Tuesday, February 7, 2017

“ശൂന്യമാക്കുന്ന മ്ലേച്ഛത” - യേശു മനസ്സാ വാചാ കർമ്മണാ ഉദ്ദേശിക്കാത്തത്.

ക്രിസ്തുവിൽ പ്രിയരെ,

ശൂന്യമാക്കുന്ന മ്ലേച്ഛതയെ പറ്റിയുള്ള ഈ പരമ്പര തയ്യാറാക്കുമ്പോൾ എൻറെ മനസ്സിൽ വ്യക്തതയുള്ള ചില കാര്യങ്ങളുണ്ട്.

  • ഞാൻ ചരിത്ര വിദ്യാർത്ഥിയല്ല. അതുകൊണ്ടുതന്നെ ചില പിഴവുകൾ സംഭവിക്കാം.
  • എൻറെ വായനക്കാർ എന്നെക്കാൾ ബുദ്ധിമാന്മാരും, ഉത്സാഹശാലികളുമാണ്. ഞാൻ എഴുതിയതിനേക്കാൾ അധികം വ്യക്തതയോടെ എഴുതുവാൻ അവർക്ക് കഴിയും.
  • ഈ വിഷയത്തെ പറ്റി ഇവിടെ അവതരിപ്പിച്ചിരിക്കുന്ന വീക്ഷണകോണിൽ നിന്നുമുള്ള എഴുത്തുകൾ മലയാളത്തിൽ ഉണ്ടായിട്ടില്ല (ചില അംശങ്ങൾ വേറെ എവിടെയും കണ്ടില്ലെന്നുവരാം). അതുകൊണ്ടുതന്നെ കൂടുതൽ വിശദമായ പഠനങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു.
  • ഏതെങ്കിലും മതത്തെയോ, മതവിഭാഗത്തെയോ ശൂന്യമാക്കുന്ന മ്ലേച്ഛതയായി ചിത്രീകരിച്ച് പഠിച്ചവർക്ക് ഈ ലേഖനങ്ങൾ അത്ര പിടിച്ചെന്ന് വരില്ല.
  • എൻറെ അപ്പൻ വി. ഓ. സ്കറിയാ കത്തോലിക്കനായതിനാലാണ് ഞാൻ ഇങ്ങനെ എഴുതുന്നത് എന്ന് കരുതുന്നവരുടെ ബുദ്ധിമാന്ദ്യം മാറുവാൻ സമയം കിട്ടുമ്പോൾ പ്രാർത്ഥിക്കാം.
  • ഈ പരമ്പര എഴുതുവാൻ ഒരു മാസം സമയമെടുത്തു. ഇത് ഇതിലധികം ലളിതവും സംക്ഷിപ്തവുമാക്കുവാൻ എന്നാൽ കഴിയില്ല.
ശൂന്യമാക്കുന്ന മ്ലേച്ഛതയെ പറ്റി വേദപുസ്തകത്തിൽ ആധാരമില്ലാത്ത ധാരാളം നിഗമനങ്ങളുണ്ട്. അതിൽ ഏറ്റവും പ്രചുരപ്രചാരം സിദ്ധിച്ച ഒന്നാണ് റോമൻ കത്തോലിക്കാ സഭയും മാർപ്പാപ്പയുമാണ് ശൂന്യമാക്കുന്ന മ്ലേച്ഛത എന്നത്. വേറെ ചിലർ കത്തോലിക്കർ കർത്തൃമേശയിൽ ഉപയോഗിക്കുന്ന ഓസ്തിയാണ് (അപ്പം) ശൂന്യമാക്കുന്ന മ്ലേച്ഛത എന്ന് കണ്ടുപിടിച്ചു.

