Tuesday, October 18, 2016

മത്തായി 23:39 ഭവിതവാദം (പ്രെട്രിസം) തെറ്റാണെന്ന് തെളിയിക്കില്ല!

ക്രിസ്തുവിൽ പ്രിയരേ,

രണ്ട് നുറുങ്ങുകഥകൾ:

  • 1987. ദില്ലിയിൽ മുൻ പ്രധാനമന്ത്രി ചരൺസിങ്ങിൻറെ ശവദാഹം നടക്കുന്നു. ആകാശംമുട്ടെ ഉയരുന്ന മുദ്രാവാക്യം കേൾക്കാം: “ചരൺസിങ് അമർ രഹേ!” (മരണമില്ലാത്തവനായിരിക്കട്ടെ!) മരണമില്ലാത്ത ചരൺസിങിൻറെ ദേഹം 2 മണിക്കൂറിൽ ഭസ്മമായി. ഇപ്പോൾ അദ്ദേഹത്തിൻറെ സ്ഥാനം പൊതുവിജ്ഞാന (General Knowledge) പുസ്തകങ്ങളിൽ മാത്രമാണ്.
  • ഞങ്ങളുടെ കോളേജ് ബസ്‍സ്റ്റോപ്പിൻറെ മുന്നിലൂടെ 30-35 പേരുള്ള ഒരു ജാഥ കടന്നുപോകുന്നു: ഉച്ചത്തിലുള്ള മുദ്രാവാക്യം ഇങ്ങനെ: “കുഞ്ഞമ്പുവേട്ടാ നേതാവേ, ധീരതയോടെ നയിച്ചോളൂ, ലക്ഷം, ലക്ഷം പിന്നാലേ!” (ബസ്‍സ്റ്റോപ്പിലെ കുട്ടികളെ കൂടെ കൂട്ടിയാൽ 300 പേർ വരില്ല.)

കഥയിൽ നിന്നും കാര്യത്തിലേയ്ക്ക്.

മത്താ 23:39 “കർത്താവിൻറെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ” എന്ന് നിങ്ങൾ പറയുന്നത് വരെ നിങ്ങൾ ഇനി എന്നെ കാണുകയില്ല എന്ന് ഞാൻ നിങ്ങളോട് പറയുന്നു.
ഭവിതവാദത്തിൽ (പ്രെട്രിസത്തിൽ) വിശ്വസിക്കുന്ന അധികം പേർ കൈകാര്യം ചെയ്യാത്ത ഒരു വചനമാണിത്. അവർ കൈകാര്യം ചെയ്യാത്തതിന് കാരണം പലതുണ്ടാകാം. ഉദാഹരണമായി, എൻറെ കാര്യം എടുക്കുക: മറ്റെല്ലാ വചനങ്ങളും ഒന്നാം നൂറ്റാണ്ട് എന്ന ഒരേ ബിന്ദുവിലേയ്ക്ക് കേന്ദ്രീകരിക്കുന്നതിനാൽ ഈ വചനം മാത്രം അതിന് അപവാദമാകില്ല എന്ന് കരുതി ഇതുവരെ ഈ വചനത്തെ പറ്റി എഴുതിയില്ല.. മറ്റ് പലരും ഏതെങ്കിലും വിമർശകർക്ക് മറുപടിയായി ഈ വചനം പഠിച്ചപ്പോൾ ആ പഠനങ്ങൾ വിമർശനങ്ങൾക്ക് മറുപടി നൽകുക എന്ന വീക്ഷണകോണിൽ നിന്നും തയ്യാറാക്കപ്പെട്ടതിനാൽ ആ വചനത്തിൻറെ വ്യാഖ്യാനം കാര്യക്ഷമമായില്ല.

ഇതിനിടെ ഒരു അഭിവന്ദ്യ പാസ്റ്റർ ഈ വചനം ഭവിതവാദം തെറ്റാണെന്ന് തെളിയിക്കും എന്ന് അവകാശപ്പെട്ടപ്പോഴാണ് അതിനെ പറ്റി എഴുതാം എന്ന ആശയം തോന്നിയത്. പക്ഷേ, ഇത് ആ പാസ്റ്ററിനുള്ള മറുപടിയല്ല, പൊതുവായ പഠനം മാത്രമാണ്.

