Thursday, June 29, 2017

വെളിപ്പാടിലെ മഹാവേശ്യയായ ബാബിലോൺ ആരാണ്?

ക്രിസ്തുവിൽ പ്രിയരെ,

എതിർക്രിസ്തു, വെളിപ്പാട് പുസ്തകത്തിലെ മഹാവേശ്യ, മൃഗം തുടങ്ങിയ പ്രതീകങ്ങളെ അനാവരണം ചെയ്യുവാൻ ശ്രമിക്കുന്നതിന് പകരം, തങ്ങൾ വെറുക്കുന്നവരെ ഇവയൊക്കെയായി ചിത്രീകരിക്കുകയാണ് ആദിമ സഭയുടെ കാലം മുതൽ നടന്നുവരുന്നത്. 
  • ആദിമ സഭാ പിതാക്കന്മാരിൽ ഒരാളായ തെർത്തുല്യൻ അദ്ദേഹത്തിൻറെ സമകാലീനനായ മാർഷനെയും അദ്ദേഹത്തിൻറെ അനുയായികളെയും എതിർക്രിസ്തുവായി ചിത്രീകരിച്ചു.
  • നാലാം നൂറ്റാണ്ടിൽ അരിയൂസിനെ എതിർക്രിസ്തുവായി ചിത്രീകരിച്ചു.
  • പതിനാറാം നൂറ്റാണ്ടിൽ നവോത്ഥാന നായകനായിരുന്ന മാർട്ടിൻ ലൂഥർ റോമൻ കത്തോലിക്കാ സഭയെ മൃഗം, വേശ്യ, ബാബിലോൺ, എതിർക്രിസ്തു എന്നൊക്കെ ചിത്രീകരിച്ചു.
  • വൃദ്ധനും രോഗിയും ദരിദ്രനുമായ എന്നെ പോലും എതിർക്രിസ്തുവായി ചിത്രീകരിക്കുന്നവർ ഇല്ലെന്ന് ആരുകണ്ടു?
നമ്മുടെ എതിരാളികളെ സ്നേഹിക്കുവാൻ അല്ലാതെ, അവരെ എതിർക്രിസ്തു എന്നോ മഹാവേശ്യയെന്നോ മുദ്രകുത്തുവാൻ യേശു പറഞ്ഞിട്ടുണ്ടോ? അങ്ങനെ ചെയ്യുന്നതാണോ വേദവ്യാഖ്യാനം?

വെളിപ്പാടിലെ ബാബിലോണിനെ പറ്റി പൊതുവെയുള്ള ധാരണകൾ:

  1. റോമാ സാമ്രാജ്യം
  2. റോമൻ കത്തോലിക്കാ സഭ.
  3. എല്ലാ ക്രൈസ്തവ സഭകളും (യഹോവാ സാക്ഷികൾ, ബൈബിൾ സ്റ്റ്യുഡൻറ്സ് എന്നീ വിഭാഗങ്ങളുടെ ധാരണ.)
  4. ക്രി.മു.2300ൽ സ്ഥാപിക്കപ്പെട്ട്, ക്രി.മു.141ൽ നാമാവശേഷമായ ബാബിലോൺ പുനഃസ്ഥാപിക്കപ്പെടുന്നത്. (സദ്ദാം ഹുസൈൻ ബാബിലോണിൻറെ പുരാവസ്തുക്കൾ സംരക്ഷിക്കുവാനുള്ള പദ്ധതി തുടങ്ങിയപ്പോൾ ബാബിലോണിൻറെ പുനഃസ്ഥാപനമാണെന്ന് പലരും കരുതി, പക്ഷേ, സദ്ദാമിന് എന്തായെന്ന് നമുക്കറിയാം.)
വെളിപ്പാട് പുസ്തകത്തിൽ 6 വചനങ്ങളിൽ ബാബേലിനെ പറ്റി പരാമർശമുണ്ട് (വെളി 14:8; 16:19; 17:5; 18:2; 18:10; 18:21). ഈ വചനങ്ങളെ അവയുടെ സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്താണ് മാർട്ടിൻ ലൂഥർ അടക്കമുള്ള പണ്ഡിതന്മാർ അവരുടെ നിഗമനങ്ങളിൽ എത്തിച്ചേർന്നത്.

യേശു ക്രൂശിക്കപ്പെട്ട മഹാനഗരം.


“മഹാനഗരം” എന്ന പദസമുച്ചയം ബാബിലോണിനെ പറ്റി 8 തവണയും (വെളി 14:8; 16:19; 17:18; 18:10, 16, 18, 19, 21), പുതിയ യെരൂശലേമിനെ പറ്റി ഒരിക്കലും (വെളി 21:10), പൊതുവായി ഒരിക്കലും (വെളി 11:8) ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.

