Thursday, April 23, 2015

അങ്ങനെയാണെങ്കില്‍ 18 വര്‍ഷം സാത്താന്‍ ബന്ധിച്ചിരുന്ന സ്ത്രീയുടെ കാര്യമോ, ബ്രദര്‍ ടോംസാന്‍?

സ്നേഹിതരേ,


സാത്താന്‍ എന്ന ഒരു അസ്‌തിത്വം ഇല്ല എന്ന് ഞാന്‍ ആരോടെങ്കിലും പറഞ്ഞാല്‍ ഉടനെ ഉയരുന്ന ചോദ്യങ്ങള്‍ ഇങ്ങനെയാണ്: അങ്ങനെയാണെങ്കില്‍ ____ കാര്യമോ? അങ്ങനെയാണെങ്കില്‍ ____ കാര്യമോ? അങ്ങനെയാണെങ്കില്‍ ____ കാര്യമോ? ഇങ്ങനെയുള്ള “അങ്ങനെയാണെങ്കില്‍ ____ കാര്യമോ” ചോദ്യങ്ങളില്‍ ഒന്നിനുള്ള ഉത്തരമാണ് ഈ ലക്കത്തില്‍.



പലരും എന്നോട് ചോദിക്കാറുണ്ട്: അങ്ങനെയാണെങ്കില്‍ 18 വര്‍ഷം സാത്താന്‍ ബന്ധിച്ചിരുന്ന സ്ത്രീയുടെ കാര്യമോ?

ലൂക്ക 13:16 എന്നാല്‍ സാത്താന്‍ 18 സംവത്സരമായി ബന്ധിച്ചിരുന്ന അബ്രാഹമിന്‍റെ മകളായ ഇവളെ ശബ്ബത്ത് നാളില്‍ ഈ ബന്ധനം അഴിച്ചു വിടേണ്ടതല്ലയോ എന്ന് ഉത്തരം പറഞ്ഞു.

ശരിയാണ് സാത്താന്‍ എന്ന വാക്ക് ഈ വചനത്തില്‍ ഉണ്ട്. നമുക്ക് ഈ വചനത്തിന്‍റെ സന്ദര്‍ഭം പരിശോധിക്കാം. ആ സ്ത്രീയെ പറ്റി പ്രതിപാദിക്കുന്ന ആദ്യത്തെ വചനം മുതല്‍ വായിക്കാം:

ലൂക്ക 13:10 ഒരു ശബ്ബത്തില്‍ അവന്‍ ഒരു പള്ളിയില്‍ ഉപദേശിച്ചുകൊണ്ടിരുന്നു; 
ലൂക്ക 13:11 അവിടെ 18 സംവത്സരമായി ഒരു രോഗാത്മാവ് ബാധിച്ചിട്ട് ഒട്ടും നിവരുവാന്‍ കഴിയാതെ കൂനിയായ ഒരു സ്ത്രീ ഉണ്ടായിരുന്നു.
ലൂക്ക 13:12 യേശു അവളെ കണ്ടു അടുത്ത് വിളിച്ച്: സ്ത്രീയേ, നിന്‍റെ രോഗബന്ധനം അഴിഞ്ഞിരിക്കുന്നു എന്ന് പറഞ്ഞു അവളുടെ മേല്‍ കൈവെച്ചു.
ലൂക്ക 13:13 അവള്‍ ക്ഷണത്തില്‍ നിവര്‍ന്ന് ദൈവത്തെ മഹത്വപ്പെടുത്തി.


ഇവിടെ രോഗാത്മാവ് എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് സ്ട്രോങ്ങിന്‍റെ നിഘണ്ടുവില്‍ G4151, G769 എന്നീ ക്രമസംഖ്യകളുള്ള രണ്ട് ഗ്രീക്ക് വാക്കുകളാണ് (ഇംഗ്ലീഷില്‍  spirit[G4151] of infirmity[G769]). ഇതില്‍ G4151 (pneuma) എന്നതിന് എപ്പോഴും ആത്മാവ് എന്നാണ് അര്‍ത്ഥം. G769 (astheneia) എപ്പോഴും രോഗവും. spirit[G4151] of infirmity[G769] എന്ന പദപ്രയോഗം പരിഭാഷകര്‍ക്കും പണ്ഡിതന്മാര്‍ക്കും ഒരു വെല്ലുവിളിയായിരുന്നു. ചിലര്‍ അത് “ദുരാത്മാവ്” ആണെന്ന് സമര്‍ത്ഥിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ ദുരാത്മാവ് എന്നതിന് ഉപയോഗിക്കുന്ന പദപ്രയോഗം  G4190 (πονηρός, ponēros), G4151 എന്ന രണ്ട് വാക്കുകള്‍ ചേര്‍ന്നതാണ്. ഇത് അപ്പൊ 19:15, 16ല്‍ കാണാം.

അപ്പൊ 19:15 ദുരാത്മാവ് (evil[G4190] spirit[G4151]) അവരോട്: യേശുവിനെ ഞാന്‍ അറിയുന്നു; പൌലോസിനെയും പരിചയം ഉണ്ട്; എന്നാല്‍ നിങ്ങള്‍ ആര്‍ എന്ന് ചോദിച്ചു.
അപ്പൊ 19:16 പിന്നെ ദുരാത്മാവുള്ള (evil[G4190] spirit[G4151]) മനുഷ്യന്‍ അവരുടെ മേല്‍ ചാടി അവരെ ഇരുവരെയും കീഴടക്കി...

വേദപുസ്തകം വായിക്കുമ്പോള്‍ ഓര്‍മ്മിക്കേണ്ട സംഗതികള്‍:


  • വേദപുസ്തകം എഴുതപ്പെട്ടത് ഇപ്പോള്‍ കാലഹരണപ്പെട്ടതും ഉപയോഗത്തില്‍ ഇല്ലാത്തതുമായ കൊയനെ ഗ്രീക്ക്, ഹീബ്രു എന്നീ ഭാഷകളിലാണ്.
  • ഭാഷകള്‍ വളരുകയും പരിണമിക്കുകയും ചെയ്യും. ഉദാഹരണത്തിന് nice എന്ന വാക്കിന് 14, 15 നൂറ്റാണ്ടുകളില്‍ simple, foolish, ignorant എന്നായിരുന്നു അര്‍ത്ഥം. gay എന്ന വാക്കിന് സ്വവര്‍ഗ്ഗ പ്രേമി എന്ന അര്‍ത്ഥം ഉണ്ടായിട്ട് അധികം കാലമായില്ല. ഒരേ ഭാഷയില്‍ ഇത്രയധികം വ്യതിയാനങ്ങള്‍ ഉണ്ടാകും എന്നത് സത്യമായിരിക്കെ, 16, 17 നൂറ്റാണ്ടുകളില്‍ അവരുടേതല്ലാത്ത ഭാഷകളില്‍ നിന്നും വേദപുസ്തകത്തെ പരിഭാഷപ്പെടുത്തിയവര്‍ മൂലകൃതി പൂര്‍ണ്ണമായും മനസ്സിലാക്കിയിരിക്കുവാനുള്ള സാധ്യത കുറവാണ്.
  • വേദപുസ്തകം ഒരു ശാസ്ത്ര ഗ്രന്ഥമല്ല. ശാസ്ത്രീയമായി ശരിയായുള്ള ചില കാര്യങ്ങള്‍ വേദപുസ്തകത്തില്‍ കണ്ടേക്കാം, പക്ഷേ, വേദപുസ്തകത്തിന്‍റെ ഊന്നല്‍ ശാസ്ത്രത്തില്‍ അല്ല.

സാത്താനാല്‍ ബന്ധിക്കപ്പെട്ടിരുന്ന സ്ത്രീയുടെ രോഗലക്ഷണങ്ങള്‍:



ആ സ്ത്രീക്ക് ഒരു മനോരോഗം ഉണ്ടായിരുന്നു എന്നും രോഗാത്മാവ് എന്നതിനേക്കാള്‍ മനോരോഗം എന്നതാണ് ഉത്തമമായ പരിഭാഷ എന്നും ഞാന്‍ നിര്‍ദ്ദേശിക്കുന്നു. അവരുടെ രോഗലക്ഷണങ്ങള്‍ ലൂക്കാ 13:11ല്‍ കാണാം.

ലൂക്ക 13:11 അവിടെ 18 സംവത്സരമായി ഒരു രോഗാത്മാവ് ബാധിച്ചിട്ട് ഒട്ടും നിവരുവാന്‍ കഴിയാതെ കൂനിയായ ഒരു സ്ത്രീ ഉണ്ടായിരുന്നു.
അവര്‍ ജനനം മുതല്‍ കൂനുള്ളവള്‍ അല്ലായിരുന്നു. അവള്‍ക്ക് “രോഗാത്മാവ്” പിടിച്ചിരുന്നതിനാല്‍ നിവരുവാന്‍ കഴിയാതിരുന്നു എന്നേയുള്ളൂ. വൈദ്യശാസ്ത്രത്തില്‍ ഈ ലക്ഷണങ്ങള്‍ ഉള്ള രോഗത്തിന് “പരിവര്‍ത്തന വിഭ്രമം” (Conversion Disorder - ഇതിനെപ്പറ്റി മലയാളത്തില്‍ അധികം എഴുതപ്പെടാത്തതിനാല്‍ ഞാന്‍ ഉണ്ടാക്കിയ പരിഭാഷയാണ് പരിവര്‍ത്തന വിഭ്രമം എന്നത്.)

പരിവര്‍ത്തന വിഭ്രമം ശക്തമായ മാനസിക സംഘര്‍ഷത്താല്‍ ഉണ്ടാകാം. പരിക്ക്, പ്രിയപ്പെട്ടവരുടെ മരണം, അപകടകരമായ ചുറ്റുപാടുകള്‍ എന്നിവ പരിവര്‍ത്തന വിഭ്രമത്തിന് കാരണമാകാം. യുദ്ധകാലത്ത് ശക്തമായ ബോംബ് വിസ്‌ഫോടനം നടക്കുന്ന സ്ഥലങ്ങളില്‍ നിന്നും പരിക്കേല്‍ക്കാത്ത പട്ടാളക്കാര്‍ ഈ വിഭ്രമം പിടിപെട്ട് ആശുപത്രികളില്‍ കൊണ്ടുവരപ്പെടാറുണ്ട്. അവര്‍ക്ക് കൈകാലുകള്‍ ചലിപ്പിക്കുവാനോ സംസാരിക്കുവാനോ കഴിയാറില്ല. കൂടുതല്‍ വിവരങ്ങള്‍ ഇതാ ഇവിടെ.

