Tuesday, May 31, 2016

ധനികനും, ദരിദ്രനായ ലാസരും നരകവും - ഒരു സൂക്ഷ്മപരിശോധന.

ക്രിസ്തുവിൽ പ്രിയരേ,

ധനികനെയും ലാസരിനെയും പറ്റിയുള്ള ആഖ്യാനത്തിൽ പലരും ശ്രദ്ധിക്കാതെപോയ ചില അംശങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് ഇവിടെ.

#1 യേശു ആരെയാണ് അഭിസംബോധന ചെയ്തത്?

ശ്രോതാക്കള്‍ക്കുള്ള പ്രസക്തി (audience relevance) മിക്കവരും ശ്രദ്ധിക്കാറില്ല.
ലൂക്കാ 16:14-15 ഇതെല്ലാം ദ്രവ്യാഗ്രഹികളായ പരീശര്‍ കേട്ട്, അവിടത്തെ പരിഹസിച്ചു. അവിടന്ന് അവരോട് പറഞ്ഞത്:..
ഇത് ശിഷ്യന്മാരോട് പറഞ്ഞ പൊതുവായ കാര്യങ്ങളല്ല. പരീശരോട് പറഞ്ഞ കാര്യങ്ങൾക്ക് അവരുമായി ബന്ധം ഉണ്ടായിരിക്കണം.

യേശുവിൻറെ ഭൂമിയിലെ ശുശ്രൂഷയിൽ ഉടനീളം അവിടന്ന് എതിർത്തിരുന്നത് പരിശരെയും, സദൂക്യരെയും, വേദശാസ്ത്രികളെയും, പുരോഹിതന്മാരെയും (മതമേധാവികളെ) ആണെന്ന് ഓർക്കുക. വിസ്താരഭയം നിമിത്തം പരിശരുടെയും, സദൂക്യരുടെയും, വേദശാസ്ത്രികളുടെയും ചരിത്രം ഇവിടെ ചേർക്കുന്നില്ല. ചുരുക്കമായി പറഞ്ഞാൽ മക്കബായരുടെ കാലം മുതൽ രാഷ്ട്രീയവും മതപരവുമായ അധികാരം കൈയ്യാളിയിരുന്ന അവർ സ്വയം വരേണ്യവര്‍ഗ്ഗമായി പരിഗണിക്കുകയും, ബാക്കിയുള്ള യിസ്രായേല്യരെ കീഴാളരായി പരിഗണിക്കുകയും ചെയ്തിരുന്നു.

#2 യിസ്രായേലിൽ എത്ര ധനികന്മാർ ധൂമ്രവസ്ത്രവും പട്ടും ധരിച്ചിരുന്നു? (ലൂക്കാ 16:19)


പട്ട് എന്നത് തെറ്റായ പരിഭാഷയാണ് പഞ്ഞിനൂല്‍ എന്നതാണ് ശരി. (fine linen, പുറ 28:39, 35:23 ... കാണുക).

യിസ്രായേലിൽ എത്ര ധനികർ ധൂമ്രവസ്ത്രവും പഞ്ഞിനൂലും ധരിച്ചിരുന്നതായി വേദപുസ്തകത്തിൽ എഴതപ്പെട്ടിട്ടുണ്ട്?

അത്തരം തുണികൾ ഒന്നുകിൽ സമാഗമകൂടരത്തിൻറെ നിർമ്മിതിക്കോ, അല്ലെങ്കിൽ പുരോഹിത വസ്ത്രങ്ങൾക്കോ ആണ് ഉപകരിച്ചിരുന്നത് എന്ന് പുറപ്പാട്, ലേവ്യ പുസ്തകങ്ങളിൽ ഉടനീളം കാണാം.

രാജാക്കന്മാർ പോലും അത്തരം വസ്ത്രങ്ങൾ ധരിച്ചിരുന്നില്ല. (മൊര്‍ദ്ദെഖായി ധരിച്ചിരുന്നു - പക്ഷേ, അത് യിസ്രായേലിൽ അല്ല, പേർഷ്യയിലെ ശൂശനിലായിരുന്നു. എസ്തർ 8:15. ദാവീദ് പഞ്ഞിനൂൽ വസ്ത്രം - ധൂമ്രം ഇല്ലാതെ - ഒരുതവണ ധരിച്ചിരുന്നു - 1ദിന 15:27, 2ശമൂ 6:14)

അതായത്, ധനികൻറെ വസ്ത്രവും പൌരോഹിത്യവുമായി ബന്ധമുണ്ട്.

#3 ധനവാന്‍റെ മേശയില്‍ നിന്നും വീഴുന്ന അപ്പക്കഷണങ്ങൾ. ലൂക്കാ 16:21



ധനവാൻറെ മേശയിൽ നിന്നും വീഴുന്ന അപ്പക്കഷണങ്ങൾ തിന്ന് വിശപ്പടക്കുവാൻ കൊതിച്ച് ധനവാൻറെ വീട്ടുവാതിലിൽ കിടക്കുന്ന ദരിദ്രൻറെ വ്രണങ്ങൾ നായ്ക്കൾ നക്കുന്നതിൻറെ വർണ്ണന വായിക്കുമ്പോൾ മറ്റൊരു രംഗം ഓർമ്മവരുന്നുണ്ടോ?

തൻറെ മകളുടെ ഭൂതബാധ ഒഴിവാക്കിത്തരുവാൻ ആവശ്യപ്പെട്ട് യേശുവിൻറെയടുത്ത് വന്ന അന്യജാതിക്കാരിയായ (കനാന്യ / സുറൊഫൊയീക്യ) സ്ത്രീയോട് “മക്കൾക്ക് കൊടുക്കേണ്ട അപ്പം ആരും നായ്ക്കൾക്ക് കൊടുക്കാറില്ലല്ലോ?” എന്ന് യേശു ചോദിച്ചതും, അവൾ പ്രത്യുത്തരമായി “നായ്ക്കളും യജമാനൻറെ മേശയിൽ നിന്നും വീഴുന്ന അപ്പക്കഷണങ്ങൾ തിന്നാറുണ്ടല്ലോ” എന്ന് പറഞ്ഞതും ഓർമ്മ വരുന്നത് യാദൃച്ഛികമാകുവാൻ വഴിയില്ല. (മത്താ 15:22-27; മർക്കോസ് 7:25-28)

ലാസരും നായ്ക്കളും സാധാരണക്കാരുടെയും (മതമേധാവികൾ അല്ലാത്തവർ - കത്തോലിക്കരുടെ ഭാഷയിൽ അൽമായർ) അന്യജാതികളുടെയും പ്രതീകമാണെന്ന് വേണം കരുതുവാൻ. ചില പണ്ഡിതന്മാർ ലാസരിൻറെ പേര് അബ്രഹാമിൻറെ ഭൃത്യനായിരുന്ന എല്യേസരിൻറെ (സ്ട്രോങ്സ് നിഘണ്ടുവിൽ H461) പേരിൽ നിന്നും ഉണ്ടായതാണ് എന്ന് സ്ഥാപിച്ച്, ലാസർ അന്യജാതിക്കാരൻ ആയിരുന്നു എന്ന് തെളിയിക്കുവാൻ ശ്രമിക്കാറുണ്ട്, അത് തെറ്റാണ്. അഹരോൻറെ മകനായ എലെയാസരിൻറെ (H499) പേരുമായാണ് ലാസരിൻറെ പേരിന് ബന്ധം.

#4 അബ്രഹാമിൻറെ മടിത്തട്ട് (ലൂക്കാ 16:22)


ലൂക്കാ 16:22 ഉണ്ടാക്കുന്ന തോന്നൽ ലാസർ മരിച്ച ഉടനെ, ശവസംസ്ക്കാരം പോലും നടത്താതെ, (ന്യായവിധിയും ഇല്ലാതെ), ശരീരത്തോടെ അബ്രഹാമിൻറെ മടിയിലേക്ക് എടുക്കപ്പെട്ടു എന്നതാണ്. അബ്രഹാം സ്വർഗ്ഗത്തിലോ, പരദീസയിലോ ആയിക്കൊള്ളട്ടെ, അവിടെ എത്തുന്ന എല്ലാവരും അദ്ദേഹത്തിൻറെ മടിയിലാണോ ഇരിക്കുന്നത്? ഇവിടെ മടി എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്ക് (κόλπος, kol'-pos, സ്ട്രോങ്സ് നിഘണ്ടുവിൽ G2859) ഉപയോഗിച്ചിരിക്കുന്ന രണ്ട് വചനങ്ങൾ:
യോഹ 1:18 ദൈവത്തെ ആരും ഒരു നാളും കണ്ടിട്ടില്ല; പിതാവിന്‍റെ മടിയില്‍ (G2859) ഇരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.
ലാസർ അബ്രഹാമിൻറെ മടിയിൽ ഇരുന്നു എന്നതിന് മകനായി സ്വീകരിക്കപ്പെട്ടു എന്ന് അർത്ഥമാകാം.
യോഹ 13:23 ശിഷ്യന്മാരില്‍ യേശു സ്നേഹിച്ച ഒരുവന്‍ യേശുവിന്‍റെ മാര്‍വ്വിടത്തില്‍ (G2859) ചാരിക്കൊണ്ടിരുന്നു.
ഇത് യേശുവിൻറെ ഒടുവിലത്തെ അത്താഴത്തെ പറ്റിയുള്ള വിവരണത്തിൽ നിന്നുമാണ്. അതായത്, ലാസർ അബ്രഹാമിനോട് കൂടെ പന്തിയിരുന്നു എന്നും അർത്ഥമാകാം.
അബ്രഹാമിൻറെ മടി എന്നതിന് പരദീസ എന്നാണ് യെഹൂദ്യരുടെ വിശ്വാസം എന്നാണ് ചില വേദപണ്ഡിതന്മാരുടെ അഭിപ്രായം. ഈ അഭിപ്രായത്തിന് വ്യക്തമായ തെളിവുകൾ ഒന്നും ഇല്ല. തന്നെയുമല്ല “യെഹൂദ്യരുടെ കെട്ടുകഥകൾ ശ്രദ്ധിക്കരുത്” (തീത്തൊ 1:14) എന്ന നിർദ്ദേശം എന്താണാവോ പണ്ഡിതന്മാർ ശ്രദ്ധിക്കാത്തത്?

#5 ധനികൻറെ പാപം എന്ത്? (ലൂക്ക 16:23)

ഒരു ദരിദ്രനെ സഹായിച്ചില്ല എന്നല്ലാതെ, ദൈവദൂഷണം, പരിശുദ്ധാത്മാവിന് വിരോധമായ പാപം, വ്യഭിചാരം, വിഗ്രഹാരാധന തുടങ്ങിയ പാപങ്ങളിൽ ഏതെങ്കിലും ധനികൻ ചെയ്തതായി എഴുതപ്പെട്ടിട്ടില്ല. ദരിദ്രൻ ദൈവവിശ്വാസി ആയിരുന്നെന്നോ, ധനികൻ അവിശ്വാസി ആയിരുന്നെന്നോ എഴുതപ്പെട്ടിട്ടില്ല. ദരിദ്രരെല്ലാം ദൈവവിശ്വാസികളും പാപഹീനരുമാണെന്നോ ധനികരെല്ലാം അവിശ്വാസികളും പാപികളുമാണെന്നോ സാമാന്യവൽക്കരിക്കുവാൻ കഴിയുമോ? ധനികർ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നത് കഷ്ടമാണെങ്കിൽ (മത്താ 19:23) അവരുടെ കൂടെ നരകത്തിൽ പോകുന്നവരിൽ കോടീശ്വരന്മാരായ ബെന്നി ഹിൻ, ജോയൽ ഓസ്റ്റീൻ, ജോസഫ് പ്രിൻസ്, ബില്ലി ഗ്രഹാം മുതലായ പാസ്റ്റർമാരും ഉണ്ടാകും.

നമ്മുടെ ഉമ്മറപ്പടിയിൽ പൊട്ടിയൊലിക്കുന്ന വ്രണങ്ങളുമായി ഒരു മനുഷ്യൻ ഇരുന്നാൽ നാം എന്ത് ചെയ്യും? ഒന്നുകിൽ അയാളെ പോലീസിനോ ഏതെങ്കിലും സന്നദ്ധസംഘടനയ്ക്കോ ഏൽപിക്കും, അല്ലെങ്കിൽ വേലക്കാരെ വിട്ട് അയാളെ അവിടെനിന്നും ഓടിക്കും. ഇത് രണ്ടും ചെയ്യാതിരുന്ന ധനികൻ നമ്മളിൽ പലരിലും നല്ലവാനാണെന്ന് തോന്നുന്നു.

ദരിദ്രരെ സംരക്ഷിക്കുക എന്ന ന്യയപ്രമാണത്തിലെ നിബന്ധനയുടെ ലംഘനം അയാളിൽ ആരോപിക്കാം. ദരിദ്രരെ സംരക്ഷിക്കാത്തത് നരകശിക്ഷയ്ക്ക് യോഗ്യമായ പാപമാണെങ്കിൽ 98% ക്രൈസ്തവരും നരകത്തിൽ പതിക്കും.

വിശിഷ്ഠ വസ്ത്രങ്ങളും ധരിച്ച്, ശ്രേഷ്ഠ ഭക്ഷണവും ആസ്വദിച്ച് ആഡംബരത്തിൽ ജീവിക്കുന്ന ധനികരെല്ലാം നരകത്തിൽ പതിക്കുമെങ്കിൽ, 700 ഭാര്യമാരും, 300 വെപ്പാട്ടികളും ഉണ്ടായിരുന്ന, ദിവസേന 10 കാളകളെയും, 20 കന്നുകാലികളെയും, 100 ചെമ്മരിയാടുകളെയും, മാൻ, മ്ലാവ്, കേഴ എന്നിവയെയും എണ്ണമറ്റ പക്ഷികളെയും ഭക്ഷിച്ച ശലോമോനും കൂട്ടരും (1രാജാ 4:23) നരകത്തിൽ പതിച്ചിരിക്കണം. കൊലപാതകം, വ്യഭിചാരം, വിഗ്രഹാരാധന ... ശലോമോൻറെ യോഗ്യതകൾക്ക് അവസാനമില്ല. ശലോമോൻ  നരകത്തിൽ പതിക്കുമെങ്കിൽ വേദപുസ്തകത്തിൽ നാം പതിവായി വായിക്കുന്ന പുസ്തകങ്ങളിൽ 3 എണ്ണവും ഏതാനും സങ്കീർത്തനങ്ങളും ആ നരകയോഗ്യൻ എഴുതിയതാണ് എന്ന് ഓർക്കുക!

ധനികർ നരകത്തിൽ പോകുമെങ്കിൽ, ദരിദ്രനായ ലാസരിനെ കൊണ്ടുപോയി ഇരുത്തിയത് ധനികനായ അബ്രഹാമിൻറെ മടിയിൽ. (അബ്രഹാമിൻറെ അധിക യോഗ്യത, ദൈവം അദ്ദേഹത്തെ വിളിച്ചതിന് ശേഷം സമ്പാദിച്ച രണ്ട് വെപ്പാട്ടികൾ. അവരുടെ സന്തതി പരമ്പരകളുടെ ചരിത്രം പറയേണ്ടല്ലോ? വിശ്വാസത്തിൻറെ പിതാവായ അബ്രഹാമിനെ ഇകഴ്ത്തിയതല്ല, ധനികരെല്ലാം പാപികളും അയോഗ്യരുമാണ് എന്ന ചിന്തയുടെ പൊള്ളത്തരം കാണിച്ചുതരുവാനാണ് ഇത് എഴുതിയത്.)

#6 ന്യായവിധി എവിടെ?

ന്യായവിധിക്ക് വിധേയരാകാതെയാണ് ലാസർ അബ്രഹാമിൻറെ മടിയിലും, ധനികൻ നരകത്തിലും എത്തിയത് എന്നത് ശ്രദ്ധിക്കുക. “ഒരിക്കല്‍ മരിക്കുകയും പിന്നെ ന്യായവിധിയും മനുഷ്യര്‍ക്ക് നിയമിച്ചിരിക്കുന്നു” (എബ്രാ 9:27) എന്നല്ലേ വിശ്വസിക്കപ്പെടുന്നത്? ന്യായവിധി ഇല്ലാതെ ലാസർ എങ്ങനെ സ്വർഗ്ഗത്തിലോ / പരദീസയിലോ എത്തി? ധനികൻ എങ്ങനെ നരകത്തിൽ എത്തി? (അതോ, ഒരാൾ മരിച്ചാൽ ഉടനെ അയാൾക്ക് ന്യായവിധി നൽകി സ്വർഗ്ഗത്തിലേക്കോ, നരകത്തിലേക്കോ അയയ്ക്കുകയും, പിന്നീട്, സാവകാശം, അവിടെ നിന്നും തിരിച്ചുവിളിച്ച് ന്യായവിധി നൽകി, അതേ സ്ഥലത്തേക്ക് തിരിച്ചയയ്ക്കുമോ?

ലൂക്കാ 16:23ൽ  നരകം എന്ന് പരിഭാഷപ്പെടുത്തപ്പെട്ടിരിക്കുന്ന ഗ്രീക്ക് വാക്കായ ഹേഡ്സ് (ᾅδης, hadēs, സ്ട്രോങ്സ് നിഘണ്ടുവിൽ G86) ഒരു താൽക്കാലിക നരകം മാത്രമാണെന്നും ഇതേ വാക്ക് ഉപയോഗിച്ചിരിക്കുന്ന വെളി 20:13ൻറെ അടിസ്ഥാനത്തിൽ അന്തിമ ന്യായവിധിയിൽ ഈ താൽക്കാലിക നരകത്തിലുള്ള പാപികളെല്ലാം യഥാർത്ഥ നരകത്തിൽ എറിയപ്പെടും എന്നുമാണ് വിദഗ്ദാഭിപ്രായം. ഇവരെല്ലാം വെളിപ്പാട് പുസ്തകത്തിലെ പ്രതീകങ്ങളുടെ വിഷയത്തിൽ വിദഗ്ദരായതുകൊണ്ടാണല്ലോ ഓരോ തവണയും മദ്ധ്യപൂർവേഷ്യയിൽ (Middle East) ഏതെങ്കിലും ഒട്ടകം തുമ്മിയാൽ ഉടനെ “ലോകാവസാനം വരുന്നേ” എന്ന് വിളിച്ചുകൂവുന്നത്?

#7 ധനികൻ തൻറെ 5 സഹോദരന്മാരെ പറ്റി പരാമർശിച്ചത് എന്തിന്? (ലൂക്കാ 16:28)

ദരിദ്രനോട് കരുണ കാണിക്കാതിരുന്നത് സ്വാർത്ഥത നിമിത്തമാണെങ്കിൽ, നരകത്തിലെ യാതനകളിലും ധനികൻറെ സ്വാർത്ഥത മാറിയില്ലേ? എന്തുകൊണ്ടാണ് ലോകത്തിലുള്ള ധനികരോടെല്ലാം ദരിദ്രരെ സഹായിക്കണം എന്ന് ഉപദേശിക്കണം എന്ന് ആവശ്യപ്പെടാതെ, എൻറെ 5 സഹോദരന്മാരുടെ അടുത്തേക്ക് ആരെയെങ്കിലും അയയ്ക്കണം എന്ന് ആവശ്യപ്പെട്ടത്? ഒന്നുകിൽ അയാളുടെ വിട്ടുമാറാത്ത സ്വാർത്ഥത, അല്ലെങ്കിൽ തൻറെ സഹോദരന്മാർക്ക് ഏതെങ്കിലും തരത്തിലുള്ള അത്യാഹിതം സംഭവിക്കുവാൻ പോകുന്നു എന്നുള്ള അറിവ്.

എന്തുകൊണ്ട് 4, 6 അല്ലെങ്കിൽ മറ്റൊരു സംഖ്യ പാടില്ല? മുമ്പ് സൂചിപ്പിച്ചത് പോലെ, ധനികൻ പൌരോഹിത്യത്തിൻറെ പ്രതീകമാണെങ്കിൽ 5 എന്ന സംഖ്യക്ക് പ്രാധാന്യമുണ്ട്.

