Sunday, May 14, 2017

സ്നേഹത്തിൻറെ പൂർണ്ണത വരുമ്പോൾ അപൂർണ്ണത നീങ്ങിപ്പോകും. (1കൊരി 13:10)

ക്രിസ്തുവിൽ പ്രിയരെ,


ഈ ലേഖനത്തിന് മുഖവുരയായി ഒരു കാര്യം പറഞ്ഞുകൊള്ളട്ടേ: അശ്ശേഷം പരിശുദ്ധാത്മാവിൻറെ വരങ്ങൾ ഇല്ലാത്തവരേ പരിശുദ്ധാത്മാവിൻറെ വരങ്ങൾ ഒഴിഞ്ഞുപോയി എന്ന് വാദിക്കൂ.

ഞാൻ ആരുടെ മേലും കൈവെച്ച് രോഗശാന്തി വരുത്തിയിട്ടില്ല (ഇതുവരെ) അതിൻറെ അർത്ഥം ആർക്കും അങ്ങനെ ചെയ്യുവാൻ കഴിയില്ല എന്നല്ല, തീർച്ചയായും കഴിയും. അതേ സമയം, രോഗശാന്തി ശുശ്രൂഷ എന്ന പേരിൽ തട്ടിപ്പും നാടകങ്ങളും നടത്തുന്നവരെല്ലാം പരിശുദ്ധാത്മാവിൻറെ വരത്തിനാൽ അങ്ങനെ ചെയ്യുന്നു എന്ന് ഞാൻ വാദിക്കില്ല.

അതുപോലെ തന്നെ, 6-7 ഭാഷകൾ എഴുതുകയും, വായിക്കുകയും, സംസാരിക്കുകയും, പരിഭാഷപ്പെടുത്തുകയും ചെയ്യുന്ന ഞാൻ അന്യഭാഷയുടെ വരം നിന്നുപോയി എന്ന് വാദിക്കുന്നത് പരിശുദ്ധാത്മാവിന് വിരോധമായ പാപമായിരിക്കും.


വേദപുസ്തകത്തിൽ ഏറ്റവുമധികം ദുർവ്യാഖ്യാനം ചെയ്യപ്പെടുന്ന ഒരു വചനം 1കൊരി 13:10 ആണെന്ന് തോന്നുന്നു. (ഈ ലേഖനവും ഒരു ദുർവ്യാഖ്യാനമായി ദുർവ്യാഖ്യാനം ചെയ്യപ്പെട്ടേക്കാം. ഹാ! ഹാ!)
1കൊരി 13:10 പൂർണ്ണമായത് വരുമ്പോൾ അംശമായത് (അപൂർണ്ണമായത്) നീങ്ങിപ്പോകും.
പൂർണ്ണമായത് എന്ന വാക്കിന് ഓരോ ക്രൈസ്തവ വിഭാഗത്തിനും അവരവരുടെ മുൻവിധികൾക്ക് അനുസൃതമായ വ്യാഖ്യാനമാണുള്ളത്.
  • വേദപുസ്തകം പൂർണ്ണമായി സാമാഹരിക്കപ്പെട്ടതാണ് പരിപൂർണ്ണത എന്ന് വാദിക്കുന്നവരുണ്ട്.
  • തങ്ങളുടെ വിഭാഗത്തിൻറ സ്ഥാപകനിലൂടെ “സത്യം” മുഴുവനും വെളിപ്പെട്ടതാണ് പരിപൂർണ്ണത എന്ന് അവകാശപ്പെടുന്നവരുണ്ട്.
  • നാം സ്വർഗത്തിൽ എത്തുന്നതാണ് പരിപൂർണ്ണത എന്ന് വാദിക്കുന്നു, വേറെ ചിലർ.
  • ഭൂരിഭാഗം പേരുടെയും അഭിപ്രായം പരിപൂർണ്ണത വരിക എന്നതിൻറെ അർത്ഥം യേശു വീണ്ടും വരിക എന്നാണെന്നാണ്.
ഈ വ്യാഖ്യാനങ്ങളിൽ ഒന്നിന് പോലും വേദപുസ്തകത്തിൽ അടിസ്ഥാനമില്ല എന്നതാണ് ഖേദകരമായ സത്യം. (ഈ വചനത്തെ പറ്റിയുള്ള ചർച്ച പോലും പരിശുദ്ധാത്മാവിൻറെ വരങ്ങൾ നിന്നുപോയി എന്ന് വാദിക്കുന്നവരും, ഇപ്പോഴും തുടരുന്നു എന്ന് വാദിക്കുന്നവരും തമ്മിലുള്ള അനാരോഗ്യകരമായ സംവാദത്തിൻറെ ഭാഗമാണ്.)

