Friday, July 14, 2017

നമ്മുടെ “ശരീരത്തിൻറെ” വീണ്ടെടുപ്പ്.

ക്രിസ്തുവിൽ പ്രിയരെ,


ഇതിനിടെ ചില സഹോദരന്മാർ റോമ 8:23നെ പറ്റി സംശയം ചോദിച്ചുകൊണ്ട് ഫോണിൽ വിളിച്ചതിൻറെ പശ്ചാത്തലത്തിലാണ് ഈ ലേഖനം എഴുതുന്നത്. നമ്മുടെ ഭൌതിക ശരീരത്തിൻറെ വീണ്ടെടുപ്പിനെ പറ്റിയാണ് ഈ വചനം എന്നാണ് ചിലരുടെ വിവക്ഷ. ഇംഗ്ലീഷിൽ
“ചെറി പിക്കിങ്ങ്” (cherry picking) അല്ലെങ്കിൽ “പ്രൂഫ് ടെക്സ്റ്റിങ്ങ്” (proof texting) എന്ന് വിളിക്കപ്പെടുന്ന, വചനങ്ങളെയും വാക്കുകളെയും സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത് വ്യാഖ്യാനിക്കുന്ന കലാപരിപാടിയുടെ ഇരകളിൽ ഒന്നുമാത്രമാണ് റോമ 8:23.

മധുരോദാരമായ മലയാളം.


മറ്റുള്ളവർക്ക് മലയാളം കഠിനമായ ഭാഷയായി തോന്നാമെങ്കിലും വ്യാകരണപരമായി ഇംഗ്ലീഷ് പോലെയോ, ഇംഗ്ലീഷിനെക്കാളുമോ ലളിതമായ ഭാഷയാണ് മലയാളം. ഇംഗ്ലീഷിൽ “he comes” / “she comes” എന്ന് പറയുമ്പോൾ ക്രിയയുടെ (verb) ലിംഗത്തിന് (gender) മാറ്റം വരാത്തത് പോലെ, മലയാളത്തിൽ “അവൻ വരുന്നു”, “അവൾ വരുന്നു” എന്ന് പറയുമ്പോഴും ക്രിയയുടെ ലിംഗം മാറുന്നില്ല. അതേ സമയം, തമിഴിൽ “അവൻ വരുകിറാ” “അവൾ വരുകിറാ” എന്നും കന്നഡത്തിൽ “അവനു ബരുത്താനെ” “അവളു ബരുത്താളെ” എന്നും പറയുമ്പോൾ ക്രിയയുടെ ലിംഗം മാറും.

അതുപോലെ, ഇംഗ്ലീഷിൽ “അവർ വരുന്നു” എന്നതിന് “they come” എന്ന് പറയുമ്പോൾ “to come” എന്ന ക്രിയയുടെ ബഹുവചന രൂപമായ “come” ഉപയോഗിക്കും. തമിഴിൽ “അവർ വരുകിറാർ” അല്ലെങ്കിൽ “അവർ വരുകിറാർകൾ” എന്നും, കന്നഡത്തിൽ “അവരു ബരുത്താരെ” എന്നും ബഹുവചന രൂപം ഉപയോഗിക്കും. നമ്മുടെ മധുരോദാരമായ മലയാളത്തിൽ എല്ലാം ലളിതം, അല്ലേ? “അവൻ വരുന്നു”, “അവൾ വരുന്നു”, “അവർ വരുന്നു” എന്നൊക്കെ പറയുമ്പോൾ ക്രിയക്ക് മാറ്റം വരുന്നതേയില്ല. ഈ ലാളിത്യത്തിൻറെ ചതിക്കുഴി എന്താണെന്നാൽ നാം ഇതര ഭാഷകൾ വായിക്കുമ്പോൾ അവയിലെ ഏകവചന, ബഹുവചന വ്യത്യാസങ്ങൾ ശ്രദ്ധിക്കാതെപോകുന്നു.