പൂര്‍ണ്ണ ആരോഗ്യവാന്മാരായിരുന്നിട്ടും കൈകാലുകള്‍ ചലിപ്പിക്കുവാന്‍ കഴിയാത്ത ചിലരെ നാം കാണാറുണ്ട്. ഏതെങ്കിലും ഒരു ഞെട്ടല്‍ സംഭവിച്ചതിന് ശേഷമാണ് ഇങ്ങനെ ആകുന്നത്. താന്‍ നിന്നിരുന്നതിന് തൊട്ടടുത്ത് ഒരു കൈബോംബ് പൊട്ടിത്തെറിച്ചപ്പോള്‍ എന്‍റെ ഒരു സുഹൃത്ത് ഈ സ്ഥിതിയില്‍ ആയി. കൈകാലുകള്‍ അനക്കുവാനോ, സംസാരിക്കുവാനോ, കണ്ണുചിമ്മുവാനോ കഴിയില്ലായിരുന്നു. അവനെ സുഖപ്പെടുത്തുവാന്‍ വേറൊരു ഞെട്ടല്‍ വേണ്ടിവന്നു. ബാംഗ്ലൂരില്‍ എന്‍റെ വീട്ടുവേലക്കാരി അവരുടെ വിദേശത്തുള്ള മകന്‍ അറസ്റ്റ് ചെയ്യപ്പെട്ടത് അറിഞ്ഞ് പരിവര്‍ത്തന വിഭ്രമം പിടിപെട്ടു. അവരെ ഒരു മനശാസ്ത്രജ്ഞന്‍റെ അടുത്ത് കൊണ്ടുപോയപ്പോള്‍ അദ്ദേഹം അവരെ ഒരു നിമിഷത്തില്‍ സുഖപ്പെടുത്തി. അദ്ദേഹം അവരുടെ സാരിയുടെ കുത്തിന് പിടിച്ച് വലിച്ചു. സ്ത്രീകളുടെ സഹജവാസന നിമിത്തം അവര്‍ തടയുവാനായി കൈ ഉയര്‍ത്തി. അപ്പോള്‍ തന്നെ സുഖപ്പെട്ടു.

നിങ്ങള്‍ തീര്‍ത്തും അറിയപ്പെടാത്ത ഒരു സാധാരണക്കാരന്‍ ആണെന്ന് സങ്കല്‍പ്പിക്കുക. രാഷ്ട്രപതി വരുന്നതും കാത്ത് നാട്ടുകാര്‍ എല്ലാം മൈതാനത്ത് തടിച്ചുകൂടിയിരിക്കുന്നു. നിങ്ങള്‍ മൈതാനത്തിന്‍റെ പുറകില്‍ ഒരു മൂലയില്‍ ഒതുങ്ങി ഇരിക്കുന്നു. രാഷ്ട്രപതി പ്രസംഗപീഠത്തിന് അടുത്ത് വന്നപ്പോള്‍ തന്നെ നിങ്ങളുടെ നേരെ കൈ ചൂണ്ടി: ശ്രീ <<നിങ്ങളുടെ പേര്>> മൈതാനത്തിന്‍റെ പുറകില്‍ ഇരിക്കുന്നത് ഞാന്‍ കാണുന്നു. ദയവുചെയ്ത് ഈ പ്രസംഗപീഠത്തിന് അടുത്തേയ്ക്ക് വരിക എന്ന് പറയുകയും, അടുത്തെത്തിയ നിങ്ങളെ എല്ലാവരും കാണ്‍കെ ആശ്ലേഷിക്കുകയും ചെയ്താല്‍ നിങ്ങള്‍ക്ക് ഉണ്ടാകുന്ന വികാരങ്ങളുടെ വേലിയേറ്റം എത്ര വലുതായിരിക്കും? ഇനി, അത് രാഷ്ട്രപതി അല്ല സാക്ഷാല്‍ യേശുക്രിസ്തു ആയിരുന്നെങ്കിലോ? 18 വര്‍ഷം പരിവര്‍ത്തന വിഭ്രമത്തിന് അടിമയായിരുന്ന ആ സ്ത്രീയെ സുഖപ്പെടുത്തുവാന്‍ യേശു അവരെ വിളിച്ചതിനാലും അവരുടെ മുകളില്‍ കൈവെച്ചതിനാലും ഉണ്ടായ വികാരങ്ങളുടെ വേലിയേറ്റം മതിയാകുമായിരുന്നു.


പക്ഷേ, യേശു സാത്താന്‍ എന്ന വാക്ക് ഉപയോഗിച്ചില്ലേ? 


ഉപയോഗിച്ചു! നിങ്ങള്‍ ആലങ്കാരിക ഭാഷ ഉപയോഗിക്കാറില്ലേ? “കുരുടരായ വഴികാട്ടികളേ, നിങ്ങള്‍ കൊതുകിനെ അരിച്ചെടുക്കുകയും ഒട്ടകത്തെ വിഴുങ്ങിക്കളയുകയും ചെയ്യുന്നു” (മത്താ 23:24) എന്ന് പറഞ്ഞതിന് പരീശര്‍ ഒട്ടകത്തെ വിഴുങ്ങും എന്നാണോ അര്‍ത്ഥം? “നിന്‍റെ കണ്ണ് നിനക്ക് ഇടര്‍ച്ച വരുത്തിയാല്‍ അതിനെ ചൂഴ്ന്നുകളയുക; ഒറ്റ കണ്ണുള്ളവനായി ദൈവരാജ്യത്തില്‍ കടക്കുന്നത് 2 കണ്ണുള്ളവനായി അഗ്നിനരകത്തില്‍ വീഴുന്നതിനെക്കാള്‍ നിനക്ക് നല്ലത്.” (മാര്‍ 9:47) എന്ന് പറഞ്ഞതിന് ഒരു കണ്ണ് മാത്രം ഉള്ളവരും കണ്ണുകള്‍ ഇല്ലാത്തവരും മാത്രം ദൈവരാജ്യത്തില്‍ കടക്കും എന്നാണോ അര്‍ത്ഥം?

ഒരുപക്ഷേ, യേശു സാത്താന്‍ എന്ന് ഉപയോഗിച്ചത് ആലങ്കാരിക ഭാഷയായിട്ട് ആണെങ്കിലോ? വേദപുസ്തകത്തില്‍ ആലങ്കാരിക ഭാഷ എത്രയോ തവണ ഉപയോഗിച്ചിരിക്കുന്നു?


ഇത് ശ്രദ്ധിക്കുക:



കൂനുള്ള സ്ത്രീയെ സുഖപ്പെടുത്തുന്നത് മരിച്ചവരെ ഉയിര്‍പ്പിക്കുന്ന അത്രയും കഷ്ടമുള്ള കാര്യമാണോ? മരിച്ചവരെ ഉയിര്‍പ്പിക്കുവാനും രോഗികളെ സുഖപ്പെടുത്തുവാനും ദൈവപുത്രന്‍ തന്നെ വേണമെന്നുണ്ടോ? യേശുവിന് മുമ്പ് ഏലീയാവും (1രാജാ 17:17-24) എലീശയും (2രാജാ 4:35) മരിച്ചവരെ ഉയിര്‍പ്പിച്ചിട്ടില്ലേ? പ്രവാചകന്മാര്‍ രോഗികളെ സുഖപ്പെടുത്തിയിട്ടുണ്ടല്ലോ?

യേശുവിന്‍റെ കാലത്ത് യഹൂദന്മാര്‍ തങ്ങള്‍ അബ്രഹാമിന്‍റെ മക്കളാണെന്ന് അവകാശപ്പെട്ടിരുന്നു (യോഹ 8:39). തന്നെയുമല്ല, അവര്‍ പ്രവാചകരുടെ മക്കള്‍ എന്ന് വിളിക്കപ്പെട്ടിരുന്നു. (അപ്പൊ 3:25)

പഴയനിയമത്തിലെ പ്രവാചകന്മാര്‍ക്ക് മരിച്ചവരെ ഉയിര്‍പ്പിക്കുവാനും, രോഗികളെ സുഖപ്പെടുത്തുവാനും കഴിയുമായിരുന്നെങ്കില്‍ അബ്രാഹത്തിന്‍റെയും പ്രവാചകരുടെയും മക്കള്‍ എന്ന് അവകാശപ്പെട്ടിരുന്ന യൂദന്മാര്‍ക്ക് എന്തുകൊണ്ട് കൂനുള്ള ആ സ്ത്രീയെ സുഖപ്പെടുത്തുവാന്‍ കഴിഞ്ഞില്ല? (രോഗിയെ സുഖപ്പെടുത്തുവാന്‍ എന്നെക്കൊണ്ട് കഴിയുമോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാണ് എന്‍റെ ഉത്തരം. നാം ജീവിക്കുന്ന ഈ കാലത്തില്‍ യഥാര്‍ത്ഥവും തെളിയിക്കപ്പെടാവുന്നതുമായ സുഖപ്പെടുത്തലുകള്‍ നടക്കുകയില്ല.)

യേശുവിന്‍റെ കാലത്ത് പ്രമുഖരായ വ്യക്തികളും പണ്ഡിതന്മാരും ഉണ്ടായിരുന്നില്ലേ? കയ്യാഫാവ്, ഹന്നാവ്, ഗമലീയേല്‍ തുടങ്ങിയവര്‍ക്ക് ആ സ്ത്രീയെ സുഖപ്പെടുത്തുന്നതിന് എന്തായിരുന്നു തടസം? കുറഞ്ഞ പക്ഷം അവര്‍ ശ്രമിച്ചിരുന്നോ?

യഹൂദരുടെ പള്ളികളില്‍ പാവപ്പെട്ടവര്‍ അവഗണിക്കപ്പെട്ടിരുന്നു എന്ന് തോന്നുന്നു. (യാക്കോ 2:2, 3; ലൂക്ക 18:10-14 കാണുക). ഒരുപക്ഷേ ആ സ്ത്രീ പള്ളിയുടെ ഒരു മൂലയില്‍ പതിവായി ഇരിക്കുമായിരുന്നിരിക്കാം. പള്ളിയിലെ മുതിര്‍ന്നവര്‍കള്‍ അവളെ ശ്രദ്ധിച്ചിരുന്നാല്‍ അവള്‍ 18 വര്‍ഷം സഹിക്കേണ്ടിവരില്ലായിരുന്നു.

അവള്‍ക്ക് നന്മ ചെയ്യുവാന്‍ അവര്‍ക്ക് തടസ്സമായി നിന്നത് എന്തുതന്നെയായാലും അതിനെ സാത്താന്‍ എന്ന് ധൈര്യപൂര്‍വം ഞാന്‍ വിളിക്കുന്നു. സാത്താന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം വിരോധി, പ്രതിയോഗി, എതിരാളി എന്നിങ്ങനെയാണ്.

