Sunday, April 16, 2017

മത്തായി 28:16-20ൽ നിന്നും സത്യത്തിലേയ്ക്കുള്ള ദൂരം 143 കിലോമീറ്ററിൽ കൂടുതലാണ്.

ക്രിസ്തുവിൽ പ്രിയരെ,

ഈ ലേഖനം നിങ്ങളെ ഞെട്ടിക്കും എന്നതിൽ എനിക്ക് അശ്ശേഷം സംശയമില്ല. ഈ ലേഖനത്തിൻറെ പേരിൽ ആരൊക്കെ എന്നെ ദുഷിച്ചാലും, ദൈവനിന്ദകൻ, എതിർക്രിസ്തു എന്നൊക്കെ വിളിച്ചാലും എനിക്ക് പരാതിയില്ല. എൻറെ ദൌത്യം സത്യം പറയുകയാണ്, അത് എത്രമാത്രം അപ്രിയകരമായിരുന്നാലും പറയും.

മത്താ 28:16-20ൻറെ വിഷയം നമ്മുടെ കർത്താവിൻറെ സ്വർഗാരോഹണമാണ് എന്നതിൽ സംശയമുള്ളവരോട് എനിക്ക് ഒന്നും പറയുവാനില്ല. ശരിയാണ്, ഈ വേദഭാഗത്തിൽ സ്വർഗാരോഹണത്തെ പറ്റി പ്രത്യക്ഷമായി പരാമർശിക്കുന്നില്ല; പക്ഷേ, ഗലീലിയിൽ വെച്ച് ഒരു തവണ അവിടത്തെ ആരാധിച്ച (നമസ്കരിച്ച) ശിഷ്യന്മാരെ (മത്താ 28:9) വീണ്ടും ഗലീലിയിലെ മലയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി ആരാധിപ്പിച്ചത് (മത്താ 28:16) സെൽഫി എടുക്കുവാനായിരുന്നോ? എന്ന ചോദ്യത്തിന് അത്തരക്കാർ ഉത്തരം കണ്ടെത്തേണ്ടിവരും.

① യേശുവിൻറെ സ്വർഗാരോഹണം നടന്ന സ്ഥലം ഗലീലിയോ ബേഥാന്യയോ?

പാലാ ടൌൺ ഹാളിൽ ഒരു നാടകത്തിൻറെ അവസാന രംഗം നടക്കുകയാണ്. മക്കളുടെ അപഥസഞ്ചാരത്തിൽ മനംനൊന്ത പിതാവ് വിഷം കഴിച്ച് പിടഞ്ഞ് മരിക്കുന്നു. പിതാവായി അഭിനയിച്ച മണർകാട്ട് അപ്പച്ചൻറെ അഭിനയം വളരെയധികം ഇഷ്ടപ്പെട്ട കാണികളുടെ “വൺസ് മോർ, വൺസ് മോർ” എന്ന ആർപ്പ് സഹിക്കവയ്യാതായപ്പോൾ മരിച്ച പിതാവ് വിഷക്കുപ്പി തേടിപ്പിടിച്ച് വീണ്ടും ആ രംഗം ആവർത്തിക്കുന്നത് കാണുവാനുള്ള ഭാഗ്യം എനിക്കുണ്ടായി.
മത്താ 28:16 എന്നാൽ 11 ശിഷ്യന്മാർ ഗലീലിയിൽ യേശു അവരോട് കൽപിച്ചിരുന്ന മലയ്ക്ക് പോയി.
യേശുവോ ശിഷ്യന്മാരോ ഗലീലിയിലെ മലയിൽ നിന്നും വേറെ എവിടെയെങ്കിലും പോയതായി മത്തായി രേഖപ്പെടുത്തിയിട്ടില്ല, അതുകൊണ്ട്, ഈ അദ്ധ്യായത്തിൻറെ അവസാനം വരെയുള്ള സംഭവങ്ങൾ ഗലീലിയിൽ നടന്നിരിക്കണം.