നമ്മുടെ “ശരീരത്തിൻറെ” വീണ്ടെടുപ്പ്.

റോമ 8:23 ആത്മാവ് എന്ന ആദ്യ ദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിൻറെ വീണ്ടെടുപ്പായ പുത്രത്വത്തിനായി കാത്തുകൊണ്ട് ഉള്ളിൽ ഞരങ്ങുന്നു.
മലയാളത്തിലെ പതിവനുസരിച്ച്, ശരീരം ഒന്നായിരുന്നാലും (ഏകവചനം), ഒന്നിലധികമായിരുന്നാലും “ശരീരം” എന്ന് ഏകവചനം ഉപയോഗിക്കുന്നതിൽ തെറ്റില്ല. പക്ഷേ, വേദപുസ്തകം എഴുതപ്പെട്ടത് മലയാളത്തിൽ അല്ലല്ലോ? അതുകൊണ്ട്, ഇവിടെ എന്താണ് നടക്കുന്നതെന്നറിയാൻ മൂലകൃതിയെ ആശ്രയിക്കേണ്ടിവരും.

നമ്മളുടെ വേദപുസ്തക പഠനത്തിൽ പരമാവധി നാം ചെയ്യുന്ന കാര്യം KJV ഇൻറർലീനിയറിൽ ഏത് സ്ട്രോങ്സ് നമ്പറാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് പരിശോധിക്കുകയാണ്. (പ്രസക്തമായ വാക്കുകളുടെ സ്ട്രോങ്സ് നമ്പറുകൾ മാത്രമാണ് ഇവിടെ കൊടുത്തിരിക്കുന്നത്.)
KJV Rom 8:23 And not only they, but ourselves also, which have the firstfruits of the Spirit, even we ourselves groan within ourselves, waiting for the adoption,[G5206] to wit, the redemption of our[G2257] body.[G4983]
ഇവിടെ പല (ഒന്നിലധികം, ബഹുവചനം) ശരീരങ്ങളെയാണ് ഉദ്ദേശിച്ചിരിക്കുന്നതെങ്കിൽ “our body” എന്ന പ്രയോഗം ഇംഗ്ലീഷ് വ്യാകരണ പ്രകാരം തെറ്റാണ്, “our bodies” എന്നതാണ് ശരി. ഇംഗ്ലീഷിൽ ഏകവചനം ഉപയോഗിക്കുവാൻ കാരണം ഗ്രീക്ക് പാഠത്തിൽ ഏകവചനം ഉള്ളതുകൊണ്ടാണ്. (BBE, CEV, ERV, GW, ISV, Murdock, RSV, WNT, തുടങ്ങിയ പരിഭാഷകളിൽ “our bodies” എന്ന് എഴുതിയിരിക്കുന്നത് തെറ്റാണ്.).

നേരറിയാൻ ഗ്രീക്ക് പാഠം:


KJV (King James Version) ഗ്രീക്ക് പാഠമായ ടെക്സ്റ്റസ് റിസെപ്റ്റസിൻറെ (Textus Receptus) പരിഭാഷയാണ്. [ഇവിടെ എഴുതപ്പെട്ടിരിക്കുന്ന കാര്യങ്ങൾ വെസ്കോട്ട് - ഹോർട്ട് (Westcott-Hort), ബൈസൻറൈൻ (Byzantine) എന്നീ ഗ്രീക്ക് പാഠങ്ങൾക്കും ബാധകമാണ്.]