പുരോഹിതന്മാരും ലേവ്യരും ലേവി ഗോത്രത്തിൽ ഉൾപ്പെട്ടവരാണ് എന്ന് അറിവുള്ളതാണല്ലോ? വെളിപ്പാട് ഒഴികെയുള്ള പുതിയനിയമ പുസ്തകങ്ങളിൽ യിസ്രായേലിലെ മറ്റ് 5 ഗോത്രക്കാരുടെ പേരുകൾ എഴുതപ്പെട്ടിരിക്കുന്നത് യാദൃച്ഛികമാകുവാൻ വഴിയില്ല.
  • യെഹൂദാ - യേശുവും മിക്കവാറും എല്ലാ ശിഷ്യന്മാരും.
  • ബെന്യാമീന്‍  - ഗമലീയേൽ, പൌലോസ് - റോമർ 11:1 (തര്‍സൊസുകാരനായ പൌലോസ്  വളർന്നതും പഠിച്ചതും യെരൂശലേമിലാണ് - അപ്പൊ 22:3. ഗമലീയേലിൻറെ മുത്തച്ഛനായിരുന്ന ഹില്ലേൽ എന്ന മഹാപണ്ഡിതൻ ബെന്യാമീന്യനായിരുന്നു.)
  • ആശേര്‍  - ഹന്നാ പ്രവാചിക - ലൂക്കാ 2:36
  • സെബൂലൂന്‍ - മത്തായി 4:14, 15, യെശ 9:1 (ഇതൊരു പ്രവചനത്തിൻറെ പൂർത്തീകരണമാണ്.)
  • നഫ്താലി - മത്തായി 4:14, 15, യെശ 9:1
യേശുവിൻറെ കാലത്ത് യെരൂശലേമിലും പരിസരത്തും ഉണ്ടായിരുന്ന പ്രമുഖരെല്ലാം ഈ ഗോത്രങ്ങളിൽ ഉൾപ്പെട്ടവർ ആയിരുന്നിരിക്കാം. ഇത് ഒരു ശക്തമായ വാദമാണ് എന്ന് സമർത്ഥിക്കുന്നില്ല, അവഗണിക്കുന്നില്ല എന്ന് മാത്രം. ധനികൻ പൌരോഹിത്യത്തിൻറെ പ്രതിനിധിയാണ് എന്ന് അറിയാവുന്ന പണ്ഡിതന്മാരുടെ അഭിപ്രായം ലേവ്യനായ ധനികനും 5 സഹോദരന്മാരും ചേർന്ന് 6, അത് 12ൻറെ പകുതിയാണ് എന്നൊക്കെയാണ്. അത്തരം കണക്കുകൂട്ടലുകളുടെ സാധുത എന്താണെന്ന് അറിയില്ല.

6 പേർ വരുന്നതും അൽപമെങ്കിലും സാംഗത്യമുള്ളതുമായ വാദം പുരോഹിതവർഗ്ഗത്തിൻറെ ആദിപിതാവായ ലേവിയുടെ അമ്മയായ ലേയായ്ക്ക് 6 പുത്രന്മാർ ഉണ്ടായിരുന്നു എന്നതാണ് (രൂബേന്‍, ശിമെയോന്‍, ലേവി, യെഹൂദാ, യിസ്സാഖാര്‍, സെബൂലൂന്‍. - ഉൽപത്തി 35:23). അത്തരം അറിവ് ഈ വേദഭാഗത്തിൻറെ വ്യാഖ്യാനത്തിൽ എങ്ങനെ സഹായിക്കും എന്നത് വ്യക്തമല്ല.

#8 അവര്‍ക്ക് മോശെയും പ്രവാചകരും ഉണ്ടല്ലോ? (ലൂക്ക 16:29) ആർക്ക്? അന്യജാതികൾക്കോ?

അന്യജാതികൾക്ക് മോശെയോ? മോശ എന്നതുകൊണ്ട് ന്യായപ്രമാണമല്ലേ ഉദ്ദേശിക്കുന്നത്? (2കൊരി 3:15) അന്യജാതികൾക്കാണോ ന്യായപ്രമാണം കൊടുത്തത്? യോന ഒഴികെ എത്ര പ്രവാചകന്മാർ അന്യജാതികളുടെ അടുത്തേയ്ക്ക് അയയ്ക്കപ്പെട്ടിട്ടുണ്ട്?
റൊമ 9:4 അവര്‍ യിസ്രായേല്യര്‍; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവര്‍ക്ക് ഉള്ളവ;
റോമ 3:2 ...ദൈവത്തിന്‍റെ അരുളപ്പാടുകള്‍ അവരുടെ [യെഹൂദരുടെ] പക്കലാണ് സമര്‍പ്പിച്ചിരിക്കുന്നത്.
മോശയുടെ ന്യായപ്രമാണവും പ്രവാചകരുടെ വാക്കുകളും ലോകത്തിന് മുഴുവൻ ന്യായവിധിക്ക് കാരണമാകുമെങ്കിൽ, എന്തുകൊണ്ട് ന്യയപ്രമാണം പ്രസംഗിക്കുവാൻ പ്രസംഗകരെ ലോകം മുഴുവൻ അയച്ചില്ല? സുവിശേഷം പ്രസംഗിക്കുവാൻ ശിഷ്യന്മാരെ അയച്ചത് പോലെ? എന്തിന് ന്യായപ്രമാണം യിസ്രായേലിൽ മാത്രമായി ഒതുക്കി?

ചിലർക്ക് ഉടനെ ഓർമ്മവരാവുന്ന ചില വേദഭാഗങ്ങൾ:

റോമ 1:19-28: ഈ വേദഭാഗം വായിച്ചാൽ തോന്നും സോമാലിയായിലോ, നൈജീരിയയിലോ കുടിവെള്ളവും, ആഹാരവുമില്ലാതെ ചത്തടിയുന്ന അസ്തിപഞ്ജരമായ ആയിരങ്ങൾ എവിടെയെങ്കിലും ഒരു പച്ചപ്പ് കണ്ടാൽ ഉടനെ യിസ്രായേലിൽ ഒരു ദൈവമുണ്ടായിരുന്നു എന്നും ആ ദൈവമാണ് പ്രപഞ്ചത്തിൻറെ സ്രഷ്ടാവ് എന്നും മനസ്സിലാക്കി, കുടിവെള്ളവും ആഹാരവും തേടാതെ, ദൈവത്തെ തേടി പുറപ്പെടണമെന്ന്.
റോമ 2:12 ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവരെല്ലാം ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ട് പാപം ചെയ്തവരെല്ലാം ന്യായപ്രമാണത്താല്‍ വിധിക്കപ്പെടും.
അതായത് ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്യാത്തവനും, ന്യായപ്രമാണം ഉണ്ടായിട്ട് പാപം ചെയ്യാത്തവനും രക്ഷിക്കപ്പെടും. കാര്യങ്ങൾ ഇത്ര ലളിതമാണെങ്കിൽ യേശുവിൻറെ പ്രസക്തി എന്ത്? ന്യായപ്രമാണം എഴുതി ഒരു ചെറിയ ജനവിഭാഗത്തെ ഏൽപിച്ച്, അത് ലോകം മുഴുവൻ പഠിപ്പിക്കാതെ, അതിൻറെ അടിസ്ഥാനത്തിൽ ലോകം മുഴുവനെയും വിധിക്കുന്നത് തികഞ്ഞ അന്യായമാണ്. ഉഗാണ്ടയിലെയോ, നൈജീരിയയിലെയോ ശിക്ഷാനിയമത്തിൻറെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ വിധി നടപ്പാക്കുന്നത് പോലെ.

ഈ വേദഭാഗത്തിൽ നിന്നും നരകം, യാതന മുതലായ അംശങ്ങൾ കണ്ടെത്തിയവർ അതിൽ മോശയെയും, പ്രവാചകന്മാരെയും രണ്ട് തവണ പരാമർശിച്ചിരിക്കുന്നത് കാണാതിരുന്നത് എന്തുകൊണ്ട്? ന്യായപ്രമാണവും പ്രവാചകന്മാരും ആർക്ക് നൽകപ്പെട്ടിരുന്നോ നരകവും  അവർക്കാണ് എന്നല്ലേ ലൂക്കാ 16:19-31ൻറെ അർത്ഥം?

#9 ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ വിശ്വസിക്കാത്തവർ (ലൂക്കാ 16:31)

അബ്രഹാം ധനികനോട് പറയുന്നത് ശ്രദ്ധിക്കുക: 
അവര്‍ മോശെയുടെയും പ്രവാചകരുടെയും വാക്ക് കേള്‍ക്കാതിരുന്നാല്‍ മരിച്ചവരില്‍ നിന്നും ഒരുവന്‍ എഴുന്നേറ്റ് ചെന്നാലും വിശ്വസിക്കുകയില്ല (ലൂക്കാ 16:31)
യേശുവിൻറെ പുനരുത്ഥാനത്തിൽ വിശ്വസിക്കാത്ത പലരും ഉണ്ടായിരുന്നെങ്കിലും അവർക്കെല്ലാം ന്യായപ്രമാണവും (മോശെ) പ്രവാചകന്മാരും ഉണ്ടായിരുന്നു എന്ന് സമർത്ഥിക്കുവാൻ കഴിയില്ല. ഉദാഹരണം: അഥേനയിലെ എപ്പിക്കൂര്യരും സ്തോയിക്കരും (അപ്പൊ 17:18, 32). അതേസമയം, ന്യായപ്രമാണവും പ്രവാചകന്മാരും ഉണ്ടായിരുന്ന സദൂക്യര്‍ പുനരുത്ഥാനം ഇല്ല എന്നാണ് വിശ്വസിച്ചിരുന്നത്. സദൂക്യർക്കോ, പുനരുത്ഥാനം ഉണ്ട് എന്ന് വിശ്വസിക്കുന്ന ഇതര യെഹൂദർക്ക് യേശുവിൻറെ പുനരുത്ഥാനത്തെപ്പറ്റി പത്രോസും സ്തെഫാനൊസും സാക്ഷ്യം നൽകിയിട്ടും എന്തെങ്കിലും മാറ്റം ഉണ്ടായോ? എത്ര പുരോഹിതന്മാർ വിശ്വസിച്ചു? എത്ര സദൂക്യര്‍ വിശ്വസിച്ചു? എത്ര പരീശർ വിശ്വസിച്ചു? അവർ വിശ്വാസികളെയും അപ്പൊസ്തലന്മാരെയും ഉപദ്രവിക്കുകയല്ലേ ചെയ്തത്?

യേശുവിൻറെ ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ വിശ്വസിക്കാത്ത മുസൽമാന്മാരും, ഹിന്ദുക്കളും, നിരീശ്വരവാദികളും നമ്മുടെ ചുറ്റിലും ഉണ്ടാകും, പക്ഷേ, യേശു ആരോടാണോ ഈ വാക്കുകൾ പറഞ്ഞത്, അവരെ അവഗണിച്ചിട്ടല്ല ദൈവവചനം പഠിക്കേണ്ടത്. വേദപുസ്തകത്തിലായാലും അനുദിനജീവിതത്തിലായാലും ആരോടാണ് ഒരു കാര്യം പറയപ്പെട്ടത് ആ കാര്യം പ്രാഥമികമായി അയാൾക്കാണ് ബാധകമാകുന്നത് (audience relevance). ഉദാഹരണമായി: പൌലോസ് തിമൊഥെയൊസിനോട്: “ഞാന്‍ കര്‍പ്പൊസിന്‍റെ പക്കല്‍ വെച്ചിരിക്കുന്ന പുതപ്പും പുസ്തകങ്ങളും പുസ്തകച്ചുരുളുകളും നീ വരുമ്പോള്‍ കൊണ്ടുവരിക.” (2തിമോ 4:13) എന്ന് എഴുതിയിരിക്കുന്നത് വായിച്ചാൽ ഉടനെ നമ്മളാരും കര്‍പ്പൊസിന്‍റെ വീട് അന്വേഷിച്ച് പുറപ്പെടില്ലല്ലോ?

യെഹൂദരെല്ലാം നരകത്തിൽ പതിക്കും എന്നാണോ ഞാൻ പറഞ്ഞുവരുന്നത്? അല്ലേയല്ല. എല്ലാ യിസ്രായേലും രക്ഷിക്കപ്പെടും എന്നല്ലേ വിശ്വസിക്കപ്പെടുന്നത്? (റോമ 11:26)

എത്രയെത്ര പൊരുത്തക്കേടുകൾ? എത്രയെത്ര നോട്ടപ്പിഴകൾ?


കാളപെറ്റു, കയറെടുത്തോ എന്ന് കേട്ടാൽ ഉടനെ കയറെടുക്കുന്നതിനേക്കാൾ വലിയ മണ്ടത്തരമാണ് 200 വാക്കുകളുള്ള (മലയാളത്തിൽ 200, ഇംഗ്ലീഷ് KJVയിൽ 299 വാക്കുകൾ) ഒരു വേദഭാഗത്തിൽ നിന്നും ഏതാനും വാക്കുകൾ മാത്രം തെരഞ്ഞെടുത്ത് ഒരു സിദ്ധാന്തം ഉണ്ടാക്കുന്നത്. സത്യവചനത്തെ യോഗ്യമായി കൈകാര്യം ചെയ്യുന്നത് (2 തിമോ 2:15, rightly handling the word of truth) അങ്ങനെയല്ല.

പ്രിയരേ, ഈ വേദഭാഗം വ്രണബാധിതനായ ഒരു ദരിദ്രൻ സ്വർഗ്ഗത്തിൽ പോകുന്നതിനെ പറ്റിയോ, ധനികൻ നരകത്തിൽ പോകുന്നതിനെ പറ്റിയോ അല്ല. ഒരു വരേണ്യവർഗ്ഗം തിരസ്ക്കരിക്കപ്പെടുകയും അധഃസ്ഥിതർ സ്വീകരിക്കപ്പെടുകയും ചെയ്യപ്പെടുന്നതിൻറെ രൂപകകഥയാണിത് (ദൃഷ്‌ടാന്തം).

ഇത് ഒരു ഒറ്റപ്പെട്ട ആഖ്യാനമല്ല, ഇതിന് സമാനമായ വേറെയും വേദഭാഗങ്ങൾ ഉണ്ട്.


അബ്രഹാമും രണ്ട് വിഭാഗങ്ങളും ഉൾപ്പെടുന്ന സമാനമായ മറ്റൊരു വേദഭാഗം.


അബ്രാഹാമുമായി ബന്ധപ്പെട്ട ഇത്തരത്തിലുള്ള ഒരു ആഖ്യാനം മത്തായിയുടെ സുവിശേഷത്തിൽ ഉണ്ട്. ഒരിക്കൽ ഒരു ശതാധിപന്‍ യേശുവിനോട് രോഗിയായ തൻറെ ഭൃത്യനെ സുഖപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടപ്പോൾ, അയാളെ അനുഗമിക്കുവാൻ തയ്യാറായ യേശുവിനോട് അവിടന്ന് എൻറെ വീട്ടിൽ കാലുകുത്തുവാൻ എനിക്ക് യോഗ്യതയില്ല, അവിടന്ന് ഒരു വാക്ക് പറഞ്ഞാൽ എൻറെ ഭൃത്യൻ സുഖപ്പെടും എന്ന് പറഞ്ഞതാണ് സന്ദർഭം.
മത്താ 8:10 ...യിസ്രായേലില്‍ ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ല എന്ന് ഞാന്‍ സത്യമായി നിങ്ങളോട് പറയുന്നു.
അതായത് ശതാധിപന്‍ യിസ്രായേല്യനല്ല.
മത്താ 8:11 കിഴക്ക് നിന്നും പടിഞ്ഞാറ് നിന്നും അനേകര്‍ വന്ന്, അബ്രാഹമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വര്‍ഗരാജ്യത്തില്‍ പന്തിയിരിക്കും.
സന്ദർഭത്തിൽ നിന്നും അന്യജാതികളെ പറ്റിയാണ് ചർച്ച എന്നത് വ്യക്തമല്ലേ? പിതാവിനോട് കൂടെ പന്തിയിരിക്കുന്നവർ മക്കളോ, കുടുംബാംഗങ്ങളോ, സുഹൃത്തുക്കളോ ആണ്.
മത്താ 8:12 രാജ്യത്തിന്‍റെ പുത്രന്മാരെ ഏറ്റവും പുറത്തുള്ള ഇരുളിലേക്ക് തള്ളിക്കളയും; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും എന്ന് ഞാന്‍ നിങ്ങളോട് പറയുന്നു.
അനേകർ വന്ന് അബ്രഹാമിനോട് കൂടെ പന്തിയിരിക്കേണ്ടതും, രാജ്യത്തിൻറെ പുത്രന്മാർ (അനന്തരാവകാശികൾ) ആരായിരുന്നാലും അവർ തിരസ്കരിക്കപ്പെടേണ്ടതും ഒരേ സമയത്തല്ലേ? ഈ സന്ദർഭത്തിൽ ആരാണ് രാജ്യത്തിന്‍റെ പുത്രന്മാർ?
യേശു മഹാപുരോഹിതരോടും പരീശരോടും പറഞ്ഞത് ശ്രദ്ധിക്കുക:
ദൈവരാജ്യം നിങ്ങളുടെ പക്കല്‍ നിന്നും എടുത്ത് അതിന്‍റെ ഫലം കൊടുക്കുന്ന ജാതിക്ക് കൊടുക്കും എന്ന് ഞാന്‍ നിങ്ങളോട് പറയുന്നു. (മത്താ 21:43)
അതായത്, ദൈവരാജ്യം അവരുടെ പക്കൽ ഉണ്ടായിരുന്നു, അവരായിരുന്നു രാജ്യത്തിന്‍റെ പുത്രന്മാർ. അതാണ് അവരിൽ നിന്നും എടുത്ത് കൂടുതൽ ഫലം നൽകുന്ന ജാതിക്ക് നൽകപ്പെടേണ്ടത്. (യേശു ഈ കാര്യം അവരോട് പറഞ്ഞത് മുന്തരിത്തോട്ടത്തിൻറെ അനന്തരാവകാശിയെ കൊന്നുകളഞ്ഞ അവിശ്വസ്തരായ പാട്ടക്കാരുടെ ഉപമ പറഞ്ഞതിന് ശേഷമാണ് എന്നത് ശ്രദ്ധിക്കുക.)
ദൈവരാജ്യം അവരിൽ നിന്നും എടുത്ത് ആർക്കെങ്കിലും കൊടുത്തോ? കൊടുത്തു, നിങ്ങൾക്ക്, എനിക്ക്:
കൊലൊ 1:13 നമ്മെ ഇരുട്ടിന്‍റെ അധികാരത്തില്‍ നിന്നും വിടുവിച്ച് (ഭൂതകാലം) തന്‍റെ സ്നേഹസ്വരൂപനായ പുത്രന്‍റെ രാജ്യത്തില്‍ ആക്കിവെക്കുകയും (ഭൂതകാലം) ചെയ്ത പിതാവിന് സന്തോഷത്തോടെ സ്തോത്രം.
Col 1:13 He has delivered (past tense) us from the domain of darkness and transferred (past tense) us to the kingdom of his beloved Son,
അന്ന് യെഹൂദ്യരായിരുന്നു അബ്രഹാമിൻറെ മക്കൾ എങ്കിൽ ഇപ്പോൾ വിശ്വാസികൾ എല്ലാവരും അബ്രഹാമിൻറെ മക്കളാണ്. അദ്ദേഹത്തിൻറെ മടിയിൽ ഇരിക്കുന്നവരോ, അദ്ദേഹത്തോടൊപ്പം പന്തിയിരിക്കുന്നവരോ ആണ്.
ഗലാ 3:29 ക്രിസ്തുവിനുള്ളവര്‍ എങ്കിൽ നിങ്ങള്‍ അബ്രാഹമിന്‍റെ സന്തതിയും വാഗ്ദത്ത പ്രകാരം അവകാശികളും ആകുന്നു.
ഗലാ 3:7 അതുകൊണ്ട് വിശ്വാസികള്‍ ആണ് അബ്രാഹമിന്‍റെ മക്കള്‍ എന്ന് അറിയുവിന്‍.

