Thursday, June 30, 2016

പത്രോസിനെയും ഇതര ശിഷ്യന്മാരെയും കോതമ്പ് പോലെ പാറ്റിയ യെഹൂദ്യ സാത്താൻ!

ക്രിസ്തുവിൽ പ്രിയരേ,

പത്രോസും സാത്താനുമായുള്ള ഏറ്റുമുട്ടലുകളെ പറ്റിയുള്ള പരമ്പരയുടെ രണ്ടാം ഭാഗമാണ് ഈ ലേഖനം. ഒന്നാം ഭാഗം ഇവിടെ വായിക്കാം.

പത്രോസിനെയും ശിഷ്യന്മാരെയും കോതമ്പ് പോലെ പാറ്റുന്ന സാത്താൻ!

ലൂക്കോ 22:31 ശിമെയോനേ, ശിമെയോനേ, സാത്താന്‍ നിങ്ങളെ കോതമ്പ് പോലെ പാറ്റുവാൻ അഭിലഷിച്ചു (കല്‍പന ചോദിച്ചു എന്നത് തെറ്റായ പരിഭാഷയാണ്).
Luk 22:31 And the Lord said, Simon, Simon, behold, Satan hath desired to have you, that he may sift you as wheat:
ഇതേ അദ്ധ്യായത്തിൻറെ ആരംഭത്തിൽ (ലൂക്കോ 22:3) സാത്താൻ യൂദാസിൻറെ ഉള്ളിൽ പ്രവേശിച്ചതാണ്. അവിടെ നിന്നും ഇറങ്ങിയിട്ടാണോ അതോ യൂദാസിൻറെ ഉള്ളിൽ ഇരുന്നുകൊണ്ടാണോ പത്രോസിനെയും മറ്റ് ശിഷ്യന്മാരെയും കോതമ്പ് പാറ്റുന്നത് പോലെ പാറ്റുവാൻ അഭിലഷിച്ചത്?

മലയാളം വേദപുസ്തകത്തിൽ എഴുതിയിരിക്കുന്നത് പോലെ സാത്താൻ ശിഷ്യന്മാരെ കോതമ്പ് പോലെ പാറ്റുവാൻ കല്‍പന ചോദിച്ചെങ്കിൽ ആരോട് ചോദിച്ചു? ദൈവത്തോടോ? ദൈവത്തോട് കൽപന ചോദിക്കുവാൻ സാത്താൻ എപ്പോഴാണ് സ്വർഗ്ഗത്തിലേക്ക് പോയത്? കാരണം, ലൂക്കോസിൻറെ സുവിശേഷത്തിൽ ശിഷ്യന്മാർ അവരുടെ ആദ്യത്തെ പൊതുശുശ്രൂഷയ്ക്ക് പോയിവന്നപ്പോൾ യേശു ഇങ്ങനെ പറഞ്ഞു:
ലൂക്കോ 10:18 അവന്‍ അവരോട് സാത്താന്‍ മിന്നല്‍ പോലെ ആകാശത്ത് (ആകാശത്തിനും സ്വർഗത്തിനും ഗ്രീക്കിൽ വേറെവേറെ വാക്കുകൾ ഇല്ല) നിന്നും വീഴുന്നത് ഞാന്‍ കണ്ടു.
Luk 10:18 And he said unto them, I beheld Satan as lightning fall from heaven.
ചില പണ്ഡിതന്മാർ പറയുന്നത് ലൂക്കോ 10:18ൽ പറയപ്പെടുന്ന വിഷയം ലോകാരംഭത്തിലോ, അതിന് മുമ്പോ നടന്നതാണ് എന്നാണ്; ആയിക്കോട്ടെ.
അങ്ങനെ സ്വർഗത്തിൽ നിന്നും താഴെവീണ സാത്താൻ പിന്നീട് എപ്പോഴാണോ യേശുവിൻറെ ശിഷ്യന്മാരെ കോതമ്പ് പോലെ പാറ്റുവാൻ ദൈവത്തോട് കൽപന ചോദിക്കുവാൻ സ്വർഗത്തിലേക്ക് പോയത്? (ഇയ്യോബിൻറെ കാലത്ത് സാത്താൻ പല തവണ സ്വർഗത്തിൽ പോയിവന്നിട്ടില്ലേ എന്ന ചോദ്യം ഉയരാം. ഉത്തരം ഇവിടെയുണ്ട്.)

പരിഭാഷയിൽ നഷ്ടമായത്:


പ്രിയരേ, തുടർന്നുവരുന്ന വചനത്തിൻറെ (ലൂക്കോ 10:18) പരിഭാഷയിലാണ് സംഗതികൾ ആകെ കുളമായത്.
ലൂക്കോ 22:32 നിന്‍റെ വിശ്വാസം നഷ്ടപ്പെടാതിരിക്കുവാന്‍ നിനക്ക് വേണ്ടി അപേക്ഷിച്ചു; എന്നാല്‍ നീ തിരികെവന്ന് നിന്‍റെ സഹോദരന്മാരെ ശക്തിപ്പെടുത്തേണം.
Luk 22:32 But I have prayed for thee, that thy faith fail not: and when thou art convertedG1994, strengthen thy brethren. (KJV)
Luk 22:32  but I have prayed for you that your faith may not fail. And when you have turned again, strengthen your brothers. (ESV)

ഈ വചനത്തിൽ ഇംഗ്ലീഷിൽ (KJV - King James Versionൽ) converted എന്നും മലയാളത്തിൽ തിരികെവന്ന് എന്നും പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്കിന് (ἐπιστρέφω, ep-ee-stref'-o, എപീസ്ട്രെഫോ, സ്ട്രോങ്സ് നിഘണ്ടുവിൽ G1994) converted അല്ലെങ്കിൽ പരിവർത്തനപ്പെടുക എന്ന അർത്ഥമില്ല. ദൌർഭാഗ്യവശാൽ നമ്മുടെ പാസ്റ്റർമാരും പ്രസംഗകരും അവരുടെ സിദ്ധാന്തങ്ങൾ KJVയുടെ അടിസ്ഥാനത്തിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്. ഈ ഗ്രീക്ക് വാക്കിന് തിരികെവരിക എന്നതാണ് അർത്ഥം. ദൈവത്തിൻറെ അടുത്തേക്ക് തിരികെവരിക (to convert) എന്ന അർത്ഥത്തിൽ ഈ വാക്ക് 6 തവണ പരിഭാഷപ്പെടുത്തിയിരിക്കുന്നു എന്നതൊഴികെ, 33 തവണ തിരികെവരിക (to return, to come back) എന്നാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.

[KJV വായിക്കുന്നവർക്ക് ഒരു സൂചന. KJVയിൽ മധ്യമപുരുഷൻറെ ഏകവചനം (second person, singular) സൂചിപ്പിക്കുവാനാണ് thy, thee, thou എന്നീ വാക്കുകൾ ഉപയോഗിച്ചിരിക്കുന്നത്. മധ്യമപുരുഷൻറെ ബഹുവചനം (second person, plural) സൂചിപ്പിക്കുവാൻ you, your എന്നീ വാക്കുകൾ ഉപയോഗിച്ചിരിക്കുന്നു.]

ഇവിടെ “നിന്‍റെ വിശ്വാസം നഷ്ടപ്പെടാതിരിക്കുവാന്‍ നിനക്ക് വേണ്ടി അപേക്ഷിച്ചു”, “നീ തിരികെവന്ന് നിന്‍റെ സഹോദരന്മാരെ ശക്തിപ്പെടുത്തേണം” എന്ന് പറഞ്ഞതിൻറെ താൽപര്യം: എല്ലാ ശിഷ്യന്മാരുടെയും വിശ്വാസം നഷ്ടപ്പെടുമെന്നും, നിൻറെ വിശ്വസവും നഷ്ടപ്പെടുവാൻ സാദ്ധ്യതയുള്ളതിനാൽ ഞാൻ നിനക്ക് വേണ്ടി പ്രാർത്ഥിച്ചു എന്നതല്ലേ?

എന്താണ് ഇവിടെ നടക്കുന്നത്? ആരിലേക്ക് തിരികെവരണം?


വിട്ടുപോയതോ, ദൂരെ പോയതോ അല്ലേ തിരികെവരേണ്ടത്?

വേദപുസ്തകം വായിക്കുമ്പോൾ സാമാന്യബുദ്ധി എടുത്ത് ചവറ്റുകുട്ടയിൽ എറിയണമെന്ന് വേദപുസ്തകത്തിൽ എവിടെയെങ്കിലും എഴുതിയിട്ടുണ്ടോ? നാം എന്തുകൊണ്ട് സാമാന്യബുദ്ധി ഉപയോഗിക്കുന്നില്ല?

സാത്താന്‍ നിങ്ങളെ (ബഹുവചനം - ശിഷ്യന്മാരെ) കോതമ്പ് പോലെ പാറ്റുവാൻ അഭിലഷിച്ചു (ലൂക്കോ 22:31). കോതമ്പ് പാറ്റുമ്പോൾ എന്ത് സംഭവിക്കും? പതിരും ഉമിയും ദൂരെ തെറിക്കും - തെറിച്ചോ? തെറിച്ചു! യൂദാസ് തെറിച്ചു, വളരെ ദൂരെ തെറിച്ചു. ബാക്കിയുള്ള ചില ധാന്യമണികൾ അടുത്തേക്ക് തെറിക്കും, മുറത്തിൽ ബാക്കിയുള്ളവ ഇളകിമറിയും. ശിഷ്യന്മാർ തെറിച്ചോ? ഇളകി മറിഞ്ഞോ?

യേശു പിടിക്കപ്പെട്ടപ്പോൾ ശിഷ്യന്മാർ ഓടിപ്പോയില്ലേ? (മത്താ 26:56; മർക്കോ 14:50). ഞങ്ങളുടെ നാട്ടിൽ പറയുന്നത് പോലെ: ഓല് ഓടിയ ഓടിയ വഴിയിൽ പിന്നെ പുല്ല് മൊളച്ചിട്ടില്ല!  ശിഷ്യന്മാരിൽ ഏതോ ഒരു ചെറുപ്പക്കാരൻറെ ഉടുതുണിയിൽ നാട്ടുകാർ പിടികൂടിയപ്പോൾ അയാൾ അതും ഉപേക്ഷിച്ചാണ് ഓടിയത് (മർക്കോ 14:51). മഹാപുരോഹിമന്മാരുടെ അടുത്ത് പിടിപാട് ഉണ്ടായിരുന്ന പേര് വെളിപ്പെടുത്താത്ത ഒരു ശിഷ്യൻ വിചാരണ നടക്കുന്ന സ്ഥലത്ത് കയറിക്കൂടി (യോഹ 18:15). പത്രോസ് പാത്തും പതുങ്ങിയും വിചാരണ നടക്കുന്ന സ്ഥലത്ത് വന്നതും യേശുവിനെ തവണ തള്ളിപ്പറഞ്ഞതും സുപരിചിതമായ സംഭവങ്ങളാണ്.


ഈ ശിഷ്യന്മാരെ ഓടിച്ചത് സാത്താനാണോ? ഉടുതുണിക്ക് കയറിപ്പിടിച്ചത് സാത്താനാണോ? അവർ ഓടിയത് സാത്താനെ പേടിച്ചിട്ടാണോ? യേശുവിനെ വധിക്കുവാൻ താൽപര്യം കാണിക്കാതിരുന്ന സാത്താന് ശിഷ്യന്മാരുടെ കാര്യത്തിൽ എന്താണാവോ ഇത്ര അമിത താൽപര്യം?

“വിത്തൌട്ട്” സാത്താൻ

ചായക്കടകളിൽ പോകുന്ന പ്രമേഹരോഗികൾ ചോദിക്കുന്ന സാധനമാണ് “വിത്തൌട്ട്” (പഞ്ചസാരയില്ലാത്ത ചായ). അതുപോലെ തന്നെ ലൂക്കോസ് 22ൽ പറയപ്പെട്ടിരിക്കുന്ന അതേ കാര്യങ്ങൾ മത്തായി 26ൽ സാത്താൻ ഇല്ലാതെ പറഞ്ഞിരിക്കുന്നത് കാണാം.  (ഈ രണ്ട് വേദഭാഗങ്ങളും ഒന്നുതന്നെയാണ്. ഈ രണ്ട് വേദഭാഗങ്ങളെയും  തുടർന്നുവരുന്ന വചനങ്ങളിൽ പത്രോസ് യേശുവിനെ 3 തവണ തള്ളിപ്പറയും എന്നുള്ള പ്രവചനമാണ്.)
മത്താ 26:31 യേശു അവരോട്: ഈ രാത്രിയില്‍ നിങ്ങള്‍ എല്ലാവർക്കും  ഞാൻ നിമിത്തം ഇടറൽ ഉണ്ടാകും; ഞാന്‍ ഇടയനെ അടിക്കും; ആട്ടിൻപറ്റത്തിലെ ആടുകള്‍ ചിതറിപ്പോകും എന്ന് എഴുതിയിരിക്കുന്നുവല്ലോ.
ഇടയനെ അടിച്ചവർ തന്നെയാണ് ആടുകൾ ചിതറിപ്പോകുവാൻ കാരണമായത്. ഇവിടെ സാത്താൻ നിമിത്തം ഇടറൽ ഉണ്ടാകും എന്ന് പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധിക്കുക. പൊതുവെ വിശ്വസിക്കപ്പെടുന്നത് പോലെയുള്ള സാത്താന് ഈ സംഭവത്തിൽ ഒരു പങ്കുമില്ല.

യേശുവിനെ വധിക്കുവാൻ പരിപാടിയിട്ട (യോഹ 7:1) യെഹൂദ്യ മതമേധാവികൾ അവിടത്തെ പിന്തുടരുന്നവരെ വെറുതെ വിടുമോ? യേശു കുരിശുമായി പോകുമ്പോൾ പോലും ചോദിച്ചത് ഓർമ്മയുണ്ടോ?
ലൂക്കോ 23:31 പച്ചമരത്തോട് ഇങ്ങനെ ചെയ്താല്‍ ഉണങ്ങിയതിനോട് എന്ത് ചെയ്യില്ല?
പച്ചമരത്തിനോട് ക്രൂരമായി പെരുമാറിയത് യെഹൂദ്യരോ, സാത്താനോ?

ആത്യന്തികമായി ഭയമാണ്, ജീവഭയമാണ്, ഇടറലിന് കാരണമാകുന്നത്. യേശു ലൂക്കോ 22:32ൽ പത്രോസിനോട് “നീ തിരികെവന്ന് നിന്‍റെ സഹോദരന്മാരെ ശക്തിപ്പെടുത്തേണം” എന്ന് പറഞ്ഞത് ഇടറലിൽ നിന്നും തിരികെവരുന്നതിനെ പറ്റിയാണോ, അതോ ഓടിപ്പോയ ശിഷ്യന്മാർ തിരികെവരുന്നതിനെ പറ്റിയാണോ?

ഈ രണ്ടിൽ ഏതായാലും ഈ വേദഭാഗത്തിൽ സാത്താൻ ആയിരിക്കുവാൻ സാദ്ധ്യതയുള്ള രണ്ട് കാര്യങ്ങളേ ഉള്ളൂ.
  1. യെഹൂദ്യർ, മതമേധാവികളും അക്രമാസക്തമായ ജനക്കൂട്ടവും
  2. ജീവഭയവും അതുകൊണ്ട് ഉണ്ടാകുന്ന ഇടറലും.
ഏതായാലും, ബാഹ്യാകാശത്ത് നിന്നും ത്രിശൂലവും പിളർന്ന വാലും, തേറ്റയും, കറുപ്പ് നിറവുമുള്ള ഒരു ഭീകരജീവിയുടെ ആവശ്യം ഈ വേദഭാഗത്ത് ഇല്ല.

ആരാണ് സാത്താൻ? യെഹൂദ്യരോ, ഭയമോ?

രണ്ടും എന്നതായിരിക്കും ശരിയായ ഉത്തരം. വളരെ പ്രതികൂലമായ സാഹചര്യങ്ങളിൽ ഭയം ഉണ്ടാകുന്നതും, യേശുവിനെ പോലും തള്ളിപ്പറയേണ്ടിവന്നതും ശിക്ഷാർഹമായ തെറ്റല്ല. അതേസമയം, ഒരാളെ അത്തരം സാഹചര്യങ്ങിലേക്ക് തള്ളിവിടുന്നവർക്ക് ശിക്ഷ ഒഴിവാകുമോ?

മറ്റൊരു സന്ദർഭത്തിലാണ് എങ്കിൽപോലും യേശു പറയുന്നത് ശ്രദ്ധിക്കുക:
മത്താ 18:6 എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവന് ഇടര്‍ച്ച വരുത്തുന്നവൻ സ്വന്തം കഴുത്തില്‍ വലിയ ഒരു തിരികല്ല് കെട്ടി സ്വയം സമുദ്രത്തിന്‍റെ ആഴത്തില്‍ മുങ്ങിത്താഴുന്നതാണ് അവന് നല്ലത്.
എന്തുകൊണ്ട്? അവന് ലഭിക്കുന്ന ശിക്ഷ താങ്ങുവാൻ കഴിയാത്തതായിരിക്കും. ശിക്ഷ എന്ന് കേട്ടാലുടനെ നരകം എന്ന് ധരിക്കരുതേ. (നരകത്തെ പറ്റി വഴിയേ എഴുതാം, കർത്താവിന് ചിത്തമായിരുന്നാൽ)
ലൂക്കോ 18:7 രാത്രിയും പകലും അവിടത്തോട് നിലവിളിക്കുന്ന അവിടത്തെ തെരഞ്ഞെടുക്കപ്പെട്ടവർക്ക് വേണ്ടി ദൈവം പ്രതികാരം ചെയ്യില്ലേ? അവർക്ക് നീതി ലഭിക്കുന്നതിൽ അവിടന്ന് താമസം വരുത്തുമോ?
Luk 18:7 And shall not God avenge his own elect, which cry day and night unto him, though he bear long with them?
ലൂക്കോ 18:8 ദൈവം അവർക്ക് വളരെ വേഗം നീതി ലഭ്യമാക്കും...
Luk 18:8 I tell you that he will avenge them speedily...

വളരെ വേഗം നീതി ലഭ്യമാക്കി ... യേശുവിൻറെ പീഡാനുഭവ വേളയിൽ മാത്രമല്ല, അതിന് ശേഷവും അപ്പൊസ്തലന്മാരെ പീഡിപ്പിക്കുകയും വധിക്കുകയും ചെയ്ത യെഹൂദ്യ സാത്താന് ശിക്ഷ ലഭിച്ചു: കി.പി.70ൽ. യെഹൂദ്യരെയും അവരുടെ ദേവാലയത്തെയും നഗരത്തെയും രാജ്യത്തെയും നശിപ്പിച്ചു. യെഹൂദ്യ സാത്താൻറെ അന്ത്യം.


ഭയം, ദ്രവ്യാഗ്രഹം മുതലായ വികാരങ്ങൾ സാത്താനായി വർത്തിക്കാം. അക്രമാസക്തമായ ജനക്കൂട്ടം, അടിച്ചമർത്തുന്ന മതങ്ങൾ എന്നിവയുള്ളപ്പോൾ സാത്താൻ എന്നൊരു സ്വത്വത്തിൻറെ ആവശ്യമേയില്ല.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

ഭയം, പത്രോസിൻറെ സാത്താൻ (യേശു സാത്താന് നൽകുന്ന നിർവചനം.)

ക്രിസ്തുവിൽ പ്രിയരേ,

ഇതിന് മുമ്പ് എഴുതിയ ലേഖനത്തിൽ ദ്രവ്യാശ ആയിരുന്നു യൂദാസിൻറെ സാത്താൻ എന്ന് നാം കണ്ടു. ഈ ലേഖനത്തിലും, അടുത്തതിലും പത്രോസും സാത്താനും തമ്മിലുള്ള ഏറ്റുമുട്ടലുകൾ പരിശോധിക്കുന്നു.

വേദപുസ്തകത്തിലെ ഏറ്റവും അവിസ്മരണീയമായ ഭാഗങ്ങളിലൊന്നാണ് മത്തായി 16:13-17. ജനങ്ങൾ യേശുവിനെ ഒരു പ്രവാചകനാണെന്ന് കണക്കാക്കുന്നു എന്ന് ശിഷ്യന്മാർ പറഞ്ഞപ്പോൾ:
മത്താ 16:15 “ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നത്?” എന്ന് അവിടന്ന് ചോദിച്ചതിന്,
മത്താ 16:16 ശിമെയോന്‍ പത്രോസ്: “നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു” എന്നും ഉത്തരം പറഞ്ഞു.
മത്താ 16:17 യേശു അവനോട്: “ബര്‍യോനാ ശിമെയോനെ, നീ അനുഗ്രഹീതന്‍; മാംസവും രക്തവും അല്ല, സ്വര്‍ഗസ്ഥനായ എന്‍റെ പിതാവാണ് നിനക്ക് ഇത് വെളിപ്പെടുത്തിയത്...”
ഈ സന്ദർഭത്തിൽ പത്രോസ് പരിപൂർണ്ണമായും ദൈവാത്മാവിനാൽ നിറഞ്ഞ ദൈവത്തിൻറെ മനുഷ്യനാണ്.
1യോഹ 4:2 ദൈവത്തില്‍ നിന്നുള്ള ആത്മാവിനെ ഇതിനാല്‍ അറിയാം; യേശു ക്രിസ്തു മാംസത്തില്‍ വന്നു എന്ന് സ്വീകരിക്കുന്ന ആത്മാവെല്ലാം ദൈവത്തില്‍ നിന്നുള്ളതാണ്.
ഏകദേശം അതേ സമയത്ത് ആയിരിക്കണം യേശു അവിടത്തെ ശിഷ്യന്മാരോട് അവിടത്തേക്ക് യെരൂശലേമിൽ നേരിടേണ്ടിയിരുന്ന പീഡാസഹനത്തെ പറ്റി സംസാരിക്കുവാൻ തുടങ്ങിയത്:
മത്താ 16:21 അപ്പോൾ മുതല്‍ യേശു അവിടന്ന് യെരൂശലേമില്‍ ചെന്ന്, മൂപ്പന്മാര്‍, മഹാപുരോഹിതര്‍, ശാസ്ത്രിമാര്‍ എന്നിവരാല്‍ പലതും സഹിച്ച്, കൊല്ലപ്പെടുകയും മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യണം എന്ന് ശിഷ്യന്മാരോട് പ്രസ്താവിച്ചു തുടങ്ങി.
Mat 16:21 From that time forth began Jesus to shew unto his disciples, how that he must go unto Jerusalem, and suffer many things of the elders and chief priests and scribes, and be killed, and be raised again the third day.
പത്രോസ് യേശുവിനെ “ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു” എന്ന് ഏറ്റുപറഞ്ഞതിനും യേശു ഈ പ്രസ്താവം നടത്തിയതിനും ഇടയിൽ എത്ര സമയം കഴിഞ്ഞുപോയിരിക്കും? 5 മിനിറ്റ്? 10 മിനിറ്റ്? അര മണിക്കൂർ? ഒരു മണിക്കൂർ? ഒരു ദിവസം? തുടർന്നുവരുന്ന വചനം ശ്രദ്ധിക്കുക:
മത്താ 16:22 പത്രോസ് യേശുവിനെ പ്രത്യേകം മാറ്റിനിറുത്തി: “കര്‍ത്താവേ, അരുത്; അവിടത്തേയ്ക്ക് അങ്ങനെ സംഭവിക്കരുത്” എന്ന് ശാസിക്കുവാന്‍ തുടങ്ങി.
പത്രോസിൻറെ ഈ ഭാവപ്പകർച്ച യേശുവിന് തികച്ചും അപ്രിയകരമായിരുന്നു:
മത്താ 16:22 യേശു തിരിഞ്ഞ് പത്രോസിനോട്: “കടന്നുപോകൂ, സാത്താനേ; നീ എനിക്ക് ഇടര്‍ച്ചയാണ്; നിൻറെ ചിന്ത ദൈവത്തിന്‍റേതല്ല മനുഷ്യരുടേതാണ്” എന്ന് പറഞ്ഞു.
Mat 16:23 But he turned, and said unto Peter, GetG5217 thee behindG3694 me,G3450 Satan:G4567 thou art an offence unto me: for thou savourest not the things that be of God, but those that be of men.
ദൈവത്തിൽ നിന്നുള്ള ആത്മാവിനാൽ യേശുവിനെ ക്രിസ്തു എന്ന് ഏറ്റുപറഞ്ഞ പത്രോസ് മനുഷ്യരുടെ ചിന്ത മൂലം അതേ ക്രിസ്തുവിന് ഇടർച്ചയായിത്തീർന്നു. മത്താ 16:22 വീണ്ടും വീണ്ടും വായിക്കൂ, ദൈവത്തിൻറേതല്ലാത്ത മനുഷ്യൻറെ ചിന്തയാണ് യേശുവിൻറെ കാഴ്ചപ്പാടിൽ സാത്താൻ.

യേശുവിനെ പരീക്ഷിച്ച സാത്താനോട് പറഞ്ഞ അതേ വാക്കുകൾ തന്നെയാണ് പത്രോസിനോടും പറഞ്ഞത് എന്ന് ശ്രദ്ധിക്കുക.
Luk 4:8: And Jesus answered and said unto him, GetG5217 thee behindG3694 me,G3450 Satan:G4567 ...
തുടർന്നുവരുന്ന യേശുവിൻറെ വാക്കുകളിൽ നിന്നും പത്രോസിനെ സാത്താനും ഇടർച്ചയും ആക്കിത്തീർത്തത് ജീവഭയം ആയിരുന്നു എന്ന് മനസ്സിലാകുന്നു.
മത്താ 16:25 ആരെങ്കിലും സ്വന്തം ജീവനെ രക്ഷിക്കുവാന്‍ ഇച്ഛിച്ചാല്‍ അതിനെ നഷ്ടപ്പെടുത്തും; എന്‍റെ നിമിത്തം ആരെങ്കിലും തന്‍റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അതിനെ കണ്ടെത്തും.
ഭയം ദൈവത്തിൽ നിന്നും ഉണ്ടാകുന്ന വികാരമല്ല.
2തിമോ 1:7 ഭയത്തിന്‍റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്‍റെയും സുബോധത്തിന്‍റെയും ആത്മാവിനെയാണ് ദൈവം നമുക്ക് തന്നത്.
1യോഹ 4:18 സ്നേഹത്തില്‍ ഭയമില്ല; ഭയം ശിക്ഷയോടാണ്, പരിപൂർണ്ണ സ്നേഹം ഭയത്തെ പുറത്താക്കുന്നു; ഭയപ്പെടുന്നവന്‍ സ്നേഹത്തില്‍ പരിപൂർണ്ണനല്ല.
അതായത്, പത്രോസ് ഈ സംഭവം നടക്കുന്ന കാലത്ത് സ്നേഹത്തിൽ പരിപൂർണ്ണനായിരുന്നില്ല. സ്നേഹത്തിൽ പരിപൂർണ്ണത നേടിയവന് ഭയം ഉണ്ടാകില്ല, മനുഷ്യൻറെ ചിന്ത ഉണ്ടാകില്ല.