ഭാവിയിൽ എപ്പോഴോ യെഹൂദർ ഒന്നടങ്കം പശ്ചാത്തപിച്ച്, യേശുവിനെ കർത്താവും അവരുടെ മിശിഹായുമായി അംഗീകരിക്കും എന്നാണ് ഈ വചനത്തിൻറെ അർത്ഥമെന്ന രീതിയിലാണ് വ്യാഖ്യാനക്കപ്പെടുന്നതും, വിശ്വസിക്കപ്പെടുന്നതും. അവർ എങ്ങനെ ഇത്തരത്തിലുള്ള ഒരു വ്യാഖ്യാനത്തിൽ എത്തിച്ചേർന്നു എന്നതാണ് ആശ്ചര്യകരം.

മത്താ 23:39 സങ്കീ 118:26ൽ നിന്നുള്ള ഉദ്ധരണിയാണെന്നത് എല്ലാവർക്കും അറിയാം.
സങ്കീ 118:26 യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; ഞങ്ങൾ യഹോവയുടെ ആലയത്തിൽ നിന്നും നിങ്ങളെ അനുഗ്രഹിക്കുന്നു.
വചന-പ്രതിവചന രൂപത്തിൽ ആലപിക്കപ്പെടുവാനുള്ളതാണ് സങ്കീർത്തനം 118. (ഒരാൾ ഒരു വചനം ആലപിക്കുമ്പോൾ സഭ പ്രതിവചനം ആലപിക്കുന്ന രീതി.)

113 മുതൽ 118 വരെ സങ്കീർത്തനങ്ങൾ യെഹൂദരുടെ സ്തുതിഗീതങ്ങളാണ് (ഹീബ്രൂവിൽ ഹല്ലേൽ - הלל‎‎). ഇത്തരം സ്തുതിഗീതങ്ങൾ എല്ലാത്തരം കൃതജ്ഞതാപ്രകടനങ്ങൾക്കും, സ്വീകരണങ്ങൾക്കും, യെഹൂദരുടെ പെരുന്നാളുകൾക്കും ആലപിക്കപ്പെടും.

യേശുവും ശിഷ്യന്മാരും പെസഹ വിരുന്നിൽ പങ്കെടുത്ത ശേഷം, എല്ലാ യെഹൂദരെയും പോലെ, ഈ സ്തുതിഗീതങ്ങൾ ആലപിച്ചിരിക്കണം. (മത്താ 26:30; മർക്കോ 14:26).

യേശുവിൻറെ നഗരപ്രവേശത്തിൻറെ സമയത്ത് യെഹൂദർ സങ്കീ 118:26 ചൊല്ലിയത് എന്തിന്?

മത്താ 21:9 മുന്നിലും പിന്നിലും നടന്ന പുരുഷാരം ദാവീദ് പുത്രന് ഹോശന്നാ; കർത്താവിൻറെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്ന് ആർത്തുകൊണ്ടിരുന്നു.
യെഹൂദർ എപ്പോഴും അവരുടെ മിശിഹ എന്ന രാജാവ് വരുന്നതിനായി കാത്തിരുന്നു. യേശു ഒരു കഴുതപ്പുറത്ത് യെരൂശലേമിൽ പ്രവേശിച്ചപ്പോൾ അവർ സെഖ 9:9ലെ പ്രവചനവുമായി ആ സംഭവത്തെ ബന്ധിപ്പിച്ചു.
സെഖ 9:9 സീയോൻ പുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്കുക; യെരൂശലേം പുത്രിയേ, ആർപ്പിടുക! ഇതാ, നിൻറെ രാജാവ് നിൻറെ അടുത്ത് വരുന്നു; അവിടന്ന് നീതിമാനും ജയശാലിയും താഴ്മയുള്ളവനുമായി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു.
മത്തായിയുടെ ആഖ്യാനത്തിൽ ഈ ബന്ധം വ്യക്തമല്ലെങ്കിലും ഇതര സുവിശേഷങ്ങളിൽ നമുക്ക് ഈ ബന്ധം കാണാം.
ലൂക്കോ 19:38 കർത്താവിൻറെ നാമത്തിൽ വരുന്ന രാജാവ് വാഴ്ത്തപ്പെട്ടവൻ; സ്വർഗത്തിൽ സമാധാനവും അത്യുന്നതങ്ങളിൽ മഹത്വവും എന്ന് പറഞ്ഞു. (കാണുക: മർക്കോ 11:9, 10; യോഹ 12:13).