1തെസ്സ 2:14 സഹോദരന്മാരേ, യെഹൂദ്യയില്‍ ക്രിസ്തു യേശുവിലുള്ള ദൈവസഭകള്‍ക്ക് നിങ്ങള്‍ അനുകാരികളായി തീര്‍ന്നു. അവര്‍ യെഹൂദരാല്‍ അനുഭവിച്ചത് തന്നേ നിങ്ങളും സ്വജാതിക്കാരാല്‍ അനുഭവിച്ചുവല്ലോ.
1തെസ്സ 2:15 യെഹൂദര്‍ കര്‍ത്താവായ യേശുവിനെയും സ്വന്ത പ്രവാചകരെയും കൊന്നവരും ഞങ്ങളെ ഓടിച്ചുകളഞ്ഞവരും ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സകല മനുഷ്യര്‍ക്കും വിരോധികളും...
ദൈവത്തിന് ചിത്തമായിരുന്നാല്‍ ഒന്നാം നൂറ്റാണ്ടിലെ യഹൂദരുടെ മതത്തെയാണ് പല സന്ദര്‍ഭങ്ങളിലും സാത്താന്‍ എന്ന് ആലങ്കാരികമായി സൂചിപ്പിക്കപ്പെട്ടിട്ടുള്ളത് എന്നത് നമ്മള്‍ പഠിക്കും.


ഉപസംഹാരം:



കൂനുള്ള സ്ത്രീയുടെ രോഗലക്ഷണങ്ങള്‍ പരിവര്‍ത്തന വിഭ്രമത്തിന്‍റേതാണ്. പരിവര്‍ത്തന വിഭ്രമം (Conversion Disorder) ചികിത്സിച്ച് ഭേദമാക്കാവുന്ന ഒരു മനോരോഗമാണ്. മനോരോഗം ബാധിക്കുവാന്‍ സാത്താനോ ദുരാത്മാക്കളോ ആവശ്യമില്ല. ദുരാത്മാക്കളെ അലോപ്പതി മരുന്ന് കൊടുത്ത് ഒഴിവാക്കുവാന്‍ കഴിയില്ലല്ലോ? അല്‍പം ശ്രദ്ധയും അനുകമ്പയും മതിയായിരുന്നു ആ സ്ത്രീയെ സുഖപ്പെടുത്തുവാന്‍. യേശു സാത്താന്‍ എന്ന വാക്ക് ആലങ്കാരികമായോ, യഹൂദരുടെ മതപരമായ ഗര്‍വ്വിനെ പരോക്ഷമായി സൂചിപ്പിക്കുവാനോ ഉപയോഗിച്ചിരിക്കാം.

ക്രിസ്തുവില്‍,
ടോംസാന്‍ കട്ടയ്ക്കല്‍.

Saturday, April 18, 2015

ഊമായായ ആത്മാവ് പിടിപെട്ട ബാലനും സാത്താനും.

സ്നേഹിതരേ,

നാം വേദപുസ്തകം വായിക്കുമ്പോള്‍ ഗഹനമായി പഠിക്കുന്നതിന് പകരം, ആഖ്യാനത്തിന്‍റെ ഒഴുക്കിന് അനുസൃതമായും, നമ്മുടെ മുന്‍വിധികള്‍ക്ക് അനുസൃതമായും വായിക്കുകയാണ് പതിവ്. ഊമയായ ആത്മാവിനാല്‍ പിടിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന ബാകനെ പറ്റിയ ആഖ്യാനം ഇതിന് ഒരു ഉത്തമ ഉദാഹരണമാണ്.




ആദ്യമായി ആ ബാലനെ സംബന്ധിച്ച വിവരങ്ങള്‍ മൂന്ന് സംക്ഷിപ്‌ത സുവിശേഷങ്ങളില്‍ നിന്നും ശേഖരിക്കാം:

മത്താ 17:15 കര്‍ത്താവേ, എന്‍റെ മകനോട് കരുണയുണ്ടാകേണമേ; അവന്‍ ചന്ദ്രരോഗം പിടിച്ചു പലപ്പോഴും തീയിലും പലപ്പോഴും വെള്ളത്തിലും വീണു വല്ലാത്ത കഷ്ടത്തിലാകുന്നു.
മാര്‍ 9:17 അതിന് പുരുഷാരത്തില്‍ ഒരുവന്‍ ഗുരോ, ഊമയായ ആത്മാവുള്ള എന്‍റെ മകനെ ഞാന്‍ നിന്‍റെ അടുത്ത് കൊണ്ടുവന്നു.
മാര്‍ 9:18 അത് അവനെ എവിടെ വെച്ചു പിടിച്ചാലും അവനെ തള്ളിയിടുന്നു; പിന്നെ അവന്‍ നുരച്ച് പല്ലുകടിച്ചു വരണ്ടുപോകുന്നു. അതിനെ പുറത്താക്കുവാന്‍ ഞാന്‍ നിന്‍റെ ശിഷ്യന്മാരോട് പറഞ്ഞിട്ട് അവര്‍ക്കും കഴിഞ്ഞില്ല എന്ന് ഉത്തരം പറഞ്ഞു.
ലൂക്ക 9:38 ഒരു ആത്മാവ് അവനെ പിടിച്ചിട്ട് അവന്‍ പൊടുന്നനവേ നിലവിളിക്കുന്നു; അത് അവനെ നുരപ്പിച്ച് പിടപ്പിക്കുന്നു; പിന്നെ അവനെ ഞെരിച്ചിട്ട് പ്രയാസത്തോടെ വിട്ടുമാറുന്നു.

ഈ സംഭവം നടന്നത് യേശു രൂപാന്തരപ്പെട്ടതിന് ശേഷം തിരികെ വന്നപ്പോഴാണ്.


  • 3 സുവിശേഷങ്ങളിലും കഥാപാത്രങ്ങള്‍ ഒരേ അപ്പനും മകനുമാണ്.
  • യേശുവോ, ആ ബാലന്‍റെ അപ്പനോ പറഞ്ഞ കാര്യങ്ങള്‍ 3 സുവിശേഷങ്ങളിലും ഒരുപോലെ അല്ല.
  • മത്താ 17:15ല്‍ ആ ബാലന്‍റെ രോഗം ചന്ദ്രരോഗം
  • മാര്‍ 9:17ല്‍ അവന്‍ ഊമയായ ആത്മാവുള്ളവന്‍
  • ലൂക്ക 9:39ല്‍ അവന്‍ ഒരു ആത്മാവിനാല്‍ പിടിക്കപ്പെട്ടവന്‍.


ഇപ്പോള്‍ നമുക്ക് ആ ബാലന്‍റെ രോഗലക്ഷണങ്ങളുടെ ഒരു പട്ടിക ഉണ്ടാക്കാം.

  • പലപ്പോഴും തീയിലും വെള്ളത്തിലും വീഴുന്നു.
  • തള്ളിയിടുന്നു അല്ലെങ്കില്‍ തള്ളിയിടപ്പെടുന്നു.
  • നുര തുപ്പുന്നു.
  • പല്ല് കടിക്കുന്നു.
  • നിലവിളിക്കുന്നു.
  • പിടയ്ക്കുന്നു.
  • വരണ്ടുപോകുന്നു. (മരവിക്കുന്നു)


ഈ രോഗലക്ഷണങ്ങള്‍ നിങ്ങള്‍ ഒരു യോഗ്യതയുള്ള ഡോക്ടറെ കാണിച്ചാല്‍ തീര്‍ച്ചയായും ആ ബാലന് അപസ്മാരമാണ് രോഗം എന്ന് വിധിക്കും. ഇംഗ്ലീഷില്‍ ESV, ASV, ISV, RV തുടങ്ങിയ പരിഭാഷകളിലും മലയാളത്തില്‍ കത്തോലിക്കരുടെ വേദപുസ്തകത്തിലും “ചന്ദ്രരോഗം” എന്നതിന് പകരം “അപസ്മാരം” എന്ന് എഴുതിയിരിക്കുന്നത് യാദൃശ്ചികമായി സംഭവിച്ചതല്ല.


ചന്ദ്രരോഗം, അപസ്മാരം എന്നിവയുടെ വ്യത്യാസം.



ചന്ദ്രരോഗം (lunacy) എന്ന വാക്കുതന്നെ പഴയ കാലത്തെ അന്ധവിശ്വാസത്തിന്‍റെ ഫലമാണ്. പഴയ കാലത്തെ മനുഷ്യര്‍ ചന്ദ്രന്‍റെ അല്ലെങ്കില്‍ ചന്ദ്ര ഭഗവാന്‍റെ സ്വാധീനത്താലാണ് അപസ്മാര ബാധ ഉണ്ടാകുന്നത് എന്ന് വിശ്വസിച്ചിരുന്നു. ആധുനിക ശാസ്ത്രം ചന്ദ്രനും അപസ്മാര ബാധയ്ക്കും തമ്മില്‍ കാര്യമായ ബന്ധം ഇല്ല എന്ന് സ്ഥാപിച്ചിരിക്കുന്നു.

ഇംഗ്ലീഷ് വേദപുസ്തകത്തില്‍ മത്താ 17:15ല്‍ ഉപയോഗിച്ചിരിക്കുന്ന lunatick (ചന്ദ്രരോഗി) എന്ന വാക്ക് ലത്തീനില്‍ luna (ചന്ദ്രന്‍) എന്ന വാക്കില്‍ നിന്നും ഉണ്ടായതാണ്. അതുപോലെ തന്നെ ഗ്രീക്ക് മൂലകൃതിയില്‍ ഉപയോഗിച്ചരിക്കുന്ന selēniazomai (സ്ടോങ്സ് നിഘണ്ടുവില്‍ G4583 - ചന്ദ്രരോഗി) എന്ന വാക്ക് selēnē (G4582 -ചന്ദ്രന്‍) എന്ന വാക്കില്‍ നിന്നും ഉണ്ടായതാണ്.

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരിക്കുന്ന സാമാന്യ വിദ്യാഭ്യാസമുള്ള ആരും അപസ്മാരം ഒരു മനോരോഗമായി (ഭ്രാന്ത്) കണക്കാക്കുന്നില്ല. പ്രശസ്തരായ എത്രയോ ചിന്തകരും, മഹാരാജാക്കന്മാരും, എഴുത്തുകാരും, കലാകാരന്മാരും, സംഗീതജ്ഞരും അപസ്മാര രോഗികളായിരുന്നു. ചില ഉദാഹരണങ്ങള്‍: സോക്രട്ടീസ്, ജൂലിയസ് സീസര്‍, ഫിയോദർ ദസ്തയേവ്സ്കി, സൂസൻ ബോയൽ, വ്ലാഡിമിര്‍ ലെനിന്‍.

നമുക്ക് ഭ്രാന്തിനും അപസ്മാരത്തിനും ഉള്ള വ്യത്യാസം അറിയാം. അപസ്മാരം നാഡീവ്യൂഹ സംബന്ധമായ രോഗം, ഭ്രാന്ത് ഒരു മനോരോഗം. പഴയ കാലത്തെ മനുഷ്യര്‍ക്ക് ഈ വ്യത്യാസം അറിയില്ലായിരുന്നു.