വേദപുസ്തകം ഈ വിഷയത്തിൽ എന്ത് പറയുന്നു എന്ന് പരിശോധിക്കാം:
മത്താ 24:15 എന്നാൽ ദാനീയേൽ പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തത് പോലെ ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധസ്ഥലത്തിൽ നിൽക്കുന്നത് നിങ്ങൾ കാണുമ്പോൾ (വായിക്കുന്നവൻ ചിന്തിച്ചു കൊള്ളട്ടെ),
Mat 24:15 When ye therefore shall see the abomination of desolation, spoken of by Daniel the prophet, stand in the holy place, (whoso readeth, let him understand:)
മത്താ 24:16 അന്ന് യെഹൂദ്യയിൽ ഉള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ.
Mat 24:16 hen let them which be in Judaea flee into the mountains:

ഈ വേദഭാഗത്ത് മാർപ്പാപ്പയെ ആരോപിച്ചാൽ എങ്ങനെയിരിക്കും?


മാർപ്പാപ്പ അങ്ങേരുടെ (ദുർ)ഭരണം ലോകം മുഴുവൻ നടത്തുന്നതും അങ്ങേർ വത്തിക്കാനിൽ അങ്ങേരുടെ സിംഹാസനത്തിൽ ഇരിക്കുന്നതും കാണുമ്പോൾ, യെഹൂദ്യയിലുള്ളവർ മലകളിലേയ്ക്ക് ഓടണം പോലും! ഏകദേശം എറണാകുളം ജില്ലയുടെ അത്രയും മാത്രം വിസ്തീർണ്ണമുള്ള യെഹൂദ്യയിലുള്ളവർ മലകളിലേയ്ക്ക് ഓടുമെന്ന് കരുതുക. ബാക്കി വിശാലമായ ലോകത്തിലുള്ള കോടിക്കണക്കിന് മനുഷ്യർ എന്തുചെയ്യും?യെഹൂദ്യയിൽ നിന്നും 4070 കിലോമീറ്റർ ദൂരത്തിലുള്ള വത്തിക്കാനിൽ മാർപ്പാപ്പ എന്തോ ചെയ്യുന്നതിന് യെഹൂദ്യയിലുള്ളവർ എന്തിന് ഓടണം?

മാർപ്പാപ്പയുടെ ഭരണം തുടങ്ങിയത് നിഖ്യാ സുന്നഹദോസിന് (Nicaea Council) ശേഷമാണെന്ന് ചരിത്രം സാക്ഷ്യപ്പടുത്തുന്നു. അതായത്, ഏകദേശം 1700 വർഷങ്ങളായി മാർപ്പാപ്പ ഭരണം തുടങ്ങിയിട്ട്. ഇക്കാലമത്രയും യെഹൂദ്യയിലുള്ളവർ മലകളിലേയ്ക്ക് ഓടുകയായിരുന്നോ? മിസ്സൈലുകളും, ബോംബുകളും, ഡ്രോണുകളും ഉള്ള ഈ കാലത്ത് മലകളിലേയ്ക്ക് ഓടിയിട്ട് എന്താണ് പ്രയോജനം?

പലരും ഈ വചനത്തെ പല തരത്തിൽ ആത്മീയവൽക്കരിക്കാറുണ്ട്. അവയെല്ലാം പരിശോധിച്ച് എൻറെയും നിങ്ങളുടെയും സമയം പാഴാക്കുന്നില്ല.

ദാനീയേൽ 8, 11 അദ്ധ്യായങ്ങളിലെ “ശൂന്യമാക്കുന്ന മ്ലേച്ഛത”


ചിലർ ഭക്ഷണം കഴിക്കുന്നത് കണ്ടാൽ ചർദ്ദിൽ വരും. കൈപ്പത്തി മുഴുവൻ പാത്രത്തിൽ ഇറക്കി, വിഭവങ്ങളെല്ലാം കൂടെ അളിച്ച്, വാരി വായിൽ നിറച്ച്, ഉച്ചത്തിൽ ശബ്ദം കേൾപ്പിച്ച് ചവച്ച് വിഴുങ്ങുന്നത് കാണുമ്പോൾ ഇറങ്ങിയോടുവാൻ തോന്നും. ഇതുപോലെയാണ് ചിലരുടെ വേദപഠനവും. പ്രസക്തവും അപ്രസക്തവുമായ വേദഭാഗങ്ങളെല്ലാം കൂടെ കൂട്ടിക്കുഴച്ച് ഒരു തട്ടലാണ്.

