നും കണ്ടു.

ഇയ്യോബിന് സംഭവിച്ച വിപത്തുകളില്‍ ഒന്നിലെങ്കിലും ഇയ്യോബിന്‍റെ സുഹൃത്തുക്കളില്‍ ഒരാളുടെ പങ്ക് നമുക്ക് വിവേചിച്ചറിയുവാന്‍ കഴിയും.
ഇയ്യോ 1:14 ഒരു ദൂതന്‍ അവന്‍റെ അടുത്ത് വന്ന്: കാളകളെ പൂട്ടുകയും പെണ്‍കഴുതകള്‍ അരികെ മേഞ്ഞുകൊണ്ടിരിക്കുകയും ആയിരുന്നു;
ഇയ്യോ 1:15 പെട്ടെന്ന് ശെബയര്‍[H7614] വന്ന് അവയെ പിടിച്ച് കൊണ്ടുപോകുകയും വേലക്കാരെ വാളിന്‍റെ വായ്ത്തലയാല്‍ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിക്കുവാന്‍ ഞാന്‍ ഒരുവന്‍ മാത്രം വഴുതിപ്പോന്നു എന്ന് പറഞ്ഞു.

ആറാം അദ്ധ്യായത്തിലും ഇയ്യോബ് ശെബയരെ പറ്റി സൂചിപ്പിക്കുന്നുണ്ട്. ആറാം അദ്ധ്യായത്തില്‍ നിന്നും ഒന്നുരണ്ട് വചനങ്ങള്‍ പരിശോധിക്കാം.

ഇയ്യോ 6:15 എന്‍റെ സഹോദരന്മാര്‍ ഒരു തോട് പോലെ എന്നെ ചതിച്ചു; വറ്റിപ്പോകുന്ന തോടുകളുടെ ചാല്‍ പോലെ തന്നേ.
ഇയ്യോ 6:19 തേമായുടെ[H8485] സ്വാര്‍ത്ഥങ്ങള്‍ തിരിഞ്ഞുനോക്കുന്നു; ശെബയുടെ[H7614] യാത്രാസംഘം അവയ്ക്കായി പ്രതീക്ഷിക്കുന്നു.

ഉറ്റ ചങ്ങാതിമാരുടെ (സഹോദരന്മാര്‍) പെരുമാറ്റത്തെ പറ്റി പരാതിപ്പെടുകയാണ് ഇയ്യോബ്. അതിനിടയില്‍ അദ്ദേഹം തേമായെയും ശെബയേയും ബന്ധിപ്പിക്കുന്നു. ഒരുപക്ഷേ ആരെയും നേരിട്ട് സൂചിപ്പിക്കുവാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ലായിരിക്കാം.

ഇയ്യോബിന്‍റെ ചങ്ങാതിമാരില്‍ ഒരാള്‍ തേമാന്യനായ [H8489] എലീഫാസ് ആയിരുന്നു എന്നത് ശ്രദ്ധിച്ചോ? (സ്ട്രോങ്ങ്സ് ശബ്‌ദസൂചി ഈ കാര്യത്തില്‍ കാര്യമായി സഹായിക്കില്ല.) ഇയ്യോബിന്‍റെ പുസ്തകത്തിന്‍റെ ഒടുവില്‍ ഇയ്യോബിന് മറുപടി കൊടുത്തതിന് ശേഷം യഹോവ തേമാന്യനായ എലീഫാസിനെ പേരെടുത്ത് വിളിച്ച് അവിടത്തെ അപ്രീതി പ്രകടിപ്പിച്ചത് യാദൃശ്ചികമായി സംഭവിച്ചതാകുവാന്‍ വഴിയില്ല.
ഇയ്യോ 42:7 യഹോവ ഈ വചനങ്ങളെ ഇയ്യോബിനോട് അരുളിച്ചെയ്ത ശേഷം യഹോവ തേമാന്യനായ എലീഫാസിനോട് അരുളിച്ചെയ്തത്: നിന്നോടും നിന്‍റെ 2 സ്നേഹിതരോടും എനിക്ക് കോപം ജ്വലിച്ചിരിക്കുന്നു; എന്‍റെ ദാസനായ ഇയ്യോബിനെ പോലെ നിങ്ങള്‍ എന്നെ കുറിച്ച് വിഹിതമായത് സംസാരിച്ചിട്ടില്ല.

32ാം അദ്ധ്യായത്തില്‍ മാത്രം സംസാരിക്കുവാന്‍ ആരംഭിച്ച ബറഖേലിന്‍റെ മകന്‍ എലീഹൂ ഒരു ബൂസ്യനായിരുന്നു; അതായത് ബൂസ് കുലത്തില്‍ ഉള്‍പ്പെട്ടവന്‍. ബൂസും തേമയും യഹോവയുടെ കോപത്തിന് പാത്രരാണ് എന്ന് യിരെമ്യാവ് പറയുന്നു. (യിരെ 25:23)

ബൂസ്യനായ എലീഹൂ ഒരു “ദൈവത്തിന്‍റെ മനുഷ്യന്‍” ആയിരുന്നോ?