ക്രിസ്തബ്ദം 70ൽ യെരൂശലേം നശിപ്പിക്കപ്പെട്ടപ്പോൾ (ചിത്രകാരൻറെ ഭാവന)
നാം അബ്രഹാമിൻറെ മക്കളായി അദ്ദേഹത്തിൻറെ മടിയിലിരിക്കുവാനോ, കൂടെ പന്തിയിരിക്കുവാനോ അർഹത നേടിയപ്പോൾ അതുവരെ രാജ്യത്തിൻറെ പുത്രരായിരുന്നവർ പുറന്തള്ളപ്പെട്ടു. ഇങ്ങനെ പുറന്തള്ളപ്പെട്ടു എന്നത് പ്രകടമായത് ക്രിസ്തബ്ദം 70ൽ (70 AD) യെരൂശലേമും അവരുടെ രാജ്യവും സമ്പദ്‍വ്യവസ്ഥയും നാശമായി,  ദേവാലയം നശിപ്പിക്കപ്പെടുകയും, അവരിൽ 11 ലക്ഷം പേർ കൊല്ലപ്പെടുകയും, വളരെയധികം പേർ അടിമകളായി പിടിക്കപ്പെടുകയും, നാടുവിട്ടോടുകയും ചെയ്തപ്പോൾ. ആ ദുർഗ്ഗതിയിൽ നിന്നും രക്ഷപെടുവാനാണ് തൻറെ 5 സഹോദരന്മാരുടെ അടുത്തേക്ക് മരിച്ചവരിൽ നിന്നും ഉയിർത്ത ആരെയെങ്കിലും അയയ്ക്കുവാൻ ധനികൻ ആവശ്യപ്പെട്ടത്. യേശുവിനെ വിശ്വസിച്ച് ക്രൈസ്തവരായ യെഹൂദരും ഇതരരും യെരൂശലേമിൻറെ നാശത്തിൽ ഉൾപ്പെടാതെ ദെക്കപ്പൊലിയിലുള്ള പെല്ലാ എന്ന സ്ഥലത്തേക്ക് ഓടി രക്ഷപെട്ടു. (അന്ന് യെഹൂദ്യർക്കുണ്ടായ നാശനഷ്ടങ്ങളെ പറ്റി ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന  ഫ്ലേവിയസ് ജോസഫസിൻറെ യൂദന്മാരുടെ യുദ്ധങ്ങൾ എന്ന സമാഹാരത്തിലെ ആറാം പുസ്തകത്തിൽ കാണാം.)

യേശുവിൻറെ ഭൂമിയിലെ ശുശ്രൂഷയിൽ ഉടനീളം അവിടന്ന് സാധാരണക്കാരോടും, ചുങ്കക്കാരോടും, പാപികളോടും, വേശ്യകളോടും ഇടപെട്ടിരുന്നു. അവരിൽ ചിലരോട് മേലിൽ പാപം ചെയ്യരുതെന്നോ, നിൻറെ പാപങ്ങൾ നിന്നോട് ക്ഷമിച്ചിരിക്കുന്നു എന്നോ അല്ലാതെ, അവരെല്ലാം നരകത്തിൽ പതിക്കും എന്ന് താക്കീത് ചെയ്തിട്ടില്ല. അവരെ കഠിനമായി ഭർത്സിച്ചിട്ടില്ല. അതേ സമയം മതമേധാവികളുമായുള്ള അവിടത്തെ ഓരോ ഇടപെടലും തീപ്പൊരി പറക്കുന്ന ഏറ്റുമുട്ടലുകളായിരുന്നു. യെഹെസ്കേലും യിരെമ്യാവും എങ്ങനെ അവരുടെ സമകാലീനരായ യിസ്രായേല്യരോട് അവർക്ക് അപ്പോൾ വരുവാനിരുന്ന വിപത്തിനെ പറ്റി താക്കീതുചെയ്തുകൊണ്ടിരുന്നോ, അതുപോലെ തന്നെ യേശുവും തൻറെ സമകാലീനരായ യെഹൂദ്യരോട് അവർക്ക് അപ്പോൾ വരുവാനിരുന്ന വിപത്തിനെ പറ്റി താക്കീതുചെയ്തുകൊണ്ടിരുന്നു. (വേദപുസ്തകത്തിൽ ഏറ്റവുമധികം തവണ “മനുഷ്യപുത്രൻ” എന്ന് സംബോധന ചെയ്യപ്പെട്ടിട്ടുള്ളത് യെഹെസ്കേൽ ആണ് എന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? - 93 തവണ. യേശു അങ്ങനെ സംബോധന ചെയ്തത്/ചെയ്യപ്പെട്ടത് 88 തവണ. ഇതൊന്നും യാദൃച്ഛികമല്ല.)

ഇത് വായിക്കുന്നതിന് മുമ്പും പിമ്പും ഇയാൾ പ്രെട്രിസം (Preterism) എന്ന ദൈവദൂഷണമാണ് അവതരിപ്പിക്കുന്നത് എന്ന് കരുതുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും അനുമോദനങ്ങൾ, ഹൃദയം നിറഞ്ഞ നന്ദി. മാർട്ടിൻ ലൂതർ പ്രോട്ടസ്റ്റെൻറ് പ്രസ്ഥാനം തുടങ്ങിയപ്പോൾ കത്തോലിക്കരും അങ്ങനെ തന്നെയാണ് പെരുമാറിയത്. നിങ്ങളിൽ പലരും കൃപയെ പറ്റി പ്രസംഗിക്കുവാൻ തുടങ്ങിയപ്പോൾ നിങ്ങൾ പാപം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറഞ്ഞവരെ മറക്കരുത്.
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

ആക്ഷേപങ്ങൾക്ക് മറുപടി:

#1 ഇതാണോ ദൈവരാജ്യം?
മഹാപുരോഹിതരുടെയും പരീശരുടെയും പക്കൽ ഉണ്ടായിരുന്നപ്പോൾ ഏതായിരുന്നു ദൈവരാജ്യം? (മത്താ 21:43)
#2 ദൈവരാജ്യവും സ്വർഗ്ഗരാജ്യവും വേറെവേറെയല്ലേ?
എപ്പോഴെങ്കിലും മത്തായി 13ലെയും ലൂക്കാ 13ലെയും രാജ്യത്തിൻറെ ഉപമകൾ താരതമ്യം ചെയ്ത് പഠിച്ചിട്ടുണ്ടോ?
#3 കൊലൊ 1:13ൽ പുത്രന്‍റെ രാജ്യം എന്നല്ലേ എഴുതിയിരിക്കുന്നത്?
ലൂക്കാ 9:26-27, മത്താ 16:29 എന്നീ വചനങ്ങൾ താരതമ്യം ചെയ്യുക.
#4 സ്വർഗ്ഗരാജ്യം സ്വർഗ്ഗത്തിൽ അല്ലേ?
അല്ല, മത്തായിയുടെ സുവിശേഷത്തിൽ മാത്രമാണ്.
ദൈവരാജ്യം നിങ്ങളുടെ ഉള്ളിലാണ് (ലൂക്കാ 17:21, “ഇടയിൽ” എന്നത് തെറ്റായ പരിഭാഷയാണ്. അതേ ഗ്രീക്ക് വാക്ക് ഉപയോഗിച്ചിട്ടുള്ള മത്താ 23:26ൽ കിണ്ടി, കിണ്ണങ്ങളുടെ “ഇടയിൽ” വെടിപ്പാക്കുന്നതിനെ പറ്റി അല്ലല്ലോ പറഞ്ഞിരിക്കുന്നത്? ഉൾവശം വെടിപ്പാക്കുന്നതിനെ പറ്റി അല്ലേ?)

Thursday, May 26, 2016

മത്തായി 18:15-20, പിന്നെ വേദവചനങ്ങളുടെ ദുരുപയോഗവും.

ക്രിസ്തുവിൽ പ്രിയരേ,

ഇതിന് മുമ്പ് എഴുതിയ ലേഖനത്തിൽ മത്തായി 18:15-20 1കൊരി 5:1-5ന് സമാന്തരമായ വേദഭാഗമാണ് എന്ന് പരാമർശിച്ചിരുന്നല്ലോ. ഈ വേദഭാഗങ്ങൾ തമ്മിലുള്ള സാജാത്യ വൈജാത്യങ്ങൾ കാണിച്ചുതരിക എന്നതാണ് ഈ ലേഖനത്തിൻറെ ഉദ്ദേശ്യം.



നിരനിരയായി നിൽക്കുന്ന കെട്ടിടങ്ങളുടെ മുകളിൽ നിൽക്കുന്ന ഗൊറില്ലകൾ പരസ്പരം നേന്ത്രക്കായകൊണ്ട് എറിയുന്ന ഒരു കമ്പ്യൂട്ടർ ഗെയിം ഉണ്ട്. ഏറ് കൊണ്ടാൽ എറിഞ്ഞവൻ കൈകൊട്ടി ചിരിക്കും, ഉന്നം തെറ്റിയാൽ പ്രതിയോഗി ഫൂ, ഫൂ എന്ന് കളിയാക്കും. വേദവചനങ്ങൾ അവയുടെ സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത് പരസ്പരം എറിയുവാനുള്ള നേന്ത്രക്കായകളാണ് എന്ന രീതിയിലാണ് പലരും പെരുമാറുന്നത്.


കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌ നല്ല ഒരു എഴുത്തുകാരനും ആയിരുന്നു. അദ്ദേഹത്തിൻറെ എഴുത്തിൻറെ ഒരു പ്രത്യേകത, ഒരേ ലേഖനത്തിലെ ഒരു ഖണ്ഡികയും (paragraph) അടുത്ത ഖണ്ഡികയുമായി ഒരു ബന്ധവും ഉണ്ടായിരിക്കില്ല എന്നതാണ്. ഒരിക്കൽ ഒരു നിരൂപകൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: ഇ.എം.എസ്‌. ഖണ്ഡികകളായി ചിന്തിക്കുന്നു. പല ക്രൈസ്തവരുടേയും ധാരണ യേശു പരസ്പരബന്ധമില്ലാത്ത വചനങ്ങളായി സംസാരിച്ചിരുന്നു എന്നാണ്. പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സ്റ്റീഫൻ ലാങ്‍ടൺ എന്ന ആൾ വേദപുസ്തകത്തെ അദ്ധ്യായങ്ങളായും, പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന റോബെർട്ട് സ്റ്റെഫാനസ് എന്ന ആൾ വചനങ്ങളായും പിരിച്ചു. അങ്ങനെയാണ് ദൈവവചനം നമുക്ക് പരസ്പരം എറിയുവാൻ പറ്റിയ നേന്ത്രക്കാ പരുവത്തിൽ ആയത്.

മത്തായി 18:19, 20 വചനങ്ങൾ ഇത്തരത്തിൽ വളരെയധികം ദുരുപയോഗം ചെയ്യപ്പെടുന്നവയാണ്. ഈ വചനങ്ങളുടെ സന്ദർഭം പരിശോധിക്കുക എന്നതും ഈ ലേഖനത്തിൻറെ ലക്ഷ്യങ്ങളിൽ ഒന്നാണ്.

മത്തായി 18:15-20ൻറെ സന്ദർഭം.


ഈ വേദഭാഗത്തിൻറെ സന്ദർഭം രണ്ട് സഹോദരന്മാർക്ക് ഇടയിൽ ഗുരുതരമായ വഴക്കോ തർക്കമോ ഉണ്ടായാൽ എങ്ങനെ പരിഹരിക്കണം എന്നതാണ്. തർക്കം പരിഹരിക്കുന്നതിന് മൂന്ന് നടപടികളാണ് (ഘട്ടങ്ങളാണ്) യേശു നിർദ്ദേശിക്കുന്നത്.  ഈ വചനങ്ങൾ എങ്ങനെയൊക്കെ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്നതും വിവരണത്തിൽ ഉണ്ട്.

 നടപടി #1:

മത്താ 18:15 നിന്‍റെ സഹോദരന്‍ നിന്നോട് പിഴച്ചാല്‍ (തെറ്റുചെയ്താൽ) നീ ചെന്ന്, നീയും അവനും മാത്രം ഉള്ളപ്പോള്‍ കുറ്റം അവന് ബോധ്യംവരുത്തുക; അവന്‍ നിന്‍റെ വാക്ക് കേട്ടാല്‍ നീ സഹോദരനെ നേടി.
അവൻ മുമ്പുതന്നെ നിൻറെ സഹോദരനായിരുന്നു. ഒരു തർക്കമോ വഴക്കോ ഉണ്ടായാൽ സഹോദരൻ അല്ലാതായി മാറുമോ? സഹോദരനെ നേടി എന്ന് പറയുമ്പോൾ സഹോദരനെ നഷ്ടപ്പെടുവാനുള്ള ഒരു സാദ്ധ്യത ഉണ്ടെന്നല്ലേ അർത്ഥം? അതെങ്ങനെയാണ് എന്ന് മുന്നോട്ടുള്ള വചനങ്ങളിൽ കാണാം.

നടപടി #2

മത്താ 18:16 കേള്‍ക്കാതിരുന്നാല്‍ 2, 3 സാക്ഷികളുടെ വായാല്‍ സകല കാര്യവും ഉറപ്പാകേണ്ടതിന് ഒന്നുരണ്ട് പേരെ കൂട്ടിക്കൊണ്ട് ചെല്ലുക.
നീ നേരിട്ടുചെന്ന് അനുരഞ്ജനത്തിന് ശ്രമിച്ചിട്ട് നിൻറെ സഹോദരൻ അനുരഞ്ജനത്തിന് തയ്യാറാകാതിരുന്നാൽ സഹോദരന്മാരിൽ 2, 3 പേരോട് കൂടെ അവനുമായി സംസാരിക്കുക. (ഏതെങ്കിലും 2,3 പേരല്ല.)

ഈ വേദഭാഗത്തിൽ ഏറ്റവുമധികം ദുരുപയോഗം ചെയ്യപ്പെടുന്ന ഭാഗമാണ് “2, 3 സാക്ഷികളുടെ വായാല്‍ സകല കാര്യവും ഉറപ്പാകേണ്ടതിന്”. ചില ക്രൈസ്തവർ ഏതെങ്കിലും ഒരു തത്വത്തിന് നിദാനമായി ഒരു വചനം കാണിച്ചുകൊടുത്താൽ അത് ഒരു ഒറ്റപ്പെട്ട വചനമാണ് വേദപുസ്തകത്തിൽ വേറെ എവിടെയും അത്തരം വചനമില്ല, എല്ലാത്തിനും 2, 3 സാക്ഷികൾ വേണം എന്ന് ഈ വചനത്തിൻറെ അടിസ്ഥാനത്തിൽ വാദിക്കും. അതിനെപ്പറ്റിയാണോ ഈ വചനം? അവരുടെ സിദ്ധാന്തം ശരിയാണെങ്കിൽ യോഹന്നാൻറെ സുവിശേഷം ഉപയോഗയോഗ്യമല്ല, കാരണം, അതിലുള്ള 90% കാര്യങ്ങളും ഇതര സുവിശേഷങ്ങളിൽ ഇല്ല. ഉദാഹരണം: കാനായിലെ കല്യാണം (യോഹ 2), കല്ലെറിയുവാൻ കൊണ്ടുവന്ന വേശ്യ (യോഹ 8).

നടപടി #3

മത്താ 18:17 അവരെ കൂട്ടാക്കാതിരുന്നാല്‍ സഭയോട് അറിയിക്കുക; സഭയെയും കൂട്ടാക്കാതിരുന്നാല്‍ അവന്‍ നിനക്ക് പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ഇരിക്കട്ടെ.
നീ 2, 3 സഹോദരന്മാരോട് കൂടെ നിന്നോട് വഴക്കിട്ട സഹോദരനോട് സംസാരിച്ചിട്ടും അവൻ അനുരഞ്ജനത്തിന് തയ്യാറാകാതിരുന്നാൽ വിഷയം സഭയിൽ അവതരിപ്പിക്കുക. അവൻ സഭയുടെ ഉപദേശം കൈക്കൊള്ളാതിരുന്നാലോ? “അവന്‍ നിനക്ക് പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ഇരിക്കട്ടെ.”
ആ പദപ്രയോഗത്തിൻറെ അർത്ഥം മനസ്സിലായോ? ഇല്ലേ? അവനെ സഭയിൽ നിന്നും പുറത്താക്കുക. ഇനിമുതൽ അവൻ നിനക്ക് സഹോദരനല്ല. ഇതാണ് “അവന്‍ നിന്‍റെ വാക്ക് കേട്ടാല്‍ നീ സഹോദരനെ നേടി” എന്ന് പറയുവാൻ കാരണം. അവനെ സഭയിൽ നിന്നും ഭ്രഷ്ടനാക്കിയാൽ നിനക്ക് ഒരു സഹോദരനെ നഷ്ടമാകും.

ഒരാളെ സഭയിൽ നിന്നും പുറത്താക്കുക എന്നത് അത്യധികം കഠിനവും വേദനാജനകവുമായ നടപടിയാണ്. അത്തരം ഒരു നടപടി സ്വീകരിക്കുന്നതിന് മുമ്പ് അത് ഒഴിവാക്കുവാൻ കഴിയുന്നതെല്ലാം ചെയ്യണം.
മത്താ 18:18 നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിഞ്ഞിരിക്കും എന്ന് ഞാന്‍ സത്യമായി നിങ്ങളോട് പറയുന്നു.
ഈ വചനമാണ് ഏറ്റവും ദുരുപയോഗം ചെയ്യപ്പെടുന്നത്. ഇതുപയോഗിച്ച് കത്തോലിക്കർ കുമ്പസാരവും പാപമോചനവും നൽകുന്നു. ഇതര ക്രൈസ്തവർ സഭയിലെ മൂപ്പന്മാരുടെ (പാസ്റ്റർമാർ, ബോധകന്മാർ) എന്നിവരുടെ അപ്രമാദിത്വം അരക്കിട്ടുറപ്പിക്കുവാൻ ഉപയോഗിക്കുന്നു.

ഇത് ഒന്നോ രണ്ടോ പേർ എടുക്കുന്ന തീരുമാനത്തെ പറ്റിയല്ല എന്നത് ശ്രദ്ധിക്കുക. സഭ ഒന്നായി, ഏകമനസ്സോടെയും ഏകകണ്‌ഠമായും എടുക്കുന്ന തീരുമാനത്തെ പറ്റിയാണ്.  അതുകൊണ്ടുതന്നെ, പുരോഹിതന്മാരുടെയോ, മൂപ്പന്മാരുടെയോ തീരുമാനങ്ങളെ സാധൂകരിക്കുവാൻ ഈ വചനം ഉപയോഗിക്കുന്നത് തെറ്റാണ്.

നിങ്ങൾ ഏകകണ്‌ഠമായി എടുക്കുന്ന തീരുമാനത്തിന് ദൈവീകമായ അംഗീകാരമുണ്ട് എന്നാണ് ഈ വചനത്തിൻറെ കരുത്ത്.
മത്താ 18:19 ഭൂമിയില്‍ വെച്ചു നിങ്ങളില്‍ 2 പേര്‍ യാചിക്കുന്ന ഏത് കാര്യത്തിലും ഐക്യപ്പെട്ടാല്‍ അത് സ്വര്‍ഗസ്ഥനായ എന്‍റെ പിതാവില്‍ നിന്നും അവര്‍ക്കും ലഭിക്കും;
ഈ വചനത്തിൻറെ അടിസ്ഥാനത്തിൽ പല കാര്യങ്ങളെ പറ്റിയും നമ്മളിൽ പലരും ഒന്നുചേർന്ന് പ്രാർത്ഥിച്ചിച്ചിട്ടില്ലേ? പ്രാർത്ഥനാ യോഗങ്ങൾ നടത്തിയിട്ടില്ലേ? അപ്പോഴൊക്കെ ഓർത്തിരുന്നോ ഇത് തെറ്റായി പരിഭാഷപ്പെടുത്തിയ വചനമാണെന്നും അതിൻറെ സന്ദർഭം ഒരാളെ സഭയിൽ നിന്നും പുറത്താക്കുന്നതാണെന്നും?

ഈ വചനത്തിൽ കാണപ്പെടുന്ന യാചിക്കലും ലഭിക്കലും പരിഭാഷകരുടെ വകയാണ്. ഇംഗ്ലീഷ് പരിഭാഷ കാണുക:

Mat 18:19 Again I say unto you, That if two of you shall agree on earth as touching anything that they shall ask, it shall be done for them of my Father which is in heaven.

ഭൂമിയിൽ നിങ്ങളിൽ രണ്ടുപേർ ഏകമനസ്സോടെ  ചോദിക്കുന്ന ഏതുകാര്യവും സ്വർഗ്ഗത്തിലുള്ള എൻറെ പിതാവ് നിർവഹിക്കും എന്നാണ് ഏകദേശ പരിഭാഷ. ഇവിടെ begging, receiving മുതലായ വാക്കുകൾ ഇല്ല.

