Thursday, July 28, 2016

നരകം ഒരു പഴങ്കഥ, ഭാഗം #2, ഹേഡീസ് (ആരും നിങ്ങളെ ഭയപ്പെടുത്താതിരിക്കട്ടെ.)


ക്രിസ്തുവിൽ പ്രിയരേ,



“നരകം ഒരു പഴങ്കഥ” എന്ന പരമ്പരയുടെ രണ്ടാം ഭാഗമാണിത്. (ആദ്യ ഭാഗം ഇവിടെ വായിക്കാം).

ഈ ലേഖനത്തില്‍ ഇംഗ്ലിഷ് വേദപുസ്തകത്തില്‍ Hell (നരകം) എന്നും, മലയാളം വേദപുസ്തകത്തില്‍ പാതാളം എന്നും പരിഭാഷപ്പെടുത്തിയിരിക്കുന്ന ഹേഡീസ് (ᾅδης, സ്ട്രോങ്സ് നിഘണ്ടുവിൽ G86, ഇംഗ്ലീഷില്‍ Hades) എന്ന പദമാണ്‌ പരിശോധിക്കുന്നത്. മുമ്പ് പല പ്രാവശ്യം പറഞ്ഞിട്ടുള്ളത് പോലെ, നമ്മുടെ വിശ്വാസ സംഹിതകള്‍ അധികവും ഇംഗ്ലീഷിലെ KJV (King James Version) എന്ന പരിഭാഷയെ അടിസ്ഥാനപ്പെടുത്തി രൂപീകരിച്ചവയാണ് എന്നതിനാല്‍ നാം എല്ലാ പദങ്ങളും മനസ്സിലാക്കിയിരിക്കണം. ദൈവത്തിന്‍റെ മനുഷ്യന്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുവാന്‍ സജ്ജനായിരിക്കണമല്ലോ. (1പത്രോ 3:15).

യമൻ അഥവാ കാലൻ

കുതിരപ്പുറത്ത് വരുന്ന മരണവും, നരകവും!


ഹൈന്ദവ പുരാണങ്ങളിൽ പോത്തിൻറെ പുറത്ത് വരുന്ന മരണത്തിൻറെ ദേവനുണ്ട് - യമൻ അഥവാ കാലൻ. കാലൻ വരുന്നത് ഒരുസമയം ഒരാളെ കൊണ്ടുപോകുവാനാണെങ്കിൽ വെളിപ്പാട് പുസ്തകത്തിൽ സാക്ഷാൽ മരണവും, നരകവും (മലയാളത്തിൽ പാതാളം, ഇംഗ്ലീഷിൽ Hell) കുതിരപ്പുറത്ത് എത്തുന്നത് ലോകത്തിലുള്ള നാലിലൊന്ന് പേരെ കൊന്നൊടുക്കുവാനാണ്!
വെളി 6:8 അപ്പോള്‍ ഞാന്‍ മഞ്ഞ നിറമുള്ള ഒരു കുതിരയെ കണ്ടു; അതിന്മേല്‍ ഇരിക്കുന്നവന് മരണം എന്ന് പേര്‍; പാതാളം (G86, Hell) അവനെ പിന്തുടര്‍ന്നു; അവര്‍ക്ക് വാളിനാലും ക്ഷാമത്താലും മഹാവ്യാധിയാലും ഭൂമിയിലെ കാട്ടുമൃഗങ്ങളാലും കൊന്നുകളയുവാന്‍ ഭൂമിയുടെ കാല്‍ അംശത്തിന്‍റെ മേല്‍ അധികാരം ലഭിച്ചു.
ഒരു നിമിഷം ആലോചിച്ചുനോക്കൂ, നരകം അല്ലെങ്കില്‍ പാതാളം കുതിരപ്പുറത്ത്‌ വരാവുന്ന ഒരു ആളാണോ?

നഗരങ്ങളെ വിഴുങ്ങുന്ന നരകം!


വെളി 6:8ലെ നരകം ഒരു കുതിരപ്പുറത്ത്‌ വരുവാന്‍ കഴിയുന്നത്ര ചെറുതായിരുന്നെങ്കില്‍, യേശുവിന്‍റെ ശുശ്രൂഷയുടെ കാലത്ത് അത് ഒരു നഗരത്തെ വിഴുങ്ങുവാൻ മാത്രം വലുതായിരുന്നു.
മത്താ 11:23 കഫര്‍ന്നഹൂമേ, നീ സ്വര്‍ഗത്തോളം ഉയര്‍ന്നിരിക്കുമോ? നീ പാതാളം (G86, Hell, നരകം) വരെ താഴ്ന്നു പോകും; നിന്നില്‍ നടന്ന വീര്യപ്രവൃത്തികള്‍ സോദോമില്‍ നടന്നിരുന്നു എങ്കില്‍ അത് ഇന്നുവരെ നില്‍ക്കുമായിരുന്നു.
കഫര്‍ന്നഹൂം നഗരത്തെ മുഴുവനായി വിഴുങ്ങുവാൻ കഴിയുന്ന നരകത്തിന് ഏതായാലും ഒരു കുതിരപ്പുറത്ത് വരുവാനുള്ള വലിപ്പം പോര! തന്നെയുമല്ല, ഭൂരിപക്ഷം ക്രൈസ്തവരുടെയും അഭിപ്രായത്തിൽ ലോകത്തിൽ ഇന്നുവരെ ജീവിച്ചിരുന്ന 11000 കോടി മനുഷ്യരിലെ ബഹുഭൂരിപക്ഷവും നരകത്തിൽ പതിക്കേണ്ടവരാണെന്നല്ലേ? അപ്പോൾ, ഈ നരകത്തിന് ഭൂമിയോളമെങ്കിലും വലിപ്പം വേണ്ടിവരും!

ക്രിസ്തുവിൽ പ്രിയരേ, കഫര്‍ന്നഹൂം സ്വർഗ്ഗത്തിലേക്ക് ഉയർന്നോ? ഈ വചനത്തിൻറെ സന്ദർഭം ദയവുചെയ്ത് പരിഗണിക്കൂ:
മത്താ 11:20 പിന്നെ അവിടന്ന് തന്‍റെ വീര്യപ്രവൃത്തികള്‍ മിക്കതും നടന്ന പട്ടണങ്ങള്‍ മാനസാന്തരപ്പെടാത്തതിനാല്‍ അവയെ ശാസിക്കുവാന്‍ തുടങ്ങി,...
കഫര്‍ന്നഹൂം, കോരസീൻ, ബേത്-സയിദ തുടങ്ങിയ സ്ഥലങ്ങിലെ ജനങ്ങളുടെ മാനസാന്തരപ്പെടാത്ത മനോഭാവത്തെ പറ്റിയല്ലേ സ്വർഗ്ഗത്തിലേക്ക് ഉയർന്നോ എന്ന് ചോദിച്ചത്? അതുകൊണ്ടുതന്നെ അവരുടെ അഹങ്കാരത്തിന് തക്കതായ ശിക്ഷ ലഭിക്കും എന്നല്ലേ പാതാളം (G86, Hell, നരകം) വരെ താഴ്ന്നു പോകും എന്ന് പറഞ്ഞതിൻറെ അർത്ഥം? (കഫര്‍ന്നഹൂം എന്ന സ്ഥലത്തുള്ളവരെല്ലാം പാപികളാണെന്ന് പറയുവാൻ കഴിയുമോ? പത്രോസ്, അന്ത്രെയാസ്, യാക്കോബ്, യോഹന്നാൻ എന്നിവരുടെ വീടുകൾ അവിടെയല്ലേ ഉണ്ടായിരുന്നത്?)

പന്ത് പോലെ എറിയാവുന്ന നരകം (പാതാളം)!


വെളി 20:13 സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്‍പിച്ചുകൊടുത്തു; മരണവും പാതാളവും (G86, Hell, നരകം) തങ്ങളില്‍ ഉള്ള മരിച്ചവരെ ഏല്‍പിച്ചുകൊടുത്തു; ഓരോരുത്തന് അവനവന്‍റെ പ്രവൃത്തികള്‍ക്കടുത്ത വിധി ഉണ്ടായി.
വെളി 20:14 മരണത്തെയും പാതാളത്തെയും (G86, Hell, നരകം) തീപ്പൊയ്കയില്‍ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം.
Rev 20:14 And death and hell were cast into the lake of fire. This is the second death.
(തീപ്പൊയ്ക ബാഹ്യാകാശത്തിൽ എവിടെയോ ഉള്ള ഒരു നിത്യപീഡനത്തിൻറെ സംവിധാനമല്ല എന്ന് ഇതിന് മുമ്പ് എഴുതിയത് വായിച്ചിട്ടില്ലെങ്കിൽ ഇതാ ഇവിടെ വായിക്കാം.)
അഗ്നിയാൽ എരിയുന്ന സ്ഥലം എന്നാണല്ലോ നരകത്തെ (പാതാളത്തെ) പറ്റിയുള്ള പൊതുവായ ധാരണ? അങ്ങനെ അഗ്നിയാൽ എരിയുന്ന സ്ഥലം തീക്കടലിലേക്ക് തള്ളിയിടുന്നതിൻറെ ഉദ്ദേശ്യം എന്താണെന്ന് പരിശോധിക്കാം.
  • തള്ളിയിടുന്നതിന് മുമ്പ് പാതാളം അതിലുള്ള മരിച്ചവരെയെല്ലാം വിട്ടുകൊടുത്തു.
  • അവർ ന്യായവിധിക്ക് വിധേയരായി.
  • അവരിൽ ജീവപുസ്തകത്തില്‍ പേര് എഴുതിയതായി കാണപ്പെടാത്ത എല്ലാവരെയും തീപ്പൊയ്കയില്‍ തള്ളിയിട്ടു. (വെളി 20:15)
വളരെ ന്യായമായ ഒരു സംശയം ചോദിക്കട്ടേ? ജീവപുസ്തകത്തില്‍ പേര് എഴുതപ്പെട്ടിട്ടുള്ളവർ ഈ പാതാളം (നരകം) എന്ന് പറയപ്പെടുന്ന സംഭവത്തിൽ ഇല്ലായിരുന്നെങ്കിൽ അവരെ വെളിയിലെടുത്ത് ന്യായവിധിക്ക് വിധേയരാക്കേണ്ട ആവശ്യമുണ്ടോ? ഒറ്റയടിക്ക് തീക്കടലിലേയ്ക്ക് തള്ളിയിട്ടാൽ മതിയാകുമായിരുന്നില്ലേ? (അവരെ മാത്രമല്ല, മരിച്ചവരെയെല്ലാം ന്യായവിധിക്ക് വിധേയരാക്കി എന്നത് അവഗണിച്ചുകൊണ്ടല്ല ഈ ചോദ്യം ചോദിക്കുന്നത്.)
പാപികൾ നിപതിക്കുന്ന സ്ഥലമാണ് നരകം എന്നല്ലേ സങ്കൽപം? അങ്ങനെയാണെങ്കിൽ, ജീവപുസ്തകത്തില്‍ പേര് എഴുതപ്പെട്ടിട്ടുള്ളവരും അവിടെ എങ്ങനെ എത്തി? ഒരുപക്ഷേ, പാപികൾ മാത്രമേ പാതാളം (നരകം) എന്ന ഈ സംഭവത്തിൽ ഉള്ളെങ്കിൽ അവർക്ക് ന്യായവിധി നൽകി അവരെ തീക്കടലിലേയ്ക്ക് തള്ളുന്നത് ഒരു പ്രഹസനമല്ലേ? ദൈവം അത്തരം പ്രഹസനങ്ങൾ നടത്തുമെന്ന് കരുതുന്നുണ്ടോ?

ഇതിന് മുമ്പ് എഴുതിയ ലേഖനങ്ങളിൽ തീപ്പൊയ്ക എന്താണ് എന്നും, വെളിപ്പാട് 20ന് സമാന്തരമായ മത്തായി 25ലെ ന്യായവിധി ഒരു ഉപമയാണെന്നും എഴുതിയിരുന്നു. ഈ രണ്ട് ന്യായവിധികളിലും വിശ്വാസമല്ല മാനദണ്ഡം, പ്രവൃത്തിയാണ്, "ഓരോരുത്തന് അവനവന്‍റെ പ്രവൃത്തികള്‍ക്ക് തക്കതായ വിധി ഉണ്ടായി" (വെളി 20:13), "എനിക്ക് വിശന്നു, നിങ്ങള്‍ ഭക്ഷിക്കുവാന്‍ തന്നു, ദാഹിച്ചു നിങ്ങള്‍ കുടിക്കുവാന്‍ തന്നു;..." (മത്താ 25:35). വിശ്വാസത്താൽ രക്ഷിക്കപ്പെട്ട, നീതീകരിക്കപ്പെട്ട നിങ്ങൾക്കാണോ പ്രവൃത്തി അടിസ്ഥാനപ്പെടുത്തിയുള്ള ന്യായവിധിയിൽ പങ്കുള്ളത് എന്ന് ചിന്തിച്ചുനോക്കുക. ക്രിസ്തുവിൽ പ്രിയരേ, ഒന്നാം നൂറ്റാണ്ടിൽ, യെഹൂദ്യരുടെ മതവും, സമ്പദ്‍വ്യവസ്ഥയും, ദേവാലയവും, യെരൂശലേമും നശിപ്പിക്കപ്പെട്ട്, അവർ കൂട്ടക്കൊലയ്ക്കും, അടിമകളായി പിടിക്കപ്പെടുന്നതിനും മുമ്പ്, “എന്‍റെ ഈ ഏറ്റവും ചെറിയ സഹോദരന്മാർക്ക്” (അപ്പൊസ്തലന്മാർക്ക്) എന്തെങ്കിലും നല്ലത് ചെയ്ത്, അപ്പോൾ വരുവാനിരുന്ന മഹാവിപത്തിൽ നിന്നും രക്ഷപെടുവാനാണ് യേശു യോഹന്നാൻ വഴിയായി ഒന്നാം നൂറ്റാണ്ടിലെ യെഹൂദ്യർക്ക് നൽകിയ സന്ദേശം.

എൻറെ പിതാവേ, പാപികൾ നിപതിക്കുന്ന നരകത്തിൽ യേശുവും നിപതിച്ചോ?

അപ്പൊ 2:27 നീ എന്‍റെ പ്രാണനെ (ദേഹിയെ, പ്രാണനെ എന്നത് തെറ്റായ പരിഭാഷയാണ്) പാതാളത്തില്‍ (G86, Hell, നരകം) വിടുകയില്ല; നിന്‍റെ പരിശുദ്ധനെ ദ്രവത്വം കാണുവാന്‍ സമ്മതിക്കുകയും ഇല്ല.
അപ്പൊ 2:31 അവിടത്തെ പാതാളത്തില്‍ (G86, Hell, നരകം) വിട്ടുകളഞ്ഞില്ല അവന്‍റെ ജഡം (ദേഹി) ദ്രവത്വം കണ്ടതുമില്ല എന്ന് ക്രിസ്തുവിന്‍റെ പുനരുത്ഥാനം മുന്‍കൂട്ടിക്കണ്ട്, പ്രസ്താവിച്ചു.
ഈ രണ്ട് വചനങ്ങളുടെ അടിസ്ഥാനത്തിൽ യേശു മരിച്ച് ഉയിർത്തെഴുന്നേൽക്കുന്നതിന് ഇടയിലുള്ള മൂന്ന് ദിവസങ്ങളിൽ സാത്താനുമായി മല്ലയുദ്ധം നടത്തി അവൻറെ കൈയ്യിലുണ്ടായിരുന്ന നരകത്തിൻറെ താക്കോൽ പിടിച്ചുവാങ്ങി എന്നൊക്കെ തള്ളുന്നവരുണ്ട്. അവരുടെ കെട്ടുകഥകൾക്ക് വേദപുസ്തകത്തിൽ അടിസ്ഥാനമുണ്ടോ? ഇല്ലേയില്ല.
മരിച്ച് മൂന്ന് ദിവസം യേശു കല്ലറയിൽ ആയിരുന്നില്ലേ? അവിടെയാണ് അവിടത്തെ ദേഹിയെ വിട്ടുകളയാതിരുന്നത്. അവിടത്തെ ദേഹം ദ്രവത്വം കാണാതിരുന്നത് കല്ലറയിലാണ്.
ക്രിസ്തുവിൽ പ്രിയരേ, പാപികൾ നിപതിക്കുന്ന, അഗ്നിയെരിയുന്ന ഒരു സ്ഥലത്തല്ല. അവിടന്ന് പറഞ്ഞതുപോലെ, മൂന്ന് പകലും, മൂന്ന് രാത്രിയും ഭൂമിയുടെ ഉള്ളിൽ ആയിരുന്നു അവിടന്ന് ഉണ്ടായിരുന്നത് (മത്താ 12:40). (ഭൂമിയുടെ ഉള്ളിൽ എന്നതിന് ഭൂമിയുടെ ഉള്ളിൽ ലാവ തിളയ്ക്കുന്ന ഭാഗത്ത് എന്ന് അർത്ഥമില്ല.)

യേശുവിൻറെ ഉയിർത്തെഴുന്നേൽപിന് ശേഷം അവിടത്തെ ശരീരത്തിൽ പൊള്ളലിൻറെ പാടുകൾ ഉണ്ടായിരുന്നതായി ആരും എഴുതിയിട്ടില്ലാത്തതിനാൽ അവിടന്ന് എവിടെയായിരുന്നോ ആ നരകം (പാതാളം) അഗ്നി എരിയുന്ന സ്ഥലമല്ല എന്നത് വ്യക്തമല്ലേ? (അതുപോലെതന്നെ ഭൂമിയുടെ ഉള്ളിലെ ലാവ തിളയ്ക്കുന്ന ഭാഗത്ത് അല്ല എന്നും.)

പാതാളത്തിന് താക്കോൽ ഉണ്ടാകുവാൻ അതെന്താ സിൻഡിക്കേറ്റ് ബാങ്കിൻറെ ലോക്കറാണോ?

വെളി 1:18 ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍ ഇതാ, എന്നെന്നേയ്ക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്‍റെയും പാതാളത്തിന്‍റെയും (G86, Hell, നരകം) താക്കോല്‍ എന്‍റെ കൈവശം ഉണ്ട്.
ചായക്കട നടത്തുന്ന ഒരു പട്ടർ കടയിലെ പണപ്പെട്ടിയുടെ താക്കോൽ അരഞ്ഞാണച്ചരടിൽ കെട്ടിയിട്ടിരിക്കും. ഒരു രാത്രിയിൽ ചായയുണ്ടാക്കുന്ന പയ്യൻ പണപ്പെട്ടിയുമായി മുങ്ങിയപ്പോൾ: “അതിനെന്താ, താക്കോൽ നമ്മുടെ കൈവശമുണ്ടല്ലോ?” എന്ന് പട്ടർ ആശ്വസിച്ചു പോലും! അതുപോലെയാണ് ഇവിടെയും: യേശുവിൻറെ കൈയ്യിൽ മരണത്തിൻറെയും പാതാളത്തിൻറെയും താക്കോലുണ്ട് - എന്നിട്ടോ, മരണവും പാതാളവും കുതിരപ്പുറത്ത് ഉലാത്തുന്നു! (വെളി 6:8)

ക്രിസ്തുവിൽ പ്രിയരേ, യേശു അവിടത്തെ പുനരുത്ഥാനത്തിന് ശേഷം പറഞ്ഞത് ഓർമ്മയുണ്ടോ?
മത്താ 28:18 "സ്വര്‍ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്ക് നല്‍കപ്പെട്ടിരിക്കുന്നു.”
“സകല അധികാരവും” എന്നതിൽ ഉൾപ്പെടാത്തതായി എന്തുണ്ട്? അവിടത്തേക്ക് കുരിശുമരണത്തിന് മുമ്പുതന്നെ സ്വന്തം ജീവൻറെ മേൽ അധികാരം ഉണ്ടായിരുന്നില്ലേ? (യോഹ 10:17, 18)

ഒന്നാം നൂറ്റാണ്ടിൽ പീഡത്തിലൂടെ കടന്നുപോയിരുന്ന (വെളി 1:9) ക്രൈസ്തവർക്ക് ഉത്തേജനവും, ധൈര്യവും നൽകുക എന്നതായിരുന്നില്ലേ ഈ വേദഭാഗത്തിൻറെ ഉദ്ദേശ്യം. ആദിയും, അന്ത്യവുമായ, മരണത്തെ അതിജീവിച്ച ഞാൻ നിങ്ങളുടെ കൂടെയുണ്ട് എന്നതാണ് യേശുവിൻറെ സന്ദേശം.

ധനികൻ പീഡിപ്പിക്കപ്പെട്ട പാതാളം (നരകം)


ഹേഡീസ് എന്ന ഗ്രീക്ക് വാക്ക് ഉപയോഗിക്കപ്പെട്ടിട്ടുള്ള വചനങ്ങളിൽ ലൂക്കോ 16:23ൽ മാത്രമേ യാതന അല്ലെങ്കിൽ പീഡനം അനുഭവിക്കുക എന്ന പരാമർശം വരുന്നുള്ളൂ. അതിനെ പറ്റി, “ധനികനും, ദരിദ്രനായ ലാസരും നരകവും” എന്ന ലേഖനത്തിൽ വിശദമായി എഴുതിയിട്ടുള്ളതിനാൽ ഇവിടെ ആവർത്തിക്കുന്നില്ല.

പാതാളം എന്ന വാക്കിൻറെ അർത്ഥം.

1കൊരി 15:55 ഹേ മരണമേ, നിന്‍റെ വിഷമുള്ള് എവിടെ? ഹേ പാതാളമേ(G86, Hell, നരകം), നിന്‍റെ ജയം എവിടെ?
ഈ വചനം ഹോശേ 13:14ൽ നിന്നുമുള്ള ഉദ്ധരണിയാണ്.
ഹോശേ 13:14 ... മരണമേ, നിന്‍റെ ബാധകള്‍ എവിടെ? പാതാളമേ, നിന്‍റെ സംഹാരം എവിടെ?
മലയാളത്തിൽ 1കൊരി 15:55ലെ പോലെതന്നെ ഈ ഹോശേ 13:14ൽ കാണാത്തതിന് കാരണം മലയാളം അടക്കം മിക്കവാറും വേദപുസ്തകങ്ങൾ ക്രിസ്തുവിന് ശേഷം 7 മുതൽ 17 വരെ നൂറ്റാണ്ടുകളിൽ തയ്യാറാക്കപ്പെട്ട മസോറട്ടിക് ടെക്‍സ്റ്റ് (Masoretic Text) എന്ന ഹീബ്രു കൈയ്യെഴുത്തുപ്രതിയുടെ പരിഭാഷയായതുകൊണ്ടാണ്. ക്രിസ്തുവിന് 300 വർഷങ്ങൾക്ക് മുമ്പ് തയ്യാറാക്കിയ സെപ്റ്റ്വജിൻറ് (Septuagint) എന്ന ഗ്രീക്ക് കൈയ്യെഴുത്തുപ്രതിയിൽ നിന്നുമാണ് യേശുവും ശിഷ്യന്മാരും വചനങ്ങൾ ഉദ്ധരിച്ചിരുന്നത്. (KJV ഭ്രാന്ത് പിടിച്ചവർ എന്നെ കടിച്ചുകീറുവാൻ വരുന്നതിന് മുമ്പ് താഴെ കൊടുത്തിരിക്കുന്ന വചനങ്ങൾ വായിച്ചുനോക്കുവാൻ കാലുപിടിച്ച് അപേക്ഷിക്കുന്നു.)
1Co 15:55 O death, where is thy sting? O grave<G86>, where is thy victory?

Masoretic Text KJV Hos 13:14 I will ransom them from the power of the grave; I will redeem them from death: O death, I will be thy plagues; O grave, I will be thy destruction: repentance shall be hid from mine eyes.

Septuagint Hos 13:14 I will deliver them out of the power of Hades, and will redeem them from death: where is thy penalty, O death? O Hades<G86>, where is thy sting? comfort is hidden from mine eyes.
ഈ ലേഖനത്തിന് ആധാരമായ ഹേഡീസ് (Hades) എന്ന വാക്ക് സെപ്റ്റ്വജിൻറ് പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. അതുപോലെതന്നെ ഇതേ വാക്ക് നരകം എന്നല്ലാതെ കല്ലറ (grave) എന്ന് ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഒരേയൊരു വചനം 1കൊരി 15:55 മാത്രമാണെന്നതും ശ്രദ്ധിക്കുക. ഇതിന് കാരണമുണ്ട്: ഇതുവരെ നാം കണ്ട വചനങ്ങളിൽ ഈ ഒരു വചനം മാത്രമാണ് പഴയനിയമത്തിൽ നിന്നുമുള്ള ഉദ്ധരണി. ഹീബ്രു കൈയ്യെഴുത്തുപ്രതിയിൽ ഉപയോഗിച്ചിരിക്കുന്ന ഷിയോൾ എന്ന വാക്കിന് കല്ലറ എന്ന അർത്ഥമുണ്ട് എന്ന ധാരണയാണ് ഈ ചുവടുമാറ്റത്തിന് കാരണം. (ഷിയോൾ - Sheol - എന്ന വാക്ക് KJVയിൽ 31 തവണ നരകം എന്നും, 31 തവണ കല്ലറ എന്നും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.)

കക്കാന്‍ പഠിച്ചാല്‍ പോര ...നില്‍ക്കാനും പഠിക്കണം എന്ന് കേട്ടിട്ടില്ലേ? നരകം, അഗ്നിനരകം എന്നൊക്ക പറഞ്ഞ് നാട്ടുകാരെ പേടിപ്പിക്കുവാനുള്ള വ്യഗ്രതയിൽ ഈയൊരു വചനം ഒരുതരത്തിലും നരകമാക്കുവാൻ കഴിയില്ല എന്ന അവസ്ഥ സംജാതമായി, കാരണം 1കൊരി 15ൻറെ വിഷയം പുനരുത്ഥാനമാണല്ലോ, അവിടെ നരകത്തിന് എന്ത് കാര്യം?

