Wednesday, February 8, 2017

“ശൂന്യമാക്കുന്ന മ്ലേച്ഛത” - യേശു ഉദ്ദേശിച്ചത്.

ക്രിസ്തുവിൽ പ്രിയരെ,

ഇത് “ശൂന്യമാക്കുന്ന മ്ലേച്ഛത” എന്ന പരമ്പരയുടെ രണ്ടാം ഭാഗമാണ്. ഒന്നാം ഭാഗം വായിക്കാതെ ഈ ഭാഗം വായിച്ചിട്ട് പ്രയോജനമില്ല.

അന്തിയോക്കസ് എപ്പിഫാനസിൻറെ കാലത്ത് ശൂന്യമാക്കുന്ന മ്ലേച്ഛത സ്ഥാപിക്കപ്പെട്ട ശേഷം ഒരു നിർദ്ദിഷ്ട കാലയളവിൽ ദേവാലയവും ബലികളും പുനഃസ്ഥാപിക്കപ്പെടും എന്ന പ്രവചനം ഉണ്ടായിരുന്നെന്നും അത് കൃത്യമായി നിറവേറിയെന്നും നാം ഒന്നാം ഭാഗത്തിൽ കണ്ടു.

ശൂന്യമാക്കുന്ന മ്ലേച്ഛത സ്ഥാപിക്കപ്പെടുന്നതും വിവിധ തരം ബലികൾ നിറുത്തലാക്കപ്പെടുന്നതുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും നമ്മൾ കണ്ടു.

ഹോമയാഗവും ഹനനയാഗവും കഴിഞ്ഞ 1950ൽ പരം വർഷങ്ങളായി നടക്കുന്നില്ല. അതുകൊണ്ടുതന്നെ ഈ വചനങ്ങൾ നമ്മുടെ കാലത്തോ ഭാവിയിലോ നിറവേറേണ്ടതാണ് എന്ന വാദം നിരർത്ഥകമാണ്.

യെഹെസ്കേലിൻറെ ദർശനത്തിന് ആരോ നൽകിയ വ്യാഖ്യാനത്തിൻറെ അടിസ്ഥാനത്തിൽ യെരൂശലേമിൽ ദേവാലയം വീണ്ടും നിർമ്മിക്കപ്പെടുമെന്നും ബലികൾ പുനഃസ്ഥാപിച്ച ശേഷം വീണ്ടും ശൂന്യമാക്കുന്ന മ്ലേച്ഛത സ്ഥാപിക്കപ്പെടും എന്ന് വാദിക്കുന്നത് നിരർത്ഥകമാണ്. കാരണം നമ്മളാണ് ദൈവത്തിൻറെ ആലയം, നമ്മുടെ ജീവിതമാണ് ദൈവത്തിന് സ്വീകാര്യമായ ബലികൾ. യേശുവിൻറെ ഒരേയൊരു ബലിയാൽ നിർമ്മാർജനം ചെയ്യപ്പെട്ട മൃഗബലികൾ പുനഃസ്ഥാപിക്കപ്പെടും എന്ന് വാദിക്കുന്നവരും തങ്ങൾ ക്രൈസ്തവരാണ് എന്ന് അവകാശപ്പെടുന്നതാണ് വിചിത്രം.

മത്താ 24:15ൽ യേശു പരാമർശിച്ചത് ദാനീ 9:27; 12:11.

മുമ്പ് നാം പരിശോധിച്ച വചനങ്ങളിൽ നിന്നും വിഭിന്നമായി, ഈ വചനങ്ങൾക്ക് യേശുവുമായി നേരിട്ടുള്ള ബന്ധമുണ്ട്. 
  • ദാനീ 9:27ൻറെ സന്ദർഭം മിശിഹായെ പറ്റി പരാമർശിക്കുന്നതാണ്. (ദാനീ 9:26) 
  • ദാനീ 12:11ൻറെ സന്ദർഭമാകട്ടെ പുനരുത്ഥാനത്തെയും ന്യായവിധിയെയും പരാമർശിക്കുന്നതാണ്. (ദാനീ 12:1-3; 13).
ദാനീ 9:27 അവൻ ഒരു ആഴ്ചവട്ടത്തേക്ക് പലരോടും നിയമത്തെ കഠിനമാക്കും; ആഴ്ചവട്ടത്തിൻറെ മദ്ധ്യേ അവൻ ഹനനയാഗവും ഭോജനയാഗവും നിറുത്തലാക്കിക്കും; മ്ലേച്ഛതകളുടെ ചിറകിന്മേൽ ശൂന്യമാക്കുന്നവൻ വരും; നിർണയിക്കപ്പെട്ടിരിക്കുന്ന സമാപ്തി വരെ ശൂന്യമാക്കുന്നവൻറെ (ശൂന്യതയുടെ) മേൽ കോപം ചൊരിയും.
Dan 9:27 And he shall confirm the covenant with many for one week: and in the midst of the week he shall cause the sacrifice and the oblation to cease, and for the overspreading of abominations he shall make it desolate, even until the consummation, and that determined shall be poured upon the desolate.
[ഈ വേദഭാഗത്തിൻറെ സങ്കീർണ്ണതയ്ക്ക് പുറമേ മലയാളം പരിഭാഷകൻറെ ഭാവനാവിലാസവും കൂടെ ആയപ്പോൾ ഭേഷായി!]