ഭയം പത്രോസിനെ എവിടവരെ എത്തിച്ചു?


യേശുവിനെ 3 തവണ തള്ളിപ്പറഞ്ഞത് ഭയം നിമിത്തമല്ലേ? ഭയം അദ്ദേഹത്തെ എവിടം വരെ എത്തിച്ചു എന്ന് അറിയുന്നത് അദ്ദേഹം യേശുവിനെ അറിയില്ല എന്ന് തള്ളിപ്പറഞ്ഞതിന് പുറമെ ശപിക്കുവാനും ആണയിടുവാനും തുടങ്ങി എന്ന് വായിക്കുമ്പോഴാണ്. (മർക്കോ 14:71).

യേശുവിനെ തള്ളിപ്പറയുന്നത് ഭവിഷ്യത്തുകൾ ഇല്ലാത്ത തെറ്റല്ല.
മത്താ 10:33 മനുഷ്യരുടെ മുമ്പില്‍ എന്നെ തള്ളിപ്പറയുന്നവനെ എന്‍റെ പിതാവിന്‍റെ മുമ്പില്‍ ഞാനും തള്ളിപ്പറയും.
ഇവിടെ തള്ളിപ്പറയുക എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്ക് ἀρνέομαι (ar-neh'-om-ahee, അർനെയോമായീ, സ്ട്രോങ്സ് നിഘണ്ടുവിൽ G720) സുവിശേഷങ്ങളിൽ ഏറ്റവുമധികം തവണ (12ൽ 8 തവണ) ഉപയോഗിച്ചിരിക്കുന്നത് പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞതിനെ പറ്റി പരാമർശിക്കുവാനാണ് എന്നത് ശ്രദ്ധേയമാണ്.

പത്രോസ് തിരികെ വന്നപ്പോൾ


യേശു പത്രോസിന് മറ്റ് ശിഷ്യന്മാരേക്കാൾ പ്രാധാന്യം നൽകിയതുകൊണ്ടാണല്ലോ അദ്ദേഹത്തിൻറെ വിശ്വാസം നഷ്ടപ്പെടാതിരിക്കുവാൻ വേണ്ടി പ്രാർത്ഥിച്ചതും, മറ്റുള്ളവരെ ശക്തിപ്പെടുത്തുവാൻ ചുമതല ഏൽപിച്ചതും. (ലൂക്കോ 22:32, ഇത് ഈ ലേഖനത്തിൻറെ രണ്ടാം ഭാഗത്തിൽ വായിക്കാം) അദ്ദേഹം ചെയ്തതോ?
യോഹ 21:3 ശിമെയോന്‍ പത്രോസ് അവരോട്: ഞാന്‍ മീന്‍ പിടിക്കുവാന്‍ പോകുന്നു എന്ന് പറഞ്ഞു; ഞങ്ങളും പോരുന്നു എന്ന് അവര്‍ പറഞ്ഞു. അവര്‍ പുറപ്പെട്ട് പടക് കയറിപ്പോയി; ആ രാത്രിയില്‍ ഒന്നും പിടിച്ചില്ല.
അപ്പോഴാണ് ഉയിർത്തെഴുന്നേറ്റ യേശു അവർക്ക് പ്രത്യക്ഷനാകുന്നതും, ഭക്ഷണം ചോദിക്കുന്നതും, പടകിന്‍റെ വലത് ഭാഗത്ത് വല വീശുവാൻ നിർദ്ദേശിക്കുന്നതും.
യോഹ 21:7 യേശു സ്നേഹിച്ച ശിഷ്യന്‍ പത്രോസിനോട്: അത് കര്‍ത്താവാണ് എന്ന് പറഞ്ഞു; കര്‍ത്താവാണ് എന്ന് ശിമെയോന്‍ പത്രോസ് കേട്ടിട്ട്, താന്‍ നഗ്നനായിരുന്നതിനാല്‍ അങ്കി അരയില്‍ ചുറ്റി കടലില്‍ ചാടി.
ഇതായിരുന്നോ മറ്റുള്ളവരെ ശക്തിപ്പെടുത്തുവാൻ ചുമതല ഏൽപിച്ചപ്പോൾ യേശു പ്രതീക്ഷിച്ചത്?

സ്നേഹത്തിൽ പൂർണ്ണത നേടിയ പത്രോസ്.


[യോഹന്നാൻറെ സുവിശേഷം മഗ്ദലന മറിയം എഴുതിയതാണെന്ന് നിരീശ്വരവാദികളും, ലാസർ എഴുതിയതാണെന്ന് ചില വേദപണ്ഡിതരും അവകാശപ്പെടുന്നു. ഈ രണ്ട് അഭിപ്രായങ്ങളോടും എനിക്ക് യോജിപ്പില്ല.]

യോഹന്നാൻറെ സുവിശേഷം യോഹന്നാൻ എഴുതിയതാണെങ്കിൽ, യേശു ഏറ്റവും അധികം ഇഷ്ടപ്പെട്ടിരുന്ന ശിഷ്യൻ എന്ന് യോഹന്നാൻ തന്നെപ്പറ്റി വ്യംഗ്യമായി പറഞ്ഞതാണെങ്കിൽ, ആ യോഹന്നാനേക്കാൾ പത്രോസിനെയാണ് യേശു സ്നേഹിച്ചതും വിശ്വസിച്ചതും എന്ന് തോന്നുന്നു.
യോഹ 21:15 ...യേശു ശിമെയോന്‍ പത്രോസിനോട്: “യോഹന്നാന്‍റെ മകനായ ശിമെയോനേ, നീ ഇവരില്‍ അധികമായി എന്നെ സ്നേഹിക്കുന്നുവോ” എന്ന് ചോദിച്ചു. അതിന് അവന്‍: “ഉവ്വ്, കര്‍ത്താവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് നീ അറിയുന്നുവല്ലോ?” എന്ന് പറഞ്ഞു. യേശു അവനോട്: “എന്‍റെ കുഞ്ഞാടുകളെ മേയ്ക്കുക”.

മൂന്ന് തവണ യേശുവിനെ തള്ളിപ്പറഞ്ഞതിനാൽ ആവണം യേശു ഈ ചോദ്യം മൂന്ന് തവണ ആവർത്തിച്ചത്. (യേശു സ്നേഹം എന്നതിന് ഉപയോഗിച്ച വാക്കും പത്രോസ് ഉപയോഗിച്ച വാക്കും വേറെവേറെയായിരുന്നു എന്ന് ഒരു വലിയ ചർച്ച നടക്കുന്നുണ്ട്. മൂന്നാമത്തെ തവണ പത്രോസ് ഉപയോഗിച്ചിരുന്ന വാക്ക് തന്നെയാണ് യേശു ഉപയോഗിച്ചത് എന്ന സത്യം ഇത്തരം ചർച്ചകളെ നിരർത്ഥകമാക്കുന്നു.)

പത്രോസിൻറെ യഥാർത്ഥ തിരിച്ചുവരവ്.


കാവ്യാമാധവൻറെ തിരിച്ചുവരവ് പോലെ പല തിരിച്ചുവരവില്ല, ഒരേയൊരു തിരിച്ചുവരവ്. (സിനിമാ അലർജിയുള്ള പുണ്യാളന്മാരെ ഇടയ്ക്കിടെ ഒന്ന് ചൊറിയിക്കുമ്പോഴുള്ള സുഖം പറഞ്ഞറിയിക്കുവാൻ വയ്യ.)

ഇതുവരെയുള്ള പത്രോസിൻറെ നടപടിക്രമം യോശുവയെ പറ്റി എൻറെ ഒരു സുഹൃത്ത് പറഞ്ഞത് പോലെ “the most disappointing character of the Bible” (വേദപുസ്തകത്തിലെ ഏറ്റവും നിരാശാജനകമായ കഥാപാത്രം) എന്നതുപോലെ ആയിരുന്നെങ്കിൽ, പെന്തക്കൊസ്ത നാൾ കഴിഞ്ഞ് പത്രോസ് തികച്ചും വ്യത്യസ്തനായ മനുഷ്യനായിരുന്നു. ഭയം ധൈര്യത്തിന് വഴിമാറി.

പെന്തക്കൊസ്ത നാളിൽ പത്രോസ് നടത്തിയ തീപ്പൊരി പ്രസംഗത്തെ പറ്റിയും ആയിരക്കണക്കിന് പേർ ക്രിസ്തുവിനെ സ്വീകരിച്ചതും ഇവിടെ ആവർത്തിക്കേണ്ട ആവശ്യമില്ലല്ലോ?
അപ്പോ 4:31 (പത്രോസും യോഹന്നാനും) പ്രാര്‍ത്ഥിച്ചപ്പോള്‍ അവര്‍ കൂടിയിരുന്ന സ്ഥലം കുലുങ്ങി;...
നമ്മളൊക്കെ പ്രാർത്ഥിച്ചാൽ നമ്മൾ പോലും കുലുങ്ങില്ല, പിന്നല്ലേ നമ്മൾ നിൽക്കുന്ന സ്ഥലം കുലുങ്ങേണ്ടത്! (ചില പാസ്റ്റർമാർ പലകകൊണ്ടുള്ള സ്റ്റേജിൽ കയറിനിന്ന് പ്രാർത്ഥനയോടോപ്പം പലകയ്ക്കിട്ട് ചവിട്ടി ഒച്ചയുണ്ടാക്കുന്ന സാങ്കേതികവിദ്യ പത്രോസിൻറെ കാലത്ത് വികസിപ്പിച്ചിരുന്നില്ല.)
അപ്പൊ 4:13 അവര്‍ പത്രോസിന്‍റെയും യോഹന്നാന്‍റെയും ധൈര്യം കണ്ടതിനാലും ഇവര്‍ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യര്‍ എന്ന് ഗ്രഹിക്കുന്നതിനാലും ആശ്ചര്യപ്പെട്ടു; അവര്‍ യേശുവിനോട് കൂടെ ആയിരുന്നവര്‍ എന്നും അറിഞ്ഞു.
നരകം, പിശാച്, സാത്താൻ, ഭൂതം, പ്രേതം എന്നൊക്കെ ഭയപ്പെടുന്ന നമ്മളെ കണ്ടാൽ ഇവനൊക്കെ യേശുവിൻറെ ഏഴയലത്തുപോലും വരില്ലെന്ന് ജനങ്ങൾ പറയും.


ഒടുവിൽ, പത്രോസ് യേശുവിന് വേണ്ടി രക്തസാക്ഷിയായി എന്ന് വിശ്വസനീയരായ ചരിത്രകാരന്മാർ പറയുന്നു.
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

Tuesday, June 28, 2016

സാത്താൻറെ യാത്രാപരിപാടി (അഥവാ സാത്താൻസ് ജ്വല്ലറി)

ക്രിസ്തുവിൽ പ്രിയരേ,

സാത്താൻ വളരെ തിരക്കുള്ള കക്ഷിയായിരുന്നു. വേദപുസ്തകത്തിൽ നിന്നും കണ്ടെത്തിയ ടിയാൻറെ യാത്രാപരിപാടി ഇങ്ങനെയാണ്:

[പുതിയനിയമത്തിൽ ആകാശം, സ്വർഗം എന്നിവയ്ക്ക് ഒരേയൊരു ഗ്രീക്ക് വാക്കേയുള്ളു - οὐρανός, (oo-ran-os', ഊറാനോസ്, സ്ട്രോങ്സ് നിഘണ്ടുവിൽ G3772). അതുകൊണ്ട് മലയാളത്തിൽ ഇങ്ങനെയാണ്, ഇംഗ്ലീഷിൽ അങ്ങനെയാണ് എന്ന വാദം നിലനിൽക്കില്ല.]
  • ആദത്തിൻറെ വീഴ്ചയ്ക്ക് മുമ്പോ, പിമ്പോ സാത്താൻ സ്വർഗത്തിൽ നിന്നും പുറത്താക്കപ്പെട്ടു പോലും (തെളിവ് ചോദിക്കരുത്, പ്ലീസ്)
  • മിക്കവാറും ആദാമിൻറെ വീഴ്ചയ്ക്ക് മുമ്പായിരിക്കണം, ഈ സാത്താൻ കക്ഷി ഏദേൻ തോട്ടത്തിൽ നൂൽബന്ധമില്ലതിരുന്ന ഒരു ദമ്പതികൾക്ക് വസ്ത്രത്തേക്കാൾ അത്യാവശ്യം ആഭരണങ്ങളാണെന്ന് കരുതി ഏദേൻ തോട്ടത്തിൽ സാത്താൻസ് ജ്വല്ലറി നടത്തിയിരുന്നൂ പോലും. (യെഹ 28:13-17).
  • ഇയ്യോബിൻറെ കാലത്ത് സാത്താൻ തിരികെ സ്വർഗത്തിൽ എത്തി, ഇയ്യോബിനെ പരീക്ഷിക്കുവാൻ അനുവാദം നേടി, രണ്ടുമൂന്ന് തവണ സ്വർഗത്തിൽ പോയിവന്നൂ പോലും.
  • നെബൂഖദ്നേസരിൻറെ പതനത്തിന് മുമ്പ്‍ സാത്താൻ ലൂസിഫറായി സ്വർഗത്തിൽ എത്തുകയും അവിടെനിന്നും വീണ്ടും താഴേയ്ക്ക് തള്ളപ്പെടുകയും ചെയ്തു പോലും.
  • വീണ്ടും, അജ്ഞാതമായ രീതിയിൽ, സാത്താൻ സ്വർഗത്തിൽ എത്തി, കാരണം, സാത്താന്‍ മിന്നല്‍ പോലെ സ്വർഗത്തിൽ നിന്നും വീഴുന്നത് അവിടന്ന് കണ്ടു എന്ന് ലൂക്കോസ് 10:18ൽ യേശു പറയുന്നുണ്ട്.
  • അങ്ങനെ വീണ സാത്താൻ യൂദാസിൻറെ ഉള്ളിൽ പ്രവേശിച്ചു (ലൂക്കോ 22:3)
  • യൂദാസിൻറെ ഉള്ളിലിരുന്നുകൊണ്ട് മറ്റ് ശിഷ്യന്മാരെ കോതമ്പ് പാറ്റുന്നത് പോലെ പാറ്റുവാൻ കൽപന ചോദിച്ചൂ പോലും. (ലൂക്കോ 22:31)
  • മിക്കവാറും യൂദാസ് മുന്നോട്ട് വീണ് വയറ് പിളർന്ന് കുടൽ വെളിയിൽ വന്നപ്പോൾ സാത്താനും വെളിയിൽ വന്നിരിക്കണം, ഏതായാലും, അവൻ വീണ്ടും സ്വർഗത്തിൽ എത്തി മീഖായേലുമായി യുദ്ധം ചെയ്തു എന്നും അവിടെ നിന്നും, ഭൂമിയിലേക്ക് തള്ളിയിടപ്പെട്ടു എന്നും വെളിപ്പാട് 12ൽ നാം വായിക്കുന്നു.
  • അവൻ പിന്നീട് സ്വർഗത്തിലേക്ക് കയറിപ്പോകാതെ ഇവിടെത്തന്നെ ഉണ്ടായിരുന്നിരിക്കണം. കാരണം, സ്വർഗത്തിൽ നിന്നും ഒരു ദൂതൻ അഗാധത്തിന്‍റെ താക്കോലും ഒരു വലിയ ചങ്ങലയും കൈയില്‍ പിടിച്ചുകൊണ്ട് ഇറങ്ങിവന്ന് അവനെ അഗാധത്തിൽ തള്ളി, 1000 വർഷത്തേക്ക് തടവിലാക്കി.
  • ഒടുവിൽ സാത്താനെ, മരണം എന്ന അമൂർത്തമായ (തൊടുവാനും കാണുവാനും കഴിയാത്ത) വസ്തുവിൻറെ കൂടെ തീപ്പൊയ്കയിൽ ഇട്ടു.
ഹാവൂ, എന്തൊരു ആശ്വാസം!

സാത്താൻ എന്ന ക്വട്ടേഷൻ ഗുണ്ട!


സാത്താൻ സ്വർഗത്തിലേക്ക് പോക്കുവരവ് ഉണ്ടായിരുന്നു എന്ന് അവകാശപ്പെടുന്നവർ മറന്നുപോകുന്ന കാര്യം:
സങ്കീ 5:4 നീ ദുഷ്ടതയില്‍ പ്രസാദിക്കുന്ന ദൈവം അല്ല; ദുഷ്ടന്‍ അവിടത്തോട് കൂടെ പാര്‍ക്കുകയില്ല.
അങ്ങനെയുള്ള ദൈവത്തിൻറെ അടുത്തേയ്ക്കാണ് സാത്താൻ പെട്ടിയും കിടക്കയും എടുത്തുകൊണ്ട് ഇടയ്ക്കിടെ പോകുന്നത്!

ദൈവം നമ്മുടെ പിതാവാണ് (അപ്പൻ) എന്നാണല്ലോ നാം വിശ്വസിക്കുന്നത്. കുട്ടികളായിരുന്നപ്പോൾ ഞങ്ങൾ തെറ്റുചെയ്താൽ എൻറെ അപ്പൻ ഞങ്ങളെ  ശിക്ഷിക്കുമായിരുന്നു. (അമ്മമാരുടെ കാര്യം ഇവിടത്തെ വിഷയമല്ല.) നിങ്ങളുടെ അപ്പൻ എങ്ങനെയാണെന്നറിയില്ല, എൻറെ അപ്പൻ ഞങ്ങളെ ശിക്ഷിക്കുവാൻ കൂലിത്തല്ലുകാരെയോ, ക്വട്ടേഷൻ സംഘത്തെയോ ഒരിക്കലും ഏൽപിച്ചിട്ടില്ല. അത്തരക്കാരുമായി ഇടപെടുവാൻ മാത്രം എൻറെ അപ്പൻ തരംതാണിട്ടില്ല. എൻറെ സ്വർഗീയ പിതാവിന് എന്നെ ശിക്ഷിക്കുവാനോ, പരീക്ഷിക്കുവാനോ സാത്താൻ എന്ന ഒരു ക്വട്ടേഷൻ ഗുണ്ടയുടെ ആവശ്യമില്ല.

വേദപുസ്തകത്തിൽ സാത്താനെ പറ്റി എഴുതിയിട്ടില്ലേ?



അപ്പോൾ, വേദപുസ്തകത്തിൽ സാത്താനെ പറ്റി എഴുതിയിട്ടില്ലേ? എന്ന ചോദ്യം ഉയരാം. തീർച്ചയായും എഴുതിയിട്ടുണ്ട്. മുകളിൽ കൊടുത്തിരിക്കുന്ന പട്ടികയിലുള്ള ചില പരാമർശങ്ങൾ സാത്താനെ പറ്റിയല്ല. (ഈ വിഷയങ്ങളെ പറ്റി ഞാൻ ഇതുവരെ മലയാളത്തിൽ അധികം എഴുതിയിട്ടില്ല. ഇംഗ്ലീഷിൽ എഴുതിയിരിക്കുന്നത് ഇവിടെ വായിക്കാം).

യെശയ്യാവ് 14ൽ ലൂസിഫർ എന്ന് ഇംഗ്ലീഷിൽ അഭിസംബോധന ചെയ്തിരിക്കുന്നത് ബാബിലോണിലെ രാജാവിനെയാണ്. ബാബിലോണിലെ രാജാവിൻറെ പിന്നിൽ സാത്താനല്ല, ദൈവമാണ് പ്രവർത്തിച്ചിരുന്നത് (ദാനീ 5:21). ബേല്‍ശസ്സര്‍ രാജാവ് യഹോവയ്ക്ക് വിരോധമായി തെറ്റുചെയ്തതിനുള്ള ശിക്ഷയാണ് യെശയ്യാവ് 14ൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇംഗ്ലീഷിൽ King James Version ഒഴികെ വേറൊരു പരിഭാഷയിലും ലൂസിഫർ എന്ന പദമില്ല. ലൂസിഫർ ഒരു ഹീബ്രു വാക്കല്ല, ലത്തീൻ വാക്കാണ്. അപ്പൊ 12:4ൽ പെസഹ എന്ന വാക്കിന് പകരം ജാതികളുടെ ഉത്സവമായ ഈസ്റ്റർ എന്ന് പരിഭാഷപ്പെടുത്തിയത് പോലെയുള്ള ഒരു തെറ്റാണ് ഇതും. ഈ ലൂസിഫർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കക്ഷിക്ക് മക്കളും മരുമക്കളും ഉണ്ടായിരുന്നെന്ന് യെശ 14:22ലും, അയാൾ മരിച്ച് എല്ലാവരെയും പോലെ അടക്കപ്പെട്ട്, അയാളുടെ ശവം പുഴുക്കൾക്ക് ആഹാരമാകും എന്ന് യെശ 14:11ലും എഴുതിയിരിക്കുന്നത് വായിക്കുവാൻ സാത്താൻറെ സ്തുതിപാടകർക്ക് എവിടെ സമയം, അല്ലേ?

യെഹെസ്കേൽ 28 സോര്‍ (Tyre, Tyrus) പ്രഭുവിന് വിരോധമായുള്ള പ്രവചനമാണ്. സോര്‍ പ്രഭു ദേവപർവതത്തിൽ കയറി എന്ന് എഴുതിയിരിക്കുന്നത് (യെഹെ 28:14) വായിക്കുമ്പോഴെങ്കിലും സ്വർഗത്തിൽ പർവതങ്ങൾ ഇല്ല എന്നും ദേവപർവതം യെരൂശലേമിലാണ് (ദാനീ 9:16; സെഖ 8:3) ഉള്ളതെന്നും മനസ്സിലാക്കണമെങ്കിൽ വേദപുസ്തകം പഠിക്കണം. (അതെല്ലാം മഹാ മെനക്കേടാണല്ലേ?)

ബാക്കിയുള്ള പരാമർശങ്ങൾ പലതും പ്രതീകങ്ങളാണ്. അവയെ പ്രതീകങ്ങളായി മനസ്സിലാക്കാതിരിക്കുമ്പോഴാണ് വിശ്വാസപ്രമാണങ്ങൾ അപഹാസ്യമായിത്തീരുന്നത്. പ്രതീകങ്ങളെ യാഥാർത്ഥ്യങ്ങളാക്കിയാലേ ഭയം മൂലധനമാക്കിയ മതങ്ങൾക്ക് നിലനിൽക്കാനാകൂ എന്നത് മറ്റൊരു സത്യം.

ദൈവം സ്നേഹമാണ്. ദൈവം നമ്മുടെ പിതാവാണ്. ഓരായിരം കെണികൾ ഒരുക്കിവെച്ചിരിക്കുന്ന ഒരു വക്രബുദ്ധിയല്ല.

സാത്താൻ, പിശാച്. ലൂസിഫർ, പ്രേതം പദങ്ങളും ആശയങ്ങളും വരുന്ന ഓരോ വേദഭാഗങ്ങളെ പറ്റിയും വഴിപോലെ എഴുതാം, കർത്താവിന് ചിത്തമായിരുന്നാൽ.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

Saturday, June 25, 2016

പരീശരും മഹാ പുരോഹിതന്മാരും, ഈ ലോകത്തിൻറെ പ്രഭുക്കന്മാർ.

ക്രിസ്തുവിൽ പ്രിയരെ,

“ഈ ലോകത്തിന്‍റെ പ്രഭു” എന്ന് യോഹന്നാൻറെ സുവിശേഷത്തിൽ മൂന്ന് തവണ എഴുതപ്പെട്ടിട്ടുണ്ട്. (യോഹ 12:31; 14:30; 16:11). ഈ പരാമർശങ്ങൾ പിശാചിനെ പറ്റിയാണ് എന്നാണ് പൊതുവായ ധാരണ.

യേശുവിൻറെ കാലത്ത് പുറന്തള്ളപ്പെടേണ്ട ഈ ലോകത്തിന്‍റെ പ്രഭു!


യോഹ 12:31 ഇപ്പോള്‍ ഈ ലോകത്തിന്‍റെ ന്യായവിധിയാണ്; ഇപ്പോള്‍ ഈ ലോകത്തിന്‍റെ പ്രഭു പുറന്തള്ളപ്പെടും.
Joh 12:31 NowG3568 is the judgment of this world: nowG3568 shall the prince of this world be cast out.
ഇപ്പോൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നിങ്ങൾ വായിക്കുന്ന സമയം അല്ല, യേശു ഈ വാക്കുകൾ പറഞ്ഞ സമയം. ശലോമോനേക്കാൾ ജ്ഞാനിയായിരുന്ന യേശുവിന് അവിടന്ന് അർത്ഥമാക്കിയത് അപ്പോൾ എന്നോ എപ്പോഴെങ്കിലും എന്നോ ആയിരുന്നെങ്കിൽ അത് വ്യക്തമാക്കുവാനുള്ള ജ്ഞാനം അവിടത്തേക്ക് ഉണ്ടായിരുന്നിരിക്കണം, അല്ലേ?

ഇവിടെ ഇപ്പോൾ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്ക്: νῦν (noon, നൂൺ, സ്ട്രോങ്സ് നിഘണ്ടുവിൽ G3568)
ഈ വാക്ക് “ഇപ്പോൾ” (now) എന്ന് 121 തവണ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
ഈ സമയം (this time) എന്ന് 7 തവണ,
ഇപ്പോൾ മുതൽ (henceforth) എന്ന് 4 തവണ,
ഈ കാലം (present time) എന്ന് 4 തവണ. 
ഈ വാക്ക് പ്രത്യക്ഷപ്പെടുന്ന 138 വചനങ്ങൾ ഭാവികാലത്തിലാക്കിയാൽ വേദപുസ്തക പഠനം എങ്ങനെയിരിക്കും?

യേശുവിനെ പിടികൂടുവാൻ വന്ന ഈ ലോകത്തിന്‍റെ പ്രഭു!


