Saturday, April 18, 2015

ഊമായായ ആത്മാവ് പിടിപെട്ട ബാലനും സാത്താനും.

സ്നേഹിതരേ,

നാം വേദപുസ്തകം വായിക്കുമ്പോള്‍ ഗഹനമായി പഠിക്കുന്നതിന് പകരം, ആഖ്യാനത്തിന്‍റെ ഒഴുക്കിന് അനുസൃതമായും, നമ്മുടെ മുന്‍വിധികള്‍ക്ക് അനുസൃതമായും വായിക്കുകയാണ് പതിവ്. ഊമയായ ആത്മാവിനാല്‍ പിടിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന ബാകനെ പറ്റിയ ആഖ്യാനം ഇതിന് ഒരു ഉത്തമ ഉദാഹരണമാണ്.




ആദ്യമായി ആ ബാലനെ സംബന്ധിച്ച വിവരങ്ങള്‍ മൂന്ന് സംക്ഷിപ്‌ത സുവിശേഷങ്ങളില്‍ നിന്നും ശേഖരിക്കാം:

മത്താ 17:15 കര്‍ത്താവേ, എന്‍റെ മകനോട് കരുണയുണ്ടാകേണമേ; അവന്‍ ചന്ദ്രരോഗം പിടിച്ചു പലപ്പോഴും തീയിലും പലപ്പോഴും വെള്ളത്തിലും വീണു വല്ലാത്ത കഷ്ടത്തിലാകുന്നു.
മാര്‍ 9:17 അതിന് പുരുഷാരത്തില്‍ ഒരുവന്‍ ഗുരോ, ഊമയായ ആത്മാവുള്ള എന്‍റെ മകനെ ഞാന്‍ നിന്‍റെ അടുത്ത് കൊണ്ടുവന്നു.
മാര്‍ 9:18 അത് അവനെ എവിടെ വെച്ചു പിടിച്ചാലും അവനെ തള്ളിയിടുന്നു; പിന്നെ അവന്‍ നുരച്ച് പല്ലുകടിച്ചു വരണ്ടുപോകുന്നു. അതിനെ പുറത്താക്കുവാന്‍ ഞാന്‍ നിന്‍റെ ശിഷ്യന്മാരോട് പറഞ്ഞിട്ട് അവര്‍ക്കും കഴിഞ്ഞില്ല എന്ന് ഉത്തരം പറഞ്ഞു.
ലൂക്ക 9:38 ഒരു ആത്മാവ് അവനെ പിടിച്ചിട്ട് അവന്‍ പൊടുന്നനവേ നിലവിളിക്കുന്നു; അത് അവനെ നുരപ്പിച്ച് പിടപ്പിക്കുന്നു; പിന്നെ അവനെ ഞെരിച്ചിട്ട് പ്രയാസത്തോടെ വിട്ടുമാറുന്നു.

ഈ സംഭവം നടന്നത് യേശു രൂപാന്തരപ്പെട്ടതിന് ശേഷം തിരികെ വന്നപ്പോഴാണ്.


  • 3 സുവിശേഷങ്ങളിലും കഥാപാത്രങ്ങള്‍ ഒരേ അപ്പനും മകനുമാണ്.
  • യേശുവോ, ആ ബാലന്‍റെ അപ്പനോ പറഞ്ഞ കാര്യങ്ങള്‍ 3 സുവിശേഷങ്ങളിലും ഒരുപോലെ അല്ല.
  • മത്താ 17:15ല്‍ ആ ബാലന്‍റെ രോഗം ചന്ദ്രരോഗം
  • മാര്‍ 9:17ല്‍ അവന്‍ ഊമയായ ആത്മാവുള്ളവന്‍
  • ലൂക്ക 9:39ല്‍ അവന്‍ ഒരു ആത്മാവിനാല്‍ പിടിക്കപ്പെട്ടവന്‍.


ഇപ്പോള്‍ നമുക്ക് ആ ബാലന്‍റെ രോഗലക്ഷണങ്ങളുടെ ഒരു പട്ടിക ഉണ്ടാക്കാം.