സങ്കീ 118:26 ചൊല്ലിയവർ പശ്ചാത്തപിച്ച്, യേശുവിനെ കർത്താവ് എന്ന് അംഗീകരിച്ചിരുന്നോ?

യേശു പിടിക്കപ്പെട്ടപ്പോൾ അത്രയും നാൾ അവിടത്തെ അനുഗമിച്ചിരുന്ന ജനങ്ങൾ ഉപേക്ഷിച്ച് പോയത് യെഹൂദ മതമേധാവികളുടെ സമ്മർദ്ദം നിമിത്തമാണ് എന്ന് നമുക്ക് തോന്നാം. പക്ഷേ, അത് മാത്രമായിരുന്നോ കാരണം? യേശുവിൻറെ ശുശ്രൂഷയുടെ ആരംഭം മുതൽ അവർ അവിടത്തെ പിന്തുടർന്നപ്പോഴൊന്നും യാതൊരു സമ്മർദ്ദവും ഇല്ലായിരുന്നോ?

ശലോമോൻ രാജാവായി നിയമിതനായ ശേഷം കോവർകഴുതപ്പുറത്ത് നഗരപ്രദക്ഷിണം നടത്തിയത് പോലെ (1രാജാ 1:33) യേശു കഴുതപ്പുറത്ത് യെരൂശലേം നഗരത്തിൽ പ്രവേശിച്ചപ്പോൾ തങ്ങൾ കാത്തുകാത്തിരുന്ന മിശിഹ എന്ന രാജാവ് വന്നിരിക്കുന്നു എന്ന് യെഹൂദർ ധരിച്ചു. യേശു പിടിക്കപ്പെടുകയും വിചാരണയ്ക്ക് വിധേയനാകുകയും ചെയ്തപ്പോൾ അപ്പൊസ്തലന്മാർ പോലും നിരാശരായി:
ലൂക്കോ 24:19 ഏതെന്ന് അവിടന്ന് അവരോട് ചോദിച്ചതിന് അവർ അവിടത്തോട് പറഞ്ഞത്: ദൈവത്തിനും സകല ജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശുവിനെ കുറിച്ചുള്ളത് തന്നേ.
ലൂക്കോ 24:20 നമ്മുടെ മഹാപുരോഹിതരും പ്രമാണികളും അവിടത്തെ മരണശിക്ഷയ്ക്ക് ഏൽപിച്ച്, ക്രൂശിച്ചു.
ലൂക്കോ 24:21 ഞങ്ങൾ അവിടന്ന് യിസ്രായേലിനെ വീണ്ടെടുക്കുവാൻ ഉള്ളവൻ എന്ന് ആശിച്ചിരുന്നു; അത്രയുമല്ല, ഇത് സംഭവിച്ചിട്ട് ഇന്ന് മൂന്നാം നാൾ ആകുന്നു.
ശിഷ്യന്മാർ നിരാശരായെങ്കിൽ സാധാരണക്കാർ നിരാശരായതിൽ അത്ഭുതമുണ്ടോ? നിരാശരായ ഒരു ജനക്കൂട്ടത്തെ മതമേധാവികൾക്ക് അനായാസം സ്വാധീനിക്കുവാൻ കഴിയും.

ഗുണപാഠം: ആരെങ്കിലും “കർത്താവിൻറെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ” എന്ന് ഉരുവിട്ടതുകൊണ്ട് പശ്ചാത്തപിച്ച്, ദൃഢനിശ്ചയത്തോടെ യേശുവിനെ കർത്താവും മിശിഹായുമായി സ്വീകരിച്ചു എന്ന് അർത്ഥമില്ല. മുദ്രാവാക്യങ്ങൾ വിളിക്കുന്നവർ അവരുടെ വായിൽ നിന്നും പുറപ്പെടുന്ന കാര്യങ്ങൾ പൂർണ്ണ ബോധ്യത്തോടെയാണ് പറഞ്ഞിരുന്നതെങ്കിൽ കുഞ്ഞമ്പുവേട്ടൻറെ പുറകിൽ ലക്ഷം ലക്ഷം പേർ കാണുമായിരുന്നു. ചരൺസിങിനെ ജനങ്ങൾ ഓർമ്മിക്കുമായിരുന്നു.