യോഹ 14:30 ഞാന്‍ ഇനി നിങ്ങളോട് അധികം സംസാരിക്കുകയില്ല, കാരണം, ഈ ലോകത്തിന്‍റെ പ്രഭു വരുന്നു; അവന് എന്നിൽ ഒന്നുമില്ല.
Joh 14:30 Hereafter I will not talk much with you: for the prince of this world cometh, and hath nothing in me.
“ഈ ലോകത്തിന്‍റെ പ്രഭു വരുന്നു”, എപ്പോൾ? “ഞാന്‍ ഇനി നിങ്ങളോട് അധികം സംസാരിക്കുന്നതിന്” മുമ്പ്. യേശു വീണ്ടും സംസാരിച്ചുകൊണ്ടിരുന്നു, തുടർച്ചയായ സംസാരം (യോഹ 15, 16 അദ്ധ്യായങ്ങൾ), അത് കഴിഞ്ഞ് അവിടത്തെ പ്രഖ്യാതമായ പ്രാർത്ഥന (യോഹ 17). പ്രാർത്ഥന കഴിഞ്ഞപ്പോൾ ഇതാ വരുന്നു: “ഈ ലോകത്തിന്‍റെ പ്രഭു”:
യോഹ 18:1 ഇത് പറഞ്ഞിട്ട് (സംസാരം പൂർത്തിയാക്കി) യേശു ശിഷ്യന്മാരുമായി കെദ്രോന്‍ തോടിന് അക്കരെ പോയി. അവിടെ ഒരു തോട്ടം ഉണ്ടായിരുന്നു; അതില്‍ അവിടന്നും ശിഷ്യന്മാരും കടന്നു.
യോഹ 18:2 അവിടെ യേശു പലപ്പോഴും ശിഷ്യന്മാരോട് കൂടെ പോയിരുന്നതിനാല്‍ അവനെ കാണിച്ചുകൊടുത്ത യൂദയും ആ സ്ഥലം അറിഞ്ഞിരുന്നു.
യോഹ 18:3 അങ്ങനെ യൂദാ പട്ടാളത്തെയും മഹാപുരോഹിതരും പരീശരും അയച്ച ചേവകരെയും കൂട്ടികൊണ്ട് ദീപട്ടിപന്തങ്ങളും ആയുധങ്ങളുമായി അവിടെ വന്നു.
ഞാൻ അധികം സംസാരിക്കുകയില്ല, കാരണം (ഇംഗ്ലീഷിൽ for), “ഈ ലോകത്തിന്‍റെ പ്രഭു വരുന്നു” എന്ന് പറഞ്ഞത് ഈ വന്നവരെ പറ്റിയല്ലേ? അതോ, 2000+ വർഷം കഴിഞ്ഞ് വരാനുള്ള ആരെയോ പറ്റിയോ? (യഥാർത്ഥത്തിൽ പ്രഭുവിൻറെ അല്ലെങ്കിൽ പ്രഭുക്കന്മാരുടെ പ്രതിനിധികളാണ് വന്നിരിക്കുന്നത്. ഇതിനെ പറ്റി കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കാം. ലൂക്കോ 22:52 പ്രകാരം മഹാപുരോഹിതന്മാരും സ്ഥലത്ത് സന്നിഹിതരായിരുന്നു.)

പെന്തക്കൊസ്ത നാളിന് മുമ്പ് വിധിക്കപ്പെട്ട ഈ ലോകത്തിന്‍റെ പ്രഭു!


പെന്തക്കൊസ്ത നാളിൽ പരിശുദ്ധാത്മാവ് (സഹായി, കാര്യസ്ഥൻ) വരുമ്പോൾ എന്ത് സംഭവിക്കും എന്ന് യേശു ശിഷ്യന്മാരോട് പറയുന്നതാണ് അടുത്തത്:

യോഹ 16:11 (പരിശുദ്ധാത്മാവ്) നീതിയെ കുറിച്ചും ഈ ലോകത്തിന്‍റെ പ്രഭു വിധിക്കപ്പെട്ടിരിക്കുന്നതിനാല്‍ (ഭൂത കാലം) ന്യായവിധിയെ കുറിച്ചും.
Joh 16:11 Of judgment, because the prince of this world is judged (past tense).

“ഈ ലോകത്തിന്‍റെ പ്രഭു” ആരുതന്നെയായാലും അയാൾ/അവർ പെന്തെക്കൊസ്ത നാളിന് മുമ്പ് വിധിക്കപ്പെട്ടു! പ്രിയരേ, വേദപുസ്തകം വായിക്കുമ്പോൾ സ്ക്കൂളിൽ പഠിച്ച വ്യാകരണം മറക്കണമെന്ന് ആരാണ് നമ്മളെ പഠിപ്പിച്ചത്? ഭൂതകാലത്തിൽ എഴുതിയ വാചകങ്ങളെല്ലാം ഭാവികാലമാക്കി വായിക്കുവാൻ തുടങ്ങിയാൽ അതിൻറെ അവസാനം എവിടെയാണ്? “ഈ ലോകത്തിന്‍റെ പ്രഭു” എന്ന പദസമുച്ചയത്തിന് സാത്താൻ (പിശാച്) എന്നാണ് അർത്ഥമെങ്കിൽ സാത്താൻ പെന്തക്കൊസ്ത നാളിന് മുമ്പ് വിധിക്കപ്പെട്ടു എന്നല്ലേ ഈ വാക്യത്തിൽ നിന്നും മനസ്സിലാക്കേണ്ടത്?

യോഹന്നാൻറെ രചനാശൈലി.


ഒരു ഇംഗ്ലീഷ് വേദപുസ്തകത്തിൻറെ ആമുഖത്തിൽ യോഹന്നാൻറെ സുവിശേഷം കവിത പോലെ ആയതിനാൽ വേദപുസ്തകത്തിലെ ഇതര പുസ്തകങ്ങളേക്കാൾ പരിഭാഷപ്പെടുത്തുവാൻ പ്രയാസമാണ് എന്ന് എഴുതിയിരുന്നു. യോഹന്നാൻറെ സുവിശേഷത്തിൻറെ ആരംഭഭാഗം ഫിലോ യൂദെയാസ് (അലക്സാന്ത്രിയ) എന്ന സമകാലികനായ കവിയുടെ ശൈലിയിലാണ് എഴുതപ്പെട്ടിട്ടുള്ളത്. (കോപ്പിയടിച്ചതല്ല. നമ്മുടെ ഭക്തിഗാനങ്ങൾ നിലവിലുള്ള വേറൊരു ഭക്തിഗാനത്തിൻറെ ഈണത്തിൽ എഴുതുന്നത് പോലെ.)

യോഹന്നാൻറെ ആഖ്യാനശൈലിയുടെ മറ്റൊരു പ്രത്യേകത സംഭവങ്ങൾ ക്രമത്തിലല്ലാതെ എഴുതുക എന്നതാണ്. ഉദാഹരണമായി: ഇതര സുവിശേഷങ്ങളിൽ യേശു ദേവാലയത്തിൽ നിന്നും കച്ചവടക്കാരെ തുരത്തിയ സംഭവം യേശുവിൻറെ ഭൂമിയിലെ ശുശ്രൂഷയുടെ അവസാന നാളുകളിലാണെങ്കിൽ (മത്താ 21:12, മർക്കോ 11:15) യോഹന്നാൻറെ സുവിശേഷത്തിൻറെ ആരംഭഭാഗത്താണ് ഉള്ളത്: യോഹ 2:12-25. വെളിപ്പാട് പുസ്തകത്തിലും ഇതേ രീതി ഉപയോഗിച്ചിട്ടുണ്ട്.

മറ്റ് വേദപുസ്തക രചയിതാക്കൾ ഉപയോഗിക്കാത്ത പല പദപ്രയോഗങ്ങളും യോഹന്നാൻ ഉപയോഗിച്ചിട്ടുണ്ട്. “ഈ ലോകത്തിന്‍റെ പ്രഭു” അത്തരം ഒരു പദപ്രയോഗമാണ്.

ഈ ലോകത്തിന്‍റെ പ്രഭുക്കൾ ആരാണെന്ന് പൌലോസ്:



ഈ ലോകത്തിന്‍റെ പ്രഭുക്കൾ ആരാണെന്ന് മനസ്സിലാക്കുവാൻ സഹായിക്കുന്ന വേറൊരു വേദഭാഗം.
1കൊരി 2:7 ദൈവം ലോകസൃഷ്ടിക്ക് മുമ്പ് നമ്മുടെ തേജസ്സിനായി മുന്‍നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിന്‍റെ ജ്ഞാനമാണ് മര്‍മ്മമായി ഞങ്ങള്‍ പ്രസ്താവിക്കുന്നത്.
1കൊരി 2:8 അത് ഈ ലോകത്തിന്‍റെ പ്രഭുക്കള്‍ ആരും അറിഞ്ഞില്ല; അറിഞ്ഞിരുന്നു എങ്കില്‍ അവര്‍ തേജസ്സിന്‍റെ കര്‍ത്താവിനെ ക്രൂശിക്കുകയില്ലായിരുന്നു.
തേജസ്സിൻറെ കർത്താവിനെ ക്രൂശിച്ചവരാണ് ഈ ലോകത്തിൻറെ പ്രഭുക്കൾ. കർത്താവിനെ ക്രൂശിച്ചത് സാത്താനുമല്ല, പിശാചുമല്ല, യെഹൂദ മതമേധാവികളാണ്. അവർ അയച്ചവരാണ് യേശുവിനെ പിടിക്കുവാൻ വന്നവർ. (യോഹ 14:30)
1തെസ 2:15 യെഹൂദര്‍ കര്‍ത്താവായ യേശുവിനെയും സ്വന്തം പ്രവാചകരെയും കൊന്നവരും ഞങ്ങളെ ഓടിച്ചുകളഞ്ഞവരും ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സകല മനുഷ്യര്‍ക്കും വിരോധികളും...

യേശുവിൻറെ കാലത്ത് യെഹൂദ മതമേധാവികൾ പുറന്തള്ളപ്പെട്ടോ? വിധിക്കപ്പെട്ടോ?


വിധിക്കപ്പെടുക എന്നതിന് നിങ്ങൾ അർത്ഥമാക്കുന്നത് എന്താണെന്ന് എനിക്ക് അറിയില്ല. വിധിക്കപ്പെട്ടാൽ ഉടനെ നരകത്തിലിടുകയോ, തൂക്കുമരത്തിൽ ഏറ്റുകയോ ആണ് വേണ്ടതെന്ന് നിങ്ങൾ ധരിച്ചിട്ടുണ്ടെങ്കിൽ അത്തരത്തിലുള്ള വിധി സംഭവിച്ചിട്ടില്ല.

ഉസ്താദ് അംജദ് അലീഖാനെ സാരോദ് ഉപയോഗിക്കുന്നതിൽ നിന്നും വിലക്കിയാൽ അദ്ദേഹം എന്താകും? യേശുദാസിൻറെ സ്വരം നിന്നുപോയാൽ അദ്ദേഹം എന്താകും? ഉസ്താസ് സഖീർ ഹുസൈൻറെ കൈ തളർന്നുപോയാൽ അദ്ദേഹം എന്താകും? ഒരു സംഗീതജ്ഞന് സംഗീതം ഇല്ലാതായാൽ അയാൾ മരിച്ചത് പോലെ ആയില്ലേ?

പുരോഹിതന്മാരുടെ ധർമ്മം ബലിയർപ്പിക്കുക എന്നതാണെങ്കിൽ, ദൈവം അവരുടെ ബലികൾ സ്വീകരിക്കാതായാലോ?  സ്വീകരിക്കാതായി എന്ന് യെഹൂദ്യരുടെ താൽമഡിൽ (താൽമഡ് യെഹൂദരുടെ റബ്ബിമാർ അദ്ധ്യാപനത്തിന് ഉപയോഗിക്കുന്ന അദ്ധ്യയന സഹായിയാണ് - instruction guide) എഴുതിയിരിക്കുന്നു:

The Rabbis taught that forty years prior to the destruction of the Temple the lot did not come up in the [high priest’s] right hand nor did the tongue of scarlet wool become white… (Talmud, Tractate Yoma 39b -  ഇനിയുമുണ്ട് പല അത്ഭുതങ്ങളും. പൂർണ്ണരൂപം ഇവിടെ വായിക്കാം)

കി.പി.70ൽ ദേവാലയം തകർക്കപ്പെടുന്നതിന് മുമ്പുള്ള 40 വർഷങ്ങളിൽ പാപപരിഹാരദിവസത്തിൽ പുരോഹിതൻറെ വലതുകൈയ്യിൽ നറുക്ക് വീണില്ല. അസസേലിന് ചീട്ടു വീണ കോലാട്ടുകൊറ്റൻറെ കൊമ്പിൽ കെട്ടുന്ന കടുഞ്ചുവപ്പ് നൂൽ വെള്ളനിറമായില്ല. (അതായത് ഇതൊക്കെ അതിന് മുമ്പ് നടക്കാറുണ്ടായിരുന്നു എന്ന് അർത്ഥം.)

ഒടുവിൽ കി.പി.70 ജൂണിൽ, ബലികൾ പരിപൂർണമായി നിർത്തലാക്കപ്പെട്ടു. യെഹൂദ്യ മതമേധാവികൾ പുറന്തള്ളപ്പെട്ടോ, ഇല്ലയോ? ഒടുവിൽ കി.പി.70ൽ ദേവാലയം തകർക്കപ്പെട്ടു, 1.1 ലക്ഷം യെഹൂദ്യർ കൊല്ലപ്പെട്ടു, ആയിരക്കണക്കിന് പേർ നാടുവിട്ട് ഓടി, അനേകർ അടിമകളായി പിടിക്കപ്പെട്ടു. ഇത്രയുമൊക്കെ പോരേ വിധി?

ഇതെല്ലാം കി.പി.70ന് ഏകദേശം 40 വർഷം മുമ്പ് യേശുക്രിസ്തുവിൻറെ കാലത്താണ് ആരംഭിച്ചത് എന്നത് യാദൃച്ഛികമായി സംഭവിച്ചതാണോ? (യെഹൂദ്യർക്കും നമ്മുടെ വേദപണ്ഡിതന്മാരെ പോലെ വിശദീകരിച്ച്, വിശദീകരിച്ച്, ഉള്ളതിനെ ഇല്ലാതാക്കുന്ന വേദപണ്ഡിതന്മാർ ഉണ്ട്. അവർക്ക് മാത്രമേ ഈ മുകളിൽ കൊടുത്ത താൽമഡിലെ ഭാഗത്തിന് യേശുവുമായി ബന്ധമില്ല എന്ന് തോന്നുകയുള്ളൂ.)

ഒരാളെ കൊല്ലുന്നതിനേക്കാൾ കഠിനമാണ് അയാൾ എന്തിനായി അറിയപ്പെട്ടോ, എന്തിനായി നിലകൊണ്ടോ, എന്തിനായി ജീവിതം അർപ്പിച്ചോ അത് അയാൾക്ക് നിഷേധിക്കപ്പെടുന്നത്. നിങ്ങൾ ഒരു പാസ്റ്ററാണെങ്കിൽ ശിഷ്ടജീവിതത്തിൽ വേദപുസ്തകം തൊടുവാനോ, പ്രസംഗിക്കുവാനോ പാടില്ല എന്ന് നിങ്ങളുടെ സഭയുടെ അധികാരികളിൽ നിന്നും ഒരു വിലക്ക് ഉണ്ടായാൽ നിങ്ങൾക്ക് എങ്ങനെ അനുഭവപ്പെടും? അതിനേക്കാൾ വലിയ വിധി വേണോ?

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

Friday, June 24, 2016

പിശാചും, സാത്താനും, യൂദാസും പിന്നെ ഹരികൃഷ്ണൻസും!

ക്രിസ്തുവിൽ പ്രിയരെ,

ഈ വേദഭാഗം നമുക്കെല്ലാം വളരെ സുപരിചിതമാണ്:
യോഹ 6:70 യേശു അവരോട് “നിങ്ങളെ 12 പേരെ ഞാന്‍ തെരഞ്ഞെടുത്തില്ലേ? എങ്കിലും നിങ്ങളില്‍ ഒരുവന്‍ ഒരു പിശാചാണ്” എന്ന് ഉത്തരം പറഞ്ഞു.
Joh 6:70 Jesus answered them, Have not I chosen you twelve, and one of you is a devilG1228?
യോഹ 6:71 ഇത് അവിടന്ന് ശിമെയോന്‍ ഈസ്കര്യോത്തിന്‍റെ മകനായ യൂദയെ കുറിച്ച് പറഞ്ഞതാണ്....
“നിങ്ങളില്‍ ഒരുവന്‍ പിശാചിനെ പോലെയാണ്” എന്ന് ഉപമിക്കുകയല്ല യേശു ചെയ്തത്, പ്രത്യുത, “നിങ്ങളില്‍ ഒരുവന്‍ ഒരു പിശാചാണ്” എന്ന് തറപ്പിച്ച് പറയുകയായിരുന്നു. ഇവിടെ പിശാച് എന്നതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്കാണ്: diabolos (ഡയാബൊലൊസ്, സ്ട്രോങ്സ് നിഘണ്ടുവിൽ G1228). ഇതേ വാക്ക് സാത്താൻ എന്ന വാക്കിന് തുല്യമാണെന്ന് മത്താ 4:10, ലൂക്കോ 4:8 എന്നീ വചനങ്ങൾ താരതമ്യം ചെയ്താൽ മനസ്സിലാകും. വെളി 12:9; 20:2 എന്നീ വചനങ്ങളും കാണുക. യേശു യൂദാസ് പിശാചാണ് എന്ന് പറഞ്ഞപ്പോൾ അയാൾക്ക് കറുപ്പ് നിറവും, ചുവന്ന കണ്ണുകളും, പിളർന്ന വാലും, ത്രീശൂലവും ഉണ്ടെന്ന് അർത്ഥമാക്കിയിരിക്കുമോ?

യേശുവിൻറെ വാക്കുകൾ അനുസരിച്ച് യൂദാസ് പിശാച് അല്ലെങ്കിൽ സാത്താനാണ്. ഇപ്പോൾ, ഈ വചനം ശ്രദ്ധിക്കുക:
ലൂക്കോ 22:3 12 പേരുടെ കൂട്ടത്തിലുള്ള ഈസ്കര്യോത്ത് യൂദയില്‍ സാത്താന്‍ കടന്നു.
മുമ്പുതന്നെ പിശാച് ആയിരുന്ന യൂദാസിൽ സാത്താൻ കടന്നു!
  • യൂദാസിനെ പോലെ ഒരു സാധാരണ മനുഷ്യൻ സാത്താനാണ് (പോലെയല്ല, ആണ്) എന്ന് പറഞ്ഞതിൽ നിന്നും സാത്താൻ അഭൗമിക ഭീകരനല്ല എന്നത് വ്യക്തമല്ലേ?
  • സാത്താൻ എന്നത് ഒരു അസ്‌തിത്വം അല്ലെങ്കിൽ വ്യക്തിയായിരുന്നു എങ്കിൽ അത് യൂദാസ് എന്ന വ്യക്തിയുടെ ഉള്ളിൽ എങ്ങനെ പ്രവേശിക്കും, മൂക്കിലൂടെയോ? ചെവിയിലൂടെയോ?
  • പിശാചായിരുന്ന യൂദാസിൻറെയുള്ളിൽ സാത്താൻ കയറിയപ്പോൾ യൂദാസിന് കൂടുതൽ പൈശാചിക ശക്തി ലഭിച്ചോ?
യൂദാസ് ഒരു സാധാരണ മനുഷ്യനായിരുന്നു. സാധാരണക്കാരേക്കാൾ വൈകാരികമായി ബലഹീനനായ വ്യക്തി. പണം ബലഹീനതയായിരുന്ന ദുർബല മനസ്കൻ.

യൂദാസിൻറെ സ്വഭാവം:



മേരി (മറിയ) എന്ന സ്ത്രീ യേശുവിൻറെ പാദങ്ങളിൽ വിലയേറിയ പരിമളവസ്തുക്കൾ പൂശിയപ്പോൾ യൂദാസ് ആ പരിമളവസ്തുക്കൾ വിറ്റ് പാവപ്പെട്ടവർക്ക് ദാനം ചെയ്യാതിരുന്നത് എന്തുകൊണ്ട് എന്ന് പ്രതിഷേധിച്ചതിനെ പറ്റി യോഹന്നാൻ പറയുന്നത് ശ്രദ്ധിക്കുക:
യോഹ 12:6 ഇത് ദരിദ്രരെ കുറിച്ച് വിചാരം ഉണ്ടായിട്ടല്ല, അവന്‍ കള്ളനായതിനാലും പണസഞ്ചി അവൻറെ പക്കൽ ആയിരുന്നതിനാലും, അവൻ അതിൽ നിന്നും എടുക്കുമായിരുന്നു എന്നതിനാലുമാണ് അങ്ങനെ പറഞ്ഞത്.
യൂദാസിൻറെ ശ്രദ്ധ എപ്പോഴും പണത്തിൽ ആയിരുന്നു. അതേസമയം, യൂദാസിൻറെ ഗുരുവായിരുന്ന യേശു പഠിപ്പിച്ചതോ:
ലൂക്കോ 16:13 രണ്ട് യജമാനന്മാരെ സേവിക്കുവാൻ ഒരു ഭൃത്യനും കഴിയുകയില്ല; അവന്‍ ഒരുവനെ വെറുത്ത്, മറ്റവനെ സ്നേഹിക്കും; അല്ലെങ്കില്‍ ഒരുവനോട് പറ്റിച്ചേര്‍ന്ന്, മറ്റവനെ നിരസിക്കും. നിങ്ങള്‍ക്ക് ദൈവത്തെയും മമ്മോനെയും (പണം എന്ന ദൈവം) സേവിക്കുവാൻ കഴിയുകയില്ല.
യൂദാസ് ആരെ സേവിച്ചിരുന്നു എന്ന് എടുത്തുപറയേണ്ടല്ലോ?

യൂദാസിന് രാഷ്ട്രീയമായ മോഹഭംഗം ഉണ്ടായിരുന്നോ?


ഉണ്ടായിരുന്നു എന്നാണ് “പണ്ഡിതന്മാർ” പറയുന്നത്. രാഷ്ട്രീയമായ മോഹങ്ങൾ ഉണ്ടായിരുന്നെങ്കിൽ അയാൾ തൻറെ രാഷ്ട്രീയമായ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ ഭാഗമായിരുന്നു. അത്തരം ഒരു നടപടി യൂദാസിൽ നിന്നും ഉണ്ടായതായി നാം കാണുന്നില്ല. യേശുവിനെ വധിക്കുവാൻ തീരുമാനിച്ചിരുന്ന യെഹൂദ പുരോഹിതന്മാരുമായി പണത്തിൻറെ കാര്യം ചർച്ച ചെയ്യുന്ന യൂദാസിനെയാണ് നാം കാണുന്നത്:
മത്താ 26:14 അന്ന് 12 പേരിൽ ഒരുവനായ യൂദാ ഈസ്കര്യോത്ത് മഹാപുരോഹിതരുടെ അടുത്ത് ചെന്ന്:
മത്താ 26:15 നിങ്ങൾ എന്ത് തരും? ഞാൻ അവിടത്തെ കാണിച്ചുതരാം എന്ന് പറഞ്ഞു അവർ അവന് 30 വെള്ളിക്കാശ് തൂക്കിക്കൊടുത്തു.
മത്താ 26:16 അന്ന് മുതല്‍ അവിടത്തെ കാണിച്ചുകൊടുക്കുവാന്‍ അവൻ അവസരം അന്വേഷിച്ചു. (കാണുക: മാർ 14:10, 11; ലൂക്കാ 22:3-6)

യൂദാസിൻറെ ഉള്ളിൽ പ്രവേശിക്കുവാൻ സാത്താൻ എന്തിന് പെസഹ വരെ കാത്തിരിക്കണം?


യേശുവിൻറെ ഭൂമിയിലെ ശുശ്രൂഷ 3½ വർഷം നീണ്ടുനിന്നു എന്നാണ് പൊതുവായ അഭിപ്രായം (പാരമ്പര്യം). ഈ 3½ വർഷങ്ങൾക്കുള്ളിൽ 2, 3 പെസഹകൾ ആചരിക്കപ്പെട്ടിരിക്കണം. യേശുവിൻറെ അവസാനത്തെ പെസഹ വരെ കാത്തിരുന്നിട്ട് യൂദാസിൻറെ ഉള്ളിൽ പ്രവേശിക്കാം എന്ന് സാത്താൻ തീരുമാനിക്കുവാൻ കാരണമെന്താണാവോ? ദൈവത്തിൻറെ കാര്യങ്ങളെ എതിർക്കുന്നവനായ പിശാച് യേശുവിൻറെ ജനസമ്മതി വർദ്ധിക്കുന്നതിന് മുമ്പ് അവിടത്തെ നശിപ്പിക്കാതിരുന്നത് എന്തുകൊണ്ട്?

യേശു ഒരേയൊരു പെസഹ ആചരിച്ചതായേ എഴുതപ്പെട്ടിട്ടുള്ളു. പെസഹ ആചരിക്കുവാൻ യെരൂശലേമിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അവിടന്ന് അവരോട് താൻ യെരൂശലേമിൽ വധിക്കപ്പെടും എന്ന് അറിയിച്ചിരുന്നു.
മത്താ 16:21 അന്നുമുതല്‍ യേശു അവിടന്ന് യെരൂശലേമിൽ ചെന്ന്, മൂപ്പന്മാർ, മഹാപുരോഹിതർ, ശാസ്ത്രിമാർ എന്നിവരാൽ പലതും സഹിച്ച്, കൊല്ലപ്പെടുകയും മൂന്നാം നാൾ ഉയിര്‍ത്തെഴുനേൽക്കുകയും ചെയ്യേണ്ടിരിക്കുന്നു എന്ന് ശിഷ്യന്മാരോട് പ്രസ്താവിച്ചു തുടങ്ങി.
പ്രസ്താവിച്ചു തുടങ്ങി എന്ന് എഴുതിയിരിക്കുന്നതിലൂടെ അതിന് ശേഷവും പലകുറി പ്രസ്താവിച്ചിരുന്നു എന്ന് മനസ്സിലാക്കാം. അവിടന്ന് വധിക്കപ്പെടുന്ന കൃത്യമായ തിയ്യതിയും അവരെ അറിയിച്ചിരുന്നു:
മത്താ 26:2 “2 ദിവസം കഴിഞ്ഞ് പെസഹയാണ് എന്ന് നിങ്ങള്‍ അറിയാമല്ലോ; അന്ന് മനുഷ്യ പുത്രനെ ക്രൂശിക്കുവാൻ ഏൽപിക്കും” എന്ന് പറഞ്ഞു.
യേശുവും ശിഷ്യന്മാരും ഉൾപ്പെടുന്ന സംഘത്തിൻറെ പണസഞ്ചി സൂക്ഷിക്കുന്ന ആൾ (യോഹ 12:6) എന്ന നിലയിൽ പെസഹ കഴിഞ്ഞാൽ എത്രമാത്രം പണം ബാക്കിയുണ്ടാകും എന്ന് അറിയാവുന്ന യൂദാസിൻറെ മനസ് പണം സമ്പാദിക്കുന്നതിലായി. അത് എവിടെ കിട്ടും എന്ന് അവന് അറിയാം, അതുകൊണ്ടാണ് അയാൾ മഹാപുരോഹിതരെ സമീപിച്ചത്.