ചന്ദ്രരോഗവും ഊമയായ ആത്മാവും ഒന്നുതന്നെയാണോ? ഇവ രണ്ടും ഒന്നുതന്നെയാണെന്ന് തെളിയിക്കാന്‍ കഴിയുമോ? വേദപുസ്തകത്തിലെ ഓരോ വാക്കും പരിശുദ്ധാത്മാവിന്‍റെ പ്രേരണയാല്‍ എഴുതപ്പെട്ടതാണെങ്കില്‍ മത്തായിയും മര്‍ക്കോസും ഒരേ സംഭവത്തെ വ്യത്യസ്തമായ രീതിയില്‍ എഴുതി?

ആ ബാലനുടെ രോഗം ചന്ദ്രരോഗമാണോ, ആത്മാവ് പിടികൂടിയതാണോ എന്നതിന് ഉറപ്പില്ല, അപ്പോള്‍ ആ രോഗം സാത്താന്‍ അല്ലെങ്കില്‍ പിശാചിനാല്‍ ഉണ്ടായത് എന്നതിന് എന്താണ് ഉറപ്പ്?

മത്താ 17:18ല്‍ യേശു ഭൂതത്തെ ശാസിച്ചു എന്നും ലൂക്കാ 9:41ല്‍ യേശു അശുദ്ധാത്മാവിനെ ശാസിച്ചു എന്നും എഴുതിയിരിക്കുന്നത് മനസ്സിലാക്കാം, എന്നാല്‍ മാര്‍ 9:25ല്‍ യേശു ഊമയും ചെകിടനുമായ ആത്മാവിനോട് സംസാരിക്കുന്നത് വായിക്കുമ്പോള്‍ ഗോഡ്ഫാദര്‍ എന്ന ചിത്രത്തില്‍ ജനാര്‍ദ്ധനന്‍ ചെവിയില്‍ ഒരു കിലോ വീതം പഞ്ഞി തിരുകിവെച്ച ആനയോട് ഫിലോമിന തളിയാനേ പനിനീര് എന്ന് പറയുന്ന രംഗമാണ് ഓര്‍മ്മ വരുന്നത്. ഊമയും ചെകിടനുമായ ആത്മാവിനോട് സംസാരിച്ചിട്ട് കാര്യമില്ല എന്ന് ഏത് പാമരനും അറിയാം, അപ്പോള്‍ എല്ലാം അറിയുന്ന യേശുവിന് അറിയാതിരിക്കുമോ?

ഈ അടുത്ത കാലം വരെ അപസ്മാരത്തിന് ആധികാരികവും അംഗീകൃതവുമായ ചികിത്സാവിധികള്‍ ഇല്ലായിരുന്നു എന്നത് പരിഗണിക്കുമ്പോള്‍, ഒന്നാം നൂറ്റാണ്ടില്‍, യാതൊരുവിധ മരുന്നുകളോ ഉപകരണങ്ങളോ ഇല്ലാതെ യേശു ഒരു അപസ്മാര രോഗിയെ സുഖപ്പെടുത്തി എന്നത് അവിടന്ന് സത്യംസത്യമായും ദൈവപുത്രനായിരുന്നു എന്നതിന്‍റെ നിസ്‌തര്‍ക്കമായ തെളിവാണ്.

അപസ്മാരം സാത്താനില്‍ നിന്നും ഉണ്ടാകുന്നതാണെങ്കില്‍ അപസ്മാരം സുഖപ്പെടുത്തുവാന്‍ മസ്തിഷ്ക ശസ്ത്രക്രിയ നടത്തുന്ന ഡോക്ടര്‍മാര്‍ മസ്തിഷ്കത്തിന്‍റെ ഏത് പാളിയിലാണ് സാത്താന്‍ ഒളിച്ചിരിക്കുന്നത് എന്ന് കരുതിയാണ് ശസ്ത്രക്രിയ നടത്തുന്നത്? അഥവാ, സാത്താന് ഒളിച്ചിരിക്കുവാന്‍ മസ്തിഷ്കത്തില്‍ പ്രത്യേകം ഒരു സ്ഥലമുണ്ടോ?

ഉപസംഹാരം:


സാത്താന്‍ എന്നോ, ഊമയായ ആത്മാവ് എന്നോ, അശുദ്ധ ആത്മാവ് എന്നോ എന്ത് പേരിട്ട് വിളിച്ചാലും യേശു അ ബാലനെ സുഖപ്പെടുത്തിയത് അപസ്മാരത്തില്‍ നിന്നുമാണ്. അപസ്മാരം നാഡീവ്യൂഹ സംബന്ധമായ രോഗമാണ് എന്ന് ഓര്‍മ്മിക്കുക. അപസ്മാരം സാത്താനില്‍ നിന്നും ഉണ്ടാകുന്ന രോഗമല്ല. വേദപുസ്തകം ഒരു ശാസ്ത്രഗ്രന്ഥമല്ല. ചന്ദ്രരോഗം, ഊമയായ ആത്മാവ്, സാത്താന്‍ തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത് ആ കാലത്ത് നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളുടെ തെളിവാണ് എന്നല്ലാതെ സാത്താന്‍ ഉണ്ട് എന്നതിന് തെളിവല്ല.

ക്രിസ്തുവില്‍,
ടോംസാന്‍ കട്ടയ്ക്കല്‍.

Friday, April 10, 2015

പൌലോസിന്‍റെ മാംസത്തിലെ ശൂലവും (മുള്ള്) വളരെ “അനുഭാവമുള്ള” സാത്താനും!

സ്നേഹിതരേ,

2കൊരി 12:7ല്‍ പൌലോസ് പരാമര്‍ശിക്കുന്ന മാംസത്തിലെ ശൂലം (മുള്ള്) എന്തായിരിക്കാം എന്നതിനെ സംബന്ധിച്ച് ദൈവശാസ്ത്രപണ്ഡിതന്മാരും പ്രസംഗകരുമെല്ലാം തലനാരിഴ കീറി പരിശോധിച്ച്, അവരുടെ നിഗമനങ്ങളില്‍ എത്തിയിട്ടുണ്ട്. ആ നിഗമനങ്ങളെ ഞാന്‍ ശ്രദ്ധിക്കുന്നില്ല. എന്‍റെ ശ്രദ്ധ വേറൊരു ദിശയിലാണ്. ആ വചനത്തെ വേറൊരു ദൃഷ്ടികോണില്‍ നിന്നും പരിശോധിക്കാം:

2കൊരി 12:7 വെളിപാടുകളുടെ ആധിക്യത്താല്‍ ഞാന്‍ അതിയായി നിഗളിക്കാതിരിക്കുവാന്‍ എനിക്ക് ജഡത്തില്‍ ഒരു ശൂലം തന്നിരിക്കുന്നു; ഞാന്‍ നിഗളിക്കാതിരിക്കുവാന്‍ എന്നെ കുത്തുവാന്‍ സാത്താന്‍റെ ദൂതനെ തന്നേ.

പൌലോസ് ഇവിടെ പറയുന്നതിന്‍റെ അര്‍ത്ഥം വളരെ ലളിതമായി പറഞ്ഞാല്‍:


  • അദ്ദേഹത്തിന് ലഭിച്ച വെളിപാടുകളെപ്പറ്റി അദ്ദേഹം പരിധിവിട്ട് നിഗളിക്കുവാതിരിക്കുവാന്‍ അദ്ദേഹത്തിന് ഒരു ശാരീരികമായ അസ്വസ്ഥത കൊടുക്കപ്പെട്ടു.

    (അല്‍പസ്വല്‍പം വെളിപാട് ലഭിച്ചു എന്ന് സ്വയം കരുതുന്ന ചിലര്‍ പരിധിവിട്ട് നിഗളിക്കുന്നത് നമ്മുടെ ചുറ്റിലും കാണാറുണ്ടല്ലോ?)
  • അദ്ദേഹത്തിന് ഉണ്ടായ ശാരീരിക അസ്വസ്ഥതയെ അദ്ദേഹം സാത്താന്‍റെ ദൂതന്‍ എന്ന് വിളിക്കുകയും അത് അദ്ദേഹത്തെ നിഗളിക്കുന്നതില്‍ നിന്നും തടയുന്നു എന്ന് പറയുന്നു.


ഇവിടെ പരാമര്‍ശിക്കുന്ന ഭാഗം മനസ്സിലാക്കുവാന്‍ ഞാന്‍ എന്നെത്തന്നെ ഉദാഹരണമായി കാണിക്കുന്നു. എനിക്ക് ദൈവത്തില്‍ നിന്നും വളരെയധികം വെളിപാട് ലഭിച്ചിട്ടുണ്ട് എന്ന് കരുതുക. എനിക്ക് അവ ഉപയോഗിച്ച് നിഗളിക്കണം എന്ന് ആശയുണ്ട്. പക്ഷേ, എനിക്ക് ലഭിച്ച ശാരീരികമായ അസ്വസ്ഥത (ഉദാഹരണം വിക്ക്) നിഗളിക്കുന്നതില്‍ നിന്നും എന്നെ തടയുന്നു. എന്‍റെ പ്രത്യേക സാംസ്ക്കാരിക പശ്ചാത്തലം നിമിത്തം ഞാന്‍ ആ അസ്വസ്ഥതയെ സാത്താന്‍റെ ദൂതന്‍ എന്ന് വിളിക്കുന്നു. എന്തായാലും സംഗതികളുടെ അന്ത്യഫലം നല്ലതാണ്, പ്രയോജനമുള്ളതാണ്; അത് എന്നെ നിഗളിക്കുന്നതില്‍ നിന്നും തടയുന്നു.

സാത്താന്‍റെ ദൂതന്‍ എന്ന് എന്തിനെ പറ്റി പറഞ്ഞോ അത് ആ പറഞ്ഞ വ്യക്തിക്ക് അനുകൂലമായ, നല്ല ഫലം നല്‍കുന്നു. ക്രൈസ്തവ പ്രബോധനങ്ങളിലെ സാത്താന്‍ കലാപകാരിയും, മനുഷ്യനും ദൈവത്തിനും ശത്രുവും ആണല്ലോ? അങ്ങനെയുള്ള സാത്താനില്‍ നിന്നും നല്ലതും അനുകൂലവുമായ എന്തെങ്കിലും ഉണ്ടാകുമോ? അതേസമയം നല്ലവ എല്ലാം ദൈവത്തില്‍ നിന്നുമാണല്ലോ വരുന്നത്?

ചുരുക്കിപ്പറഞ്ഞാല്‍, ഒരു വിശ്വാസി നല്ലത് ചെയ്യണം എന്ന് കരുതി സാത്താന്‍ അവന്‍റെ മാംസത്തില്‍ (ജഡത്തില്‍) മുള്ളോ, ശൂലമോ കുത്തിക്കയറ്റുകയില്ല. ഈ വചനം സാത്താന്‍ ഉണ്ട് എന്നതിനുള്ള തെളിവല്ല; പ്രത്യുതാ, നാം വചനം വായിക്കുമ്പോള്‍ അതിന്‍റെ സാംസ്ക്കാരിക പശ്ചാത്തലം മനസ്സിലാക്കണം എന്നതിന്‍റെ തെളിവായിരിക്കാം.