ശൂന്യമാക്കുന്നതിന് പുറമേ, ശൂന്യമായിത്തീർന്നതിൻറെ മേൽ വീണ്ടും കോപം ചൊരിയും - നിർണയിക്കപ്പെട്ടിരിക്കുന്ന അന്ത്യം വരെ. അതായത്, ഒരു പുനഃസ്ഥാപനത്തിനുള്ള സാധ്യതയേ ഇല്ല.
ദാനീ 12:11 നിരന്തര ഹോമയാഗം നിറുത്തലാക്കുകയും ശൂന്യമാക്കുന്ന മ്ലേച്ഛബിംബത്തെ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന കാലം മുതൽ 1290 ദിവസം ചെല്ലും.
ഈ വചനത്തിന് മുമ്പ് ഇത് നടക്കേണ്ട കാലം സ്പഷ്ടമാക്കിയിട്ടുണ്ട്:
ദാനീ 12:7 ... വിശുദ്ധ ജനത്തിൻറെ ബലത്തെ തകർത്തുകളഞ്ഞ ശേഷം ഈ കാര്യങ്ങൾ എല്ലാം നിവൃത്തിയാകും ...
വിശുദ്ധ ജനത്തിൻറെ (യിസ്രായേലിൻറെ) ബലം തകർക്കപ്പെട്ടത് ക്രി.പി. 70ൽ. ആ സമയത്താണ് ദാനീയേൽ ഏറ്റവും ഒടുവിൽ എഴുതിയതും, യേശു പരാമർശിച്ചതുമായ ശൂന്യമാക്കുന്ന മ്ലേച്ഛത പ്രതിഷ്ടിക്കപ്പെടേണ്ടിയിരുന്നത്. അതായത്, ദാനീ 12:11ൽ പരാമർശിക്കപ്പെട്ടിരിക്കുന്ന ശൂന്യമാക്കലിന് ശേഷം പുനഃസ്ഥാപനത്തിന് സാധ്യതയില്ല.

ശൂന്യമാക്കുന്ന മ്ലേച്ഛത സ്ഥാപിക്കപ്പെടുന്നതും വിവിധതരം യാഗങ്ങൾ നിർത്തലാക്കപ്പെടുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നത് ശ്രദ്ധിക്കുക. നിരന്തര ഹോമയാഗങ്ങളും, ഹനനയാഗങ്ങളും, ഭോജനയാഗങ്ങളുമായി യെഹൂദർക്കും, യെരൂശലേമിനുമല്ലാതെ ക്രൈസ്തവർക്കോ വത്തിക്കാനോ ബന്ധമുണ്ടോ? ആലോചിച്ചു നോക്കൂ, സഹോദരാ, സഹോദരീ!

അന്തിയോക്കസ് എപ്പിഫാനസിൻറെ കാലത്ത് എതിർത്തുനിൽക്കുവാനും ചെറുത്ത് തോൽപിക്കുവാനും ദൈവത്തോട് വിധേയത്വം പുലർത്തിയിരുന്നവരും ദൈവത്തിൻറെ ആനുകൂല്യത്തിന് പാത്രരുമായ മക്കബായ സഹോദരന്മാർ ഉണ്ടായിരുന്നു. ക്രി.പി.70ൽ യെരൂശലേം ദേവാലയം നശിപ്പിക്കുവാൻ റോമൻ സൈന്യത്തേക്കാൾ അധികം കാരണക്കാരായത് യെഹൂദരായ സീലട്ടുകളും [Zealots], ഹെരോദ്യരുമാണ്. അവരെല്ലാം റോമരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.

“മ്ലേച്ഛബിംബം”


മലയാളം പരിഭാഷയിൽ മാത്രമാണ് ഈ പദപ്രയോഗം ഉള്ളതെങ്കിലും അത് വളരെ പ്രസക്തമാണ്. (ഇതര പരിഭാഷകളിൽ മ്ലേച്ഛത - abomination - എന്ന് മാത്രമേയുള്ളൂ.)

അന്തിയോക്കസ് എപ്പിഫാനസ് ദേവാലയത്തിലും യെരൂശലേം നഗരത്തിലും സിയൂസിൻറെ പ്രതിമയാണ് സ്ഥാപിച്ചതെങ്കിൽ, റോമൻ സൈന്യം ദേവാലയത്തിൻറെ കിഴക്കേ കവാടത്തിലും നഗരത്തിൻറെ വിവിധ ഭാഗങ്ങളിലും ജൂപ്പിറ്ററിൻറെയും സീയൂസ്സിൻറെയും അവരുടെ ദേവതയായ അക്വില്ലയുടെയും പ്രതിമകളും ചിഹ്നങ്ങളും കൊണ്ട് നിറച്ചു.


ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

No comments:

Post a Comment