ഈ വചനം ഒരാളെ സഭയിൽ നിന്നും പുറത്താക്കുന്നതിനെ പറ്റിയാണ് എന്ന് മനസ്സിലാക്കുമ്പോൾ അത് കൂട്ടപ്രാർത്ഥന നടത്തി, ദൈവത്തെ ഘെരാവോ ചെയ്ത് കാര്യം സാധിക്കുവാനുള്ളതല്ല എന്നത് വ്യക്തമാകും.

കൂട്ടപ്രാർത്ഥന നടത്തരുത് എന്നല്ല ഞാൻ പറയുന്നത്, ഈ വചനം അതിനെപറ്റിയല്ല എന്നാണ് പറഞ്ഞതിൻറെ അർത്ഥം. (ഒരുപക്ഷേ, ആരെങ്കിലും ഞാൻ എഴുതിയതിനെ സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത് ഉപയോഗിക്കുമോ എന്ന സംശയം ഇല്ലാതില്ല.)

ഇതിന് മുമ്പുള്ള വചനത്തിൽ പറഞ്ഞിട്ടുള്ളത് പോലെ നിങ്ങൾ ഏകകണ്ഠമായി എടുക്കുന്ന തീരുമാനത്തിന് ദൈവികമായ അംഗീകാരം ഉണ്ടെന്നാണ് ഈ വചനത്തിൻറെയും വിവക്ഷ.
മത്താ 18:20 രണ്ടോ മൂന്നോ പേര്‍ എന്‍റെ നാമത്തില്‍ കൂടിവരുന്നിടത്തെല്ലാം ഞാന്‍ അവരുടെ നടുവില്‍ ഉണ്ട് എന്നും ഞാന്‍ നിങ്ങളോട് പറയുന്നു.
ഈ വാക്യത്തിൻറെ സാമാന്യമായ ദുരുപയോഗം സഭായോഗത്തിന് വരുന്നതിൽ നിന്നും വിട്ടുനിൽക്കരുത് എന്ന് പഠിപ്പിക്കുവാനാണ്. അല്ലെങ്കിൽ, സഭയിൽ യേശു സന്നിഹിതനായിരിക്കും എന്ന് തെളിയിക്കുവാനാണ്.

“മഹത്വത്തിന്‍റെ പ്രത്യാശയായ ക്രിസ്തു നിങ്ങളില്‍ ഇരിക്കുന്നു” എന്ന് കൊലൊ 1:27ൽ എഴുതപ്പെട്ടിരിക്കുന്നു.

അങ്ങനെ നിങ്ങളിൽ വാസമായിരിക്കുന്ന ക്രിസ്തു. നിങ്ങൾ രണ്ടോ മൂന്നോ പേർ കൂടിവരുമ്പോൾ നിങ്ങളുടെ ഉള്ളിൽ നിന്നും കുതിച്ചുചാടി, നിങ്ങളുടെ നടുവിൽ നിൽക്കുമോ?

1കൊരി 5:4ൽ നാം കണ്ടത് പോലെ സഭ ഒന്നടങ്കം ഒരു തീരുമാനമെടുക്കുമ്പോൾ ദൈവപിതാവിൻറെയും യേശുവിൻറെയും സാന്നിദ്ധ്യവും അംഗീകാരവും ആ തീരുമാനത്തിന് ഉണ്ടായിരിക്കും എന്നതാണ് മത്താ 18:19, 20 വചനങ്ങളുടെ അർത്ഥം.

അത്യുന്നതന്‍ കൈപ്പണിയായതില്‍ വസിക്കുന്നില്ല. (അപ്പൊ 7:48) അത് കത്തോലിക്കരുടെ പള്ളിയായിരുന്നാലും, ഇതര ക്രൈസ്തവരുടെ സഭാമന്ദിരം ആയിരുന്നാലും.

1കൊരി 3:16 നിങ്ങള്‍ ദൈവത്തിന്‍റെ മന്ദിരം എന്നും ദൈവത്തിന്‍റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നു എന്നും അറിയുന്നില്ലേ?

1കൊരി 6:19 ... പരിശുദ്ധാത്മാവിന്‍റെ മന്ദിരമാണ് നിങ്ങളുടെ ശരീരം ... എന്ന് അറിയുന്നില്ലേ?

സഭയായി കൂടിവരേണ്ട എന്നാണോ ഇയാൾ പറയുന്നത്? എന്ന് ചോദിച്ചേക്കാം. തീർച്ചയായും കൂടിവരണം. അങ്ങനെ കൂടിവരുന്നത് ആ ഉദ്ദേശ്യത്തോടെ നിർമ്മിച്ച കെട്ടിടങ്ങളിൽ ആയിരിക്കണമെന്ന് പുതിയനിയമത്തിൽ ഉണ്ടോ?

ആദിമസഭ വീടുകളിലാണ് ചേർന്നുവന്നിരുന്നത് എന്ന് റോമ 16:5; 1കൊരി 16:19; കൊലൊ 4:15; 1തിമോ 3:5, 15; ഫിലേ 1:2; എന്നീ വചനങ്ങൾ സൂചിപ്പിക്കുന്നു.

സഭ (church) എന്ന് പരിഭാഷപ്പെടുത്തിയിട്ടുള്ള ἐκκλησία (ek-klay-see'-ah സ്ട്രോങ്‍സ് ക്രമസംഖ്യ G1577) എന്ന ഗ്രീക്ക് വാക്കിന് വിളിച്ച് വേർതിരിക്കപ്പെട്ടവർ,  എന്നതാണ് അർത്ഥം. അതിന് ഒരു കെട്ടിടം എന്നോ, സ്ഥാപനം എന്നോ അർത്ഥമില്ല.

ഇതേ വാക്ക് അപ്പൊ 19:32ൽ പൌലോസിന് എതിരായി കൂടിവന്നവരെ സൂചിപ്പിക്കുവാൻ  “ജനസംഘം” (ബി.ജെ.പിയുടെ മുൻ അവതാരമല്ല) എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഇതേ വാക്കാണ്. അതായത് ഈ വാക്കിന് ഏതെങ്കിലും ഉദ്ദേശ്യത്തിനായി കൂടിവന്നവർ എന്നേ അർത്ഥമുള്ളൂ. അപ്പോ 19:39ൽ എഫെസൊസ് പട്ടണത്തിന്‍റെ മേനവന്‍ പൌലോസിനെ പറ്റിയുള്ള പരാതികൾ ധര്‍മ്മസഭയിൽ (lawful assembly) തീര്‍ക്കാം എന്ന് പറയുവാൻ ഇതേ വാക്ക് ഉപയോഗിച്ചപ്പോൾ അത് ഒരു ആരാധനാ മന്ദിരത്തെയല്ലല്ലോ ഉദ്ദേശിച്ചത്?

1കൊരി 5:1-5നും മത്താ 18:15-20നും  ഉള്ള ബന്ധം.

ഈ രണ്ട് വേദഭാഗങ്ങളും സഭയിലെ ഒരു അംഗത്തിനെ പുറത്താക്കുന്നതിനെ പറ്റിയാണ്. മത്തായി 20ൽ മൂന്ന് ഘട്ടങ്ങളോ, നടപടികളോ നിർദ്ദേശിച്ചിരിക്കുന്നതിന് കാരണം ഒരു വാദിയും (നിങ്ങൾ) പ്രതിയും (നിങ്ങളോട് വഴക്കുള്ള സഹോദരൻ) ഉള്ളതിനാലാണ്. 1കൊരി 5ൽ പ്രതി മാത്രമേയുള്ളൂ (ദുർന്നടപ്പുകാരൻ), തന്നെയുമല്ല, അയാളുടെ കുറ്റം സഭയ്ക്ക് അറിയാം. മൂന്നാമത്തെ നടപടിക്ക് - സഭ ഏകകണ്ഠമായി, ഏകമനസോടെ നടപ്പാക്കുന്ന സഭയ്ക്ക് പുറത്താക്കലിന് യേശുവിൻറെ അംഗീകാരം ഉണ്ട്.

മത്തായി 20ലെ അധികാരം ഉപയോഗിച്ച് സഭയിൽ നിന്നും ആരെയെങ്കിലും പുറത്താക്കുന്നതിന് മുമ്പ് ഓർക്കുക: 1കൊരി 5ൽ വ്യഭിചാരത്തേക്കാൾ ഹീനമായ അഗമ്യഗമനം (incest) നടത്തിയ ആളെയാണ് പുറത്താക്കിയത്. മത്തായി 18ൽ രണ്ട് സഹോദരന്മാർ തമ്മിലുള്ള തീർത്താൽ തീരാത്ത പ്രശ്നത്തിനാണ് പുറത്താക്കിയത്. സഭയുടെ വിശ്വാസപ്രമാണങ്ങളെ അംഗീകരിക്കാത്തതിനോ, ഉപദേശിമാരുടെ ദൈവശാസ്ത്രപരമോ, പ്രബോധനപരമോ ആയ അഭിപ്രായങ്ങളോട് വിയോജിപ്പുള്ളതിനോ അല്ല.

ഞാൻ ഇവിടെ എഴുതുന്ന കാര്യങ്ങൾ പുതിയതോ ഏതെങ്കിലും ഇസവുമായി (സിദ്ധാന്തവുമായി) ബന്ധപ്പെട്ടതോ അല്ല. www.biblehub.comൽ ഈ വചനങ്ങൾക്ക് വിവിധ പണ്ഡിതന്മാർ എഴുതിയ വ്യാഖ്യാനങ്ങൾ വായിച്ചാൽ 60-80% പണ്ഡിതരും ഇതേ അഭിപ്രായങ്ങൾ തെളിവുസഹിതം പ്രകടിപ്പിക്കുന്നത് കാണാം. ഇതിനുമുമ്പ് ഞാൻ എഴുതിയ ഒരു ലേഖനത്തിൻറെ കമൻറുകളിൽ ഒരു സഹോദരൻ ഇത് ഇന്ന ഇസമാണ് എന്ന് അവഹേളിക്കുന്ന തരത്തിൽ എഴുതിയിരിക്കുന്നത് കണ്ടു. അദ്ദേഹത്തിന് ഞാൻ എഴുതിയതിനെ ദൈവവചനത്താലോ , ചരിത്രത്താലോ, യുക്തിയാലോ ഖണ്ഡിക്കുവാൻ കഴിയാത്തതിനാലാവാം. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.


ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

Wednesday, May 25, 2016

വ്യഭിചാരിയുടെയും ദൈവദൂഷകൻറെയും രക്ഷയ്ക്ക് കാരണമാകുന്ന “നല്ല” സാത്താൻ.


ക്രിസ്തുവിൽ പ്രിയരേ,

അടിസ്ഥാന വചനങ്ങൾ:
1കൊരി 5:5 ആത്മാവ് കര്‍ത്താവായ യേശുവിന്‍റെ നാളില്‍ രക്ഷിക്കപ്പെടേണ്ടതിന് ജഡസംഹാരത്തിനായി സാത്താന് ഏല്‍പിക്കേണം എന്ന് വിധിച്ചിരിക്കുന്നു.
1തിമോ 1:20 ഹുമനയോസും അലക്സാണ്ടരും ഈ കൂട്ടത്തില്‍ ഉള്ളവര്‍ ആകുന്നു; അവര്‍ ദൂഷണം പറയാതിരിക്കുവാന്‍ പഠിക്കുവാന്‍ ഞാന്‍ അവരെ സാത്താനെ ഏല്‍പിച്ചിരിക്കുന്നു.
നിങ്ങളുടെ സഭയിൽ വ്യഭിചാരികളോ ദൈവദൂഷകരോ ഉണ്ടോ? അവരെ രക്ഷിക്കണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ? ഇതാ എളുപ്പ വഴി: അവരെ സാത്താന് ഏൽപിക്കുക.

സാത്താന് ഏൽപിക്കുന്നത് എങ്ങനെ എന്ന് വേദപുസ്തകം പറഞ്ഞുതരാത്തതിനാൽ സാത്താൻറെ മേൽവിലാസം ഞാൻ പറഞ്ഞുതരാം, വേദപുസ്തകത്തിൽ നിന്നുതന്നെ: തുർക്കി രാജ്യത്ത് ബെർഗാമാ എന്ന നഗരത്തിൽ എത്തി, അവിടെ നിന്നും, ടാക്സി പിടിച്ച് ഡ്രൈവറോട് ഇതാ ഈ പറയുന്ന സ്ഥലത്ത് ഇറക്കുവാൻ പറഞ്ഞാൽ മതി:
വെളി 2:12-13 പെര്‍ഗ്ഗമൊസിലെ സഭയുടെ ദൂതന് എഴുതുക: മൂര്‍ച്ചയേറിയ ഇരുവായ്ത്തലവാള്‍ ഉള്ളവന്‍ അരുളിച്ചെയ്യുന്നത്: നീ എവിടെ പാര്‍ക്കുന്നു എന്നും അത് സാത്താന്‍റെ സിംഹാസനം ഉള്ള ഇടം എന്നും ഞാന്‍ അറിയുന്നു;...
സാത്താൻറെ സിംഹാസനം പെര്‍ഗ്ഗമൊസിൽ (ഇപ്പോഴുള്ള പേര് പെര്‍ഗ്ഗമൊൻ) ആയതുകൊണ്ട് മേപ്പടിയാൻ ആ ചുറ്റുവട്ടത്ത് ഉണ്ടാകും. സാത്താൻ പൊതുദർശനം നൽകുന്ന സമയം നോക്കി, നിങ്ങളുടെ സഭയിലെ വ്യഭിചാരികളെയും ദൈവദൂഷകരെയും ഏൽപിച്ചുകൊടുക്കുക. സാത്താന് താങ്ക്‍സ് പറയുവാൻ മറക്കരുത്. തിരികെപ്പോരുമ്പോൾ നിങ്ങൾ ഏൽപിച്ചുകൊടുത്ത പാപികളോട്: “അപ്പോൾ പറഞ്ഞതുപോലെ തന്നെ, സ്വർഗ്ഗത്തിൽ വെച്ച് കാണാം” എന്ന് യാത്രപറയുക.

പ്രാർത്ഥനയോ, ഉപവാസമോ, കൈവെപ്പോ ഒന്നും വേണ്ട, എല്ലാവർക്കും പാസ്‍പോർട്ടും വിമാനക്കൂലിയും ഉണ്ടെങ്കിൽ ധാരാളം. (നിങ്ങൾ പ്രാർത്ഥിച്ചിട്ടും കൈവെച്ചിട്ടും വ്യഭിചാരിക്ക് ജഡസംഹാരം നടന്നില്ലെങ്കിൽ സഭയുടെ മുമ്പിൽ നാണംകെടില്ലേ? മുമ്പ് പറഞ്ഞ മാർഗ്ഗം അവലംബിച്ചാൽ നിങ്ങൾ 100% വേദപുസ്തകത്തിൻറെ അടിസ്ഥാനത്തിൽ ചെയ്തു എന്ന് അവകാശപ്പെടാമല്ലോ?)

ആദിമുതൽ നുണയനും നുണയുടെ അപ്പനുമായ സാത്താന് (പിശാചിന്, യോഹ 8:44) ഏൽപിച്ചുകൊടുത്താൽ അവൻ ദൈവദൂഷകരെ ദൈവദൂഷണം ചെയ്യാത്തവരാക്കും എന്ന് വിശ്വസിക്കുന്നവരെ പറ്റി സത്യം പറഞ്ഞാൽ സഹതാപമാണ് തോന്നുന്നത്!

ജഡസംഹാരത്തിനായി സാത്താന് ഏല്‍പിക്കുക എന്നതിൻറെ അർത്ഥം.


സാത്താന് ഏൽപിക്കുക എന്നതിൻറെ അർത്ഥം പോലും അറിയാത്തവരുടെ അഭിപ്രായത്തിൽ സാത്താന് ഏൽപിച്ചാൽ പാപിയുടെ ജഡത്തിന് (ശരീരത്തിന്) ബാധകൾ ഉണ്ടാകും. ബാധകൾ ഉണ്ടാകുമ്പോൾ പാപി ദൈവത്തിലേക്ക് തിരിയും, അങ്ങനെ അവൻറെ ആത്മാവ് രക്ഷിക്കപ്പെടും എന്നാണ്. ഈ ചിന്തയക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ?

ബാധകൾ ഏൽക്കുന്നതിന് മുമ്പും പിമ്പും ഇയ്യോബ്  ദൈവത്തോട് വിശ്വസ്‌തതയുള്ളവനായിരുന്നു. അതേസമയം ബാധകൾക്ക് വിധേയരായ പാപികൾ കൂടുതൽ പാപികളായി എന്ന് വേദപുസ്തകം പറയുന്നു:
വെളി 16:9 മനുഷ്യര്‍ അത്യുഷ്ണത്താല്‍ വെന്തുപോയി; ഈ ബാധകളുടെ മേല്‍ അധികാരമുള്ള ദൈവത്തിന്‍റെ നാമത്തെ ദുഷിച്ചതല്ലാതെ അവിടത്തേക്ക് മഹത്വം കൊടുക്കുവാന്‍ തക്കവണ്ണം മാനസാന്തരപ്പെട്ടില്ല.

ബാധകൾ പാപികളെ വിശുദ്ധരാക്കണമെന്നില്ല.

1കൊരി 5:5ൻറെ അർത്ഥം സഭയ്‌ക്ക് പുറത്താക്കുക എന്നതാണ് (excommunication).


നമുക്ക് 1കൊരി 5:1ൽ നിന്നും വായിക്കാം.

1കൊരി 5:1 നിങ്ങളുടെ ഇടയില്‍ ദുര്‍ന്നടപ്പ് ഉണ്ടെന്ന് കേള്‍ക്കുന്നു. ഒരുവന്‍ തന്‍റെ അപ്പന്‍റെ ഭാര്യയെ വെച്ചുകൊള്ളുന്നു; അത് ജാതികളില്‍ പോലും ഇല്ലാത്ത ദുര്‍ന്നടപ്പ് തന്നേ.
(ദുർന്നടപ്പ്, fornication എന്നിവയല്ല, യഥാർത്ഥത്തിൽ നടക്കുന്നത് അഗമ്യഗമനം - incest). ജാതികളില്‍ പോലും ഇല്ലാത്ത ദുര്‍ന്നടപ്പ് എന്ന് എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക. കൊരിന്ത് സഭയിൽ ഉണ്ടായിരുന്നവരിൽ യെഹൂദ്യരും, ഗ്രീക്കുകാരും, റോമരും ഉൾപ്പെട്ടിരുന്നു. ദുർന്നടപ്പുകാരനായ ഈ മനുഷ്യൻ ഒരുപക്ഷേ ഒരു യെഹൂദ്യൻ ആയിരുന്നിരിക്കാം, അതുകൊണ്ടാവാം ജാതികളില്‍ പോലും എന്ന് പറയുവാൻ കാരണം.
1കൊരി 5:2 എന്നിട്ടും നിങ്ങള്‍ ചീര്‍ത്തിരിക്കുന്നു; ഈ ദുഷ്കര്‍മം ചെയ്തവനെ നിങ്ങളുടെ ഇടയില്‍ നിന്നും നീക്കുവാന്‍ തക്കവണ്ണം നിങ്ങള്‍ ദുഃഖിച്ചിട്ടും ഇല്ല.
(മലയാളം വേദപുസ്തകം വായിച്ചാൽ തോന്നും അവിടെയുള്ളവരെല്ലാം തിന്ന് ചീര്‍ത്തിരുന്നു എന്ന്. കൊരിന്ത്യ സഭയിലുള്ളവർ അഹങ്കാരം മൂത്ത് ആ പാപിയെ സഭയിൽ നിന്നും പുറത്താക്കാതെ സംരക്ഷിക്കുന്നു എന്നാണ് പൌലോസ് പറയുന്നത്. ദുർന്നടപ്പുകാരന് ലഭിക്കേണ്ട ശിക്ഷ സഭയിൽ നിന്നും പുറത്താക്കപ്പെടുക എന്നതാണ് എന്നത് ശ്രദ്ധിക്കുക.)