ഷിയോൾ എന്ന ഹീബ്രു വാക്കിനെ പറ്റി ഇപ്പോൾ വരെ ഞാൻ മലയാളത്തിൽ എഴുതിയിട്ടില്ല (ജൂലൈ 28, 2016). ഇതിന് മുമ്പ് ഇംഗ്ലീഷിൽ എഴുതിയപ്പോൾ ഒരു കാര്യം മനസ്സിലായി: ഹേഡീസും ഷിയോളും ഒരേ ആശയമാണ്. അതെന്താണെന്ന് പറയുന്നതിന് മുമ്പ് പാതാളം, ഹേഡീസ് എന്നീ വാക്കുകളുടെ അർത്ഥം പറയാം.

പാതാളം എന്ന വാക്ക് തമിഴിലെ പാതാളം (பாதாளம்) എന്ന വാക്കിൽ നിന്നും ഉണ്ടായതാണ്. ഈ വാക്ക് പാദം (பாதம்), നിലം എന്ന അർത്ഥമുള്ള അളം (அளம்) എന്നീ വാക്കുകൾ ചേർന്ന് ഉണ്ടായതാണ്. അതായത് കാലിനടിയിലെ നിലം, നാം നിന്നാൽ (കാലിന് അടിയിൽ ആയതുകൊണ്ട്) “കാണാത്ത നിലം”. (മറ്റൊരു ഉദാഹരണം: ഉപ്പളം ഉപ്പ് ഉണ്ടാക്കുന്ന നിലം.)

ഇനി ഹേഡീസ് എന്ന വാക്കിൻറെ സ്ട്രോങ്സ് നിഘണ്ടുവിലെ വിവരണം:
G86 ᾅδης (hadēs, hah'-dace) From G1 (as a negative particle) and G1492; properly unseen... (ഈ വാക്ക് G1, G1492 എന്ന രണ്ട് വാക്കുകളിൽ നിന്നും ഉണ്ടായതാണ്.)

ഇതിൽ G1 എന്ന സംഖ്യയുള്ള “Α” “അ” എന്ന വിപരീതപദം ഉണ്ടാക്കുവാനുള്ള പൂര്‍വ്വപ്രത്യയമാണ് (prefix). അ+പരിചിതൻ=അപരിചിതൻ, അ+ന്യായം=അന്യായം എന്നതുപോലെ.

G1492, εἴδω (i'-do, ഐഡോ) എന്നതിൻറെ അർത്ഥം “കാണുക”.

അതായത് G1, G1492 എന്നീവാക്കുകൾ ചേർന്നുണ്ടായ G86ൻറ അർത്ഥം കാണുവാൻ കഴിയാത്തത്. ദൃശ്യം.

മരിച്ചവർ പാതാളത്തിൽ (കാണാത്ത നിലത്ത്) ആയി, അല്ലെങ്കിൽ അദൃശ്യരായി എന്നതാണ് ഈ വാക്കിൻറെ അർത്ഥം. യേശുവും, പാപികളും, വിശുദ്ധരുമെല്ലാം മരണശേഷം കല്ലറയിലോ, മണ്ണിലോ അദൃശ്യരാകുന്നു. അവരാരും ദൈവത്തിൻറെ കണ്ണിൽ നിന്നും മറഞ്ഞിരിക്കുന്നില്ല. നാം മലയാളത്തിൽ ശവം മറവുചെയ്യുക എന്ന് പറയാറില്ലേ? ശവത്തെ നമ്മുടെ മുന്നിൽ നിന്നും മറയ്ക്കുക, കാണാതെയാക്കുക എന്നല്ലേ അതിന് അർത്ഥം?

ഹേഡീസിന് രണ്ട് അറയുണ്ട്, ഒരു അറയിൽ പാപികൾ ദണ്ഡിക്കപ്പെടുന്നു, ഇനിയൊരു അറയിൽ വിശുദ്ധന്മാർ ആനന്ദിക്കുന്നു, എന്നൊക്കെയുള്ള സിദ്ധാന്തങ്ങൾക്ക് യാതൊരു അടിസ്ഥാനവും ഇല്ല. (ഹീബ്രുവും ഗ്രീക്കും അക്ഷരമാല പോലും അറിയാത്തവർ എബ്രായരുടെയും യവനരുടെയും സംസ്ക്കാരത്തിൽ അങ്ങനെയായിരുന്നു ഇങ്ങനെയായിരുന്നു എന്ന് തള്ളുതള്ളുന്നത് കേൾക്കുമ്പോൾ ഉണ്ടാകുന്ന ചൊറിച്ചിൽ പറഞ്ഞറിയിക്കുവാൻ വയ്യ.)

പാപി ചെല്ലുന്നിടം പാതാളം എന്നൊരു പഴഞ്ചൊല്ല് കേട്ടിട്ടില്ലേ? അതിനി തിരുത്തി എഴുതാം മരിച്ചവൻ ചെല്ലുന്നിടം പാതാളം.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

Tuesday, July 26, 2016

നരകം ഒരു പഴങ്കഥ, ഭാഗം #1, ഗെഹന്ന (ആരും നിങ്ങളെ ഭയപ്പെടുത്താതിരിക്കട്ടെ.)

ക്രിസ്തുവിൽ പ്രിയരേ,


പുതിയനിയമത്തിൽ നരകം എന്ന് പരിഭാഷപ്പെടുത്തിയിട്ടുള്ള മൂന്ന് ഗ്രീക്ക് വാക്കുകളിൽ ഒരെണ്ണം ഇവിടെ പരിശോധിക്കുകയാണ് (ബാക്കിയുള്ളവ തുടർന്നുവരുന്ന ലേഖനങ്ങളിൽ പരിശോധിക്കും.) ഈ ലേഖനത്തിൽ പരിശോധിക്കുന്ന വാക്ക് ഗെഹന്ന - γέεννα, (gheh'-en-nah, സ്ട്രോങ്സ് നിഘണ്ടുവിൽ G1067).

നരകം എന്ന നിത്യപീഡനത്തിൻറെ ഒരു സ്ഥലം ഇല്ല എന്ന് പറയുമ്പോൾ ചില കുബുദ്ധികൾ ചോദിക്കുന്ന ചില പൊട്ടച്ചോദ്യങ്ങളുണ്ട്: നരകം ഇല്ലെങ്കിൽ കൊലപാതകം ചെയ്യാമോ? വ്യഭിചരിക്കാമോ? ബലാൽസംഗം ചെയ്യാമോ? മോഷ്ടിക്കാമോ?

നരകം ഉണ്ട് എന്ന പേടികൊണ്ട് മാത്രം തെറ്റുചെയ്യുന്നില്ലെങ്കിൽ നിങ്ങൾ യഥാർത്ഥത്തിൽ ഒരു അധമനാണ്. ട്രാഫിക്ക് പോലീസ് പിടിക്കുവാനില്ല എന്നതിനാൽ ലക്കില്ലാതെ വണ്ടിയോടിച്ചാൽ ആർക്കാണ് കുഴപ്പം എന്ന് ആലോചിക്കുക.
നിങ്ങൾ പറഞ്ഞ തെറ്റുകളിൽ ചിലത് ചെയ്താൽ നാട്ടുകാരും പോലീസും തല്ലി എല്ലൊടിക്കും, പിന്നെ ജയിലിൽ ഗോതമ്പുണ്ട തിന്നാം, എന്താ നോക്കുന്നോ?

ഈ ലേഖനം വായിക്കുവാനോ ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ യുക്തിയുക്തമാണോ എന്ന് അവലോകനം ചെയ്യുവാനോ ശ്രമിക്കാതെ, ഇത് ദുരുപദേശമാണെന്ന് പ്രചരിപ്പിക്കുവാൻ സാധ്യതയുള്ള എല്ലാ മതവാദികൾക്കും ഭാവുകങ്ങൾ! ദൈവം നിങ്ങൾക്ക് നല്ലത് വരുത്തട്ടെ! (ചീത്തവിളിക്കുവാൻ മുട്ടുന്നവർ +919066322810 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ തന്നാൽ ഞാൻ തിരിച്ചുവിളിച്ച്, ചീത്ത കേൾക്കാം.)


കുട്ടികളായിരിക്കുമ്പോൾ മുതിർന്നവർ നമ്മളോട് പറയും നുണ പറയരുത്, യേശുവിന് (കത്തോലിക്കരാണെങ്കിൽ ഈശോയ്ക്ക്) ഇഷ്ടപ്പെടില്ല, നരകത്തിൽ പോകും, ചെകുത്താൻ പല്ല് ഈമ്പും എന്നൊക്കെ. ഈ ഗുണദോഷങ്ങളെല്ലാം കഴിഞ്ഞ് താൽപര്യമില്ലാത്ത ആരെങ്കിലും വീട്ടിൽ വന്നാലോ, ഫോൺ ചെയ്താലോ അവരോട് “അപ്പച്ചൻ ഇവിടെയില്ല” എന്ന് പറയുവാൻ നമ്മളെ ഏൽപിക്കും. അവർ പാപം ചെയ്യുന്നത് മാത്രമല്ല, നമ്മളെ രണ്ടിരട്ടി നരകയോഗ്യരാക്കുകയും ചെയ്യുന്നു! (മത്താ 23:15) സത്യമായും അവർ നരകത്തിൽ വിശ്വസിക്കുന്നുണ്ടോ? ഇല്ലേയില്ല, അവർക്ക് നമ്മളെ പേടിപ്പിച്ച്, നിയന്ത്രിക്കുവാനുള്ള ഒരു ഉപായം മാത്രമാണ് നരകം. മാതാപിതാക്കളുടെ കാര്യം മാത്രമല്ല, മതങ്ങളും ജനങ്ങളെ വരുതിക്ക് നിറുത്തുവാനുള്ള ഉപായമായാണ് നരകശിക്ഷയുടെ ഭീഷണി മുഴക്കുന്നത്.

ഇടറലിന് ഹേതുവായ കൈ, കണ്ണ്, ഹൃദയം - ആലങ്കാരിക ഭാഷ.

മത്താ 5:29 നിൻറെ വലത് കണ്ണ് നിനക്ക് ഇടര്‍ച്ചവരുത്തുന്നെങ്കില്‍ അത് ചൂഴ്ന്നെടുത്ത്, എറിഞ്ഞുകളയുക; നിന്‍റെ ശരീരം മുഴുവനും നരകത്തില്‍ പോകുന്നതിനെക്കാള്‍ അവയവങ്ങളില്‍ ഒന്ന് നശിക്കുന്നത് നിനക്ക് പ്രയോജനകരമാണ്.
മത്താ 5:30 നിൻറെ വലത് കൈ നിനക്ക് ഇടര്‍ച്ചവരുത്തുന്നു എങ്കില്‍ അത് വെട്ടി, എറിഞ്ഞുകളയുക; നിന്‍റെ ശരീരം മുഴുവനും നരകത്തില്‍ പോകുന്നതിനെക്കാള്‍ അവയവങ്ങളില്‍ ഒന്ന് നശിക്കുന്നത് നിനക്ക് പ്രയോജനകരമാണ്.
നിങ്ങളുടെ വലത് കൈയ്യോ, വലത് കണ്ണോ, വലത് കാലോ നിങ്ങൾക്ക് ഇടറലിന് കാരണമാകുന്നെങ്കിൽ അതിനെ വിച്ഛേദിച്ച് ജീവിതത്തിലോ ദൈവരാജ്യത്തിലോ പ്രവേശിക്കുവാൻ യേശു ആഹ്വാനം ചെയ്തത് (മത്താ 5:29; 30; 18:9; മർക്കോ 9:43, 45, 47) പ്രതീകാത്മകമായാണ് എന്ന് വിവേചിക്കുവാൻ കഴിഞ്ഞവർക്ക്, അതേ സന്ദർഭങ്ങളിൽ നരകത്തെ പറ്റി പരാമർശിച്ചിരിക്കുന്നത് പ്രതീകാത്മകമല്ല എന്നുള്ള വെളിപാട് വന്നത് എങ്ങനെയാണാവോ? (പല വേദപണ്ഡിതന്മാരും “വലത് കൈ” എന്ന പദസമുച്ചയത്തിന് ലൈംഗികമായ വ്യാഖ്യാനം നൽകിയിരിക്കുന്നത് പരിഹാസ്യമാണ്, കാരണം വലതു കൈ എന്ന് മത്തായിയുടെ സുവിശേഷത്തിൽ മാത്രമേയുള്ളൂ, മർക്കോസിൻറെ സുവിശേഷത്തിൽ ഇല്ല. വലത് കൈക്ക് ലൈംഗികമായ അർത്ഥം കണ്ടുപിടിച്ച വേദപണ്ഡിതന്മാർക്ക് വലത് കാലിനും, വലത് കണ്ണിനും യുക്തിയുക്തമായ അർത്ഥം കണ്ടുപിടിക്കുവാൻ കഴിയാത്തതാണ് അതിലും വിചിത്രം.)

കണ്ണും, കൈയ്യും, കാലും വിച്ഛേദിക്കുന്നത് പ്രതീകാത്മകമാണ്, പക്ഷേ, അതേ സന്ദർഭത്തിൽ പരാമർശിച്ചിരിക്കുന്ന നരകം പ്രതീകാത്മകമല്ല എന്ന് വാദിക്കുന്നത് ശുദ്ധ വിവരക്കേടാണ്. ഒന്നുകിൽ രണ്ടും അക്ഷരാർത്ഥത്തിലുള്ളതാണ്, അല്ലെങ്കിൽ രണ്ടും പ്രതീകാത്മകമാണ്. നമ്മുടെ കൈകളോ, കാലുകളോ, കണ്ണുകളോ നമ്മെ പാപം ചെയ്യിക്കില്ല, നമ്മുടെ മനസ്സാണ് പാപം ചെയ്യിക്കുന്നത്.

യേശു വേദശാസ്ത്രികളോട്: “നിങ്ങള്‍ ഹൃദയത്തില്‍ തിന്മ ചിന്തിക്കുന്നത് എന്തുകൊണ്ട്?” (മത്താ 9:4) എന്ന് ചോദിച്ചതിന് അവർ ഹൃദയംകൊണ്ടാണ് ചിന്തിക്കുന്നത് എന്നാണോ അർത്ഥം? എന്നുമുതലാണ് ഹൃദയം ചിന്തിക്കുവാൻ തുടങ്ങിയത്? (“ഞെട്ടിക്കുന്ന വാർത്തകൾ കേൾക്കുമ്പോൾ ചിലർക്ക് ഹൃദയാഘാതം ഉണ്ടാവാറില്ലേ, അത് ചിന്തയിൽ ഹൃദയത്തിന് പങ്കുണ്ട് എന്നതിന് തെളിവല്ലേ” എന്ന് ചോദിച്ചേക്കാം. അത്തരം വാർത്തകൾ കേൾക്കുമ്പോൾ മറ്റ് പലർക്കും വയറിളക്കം ഉണ്ടാകാറുണ്ട്, അപ്പോൾ ഏത് ഭാഗമാണ് ചിന്തയിൽ പങ്കുവഹിക്കുന്നത് എന്നതാണ് എൻറെ മറുചോദ്യം)

കൈ, കാൽ, കണ്ണ്, ഹൃദയം എന്നിവയെല്ലാം പാപം ചെയ്യുവാൻ പ്രേരിപ്പിക്കുന്നു എന്നത് ആലങ്കാരിക ഭാഷയാണ്, അതുകൊണ്ടുതന്നെ അതേ സന്ദർഭങ്ങളിൽ ഉപയോഗിച്ച നരകം എന്ന പദവും ആലങ്കാരികഭാഷയാവാതെ തരമില്ല.

സഹോദരനെ ചീത്തവിളിക്കുന്നവൻറെ ഗതി, സാൻഹെഡ്രിൻ, അഗ്നിനരകം!

മത്താ 5:22 ഞാൻ നിങ്ങളോട് പറയുന്നു: സഹോദരനോട് കോപിക്കുന്നവരെല്ലാം ന്യായവിധിക്ക് യോഗ്യനാകും സഹോദരനോട് നിസ്സാരാ (ഓട്ടത്തലയാ) എന്ന് പറഞ്ഞാല്‍ ന്യായാധിപസഭയുടെ (സാൻഹെഡ്രിൻറെ) മുമ്പില്‍ നില്‍ക്കേണ്ടിവരും; മൂഢാ (വിഡ്‌ഢി) എന്ന് പറഞ്ഞാൽ അഗ്നിനരകത്തിന് യോഗ്യനാകും.
സഹോദരൻ ഉണ്ടായിരുന്നിട്ടും നിങ്ങൾ അവനെ ഒരിക്കലും ചീത്തവിളിച്ചിട്ടില്ലെങ്കിൽ, ഒന്നുകിൽ നിങ്ങൾ ഊമ, അല്ലെങ്കിൽ മന്ദബുദ്ധി, അതുമല്ലെങ്കിൽ ഊമ+മന്ദബുദ്ധി. സഹോദരനെ ഒരിക്കലും ശകാരിച്ചിട്ടില്ല എന്ന് അവകാശപ്പെടുന്നവർ നട്ടാൽ കുരുക്കുന്ന നുണ പറയുന്നതാവാനുള്ള സാധ്യത 99.9999 + 0.0001%. എനിക്ക് പൂച്ചക്കണ്ണുള്ളതും, എൻറെ അനുജന് ചേലാകർമ്മം ചെയ്തതാണെന്നതും ഞങ്ങളുടെ ചെറുപ്പത്തിൽ വീട്ടിലെ സീൻ എന്തായിരുന്നു എന്ന് സങ്കൽപിക്കുവാൻ നിങ്ങളെ സഹായിക്കും എന്ന് കരുതുന്നു.

മത്താ 5:22 പ്രകാരം സഹോദരനെ നിസ്സാരാ (ഓട്ടത്തലയാ) അല്ലെങ്കിൽ വിഡ്‌ഢി എന്ന് വിളിച്ചിട്ടുള്ളവരൊക്കെ അഗ്നിനരകത്തിൽ പതിക്കണം! അങ്ങനെയാണെങ്കിൽ, ലോകത്ത് സഹോരന്മാരുള്ള ഏറെക്കുറെ എല്ലാവരും നരകത്തിൽ പതിക്കും. പക്ഷേ, അതിനുമുമ്പ് അവർ ന്യായാധിപസഭയുടെ (സാൻഹെഡ്രിൻറെ) മുമ്പില്‍ നില്‍ക്കണം!

ന്യായാധിപസഭ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്ക് συνέδριον, (സാൻഹെഡ്രിൻ, soon-ed'-ree-on, സ്ട്രോങ്സ് നിഘണ്ടുവിൽ G4892), ഇതിൻറെ അർത്ഥം യെഹൂദ്യരുടെ ന്യായാധിപസഭ. ഇത് മുമ്പ് യെരൂശലേമിൽ നിലനിന്നിരുന്നു. ഇവരാണ് യേശുവിനെയും, ശിഷ്യന്മാരെയും വിചാരണ ചെയ്തത്. കി.പി.358ൽ പിരിച്ചുവിടപ്പെട്ട ശേഷം സാൻഹെഡ്രിൻ രൂപീകരിക്കുവാൻ പല ശ്രമങ്ങൾ നടന്നെങ്കിലും അവയൊന്നും ഫലംകണ്ടില്ല.

ഒരു ജനാധിപത്യ രാജ്യത്ത് ജീവിക്കുന്ന ക്രൈസ്തവനായ നിങ്ങളെ ഏത് സാൻഹെഡ്രിൻറെ മുന്നിലാണോ നിറുത്തേണ്ടത്? ക്രിസ്തുവിൽ പ്രിയരേ, യേശു പറഞ്ഞ കാര്യങ്ങൾ ഒന്നാം നൂറ്റാണ്ടിലുണ്ടായിരുന്ന യെഹൂദ്യർക്ക് ബാധകമായിരുന്നു. നാം പാപരഹിതരായി ജീവിക്കണം എന്നല്ലാതെ നമുക്ക് ബാധകമല്ലാത്ത ശിക്ഷകളെ ഭയക്കേണ്ട കാര്യമില്ല.

ദേഹത്തെയും ദേഹിയെയും നരകത്തിൽ നശിപ്പിക്കുവാന്‍ കഴിയുന്നവൻ

മത്താ 10:28 ദേഹിയെ കൊല്ലുവാന്‍ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തില്‍ നശിപ്പിക്കുവാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍. (ലൂക്കോ 12:5ഉം കാണുക)
ദേഹി എന്ന വാക്കിൻറെ നിർവചനം എന്താണെന്നതിനെ പറ്റി തലനാരിഴ കീറി പരിശോധിക്കുന്നില്ല. ദേഹം (ദേഹവും) നശിപ്പിക്കപ്പെടുന്ന സ്ഥലമാണ് നരകം എന്നാണ് ഈ വചനം അർത്ഥമാക്കുന്നത് എന്നതിൽ തർക്കമില്ലല്ലോ? ഈ വചനത്തെ പറ്റി വിശദമായി പരിശോധിച്ചിട്ടുള്ളതുകൊണ്ട്, ചുരുക്കിപ്പറയാം: ഈ ഭൂമിയിൽ ഇതുവരെ 11000 കോടി മനുഷ്യർ ജീവിച്ച് മരിച്ച് മണ്ണായിട്ടുണ്ട്, ഭൂമിയുടെ ഉപരിതലത്തിലെ മണ്ണിൽ അവരുടെ ശരീരങ്ങളുടെ അംശങ്ങളുണ്ട്.അവരുടെ ദേഹങ്ങൾ മണ്ണായി, ചെടികൾക്കും മരങ്ങൾക്കും വളമായി, ആ ചെടികളും മരങ്ങളുടെ ഫലങ്ങളും ഭക്ഷിച്ച നമ്മുടെ ശരീരത്തിൻറെ ഭാഗമായിത്തീർന്നു; അവരുടെ ദേഹങ്ങളുടെ അംശങ്ങൾ നമ്മുടെ ദേഹത്തുണ്ട്. അവരുടെ ദേഹങ്ങളെ അഗ്നിനരകത്തിൽ നശിപ്പിക്കണമെങ്കിൽ നമ്മുടെ ദേഹങ്ങളെ നശിപ്പിക്കണം. അവരെ ശരീരത്തോടെ പുനരുത്ഥാനം ചെയ്യിക്കണമെങ്കിലും അവരുടെ ശരീരത്തിൻറെ അംശങ്ങൾ നമ്മുടെ ശരീരത്തിൽ നിന്നും വെളിയിൽ വരണം! നമ്മുടെ ശരീരത്തിൽ എത്ര മരിച്ചവരുടെ അംശങ്ങൾ ഉണ്ടാകുമോ, ആവോ?

യേശു അവിടത്തെ ശിഷ്യന്മാരെ അവരുടെ ആദ്യത്തെ സുവിശേഷ പ്രചരണത്തിന് അയച്ചപ്പോൾ (മത്താ 10:5) അവർക്ക് നേരിട്ടേക്കാവുന്ന എതിർപ്പുകളെയും ഉപദ്രവങ്ങളെയും പറ്റി മുന്നറിയിപ്പ് കൊടുത്ത ശേഷം അവർക്ക് ഉത്തേജനം നൽകുവാൻ വേണ്ടി പറഞ്ഞ വാക്കുകളുടെ ഭാഗമാണ് മത്താ 10:28. യേശു ശിഷ്യന്മാരോട് പറയുന്ന കാര്യം ഇതാണ്: ദൈവത്തെയല്ലാതെ, ഒരുത്തനേം പേടിക്കേണ്ട! ഒരുപക്ഷേ, അവർ നിങ്ങളെ അടിച്ചെന്നും, ചീത്തവിളിച്ചെന്നും, പോലീസിൽ ഏൽപിച്ചെന്നും, വിരട്ടിയോടിച്ചെന്നും വരും, നിങ്ങൾ ധൈര്യമായി ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് വിളിച്ചുപറയുക. അവര് കേട്ടില്ലേ, അവർക്ക് പോയി, അത്രതന്നേ! (ഞാൻ സംഭാഷണം എഴുതുന്നതിൽ വിദഗ്ദനല്ല, നിങ്ങൾ സ്വയം വായിച്ചുനോക്കിക്കോളൂ, യേശു പറഞ്ഞതിൻറെ രത്നച്ചുരുക്കം ഇത്രയുമേയുള്ളൂ.)

ദൈവരാജ്യത്തിൻറെ സുവിശേഷം നിരാകരിക്കുന്നവർക്കുള്ള ശിക്ഷാവിധി ഈ വേദഭാഗത്തിൽ തന്നെ നൽകപ്പെട്ടിട്ടുണ്ട്.
മത്താ 10:15 ന്യായവിധി ദിവസത്തില്‍ ആ പട്ടണത്തെക്കാള്‍ സോദോമ്യരുടെയും ഗൊമോര്യരുടെയും ദേശത്തിന് സഹിക്കുവാന്‍ ആകും എന്ന് ഞാന്‍ സത്യമായി നിങ്ങളോട് പറയുന്നു.
അതായത്, അവർക്ക് ലഭിക്കുന്ന ശിക്ഷ സോദോം, ഗൊമോര പട്ടണങ്ങളേക്കാൾ കടുത്തതായിരിക്കുമെന്ന്. എനിക്ക് നിങ്ങളെക്കാൾ ഉയരമുണ്ട് എന്ന് പറഞ്ഞാൽ അതിന് അർത്ഥം നിങ്ങൾക്ക് ഒരു സാധാരണ മനുഷ്യൻറെ ഉയരവും, എനിക്ക് ആകാശവും, ബാഹ്യാകാശവും എല്ലാം കടന്നുപോകുന്ന ഉയരമുണ്ടെന്നാണോ?