ദാനീയേലിൻറെ പ്രവചനത്തിൽ മൂന്ന് തവണ (ദാനീ 9:27; 11:31; 12:11) ശൂന്യമാക്കുന്ന മ്ലേച്ഛതയെ പറ്റി പരാമർശിക്കപ്പെട്ടിട്ടുണ്ട്. അതെല്ലാം കൂടെ കൂട്ടിക്കുഴച്ച് സ്വയം വിഴുങ്ങുന്നതും കൂടാതെ മറ്റുള്ളവരുടെ തൊണ്ടയിൽ കുത്തിയിറക്കുവാൻ ശ്രമിക്കുന്നതാണ് കഷ്ടം.
ദാനീ 11:31 അവൻ അയച്ച സൈന്യങ്ങൾ അണിനിരന്ന്, വിശുദ്ധ മന്ദിരമായ കോട്ടയെ അശുദ്ധമാക്കി, നിരന്തര ഹോമം നിറുത്തൽചെയ്ത്, ശൂന്യമാക്കുന്ന മ്ലേച്ഛബിംബത്തെ പ്രതിഷ്ഠിക്കും.
മത്താ 24:15ൽ യേശു പരാമർശിക്കുന്നത് ദാനീ 11:31ലെ ശൂന്യമാക്കുന്ന മ്ലേച്ഛതയെ പറ്റിയല്ല, കാരണം, ദാനീയേൽ 11 പ്രാചീന പാർസി (പേർഷ്യ), യവന (ഗ്രീക്ക്) രാജ്യങ്ങളെ പറ്റിയുള്ള പ്രവചനമാണ്. ആ രാജ്യങ്ങൾ യേശുവിൻറെ കാലത്തിന് മുമ്പുതന്നെ ഇല്ലാതായി.
ദാനീ 11:2 ഇപ്പോഴോ, ഞാൻ നിന്നോട് സത്യം അറിയിക്കാം പാർസി ദേശത്ത് ഇനി 3 രാജാക്കന്മാർ എഴുനേൽക്കും; നാലാമൻ എല്ലാവരിലും അധികം ധനവാനായിരിക്കും; അവൻ ധനത്താൽ ശക്തിപ്പെട്ടുവരുമ്പോൾ എല്ലാവരെയും യവന രാജ്യത്തിന് നേരെ നിയമിക്കും.
മഹാനായ അലക്സന്തരിൻറെ കാലശേഷം മാസിഡോണിയ (യവന അല്ലെങ്കിൽ ഗ്രീക്ക് രാജ്യം) 4 ഭാഗങ്ങളായി പിരിഞ്ഞപ്പോൾ യിസ്രായേൽ അവയിൽ ഒന്നായ സെല്യൂസീഡ് രാജ്യത്തിൻറെ ഭാഗമായി മാറി. സെല്യൂസീഡ് രാജാക്കന്മാരിൽ ഒരാളായ അന്തിയോക്കസ് എപ്പിഫാനസ് യെരൂശലേമിൽ അനവധി വിഗ്രഹങ്ങൾ സ്ഥാപിക്കുകയും, നിരന്തര ഹോമയാഗം നിറുത്തലാക്കുകയും ദേവാലയത്തിലെ ബലിപീഠത്തിൽ പന്നിയിറച്ചി ബലികഴിക്കുകയും ചെയ്തു. അന്തിയോക്കസിൻറെ ക്രൂരതകളെ പറ്റിയുള്ള പ്രവചനം ദാനീയേൽ 8ലും, അവയുടെ പൂർത്തീകരണം കത്തോലിക്കരുടെ വേദപുസ്തകത്തിലെ മക്കബായരുടെ പുസ്തകങ്ങളിലും കാണാം.