1കൊരി 5:3 ഞാനോ ശരീരത്താല്‍ ദൂരസ്ഥന്‍ എങ്കിലും ആത്മാവിനാല്‍ കൂടെയുള്ളവനായി, നിങ്ങളുടെ മദ്ധ്യേ ഇരിക്കുന്നവനായി തന്നേ, ഈ ദുഷ്കര്‍മം ചെയ്തവനെ കുറിച്ച്,
(ശാരീരികമായി ഞാൻ നിങ്ങളുടെ കൂടെ ഇല്ല, പക്ഷേ എൻറെ ചിന്ത നിങ്ങളോടൊപ്പമുണ്ട്, അല്ലെങ്കിൽ, നിങ്ങൾ എടുക്കുന്ന തീരുമാനത്തിന് എൻറെ പിന്തുണയുണ്ട്.)
1കൊരി 5:4 നിങ്ങളും എന്‍റെ ആത്മാവും നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ ശക്തിയോടെ ഒന്നിച്ചുകൂടി നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ അവനെ,
(സഭ ഒരുമയോടെ ഒരു തീരുമാനം എടുക്കുമ്പോൾ യേശുവിൻറെ അംഗീകാരം ഉണ്ട്. മത്താ 18:18-20)
1കൊരി 5:5 ആത്മാവ് കര്‍ത്താവായ യേശുവിന്‍റെ നാളില്‍ രക്ഷിക്കപ്പെടേണ്ടതിന് ജഡസംഹാരത്തിനായി സാത്താന് ഏല്‍പിക്കേണം എന്ന് വിധിച്ചിരിക്കുന്നു.
1കൊരി 5:2ൽ പറഞ്ഞിട്ടുള്ളത് പോലെ കൊരിന്ത സഭയിലുള്ളവർ അഹങ്കാരം നിമിത്തം  സഭയിൽ നിന്നും പുറത്താക്കാതിരുന്നതിനുള്ള പരിഹാരമാണ് ഇവിടെ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള സാത്താന് ഏൽപിക്കൽ. സഭയിലുള്ളവർ വീഴ്ചവരുത്തിയതിന് ആ ദുർന്നടപ്പുകാരന് കൂടുതൽ കഠിനമായ ശിക്ഷ നൽകുന്നതിൽ അർത്ഥമില്ലല്ലോ? അയാൾക്ക് അയാളുടെ തെറ്റിന് ശിക്ഷ ലഭിച്ചാൽ മതിയല്ലോ, സഭയിലെ മൂപ്പന്മാരുടെ സഭ നടത്തിക്കുന്നതിലെ പരാജയത്തിന് അയാളെ എന്തിന് ശിക്ഷിക്കണം?

ദുർന്നടപ്പുകാരനെ സഭയിൽ നിന്നും പുറത്താക്കിയാൽ എന്ത് സംഭവിക്കും? 


അയാൾക്ക് ഇനിമുതൽ സഭയുടെ സംരക്ഷണമില്ല, സഹോദരന്മാരുമായി സമ്പർക്കമില്ല, അവരുടെ പിന്തുണയില്ല. അയാൾ യെഹൂദ്യനായിരുന്നാൽ അപ്പൻറെ ഭാര്യയുമായി അഗമ്യഗമനം നടത്തിയതിന് ന്യായപ്രമാണത്തിന് അനുസരിച്ച് അവൻ ശിക്ഷിക്കപ്പെടും:

ലേവി 18:8 അപ്പന്‍റെ ഭാര്യയുടെ നഗ്നത അനാവൃതമാക്കരുത്; അത് നിന്‍റെ അപ്പന്‍റെ നഗ്നതയാണ്....
ലേവി 18:29 ആരെങ്കിലും ഈ സകല മ്ലേച്ഛതകളിലും ഏതെങ്കിലും ചെയ്താല്‍ അങ്ങനെ ചെയ്യുന്നവരെ അവരുടെ ജനത്തില്‍ നിന്നും വിഛേദിക്കണം. (കൊന്നുകളയണം എന്ന് അർത്ഥം.)

ദുർന്നടപ്പുകാരൻ റോമനായിരുന്നു എങ്കിൽ അവൻ റോമൻ നിയമത്തിൻ കീഴിൽ വധശിക്ഷ വിധേയനാകും. ഏതു വിധേനയും അവൻറെ ജഡസംഹാരം (മാംസത്തിൻറെ നാശം) സംഭവിക്കും. (കർത്താവേ, എന്തിനാണാവോ പരിഭാഷകർ destruction<G3639> of the<G3588> flesh<G4561> എന്നതിന് കടിച്ചാൽ പൊട്ടാത്ത “ജഡസംഹാരം” എന്നൊക്കെ തട്ടിവിട്ടത്?)

സാത്താനോ പിശാചോ ഒരാളുടെ ആത്മാവിനെ കർത്താവിൻറെ ദിവസത്തിൽ രക്ഷിക്കുവാൻ തക്കവണ്ണം പ്രയോജനപ്പെടുന്ന ഒരു അസ്‌തിത്വമായിരുന്നു (entity) എങ്കിൽ അവനെ എന്തിന് ശത്രു എന്ന് വിളിക്കണം?
1പത്രോ 5:8 ... നിങ്ങളുടെ പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടൂ എന്ന് തെരഞ്ഞ് ചുറ്റിനടക്കുന്നു.

ഇനിയും കുടുതൽ തെളിവുകൾ:


സഭയിൽ നിന്നും പുറത്താക്കപ്പെട്ട ദുർന്നടപ്പുകാരനെ പറ്റി പൌലോസ് വീണ്ടും 1കൊരി 2ൽ പ്രതിപാദിക്കുന്നുണ്ട്. ആ അദ്ധ്യായം തുടങ്ങുന്നത് മുമ്പെഴുതിയ ലേഖനത്തിലൂടെ കൊരിന്തിലുള്ളവരെ വേദനിപ്പിച്ചതിലുള്ള വ്യസനം പ്രകടിപ്പിച്ചുകൊണ്ടാണ്. (വിസ്താരഭയം നിമിത്തം അദ്ധ്യായം മുഴുവൻ ഇവിടെ പകർത്തുന്നില്ല, ദയവായി വേദപുസ്തകത്തിൽ നിന്നും വായിക്കുക.)

2കൊരി 2:5 ഒരുവന്‍ എന്നെ ദുഃഖിപ്പിച്ചു എങ്കില്‍ അവന്‍ എന്നെ അല്ല ഒരുവിധത്തില്‍ - ഞാന്‍ കണക്കിലേറെ പറയരുതല്ലോ - നിങ്ങളെ എല്ലാവരെയും ദുഃഖിപ്പിച്ചിരിക്കുന്നു.
2കൊരി 2:6 അവന് ഭൂരിപക്ഷത്താല്‍ ഉണ്ടായ ഈ ശിക്ഷ മതി.
(നമ്മൾ ഒന്നിച്ച് നൽകിയ ശിക്ഷ. വേറെ ആരെയും സഭ ഒന്നുചേർന്ന് ശിക്ഷിച്ചതായി 1കൊരിന്ത്യരിൽ ഇല്ലാത്തതാണ് ഈ വേദഭാഗം 1കൊരി 5ലെ ദുർന്നടപ്പുകാരനെ പറ്റിയാണ് എന്നതിൻറെ തെളിവ്.)
2കൊരി 2:7 അവന്‍ അതീവ ദുഃഖത്തില്‍ മുങ്ങിപ്പോകാതിരിക്കുവാന്‍ നിങ്ങള്‍ അവനോട് ക്ഷമിക്കുകയും അവനെ ആശ്വസിപ്പിക്കുകയും വേണം.
2കൊരി 2:8 അതുകൊണ്ട് നിങ്ങളുടെ സ്നേഹം അവന് ഉറപ്പിച്ചുകൊടുക്കുവാന്‍ ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു.
2കൊരി 2:10 നിങ്ങള്‍ വല്ലതും ക്ഷമിക്കുന്നവനോട് ഞാനും ക്ഷമിക്കുന്നു; എന്നാല്‍ ഞാന്‍ വല്ലതും ക്ഷമിച്ചിരിക്കുന്നു എങ്കില്‍ നിങ്ങള്‍ നിമിത്തം ക്രിസ്തുവിന്‍റെ സന്നിധാനത്തില്‍ ക്ഷമിച്ചിരിക്കുന്നു. (മത്തായി 18:18 കാണുക)
2കൊരി 2:11 സാത്താന്‍ നമ്മെ തോല്‍പിക്കരുത്; അവന്‍റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ.
(ശെടാ!! ഇതെന്തൊരു പുകില്?! 1കൊരി 5:5ൽ ജഡസംഹാരം നടത്തി പാപികളുടെ ആത്മാക്കളെ രക്ഷിക്കുവാൻ സാത്താൻ പ്രയോജനപ്പെടും എന്ന് പറഞ്ഞ അതേ പൌലോസ് ഇപ്പോൾ പറയുന്നു, സാത്താൻ നമ്മളെ തോൽപിക്കുവാൻ നടക്കുന്ന തന്ത്രശാലിയാണെന്ന്! നമ്മുടെ ചങ്ങാതിമാരിൽ ആരെങ്കിലും ഇങ്ങനെ തിരിച്ചും മറിച്ചും പറഞ്ഞാൽ “നിനക്കെന്താ, വട്ടാണോ?” എന്ന് നാം ചോദിക്കില്ലേ? സഹോദരാ, സഹോദരീ, സാത്താൻ എന്ന് പൌലോസ് ഉദ്ദേശിച്ചത് കറുപ്പ് നിറവും, വാലും, കൈയ്യിൽ ത്രിശൂലവുമുള്ള ഒരു ഭീകര രൂപത്തെ അല്ല. ആരെ/എന്തിനെയാണെന്ന് പിന്നീട് പറയാം.)

നിങ്ങളുടെ സാത്താൻ ദുര്‍ഗ്ഗുണ പരിഹാര പാഠശാല നടത്തുന്നുണ്ടോ?



ഞങ്ങളുടെ നാട്ടിൽ നിന്നും കണ്ണൂരിലേക്ക് വരുന്ന വഴിയുടെ (NH 17) ഒരു വശത്താണ് കണ്ണൂർ സെൻട്രൽ ജയിൽ. ജയിലിൻറെ ഭാഗമായി ഒരു ദുര്‍ഗ്ഗുണ പരിഹാര പാഠശാല (borstal school) ഉണ്ട്. ചെറിയ കുറ്റകൃത്യങ്ങൾ ചെയ്യുന്ന കുട്ടികളെ തടവിലാക്കുവാനും, അവർക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകുവാനുമാണ് അത്തരം പാഠശാലകൾ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ദൌർഭാഗ്യവശാൽ, അത്തരം പാഠശാലകളിൽ മറ്റ് കുറ്റവാളികളുമായി ഇടപഴകിയ ശേഷം പുറത്തുവരുന്ന അധികം പേരും പഴയതിലും വലിയ കുറ്റവാളികളായി മാറാറുണ്ട്. അതുകൊണ്ട് ഞങ്ങളുടെ നാട്ടിൽ അത്തരം പാഠശാലകൾക്ക് ദുര്‍ഗ്ഗുണ ഉപരിപാഠന ശാല എന്ന് പറയാറുണ്ട്.

ഇനി ഈ വചനം ശ്രദ്ധിക്കുക:
1തിമോ 1:20 ഹുമനയോസും അലക്സാണ്ടരും ഈ കൂട്ടത്തില്‍ ഉള്ളവര്‍ ആകുന്നു; അവര്‍ ദൂഷണം പറയാതിരിക്കുവാന്‍ പഠിക്കുവാന്‍ ഞാന്‍ അവരെ സാത്താനെ ഏല്‍പിച്ചിരിക്കുന്നു.

ദൈവത്തിനും മനുഷ്യനും ശത്രുവും, തന്ത്രശാലിയും, നുണയുടെ അപ്പനുമായ സാത്താന് ഏൽപിച്ചുകൊടുത്താൽ ദൈവദൂഷണം പറയുന്നവൻ ദൈവദൂഷണത്തിൽ പി.എച്ച്.ഡി (Ph D) എടുത്തിട്ട് തിരികെവരും, സംശയമുണ്ടോ?

മുമ്പ് നാം കണ്ടത് പോലെ, ദൈവദൂഷകരെ സഭയിൽ നിന്നും പുറത്താക്കണം എന്നാണ് ഈ വാക്യത്തിൻറെയും താൽപര്യം. ദൈവദൂഷകൻ യെഹൂദ്യനാണെങ്കിൽ അവൻ ന്യായപ്രമാണം അനുസരിച്ച് ശിക്ഷിക്കപ്പെടും.
ലേവി 24:16 യഹോവയുടെ നാമം ദുഷിക്കുന്നവന്‍ മരണശിക്ഷ അനുഭവിക്കേണം; സഭ മുഴുവനും അവനെ കല്ലെറിയേണം; പരദേശിയോ സ്വദേശിയോ തിരുനാമത്തെ ദുഷിക്കുന്നവന്‍ മരണശിക്ഷ അനുഭവിക്കേണം.

സാത്താന് ഏൽപിക്കുക എന്നതിൻറെ അർത്ഥം 1കൊരി 5:2ൽ സഭയിൽ നിന്നും പുറത്താക്കുക എന്നതാണ് എന്ന് എഴുതിയിരിക്കുമ്പോൾ എന്തിനാണ് കൊമ്പും വാലുമുള്ള കറുത്ത വികൃതരൂപത്തിൻറെ പേരും പറഞ്ഞ് പാവം ജനങ്ങളെ ഞെട്ടിക്കുന്നത്?

ഇത്രയും വായിച്ചുകഴിഞ്ഞപ്പോൾ എന്നെ സാത്താന് ഏൽപിക്കണം എന്ന് തോന്നുന്നുണ്ടോ?

1കൊരി 5:1-5ൻറെ സമാന്തരമായ വേദഭാഗമാണ് മത്തായി 18:15-20. അതേപ്പറ്റി പിന്നീട് എഴുതാം.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.



ചില തടസ്സവാദങ്ങൾക്ക് മറുപടി.

#1 സഭയിൽ നിന്നും പുറത്താക്കപ്പെട്ട ആൾക്ക് മരണശിക്ഷ നൽകുവാൻ യെഹൂദ്യർക്ക് അധികാരം ഉണ്ടായിരുന്നില്ലല്ലോ? (യോഹ 18:31)
അവർക്ക് അധികാരം ഇല്ലാതിരുന്നിട്ടും അവർ യേശുവിൻറെ വധശിക്ഷ നടത്തിയെടുത്തില്ലേ? (1തെസ്സ 2:14-15)
#2 സാത്താന് ഏൽപിക്കുക എന്നതിൻറെ അർത്ഥം സഭയിൽ നിന്നും പുറത്താക്കി, ന്യായപ്രമാണം അനുസരിച്ചുള്ള ശിക്ഷ ലഭിക്കുവാൻ ഇടവരുത്തുക എന്നതാണെങ്കിൽ അത് സാത്താൻ എന്ന പദം ഉപയോഗിക്കാതെ എന്തുകൊണ്ട് പ്രസ്താവിച്ചില്ല.
അതിന് ഭാഷാപരമോ, സാംസ്ക്കാരികമോ ആയ കാരണങ്ങൾ ഉണ്ടാകാം. അല്ലെങ്കിൽ, സാത്താന് ഏൽപിക്കുക എന്നതിൻറെ പ്രത്യാഘാതങ്ങൾ എന്താണെന്ന് പൌലോസിൻറെ ഒന്നാം നൂറ്റാണ്ടിലെ വായനക്കാർക്ക് അറിയാമായിരുന്നു എന്ന് വേണം കരുതുവാൻ. (ഭാഷ അതിവേഗം മാറുകയും ഉരുത്തിരിയുകയും ചെയ്യും, 1986ൽ കേരളം വിട്ട എനിക്ക് ഇപ്പോൾ മലയാളികൾ ഉപയോഗിക്കുന്ന പല വാക്കുകളുടെയും പ്രയോഗങ്ങളുടെയും അർത്ഥം അറിയില്ല. ഈയിടെയാണ് “കിളി പോയവൻ”, “ശശിയായി” എന്നിവയുടെ അർത്ഥം മനസ്സിലായത്. ഇപ്പോൾ ഇത് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് “മീനവിയൽ” എന്ന വാക്ക് ഇംഗ്ലീഷിലെ meanwhile മലയാളത്തിലാക്കിയതാണ് എന്ന് കണ്ടുപിടിച്ചത്. ഞങ്ങളുടെ ചെറുപ്പത്തിൽ gay എന്ന ഇംഗ്ലീഷ് വാക്കിന് colorful, happy എന്നൊക്കയായിരുന്നു അർത്ഥം, ഇപ്പോഴോ?. 30-50 വർഷത്തിൽ ഭാഷ ഇത്രമാത്രം മാറുമെങ്കിൽ 2000 വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന ഭാഷ നമുക്ക് പൂർണ്ണമായും മനസ്സിലാവണമെന്നില്ല.)
#3 നാം ന്യായപ്രമാണത്തിന് അധീനരല്ല എന്ന് പൌലോസ് പറഞ്ഞിട്ടില്ലേ (റോമ 6:14-14) അപ്പോൾ ആരെയെങ്കിലും ന്യായപ്രമാണം അനുസരിച്ച് ശിക്ഷിക്കുവാൻ കഴിയും?
നാം (വിശ്വാസികൾ) ന്യായപ്രമാണത്തിന് അധീനരല്ല എന്നല്ലേ പറഞ്ഞത്? സഭയ്ക്ക് വെളിയിലുള്ള അധീനരല്ല എന്ന് പറഞ്ഞില്ലല്ലോ?
#4 പിശാചും നരകവും ഇല്ലെന്ന് പറഞ്ഞാൽ ദൈവവും യേശുവും സങ്കൽപങ്ങളാണെന്ന്  പറയില്ലേ? - ചോദ്യകർത്താവ്: ജിനു നൈനാൻ.
ദൈവം ഉണ്ടെന്ന് തെളിയിക്കുവാൻ വേദപുസ്തകം ആവശ്യമില്ല. ലോകത്തിലെ മനുഷ്യരിൽ 84% പേരും ഏതെങ്കിലും ദൈവത്തിലോ, ദൈവങ്ങളിലോ വിശ്വസിക്കുന്നു. അവരെല്ലാവരും വേദപുസ്തകം വായിച്ചിട്ടില്ലല്ലോ? പരമാണു മുതൽ അനന്തമായ പ്രപഞ്ചം വരെ എല്ലാം ദൈവത്തിൻറെ അസ്തിത്വത്തിനുള്ള തെളിവാണ്. മനുഷ്യൻ ഉണ്ടാക്കിയ കെട്ടിടങ്ങളും യന്ത്രങ്ങളും മാലിന്യങ്ങളും ഒഴികെ എല്ലാം ദൈവസൃഷ്ടമാണ്.

യേശു ഉണ്ടായിരുന്നു എന്നത് ഒരു ചരിത്ര സത്യമാണ്.

ദൈവം സൃഷ്ടിച്ച വസ്തുക്കൾ നമ്മുടെ ചുറ്റിലുമുണ്ട്. സാത്താൻ സൃഷ്ടിച്ചത് / നശിപ്പിത് എന്ന് തെളിയിക്കാവുന്ന ഒന്നും ഞാൻ എൻറെ ചുറ്റിലും കാണുന്നില്ല. ജിനു കാണുന്നുണ്ടാവാം
#5 സഭയിൽ നിന്നും പുറത്താക്കപ്പെടാത്ത പാപി നിയമത്തിന് അതീതനാണോ? - ചോദ്യകർത്താവ്: ജിനു നൈനാൻ.
സഭയിൽ നിന്നും പുറത്താക്കപ്പെട്ട ആൾക്ക് ഇനിമുതൽ സഭയുടെ സംരക്ഷണമില്ല, സഹോദരന്മാരുമായി സമ്പർക്കമില്ല, ... എന്ന് ഞാൻ എഴുതിയതിനെ പറ്റിയാണ് ചോദ്യം.

ഒരുപക്ഷേ, ദുർന്നടപ്പുകാരനായ പാപിയുടെ കുറ്റകൃത്യം സഭയിൽ ഉള്ളവർക്ക് മാത്രം അറിയാവുന്ന വിഷയമായിരുന്നിരിക്കാം. അവർ അത് വെളിയിൽ അറിയാതെ അടക്കിവെച്ചിരിക്കാം. ആ പാപിയുടെ പിതാവും അതേ സഭയുടെ അംഗമായിരുന്നാൽ അത്രയും ഹീനമായ ഒരു കൃത്യം വെളിയിൽ അറിയുവാനുള്ള സാധ്യത കുറയും.  സഭയിൽ നിന്നും പുറത്താക്കുമ്പോൾ ആ വിഷയം നാട്ടിൽ പാട്ടാകുവാൻ വഴിയുണ്ട്.