ക്രിസ്തുവിൽ പ്രിയരേ, ഈ വേദഭാഗം യേശു അവിടത്തെ ശിഷ്യന്മാരെ യെഹൂദ്യരുടെ അടുത്തേക്ക് മാത്രമായി അയച്ചപ്പോൾ അവർക്ക് നൽകിയ നിർദ്ദേശങ്ങളുടെ ഭാഗമാണ് എന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു. യെഹൂദ്യർക്കായി ദൈവം എഴുന്നേൽപിക്കുന്ന ആ പ്രവാചകനെ നിരാകരിക്കുന്നവർക്ക് ലഭിക്കേണ്ട ശിക്ഷ മോശെ വ്യക്തമാക്കിയിട്ടുണ്ട്:
ആവ 18:18 നിന്നെ പോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്കും അവരുടെ സഹോദരന്മാരുടെ ഇടയില്‍ നിന്നും എഴുനേല്‍പ്പിച്ച് എന്‍റെ വചനങ്ങളെ അവന്‍റെ നാവിന്മേല്‍ ആക്കും; ഞാന്‍ അവനോട് കല്‍പിക്കുന്നതെല്ലാം അവന്‍ അവരോട് പറയും.
ആവ 18:19 അവന്‍ എന്‍റെ നാമത്തില്‍ പറയുന്ന എന്‍റെ വചനങ്ങള്‍ ആരെങ്കിലും കേള്‍ക്കാതിരുന്നാല്‍ അവനോട് ഞാന്‍ ചോദിക്കും.
“ചോദിക്കും” എന്ന് എഴുതിയിരിക്കുന്നതിൻറെ അർത്ഥം പത്രോസ് കൂടുതൽ വ്യക്തമാക്കുന്നു:
അപ്പൊ 3:22 “ദൈവമായ കര്‍ത്താവ് നിങ്ങളുടെ സഹോദരന്മാരില്‍ നിന്നും എന്നെ പോലെ ഒരു പ്രവാചകനെ നിങ്ങള്‍ക്ക് എഴുനേല്‍പ്പിച്ച് തരും; അവന്‍ നിങ്ങളോട് സംസാരിക്കുന്ന സകലത്തിലും നിങ്ങള്‍ അവന്‍റെ വാക്ക് കേള്‍ക്കേണം”.
അപ്പൊ 3:22 “ആ പ്രവാചകന്‍റെ വാക്ക് കേള്‍ക്കാത്ത എല്ലാവരും ജനത്തിന്‍റെ ഇടയില്‍ നിന്നും ഛേദിക്കപ്പെടും.” എന്ന് മോശെ പറഞ്ഞുവല്ലോ.
പഴയനിയമത്തിൽ ന്യായപ്രമാണം ലംഘിച്ചവർക്കുള്ള ശിക്ഷയായിരുന്നു ജനങ്ങളിൽ നിന്നും വിഛേദിക്കുക എന്നത്.
  • ഉൽ 17:14ൽ പരിച്ഛേദന ഏല്‍ക്കാത്തവരെയും,
  • പുറ 30:33, 38ൽ വിശുദ്ധമായ അഭിഷേകതൈലം സ്വന്തം ആവശ്യത്തിനായി ഉണ്ടാക്കുകയോ മറ്റുള്ളവർക്ക് കൊടുക്കുകയോ ചെയ്യുന്നവരെയും,
  • ലേവ്യ 7:20ൽ അശുദ്ധിയോടെ സമാധാനയാഗങ്ങളുടെ മാംസം തിന്നുന്നവരെയും,
തുടങ്ങി നൂറിൽപരം തവണ ജനങ്ങളിൽ നിന്നും വിഛേദിക്കണം എന്ന് നിർദ്ദേശിച്ചപ്പോഴെല്ലാം കൊന്നുകളയണം എന്ന് അർത്ഥമാക്കിയ മോശെ “ആ പ്രവാചകനെ”, “അഭിഷിക്തനെ” അല്ലെങ്കിൽ മിശിഹായെ നിരാകരിക്കുന്നവരെ മാത്രം നരകം എന്ന ഒരു സ്ഥലത്ത് ചുട്ട്, വറുത്ത്, പുഴുങ്ങി, പൊരിക്കണം എന്ന് നിർദ്ദേശിക്കുവാനുള്ള സാധ്യത എത്രമാത്രമുണ്ട്?

സോദോം ഗൊമോറയെ പറ്റിയുള്ള പരാമർശവും, നരകവും ഈ വേദഭാഗത്തിൽ ഒരുമിച്ച് വരുന്നത് യാദൃച്ഛികമായി സംഭവിച്ചതല്ല. യേശുവിനെ, അവരുടെ മിശിഹായെ, നിരാകരിച്ച 11 ലക്ഷം യെഹൂദ്യർ കൊല്ലപ്പെട്ട്, നരകം എന്ന് പരിഭാഷപ്പെടുത്തപ്പെട്ടിട്ടുള്ള ഗെഹന്ന എന്ന പേരുള്ള താഴ്വരയിൽ എറിയപ്പെട്ടതും യാദൃച്ഛികമായിരിക്കുവാൻ വഴിയില്ല. ഇത് സംഭവിച്ചത് കി.പി.70ൽ. സോദോം ഗൊമോറയിലെ ഉന്മൂലനം ഏതാനും മണിക്കൂറുകൾകൊണ്ട് അവസാനിച്ചെങ്കിൽ, ടൈറ്റസ് സീസറിൻറെ കീഴിൽ റോമൻ സൈന്യം മൂന്നര വർഷം യെരൂശലേമിനെ വലയം ചെയ്തപ്പോൾ, ജനങ്ങൾ ഭക്ഷണവും വെള്ളവുമില്ലാതെ കഷ്ടപ്പെട്ടു, തെരുവുമൃഗങ്ങൾ പോലും തിന്നുവാൻ അറയ്ക്കുന്ന മലിനവസ്തുക്കൾ ഭക്ഷിക്കുവാൻ നിർബന്ധിതരായി. ഒടുവിൽ തെരുവുനായ്ക്കളെ പോലെ കൊല്ലപ്പെട്ട്, ഗെഹന്ന താഴ്വരയിൽ എറിയപ്പെട്ടു. ഇതാണ് സോദോം ഗൊമോറയേക്കാൾ സഹിക്കുവാൻ ആവാത്ത ന്യായവിധി.

ഗെഹന്ന താഴ്‍വര


ഗെഹന്ന എന്ന സ്ഥലം യെരൂശലേമിൻറെ കിഴക്കുതെക്കേ മൂലയിൽ കിദ്രോനിനോട് ചേർന്നുള്ള താഴ്‍വരയാണ്. പഴയനിയമത്തിൽ അധർമ്മികളായ ചില രാജാക്കന്മാർ മക്കളെ അഗ്നിപ്രവേശം നടത്തിക്കുവാനും (2രാജാ 23:10), ശിശുബലി കഴിക്കുവാനും (2ദിന 28:3; 33:6; യിരെ 7:31), അന്യദേവന്മാർക്ക് ബലിയർപ്പിക്കുവാനും (യിരെ 32:35) ഉപയോഗിച്ചിരുന്ന ബെൻഹിന്നോം താഴ്‍വരയാണ് പുതിയനിയമ കാലത്ത് ഗ്രീക്ക് ഭാഷയിൽ ഗെഹന്ന എന്ന് അറിയപ്പെട്ടിരുന്നത്. ഈ സ്ഥലം “കൊലയുടെ താഴ്വര” എന്ന് വിളിക്കപ്പെടുന്ന കാലം വരും എന്ന് യിരെമ്യാവ് മുഖാന്തരം പ്രവചിക്കപ്പെട്ടിരുന്ന പ്രവചനം നിറവേറിയതാണ് കി.പി.70ൽ നടന്നത്:
യിരെ 7:32 അതുകൊണ്ട് ഇനി അതിന് തോഫെത്ത് എന്നും ബെന്‍-ഹിന്നോം താഴ്വര എന്നും പേര് പറയാതെ കൊലയുടെ താഴ്വര എന്ന് പേര്‍ വിളിക്കുന്ന കാലം വരും എന്ന് യഹോവയുടെ അരുളപ്പാട്. വേറെ സ്ഥലം ഇല്ലാത്തതിനാല്‍ അവര്‍ തോഫെത്തില്‍ ശവം അടക്കും. (യിരെ 19:6ഉം കാണുക)
തിരുനിവാസം സ്വര്‍ഗീയമായതിന്‍റെ ദൃഷ്ടാന്തവും നിഴലും ആയിരുന്നത് പോലെ (എബ്രാ 8:5) നരകം എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗെഹന്ന പ്രപഞ്ചത്തിന് വെളിയിലുള്ള ഏതെങ്കിലും പീഡന കേന്ദ്രത്തിൻറെ നിഴലല്ല. യേശുവിനെ ക്രിസ്തു (അഭിഷിക്തൻ, മിശിഹ) എന്ന് അംഗീകരിക്കുവാൻ വിമുഖത കാണിച്ച, ദൈവരാജ്യത്തിൻറെ സുവിശേഷത്തെ നിരാകരിച്ച യെഹൂദ്യർക്ക് ലഭിച്ച ശിക്ഷയുടെ ശാശ്വത സ്മാരകമാണ്.

ഇപ്പോൾ ഗെഹന്ന മനോഹരമായ ഒരു പ്രദേശമാണ്.


മത്തായി 10ൻറെ സന്ദർഭം യെഹൂദ്യരോട് സുവിശേഷം പ്രസംഗിക്കുന്നതും അവർ അത് നിരാകരിച്ചാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളുമാണ്. ഈ വേദഭാഗത്തിന് സാർവത്രികമോ, സാർവലൌകികമോ ആയ സാധുതയില്ല. അവർക്ക് ലഭിക്കേണ്ടത് ലഭിച്ചു. ഈ വേദഭാഗം എടുത്ത് കണ്ണിൽകണ്ടവരുടെ മുകളിൽ ആരോപിക്കുന്നതല്ല വേദവ്യാഖ്യാനം.

യെഹൂദ മതമേധാവികൾക്ക് നരകം.

പരീശരും വേദശാസ്ത്രികളുമായുള്ള യേശുവിൻറെ ഏറ്റുമുട്ടലുകളുടെ മൂർദ്ധന്യമാണ് മത്തായി 23ൽ നാം വായിക്കുന്നത്. യേശു തൻറെ ശുശ്രൂഷയിൽ ഏറ്റവും അവസാനമായി നരകം (ഗെഹന്ന) എന്ന പദം ഉപയോഗിച്ചത് ഈ അദ്ധ്യായത്തിലാണ്.
മത്താ 23:15 കപടഭക്തിക്കാരായ ശാസ്ത്രിമാരേ പരീശരേ, നിങ്ങള്‍ക്ക് ഹാ കഷ്ടം; നിങ്ങള്‍ ഒരുവനെ മതത്തില്‍ ചേര്‍ക്കുവാന്‍ കടലും കരയും ചുറ്റി നടക്കുന്നു; ചേര്‍ത്ത ശേഷം അവനെ നിങ്ങളെക്കാള്‍ ഇരട്ടി നരകയോഗ്യന്‍ ആക്കുന്നു.
ഇവിടെ കപടഭക്തിക്കാർ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന വാക്ക് ὑποκριτής (hoop-ok-ree-tace', ഹൂപ്പോക്രീറ്റേസ്, സ്ട്രോങ്സ് നിഘണ്ടുവിൽ G5273) ആണ്. ഈ വാക്കിൽ നിന്നുമാണ് hypocrite എന്ന ഇംഗ്ലീഷ് വാക്ക് ഉണ്ടായിരിക്കുന്നത്. ഈ വാക്കിൻറെ അർത്ഥം കപടനാട്യക്കാരന്‍ അല്ലെങ്കിൽ ആത്മവഞ്ചകൻ എന്നാണ്. യേശു പരീശരെയും ഇതര മതമേധാവികളെയും ആക്ഷേപിക്കുവാൻ ഉപയോഗിച്ച വാക്കാണിത്.

സാധാരണക്കാരെ ബദ്ധപ്പെട്ട് അവരുടെ മതത്തിൽ ചേർത്തിട്ട് അവരെ തങ്ങളേക്കാൾ വലിയ കപടനാട്യക്കാരാക്കി മാറ്റുന്നു എന്നാണ് ഈ വചനത്തിൻറെ അർത്ഥം. ഇവിടെ പാപമല്ല അവരെ നരകയോഗ്യരാക്കുന്നത്, അവരുടെ വിശുദ്ധന്മാരെന്നുള്ള നാട്യമാണ്.
മത്താ 23:33 പാമ്പുകളേ, സര്‍പ്പസന്തതികളേ, നിങ്ങള്‍ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും?
ഇതും പരീശരോടും, ശാസ്ത്രികളോടുമുള്ള ഭർത്സനത്തിൻറെ ഭാഗമാണ്. തുടർന്നുവരുന്ന വചനങ്ങളിൽ ഈ ശിക്ഷ എപ്പോൾ സംഭവിക്കും എന്ന് വ്യക്തമാക്കുന്നുണ്ട്.
മത്താ 23:36 ഇതെല്ലാം ഈ തലമുറയുടെ മേല്‍ വരും എന്ന് ഞാന്‍ സത്യമായി നിങ്ങളോട് പറയുന്നു.
യേശു അഭിസംബോധന ചെയ്ത തലമുറയുടെ മേൽ ആ ശിക്ഷ വന്നു, കി.പി.70ൽ.

നരകം (ഗെഹന്ന) എന്ന പ്രതീകം.

യാക്കോ 3:5 നാവ് ചെറിയ അവയവമാണെങ്കിലും വളരെയധികം വമ്പ് പറയുന്നു. കുറച്ച് തീ എത്ര വലിയ കാട് കത്തിക്കുന്നു?
യാക്കോ 3:6 നാവും ഒരു തീയാണ്; അത് നമ്മുടെ അംഗങ്ങളുടെ കൂട്ടത്തില്‍ അനീതി ലോകമായി ദേഹത്തെ മുഴുവന്‍ മലിനമാക്കി ജീവചക്രത്തിന് തീ കൊളുത്തുകയും നരകത്താല്‍ അതിന് തീ പിടിക്കുകയും ചെയ്യുന്നു.
നരകത്താൽ നാവിന് തീ പിടിക്കും എന്നാണോ ഈ വചനത്തിൻറെ അർത്ഥം? നരകം എന്താ ഗ്യാസ് ലൈറ്ററോ, തീപ്പെട്ടിക്കൊള്ളിയോ, തീപ്പന്തമോ ആണോ? ഈ വചനങ്ങളുടെ സന്ദർഭം നാം നമ്മുടെ വാക്കുകളെ നിയന്ത്രിക്കണം, ശ്രദ്ധയോടെ സംസാരിക്കണം എന്നല്ലേ പഠിപ്പിക്കുന്നത്? നാവ് പാപം ചെയ്യുമോ? മനസ്സും ചിന്തയുമല്ലേ പാപഹേതുക്കൾ? ഇവിടെയും നരകം ഒരു പ്രതീകം മാത്രമാണ്.

നാശം, നശിപ്പിക്കൽ എന്ന അർത്ഥത്തിൽ നരകം എന്ന പദം ഉപയോഗിച്ചിരിക്കുന്നത് ഒന്നാം നൂറ്റാണ്ടിൽ യെഹൂദ്യർക്ക് ഉണ്ടായ നാശത്തെ സൂചിപ്പിക്കുവാനാണ്. മറ്റ് സന്ദർഭങ്ങളിൽ നരകം ഒരു പ്രതീകമായാണ് ഉപയോഗിച്ചിരിക്കുന്നത്. ആരും നിങ്ങളെ ഭയപ്പെടുത്താതിരിക്കട്ടെ.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

Sunday, July 24, 2016

ചില [പുതിയ] വാക്കുകൾ

ഇതൊരു ലേഖനമല്ല, ഒരു പരീക്ഷണമാണ്. ചില വാക്കുകളുടെ മലയാളം പരിഭാഷ ബ്ലോഗറിൽ നൽകിയാൽ ഗൂഗിളിൽ തേടുന്നവർക്ക് ലഭിക്കുമോ എന്ന് അറിയുവാൻ. ഗൂഗിൾ ട്രാൻസ്ലേറ്റിൽ നൽകിയിട്ട് പ്രയോജനം കണ്ടില്ല, അയിനാ...

Some English terms and their Malayalam meanings.

Preterism = ഭവിതവാദം. [ഭവിത = ഭവിച്ച, നടന്ന, സംഭവിച്ച]
Futurism = ഭവിഷ്യവാദം. [ഭവിഷ്യ = ഭവിക്കാനിരിക്കുന്ന]
exegesis = അര്‍ത്ഥവ്യുത്‌പത്തി. (വ്യുത്പത്തി = ജ്ഞാനം]
eisegesis = അർത്ഥാരോപണം. (അർത്ഥം ആരോപിക്കുന്നത്.)

Friday, July 22, 2016

മത്തായി 25ലെ ന്യായവിധി ഒരു ഉപമയാണ്. ഭാഗം #2 (ആരും നിങ്ങളെ ഭയപ്പെടുത്താതിരിക്കട്ടെ!)

ക്രിസ്തുവിൽ പ്രിയരേ,

ഇത് ഈ പരമ്പരയിലെ രണ്ടാം ലേഖനമാണ്, ഒന്നാം ഭാഗം വായിച്ചു എന്ന് ഉറപ്പുവരുത്തുക.

നിയതമായ രൂപരേഖയുള്ള നാല് ഉപമകൾ.


യേശുക്രിസ്തു തിരികെവരുന്നത് അക്ഷരാർത്ഥത്തിൽ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുവാനല്ല എന്ന അറിവ് മത്തായി 25ലെ ന്യായവിധി ഒരു ഉപമയാണെന്ന് മനസ്സിലാക്കുന്നതിൻറെ ആരംഭമാണ്.

മത്താ 24:43 മുതൽ മത്താ 25:46 വരെയുള്ള വേദഭാഗത്തിൽ നിയതമായ രൂപരേഖയുള്ള 4 ഉപമകൾ കാണുവാൻ കഴിയും.
  • മത്താ 24:43-51, വിശ്വസ്തനായ ദാസൻറെയും ദുഷ്ടദാസൻറെയും ഉപമ.(ചില ക്രിസ്തീയ വിഭാഗങ്ങൾ ഈ ഉപമ അവരുടെ സ്ഥാപകനെ പറ്റിയോ, ഭരണസമിതിയെ പറ്റിയോ ആണെന്ന് വാദിക്കുന്നുണ്ട്). ഈ ഉപമ വിശ്വസ കുടുംബത്തിൻറെ മേൽ അധികാരം നടത്താതെ അതിന് പോഷണം നൽകുന്നതിനെ പറ്റിയാണ്.
  • മത്താ 25:1-13, ബുദ്ധിയില്ലാത്ത കന്യകകളുടെയും ബുദ്ധിയുള്ള കന്യകകളുടെയും ഉപമ. (തങ്ങളുടെ ഇടയിലെ കൂടുതൽ അഭിഷേകമുള്ളവർ മാത്രമേ ബുദ്ധിയുള്ള കന്യകകളായി ക്രിസ്തുവിൻറെ മണവാട്ടിമാർ ആകുകയുള്ളൂ എന്ന് ശഠിക്കുന്ന ക്രിസ്തീയ വിഭാഗങ്ങളും ഉണ്ട്). മണവാളൻ വരുന്ന ദിവസമോ, സമയമോ അറിയില്ലെങ്കിലും വിശ്വാസവും പ്രത്യാശയും കാത്തുപരിപാലിക്കേണ്ടതിൻറെ ആവശ്യകതയെ പറ്റിയാണ് ഈ ഉപമ.
  • മത്താ 25:14-30, താലന്തുകളുടെ ഉപമ അല്ലെങ്കിൽ, കഠിനാധ്വാനികളായ ദാസന്മാരുടെയും, മടിയനായ ദാസൻറെയും ഉപമ. തനിക്ക് നൽകപ്പെട്ടതെല്ലാം യജമാനൻറെ വ്യാപാരത്തിൽ നിക്ഷേപിക്കണം എന്ന് പഠിപ്പിക്കുന്ന ഉപമ.
  • മത്താ 25:31-46 ചെമ്മരിയാടുകളുടെയും (നീതിമാന്മാർ) കോലാടുകളുടെയും (അനീതിമാന്മാർ) ഉപമ.
ഈ നാല് ഉപമകളിലും യജമാനൻ / മണവാളൻ / മനുഷ്യപുത്രൻ വരുന്നതിനെ പറ്റി പരാമർശിക്കുന്നുണ്ട്. ഇവയിലെല്ലാം നല്ലത് ചെയ്തവർക്ക് പ്രതിഫലവും, തിന്മ ചെയ്തവർക്ക് ഭർത്സനവും, ശിക്ഷയും നൽകപ്പെടുന്നുണ്ട്.

ഒന്നാമത്തെയും മൂന്നാമത്തെയും ഉപമകൾക്ക് മുമ്പ് ഉണർന്ന്, ജാഗരൂഗതയോടെ ഇരിക്കേണ്ടതിൻറെ ആവശ്യകതയെ പറ്റി യേശു അവിടത്തെ ശിഷ്യന്മാരെ ബോധവൽക്കരിക്കുന്നുണ്ട്.
മത്താ 24:42 നിങ്ങളുടെ കര്‍ത്താവ് ഏത് ദിവസത്തില്‍ വരുന്നു എന്ന് നിങ്ങള്‍ അറിയാത്തതിനാല്‍ ഉണര്‍ന്നിരിക്കുവിന്‍.
മത്താ 25:13 ... നാളും നാഴികയും നിങ്ങള്‍ അറിയാത്തതിനാല്‍ ഉണര്‍ന്നിരിക്കുവിന്‍.

മൂന്നാമത് ഒരു കൂട്ടർ.


മുമ്പുള്ള മൂന്ന് ഉപമകളിലും നന്മ ചെയ്യുന്നവരും തിന്മ ചെയ്യുന്നവരുമായി രണ്ട് കൂട്ടർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിൽ, മത്താ 25:31-46ലെ, അന്തിമ ന്യായവിധിയുടെതെന്ന് പൊതുവായി കരുതപ്പെടുന്ന ഉപമയിൽ മൂന്നാമതൊരു കൂട്ടരുണ്ട്, അവരെ യേശു “എൻറെ സഹോദരന്മാർ” എന്നാണ് അഭിസംബോധന ചെയ്യുന്നത്.  സിംഹാസനത്തിൻറെ വലതുഭാഗത്തുള്ള ചെമ്മരിയാടുകൾ (നീതിമാന്മാർ) ചെയ്ത സൽപ്രവൃത്തികളുടെ ഗുണഭോക്താക്കളാണ് ഇക്കൂട്ടർ.
മത്താ 25:40 രാജാവ് അവരോട്: എന്‍റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ചെയ്തിടത്തോളം എല്ലാം എനിക്ക് ചെയ്തു എന്ന് ഞാന്‍ സത്യമായി നിങ്ങളോട് പറയുന്നു...
സിംഹാസനത്തിൻറെ ഇടതുഭാഗത്തുള്ള കോലാടുകളോടുള്ള (അനീതിമാന്മാർ) മറുപടിയിൽ എൻറെ സഹോദരന്മാർ എന്ന പദസമുച്ചയം ഇല്ല എന്നത് ശ്രദ്ധിക്കുക.
മത്താ 25:45 ഈ ഏറ്റവും ചെറിയവരില്‍ ഒരുവന് നിങ്ങള്‍ ചെയ്യാതിരുന്നപ്പോൾ എനിക്കാണ് ചെയ്യാതിരുന്നത് എന്ന് ഞാന്‍ സത്യമായി നിങ്ങളോട് പറയുന്നു എന്ന് ഉത്തരമരുളും.
ചെമ്മരിയാടുകളെ അഭിസംബോധന ചെയ്തപ്പോൾ കോലാടുകളെ പറ്റിയും, കോലാടുകളെ അഭിസംബോധന ചെയ്തപ്പോൾ ചെമ്മരിയാടുകളെ പറ്റിയുമാണ് എൻറെ സഹോദരന്മാർ എന്ന് പറഞ്ഞത് എന്ന് കരുതുന്നതിൽ യുക്തിയില്ല.

“എൻറെ സഹോദരന്മാർ” ആരാണ്?