ദ്രവ്യാഗ്രഹം മനുഷ്യനെ നീചനും അധമനുമാക്കും:
1തിമോ 6:10 ദ്രവ്യാഗ്രഹം സകലവിധ തിന്മയ്ക്കും മൂലമാണ്. ചിലര്‍ പണം കാംക്ഷിച്ച് വിശ്വാസത്തിൽ നിന്നും വഴിതെറ്റി, നാനാവിധമായ ദുഃഖങ്ങളാൽ മുറിവേറ്റിരിക്കുന്നു.
1Ti 6:10 For the love of money is the root of all evil: which while some coveted after, they have erred from the faith, and pierced themselves through with many sorrows.
പണത്തിൻറെ വിഷയത്തിൽ യേശു യൂദാസിൻറെ നേരേ വിപരീതമായ സ്വഭാവമുള്ള ആളായിരുന്നു. അവിടന്ന് ദൈവത്തിൽ മാത്രം ആശ്രയിച്ചു. ഒരിക്കൽ നികുതി കെട്ടുവാനുള്ള പണത്തിനായി കടലിൽ പോയി ഒരു മീനിനെ പിടിച്ച് അതിൻറെ വായിലുള്ള പണം കൊണ്ടുവരുവാൻ പത്രോസിനെ പറഞ്ഞയച്ചത് ഓർമ്മിക്കുക. (മത്താ 17:27)

പരമാവധി പതിനായിരം പേർ അനുയായികളായി ഉണ്ടായിരുന്ന യേശുവിനെ ഒറ്റിക്കൊടുക്കുവാൻ ബാഹ്യാകാശത്തിൽ നിന്നും കറുപ്പ് നിറവും, ചുവന്ന കണ്ണുകളും, പിളർന്ന വാലും, ത്രീശൂലവുമായി ഒരു ഭീകരരൂപം യൂദാസിൻറെ ഉള്ളിൽ കടക്കേണ്ട ആവശ്യമില്ല. ദ്രവ്യാഗ്രഹം മനുഷ്യനെ പിശാചാക്കും.

താരതമ്യപ്പെടുത്തണം എന്ന ഉദ്ദേശ്യമില്ലാതെ ചോദിക്കട്ടെ: ലക്ഷക്കണക്കിന് അനുയായികൾ ഉണ്ടായിരുന്ന മഹാത്മ ഗാന്ധി, അബ്രാഹം ലിങ്കൺ, മാർട്ടിൻ ലൂതർ കിങ്ങ് ... തുടങ്ങിയവരെ വധിച്ചവരുടെ ഉള്ളിൽ സാത്താൻ പ്രവേശിച്ചിരുന്നോ? അവരുടെ മതപരവും, രാഷ്ട്രീയവുമായ വെറുപ്പല്ലേ അത്തരം വധങ്ങൾക്ക് കാരണമായത്? അധമവികാരങ്ങളാണ് മനുഷ്യനെ പിശാചാക്കുന്നത്. (ബലഹീന മനസ്സുള്ളവർക്ക് രണ്ട് സ്മോൾ പിടിപ്പിച്ചാൽ എന്ത് തെമ്മാടിത്തരവും കാണിക്കുവാനുള്ള ധൈര്യം വരും!)

യൂദാസും ഹരികൃഷ്ണൻസും, ദ്രവ്യാഗ്രഹത്തിൻറെ അന്ത്യവും.

നിങ്ങൾ സിനിമ കാണാത്ത സത്യവിശ്വാസിയാണെങ്കിൽ ക്ഷമിക്കേണ്ട. മമ്മൂട്ടിയും, മോഹൻലാലും
നായകന്മാരായി അഭിനയിച്ച, ഫാസിൽ സംവിധാനം ചെയ്ത ഹരികൃഷ്ണൻസ് എന്ന ചിത്രത്തിന് രണ്ട് തരത്തിലുള്ള അന്ത്യങ്ങൾ ഉണ്ടായിരുന്നു. മോഹൻലാലിന് ആരാധകർ കൂടുതലുള്ള സ്ഥലങ്ങളിൽ അദ്ദേഹം നായികയെ വിവാഹം കഴിക്കുന്നതായും, മറ്റ് സ്ഥലങ്ങളിൽ മമ്മൂട്ടി നായികയെ വിവാഹം കഴിക്കുന്നതായും അന്ത്യമുള്ള ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. (പിന്നീട് മമ്മൂട്ടി വിവാഹം കഴിക്കുന്ന അന്ത്യമുള്ള ചിത്രം പിൻവലിച്ചു.)

മുമ്പുതന്നെ പിശാചായിരുന്ന യൂദാസിൻറെ ഉള്ളിൽ സാത്താൻ പ്രവേശിച്ച് ഇരട്ട പിശാചായതിനാലാകാം യൂദാസിന് രണ്ട് തരത്തിലുള്ള അന്ത്യം ആയിക്കോട്ടേ എന്ന് കരുതിയത്.

അന്ത്യം #1:

മത്താ 27:5 യൂദാസ് ആ വെള്ളിക്കാശ് മന്ദിരത്തിൽ എറിഞ്ഞിട്ട്, പോയി, കെട്ടിഞാന്ന് ചത്തു.
മത്താ 27:6 മഹാപുരോഹിതര്‍ ആ വെള്ളിക്കാശ് എടുത്ത്: “ഇത് രക്തത്തിൻറെ വിലയായതിനാല്‍ ഭണ്ഡാരത്തില്‍ ഇടുന്നത് വിഹിതമല്ല” എന്ന് പറഞ്ഞ്, കൂടിയാലോചിച്ച്,
മത്താ 27:7 പരദേശികളെ കുഴിച്ചിടുവാന്‍ അതുകൊണ്ട് കുശവന്‍റെ നിലം വാങ്ങി.
മത്താ 27:8 ആകയാല്‍ ആ നിലത്തിന് ഇന്നുവരെ രക്തനിലം എന്ന് പേര്‍ പറയുന്നു.

അന്ത്യം #2:

അപ്പോ 1:18 യൂദാസ് അനീതിയുടെ കൂലികൊണ്ട് ഒരു നിലം മേടിച്ച്, അധോമുഖമായി (മുഖം കീഴിലായി) വീണ്, നടുവെ പിളര്‍ന്ന്, അവന്‍റെ കുടലെല്ലാം പുറത്തേക്ക് ചാടി.
Act 1:18 Now this man [Judas] purchased a field with the reward of iniquity; and falling headlong, he burst asunder in the midst, and all his bowels gushed out.
അപ്പോ 1:18 അത് യെരൂശലേമില്‍ പാര്‍ക്കുന്ന എല്ലാവരും അറിഞ്ഞതിനാല്‍ ആ നിലത്തിന് അവരുടെ ഭാഷയില്‍ രക്തനിലം എന്ന് അര്‍ത്ഥമുള്ള അക്കല്‍ദാമ എന്ന് പേര്‍ ആയി.
ഈ രണ്ട് വേദഭാഗങ്ങളും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ല എന്ന് തെളിയിക്കുവാൻ വേദപണ്ഡിതന്മാർ പെടാപ്പാട് പെടുന്നു. ഈ വേദഭാഗങ്ങൾ തമ്മിൽ പൊരുത്തപ്പെടുത്തുവാൻ അവർ നൽകുന്ന വിശദീകരണങ്ങൾ തീർത്തും അബദ്ധജഡിലമാണ്. 
മുകളിൽ കൊടുത്തിരിക്കുന്ന വേദഭാഗങ്ങളിലെ വ്യത്യാസങ്ങൾ.
മത്തായി 27 അപ്പൊസ്തലർ 1
യൂദാസ് ആ വെള്ളിക്കാശ് മന്ദിരത്തിൽ എറിഞ്ഞു. യൂദാസ് ആ വെള്ളിക്കാശ് മന്ദിരത്തിൽ എറിഞ്ഞില്ല
മഹാപുരോഹിതര്‍ സ്ഥലം വാങ്ങി. യൂദാസ് സ്ഥലം വാങ്ങി.(പശ്ചാത്താപവിവശനായ ഒരാൾ സ്ഥലം വാങ്ങുവാൻ നിൽക്കില്ല.)
യൂദാസ് പോയി, കെട്ടിഞാന്ന് ചത്തു. യൂദാസ് മുന്നോട്ട് വീണ് ചത്തു.
വേദപണ്ഡിതന്മാരുടെ വ്യാഖ്യാനം:
തൂങ്ങിമരിച്ച ആളുടെ ശവം മുന്നോട്ടാഞ്ഞ് വീണു. കൃത്യം ആ ശവത്തിൻറെ മുന്നിൽ ഒരു കുന്തം നാട്ടിനിർത്തിയിരുന്നു. ശവം ചെന്ന് കൃത്യമായി ആ കുന്തത്തിൻറെ മുനയിൽ വീണ് വയറ് കീറി കുടൽ വെളിയിൽ വരും എന്ന് ഉറപ്പുവരുത്തി. ഇത്തരം വ്യാഖ്യനങ്ങൾ വായിക്കുമ്പോൾ ആ ശവത്തിന് വേദപണ്ഡിതന്മാരെക്കാൾ വിവരം ഉണ്ടായിരുന്നു എന്ന് തോന്നും.

തൂങ്ങിച്ചത്ത ആൾ താഴോട്ട് വീഴണമെങ്കിൽ ശവം ചീയണം (അല്ലെങ്കിൽ വാഴനാരിൽ തൂങ്ങണം.) പക്ഷേ, അസ്തമനത്തിന് ശേഷം ശവം തൂങ്ങിക്കിടക്കുവാൻ യൂദന്മാർ അനുവദിക്കില്ല. (ആവ 21:23) വേദപണ്ഡിതന്മാർ വേദം പഠിച്ചിരുന്നെങ്കിൽ!

ഈ രണ്ട് വിവരണങ്ങളിൽ അപ്പൊ 1:18, 19ലെ വിവരണം തെറ്റാണ് എന്നാണ് വേദപണ്ഡിതന്മാരുടെ തുരുപ്പുചീട്ട്.

മത്തായിയുടെ സുവിശേഷത്തിൽ നിന്നും ചില ശ്രദ്ധേയമായ അംശങ്ങൾ:

(ഈ ലേഖനത്തിലെ ഈ ഭാഗത്തിൻറെ പേരും പറഞ്ഞ് വേദപുസ്തകം ഉയർത്തിപ്പിടിച്ചുകൊണ്ട് എൻറെ കഷണ്ടിത്തലയിൽ ഇടിത്തീ വീഴണേ എന്ന് “പ്രാർത്ഥിക്കുന്ന” പാസ്റ്റർമാരെ ഞാൻ മനസ്സിൽ കാണുന്നു. ചീത്തവിളിക്കുവാൻ മുട്ടുന്നവർക്ക് +919341960061, +919066322810 എന്നീ നമ്പറുകളിൽ വിളിച്ച് മുട്ട് തീർക്കാവുന്നതാണ്.)

#1 മത്തായി 27ലെ യൂദാസിനെ പറ്റിയുള്ള വിവരണത്തിൻറെ തുടർച്ചയിൽ നിന്നും:

“യിസ്രായേല്‍ മക്കള്‍ വിലമതിച്ചവന്‍റെ വിലയായ 30 വെള്ളിക്കാശ് അവര്‍ എടുത്തു,
കര്‍ത്താവ് എന്നോട് അരുളിച്ചെയ്തത് പോലെ കുശവന്‍റെ നിലത്തിന് വേണ്ടി കൊടുത്തു” എന്ന് യിരെമ്യാവ് പ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതിന് അന്ന് നിവൃത്തിവന്നു. (മത്താ 27:9, 10)
ദൌർഭാഗ്യവശാൽ, ഇത് പറഞ്ഞത് സെഖര്യാവാണ്: സെഖ 11:12, 13 കാണുക.

#2 ഒരു സെഖര്യാവിനെ മാറ്റി വേറൊരു സെഖര്യാവിനെ വെച്ചു:

നീതിമാനായ ഹാബേലിന്‍റെ രക്തം മുതല്‍ നിങ്ങള്‍ മന്ദിരത്തിനും യാഗപീഠത്തിനും നടുവില്‍ കൊന്ന ബേരെഖ്യാവിന്‍റെ മകനായ സെഖര്യാവിന്‍റെ രക്തം വരെ ഭൂമിയില്‍ ചൊരിഞ്ഞ നീതിയുള്ള രക്തം എല്ലാം നിങ്ങളുടെ മേല്‍ വരേണ്ടതാണ്. (മത്താ 23:35)
ദൌർഭാഗ്യവശാൽ, ബേരെഖ്യാവിന്‍റെ മകനായ സെഖര്യാവിനെ അല്ല കൊന്നത്, യെഹോയാദ പുരോഹിതന്‍റെ മകനായ സെഖര്യാവിനെയാണ്: 2ദിന 24:20, 21 കാണുക.

#3 യേശുവിൻറെ പിതാക്കന്മാരിൽ 4 പേരെ തഴഞ്ഞു: 

മത്താ 1:6-12, 1ദിന 3:9-16 എന്നീ വേദഭാഗങ്ങൾ ശ്രദ്ധാപൂർവം വായിക്കുക.
  • മത്താ 1:8ൽ യഹോറാമിൻറെ (യോറാം) മകൻ ഉസ്സീയാവ് (അസര്യാവ്) ആണ്.
  • 1ദിന 13:11-12ൽ യഹോറാമിൻറെ (യോറാം) മകന്‍ അഹസ്യാവ്. അഹസ്യാവിൻറെ മകൻ യോവാശ്, യോവാശിൻറെ മകന്‍ അമസ്യാ, അമസ്യായുടെ മകന്‍ അസര്യാവ് (ഉസ്സീയാവ്).
അതായത്, യഹോറാമിനും ഉസ്സീയാവിനും ഇടയിലുള്ള 3 തലമുറകൾ മിസ്സിങ്ങ്, ഗായബ്, കാണ്മാനില്ല!
  • മത്താ 1:11ൽ യോശിയാവിൻറെ മകൻ യെഖൊന്യാവാണ്.
  • 1ദിന 13:15-16ൽ യോശിയാവിൻറെ മകൻ യെഹോയാക്കീം, യെഹോയാക്കീമിൻറെ മകൻ യെഖൊന്യാവ്.
അങ്ങനെ, ആകെ, മൊത്തം, ടോട്ടൽ 4 തലമുറ തഴയപ്പെട്ടു.

ഇതിനുമുണ്ട് വേദപണ്ഡിതന്മാർക്ക് വിശദീകരണം.

  • ഒരാൾ മറ്റൊരാളെ ജനിപ്പിച്ചു എന്ന് പറഞ്ഞാൽ ജനിപ്പിച്ചു എന്ന് അർത്ഥമില്ല. (എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട...)
  • ഈ കാണാതായ യേശുവിൻറെ പിതാക്കന്മാർ ഒന്നുകിൽ മോശം രാജാക്കന്മാരായിരുന്നു, അല്ലെങ്കിൽ കുറച്ചുകാലമേ ഭരിച്ചുള്ളൂ.
ഇവനെയൊക്കെ വേദപണ്ഡിതൻ എന്നല്ല വിളിക്കേണ്ടത്, മന്ദബുദ്ധി എന്നാണ്! ഇവിടെ തലമുറകളുടെയും ജനിപ്പിച്ചതിൻറെയും വിഷയമാണ് പറയുന്നത് എന്ന് ഈ തിരുമണ്ടന്മാർക്ക് ആരെങ്കിലും പറഞ്ഞുകൊടുത്തെങ്കിൽ!

ഇങ്ങനെ വാദിക്കുന്ന ഒരു വേദപണ്ഡിതൻറെ മുത്തച്ഛൻ ഒരു റിട്ടയേഡ് പോലീസ് ഓഫീസറും, അച്ഛൻ തൊഴിലൊന്നും ചെയ്യാതെ വെള്ളമടിച്ച് ചൊറിയുംകുത്തി വീട്ടിലിരിക്കുന്ന ആളും ആണെങ്കിൽ ഇവൻ “ഇനിമുതൽ അച്ഛനല്ല എൻറെ അച്ഛൻ, മുത്തച്ഛനാണ് എൻറെ അച്ഛൻ” എന്ന് പറയുമോ? പറഞ്ഞാൽ മുത്തച്ഛൻ അവൻറെ അണപ്പല്ല് ഒരെണ്ണമെങ്കിലും ബാക്കിവെക്കുമോ? അവൻറെ അമ്മ കടുക് വറക്കുന്ന തിളക്കുന്ന തിളച്ച എണ്ണ അവൻറെ തലയിൽ ഒഴിക്കില്ലേ?

ദൈവപുത്രനായ യേശുക്രിസ്തുവിൻറെ പിതൃത്വത്തെ പറ്റിയാണ് ചർച്ച ചെയ്യുന്നത് എന്ന കാര്യം വേദപണ്ഡിതന്മാർ മറന്നുപോകുന്നു. അവർക്ക് മതം അവരുടെ ദൈവവും, വേദപുസ്തകം അവരുടെ ദൈവപുത്രനുമാണ്. കഷ്ടം!

വേദപുസ്തകത്തിൽ തെറ്റുണ്ടെന്നാണോ ഇയാൾ പറയുന്നത്?

ജീസസ് പാപ്പിറസ്
പുതിയനിയമത്തിൻറെ ഏറ്റവും പഴയ കൈയ്യെഴുത്തുപ്രതിയുടെ ചിത്രം ഇതോടൊപ്പം ചേർക്കുന്നു. 

കി.പി.65ന് മുമ്പ് എഴുതപ്പെട്ട ഈ കൈയ്യെഴുത്തുപ്രതിയിൽ ആകെ ബാക്കിയുള്ളത് കൈയ്യിലെ നഖത്തിൻറ അത്രയും വലിപ്പമുള്ള മൂന്ന് പാപ്പിറസ് തുണ്ടുകളാണ്. അതിൽ മത്തായി 26:47ൽ യൂദാസിനെ പറ്റി പറയുന്ന ഭാഗമാണ് ഉള്ളത്.

എല്ലാ കൈയ്യെഴുത്തുപ്രതികളും ഇതുപോലെയാണെന്നല്ല, യെശയ്യാവിൻറെ പുസ്തകം ഒഴികെ ഒരു പുസ്തകവും പൂർണ്ണരൂപത്തിൽ ലഭിച്ചിട്ടില്ല. (പൂർണ്ണമായ ചില കൃത്രിമ കൈയ്യെഴുത്തുപ്രതികളും ഉണ്ട്.)

ഇത്തരം കൈയ്യെഴുത്തുപ്രതികളിൽ നിന്നും വേദപുസ്തകം രൂപപ്പെടുത്തിയെടുക്കുമ്പോൾ ഒരു വചനമോ, വാക്കോ വിട്ടുപോയ സ്ഥലത്ത് ഉത്തരവാദിത്തമില്ലാത്ത ആരോ ചെറിയ ഒരു പിഴവ് വരുത്തിയാൽ പോരേ?

പ്രിയരേ, വേദപുസ്തകം ദൈവമല്ല, യേശു ക്രിസ്തുവുമല്ല; അവരിലേക്കുള്ള വഴികാട്ടി മാത്രമാണ്.

പിശാച് എന്നതിന് യേശു നൽകിയ അർത്ഥം എന്താണെന്ന് പിന്നീട് എഴുതാം.
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

Monday, June 20, 2016

2പത്രോ 3:8, 10 - ആയിരമാണ്ട് വാഴ്ച, കർത്താവിൻറെ ദിവസം.

ക്രിസ്തുവിൽ പ്രിയരേ,

രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പിന് ഇറക്കുന്ന പ്രകടനപത്രികകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാണോ എന്ന് വോട്ടർമാർ ആരെങ്കിലും പരിശോധിക്കാറുണ്ടോ? തോട്ടുംകരയില്‍ വിമാനമിറങ്ങാന്‍ താവളം ഉണ്ടാക്കും, ഓരോരുത്തരുടെയും ബാങ്ക് അക്കൌണ്ടിൽ ലക്ഷക്കണക്കിന് രൂപ നിക്ഷേപിക്കും, മച്ചികൾക്കെല്ലാം കൊച്ചുങ്ങൾ എന്നൊക്കെ പറഞ്ഞാലും അത് പ്രാവർത്തികമാക്കുവാൻ കഴിയുമോ എന്ന് അധികമാരും ചിന്തിക്കുവാൻ മെനക്കെടാറില്ല. (മെനക്കെട്ടാൽ വോട്ടുചെയ്യുവാൻ ആളെ കിട്ടില്ല.)

ഇതുതന്നെയാണ് ആയിരമാണ്ട് വാഴ്ചയെ പറ്റിയുള്ള വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ പ്രബോധനങ്ങളുടെ കാര്യവും. ആയിരം വർഷ വാഴ്ചയിൽ ഭൂമി പരദീസ പോലെയാകും, യിസ്രായേലിന് അതിൻറെ രാജ്യം തിരികെ ലഭിക്കും, രക്ഷിക്കപ്പെടാത്തവർക്കെല്ലാം രക്ഷിക്കപ്പെടുവാൻ അവസരം ലഭിക്കും ... തുടങ്ങി നിരവധി കാര്യങ്ങൾ നമ്മളെല്ലാം കേട്ടിട്ടുണ്ട്. ഈ പട്ടികകളെല്ലാം പ്രശസ്തരായ വേദപണ്ഡിതന്മാർ, അവർക്ക് ഉചിതമെന്ന് തോന്നിയ വചനങ്ങളുടെ അകമ്പടിയോടെ തയ്യാറാക്കിയതാണ് എന്ന കാരണത്താൽ നാം അവയെ പുനരവലോകനം ചെയ്യാറില്ല.

ബീജഗണിതത്തിലെ സമവാക്യങ്ങൾ (algebraic equations) പോലെ യെശ 65:5; 28:3; യെരെ 5:18; 6:16; 7:34f; യെഹ 47:10-13, 33-37;  മീഖ 7:3 എന്നിങ്ങനെ വചനങ്ങളുടെ ഒരു നീണ്ട പട്ടിക കണ്ടാൽ പിന്നെ എഴുതുന്നതെല്ലാം സത്യമായി എന്നാണ് പൊതുവായ ധാരണ. മെശീഹയെ പറ്റിയുള്ള തങ്ങളുടെ പ്രതീക്ഷകൾ യേശു നിറവേറ്റിയില്ല എന്ന് തെളിയിക്കുവാൻ യെഹൂദ്യർ ഉപയോഗിക്കുന്ന വചനങ്ങളുടെ പട്ടിക പരിശോധിച്ചാൽ അവ യിസ്രായേലിനെ ശിക്ഷിക്കുന്നതിനെ പറ്റിയുള്ള വേദഭാഗങ്ങളിൽ എടുത്തവയാണെന്ന് കാണാം - മെശീഹ വന്നാൽ അവരെ രക്ഷിക്കും എന്നാണല്ലോ അവരുടെ അവകാശവാദം.

വചനങ്ങളുടെ ബാഹുല്യത്താൽ ഒരു സിദ്ധാന്തം സത്യമാകുന്നില്ല. ഒരു വചനം ആരെ അഭിസംബോധന ചെയ്യുന്നു, ആ വചനത്തിൻറെ സന്ദർഭം എന്താണ് എന്താണ് എന്നാണ് പരിശോധിക്കേണ്ടത്. വചനം അല്ല, വിവേചനം അതാണ് പ്രധാനം.

2പത്രോ 3:8, വളരെയധികം ദുരുപയോഗം ചെയ്യപ്പെടുന്ന ഒരു വചനം:

വെളി 20:2-7, 2പത്രോ 3:8 എന്നിവ ഒഴികെ ആയിരം വർഷങ്ങൾ (thousand years) എന്ന പദസമുച്ചയം വരുന്ന വചനങ്ങൾ  സങ്കീ 90:4, പ്രസം 6:6 എന്നിവയാണ്, അവയ്ക്ക് ആയിരമാണ്ട് വാഴ്ചയുമായി ബന്ധമില്ല.
2പത്രോ 3:8 പ്രിയമുള്ളവരേ, കര്‍ത്താവിന് ഒരു ദിവസം ആയിരം സംവത്സരം പോലെയും ആയിരം സംവത്സരം ഒരു ദിവസം പോലെയുമാണ് എന്ന കാര്യം നിങ്ങള്‍ മറക്കരുത്.
2Pe 3:8 But, beloved, be not ignorant of this one thing, that one day is with the Lord asG5613 a thousand years, and a thousand years asG5613 one day.
“കരയില് പിടിച്ചിട്ട മീൻ പോലെ കടക്കണ്ണ് തുടിക്കണതെന്താണ്” എന്ന പാട്ടിൻറെ വരി 1971 മുതൽ ഇന്നുവരെ കേട്ടിട്ടുള്ള മലയാളികളിൽ ആരും നായികയുടെ കണ്ണ് കുടംപുളിയിട്ട് കറിവെക്കുവാനോ, മസാല പുരട്ടി വറക്കുവാനോ കൊള്ളാം എന്ന് കരുതിയിരിക്കുവാൻ വഴിയില്ല, കാരണം പോലെ എന്ന വാക്ക് ഉപമ എന്ന ഭാഷാലങ്കാരത്തെ സൂചിപ്പിക്കുന്നു എന്ന് അറിയുവാൻ ഏ.ആർ.രാജരാജവർമ്മയുടെ ഭാഷാഭൂഷണം അരച്ചുകുടിക്കേണ്ട ആവശ്യമില്ല, സാമാന്യബുദ്ധി മതി.

ഈ ഒരു വചനം ഉപയോഗിച്ച് വ്യാഖ്യാന വൈകൃതങ്ങൾ സൃഷ്ടിച്ച ക്രൈസ്തവ വിഭാഗങ്ങൾ ഒന്നും രണ്ടുമല്ല. കർത്താവിന് (യേശുവിന്) ഒരു ദിവസം 1000 വർഷം ആണെന്നും, പിതാവായ ദൈവത്തിന് ഒരു ദിവസം 7000 വർഷം ആണെന്നും, അതുകൊണ്ട് സൃഷ്ടികർമ്മം നിർവഹിക്കുവാൻ 49000 (7 * 7000) വർഷം എടുത്തെന്നും സമർത്ഥിക്കുന്നവരുണ്ട്. അവരെല്ലാം പോലെ എന്ന വാക്കിനെ അവഗണിച്ചു.

ഇവിടെ പോലെ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്ക്, ὡς, (ഹോസ്, hoce, സ്ട്രോങ്സ് നിഘണ്ടുവിൽ G5613) പുതിയനിയമത്തിൽ 491 തവണ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 342 തവണ (69.6%) പോലെ (as, as though, like) എന്നാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അതായത്, ഈ വാക്ക് അവഗണിക്കപ്പെടേണ്ടതോ, പരിഭാഷകർ ചേർത്തതോ അല്ല. പോലെയുടെ കാരണം എന്താണെന്ന് വഴിയേ പറയാം.

2പത്രോ 3:8ൻറെ സന്ദർഭം:

2പത്രോ 3:3 നിങ്ങൾ ആദ്യം അറിയേണ്ട സംഗതി: അന്ത്യകാലത്ത് സ്വന്തം മോഹങ്ങളെ അനുസരിച്ച് നടക്കുന്ന പരിഹാസികള്‍ പരിഹാസത്തോടെ വന്ന്:
2Pe 3:3 knowing this first of all, that scoffers will come in the last days with scoffing, following their own sinful desires.
2പത്രോ 3:4 “യേശുവിന്‍റെ വരവിൻറെ വാഗ്ദാനം എവിടെ? പിതാക്കന്മാര്‍ നിദ്രകൊണ്ട ശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തില്‍ ഇരുന്നത് പോലെ തന്നെ ഇരിക്കുന്നു” എന്ന് പറയും.
2Pe 3:4 They will say, "Where is the promise of his coming? For ever since the fathers fell asleep, all things are continuing as they were from the beginning of creation."
2പത്രോ 3:8ൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഇത്തരം പരിഹാസികൾക്കുള്ള മറുപടിയുടെ ഭാഗമാണ്. പരിഹാസികൾ പ്രതീക്ഷിക്കുന്നത് നിലനിൽക്കുന്ന അവസ്ഥയിൽ നിന്നുമുള്ള ഗുണകരമായ മാറ്റമാണ് (positive change) എന്ന് സന്ദർഭത്തിൽ നിന്നും വ്യക്തമാകും.