സഭയിൽ ഉള്ളവർ പൊതുനിയമത്തിന് / സർക്കാരിൻറെ നിയമത്തിന് വിധേയരാണോ എന്ന്, ജിനു പറഞ്ഞതുപോലെ, പൌലോസിനോട് ചോദിക്കേണ്ടിയിരിക്കുന്നു. കാരണം:

1കൊരി 6:1 നിങ്ങളില്‍ ഒരുവന് മറ്റൊരുവനോട് ഒരു കാര്യം ഉണ്ടെങ്കില്‍ വിശുദ്ധന്മാരുടെ മുമ്പാകെ അല്ല, ഭക്തിഹീനന്മാരുടെ മുമ്പില്‍ വ്യവഹാരത്തിന് പോകുവാന്‍ തുനിയുന്നുവോ?
1കൊരി 6:2 വിശുദ്ധന്മാര്‍ ലോകത്തെ വിധിക്കും എന്ന് അറിയുന്നില്ലേ? ലോകത്തെ നിങ്ങള്‍ വിധിക്കും എങ്കില്‍ ഏറ്റവും ചെറിയ സംഗതികളെ വിധിക്കുവാന്‍ നിങ്ങള്‍ അയോഗ്യരോ?
1കൊരി 6:3 നാം ദൂതന്മാരെ വിധിക്കും എന്ന് നിങ്ങള്‍ അറിയുന്നില്ലേ? ഐഹിക കാര്യങ്ങളെ എത്ര അധികം?
1കൊരി 6:4 എന്നാല്‍ നിങ്ങള്‍ക്ക് ഐഹിക കാര്യങ്ങളെ കുറിച്ചു വ്യവഹാരം ഉണ്ടെങ്കില്‍ വിധിക്കുവാന്‍ സഭ ഗണ്യമാക്കാത്തവരെ ഇരുത്തുന്നുവോ?1കൊരി 6:5 നിങ്ങള്‍ക്ക് ലജ്ജക്കായി ഞാന്‍ ചോദിക്കുന്നു; ഇങ്ങനെ സഹോദരന്മാര്‍ക്കും മദ്ധ്യേ കാര്യം തീര്‍ക്കുവാന്‍ പ്രാപ്തിയുള്ള ഒരു ജ്ഞാനിയും നിങ്ങളുടെ ഇടയില്‍ ഇല്ലയോ?
1കൊരി 6:6 അല്ല, സഹോദരന്‍ സഹോദരനോട് വ്യവഹരിക്കുന്നു; അതും അവിശ്വാസികളുടെ മുമ്പില്‍ തന്നേ.

അതായത് സഹോദരന്മാരുടെ ഇടയിൽ, സഭയിൽ, വ്യവഹാരം ഉണ്ടായാൽ കോടതികളെയും, ഭക്തിഹീനരെയും, അന്യരെയും അല്ല അത് സഭയിൽ തന്നെ പരിഹരിക്കണം എന്ന് വിവക്ഷ.
#6 അടുത്ത തവണ എഴുതുമ്പോൾ ഇതെല്ലാം ഊഹമാണ് എന്ന് ഒരു NOTE എഴുതാമോ? ചോദ്യകർത്താവ്: ജിനു നൈനാൻ.
ഞാൻ എഴുതിയ കാര്യങ്ങളോട് ഒട്ടുമുക്കാലും വേദപണ്ഡിതന്മാർ യോജിക്കുന്നുണ്ട്. ബൈബിൾ ഹബ്ബിലെ വ്യാഖ്യാനങ്ങൾ വായിക്കുക.
#7 ജഡസംഹാരത്തിന് വിധേയരായാൽ പാപികളുടെ ആത്മാവ് രക്ഷിക്കപ്പെടുമോ? ചോദ്യകർത്താവ്: ജിനു നൈനാൻ.
രക്ഷിക്കപ്പെടും എന്ന് എഴുതിയത് പൌലോസാണ്. സാത്താന് ഏൽപിച്ചാൽ പാപിയുടെ ആത്മാവ് എങ്ങനെ രക്ഷിക്കപ്പെടും എന്നതിന് വേദപണ്ഡിതരേക്കാൾ ഉത്തമമായ ഉത്തരം താങ്കൾക്ക് തരുവാൻ കഴിയുമോ? സാത്താൻ പാപികളെ രക്ഷിക്കുമായിരുന്നെങ്കിൽ ആദവും ഹവ്വയും മുതൽ എല്ലാവരെയും സാത്താന് ഏൽപിച്ച് രക്ഷിക്കാമായിരുന്നല്ലോ? അത്രയും സുലഭമായ ഒരു മാർഗമുണ്ടെങ്കിൽ യേശുവിൻറെ ബലിയുടെ ആവശ്യമില്ലല്ലോ?

2000 വർഷങ്ങളായി സുവിശേഷകരാൽ സാധിക്കാത്ത കാര്യം ഞൊടിയിടയിൽ സാത്താൻ സാധിക്കുമായിരുന്നല്ലോ? ഇപ്പോഴും ക്രൈസ്തവർ ലോകത്തിൽ 31.5% മാത്രമാണ്. ബാക്കിയുള്ളവരെ രക്ഷിക്കുവാൻ പാടുപെടുന്നതിനേക്കാൾ അവരെ സാത്താന് ഏൽപിച്ചുകൊടുത്ത് രക്ഷിക്കാമല്ലോ?

സാത്താനാൽ രക്ഷിക്കുവാൻ കഴിയില്ല എന്നതിനാലാണ് ഈ വേദഭാഗത്തിൻറെ അർത്ഥം സാത്താന് ഏൽപിക്കുകയല്ല എന്ന് പറഞ്ഞത്.

Tuesday, May 24, 2016

ബീറ്റ് റൂട്ട് വീഞ്ഞ്, കാരറ്റ് ഹൽവ, പിന്നെ മത്തായി 10:28

ക്രിസ്തുവിൽ പ്രിയരേ,

[ബീറ്റ് റൂട്ട് വീഞ്ഞിൻറെ പാചകക്കുറിപ്പ് ഈ ലേഖനത്തിൻറെ ഒടുവിൽ ഉണ്ട്. ഫേസ്ബുക്കിൽ ഞാൻ പരിചയപ്പെട്ട ഒരു സഹോദരന് ഞാൻ പാചകക്കുറിപ്പ് എഴുതിയാൽ വായിക്കുവാൻ താൽപര്യമുണ്ട് എന്ന് പറഞ്ഞതാണ് ഈ ലേഖനത്തിൻറെ പ്രചോദനം.]
അടിസ്ഥാന വചനം: ദേഹിയെ കൊല്ലുവാന്‍ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ട; ദേഹിയെയും ദേഹത്തെയും നരകത്തില്‍ നശിപ്പിക്കുവാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍. (മത്തായി 10:28)
ഏതാനും വർഷങ്ങൾക്ക് മുമ്പ് ഞാൻ ബാംഗ്ലൂരിലെ എലക്ട്രോണിക് സിറ്റിക്ക് അടുത്തുള്ള ഒരു ഗ്രാമത്തിൽ താമസിച്ചിരുന്നു. അവിടെ ഞങ്ങളുടെ വീടിന് ചുറ്റും കാരറ്റ്‌, പാലക്ക്, ബീറ്റ് റൂട്ട്, മുള്ളങ്കി തുടങ്ങിയ പച്ചക്കറികളും കിഴങ്ങുകളും കൃഷിചെയ്യുന്ന വയലുകൾ ഉണ്ടായിരുന്നു. കർഷകർ വിളവെടുക്കുമ്പോൾ ചെറിയ വിലയ്ക്ക് അവരിൽ നിന്നും വാങ്ങാം. അവിടെ താമസിച്ചിരുന്ന 3-4 വർഷം ഈ വിളകളൊക്കെ സന്തോഷപൂർവം അനുഭവിച്ചിരുന്നു.

പിന്നീട്, നഗരവൽക്കരണത്തിൻറെ ഫലമായി ആ വയലിൽ കെട്ടിടം പണിയുവാനായി വാനം തോണ്ടിയപ്പോൾ ഏതാനും ദ്രവിച്ച അസ്ഥികൂടങ്ങൾ കണ്ടെത്തി. 40, 45 വർഷങ്ങൾക്ക് മുമ്പ് ആ സ്ഥലത്തെ വിറപ്പിച്ചിരുന്ന കുറെ തെമ്മാടികളെ നാട്ടുകാർ തല്ലിക്കൊന്ന് കുഴിച്ചിട്ടതാണ് എന്ന് പോലീസിൻറെ അന്വേഷണത്തിൽ വെളിപ്പെട്ടു. (ആ കൊന്നവരിൽ ഒരാൾ ജീവനോടെ ബാക്കിയിരുന്നു, വൃദ്ധനും ഭാഗികമായി അന്ധനുമായ ഞങ്ങളുടെ അയൽവാസി.)

ഏതായാലും 3, 4 വർഷം ആ തെമ്മാടികളുടെ ശരീരത്തിലെ കാൽസ്യം, ഫോസ്‌ഫറസ്‌, പൊട്ടാസിയം, ഗന്ധകം, സോഡിയം, മഗ്നീഷ്യം എന്നിവയെല്ലാം ബീറ്റ് റൂട്ട് വൈനും, കാരറ്റ് ഹൽവയും, പാലക് പനീറും തുടങ്ങി സാമ്പാറും അവിയലുമായി ഞങ്ങളുടെ ശരീരങ്ങളെ പോഷിപ്പിച്ചു. ആ സ്ഥലത്ത് വാനം തോണ്ടാതിരുന്നെങ്കിൽ ആ അസ്ഥികളും പരിപൂർണ്ണമായി ദ്രവിച്ച് ഇനിയും അനേകർക്ക് പോഷണമാകുമായിരുന്നു.

മത്തായി 10:28 അനുസരിച്ച് ആ തെമ്മാടികളുടെ ദേഹങ്ങൾ (ശരീരങ്ങൾ) നരകത്തിൽ നശിപ്പിക്കപ്പെടണം. പക്ഷേ, അവരുടെ ശരീരങ്ങൾ ഇപ്പോൾ ഞങ്ങളുടെ ശരീരങ്ങളായിരിക്കുന്നു. അവരുടെ ശരീരത്തിൽ നിന്നുമുള്ള കാൽസ്യം, ഫോസ്‌ഫറസ്‌ എന്നിവ ഞങ്ങളുടെ പല്ലുകളിലും എല്ലുകളിലും ഉണ്ട്. അവരുടെ ശരീരങ്ങൾ നരകത്തിൽ നശിപ്പിക്കപ്പെടണമെങ്കിൽ ഞങ്ങളുടെ ശരീരങ്ങൾ നശിപ്പിക്കപ്പെടണം. ഒരുപക്ഷേ, ദുർബോധന നടത്തുന്ന താൻ നരകത്തിൽ തന്നെ പതിക്കും എന്ന് താങ്കൾ മനസ്സിൽ കരുതുന്നു എങ്കിൽ ഒരു കാര്യം മനസ്സിലാക്കുക. നാമെല്ലാം ഭക്ഷ്യശൃംഖലയുടെ (food chain) ഭാഗമാണ്. നാം നേരിട്ട് ഇതര മനുഷ്യരെ ഭക്ഷിക്കാറില്ലെങ്കിലും, നാം ജീവിക്കുന്ന ഈ ഭൂമിയുടെ ഉപരിഭാഗത്തെ മണ്ണിൽ ഏകദേശം 11000 കോടി മനുഷ്യരുടെ അവശിഷ്ടങ്ങളുണ്ട്. കടലിലെ ജലത്തിൽ അവരുടെ അവശിഷ്ടങ്ങളുണ്ട്, താങ്കൾ ഉപയോഗിക്കുന്ന ഉപ്പിലെ സോഡിയം അവരുടെ ശരീരത്തിൽ നിന്നും വന്നതാവാം. താങ്കൾ പാപിയായിരുന്നാലും വിശുദ്ധനായിരുന്നാലും ഈ ഭൂമിയിൽ നിന്നുള്ള എന്ത് ഉൽപന്നം ഉപയോഗിച്ചാലും അതിൽ മനുഷ്യശരീരങ്ങളുടെ അംശമുണ്ടാവാം.

ഇയാൾ യേശുവിൻറെ വാക്കുകളെ തുച്ഛീകരിക്കുന്നു എന്ന് തോന്നുന്നില്ലേ?


സത്യം പറയട്ടേ, യേശുവിൻറെ വാക്കുകൾ അവയുടെ സന്ദർഭം നോക്കാതെ ദുരുപയോഗം ചെയ്യുകയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. മത്തായി പത്താം അദ്ധ്യായം യേശു അവിടത്തെ ശിഷ്യന്മാരെ തെരഞ്ഞെടുത്ത് ആദ്യമായി സുവിശേഷ പ്രചരണത്തിനായി അയയ്ക്കുന്നതിനെ പറ്റിയുള്ള വിവരണമാണ്.
മത്തായി 10:5-6 ഈ 12 പേരെയും യേശു അയയ്ക്കുമ്പോള്‍ അവരോട് ആജ്ഞാപിച്ചത് എന്തെന്നാല്‍: “ജാതികളുടെ അടുത്ത് പോകാതെയും ശമര്യരുടെ പട്ടണത്തില്‍ കടക്കാതെയും, യിസ്രായേല്‍ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുത്ത് തന്നേ ചെല്ലുവിന്‍.”
എന്തുകൊണ്ട് ജാതികളുടെ അടുത്തും ശമര്യരുടെ പട്ടണങ്ങളിലും പോകുവാൻ പാടില്ല? അവർക്ക് സുവിശേഷം അറിയുവാനുള്ള അർഹതയില്ലേ? യേശുവും ദൈവവും യിസ്രായേല്യരുടെ മാത്രമാണോ? ദൈവം പക്ഷപാതം കാണിക്കുന്നതിനാൽ ആണോ? ജാതികൾക്ക് സുവിശേഷം അറിയിക്കേണ്ട സമയം അപ്പോൾ വന്നിരുന്നില്ല എന്ന് വാദിക്കാം, പക്ഷേ, എന്തുകൊണ്ട്? അത്തരത്തിൽ ഒരു പക്ഷപാതത്തിൻറെ ആവശ്യകത എന്തായിരുന്നു?

ഇന്ദിരാഗാന്ധി 1975ൽ ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ കൂടാതെ ചൈനയുമായി യുദ്ധം ഉണ്ടായ 1962ലും പാകിസ്ഥാനുമായി യുദ്ധം ഉണ്ടായ 1971ലും അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിരുന്നു. ചെലവുകൾ ചുരുക്കുക, യുദ്ധത്തിനായി തയ്യാറെടുക്കുക, പൌരസ്വാതന്ത്ര്യം, പത്രസ്വാതന്ത്ര്യം എന്നിവ നിയന്ത്രിക്കുക എന്നിവയൊക്കെ അടിയന്തരാവസ്ഥയുടെ പ്രത്യേകതകളാണ്. (ഇത് ഇന്ത്യയുടെ മാത്രം കാര്യമല്ല, യുദ്ധമോ, പ്രകൃതിക്ഷോഭമോ, ആഭ്യന്തര കലാപമോ, സാമ്പത്തിക തകർച്ചയോ ഉണ്ടാകുമ്പോൾ പല രാജ്യങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാറുണ്ട്.)

യേശുവിൻറെ കാലഘട്ടം അത്തരത്തിൽ ഒന്നായിരുന്നു. യേശുവിൻറെ ഭൂമിയിലെ ശുശ്രൂഷയുടെ നാളുകളിൽ നിന്നും വൈകാതെ യെരൂശലേം നാശമാകും എന്നും, യിസ്രായേൽ മക്കൾ സ്വന്തം മണ്ണിൽ നിന്നും ലോകമൊട്ടുക്കും ചിതറിക്കപ്പെടും എന്നും അനവധി പേർ കൊല്ലപ്പെടും എന്നും യേശുവിന് അറിയാമായിരുന്നു. അവിടന്നും സ്നാപക യോഹന്നാനും പല തവണ ജനങ്ങൾക്ക് ഇതേപ്പറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. ഉദാഹരണം:
മത്താ 3:7 തന്‍റെ സ്നാനത്തിനായി പരീശരിലും സദൂക്യരിലും പലര്‍ വരുന്നത് കണ്ടപ്പോള്‍ അവന്‍ (സ്നാപക യോഹന്നാൻ) അവരോട് പറഞ്ഞത്: “സര്‍പ്പസന്തതികളേ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞ് ഓടിപ്പോകുവാന്‍ നിങ്ങള്‍ക്ക് ഉപദേശിച്ചുതന്നത് ആര്?
ക്രിസ്തബ്ദം (എ.ഡി.) 2016ലോ അതിന് ശേഷമോ ആണ് കോപം വരേണ്ടതെങ്കിൽ ക്രിസ്തബ്ദം 29-33ൽ ജീവിച്ചിരുന്ന പരീശരും സദൂക്യരും അതിൽനിന്നും ഓടിപ്പോകേണ്ട കാര്യമില്ലല്ലോ? നിങ്ങൾ താമസിക്കുന്ന വീടിന് അടിയിൽ 200 വർഷത്തിന് ശേഷം ഭൂകമ്പം ഉണ്ടാകും എന്ന് തക്കതായ അറിവുള്ള ആരെങ്കിലും പറഞ്ഞാൽ നിങ്ങൾ ഇപ്പോഴേ വീടുവിട്ട് ഓടുമോ? 200 അല്ല, 20 വർഷം എന്ന് പറഞ്ഞാൽ പോലും ഓടുകയില്ല. അതായത് ദൈവകോപം അവരുടെ മേൽ പതിക്കേണ്ട സമയം സമാഗതമായി എന്ന് പരീശർക്കും സദൂക്യർക്കും അറിയാമായിരുന്നു.

യേശുവിൻറെ പൊതുശുശ്രൂഷയുടെ ഒടുവിൽ അവിടന്ന് പരീശരെ പരാമർശിച്ച് പറഞ്ഞ അവസാന വാക്കുകൾ ഇങ്ങനെയാണ്:
മത്താ 23:29 കപടഭക്തിക്കാരായ ശാസ്ത്രിമാരേ പരീശരേ, നിങ്ങള്‍ക്ക് ഹാ കഷ്ടം; ...
മത്താ 23:33 പാമ്പുകളേ, സര്‍പ്പസന്തതികളേ, നിങ്ങള്‍ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും? (നരകവിധി അവർക്കാണ് എന്നത് ശ്രദ്ധിക്കുക.)
മത്താ 23:35 നീതിമാനായ ഹാബേലിന്‍റെ രക്തം മുതല്‍ നിങ്ങള്‍ മന്ദിരത്തിനും യാഗപീഠത്തിനും നടുവില്‍ കൊന്നവനായി ബേരെഖ്യാവിന്‍റെ മകനായ സെഖര്യാവിന്‍റെ രക്തം വരെ ഭൂമിയില്‍ ചൊരിഞ്ഞ നീതിയുള്ള രക്തം എല്ലാം നിങ്ങളുടെ മേല്‍ വരേണ്ടതാണ്.
മത്താ 23:36 ഇതെല്ലാം ഈ തലമുറ മേല്‍ വരും എന്ന് ഞാന്‍ സത്യമായി നിങ്ങളോട് പറയുന്നു. (ഈ തലമുറ എന്നത് യേശുവിൻറെയും അവിടന്ന് ആരെപ്പറ്റി പറഞ്ഞിരുന്നോ ആ പരീശരുടെയും തലമുറ.)
മത്താ 23:37 യെരൂശലേമേ, യെരൂശലേമേ, പ്രവാചകരെ കൊല്ലുകയും നിന്‍റെ അടുത്ത് അയച്ചിരിക്കുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്‍റെ കുഞ്ഞുങ്ങളെ ചിറകിന്‍ കീഴില്‍ ചേര്‍ക്കും പോലെ നിന്‍റെ മക്കളെ ചേര്‍ത്തുകൊള്ളുവാന്‍ എനിക്ക് എത്ര വട്ടം മനസ്സായിരുന്നു; നിങ്ങള്‍ക്കോ മനസ്സായില്ല. => യെരൂശലേമിൻറെ നാശത്തെ പറ്റിയുള്ള സൂചന.
മത്താ 23:38 നിങ്ങളുടെ ഭവനം ശൂന്യമായി മാറും. => ദേവാലയത്തിൻറെ നാശത്തെ പറ്റിയുള്ള സൂചന.(മത്തായി 24ൻറെ ആരംഭത്തിലും ഇതേ സൂചനകൾ ഉണ്ട്.)
യേശുവും സ്നാപക യോഹന്നാനും പ്രവചിച്ചത് പോലെ ക്രിസ്തബ്ദം (ഏ.ഡി) 70ൽ ടൈറ്റസ് സീസറിൻറെ കീഴിൽ റോമൻ സൈന്യം യെരൂശലേമിനെ വളഞ്ഞ് കീഴ്പ്പെടുത്തി, ദേവാലയം അഗ്നിക്കിരയാക്കി.