യേശുവിന് നമ്മളെ അവിടത്തെ സഹോദരന്മാർ എന്ന് വിളിക്കുന്നതിൽ വൈമുഖ്യമില്ലെങ്കിലും (എബ്രാ 2:11) “എൻറെ സഹോദരന്മാർ” എന്ന പദപ്രയോഗം പല തവണ അവിടത്തെ ശിഷ്യന്മാരെ സൂചിപ്പിക്കുവാനാണ് ഉപയോഗിച്ചത് എന്നത് ശ്രദ്ധിക്കുക:
മത്താ 28:10 യേശു അവരോട് (അവിടത്തെ ഉയിർത്തെഴുന്നേൽപിന് ശേഷം കല്ലറ സന്ദർശിച്ച സ്ത്രീകളോട്): “ഭയപ്പെടേണ്ട; നിങ്ങള്‍ പോയി എന്‍റെ സഹോദരന്മാരോട് ഗലീലിയ്ക്ക് പോകുവാന്‍ പറയുവിന്‍; അവിടെ അവര്‍ എന്നെ കാണും” എന്ന് പറഞ്ഞു.
യോഹ 20:17 യേശു അവളോട് (മഗ്ദലന മറിയത്തോട്) എന്നെ തൊടരുത്; ഞാന്‍ ഇതുവരെ പിതാവിന്‍റെ അടുത്ത് കയറിപ്പോയില്ല; എങ്കിലും നീ എന്‍റെ സഹോദരന്മാരുടെ അടുത്ത് ചെന്ന്: എന്‍റെ പിതാവും നിങ്ങളുടെ പിതാവും എന്‍റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്‍റെ അടുത്ത് ഞാന്‍ കയറിപ്പോകുന്നു എന്ന് അവരോട് പറയുക എന്ന് പറഞ്ഞു.
ശരിയാണ്, “സ്വര്‍ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവന്‍ എന്‍റെ സഹോദരനാണ്...” (മത്താ 12:50) എന്ന് യേശു പറഞ്ഞിട്ടുണ്ട്. ഫേസ്‍ബുക്കിലും മറ്റ് നവമാധ്യമങ്ങളിലും നമ്മുടെ മതപരമായ മുൻവിധികളും ധാരണകളും പ്രചരിപ്പിക്കുമ്പോഴും, നമ്മുടെ വിശ്വാസവുമായി പൊരുത്തപ്പെടാത്തവരെ ചീത്തവിളിക്കുമ്പോഴും നാം കരുതുന്നത് സ്വര്‍ഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നു എന്നല്ലേ?

ചെമ്മരിയാടുകളോടുള്ള രാജാവിൻറെ (മനുഷ്യപുത്രൻറെ, യേശുക്രിസ്തുവിൻറെ) വാക്കുകൾ “എൻറെ സഹോദരന്മാർ” എന്ന പദസമുച്ചയത്താൽ ആരെയാണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കുന്നു.
മത്താ 25:35 എനിക്ക് വിശന്നു, നിങ്ങള്‍ ഭക്ഷിക്കുവാന്‍ തന്നു, ദാഹിച്ചു നിങ്ങള്‍ കുടിക്കുവാന്‍ തന്നു; ഞാന്‍ പരദേശിയായിരുന്നു, നിങ്ങള്‍ എന്നെ സ്വീകരിച്ചു.
മത്താ 25:36 നഗ്നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങള്‍ എന്നെ കാണുവാന്‍ വന്നു; തടവിലായിരുന്നു, നിങ്ങള്‍ എന്‍റെ അടുത്ത് വന്നു.
യേശു “എൻറെ സഹോദരന്മാർ” എന്ന് ആരെ അഭിസംബോധന ചെയ്തോ അവർ തടവിലായിരുന്നു.
  • അപ്പൊസ്തലന്മാർ തടവിലായിരുന്നു - അപ്പൊ 5:18
  • ശൌൽ (പൌലോസ്) അനേകം ക്രൈസ്തവരെ തടവറയിൽ ആക്കുവാൻ കൂട്ടുനിന്നിട്ടുണ്ട് - അപ്പൊ 8:3
  • യെഹൂദ്യരെ സന്തോഷിപ്പിക്കുവാൻ ഹെരോദ് പത്രോസിനെ തടവിലാക്കി - അപ്പൊ 12:4
  • പൌലോസും ശീലാസും തുയഥൈരയിൽ തടവിലായിരുന്നു - അപ്പൊ 16:23
  • ... ഇനിയും എത്രയോ ഉദാഹരണങ്ങൾ.
പൌലോസ് എന്തെല്ലാം സഹിച്ചു എന്ന് ഈ വേദഭാഗത്തിൽ കാണുക:
2കൊരി 11:23 ക്രിസ്തുവിന്‍റെ ശുശ്രൂഷകരോ? - ഞാന്‍ ബുദ്ധിഭ്രമമായി സംസാരിക്കുന്നു - ഞാന്‍ അധികം; ഞാന്‍ ഏറ്റവുമധികം അധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടികൊണ്ടു, പലപ്പോഴും പ്രാണഭയത്തിലായി;
2കൊരി 11:24 യെഹൂദരാല്‍ ഞാന്‍ 5 തവണ 39 അടി വീതം കൊണ്ടു;
2കൊരി 11:25 മൂന്ന് തവണ കോലിനാല്‍ അടികൊണ്ടു; ഒരിക്കല്‍ കല്ലേറ് ഏറ്റു, മൂന്ന് തവണ കപ്പല്‍ച്ചേതത്തില്‍ അകപ്പെട്ടു, ഒരു രാപ്പകല്‍ വെള്ളത്തില്‍ കഴിച്ചു.
2കൊരി 11:27 അധ്വാനം, പ്രയാസം, പലവട്ടം ഉറക്കമിളപ്പ്, പൈദാഹം, പലവട്ടം പട്ടിണി, തണുപ്പ്, നഗ്നത,...
പൌലോസ് വളരെയധികം എഴുതിയിട്ടുള്ളതിനാൽ അദ്ദേഹത്തിൻറെ കഷ്ടപ്പാടുകളെ പറ്റി നമുക്ക് അറിയാം. മറ്റുപലരും അനുഭവിച്ച കഷ്ടപ്പാടുകളെ പറ്റി ചരിത്രരേഖകൾ പരിശോധിച്ചാലല്ലാതെ നമുക്ക് അറിയുവാൻ കഴിയുമോ?

യെരൂശലേമിൽ ഒന്നാം നൂറ്റാണ്ടിൽ ഉണ്ടായിരുന്ന വിശുദ്ധന്മാർ പട്ടിണി അനുഭവിച്ചിരുന്നു എന്നത് വളരെ സുപ്രസിദ്ധമായ സത്യമാണ്. പലതവണ അവർക്കുവേണ്ടി പൌലോസ് വിഭവസമാഹരണം നടത്തിയിരുന്നു. (റോമ 15:25, 26; 2കൊരി 9:1-12; 1കൊരി 16:1-4).

ക്രിസ്തുവിൽ പ്രിയരേ, നിങ്ങൾ ജയിൽ ശുശ്രൂഷ, ആശുപത്രി ശുശ്രൂഷ, അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ തുടങ്ങിയ ശുശ്രൂഷകളിൽ ഏർപ്പെട്ടിരിക്കാം, അവയെല്ലാം നാം ചെയ്യേണ്ട കാര്യങ്ങളാണ്, പക്ഷേ, അവയൊന്നും ഇവിടെ നാം ചർച്ച ചെയ്യുന്ന സന്ദർഭത്തിൽ യേശു അർത്ഥമാക്കിയ അവിടത്തെ സഹോദരന്മാർ ആക്കുകയില്ല. (ജയിലിൽ നിങ്ങൾ ശുശ്രൂഷിക്കുന്നവരിൽ പലരും കൊലപാതകികളും, മോഷ്ടാക്കളും ബലാൽക്കാരികളും ആയിരിക്കും. അവരൊന്നും തടവിലായിരുന്നു എന്ന ഒറ്റക്കാരണത്താൽ യേശുവിൻറെ സഹോദരന്മാർ ആകുന്നില്ല.)

ആദ്യത്തെ മൂന്ന് ഉപമകൾ ശിഷ്യന്മാരോട് പ്രത്യാശയോടെ, ഉണർന്നിരുന്ന് അവരുടെ ദൌത്യം നിർവഹിക്കുവാൻ ഉൽബോധിപ്പിച്ചെങ്കിൽ, ഈ അവസാനത്തെ ഉപമ, ശിഷ്യന്മാരെ സഹായിക്കുന്നവർക്ക് വളരെ ശ്രേഷ്ഠമായ പ്രതിഫലം നൽകപ്പെടും എന്നും, സഹായിക്കാത്തവർക്ക് ശിക്ഷ ലഭിക്കും എന്നുമാണ് വ്യക്തമാക്കുന്നത്.

ഇതൊരു ഒറ്റപ്പെട്ട വേദഭാഗമാണോ?


മത്തായിയുടെ സുവിശേഷത്തിൽ ഒഴികെ, മറ്റ് മൂന്ന് സുവിശേഷങ്ങളിലും അന്തിമ ന്യായവിധിയുടെ വിവരണമില്ല. സദൃശമായ ഒരു വിവരണം വെളി 20:11-15ൽ കാണാം. വെളിപ്പാട് പ്രതീകാത്മകമായ ഒരു പുസ്തകമായതിനാൽ അതിലെ ന്യായവിധി അക്ഷരാർത്ഥത്തിലുള്ളതാണ് എന്ന് കരുതുവാൻ വയ്യ.

മറ്റ് പല സന്ദർഭങ്ങളിലായി അവിടന്ന് പറഞ്ഞിട്ടുള്ള കാര്യങ്ങളെ പുനരാവിഷ്കരിക്കുകയാണ് അന്തിമവിധിയെ പറ്റി എന്ന് കരുതപ്പെടുന്ന മത്തായി 25ലെ വേദഭാഗത്ത് യേശു ചെയ്തത്. ഉദാഹരണമായി, അവിടന്ന് തൻറെ ശിഷ്യന്മാരെ അവരുടെ ആദ്യത്തെ സുവിശേഷ പ്രസംഗ പര്യടനത്തിന് അയച്ചപ്പോൾ അവരോട് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കുക.
മത്താ 10:40 നിങ്ങളെ കൈക്കൊള്ളുന്നവന്‍ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവന്‍ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.
മത്താ 10:41 പ്രവാചകന്‍ എന്ന് കരുതി പ്രവാചകനെ കൈക്കൊള്ളുന്നവന് പ്രവാചകന്‍റെ പ്രതിഫലം ലഭിക്കും. നീതിമാന്‍ എന്ന് കരുതി നീതിമാനെ കൈക്കൊള്ളുന്നവന് നീതിമാന്‍റെ പ്രതിഫലം ലഭിക്കും.
മത്താ 10:42 ശിഷ്യന്‍ എന്ന് കരുതി ഈ ചെറിയവരില്‍ ഒരുവന് ഒരു പാനപാത്രം തണ്ണീര്‍ മാത്രം കുടിക്കുവാന്‍ കൊടുക്കുന്നവന് പ്രതിഫലം കിട്ടാതെ പോകുകയില്ല എന്ന് ഞാന്‍ സത്യമായി നിങ്ങളോട് പറയുന്നു”. (“ഈ ചെറിയവരില്‍ ഒരുവന്” എന്ന പദസമുച്ചയം മത്താ 25:40, 45 വചനങ്ങളിലും വരുന്നുണ്ടെന്ന് ഓർമ്മിക്കുക.)
ലൂക്കോ 10:10 ഏത് പട്ടണത്തിലെങ്കിലും ചെന്നാല്‍ അവര്‍ നിങ്ങളെ കൈക്കൊള്ളുന്നില്ലെങ്കില്‍ അതിന്‍റെ തെരുക്കളില്‍ പോയി,
ലൂക്കോ 10:11 നിങ്ങളുടെ പട്ടണത്തില്‍ നിന്നും ഞങ്ങളുടെ കാലിൽ പറ്റിയ പൊടിയും ഞങ്ങള്‍ നിങ്ങള്‍ക്ക് കുടഞ്ഞിട്ട് പോകുന്നു; എന്നാല്‍ ദൈവരാജ്യം സമീപിച്ചുവന്നിരിക്കുന്നു. എന്ന് അറിഞ്ഞുകൊള്ളുവിന്‍ എന്ന് പറയുവിന്‍.
ലൂക്കോ 10:12 ആ പട്ടണത്തെക്കാള്‍ സോദോമ്യര്‍ക്കും ആ നാളില്‍ സഹിക്കുവാന്‍ ആകും എന്ന് ഞാന്‍ നിങ്ങളോട് പറയുന്നു.
ന്യായവിധി ദിവസം (ആ നാൾ) - ഈ വേദഭാഗങ്ങൾ വ്യക്തമാക്കുന്നത് പോലെ - യേശുവിൻറെ ശിഷ്യന്മാരെ സഹായിച്ചവർക്ക് പ്രതിഫലവും അവരെ തിരസ്കരിച്ചവർക്ക് ശിക്ഷയും ലഭിക്കുന്ന ദിവസമാണ്.

ഈ പരമ്പരയുടെ ഒന്നാം ഭാഗത്തിൽ സോദോമിനെ പരാമർശിച്ചത് ഓർമ്മയുണ്ടോ? സോദോമിൻറെ സൽക്കാരശീലമില്ലായ്മ (inhospitality എന്നതിന് കൃത്യമായ പരിഭാഷയല്ല ഈ വാക്ക്) പോലെതന്നെ അന്യരെയും, പരദേശികളെയും ഉപചരിക്കുന്നതിൽ ഒന്നാം നൂറ്റാണ്ടിലെ യെഹൂദാ നിവാസികൾ വിമുഖത കാണിച്ചു. ദൈവദൃഷ്ടിയിൽ ഹീനവും ശിക്ഷാർഹവുമായ കാര്യമാണിത്.

ഇത്രയും വായിച്ചിട്ടും നിങ്ങൾക്ക് എന്നോട് നീരസം തോന്നിയില്ലെങ്കിൽ നിത്യാഗ്നിയുടെ ശിക്ഷയെ പറ്റി എനിക്ക് പറയുവാനുള്ളത് വായിക്കാം.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

മത്തായി 25ലെ ന്യായവിധി ഒരു ഉപമയാണ്. ഭാഗം #1 (ആരും നിങ്ങളെ ഭയപ്പെടുത്താതിരിക്കട്ടെ!)

ക്രിസ്തുവിൽ പ്രിയരേ,

കത്തോലിക്കാ കുടുംബത്തിൽ ജനിച്ച ഞങ്ങളുടെ വീട്ടിലെ പൂച്ചയോ ചത്താൽ അതിന് വിശദമായ ശവസംസ്കാരച്ചടങ്ങ് നടത്താതെ ഞങ്ങൾക്ക് (എനിക്കും അനിയനും) ഉറക്കം വരില്ല. ആദ്യമൊക്കെ സുറിയാനി പാട്ടുകളാണ് പാടിയിരുന്നതെങ്കിലും, പിന്നീട് അർത്ഥം മനസ്സിലാകുന്ന മലയാളം പാട്ടുകൾ വന്നപ്പോൾ ഞങ്ങളും മലയാളത്തിലേക്ക് ചുവടുമാറി. അന്ന് പാടുമായിരുന്ന പാട്ടുകളിൽ ഒന്നാണ്:
എൻറെ കര്‍ത്താവേ, നിന്നെ ഞാന്‍ പ്രകീര്‍ത്തിക്കും
മഹിമയോടന്തിമ വിധിനാളില്‍
കര്‍ത്താവേ, നീയണയുമ്പോള്‍

കരുണയൊടെന്നെ നിറുത്തണമേ
നല്ലവരൊത്തു വലംഭാഗേ
.
എൻറെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം അന്തിമ ന്യായവിധിയിൽ കർത്താവിൻറെ വലതുഭാഗത്തുള്ള നീതീമാന്മാരായ ചെമ്മരിയാടുകളുടെ കൂടെ ഞാനും ഉണ്ടാവണം എന്നതായിരുന്നു - ഈ അടുത്തകാലം വരെ അങ്ങനെതന്നെ ആയിരുന്നു. അപ്പോൾ ആരെങ്കിലും എന്നോട് മത്താ 25:31-46ലെ ന്യായവിധിയുടെ വിവരണം ഒരു ഉപമ മാത്രമാണ് എന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ വളരെയധികം നിരാശനാകുമായിരുന്നു. അതുകൊണ്ടുതന്നെ, ഈ ലേഖനം വായിച്ചുതീരുമ്പോൾ നിങ്ങൾക്ക് എന്നോട് നീരസം തോന്നിയാൽ അൽപംപോലും അതിശയമില്ല.

വേദപുസ്തകത്തിൽ നിന്നും മത്താ 25:31-46 എന്ന വേദഭാഗം ശ്രദ്ധാപൂർവം വായിക്കുക. ഈ വേദഭാഗത്തിൽ: സ്വർഗം, നരകം, ദൈവം, യേശു, പുനരുത്ഥാനം എന്നീ വാക്കുകൾ വേറെ വേറെ നിറങ്ങൾകൊണ്ട് അടയാളപ്പെടുത്തുക. ഒരുവനെ ദൈവരാജ്യത്തിന് അയോഗ്യനാക്കുന്ന അത്യാഗ്രഹം, അശുദ്ധി, അസൂയ, ആഭിചാരം, ക്രോധം, ജാരശങ്ക, ദുര്‍ന്നടപ്പ്, ദുഷ്കാമം, ദ്വന്ദ്വപക്ഷം, പക, പിടിച്ചുപറി പിണക്കം, പുരുഷകാമം, ഭിന്നത, മദ്യപാനം, മോഷണം, വാവിഷ്ഠാണം, വിഗ്രഹാരാധന, വെറിക്കൂത്ത്, വ്യഭിചാരം, ശാഠ്യം, സ്വയംഭോഗം (ഗലാ 5:19-21; 1കൊരി 6:9-10) എന്നീ പാപങ്ങളെയും പ്രത്യേകം അടയാളപ്പെടുത്തുക. ഒരിക്കലും മാപ്പ് ലഭിക്കാത്ത പരിശുദ്ധാത്മാവിന് വിരോധമായ ദൈവദൂഷണം എന്ന പാപത്തെ അടയാളപ്പെടുത്തുവാൻ മറക്കരുത്.

ഇപ്പോൾ മത്താ 25:42-43ൽ രാജാവ് തൻറെ ഇടതുഭാഗത്തുള്ള കോലാടുകളുടെ മേൽ ആരോപിക്കുന്ന കുറ്റങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം:
  • എനിക്ക് വിശന്നു, നിങ്ങള്‍ ഭക്ഷിക്കുവാന്‍ തന്നില്ല
  • ദാഹിച്ചു, നിങ്ങള്‍ കുടിക്കുവാന്‍ തന്നില്ല.
  • അതിഥിയായിരുന്നു, നിങ്ങള്‍ എന്നെ സ്വീകരിച്ചില്ല;
  • നഗ്നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചില്ല;
  • രോഗിയും തടവിലും ആയിരുന്നു, നിങ്ങള്‍ എന്നെ കാണുവാന്‍ വന്നില്ല.

  1. മുകളിലെ പട്ടികയിലുള്ള 22 പാപങ്ങളിൽ ഒന്നുപോലും കോലാടുകളുടെ പേരിൽ ആരോപിക്കപ്പെടാത്തത് എന്തുകൊണ്ട്? 
  2. പരിശുദ്ധാത്മാവിന് വിരോധമായ ദൈവദൂഷണം കോലാടുകളുടെ മേൽ എന്തുകൊണ്ട് ആരോപിക്കപ്പെട്ടില്ല? 
  3. ദൈവത്തിലും യേശുവിലുമുള്ള വിശ്വാസം ഈ വേദഭാഗത്തിൽ പരാമർശിക്കപ്പെടാത്തത് എന്തുകൊണ്ട്? 
  4. ദരിദ്രരെയും, അശരണരെയും സഹായിക്കാത്തതും അവർക്ക് ഭക്ഷണവും വസ്ത്രവും നൽകാത്തതും ഒരുവനെ നരകശിക്ഷയ്ക്ക് അർഹനാക്കുമെങ്കിൽ പൌലോസ് അത്തരത്തിൽ നമുക്ക് മുന്നറിയിപ്പ് നൽകാതിരുന്നത് എന്തുകൊണ്ട്?

ഇപ്പോഴത്തെ ഭാഷയിലാണ് വേദപുസ്തകം എഴുതപ്പെട്ടതെങ്കിൽ ഈ വേദഭാഗത്തിൽ കോലാടുകൾക്ക് സംഭവിച്ച വീഴ്ച സല്‍ക്കാരശീലമില്ലായ്‌മയോ, കാരുണ്യമില്ലായ്‌മയോ ആണെന്ന് പറയാമായിരുന്നു. കോലാടുകളുടെ വീഴ്ചകൾ പരിശോധിച്ചാൽ അവ പാപങ്ങളിൽ നിന്നും തികച്ചും വിഭിന്നങ്ങളാണെന്ന് മനസ്സിലാക്കുവാൻ സാമാന്യബുദ്ധി മതിയാകും. ജയിലിൽ കഴിയുന്ന നിങ്ങളുടെ ബന്ധുവിനെ സന്ദർശിക്കുവാൻ പോകാത്തതിനെ വ്യഭിചാരം പോലെ ഒരു ഗുരുതരമായ പാപമായി സാമാന്യബുദ്ധിയുള്ള ആരും കരുതാറില്ലല്ലോ?

തൽക്ഷണ പ്രശ്നപരിഹാരങ്ങൾ.


ഭൂരിപക്ഷം വേദപണ്ഡിതന്മാരും, പ്രസംഗകന്മാരും മത്താ 25ലെ ന്യായവിധിയിൽ പാപങ്ങളോ, വിശ്വാസമോ ഒരു മാനദണ്ഡമാകുന്നില്ല എന്ന കാര്യം ശ്രദ്ധിച്ചിട്ടില്ല. (ഇതുപോലെ ഏതെങ്കിലും ലേഖനം വായിക്കുമ്പോൾ ഈ സത്യം മനസ്സിലാക്കിയാൽ ഉടനേ അവർ വിയോജനക്കുറിപ്പുകൾ തയ്യാറാക്കുവാൻ തുടങ്ങും.) അത്തരക്കാരുടെ തൽക്ഷണ പ്രശ്നപരിഹാരങ്ങളിൽ ചിലത്:
യാക്കോ 4:17 നന്മ ചെയ്യുവാന്‍ അറിഞ്ഞും ചെയ്യാത്തവന് അത് പാപം തന്നേ.
ദരിദ്രരെ സഹായിക്കുന്നത് നല്ല കാര്യമാണെന്ന് എനിക്കറിയാം, പക്ഷേ, എൻറെ ഭാര്യ അത്തരം കാര്യങ്ങൾ ചെയ്യുവാൻ സമ്മതിക്കില്ല. ഈ സാഹചര്യത്തിൽ ഞാൻ പാപം ചെയ്യുന്നുണ്ടോ? ദരിദ്രരെ സഹായിക്കുവാൻ വേണ്ടി ഞാൻ എൻറെ ഭാര്യയെ പിണക്കുകയോ, വിവാഹമോചനം ചെയ്യുകയോ ചെയ്യേണമോ?
1യോഹ 3:4 പാപം ചെയ്യുന്നവരെല്ലാം അധര്‍മവും ചെയ്യുന്നു; പാപം അധര്‍മം തന്നേ.
1Jn 3:4 Whosoever committeth sin transgresseth also the law: for sin is the transgression of the law.
ഈ വചനത്തിൻറെ മലയാളം പരിഭാഷ സാരമില്ല, പക്ഷേ, പലരും അവരുടെ ദൈവശാസ്ത്ര സിദ്ധാന്തങ്ങൾ രൂപീകരിച്ചിരിക്കുന്നത് ഇംഗ്ലീഷിലെ KJVയുടെ (King James Version) അടിസ്ഥാനത്തിലാണ്. ഇംഗ്ലീഷ് പരിഭാഷ വായിക്കുന്ന പലരും ധരിച്ചിരിക്കുന്നത് ഈ വചനം മോശെയുടെ ന്യായപ്രമാണത്തെ പറ്റിയാണ് എന്നാണ്. മോശെയുടെ ന്യായപ്രമാണത്തെ സൂചിപ്പിക്കുന്ന ഗ്രീക്ക് പദങ്ങൾ  (സ്ട്രോങ്സ് നിഘണ്ടുവിൽ G3551, G3549 എന്നിവ)  ഈ വചനത്തിൽ ഇല്ല. തന്നെയുമല്ല, ന്യായപ്രമാണത്തിൻറെ ലംഘനം ലോകത്തെ മുഴുവൻ ന്യായംവിധിക്കുവാനും, കുറ്റവാളികൾ എന്ന് സ്ഥാപിക്കുവാനും പര്യാപ്തമാണെങ്കിൽ യേശുക്രിസ്തുവിൻറെയും അവിടത്തെ ബലിയുടെയും പ്രസക്തിയെന്ത്?
1യോഹ 5:17 എല്ലാ അനീതിയും പാപമാണ്; മരണകരമല്ലാത്ത പാപം ഉണ്ട്.
മരണത്തിന് കാരണമായ പാപങ്ങൾ ഏതൊക്കെയാണെന്ന് കണ്ടുപിടിക്കുവാൻ വേദപണ്ഡിതന്മാർക്ക് കഴിഞ്ഞിട്ടില്ല, പിന്നെയല്ലേ, സാധാരണക്കാരൻ കണ്ടുപിടിക്കേണ്ടത്? അനന്യാസിൻറെയും സഫീരയുടെയും പാപങ്ങൾ പോലെയുള്ളവയാണ് ഈ വചനം അർത്ഥമാക്കുന്നതെങ്കിൽ, അവർക്ക് ലഭിച്ചത് പോലെയുള്ള തൽക്ഷണ നീതിനിർവഹണം ഇപ്പോൾ സംഭവിക്കാറുണ്ടോ?

1തെസ 1:2, 2തെസ 1:12 എന്നീ വചനങ്ങളിൽ സൂചിപ്പിച്ചിരിക്കുന്ന വിശ്വാസത്തിന്‍റെ പ്രവൃത്തികളെ ജീവകാരുണ്യ പ്രവർത്തനങ്ങളായി ചിത്രീകരിക്കുവാനുള്ള തീവ്രമായ ശ്രമം നടക്കുന്നുണ്ട്, പക്ഷേ, ആ വേദഭാഗങ്ങൾ അത്തരത്തിലുള്ള അർത്ഥം തരുന്നില്ല. ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുവാൻ ഒരു ദൈവത്തിലും വിശ്വസിക്കേണ്ട ആവശ്യമില്ല.