തുടരും...
ക്രിസ്തുവില്‍,
ടോംസാന്‍ കട്ടയ്ക്കല്‍

Wednesday, April 8, 2015

പിശാച്, പാപം ചെയ്ത ദൂതന്മാര്‍ ... 001

സര്‍ജ്ഞാനിയായ ദൈവത്തിന് വിരോധമായി ഒരുപറ്റം ദൈവദൂതന്മാര്‍ കലഹം ഉണ്ടാക്കിയെന്നും, ആ കലഹക്കാരായ ദൈവദൂതന്മാരെ ദൈവം തൊണ്ണൂറ്റിമൂന്നായിരം കോടി പ്രകാശവര്‍ഷം (879,244,367,616,000,000,000,000 കി.മി) വ്യാസമുള്ള ഈ പ്രപഞ്ചത്തില്‍ വേറെ എവിടെയും ഇടമില്ലാത്തതിനാല്‍ വെറും 12,756 കി.മി മാത്രം വ്യാസമുള്ള ഭൂമിയലേക്ക് തുരത്തി എന്നും പറയപ്പെടുന്നു.

മനുഷ്യന്‍ വെറും പൊടിയാണെന്നും, അവന്‍റെ പ്രകൃതി ഇന്നതാണെന്നും (സങ്കീ 103:14) ഈ “പാപം ചെയ്ത ദൂതന്മാരെ” ഭൂമിയിലേക്ക് തുരത്തിയാല്‍ അവര്‍ മനുഷ്യന് ഹാനി ഉണ്ടാക്കും എന്ന് ദൈവത്തിന് അറിയില്ലായിരുന്നോ? ദൈവത്തിന് തുടക്കത്തില്‍ തന്നെ അവസാനവും അറിയാം എന്നല്ലേ വേദപുസ്തകം പറയുന്നത്?

നിങ്ങളില്‍ ആരെങ്കിലും സ്വന്തം കുഞ്ഞിനെ വിഷസര്‍പ്പങ്ങളുടെ കൂട്ടിലേക്ക് കയറ്റിവിടുമോ? അല്ലെങ്കില്‍ നിങ്ങളുടെ കുഞ്ഞുങ്ങള്‍ ഉള്ള മുറിയിലേയ്ക്ക് വിഷസര്‍പ്പങ്ങളെ കയറ്റിവിടുമോ?

ആദാമിനോട് ഒരു പ്രത്യേക മരത്തിന്‍റെ കനി തിന്നേണ്ട, അത് തിന്നുന്ന ദിവസം നീ മരിക്കും എന്ന് വളരെ സാധാരണമായി പറഞ്ഞതൊഴികെ, എന്നെക്കൊണ്ട് നിയന്ത്രിക്കുവാന്‍ കഴിയാത്ത ദൈവദൂതന്മാരെ ഞാന്‍ സ്വതന്ത്രമായി അഴിച്ചുവിട്ടിരിക്കുന്നു, അവര്‍ നിങ്ങള്‍ക്ക് ഉപദ്രവം ചെയ്യും, നിങ്ങളുടെ വീഴ്ചയ്ക്ക് കാരണമാകും എന്ന് എന്തുകൊണ്ട് വ്യക്തമായി പറഞ്ഞില്ല? ഒരു പ്രത്യേക മരത്തിന്‍റെ കനി തിന്നേണ്ട, അത് തിന്നുന്ന ദിവസം നീ മരിക്കും എന്ന് പറഞ്ഞതില്‍ എവിടെയെങ്കിലും ദൈവത്തിന് പോലും നിയന്ത്രിക്കുവാന്‍ കഴിയാത്ത ഹാനികാരികളായ ദൈവദൂതന്മാരെ കുറിച്ചുള്ള  മുന്നറിയിപ്പുണ്ടോ?

ഉത്തരം തേടുന്ന ചില ചോദ്യങ്ങള്‍:

  • ദൈവത്തിന് വിരോധമായി കലഹമുണ്ടാക്കിയ ദൈവദൂതന്മാരെ പ്രപഞ്ചത്തില്‍ വേറെ എവിടെയെങ്കിലും അയയ്ക്കാതെ എന്തുകൊണ്ട് ഭൂമിയിലേക്ക് അയച്ചു?
  • മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുമ്പ് അയച്ചോ? അങ്ങനെയാണെങ്കില്‍ ദൈവം മനഃപൂര്‍വം മനുഷ്യനെ ഒരു കെണിയില്‍ വീഴിക്കുകയായിരുന്നോ?
  • മനുഷ്യനെ സൃഷ്ടിച്ചതിന് ശേഷം അയച്ചു എങ്കില്‍ സര്‍വശക്തനായ ദൈവത്തിന് പോലും നിയന്ത്രിക്കുവാന്‍ കഴിയാത്ത ഈ കലഹക്കാരെ മനുഷ്യന്‍ അതിജീവിക്കും എന്ന് ദൈവം കരുതിയിരിക്കുമോ?

ഇനിയും ധാരാളം ചോദ്യങ്ങളുണ്ട്...

തുടരും,
ക്രിസ്തുവില്‍,
ടോംസാന്‍ കട്ടയ്ക്കല്‍.

Tuesday, April 7, 2015

ഇയ്യോബും സാത്താനും. ഭാഗം #002, “യഹോവയുടെ സന്നിധി”

സ്നേഹിതരേ,

ഇത് ഇയ്യോബും സാത്താനും എന്ന പരമ്പരയിലെ രണ്ടാം ഭാഗമാണ്. ഒന്നാം ഭാഗം ഇവിടെ വായിക്കാം.

ഈ ലക്കത്തില്‍ എന്തുകൊണ്ട് സാത്താന്‍ യഹോവയുടെ സന്നിധിയില്‍ എത്തുകയില്ല എന്നതിനെ പറ്റി പഠിക്കാം.

“യഹോവയുടെ സന്നിധി”

ഇയ്യോ 1:6 ഒരു ദിവസം ദൈവപുത്രന്മാര്‍ യഹോവയുടെ സന്നിധിയില്‍ നില്‍ക്കുവാന്‍ ചെന്നു; അവരുടെ കൂട്ടത്തില്‍ സാത്താനും ചെന്നു.

“യഹോവയുടെ സന്നിധി” എന്ന ചൊല്ല് വായിക്കുമ്പോഴേ ഇവിടെ വിവരിച്ചിട്ടുള്ള സംഭവം സ്വര്‍ഗ്ഗത്തില്‍ യഹോവയുടെ സിംഹാസനം ഇരിക്കുന്ന മുറിയിലാണ് നടന്നത് എന്ന് നാം സങ്കല്‍പിക്കുന്നു. ഈ ധാരണ ശരിയാണോ എന്ന് പരിശോധിക്കാം.

ശൌലിനെ യിസ്രായേലിന്‍റെ രാജാവായി നിയമിക്കുന്നതിന് മുമ്പ് ശമൂവേല്‍ ജനങ്ങളോട്:
1സാമു 10:19 നിങ്ങളോ സകല അനര്‍ത്ഥങ്ങളില്‍ നിന്നും കഷ്ടങ്ങളില്‍ നിന്നും നിങ്ങളെ രക്ഷിച്ച നിങ്ങളുടെ ദൈവത്തെ ഇന്ന് ത്യജിച്ചു ഞങ്ങള്‍ക്ക് ഒരു രാജാവിനെ നിയമിച്ചുതരേണം എന്ന് അവനോട് പറഞ്ഞിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ ഇപ്പോള്‍ ഗോത്രം ഗോത്രമായും സഹസ്രം സഹസ്രമായും യഹോവയുടെ സന്നിധിയില്‍ നില്‍ക്കുവിന്‍.
മുമ്പ് സൂചിപ്പിച്ച ധാരണ ശരിയായിരുന്നാല്‍, ശമുവേലിന്‍റെ കാലത്ത് ജീവിച്ചിരുന്ന 13 ലക്ഷം യിസ്രായേല്‍ മക്കള്‍ (2സാമു 24:9) സ്വര്‍ഗ്ഗത്തില്‍, യഹോവയുടെ സിംഹാസനം ഉള്ള മുറിയില്‍ ചെന്ന് നില്‍ക്കണം - ഇവിടെ ഭൂമിയില്‍ ഒരു രാജാവിനെ നിയമിക്കുവാന്‍! യഥാര്‍ത്ഥത്തില്‍ നടന്നത് എന്താണെന്ന് ഈ വചനത്തിന്‍റെ സന്ദര്‍ഭം വ്യക്തമാക്കുന്നു.
1സാമു 10:17 അനന്തരം ശമൂവേല്‍ ജനത്തെ മിസ്പയില്‍ യഹോവയുടെ സന്നിധിയില്‍ വിളിച്ചുകൂട്ടി...
ന്യായാധിപതികളുടെ കാലത്ത് യിസ്രായേല്‍ സന്തതികള്‍ മിസ്പയില്‍ കൂടിവരുന്ന പതിവ് ഉണ്ടായിരുന്നു. (ന്യായാ 11:11; 20:1; 21:5 കാണുക). മിസ്പ യിസ്രായേലിലെ ഒരു സ്ഥലമായിരുന്നു എന്നും അത് സ്വര്‍ഗ്ഗത്തില്‍ അല്ലായിരുന്നു എന്നും താങ്കള്‍ അംഗീകരിക്കുമെന്ന് കരുതുന്നു.

ആട്ടിന്‍കുട്ടികള്‍ക്കും പ്രാവുകള്‍ക്കും സൌജന്യമായി ഒരു സ്വര്‍ഗ്ഗയാത്ര!


പ്രസവത്തിന് ശേഷം ഒരു സ്ത്രീക്ക് ചെയ്യേണ്ട ശുദ്ധീകരണ ക്രിയകളെ പറ്റി ലേവ്യര്‍ 12ല്‍ നിന്നും:
ലേവ്യ 12:6 മകന് വേണ്ടിയോ മകള്‍ക്ക് വേണ്ടിയോ അവളുടെ ശുദ്ധീകരണ കാലം തികഞ്ഞ ശേഷം അവള്‍ ഒരു വയസ്സ് പ്രായമുള്ള ആട്ടിന്‍കുട്ടിയെ ഹോമയാഗത്തിനായും ഒരു പ്രാവിന്‍കുഞ്ഞിനെയോ ഒരു കുറുപ്രാവിനെയോ പാപയാഗത്തിനായും സമാഗമകൂടാരത്തിന്‍റെ വാതില്‍ക്കല്‍ പുരോഹിതന്‍റെ അടുത്ത് കൊണ്ടുവരേണം.
ലേവ്യ 12:7 അവന്‍ അത് യഹോവയുടെ സന്നിധിയില്‍ അര്‍പ്പിച്ചു പ്രായശ്ചിത്തം കഴിക്കേണം; ...
ശുദ്ധീകരിക്കപ്പെടേണ്ട സ്ത്രീ കൊണ്ടുവരുന്ന ആട്ടിന്‍കുട്ടികളെയും പ്രാവുകളെയും യഹോവയുടെ സന്നിധിയില്‍ ബലിയര്‍പ്പിക്കണം.