ഈ വചനത്തിൽ വരവ് എന്ന് പരിഭാഷപ്പെടുത്തിയിട്ടുള്ള ഗ്രീക്ക് വാക്കിന് (παρουσία, പരോസിയ, parousia, സ്ട്രോങ്സ് നിഘണ്ടുവിൽ G3952), വരവ്, സാന്നിദ്ധ്യം എന്നീ അർത്ഥങ്ങൾ ഉണ്ട്.
2പത്രോ 3:5 ആകാശവും വെള്ളത്തില്‍ നിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ട് ദൈവത്തിന്‍റെ വചനത്താല്‍ ഉണ്ടായി എന്നും,
2Pe 3:5 For they deliberately overlook this fact, that the heavens existed long ago, and the earth was formed out of water and through water by the word of God,
2പത്രോ 3:5 അതിനാല്‍ (വെള്ളത്താൽ) അന്നുള്ള ലോകം ജലപ്രളയത്തില്‍ മുങ്ങി നശിച്ചു എന്നും അവർ മനഃപൂര്‍വ്വം മറക്കുന്നു.
2Pe 3:6 and that by means of these the world that then existed was deluged with water and perished.
യേശുവിൻറെ വരവ് സംഭവിക്കാത്തതിനെ പറ്റി പരിഹസിക്കുന്ന പരിഹാസികളോട്  ജലപ്രളയത്തെ പറ്റി ഓർമ്മിപ്പിക്കേണ്ടതിൻറെ ആവശ്യകത മനസ്സിലായോ? അവർ അവർക്ക് ഗുണകരമായ (positive) മാറ്റമാണ് പ്രതീക്ഷിക്കുന്നത്, പക്ഷേ, അങ്ങനെയല്ല, ദോഷകരമായ മാറ്റമാണ് നടക്കുവാൻ പോകുന്നത് എന്നാണ് പത്രോസ് നൽകുന്ന മുന്നറിയിപ്പ്.
2പത്രോ 3:7 ഇപ്പോഴുള്ള ആകാശവും ഭൂമിയും അതേ വചനത്താല്‍ അഗ്നിയ്ക്കായി സൂക്ഷിക്കപ്പെട്ട്, ന്യായവിധിയും ഭക്തിഹീനരായ മനുഷ്യരുടെ നാശവും സംഭവിക്കുവാന്‍ ഉള്ള ദിവസത്തേക്ക് കാത്തുവെച്ചിരിക്കുന്നു.
2Pe 3:7 But the heavens and the earth, which are now, by the same word are kept in store, reserved unto fire against the day of judgment and perdition of ungodly men.
തീർച്ചയായും ഇവിടെ സൂചിപ്പിച്ചിരിക്കുന്ന ഭക്തിഹീനരിൽ മേൽപറഞ്ഞ പരിഹാസക്കാരും ഉൾപ്പെടണം.

ന്യായവിധി ഭക്തിഹീനർക്കാണോ അതോ പ്രപഞ്ചത്തിന് മുഴുവനുമാണോ? മത്തായി 25ലെ ന്യായവിധിയിൽ ശിക്ഷായോഗ്യർ നിത്യാഗ്നിയിലേക്ക് പോകും എന്നാണ് എഴുതിയിരിക്കുന്നത് (മത്താ 25:41), ഇവിടെ പ്രപഞ്ചം മുഴുവനും ചുട്ടെരിക്കപ്പെടും എന്നാണ് എഴുതിയിരിക്കുന്നത്. ഇതിൽ ഏതാണ് നടക്കുവാൻ പോകുന്നത്? ശിക്ഷായോഗ്യരെ നിത്യാഗ്നിയിലേക്ക് അയച്ചിട്ടും അരിശം തീരാഞ്ഞ് പ്രപഞ്ചത്തെ ചുട്ടെരിക്കുമോ? നിങ്ങളുടെ ദൈവം കുഞ്ചൻനമ്പ്യാരുടെ ഫലിതത്തിലെ നായർ പോലെയാണോ?
“നായർ വിശന്നു വലഞ്ഞു വരുമ്പോൾ കായക്കഞ്ഞിക്കരിയിട്ടില്ല;
ആയതുകേട്ടു കലമ്പിച്ചെന്നങ്ങായുധമുടനേ കാട്ടിലെറിഞ്ഞു.
ചുട്ടുതിളക്കും വെള്ളമശേഷം കുട്ടികൾ തങ്ങടെ തലയിലൊഴിച്ചു.
കെട്ടിയ പെണ്ണിനെ മടികൂടാതെ, കിട്ടിയ വടികൊണ്ടൊന്നു കൊമച്ചു.
ഉരുളികൾ കിണ്ടികളൊക്കെയുടച്ചു, ഉരലുവലിച്ചു കിണറ്റിൽ മറിച്ചു;
ചിരവയെടുത്തഥ തീയിലെരിച്ചു, അരകല്ലങ്ങു കുളത്തിലെറിഞ്ഞു;
അതുകൊണ്ടരിശം തീരാഞ്ഞവനപ്പുരയുടെ ചുറ്റും മണ്ടി നടന്നു.”
~ കുഞ്ചൻനമ്പ്യാർ (നളചരിതം.)


ഇതിന് ശേഷമാണ് ഒരു ദിവസം ആയിരം വർഷം പോലെയും, ആയിരം വർഷം ഒരു ദിവസം പോലെയുമാണെന്നുള്ള പ്രസ്താവം വരുന്നത്. അതിൻറെ കാരണം തുടർന്നുവരുന്ന വചനങ്ങളിലുണ്ട്:
2പത്രോ 3:9 ചിലര്‍ താമസം എന്ന് വിചാരിക്കുന്നത് പോലെ കര്‍ത്താവ് തന്‍റെ വാഗ്ദാനം നിവര്‍ത്തിക്കുവാന്‍ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാന്‍ അവിടന്ന് ഇച്ഛിച്ച് നമ്മളോട് ദീര്‍ഘക്ഷമ കാണിക്കുന്നു എന്നേയുള്ളൂ.
2Pe 3:9 The Lord is not slack concerning his promise, as some men count slackness; but is longsuffering to us-ward, not willing that any should perish, but that all should come to repentance.
ഇവിടെ പത്രോസ് പരിഹാസക്കാരോട് പറയുന്ന സന്ദേശം ഇതാണ്: നിനക്കൊക്കെ മനസ്സുണ്ടെങ്കിൽ ഉള്ള സമയത്തിന് പശ്ചാത്തപിച്ചോ, ഇല്ലെങ്കിൽ:
2പത്രോ 3:9 കര്‍ത്താവിന്‍റെ ദിവസം കള്ളനെ പോലെ വരും. അന്ന് ആകാശം വലിയ മുഴക്കത്തോടെ ഒഴിഞ്ഞുപോകും; മൂലപദാര്‍ത്ഥങ്ങള്‍ കത്തിയഴിയുകയും ഭൂമിയും അതിലുള്ള ക്രിയകളും വെന്തുപോകുകയും ചെയ്യും.
2Pe 3:10 But the day of the Lord will come as a thief in the night; in the which the heavens shall pass away with a great noise, and the elements shall melt with fervent heat, the earth also and the works that are therein shall be burned up.
നീയൊക്കെ പ്രതീക്ഷിക്കാതിരിക്കുമ്പോൾ കർത്താവിൻറെ ദിവസം വന്ന് നിന്നെയൊക്കെ ചുട്ട് ചാമ്പലാക്കും.

കർത്താവിൻറെ ദിവസം തന്നെയാണ് ആയിരം വർഷം.

കർത്താവിൻറെ ദിവസം തന്നെയാണ് ആയിരം വർഷം, ആയിരം വർഷം തന്നെയാണ് കർത്താവിൻറെ ദിവസം. കാരണം: ഈ വേദഭാഗത്തിൽ ഒരേ വിഷയത്തെ പറ്റിയാണ് ചർച്ച ചെയ്യുന്നത്.

ആയിരമാണ്ട് വാഴ്ചയെ പറ്റിയുള്ള രണ്ട് വേദഭാഗങ്ങളിൽ ഒന്നാണ് ഇത്. വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ ആയിരം വർഷത്തെ പറ്റിയുള്ള പ്രകടനപത്രികയിൽ പറയപ്പെടുന്ന മോഹനവാഗ്ദാനങ്ങളിൽ ഏതെങ്കിലും നിറവേറുവാനുള്ള സാദ്ധ്യത ഞാൻ ഇവിടെ കാണുന്നില്ല, നിങ്ങളോ?

പഴയനിയമത്തിൽ 26 തവണ യഹോവയുടെ ദിവസം (കർത്താവിൻറെ ദിവസം) എന്ന പദസമുച്ചയം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. അവയിൽ ചിലത് നിറവേറിയവയുമാണ്. യിസ്രയേൽ തടവുകാരായി പിടിക്കപ്പെട്ട് ബാബിലോണിലേക്ക് കൊണ്ടുപോകപ്പെട്ട ശേഷം യിരെമ്യാവ് എഴുതിയ വിലാപങ്ങളിൽ “യഹോവയുടെ കോപത്തിൻറെ ദിവസത്തിൽ ദിവസത്തില്‍ ആരും രക്ഷപെട്ടില്ല; ആരും ശേഷിച്ചതും ഇല്ല; ഞാന്‍ കൈയില്‍ താലോലിച്ചു വളര്‍ത്തിയവരെ എന്‍റെ ശത്രു നശിപ്പിച്ചിരിക്കുന്നു” (വിലാ 2:22) എന്ന് എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക. അതുപോലെ തന്നെ, ക്രിസ്തുവിന് നൂറ്റാണ്ടുകൾക്ക് മുമ്പ് ഏദോം നാശമായതും യഹോവയുടെ ദിവസം ആയിരുന്നു. (യെശ 34:8).

യഹോവയുടെ ദിവസം കർത്താവിൻറെ ദിവസമല്ല എന്ന് വാദിച്ചേക്കാം, അത്തരം വേദനിരക്ഷരർക്ക് മറുപടിയാണ് മലാഖിയുടെ പുസ്തകത്തിൻറെ അവസാനത്തിൽ പുതിയനിയമ കാലത്ത് വരേണ്ട കർത്താവിൻറെ ദിവസത്തെ പറ്റി:
മലാ 4:5 യഹോവയുടെ വലിയതും ഭയങ്കരവുമായ നാള്‍ വരുന്നതിന് മുമ്പ് ഞാന്‍ നിങ്ങള്‍ക്ക് ഏലീയാവ് പ്രവാചകനെ അയയ്ക്കും.
പഴയനിയമത്തിൽ ഉടനീളം യഹോവയുടെ / കർത്താവിൻറെ ദിവസത്തെ പറ്റി എഴുതപ്പെട്ടിരിക്കുന്ന കാര്യങ്ങൾ ശുഭോദർക്കമല്ല, അത് നാശം, ക്രോധം, കോപം, യുദ്ധം, പ്രതികാരം, സംഹാരം എന്നിവയെ പറ്റിയാണ്.

എലിയെ പേടിച്ച് ഇല്ലം ചുടുക!

“ന്യായവിധിയും ഭക്തിഹീനരായ മനുഷ്യരുടെ നാശവും സംഭവിക്കുക” എന്നതാണ് ആത്യന്തിക ലക്ഷ്യം. ഈ ലക്ഷ്യം സാധിക്കുവാൻ ദൈവം ചെയ്യുമെന്ന് പറയപ്പെടുന്ന കാര്യം ആകാശത്തെയും ഭൂമിയെയും പരിപൂർണ്ണമായി നശിപ്പിക്കുക എന്നതും. ഇത് അക്ഷരാർത്ഥത്തിൽ നിർവഹിക്കുന്ന ദൈവവും എലിയെ പേടിച്ച് ഇല്ലം ചുട്ട തിരുമണ്ടനും തമ്മിൽ എന്തെങ്കിലും വ്യത്യാസം കണ്ടെത്തുവാൻ കഴിയുമോ?

ക്രിസ്തുവിന് 200 മുതൽ 600 വർഷങ്ങൾക്ക് മുമ്പ് ഏദോം നാശമായപ്പോൾ അതിനെ പറ്റി യെശ 34:4-6ൽ നൽകിയിട്ടുള്ള പ്രവചനങ്ങൾ ഇതുപോലെ തന്നെ ഭയാനകമായിരുന്നു:
യെശ 34:4 ആകാശത്തിലെ സൈന്യമെല്ലാം അലിഞ്ഞുപോകും; ആകാശവും ഒരു ചുരുള്‍ പോലെ ചുരുണ്ടുപോകും; അതിൻറെ സൈന്യമെല്ലാം മുന്തിരിവള്ളിയുടെ ഇല വാടി പൊഴിയുന്നത് പോലെയും അത്തിക്കായകൾ വാടി പൊഴിയുന്നത് പോലെയും പൊഴിഞ്ഞുപോകും.
അന്ന് ഏദോം നശിച്ചതല്ലാതെ, ആകാശത്തിലെ സൈന്യമെല്ലാം നാശമായെങ്കിൽ ഇപ്പോഴുള്ള നക്ഷത്രങ്ങളും, ഗ്രഹങ്ങളും എവിടെനിന്നും വന്നു? (കൂടുതൽ വിവരങ്ങൾക്ക് ഈ ലേഖനം കാണുക.)


പ്രിയരേ, ദൈവം മനുഷ്യന് ശക്തമായ താക്കീത് നൽകും, ശിക്ഷിക്കും, പക്ഷേ, താക്കീതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം അക്ഷരശഃ നിറവേറ്റില്ല. കാരണം ദൈവം എല്ലാവരുടെയും പിതാവാണ്, പാപികളുടെയും, വിശുദ്ധരുടെയും. ദൈവം ഒരു നീചനല്ല.

നമ്മൾ നമ്മുടെ കുട്ടികൾ തെറ്റുചെയ്താലോ, പഠിക്കാതിരുന്നാലോ നൽകുമെന്ന് പറയുന്ന ശിക്ഷകളെല്ലാം അക്ഷരശഃ നൽകാറുണ്ടോ? അതേ സമയം, നല്ലത് ചെയ്യുകയോ, നന്നായി പഠിക്കുകയോ ചെയ്താൽ നൽകുമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ള സമ്മാനങ്ങൾ നമുക്ക് താങ്ങുവാൻ കഴിയാത്തതായിരുന്നാലും നൽകാറില്ലേ? സാധാരണ സൈക്കിൽ വാങ്ങിക്കൊടുക്കാം എന്ന് വാഗ്ദാനം ചെയ്തിട്ട് 24 ഗിയർ സൈക്കിൾ വാങ്ങിക്കൊടുത്തവർ നമ്മുടെയിടയിൽ ഇല്ലേ? സമ്മാനം വാങ്ങിക്കൊടുക്കുവാൻ നിവൃത്തിയില്ലാത്തതിനാൽ ഓവർടൈം ജോലിചെയ്ത മാതാപിതാക്കൾ നമ്മുടെയിടയിൽ ഇല്ലേ? ദൈവം മനുഷ്യനേക്കാൾ എത്രയോ പടി മുന്നിലായിരിക്കണം?

“പോലെ”യുടെ കാരണം.


യേശു തിരികെ വന്നില്ല. ലോകം ഒരു മാറ്റവുമില്ലാതെ തുടരുന്നു എന്ന് പരിഹസിക്കുന്ന പരിഹാസികൾക്കുള്ള മുന്നറിയിപ്പാണ് ഈ വേദഭാഗം. അവർ മാത്രമല്ല, മറ്റ് പലരും പ്രതീക്ഷിക്കുന്നത് പോലെ ശുഭോദർക്കമായ ഒരു കാലമല്ല കർത്താവിൻറെ ദിവസം എന്നാണ് പത്രോസിൻറെ മുന്നറിയിപ്പ്.

ആൽബർട്ട് ഐൻസ്റ്റീൻ ആപേക്ഷികതാ സിദ്ധാന്തം (the Theory of Relativity) മനസ്സിലാക്കിത്തരുവാൻ പറഞ്ഞ ഒരു ദൃഷ്‌ടാന്തമുണ്ട്:
കത്തിക്കൊണ്ടിരിക്കുന്ന അടുപ്പിലേക്ക് ഒരു മിനിട്ട് കൈ നീട്ടിപ്പിടിക്കുക, ആ ഒരു മിനിറ്റ് ഒരു മണിക്കൂറാണെന്ന് തോന്നും.
നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരു പെൺകുട്ടിയുടെ കൂടെ ഒരു മണിക്കൂർ ചെലവഴിക്കുക, ആ ഒരു മണിക്കൂർ ഒരു മിനിറ്റാണെന്ന് തോന്നും.
അതാണ് ആപേക്ഷികതാ സിദ്ധാന്തം!
ഇവിടെ ഒരു മിനിറ്റിനെ ഒരു മണിക്കൂറാക്കുന്നതും, ഒരു മണിക്കൂറിനെ ഒരു മിനിറ്റാക്കുന്നതും സമയദൈർഘ്യമല്ല, അനുഭവമാണ്. കർത്താവിൻറെ ദിവസത്തിലെ പരിഹാസികളുടെയും ഭക്തിഹീനരുടെയും അനുഭവവും ഇതുതന്നെയാണ്.

പലപ്പോഴും അടുത്തത് ഇന്ന വിഷയത്തെ പറ്റി എഴുതും എന്ന് വാഗ്ദാനം ചെയ്താലും, കർത്താവിൻറെ മാര്‍ഗനിര്‍ദ്ദേശം അങ്ങനെയായിരിക്കില്ല. അങ്ങനെ എഴുതാതെ മുടങ്ങിപ്പോയ അനവധി വിഷയങ്ങളുണ്ട്. കർത്താവിൻറെ മാര്‍ഗനിര്‍ദ്ദേശം ഉണ്ടെങ്കിൽ അടുത്ത തവണ വെളിപ്പാട് 20ലെ ആയിരം വർഷ വാഴ്ചയെ പറ്റി എഴുതാം.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

യഹോവയുടെ നാള്‍ / കർത്താവിൻറെ നാൾ (the day of the LORD) എന്ന പദസമുച്ചയം വരുന്ന എല്ലാ വചനങ്ങളും.

ക്രിസ്തുവിൽ പ്രിയരേ,

ഇത് ഒരു ലേഖനമല്ല, യഹോവയുടെ നാള്‍ / കർത്താവിൻറെ നാൾ (the day of the LORD) എന്ന പദസമുച്ചയം വരുന്ന എല്ലാ വചനങ്ങളും ഇവിടെ ശേഖരിച്ചിരിക്കുന്നു. ഈ വചനങ്ങളിൽ ചിലത് ക്രിസ്തുവിന് മുമ്പുതന്നെ നിറവേറിയവയാണ്. ഏതാനും ചില വചനങ്ങൾ ഒഴികെ ബാക്കിയുള്ളവയെല്ലാം നാശം, ക്രോധം, കോപം, യുദ്ധം, പ്രതികാരം, സംഹാരം എന്നിവയെ പറ്റിയാണ്. യഹോവയുടെ/കർത്താവിൻറെ നാൾ ശുഭോദർക്കമായ ഒരു മഹത്ദിനമാണ് എന്ന് ധരിച്ച് അതിനുവേണ്ടി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നവർ നിരാശരാകും. ആമോസിൻറെ പുസ്തകത്തിൽ നിന്നുമുള്ള വചനങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.


യെശ 2:12 സൈന്യങ്ങളുടെ യഹോവയുടെ നാള്‍ ഗര്‍വവും ഉന്നതഭാവവും ഉള്ള എല്ലാത്തിന്‍റെ മേലും നിഗളമുള്ള എല്ലാത്തിന്‍റെ മേലും വരും;
യെശ 13:6 യഹോവയുടെ ദിവസം സമീപിച്ചിരിക്കുന്നതിനാല്‍ മുറയിടുവിന്‍; അത് സര്‍വശക്തനില്‍ നിന്നും സര്‍വനാശം പോലെ വരുന്നു.
യെശ 13:9 ദേശത്തെ ശൂന്യമാക്കുവാനും പാപികളെ അതില്‍ നിന്നും നശിപ്പിക്കുവാനും യഹോവയുടെ ദിവസം ക്രൂരമായി, ക്രോധത്തോടും അത്യധികം കോപത്തോടും കൂടെ വരുന്നു.
യെശ 34:8 അത് യഹോവ പ്രതികാരം നടത്തുന്ന ദിവസവും സീയോന്‍റെ വ്യവഹാരത്തില്‍ പ്രതിഫലം കൊടുക്കുന്ന സംവത്സരവും ആകുന്നു.
ഇത് ഏദോമിൻറെ നാശത്തിനെ പറ്റിയുള്ള വേദഭാഗമാണ്. ഏദോം ക്രിസ്തുവിന് 200 മുതൽ 600 വർഷങ്ങൾക്ക് മുമ്പ് നാശമായി.
യിരെ 46:10 ആ ദിവസം സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവ് തന്‍റെ വൈരികളോട് പ്രതികാരം ചെയ്യുന്ന പ്രതികാര ദിവസമാണ്; വാള്‍ വേണ്ടുവോളം തിന്നുകയും അവരുടെ രക്തം കുടിച്ച് മദിക്കുകയും ചെയ്യും; വടക്ക് ഫ്രാത്ത് നദീതീരത്ത് സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവിന് ഒരു ഹനനയാഗം ഉണ്ട്.
വിലാ 2:22 യഹോവയുടെ കോപത്തിൻറെ ദിവസത്തില്‍ ആരും രക്ഷപെട്ടില്ല; ആരും ശേഷിച്ചതും ഇല്ല; ഞാന്‍ കൈയില്‍ താലോലിച്ചു വളര്‍ത്തിയവരെ എന്‍റെ ശത്രു നശിപ്പിച്ചിരിക്കുന്നു.
ബാബിലോൺ രാജാവായ നെബൂഖദ്നേസർ യെരൂശലേമിനെ നശിപ്പിച്ച് യെഹൂദ്യരെ ബാബിലോണിലേക്ക് തടവുകാരായി കൊണ്ടുപോയതിന് ശേഷമാണ് ഈ വിലാപം എഴുതപ്പെട്ടത്.
യെഹെ 13:5 യഹോവയുടെ നാളിലെ യുദ്ധത്തില്‍ നിങ്ങള്‍ വിടവുകളില്‍ കയറി ഉറച്ചുനിന്നിട്ടില്ല, യിസ്രായേല്‍ ഗൃഹത്തിന് വേണ്ടി മതില്‍ കെട്ടിയിട്ടുമില്ല.
കല്‍ദയർ അഥവാ ബാബിലോണ്യർ യിസ്രായേലിനെ ആക്രമിച്ച് കീഴ്പ്പെടുത്തിയതിനെ പറ്റിയാണ് പരാമർശം.
യെഹെ 30:3 നാള്‍ അടുത്തിരിക്കുന്നു! അതേ, യഹോവയുടെ നാള്‍ അടുത്തിരിക്കുന്നു! അത് മേഘമുള്ള ദിവസം, ജാതികളുടെ കാലം തന്നേ ആയിരിക്കും.
യെഹെ 29, 30 അദ്ധ്യായങ്ങൾ ഈജിപ്‌തിന് എതിരായുള്ള പ്രവചനമാണ്. യെഹെ 30:4ലും ഈജിപ്‌തിനെ പരാമർശിക്കുന്നുണ്ട്. ഈ പ്രവചനം എഴുതപ്പെട്ട് 1-2 വർഷങ്ങൾക്കുള്ളിൽ, കി.മു.601ൽ ബാബിലോൺ രാജാവായ നെബൂഖദ്നേസർ ഈജിപ്‌തിനെ ആക്രമിച്ചു. ബാബിലോൺ സൈന്യത്തിന് ചില തിരിച്ചടികൾ നേരിട്ടുവെങ്കിലും, ഈജിപ്‌തിൽ ആഭ്യന്തര കലാപങ്ങൾ ഉണ്ടാക്കുവാനും കാലക്രമത്തിൽ ഓരോ പ്രവശ്യകളിലെ കലാപങ്ങൾ അടിച്ചമർത്തുവാനും ബാബിലോണിന് കഴിഞ്ഞു.
യോവേ 1:15 ആ ദിവസം അയ്യോ കഷ്ടം! യഹോവയുടെ ദിവസം അടുത്തിരിക്കുന്നു. അത് സര്‍വശക്തന്‍റെ പക്കല്‍ നിന്നും സംഹാരം പോലെ വരുന്നു.
യോവേ 2:1 സീയോനില്‍ കാഹളം ഊതുവിന്‍; എന്‍റെ വിശുദ്ധ പര്‍വ്വതത്തില്‍ ആപല്‍സൂചന നൽകുവിന്‍; യഹോവയുടെ ദിവസം വരുന്നതിനാലും അത് അടുത്തിരിക്കുന്നതിനാലും ദേശത്തിലെ സകല നിവാസികളും നടുങ്ങിപ്പോകട്ടെ.
യോവേ 2:2 ഇരുട്ടും അന്ധകാരവുമുള്ള ഒരു ദിവസം; മേഘവും കൂരിരുട്ടും ഉള്ള ഒരു ദിവസമാണ്...
യോവേ 2:11 യഹോവ തന്‍റെ സൈന്യത്തിന്‍റെ മുമ്പില്‍ മേഘനാദം കേള്‍പ്പിക്കുന്നു; അവിടത്തെ പാളയം അത്യന്തം വലിയതും അവന്‍റെ വചനം നിറവേറ്റുന്നവന്‍ ശക്തനാണ്. യഹോവയുടെ ദിവസം വലിയതും അതിഭയങ്കരവും ആകുന്നു; അത് സഹിക്കാവുന്നവന്‍ ആര്?
യോവേ 2:31 യഹോവയുടെ വലിയതും ഭയങ്കരവുമായ ദിവസം വരുന്നതിന് മുമ്പേ സൂര്യന്‍ ഇരുളായും ചന്ദ്രന്‍ രക്തമായും മാറിപ്പോകും.
യോവേ 3:14 വിധിയുടെ താഴ്‍വരയില്‍ അസംഖ്യ സമൂഹങ്ങളെ കാണുന്നു; വിധിയുടെ താഴ്‍വരയില്‍ യഹോവയുടെ ദിവസം അടുത്തിരിക്കുന്നു.
ആമോ 5:18 യഹോവയുടെ ദിവസത്തിനായി വാഞ്ഛിക്കുന്ന നിങ്ങള്‍ക്ക് അയ്യോ കഷ്ടം! യഹോവയുടെ ദിവസത്തില്‍ നിങ്ങള്‍ക്ക് എന്ത് ഗുണം! അത് വെളിച്ചമല്ല ഇരുട്ടാണ്.
ആമോ 5:19 അത് ഒരുവന്‍ സിംഹത്തിന്‍റെ മുമ്പില്‍ നിന്നും ഓടിപ്പോകുമ്പോള്‍ കരടി അവന് എതിര്‍പെടുകയോ വീട്ടില്‍ ചെന്നു കൈവെച്ചു ചുമരോട് ചാരുമ്പോള്‍ സര്‍പ്പം അവനെ കടിക്കുകയോ ചെയ്യുന്നത് പോലെയാണ്.
ആമോ 5:20 യഹോവയുടെ ദിവസം വെളിച്ചമല്ല, ഇരുളാണ്; ഒട്ടും പ്രകാശമില്ലാതെ അന്ധതമസ്സാണ്.
ഓബ 1:15 സകല ജാതികള്‍ക്കും യഹോവയുടെ നാള്‍ അടുത്തിരിക്കുന്നു; നീ ചെയ്തിരിക്കുന്നത് പോലെ നിന്നോടും ചെയ്യും; നിന്‍റെ പ്രവൃത്തി നിന്‍റെ തലയുടെ മേല്‍ തന്നേ മടങ്ങിവരും.
ഇതും ക്രിസ്തുവിന് 2-4 നൂറ്റാണ്ടുകൾക്ക് മുമ്പ് നിറവേറിയ ഏദോമിൻറെ നാശത്തിനെ പറ്റിയുള്ള പ്രവചനമാണ്.
സെഫ 1:7 യഹോവയായ കര്‍ത്താവിന്‍റെ സന്നിധിയില്‍ മിണ്ടാതിരിക്കുക; യഹോവയുടെ ദിവസം അടുത്തിരിക്കുന്നു; യഹോവ ഒരു യാഗസദ്യ ഒരുക്കി താന്‍ ക്ഷണിച്ചവരെ വിശുദ്ധീകരിച്ചിരിക്കുന്നു.
(ഈ അദ്ധ്യായത്തിൻറെ ആരംഭം മുതൽ വായിച്ചാൽ ശുഭകരമായി ഒന്നുമില്ല.)
സെഫ 1:8 യഹോവയുടെ യാഗസദ്യയുള്ള ദിവസത്തില്‍ ഞാന്‍ പ്രഭുക്കളെയും രാജകുമാരന്മാരെയും വിദേശവസ്ത്രം ധരിച്ചിരിക്കുന്ന എല്ലാവരെയും ശിക്ഷിക്കും.
സെഫ 1:14 യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; അത് അടുത്തു അത്യന്തം ബദ്ധപ്പെട്ടുവരുന്നു; കേട്ടോ യഹോവയുടെ ദിവസം! വീരന്‍ അവിടെ കഠിനമായി നിലവിളിക്കുന്നു.
സെഫ 1:18 യഹോവയുടെ ക്രോധത്തിൻറെ ദിവസത്തില്‍ അവരുടെ വെള്ളിക്കും പൊന്നിനും അവരെ രക്ഷിക്കുവാന്‍ കഴിയുകയില്ല; സര്‍വ ഭൂമിയും അവിടുത്തെ തീക്ഷണതയുടെ അഗ്നിക്ക് ഇരയായിത്തീരും; സകല ഭൂവാസികള്‍ക്കും അവന്‍ ശീഘ്രസംഹാരം വരുത്തും.
സെഫ 2:2 യഹോവയുടെ കോപത്തിൻറെ ദിവസം നിങ്ങളുടെ മേല്‍ വരുന്നതിന് മുമ്പ്, കൂടിവരുവിന്‍; അതേ, കൂടിവരുവിന്‍!
സെഫ 2:3 യഹോവയുടെ ന്യായം പ്രവര്‍ത്തിക്കുന്നവരായി ഭൂമിയിലെ സകല സൌമ്യന്മാരേ, അവനെ അന്വേഷിക്കുവിന്‍; നീതി അന്വേഷിക്കുവിന്‍; സൌമ്യത അന്വേഷിക്കുവിന്‍; പക്ഷേ നിങ്ങള്‍ക്ക് യഹോവയുടെ കോപത്തിൻറെ ദിവസത്തില്‍ മറഞ്ഞിരിക്കാം.
സെഖ 14:1 അവര്‍ നിന്‍റെ നടുവില്‍ നിന്‍റെ കൊള്ള പങ്കിടുന്ന യഹോവയുടെ ഒരു ദിവസം വരുന്നു.
മലാ 4:5 യഹോവയുടെ വലിയതും ഭയങ്കരവുമായ നാള്‍ വരുന്നതിന് മുമ്പ് ഞാന്‍ നിങ്ങള്‍ക്ക് ഏലീയാവ് പ്രവാചകനെ അയയ്ക്കും.
അപ്പൊ 2:20 കര്‍ത്താവിന്‍റെ വലിയതും പ്രസിദ്ധവുമായ നാള്‍ വരുംമുമ്പേ സൂര്യന്‍ ഇരുളായും ചന്ദ്രന്‍ രക്തമായും മാറിപ്പോകും.
1കൊരി 5:5 ആത്മാവ് കര്‍ത്താവായ യേശുവിന്‍റെ നാളില്‍ രക്ഷിക്കപ്പെടേണ്ടതിന് ജഡസംഹാരത്തിനായി സാത്താന് ഏല്‍പിക്കേണം എന്ന് വിധിച്ചിരിക്കുന്നു.
2കൊരി 1:14 നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ നാളില്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് എന്നപോലെ ഞങ്ങള്‍ നിങ്ങള്‍ക്കും പ്രശംസ ആകുന്നു എന്ന് നിങ്ങള്‍ ഞങ്ങളെ ഏറെക്കുറെ ഗ്രഹിച്ചത് പോലെ അവസാനത്തോളം ഗ്രഹിക്കും എന്ന് ഞാന്‍ ആശിക്കുന്നു.
1തെസ 5:2 കള്ളന്‍ രാത്രിയില്‍ വരുന്നത് പോലെ കര്‍ത്താവിന്‍റെ നാള്‍ വരുന്നു എന്ന് നിങ്ങള്‍ക്ക് നന്നായി അറിയാമല്ലോ.
2പത്രോ 3:10 കര്‍ത്താവിന്‍റെ ദിവസം കള്ളനെ പോലെ വരും. അന്ന് ആകാശം വലിയ മുഴക്കത്തോടെ ഒഴിഞ്ഞുപോകും; മൂലപദാര്‍ത്ഥങ്ങള്‍ കത്തിയഴിയുകയും ഭൂമിയും അതിലുള്ള ക്രിയകളും വെന്തുപോകുകയും ചെയ്യും.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