1കൊരിന്ത്യർ 13 സ്നേഹത്തെ പറ്റിയാണെന്നും, ഈ അദ്ധ്യായവും അതിന് മുമ്പും പിമ്പുമുള്ള അദ്ധ്യായങ്ങളും പരിശുദ്ധാത്മാവിൻറെ വരങ്ങളെ പറ്റിയും, അന്യഭാഷ, പ്രവചനം എന്നിവയെ പറ്റിയും പരാമർശിക്കുന്നവയാണ് എന്നും തിരിച്ചറിയുമ്പോൾ ഈ വ്യാഖ്യാനങ്ങളൊന്നും യുക്തിയുക്തമോ പ്രസക്തമോ അല്ല എന്ന് മനസ്സിലാകും.

1കൊരി 12ൻറെ അവസാനത്തെ വചനവും, 1കൊരി 14ൻറെ ആദ്യത്തെ വചനവും ഈ മൂന്ന് അദ്ധ്യായങ്ങളും പരസ്പരം ബന്ധമുള്ളവയാണെന്ന് വ്യക്തമാക്കുന്നു. 1കൊരി 12ൽ പരിശുദ്ധാത്മാവിൻറെ വരങ്ങളെ പറ്റി വിവരിച്ച ശേഷം, പൌലോസ് പറയുന്നു:
“... ഇനി അതിശ്രേഷ്ഠമായ ഒരു മാർഗം ഞാൻ നിങ്ങൾക്ക് കാണിച്ചുതരാം” (1കൊരി 12:31). ആ അതിശ്രേഷ്ഠമായ മാർഗമാണ് സ്നേഹം.
1കൊരി 14 തുടങ്ങുന്നത് ഇങ്ങനെയാണ്:
1കൊരി 14:1 സ്നേഹം ആചരിക്കുവാൻ (സ്നേഹത്തെ പിന്തുടരുവാൻ) ഉത്സാഹിക്കുവിൻ! ആത്മീയ വരങ്ങളും വിശേഷാൽ പ്രവചനവരവും വാഞ്ഛിക്കുവിൻ.
ഈ മൂന്ന് അദ്ധ്യായങ്ങളിലും യേശുവിൻറെ രണ്ടാം വരവിനെ കുറിച്ച് സ്പഷ്ടമായ പരാമർശമില്ല എന്ന കാര്യം ശ്രദ്ധിക്കുക. അതുകൊണ്ടുതന്നെ, പരിപൂർണ്ണത വരിക എന്നതിന് യേശുവിൻറെ രണ്ടാം വരവ് എന്ന അർത്ഥമില്ല.

നിങ്ങൾ കണ്ണാടിയിൽ കടങ്കഥയായി എന്തോന്നാ കാണുന്നത്? യേശുവിനെയോ?

1കൊരി 13:12 ഇപ്പോൾ നാം കണ്ണാടിയിൽ കടങ്കഥയായി കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും; ഇപ്പോൾ ഞാൻ അംശമായി അറിയുന്നു; അപ്പോഴോ ഞാൻ അറിയപ്പെട്ടത് പോലെ തന്നേ അറിയും,
1കൊരി 13:10മുതലുള്ള വചനങ്ങൾ ക്രിസ്തുവിൻറെ രണ്ടാംവരവിനെ പറ്റിയാണെന്ന് വാദിക്കുന്നവർക്ക് ആധാരമായുള്ളത് ഈ വചനത്തിലെ “ഇപ്പോൾ” “അപ്പോൾ” എന്ന രണ്ട് വാക്കുകൾ മാത്രമാണ്. അപ്പോൾ എന്നത് ക്രിസ്തുവിൻറെ വരവിനെ പറ്റിയാണ് എന്നാണെന്ന് അവരങ്ങ് തീരുമാനിച്ചു. തമ്പ്രാക്കന്മാർ തീരുമാനിച്ചാൽ പിന്നെ ചോദ്യമില്ലല്ലോ?