സിംഹാസനത്തിൽ ഉപവിഷ്ടനായ മനുഷ്യകുമാരൻ നിങ്ങളാണെന്ന് സങ്കൽപിക്കുക.


മത്തായി 25ലെ ന്യായവിധിയുടെ വർണ്ണനയിൽ മരിച്ചവരുടെ പുനരുത്ഥാനത്തെ പറ്റി പരാമർശിച്ചിട്ടില്ലെങ്കിലും അത് ന്യായവിധിക്ക് മുമ്പ് നടക്കുമെന്ന് കരുതുന്നതിൽ തെറ്റില്ല. (വെളിപ്പാട് 20ലെ സമാനമായ വേദഭാഗത്തിൽ പുനരുത്ഥാനം പരാമർശിക്കപ്പെട്ടിട്ടുണ്ട്)

നീതിമാന്മാർക്കും അനീതിമാന്മാർക്കും പുനരുത്ഥാനം ഉള്ളതിനാൽ (അപ്പൊ 24:15; ദാനി 12:2) ഈ ഭൂമിയിൽ ഇന്നേവരെ ജീവിച്ച എല്ലാ മനുഷ്യരും നിങ്ങളുടെ സിംഹാസനത്തിന് മുന്നിൽ സന്നിഹിതരാണ്.
ജനാബ്  സൽമാൻ തസീർ
  • നിങ്ങളുടെ മുന്നിലെ പുരുഷാരത്തിൽ പാകിസ്ഥാനിലെ മുൻ മന്ത്രിയും, രാഷ്ട്രീയക്കാരനും, അവിടത്തെ ക്രൈസ്തവർക്കായി നിലകൊണ്ടതിനാൽ വധിക്കപ്പെട്ട ആളുമായ ജനാബ് സൽമാൻ തസീർ ഉണ്ട്. അദ്ദേഹത്തെ നിങ്ങൾ ഏത് വശത്ത് നിർത്തും? (ക്രൈസ്തവ സഭയുടെ 2000 വർഷത്തെ ചരിത്രത്തിൽ ക്രൈസ്തവരെ സംരക്ഷിക്കുവാൻ വേണ്ടി ജീവത്യാഗം ചെയ്ത അനേകം അന്യമത വിശ്വാസികളുണ്ട്, സൽമാൻ തസീർ ഒരു ഉദാഹരണം മാത്രം.)
  • മതപരമായ പരിഗണനകളില്ലാതെ ദരിദ്രരെ സേവിക്കുകയും, രോഗികളെ ശുശ്രൂഷിക്കുകയും, തടവുകാരെ സന്ദർശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്ത ഹൈന്ദവരും, മുസൽമാൻമാരും, നിരീശ്വരവാദികളും ഉണ്ട്. അവരെ നിങ്ങൾ ഏത് വശത്ത് നിർത്തും? (യേശുവിലോ, ദൈവത്തിലോ ഉള്ള വിശ്വാസം ഒരു മാനദണ്ഡമായി പ്രസക്ത വേദഭാഗത്ത് പരാമർശിച്ചിട്ടില്ലാത്തതിനാൽ, സൽപ്രവൃത്തികൾ ചെയ്യുന്ന ആർക്കും വലതുഭാഗത്ത് നിൽക്കുവാനും, ദൈവരാജ്യത്തിന് അവകാശികളാകുവാനും, നിത്യജീവൻ പ്രാപിക്കുവാനും അർഹതയുണ്ട്.)
  • ലോകത്തിൽ ഏകദേശം 79.5 കോടി പട്ടിണിക്കാരുണ്ട് (മെയ് 2016ലെ കണക്ക്). ലോകത്തിലുള്ള 220 കോടി ക്രൈസ്തവരിൽ 2% മാത്രമേ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നുള്ളൂ; ബാക്കിയുള്ള 98% ക്രൈസ്തവരെ സിംഹാസനത്തിൻറെ ഏത് വശത്ത് നിർത്തും
  • ... തീർന്നിട്ടില്ല, ഇനിയും അനേകം ഉദാഹരണങ്ങളുണ്ട്.

കാരുണ്യമില്ലായ്‌മയെ പറ്റി മുമ്പ് പറഞ്ഞില്ലേ?


സോദോമിൻറെയും ഗൊമോറുയുടെയും പാപം കാരുണ്യമില്ലായ്‌മ ആയിരുന്നു എന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?
യെഹെ 16:49 നിന്‍റെ സഹോദരിയായ സോദോമിന്‍റെ അകൃത്യമോ ഗര്‍വവും തീന്‍പുളപ്പും നിര്‍ഭയസ്വൈരവും അവള്‍ക്കും അവളുടെ പുത്രിമാര്‍ക്കും ഉണ്ടായിരുന്നു; എളിയവനെയും ദരിദ്രനെയും അവള്‍ സഹായിച്ചില്ല.
യെഹെ 16 മുഴുവൻ യെരൂശലേമും യെഹൂദയും ചെയ്ത ഹീനകൃത്യങ്ങളുടെ വർണ്ണനയാണ്. സോദോമിൻറെ കാരുണ്യമില്ലായ്‌മ എന്ന അംശത്തിലേക്ക് നാം വീണ്ടും തിരിച്ചുവരും.

നിങ്ങൾക്ക് ഇനിയും എൻറെ പേരിൽ നീരസം തോന്നിയിട്ടില്ലെങ്കിൽ രണ്ടാം ഭാഗത്തിൽ തുടർന്ന് വായിക്കാം.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

Wednesday, July 20, 2016

ആകാശം + ഭൂമി = ന്യായപ്രമാണം.

ക്രിസ്തുവിൽ പ്രിയരേ,

മോശെയുടെ ന്യായപ്രമാണത്തിലെ ആചാരപരമായ ഭാഗങ്ങൾ മാത്രം എടുത്തുമാറ്റപ്പെട്ടു (ഒഴിഞ്ഞുപോയി), ബാക്കിയുള്ളവ ഇപ്പോഴും പ്രാബല്യത്തിലുണ്ട് എന്ന് ശഠിക്കുന്നവരാണ് ഭൂരിഭാഗം ക്രൈസ്തവരും. ആചാരപരമായ ഭാഗങ്ങൾ എന്നതിലൂടെ അവർ അർത്ഥമാക്കുന്നത് ബലികൾ, പൌരോഹിത്യം, ചേലാകർമ്മം മുതലായവയെയാണ്.

സാന്മാർഗ്ഗിക നിയമങ്ങൾ (Moral Laws):


മോശെയുടെ ന്യായപ്രമാണത്തിലെ സാന്മാർഗ്ഗിക നിയമങ്ങൾ ഒഴിഞ്ഞുപോയിട്ടില്ല വാദിക്കുന്നവരെ നേരിടുവാനുള്ള എളുപ്പവഴി: “കല്യാണപ്പിറ്റേന്ന് നിങ്ങളുടെ മരുമകൻ നിങ്ങളുടെ അടുത്തുവന്ന്  നിങ്ങളുടെ മകൾ കന്യകയായിരുന്നില്ല എന്ന് പരാതിപ്പെടുകയും, അവളുടെ കന്യകാത്വം നിങ്ങളെക്കൊണ്ട് തെളിയിക്കുവാൻ കഴിയാതിരിക്കുകയും ചെയ്താൽ, അവളെ കല്ലെറിഞ്ഞ് കൊല്ലുവാൻ നിങ്ങൾ കൂട്ടുനിൽക്കുമോ?” എന്ന് ചോദിക്കുക. ബുദ്ധിസ്ഥിരതയുള്ള ആരും അത്തരം ഒരു കൃത്യത്തിന് കൂട്ടുനിൽക്കില്ല, കാരണം, കൂട്ടുനിന്നാൽ ഇന്ത്യൻ ശിക്ഷാനിയമം 300, 302, 304, 307 എന്നീ വകുപ്പുകളും, അനേകം ഉപവകുപ്പുകളും പ്രകാരം കുറ്റം ആരോപിക്കപ്പെട്ട് അകത്തുകിടന്ന് അഴിയെണ്ണുകയും, ഗോതമ്പുണ്ട തിന്നുകയും ചെയ്യേണ്ടിവരും. മോശെയുടെ ന്യായപ്രമാണം ഇപ്പോഴും പ്രാബല്യത്തിലുണ്ടെങ്കിൽ അവർ എന്തുകൊണ്ട് ന്യായപ്രമാണം അനുശാസിക്കുന്നത് പോലെ ചെയ്യുന്നില്ല? (ആവ. 22:13-23)

പൊതു നിയമങ്ങൾ (Civil Laws):


നിങ്ങളുടെ അയൽവാസിയുടെ നിയന്ത്രണമില്ലാത്ത കാളയോ മൂരിയോ നിങ്ങളുടെ കൃഷിയിടത്തിൽ കയറി നാശനഷ്ടങ്ങൾ ഉണ്ടാക്കിയാൽ, അതിൻറെ ഉടമയായ നിങ്ങളുടെ അയൽവാസിയെ കൊല്ലുവാൻ നിങ്ങൾ കൂടുകയില്ലെങ്കിൽ, മോശെയുടെ ന്യായപ്രമാണത്തിലെ പൌരനിയമങ്ങൾ ഒഴിഞ്ഞുപോയി എന്ന് നിങ്ങൾ അംഗീകരിക്കുന്നു. (പുറ 21:29)


ആഹാരപരമായ നിയന്ത്രണങ്ങൾ (Dietary Restrictions):


ന്യായപ്രമാണം ഒഴിഞ്ഞുപോയില്ല എന്ന് ശഠിക്കുന്ന ഭൂരിപക്ഷം പേരും പന്നിയിറച്ചി യഥേഷ്ടം കഴിക്കാറുണ്ട് എന്നത് സത്യം. പന്നിയിറച്ചി കഴിക്കാത്തവരും ശനിയാഴ്ച സഭ കൂടിവരുന്നവരുമായ പല ക്രൈസ്തവ വിഭാഗങ്ങളും ചേലാകർമ്മം ഏൽക്കാറില്ല എന്നത് അവർ ന്യായപ്രമാണം പാലിക്കുന്നില്ല എന്നതിൻറെ തെളിവാണ്.

മോശെയുടെ ന്യായപ്രമാണത്തിൽ എന്തുണ്ട് ബാക്കി?


ബലികൾ, പൌരോഹിത്യം, ചേലാകർമ്മം, സാന്മാർഗ്ഗിക നിയമങ്ങൾ, പൊതു നിയമങ്ങൾ, ആഹാരപരമായ നിയന്ത്രണങ്ങൾ എല്ലാം ഒഴിഞ്ഞുപോയി. ഇനി എന്തുണ്ട് ബാക്കി?

അങ്ങനെയാണെങ്കിൽ ബലാൽസംഗം ചെയ്യാമോ? കൊല ചെയ്യാമോ?


ഇത്തരം ബാലിശമായ ചോദ്യങ്ങൾ ചോദിക്കുവാനുള്ള താങ്കളുടെ കഴിവിനെ ആദ്യം തന്നെ അനുമോദിക്കട്ടെ.

ന്യായപ്രമാണം ഒഴിഞ്ഞുപോയിട്ടില്ല എന്ന് വാദിക്കുന്ന ക്രൈസ്തവർ അധികമുള്ള അമേരിക്കയിൽ 100,000 പേർക്ക് 16.3 എന്ന ക്രമത്തിൽ കൊലപാതങ്ങൾ നടക്കുമ്പോൾ, ലോകജനസംഖ്യയുടെ 60.02% ജനങ്ങളും ജീവിക്കുന്ന ഏഷ്യയിൽ, ക്രൈസ്തവരും വേദപുസ്തകത്തിൻറെ സാന്നിദ്ധ്യവും നാമമാത്രമായിരുന്നിട്ടും, 100,000 പേർക്ക് 2.9 എന്ന ക്രമത്തിലേ കൊലപാതങ്ങൾ നടക്കുന്നുള്ളൂ എന്നത് ശ്രദ്ധിക്കുക. ക്രൈസ്തവ ഭൂരിപക്ഷമുള്ള ആസ്ട്രേലിയയിലും, അമേരിക്കയിലും 100,000 സ്ത്രീകളിൽ 28.6 പേരും, സ്വീഡനിൽ 66.5 പേരും ബലാൽസംഗം ചെയ്യപ്പെടുമ്പോൾ, ക്രൈസ്തവർ ന്യൂനപക്ഷമായ ഇന്ത്യയിൽ 100,000 സ്ത്രീകളിൽ 1.8 പേർ മാത്രമേ ബലാൽസംഗം ചെയ്യപ്പെടുന്നുള്ളൂ. മോശെയുടെ ന്യായപ്രമാണം കുറ്റകൃത്യങ്ങൾ ചെയ്യുന്നതിൽ നിന്നും ജനങ്ങളെ തടയുമായിരുന്നെങ്കിൽ ക്രൈസ്തവ ഭൂരിപക്ഷമുള്ള രാജ്യങ്ങൾ സമാധാനത്തിൻറെ വിളനിലമാകുമായിരുന്നു.

ന്യായപ്രമാണം ഒഴിഞ്ഞുപോയോ?


ഞാൻ ഈ ചോദ്യത്തിനായി കാത്തിരിക്കുകയായിരുന്നില്ലേ? ഇതാ നിങ്ങൾ മനസ്സിൽ ഉദ്ദേശിക്കുന്ന ആ വചനം:
മത്താ 5:18 സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് വരെ സകലവും നിവൃത്തിയാകുന്നത് വരെ ന്യായപ്രമാണത്തില്‍ നിന്നും ഒരു വള്ളിയോ പുള്ളിയോ ഒരിക്കലും ഒഴിഞ്ഞുപോകുകയില്ല.
Mat 5:18 For verily I say unto you, Till heaven and earth pass, one jotG2503 or one tittleG2762 shall in no wise pass from the law, till all be fulfilled.

ഇവിടെ വള്ളി എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്ക് ἰῶτα ആണ് (അയോട്ട, ee-o'-tah, സ്ട്രോങ്സ് നിഘണ്ടുവിൽ G2503). ഈ വാക്ക് ഹീബ്രു അക്ഷരമാലയിലെ പത്താമത്തെ അക്ഷരമായ യോദിനെയാണ് (י) സൂചിപ്പിക്കുന്നത്. ഈ അക്ഷരം ഇല്ലാതെ യഹോവ (יהוה) എന്ന് പോലും എഴുതുവാൻ കഴിയില്ല. പുള്ളി എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് κεραία (കെരായ, ker-ah'-yah, സ്ട്രോങ്സ് നിഘണ്ടുവിൽ G2762). ഈ വാക്ക് അക്ഷരങ്ങളുടെ വാലുകളെയാണ് സൂചിപ്പിക്കുന്നത് - ൾ, ശ എന്നീ അക്ഷരങ്ങളെ വ്യത്യസ്തങ്ങളാക്കുന്നത് ൾ എന്ന അക്ഷരത്തിൻറെ മുകളിലെ വാലാണല്ലോ? അതുപോലെ ഹീബ്രുവിലെ ബേത് (ב) കാഫ് (כ) എന്നീ അക്ഷരങ്ങളെ വ്യത്യസ്തങ്ങളാക്കുന്നത് ബേതിൻറെ ചുവട്ടിലെ വാലാണ്. (ചിത്രം കാണുക.)

ന്യായപ്രമാണത്തിൽ 613 കൽപനകളുണ്ട്.

  • ഇവയിൽ പൌരോഹിത്യം, ബലികൾ, പെരുന്നാളുകൾ മുതലായ കാര്യങ്ങളെ സംബന്ധിച്ച കൽപനകളാണ് 35%. ദേവാലയം ഇല്ലാത്തതിനാൽ ഇവയോന്നും ഇപ്പോൾ പ്രാവർത്തികമല്ല എന്ന് യെഹൂദർ പോലും സമ്മതിക്കുന്നു.
  • ഭക്ഷണപരമായ നിബന്ധനകൾ ഭൂരിഭാഗം ക്രൈസ്തവരും പാലിക്കുന്നില്ല.
  • മൊത്തത്തിൽ 83.2% കൽപനകളും കാലഹരണപ്പെട്ടു എന്ന് ന്യായപ്രമാണത്തിൻറെ വക്താക്കൾ തന്നെ അംഗീകരിക്കുന്നു.

ന്യായപ്രമാണം പൂർണ്ണമായും നിവൃത്തിയാകുന്നത് വരെ അതിൽനിന്നും ഒരു വള്ളിയോ, പുള്ളിയോ ഒഴിഞ്ഞുപോകുകയില്ല എന്നാണ് യേശു പറഞ്ഞത്. 83.2% വെറും വള്ളിയോ, പുള്ളിയോ ആണോ? ക്രിസ്തുവിൽ പ്രിയരേ, നിസ്സാരമായ വള്ളിയും പുള്ളിയും പോലും ഒഴിഞ്ഞുപോവില്ല എന്ന് യേശു പറഞ്ഞു, പക്ഷേ, ഭീമഭാഗവും ഒഴിഞ്ഞുപോയിരിക്കുന്നു എന്ന് ന്യായപ്രമാണത്തിൻറെ വക്താക്കൾ തന്നെ അംഗീകരിക്കുമ്പോൾ ന്യായപ്രമാണം നിവൃത്തിയായി, ഒഴിഞ്ഞുപോയി എന്നതിൽ സംശയമേ വേണ്ട. ദൈവം ഒന്നേയുള്ളൂ എന്നതുപോലെയുള്ള കൽപനകൾ മാത്രം ഒരിക്കലും ഒഴിഞ്ഞുപോവില്ല.

മത്താ 5:18ൽ ന്യായപ്രമാണം ഒഴിഞ്ഞുപോകുന്നതിന് മുമ്പ് എന്തെല്ലാം സംഭവിക്കണം എന്ന് പറഞ്ഞ യേശു, അതിന് മുമ്പ് പറഞ്ഞ കാര്യങ്ങൾ ആരും പരിഗണിക്കാറില്ല:
മത്താ 5:17 ഞാന്‍ ന്യായപ്രമാണത്തെയോ പ്രവാചകരെയോ നീക്കുവാന്‍ വന്നു എന്ന് കരുതരുത്; നീക്കുവാന്‍ അല്ല നിവര്‍ത്തിക്കുവാനാണ് ഞാന്‍ വന്നത്.
യേശുവിൻറെ ജനനത്തിൻറെ ദൌത്യം അല്ലെങ്കിൽ ലക്ഷ്യം ന്യായപ്രമാണത്തെയും പ്രവാചക വചനങ്ങളെയും പൂർത്തിയാക്കുക എന്നതായിരുന്നു. അവിടന്ന് രണ്ടാമത് വന്ന് അവ പൂർത്തിയാക്കുമെന്നോ, അവ പൂർത്തിയാക്കുന്നതിൽ ആരുടെയെങ്കിലും സഹായം വേണമെന്നോ അവിടന്ന് പറഞ്ഞിട്ടില്ല. അവിടന്ന് തൻറെ ദൌത്യത്തിൽ പരാജയപ്പെട്ടോ? പരാജയപ്പെട്ടെന്ന് പറയുന്ന ക്രൈസ്തവൻ ക്രൈസ്തവനല്ല, അവിശ്വാസിയാണ്.

ന്യായപ്രമാണം തന്നെയാണ് ആകാശവും ഭൂമിയും!


എന്തേ, വിശ്വാസം വരുന്നില്ലേ? ഈ വേദഭാഗം മനസ്സിരുത്തി വായിച്ചോളൂ:
ആവ 31:25 മോശെ യഹോവയുടെ നിയമപെട്ടകം ചുമക്കുന്ന ലേവ്യരോട് കല്‍പിച്ചത് എന്തെന്നാല്‍:
ആവ 31:26 ഈ ന്യായപ്രമാണ പുസ്തകം എടുത്ത് നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമപെട്ടകത്തിന് അരികെ വെക്കുവിന്‍, അവിടെ അത് (ന്യായപ്രമാണ പുസ്തകം) നിങ്ങളുടെ നേരെ സാക്ഷിയായിരിക്കും.
ആവ 31:27 നിങ്ങളുടെ മത്സരസ്വഭാവവും ദുശ്ശാഠ്യവും എനിക്ക് അറിയാം; ഇതാ, ഇന്ന് ഞാന്‍ നിങ്ങളോട് കൂടെ ജീവിച്ചിരിക്കുമ്പോള്‍ തന്നേ നിങ്ങള്‍ യഹോവയോട് മത്സരിക്കുന്നു? എന്‍റെ മരണ ശേഷം നിങ്ങൾ എത്രയധികം മത്സരിക്കില്ല?
ആവ 31:28 നിങ്ങളുടെ ഗോത്രങ്ങളുടെ എല്ലാ മൂപ്പന്മാരെയും പ്രമാണികളെയും എന്‍റെ അടുത്ത് വിളിച്ചുകൂട്ടുവിന്‍, എന്നാല്‍ ഞാന്‍ ഈ വചനങ്ങള്‍ അവരെ പറഞ്ഞുകേള്‍പ്പിച്ച് അവരുടെ നേരെ ആകാശത്തെയും ഭൂമിയെയും സാക്ഷിവെക്കും.
ആവ 31:26ൽ ന്യായപ്രമാണ പുസ്തകം നിങ്ങൾക്ക് നേരെ സാക്ഷിയായിരിക്കും എന്ന് പറഞ്ഞ ശേഷം, ആവ 31:28ൽ ആകാശത്തെയും ഭൂമിയെയും സാക്ഷിവെക്കും എന്ന് പറഞ്ഞതിലൂടെ മോശെ ന്യായപ്രമാണവും, ആകാശവും ഭൂമിയും ഒന്നുതന്നെയാണെന്നല്ലേ സൂചിപ്പിക്കുന്നത്?

ആകാശവും ഭൂമിയും യഹോവ മോശെ വഴിയായി നൽകിയ ചട്ടങ്ങളും വിധികളുമാണെന്ന് ആവ 4:5, ആവ 4:26 എന്നീ വചനങ്ങൾ ചേർത്തുവായിച്ചാൽ മനസ്സിലാകും.

യഹോവയുടെ കല്‍പനകളും ചട്ടങ്ങളും വിധികളുമാണ് ആകാശവും ഭൂമിയുമെന്ന് ആവ 30:16, ആവ 30:19 എന്നീ വചനങ്ങൾ ചേർത്തുവായിച്ചാൽ മനസ്സിലാകും.

ഉള്ളത് പറഞ്ഞാൽ മുട്ടായുക്തികൾ എനിക്കും ഇഷ്ടമാണ്, അതുകൊണ്ടുതന്നെ “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു” എന്ന് എഴുതപ്പെട്ടിരിക്കുന്നതിന് “ആദിയിൽ ദൈവം ന്യായപ്രമാണം സൃഷ്ടിച്ചു” എന്നാണോ അർത്ഥം എന്ന് ആരെങ്കിലും ചോദിച്ചാൽ ഉത്തരം പറയുവാൻ ഞാൻ എന്നെത്തന്നെ സജ്ജനാക്കുകയാണ്. ചോദ്യം വരട്ടെ, അപ്പോൾ കാണാം.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

Tuesday, July 19, 2016

മൂലം, സോറി, മൂലകം, കത്തിയെരിയുമ്പോൾ! (2പത്രോ 3:10, 12)

ക്രിസ്തുവിൽ പ്രിയരേ,

നിങ്ങൾക്ക് ഞാൻ ഒരു പരമരഹസ്യം പറഞ്ഞുതരാം (മറ്റാരോടും പറയരുത്, കേട്ടോ?). വിശുദ്ധ പത്രോസ് തൻറെ രണ്ടാം ലേഖനം എഴുതിയത് മല്ലപ്പള്ളിയിലെ ചാക്കോ ഉപദേശിക്കാണ്. ചാക്കോ ഉപദേശി ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ഐഛിക വിഷയങ്ങളായെടുത്ത് തൊടുപുഴ ന്യൂമാൻ കോളേജിൽ പ്രീഡിഗ്രിക്ക് പഠിച്ചതാണ്. (ഉത്തരക്കടലാസ് പരിശോധിച്ചവർക്ക് ചാക്കോയുടെ അത്രയും ബൌദ്ധിക നിലവാരം ഇല്ലാതിരുന്നതിനാൽ ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും തമ്മിൽ കാര്യമായ വ്യത്യാസം കണ്ടെത്തുവാൻ കഴിഞ്ഞില്ല. അങ്ങനെയാണ് നമുക്ക് ചാക്കോ ഉപദേശിയെ കിട്ടിയത്, അല്ലെങ്കിൽ അദ്ദേഹം ചാക്കോ ഡോക്ടറോ, ചാക്കോ എഞ്ചിനീയറോ ആയിത്തീർന്നേനെ.) ചാക്കോ ഉപദേശി ഇല്ലായിരുന്നെങ്കിൽ നമുക്ക് ഈ വചനത്തിൻറെ യഥാർത്ഥ വ്യാഖ്യാനം ലഭിക്കില്ലായിരുന്നു:
2പത്രോ 3:10 കര്‍ത്താവിന്‍റെ ദിവസം കള്ളനെ പോലെ വരും. അന്ന് ആകാശം വലിയ മുഴക്കത്തോടെ ഒഴിഞ്ഞ് പോകും; മൂലപദാര്‍ത്ഥങ്ങള്‍G4747 കത്തിയെരിയുകയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകുകയും ചെയ്യും.
2Pe 3:10 But the day of the Lord will come as a thief in the night; in the which the heavens shall pass away with a great noise, and the elementsG4747 shall melt with fervent heat, the earth also and the works that are therein shall be burned up. (2പത്രോ 3:12ലും ഇതേ താൽപര്യമാണ് ഉള്ളത്.)
പ്രീഡിഗ്രിക്ക് കെമിസ്ട്രി (രസതന്ത്രം) പഠിക്കാത്ത, യെഹൂദ മതത്തിൽ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്ക് വന്ന ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആർക്കെങ്കിലുമാണ് പത്രോസ് ഈ ലേഖനം എഴുതിയതെങ്കിൽ അവർക്ക് വല്ലതും മനസ്സിലാകുമോ? അതുകൊണ്ടാണ് പത്രോസ് അവർക്ക് എഴുതാതെ ചാക്കോ ഉപദേശിക്ക് തന്നെ എഴുതിയത്. ചാക്കോ ഉപദേശി രസതന്ത്ര പുസ്തകത്തിൽ രാസമൂലകങ്ങളെ (Chemical Elements) പറ്റി പഠിച്ചിട്ടുണ്ട്, ആവര്‍ത്തനപ്പട്ടിക മനഃപാഠമാക്കിയിട്ടുണ്ട്.