മത്തായി 23ൽ യേശുവിൻറെ ശ്രോതാക്കൾ ആരായിരുന്നു?


ഈ അദ്ധ്യായം ആരംഭിക്കുന്നത് യേശു ജനസമൂഹത്തെയും ശിഷ്യന്മാരെയും അഭിസംബോധന ചെയ്യുന്ന രീതിയിലാണ്. ആദ്യത്തെ 12 വചനങ്ങൾ ഇങ്ങനെയാണ്. പിന്നീട്, 7 തവണ പരീശരെയും ശാസ്ത്രികളെയും അഭിസംബോധന ചെയ്യുന്നത് കാണാം: “കപടഭക്തിക്കാരായ ശാസ്ത്രിമാരേ, പരീശരേ...” (മത്താ 23:13, 14, 15, 23, 25, 27, 29).

നമ്മുടെ ഭാവികാലത്ത് എപ്പോഴോ ശാസ്ത്രിമാരും, പരീശരും സങ്കീ 118:26 ചൊല്ലണമെങ്കിൽ അവർ ഉണ്ടായിരിക്കേണ്ടേ? അവർ ഉണ്ടോ? സദൂക്യർ കി.പി.70ൽ നാശമായി. ശാസ്ത്രിമാരുടെ തൊഴിൽ കൈയ്യെഴുത്തുപ്രതികൾ പകർത്തിയെഴുതുകയാണ്. അച്ചടിവിദ്യ വന്നതോടെ അവർക്ക് പ്രസക്തിയില്ലാതായി. ഒന്നാം നൂറ്റാണ്ടിൽ ഉണ്ടായിരുന്ന ശാസ്ത്രിമാരുടെ പിന്മുറക്കാർ ഇപ്പോൾ ഉണ്ടെന്നതിന് തെളിവില്ല. കി.പി.70ൽ യെരൂശലേം നാശമായപ്പോൾ ക്രിസ്തുവിനെ സ്വീകരിക്കാത്ത ഏറെക്കുറെ എല്ലാവരും നാശമായി. ഇപ്പോഴുള്ള യെഹൂദർ പരീശരുടെ വേദവ്യാഖ്യാനങ്ങളാണ് പിന്തുടരുന്നതെങ്കിലും, ആരും സ്വയം പരീശരാണെന്ന് അവകാശപ്പെടുന്നില്ല.

അതുകൊണ്ട്, പരീശരും ശാസ്ത്രിമാരും സങ്കീ 118:26 ആലപിച്ചിട്ടേ യേശു വരികയുള്ളൂ എങ്കിൽ അങ്ങനെയൊരു വരവ് നടക്കുവാൻ വഴിയില്ല.

യേശു സാധാരണക്കാരായ യെഹൂദരെയാണ് അഭിസംബോധന ചെയ്തതെങ്കിൽ അവരെ കണ്ടെത്തുവാൻ പാടുപെടേണ്ടിവരും, വിശേഷിച്ചും ഇപ്പോഴുള്ള യിസ്രായേലിൽ.

ഇതിന് മുമ്പ് പല തവണ എഴുതിയിട്ടുള്ളത് പോലെ, ഇപ്പോൾ യിസ്രായേലിൽ അധിവസിക്കുന്ന യെഹൂദരിൽ 50%ൽ അധികം മിസ്രയീ യെഹൂദരാണ്. അവരുടെ പേര് ഉണ്ടായിരിക്കുന്നത് മിസ്രയീമിൻറെ (ഈജിപ്‌ത്‌ - നോഹയുടെ മക്കളിൽ ഹാമിൻറെ മകൻ - ഉൽ 10:6) പേരിൽ നിന്നുമാണ്. ഇവർ മിസ്രയീമിൽ നിന്നും, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും, ഇപ്പോഴുള്ള മധ്യപൂർവ്വേഷ്യൻ രാജ്യങ്ങളിൽ നിന്നും പാകിസ്ഥാൻ, ഇന്ത്യ മുതലായ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും വന്നവരാണ്. ഇവരിൽ അധികപക്ഷവും യഥാർത്ഥ യെഹൂദരാണെന്ന് തെളിയിക്കുവാൻ യാതൊരു ചരിത്രരേഖകളും ഇല്ലാത്തവരാണ്.