ഇതിന് സമാന്തരമായ ലൂക്കോസിൻറെ സുവിശേഷത്തിലെ വചനം:
ലൂക്കോ 24:50 അനന്തരം അവൻ അവരെ ബേഥാന്യ വരെ കൂട്ടിക്കൊണ്ടുപോയി കൈ ഉയർത്തി അവരെ അനുഗ്രഹിച്ചു.
അപ്പൊസ്തല പ്രവൃത്തികളിൽ നിന്നും:
അപ്പൊ 1:12 അവർ (ശിഷ്യന്മാർ) യെരൂശലേമിന് സമീപം ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരമുള്ള ഒലിവ് മല വിട്ട് യെരൂശലേമിലേക്ക് മടങ്ങിപ്പോന്നു. (ബേഥാന്യ ഒലിവ് മലയുടെ കിഴക്കേ ചെരിവിലാണ്.)
മർക്കോസിൻറെ സുവിശേഷത്തിൽ സ്വർഗാരോഹണം നടന്ന സ്ഥലം വ്യക്തമാക്കിയിട്ടില്ല. (മർക്കോ 16:7ൽ യേശു പുനരുത്ഥാനത്തിന് ശേഷം ശിഷ്യന്മാരുമായി കണ്ടുമുട്ടിയ സ്ഥലമാണ് പരാമർശിക്കപ്പെട്ടിട്ടുള്ളത്.)
  • ലൂക്കോസിൻറെ സുവിശേഷവും, അപ്പൊസ്തല പ്രവൃത്തികളും പറയുന്നത് യേശുവിൻറെ സ്വർഗാരോഹണം നടന്നത് യെരൂശലേമിൽ നിന്നും 2.4 കി.മി. ദൂരത്തിലുള്ള ബേഥാന്യയിൽ നിന്നുമാണെന്നാണ്.
  • മത്തായിയുടെ സുവിശേഷം അനുസരിച്ച് സ്വർഗാരോഹണം നടന്നത് യെരൂശലേമിൽ നിന്നും 146.03 കി.മി. ദൂരത്തിലുള്ള ഗലീലിയിൽ നിന്നുമാണെന്നാണ്.
ഒരുപക്ഷേ, ആദ്യം ഒരിടത്തുനിന്നും സ്വർഗ്ഗാരോഹണം ചെയ്യുന്നത് കണ്ട ശിഷ്യന്മാർ “വൺസ് മോർ, വൺസ് മോർ” എന്ന് ആർപ്പിട്ടപ്പോൾ യേശു മറ്റൊരു സ്ഥലത്തുനിന്നും വീണ്ടും സ്വർഗ്ഗാരോഹണം ചെയ്ത് കാണിച്ചതായിരിക്കുമോ?

② ശിഷ്യന്മാർ യേശുവിനെ ആരാധിച്ചത് സ്വർഗാരോഹണത്തിന് മുമ്പോ, പിമ്പോ?

  • മുമ്പ്: മത്താ 28:17ൽ ഗലീല മലയിൽ എത്തിയ ശിഷ്യന്മാർ യേശുവിനെ ആരാധിച്ചതിനെ പരാമർശിച്ച ശേഷമാണ് ബാക്കിയുള്ള വിവരണങ്ങൾ.
  • പിമ്പ്: ലൂക്കോ 24:50-51ൽ യേശു സ്വർഗാരോഹണം ചെയ്തതിനെ പറ്റി വിവരിച്ച ശേഷം ലൂക്കോ 24:52ൽ ശിഷ്യന്മാർ യേശുവിനെ ആരാധിച്ചതിനെ പറ്റി പരാമർശിച്ചിരിക്കുന്നു.
മർക്കോസിൻറെ സുവിശേഷത്തിലും അപ്പൊസ്തല പ്രവൃത്തികളിലും ഈ സന്ദർഭത്തിൽ ശിഷ്യന്മാർ യേശുവിനെ ആരാധിച്ചതായി പരാമർശമില്ല.

③ യേശുവിന് ആകാശത്തിലും ഭൂമിയിലുമുള്ള സകല അധികാരവും ലഭിച്ചത് സ്വർഗാരോഹണത്തിന് മുമ്പോ, പിമ്പോ?

സ്വർഗാരോഹണത്തിന് മുമ്പ് യേശു ശിഷ്യന്മാരോട്:
മത്താ 28:18 യേശു അടുത്ത് ചെന്ന്: സ്വർഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്ക് നൽകപ്പെട്ടിരിക്കുന്നു.
ഈ വചനത്തിന് തത്തുല്യമായ പരാമർശം ലൂക്കോസ്, മർക്കോസ് എന്നിവരുടെ സുവിശേഷങ്ങളിലോ, അപ്പൊസ്തല പ്രവൃത്തികളിലോ ഇല്ല.