ആവർത്തന പട്ടിക


18, 19 നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്ന ആർക്കും രാസമൂലകങ്ങളെ പറ്റി അറിയില്ലായിരുന്നു. അതിന് മുമ്പ് ആവര്‍ത്തനപ്പട്ടിക നിലനിന്നിരുന്നില്ല, അതുകൊണ്ടാണ് വിശുദ്ധ പത്രോസ് ഇരുപതാം നൂറ്റാണ്ടിൽ ജനിച്ച ചാക്കോ ഉപദേശിക്ക് തന്നെ എഴുതുവാൻ തീരുമാനിച്ചത്. [ഈ ലേഖനം എഴുതിയ വിശുദ്ധ പത്രോസിന് രസതന്ത്രം അറിയാമായിരുന്നു എങ്കിൽ അദ്ദേഹം യേശുവിൻറെ പുനരുത്ഥാനത്തിന് ശേഷം ഉടുതുണിയില്ലാതെ മീൻ പിടിക്കുവാൻ (യോഹ 21:3-7) ഇറങ്ങുന്നതിന് പകരം ഒന്നുരണ്ട് രസതന്ത്ര പുസ്തകങ്ങൾ രചിച്ചിരുന്നെങ്കിൽ ശാസ്ത്രപുരോഗതി 18 നൂറ്റാണ്ടുകൾക്ക് മുമ്പേ സംഭവിക്കുമായിരുന്നു.]

മൂലപദാർത്ഥങ്ങൾ (Elements) എന്നതിന് പ്രീഡിഗ്രിക്ക് പഠിക്കാത്ത ഒന്നാം നൂറ്റാണ്ടിലെ ക്രൈസ്തവർ മനസ്സിലാക്കിയിരുന്ന അർത്ഥം എന്താണെന്ന് പരിശോധിക്കാം. 2പത്രോ 3:10ൽ മൂലപദാർത്ഥം എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്ക് (στοιχεῖον, stoy-khi'-on, സ്റ്റോയ്ഖിയോൻ, സ്ട്രോങ്സ് നിഘണ്ടുവിൽ G4747) ഉപയോഗിച്ചിരിക്കുന്ന ഇതര വചനങ്ങൾ പരിശോധിക്കാം. (മലയാളത്തിൽ ഇതര വചനങ്ങളിൽ ഈ വാക്ക് ആദിപാഠങ്ങൾ എന്നാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലീഷിൽ മിക്കവാറും എല്ലാ വചനങ്ങളിലും elements എന്നും. പല ഉപദേശിമാരുടെയും പ്രബോധനങ്ങൾ ഇംഗ്ലീഷ് വേദപുസ്തകത്തിൽ അടിസ്ഥാനപ്പെടുത്തി രൂപീകരിച്ചിരിക്കുന്നതിനാൽ ആ വചനങ്ങളിലെല്ലാം മൂലകങ്ങൾ / മൂലപദാർത്ഥങ്ങൾ എന്ന അർത്ഥം ആരോപിച്ചുകൊണ്ട് നമുക്ക് പഠിക്കാം.)
ഗലാ 4:3 അതുപോലെ നാമും ശിശുക്കള്‍ ആയിരുന്നപ്പോള്‍ ലോകത്തിന്‍റെ ആദിപാഠങ്ങളുടെG4747 കീഴില്‍ അടിമപ്പെട്ടിരുന്നു.
Gal 4:3 Even so we, when we were children, were in bondage under the elementsG4747 of the world:
നിങ്ങളുടെയൊക്കെ ഒരു ഭാഗ്യമേ?! ഞങ്ങളൊക്കെ ശിശുക്കളായിരുന്നപ്പോൾ തറ, പറ, പന, പത എന്നൊക്കെയായിരുന്നു ഞങ്ങളെ പഠിപ്പിച്ചിരുന്നത്. നിങ്ങളെ രാസമൂലകങ്ങളെ പറ്റിയാണ് പഠിപ്പിച്ചത് എന്ന് അറിയുമ്പോൾ നിങ്ങളോട് അസൂയ തോന്നുന്നു.
ഗലാ 4:9 ഇപ്പോഴോ ദൈവത്തെ അറിഞ്ഞും വിശേഷാല്‍ ദൈവം നിങ്ങളെ അറിഞ്ഞുമിരിക്കെ നിങ്ങള്‍ പിന്നെയും ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങളിലേക്ക്G4747 തിരിഞ്ഞ് അവയ്ക്ക് വീണ്ടും അടിമപ്പെടുവാന്‍ ഇച്ഛിക്കുന്നത് എങ്ങനെ?
Gal 4:9 But now, after that ye have known God, or rather are known of God, how turn ye again to the weak and beggarly elementsG4747, whereunto ye desire again to be in bondage?
എൻറെ കർത്താവേ, എന്താണാവോ, ഈ ബലഹീനവും, ദരിദ്രവുമായ മൂലപദാർത്ഥങ്ങൾ? ഹീലിയം പോലെ അണുസംഖ്യയിൽ കുറവുള്ള രാസമൂലകങ്ങൾ ആയിരിക്കുമോ?
കൊലൊ 2:8 തത്വജ്ഞാനത്താലും വെറും വഞ്ചനയാലും ആരും നിങ്ങളെ കവര്‍ന്നുകളായതിരിക്കുവാന്‍ സൂക്ഷിക്കുവിന്‍; അത് മനുഷ്യരുടെ സമ്പ്രദായത്തിന് ഒത്തവണ്ണം, ലോകത്തിന്‍റെ ആദ്യപാഠങ്ങള്‍ക്ക്G4747 ഒത്തവണ്ണം അല്ലാതെ ക്രിസ്തുവിന് ഒത്തവണ്ണം ഉള്ളതല്ല.
Col 2:8 Beware lest any man spoil you through philosophy and vain deceit, after the tradition of men, after the rudimentsG4747 of the world, and not after Christ.
എന്തുപറ്റിയോ, elements ഇവിടെ ശരിയാവില്ല എന്ന് തോന്നിയതിനാൽ rudiments എന്ന് മാറ്റിച്ചവിട്ടി.
കൊലൊ 2:20 നിങ്ങള്‍ ക്രിസ്തുവിനോട് കൂടെ ലോകത്തിന്‍റെ ആദ്യപാഠങ്ങള്‍G4747 സംബന്ധിച്ചു മരിച്ചു എങ്കില്‍ ലോകത്തില്‍ ജീവിക്കുന്നവരെ പോലെ...
Col 2:20 Wherefore if ye be dead with Christ from the rudimentsG4747 of the world, why, as though living in the world, are ye subject to ordinances,
ഇവിടെയും elements ശരിയാകില്ല, അതുകൊണ്ട് വീണ്ടും rudiments എന്ന് ഉപയോഗിച്ചു. മനുഷ്യശരീരത്തിലെ 99% ആറ് രാസമൂലകങ്ങളാൽ (ഓക്സിജൻ, കാർബൺ, ഹൈഡ്രജൻ, നൈട്രജൻ, കാൽസ്യം, ഫോസ്ഫറസ്) ഉണ്ടാക്കപ്പെട്ടതാണ്, ബാക്കിയുള്ള 0.85% പൊട്ടാസ്യം, സൾഫർ, സോഡിയം, ക്ലോറിൻ, മഗ്നീഷ്യം എന്നീ രാസമൂലകങ്ങളാൽ ഉണ്ടാക്കപ്പെട്ടതും. ഈ വചനത്തിലെ പ്രതിപാദ്യം രാസമൂലകങ്ങൾ ആയിരുന്നെങ്കിൽ നിങ്ങളുടെ ശരീരത്തിൻറെ 99.85% നിലനിൽക്കുന്നില്ല.
എബ്രാ 5:12 കാലം നോക്കിയാല്‍ ഇപ്പോള്‍ ഉപദേഷ്ടാക്കള്‍ ആയിരിക്കേണ്ട നിങ്ങള്‍ക്ക് ദൈവത്തിന്‍റെ അരുളപ്പാടുകളുടെ ആദ്യപാഠങ്ങളെG4747 തന്നേ വീണ്ടും ഉപദേശിച്ചുതരുവാന്‍ ആവശ്യമായിരിക്കുന്നു; കട്ടിയുള്ള ആഹാരമല്ല, പാലാണ് നിങ്ങള്‍ക്ക് ആവശ്യം എന്ന് വന്നിരിക്കുന്നു.
Heb 5:12 For when for the time ye ought to be teachers, ye have need that one teach you again which be the first principlesG4747 of the oracles of God; and are become such as have need of milk, and not of strong meat.
ദൈവത്തിന്‍റെ അരുളപ്പാടുകൾക്ക് രാസമൂലകങ്ങൾ ഉണ്ട് എന്ന് സാമാന്യബുദ്ധിയുള്ള ആരും പറയും എന്ന് തോന്നുന്നില്ല, അതുകൊണ്ടാവാം ഇവിടെ മലയാളം പരിഭാഷയോട് ഒത്തുപോകുന്ന രീതിയിൽ first principles എന്ന് പരിഭാഷപ്പെടുത്തിയത്.
ക്രിസ്തുവിൽ പ്രിയരേ, ഗലാത്യർക്കുള്ള ലേഖനത്തിൻറെ ഉദ്ദേശ്യം ന്യായപ്രമാണത്തിൻറെ അടിമത്തത്തിലേക്ക് തിരിച്ചുപോകുവാൻ ഇച്ഛിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് എന്ന് അറിയാവുന്നവർക്ക് ആദ്യപാഠങ്ങൾ എന്നതിൻറെ അർത്ഥം ന്യായപ്രമാണം എന്നാണെന്ന് മനസ്സിലാക്കുവാൻ ആൽബർട്ട് ഐൻസ്റ്റീൻറെ ബുദ്ധിവൈഭവം ആവശ്യമില്ല. അവിടെ മൂലവുമില്ല, മൂലകവുമില്ല!

കൊലൊ 2:20നെ തുടർന്നുവരുന്ന വചനങ്ങളിൽ ന്യായപ്രമാണത്തിലെ നിബന്ധനകളെ പ്രതിപാദിക്കുന്നതിനാൽ അതും ന്യായപ്രമാണത്തെ പറ്റിയാണ് എന്നത് വ്യക്തം:
കൊലൊ 2:21 മനുഷ്യ കല്‍പനകള്‍ക്കും ഉപദേശങ്ങള്‍ക്കും അനുസരണമായി പിടിക്കരുത്, രുചിക്കരുത്, തൊടരുത് എന്നുള്ള ചട്ടങ്ങള്‍ക്ക് കീഴ്പെടുന്നത് എന്ത്?
എബ്രാ 5:12ലും നീതിയിൽ പരിപൂർണ്ണത നേടാത്തവർ മുലകുടി മാറാത്ത ശിശുക്കളാണ് എന്ന് പറഞ്ഞതിലും പരാമർശം ന്യായപ്രമാണത്തെ പറ്റിയാണ് എന്നത് വ്യക്തമാണ്.

പിന്നെ എന്തുകൊണ്ട് 2പത്രോ 3:10, 12ൽ മാത്രം ഇതേ ഗ്രീക്ക് വാക്ക് രാസമൂലകങ്ങളെ പറ്റിയായി?

രാസമൂലകങ്ങൾ ചൂടിനാൽ നശിക്കില്ല.


2പത്രോ 3:10, 12ൽ വ്യക്തമായി പറഞ്ഞിരിക്കുന്ന കാര്യം: മൂലപദാര്‍ത്ഥങ്ങള്‍ കത്തിയെരിയും (the elements shall melt with fervent heat).

ഒരു രാസമൂലകവും ഒരിക്കലും ചൂടാക്കൽ, രാസപ്രവർത്തനം, ശീതീകരണം, വൈദ്യുതവിശ്ലേഷണം എന്നിവയാൽ നശിക്കില്ല. ഇത് രാസമൂലകങ്ങളുടെ അടിസ്ഥാന തത്വമാണ്. (അണുക്കളെ നശിപ്പിക്കുവാൻ കഴിയും, പക്ഷേ, രാസപ്രവർത്തനത്തിലൂടെയല്ല.) രാസമൂലകങ്ങൾ ഒരിക്കലും ഉരുകില്ല.

ക്രിസ്തുവിൽ പ്രിയരെ, പത്രോസ് പരാമർശിക്കുന്നത് രാസമൂലകങ്ങളെ പറ്റിയാണെങ്കിൽ, അത് അക്ഷരാർത്ഥത്തിൽ നിറവേറ്റുവാൻ ദൈവം പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കേണ്ടിവരും - ആ സാങ്കേതികവിദ്യ അവിടന്ന് തന്നെ ഉണ്ടാക്കിയ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കേണ്ടിവരും. ലോകത്തിലെ ഇത്തിരിപ്പോന്ന മനുഷ്യനെ പാഠം പഠിപ്പിക്കുവാൻ ദൈവം പ്രപഞ്ചത്തിൻറെ അടിസ്ഥാന തത്വങ്ങളെ മാറ്റിമറിക്കുവാനുള്ള സാധ്യത കുറവാണ്.

ഇതര വചനങ്ങളെ പോലെ, ഈ വചനവും ന്യായപ്രമാണത്തെ പ്രതീകാത്മകമായി സൂചിപ്പിക്കുന്നതായിരിക്കുവാൻ സാധ്യതയില്ലേ? ന്യായപ്രമാണം എടുത്തുമാറ്റപ്പെടുന്നതിൻറെ സൂചനയല്ലേ പത്രോസ് നൽകുന്നത്? ഈ വചനം പരിഹാസികൾക്കുള്ള താക്കീതിൻറെ ഭാഗമാണ് (2പത്രോ 3:3). വേദപുസ്തകത്തിലെ താക്കീതുകൾ ഒരിക്കലും അക്ഷരശഃ നിറവേറ്റപ്പെടുവാനുള്ളവയല്ല എന്ന് ഇതിനുമുമ്പും പല തവണ എഴുതിയിട്ടുള്ളതിനാൽ ആവർത്തിക്കുന്നില്ല.

പൌലോസിൻറെ ലേഖനങ്ങളിൽ στοιχεῖον (സ്റ്റോയ്ഖിയോൻ) എന്ന വാക്ക് ന്യായപ്രമാണത്തെ സൂചിപ്പിക്കുവാൻ ഉപയോഗിച്ചെങ്കിൽ പത്രോസിൻറെ ലേഖനത്തിൽ മാത്രം അതിന് പുതിയ ഒരു അർത്ഥം ഉണ്ടാകുവാൻ വഴിയുണ്ടോ?

2പത്രോ 3:10, 12ൽ പരാമർശിച്ചിട്ടുള്ള ആകാശവും ഭൂമിയും ന്യായപ്രമാണമാണ് എന്ന് തെളിയിക്കുവാൻ ഏറെ ബുദ്ധി ആവശ്യമില്ല.

പക്ഷേ, ഇതൊന്നും ചാക്കോ ഉപദേശിയോട് പറഞ്ഞിട്ട് കാര്യമില്ല. തൊടുപുഴ ന്യൂമാൻസ് കോളേജിൽ രണ്ടുകൊല്ലം പി.ഡി.സിക്ക് പഠിച്ചതിൻറെ വിജ്ഞാനം സഭയിലെ വിശ്വാസികളുടെ മുന്നിൽ പ്രദർശിപ്പിക്കുവാനുള്ള വ്യഗ്രതയാണ് അദ്ദേഹത്തിന്.


ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

Saturday, July 9, 2016

വെളിപ്പാട് 20: ആയിരമാണ്ട് അടിയന്തരാവസ്ഥ (വാഴ്ച) - ഭാഗം #4

ക്രിസ്തുവിൽ പ്രിയരെ,

ഈ പരമ്പരയുടെ ഇതിന് മുമ്പുള്ള ഭാഗങ്ങൾ വായിക്കാത്തവരെ ഈ ലേഖനം നിരാശപ്പെടുത്തും. ആയിരമാണ്ട് വാഴ്ചയുടെ സ്വഭാവം മനസ്സിലാക്കാത്തവർക്ക് അത് അക്ഷരാർത്ഥത്തിൽ ആയിരം വർഷമല്ല, വളരെ ചുരുങ്ങിയ ഒരു കാലമാണ് എന്ന തിരിച്ചറിവ് ഞെട്ടലുണ്ടാക്കും. ആയിരമാണ്ട് വാഴ്ച ഭൂമിയെ പരദീസയാക്കും, പൂങ്കാവനമാക്കും എന്നൊക്കെയുള്ള മനുഷ്യരുടെ ഭാവനാവിലാസങ്ങൾ കേട്ട് മതിമയങ്ങിയവർക്ക് ഈ ലേഖനം വേദവചങ്ങളെ വളച്ചൊടിക്കുന്നതായി തോന്നും. അതുകൊണ്ട് ഇത് വായിക്കുന്നതിന് മുമ്പ്  ഒന്നും രണ്ടും മൂന്നും ഭാഗങ്ങൾ വായിച്ചു എന്ന് ഉറപ്പുവരുത്തുക.


ആയിരം വർഷത്തിൻറെ ആരംഭം.


ആയിരമാണ്ട് വാഴ്ച തുടങ്ങുന്നതിന് മുമ്പ് സാത്താൻ ബന്ധിക്കപ്പെടണം (വെളി 20:1, 2). നമുക്ക് ചുറ്റിലും നടക്കുന്ന യുദ്ധങ്ങളും, കലാപങ്ങളും, അന്യായവും, പ്രകൃതിക്ഷോഭങ്ങളും കാണുമ്പോൾ പലരും ചോദിക്കും സാത്താൻ ബന്ധിക്കപ്പെട്ടോ? യുദ്ധങ്ങളും, കലാപങ്ങളും, അന്യായവും, പ്രകൃതിക്ഷോഭങ്ങളും സാത്താൻ അല്ലെങ്കിൽ പിശാച് ഉണ്ടാക്കുന്നതാണെന്ന് വേദപുസ്തകത്തിൽ എഴുതിയിട്ടില്ല.

അൽപം വിവേചനബുദ്ധിയോടെ വായിച്ചാൽ സാത്താനെ ബന്ധിക്കപ്പെട്ടു എന്ന് മത്തായിയുടെ സുവിശേഷത്തിലെ സാത്താനെ പറ്റിയുള്ള രണ്ടാമത്തെ പരാമർശത്തിൽ കാണുവാൻ കഴിയും. [ബന്ധിക്കുക എന്നതിനുള്ള ഗ്രീക്ക് വാക്ക്: δέω (deh'-o, ഡിയോ, സ്ട്രോങ്സ് നിഘണ്ടുവിൽ G1210)].
വെളി 20:2 അവന്‍ (ദൂതന്‍) പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാസര്‍പ്പത്തെ പിടിച്ചു ആയിരം ആണ്ടുകള്‍ വരെ ബന്ധിച്ചു.
Rev 20:2 And he laid hold on the dragon, that old serpent, which is the Devil, and Satan, and boundG1210 him a thousand years,
പിശാചുബാധ നിമിത്തം അന്ധനും മൂകനുമായ ഒരാളെ യേശു സുഖപ്പെടുത്തിയതും അത് കണ്ടുനിന്ന പരീശർ അവിടന്ന് ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലിനെക്കൊണ്ടാണ് ഭൂതങ്ങളെ ഒഴിക്കുന്നത് എന്ന് ആരോപിക്കുന്നതാണ് മത്തായിയുടെ സുവിശേഷത്തിലെ സന്ദർഭം.
മത്താ 12:26 ... സാത്താന്‍ സാത്താനെ പുറത്താക്കുന്നെങ്കില്‍ അവന്‍ സ്വയം വിഘടിച്ചിരിക്കുന്നു; പിന്നെ അവന്‍റെ രാജ്യം എങ്ങനെ നിലനില്‍ക്കും?
Mat 12:26 And if Satan cast out Satan, he is divided against himself; how shall then his kingdom stand?
മത്താ 12:29 ബലവാനെ ബന്ധിച്ചാലല്ലാതെ ബലവാന്‍റെ വീട്ടില്‍ കടന്ന് അവന്‍റെ വസ്തുക്കൾ കവരുവാൻ കഴിയുമോ? ബന്ധിച്ചാൽ പിന്നെ അവന്‍റെ വീട് കവര്‍ച്ചചെയ്യാം.
Mat 12:29 Or else how can one enter into a strong man's house, and spoil his goods, except he first bindG1210 the strong man? and then he will spoil his house.
ഇവിടെ ബലവാൻ എന്നതിനാൽ ഉദ്ദേശിക്കുന്നത് സാത്താനെ ആണെന്നത് വ്യക്തമാണ്. ബലവാനെ ബന്ധിച്ചാലല്ലാതെ അവൻറെ വീട്ടിൽ കടന്ന് അവൻറെ വസ്തുക്കൾ അപഹരിക്കുവാൻ കഴിയില്ല എന്ന് പറയുന്നതിന് മുമ്പ് യേശു എന്താണ് ചെയ്തത്? അവൻറെ വീട്ടിൽ കടന്ന് അവൻറെ പിടിയിൽ ഉണ്ടായിരുന്ന അന്ധനും മൂകനുമായ മനുഷ്യനെ വിമോചിപ്പിച്ചു. അതായത്, അവൻറെ വസ്തുക്കൾ അപഹരിച്ചു! അതിൻറെ അർത്ഥം: സാത്താൻ ബന്ധിക്കപ്പെട്ടിരിക്കുന്നു!

സംഗതിയൊക്കെ ശരിയാണ്, പക്ഷേ ... ശരിയാണ്, നിങ്ങൾ പ്രതീക്ഷിച്ചിരുന്ന നാടകീയത ഈ രംഗത്തിനില്ല, അല്ലേ? കാരണം വളരെ ലളിതമാണ്, നമ്മളെ പഠിപ്പിച്ചുവെച്ചിരിക്കുന്ന സാത്താൻ കറുപ്പ് നിറവും, ചുവന്ന കണ്ണുകളും, പിളർന്ന വാലുമുള്ള ത്രിശൂലം പിടിച്ചിരിക്കുന്ന ഭീകരമൂർത്തിയാണ്. ഇവിടെ അങ്ങനെ ഒരു ഭീകരമൂർത്തിയെ കാണുവാൻ കഴിയുന്നില്ല, അല്ലേ?

വെളിപ്പാട് പുസ്തകം പ്രതീകാത്മകമായി എഴുതപ്പെട്ടതാണ്. അതിൽ പുതിയനിയമത്തിലെ പല വേദഭാഗങ്ങളുടെയും സമാന്തരങ്ങളുണ്ട്. അത്തരം സമാന്തരങ്ങളെ നമുക്ക് കാണിച്ചുതരാതെ വേദവചനങ്ങൾ ഗുളികകൾ പോലെ വിഴുങ്ങാനുള്ളവയാണെന്ന് നമ്മെ പഠിപ്പിച്ചുതന്ന ഉപദേശിമാരും അച്ചന്മാരും വെളിപ്പാട് പുസ്തകത്തിൻറെ ലാളിത്യവും സൌന്ദര്യവും കാണുന്നതിൽ നിന്നും നമ്മെ തടഞ്ഞു.

സാത്താൻ ആരുതന്നെയായാലും എന്തുതന്നെയായാലും, യേശുവിൻറെ ഭൂമിയിലെ ശുശ്രൂഷയുടെ ആരംഭത്തിൽ തന്നെ സാത്താൻ ബന്ധിക്കപ്പെട്ടു.

സാത്താൻ ബന്ധിക്കപ്പെട്ടെങ്കിൽ പിന്നെ എങ്ങനെ യൂദാസിൻറെ ഉള്ളിൽ കയറി, പൌലോസിന് തടസ്സമുണ്ടാക്കി, അലറുന്ന സിംഹത്തെ പോലെ ചുറ്റിനടക്കുന്നു എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ നിങ്ങളുടെ ഉള്ളിൽ ഉയരുന്നുണ്ടാവാം, ഉയരണം. നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഒരു A4 സൈസ് പേജിൽ എഴുതിത്തരണം എന്ന് എനിക്കും ആഗ്രഹമുണ്ട്. ഈ ചോദ്യങ്ങളിൽ ചിലതിനെല്ലാം ഉത്തരം എഴുതിയിട്ടുണ്ട്. ഇനിയും വളരെയധികം എഴുതുവാനുമുണ്ട്. കർത്താവ് ആരോഗ്യം മാത്രം തന്നാൽ അവയൊക്കെ എഴുതാം.

കർത്താവിൻറെ ദിവസം വരേണ്ട കാലത്തെ പറ്റി മലാഖി.

