Friday, June 23, 2017

വെളിപ്പാട് ക്രി.പി.95ൽ എഴുതപ്പെട്ടതായാലും ഭവിഷ്യവാദം (Futurism) മഹാ തോൽവിയാണ്.

ക്രിസ്തുവിൽ പ്രിയരെ,

ഭവിതവാദത്തെ (Preterism) നിരാകരിക്കുവാൻ ചില വിശ്വവിജ്ഞാനകോശികൾ കണ്ടെത്തിയ വഴിയാണ് വെളിപ്പാട് പുസ്തകം ക്രി.പി.95ലാണ് എഴുതപ്പെട്ടത് എന്ന വാദം. വിക്കിപ്പീഡിയയാണ് ഇവരുടെ വാദങ്ങൾക്ക് അടിസ്ഥാനം.

വിക്കിപ്പീഡിയയിൽ ഈ അടുത്തകാലം വരെ കള്ളപ്രവാചകന്മാരുടെ പട്ടികയുടെ ഏറ്റവും മുകളിൽ യേശു ക്രിസ്തുവിൻറെ പേര് ഉണ്ടായിരുന്നത് ഈ പൊട്ടന്മാർ കണ്ടിരുന്നെങ്കിൽ ... എൻറെ കർത്താവേ, ചിന്തിക്കുവാൻ പോലും വയ്യ! ഇപ്പോഴും കള്ള മിശിഹമാരുടെ (മിശിഹയാണെന്ന് അവകാശപ്പെട്ടവരുടെ) പട്ടികയുടെ മുകളിൽ യേശു ക്രിസ്തുവിൻറെ പേരുണ്ട്. വിക്കിപ്പീഡിയയെ ആധികാരികതയുടെ അവസാന വാക്കായി കരുതുന്ന ഇത്തരക്കാർ നാളെ യേശു ക്രിസ്തു കള്ള മിശിഹ ആയിരുന്നു എന്ന് അവകാശപ്പെട്ടാൽ അതിൽ അതിശയമില്ല. ഇത്തരം പൊട്ടന്മാരിൽ ചില പാസ്റ്റർമാരും ഉണ്ട് എന്നതാണ് അപലപനീയം.

വിക്കിപ്പീഡിയയ്ക്ക് മാത്രമല്ല, എല്ലാ വിശ്വവിജ്ഞാനകോശങ്ങൾക്കും യോഹന്നാനെയും വെളിപ്പാട് പുസ്തകത്തെയും പരാമർശിക്കുവാൻ ആധാരമായിട്ടുള്ളത് ക്രി.പി.130ൽ ജനിച്ച് ക്രി.പി.180ൽ “മതനിന്ദയ്ക്ക് വിരോധമായി” (Against Heresies) എന്ന പുസ്തക പരമ്പര എഴുതിയ ഐറേനിയസ് ആ പുസ്തകങ്ങളിലൊന്നിൽ നടത്തിയിരിക്കുന്ന ഒരു പ്രസ്താവന മാത്രമാണ്:
“എതിർക്രിസ്തുവിൻറെ പേര് ഉച്ചരിക്കുക എന്ന സാഹസത്തിന് നമ്മൾ മുതിരുന്നില്ല. അത് ഈ കാലത്ത് വെളിപ്പെടുത്തേണ്ടത് ആവശ്യമായിരുന്നെങ്കിൽ വെളിപ്പാടിലെ ദർശനങ്ങൾ കണ്ട ആൾ തന്നെ അത് വെളിപ്പെടുത്തുമായിരുന്നു. അത് കണ്ടത് വളരെ കാലം മുമ്പല്ല; ഏകദേശം നമ്മുടെ കാലത്ത്, ഡൊമിഷൻറെ ഭരണത്തിൻറെ ഒടുവിലാണല്ലോ അത് കണ്ടത്.”We will not, however, incur the risk of pronouncing positively as to the name of Antichrist; for if it were necessary that his name should be distinctly revealed in this present time, it would have been announced by him who beheld the apocalyptic vision. For that was seen no very long time since, BUT ALMOST IN OUR DAY, TOWARDS THE END OF DOMITIAN'S REIGN. (“മതനിന്ദയ്ക്ക് വിരോധമായി”, പുസ്തകം 5, അദ്ധ്യായം 30, ഭാഗം 3.)
ഡൊമിഷൻറെ ഭരണം അവസാനിച്ചത് ക്രി.പി.96ൽ. ക്രി.പി.130ൽ ജനിച്ച ഐറേനിയസ് തൻറെ ജനനത്തിന് 35 വർഷം മുമ്പ് നടന്ന കാര്യത്തെ പറ്റി എങ്ങനെയാണാവോ “നമ്മുടെ കാലം” എന്ന് പറയുന്നത്? 1960ൽ ജനിച്ച ഞാൻ, എൻറെ അപ്പൻ ജനിച്ച 1928നെ പറ്റി “നമ്മുടെ കാലം” എന്ന് പറയുന്നതിൽ അർത്ഥമുണ്ടോ? അറിയില്ല.