  • പലപ്പോഴും തീയിലും വെള്ളത്തിലും വീഴുന്നു.
  • തള്ളിയിടുന്നു അല്ലെങ്കില്‍ തള്ളിയിടപ്പെടുന്നു.
  • നുര തുപ്പുന്നു.
  • പല്ല് കടിക്കുന്നു.
  • നിലവിളിക്കുന്നു.
  • പിടയ്ക്കുന്നു.
  • വരണ്ടുപോകുന്നു. (മരവിക്കുന്നു)


ഈ രോഗലക്ഷണങ്ങള്‍ നിങ്ങള്‍ ഒരു യോഗ്യതയുള്ള ഡോക്ടറെ കാണിച്ചാല്‍ തീര്‍ച്ചയായും ആ ബാലന് അപസ്മാരമാണ് രോഗം എന്ന് വിധിക്കും. ഇംഗ്ലീഷില്‍ ESV, ASV, ISV, RV തുടങ്ങിയ പരിഭാഷകളിലും മലയാളത്തില്‍ കത്തോലിക്കരുടെ വേദപുസ്തകത്തിലും “ചന്ദ്രരോഗം” എന്നതിന് പകരം “അപസ്മാരം” എന്ന് എഴുതിയിരിക്കുന്നത് യാദൃശ്ചികമായി സംഭവിച്ചതല്ല.


ചന്ദ്രരോഗം, അപസ്മാരം എന്നിവയുടെ വ്യത്യാസം.



ചന്ദ്രരോഗം (lunacy) എന്ന വാക്കുതന്നെ പഴയ കാലത്തെ അന്ധവിശ്വാസത്തിന്‍റെ ഫലമാണ്. പഴയ കാലത്തെ മനുഷ്യര്‍ ചന്ദ്രന്‍റെ അല്ലെങ്കില്‍ ചന്ദ്ര ഭഗവാന്‍റെ സ്വാധീനത്താലാണ് അപസ്മാര ബാധ ഉണ്ടാകുന്നത് എന്ന് വിശ്വസിച്ചിരുന്നു. ആധുനിക ശാസ്ത്രം ചന്ദ്രനും അപസ്മാര ബാധയ്ക്കും തമ്മില്‍ കാര്യമായ ബന്ധം ഇല്ല എന്ന് സ്ഥാപിച്ചിരിക്കുന്നു.

ഇംഗ്ലീഷ് വേദപുസ്തകത്തില്‍ മത്താ 17:15ല്‍ ഉപയോഗിച്ചിരിക്കുന്ന lunatick (ചന്ദ്രരോഗി) എന്ന വാക്ക് ലത്തീനില്‍ luna (ചന്ദ്രന്‍) എന്ന വാക്കില്‍ നിന്നും ഉണ്ടായതാണ്. അതുപോലെ തന്നെ ഗ്രീക്ക് മൂലകൃതിയില്‍ ഉപയോഗിച്ചരിക്കുന്ന selēniazomai (സ്ടോങ്സ് നിഘണ്ടുവില്‍ G4583 - ചന്ദ്രരോഗി) എന്ന വാക്ക് selēnē (G4582 -ചന്ദ്രന്‍) എന്ന വാക്കില്‍ നിന്നും ഉണ്ടായതാണ്.

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരിക്കുന്ന സാമാന്യ വിദ്യാഭ്യാസമുള്ള ആരും അപസ്മാരം ഒരു മനോരോഗമായി (ഭ്രാന്ത്) കണക്കാക്കുന്നില്ല. പ്രശസ്തരായ എത്രയോ ചിന്തകരും, മഹാരാജാക്കന്മാരും, എഴുത്തുകാരും, കലാകാരന്മാരും, സംഗീതജ്ഞരും അപസ്മാര രോഗികളായിരുന്നു. ചില ഉദാഹരണങ്ങള്‍: സോക്രട്ടീസ്, ജൂലിയസ് സീസര്‍, ഫിയോദർ ദസ്തയേവ്സ്കി, സൂസൻ ബോയൽ, വ്ലാഡിമിര്‍ ലെനിന്‍.

നമുക്ക് ഭ്രാന്തിനും അപസ്മാരത്തിനും ഉള്ള വ്യത്യാസം അറിയാം. അപസ്മാരം നാഡീവ്യൂഹ സംബന്ധമായ രോഗം, ഭ്രാന്ത് ഒരു മനോരോഗം. പഴയ കാലത്തെ മനുഷ്യര്‍ക്ക് ഈ വ്യത്യാസം അറിയില്ലായിരുന്നു.

ചന്ദ്രരോഗവും ഊമയായ ആത്മാവും ഒന്നുതന്നെയാണോ? ഇവ രണ്ടും ഒന്നുതന്നെയാണെന്ന് തെളിയിക്കാന്‍ കഴിയുമോ? വേദപുസ്തകത്തിലെ ഓരോ വാക്കും പരിശുദ്ധാത്മാവിന്‍റെ പ്രേരണയാല്‍ എഴുതപ്പെട്ടതാണെങ്കില്‍ മത്തായിയും മര്‍ക്കോസും ഒരേ സംഭവത്തെ വ്യത്യസ്തമായ രീതിയില്‍ എഴുതി?