അടുത്ത വലിയ വംശം അസ്കെനാസി യെഹൂദരാണ്. ഇവരുടെ പേര് നോഹയുടെ പുത്രൻ യാഫെത്തിൻറെ പുത്രൻ ഗോമെരിൻറെ പുത്രന്മാർ അസ്കെനാസിൻറെ (ഉൽ 10:3) പേരിൽ നിന്നുമാണ് ഉണ്ടായിരിക്കുന്നത്. ഇവർക്കും ചരിത്രപരമായി യെഹൂദരാണെന്ന് തെളിയിക്കുവാൻ രേഖകളില്ല. ഇന്ന് ലോകത്തുള്ള യെഹൂദരിൽ 70%-80% ഇവരാണ്. (യഥാർത്ഥ യെഹൂദർ നോഹയുടെ പുത്രൻ, ശേമിൻറെ പിന്മുറക്കാരാണ്.)

മറ്റൊരു പ്രബലമായ വംശം സെഫർദി യെഹൂദരാണ്. സ്പെയിനിൽ നിന്നും വന്ന ഇവർക്കും വ്യക്തമായ ചരിത്രമൊന്നും ഇല്ല.ഇനിയുമുണ്ട് ചെറിയ വംശങ്ങൾ അഞ്ചാറെണ്ണം. ഇവരൊക്കെ യഥാർത്ഥ യിസ്രായേല്യർ ആണെന്ന് തെളിയിക്കുവാൻ ഡി.എൻ.എ ടെസ്റ്റുകൾ പോലും നടത്തി, പക്ഷേ, ഫലങ്ങൾ അവർക്ക് പോലും സ്വീകാര്യമല്ല. (ഗൂഗിളിൽ തേടിനോക്കൂ.)

ഡി.എൻ.എ ടെസ്റ്റുകളിൽ തിരിമറി നടത്താം എന്ന് പരസ്യമായി പ്രസ്താവിച്ചത് യിസ്രായേലിൽ നിന്നുമുള്ള ശാസ്ത്രജ്ഞരാണ് എന്നതാണ് വിചിത്രം. അപ്പോൾ അവരുടെ വംശാവലി തെളിയിക്കുവാനുള്ള ഡി.എൻ.എ ടെസ്റ്റുകളിൽ തിരിമറി നടത്തിയിട്ടില്ല എന്നതിന് എന്താണ് ഉറപ്പ്?

അത്രയും പോരെങ്കിൽ, യിസ്രായേലിലുള്ളവർ യഥാർത്ഥ യെഹൂദരല്ല എന്ന് സമർത്ഥിക്കുന്ന യിസ്രായേലി ചരിത്രകാരന്മാർ ഉണ്ട്.

ഒന്നാം നൂറ്റാണ്ടിലെ യെഹൂദരുടെ പിന്മുറക്കാർ സങ്കീ 118:26 ചൊല്ലിയിട്ട് തിരികെ വരുവാനാണ് യേശുവിൻറെ പദ്ധതിയെങ്കിൽ അങ്ങനെയൊരു സംഭവം നടന്നെന്നുവരില്ല.

യേശു എന്തായിരിക്കാം ഉദ്ദേശിച്ചത്?


യെഹൂദരുടെ പെരുന്നാളുകളിലും, ആഘോഷങ്ങളിലും, ബലി അർപ്പിക്കുമ്പോഴും ആലപിക്കുന്ന സ്തുതിഗീതങ്ങളിൽ ഒന്നാണ് സങ്കീ. 118 എന്നത് ഓർമ്മിക്കുക.