ഐറേനിയസിൻറെ അതേ പുസ്തകത്തിൻറെ അതേ അദ്ധ്യായത്തിൻറെ ആരംഭത്തിൽ വെളിപ്പാട് പുസ്തകത്തിൻറെ പ്രാചീനമായ പ്രതികളെ പറ്റി പരാമർശിക്കുന്നുണ്ട്.
സംഗതികൾ ഇങ്ങനെയായതിനാൽ, ഈ സംഖ്യ (666) [വെളിപ്പാട് പുസ്തകത്തിൻറെ] പ്രാചീനവും ആധികാരികവുമായ എല്ലാ പ്രതികളിലും കാണപ്പെടുന്നുണ്ട്. യോഹന്നാനെ നെരിൽ കണ്ടിട്ടുള്ളവർ അതിന് സാക്ഷ്യം നൽകുന്നു. Such, then, being the state of the case, and this number being found in all THE MOST APPROVED AND ANCIENT COPIES [OF THE APOCALYPSE], and those men who saw John face to face bearing their testimony [to it];... (“മതനിന്ദയ്ക്ക് വിരോധമായി”, പുസ്തകം 5, അദ്ധ്യായം 30, ഭാഗം 1.)
ക്രി.പി.96നെ പറ്റി “നമ്മുടെ കാലത്ത്” എന്ന് തട്ടിവിട്ട വിദ്വാൻ വെളിപ്പാട് പുസ്തകത്തിൻറെ പ്രാചീനമായ പ്രതികളെ പറ്റി പരാമർശിക്കുമ്പോൾ അവ ക്രി.പി.96ന് വളരെക്കാലം മുമ്പ് എഴുതപ്പെട്ടവയായിരിക്കണം. ഒന്നാം ഭാഗം വായിക്കാതെ മൂന്നാം ഭാഗത്തിലേയ്ക്ക് ചാടിവീണ പൊട്ടന്മാരിൽ പാസ്റ്റർമാരും പ്രസംഗകരും ഉണ്ടെന്നുള്ളതാണ് ഖേദകരം. എൻറെ കർത്താവേ, ഇവരൊക്കെ വേദപുസ്തകവും ഇങ്ങനെതന്നെയാണോ പഠിക്കുന്നത്?

ഉപദ്രവവും യോഹന്നാനും.