Friday, June 17, 2016

പുതിയ യെരൂശലേം‽ പ്രെസന്‍റ്‌ സാര്‍!

ക്രിസ്തുവിൽ പ്രിയരേ,

ആറാം ക്ലാസ്സിലെ ഞങ്ങളുടെ പേടിസ്വപ്നമായിരുന്നു കണക്ക് സാറും, ക്ലാസ് അദ്ധ്യാപകനുമായ കളരിമുറിയിൽ തോമസ് സാർ.  5'2" ഉയരം, നല്ല വണ്ണം, വെളുത്ത് ചുവന്ന നിറം, കട്ടി ഫ്രെയിം ഉള്ള കട്ടി കണ്ണട, കട്ടി മീശ. വളഞ്ഞകാലൻ കുടയും ചൂരലുമായി സ്റ്റാഫ് റൂമിൽ നിന്നും സാർ പുറപ്പെടുമ്പോഴേ ഹോംവർക്ക് കൃത്യമായി ചെയ്യാത്ത ഞങ്ങളിൽ പലർക്കും മുട്ട് കൂട്ടിയിടിക്കുവാൻ തുടങ്ങും. ക്ലാസ്സിൽ വന്നാൽ ചുറ്റും നോക്കിയിട്ട്, ഹാജർ വിളിക്കുവാൻ തുടങ്ങും: കെ.ജെ.എബ്രാഹം‽ പ്രെസന്‍റ്‌ സാര്‍! ... ബേബി വി.കെ‽ പ്രെസന്‍റ്‌ സാര്‍! ... പി.ജെ.ജേക്കബ്‽ പ്രെസന്‍റ്‌ സാര്‍! ജേക്കബിന് വേണ്ടി “പ്രെസന്‍റ്‌ സാര്‍” പറയുന്നത് കെ. ടോംസാൻ. ജേക്കബ് പഠിക്കുവാൻ മിടുക്കനായിരുന്നു, പക്ഷേ, പലപ്പോഴും ക്ലാസിൽ വരില്ല. അവൻ എൻറെ അയൽവാസിയും ഉറ്റ ചങ്ങാതിയുമായിരുന്നതിനാൽ അവൻ ക്ലാസിൽ വരാത്തപ്പോൾ അവന് വേണ്ടി പ്രെസന്‍റ് പറയുകയും തല്ല് മേടിക്കുകയും എൻറെ സ്ഥിരം പരിപാടിയായിരുന്നു. (ജേക്കബ് ഇപ്പോൾ കണ്ണൂര് പ്രശസ്തനായ ചാർട്ടേഡ് അക്കൌണ്ടൻറാണ്. അവനെ പരിചയമുണ്ടെങ്കിൽ ഈ കഥ അവനോട് പറയരുത്, പ്ലീസ്.)

ഈ കഥ പറയുവാൻ കാരണം: ഇല്ലാത്തതിനെ ഉണ്ടെന്ന് പറയുന്നത് നല്ല തല്ലുകിട്ടാത്തതിൻറെ കുറവാണ് എന്ന് സൂചിപ്പിക്കുവാനാണ്.

അപ്രായോഗികമായ പുതിയ യെരൂശലേം


വെളിപ്പാട് 21ലെ പുതിയ യെരൂശലേം ഭാവികാലത്തിൽ എപ്പോഴോ ആകാശത്തിൽ നിന്നോ, സ്വർഗ്ഗത്തിൽ നിന്നോ താഴേക്ക് ഇറങ്ങിവരും [യോപ്പയിൽ വിശന്നുവലഞ്ഞിരുന്ന പത്രോസിനുണ്ടായ ദർശനത്തിൽ ഒരു തുപ്പട്ടിയിൽ വിവിധതരം മൃഗങ്ങളുള്ള ഒരു പാത്രം ഇറങ്ങിവരുന്നത് കണ്ടതുപോലെ (അപ്പൊ 10:11, 12)] എന്നാണ് ബഹു ഭൂരിപക്ഷം ക്രൈസ്തവരുടെയും വിശ്വാസം. പുതിയ യെരൂശലേമിൻറെ നിർമ്മിതിയിൽ ഉപയോഗിച്ചിരിക്കുന്ന വിവിധ രത്നങ്ങളെയും അതിൻറെ തൂണുകളെയും വാതിലുകളെയും പറ്റിയുള്ള വിശദമായ വർണ്ണ വായിക്കുന്നതിനിടയിൽ അധികമാരും ശ്രദ്ധിക്കാത്ത ഒരു അംശമുണ്ട്:
വെളി 21:16 നഗരം സമചതുരമായി കിടക്കുന്നു; അതിന്‍റെ വീതിയും നീളവും സമം. അളവുകോലിനാല്‍ അവന്‍ നഗരത്തെ അളന്നു, 12000 ഫർലോങ് ആണെന്ന് കണ്ടു; അതിന്‍റെ നീളവും വീതിയും ഉയരവും സമമാണ്.
Rev 21:16 And the city lieth foursquare, and the length is as large as the breadth: and he measured the city with the reed, twelve thousand furlongs. The length and the breadth and the height of it are equal.
12000 ഫർലോങ് എന്നത് 2414 കിലോമീറ്റർ ആണ്. 2414 കിലോമീറ്റർ നീളവും, വീതിയും, ഉയരവുമുള്ള ഒരു ചതുരക്കട്ട ആകാശത്ത് നിന്നും ഇറങ്ങിവന്ന് 6371 കിലോമീറ്റർ മാത്രം ആരമുള്ള (radius) ഭൂമിയുടെ മുകളിൽ ഇരുന്നാൽ ഇപ്പോൾ തന്നെ ഭൂകമ്പങ്ങൾ നാശം വിതയ്ക്കുന്ന ഭൂമി, കൂടുതൽ ബലഹീനമാകും. 2414 കിലോമീറ്റർ നീളവും വീതിയുമുള്ള സമചതുര കട്ടയുടെ അടിത്തറയുടെ വിസ്തീർണ്ണം 58,27,396 (2414 * 2414) ചതുരശ്ര കിലോമീറ്ററാണ് - ഏകദേശം ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ ചേരുന്നത്രയും വിസ്തീർണ്ണം. 8.8 കിലോമീറ്റർ ഉയരമുള്ള എവറസ്റ്റ് കൊടുമുടിയുടെ മുകളിൽ കയറുന്നവർക്ക് ഓക്സിജൻ സിലിണ്ടർ വേണം ജീവൻ നിലനിർത്തുവാൻ, അങ്ങനെയിരിക്കെ, 2414 കിലോമീറ്റർ ഉയരമുള്ള പുതിയ യെരൂശലേമിൻറെ നല്ലൊരു ഭാഗം പ്രയോജനരഹിതമായിരിക്കും. ഉരുണ്ട ഭൂമിയുടെ മുകളിൽ പ്രതിഷ്ഠിക്കുന്ന ചതുരക്കട്ടയുടെ താഴത്തെ മൂലകൾ സമുദ്രനിരപ്പിൽ നിന്നും 24 കിലോമീറ്റർ ഉയരത്തിലായിരിക്കും (എവറസ്റ്റിൻറെ മൂന്നിരട്ടി ഉയരത്തിൽ.)

ഇത്രയും പറഞ്ഞുവന്നത് പുതിയ യെരൂശലേം അക്ഷരാർത്ഥത്തിൽ സ്ഥാപിക്കപ്പെട്ടാൽ അത് പ്രയോജനരഹിതമായ ഒരു സൗധം ആയിരിക്കും എന്ന് സൂചിപ്പിക്കുവാനാണ്.

പുതിയ യെരൂശലേം ഒന്നാം നൂറ്റാണ്ടിൽ ഇവിടെ ഉണ്ടായിരുന്നു:

വെളി 21:1 പുതിയ യെരൂശലേം എന്ന വിശുദ്ധ നഗരം ഭര്‍ത്താവിനായി അലങ്കരിക്കപ്പെട്ട മണവാട്ടിയെ പോലെ ഒരുങ്ങി സ്വര്‍ഗത്തില്‍ നിന്നും, ദൈവസന്നിധിയില്‍ നിന്നും, ഇറങ്ങുന്നത് ഞാന്‍ കണ്ടു.
Rev 21:2 And I John saw the holy city, new Jerusalem, coming down from God out of heaven, prepared as a bride adorned for her husband.
സ്വർഗത്തിൽ നിന്നും ഇറങ്ങിവരുന്ന പുതിയ യെരൂശലേം സ്വർഗ്ഗീയ യെരൂശേമല്ല എന്ന് തെളിയിക്കുവാൻ വഴിയില്ലെങ്കിൽ, ഒന്നാം നൂറ്റാണ്ടിലെ വിശ്വാസികളോട് എബ്രായർക്കുള്ള ലേഖനം പറയുന്നത് ശ്രദ്ധിക്കൂ:
എബ്രാ 12:22 സീയോന്‍ പര്‍വ്വതത്തിനും ജീവനുള്ള ദൈവത്തിന്‍റെ നഗരമായ സ്വര്‍ഗീയ യെരൂശലേമിനും അനേകായിരം ദൂതന്മാരുടെ സര്‍വ സംഘത്തിനും
എബ്രാ 12:23 സ്വര്‍ഗത്തില്‍ പേരെഴുതിയിരിക്കുന്ന ആദ്യജാതരുടെ സഭയ്ക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപതിക്കും സിദ്ധന്മാരായ നീതിമാന്മാരുടെ ആത്മാക്കള്‍ക്കും,
എബ്രാ 12:24 പുതുനിയമത്തിന്‍റെ മദ്ധ്യസ്ഥനായ യേശുവിനും ഹാബേലിന്‍റെ രക്തത്തെക്കാള്‍ ഗുണകരമായി സംസാരിക്കുന്ന പുണ്യാഹ രക്തത്തിനും അടുത്താണ് നിങ്ങള്‍ (ഒന്നാം നൂറ്റാണ്ടിലെ ഈ കത്തിൻറെ മേൽവിലാസക്കാർ) വന്നിരിക്കുന്നത് (ഭൂതകാലം).
നിലനിൽക്കാത്ത, ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരിക്കുന്ന നമ്മുടെ ഭാവികാലത്തിൽ വന്നുചേരേണ്ട സ്വർഗ്ഗീയ യെരൂശലേമിന് അടുത്തേക്ക് ഒന്നാം നൂറ്റാണ്ടിലെ ഈ ലേഖനത്തിൻറെ മേൽവിലാസക്കാർ വന്നിരിക്കുന്നു എന്ന് പറഞ്ഞ് അവരെ വ്യാമോഹിപ്പിച്ചെങ്കിൽ, അവരോട് നുണ പറഞ്ഞെങ്കിൽ, ലേഖനകർത്താവിന് എൻറെ കണക്ക് സാറായിരുന്ന കളരിമുറിയിൽ തോമസ് സാറിൻറെ ചൂരലുകൊണ്ട് നാല് പെടയെങ്കിലും കിട്ടണം.

വേദപുസ്തകം കള്ളം പറയില്ല. (അതുകൊണ്ട്, ശ്രീമാൻ കളരിമുറിയിൽ തോമസ് സാർ അദ്ദേഹത്തിൻറെ സമാധിയിൽ വിശ്രമിക്കട്ടെ.) സഭകളുടെ പ്രബോധനങ്ങൾ സത്യത്തെ വളച്ചൊടിക്കും, മറച്ചുപിടിക്കും, ഭൂതകാലത്തെ ഭാവികാലമാക്കും. (അത്തരം പ്രബോധങ്ങൾക്കാണ് ചൂരൽക്കഷായം വേണ്ടത്.)

ഒന്നാം നൂറ്റാണ്ടിലെ വിശ്വാസികൾ സ്വര്‍ഗീയ യെരൂശലേമിന് അടുത്ത് വന്നിരിക്കുന്നു എന്ന് പറഞ്ഞപ്പോൾ അവർ മുകളിലുള്ള യെരൂശലേമിലേക്ക് കയറിപ്പോയതുമില്ല, സ്വര്‍ഗീയ യെരൂശലേം താഴേയ്ക്ക് ഇറങ്ങിവന്നതുമില്ല എന്നത് വ്യക്തമാണല്ലോ? അവർ ന്യായപ്രമാണത്തിൻറെ അടിമത്തത്തിൽ നിന്നും ക്രിസ്തുവിലുള്ള സ്വാതന്ത്ര്യത്തിലേക്കാണ് വന്നുചേർന്നത്. മുകളിൽ നിന്നും ഇറങ്ങിവരുന്ന ചതുരക്കട്ടയല്ല പുതിയ യെരൂശലേം.

(എബ്രായർക്കുള്ള ലേഖനത്തെ പറ്റി പറയുമ്പോൾ ലേഖനകർത്താവ് പൌലോസല്ല എന്ന് വാദിക്കുന്നവരുടെ പാണ്ഡിത്യത്തെ മാനിച്ചാണ് പേര് ഉപയോഗിക്കാത്തത്. ഈ ലേഖനം ലൂക്കോസാണ് എഴുതിയത് എന്ന് ചിലരും, പ്രിസ്കില്ലയാണ് എഴുതിയതെന്ന് മറ്റുചിലരും വാദിക്കുന്നു. ആര് എഴുതി എന്നത് പ്രസക്തമല്ല, എന്താണ് എഴുതിയിരിക്കുന്നത്, ആർക്കാണ് എഴുതിയത് എന്നിവയാണ് പരമപ്രധാനം.)

ന്യായപ്രമാണത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യത്തിൻറെ യെരൂശലേം.


ന്യായപ്രമാണത്തെയും യേശുവിലുള്ള കൃപയെയും തമ്മിലുള്ള സാജാത്യ വൈജാത്യ പഠനം (compare and contrast) നടത്തുന്ന ഗലാത്യർക്കുള്ള ലേഖനത്തിലെ ഒരു ഭാഗം: (എൻറെ സ്വതന്ത്ര പരിഭാഷയാണ് ഉപയോഗിച്ചിട്ടുള്ളത്. ദൈർഘ്യം കുറയ്ക്കുവാൻ ഇംഗ്ലീഷ് പരിഭാഷ ചേർത്തിട്ടില്ല.)
ഗലാ 4:22 അബ്രാഹമിന് 2 പുത്രന്മാര്‍ ഉണ്ടായിരുന്നു; ഒരുവന്‍ ദാസി പ്രസവിച്ചവൻ, ഒരുവൻ സ്വതന്ത്ര പ്രസവിച്ചവൻ എന്ന് എഴുതിയിരിക്കുന്നു.
ഗലാ 4:23 ദാസിയുടെ മകൻ മാംസത്താലും സ്വതന്ത്രയുടെ മകൻ വാഗ്ദാനത്താലും ജനിച്ചവർ.
ഗലാ 4:24 ഇത് ഒരു ദൃഷ്‌ടാന്തമാണ്. ഈ സ്ത്രീകൾ 2 ഉടമ്പടികളാണ്; ഒന്ന് സീനായ് മലയിൽ നിന്നും ഉണ്ടായി അടിമകളെ പ്രസവിക്കുന്നു; അത് ഹാഗർ.
ഗലാ 4:25 ഹാഗർ എന്നത് അറബി ദേശത്ത് സീനായ് മലയെ കുറിക്കുന്നു. അത് ഇപ്പോഴത്തെ (ഈ ലേഖനം എഴുതപ്പെട്ട കാലത്തെ) യെരൂശലേമിന് തുല്യമാണ്; അത് തന്‍റെ മക്കളോട് കൂടെ അടിമത്തത്തിലാണ്.
എന്തിൻറെ അടിമത്തം? ഈ വേദഭാഗത്തിൻറെ പരാമർശ വിഷയം ന്യായപ്രമാണമാണ്. അതുകൊണ്ടുതന്നെ ന്യായപ്രമാണത്തിൻറെ അടിമത്തമാണ് വിഷയം.
ഗലാ 4:26 മുകളിലുള്ള യെരൂശലേം സ്വതന്ത്രയാണ്. അവളാണ് നമ്മുടെ അമ്മ.
ഈ ലേഖനം എഴുതപ്പെട്ടപ്പോൾ നമ്മുടെ അമ്മയായ യെരൂശലേം മുകളിലാണ് ഉള്ളത്.
ഗലാ 4:28 സഹോദരന്മാരേ നാം യിസ്ഹാക്കിനെ പോലെ വാഗ്ദാനത്താല്‍ ജനിച്ച മക്കളാണ്.
ഗലാ 4:29 അന്ന് മാംസത്താൽ ജനിച്ചവൻ ആത്മാവിനാൽ ജനിച്ചവനെ ഉപദ്രവിച്ചത് പോലെ ഇപ്പോഴും (ഒന്നാം നൂറ്റാണ്ടിൽ) കാണുന്നു.
ഇത് വളരെയധികം ദുരുപയോഗം ചെയ്യപ്പെടുന്ന ഒരു വചനമാണ്. ഇവിടെ ഹാഗറിൻറെ മക്കളായി പരിഗണിക്കുന്നത് യഥാർത്ഥത്തിൽ സാറായുടെ മക്കളായിരുന്ന യെഹൂദ്യരെയാണ്. പല ക്രൈസ്തവരും അവർക്ക് അന്യ മതസ്ഥരിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള എതിർപ്പുകൾ നേരിടുമ്പോൾ ഈ വചനം ഉദ്ധരിക്കാറുണ്ട്. ഇവിടെ ഒന്നാം നൂറ്റാണ്ടിൽ യെഹൂദ്യർ ക്രൈസ്തവരെ ഉപദ്രവിച്ചതിനെ പറ്റിയാണ് എഴുതിയിരിക്കുന്നത്. (സഭാമന്ദിരത്തിന് അടുത്തുള്ള അന്യമതസ്ഥർ സഭയിൽ നിന്നുമുണ്ടാകുന്ന ശബ്ദമാലിന്യത്തെ പറ്റി പരാതിപ്പെട്ടതിനെയോ, പോലീസിൽ പരാതി കൊടുത്തതിനെയോ പറ്റിയല്ല.)
ഗലാ 4:30 തിരുവെഴുത്ത് പറയുന്നത്: ദാസിയെയും മകനെയും പുറത്താക്കുക; ദാസിയുടെ മകൻ സ്വതന്ത്രയുടെ മകനോട് കൂടെ അവകാശിയാകുകയില്ല.
ഹാഗാറിൻറെ മക്കളെ, മാംസത്താൽ ഉണ്ടായ മക്കളെ, പഴയ ഉടമ്പടിയുടെ മക്കളെ, അഥാവാ ന്യായപ്രമാണത്തിൻറെ മക്കളെ പുറത്താക്കുക, അവർ ആത്മീയ സന്തതികളോടൊപ്പം അവകാശികളാകില്ല.
ഗലാ 4:31 അങ്ങനെ സഹോദരന്മാരേ, നാം ദാസിയുടെ മക്കളല്ല സ്വതന്ത്രയുടെ മക്കളാണ്.
ഗലാ 5:1 സ്വാതന്ത്ര്യത്തിനായി ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറച്ചുനില്‍ക്കുവിൻ; അടിമത്തത്തിൻറെ നുകത്തിൽ വീണ്ടും കുടുങ്ങരുത്.
ദാസിയുടെ മക്കൾ പുറത്താക്കപ്പെട്ടത് കി.പി.70ൽ. അടിമത്തത്തിൻറെ നുകമായ ന്യായപ്രമാണം ക്രിസ്തുവിനോടൊപ്പം ക്രൂശിൽ തറയ്ക്കപ്പെട്ടെങ്കിലും (കൊലൊ 2:14), അത് എടുത്തുനീക്കപ്പെട്ടത് പ്രകടമായത് നിരന്തര (അനുദിന) ഹോമയാഗം നിറുത്തലാക്കപ്പെട്ടപ്പോഴാണ്. ഇത് നടന്നത് കി.പി.70 ജൂൺ 17ന്. (രണ്ടാം നൂറ്റാണ്ടിൽ നിരന്തര ഹോമയാഗം പുനസ്ഥാപിക്കുവാൻ ശ്രമിച്ചെങ്കിലും, യെഹൂദ്യരുടെ മൂന്നാം യുദ്ധം - ബാർ കോഖ്ബാ യുദ്ധം, കി.പി 132–136 - പരാജയപ്പെട്ടതോടെ ആ ശ്രമം ഉപേക്ഷിക്കേണ്ടിവന്നു.)