യേശുവിൻറെ ശുശ്രൂഷയിൽ ഉടനീളം അവിടന്നും യെഹൂദ മതമേധാവികളുമായുള്ള (പരീശർ, സദൂക്യർ, ശാസ്ത്രിമാർ, പുരോഹിതന്മാർ, ഹെരോദ്യർ) ഏറ്റുമുട്ടലുകൾ സംഭവിച്ചിട്ടുണ്ട്. മത്തായി 23ൽ വിവരിച്ചിട്ടുള്ള ഏറ്റുമുട്ടലിൻറെ അവസാനത്തിലാണ് നമ്മുടെ ഈ ചർച്ചയ്ക്ക് ആസ്പദമായ വാക്കുകൾ യേശു പറഞ്ഞത്. അതിന് ശേഷം പെസഹ വരെ 2 ദിവസമെങ്കിലും സമയമുണ്ടായിരുന്നു. (മത്താ 26:2; മർക്കോ 14:1);

യേശു ശിഷ്യന്മാരോടൊപ്പം പെസഹ ഭക്ഷിക്കുകയും അതിൻറെ ഒടുവിൽ സ്തുതിഗീതങ്ങൾ ആലപിച്ചു എന്നും നാം വായിക്കുന്നു. (മത്താ 26:17-30; മർക്കോ 24:12-26). ആ സ്തുതിഗീതങ്ങളിൽ സങ്കീ 118 ഉൾപ്പെട്ടിരിക്കണം, കാരണം, അത് യെഹൂദരുടെ പതിവാണ്.

ബാക്കി യെഹൂദർ അടുത്ത അസ്തമയത്തിലായിരിക്കണം പെസഹ ഭക്ഷിച്ചത്, കാരണം:
യോഹ 18:28 പുലർച്ചയ്ക്ക് അവർ യേശുവിനെ കയ്യാഫാവിൻറെ അടുത്ത് നിന്നും ആസ്ഥാനത്തിലേക്ക് കൊണ്ടുപോയി; തങ്ങൾ അശുദ്ധമാകാതെ പെസഹ കഴിക്കുവാൻ തക്കവണ്ണം ആസ്ഥാനത്തിൽ കടന്നില്ല.
പെസഹ ഭക്ഷിക്കുന്നത് അസ്തമയത്തിലാണ്. യേശു അസ്തമയത്തിൽ പെസഹ ഭക്ഷിച്ചതിന് ശേഷമാണ് പിടിക്കപ്പെട്ടത് എന്നതിനാൽ ഇവിടെ പരാമർശിക്കപ്പെടുന്നത് അടുത്ത ദിവസത്തെ പുലർച്ചയെ പറ്റിയാണ്. അന്ന് അസ്തമയത്തിൽ അവർ പെസഹ ഭക്ഷിക്കുകയും സ്തുതിഗീതങ്ങൾ ആലപിക്കുകയും ചെയ്തിരിക്കണം. അതായത്, മത്താ 23ലെ അഭിസംബോധനയ്ക്ക് ശേഷം യേശുവിനെ അവർ കണ്ടത് യേശുവും ശിഷ്യന്മാരും സ്തുതിഗീതങ്ങൾ ആലപിച്ചതിനും യെഹൂദർ ആലപിച്ചതിനും ഇടയിലുള്ള സമയത്താണ്.

യെഹൂദർ സ്തുതിഗീതങ്ങൾ ആലപിക്കുന്ന നിമിഷത്തെ പറ്റിയല്ല, അതിന് കാരണമായ ദിവസത്തെ (പെസഹയെ) പറ്റിയാണ് യേശു ഉദ്ദേശിച്ചത് എന്ന് കരുതുന്നതിൽ തെറ്റില്ല. തന്നെയുമല്ല, അസ്തമയ സമയത്ത് പെസഹ ഭക്ഷിക്കേണ്ടിയിരുന്ന യെഹൂദർ പുലർച്ച മുതൽ തങ്ങളെ അശുദ്ധരാക്കാതെ സൂക്ഷിച്ചിരുന്നെങ്കിൽ അവർ ആ ദിവസം മുഴുവൻ സ്തുതിഗീതങ്ങൾ തങ്ങളുടെ മനസ്സിൽ മന്ത്രിച്ചിരുന്നു എന്ന് ഊഹിക്കാം. (ശരിയാണ്, അത് ഊഹമാണ്. പക്ഷേ, നിലനിൽക്കാത്ത പരീശരും, ശാസ്ത്രിമാരും ഭാവിയിൽ എപ്പോഴോ സ്തുതിഗീതങ്ങൾ ആലപിക്കും എന്ന് ഊഹിക്കുന്നതിനേക്കാൾ മികച്ച ഊഹമല്ലേ ഇത്?)