ടെക്സ്റ്റസ് റിസെപ്റ്റസിൽ നിന്നും ഈ വചനം. (സ്ട്രോങ്സ് നമ്പറുകളുടെ കൂടെ <>ന് ഉള്ളിൽ നൽകപ്പെട്ടിരിക്കുന്നത് റോബിൻസൺ മോർഫോളജിക്കൽ - രൂപശാസ്‌ത്ര - കോഡുകൾ ആണ്.)
Rom 8:23 ου μονον δε αλλα και αυτοι την απαρχην του πνευματος εχοντες και ημεις αυτοι εν εαυτοις στεναζομεν υιοθεσιαν απεκδεχομενοι την απολυτρωσιν του σωματος[G4983] <N-GSN> ημων[G2257] <P-1GP> [ചില ഗ്രീക്ക് പാഠങ്ങളിൽ G2257ന് പകരം G1473 എന്ന് എഴുതിയിരിക്കുന്നത് തെറ്റാണ്.]
പട്ടിക #1 P-1GP
Part of Speech
(ശബ്‌ദ ഭേദം)
Personal pronoun - സർവ്വനാമം
Person (വ്യക്തി) first - ഉത്തമപുരുഷൻ (ഞാൻ,
ഞങ്ങൾ, നാം , നമ്മൾ)
Case (വിഭക്തി) Genitive (സംബന്ധിക - ഉടമസ്ഥത,
എൻറെ നമ്മുടെ ...)
Number (സംഖ്യ) Plural (ബഹുവചനം)
“നമ്മളുടെ” (our) എന്നതിനുള്ള ഗ്രീക്ക് വാക്ക് “ഹേമോൻ” (G2257, ἡμῶν, ഞങ്ങൾ, നമ്മൾ) ആണ്.

ആ വാക്കിൻറെ ഈ വചനത്തിലെ റോബിൻസൺ കോഡ്: P-1GP.  ഈ കോഡിൻറെ വ്യാകരണ അവലോകനം പട്ടിക #1ൽ കാണുക.

തീർച്ചയായും ഇവിടെ “നമ്മുടെ” എന്ന ബഹുവചന പദമാണ് ഉപയോഗിച്ചിരിക്കുന്നത്.


പട്ടിക #2 N-GSN
Part of Speech
(ശബ്‌ദ ഭേദം)
Noun (നാമം)
Case (വിഭക്തി) Genitive (സംബന്ധിക)
Number (സംഖ്യ) Singular (ഏകവചനം)
Gender (ലിംഗം) Neuter (നപുംസകം)
ഇനി “ശരീരം” (G4983) എന്ന വാക്കിൻറ ഈ വചനത്തിലെ രൂപശാസ്ത്രം: N-GSN പട്ടിക #2ൽ കാണുക. ഇവിടെ ഏകവചനം ഉപയോഗിച്ചിരിക്കുന്നതിൻറെ അർത്ഥം “ശരീരങ്ങൾ” അല്ല, “ശരീരം” എന്ന് മാത്രമേ ഗ്രീക്ക് പാഠത്തിൽ ഉദ്ദേശിച്ചിട്ടുള്ളൂ എന്നാണ്.


അതായത്, ഈ വേദഭാഗം “നമ്മുടെ” (ബഹുവചനം) ശാരീരികമായ പുനരുത്ഥാനത്തെ പറ്റിയാണ് സംസാരിക്കുന്നതെങ്കിൽ പുനരുത്ഥാനത്തിൽ നമുക്ക് എല്ലാവർക്കും കൂടി ഒരേയൊരു ശരീരം (ഏകവചനം) മാത്രമേ ഉണ്ടാവൂ! മലയാളവും KJVയും അടക്കമുള്ള പരിഭാഷകൾ തെറ്റല്ല.


ഗ്രീക്ക് ഭാഷയിൽ ശരീരത്തിന് ബഹുവചനം ഇല്ലെന്ന് പറയുന്നവർക്ക് ഇതേ ഗ്രീക്ക് പദം ഉപയോഗിച്ചിട്ടുള്ള മത്താ 27:52; യോഹ 19:31; റോമ 1:24; 8:11; 12:1; 1കൊരി 6:15; 15:40; 2കൊരി 10:10; എഫേ 5:28; എബ്രാ 10:22; 13:11; വെളി 18:13; എന്നീ വചനങ്ങൾ കാണിച്ചുകൊടുക്കുക.