2300 സന്ധ്യയും ഉഷസ്സും = 1150 ദിവസങ്ങൾ


അന്തിയോക്കസ് എപ്പിഫാനസിൻറെ കാലത്ത് നിരന്തര ഹോമയാഗം നിറുത്തലാക്കപ്പെട്ട്, ശൂന്യമാക്കുന്ന മ്ലേച്ഛത സ്ഥാപിക്കപ്പെട്ട്, 2300 സന്ധ്യയും ഉഷസ്സും തികയുവോളം ചവിട്ടിമെതിക്കപ്പെട്ട ശേഷം വിശുദ്ധ മന്ദിരം പുനഃസ്ഥാപിക്കപ്പെടും എന്ന പ്രവചനം ഉണ്ടായിരുന്നു (ദാനീ 8:13-15).
ദാനീ 8:13 അതിന് അവൻ അവനോട്: 2300 സന്ധ്യയും ഉഷസ്സും തികയുവോളം തന്നേ; പിന്നെ വിശുദ്ധ മന്ദിരം യഥാസ്ഥാനപ്പെടും.
ഈ പ്രവചനത്തെ പറ്റി “സന്ധ്യകളെയും ഉഷസ്സുകളെയും കുറിച്ചുള്ള ദർശനം” എന്നാണ് ദാനി 8:24ൽ എഴുതിയിട്ടുള്ളത്. ഇവിടെ പരാമർശിക്കപ്പെടുന്നത് 2300 ദിവസങ്ങളെ പറ്റിയാണെന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. 2300 ഉഷസ്സുകളും 2300 സന്ധ്യകളുമാണ് ഉദ്ദേശിച്ചിരുന്നതെങ്കിൽ അത് വ്യക്തമാക്കുമായിരുന്നു. (40 രാത്രിയും 40 പകലും എന്ന് 11 തവണ വ്യക്തമാക്കിയിട്ടുള്ളത് പോലെ. ഉൽ 7:4, 12; പുറ 24:18; 34:28; ആവ 9:9, 11, 18, 25; 10:10; 1രാജാ 19:8; മത്താ 4:2;)

ഇവിടെ പരാമർശിക്കപ്പെടുന്നത് നിർത്തലാക്കപ്പെടുന്ന ഉഷസ്സിലും സന്ധ്യയിലുമുള്ള ബലികളെ പറ്റിയാണ്. അതുകൊണ്ട്, 2300 ഉഷസ്സുകളും സന്ധ്യകളും എന്നത് 1150 (2300 ÷ 2 = 1150) ദിവസങ്ങളെ സൂചിപ്പിക്കുന്നു.

ഓർമ്മിക്കുക: 1150 ദിവസങ്ങൾ.

പഴയകാലത്തെ കലണ്ടറുകൾ


പഴയ കാലത്തെ കലണ്ടർ 365 ദിവസങ്ങളുള്ള നമ്മുടെ ചാന്ദ്ര-സൌര (lunisolar calendar) കലണ്ടർ പോലെ അല്ലായിരുന്നു. നാം 4 വർഷത്തിൽ ഒരിക്കൽ അധിവർഷം എന്ന് പരിഗണിച്ച് ഫെബ്രുവരിക്ക് ഒരു ദിവസം കൂട്ടുമ്പോൾ, 360 ദിവസങ്ങളുണ്ടായിരുന്ന പഴയ ചാന്ദ്ര കലണ്ടറിൽ (lunar calendar) ഒന്നിടവിട്ട വർഷങ്ങളിൽ ഒരു മാസം ചേർക്കുമായിരുന്നു. [അധികമാസം, കൊല്ലവർഷം എന്ന് നാം വിളിക്കുന്ന മലയാളം കലണ്ടറിലും ഇതുണ്ട്.] അതുകൊണ്ടുതന്നെ രണ്ട് തിയതികൾ ലഭിച്ചാൽ അവയ്ക്കിടയിലുള്ള ദിവസങ്ങൾ കണക്കുകൂട്ടുന്നത് എളുപ്പമല്ല.