ആ ബാലനുടെ രോഗം ചന്ദ്രരോഗമാണോ, ആത്മാവ് പിടികൂടിയതാണോ എന്നതിന് ഉറപ്പില്ല, അപ്പോള്‍ ആ രോഗം സാത്താന്‍ അല്ലെങ്കില്‍ പിശാചിനാല്‍ ഉണ്ടായത് എന്നതിന് എന്താണ് ഉറപ്പ്?

മത്താ 17:18ല്‍ യേശു ഭൂതത്തെ ശാസിച്ചു എന്നും ലൂക്കാ 9:41ല്‍ യേശു അശുദ്ധാത്മാവിനെ ശാസിച്ചു എന്നും എഴുതിയിരിക്കുന്നത് മനസ്സിലാക്കാം, എന്നാല്‍ മാര്‍ 9:25ല്‍ യേശു ഊമയും ചെകിടനുമായ ആത്മാവിനോട് സംസാരിക്കുന്നത് വായിക്കുമ്പോള്‍ ഗോഡ്ഫാദര്‍ എന്ന ചിത്രത്തില്‍ ജനാര്‍ദ്ധനന്‍ ചെവിയില്‍ ഒരു കിലോ വീതം പഞ്ഞി തിരുകിവെച്ച ആനയോട് ഫിലോമിന തളിയാനേ പനിനീര് എന്ന് പറയുന്ന രംഗമാണ് ഓര്‍മ്മ വരുന്നത്. ഊമയും ചെകിടനുമായ ആത്മാവിനോട് സംസാരിച്ചിട്ട് കാര്യമില്ല എന്ന് ഏത് പാമരനും അറിയാം, അപ്പോള്‍ എല്ലാം അറിയുന്ന യേശുവിന് അറിയാതിരിക്കുമോ?

ഈ അടുത്ത കാലം വരെ അപസ്മാരത്തിന് ആധികാരികവും അംഗീകൃതവുമായ ചികിത്സാവിധികള്‍ ഇല്ലായിരുന്നു എന്നത് പരിഗണിക്കുമ്പോള്‍, ഒന്നാം നൂറ്റാണ്ടില്‍, യാതൊരുവിധ മരുന്നുകളോ ഉപകരണങ്ങളോ ഇല്ലാതെ യേശു ഒരു അപസ്മാര രോഗിയെ സുഖപ്പെടുത്തി എന്നത് അവിടന്ന് സത്യംസത്യമായും ദൈവപുത്രനായിരുന്നു എന്നതിന്‍റെ നിസ്‌തര്‍ക്കമായ തെളിവാണ്.

അപസ്മാരം സാത്താനില്‍ നിന്നും ഉണ്ടാകുന്നതാണെങ്കില്‍ അപസ്മാരം സുഖപ്പെടുത്തുവാന്‍ മസ്തിഷ്ക ശസ്ത്രക്രിയ നടത്തുന്ന ഡോക്ടര്‍മാര്‍ മസ്തിഷ്കത്തിന്‍റെ ഏത് പാളിയിലാണ് സാത്താന്‍ ഒളിച്ചിരിക്കുന്നത് എന്ന് കരുതിയാണ് ശസ്ത്രക്രിയ നടത്തുന്നത്? അഥവാ, സാത്താന് ഒളിച്ചിരിക്കുവാന്‍ മസ്തിഷ്കത്തില്‍ പ്രത്യേകം ഒരു സ്ഥലമുണ്ടോ?

ഉപസംഹാരം:


സാത്താന്‍ എന്നോ, ഊമയായ ആത്മാവ് എന്നോ, അശുദ്ധ ആത്മാവ് എന്നോ എന്ത് പേരിട്ട് വിളിച്ചാലും യേശു അ ബാലനെ സുഖപ്പെടുത്തിയത് അപസ്മാരത്തില്‍ നിന്നുമാണ്. അപസ്മാരം നാഡീവ്യൂഹ സംബന്ധമായ രോഗമാണ് എന്ന് ഓര്‍മ്മിക്കുക. അപസ്മാരം സാത്താനില്‍ നിന്നും ഉണ്ടാകുന്ന രോഗമല്ല. വേദപുസ്തകം ഒരു ശാസ്ത്രഗ്രന്ഥമല്ല. ചന്ദ്രരോഗം, ഊമയായ ആത്മാവ്, സാത്താന്‍ തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത് ആ കാലത്ത് നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളുടെ തെളിവാണ് എന്നല്ലാതെ സാത്താന്‍ ഉണ്ട് എന്നതിന് തെളിവല്ല.

ക്രിസ്തുവില്‍,
ടോംസാന്‍ കട്ടയ്ക്കല്‍.

No comments:

Post a Comment