ഒരേ ശരീരം - സഭ, ക്രിസ്തുവിൻറെ ശരീരം.

നാം ഒരേ (ഏകവചനം) ശരീരമാകുന്നത് ക്രിസ്തുവിൻറെ സഭയിലാണ്. മുകളിൽ നാം കണ്ട G4983, (സോമ, ശരീരം) എന്ന ഗ്രീക്ക് പദം ഏകവചനത്തിൽ ഉപയോഗിക്കുന്ന അനേകം വചനങ്ങൾ ഇതിന് സാക്ഷ്യം നൽകുന്നു.
എഫേ 1:23 എല്ലാത്തിലും എല്ലാം നിറയ്ക്കുന്നവൻറെ നിറവായിരിക്കുന്ന അവിടത്തെ ശരീരമായ സഭയ്ക്ക് കൊടുക്കുകയും ചെയ്തിരിക്കുന്നു.
എഫേ 4:13 വിശുദ്ധന്മാരുടെ യഥാസ്ഥാനത്തിനായുള്ള ശുശ്രൂഷയുടെ വേലയ്ക്കും ക്രിസ്തുവിൻറെ ശരീരത്തിൻറെ ആത്മീയ വർദ്ധനയ്ക്കും ആകുന്നു.
എഫേ 5:23 ക്രിസ്തു ശരീരത്തിൻറെ രക്ഷിതാവായി സഭയ്ക്ക് തല ആകുന്നത് പോലെ ഭർത്താവ് ഭാര്യയ്ക്ക് തല ആകുന്നു.
എഫേ 5:30 നാം അവിടത്തെ ശരീരത്തിൻറെ അവയവങ്ങളാണ്.

പുത്രത്വം (ദത്തെടുക്കൽ) എന്നാണ് പുനരുത്ഥാനമായത്?

ഈ വേദഭാഗം പുനരുത്ഥാനത്തെ പറ്റിയാണ് എന്നാണ് പലരുടെയും ധാരണ. മലയാളത്തിൽ പുത്രത്വം എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്ക് (G5206, υἱοθεσία, വീയോതീസ) ഇംഗ്ലീഷിൽ adoption (ദത്തെടുക്കൽ) എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് കാണാം. പുത്രൻ ആയിരിക്കുന്ന അവസ്ഥയാണ് പുത്രത്വം, പുത്രൻ ആക്കുന്ന അവസ്ഥയാണ് ദത്തെടുക്കൽ. “പുത്രൻ” (G5207), “ആക്കുക” (ആക്കിവെക്കുക, G5087) എന്ന രണ്ട് വാക്കുകളിൽ നിന്നുമാണ് G5206 എന്ന വാക്ക് ഉണ്ടായിരിക്കുന്നത്, അതുകൊണ്ട് ഈ വാക്കിൻറെ അർത്ഥം “ദത്തെടുക്കൽ” ആണ്.

നിങ്ങൾക്ക് ശരിക്കും മലയാളം വായിക്കുവാൻ അറിയാമോ?

റോമ 8:23 ആത്മാവ് എന്ന ആദ്യ ദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിൻറെ വീണ്ടെടുപ്പായ പുത്രത്വത്തിനായി (ദത്തെടുക്കലിനായി) കാത്തുകൊണ്ട് ഉള്ളിൽ ഞരങ്ങുന്നു.
വീണ്ടെടുപ്പായ പുത്രത്വം എന്നതിൻറെ അർത്ഥം, പുത്രത്വം തന്നെയാണ് വീണ്ടെടുപ്പ് എന്നല്ലേ? പുത്രത്വം=വീണ്ടെടുപ്പ്. നിങ്ങൾക്ക് പുത്രത്വം ലഭിക്കുമ്പോൾ നിങ്ങളുടെ വീണ്ടെടുപ്പ് നടക്കുന്നു. പുത്രത്വം ലഭിക്കുവാൻ ശരീരത്തിൻറെ പുനരുത്ഥാനം വേണമെന്ന് തെളിയിക്കുവാൻ കഴിയുമോ?