ലൂക്കോസിൻറെ സുവിശേഷത്തിലെ താലന്തുകളുടെ (വെള്ളിയുടെ) ഉപമ ശ്രദ്ധിക്കുക:
ലൂക്കോ 19:12 കുലീനനായ ഒരു മനുഷ്യൻ രാജത്വം പ്രാപിച്ച്, മടങ്ങിവരേണം എന്ന് കരുതി ദൂരദേശത്തേക്ക് യാത്ര പോയി.
ഇവിടെ “കുലീനനായ മനുഷ്യൻ” യേശുവിൻറെ പ്രതീകമാണെന്ന് അറിയാത്തവർ കഴിയുന്നത്ര വേഗം ഈ ലേഖനം വായിക്കുന്നത് അവസാനിപ്പിക്കുക. ആ കുലീനനായ മനുഷ്യന് രാജത്വം (അധികാരം) ലഭിക്കുന്നത് ദൂരദേശത്ത് എത്തിയതിന് ശേഷമാണ്, അങ്ങോട്ട് പോകുന്നതിന് മുമ്പല്ല. ഇത് ശരിയാണെങ്കിൽ, യേശുവിന് സകല അധികാരവും ലഭിച്ചത് സ്വർഗ്ഗാരോഹണത്തിന് ശേഷമാണ്, മുമ്പല്ല.

ദാനിയേലിൻറെ പ്രവചനത്തിൽ നിന്നും:
ദാനീ 7:13 രാത്രിദർശനങ്ങളിൽ മനുഷ്യ പുത്രനോട് സദൃശനായ ഒരുവൻ ആകാശമേഘങ്ങളോടെ വരുന്നത് കണ്ടു; അവൻ വയോധികൻറെ അടുത്ത് ചെന്നു; അവർ അവനെ അവൻറെ മുമ്പിൽ അടുത്ത് വരുമാറാക്കി.
അപ്പൊ 1:9ൽ മേഘങ്ങളിൽ എടുക്കപ്പെട്ട യേശുവാണ്, വയോധികൻറെ (പിതാവിൻറെ) അടുത്ത് എത്തിയിരിക്കുന്നത്.
ദാനീ 7:14 സകല വംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കുവാൻ അവന് ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവൻറെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവൻറെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.
സ്വർഗാരോഹണം ചെയ്ത ശേഷമാണ് യേശുവിന് സകല അധികാരവും ലഭിച്ചത്; മത്താ 28:18 അവകാശപ്പെടുന്നത് പോലെ, സ്വർഗാരോഹണത്തിന് മുമ്പല്ല.

④ അപ്പൊസ്തലന്മാരെ യേശു ഏൽപിച്ച ദൌത്യം, “മഹാനിയോഗം”


പലർക്കും വികാരവിക്ഷോഭം ഉണ്ടാക്കുന്നതും “മതം” പൊട്ടുവാൻ ഇടവരുത്തുന്നതുമായ വചനമാണ് അടുത്തത്:
മത്താ 28:19 ആകയാൽ നിങ്ങൾ പുറപ്പെട്ട്, പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും
മത്താ 28:20 ഞാൻ നിങ്ങളോട് കൽപിച്ചത് എല്ലാം പ്രമാണിക്കുവാൻ തക്കവണ്ണം ഉപദേശിച്ചും” സകല ജാതികളെയും ശിഷ്യരാക്കുവിൻ; ഞാനോ ലോകാവസാനം വരെ എല്ലാ നാളും നിങ്ങളോട് കൂടെ ഉണ്ട് എന്ന് അരുളിച്ചെയ്തു.
മത്താ 28:19ന് സമാന്തരമായ വചനങ്ങൾ:
ലൂക്കോ 24:46 ക്രിസ്തു കഷ്ടം അനുഭവിക്കുകയും മൂന്നാം നാൾ മരിച്ചവരിൽ നിന്നും ഉയിർത്തെഴുനേൽക്കുകയും
ലൂക്കോ 24:47 അവിടത്തെ (ക്രിസ്തുവിൻറെ) നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകല ജാതികളിലും പ്രസംഗിക്കുകയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.

അപ്പൊ 1:8 എന്നാൽ, പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ച്, യെരൂശലേമിലും യെഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എൻറെ (ക്രിസ്തുവിൻറെ) സാക്ഷികൾ ആകും എന്ന് പറഞ്ഞു.