“കണ്ണാടിയിൽ കടങ്കഥയായി കാണുകയോ?” അതെങ്ങനാ അതിൻറെ സൂത്രം? സഹോദരാ, സഹോദരീ, ഈ വാക്കുകളുടെ മികച്ച പരിഭാഷ: [ഇരുണ്ട] ചില്ലിലൂടെ അവ്യക്തമായി കാണുക എന്നാണ്. നിങ്ങൾ നിങ്ങളുടെ ഉള്ളിൽ വസിക്കുന്ന യേശു ക്രിസ്തുവിനെ കണ്ണാടിയിലോ, ചില്ലിലൂടെയോ അവ്യക്തമായി കാണാറുണ്ടോ? അതെങ്ങെനെയാണ് സാധിക്കുന്നത്?

എന്താണ് വരുന്നത്?


ഈ വചനത്തിൽ “പൂർണ്ണമായത്” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്ക് “ടെലിലോസ്” (τέλειος, സ്ട്രോങ്സിൽ G5046) ഏറ്റവും കുറഞ്ഞത് രണ്ട് തവണയെങ്കിലും “പ്രായപൂർത്തിയായവൻ” എന്ന അർത്ഥത്തിൽ പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ട്. 1കൊരി 14:20 (മുതിർന്നവർ) എബ്രാ 5:14 (പ്രായം തികഞ്ഞവർ)  എന്നീ വചനങ്ങൾ കാണുക. അതായത്, ഈ വാക്കിന് പ്രായപൂർത്തിയാകുക, പൂർണ്ണത ആർജ്ജിക്കുക എന്നിങ്ങനെയുള്ള അർത്ഥമുണ്ട്.

1കൊരി 13:10നെ തുടർന്നുവരുന്ന വചനത്തിൽ ശൈശവത്തിലെ ചാപല്യങ്ങളിൽ നിന്നും പൂർണ്ണവളർച്ച പ്രാപിച്ചവനിലെ പക്വതയിലേയ്ക്കുള്ള വളർച്ചയെ പറ്റി പരാമർശിച്ചിരിക്കുന്നതിനാൽ അത്തരത്തിലൊരു വളർച്ചയാണ് അപൂർണ്ണമായത് നീങ്ങിപ്പോയി, പൂർണ്ണമായത് വരിക എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
1കൊരി 13:11 ഞാൻ ശിശു ആയിരുന്നപ്പോൾ ശിശുവിനെ പോലെ സംസാരിച്ചു, ശിശുവിനെ പോലെ ചിന്തിച്ചു, ശിശുവിനെ പോലെ നിരൂപിച്ചു; പുരുഷനായ ശേഷമോ ഞാൻ ശിശുവിനുള്ളത് ത്യജിച്ചുകളഞ്ഞു.
വീണ്ടും, 1കൊരി 13:12ൽ അവ്യക്തതയിൽ നിന്നും വ്യക്തതയിലേയ്ക്കുള്ള പുരോഗതിയെ പറ്റി പരാമർശിച്ചിരിക്കുന്നതിനാൽ അത്തരത്തിലുള്ള ഒരു പുരോഗതിയാണ് പൂർണ്ണതയുടെ വരവ്.
1കൊരി 13:12 ഇപ്പോൾ നാം കണ്ണാടിയിൽ കടങ്കഥയായി (ഒരു ചില്ലിലൂടെ അവ്യക്തമായി) കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും; ഇപ്പോൾ ഞാൻ അംശമായി (ഭാഗികമായി) അറിയുന്നു; അപ്പോഴോ ഞാൻ അറിയപ്പെട്ടത് പോലെ തന്നേ അറിയും,
അൽപംകൂടെ വ്യക്തമായി പറഞ്ഞാൽ, പൂർണ്ണമായ സ്നേഹത്തിൻറെ വരവിനെ പറ്റിയാണ് പൌലോസ് 1കൊരി 13:10ൽ പ്രതിപാദിക്കുന്നത്.