പുതിയ യെരൂശലേമിനെ പറ്റിയുള്ള പരാമർശം ബാബിലോണിനെ പറ്റി ആയിരിക്കുവാൻ തരമില്ലാത്തതിനാൽ വെളി 11:8ലെ പൊതുവായ ഉപയോഗം പരിശോധിക്കാം; അതാണല്ലോ ആദ്യത്തെ പരാമർശം?
വെളി 11:8 അവരുടെ (രണ്ട് സാക്ഷികളുടെ) കർത്താവ് ക്രൂശിക്കപ്പെട്ടതും ആത്മീയമായി സോദോം എന്നും മിസ്രയീം എന്നും പേരുള്ളതുമായ മഹാനഗരത്തിൻറെ വീഥിയിൽ അവരുടെ ശവം കിടക്കും.
ഈ വചനത്തിൻറെ ലളിതമായ പരാവര്‍ത്തനം:
  • കർത്താവ് ക്രൂശിക്കപ്പെട്ട മഹാനഗരത്തിന് ആത്മീയമായി സോദോം എന്നും മിസ്രയീം എന്നും പേരുണ്ട്.
  • ആ രണ്ട് സാക്ഷികളുടെ ശവങ്ങൾ ആ നഗരത്തിൻറെ വീഥികളിൽ കിടക്കും.
ഈ വചനം റോമിൻറെയോ, വത്തിക്കാൻറെയോ പേരിൽ ആരോപിക്കുവാൻ കഴിയുമോ? കർത്താവ് യെരൂശലേമിലല്ലേ ക്രൂശിക്കപ്പെട്ടത്? (സോദോമും, മിസ്രയീമും ദൈവത്തിൻറെ കോപത്തിനും കഠിനമായ ശിക്ഷയ്ക്കും പാത്രമായ സ്ഥലങ്ങളാണ്. മഹാവേശ്യയ്ക്കും സമാനമായ ശിക്ഷകൾ വരുമെന്ന് വെളിപ്പാടിൽ ഉണ്ടല്ലോ?)

ഏഴ് മലകളുടെ മുകളിലിരിക്കുന്ന വേശ്യ.


വെളിപ്പാടിലെ മഹാ വേശ്യയെ തിരിച്ചറിയുവാൻ ഉപയോഗിക്കപ്പെട്ടിരുന്ന അടയാളമാണ് ഏഴ് മലകൾ.
വെളി 17:9 ഇവിടെ ജ്ഞാനബുദ്ധി ഉണ്ട്; തല ഏഴും സ്ത്രീ ഇരിക്കുന്ന 7 മലയാണ്.
തിരുവനന്തപുരം, തിരുപ്പതി, അമേരിക്കയിൽ ഒഹായോ, ആൽബനി തുടങ്ങി 70ൽ അധികം നഗരങ്ങൾ ഏഴ് മലകളുടെ മുകളിൽ സ്ഥിതിചെയ്യുന്നുണ്ട്. പക്ഷേ, ഏഴ് മലകളുടെ മുകളിലുള്ള നഗരം എന്ന ഖ്യാതി നേടിയിട്ടുള്ളത് റോമാണ്. അതുകൊണ്ട്, റോം ആയിരിക്കണം മഹാവേശ്യ എന്ന് കണക്കാക്കപ്പെട്ടു.

യെരൂശലേം ഏഴ് മലകളുടെ മുകളിലാണ് സ്ഥിതിചെയ്യുന്നത് എന്ന് എത്ര സഭകൾ പഠിപ്പിക്കാറുണ്ട്? യെരൂശലേം സ്ഥിതിചെയ്യുന്ന ഏഴ് മലകൾ:
  1. സ്കോപ്പസ് എന്ന വടക്കേ കൊടുമുടി.
  2. നോബ് എന്ന നടുവിലുള്ള കൊടുമുടി.
  3. നാശ പർവ്വതം (2രാജാ 23:13)
  4. പഴയ സീയോന്‍
  5. ഓഫെല്‍,
  6. റോക്ക്,
  7. പുതിയ സീയോൻ.
ഈ മലകളോ അവയോട് ബന്ധപ്പെട്ട സ്ഥലങ്ങളോ വേദപുസ്തകത്തിൽ (ഒരുപക്ഷേ, വേറെ പേരുകളിൽ) പ്രത്യക്ഷപ്പെടുന്നുണ്ട്. വിസ്താരഭയം നിമിത്തം അവയെല്ലാം അവതരിപ്പിക്കുവാൻ ഉദ്യമിക്കുന്നില്ല.