ഈ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിലാണ് യേശു അവിടത്തെ ശിഷ്യന്മാരോട് ശമര്യയിലേക്കും ജാതികളുടെ ദേശങ്ങളിലേക്കും പോകരുത് എന്ന് നിഷ്കർഷിച്ചത്. യെരൂശലേമിലും യെഹൂദ്യയിലും സംഭവിക്കുവാനിരുന്ന നാശത്തെ പറ്റി ശമര്യയിലോ, അന്യജാതികളുടെ ദേശങ്ങളിലോ അറിയിച്ചിട്ട് പ്രയോജനമില്ലല്ലോ? (അതേസമയം, യേശു യെഹൂദ്യരെ കൈവെടിഞ്ഞ ശേഷം, മരിച്ച്, ഉയിർത്തെഴുന്നേറ്റ്, സ്വർഗ്ഗാരോഹണം ചെയ്യുന്നതിന് മുമ്പ്, “പരിശുദ്ധാത്മാവ് നിങ്ങളുടെ മേല്‍ വരുമ്പോള്‍ നിങ്ങള്‍ ശക്തി ലഭിച്ചിട്ട് യെരൂശലേമിലും യെഹൂദ്യയില്‍ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്‍റെ സാക്ഷികള്‍ ആകും” എന്ന് പറഞ്ഞത് ശ്രദ്ധിക്കുക - അപ്പൊ 1:8.)

ഇതാണ് മത്തായി 10:28ൻറെ പശ്ചാത്തലം.

മത്തായി 10:28, നരകം, ഗെഹന്ന


റോമൻ സൈന്യം യെരൂശലേം നശിപ്പിച്ചത് യേശുവിൻറെ പ്രവചനത്തിൻറെ പൂർത്തീകരണമായിരുന്നു എന്ന് ഭൂരിഭാഗം സഭകളിലും പഠിപ്പിക്കാറില്ല. ഞാൻ വിവിധ സഭകളിൽ ഉണ്ടായിരുന്ന 10-12 വർഷങ്ങളിൽ ഒന്നോ രണ്ടോ തവണ ആരോ വളരെ സാധാരണ രീതിയിൽ ആ സംഭവത്തെ പറ്റി പരാമർശിച്ചതല്ലാതെ അതിന് അർഹിക്കുന്ന പ്രാധാന്യം നൽകി പഠിപ്പിച്ചിട്ടില്ല. ചില പണ്ഡിതന്മാരും പ്രബോധകന്മാരും അത്തരം പ്രവചനങ്ങൾ പിൽക്കാലത്ത് വേദപുസ്തകത്തിൽ എഴുതിച്ചേർത്തതാണ് എന്നുപോലും വാദിക്കാറുണ്ട്.

മത്തായി 10:28ൽ നരകം എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്ക്  γέεννα
(gheh'-en-nah, സ്ട്രോങ്സ് നിഘണ്ടുവിൽ ക്രമസംഖ്യ G1067 - Of Hebrew origin ([H1516] and [H2011]); valley of (the son of) Hinnom).
Mat 10:28 And fear not them which kill the body, but are not able to kill the soul: but rather fear him which is able to destroy both soul and body in hellG1067.
ഈ വാക്കിൻറെ അർത്ഥം ബെൻ-ഹിന്നോം താഴ്‍വര അല്ലെങ്കിൽ ഹിന്നോം മക്കളുടെ താഴ്‍വര.
  ഈ സ്ഥലത്തെപ്പറ്റി യെരമ്യാവിൻറെ പുസ്തകത്തിൽ പലതവണ എഴുതിയിട്ടുണ്ട്.
യെര 7:31 തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിയില്‍ ഇട്ട് ദഹിപ്പിക്കുവാന്‍ അവര്‍ ബെന്‍-ഹിന്നോം താഴ്‍വരയിലുള്ള തോഫെത്തിലെ പൂജാഗിരികളെ പണിതിരിക്കുന്നു; (യെര 7:31, 32; 19:2,6; 32:35; എന്നീ വചനങ്ങൾ കാണുക.)
ഈ സ്ഥലം യെരൂശലേമിന് തെക്ക് പടിഞ്ഞാറ് കിദ്രോൻ താഴ്‍വരയോട് ചേർന്നുകിടക്കുന്നു. കിദ്രോൻ താഴ്‍വര ആസ രാജാവ് തൻറെ മാതാവിൻറെ മ്ലേച്ഛവിഗ്രഹങ്ങൾ വെട്ടിമുറിച്ച് ചുട്ടുകളയുവാൻ ഉപയോഗിച്ച (1 രാജാ 15:13) കാലം മുതൽ, നഗരത്തിലെ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുവാൻ ഉപയോഗിച്ചിരുന്ന സ്ഥലമാണ്, തിരുവനന്തപുരത്തെ വിളപ്പിൽശാല പോലെ. നരബലി നടന്നിരുന്ന ബെന്‍-ഹിന്നോം താഴ്‍വരയും കിദ്രോൻ താഴ്‍വരയും ഒന്നോടൊന്ന് ചേർന്നുകിടക്കുന്നു.

ക്രിസ്തബ്ദം 70ൽ റോമൻ സൈന്യം യെരൂശലേം നശിപ്പിച്ചപ്പോൾ അവിടെയുണ്ടായിരുന്ന ക്രൈസ്തവർ മുഴുവനും അവിടെനിന്നും രക്ഷപെടുകയും, ചെറുത്തുനിന്ന യെഹൂദരിൽ 11 ലക്ഷം പേരെ റോമൻ സൈന്യം കൊന്ന് ബെൻ-ഹിന്നോം താഴ്‍വരയിൽ തള്ളുകയും ചെയ്തു എന്നത് ചരിത്രസത്യം. യെഹൂദ ചരിത്രകാരനായ ഫ്ലേവിയസ് ജോസഫസിൻറെ യൂദന്മാരുടെ യുദ്ധങ്ങൾ എന്ന സമാഹാരത്തിലെ ആറാം പുസ്തകം 1.1ൽ കാണാം. (The Wars of the Jews, Flavius Josephus, Book VI. Chapter 1.1).

പ്രവാചകന്മാരെയും അപ്പൊസ്തലരെയും കൊലചെയ്തതിനുള്ള പ്രതികാരം പരീശരുടെ തലമുറയുടെ മേൽ വരും എന്നും, നരകവിധി അവരെ ഒഴിഞ്ഞുപോകില്ല എന്നും പറഞ്ഞത് പോലെ സംഭവിച്ചു.

മത്തായി 10:28ൽ യേശു ശിഷ്യന്മാരോട് പറഞ്ഞതിൻറെ അർത്ഥം ഇതാണ്: നിങ്ങളും വിശ്വാസത്യാഗം ചെയ്ത് വിശ്വാസഹീനരായ യെഹൂദർക്ക് വരുവാനിരിക്കുന്ന നാശത്തിൽ നശിക്കരുത്. (അവരും യെഹൂദരായിരുന്നല്ലോ)

ടൈറ്റസ് സീസറിനെ ദൈവം അയച്ചതാണോ


ടൈറ്റസ് സീസറിൻറെ കീഴിലുള്ള റോമൻ സൈന്യത്ത ദൈവം അയച്ചതാണോ എന്ന ചോദ്യം ഉയരാം. നെബൂഖദ്നേസരിനെ യെഹൂദാ രാജ്യത്തിന് വിരോധമായി അയച്ചത് ദൈവമായിരുന്നില്ലേ? നെബൂഖദ്നേസരിനെ പറ്റി ദൈവം എന്താണ് പറഞ്ഞത്?
യെര 27:6  ഞാന്‍ ഈ ദേശങ്ങളെ എല്ലാം എന്‍റെ ദാസനായി ബാബേല്‍ രാജാവായ നെബൂഖദ്നേസരിന്‍റെ കൈയില്‍ കൊടുത്തിരിക്കുന്നു;

ആ നെബൂഖദ്നേസർ പറഞ്ഞത് ശ്രദ്ധിക്കുക:
ദാനി 4:17 അത്യുന്നതനായവന്‍ മനുഷ്യരുടെ രാജത്വത്തിന്‍റെ മേല്‍ വാഴുകയും അതിനെ തനിക്ക് ബോധിച്ചവന്നു കൊടുക്കുകയും മനുഷ്യരില്‍ അധമനെ അതിന്മേല്‍ വാഴിക്കുകയും ചെയ്യുന്നു...

എത്ര അധമനായിരുന്നാലും ഭരണാധികാരി ദൈവത്താൽ നിയമിക്കപ്പെട്ടവനാണ്. പൌലോസ് പറയുന്നു:
റോമ 13:1 ... ദൈവത്താല്‍ അല്ലാതെ ഒരു അധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താല്‍ നിയമിക്കപ്പെട്ടിരിക്കുന്നു.

യേശുവിൻറെ പ്രവചനങ്ങൾ ക്രിസ്തബ്ദം 70ൽ നിറവേറിയത് യാദൃച്ഛികമായി സംഭവിച്ചതല്ല. സൈന്യം യെരൂശലേമിനെ വളയും എന്ന് യേശു പ്രവചിച്ചിരുന്നത് ഒർമ്മിക്കുക.

ലൂക്കാ 21:20 സൈന്യങ്ങള്‍ യെരൂശലേമിനെ വളഞ്ഞിരിക്കുന്നത് കാണുമ്പോള്‍ അതിന്‍റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുവിന്‍.

 

ദേഹിയെയും ദേഹത്തെയും നരകത്തില്‍ നശിപ്പിക്കുവാന്‍ കഴിയുന്നവൻ.


ദൈവം ആരാച്ചാരല്ല. പഴയനിയമ കാലം മുതൽ ഒന്നാം നൂറ്റാണ്ട് വരെ ലോകം ദൂതന്മാർക്ക് ഏൽപിച്ചുകൊടുക്കപ്പെട്ടിരുന്നു.
എബ്രാ 2:5 നാം പ്രസ്താവിക്കുന്ന ഭാവിലോകത്തെ അവന്‍ ദൂതന്മാര്‍ക്ക് അല്ലല്ലോ കീഴ്പെടുത്തിയത്. <= അതായത് ഇത് എഴുതപ്പെട്ടപ്പോൾ ഉണ്ടായിരുന്ന ലോകം ദൂതന്മാർക്ക് കീഴ്പെടുത്തിയിരുന്നു.

ന്യായപ്രമാണം നൽകിയത് ദൂതന്മാർ ആയിരുന്നു:


ഗലാ 3:19 ന്യായപ്രമാണം എന്തിന്? വാഗ്ദത്തം ലഭിച്ച സന്തതി വരുവോളം അത് ലംഘനങ്ങള്‍ നിമിത്തം കൂട്ടിച്ചേര്‍ത്തതും ദൂതന്മാര്‍ മുഖാന്തരം മദ്ധ്യസ്ഥന്‍റെ കൈയില്‍ ഏല്‍പിച്ചതുമാണ്. (ദൂതന്മാര്‍  മുഖാന്തരം  എന്നത് തെറ്റാണ്, ദൂതന്മാരാൽ നിയമിക്കപ്പെട്ട് എന്നതാണ് ശരിയായ പരിഭാഷ)
KJV Gal 3:19 Wherefore then serveth the law? It was added because of transgressions, till the seed should come to whom the promise was made; and it was ordained by angels in the hand of a mediator.
ESV: Gal 3:19  Why then the law? It was added because of transgressions, until the offspring should come to whom the promise had been made, and it was put in place through angels by an intermediary.
അപ്പൊ 7:53 നിങ്ങള്‍ ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായപ്രമാണം പ്രാപിച്ചു എങ്കിലും അത് പ്രമാണിച്ചിട്ടില്ല.
KJV Act 7:53 Who have received the law by the disposition of angels, and have not kept it.
ESV Act 7:53  you who received the law as delivered by angels and did not keep it."

ന്യായപ്രമാണത്തിൻറെ ലംഘനത്തിന് കടുത്ത ശിക്ഷ നൽകപ്പെട്ടിരുന്നു:
എബ്രാ 2:2 ദൂതന്മാര്‍ മുഖാന്തരം അരുളിച്ചെയ്ത വചനം സ്ഥിരമായിരിക്കുകയും ഓരോരോ ലംഘനത്തിനും അനുസരണക്കേടിനും ന്യായമായ പ്രതിഫലം ലഭിക്കുകയും ചെയ്തു...

മിസ്രയീമ്യരെ (ഈജിപ്ത്യരെ) നശിപ്പിക്കുവാൻ നിയോഗിക്കപ്പെട്ട സംഹാരകന്‍ മുതൽ ഹെരോദാവ്  രാജാവിനെ വധിച്ച ദൈവദൂതൻ വരെ അന്ന് നിലനിന്നിരുന്ന ലോകം ദൈവദൂതന്മാർക്ക് കീഴ്പെടുത്തിയിരുന്നു എന്നതിൻറെ തെളിവാണ്.
പുറ 12:23 യഹോവ മിസ്രയീമ്യരെ ദണ്ഡിപ്പിക്കുവാന്‍ കടന്നുവരും; എന്നാല്‍ കുറുമ്പടി മേലും കട്ടളക്കാല്‍ രണ്ടിന്മേലും രക്തം കാണുമ്പോള്‍ യഹോവ വാതില്‍ ഒഴിഞ്ഞ് കടന്നു പോകും; നിങ്ങളുടെ വീടുകളില്‍ നിങ്ങളെ ദണ്ഡിപ്പിക്കുവാന്‍ സംഹാരകന്‍ വരുവാന്‍ സമ്മതിക്കുകയും ഇല്ല.
അപ്പൊ 12:23 അവന്‍ (ഹെരോദാവ്) ദൈവത്തിന് മഹത്വം കൊടുക്കാത്തതിനാല്‍ കര്‍ത്താവിന്‍റെ ദൂതന്‍ ഉടനെ അവനെ അടിച്ചു, അവന്‍ കൃമിക്ക് ഇരയായി പ്രാണനെ വിട്ടു.

ഒരുപക്ഷേ, അനന്യാസും, സഫീരയും (അപ്പൊ 5) മരിച്ചുവീഴുവാൻ കാരണമായതും ഈ സംഹാരകൻ ആയിരിക്കാം.

പ്രിയരേ, ഇപ്പോഴുള്ള ലോകം ദൈവദൂതന്മാരുടെ കീഴിൽ അല്ല, ആയിരുന്നെങ്കിൽ, പ്രസംഗപീഠത്തിൽ നിന്നുകൊണ്ട് താൻ സ്വർഗ്ഗത്തിൽ പോയിരുന്നു, അവിടെ ദൈവപിതാവിൻറെ മടിയിൽ ഇരുന്നെന്നും, മരിച്ചുപോയ അമ്മായിയമ്മയെ കണ്ടു എന്നും നട്ടാൽ കുരുക്കുന്ന നുണ വിളിച്ചുപറയുന്ന ഉപദേശിമാരിൽ പലരും ഹെരോദാവിനെ പോലെ കൃമിക്ക് ഇരയായി പ്രാണനെ വിടുമായിരുന്നു. ദൈവനാമത്തിൽ നുണ പറയുന്ന അനേകർ അനന്യാസിനെയും, സഫീരയെയും പോലെ വീണ് മരിക്കുമായിരുന്നു.

സംഹാരകൻറെ ശക്തിപ്രദർശനം:


കൃത്യമായി പരിഭാഷപ്പെടുത്തിയിട്ടില്ല എങ്കിലും ദാവീദ് ദൈവത്തിന് അഹിതമായി കാനേഷുമാരി (census) നടത്തിയപ്പോൾ അദ്ദേഹത്തെ ശിക്ഷിക്കുവാൻ നിയോഗിക്കപ്പെട്ടത് അതേ സംഹാരകൻ തന്നെ ആണ്. (ഹീബ്രു വാക്കിൻറെ സ്ട്രോങ്സ് നിഘണ്ടുവിലെ ക്രമസംഖ്യ H7843)
2ശമൂ 24:16 ... ദൈവദൂതന്‍ യെരൂശലേമിനെ ബാധിക്കുവാന്‍ അതിന്മേല്‍ കൈ നീട്ടിയപ്പോള്‍ യഹോവ അനര്‍ത്ഥത്തെ കുറിച്ച് അനുതപിച്ചു ജനത്തില്‍ നാശം ചെയ്യുന്ന ദൂതനോട്: മതി, നിന്‍റെ കൈ പിന്‍വലിക്കുക എന്ന് കല്‍പിച്ചു. ...
ഇതിന് തൊട്ടുമുമ്പ് ഇതേ ദൂതൻ ദാന്‍ മുതല്‍ ബേര്‍ശേബ വരെ ജനത്തില്‍ 70000 പേരെ മഹാമാരി മൂലം നശിപ്പിച്ചിരുന്നു. (2ശമൂ 24:16)

യെരൂശലേമിനെ ബാധിക്കുവാന്‍ യഹോവ അനുവദിച്ചിരുന്നെങ്കിൽ ക്രിസ്തബ്ദം 70ൽ നടന്ന അതേ രീതിയിലുള്ള സംഹാരം ദാവീദിൻറെ കാലത്ത് നടക്കുമായിരുന്നു.

ക്രിസ്തബ്ദം 70ൽ നടന്നത്.


ഫ്ലേവിയസ് ജോസഫസിൻറെ യെഹൂദരുടെ യുദ്ധങ്ങൾ (Wars of the Jews) പുസ്തകം 6, അദ്ധ്യായം 6, ഭാഗം 3:
ഒരു വർഷം മുഴുവനും വാൾ പോലെയുള്ള ഒരു നക്ഷത്രം, ഒരു വാൽനക്ഷത്രം (ധൂമകേതു), നഗരത്തിന് മുകളിൽ നിന്നു. (Thus there was a star resembling a sword, which stood over the city, and a comet, that continued a whole year.)

യെരൂശലേമിലെ ദേവാലയം നശിപ്പിക്കപ്പെടുന്നതിന് മുമ്പ് നടന്നത്:
തന്നെയുമല്ല, നാം പെന്തെക്കൊസ്ത എന്ന് വിളിക്കുന്ന പെരുന്നാളിൻറെ രാത്രിയിൽ പുരോഹിതന്മാർ പതിവുപോലെ  തങ്ങളുടെ പരിശുദ്ധമായ കർമ്മങ്ങൾ ചെയ്യുവാൻ ദേവാലയത്തിൻറെ അകത്തെ പ്രാകാരത്തിലേക്ക് പോകുമ്പോൾ, ആദ്യം ഒരു (ഭൂമി)കുലുക്കം അനുഭവപ്പെടുകയും “നമുക്ക് ഇവിടെനിന്നും പോകാം” എന്ന് വലിയ ഒരു പുരുഷാരത്തിൻറെ കോലാഹലം പോലെ ഒന്ന് കേൾക്കുകയും ചെയ്തു എന്ന് പറഞ്ഞു. (Moreover, at that feast which we call Pentecost, as the priests were going by night into the inner [court of the] temple, as their custom was, to perform their sacred ministrations, they said that, in the first place, they felt a quaking, and heard a great noise, and after that they heard a sound as of a great multitude, saying, "Let us remove hence.")

പ്രിയ സഹോദരാ, സഹോദരീ, നിങ്ങൾ ജോസഫസ് എഴുതിയത് വിശ്വസിക്കണമെന്നില്ല. യെരൂശലേമും അവിടെയുണ്ടായിരുന്ന ദേവാലയവും നശിപ്പിക്കപ്പെട്ടതും ചരിത്രസത്യമാണ്. മുമ്പ് പറഞ്ഞത് പോലെ, ഇപ്പോൾ ദൈവദൂതന്മാരുടെ ഇടപെടലുകൾ ഇല്ല; ഉണ്ടായിരുന്നെങ്കിൽ കല്ലുവെച്ച നുണപറയുന്ന ബോധകന്മാർ ഹെരോദാവിനെ പോലെ പുഴുവരിച്ച് മരിക്കുമായിരുന്നു. ദൈവാത്മാവിൻറെ പേരിൽ അവകാശവാദങ്ങൾ ഉന്നയിക്കുന്നവർ അനന്യാസിനെയും, സഫീരയെയും പോലെ വീണ് മരിക്കുമായിരുന്നു. നിങ്ങൾ എത്ര കിണഞ്ഞ് പരിശ്രമിച്ചാലും ബെൻ-ഹിന്നോം താഴ്‍വര നക്ഷത്രരാശികളുടെ ഇടയിലെ നിത്യപീഡനത്തിൻറെ സ്ഥലം ആവില്ല. ഗെഹന്ന നരകമാണ് എന്ന് ഇനിയെങ്കിലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാതിരിക്കൂ. (ഇപ്പോൾ ഗെഹന്ന മനോഹരമായ ഒരു സ്ഥലമാണ്. ചിത്രം കാണുക.)