കൂടുതൽ മികച്ച ഉത്തരം.


ഭവിതവാദികളായ (പ്രെട്രിസ്റ്റുകളായ) നമ്മൾ വിശ്വസിക്കുന്നത് കി.പി.70ൽ യെരൂശലേം നഗരത്തിന് റോമൻ സൈന്യം ഉപരോധം ഏർപ്പെടുത്തിയത് (ലൂക്കോ 21:20) യേശു ന്യായവിധിക്കായി വന്നതിൻറെ പ്രത്യക്ഷതയാണെന്ന് ആണല്ലോ? (വിശദവിവരങ്ങൾ മറ്റ് ലേഖനങ്ങളിൽ ഉണ്ട്). ഉപരോധം ആരംഭിച്ചത് കി.പി.70ലെ പെസഹയ്ക്ക് ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു. അന്നുമുതൽ ദേവാലയം നശിപ്പിക്കപ്പെട്ട ആഗസ്റ്റ് 10 (അല്ലെങ്കിൽ മാസാവസാനം) വരെ ഏകദേശം 5-6 യെഹൂദ പെരുന്നാളുകൾ ഉണ്ടായിരുന്നു. അപ്പോഴെല്ലാം യെഹൂദരുടെ പതിവനുസരിച്ച് സങ്കീ 118 അടക്കമുള്ള സ്തുതിഗീതങ്ങൾ ആലപിക്കപ്പെട്ടിരിക്കും.

കി.പി. 70ലെ പെസഹയിൽ സങ്കീ 118:26 ആലപിക്കപ്പെടുന്നതിനെ പറ്റിയാണ് യേശു യേശു പരീശരോടും ശാസ്ത്രികളോടും പറഞ്ഞതെങ്കിലോ? ഭവിഷ്യവാദികളുടെ വ്യാഖ്യാനത്തേക്കാൾ, മുകളിൽ നൽകിയിരിക്കുന്ന വ്യാഖ്യാനത്തേക്കാൾ ഇതാണ് യുക്തിയുക്തം എന്ന് തോന്നുന്നു, കാരണം, കി.പി.70ൽ പരീശരും, ശാസ്ത്രിമാരും, ലോകത്തിൽ എല്ലായിടത്തും നിന്നുമുള്ള യെഹൂദരും അന്ന് അവിടെ ഉണ്ടായിരുന്നു. (ജോസഫസിൻറെ ചരിത്ര ഗ്രന്ഥങ്ങളിൽ ഇത് കാണാം.)

ഏതായാലും യേശുവിൻറെ പ്രത്യക്ഷത യേശുവിനെ കുത്തിയവർ ഉള്ളപ്പോൾ നടക്കണം എന്നതിനാൽ കി.പി.70 ആണ് കൂടുതൽ മികച്ച ഉത്തരം.
വെളി 1:7 ഇതാ, അവിടന്ന് മേഘാരൂഢനായി വരുന്നു; എല്ലാ കണ്ണുകളും, അവിടത്തെ കുത്തിത്തുളച്ചവരും അവിടത്തെ കാണും; ഭൂമിയിലെ ഗോത്രങ്ങൾ എല്ലാം അവിടത്തെ പറ്റി വിലപിക്കും. ഉവ്വ്, ആമേൻ.
സെഖ 12:10 ഞാൻ ദാവീദ് ഗൃഹത്തിൻറെ മേലും യെരൂശലേം നിവാസികളുടെ മേലും കൃപയുടെയും യാചനകളുടെയും ആത്മാവിനെ പകരും; തങ്ങൾ കുത്തിയവനിലേക്ക് അവർ നോക്കും; ഏകജാതനെ കുറിച്ച് വിലപിക്കുന്നത് പോലെ അവർ അവിടത്തെ കുറിച്ച് വിലപിക്കും; ആദ്യജാതനെ കുറിച്ച് വ്യസനിക്കുന്നത് പോലെ അവർ അവിടത്തെ കുറിച്ച് വ്യസനിക്കും.
യേശുവിനെ കുത്തിയവരുടെ പിൻഗാമികളെയല്ല ഇവിടെ പരാമർശിക്കുന്നത്, അതുകൊണ്ട്, മറ്റെല്ലാ വേദഭാഗങ്ങളെയും പോലെ, മത്താ 23:39 യേശുവിൻറെ ശിഷ്യന്മാരുടെയും, അവിടത്തെ കുത്തിയവരുടെയും കാലത്ത് നിറവേറേണ്ടിയിരുന്നു.