പുത്രത്വം നിങ്ങൾക്ക് ലഭിച്ചുകഴിഞ്ഞിട്ടില്ലേ? ഉണ്ടെന്നാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്ന അതേ വാക്ക് ഉപയോഗിച്ച് പൌലോസ് പറയുന്നത്:
Rom 8:15 For ye have not received the spirit of bondage again to fear; but ye have received the Spirit of adoption[G5206], whereby we cry, Abba, Father.
റോമ 8:15 നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിന് ദാസ്യത്തിൻറെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്ന് വിളിക്കുന്ന പുത്രത്വത്തിൻറെ ആത്മാവിനെ ആണ് പ്രാപിച്ചത്.
നാം അബ്ബാ പിതാവേ, എന്ന് വിളിക്കുന്നതാണ് നമുക്ക് പുത്രത്വം (ദത്തെടുക്കൽ) ലഭിച്ചു എന്നതിൻറെ തെളിവ്. അതുതന്നെയാണ് നമ്മുടെ (സഭാ) ശരീരത്തിൻറെ വീണ്ടെടുപ്പ്.

ഇവിടെ എന്താണ് നടക്കുന്നത്?


ഇവിടെ എന്താണ് നടക്കുന്നതെന്ന് വളരെ വിശദമായി “ഇപ്പോൾ ഒരു സൃഷ്ടിയും (മൃഗങ്ങളും പക്ഷികളും) ദൈവപുത്രന്മാരുടെ പ്രത്യക്ഷതയ്ക്കായി ഞരങ്ങുന്നില്ല” എന്ന ലേഖനത്തിൽ എഴുതിട്ടുള്ളതുകൊണ്ട്, ഇവിടെ ചുരുക്കമായി എഴുതാം.

ഈ വേദഭാഗത്തിൽ (റോമ 8), രണ്ട് വിഭാഗം ആളുകളുണ്ട്.
  1. മായയ്ക്ക് കീഴ്പെട്ടിരിക്കുന്ന സൃഷ്ടി എന്ന് വിളിക്കപ്പെടുന്നവർ (റോമ 8:19-22). ഇവർ ഒന്നാം നൂറ്റാണ്ടിൽ ഉണ്ടായിരുന്ന യഹൂദർ. (പഴയനിയമ കാലം മുതൽ ഇവരായിരുന്നു ദൈവമക്കൾ - ആവ 14:1; മത്താ 8:12). “സൃഷ്ടി” എന്ന് വിളിക്കപ്പെട്ടിട്ടുള്ള ഇവരെ തൽക്കാലം “പഴയ സൃഷ്ടി” എന്ന് വിളിക്കുന്നു. (“സൃഷ്ടി” എന്ന വാക്ക് പട്ടിയെയും പൂച്ചയെയുമല്ല സൂചിപ്പിക്കുന്നത്. യേശു ശിഷ്യന്മാരോട് പൂച്ചയോടും പട്ടിയോടും സുവിശേഷം പ്രസംഗിക്കുവാനല്ലല്ലോ പറഞ്ഞത്? - മർക്കോ 16:15)
  2. “നമ്മൾ” എന്ന് പൌലോസ് വിളിക്കുന്ന വിഭാഗം. ഇവർ യിസ്രായേലിൻറെ ശേഷിപ്പിൽ നിന്നും ജാതികളിൽ നിന്നും ക്രൈസ്തവ മാർഗം സ്വീകരിച്ചവരാണ്. ഇവർ വിശ്വാസത്തിലൂടെ ദൈവമക്കളായിത്തീർന്നവർ (യോഹ 1:12). ഇവരെ “പുതിയ സൃഷ്ടി” എന്ന് വിളിക്കപ്പെടുന്നു.
ഇങ്ങനെ ദൈവപുത്രന്മാർ എന്ന് വിളിക്കപ്പെടുന്ന (അവകാശപ്പെടുന്ന) രണ്ട് വിഭാഗങ്ങൾ ഒരേ കാലത്ത് (ഒന്നാം നൂറ്റാണ്ടിൽ) നിലനിൽക്കുന്നു. ഇവരിൽ ആരാണ് ദൈവീകമായ അംഗീകാരമുള്ളവർ എന്ന് എങ്ങനെയറിയും? ഇതിൽ ഏതെങ്കിലും ഒരു വിഭാഗം തിരസ്കരിക്കപ്പെടുമ്പോൾ, മറ്റേ വിഭാഗം സ്വീകരിക്കപ്പെട്ടു (അംഗീകരിക്കപ്പെട്ടു) എന്നത് വ്യക്തമാകും.