നമ്മള്‍ പ്രാര്‍ത്ഥനാ സമ്മേളനങ്ങളില്‍ (ബൈബിള്‍ കണ്‍വെന്‍ഷന്‍) പങ്കെടുക്കുമ്പോള്‍ പ്രസംഗകര്‍ക്ക് ഇടയില്‍ സാധാരണമായി കണ്ടുവരുന്ന ഒരു പ്രവണതയുണ്ട്: സമ്മേളത്തിന്‍റെ ആരംഭത്തില്‍ പ്രഗത്ഭരും പ്രശസ്തരുമായ കുറെ പ്രസംഗകന്മാര്‍ സംസാരിക്കും. അതിന് ശേഷം അത്രയേറെ പ്രശസ്തനല്ലാത്ത ഒരു പ്രസംഗകന്‍ പ്രസംഗവേദിയില്‍ വരും. അത്രയും നേരം പ്രസംഗിച്ചവര്‍ പറഞ്ഞ പല സംഗതികളും ഇദ്ദേഹത്തിന് അത്ര ദഹിച്ചിട്ടില്ല, പക്ഷേ അവരുടെ പ്രശസ്തിയും വിദ്യാഭ്യാസ യോഗ്യതകളും ഇദ്ദേഹത്തെ അലോസരപ്പെടുത്തുന്നുണ്ട്. ഇദ്ദേഹം തന്‍റെ പ്രസംഗം തുടങ്ങുന്നത് സ്വയം താഴ്ത്തിക്കൊണ്ടായിരിക്കും. ഇതേ തന്ത്രമാണ് എലീഹൂവും പ്രയോഗിക്കുന്നത്:
ഇയ്യോ 32:6 ... ഞാന്‍ പ്രായം കുറഞ്ഞവനും നിങ്ങള്‍ വൃദ്ധന്മാരും ആകുന്നു; അതുകൊണ്ട് ഞാന്‍ ശങ്കിച്ചു, അഭിപ്രായം പറയുവാന്‍ തുനിഞ്ഞില്ല.
ഇയ്യോ 32:7 പ്രായം സംസാരിക്കുകയും വയോധിക്യം ജ്ഞാനം ഉപദേശിക്കുകയും ചെയ്യട്ടെ എന്നിങ്ങനെ ഞാന്‍ വിചാരിച്ചു.

ഇത്തരം പ്രസംഗകരുടെ അടുത്ത ഇനം (നമ്പര്‍) ശരിയായ അറിവ് വരുന്നത് ബിരുദങ്ങളിലും സര്‍വകലാശാലകളിലും നിന്നല്ല, പ്രത്യുത, ദൈവത്തില്‍ നിന്നും പരിശുദ്ധാത്മാവില്‍ നിന്നുമാണ് വരുന്നത് എന്ന് പറയും. ഇതേ ക്രമം തന്നെ എലീഹൂവിന്‍റെ വാക്കുകളില്‍ കാണാം:
ഇയ്യോ 32:8 എന്നാല്‍ മനുഷ്യരില്‍ ആത്മാവ് ഉണ്ടല്ലോ; സര്‍വശക്തന്‍റെ ശ്വാസം അവര്‍ക്കും വിവേകം നല്‍കുന്നു.
ഇയ്യോ 32:9 പ്രായം ചെന്നവരത്രേ ജ്ഞാനികള്‍ എന്നില്ല; വൃദ്ധന്മാരാണ് ന്യായബോധമുള്ളവര്‍ എന്നും ഇല്ല.
ഇയ്യോ 32:10 അതുകൊണ്ട് ഞാന്‍ പറയുന്നത് എന്‍റെ വാക്ക് കേട്ടുകൊള്ളുവിന്‍; ഞാനും എന്‍റെ അഭിപ്രായം പ്രസ്താവിക്കാം.

എലീഹൂ കൂടുതല്‍ മുന്നോട്ട് പോയി ഇയ്യോബുമായി വാദിക്കുന്നതില്‍ താന്‍ ദൈവത്തിന്‍റെ വക്താവാണ് എന്ന് സമര്‍ത്ഥിക്കുന്നുണ്ട്:
ഇയ്യോ 33:6 ഇതാ, നിന്നെ പോലെ ഞാനും ദൈവത്തിനുള്ളവന്‍; (Behold, I am according to thy wish in God's stead: ‘ഇതാ, നിന്‍റെ ആഗ്രഹം പോലെ ഞാന്‍ ദൈവത്തിന് പകരം നില്‍ക്കുന്നു’ എന്ന് പദാനുപദ പരിഭാഷ.)