മർക്കോ 16:16 പിന്നെ അവിടന്ന് അവരോട്: “നിങ്ങൾ ഭൂലോകത്തിൽ എല്ലാം പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിക്കുവിൻ.
മത്താ 28:19ൽ നിന്നും വിഭിന്നമായി, ലൂക്കോ 24:47ലും അപ്പൊ 1:8ലും ക്രിസ്തുവിൻറെ നാമം മാത്രമേ പരാമർശിക്കപ്പെട്ടിട്ടുള്ളൂ എന്നത് ശ്രദ്ധിക്കുക.  (പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നീ മൂന്ന് നാമങ്ങളും പരാമർശിക്കപ്പെട്ടിട്ടില്ല.)

നൂറ്റാണ്ടുകളായി ഈ മത്താ 28:19ൻറെ ആധികാരികതയെ പറ്റിയുള്ള ചർച്ച നടന്നുകൊണ്ടിരിക്കുന്നു. ഈ വചനം ആധികാരികമാണ് എന്ന് തെളിയിക്കുവാൻ നിരത്തുന്ന വാദഗതികൾ ഇവയാണ്.
  1. പ്രാചീന കൈയ്യെഴുത്തുപ്രതികളിൽ ഈ വചനം ഉണ്ടായിരുന്നു പോലും!
    ക്രി.പി. രണ്ടാം നൂറ്റാണ്ടിന് മുമ്പുള്ള ഒരു കൈയ്യെഴുത്തുപ്രതിയും ലഭ്യമല്ല. ക്രി.പി. രണ്ടാം നൂറ്റാണ്ട് നമ്മുടെ കാഴ്ചപ്പാടിൽ പ്രാചീനമാണ്. ഏകദേശം ക്രി.പി. 70-75നുള്ളിൽ പുതിയനിയമത്തിൻറെ രചയിതാക്കൾ എല്ലാവരും മരിക്കുകയോ, രക്തസാക്ഷികളാകുകയോ ചെയ്തിരുന്നു എന്നും, അവരുടെ കൈപ്പടയിലുള്ള കൈയ്യെഴുത്തുപ്രതികൾ ഒന്നുമില്ല എന്നതും പരിഗണിച്ചാൽ അവരുടെ കാലത്തിന് 100-150 വർഷങ്ങൾക്ക് ശേഷമുള്ള കൈയ്യെഴുത്തുപ്രതികൾക്ക് എത്രമാത്രം ആധികാരികതയുണ്ടാവാം എന്നത് വ്യക്തമാകും.
  2.  ആദിമ സഭാപിതാക്കന്മാരുടെ രചനകളിൽ ഈ വചനത്തിന് തത്തുല്യമായ പരാമർശങ്ങൾ ഉണ്ട് പോലും!
    നല്ലതുതന്നെ, പക്ഷേ, പിതാവായ ദൈവം ഒഴികെ മറ്റാരും സഭയ്ക്ക് പിതാവായിരിക്കുവാൻ പാടില്ല (മത്താ 23:9) എന്ന് പഠിപ്പിച്ച യേശുവിൻറെ ശിഷ്യന്മാർക്ക് എങ്ങനെ പല പിതാക്കന്മാരുണ്ടായി? ഈ പിതാക്കന്മാരുടെ സാധുതയെന്ത്? അവർക്ക് തെറ്റുപറ്റില്ല എന്നതിന് എന്താണ് തെളിവ്? (കുറഞ്ഞപക്ഷം ഒരു സഭാപിതാവെങ്കിലും അദ്ദേഹത്തിൻറെ പ്രഖ്യാതമായ കൃതിയുടെ ഒരേ അദ്ധ്യായത്തിൽ പരസ്പര വിരുദ്ധമായ വിവരക്കേടുകൾ എഴുതിയിരിക്കുന്നത് വായിക്കുവാനുള്ള സൌഭാഗ്യം എനിക്ക് ലഭിച്ചു.)
  3.  വേദപുസ്തകത്തിൽ ഇല്ലാത്ത ചില പുസ്തകങ്ങളിൽ ഇത്തരം പരാമർശങ്ങൾ ഉണ്ടായിരുന്നു പോലും!
    അതും നല്ലതുതന്നെ! അത്തരം പുസ്തകങ്ങൾ പരിശുദ്ധാത്മാവിനാൽ പ്രേരിതവും ആധികാരികതയുള്ളവയും ആണെങ്കിൽ അവ എന്തുകൊണ്ട് വേദപുസ്തകത്തിൽ ഇല്ല? വേദപുസ്തകത്തിൽ ഉള്ള ചില പുസ്കങ്ങളുടെ പോലും ഗ്രന്ഥകര്‍തൃത്വം വ്യക്തമല്ലാത്ത പരിതസ്ഥിതിയിൽ (ഉദാ: എബ്രായർ), വേദപുസ്തകത്തിൽ ഇല്ലാത്ത പുസ്തകങ്ങളുടെ ഗ്രന്ഥകര്‍തൃത്വവും ആധികാരികതയും എങ്ങനെ നിശ്ചയിക്കും?
ഇത്തരം തിരുത്തലുകൾ നടന്നിട്ടുണ്ട് എന്ന് സൂചിപ്പിച്ചാലുടനെ, “ദൈവത്തിൻറെ സകല വചനവും ശുദ്ധിചെയ്തതാണ്” (സദൃ 30:5), “യഹോവയുടെ വചനങ്ങൾ നിർമ്മല വചനങ്ങൾ ആകുന്നു; നിലത്ത് ഉലയിൽ ഉരുക്കി 7 പ്രാവശ്യം ശുദ്ധിചെയ്ത വെള്ളി പോലെ” (സങ്കീ 12:6) തുടങ്ങിയ വചനങ്ങൾ എടുത്തുകാണിച്ചിട്ട് പ്രയോജനമില്ല. യേശുവിൻറെ കാലത്തിന് മുമ്പുതന്നെ വേദശാസ്ത്രികൾ ദൈവവചനത്തിനിട്ട് പണിയുവാൻ തുടങ്ങി എന്നും വചനമുണ്ട്.
യിരെ 8:8 ഞങ്ങൾ ജ്ഞാനികൾ; യഹോവയുടെ ന്യായപ്രമാണം ഞങ്ങളുടെ പക്കൽ ഉണ്ടെന്ന് നിങ്ങൾ പറയുന്നത് എങ്ങനെ? ശാസ്ത്രിമാരുടെ കള്ള എഴുത്തുകോൽ അതിനെ വ്യാജമാക്കി തീർത്തിരിക്കുന്നു.
ഓ, അത് ശാസ്ത്രിമാരല്ലേ, ക്രൈസ്തവർ അങ്ങനെ ചെയ്യില്ല എന്ന വാദത്തിന് സാംഗത്യമില്ല.