പഴയ ഗ്രീക്ക് കലണ്ടറുകളിൽ 29, 30 എന്നിങ്ങനെ ഒന്നിടവിട്ടുള്ള 12 മാസങ്ങളുള്ള 354 ദിവസങ്ങളാണ് ഉണ്ടായിരുന്നത് എന്നൊരു തെറ്റിദ്ധാരണ പരന്നിട്ടുണ്ട്. വേദപുസ്തകത്തിൽ പോലും 360 ദിവസങ്ങളുള്ള ചാന്ദ്ര കലണ്ടറാണ് ഉപയോഗിച്ചിട്ടുള്ളതെങ്കിലും, 365 ദിവസങ്ങളുള്ള ചാന്ദ്ര-സൌര കലണ്ടറുമായി പൊരുത്തപ്പെടുത്തുവാൻ അധികമാസങ്ങൾ ഉപയോഗിച്ചിരുന്നു എന്ന് വേണം കരുതുവാൻ (പുറ 9:31; യോശു 3:15).

354 ദിവസങ്ങളുള്ള ചാന്ദ്ര കലണ്ടറിൽ ചാന്ദ്ര-സൌര കലണ്ടറുമായി പൊരുത്തപ്പെടുത്തുവാൻ 19 വർഷങ്ങളിൽ 7 തവണ അധികമാസങ്ങൾ ചേർക്കും. അതിൻറെ കണക്കുകൂട്ടൽ വളരെ സങ്കീർണമാണ്.

ഗ്രീക്ക് ചാന്ദ്ര കലണ്ടറിൻറെ കണക്കുകൂട്ടലുകൾ.


സോലോൺ (Solon) എന്ന തത്വചിന്തകൻ ക്രീസസ് (Croesus) ചക്രവർത്തിയുമായി മനുഷ്യൻറെ ആയുർദൈർഘ്യത്തെ പറ്റി നടത്തിയ ചർച്ചയെ പറ്റി ഹെറോഡൊട്ടസ് എന്ന വിഖ്യാതനായ ഗ്രീക്ക് ചരിത്രകാരൻ എഴുതിയിരിക്കുന്ന വിവരണത്തിൽ നിന്നും വർഷങ്ങളും അധികമാസങ്ങളും [intercalary moth] എങ്ങനെ കണക്കുകൂട്ടണം എന്ന് മനസ്സിലാകും.
“Take seventy years as the span of a man's life. Those seventy years contain 25,200 days without counting intercalary months. Add a month every other year to make the seasons come round with proper regularity, and you will have 35 additional months which will make 1050 days. Thus the total days of your seventy years is 26,250 and not a single one of them is like the next in what it brings.” [ഒരു മനുഷ്യൻറെ ആയുർദൈർഘ്യം 70 വർഷങ്ങളാണെന്ന് കരുതിയാൽ, അധികമാസങ്ങൾ ഒഴികെ അത് 25,200 ദിവസങ്ങളാണ്. കാലാവസ്ഥാ വ്യതിയാനങ്ങൾ കൃത്യസമയത്ത് വരുവാൻ ഒന്നിടവിട്ട വർഷങ്ങളോട് ഒരു മാസം ചേർക്കുക. അങ്ങനെ 35 മാസങ്ങൾ, അല്ലെങ്കിൽ, 1050 ദിവസങ്ങളും കൂടെ ലഭിക്കുന്നു. അങ്ങനെ, നിങ്ങളുടെ 70 വർഷത്തെ ആയുഷ്കാലം 26,250 ദിവസങ്ങളാണെന്ന് കാണാം. അവയിൽ ഒന്നുപോലും മറ്റൊന്നുപോലെ ആയിരിക്കില്ല.”]
ഇതിൽ നിന്നും മനസ്സിലാവുന്നത്:
  • ഒരു വർഷം 360 ദിവസങ്ങളാണ്. (25250 ÷ 70 = 360).
  • ഒന്നിടവിട്ടുള്ള വർഷങ്ങളിൽ അധികമാസം ഉണ്ട്. (70 ÷ 35 = 2)
  • അധികമാസത്തിൻറെ ദൈർഘ്യം 30 ദിവസമാണ് (1050 ÷ 35 = 30).