ഈ ലേഖനത്തിന്‍റെ നീളം കൂടാതിരിക്കുവാന്‍ എലീഹൂവിന്‍റെ (വീര)വാദങ്ങള്‍ മുഴുവന്‍ പരിശോധിക്കുന്നില്ല. ഒരു “ദൈവത്തിന്‍റെ മനുഷ്യന്‍റെ” അല്ലെങ്കില്‍ മതപ്രഭാഷകന്‍റെ വര്‍ഗലക്ഷണങ്ങള്‍ മുഴുവനും എലീഹൂ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ഇയ്യോബും അദ്ദേഹത്തിന്‍റെ മറ്റ് മൂന്ന് ചങ്ങാതിമാരും സംസാരിച്ച സമയം മുഴുവനും പ്രതികരിക്കാതിരുന്ന യഹോവ, എലീഹൂ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ (ഇനിയും അവസാനിപ്പിച്ചിട്ടില്ല) പ്രതികരിച്ചത് ശ്രദ്ധിച്ചോ?
ഇയ്യോ 38:1 അനന്തരം യഹോവ ചുഴലിക്കാറ്റില്‍ നിന്നും ഇയ്യോബിനോട് ഉത്തരം അരുളിച്ചെയ്തത് എന്തെന്നാല്‍
ഇയ്യോ 38:2 അറിവില്ലാത്ത വാക്കുകളാല്‍ ആലോചനയെ ഇരുളാക്കുന്ന ഇവന്‍ ആര്?

തന്‍റെ അറിവും വിവേകവും ദൈവത്തില്‍ നിന്നും ഉണ്ടായതാണ് എന്ന എലീഹൂവിന്‍റെ ഊതിപ്പെരുപ്പിച്ച അവകാശവാദങ്ങള്‍ എല്ലാം യഹോവ ഖണ്‌ഡിച്ചു.

[നാം പഴയനിയമത്തിന്‍റെ കാലത്തിലാണ് ഇപ്പോഴും ജീവിക്കുന്നതെങ്കില്‍ നമ്മുടെ പല മതപ്രസംഗകരും അവരുടെ പ്രസംഗം അവസാനിപ്പിക്കുമ്പോള്‍ യഹോവ ചുഴലിക്കാറ്റില്‍ നിന്നും ഉത്തരം പറയുന്നത് കേള്‍ക്കേണ്ടിവരുമായിരുന്നു.]

ഇവിടെ പരാമര്‍ശിക്കുന്ന വിഷയം എന്തെന്നാല്‍ എലീഹൂ ഒരു ദൈവത്തിന്‍റെ മനുഷ്യനായിരുന്നു; അതുപോലെ തന്നെ പ്രകൃതിശക്തികളെ നിയന്ത്രിക്കുവാനും ഇയ്യോബിന് ഉണ്ടായത് പോലെയുള്ള വിപത്തുകളും രോഗങ്ങളും വരുത്തീര്‍ക്കുവാനും കഴിവുള്ള വേറെ പലരും ഇയ്യോബിന്‍റെ കാലത്ത് ഉണ്ടായിരുന്നിരിക്കാം.

ഉപസംഹാരം:
  • ദൈവശാസ്ത്രജ്ഞന്മാരും, പ്രസംഗകരും, പണ്ഡിതരും എന്തുതന്നെ പറഞ്ഞാലും, തനിക്ക് നേരിട്ട തിന്മകള്‍ യഹോവയില്‍ നിന്നും ഉണ്ടായി എന്ന കാര്യത്തില്‍ ഇയ്യോബിന് സംശയം ഉണ്ടായിരുന്നില്ല.
  • പ്രകൃതിശക്തികള്‍ എല്ലാം ദൈവത്തിന്‍റെ അധീനതയിലാണ്, അവയെ നിയന്ത്രിക്കുവാന്‍ ദൈവത്തിനും ദൈവത്തിന്‍റെ മനുഷ്യര്‍ക്കും മാത്രമേ കഴിയൂ.
  • ഇയ്യോബിന് ഉണ്ടായ വിപത്തുകളില്‍ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ക്കോ അവരുടെ കുലങ്ങള്‍ക്കോ ഉണ്ടായിരുന്ന പങ്കിന്‍റെ സൂചനകള്‍ ഇയ്യോബിന്‍റെ പുസ്തകത്തില്‍ അങ്ങിങ്ങായി നല്‍കപ്പെട്ടിട്ടുണ്ട്.
  • വിപത്തുകള്‍ വരുത്തിത്തീര്‍ക്കുവാന്‍ ദൈവത്തിന്‍റെ മനുഷ്യര്‍ ആവശ്യമായിരുന്നാല്‍ അത്തരത്തില്‍ പെട്ട ഒരാളെങ്കിലും ഇയ്യോബിന്‍റെ കാലത്തില്‍ ഉണ്ടായിരുന്നു എന്നതിന് മതിയായ തെളിവുകള്‍ നാം കണ്ടുകഴിഞ്ഞു.
  • ഈ വിഷയം അവതരിപ്പിക്കുന്നതില്‍ ഈയുള്ളവന്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍ അത് സാത്താന്‍റെ നിലനില്‍പ്പിന് തെളിവാകുന്നില്ല.

തുടരും...
ക്രിസ്തുവില്‍,
ടോംസാന്‍ കട്ടയ്ക്കല്‍.