ന്യായപ്രമാണത്തിലെ ആചാരപരവും, ഭക്ഷണപരവുമായ നിയമങ്ങൾ മാത്രമേ യേശുവിനോടൊപ്പം ക്രൂശിൽ തറയ്ക്കപ്പെട്ടിട്ടുള്ളൂ, സാന്മാർഗ്ഗിക നിയമങ്ങൾ ക്രൂശിൽ തറയ്ക്കപ്പെട്ടിട്ടില്ല എന്ന് വാദിക്കുന്ന യെഹൂദവൽക്കരണവാദികൾ (Judaizers - Gal 2:14) ഉണ്ട്. അവർ നിങ്ങളെ അടിമത്തത്തിൻറെ നുകത്തിന് കീഴ്പ്പെടുത്തുവാൻ ശ്രമിക്കുന്നവരാണ്. അത്തരക്കാർ നിങ്ങളെ സമീപിച്ചാൽ ചോദിക്കുക: “നിങ്ങളുടെ മരുമകൻ നിങ്ങളുടെ മകളെ അയാൾ വിവാഹം ചെയ്തപ്പോൾ അവൾ കന്യക അല്ലായിരുന്നു എന്ന് ആരോപിക്കുകയും അയാളുടെ ആരോപണം അസത്യമാണെന്ന് തെളിയിക്കുവാൻ നിങ്ങളാൽ കഴിയാതിരിക്കുകയും ചെയ്താൽ, അവളെ കല്ലെറിഞ്ഞ് കൊല്ലുവാൻ നിങ്ങൾ കൂടുമോ?” (ആവ 22:13-23, കന്യകാത്വം തെളിയിക്കുവാനുള്ള മനുഷ്യത്വത്തെയും സ്ത്രീത്വത്തെയും അപമാനിക്കുന്ന തരത്തിലുള്ള നടപടികൾ സംസ്ക്കാരമുള്ള മനുഷ്യർക്ക് ഹീനമായി തോന്നും.) അല്ലെങ്കിൽ ഇങ്ങനെ ചോദിക്കുക: “നിങ്ങളുടെ മകൻ സ്വവർഗ്ഗപ്രേമിയാണെന്ന് തെളിയിക്കപ്പെട്ടാൽ അവനെ കൊല്ലുവാൻ കൂടുമോ, കൊല്ലുവാൻ അനുവദിക്കുമോ?” (ലേവ്യ 18:22; 20:13) ന്യായപ്രമാണം ഭാഗികമായി മാത്രമാണ് എടുത്തുമാറ്റപ്പെട്ടത് എന്ന് അവകാശപ്പെടുന്നവർ സ്വയം ന്യായപ്രമാണം പാലിക്കുന്നില്ല. അവർക്ക് ദശാംശം ലഭിക്കുവാനും, മറ്റുള്ളവരെ വിധിക്കുവാനുമുള്ള ഉപകരണം മാത്രമാണ് ന്യായപ്രമാണം.

കി.പി.70ൽ യെരൂശലേം നശിപ്പിക്കപ്പെട്ടതിൻറെ പ്രാധാന്യം.


ഈ കാര്യം മറ്റൊരിടത്തും എഴുതാത്തതിനാൽ ഇവിടെ എഴുതുന്നു. ആത്മീയമണ്ഡലത്തിലുള്ള ദൈവം അവിടത്തേക്ക് ഭൌതികമണ്ഡലത്തിലുള്ള നമ്മളോട് ഏന്തെങ്കിലും കാര്യം അറിയിക്കണം അല്ലെങ്കിൽ മനസ്സിലാക്കിത്തരണമെങ്കിൽ അത് എങ്ങനെ സാധിക്കും? പ്രവാചകന്മാർ പോലെയുള്ള മനുഷ്യരിലൂടെ അവിടത്തേക്ക് പറയുവാനുള്ള കാര്യങ്ങൾ അറിയിക്കുക എന്നുള്ളതാണ് ഒരു മാർഗ്ഗം. പക്ഷേ, അവർ പറയുന്ന കാര്യങ്ങൾ ആധികാരികമാണ് എന്നതിന് എന്തുണ്ട് തെളിവ്? അത്തരം സാഹചര്യങ്ങളിൽ അത്ഭുതങ്ങളും അടയാളങ്ങളും ഉപയോഗിക്കും. ഏലിയാവ് ബാലിൻറെ 450 പ്രവാചകന്മാരുമായി ഏറ്റുമുട്ടിയപ്പോൾ അദ്ദേഹത്തിൻറെ ആധികാരികത തെളിഞ്ഞത് ആകാശത്തിൽ നിന്നും അഗ്നിയിറങ്ങി ജലത്താൽ കുതിർന്നിരുന്ന ബലിപീഠത്തിലെ വിറകും മണ്ണും ദഹിപ്പിച്ചപ്പോഴാണ്. (1രാജാ 18:38)

മോശെ മരുഭൂമിയിൽ തിരുനിവാസം ഉയർത്തി പ്രതിഷ്ഠിച്ചപ്പോൾ അത് അംഗീകരിക്കപ്പെട്ടതിൻറെ അടയാളം ഒരു മേഘം വന്ന് കൂടാരത്തെ ആവരണം ചെയ്തതും, യഹോവയുടെ തേജസ് കൂടാരത്തിൽ നിറഞ്ഞതും, രാത്രിയിൽ മേഘം അഗ്നിസ്‌തംഭമായി മാറിയതും ആയിരുന്നു. (പുറ 40:34-38) അങ്ങനെ ഒരു സംഭവം നടന്നില്ലെങ്കിൽ മോശെ ഉയർത്തിയ തിരുനിവാസത്തിന് ഞങ്ങളൊക്കെ ചെറുപ്പത്തിൽ ക്രിസ്തുമസിന് ഉണ്ടാക്കിയിരുന്ന പുൽക്കൂടിൻറെ പോലും വില കാണില്ലായിരുന്നു. (അതേ, ഞാൻ നല്ല ഒന്നാന്തരം കോട്ടയം-ചങ്ങനാശ്ശേരി അച്ചായനാണ്. എൻറെ അപ്പൻ നാലുനേരവും കൊന്തയെത്തിക്കുന്ന കത്തോലിക്കനാണ്. ചുമ്മാതല്ല ഇയാൾ ഈ തോന്ന്യാസമൊക്കെ എഴുതുന്നത് എന്ന തോന്നലുള്ളവർക്ക് വെടിമരുന്നിന് വഴിമരുന്ന് ഇരിക്കട്ടെ .)

പലരും, വിശേഷിച്ചും അവിശ്വാസികളും നാസ്തികരും, ഉന്നയിക്കുന്ന ചോദ്യമാണ്: “ദൈവത്തിന് മനുഷ്യൻറെ തെറ്റുകൾ ക്ഷമിക്കണമെങ്കിൽ സ്വർഗ്ഗത്തിലിരുന്ന് ക്ഷമിച്ചാൽ മതിയായിരുന്നില്ലേ? യേശുവിൻറെ പീഡാനുഭവം ആവശ്യമായിരുന്നോ?” എന്നൊക്കെ. ഉത്തരം വളരെ ലളിതമാണ്: ആത്മീയമണ്ഡലത്തിലുള്ള ദൈവം താൻ മനുഷ്യനെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് പ്രത്യക്ഷമായി പ്രദർശിപ്പിക്കുവാൻ യേശുവിൻറെ ജീവിതത്തേക്കാൾ എറ്റവും നല്ല മാതൃക എന്തുണ്ട്? മനുഷ്യനെ രക്ഷിക്കുവാൻ വേണ്ടി താൻ എന്ത് ചെയ്യില്ല എന്ന് യേശുവിൻറെ മരണത്തിലൂടെയല്ലാതെ എങ്ങനെ പ്രകടമാക്കും? ദൈവം സ്വർഗ്ഗത്തിലിരുന്ന് കൈ ചലിപ്പിച്ചാൽ പാപങ്ങൾ ഇല്ലാതായേക്കാം, പക്ഷേ, അത് നിറവേറ്റി എന്ന് മനുഷ്യൻ എങ്ങനെ അറിയും? ഇവിടെയാണ് യേശുവിൻറെ ജീവിതത്തിൻറെയും മരണത്തിൻറെയും പ്രസക്തി. ദൈവം മനുഷ്യനെ ഭ്രാന്തമായി സ്നേഹിക്കുന്നു എന്നതിൻറെ നിദർശനമാണ് യേശു. (മാതാപിതാക്കൾ കുട്ടികളെ ശിക്ഷിച്ചാൽ ഉടനെ 911ലേക്ക് ഫോൺ വിളിച്ച് അവരെ അറസ്റ്റ് ചെയ്യിക്കുന്ന അമേരിക്കയിൽ നിന്നുമുള്ള ദൈവശാസ്ത്രജ്ഞന് യേശുവിൻറെ ബലി അനാവശ്യമായി തോന്നുന്നതിൽ അതിശയമില്ല.)

ന്യായപ്രമാണവും, ബലികളും, ആചാരങ്ങളും എല്ലാം എടുത്തുമാറ്റിയത് ശാശ്വതമായിട്ടാണ്, അതിന് സാധുതയില്ല എന്ന് പ്രകടമാക്കിയതാണ് കി.പി.70ലെ സംഭവങ്ങൾ. വേദപുസ്തകം കൈയ്യിൽ പിടിച്ചുകൊണ്ട് കി.പി.70ൽ നടന്ന സംഭവങ്ങൾക്കും ദൈവത്തിനും യാതൊരു സംബന്ധവുമില്ല എന്ന് വാദിക്കുന്നവരുണ്ട്. അവരുടെ വാദം ശരിയാണെങ്കിൽ ഈ സംഭവങ്ങൾ നടക്കും എന്ന് പ്രവചിച്ച യേശുവും ശിഷ്യന്മാരും, പഴയനിയമത്തിലെ മോശ മുതലുള്ള പ്രവാചകന്മാരും നുണപറയുകയായിരുന്നു. അല്ലെങ്കിൽ വേദപുസ്തകം കി.പി.70ലെ സംഭവങ്ങൾ നടന്ന ശേഷം തിരുത്തപ്പെട്ടു (Vaticinium ex eventu - "Prophecy from the event"). തന്നെയുമല്ല, പഴയനിയമത്തിൽ യിസ്രായേൽ യഹോവയ്ക്ക് വിരോധമായി പാപം ചെയ്തപ്പോഴൊക്ക അവരെ അവരുടെ ശത്രുക്കൾക്ക് വിറ്റു എന്ന് എഴുതിയിരിക്കുന്നതും (ന്യായാ 2:14; 3:8; 4:2; 10:7; 1ശമു 12:9), യെഹൂദയെയും, യിസ്രായേലിനെയും അവരുടെ അതിക്രമങ്ങൾ നിമിത്തം അശ്ശൂർ രാജാവിൻറെയും, ബാബേൽ രാജാവിൻറെയും കൈകളിൽ ഏൽപിച്ചു എന്നും എഴുതിയിരിക്കുന്നതും നുണകളുടെ കൂമ്പാരം ആയിരിക്കണം (അവരുടെ അഭിപ്രായത്തിൽ). വേദപുസ്തകത്തിൽ പകർത്തിയെഴുതുമ്പോൾ വന്ന പിഴവുകൾ ഉണ്ട്, ആത്മീയമായതിനെ ഭൌതികമായി മനസ്സിലാക്കിയ യിസ്രായേല്യരുടെ തെറ്റുകൾ ഉണ്ട്, പക്ഷേ, വേദപുസ്തകം നുണപറയില്ല. യിസ്രായേൽ തെറ്റ് ചെയ്തപ്പോഴൊക്കെ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

ആവർത്തന പുസ്തകം 18ൽ മോശെ പറഞ്ഞ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് പത്രോസ് യെരൂശലേമിൽ കൂടിവന്നിരുന്ന യിസ്രായേല്യരോട് പറയുന്നത് ശ്രദ്ധിക്കുക:
അപ്പോ 3:22 ദൈവമായ കര്‍ത്താവ് നിങ്ങളുടെ സഹോദരന്മാരില്‍ നിന്നും എന്നെ പോലെ ഒരു പ്രവാചകനെ നിങ്ങള്‍ക്ക് എഴുനേല്‍പ്പിച്ച് തരും; അവന്‍ നിങ്ങളോട് സംസാരിക്കുന്ന സകലത്തിലും നിങ്ങള്‍ അവന്‍റെ വാക്ക് കേള്‍ക്കേണം.
അപ്പോ 3:23 ആ പ്രവാചകന്‍റെ വാക്ക് കേള്‍ക്കാത്ത എല്ലാവരും ജനത്തിന്‍റെ ഇടയില്‍ നിന്നും ഛേദിക്കപ്പെടും.
മോശെയും പത്രോസും യിസ്രായേല്യരെയാണ് അഭിസംബോധന ചെയ്തത് എന്ന കാര്യം ശ്രദ്ധിക്കുക. യിസ്രായേല്യർക്ക് വേണ്ടി ദൈവം അവരുടെ സഹോദരന്മാരിൽ നിന്നും എഴുന്നേൽപിച്ച യേശുവിനെ തിരസ്കരിച്ചതിൻറെ പ്രത്യാഘാതമായിരുന്നു കി.പി.70ലെ അവരുടെ ദേശത്തിൻറെയും നഗരത്തിൻറെയും നാശം. യേശു ആയിരുന്നു “ആ പ്രവാചകൻ” എന്നതിൻറെ തെളിവ്. യേശു കള്ളപ്രവാചകൻ അല്ലായിരുന്നു എന്നതിൻറെ തെളിവ്. (ഈ വേദഭാഗം യിസ്രായേല്യരെ പറ്റി മാത്രമുള്ളതാണ്, നിങ്ങളുടെ വിശ്വാസം സ്വീകരിക്കാത്തവരെ വിധിക്കുവാനുള്ളതല്ല.)

പഴയ യെരൂശലേം പരിമിതമായ ഒരു സ്ഥലമാണ്. അതേ സമയം പുതിയ യെരൂശലേം ഭൂമിക്ക് താങ്ങനാകാത്ത ഭീമാകാരമായ ഒരു സൌധമാണ്. അത് അക്ഷരശഃ മുകളിൽ നിന്നും ഇറങ്ങിവരില്ല. ഗലാത്യർക്കുള്ള ലേഖനത്തിൽ ദാസിയെയും മകനെയും പുറത്താക്കുക എന്ന് പറഞ്ഞതല്ലാതെ സ്വതന്ത്രയ്ക്കും മകനും എന്തെങ്കിലും സംഭവിക്കും എന്ന് പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധിക്കുക. പഴയ യെരൂശലേമും അതിൻറെ അനുബന്ധ വ്യവസ്ഥിതിയും നശിപ്പിക്കപ്പെട്ടതാണ് നാം ദൈവപുത്രന്മാരായി, അവകാശികളായി സ്വീകരിക്കപ്പെട്ടതിൻറെ പ്രത്യക്ഷമായ തെളിവ്.

പഴയ യെരൂശലേമിൻറെ പ്രസക്തി.


കള്ളപ്രവാചകന്മാരുടെ സ്ഥിരം പല്ലവിയാണ് യെരൂശലേം ലോകത്തിൻറെ ടൈംപീസാണ് (timepiece), അവിടെ നടക്കുന്ന ഓരോ സംഭവവികാസവും ലോകാവസാനത്തിൻറെ സൂചനയാണ് എന്നൊക്കെ. പച്ച മലയാളത്തിൽ പറഞ്ഞാൽ ഇവരുടെ സിദ്ധാന്തങ്ങൾ മണ്ണാങ്കട്ടയാണ്. ഈ തള്ള് തള്ളുന്ന അണ്ണന്മാർക്ക് തെറ്റിപ്പോയ മൂന്നും നാലും ലോകാവസാന പ്രവചനങ്ങളുടെ കുപ്രസിദ്ധി ഉണ്ടെന്നത് മറക്കരുത്. പഴയനിയമ കാലത്ത് ആയിരുന്നെങ്കിൽ കല്ലെറിഞ്ഞ് കൊല്ലേണ്ട കള്ളപ്രവാചകന്മാർ. യെരൂശലേമിനെ പറ്റി യേശു പറഞ്ഞത് ശ്രദ്ധിക്കുക:
യോഹ 4:21 എന്‍റെ വാക്ക് വിശ്വസിക്കുക; നിങ്ങള്‍ പിതാവിനെ ആരാധിക്കുന്നത് ഈ മലയിലും അല്ല യെരൂശലേമിലും അല്ല എന്നുള്ള നാഴിക വരുന്നു.
യോഹ 4:23 യഥാർത്ഥ ഭക്തന്മാർ പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന നാഴിക വരുന്നു; ഇപ്പോള്‍ വന്നുമിരിക്കുന്നു. തന്നേ ആരാധിക്കുന്നവര്‍ ഇങ്ങനെയുള്ളവര്‍ ആയിരിക്കേണം എന്ന് പിതാവ് ഇച്ഛിക്കുന്നു.
ഇതാണ് ദൈവത്തിൻറെ പദ്ധതിയിൽ യെരൂശലേമിനും, അവിടത്തെ മലയ്ക്കും ഉള്ള സ്ഥാനം! ടൈംപീസും ഇല്ല വോൾ ക്ലോക്കും (wall clock) ഇല്ല. യെരൂശലേമിൻറെ പ്രസക്തി തീർന്നു. മുസൽമാൻമാർ ഹജ്ജിന് പോകുന്നത് പോലെ “വിശുദ്ധ നാടുകളിലേക്ക് തീർത്ഥാടനം” നടത്തുന്നതുകൊണ്ട് പ്രയോജനമില്ല. അവിടെ നടക്കുന്നത് വിശുദ്ധമായ കാര്യങ്ങളല്ല മനുഷ്യാവകാശ ലംഘനമാണ് (പച്ച മലയാളത്തിൽ: തെമ്മാടിത്തരം). വിശുദ്ധ നാടുകളിലേക്ക് ടൂർ സംഘടിപ്പിക്കുന്ന സഭകൾ നിങ്ങളുടെ കാശ് പിടുങ്ങി നിങ്ങൾക്ക് വ്യാമോഹം വിൽക്കുകയാണ് ചെയ്യുന്നത്.

പുതിയ യെരൂശലേം എന്താണ്?


ഈ ചോദ്യം എന്നോട് ചോദിച്ചാൽ, ഞാൻ ചോദിക്കും: പുതിയ യെരൂശലേം എന്തല്ല?
  • ക്രിസ്തുവിലുള്ള സ്വാതന്ത്ര്യത്തിൻറെ പുതിയ ഉടമ്പടിയാണ് പുതിയ യെരൂശലേം.
  • നമ്മുടെ അമ്മയാണ് പുതിയ യെരൂശലേം.
  • നമ്മുടെ പുത്രസ്വീകാരത്തിൻറെ തെളിവാണ് പുതിയ യെരൂശലേം.
  • ക്രിസ്തുവിൻറെ വധുവാണ് പുതിയ യെരൂശലേം.
  • സമസ്ത സൃഷ്ടിയുടെയും പ്രത്യാശാകേന്ദ്രമാണ് പുതിയ യെരൂശലേം.

നാം ഒരിക്കലും രാത്രിയില്ലാത്ത പുതിയ യെരൂശലേമിൻറെ പ്രകാശത്തിൽ നടക്കുന്നവരാണ്,  നമ്മിലെ പ്രകാശം പറകളുടെയോ, കട്ടിലുകളുടെയോ അടിയിൽ ഒളിപ്പിച്ച് വെക്കാതെ, ഉയർത്തിപ്പിടിച്ച് ലോകത്തെ പ്രകാശമാനമാക്കാം.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

Wednesday, June 15, 2016

വെളിപ്പാട് 21, 22, ഭവിഷ്യവാദത്തിൻറെ (futurism) പൊള്ളത്തരങ്ങൾ.

ക്രിസ്തുവിൽ പ്രിയരേ,

വെളിപ്പാട് പുസ്തകത്തെ പറ്റിയുള്ള പൊതുവായ ധാരണ അത് ആർക്കും മനസ്സിലാക്കുവാൻ കഴിയില്ല, അതുകൊണ്ടുതന്നെ അത് പഠിക്കേണ്ട ആവശ്യമില്ല എന്നാണ്. മുഖവുരയിൽ തന്നെ അനുഗ്രഹം വാഗ്ദാനം ചെയ്തിട്ടുള്ള ഒരേയൊരു പുസ്തകം വെളിപ്പാടാണ്:
വെളി 1:3 ഈ പ്രവചനത്തിന്‍റെ വാക്കുകൾ വായിച്ചുകേള്‍പ്പിക്കുന്നവരും, കേള്‍ക്കുന്നവരും അതില്‍ എഴുതിയിരിക്കുന്നത് പാലിക്കുന്നവരും അനുഗ്രഹീതര്‍...
Rev 1:3 Blessed is he that readeth, and they that hear the words of this prophecy, and keep those things which are written therein:...
ഞാൻ ഒരു വെളിപ്പാട് പണ്ഡിതനാണെന്നോ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എൻറെ കൈവശം ഉണ്ടെന്നോ അവകാശപ്പെടുന്നില്ല. എന്നെക്കാൾ ബുദ്ധിവൈഭവമുള്ളവരുടെ മുന്നിൽ എനിക്ക് അറിയാവുന്നത് പങ്കുവെക്കുന്നു എന്നേയുള്ളൂ. യേശുദാസിൻറെ മുന്നിൽ നമ്മുടെ കുട്ടികളെ പാടിപ്പിക്കുന്നത് അവർ യേശുദാസിനേക്കാൾ പ്രാവീണ്യമുള്ളവരായതിനാൽ അല്ലല്ലോ? അദ്ദേഹത്തിൻറെ അഭിപ്രായവും മാർഗദർശനവും ലഭിക്കുവാനല്ലേ? അതുപോലെ ഒരു ഉദ്യമമായി ഇതും കണക്കാക്കിയാൽ മതി.

വെളിപ്പാട് പുസ്തകത്തിൻറെ അവസാനത്തെ മൂന്ന് അദ്ധ്യായങ്ങളെ ഒരു സിനിമയുടെ അന്ത്യത്തോട് ഉപമിക്കാം.
അദ്ധ്യായം 20: നായകൻ ഉപദ്രവകാരിയായ വില്ലനെ പിടിച്ചുകെട്ടി തടവിലാക്കുന്നു. തടവുശിക്ഷ കഴിഞ്ഞിറങ്ങിയ വില്ലൻ വീണ്ടും അനുചരന്മാരുമായി ആക്രമിക്കുവാൻ വരുന്നു, ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നു.
അദ്ധ്യായം 21: നായകനും നായികയും ഒന്നിക്കുന്നു, വിവാഹം, വിവാഹസദ്യ.
അദ്ധ്യായം 21: ശുഭം - THE END, അല്ലെങ്കിൽ A film by ഇന്നയാൾ എന്ന് എഴുതിക്കാണിക്കുന്നു.
സിനിമ കഴിഞ്ഞു, ഇനി വീട്ടിലേക്ക് മടങ്ങാം എന്ന് കരുതുമ്പോഴാണ് പ്രശ്നം: ഇനിയും സിനിമ കഴിഞ്ഞിട്ടില്ല! അതാണ് ഈ ലേഖനത്തിൻറെ വിഷയം.

പുതിയ ആകാശവും ഭൂമിയും നിലവിൽ വന്നതിന് ശേഷം...

വെളി 21:1 ഞാന്‍ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല.
Rev 21:1 And I saw a new heaven and a new earth: for the first heaven and the first earth were passed away; and there was no more sea.
ആദ്യത്തെ ആകാശവും ആദ്യത്തെ  ഭൂമിയും നശിപ്പിക്കപ്പെട്ടതിന് ശേഷമാണ് പുതിയ ആകാശവും പുതിയ  ഭൂമിയും സ്ഥാപിക്കപ്പെട്ടത് എന്നത് സന്ദർഭത്തിൽ നിന്നും വ്യക്തമാണല്ലോ? പഴയ ആകാശവും ഭൂമിയും നശിപ്പിക്കപ്പെടേണ്ടതിൻറെ ആവശ്യകതയെ പറ്റി പത്രോസ്:
2പത്രോ 3:7 ഇപ്പോഴുള്ള ആകാശവും ഭൂമിയും അതേ വചനത്താല്‍ അഗ്നിയ്ക്കായി സൂക്ഷിക്കപ്പെട്ട്, ന്യായവിധിയും ഭക്തിഹീനരായ മനുഷ്യരുടെ നാശവും സംഭവിക്കുവാന്‍ ഉള്ള ദിവസത്തേക്ക് കാത്തുവെച്ചിരിക്കുന്നു.
2Pe 3:7 But the heavens and the earth, which are now, by the same word are kept in store, reserved unto fire against the day of judgment and perdition of ungodly men.
നിലവിലുള്ള ആകാശവും ഭൂമിയും അഗ്നിയാൽ നശിപ്പിക്കപ്പെടേണ്ടതിൻറെ ആവശ്യകത ഭക്തിഹീനരായ മനുഷ്യരുടെ നാശമാണ്.

നമ്മൾ കാത്തുകൊണ്ടിരിക്കുന്ന ലോകത്തെ പറ്റി പത്രോസ്:
2പത്രോ 3:13 നമ്മൾ അവിടുത്തെ വാഗ്ദാനം പോലെ നീതി വസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുമായി കാത്തിരിക്കുന്നു.
2Pe 3:13 Nevertheless we, according to his promise, look for new heavens and a new earth, wherein dwelleth righteousness.
അതേ ഭൂമിയെ പറ്റിയല്ലേ വെളിപ്പാട് 21ൽ എഴുതിയിരിക്കുന്നത്? നീതി വസിക്കുന്ന പുതിയ ഭൂമിയിലെ ശോഭനമായ അവസ്ഥയെ പറ്റി യോഹന്നാൻ, വീണ്ടും:
വെളി 21:4 അവിടന്ന് അവരുടെ കണ്ണിൽ നിന്നും കണ്ണുനീരെല്ലാം തുടച്ചുകളയും.
ഇനി മരണം ഉണ്ടാകുകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകുകയില്ല
; ഒന്നാമത്തേത് കഴിഞ്ഞുപോയി;
Rev 21:4 And God shall wipe away all tears from their eyes; and there shall be no more death, neither sorrow, nor crying, neither shall there be any more pain: for the former things are passed away. 

ദേ, സ്വർഗത്തിൽ കട്ടുറുമ്പല്ല, രാജവെമ്പാല!


നീതി വസിക്കുന്ന പുതിയ ഭൂമിയിൽ കണ്ണീര്, മരണം, ശാപം, ദുഃഖം, മുറവിളി, കഷ്ടത എന്നിവയൊന്നും ഇല്ല, ഭക്തിഹീനർ ഇല്ല എന്നൊക്കെ എത്രയോ തവണ കേട്ട് സന്തോഷിച്ചതാണല്ലേ? ആ നല്ലകാലം വരുവാൻ കാത്തിരിക്കാത്തവരുണ്ടോ? സന്തോഷിക്കുവാൻ വരട്ടെ, നമുക്കൊരുമിച്ച് ബാക്കി വേദഭാഗവും കൂടെ വായിക്കാം.