മത്താ 28:19നെ പറ്റി അൽപം കൂടെ.


ജ്ഞാനസ്നാനം നൽകേണ്ടതിൻറെ സൂത്രവാക്യം: പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൽ എന്നതാണെങ്കിൽ:
  • ആ സൂത്രവാക്യം യേശുവിൽ നിന്നും ശ്രവിച്ച ശിഷ്യന്മാർ അങ്ങനെ ചെയ്തതായി വേദപുസ്തകത്തിൽ ഇല്ലാത്തതെന്താണ്?
  • അപ്പൊ 2:38; 8:12; 8:16; 19:4, 5; റൊമ 6:3, 4; 1കൊരി 1:13, 17; ഗലാ 3:27 എന്നീ വചനങ്ങളിൽ ജ്ഞാനസ്നാനത്തെ യേശു ക്രിസ്തുവുമായി മാത്രം ബന്ധപ്പെടുത്തിയിരിക്കുന്നത് എന്തുകൊണ്ട്?
എത്രയോ പേർക്ക് യേശുവിൻറെ പേരിൽ മാത്രം ജ്ഞാനസ്നാനം നൽകിയിരിക്കുന്നു?
അപ്പൊ 8:16 അന്ന് വരെ അവരിൽ ആരുടെ മേലും ആത്മാവ് വന്നിരുന്നില്ല; അവർ കർത്താവായ യേശുവിൻറെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളു.
അപ്പൊ 19:5 ഇത് കേട്ടപ്പോൾ അവർ കർത്താവായ യേശുവിൻറെ നാമത്തിൽ സ്നാനം ഏറ്റു.
“യേശുവിൻറെ നാമത്തിൽ” ജ്ഞാനസ്നാനം സ്വീകരിച്ചു / നൽകി എന്നതിന് “പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൽ” എന്ന അർത്ഥമുണ്ടെങ്കിൽ:
റോമ 6:3 യേശു ക്രിസ്തുവിനോട് ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവിടത്തെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്ന് നിങ്ങൾ അറിയുന്നില്ലേ?
ഈ വചനത്തിൽ “അവിടത്തെ” (അവൻറെ) എന്ന വാക്കിനാൽ ഉദ്ദേശിച്ചിരിക്കുന്ന യേശു ക്രിസ്തുവിൻറെ മരണത്തിൽ മത്രമല്ലേ നാം ജ്ഞാനസ്നാനത്തിലൂടെ പങ്കാളികളാകുന്നുള്ളൂ? അതോ, മൂന്ന് പേരിൽ ചേരുവാൻ ജ്ഞാനസ്നാനം സ്വീകരിക്കുന്ന നാം ഒരാളുടെ മരണത്തിൽ മാത്രം പങ്കാളികളാവുമോ? അതോ മൂന്ന് പേരും ഒരുമിച്ച് മരിച്ചോ?