ശൂന്യമാക്കുന്ന മ്ലേച്ഛത സ്ഥാപിക്കപ്പെട്ടതിൻറെയും ദേവാലയം പുനഃസ്ഥാപിക്കപ്പെട്ടതിൻറെയും തിയ്യതികൾ.


ശൂന്യമാക്കുന്ന മ്ലേച്ഛത സ്ഥാപിക്കപ്പെട്ട തിയ്യതിയും, വിശുദ്ധ മന്ദിരം പുനസ്ഥാപിക്കപ്പെട്ട്, ബലികൾ പുനരാരംഭിച്ച തിയ്യതിയും ഇപ്പോൾ കത്തോലിക്കരുടെ വേദപുസ്തകത്തിൽ കാണപ്പെടുന്ന മക്കബായരുടെ പുസ്തകത്തിൽ ഉണ്ട്. (അയ്യേ, കത്തോലിക്കരുടെ വേദപുസ്തകം വായിക്കരുതെന്ന് നിങ്ങളുടെ പാസ്റ്റർ പറഞ്ഞിട്ടില്ലേ? പാസ്റ്ററിനോട് പ്രൊട്ടസ്റ്റൻറ് പ്രസ്താനത്തിൻറെ സ്ഥാപകരിൽ ഒരാളായ മാർട്ടിൻ ലൂഥറിൻറെ വേദപുസ്തകത്തിൽ കത്തോലിക്കരുടെ വേദപുസ്തകത്തിലുള്ള എല്ലാ പുസ്തകങ്ങളും ഉണ്ടായിരുന്നു എന്ന് പറയുക.)
1മക്കബായർ 1:54: (സെല്യൂസീഡ് രാജാക്കന്മാരുടെ) നൂറ്റിനാൽപത്തഞ്ചാം വർഷത്തിൽ കിസ്ലേവ് (Kislev) മാസം പതിനഞ്ചാം ദിവസം ദഹനബലിപീഠത്തിൻറെ മേൽ അവർ വിനാശത്തിൻറെ മ്ലേച്ഛവസ്തു (ശൂന്യമാക്കുന്ന മ്ലേച്ഛത) പ്രതിഷ്ഠിച്ചു. ചുറ്റുമുള്ള യൂദാ നഗരങ്ങളിലും അവർ ബലിപീഠങ്ങൾ നിർമ്മിച്ചു.

ദേവാലയം പുനഃസ്ഥാപിച്ച് ബലികൾ പുനഃരാരംഭിച്ച തിയ്യതി.

1മക്കബായർ 4:52, 53 നൂറ്റിനാൽപത്തെട്ടാം വർഷം, ഒമ്പതാം മാസമായ കിസ്ലേവിൻറെ ഇരുപത്തഞ്ചാം ദിവസം അവർ അതിരാവിലെ ഉണർന്ന്, പുതിയതായി പണിത ദഹനബലിപീഠത്തിൻറെ മേൽ വിധിപ്രകാരം ബലിയർപ്പിച്ചു.
വർഷം മാസം ദിവസം
ശൂന്യമാക്കുന്ന മ്ലേച്ഛത സ്ഥാപിച്ചത് 145 കിസ്ലേവ് 15
ബലികൾ പുനഃസ്ഥാപിച്ചത് 148 കിസ്ലേവ് 25

കിസ്ലേവ് 15, 145 മുതൽ കിസ്ലേവ് 15, 148 വരെ 360 ദിവസങ്ങൾ വീതമുള്ള 3 വർഷങ്ങൾ 360 x 3 = 1080
പതിനഞ്ചാം തിയ്യതിക്കും ഇരുപത്തഞ്ചാം തിയ്യതിക്കും ഇടയിലുള്ള ദിവസങ്ങൾ = 10
മൂന്ന് വർഷങ്ങൾക്കിടയിൽ ഉണ്ടാകാവുന്ന രണ്ട് അധികമാസങ്ങൾ 30 x 2 = 60
മൊത്തം 1150
ഓർമ്മയുണ്ടോ: 1150 ദിവസങ്ങൾ?