ഇതേ രണ്ട് വിഭാഗങ്ങൾ ഉള്ള മറ്റൊരു വേദഭാഗം പരിശോധിക്കാം:
മത്താ 8:11 കിഴക്ക് നിന്നും പടിഞ്ഞാറ് നിന്നും അനേകർ (പുതിയ സൃഷ്ടി, പുതിയ ദൈവമക്കൾ, ദൈവത്തിൻറെ യിസ്രായേൽ) വന്ന്, അബ്രാഹമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വർഗരാജ്യത്തിൽ പന്തിക്കിരിക്കും.
മത്താ 8:12 രാജ്യത്തിൻറെ പുത്രന്മാരേയോ (പഴയ സൃഷ്ടി, ഭൌമിക യിസ്രായേൽ, യഹൂദർ) ഏറ്റവും പുറത്തുള്ള ഇരുളിലേക്ക് തള്ളിക്കളയും; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും എന്ന് ഞാൻ നിങ്ങളോട് പറയുന്നു”.
തള്ളിക്കളയപ്പെട്ട രാജ്യത്തിൻറെ പുത്രന്മാരാണ് യെഹൂദർ, “പഴയ സൃഷ്ടി”കൾ. ഈ സംഭവം നടന്നത് ക്രി.പി.70ൽ. അവർ തള്ളിക്കളയപ്പെട്ടപ്പോൾ യഥാർത്ഥ ദൈവപുത്രന്മാർ ആരാണെന്നത് വെളിപ്പെട്ടു (റോമ 8:19).

ഈ രണ്ട് വിഭാഗങ്ങളും (പഴയ സൃഷ്ടിയും, പുതിയ സൃഷ്ടിയും) നിലനിൽക്കുമ്പോൾ നടക്കേണ്ട കാര്യമാണിത്. പഴയ സൃഷ്ടി ക്രി.പി.70ൽ ഇല്ലാതായി. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ക്രൈസ്തവ മാർഗത്തിൽ ഉള്ളവർ ദൈവമക്കളായി അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിൽ, നമ്മളേക്കാൾ ശോചനീയമായ അവസ്ഥയിലുള്ളവർ ആരുമില്ല.

നാം യേശു ക്രിസ്തുവിനോട് കൂടെ മരിച്ച്, അടക്കപ്പെട്ട്, ഉയിർപ്പിക്കപ്പെട്ട് സ്വർഗതലത്തിൽ ഇരുത്തപ്പെട്ടെന്ന് (ഭൂതകാലം) വേദപുസ്തകം എത്ര തവണ പറഞ്ഞാലും (ഉദാ: എഫേ 2:5-7) നമുക്ക് തൃപ്തിയില്ല; നമ്മുടെ ചിന്ത ജഡികമാണ്.
ഗലാ 3:3 നിങ്ങൾ ഇത്ര ബുദ്ധികെട്ടവരോ? ആത്മാവിനാൽ ആരംഭിച്ചിട്ട് ഇപ്പോൾ ജഡത്താലോ സമാപിക്കുന്നത്?
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

Monday, July 3, 2017

ഹുമനയോസും ഫിലേത്തോസും പുനരുത്ഥാനത്തെ പറ്റിയുള്ള ക്രൈസ്തവ വിശ്വാസവും.