പ്രതിവര്‍ഷം 1,000 പ്രായപൂര്‍ത്തിയായ ആളുകള്‍ക്ക് 30 വീതം ശിശുജനനം എന്ന് കണക്കാക്കപ്പെടുന്നു. മോശ ഈ കല്‍പന നല്‍കിയ കാലത്ത് യിസ്രായേലില്‍ 6 ലക്ഷം യുദ്ധസന്നദ്ധരായ പുരുഷന്മാര്‍ ഉണ്ടായിരുന്നു. ഏകദേശം അത്രയും സ്ത്രീകളും ഉണ്ടായിരിക്കുമല്ലോ? അതായത് 12 ലക്ഷം പ്രായപൂര്‍ത്തിയായവര്‍. 1,000 പേര്‍ക്ക് 30 ശിശുജനനം വീതം കണക്കുകൂട്ടിയാല്‍ 3,600 പ്രസവങ്ങള്‍. ഈ 3,600 സ്ത്രീകള്‍ക്കായി പുരോഹിതന്‍ 3,600 ആടുകളെയും പ്രാവുകളെയും കൂട്ടിക്കൊണ്ട് സ്വര്‍ഗ്ഗത്തില്‍ പോയി യഹോവയുടെ സന്നിധിയില്‍ ബലിയര്‍പ്പിക്കുമായിരുന്നു എന്ന് കരുതുന്നുണ്ടോ?

ഋതുശുദ്ധി വരുത്തേണ്ട സ്ത്രീകളുടെ കാര്യം ഇതിലും വലിയ വെല്ലുവിളിയാകുന്നു. ഋതുശുദ്ധിയെപ്പറ്റി മോശ നിയമങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ യിസ്രായേലില്‍ 6 ലക്ഷം പ്രത്യുത്പാദന ശേഷിയുള്ള സ്ത്രീകള്‍ ഉണ്ടായിരുന്നെങ്കില്‍, ഓരോ മാസവും പുരോഹിതന്‍ 12 ലക്ഷം കുറുപ്രാവുകളും പ്രാവിന്‍കുഞ്ഞുങ്ങളുമായി (ലേവ്യ 15:29) സ്വര്‍ഗ്ഗത്തിലേക്ക് ആരോഹണം ചെയ്ത് “യഹോവയുടെ സന്നിധിയില്‍” ബലിയര്‍പ്പിക്കണമായിരുന്നു.

ഈ സന്ദര്‍ഭങ്ങളിലെല്ലാം “യഹോവയുടെ സന്നിധിയില്‍” എന്ന ചൊല്ലിന്‍റെ അര്‍ത്ഥം സ്വര്‍ഗ്ഗത്തില്‍ എന്നല്ല, പ്രത്യുത, സമാഗമകൂടാരത്തിലോ, ദേവാലയത്തിലോ ആണ് എന്ന് മനസ്സിലാക്കുവാനുള്ള വിവേനശക്തിയുള്ള നമുക്ക് ഇയ്യോബ് 1, 2 അദ്ധ്യായങ്ങള്‍ വായിക്കുമ്പോള്‍ ആ അദ്ധ്യായങ്ങളിലെ പ്രതിപാദ്യവിഷയങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ നടക്കുന്നു എന്ന ധാരണ ഉണ്ടാകുമ്പോള്‍ നമ്മുടെ വിവേചനശക്തിക്ക് എന്താണ് സംഭവിക്കുന്നത്? ("സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്നു" എന്ന് പറഞ്ഞതുപോലെ സാത്താന്‍ എന്ന വാക്ക് കണ്ടപ്പോള്‍ നമ്മുടെ വിവേചനശക്തി പ്രവര്‍ത്തിക്കാതെയായോ?)

സാത്താന്‍ എന്തുകൊണ്ട് യഹോവയുടെ സന്നിധിയില്‍ എത്തുവാന്‍ പാടില്ല...



ഇയ്യോബിന്‍റെ കാലത്തിന് മുമ്പ് എപ്പോഴോ സാത്താന്‍ സര്‍വശക്തനായ ദൈവത്തിന് വിരോധമായി കലാപം ഉണ്ടാക്കുകയും ദൈവം (യഹോവ) സാത്താനെ ഭൂമിയിലേയ്ക്ക് തുരത്തുകയും ചെയ്തു എന്നാണല്ലോ ക്രൈസ്തവ വിശ്വാസം. അങ്ങനെ തുരത്തപ്പെട്ട സാത്താന് എങ്ങനെയാണ് സ്വര്‍ഗ്ഗത്തിലേക്ക്, യഹോവയുടെ സന്നിധിയിലേക്ക് പുനഃപ്രവേശനം സാധ്യമായത്?

പാപം ചെയ്ത ആദാമിനെയും ഹവ്വയെയും ഏദെനില്‍ നിന്നും പുറത്താക്കിയ ശേഷം ആ തോട്ടത്തിലേക്കുള്ള വഴി കാക്കുവാന്‍ ശക്തമായ സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തിയ ദൈവം (ഉല്‍പത്തി 3:24), തനിക്കെതിരായി കലാപം ഉണ്ടാക്കിയതിന് സ്വര്‍ഗത്തില്‍ നിന്നും പുറത്താക്കപ്പെട്ട സാത്താന്‍ തിരികെ സ്വര്‍ഗത്തില്‍ പ്രവേശിക്കാതിരിക്കുവാന്‍ ഒന്നും ചെയ്യാതിരുന്നത് എന്തുകൊണ്ട്?

ഈ വചനങ്ങളെ രണ്ട് മൂന്ന് തവണ മനസ്സിരുത്തി വായിക്കുക:

സങ്കീ 5:4 നീ ദുഷ്ടതയില്‍ പ്രസാദിക്കുന്ന ദൈവം അല്ല; ദുഷ്ടന്‍ നിന്നോട് കൂടെ പാര്‍ക്കുകയില്ല.
സങ്കീ 5:5 അഹങ്കാരികള്‍ നിന്‍റെ സന്നിധിയില്‍ നില്‍ക്കുകയില്ല; നീതികേട് പ്രവര്‍ത്തിക്കുന്നവരെ എല്ലാം നീ പകയ്ക്കുന്നു.
സങ്കീ 11:5 യഹോവ നീതിമാനെ ശോധന ചെയ്യുന്നു; ദുഷ്ടനെയും സാഹസപ്രിയനെയും അവന്‍റെ ഉള്ളം വെറുക്കുന്നു.

ഈ വചനങ്ങളുടെ അടിക്കുറിപ്പില്‍ “സാത്താന്‍ ഒഴികെ” എന്ന് എഴുതിയിട്ടുണ്ടോ?

യോഹ 8:44 ... അവന്‍ [പിശാച്, സാത്താന്‍] ആദി മുതല്‍ കൊലപാതകി ആയിരുന്നു; അവനില്‍ സത്യം ഇല്ലാത്തതിനാല്‍ സത്യത്തില്‍ നില്‍ക്കുന്നതും ഇല്ല. അവന്‍ ഭോഷ്ക് (നുണ, കള്ളം) പറയുമ്പോള്‍ സ്വന്തത്തില്‍ നിന്നു എടുത്തു പറയുന്നു; അവന്‍ ഭോഷ്ക് പറയുന്നവനും അതിന്‍റെ അപ്പനും ആകുന്നു.

നുണയുടെ പിതാവിനും, സത്യത്തിന്‍റെ (യേശുവിന്‍റെ) പിതാവിനും തമ്മില്‍ എന്താണ് ബന്ധം? ആദി മുതല്‍ കൊലപാതകിയായ സാത്താനും ദൈവത്തിനും തമ്മില്‍ എന്ത് ബന്ധം?

1യോഹ 1:5 ദൈവം വെളിച്ചമാകുന്നു; അവനില്‍ ഇരുട്ട് ഒട്ടും ഇല്ല എന്നുള്ളത് ഞങ്ങള്‍ അവനോട് കേട്ട് നിങ്ങളോട് അറിയിക്കുന്ന ദൂതാണ്.
2 കൊരി 6:14 ... നീതിക്കും അധര്‍മത്തിനും തമ്മില്‍ എന്ത് ചേര്‍ച്ച? വെളിച്ചത്തിന് ഇരുളിനോട് എന്ത് കൂട്ടായ്മ?
ഉപസംഹാരം: അതിശയോക്തി നിറഞ്ഞ പദപ്രയോഗങ്ങളെ അവലോകനം ചെയ്താല്‍ യഹോവയുടെ സന്നിധി എന്നതിന് സാധാരണമായി സമാഗമകൂടാരം, അല്ലെങ്കില്‍ ദേവാലയം എന്നാണ് അര്‍ത്ഥം എന്ന് കാണാം.

ക്രിസ്തുവില്‍.
ടോംസാന്‍ കട്ടയ്ക്കല്‍.

Friday, April 3, 2015

ഇയ്യോബും സാത്താനും. ഭാഗം #001

സ്നേഹിതരേ,

സാത്താന്‍ എന്ന ഒരു അസ്‌തിത്വം ഇല്ല എന്ന് കേട്ടാല്‍ ഉടനെ ഉയര്‍ന്നുവരുന്ന ഒരു ചോദ്യമുണ്ട്: “അങ്ങനെയാണെങ്കില്‍ ഇയ്യോബിനെ പരീക്ഷിക്കുവാന്‍ ദൈവം സാത്താനെ നിയോഗിച്ചില്ലേ?”

ഇയ്യോബിന് (കത്തോലിക്കരുടെ ഭാഷയില്‍ ജോബിന്) 5 വിധമായ പരീക്ഷകള്‍ ഉണ്ടായി. അവയെ ഒന്നൊന്നായി അവലോകനം ചെയ്യാം.

പരീക്ഷണം #1


ഇയ്യോ 1:13 ഒരു ദിവസം ഇയ്യോബിന്‍റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്‍റെ വീട്ടില്‍ തിന്നുകയും വീഞ്ഞ് കുടിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍,
ഇയ്യോ 1:14 ഒരു ദൂതന്‍ അവന്‍റെ അടുത്ത് വന്ന്: കാളകളെ പൂട്ടുകയും പെണ്‍കഴുതകള്‍ അരികെ മേഞ്ഞുകൊണ്ടിരിക്കുകയും ആയിരുന്നു.
ഇയ്യോ 1:15 പെട്ടെന്ന് ശെബയര്‍ വന്നു അവയെ പിടിച്ചു കൊണ്ടുപോകുകയും വേലക്കാരെ വാളിന്‍റെ വായ്ത്തലയാല്‍ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിക്കുവാന്‍ ഞാന്‍ ഒരുവന്‍ മാത്രം വഴുതിപ്പോന്നു എന്ന് പറഞ്ഞു.