ഗ്രീക്ക് കലണ്ടറിൽ അധികമാസം വരുന്നത് ഒന്നാമത്തെയും രണ്ടാമത്തെയും മാസങ്ങൾക്ക് ഇടയിലാണ്. കിസ്ലേവ് ഭരണപരമായ കലണ്ടറിൽ മൂന്നാമത്തെ മാസവും, മതപരമായ കലണ്ടറിൽ ഒമ്പതാമത്തെ മാസവുമാണ്. അതായത്, 145 അധികമാസം ഉള്ള വർഷമാണെങ്കിൽ അടുത്ത അധികമാസം ഉള്ള വർഷം 147 ആണ്. അതുകൊണ്ടുതന്നെ ഈ കണക്ക് തെറ്റാം. ഒന്നിടവിട്ടുള്ള വർഷങ്ങളാണ് അധികമാസമുള്ള വർഷങ്ങളെങ്കിൽ അത് ഇരട്ടസംഖ്യകളുടെ ക്രമത്തിൽ ആയിരിക്കണം (2, 4, 6 ...). അങ്ങനെയാണെങ്കിൽ 146, 148 എന്നീ വർഷങ്ങൾ അധികമാസങ്ങളുള്ള വർഷങ്ങളായിരിക്കും. അതുകൊണ്ട് നമ്മുടെ കണക്ക് തെറ്റില്ല.

ഒരുപക്ഷേ നമ്മുടെ കണക്ക് തെറ്റിയാലും, ദേവാലയത്തിൽ ശൂന്യമാക്കുന്ന മ്ലേച്ഛത സ്ഥാപിക്കപ്പെട്ട തിയ്യതിയും, ദേവാലയം (വിശുദ്ധ മന്ദിരം) ശുദ്ധീകരിച്ച്, ബലികൾ പുനഃസ്ഥാപിച്ച തിയ്യതിയും ഫ്ലേവിയസ് ജോസഫസിൻറെ യെഹൂദരുടെ പുരാവൃത്തം 12:5:3-5ലും, 1 മക്കബായരിലും ഉണ്ട്. ദാനീയേൽ 8, 11 അദ്ധ്യായങ്ങളിലെ “ശൂന്യമാക്കുന്ന മ്ലേച്ഛത”യ്ക്ക് അന്തിയോക്കസ് എപ്പിഫാനസിൻറെ കാലത്തിന് ശേഷം യാതൊരു പ്രയോഗക്ഷമതയും ഇല്ല.

അന്തിയോക്കസ് എപ്പിഫാനസിൻറെ കാലത്തെ സംഭവങ്ങളിൽ നിന്നും നാം പഠിക്കേണ്ട സംഗതികൾ:
  • വിശുദ്ധസ്ഥലം എന്നത് യെരൂശലേം ദേവലായത്തിലെ വിശുദ്ധസ്ഥലമാണ്, സഭയുടെ പ്രതീകമല്ല.
  • ശൂന്യമാക്കുന്ന മ്ലേച്ഛത എന്നത് അയോഗ്യരായ മനുഷ്യർ ദേവാലയത്തിൽ പ്രവേശിക്കുന്നതും അയോഗ്യമായ കാര്യങ്ങൾ നടത്തുന്നതും, ദേവാലയത്തെ അപവിത്രമാക്കുന്നതുമാണ്.
  • ദേവാലയം അപവിത്രമാക്കപ്പെട്ടതിന് ശേഷം ഒരു പുനഃസ്ഥാപനം ഉറപ്പുനൽകിയിരുന്നു.
  • അന്തിയോക്കസിനെ ചെറുത്തുനിൽക്കുവാനും തോൽപിക്കുവാനും ദേവാലയം പുനഃസ്ഥാപിക്കുവാനും മക്കബായ സഹോദരന്മാരുടെ കീഴിൽ യെഹൂദർക്ക് കഴിഞ്ഞു.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

No comments:

Post a Comment