മലാ 3:5 യഹോവയുടെ വലിയതും ഭയങ്കരവുമായ നാള്‍ വരുന്നതിന് മുമ്പ് ഞാന്‍ നിങ്ങള്‍ക്ക് ഏലീയാവ് പ്രവാചകനെ അയയ്ക്കും.
മലാ 3:6 ഞാന്‍ വന്ന് ഭൂമിയെ ശാപത്താല്‍ നശിപ്പിക്കാതിരിക്കുവാന്‍ അവന്‍ അപ്പന്മാരുടെ ഹൃദയം മക്കളിലേയ്ക്കും മക്കളുടെ ഹൃദയം അപ്പന്മാരിലേയ്ക്കും തിരിക്കും.
അതായത് ഏലീയാവ് വന്നാൽ ഏത് നിമിഷവും കർത്താവിൻറെ ദിവസം (ആയിരമാണ്ട്) ആരംഭിക്കാം. ഏലീയാവ് വന്നു എന്ന് യേശു രണ്ട് തവണ പ്രസ്താവിച്ചിട്ടുണ്ട്.

മത്താ 11:13 സകല പ്രവാചകരും ന്യായപ്രമാണവും യോഹന്നാന്‍ വരെ പ്രവചിച്ചു.
മത്താ 11:14 നിങ്ങള്‍ക്ക് സ്വീകരിക്കുവാന്‍ മനസ്സുണ്ടെങ്കില്‍ വരുവാനുള്ള ഏലീയാവ് അവന്‍ തന്നേ.
മത്താ 11:15 കേള്‍ക്കുവാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.

മത്താ 17:10 ശിഷ്യന്മാര്‍ അവിടത്തോട്:  ആദ്യം ഏലീയാവ് വരേണം എന്ന് ശാസ്ത്രിമാര്‍ പറയുന്നത് എന്തുകൊണ്ട്? എന്ന് ചോദിച്ചു.
മത്താ 17:11 അതിന് അവിടന്ന്: ഏലീയാവ് വന്ന് സകലവും പുനഃസ്ഥാപിക്കും സത്യം.
മത്താ 17:12 എന്നാല്‍, ഏലീയാവ് വന്നുകഴിഞ്ഞു (ഭൂതകാലം) എന്ന് ഞാന്‍ നിങ്ങളോട് പറയുന്നു; എങ്കിലും അവര്‍ അവനെ തിരിച്ചറിയാതെ തങ്ങള്‍ക്ക് തോന്നിയതെല്ലാം അവനോട് ചെയ്തു. അതുപോലെ മനുഷ്യപുത്രനും അവരാല്‍ കഷ്ടപ്പെടുവാനുണ്ട് എന്ന് ഉത്തരം പറഞ്ഞു.
മത്താ 17:13 അവിടന്ന് യോഹന്നാന്‍ സ്നാപകനെ കുറിച്ചാണ് തങ്ങളോട് പറഞ്ഞത് എന്ന് ശിഷ്യന്മാര്‍ ഗ്രഹിച്ചു.
ഏലീയാവ് യോഹന്നാൻ സ്നാപകൻ തന്നെയാണ് എന്ന് പറഞ്ഞ ശേഷം, "കേള്‍ക്കുവാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ" എന്ന് യേശു പറഞ്ഞതിന് കാരണം അറിയാമോ? ഭൂരിപക്ഷം ക്രൈസ്തവർക്കും കേൾക്കുവാൻ ചെവി ഉണ്ടാവില്ല എന്ന് അവിടത്തേക്ക് അറിയാമായിരുന്നു. ഈ വചനം ഹൈന്ദവ വിശ്വാസമായ പുനർജന്മം പോലെയാണ് അതുകൊണ്ട് എന്ത് വിലകൊടുത്തും യേശു പറഞ്ഞതല്ല അതിൻറെ അർത്ഥം എന്ന് തെളിയിക്കുവാൻ പെടാപ്പാടുപെടുന്ന യേശുവിൻറെ വിശ്വസ്ത സേവകന്മാർ ഉയർന്നുവരും എന്ന് ദൈവപുത്രന് മുൻകൂട്ടി കാണുവാൻ കഴിയില്ലേ?

ലേവ്യരോടും പുരോഹിതരോടും താൻ ഏലീയാവ് അല്ല എന്ന് സ്നാപക യോഹന്നാൻ പറഞ്ഞതിൻറെ അടിസ്ഥാനത്തിൽ (യോഹ 1:21) യേശു ആണ് എന്ന് രണ്ട് തവണ പറഞ്ഞതിനെ നിരാകരിക്കുന്ന വേദപണ്ഡിതന്മാർ എന്തുകൊണ്ടും തികഞ്ഞ ദൈവഭക്തന്മാർ തന്നെ, സംശയമേയില്ല! ഇത്തരം വേദപണ്ഡിതന്മാരോടും ദൈവഭക്തന്മാരോടും ഒരു സംശയം ചോദിച്ചോട്ടേ?  യെഹൂദരുടെ കൂടാരപ്പെരുന്നാളിന് തൻറെ സമയം ഇനിയും വരാത്തതിനാൽ താൻ വരുന്നില്ല എന്ന് പറഞ്ഞ യേശു എന്തുകൊണ്ട് രഹസ്യമായി കൂടാരപ്പെരുന്നാളിൽ പങ്കെടുത്തു? (യോഹ 7:2-10) അങ്ങനെയൊരു സംഭവം ശ്രദ്ധിച്ചിട്ടില്ല, അല്ലേ?

ശരിതന്നെ, ഏലീയാവ് വന്നു എന്നുതന്നെയിരിക്കട്ടെ, കർത്താവിൻറെ ദിവസം ഉടനെ വരണമെന്നുണ്ടോ? വളരെ യുക്തിയുക്തം എന്ന് തോന്നാവുന്ന ഒരു ചോദ്യമാണിത്. മലാഖി 4:6ൽ “മുമ്പ്” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഹീബ്രൂ വാക്ക് פָּנִים (paw-neem', പൌനീം, സ്ട്രോങ്സ് നിഘണ്ടുവിൽ H6440), മുമ്പ്, മുന്നിൽ/മുമ്പിൽ, പ്രതലം, സന്നിധി എന്നിങ്ങനെ പല അർത്ഥങ്ങളുള്ള ഒരു വാക്കാണ്. എന്തെങ്കിലും സംഭവിക്കുന്നതിന് മുമ്പ് എന്ന അർത്ഥത്തിൽ ഈ വാക്ക് വളരെ അപൂർവമായേ ഉപയോഗിക്കപ്പെട്ടിട്ടുള്ളു, അതിൽ അധികവും സദൃശവാക്യങ്ങളിലാണ്.
സദൃ 16:18 നാശത്തിന് മുമ്പ് ഗര്‍വം; വീഴ്ചയ്ക്ക് മുമ്പ് ഉന്നതഭാവം.
ഗര്‍വവും ഉന്നതഭാവവും വച്ചുപുലർത്തിക്കോളൂ, 2000+ വർഷം കഴിഞ്ഞല്ലേ നാശവും വീഴ്ചയും സംഭവിക്കൂ!
സദൃ 18:12 നാശത്തിന് മുമ്പ് മനുഷ്യന്‍റെ ഹൃദയം നിഗളിക്കുന്നു; മാനത്തിന് മുമ്പ് താഴ്മ.
നിഗളിച്ചോളൂ, നാശം നിങ്ങൾ കൽപിക്കുമ്പോൾ മാത്രമല്ലേ സംഭവിക്കൂ?
ഒരു സംഭവവും അതിന് മുമ്പ് നടക്കണം എന്ന് പറയപ്പെടുന്ന സംഭവവുമായി അനിശ്ചിതവും അനന്തവുമായ അന്തരം ഉണ്ടാകുമെന്ന അർത്ഥം നൽകുന്ന വചനങ്ങൾ ഇല്ല.

ആയിരം വർഷം എന്ന പേര് എന്തിന്?


യേശുവിൻറെ ജനനം ചരിത്രത്തെ ക്രിസ്തുവിന് മുമ്പ് (കി.മു., BC), ക്രിസ്തുവിന് പിമ്പ് (കി.പി., AD) എന്ന് രണ്ടായി വിഭജിച്ചു എന്ന് പറയാറില്ലേ? അതുപോലെ, ക്രിസ്തുവിൻറെ സ്വർഗാരോഹണം അല്ലെങ്കിൽ പെന്തക്കൊസ്ത മുതൽ യെരൂശലേമിൻറെ നാശം വരെയുള്ള കാലം സഭാചരിത്രത്തിലെ സംഭവബഹുലമായ ഒരു സംക്രമണകാലം (transition period) ആയിരുന്നു. നല്ലതും ചീത്തയുമായ വളരെയധികം കാര്യങ്ങൾ ആ കാലഘട്ടത്തിൽ നടന്നു.
  • സുവിശേഷം അക്കാലത്താണ് ലോകത്തിൽ എല്ലായിടത്തും എത്തിച്ചേർന്നത്. 
  • പുതിയനിയമ പുസ്തകങ്ങൾ എഴുതപ്പെട്ടത്. 
  • യിസ്രായേലിലെ ശേഷിപ്പ് രക്ഷിക്കപ്പെട്ടത് അക്കാലത്താണ്. 
  • ക്രൈസ്തവർ ദൈവപുത്രന്മാരായി അംഗീകരിക്കപ്പെട്ടത്.
  • ക്രൈസ്തവർക്കും, യെഹൂദർക്കും ഉപദ്രവങ്ങൾ ഉണ്ടായത്, 
  • ഒടുവിൽ യെഹൂദരുടെ മതവും, സമ്പദ്‍വ്യവസ്ഥയും, ദേശവും, ദേവാലയവും നാശമായത്...
2പത്രോ 3:8-10നെ പറ്റിയുള്ള ലേഖനത്തിൽ കണ്ടതുപോലെ, അസഹനീയമായ ഒരു കാലം എന്ന് സൂചിപ്പിക്കുവാനാകാം ആയിരമാണ്ട് എന്ന സംജ്ഞ ഉപയോഗിച്ചത്.



വെളി 20:9ൽ പരാമർശിക്കപ്പെട്ടിരിക്കുന്ന പ്രിയ നഗരം യിസ്രായേൽ ദേശത്തിൻറെ തലസ്ഥാനമായ യെരൂശലേം അല്ല എന്ന് തെളിയിക്കുവാൻ കഴിയാത്തിടത്തോളം കാലം, ജാതികൾ വില്ലും അമ്പും വാളുമായി വന്ന് യെരൂശലേമിനെ വളയും എന്ന് തെളിയിക്കുവാൻ കഴിയാത്തിടത്തോളം കാലം, കി.പി.70ൽ നടന്ന കാര്യങ്ങൾ തന്നെയാണ് വെളിപ്പാട് 20ൽ വിവരിച്ചിരിക്കുന്നത്. ജാതികൾ ഉപരോധം ഏർപ്പെടുന്നതിന് മുമ്പുതന്നെ ആയിരമാണ്ട് വാഴ്ച അവസാനിച്ചു. ആ കാലഘട്ടത്തിൽ നിന്നും പുറകോട്ട് നോക്കിയാൽ സാത്താൻ ബന്ധിക്കപ്പെട്ടത് യേശുവിൻറെ ശുശ്രൂഷയുടെ ആരംഭത്തിലാണെന്ന് കാണാം. (മത്താ 12:26-29).

ഭവിതവാദത്തിൻറെ (Preterism) ഒരു മുഖവുര പോലും ഇനിയും ആയിട്ടില്ല. ആയിരമാണ്ട് വാഴ്ച ഒരു ചെറിയ കാലയളവാണ് എന്ന് ഇവിടെ സ്ഥാപിച്ചത് ഭവിതവാദത്തിന് എതിരായുള്ള ശക്തമായ ഒരു വാദഗതിയായി ചിലർ എടുക്കുവാൻ സാധ്യതയുണ്ട് എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇത്രയും എഴുതിയത്. ആയിരമാണ്ടിൽ എന്താണ് നടക്കുന്നത് എന്ന് വേദപുസ്തകത്തിൽ നിന്നും തെളിവ് നൽകിയിട്ടുണ്ട്. അത് വായിച്ചവർക്ക് തികച്ചും 1000 വർഷം വാഴ്ച നടന്നാൽ അത് എത്രമാത്രം കഠിനമായിരിക്കും എന്നത് മനസ്സിലാകും.

“അസാധ്യമായവയെല്ലാം നീക്കംചെയ്ത ശേഷം ബാക്കിയുള്ളത് എന്തുതന്നെയായിരുന്നാലും, അത് എത്രമാത്രം അസംഭവ്യമായിരുന്നാലും അതുതന്നെയായിരിക്കണം സത്യം എന്ന് എത്രയോ തവണ ഞാൻ നിങ്ങളോട് പറഞ്ഞിട്ടുണ്ട്?”
~ഷെർലോക് ഹോംസ്


ക്രിസ്തുവിൽ,
ടോംസൻ കട്ടക്കൽ

എന്നെ ചീത്തവിളിക്കേണ്ടവർക്ക്: +919341960061, +919066322810 എന്നീ നമ്പറുകളിൽ വിളിക്കാം. ഒരു മിസ്ഡ് കോൾ തന്നാൽ മതി, ഞാൻ തിരിച്ചുവിളിച്ച് ചീത്ത കേൾക്കാം.

വെളിപ്പാട് 20: ആയിരമാണ്ട് അടിയന്തരാവസ്ഥ (വാഴ്ച) - ഭാഗം #3

ക്രിസ്തുവിൽ പ്രിയരെ,

ആയിരമാണ്ട് വാഴ്ച എന്ന പരമ്പരയുടെ മൂന്നാം ഭാഗമാണിത്. ഇത് വായിക്കുന്നതിന് മുമ്പ്  ഒന്നും രണ്ടും ഭാഗങ്ങൾ വായിച്ചു എന്ന് ഉറപ്പുവരുത്തുക.

ആയിരമാണ്ട് വാഴ്ചയുടെ ഉദ്ദേശ്യം.

വെളി 20:3 ആയിരം വർഷങ്ങൾ കഴിയുന്നത് വരെ ജാതികളെ വശീകരിക്കാതിരിക്കുവാന്‍ അവനെ അഗാധത്തില്‍ തള്ളിയിട്ട് അടച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു. അതിന് ശേഷം അവനെ അല്‍പകാലത്തേക്ക് അഴിച്ചുവിടേണ്ടതാണ്.
Rev 20:3 And cast him into the bottomless pit, and shut him up, and set a seal upon him, that he should deceiveG4105 the nations no more, till the thousand years should be fulfilled: and after that he must be loosed a little season
ചില ക്രൈസ്തവ സഭകളുടെ വിശ്വാസപ്രകാരം ആയിരം വർഷത്തിൽ ഭൂമിയിൽ മനുഷ്യർ ആരും ഉണ്ടാവില്ല. അവർ പറയുന്നത് ഉയർത്തെഴുന്നേറ്റ് വന്നവരുടെ മേലെയാണ് യേശുവും ഒന്നാമത്തെ ഉയർത്തെഴുന്നേൽപ്പിൽ എഴുന്നേറ്റ് വന്നവരും വാഴ്ച ചെയ്യുന്നത് എന്നാണ്. വളരെ ന്യായമായ ഒരു ചോദ്യം: മരിച്ച് ഉയർത്തെഴുന്നേറ്റ ശേഷവും ജാതിയും മതവുമുണ്ടോ? മരിച്ചവരെയും വെറുതെവിടില്ലേ?

അടുത്ത സംശയം: ആയിരം വർഷങ്ങൾക്ക് ശേഷം, തടവിൽ നിന്നും വിമുക്തനായ സാത്താൻ വശീകരിക്കുവാൻ വേണ്ടി പുറപ്പെടുന്നത് ഉയിർത്തെഴുന്നേറ്റ് വന്നവരെയാണോ?
വെളി 20:8 അവന്‍ (സാത്താൻ) ഭൂമിയുടെ 4 ദിക്കിലും ഉള്ള ജാതികളായ സംഖ്യയില്‍ കടല്‍പ്പുറത്തെ മണല്‍ പോലെയുള്ള ഗോഗ്, മാഗോഗ് എന്നവരെ യുദ്ധത്തിനായി കൂട്ടിച്ചേര്‍ക്കുവാന്‍ വശീകരിക്കുവാന്‍ പുറപ്പെടും.
Rev 20:8 And shall go out to deceiveG4105 the nations which are in the four quarters of the earth, Gog and Magog, to gather them together to battle: the number of whom is as the sand of the sea.
ഉയിർത്തെഴുന്നേറ്റ് വന്ന ജാതികളാണോ അമ്പും, വില്ലുമായി യുദ്ധത്തിന് വരുന്നത്? ക്രിസ്തുവിൽ പ്രിയരെ, മരണത്തിന് ശേഷം മതവുമില്ല, ജാതിയുമില്ല. ഈ വേദഭാഗത്തിൽ പ്രതിപാദിച്ചിരിക്കുന്നത് ഉയിർത്തെഴുന്നേറ്റവരെ പറ്റിയല്ല. ജീവനോടെയിരിക്കുന്ന മജ്ജയും മാംസവുമുള്ള മനുഷ്യരെ പറ്റിയാണ് ജാതികൾ എന്ന് പരാമർശിച്ചിരിക്കുന്നത്.

സാത്താൻ ജാതികളെ വശീകരിച്ചാൽ അവർ ദൈവത്തിൻറെ പ്രിയ നഗരത്തെ ഉപരോധിക്കും. എങ്ങനെയായാലും നശിപ്പിക്കപ്പെടുവാൻ പോകുന്ന നഗരത്തെ ഉപരോധിച്ചാൽ എന്താണ്, അല്ലേ? ഉണ്ട്, കാര്യമുണ്ട്.
  • യിസ്രായേലിൻറെ ഒരു ശേഷിപ്പ് രക്ഷിക്കപ്പെടും എന്ന പ്രവചനങ്ങൾ ഉണ്ടായിരുന്നത് നിറവേറുവാനുള്ള സമയം അനുവദിക്കണം.
  • യെരൂശലേമിൽ നിന്നും ദൈവവചനം പുറപ്പെടും എന്ന പ്രവചനം (യെശ 2:3) നിറവേറുവാനുള്ള സമയം അനുവദിക്കണം. യേശു അവിടത്തെ സ്വർഗാരോഹണത്തിന് മുമ്പ് ഈ കാര്യം നിഷ്കർഷിച്ചിരുന്നു (ലൂക്കോ 24:47). ആദിമ സഭയിൽ സുവിശേഷ പ്രചരണത്തിന് പോയവരെല്ലാം യെരൂശലേം കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചിരുന്നത്, അപ്പൊസ്തലന്മാരുടെ കുടുംബങ്ങൾ യെരൂശലേമിൻറെ പരിസരങ്ങളിലായിരുന്നല്ലോ ഉണ്ടായിരുന്നത്. ലോകത്തിൻറെ ഇതര ഭാഗങ്ങളിൽ സഭ വേരുറപ്പിക്കുന്നത് വരെ യെരൂശലേമായിരുന്നു സുവിശേഷ പ്രചരണത്തിൻറെ സിരാകേന്ദ്രം.
  • ജാതികളുടെ മറ്റൊരു പ്രാധാന്യം: ഈ കാലഘട്ടത്തിലാണ് ജാതികളിലേക്ക് സുവിശേഷം എത്തുന്നത്.
നമ്മുടെ യുഗാന്തശാസ്ത്രം (യുഗാന്ത്യശാസ്ത്രം, eschatology) തെറ്റായാൽ നാം വിശ്വസിക്കുന്ന പല കാര്യങ്ങളും തെറ്റും, യുക്തിരഹിതവും, അപഹാസ്യവുമാകും.

ആയിരം വർഷത്തിൻറെ ആരംഭത്തിൽ യേശുവിൻറെ സുവിശേഷത്തിനായി രക്തസാക്ഷികളായവർ ഒന്നാമത്തെ പുനരുത്ഥാനത്തിൽ വരും എന്നല്ലാതെ ആയിരം വർഷങ്ങളിൽ ആരും ഉയിർത്തെഴുന്നേറ്റ് വരും എന്ന് വേദപുസ്തകത്തിൽ ഇല്ല. തന്നെയുമല്ല, ആയിരമാണ്ട് വാഴ്ച അവസാനിച്ച്, സാത്താനും കള്ളപ്രവാചകനും തീക്കടലിൽ എറിയപ്പെട്ടതിന് ശേഷമാണ് രണ്ടാമത് പുനരുത്ഥാനം നടക്കുന്നത് എന്നത് വെളി 20:11-15 വചനങ്ങളിൽ നിന്നും വ്യക്തമാണ്.

ഒരു ക്രൈസ്തവ വിഭാഗത്തിൻറെ പ്രബോധനത്തിൽ ആയിരമാണ്ടിലെ ഓരോ 100 വർഷത്തിലും ഒരോ സംഘം (ബാച്ച്) വീതം ഉയിർപ്പിക്കപ്പെടും, അവർക്ക് 100 വർഷം നീതിയിൽ പരിശീലനം നൽകും എന്നൊക്കെയുണ്ട്. യെശയ്യാവിൻറെ പുസ്തകത്തിൽ നിന്നും ചില വചനങ്ങൾ (യെശ 65:20) തപ്പിയെടുത്താണ് ഈ സിദ്ധാന്തം രൂപീകരിച്ചിരിക്കുന്നത്. അവരോട്: ആദ്യത്തെ സംഘത്തിൽ ഉയിർപ്പിക്കപ്പെട്ടവരിൽ ചിലർ പരിശീലനത്തിൽ തോറ്റുപോയാൽ പിന്നീടുള്ള 900 വർഷം അവർ എന്തുചെയ്യും എന്ന് ചോദിച്ചാൽ ഉത്തരമില്ല. (അവരോട് അത്തരം ചോദ്യങ്ങൾ ചോദിക്കരുത്, കാരണം: കഥയിൽ ചോദ്യമില്ല. അവർ തള്ളിവിടുന്നത് സത്യമല്ല, കെട്ടുകഥകളാണ്.)

വേദവചനം അസൌകര്യമാകുമ്പോൾ.


പല ക്രൈസ്തവ വിഭാഗങ്ങളും ആയിരമാണ്ടിലാണ് പൊതുവായ പുനരുത്ഥാനം സംഭവിക്കുന്നത് എന്ന് പഠിപ്പിക്കുവാൻ തുടങ്ങിയിട്ട് ഏതാനും നൂറ്റാണ്ടുകളായി. പക്ഷേ, അവർക്ക് തടസ്സമായി നിന്ന ഒരു വചനമുണ്ട്: വെളി 20:5
വെളി 20:4 ഞാന്‍ ന്യായാസനങ്ങളെ കണ്ടു; അവയില്‍ ഇരിക്കുന്നവര്‍ക്കും ന്യായവിധിയുടെ അധികാരം കൊടുത്തു; യേശുവിന്‍റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്‍റെ പ്രതിമയെയോ നമസ്കരിക്കാതിരുന്നവരും നെറ്റിയിലും കൈമേലും അതിന്‍റെ മുദ്ര കൈക്കൊള്ളാതിരുന്നവരുടെ ആത്മാക്കളെയും ഞാന്‍ കണ്ടു. അവര്‍ ജീവിച്ച് ആയിരമാണ്ട് ക്രിസ്തുവിനോട് കൂടെ വാണു.
വെളി 20:5 (മരിച്ചവരില്‍ ശേഷമുള്ളവര്‍ 1000 ആണ്ട് കഴിയുവോളം ജീവിച്ചില്ല.) ഇത് ഒന്നാം പുനരുത്ഥാനം. (ഇതിന് മുമ്പുള്ള വചനത്തിൽ പറഞ്ഞിരിക്കുന്നതാണ് ഒന്നാം പുനരുത്ഥാനം. കൊയ്നെ ഗ്രീക്ക് ഭാഷയ്ക്ക് കുത്തും കോമയും ഒന്നുമില്ല, വാക്കുകൾക്ക് ഇടയിലുള്ള ഇടം (സ്പേസ്) പോലും ഇല്ല.
Rev 20:5 (But the rest of the dead lived not again until the thousand years were finished.) This is the first resurrection.
അറിയപ്പെടുന്ന എല്ലാ കൈയ്യെഴുത്തുപ്രതികളിലും ഈ വചനം ഉണ്ട്. ഈ വചനം സഭകളുടെ പ്രബോധനത്തിന് വെല്ലുവിളിയാകും. അതുകൊണ്ട് ഈ വചനം ഇല്ലാത്ത ഒരു കൈയ്യെഴുത്തുപ്രതി വേണം. അങ്ങനെയൊന്ന് കണ്ടുപിടിച്ചു: സീനായ്റ്റിക് മാനുസ്ക്രിപ്റ്റ് (Sinaitic Manuscript). ഈ കൈയ്യെഴുത്തുപ്രതി ലഭിച്ചതിനെ പറ്റി അത് കണ്ടുപിടിച്ച കോൺസ്റ്റാൻറൈൻ വോൺ ടിഷെൻറോഫ് (Constantin von Tischendorf) എന്ന പണ്ഡിതൻ എഴുതിയ കഥ വായിച്ച് കോൾമയിർകൊണ്ടിട്ടുണ്ട്. ആ കഥ രണ്ടുമൂന്ന് തവണ വായിച്ചപ്പോൾ അത് ഒരു കെട്ടുകഥയാണെന്ന് തോന്നിത്തുടങ്ങി. ഇവിടം സ്വർഗമാണ് എന്ന ചിത്രത്തിൽ വാഴക്കറ പുരട്ടി പഴയ ആധാരം ഉണ്ടാക്കിത്തരുന്ന ഒരു കഥാപാത്രമുണ്ട് - ജഗതിയാണ് അഭിനയിച്ചിരിക്കുന്നത്. ടിഷെൻറോഫ് കൈയ്യെഴുത്തുപ്രതിക്കായി ഈജിപ്തിൽ തേടിനടക്കുമ്പോൾ അത്തരം ഒരു കഥാപാത്രം - കോൺസ്റ്റാൻറൈൻ സിമോണിഡെസ് (Constantine Simonides) അവിടെ ഉണ്ടായിരുന്നെന്നും, സിമോണിഡെസിനും ടിഷെൻറോഫിനും ഇടയിൽ കൂലിയുടെ വിഷയത്തിൽ കേസ് ഉണ്ടായെന്നും പഠിച്ചപ്പോൾ ഈ കൈയ്യെഴുത്തുപ്രതിയുടെ ആധാരികത ചോദ്യംചെയ്യപ്പെടേണ്ടതാണ് എന്ന് മനസ്സിലായി.