ഈ ഉപദ്രവം അല്ലെങ്കില്‍ പരീക്ഷണം സാത്താനില്‍ നിന്നും ഉണ്ടായി എന്ന് എഴുതപ്പെട്ടിട്ടുണ്ടോ? ശെബയരാണ് ഈ ഉപദ്രവത്തിന് ഉത്തരവാദികള്‍ എന്ന് വ്യക്തമായി എഴുതിയിട്ടില്ലേ?

ആരാണ് ശെബയര്‍?


  • നോഹയുടെ പുത്രന്മാരില്‍ ഒരാളായ ഹാമിന്‍റെ പുത്രന്‍ കൂഷിന്‍റെ പുത്രനായ സെബായുടെ വംശാവലിയില്‍ ഉള്‍പ്പെടുന്നവര്‍,
  • അല്ലെങ്കില്‍ അബ്രാഹാമിന്‍റെ രണ്ടാം ഭാര്യയായ കെതൂറായുടെ മകനായ യൊക്ശാനുടെ മകനായ ശെബയുടെ വംശാവലിയില്‍ ഉള്‍പ്പെടുന്നവര്‍.

ശലോമോനെ കടങ്കഥകളാല്‍ പരീക്ഷിക്കുവാന്‍ വന്ന ശെബ രാജ്ഞി ഈ വംശത്തില്‍ ഉള്‍പ്പെടുന്നവളായിരുന്നു. (1രാജാ 10:1)

ഒരുപക്ഷേ അന്യജാതിക്കാര്‍ എല്ലാവരും സാത്താനെ സേവിക്കുന്നവര്‍ എന്ന് വാദിച്ചേക്കാം, പക്ഷേ, യിസ്രായേലിനെ ശിക്ഷിക്കുവാന്‍ യഹോവ പല തവണ അന്യജാതിക്കാരെ ഉപയോഗിച്ചിട്ടുണ്ട് എന്നത് മറക്കരുത് (ന്യായാ 2:14; 3:8; 4:2; 10:7; 1സാമു 12:9)

തന്നെയുമല്ല, ശെബയരെ / ശെബയെ പറ്റി വേദപുസ്തകം പറയുന്നത് ശ്രദ്ധിക്കുക:
നീതിയോടും എളിയവരെ ന്യായത്തോടും കൂടെ എളിയവരെ പരിപാലിക്കുന്ന രാജാവിന് (സങ്കീ 72:1, 2)  - പ്രതീകാത്മകമായി യേശുക്രിസ്തുവിന് - ശെബയിലെ രാജാക്കന്മാര്‍ കപ്പം കൊടുക്കും. (സങ്കീ 72:10)
ശെബ രാജ്ഞി ന്യായവിധിയില്‍ ഈ തലമുറയോട് (യിസ്രായേലിനോട്) ഒന്നിച്ചു ഉയിര്‍ത്ത് എഴുനേറ്റ് അതിനെ കുറ്റം വിധിക്കും എന്ന് യേശു പറഞ്ഞു: (മത്താ 12:42)
ചുരുക്കമായി പറഞ്ഞാല്‍ ശെബയര്‍ സാത്താന്‍റെ പങ്കാളികള്‍ എന്ന് വേദപുസ്തകത്തില്‍ ഇല്ല.

പരീക്ഷണം #2


ഇയ്യോ 1:16 അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നേ വേറൊരുവന്‍ വന്നു; ദൈവത്തിന്‍റെ തീ ആകാശത്ത് നിന്നും വീണു കത്തി, ആടുകളും വേലക്കാരും അതിന് ഇരയായിത്തീര്‍ന്നു;...

ദയവായി ശ്രദ്ധിച്ച് വായിക്കുക: ആകാശത്ത് നിന്നും വീണത് ദൈവത്തിന്‍റെ തീയാണോ അതോ സാത്താന്‍റെ തീയാണോ? ദൈവത്തിന്‍റെ തീ ദൈവത്തിന് വിധേയനാകാത്ത സാത്താന്‍റെ കൈയ്യില്‍ താല്‍ക്കാലികമായി ഏല്‍പിച്ചാല്‍ പോലും അവന്‍ അത് മടക്കിക്കൊടുക്കും എന്നതിന് എന്താണ് ഉറപ്പ്?

വേദപുസ്തകത്തില്‍ എവിടെയെങ്കിലും സാത്താനോ അവന്‍റെ പങ്കാളികളോ ആകാശത്തില്‍ നിന്നും തീ വീഴ്ത്തിയതായി എഴുതപ്പെട്ടിട്ടുണ്ടോ? ഇല്ലേ, ഇല്ല! സാത്താന്‍റെ കൂട്ടാളികള്‍ക്ക് ആകാശത്തില്‍ നിന്നും തീ വീഴ്ത്തുവാനുള്ള ശക്തി ഉണ്ടായിരുന്നു എങ്കില്‍ ഏലീയായുടെ കാലത്ത് ഉണ്ടായിരുന്ന ബാലിന്‍റെ 450 പ്രവാചകന്മാര്‍ക്ക് ആകാശത്തില്‍ നിന്നും തീ വീഴ്ത്തിക്കുവാന്‍ കഴിയാതിരുന്നതെന്ത്? (1രാജാ 18).

ആകാശത്തില്‍ നിന്നും തീ വീഴിക്കുക എന്നത് ദൈവത്തിനും ദൈവമക്കള്‍ക്കും മാത്രം കഴിയുന്നതാണ്.
  • ഉല്‍ 19:24 യഹോവ സോദോമിന്‍റെയും ഗൊമോറയുടെയും മേല്‍ യഹോവയുടെ സന്നിധിയില്‍ നിന്ന്, ആകാശത്ത് നിന്നും, ഗന്ധകവും തീയും വര്‍ഷിപ്പിച്ചു... (യഹോവയാണ് സാത്താനല്ല!)
  • യാത്രാ 9:23 മോശെ തന്‍റെ വടി ആകാശത്തേക്ക് നീട്ടി; അപ്പോള്‍ യഹോവ ഇടിയും കല്‍മഴയും അയച്ചു; തീ ഭൂമിയിലേക്ക് പാഞ്ഞിറങ്ങി; യഹോവ മിസ്രയീം ദേശത്തിന്‍റെ മേല്‍ കല്‍മഴ പെയ്യിച്ചു.
  • അഹസ്യാ രാജാവ് തന്നെ കൂട്ടിക്കൊണ്ടുവരുവാന്‍ 50 ദൂതന്മാരെ അയച്ചപ്പോള്‍ ഏലീയാ അവരുടെ മേല്‍ ആകാശത്ത് നിന്നും തീ വീഴ്ത്തിച്ചത് - 2 രാജാ 1:12, 14
  • യിസ്രായേല്‍ ജനത്തിന്‍റെ കാനേഷുമാരി എടുക്കുവാന്‍ കല്‍പിച്ചതിന് ലഭിച്ച ശിക്ഷ നീങ്ങിപ്പോകുവാന്‍ ദാവീദ് യാഗപീഠം പണിത്, ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ച്, യഹോവയോട് പ്രാര്‍ത്ഥിച്ചപ്പോള്‍; യഹോവ ആകാശത്തില്‍ നിന്നും ഹോമപീഠത്തിന്‍റെ മേല്‍ തീ ഇറക്കി അവന് ഉത്തരം അരുളിയത്. (1ദിന 21:26)
  • താന്‍ നിര്‍മ്മിച്ച ദേവാലയത്തില്‍ ശലോമോന്‍ പ്രാര്‍ത്ഥിച്ച് കഴിഞ്ഞപ്പോള്‍ ആകാശത്ത് നിന്നും തീ ഇറങ്ങി യാഗങ്ങളെ ദഹിപ്പിച്ചത് (2ദിന 7:1)
  • പുതിയ നിയമത്തില്‍ യേശുവിനെയും ശിഷ്യന്മാരെയും സ്വീകരിക്കാതിരുന്ന ശമര്യക്കാരുടെ മേലെ ആകാശത്ത് നിന്നും തീ ഇറക്കട്ടേ എന്ന് യാക്കോബും യോഹന്നാനും ചോദിച്ചത് ... (ലൂക്ക 9:54)
പ്രതീകാത്മകമായി എഴുതപ്പെട്ടിരിക്കുന്ന വെളിപാട് പുസ്തകത്തിലെ രണ്ടാമത് മൃഗം ഒഴികെ (വെളി 13:13), വേദപുസ്തകത്തില്‍ ആകാശത്ത് നിന്നും തീ ഇറക്കുവാന്‍ കഴിവുള്ളവര്‍ ദൈവത്തിന്‍റെ പക്ഷത്തുള്ളവരാണ്.

ദൈവത്തിന് വിധേയനാകാത്ത സാത്താന് ആകാശത്ത് നിന്നും തീ വീഴിക്കുവാനുള്ള കഴിവ് ഉണ്ടായിരുന്നെങ്കില്‍ അവന്‍ എന്നേ മനുഷ്യരാശിയെ നശിപ്പിക്കുമായിരുന്നു? അങ്ങനെയല്ല, ദൈവം അനുവദിച്ചാല്‍ മാത്രമേ സാത്താന്‍ തിന്മചെയ്യുകയുള്ളൂ എന്ന വാദവും ശരിയല്ല, കാരണം ദൈവം അനുവദിച്ചാല്‍ മാത്രം തിന്മ ചെയ്യുന്നവന്‍ ദൈവത്തിന് അവിധേയനല്ല, വിധേയനാണ്. സാത്താന്‍ ദൈവത്തിന് വിധേയനാണെങ്കില്‍ സാത്താനെയും അവന്‍റെ ക്രിയകളെയും നശിപ്പിക്കുവാന്‍ യേശു മനുഷ്യനായി അവതരിക്കേണ്ട ആവശ്യമില്ലായിരുന്നു. (എബ്രാ 2:14; 1യോഹ 3:8).

പരീക്ഷണം #3

ഇയ്യോ 1:17 അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നേ മറ്റൊരുവന്‍ വന്നു പെട്ടെന്ന് കല്‍ദയര്‍ 3 കൂട്ടമായി വന്ന് ഒട്ടകങ്ങളെ പിടിച്ചുകൊണ്ട് പോകുകയും വേലക്കാരെ വാളിന്‍റെ വായ്ത്തലയാല്‍ വെട്ടിക്കൊല്ലുകയും ചെയ്തു;.... 
ഇവിടെ സാത്താന്‍ ഇയ്യോബിന് നഷ്ടമുണ്ടാക്കി എന്ന് എഴുതിയിട്ടുണ്ടോ? ഇല്ലേ, ഇല്ല! പ്രത്യുതാ കല്‍ദയര്‍ നഷ്ടമുണ്ടാക്കി എന്നാണ് എഴുതിയിരിക്കുന്നത്.