ക്രിസ്തുവിൽ പ്രിയരെ,

ഭവിതവാദത്തെ (പ്രെട്രിസത്തെ) ദുഷിക്കുന്നവർ പരക്കെ ഉപയോഗിക്കുന്ന ഒരു വേദഭാഗമാണ്:

2തിമോ 2:18 ഹുമനയോസും ഫിലേത്തോസും അവരുടെ കൂട്ടത്തിൽ ഉള്ളവരാകുന്നു; അവർ സത്യം വിട്ടു തെറ്റി പുനരുത്ഥാനം കഴിഞ്ഞു എന്ന് പറഞ്ഞ് ചിലരുടെ വിശ്വാസം മറിച്ചുകളയുന്നു.
ഹുമനയോസും ഫിലേത്തോസും നടത്തിയിരുന്ന തെറ്റ് പുനരുത്ഥാനം കഴിഞ്ഞു എന്ന് പഠിപ്പിക്കുന്നതാണ്.

ഭൂരിഭാഗം ക്രൈസ്തവരും വിശ്വസിക്കുന്നത് പോലെ ശാരീരികമായ പുനരുത്ഥാനത്തിൽ പൌലോസോ, തിമൊഥെയൊസോ, ആദിമ സഭയോ വിശ്വസിച്ചിരുന്നെങ്കിൽ ഹുമനയോസും ഫിലേത്തോസും പഠിപ്പിക്കുന്നത് തെറ്റാണെന്ന് തെളിയിക്കുന്നത് വളരെ ലളിതമായിരുന്നു:
“അച്ചായന്മാരേ, അമ്മച്ചിമാരേ, നിങ്ങൾ ആ ശവക്കോട്ട വരെ പോയി ഈയിടെ മരിച്ചുപോയ നിങ്ങളുടെ അപ്പച്ചനോ അമ്മച്ചിയോ കുഴിയിൽ (കല്ലറയിൽ) ഉണ്ടോ എന്ന് നോക്കിക്കേ.”
എന്ന് പറഞ്ഞാൽ പരിഹരിക്കാവുന്ന കാര്യമേയുള്ളൂ. ആരുടെയും വിശ്വാസം മറിഞ്ഞുപോകുകയുമില്ല.

അന്തിമമായ പുനരുത്ഥാനം ശാരീരികമായ പുനരുത്ഥാനമാണെങ്കിൽ ഹുമനയോസും ഫിലേത്തോസും നടത്തിയിരുന്നത് ദുർബോധനയാണെന്ന് തെളിയിക്കുന്നത് അനായാസമായിരുന്നു. അങ്ങനെയല്ലാത്തതിനാലാണ് പൌലോസ് കാര്യങ്ങൾ ബോധിപ്പിക്കുവാൻ കഷ്ടപ്പെട്ടത്. (അന്തിമമായ പുനരുത്ഥാനം എന്ന പദസമുച്ചയത്താൽ യേശുവും ശിഷ്യന്മാരും ഉയിർത്തെഴുന്നേൽപിച്ച ലാസർ അടക്കമുള്ള നിരവധി പേരുടെ പുനരുത്ഥാനത്തെയല്ല ഉദ്ദേശിക്കുന്നത്. അന്ന് ഉയിർപ്പിക്കപ്പെട്ട ആരും സ്വർഗാരോഹണം ചെയ്തതായോ, അനശ്വരരായി ജീവിച്ചതായോ തെളിവില്ലല്ലോ?)


ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