ഓരോ അദ്ധ്യായത്തിനും ഓരോ സ്പഷ്ടമായ പ്രതിപാദ്യ വിഷയമുണ്ട്:
  • 1കൊരി 12 പരിശുദ്ധാത്മാവിൻറെ വരങ്ങളെ പറ്റിയാണ്.
  • 1കൊരി 13 സ്നേഹത്തെ പറ്റിയാണ്.
  • 1കൊരി 14: അന്യഭാഷയെ പറ്റിയാണ്.
  • 1കൊരി 15: യേശുവിൻറെ വരവിനെയും പുനരുത്ഥാനത്തെയും പറ്റിയാണ്.
ഈ അദ്ധ്യായങ്ങളിലൊന്നും ചർച്ച ചെയ്തുകൊണ്ടിരുന്ന വിഷയത്തിൽ നിന്നും വ്യതിചലിച്ച് മറ്റൊരു വിഷയത്തിലേയ്ക്ക് പോകാതിരുന്ന പൌലോസ്, 1കൊരി 13ൽ മാത്രം സ്നേഹത്തെ പറ്റി ചർച്ച ചെയ്തുകൊണ്ടിരുന്നതിനിടയിൽ - ഒരു മുന്നറിയിപ്പും കൂടാതെ - യേശുവിൻറെ രണ്ടാം വരവിനെ പറ്റി സംസാരിക്കുവാൻ തുടങ്ങി എന്ന് വാദിക്കുന്നത് നിരർത്ഥകമാണ്, വിവരക്കേടാണ്.

സ്നേഹത്തിൻറെ പൂർണ്ണത കൈവരുമ്പോൾ.


1കൊരി 13:10ൽ സ്നേഹത്തിൻറെ പൂർണ്ണത കൈവരുന്നതിന പറ്റിയാണ് പരാമർശിക്കുന്നത് എന്ന അറിവിൻറെ വെളിച്ചത്തിൽ ചില വചനങ്ങൾ പരാവര്‍ത്തനം ചെയ്യുന്നു..
1കൊരി 13:11 സ്നേഹത്തിൽ പൂർണ്ണത  പ്രാപിക്കുന്നതിന് മുമ്പ് ഞാൻ ബാലിശമായി പെരുമാറി, സ്നേഹത്തിൽ പൂർണ്ണത പ്രാപിച്ചപ്പോൾ ഞാൻ ബാലിശമായത് ഉപേക്ഷിച്ചു.
1കൊരി 13:12 സ്നേഹത്തിൽ പൂർണ്ണത പ്രാപിക്കുന്നതിന് മുമ്പ് നാം (നിയമവാദികളെ പോലെ) മറ്റുള്ളവരെ അയോഗ്യരും പാപികളും എന്നൊക്കെയുള്ള മുൻവിധിയോടെ കാണുന്നു; സ്നേഹത്തിൻറെ പൂർണ്ണത വന്നുകഴിയുമ്പോൾ അവർ എങ്ങനെ ആയിരിക്കുന്നുവോ അതേപോലെ കാണും; ഇപ്പോൾ ഞാൻ അവരെ അപൂർണ്ണമായി അറിയുന്നു; സ്നേഹത്തിൻറെ പൂർണ്ണത വന്നുകഴിയുമ്പോൾ അവർ എന്നെ എങ്ങനെ അറിഞ്ഞിരുന്നോ, അതേപോലെ ഞാനും അവരെ അറിയും,
1കൊരി 13:12 സ്നേഹത്തിൻറെ പൂർണ്ണതയിൽ വിശ്വാസവും, പ്രത്യാശയും അപ്രസക്തമാകുന്നു; കാരണം സ്നേഹം ദൈവതുല്യമാണ്.. (ദൈവം സ്നേഹമാണ്.)

1കൊരി 13:8 സ്നേഹം ഒരിക്കലും പരാജയപ്പെടില്ല; പരിപൂർണ്ണമായ സ്നേഹത്തിന് മുന്നിൽ ഭാഷകളും, പ്രവചനവും, അറിവും ഒന്നുമല്ല.

പൌലോസ് പറഞ്ഞുനിർത്തിയത് പോലെ, സ്നേഹത്തെ പിന്തുടരുവാൻ ഉത്സാഹിക്കുക!

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