സുവിശേഷം സ്നേഹത്തിൻറെ സന്ദേശമാണ്. ഭീഷണിയല്ല. (ഈ ലേഖനം വായിച്ച ആർക്കെങ്കിലും എന്നെ ഭീഷണിപ്പെടുത്തുവാൻ തോന്നിയാൽ +919341960061, +919066322810 എന്നീ നമ്പറുകളിൽ വിളിച്ച് ഭീഷണിപ്പെടുത്താം.)

യെരൂശലേമിൻറെ നാശത്തിനെ പറ്റി അറിയുവാൻ ഈ വിക്കിപ്പീഡിയ പേജ് വായിക്കുക .

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

ബീറ്റ് റൂട്ട് വീഞ്ഞിൻറെ പാചകക്കുറിപ്പ്:

ആവശ്യമുള്ള സാധനങ്ങൾ:

ബീറ്റ് റൂട്ട്,
കൈതച്ചക്ക,
പഞ്ചസാരയോ ശർക്കരയോ,
ഭരണി,
കത്തികൾ,
ത്രാസ്,
റബ്ബർ കൈയ്യുറ,
പാത്രം കഴുകുവാൻ ഉപയോഗിക്കുന്ന പുതിയ സ്‍ക്രബ്ബർ,
കഴുകുവാനുള്ള വെള്ളം.

വീഞ്ഞ് തയ്യാറാക്കുമ്പോൾ കൈയ്യുറ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക. കൈയ്യിൽ നിന്നും നശിച്ച കോശങ്ങൾ വീഞ്ഞിൽ കലരുന്നത് തടയുവാനാണിത്. ബീറ്റ് റൂട്ട് വെള്ളത്തിൽ മുക്കിവെച്ച് സ്‍ക്രബ്ബർ കൊണ്ട് ഉരച്ച് കഴുകുക (തൊലി ചെത്തേണ്ടതില്ല.) കഴുകിയ ബീറ്റ് റൂട്ട്  പുറത്തെ ജലാംശം ഉണങ്ങുന്നത് വരെ തുറന്ന ഒരു സ്ഥലത്ത് വെക്കുക.

കൈതച്ചക്ക വൃത്തിയായി കഴുകി ജലാംശം പോകുവാനായി വെക്കുക. അതിന് ശേഷം അതിൻറെ രണ്ട് അറ്റവും മുറിച്ച് കളയുക. പുറന്തൊലി നീക്കണമെന്നില്ല.

കൈതച്ചക്കയും ബീറ്റ് റൂട്ടും ഒരേ തൂക്കത്തിൽ എടുത്ത് 1-1¾ ഇഞ്ച് നീളമുള്ള കഷണങ്ങളായി പ്രത്യേകം മുറിക്കുക. ബീറ്റ് റൂട്ടിൻറെ തൂക്കത്തിന് തുല്യം പഞ്ചസാര വേണം.

ഭരണിയിൽ ഒരു നിര ബീറ്റ് റൂട്ട് ഇടുക (ഏകദേശം 2 ഇഞ്ച് കനം). അതിന് ശേഷം കൈതച്ചക്ക ഒരു നിര ഇടുക. പിന്നീട് ഒരു നിര പഞ്ചസാര ഇടുക. പഞ്ചസാര കഷണങ്ങളുടെ ഇടയിലൂടെ താഴേക്ക് ഇറങ്ങും. ഭരണി നിറയുന്നത് വരെയോ, കഷണങ്ങൾ തീരുന്നത് വരെയോ ഈ പ്രക്രിയ തുടരുക. ഭരണിയുടെ ഏറ്റവും മുകളിൽ പഞ്ചസാര ഉണ്ടായിരിക്കുവാൻ ശ്രദ്ധിക്കുക. ഭരണി അടച്ച് ചൂട് അടിക്കാത്ത ഒരു സ്ഥലത്ത് വെക്കുക.

നിങ്ങൾ ഈ പാചകക്കുറിപ്പ് പരീക്ഷിച്ച് നോക്കുന്നത് ഒരു കറുത്തവാവിന് ആയിരുന്നാൽ നല്ലത് എന്ന് പഴമക്കാർ പറയും. കറുത്തവാവിന് അച്ചാറിടുകയും വീഞ്ഞ് ഉണ്ടാക്കുകയും ചെയ്താൽ കേട് വരില്ല എന്നും, പൂപ്പൽ, പുഴു എന്നിവയുടെ ആക്രമണം ഉണ്ടാവില്ല എന്നുമാണ് വിശ്വാസം. (ഒരുപക്ഷേ കലണ്ടർ ഇല്ലാതിരുന്നതിനാൽ ഓർമ്മിക്കുവാൻ എളുപ്പത്തിനായിരിക്കാം കറുത്തവാവിൻറെ കണക്ക്.)

ഭരണിയിൽ ആക്കി 28 ദിവസം കഴിയുമ്പോൾ ഭരണി തുറന്ന് അരിച്ചെടുത്ത് ഉപയോഗിക്കാം. അരിക്കുവാൻ നന്നായി അലക്കിയെടുത്ത നേരിയ ദുപ്പട്ട ഉപയോഗിക്കാം! ഹാ! ഹാ! വീര്യം കൂട്ടുവാൻ പതിവായി ഉപയോഗിക്കുന്ന യീസ്റ്റ് പഞ്ചാസര കരിച്ചത്, കോതമ്പ് മുളപ്പിച്ചത് എന്നിവ ഒഴിവാക്കുക. അല്ലാതെതന്നെ ബീറ്റ് റൂട്ട് വൈനിന് നല്ല വീര്യം ഉണ്ട്.

Monday, May 23, 2016

ആരും നിങ്ങളെ ഭയപ്പെടുത്തതാതിരിക്കട്ടെ: തീപ്പൊയ്ക = നിത്യാഗ്നി = സോദോം ഗൊമോറ.

ക്രിസ്തുവിൽ പ്രിയരേ,

നരകം എന്ന വാക്കിന് പുറമേ, കേൾവിക്കാരനെ നടുക്കുന്ന ചില വാക്കുകളാണ് തീപ്പൊയ്ക, രണ്ടാമത്തെ മരണം, നിത്യാഗ്നി എന്നിവ.

നക്ഷത്രസമൂഹങ്ങളുടെ ഇടയിൽ എവിടെയോ തിളച്ചുമറിയുന്ന ലാവയുടെ പ്രവാഹമാണ് നിത്യാഗ്നി എന്ന് ധരിച്ചിട്ടുള്ളവർക്ക് ഈ ലേഖനം നിരാശയുണ്ടാക്കും!

അജ്ഞത ഭയത്തിന് ഇടയാക്കും, ഭയമാണ് എല്ലാ മതങ്ങളുടെയും മൂലധനം. ഭയം ദൈവത്തിൽ നിന്നും ഉണ്ടാകുന്നതല്ല, കാരണം ഭീരുത്വത്തിന്‍റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്‍റെയും സുബോധത്തിന്‍റെയും ആത്മാവിനെയാണ് ദൈവം നമുക്ക് തന്നത് (2 തിമോ 1:7). ഭയത്തെ ഉന്മൂലനം ചെയ്യുവാനുള്ള വഴി, അജ്ഞത ഇല്ലാതാക്കുകയാണ്. വരൂ, നമുക്കൊരുമിച്ച് അജ്ഞതയെ ഉന്മൂലനം ചെയ്യാം, പടിപടിയായി.

#1:രണ്ടാമത്തെ മരണം.


ഇത് വളരെ ലളിതമാണ്, കാരണം രണ്ടാമത്തെ മരണവും തീപ്പൊയ്കയും ഒന്നുതന്നെയാണ് എന്ന് വേദവചനം പറയുന്നു:
വെളി 20:14 മരണത്തെയും പാതാളത്തെയും തീപ്പൊയ്കയില്‍ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം.
രണ്ടാമത്തെ മരണം എന്തുതന്നെ ആയിരുന്നാലും അതുതന്നെയാണ് തീപ്പൊയ്ക. നേരേ മറിച്ചും.
രണ്ടാമത്തെ മരണം = തീപ്പൊയ്ക.


#2: തീപ്പൊയ്ക.

തീപ്പൊയ്കയുടെ വിവരണം ശ്രദ്ധിക്കുക:
വെളി 19:20 ... ഇരുവരെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയില്‍ ജീവനോടെ തള്ളിക്കളഞ്ഞു.
വെളി 20:10 ... അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ള പ്രവാചകനും കിടക്കുന്ന ഗന്ധകവും തീയും ഉള്ള പൊയ്കയിലേക്ക് തള്ളിയിടും; അവര്‍ എന്നെന്നേയ്ക്കും രാപ്പകല്‍ ദണ്ഡനം സഹിക്കേണ്ടതായി വരും. <= എന്നെന്നേയ്ക്കും എന്ന പദത്തെപ്പറ്റി പിന്നീട് പ്രതിപാദിക്കാം.
ഗന്ധകവും തീയും വേറെ ഏതെങ്കിലും വേദഭാഗത്തെ ഓർമ്മിപ്പിക്കുന്നുണ്ടോ? സോദോമും ഗൊമോറയും നശിച്ചത് എങ്ങനെയാണെന്ന് ഓർമ്മയുണ്ടോ?
ഉൽ 19:24 യഹോവ സോദോമിന്‍റെയും ഗൊമോറയുടെയും മേല്‍ യഹോവയുടെ സന്നിധിയില്‍ നിന്നു, ആകാശത്ത് നിന്നു തന്നെ, ഗന്ധകവും തീയും വര്‍ഷിപ്പിച്ചു.
അതായത് തീപ്പൊയ്ക = സോദോമിലും ഗൊമോറയിലും നടന്നത്. (സോദോം ഗൊമോറയെ പറ്റി നാം വീണ്ടും പരാമർശിക്കും.)
തീപ്പൊയ്ക = സോദോം ഗൊമോറ

#3: നിത്യാഗ്നി


പുതിയ നിയമത്തിൽ നിത്യം, എന്നെന്നേയ്ക്കും എന്നൊക്കെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദം  αἰώνιος (അയോണിയോസ്, സ്ട്രോങ്സ് നിഘണ്ടുവിൽ G166) ആണ്. അതുപോലെ തീ, അഗ്നി എന്നൊക്കെ പരിഭാഷപ്പെടുത്തിയിരിക്കുന്ന പദം πῦρ (പുർ, G4442).

[മലയാളത്തിൽ പദാനുപദ പരിഭാഷകൾ ഇല്ലാത്തതിനാൽ ഇംഗ്ലീഷിലെ King James Version (KJV) എന്ന പരിഭാഷയിൽ നിന്നുമുള്ള വചനങ്ങൾ മലയാളത്തോടൊപ്പം ചേർത്തിരിക്കുന്നു. മലയാളം വേദപുസ്തകത്തിൽ ദൈവത്തെയോ യേശുവിനെയോ പരാമർശിക്കുവാൻ അവൻ, അവൻറെ എന്നൊക്കെ ഉപയോഗിച്ചിരിക്കുന്നതിന് പകരം അവിടന്ന്, അവിടത്തെ എന്നാണ് ഞാൻ എഴുതാറുള്ളത്. ദൈവത്തെ അവൻ എന്ന് വിളിക്കുവാനുള്ള യോഗ്യത എനിക്ക് ഇല്ല.]

മത്തായി 25ൽ രാജാവ് കോലാടുകളോട് പറഞ്ഞത് ശ്രദ്ധിക്കുക.
Mat 25:41 Then shall he say also unto them on the left hand, Depart from me, ye cursed, into everlastingG166 fireG4442, prepared for the devil and his angels:
മത്താ 25:41 പിന്നെ അവന്‍ ഇടത്തുള്ളവരോട്: ശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിനും അവന്‍റെ ദൂതന്മാര്‍ക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്ക് (G166, G4442) പോകുവിന്‍.

വെളി 20:10ൽ എന്നപോലെ ഇവിടെയും പിശാച് പരാമർശിക്കപ്പെട്ടിട്ടുണ്ട് എന്നത് അവിടെ വിവരിച്ചിരിക്കുന്ന തീപ്പൊയ്ക തന്നെയാണ് ഇവിടെ വിവരിച്ചിരിക്കുന്ന നിത്യാഗ്നി എന്ന് തെളിയിക്കുന്നു. അതായത്:
തീപ്പൊയ്ക = നിത്യാഗ്നി.

സ്ട്രോങ്സ് നിഘണ്ടുവിൽ G166, G4442 എന്നീ ക്രമസംഖ്യകൾ ഉള്ള ഗ്രീക്ക് പദങ്ങൾ ഒരുമിച്ച് വരുന്ന 3 വചനങ്ങൾ മാത്രമേയുള്ളൂ - മത്താ 18:8; 25:41; യൂദാ 1:7). ഇവയിൽ മത്താ 25:41 നാം മുകളിൽ പരിശോധിച്ചു. അടുത്തത് യൂദാ 1:7 പരിശോധിക്കാം.
Jud 1:7 Even as Sodom and Gomorrah, and the cities about them in like manner, giving themselves over to fornication, and going after strange flesh, are set forth for an example, suffering the vengeance of eternalG166 fireG4442.
യൂദാ 1:7 അതുപോലെ സോദോമും ഗൊമോറയും ചുറ്റുമുള്ള പട്ടണങ്ങളും അവര്‍ക്കും സമമായി ദുര്‍ന്നടപ്പ് ആചരിച്ച്, അന്യജഡം മോഹിച്ച് നടന്നതിനാല്‍ നിത്യാഗ്നിയുടെ (G166 G4442) ശിക്ഷാവിധി സഹിച്ചുകൊണ്ട് ദൃഷ്ടാന്തമായി കിടക്കുന്നു.
ഉൽ 19:24ൽ സോദോമും ഗൊമോറയും ഗന്ധകം, തീ എന്നിവയാൽ നശിപ്പിക്കപ്പെട്ടു എന്ന് നാം കണ്ടു. ആ നാശത്തെ യൂദാ നിത്യാഗ്നിയുടെ ശിക്ഷാവിധി എന്ന് വിശേഷിപ്പിക്കുന്നു. അതായത്:
നിത്യാഗ്നി = സോദോം, ഗൊമോറ.

സോദോം, ഗൊമോറയിലെ “നിത്യാഗ്നി” എത്ര കാലം (നേരം) നിലനിന്നു?

ഉൽ 19:15 ഉഷസ്സായപ്പോള്‍ ദൂതന്മാര്‍ ലോത്തിനെ ബദ്ധപ്പെടുത്തി ... (5-5.30 മണി?)
ഉൽ 19:23 ലോത്ത് സോവരില്‍ കടന്നപ്പോള്‍ സൂര്യന്‍ ഉദിച്ചിരുന്നു. (6 മണി?)
ഉൽ 19:27, 28 അബ്രാഹം പ്രഭാതത്തില്‍ എഴുന്നേറ്റ്, താന്‍ യഹോവയുടെ സന്നിധിയില്‍ നിന്നിരുന്ന സ്ഥലത്ത് ചെന്നു,. സോദോമിനും ഗൊമോറയ്ക്കും ആ പ്രദേശത്തിലെ സകല ദിക്കിനും നേരെ നോക്കി, ദേശത്തിലെ പുക തീച്ചൂളയിലെ പുക പോലെ പൊങ്ങുന്നത് കണ്ടു. (7.30-8 മണി?)
അബ്രാഹം തീ കണ്ടോ എന്ന് നമുക്കറിയില്ല, പുക പൊങ്ങുന്നത് കണ്ടു എന്ന് മാത്രമേ എഴുതപ്പെട്ടിട്ടുള്ളൂ. ഏതായാലും സോദോം ഗൊമോറയിലെ “നിത്യാഗ്നി” ഏതാനും മണിക്കൂറുകൾക്കുള്ളിൽ എരിഞ്ഞടങ്ങി. അങ്ങനെയാണെങ്കിൽ തീപ്പൊയ്കയിലെ നിത്യാഗ്നി എത്രനേരം എരിയും?

എന്നെന്നേയ്ക്കും?

Rev 20:10 ... the devil who had deceived them was thrown into the lake of fire and sulfur ... they will be tormented day and night for everG165 and everG165.
വെളി 20:10 ... അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ള പ്രവാചകനും കിടക്കുന്ന ഗന്ധകവും തീയും ഉള്ള പൊയ്കയിലേക്ക് തള്ളിയിടും; അവര്‍ എന്നെന്നേയ്ക്കും (G165 G165) രാപ്പകല്‍ ദണ്ഡനം സഹിക്കേണ്ടതായി വരും.
ഇവിടെ ഉപയോഗിക്കപ്പെട്ടിരിക്കുന്ന ഗ്രീക്ക് വാക്ക് αἰών (അയോൺ, G165). ഈ വാക്കിൽ നിന്നും ഉണ്ടായതാണ് നാം മുമ്പ് കണ്ട G166. ഈ വാക്കിൻറെ സാമാന്യമായ പരിഭാഷ ലോകം, യുഗം എന്നിങ്ങനെയാണ്.

ഈ വാക്ക് തുടർച്ചയായി രണ്ട് തവണ ഉപയോഗിക്കുന്നത് ഒന്നുകിൽ ദൈവത്തെയോ യേശുവിനെയോ വാഴ്ത്തുവാൻ:

Gal 1:5 To whom be glory for ever and ever. G165 G165
ഗലാ 1:5 അവിടത്തേയ്ക്ക് എന്നെന്നേയ്ക്കും മഹത്വം. ആമേന്‍.

Php 4:20 Now unto God and our Father be glory for ever and ever. G165 G165
ഫിലി 4:20 നമ്മുടെ ദൈവവും പിതാവുമായവന് എന്നെന്നേയ്ക്കും മഹത്വം. ആമേന്‍.

1Pe 5:11 To him be glory and dominion for ever and ever. G165 G165
1പത്രോ 5:11 ബലം എന്നെന്നേയ്ക്കും അവിടത്തേയ്ക്കുള്ളത്. ആമേന്‍.

അല്ലെങ്കിൽ ആർക്കെങ്കിലും വരുവാൻ പോകുന്ന ശിക്ഷയെപ്പറ്റി താക്കീത് ചെയ്യുവാൻ.

Rev 14:11 the smoke of their torment ascendeth up forever and ever: G165 G165...
വെളി 14:11 അവരുടെ ദണ്ഡനത്തിന്‍റെ പുക എന്നെന്നേയ്ക്കും പൊങ്ങും; ...
Rev 19:3 ... her smoke rose up forever and ever. G165 G165
വെളി 19:3 അവളുടെ പുക എന്നെന്നേയ്ക്കും പൊങ്ങുന്നു ...
Rev 20:10 the devil...was cast into the lake of fire ...where the beast and the false prophet are, and shall be tormented day and night forever and ever. G165 G165
വെളി 20:10 അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകവും തീയും ഉള്ള പൊയ്കയിലേക്ക് തള്ളിയിടും; അവര്‍ എന്നെന്നേയ്ക്കും രാപ്പകല്‍ ദണ്ഡനം സഹിക്കേണ്ടതായി വരും.
ആരെയെങ്കിലും പുകഴ്ത്തുമ്പോഴോ ശകാരിക്കുമ്പോഴോ  ഉപയോഗിക്കപ്പെടുന്ന വാക്കുകൾ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിക്കൊള്ളണം എന്നില്ല, അത്തരം സാഹചര്യങ്ങളിൽ അതിശയോക്തി, അത്യുക്തി എന്നിവ പ്രയോഗിക്കപ്പെടും, വിശേഷിച്ചും നമ്മുടെ പൌരസ്ത്യ രചനകളിൽ. വേദപുസ്തകം ഒരു പൌരസ്ത്യ രചനയാണല്ലോ?
തുടരും...
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.