പല തരത്തിലുള്ള യുഗാന്ത്യശാസ്ത്രങ്ങൾ നിലവിലുണ്ട്:
  • ഭവിഷ്യവാദം (Futurism): ഭൂരിഭാഗം ക്രൈസ്തവരും വിശ്വസിക്കുന്ന യേശു ക്രിസ്തു ഭാവിയിൽ എപ്പോഴോ തിരികെ വന്ന് ലോകത്തെ ന്യായം വിധിക്കും എന്ന സിദ്ധാന്തം.
  • ചരിത്രവാദം (Historicism): വെളിപ്പാട് പുസ്തകത്തിലെ എഴ് സഭകൾ സഭാചരിത്രത്തിലെ ഏഴ് ഘട്ടങ്ങളെയാണ് സൂചിപ്പിക്കുന്നത് എന്ന സിദ്ധാന്തം. (ഉദാ: യഹോവാ സാക്ഷികൾ, സെവൻത് ഡേ അഡ്വൻറിസ്റ്റ്. ഈ സഭകളുടെ സ്ഥാപകന്മാരാണ് ഏഴാമത് ദൂതന്മാർ എന്ന് അവർ വാദിക്കും)
  • ഭവിതവാദം (Preterism): എല്ലാ പ്രവചനങ്ങളും ക്രി.പി.70നോടടുത്ത് നിറവേറി എന്ന സിദ്ധാന്തം.
ഇപ്പോൾ നമുക്ക് വെളി 1:9 പരിശോധിക്കാം. (മലയാളത്തിൽ ഈ വചനം വികലമായാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.) ഈ വചനത്തിൽ “കഷ്ടത” എന്ന് പരിഭാഷപ്പെടുത്തപ്പെട്ടിരിക്കുന്ന തിലിപ്സിസ് (θλίψις, G2347) എന്ന ഗ്രീക്ക് വാക്ക് മത്താ 24:9, 21, 29; മർക്കോ 13:24 എന്നീ വചനങ്ങളിൽ “കഷ്ടം” എന്ന് പരിഭാഷപ്പെടുത്തപ്പെട്ടിരിക്കുന്നു. ഈ കഷ്ടത്തിനാണ് പാസ്റ്റർമാർ “മഹോപദ്രവം” “മഹോപദ്രവകാലം” എന്നൊക്കെ പറയുന്നത്. (മത്താ 24:29ൽ മാത്രമേ “വലിയ കഷ്ടം” എന്ന് എഴുതപ്പെട്ടിട്ടുള്ളൂ എന്നത് ഓർമ്മിക്കുക.)
വെളി 1:9 നിങ്ങളുടെ സഹോദരനും യേശുവിൻറെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണുതയിലും കൂട്ടാളിയുമായ യോഹന്നാൻ എന്ന ഞാൻ ദൈവവചനവും യേശുവിൻറെ സാക്ഷ്യവും നിമിത്തം പത്മൊസ് എന്ന ദ്വീപിൽ ആയിരുന്നു.
KJV Rev 1:9 I John, who also am your brother, and companion in tribulation[G2347], and in the kingdom and patience of Jesus Christ, was in the isle that is called Patmos, for the word of God, and for the testimony of Jesus Christ.
ESV Rev 1:9 I, John, your brother and partner in the tribulation and the kingdom and the patient endurance that are in Jesus, was on the island called Patmos on account of the word of God and the testimony of Jesus.
ലളിതമായ ഭാഷയിൽ പറഞ്ഞാൽ: യോഹന്നാൻ അദ്ദേഹം എഴുതിയ വെളിപ്പാട് പുസ്തകത്തിൻറെ മേൽവിലാസക്കാരായ 7 സഭകളുടെ (ദൂതന്മാരുടെ) കൂടെ കഷ്ടത്തിൽ (മഹോപദ്രവത്തിൽ) പങ്കാളിയായിരുന്നു.
  • മഹോപദ്രവം നമ്മുടെ ഭാവികാലത്ത് എപ്പോഴോ ആണ് നടക്കേണ്ടതെങ്കിൽ ഒന്നാം നൂറ്റാണ്ടിൽ മരിച്ച യോഹന്നാൻ എങ്ങനെ അതിൽ പങ്കാളിയാകും? ഭവിഷ്യവാദത്തിൻറെ പൊള്ളത്തരം ഇപ്പോൾ മനസ്സിലായോ?
  • ഏഴ് സഭകൾ സഭാചരിത്രത്തിലെ ഏഴ് ഘട്ടങ്ങൾ ആണെങ്കിൽ ആ ഏഴ് ഘട്ടങ്ങളിൽ ഉള്ളവരോടും കൂടെ യോഹന്നാൻ എങ്ങനെ മഹോപദ്രവത്തിൽ പങ്കാളിയാകും? യോഹന്നാൻ ചിരഞ്ജീവിയായിരുന്ന് പങ്കാളിയാകുമോ?ചരിത്രവാദം പൊളിയുന്നത് ഇവിടെയാണ്.
ഒരുപക്ഷേ, ആരെങ്കിലും മലയാളം പരിഭാഷയെ അവലംബിച്ച്, യോഹന്നാൻ സഹോദരന്മാരുടെ കഷ്ടതയെ പറ്റിയല്ല, യേശുവിൻറെ കഷ്ടതയെ പറ്റിയാണ് സംസാരിക്കുന്നത് എന്ന് വാദിച്ചാൽ പോലും അപ്പൊസ്തലന്മാരും പൌലോസും യേശുവിൻറെ കഷ്ടതകളിൽ അവശേഷിച്ചിരുന്നത് അനുഭവിച്ചുതീർക്കുകയായിരുന്നു എന്ന് വചനങ്ങളുണ്ട്. (കൊലൊ 1:24; 1കൊരി 4:9). യേശുവിൻറെ കഷ്ടതയുടെ ബാക്കി ആവശ്യം വരുമ്പോൾ എടുത്ത് ഉപയോഗിക്കുവാൻ വേണ്ടി ഫ്രിഡ്ജിൽ സൂക്ഷിച്ചുവെച്ചിട്ടില്ല എന്ന് സാരം.