“ദൈവം കലക്കത്തിൻറെ (ആശയക്കുഴപ്പത്തിൻറെ) ദൈവമല്ല” (1കൊരി 14:33). കലക്കം (ആശയക്കുഴപ്പം) സൃഷ്ടിച്ചത് മനുഷ്യരാണ്.

ഈ വേദഭാഗങ്ങളിൽ മത്താ 28:16-20 മാത്രം എന്തുകൊണ്ട് തിരുത്തപ്പെട്ടു?


(ന്യായികരണത്തൊഴിലാളികൾ ചോദിക്കുന്ന ചോദ്യമാണിത്.)

അതിൻറെ കാരണം വളരെ ലളിതമാണ്. പഠനങ്ങളുടെ അടിസ്ഥാനത്തിൽ പറഞ്ഞാൽ പുതിയനിയമത്തിൽ ഏറ്റവുമധികം വായിക്കപ്പെടുന്ന പുസ്തകം മത്തായിയുടെ സുവിശേഷമാണ്. സുവിശേഷങ്ങളിൽ ഏറ്റവും കുറവ് വായിക്കപ്പെടുന്നത് മർക്കോസിൻറെ സുവിശേഷവും. ഒരുപക്ഷേ, ഇത്തരം ഒരു തിരുത്തൽ മർക്കോസിൻറെ സുവിശേഷത്തിൽ നടത്തിയിരുന്നെങ്കിൽ ആരും കാണാതെ പോകുമായിരുന്നു. (എൻറെ വായനക്കാരിൽ എത്ര പേർ ഈ ലേഖനം വായിക്കുന്നതിന് മുമ്പ് മുകളിൽ വിവരിച്ചിരിക്കുന്ന വൈരുധ്യങ്ങളും വ്യത്യാസങ്ങളും ശ്രദ്ധിച്ചിരിക്കുമെന്ന് എനിക്ക് ഊഹിക്കുവാൻ കഴിയും.)

ലോകത്തിലുള്ള എല്ലാ കുറ്റവാളികളും അവരുടെ കുറ്റകൃത്യങ്ങളുടെ തെളിവുകൾ പരിപൂർണ്ണമായും നശിപ്പിച്ചിരുന്നെങ്കിൽ ഇപ്പോൾ ജയിലുകളുള്ള സ്ഥലങ്ങളിൽ കപ്പ നടുകയോ, ഫുട്ബോൾ കളിക്കുകയോ ആകാമായിരുന്നല്ലോ?

ഇനിയിപ്പോൾ ന്യായീകരണത്തൊഴിലാളികൾ ഈ വചനങ്ങൾ യഥാർത്ഥമാണ് എന്ന് തെളിയിക്കുവാനുള്ള ശ്രമവും, കട്ടക്കൽ അച്ചായൻ വേദപുസ്തകം വിശ്വസിക്കരുത് എന്ന് പറഞ്ഞു എന്ന ദുഷ്പ്രചരണവും തുടങ്ങുന്നത് മുൻകൂട്ടി കാണുവാൻ ഞാൻ ഒരു പ്രവാചകനാകേണ്ട ആവശ്യമില്ല.

മത്തായി 28:16-20ൽ നിന്നും സത്യത്തിലേയ്ക്കുള്ള ദൂരം ബേഥാന്യയിൽ നിന്നും ഗലീലിയിലേയ്ക്കുള്ള ദൂരം പോലെ 143 കിലോമീറ്ററിൽ കൂടുതലാണ്. (146.03 - 2.4 = 143.63).


ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

ഈ വേദഭാഗത്തിൽ നിന്നും വചനങ്ങൾ അടർത്തിയെടുത്ത് ചോദ്യങ്ങൾ ചോദിച്ചവരുണ്ട്. അവർക്കുള്ള മറുപടിയാണ് ഈ ലേഖനം.