കൊയ്നെ ഗ്രീക്കിൽ കുത്തും കോമയും ഇല്ലായിരുന്നു. വാക്കുകൾക്ക് ഇടയിൽ സ്ഥലം (സ്പേസ്) പോലും ഇല്ലായിരുന്നു. ചില “പണ്ഡിതന്മാർ” വെളി 20:5 ബ്രാക്കറ്റിലാണ് നൽകപ്പെട്ടിരിക്കുന്നത് അത് ചേർക്കപ്പെട്ട വചനമാണ് എന്ന് വാദിക്കുന്നത് കേൾക്കുമ്പോൾ ചിരിയാണ് വരുന്നത്. കുത്തും കോമയും ഇല്ലാത്ത ഭാഷയ്ക്കാണോ ബ്രാക്കറ്റ്?

വെളി 20:4, 5 വചനങ്ങൾ മനസ്സിലാക്കുവാൻ ഒരു ഉദാഹരണം പറയുവാൻ ശ്രമിക്കട്ടെ:
ചെറിയ മനുഷ്യനും വലിയ ലോകവും എന്ന കാർട്ടൂൺ പരമ്പര രചിച്ച ശ്രീ ജി.അരവിന്ദൻ എം.എൻ.ഗോവിന്ദൻ നായരുടെ മകനായിരുന്നു (മന്ത്രിയായിരുന്ന എം.എൻ.ഗോവിന്ദൻ നായരുടെയല്ല), ഇദ്ദേഹമാണ് കാഞ്ചനസീത, എസ്തപ്പാൻ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തത്.
ഈ വാചകത്തിൽ () ഇല്ലാതിരുന്നാൽ ആശയക്കുഴപ്പം ഉണ്ടാവില്ലേ? അതുതന്നെയാണ് വെളി 20:4, 5ൽ സംഭവിച്ചിരിക്കുന്നത്. വേദപുസ്തകത്തിൻറെ ആമുഖത്തിൽ ബ്രാക്കറ്റിലുള്ള ഭാഗങ്ങൾ ചേർക്കപ്പെട്ടതാണ് എന്ന് എഴുതിയിട്ടില്ലെങ്കിൽ ബ്രാക്കറ്റുകൾ അർത്ഥം വ്യക്തമാക്കുവാൻ ഉപയോഗിച്ചിരിക്കുന്നവയാണ്.

പ്രിയരെ, എങ്ങനെ നോക്കിയാലും, ആയിരമാണ്ട് തീരുന്നത് വരെ ഉയിർത്തെഴുന്നേൽപ് ഇല്ല, ഉണ്ട് എന്ന് പറയുന്നവർ നുണപറയുന്നു.

ആയിരമാണ്ട് കൃത്യം 999+1 ആണ്ടുകൾ ആവണമെന്നില്ല.

കർത്താവിൻറെ ദിവസം തന്നെയാണ് ആയിരം വർഷം (നേരേമറിച്ചും) എന്നും, കർത്താവിൻറെ ദിവസം എന്നത് പൊതുവായി ധരിക്കപ്പെടുന്നത് പോലെ സമാധാനത്തിൻറെയും ശാന്തിയുടെയും കാലമല്ല, അടിയന്തരാവസ്ഥ പോലെയുള്ള കാലമാണ് എന്ന് ഇതിന് മുമ്പുള്ള ലേഖനത്തിൽ കണ്ടു.
  • വെളിപ്പാട് 7ൽ യിസ്രായേലിൻറെ 12 ഗോത്രങ്ങളിൽ നിന്നും 12,000 പേർ വീതം 144,000 പേരെ തെരഞ്ഞെടുക്കും എന്ന് എഴുതിയിരിക്കുന്നത് പ്രതീകാത്മകമാണ്, അത് 12 ഗോത്രക്കാർക്ക് മാത്രമല്ല, അന്യജാതികളിൽ നിന്നും വന്നവർക്കും കൂടെയാണ് എന്നും 144,000 എന്നത് വലിയ ഒരു സംഖ്യയുടെ പ്രതീകമാണ് എന്നും വാദിക്കുന്നവരുണ്ട്.
  • 42 മാസം (വെളി 11:2; 13:5), 1260 ദിവസം (വെളി 11:3; 12:6; 13:18), 3½ വർഷം (വെളി 12:14) എന്നിങ്ങനെ നൽകപ്പെട്ടിരിക്കുന്ന ഉപദ്രവത്തിൻറെ കാലം മറ്റൊരുതരത്തിലുള്ള വ്യാഖ്യാനത്തിനും ഇടനൽകുന്നില്ലെങ്കിലും, 1260 വർഷങ്ങളെയാണ് സൂചിപ്പിക്കുന്നത് എന്ന് വാദിക്കുന്നവരുണ്ട്. (അവർ വിശ്വസിച്ച്, പ്രചരിപ്പിച്ച അന്ത്യവിധിദിനങ്ങൾ - 1844, 1874, 1914 - തെറ്റായിപ്പോയി എന്നത് ചരിത്രം.)
ഇവർക്കെല്ലാം വെളിപ്പാട് പുസ്തകത്തിലെ 1000 വർഷങ്ങൾ മാത്രം കൃത്യം 1000 വർഷങ്ങളാണ് എന്നതാണ് ആശ്ചര്യകരം.

വേദപുസ്തകം കൊണ്ട് സംഖ്യാജ്യോതിഷം നടത്തുന്നവരുണ്ട്: 7 ദൈവത്തിൻറെ സംഖ്യയാണ്, 6 മനുഷ്യൻറെ സംഖ്യയാണ് (മനുഷ്യൻ ദൈവത്തേക്കൾ താഴ്ന്നവനായി, ആറാം ദിവസം സൃഷ്ടിക്കപ്പെട്ടതിനാൽ), 40 യാതനയുടെ സംഖ്യയാണ് എന്നൊക്കെ അവർ സമർത്ഥിക്കും. താഴെയുള്ള വിവരണം ഇത്തരത്തിലുള്ള സംഖ്യാജ്യോതിഷമല്ല.

ആയിരം അനുഭവത്തിൻറെ, ആശ്ചര്യത്തിൻറെ പ്രതീകമാണെന്ന് തോന്നുന്നു.
സങ്കീ 84:10 അവിടത്തെ പ്രാകാരങ്ങളില്‍ ചെലവഴിക്കുന്ന ഒരു ദിവസം വേറെ 1000 ദിവസത്തെക്കാള്‍ ഉത്തമം...
ഇവിടെ യഹോവയുടെ ആലയത്തിൽ ചെലവഴിക്കുമ്പോൾ ഉണ്ടാകുന്ന ആനന്ദാനുഭൂതിയല്ലേ ഈ സങ്കീർത്തനം എഴുതിയ കോരഹ് പുത്രന്മാർ പ്രകടിപ്പിക്കുന്നത്?
സങ്കീ 90:4 ആയിരം സംവത്സരം അവിടത്തെ ദൃഷ്ടിയില്‍ ഇന്നലെ കഴിഞ്ഞുപോയ ദിവസം പോലെയും രാത്രിയിലെ ഒരു യാമം പോലെയും മാത്രമാണ്.
“അവിടത്തെ ദൃഷ്ടിയിൽ ആയിരം സംവത്സരം ഒരു ദിവസം പോലെയാണ്” എന്നതിന് ദൈവത്തിന് അങ്ങനെയാണ് അനുഭവേദ്യമാകുന്നത് എന്നല്ലേ അർത്ഥം? കോരഹ് പുത്രന്മാരുടെ അനുഭവവും ദൈവത്തിൻറെ അനുഭവവും തമ്മിൽ താരതമ്യം ചെയ്തുനോക്കുക.
സങ്കീ 50:10 മുഴുവന്‍ കാട്ടുമൃഗങ്ങളും എന്‍റേതാണ്. ആയിരം പര്‍വ്വതങ്ങളിലുള്ള സകല കന്നുകാലികളും എന്‍റേതാണ്.
Psa 50:10 For every beast of the forest is mine, and the cattle upon a thousand hills.
ഭൂമിയിൽ എത്ര പർവതങ്ങളും മലകളും ഉണ്ടെന്നതിന് കണക്കില്ല. ആ കണക്കില്ലാത്ത മലകളിലുള്ള കന്നുകാലികളെല്ലാം അവിടത്തേതല്ലേ?
പറഞ്ഞുവന്നതിൻറെ അർത്ഥം ആയിരം എന്നത് കൃത്യം 999+1 അല്ലെങ്കിൽ 1001-1 ആകണമെന്നില്ല എന്നാണ്.

ക്രിസ്തുവിൽ,
ടോംസൻ കട്ടക്കൽ

വെളിപ്പാട് 20: ആയിരമാണ്ട് അടിയന്തരാവസ്ഥ (വാഴ്ച) - ഭാഗം #2

ക്രിസ്തുവിൽ പ്രിയരേ,

ആയിരമാണ്ട് വാഴ്ച എന്ന പരമ്പരയുടെ രണ്ടാം ഭാഗമാണിത്. ഇത് വായിക്കുന്നതിന് മുമ്പ്  ഒന്നാം ഭാഗം വായിച്ചു എന്ന് ഉറപ്പുവരുത്തുക.

ആയിരമാണ്ട് വാഴ്ച: പ്രതീക്ഷകൾ

ബാംഗ്ലൂരിലുള്ള എൻറെ ഒരു സുഹൃത്ത് ആയിരമാണ്ട് വാഴ്ചയിൽ എന്തെല്ലാം നടക്കും എന്നതിനെ പറ്റി ഒരു സചിത്ര പുസ്തക പരമ്പര പ്രസിദ്ധീകരിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ചിത്രങ്ങൾ വരയ്ക്കുന്ന ആർട്ടിസ്റ്റ് മദനനെ പോലെ ആരെക്കൊണ്ടോ മനോഹരമായ ചിത്രങ്ങൾ വരപ്പിച്ച് ചേർത്ത മനോഹരമായ പരമ്പര. യെശയ്യാവിൻറെ പ്രവചനത്തിലെ ചെന്നായയും കുഞ്ഞാടും ഒരുമിച്ച് മേയുന്നതും, സിംഹം കാളയെ പോലെ വൈക്കോല്‍ തിന്നുന്നതും, സര്‍പ്പം പൊടി തിന്നുതുമായ മനോഹരമായ ചിത്രങ്ങൾ. ഇത്തരത്തിലുള്ള അനവധി പുസ്തകങ്ങൾ നമ്മളെല്ലാം വായിച്ചിട്ടുണ്ട്.

ആയിരമാണ്ട് വാഴ്ചയിൽ നടക്കുമെന്ന് പലരും കരുതുന്ന കാര്യങ്ങൾ:
  • യിസ്രായേലിന് അവരുടെ ദേശം മടക്കിക്കൊടുക്കും.
  • ദാവീദുമായുള്ള ഉടമ്പടി അനുസരിച്ച് യേശു ദാവീദിൻറെ സിംഹാസനത്തിൽ ഇരുന്ന് ഭരിക്കും.
  • യിസ്രായേൽ ദേശവുമായി പുതിയ ഉടമ്പടി ഏർപ്പെടുത്തും.
  • യേശുവിൽ വിശ്വസിക്കാതെ മരിച്ചവർക്ക് വിശ്വസിക്കുവാൻ ഒരു അവസരം നൽകപ്പെടും.
  • മൃഗങ്ങളെല്ലാം സമാധാനത്തോടെ പുലരും.
  • രോഗങ്ങളും മരണവും ഉണ്ടാവില്ല.
  • യുദ്ധങ്ങൾ ഇല്ലാത്തതിനാൽ ജനങ്ങൾ അവരുടെ വാളുകൾ അടിച്ചുപരത്തി കലപ്പകളാക്കും. 
  • ഭൂമിയിൽ മനുഷ്യരാരും ഉണ്ടാവില്ല??  (പിന്നെ ആരെയാണാവോ ഭരിക്കുന്നത്?)
  • ഇനിയുമുണ്ട് അനേകം...
ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ആരാണാവോ വാൾ ഉപയോഗിക്കുന്നത്. ഇനി അഥവാ, അത് തല്ലിപ്പരത്തി കലപ്പയാക്കണമെങ്കിൽ കൊല്ലന്മാർ എവിടെ? (കേരളത്തിൽ ബംഗാളി, ബീഹാറി കൊല്ലന്മാർ കാണും.) കലപ്പയാക്കിയാലോ അത് ചെറുതായി ഉണ്ടാക്കണം, ഷോകേസിൽ വെക്കുവാൻ, കൃഷിയാവശ്യത്തിന് ട്രാക്ടറുകൾ ഉണ്ടല്ലോ?

ഒരു ഗൃഹപാഠം


യെശയ്യാവിൻറെ പുസ്തകത്തിൽ “ചെന്നായ് കുഞ്ഞാടിനോട് കൂടെ പാര്‍ക്കും” (യെശ 11:6), “സിംഹം കാള എന്നപോലെ വൈക്കോല്‍ തിന്നും” (യെശ 11:7) എന്നും എഴുതിയിരിക്കുന്നത് അക്ഷരാർത്ഥത്തിൽ നടക്കുമെന്നും, മാംസഭുക്കുകൾ എല്ലാം സസ്യഭുക്കുകളാകും എന്ന രീതിയിൽ വ്യഖ്യാനം ചെയ്യുന്നത് കേട്ടിട്ടില്ലേ?
ഉൽ 49:1 അനന്തരം യാക്കോബ് തന്‍റെ പുത്രന്മാരെ വിളിച്ചു അവരോട് പറഞ്ഞത്: കൂടിവരുവിന്‍, അന്ത്യകാലത്ത് (ഭാവികാലത്ത് എന്നത് തെറ്റാണ്) നിങ്ങള്‍ക്ക് സംഭവിക്കുവാന്‍ ഉള്ളത് ഞാന്‍ നിങ്ങളെ അറിയിക്കും.
Gen 49:1 And Jacob called unto his sons, and said, Gather yourselves together, that I may tell you that which shall befall you in the lastH319 daysH3117
തുടർന്നുവരുന്ന വചനങ്ങളിൽ ഓരോ ഗോത്രത്തിനും എന്ത് സംഭവിക്കും എന്ന് വിവരിച്ചിരിക്കുന്നതിൻറെ കൂട്ടത്തിൽ:
ഉൽ 49:9 യഹൂദാ ഒരു ബാലസിംഹം; (ബാലസിംഹം എന്ന് എഴുതിയിരിക്കുന്നത് കണക്കാക്കേണ്ട, യെശ 11:7ലും ഇവിടെയും ഒരേ ഹീബ്രൂ വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്)
ഉൽ 49:27 ബെന്യാമീന്‍ കടിച്ചു കീറുന്ന ചെന്നായ്
നിങ്ങൾ ചെയ്യേണ്ടത്. ഈ പുതിയ അറിവിൻറെ വെളിച്ചത്തിൽ യെശ 11:6-7ൻറെ അർത്ഥം കണ്ടുപിടിക്കുവാൻ ശ്രമിക്കുക.

യേശുവിൻറെ ഭരണത്തിൻറെ സ്വഭാവം.

യേശുവിൻറെ ഭരണത്തിനെ പറ്റിയുള്ള പ്രവചനം:

സങ്കീ 2:9 ഇരുമ്പുകോലിനാല്‍ നീ അവരെ തകര്‍ക്കും; കുശവന്‍റെ പാത്രം പോലെ അവരെ ഉടയ്ക്കും.

വെളിപ്പാട് പുസ്തകത്തിൽ നിന്നും:

തുയഥൈര സഭയെ അഭിസംബോധന ചെയ്തുകൊണ്ട് പറയുന്നത്:
വെളി 2:26 ജയിക്കുകയും ഞാന്‍ കല്‍പിച്ച പ്രവൃത്തികളെ അവസാനത്തോളം അനുഷ്ഠിക്കുകയും ചെയ്യുന്നവന് എന്‍റെ പിതാവ് എനിക്ക് തന്നത് പോലെ ഞാന്‍ ജാതികളുടെ മേല്‍ അധികാരം കൊടുക്കും.
വെളി 2:27 അവന്‍ ഇരുമ്പുകോലിനാല്‍ അവരെ മേയ്ക്കും; അവര്‍ കുശവന്‍റെ പാത്രങ്ങള്‍ പോലെ നുറുങ്ങിപ്പോകും. (യേശുവിൻറെ കൂടെ വാഴുന്നവരുടെ കാര്യമാണിത്.)
വെളിപ്പാട് 12ൽ സൂര്യനെ ധരിച്ചുകൊണ്ട് ചന്ദ്രനിൽ കാലുകുത്തി നിൽക്കുന്ന സ്ത്രീയെ പറ്റി:
വെളി 12:5 അവള്‍ സകല ജാതികളെയും ഇരുമ്പുകോലിനാല്‍ മേയ്ക്കുവാന്‍ ഉള്ള ഒരു ആണ്‍കുട്ടിയെ പ്രസവിച്ചു; കുട്ടി ദൈവത്തിന്‍റെ അടുത്തേയ്ക്കും അവന്‍റെ സിംഹാസനത്തിലേക്കും പെട്ടെന്ന് എടുക്കപ്പെട്ടു.
വെളിപ്പാട് 19ൽ വെളുത്ത കുതിരയുടെ മുകളിൽ ഏറിവരുന്ന ദൈവത്തിൻറെ വചനം എന്ന് പേരുള്ള യേശു ക്രിസ്തുവിനെ പറ്റി:
വെളി 19:15 ജാതികളെ വെട്ടുവാന്‍ അവന്‍റെ വായില്‍ നിന്നു മൂര്‍ച്ചയുള്ള വാള്‍ പുറപ്പെടുന്നു; അവന്‍ ഇരുമ്പുകോലിനാല്‍ അവരെ മേയ്ക്കും; സര്‍വശക്തിയുള്ള ദൈവത്തിന്‍റെ കോപവും ക്രോധവുമായ മദ്യത്തിന്‍റെ ചക്ക് അവന്‍ മെതിക്കുന്നു. (ഇതിന് മുമ്പ് മദ്യത്തിന്‍റെ ചക്ക് മെതിച്ചത് ഏദോമിനെ നശിപ്പിച്ചപ്പോഴായിരുന്നു: യെശ 63:1-6)
ആയിരമാണ്ട് വാഴ്ചയിൽ ഭൂമി പൂങ്കാവനമാകും, സമാധാനം കൊടികുത്തിവാഴും എന്നൊക്കെ തട്ടിവിടുന്നവർ ഈ വചനങ്ങൾ കണ്ടിട്ടുണ്ടാവുമോ?

ആയിരമാണ്ട് വാഴ്ച: യാഥാർത്ഥ്യങ്ങൾ

2പത്രോസ് 3:8-10നെ പറ്റിയുള്ള പഠനത്തിൽ കർത്താവിൻറെ ദിവസം തന്നെയാണ് ആയിരം ആണ്ട് എന്ന് നമ്മൾ കണ്ടു. ഇപ്പോൾ കർത്താവിൻറെ ദിവസത്തെ പറ്റിയുള്ള ചില വചനങ്ങൾ പരിശോധിക്കാം.
യേശ 2:12 സൈന്യങ്ങളുടെ യഹോവയുടെ നാള്‍ ഗര്‍വവും ഉന്നതഭാവവും ഉള്ള എല്ലാത്തിന്‍റെ മേലും നിഗളമുള്ള എല്ലാത്തിന്‍റെ മേലും വരും; അവ താഴ്ന്നു പോകും.
യെശ 13:6 യഹോവയുടെ ദിവസം സമീപിച്ചിരിക്കുന്നതിനാല്‍ മുറയിടുവിന്‍; അത് സര്‍വശക്തനില്‍ നിന്നും സര്‍വനാശം പോലെ വരുന്നു.
യെശ 13:9 ദേശത്തെ ശൂന്യമാക്കുവാനും പാപികളെ അതില്‍ നിന്നും നശിപ്പിക്കുവാനും യഹോവയുടെ ദിവസം ക്രൂരമായി, ക്രോധത്തോടും അത്യധികം കോപത്തോടും കൂടെ വരുന്നു.
യിര 46:10 ആ ദിവസം സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവ് തന്‍റെ വൈരികളോട് പ്രതികാരം ചെയ്യുന്ന പ്രതികാര ദിവസമാണ്; വാള്‍ വേണ്ടുവോളം തിന്നുകയും അവരുടെ രക്തം കുടിച്ച് മദിക്കുകയും ചെയ്യും; വടക്ക് ഫ്രാത്ത് നദീതീരത്ത് സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവിന് ഒരു ഹനനയാഗം ഉണ്ട്.
കർത്താവിൻറെ നാളിനെ പറ്റിയുള്ള 29 വചനങ്ങളും ഇവിടെ ചേർക്കുന്നില്ല. പ്രസക്തമായ ഒന്നുരണ്ട് വചനങ്ങളും കൂടെ ചേർത്തിട്ട് അവസാനിപ്പിക്കാം:
സെഫ 1:14 യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; അത് അടുത്തു അത്യന്തം ബദ്ധപ്പെട്ടുവരുന്നു; കേട്ടോ യഹോവയുടെ ദിവസം! വീരന്‍ അവിടെ കഠിനമായി നിലവിളിക്കുന്നു.
ആമോ 5:18 യഹോവയുടെ ദിവസത്തിനായി വാഞ്ചിക്കുന്ന നിങ്ങള്‍ക്ക് അയ്യോ കഷ്ടം! യഹോവയുടെ ദിവസത്തില്‍ നിങ്ങള്‍ക്ക് എന്ത് ഗുണം! അത് വെളിച്ചമല്ല ഇരുട്ടാണ്.
ആമോ 5:20 യഹോവയുടെ ദിവസം വെളിച്ചമല്ല, ഇരുളാണ്; ഒട്ടും പ്രകാശമില്ലാതെ അന്ധതമസ്സ്.

ആയിരമാണ്ട് അടിയന്തരാവസ്ഥ

1975 ജൂൺ 25നും 1977 മാർച്ച് 21നും ഇടയിൽ നിലനിന്ന അടിയന്തരാവസ്ഥ, 40+ വർഷങ്ങൾ പിന്നിട്ടിട്ടും ഇന്ത്യയുടെ മനസ്സിലെ ഉണങ്ങാത്ത മുറിവായി അവശേഷിക്കുന്നു. ഹിറ്റ്ലറിൻറെ കിരാതവാഴ്ച ലോകമനസ്സാക്ഷിയെ ഞടുക്കി. സ്റ്റാലിൻറെ ഭരണം എത്ര ഭീതിദമായിരുന്നു?

നാം ഇതുവരെ വായിച്ച വചനങ്ങളുടെ വെളിച്ചത്തിൽ ആയിരമാണ്ട് വാഴ്ച ആയിരമാണ്ട് അടിയന്തരാവസ്ഥയായിരിക്കും. ഞാൻ ഇതിനുമുമ്പ് പല പ്രാവശ്യം പറഞ്ഞിട്ടുള്ളത് പോലെ താക്കീതുകൾ ഒരിക്കലും അക്ഷരശഃ നിറവേറില്ല, അത് മണ്ണും പൊടിയുമായ മനുഷ്യനാൽ താങ്ങുവാൻ കഴിയില്ല.
മലാ 3:2 അവിടന്ന് വരുന്ന ദിവസത്തെ  ആര്‍ക്ക് സഹിക്കുവാൻ കഴിയും? അവിടന്ന് പ്രത്യക്ഷനാകുമ്പോള്‍ ആര് നിലനില്‍ക്കും? അവിടന്ന് സ്‌ഫുടംചെയ്യുന്നവന്‍റെ അഗ്നി പോലെയും അലക്കുകാരം പോലെയും ആയിരിക്കും.
നമ്മുടെ മുഖ്യധാരാ ക്രൈസ്തവ സഭകൾ പഠിപ്പിക്കുന്ന ശാന്തസുന്ദര ആയിരമാണ്ട് വാഴ്ചയ്ക്കും, വേദപുസ്തകത്തിലെ ആയിരമാണ്ട് വാഴ്ചയ്ക്കും തമ്മിൽ കടലും കടലാടിയും പോലെയുള്ള ബന്ധം പോലുമില്ല.

വ്യാഖ്യാനത്തിലെ വൈരുധ്യം.


ആയിരമാണ്ടും കർത്താവിൻറെ ദിവസവും ഒന്നുതന്നെയാണെന്ന് 2പത്രോ 3:8-10നെ പറ്റിയുള്ള പഠനത്തിൽ നാം കണ്ടു. ആ വേദഭാഗത്തെ പറ്റി പരാമർശിക്കുമ്പോൾ ഭൂമിയും പ്രപഞ്ചവും മുഴുവൻ വെന്ത് വെണ്ണീറാകും എന്ന് അവകാശപ്പെടുന്നവർ, വെളി 20ലെ ആയിരമാണ്ടിനെ പറ്റി പരാമർശിക്കുമ്പോൾ ഭൂമി പൂങ്കാവനമാകും എന്ന് അവകാശപ്പെടുന്നതിലുള്ള വൈരുധ്യം അവർ ശ്രദ്ധിക്കാത്തത് എന്തുകൊണ്ടാണാവോ?

ക്രിസ്തുവിൽ,
ടോംസൻ കട്ടക്കൽ