ഉപസംഹാരം.

  • ഇപ്പോൾ പരീശരും, ശാസ്ത്രിമാരും ഇല്ല.
  • ആധുനിക യിസ്രായേലിലുള്ള യെഹൂദർ യിസ്രായേലിൻറെ 12 ഗോത്രങ്ങളുടെ പിന്മുറക്കാരാണെന്നതിന് തെളിവില്ല.
  • യേശു കഴുതപ്പുറത്ത് യെരൂശലേമിലേയ്ക്ക് വന്നപ്പോൾ സങ്കീ 118:26 ആലപിച്ച യെഹൂദർ പശ്ചാത്തപിച്ച് യേശുവിനെ മിശിഹ എന്ന് അംഗീകരിച്ചു എന്നതിന് തെളിവില്ല.
  • സങ്കീർത്തനം 118 സ്തുതിഗീതങ്ങളുടെ ഭാഗമാണ് അത് യെഹൂദർ അവരുടെ പെരുന്നാളുകളിലും വിശേഷ അവസരങ്ങളിലും പാടാറുള്ളതാണ്, അതിന് യേശുവിൻറെ രണ്ടാം വരവുമായി ബന്ധമില്ല.
  • യേശുവിൻറെ പ്രസ്താവന പൂർത്തിയാകുവാനുള്ള മാനദണ്ഡങ്ങളെല്ലാം ഒത്തുവരുന്നത് കി.പി.70ലാണ്.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

Saturday, October 1, 2016

ദശാംശം: പാസ്റ്റർമാർ നടത്തുന്ന തട്ടിപ്പ്. ഭാഗം #3: സഭ, സഭയുടെ നടത്തിപ്പ്, സുവിശേഷ പ്രഘോഷണം.

ഈ ലേഖനം ദശാംശത്തെ പറ്റി മാത്രം പ്രതിപാദിക്കുന്ന ഒരു ബ്ലോഗിലേയ്ക്ക് മാറ്റിയിരിക്കുന്നു. ആ പേജിലേയ്ക്ക് തനിയേ പോകും. അസൌകര്യത്തിന് ക്ഷമാപണം.

ദശാംശം: പാസ്റ്റർമാർ നടത്തുന്ന തട്ടിപ്പ്. ഭാഗം #2 - പുതിയനിയമം.

ഈ ലേഖനം ദശാംശത്തെ പറ്റി മാത്രം പ്രതിപാദിക്കുന്ന ഒരു ബ്ലോഗിലേയ്ക്ക് മാറ്റിയിരിക്കുന്നു. ആ പേജിലേയ്ക്ക് തനിയേ പോകും. അസൌകര്യത്തിന് ക്ഷമാപണം.

ദശാംശം: പാസ്റ്റർമാർ നടത്തുന്ന തട്ടിപ്പ്. ഭാഗം #1: പഴയനിയമം.

ഈ ലേഖനം ദശാംശത്തെ പറ്റി മാത്രം പ്രതിപാദിക്കുന്ന ഒരു ബ്ലോഗിലേയ്ക്ക് മാറ്റിയിരിക്കുന്നു. ആ പേജിലേയ്ക്ക് തനിയേ പോകും. അസൌകര്യത്തിന് ക്ഷമാപണം.