യോഹന്നാൻ ഉപദ്രവത്തിൽ പങ്കാളിയായിരുന്നെങ്കിൽ ആ ഉപദ്രവം അദ്ദേഹം മരിക്കുന്നതിന് മുമ്പ് നടന്നിരിക്കണം. യോഹന്നാൻ ക്രി.പി.100ലാണ് മരിച്ചതെങ്കിൽ, അതിന് മുമ്പ് ഉപദ്രവം നടന്നിരിക്കണം, മനസ്സിലായോ? ഞാൻ ഈ ലേഖനം എഴുതുന്ന 2017ലോ അതിന് ശേഷമോ മഹോപദ്രവം ഉണ്ടായാൽ യോഹന്നാന് അതിൽ പങ്കാളിയാകുവാൻ കഴിയില്ല, അതുകൊണ്ടുതന്നെ ഭവിഷ്യവാദം തെറ്റാണ്.


എന്തിനും ഏതിനും കത്തോലിക്കാ സഭയെ കുറ്റപ്പെടുത്തുന്നവർ ഒന്നോർക്കുക: ഐറേനിയസ്, പോളിക്കാർപ്പ്, ടാസിറ്റസ് തുടങ്ങിയ ആദ്യകാല സഭാപിതാക്കന്മാർ കത്തോലിക്കാ സഭയുടെ (ഭാവനാ) സൃഷ്ടികളാണ്. അവരുടെ ജനനത്തിയതികൾ മാത്രം പരിശോധിച്ചാൽ മതി അവർ അവർ അവകാശപ്പെടുന്നത് പോലെ അപ്പൊസ്തലന്മാരുടെ ശിഷ്യന്മാരല്ലായിരുന്നു എന്ന് മനസ്സിലാക്കുവാൻ.