കല്‍ദയര്‍ ദൈവജനങ്ങള്‍ക്ക് നഷ്ടം ഉണ്ടാക്കിയപ്പോഴെല്ലാം അത് സാത്താനില്‍ നിന്നും ഉണ്ടായോ? യിസ്രായേല്‍ ദൈവത്തിന് വിരോധമായി പാപം ചെയ്തപ്പോള്‍ ദൈവം (യഹോവ) അവരെ കല്‍ദയരുടെ കൈകളിലും കല്‍ദയരുടെ നാടായ ബാബേലിന്‍റെ (ബാബിലോണ്‍) രാജാക്കന്മാരുടെ കൈകളിലും ഏല്‍പിച്ചുകൊടുത്തു എന്ന് വേദപുസ്തകം പറയുന്നു.
2രാജാ 24:2 അപ്പോള്‍ യഹോവ കല്‍ദയരുടെ പടക്കൂട്ടങ്ങളെയും അരാമ്യര്‍, മോവാബ്യര്‍, അമ്മോന്യര്‍ എന്നിവരുടെ പടക്കൂട്ടങ്ങളെയും അവന്‍റെ നേരെ അയച്ചു; പ്രവാചകരായ തന്‍റെ ദാസന്മാര്‍ മുഖാന്തരം യഹോവ അരുളിച്ചെയ്തിരുന്ന വചന പ്രകാരം അവന്‍ അവരെ യെഹൂദയെ നശിപ്പിക്കത്തക്ക വിധം അതിന്‍റെ നേരെ അയച്ചു.
2ദിന 36:17 അതുകൊണ്ട് അവന്‍ കല്‍ദയരുടെ രാജാവിനെ അവരുടെ നേരെ വരുത്തി; അവന്‍ അവരുടെ യുവാക്കളെ അവരുടെ വിശുദ്ധ മന്ദിരമായ ആലയത്തില്‍ വെച്ചു വാളിനാല്‍ കൊന്നു; അവന്‍ യുവാവിനെയോ കന്യകയെയോ വൃദ്ധനെയോ കിഴവനെയോ ആദരിക്കാതെ അവരെ എല്ലാം അവന്‍റെ കൈയില്‍ ഏല്‍പിച്ചുകൊടുത്തു.

യഹോവ യിസ്രായേലിനെ ബാബേല്‍ രാജാവിന്‍റെ ഏല്‍പിച്ചുകൊടുത്തു എന്ന് പല തവണ പറഞ്ഞ ശേഷം നെബൂഖദ്നേസര്‍ രാജാവിനെ പറ്റി എന്‍റെ ദാസന്‍ എന്ന് പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക.
യിരെ 25:9 ഞാന്‍ ആളയച്ച് വടക്കുള്ള സകല വംശങ്ങളെയും എന്‍റെ ദാസനായി ബാബേല്‍ രാജാവായ നെബൂഖദ്നേസരിനെയും ഈ ദേശത്തിന്‍റെ നേരെയും അതിലെ നിവാസികളുടെ നേരെയും ചുറ്റും വസിക്കുന്ന ഈ സകല ജാതികളുടെ നേരെയും വരുത്തി അവരെ ഉന്മൂലനാശം ചെയ്തു സ്തംഭനഹേതുവും പരിഹാസ വിഷയവും ശാശ്വതശൂന്യവും ആക്കിത്തീര്‍ക്കും. (യിരെ 27:6; 43:10 കാണുക)

ചുരുക്കിപ്പറഞ്ഞാല്‍ കല്‍ദയര്‍ സാത്താന്‍റെ ദാസന്മാര്‍ എന്ന് പറയുന്ന ഒരു വചനം പോലും വേദപുസ്തകത്തില്‍ ഇല്ല.

പരീക്ഷണം #4


ഇയ്യോ 1:18 അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റൊരുവന്‍ വന്നു; നിന്‍റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്‍റെ വീട്ടില്‍ തിന്നുകയും വീഞ്ഞ് കുടിക്കുകയും ചെയ്തുകൊണ്ടിരുന്നു.
ഇയ്യോ 1:19 പെട്ടെന്ന് മരുഭൂമിയില്‍ നിന്നും ഒരു കൊടുങ്കാറ്റ് വന്നു വീടിന്‍റെ 4 മൂലയിലും അടിച്ചു അത് യുവാക്കളുടെ മേല്‍ വീണു; അവര്‍ മരിച്ചുപോയി;...

ഇതില്‍ എവിടെയും സാത്താന്‍ കൊടുങ്കാറ്റ് കൊണ്ടുവന്നു എന്ന് എഴുതിയിട്ടില്ല. മുമ്പ് തീ വീഴ്ത്തുന്ന പരീക്ഷണത്തില്‍ പറഞ്ഞത് പോലെ പ്രകൃതിശക്തികളെ നിയന്ത്രിക്കുക എന്നത് ദൈവത്തിനും ദൈവത്തിന്‍റെ പക്ഷത്തുള്ളവര്‍ക്കും മാത്രം കഴിയുന്ന കാര്യമാണ്.
  • മിസ്രയീമില്‍ (ഈജിപ്ത്) നിന്നും യിസ്രായേല്യരെ കൊണ്ടുവരുന്നതിന് മുമ്പ് മോശെ തന്‍റെ വടി മിസ്രയീം ദേശത്തിന്‍റെ മേല്‍ നീട്ടി; യഹോവ അന്ന് പകല്‍ മുഴുവനും രാത്രി മുഴുവനും ദേശത്തിന്‍റെ മേല്‍ കിഴക്കന്‍കാറ്റ് അടിപ്പിച്ചു; പ്രഭാതം ആയപ്പോള്‍ കിഴക്കന്‍കാറ്റ് വെട്ടുക്കിളിയെ കൊണ്ടുവന്നു. (പുറ 10:13)
  • മിസ്രയീമില്‍ നിന്നും പുറപ്പെട്ട യിസ്രായേല്യര്‍ ചെങ്കടല്‍ കടക്കേണ്ട സമയത്ത് മോശെ കടലിന്‍റെ മേല്‍ കൈ നീട്ടി; യഹോവ അന്ന് രാത്രി മുഴുവനും മഹാശക്തിയുള്ള ഒരു കിഴക്കന്‍ കാറ്റുകൊണ്ട് കടലിനെ പിന്‍വാങ്ങിച്ചു ഉണങ്ങിയ നിലം ആക്കി; അങ്ങനെ വെള്ളം തമ്മില്‍ വേര്‍പിരിഞ്ഞു. (പുറ 14:21; പുറ 15:10 കാണുക)

പഴയനിയമത്തില്‍ ഇനിയും വളരെയധികം ഉദാഹരണങ്ങള്‍ ഉണ്ട്.

പുതിയനിയമത്തില്‍ യേശു ചുഴലിക്കാറ്റിനെ നിയന്ത്രിച്ചതിനെ പറ്റി നാം കാണുന്നു. (മാര്‍ 4:37-41). അത് കണ്ട ജനങ്ങള്‍: വളരെ ഭയപ്പെട്ട്: കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ; ഇവന്‍ ആര്‍ എന്ന് തമ്മില്‍ പറഞ്ഞു. സാത്താനും അതേപോലെയുള്ള കഴിവ് ഉണ്ടായിരുന്നെങ്കില്‍ ജനങ്ങള്‍: “ഇതെന്ത്, സാത്താനും ഇതൊക്കെ ചെയ്യുമല്ലോ” എന്ന് പറയില്ലേ?

ദൈവത്തിനുള്ള അതേ കഴിവുകള്‍ സാത്താനും ഉണ്ടായിരുന്നാല്‍ സാത്താനെ നിഗ്രഹിക്കുവാന്‍ ദൈവത്തിന് കഴിയുമോ?

പ്രകൃതിശക്തികള്‍ ദൈവത്തിന്‍റെ അധീനതയിലാണുള്ളത്, സാത്താന്‍റെ അധീനതയില്‍ അല്ല.  (ഉദാ: യെരേ 5:22; സങ്കീ 29:3)

പരീക്ഷണം #5

ഇയ്യോ 2:7 അങ്ങനെ സാത്താന്‍ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ട്, ഇയ്യോബിനെ ഉള്ളങ്കാല്‍ മുതല്‍ നെറുക വരെ വല്ലാത്ത പരുക്കളാല്‍ ബാധിച്ചു.

ഈ ഒരേയൊരു പരീക്ഷണത്തില്‍ മാത്രം സാത്താന്‍ എന്ന പേര് ഉപയോഗിക്കപ്പെട്ടിരിക്കുന്നത് ശ്രദ്ധിക്കുക.

ഇയ്യോബിന് വന്ന അതേ വ്യാധി ദൈവത്തിന് വിധേയരാകാത്തവര്‍ക്ക് വരുത്തും എന്ന് ദൈവം പറഞ്ഞത് ശ്രദ്ധിക്കുക.
ആവ 28:35 സൌഖ്യമാകാത്ത പരുക്കളാല്‍ യഹോവ നിന്നെ ഉള്ളങ്കാല്‍ തുടങ്ങി നെറുക വരെ ബാധിക്കും.

ഈ രണ്ട് വചനങ്ങളും ഇംഗ്ലീഷ് വേദപുസ്തകത്തില്‍ നിന്നും ഉദ്ധരിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. (ഓരോ വാക്കിന്‍റെയും വലതുഭാഗത്തുള്ള സംഖ്യ അവിടെ ഉപയോഗിച്ചരിക്കുന്ന ഹീബ്രു വാക്കിന്‍റെ സ്ട്രോങ്ങ്സ് ശബ്‌ദസൂചിയിലെ ക്രമസംഖ്യയാണ്.)
Deu 28:35 The LORD shall smiteH5221 thee in the knees, and in the legs, with a soreH7451 botchH7822 that cannot be healed, from the soleH3709 of thy footH7272 unto the top of thy headH6936.
Job 2:7 So went Satan forth from the presence of the LORD, and smoteH5221 Job with soreH7451 boilsH7822 from the soleH3709 of his footH7272 unto his crownH6936.

പ്രസക്തമായ വാക്കുകള്‍ എല്ലാം ഒന്നുതന്നെ. അവിധേയരായ യിസ്രായേലുകാര്‍ക്ക് ശിക്ഷ നല്‍കുവാന്‍ യഹോവ മതിയായിരുന്നു. അതേസമയം നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്ന ഇയ്യോബിനെ പരീക്ഷിക്കുവാന്‍ ദൈവം സാത്താനെ ഇറക്കുമതി ചെയ്യേണ്ടിവന്നു!

അങ്ങനെയാണെങ്കില്‍, ഇയ്യോബിനെ യഥാര്‍ത്ഥത്തില്‍ ഉപദ്രവിച്ചത് ആരാണ്?

ക്രിസ്തുവില്‍,
ടോംസാന്‍ കട്ടയ്ക്കല്‍.