വെളിപ്പാട് 21ൻറെ ബാക്കി ഭാഗം മുഴുവനും ആരെല്ലാം പുതിയ യെരൂശലേമിൽ ഉണ്ടാകും, ഉണ്ടാകില്ല, നഗരത്തിൻറെ ഘടന എന്നിവയുടെ വിവരണമാണ്. ഈ ലേഖനത്തിന് പ്രസക്തമായ ഒരു വചനം മാത്രം വായിക്കാം:
വെളി 21:25 അതിന്‍റെ കവാടങ്ങള്‍ പകലില്‍ അടയ്ക്കുകയില്ല;  അവിടെ രാത്രി ഇല്ല.
Rev 21:25 And the gates of it shall not be shut at all by day: for there shall be no night there.
അതായത്, സ്റ്റേറ്റ് ബാങ്കിൻറെ ഏ.റ്റി.എം പോലെ 27 മണിക്കൂറും, ആഴ്ചയിലെ 7 ദിവസവും കവാടങ്ങൾ തുറന്നിരിക്കും!

കവാടത്തിന് പുറത്ത് ആരൊക്കെയുണ്ടെന്ന് അറയേണ്ടേ?
വെളി 22:15 നായ്ക്കളും ക്ഷുദ്രക്കാരും ദുര്‍ന്നടപ്പുകാരും കൊലപാതകികളും വിഗ്രഹാരാധകരും അസത്യം ഇഷ്ടപ്പെടുകയും അത് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എല്ലാവരും പുറത്തായിരിക്കും.
Rev 22:15 For without are dogs, and sorcerers, and whoremongers, and murderers, and idolaters, and whosoever loveth and maketh a lie.
“വേലികെട്ടാത്ത മണ്ണും താലികെട്ടാത്ത പെണ്ണും ഒരുപോലെ അപകടകാരികളാണ്” എന്ന് പഴമക്കാർ പറയും. (ഈ പഴമൊഴിശങ്കരാടി തീക്കടൽ എന്ന ചിത്രത്തിൽ പറഞ്ഞിട്ടുണ്ട്. ഫെമിനിസ്റ്റുകൾ എനിക്ക് പൊങ്കാലയിടരുതേ, ഒരു പഴമൊഴി പറഞ്ഞൂ എന്നേയുള്ളു.) അതാണ് പുതിയ യെരൂശലേമിൻറെ അവസ്ഥ. ആദാമിനെയും ഹവ്വയെയും ഏദേൻ തോട്ടത്തിൽ നിന്നും ഇറക്കിവിട്ടപ്പോൾ തോട്ടത്തിന് കാവലിനായി കെരൂബുകളെ നിയമിച്ച കർത്താവ് ഇവിടെ അത്തരം സുരക്ഷാ ക്രമീകരണങ്ങൾ ഒന്നും ഏർപ്പെടുത്തിയതായി എഴുതപ്പെട്ടിട്ടില്ല. പാപികളാരും അകത്ത് വരില്ല എന്ന് ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞിട്ടുണ്ട് (വെളി 21:27)

ഒരുപക്ഷേ, ആരെങ്കിലും ഈ വചനം പുതിയ യെരൂശലേമിനെ പറ്റിയല്ല എന്ന് വാദിച്ചേക്കാം, അവർ ദയവായി വെളി 22:14ഉം വെളി 21:25ഉം താരതമ്യം ചെയ്ത് പഠിക്കുവാൻ അപേക്ഷിക്കുന്നു.

വളരെ പ്രസക്തമായ ചോദ്യങ്ങൾ ഇവയാണ്:

  • പാപികളെ സംഹരിക്കുവാൻ ഭൂമിയെയും ആകാശത്തെയും ചുട്ട് ചാമ്പലാക്കിയിട്ട് ഈ പാപികൾ എങ്ങനെ ബാക്കിയായി? ചാമ്പലാക്കിയതുകൊണ്ട് ദൈവം എന്ത് നേടി, എന്ത് തെളിയിച്ചു?
  • ഇപ്പോഴുള്ള ഭൂമിയിൽ പാപം ഉണ്ടാകുവാൻ കാരണം പിശാചാണെങ്കിൽ പിശാച് നശിപ്പിക്കപ്പെട്ട ശേഷം (വെളി 20:10) പുതിയ യെരൂശലേമിന് തൊട്ടുപുറത്ത് പാപികൾ എങ്ങനെ ഉണ്ടായി?
  • നമുക്ക് ചുറ്റും ഇപ്പോഴും ഇത്തരത്തിലുള്ള പാപികൾ ഇല്ലേ? ഇതേ അവസ്ഥ പുതിയ യെരൂശലേമിലും നിലനിൽക്കുമെങ്കിൽ ഇപ്പോഴും അപ്പോഴും തമ്മിലുള്ള വ്യത്യാസം എന്ത്?

എന്ത്‽ പുതിയ യെരൂശലേം വന്നശേഷം രോഗമില്ലേ?

വെളി 22:2 വീഥിയുടെ നടുവില്‍ നദിക്ക് ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ട്; അത് 12 വിധം ഫലം കായ്ച്, മാസംതോറും അതാത് ഫലം കൊടുക്കുന്നു; വൃക്ഷത്തിന്‍റെ ഇലകൾ ജാതികളുടെ രോഗശാന്തിക്ക് ഉതകുന്നു.
Rev 22:2  In the midst of the street of it, and on either side of the river, was there the tree of life, which bare twelve manner of fruits, and yielded her fruit every month: and the leaves of the tree were for the healing of the nations.
“രോഗികള്‍ക്കല്ലാതെ സൌഖ്യമുള്ളവര്‍ക്ക് വൈദ്യനെക്കൊണ്ട് ആവശ്യമില്ല” (മത്താ 9:12) എന്ന് പറഞ്ഞത് പോലെ, രോഗമുള്ളവർക്കല്ലേ രോഗശാന്തി ആവശ്യമുള്ളൂ? രോഗം ഉണ്ടാകുവാനുള്ള സാദ്ധ്യത, മരണം, കണ്ണുനീര്, മുറവിളി, ദുഖം എന്നിവയെല്ലാം ഉണ്ടാകുവാനുള്ള സാദ്ധ്യതയല്ലേ? അപ്പോൾ വെളി 21:4ൽ പറഞ്ഞ കാര്യങ്ങളോ?

ദൈവവചനത്തിൽ വൈരുദ്ധ്യങ്ങളുണ്ടോ?



നാം ഇതുവരെ അവലോകനം ചെയ്ത വചനങ്ങളുടെ അടിസ്ഥാനത്തിൽ ദൈവവചനത്തിൽ വൈരുദ്ധ്യങ്ങളുണ്ട് എന്ന ധാരണ ഉണ്ടാകാം. ദൈവവചനത്തിൽ അല്ല വൈരുദ്ധ്യങ്ങൾ, അവയെ അക്ഷരശഃ വ്യാഖ്യാനിച്ച സഭയുടെ പ്രബോധനത്തിലാണ് വൈരുദ്ധ്യം. ഭയം വിൽക്കുവാൻ വേണ്ടി മതം പ്രതീകങ്ങളെ യാഥാർത്ഥ്യങ്ങളാക്കി മാറ്റിയപ്പോഴാണ് വൈരുദ്ധ്യം സംഭവിച്ചത്.

പഴയനിയമത്തിൽ ഭൂമിയെയും ആകാശത്തെയും നശിപ്പിക്കും എന്ന പ്രവചനങ്ങളും അവയുടെ പൂർത്തീകരണവും മുൻവിധികളില്ലാതെ, വേദപുസ്തകവും ലോകചരിത്രവും മാത്രം ആധാരമാക്കി പഠിച്ചാൽ പ്രഥമദൃഷ്ട്യാ വൈരുദ്ധ്യങ്ങൾ എന്ന് തോന്നുന്ന സംഗതികളുടെ സത്യം മനസ്സിലാക്കാവുന്നതേയുള്ളൂ. ഒരു ഉദാഹരണം ഇവിടെ കഴിയുന്നത്ര ചുരുക്കമായി അവതരിപ്പിക്കുന്നു:

ഏശാവിൻറെ അപരനാമമാണ് ഏദോം എന്ന് അറിയാമല്ലോ? (ഉൽ 25:30) ഏദോമിൻറെ വാസസ്ഥലത്തിന് സേയീർ (ഒരു മലമ്പ്രദേശം, ഉൽ 32:3), ബൊസ്ര (ഏദോമിൻറെ ചെറുമക്കളിൽ ഒരാളുടെ പേരാണിത് - ഉൽ 36:33) എന്നീ പേരുകൾ ഉണ്ട്. ഏദോമിൻറെ വാസസ്ഥലത്തിൻറെ നാശത്തെ പറ്റിയുള്ള പ്രവചനം:
യെശ 34:4 ആകാശത്തിലെ സൈന്യമെല്ലാം അലിഞ്ഞുപോകും; ആകാശവും ഒരു ചുരുള്‍ പോലെ ചുരുണ്ടുപോകും; അതിൻറെ സൈന്യമെല്ലാം മുന്തിരിവള്ളിയുടെ ഇല വാടി പൊഴിയുന്നത് പോലെയും അത്തിക്കായകൾ വാടി പൊഴിയുന്നത് പോലെയും പൊഴിഞ്ഞുപോകും.
Isa 34:4 And all the host of heaven shall be dissolved, and the heavens shall be rolled together as a scroll: and all their host shall fall down, as the leaf falleth off from the vine, and as a falling fig from the fig tree.
യെശ 34:5 എന്‍റെ വാള്‍ സ്വര്‍ഗത്തില്‍ ലഹരിപിടിച്ചിരിക്കുന്നു; അത് ഏദോമിന്‍ മേലും ഞാൻ ശപിച്ച ജാതിയുടെ മേലും ന്യായവിധിക്കായി ഇറങ്ങിവരും.
Isa 34:5 For my sword shall be bathed in heaven: behold, it shall come down upon Idumea (Edom), and upon the people of my curse, to judgment.
ഇവിടെ ഏദോം എന്നതിന് പകരം ഇദൂമിയ എന്ന് എഴുതിയിരിക്കുന്നത് ബോധപൂർവമായ തട്ടിപ്പാണ്. ഹീബ്രൂ വേദപുസ്തകത്തിൽ 100 തവണ אדום (ഏദോം, സ്ട്രോങ്സ് നിഘണ്ടുവിൽ H123) എന്ന് എഴുതിയിരിക്കുന്ന ഈ വാക്കിന് പ്രവചനപുസ്തകങ്ങളിൽ മാത്രം ഇദൂമിയ എന്ന പേര് ഇട്ടത് ഈ പ്രവചനം നിറവേറി എന്ന സത്യത്തിൽ നിന്നും വായനക്കാരൻറെ ശ്രദ്ധ തെറ്റിക്കുവാനാണ്. (ഇദൂമിയ എന്നത് ഗ്രീക്ക് വാക്കാണ്, ഹീബ്രു അല്ല.)
യെശ 34:6 യഹോവയുടെ വാള്‍ രക്തം പുരണ്ടും കൊഴുപ്പ് പൊതിഞ്ഞും ഇരിക്കുന്നു; കുഞ്ഞാടുകളുടെയും കോലാടുകളുടെയും രക്തത്താലും ആട്ടുകൊറ്റന്മാരുടെ മൂത്രപിണ്ഡങ്ങളുടെ കൊഴുപ്പിനാലും തന്നേ; യഹോവയ്ക്ക് ബൊസ്രയില്‍ ഒരു യാഗവും ഏദോം ദേശത്ത് ഒരു മഹാസംഹാരവും ഉണ്ട്.
Isa 34:6 The sword of the LORD is filled with blood, it is made fat with fatness, and with the blood of lambs and goats, with the fat of the kidneys of rams: for the LORD hath a sacrifice in Bozrah, and a great slaughter in the land of Idumea.
ഈ പ്രവചനം നിറവേറി എന്ന് വേദപുസ്തകം:
മലാ 1:3 എന്നാല്‍ ഏശാവിനെ ഞാന്‍ ദ്വേഷിച്ചു അവന്‍റെ പര്‍വ്വതങ്ങളെ ശൂന്യമാക്കി (ഭൂതകാലം) അവന്‍റെ അവകാശത്തെ മരുഭൂമിയിലെ കുറുനരികള്‍ക്ക് കൊടുത്തിരിക്കുന്നു.
Mal 1:3 And I hated Esau, and laid his mountains and his heritage waste for the dragons of the wilderness.
യിസ്രായേലിനെയും യെഹൂദയെയും പ്രവാസികളായി (ബാബിലോണിലേക്ക്) പിടിച്ചുകൊണ്ടുപോയ സമയത്ത് ഏദോമ്യർ യെരൂശലേം പട്ടണത്തിൽ പ്രവേശിച്ചതും അവരുടെ കഷ്ടതയിൽ സന്തോഷിച്ചതും, രക്ഷപെട്ട് ഓടിയവരുടെ വഴി തടഞ്ഞതുമാണ് യഹോവയുടെ ഏദോമിനോടുള്ള കോപത്തിന് കാരണം എന്ന് ഓബദ്യാവിൻറെ പുസ്തകത്തിൽ കാണാം (ഓബ 1:11-14)

ഏദോമും ബൊസ്രയും നാശമായതിനെ പറ്റിയുള്ള വിവരണം യെശ 63ൽ വായിക്കാം. (ആ അദ്ധ്യായം തീർച്ചയായും വായിച്ചിരിക്കണം, വെളിപ്പാട് മനസ്സിലാക്കുവാൻ അത് സഹായകമാണ്.)

യിസ്രായേലിനെ ബാബിലോണിലേക്ക് പ്രവാസികളായി പിടിച്ചുകൊണ്ടുപോയതിന് ശേഷം, നെബൂഖദ്നേസർ ഏദോമിനെ ആക്രമിച്ചു. അതിന് ശേഷം നബാത്യർ (Nabataeans) ഏദോമിനെ കീഴ്പെടുത്തി, അവരെ നാട്ടിൽ നിന്നും തുരത്തി. ഏദോം നാശമായ ശേഷം ബാക്കിയായ ഏദോമ്യർ യിസ്രായേലിൻറെ തെക്കുഭാഗത്തേക്ക്
കുടിയേറി. അവരിൽ ചിലർ യെഹൂദ മതം സ്വീകരിച്ചു. അവരാണ് പുതിയനിയമത്തിൽ ഹെരോദ്യർ എന്ന് അറിയപ്പെട്ടിരുന്നത്. ഹെരോദ്യരിൽ പെട്ടതാണ് ഹെരോദാവിൻറെ രാജവംശം. കി.പി.70ൽ റോമർ യെരൂശലേമിനെ വളഞ്ഞപ്പോൾ ഏകദേശം 20,000 ഹെരോദ്യർ റോമിന് അനുകൂലമായും പ്രതികൂലമായും രാഷ്ട്രീയ ചൂതുകളികൾ കളിച്ചു. ഏതായാലും, ഇപ്പോൾ ഹെരോദ്യർ എന്ന ഏദോമ്യർ എവിടെയും ഇല്ല. കണ്ണിൽകണ്ടവരെയെല്ലാം ഏദോമ്യരായി മുദ്രകുത്തുന്ന കള്ളപ്രവാചകരുടെ ഭാവനാവിലാസങ്ങളിൽ ഒഴികെ. ഏദോമ്യർ എവിടെയും ഒളിഞ്ഞിരുപ്പില്ല. ഏദോമ്യർ ഇപ്പോഴും ഉണ്ടെന്ന് പറയുന്നവരെ വിശ്വസിക്കുന്നതിനേക്കാൾ ഡിങ്കൻ ദൈവമാണെന്ന് പറയുന്നവരെ വിശ്വസിക്കുന്നതാണ് ബുദ്ധി!

ക്രിസ്തുവിന് 200 മുതൽ 600 വർഷങ്ങൾക്ക് മുമ്പ് ഏദോം നാശമായപ്പോൾ:
  • ആകാശത്തിലെ സൈന്യമെല്ലാം (നക്ഷത്രങ്ങളും ഗ്രഹങ്ങളും) അലിഞ്ഞുപോയോ?
  • ആകാശം ഒരു ചുരുള്‍ പോലെ ചുരുണ്ടുപോയോ?
  • ആകാശത്തിലെ  സൈന്യമെല്ലാം മുന്തിരിവള്ളിയുടെ ഇല വാടി പൊഴിയുന്നത് പോലെയും അത്തിവൃക്ഷത്തിന്‍റെ കായ് വാടി പൊഴിയുന്നത് പോലെയും പൊഴിഞ്ഞുപോയോ?
  • ഈ കാര്യങ്ങളെല്ലാം അക്ഷരംപ്രതി സംഭവിച്ചെങ്കിൽ ഇപ്പോഴുള്ള ആകാശവും, നക്ഷത്രങ്ങളും, ഗ്രഹങ്ങളും എവിടെ നിന്നും വന്നു?
ദൈവം മനുഷ്യരെ ശിക്ഷിക്കും, പക്ഷേ, നീചരായ മനുഷ്യർ കരുതുന്നത് പോലെ ആരെയെങ്കിലും ഉന്മൂലനാശം ചെയ്താലേ ദൈവത്തിന് ഉറക്കം വരൂ എന്നില്ല. ആർക്കെങ്കിലും ദോഷം വരുന്ന പ്രവചനങ്ങൾ എപ്പോഴും അക്ഷരംപ്രതി നിറവേറ്റപ്പെടില്ല, ദൈവകോപത്തിന് പാത്രരായവർ എത്ര മഹാപാപികളായിരുന്നാലും അവരെപരിപൂർണ്ണമായി നിഗ്രഹിച്ചാലേ അടങ്ങൂ എന്ന പിടിവാശി ദൈവത്തിനില്ല. ദൈവം വിശുദ്ധർക്കും പാപികൾക്കും പിതാവാണ്. പിതാവ് മക്കളെ താക്കീത് ചെയ്യും, പക്ഷേ, താക്കീത് അക്ഷരാർത്ഥത്തിൽ നിറവേറ്റില്ല.
(അപ്പോൾ, ജലപ്രളയത്തിൽ ലോകത്തെ മുഴുവൻ നശിപ്പിച്ചില്ലേ? എന്ന് ചോദിച്ചേക്കാം. വിസ്താരഭയം നിമിത്തം അതിനെപ്പറ്റി ഇവിടെ വിശദമായി എഴുതുന്നില്ല. നോഹ ആദ്യമായി ഉണ്ടാക്കിയ പെട്ടകത്തിൽ കയറി ആയിരിക്കാം അൻറാർട്ടിക്കയിൽ നിന്നും പെൻഗ്വിനുകളും ഉത്തരധ്രുവത്തിൽ നിന്നും ഹിമക്കരടികളും, ന്യൂസിലാൻറിൽ നിന്നും കിവികളും, ആസ്ട്രേലിയയിൽ നിന്നും കംഗാരുക്കളും മധ്യപൂര്‍വ്വേഷ്യയിൽ നോഹയുടെ അടുത്തെത്തിയത് എന്ന് സൂചിപ്പിക്കുക മാത്രം ചെയ്യുന്നു. ജലപ്രളയത്തിന് ശേഷമാണ് ഭൂമി ഭൂഖണ്ഡങ്ങളായി പിളർന്നത് എന്ന് ഉൽ 10:25ലെ പെലെഗിനെ പറ്റിയുള്ള പരാമർശം ഉപയോഗിച്ച് സമർത്ഥിക്കുന്നവർക്ക് ഭൂഗർഭശാസ്തം അശ്ശേഷം അറിയില്ല.)

കേരളത്തിൻറെ അത്രയും വിസ്തീർണ്ണം മാത്രമുള്ള ഏദോമിനെ നശിപ്പിക്കുവാൻ നക്ഷത്രരാശികളെയും പ്രപഞ്ചത്തെ മുഴുവനും നശിപ്പിക്കേണ്ട ആവശ്യമില്ല എന്ന് മനസ്സിലാക്കുവാൻ ആൽബെർട്ട് ഐൻസ്റ്റീൻറെയും ഐസക്ക് ന്യൂട്ടൻറെയും ബുദ്ധിശക്തി വേണ്ട, സാമാന്യബുദ്ധി മതി. വേദപുസ്തകത്തിൽ ശിക്ഷയെ പറ്റിയുള്ള മുന്നറിയിപ്പുകൾ അതിശയോക്തികളും അത്യുക്തികളും ചേർത്താണ് അവതരിപ്പിച്ചിട്ടുള്ളത്. ദൈവം സ്നേഹമാണ്, രക്തദാഹിയോ പ്രതികാരദാഹിയോ അല്ല എന്ന് മനസ്സിലാക്കിയാൽ ഈ അത്യുക്തികൾക്ക് പിന്നിലുള്ള സത്യം മനസ്സിലാകും.

യേശു തിരികെ വരുമ്പോൾ ഭൂമിയെയും ആകാശത്തെയും മുഴുവൻ അക്ഷരശഃ നശിപ്പിക്കും എന്ന ധരിച്ചിരിക്കുന്നവരോട് ചില ചോദ്യങ്ങൾ:
  • ലോകാവസാനം സംഭവിക്കുമ്പോൾ “യെഹൂദ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ” (മത്താ 24:16) എന്ന് യേശു പറഞ്ഞതിനെ പറ്റി എപ്പോഴെങ്കിലും ഗൌരവമായി ചിന്തിച്ചിട്ടുണ്ടോ?
  • ഭൂമി മുഴുവൻ നശിപ്പിക്കപ്പെടുമെങ്കിൽ മലകളിലേക്ക് ഓടിപ്പോയിട്ട് പ്രയോജനമുണ്ടോ?
  • ഭൂമിയുടെ മറ്റ് സ്ഥലങ്ങളിലുള്ളവർ, വിശേഷിച്ചും മലകൾ ഇല്ലാത്ത സമതലങ്ങളിലുള്ളവർ എന്ത് ചെയ്യണം?
ഉത്തരങ്ങൾ നിങ്ങൾക്ക് വിടുന്നു.

നമ്മളാണ് ജീവജലത്തിൻറെ നദി.

വെളി 22:1 ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും സിംഹാസനത്തില്‍ നിന്നും പുറപ്പെടുന്ന പളുങ്ക് പോലെ ശുഭ്രമായ ജീവജലത്തിന്‍റെ നദി അവന്‍ എന്നെ കാണിച്ചു.
Rev 22:1 And he shewed me a pure riverG4215 of waterG5204 of lifeG2222, clear as crystal, proceeding out of the throne of God and of the Lamb.
ഈ വചനത്തിൽ “ജീവൻ” (life) എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്ക് - ζωή (dzo-ay', സ്ട്രോങ്സ് നിഘണ്ടുവിൽ G2222), ζάω (dzah'-o, G2198, ജീവനുള്ള) എന്ന വാക്കിൽ നിന്നും ഉണ്ടായതാണ്.  ഇപ്പോൾ ഈ വാക്കുകൾ വരുന്ന മറ്റൊരു വചനം പരിശോധിക്കാം.
യോഹ 7:38 എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഉള്ളില്‍ (നെഞ്ചിൽ) നിന്നും തിരുവെഴുത്ത് പറയുന്നത് പോലെ ജീവജലത്തിന്‍റെ നദികള്‍ ഒഴുകും.
Joh 7:38 He that believeth on me, as the scripture hath said, out of his belly shall flow riversG4215 of livingG2198 waterG5204.
ലോകാവസാനത്തിന് ശേഷമല്ല, ഇപ്പോഴാണ് നമ്മൾ യേശുവിൽ വിശ്വസിക്കുന്നത്. നിങ്ങളുടെ, നമ്മളുടെ ഉള്ളിൽ നിന്നുമാണ് ജീവജലത്തിൻറെ നദി ഒഴുകേണ്ടത്, ഒഴുകുന്നത്. നിങ്ങളുടെ ഉള്ളിൽ നിന്നും ജീവജലത്തിൻറെ നദി ഒഴുകുവാൻ ഭൂമിയെയും ആകാശത്തെയും ചുട്ടെരിക്കേണ്ട ആവശ്യമില്ല.

നിങ്ങളാണ് ദൈവത്തിൻറെ ആലയം (2കൊരി 6:16), ദൈവം അവിടത്തെ ആലയത്തിൽ, അവിടത്തെ സിംഹാസനത്തിൽ ആസനസ്തനായിരിക്കുന്നു (സങ്കീ 11:4). നിങ്ങളാണ് ദൈവത്തിൻറെ സിംഹാസനം. നിങ്ങളാകുന്ന സിംഹാസനത്തിൽ നിന്നുമാണ് ജീവജലത്തിൻറെ നദി ഒഴുകുന്നത്. ഒഴുകുന്ന ജലം പുതിയ യെരൂശലേമിൽ തളംകെട്ടി കിടക്കുന്നില്ല, അത് പുറത്തേയ്ക്ക് ഒഴുകും. നഗരത്തിന് പുറത്ത് നായ്ക്കളും ക്ഷുദ്രക്കാരും ദുര്‍ന്നടപ്പുകാരും കൊലപാതകികളും വിഗ്രഹാരാധകരും ... ഉണ്ട് എന്ന് നമ്മൾ കണ്ടു. അവർക്ക് എന്ത് സംഭവിക്കും എന്ന് നോക്കാം:
വെളി 22:14 ജീവന്‍റെ വൃക്ഷത്തില്‍ തങ്ങള്‍ക്ക് അധികാരം ഉണ്ടാകേണ്ടതിനും ഗോപുരങ്ങളില്‍ കൂടി നഗരത്തില്‍ കടക്കുവാനും തങ്ങളുടെ വസ്ത്രം അലക്കുന്നവര്‍ ഭാഗ്യവാന്മാര്‍. Rev 22:14 Blessed are they that do his commandments, that they may have right to the tree of life, and may enter in through the gates into the city.
നിങ്ങളുടെ നെഞ്ചിൽ നിന്നും ഒഴുകുന്ന ജീവജലത്തിലാണ് നഗരത്തിൻറെ കവാടത്തിന് പുറത്തുള്ള പാപികൾ തങ്ങളുടെ വസ്ത്രങ്ങളെ അലക്കി, വിശുദ്ധിയുടെ വസ്ത്രം അണിഞ്ഞുകൊണ്ട്, ജീവവൃക്ഷത്തിൽ പങ്കാളികളാകുവാൻ ഉള്ളിൽ വരേണ്ടത്.

ജീവജലത്തിൻറെ നദി എന്ന ആശയത്തിന് യോഹന്നാന് പ്രചോദനമായത് യെഹെസ്കേൽ അദ്ധ്യായം 47 ആണ്.
യെഹ 47:8 ... ഈ ജലം കിഴക്കേ അതിർത്തിയിലേക്ക് പുറപ്പെട്ട് സമതലത്തിലൂടെ ഒഴുകി കടലില്‍ വീഴുന്നു; ഒഴുകിച്ചെന്ന് കടലില്‍ ചേരുന്ന ജലം അതിലെ ജലം ശുദ്ധമാക്കും.
Eze 47:8 Then said he unto me, These waters issue out toward the east country, and go down into the desert, and go into the sea: which being brought forth into the sea, the waters shall be healed.
നിങ്ങളുടെ ഹൃദയങ്ങളിൽ നിന്നും പുറപ്പെടുന്ന ജീവജലം ഭൂമിയെ ശുദ്ധമാക്കട്ടെ.

പുതിയ യെരൂശലേം എന്താണെന്നും, ജീവവൃക്ഷം എങ്ങനെയാണ് പുത്രത്വമാകുന്നത് എന്നും കർത്താവ് തിരുമനസ്സായായാൽ പിന്നീട് എഴുതാം.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