അപ്പൊസ്തലന്മാരുടെ കാലശേഷം സഭാപിതാക്കന്മാർ വരുമെന്ന് എവിടെയും എഴുതപ്പെട്ടിട്ടില്ല, പ്രത്യുത, ചെന്നായ്ക്കൾ വരുമെന്ന് എഴുതപ്പെട്ടിട്ടുണ്ട്:
അപ്പൊ 20:29-31 ഞാൻ പോയ ശേഷം ആട്ടിൻകൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്ന് ഞാൻ അറിയുന്നു. ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുക്കളയുവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽ നിന്നും എഴുനേൽക്കും. അതുകൊണ്ട് ഉണർന്നിരിക്കുവിൻ.
അങ്ങനെതന്നെ സംഭവിച്ചു. ദൈവരാജ്യം പ്രസംഗിക്കുന്നതിന് പകരം അനാവശ്യമായ വിവാദങ്ങളിൽ ഏർപ്പെടുകയും, അവനവൻറെ മേൽക്കോയ്മ സ്ഥാപിക്കുവാനായി പുസ്തകങ്ങൾ എഴുതുകയും, പരസ്പരം എതിർക്രിസ്തു എന്ന് ആരോപിക്കുകയുമാണ് ചെയ്തുകൊണ്ടിരുന്നത്. അവർ വിട്ടുവന്ന ജാതികളിൽ നിന്നും കൊണ്ടുവന്ന ഉപദേശങ്ങൾ ക്രൈസ്തവ വിശ്വാസത്തിൽ കലർത്തി എന്നതാണ് അവരുടെ സംഭാവന. ഇന്നും വേദപുസ്തകത്തിൽ അടിസ്ഥാനമില്ലാത്ത ഉപദേശങ്ങൾക്ക് ആധാരം കണ്ടെത്തുവാൻ ആദിമ സഭാപിതാക്കന്മാരുടെ രചനകൾ ചിക്കിപ്പെറുക്കുന്നവരുടെ വിശ്വാസം എങ്ങനെയുള്ളതാണെന്ന് എടുത്ത് പറയേണ്ടല്ലോ?

ഭവിതവാദം തെറ്റാണന്ന് സ്ഥാപിക്കുവാൻ വേണ്ടി തത്രപ്പെടുന്ന പാസ്റ്റർമാർക്ക് മത്തായി 24 പോലെയുള്ള വേദഭാഗങ്ങൾ യെരൂശലേമിൻറെ നാശത്തിനെ പറ്റിയാണെന്ന് അറിയാത്തതിനാലോ, തിയോളജി കോളേജുകളിൽ പഠിക്കാത്തതിനാലോ അല്ല, അവരുടെ മമത അവരുടെ ജോലിയോടും ദശാംശത്തോടുമാണ്.

പ്രിയ ഭവിഷ്യവാദി പാസ്റ്റർമാരേ, നിങ്ങളുടെ കൂട്ടർ നൂറ്റാണ്ടുകളായി മറച്ചുവെച്ച ഈ വിവരങ്ങളെല്ലാം ഞാൻ വിളിച്ചുപറയുന്നത് നിങ്ങൾക്ക് അലോസരമുണ്ടാക്കുന്നു എന്ന് എനിക്കറിയാം, പക്ഷേ, കർത്താവ് ഇങ്ങനെ പറഞ്ഞിരുന്നു.
ലൂക്കോ 12:3 ആകയാൽ നിങ്ങൾ ഇരുട്ടിൽ പറഞ്ഞതെല്ലാം വെളിച്ചത്തിൽ കേൾക്കും; അറകളിൽ വെച്ച് ചെവിയിൽ മന്ത്രിച്ചത് പുരമുകളിൽ ഘോഷിക്കും.
മർക്കൊ 4:22 വെളിപ്പെടുവാനുള്ളതല്ലാതെ ഗൂഢമായത് ഒന്നും ഇല്ല; വെളിച്ചത്തിൽ വരുവാനുള്ളതല്ലാതെ മറവായത് ഒന്നും ഇല്ല.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

No comments:

Post a Comment