ഏഴ് മലകളുടെ മുകളിലുള്ള നഗരം റോം ആണെന്ന് സ്ഥാപിക്കുവാൻ ശ്രമിക്കുന്നതിലെ ഉദ്ദേശ്യം കത്തോലിക്കാ സഭയാണ് മഹാവേശ്യ എന്ന് സ്ഥാപിക്കുകയാണ്. ദൌർഭാഗ്യവശാൽ, കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാൻ റോം സ്ഥിതിചെയ്യുന്ന 7 മലകളുടെ മുകളിൽ അല്ല, റോമിന് എതിർവശത്ത്, ടൈബർ നദിയുടെ പടിഞ്ഞാറേ തീരത്താണ് സ്ഥിതിചെയ്യുന്നത്.

മഹാവേശ്യയുടെ വസ്ത്രങ്ങൾ.


വെളി 17:4 ആ സ്ത്രീ ധൂമ്ര വർണവും കടുംചുവപ്പ് നിറവും ഉള്ള വസ്ത്രം ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളായി തൻറെ വേശ്യാവൃത്തിയുടെ മ്ലേച്ഛതയും അശുദ്ധിയും നിറഞ്ഞ സ്വർണ പാനപാത്രം കൈയിൽ പിടിച്ചിരുന്നു.
ഇതേ വസ്ത്രങ്ങൾ ധരിച്ച ഒരേയൊരു കൂട്ടരെ പറ്റി മാത്രമേ വേദപുസ്തകം പരാമർശിക്കുന്നുള്ളു: യെഹൂദ പുരോഹിതന്മാർ: പുറ 25:4; 26:1, 31, 36; 27:16; 28:5, 6, 8, 15, 33; 35:6, 23, 25, 35; 36:8, 35, 37; 38:18, 23; 39:1, 2, 3, 5, 8, 24, 29; എന്നീ വചനങ്ങൾ കാണുക.

അപ്പൊസ്തലരുടെയും പ്രവാചകരുടെയും രക്തം ചൊരിഞ്ഞ ബാബിലോൺ.


വെളി 18:20 സ്വർഗമേ, വിശുദ്ധന്മാരേ, അപ്പൊസ്തലരേ[G652] പ്രവാചകരേ, ദൈവം അവളോട് നിങ്ങൾക്ക് വേണ്ടി പ്രതികാരം നടത്തിയതിനാൽ അവളെ കുറിച്ച് ആനന്ദിക്കുവിൻ.
വെളി 18:21 പിന്നെ ശക്തനായ ഒരു ദൂതൻ തിരികല്ലോളം വലിയതായ ഒരു കല്ല് എടുത്തു സമുദ്രത്തിൽ എറിഞ്ഞു പറഞ്ഞത്: ഇങ്ങനെ ബാബിലോൺ മഹാനഗരത്തെ ഹേമത്തോടെ എറിഞ്ഞ് കളയും; ഇനി അതിനെ കാണുകയില്ല.
വെളി 18:24 പ്രവാചകരുടെയും വിശുദ്ധന്മാരുടെയും ഭൂമിയിൽ വെച്ചു കൊന്നുകളഞ്ഞ എല്ലാവരുടെയും രക്തം അവളിലല്ലോ കണ്ടത്.

ബാബിലോൺ ആരാണെന്ന് മനസ്സിലാക്കുവാൻ യേശു സഹായിക്കുന്നു.


[ഈ ഭാഗം വായിക്കുമ്പോൾ “അപ്പൊസ്തലൻ” എന്നതിനുള്ള ഗ്രീക്ക് വാക്ക് (സ്ട്രോങ്സ് നിഘണ്ടുവിൽ G652), “അയയ്ക്കുക” എന്നതിനുള്ള ഗ്രീക്ക് വാക്കിൽ (G649) നിന്നും ഉണ്ടായതാണ് എന്ന് ഓർമ്മയിരിക്കട്ടെ.]

വെളി 18:20-24 വായിക്കുമ്പോൾ മനസ്സിൽ ഓടിയെത്തേണ്ട യേശുവിൻറെ വാക്കുകൾ:
മത്താ 23:34 ഞാൻ പ്രവാചകരെയും ജ്ഞാനികളെയും ശാസ്ത്രിമാരെയും നിങ്ങളുടെ അടുത്ത് അയയ്ക്കുന്നു; അവരിൽ ചിലരെ നിങ്ങൾ ക്രൂശിച്ചു കൊല്ലുകയും ചിലരെ നിങ്ങളുടെ പള്ളികളിൽ ചമ്മട്ടിയാൽ അടിക്കുകയും പട്ടണത്തിൽ നിന്നും പട്ടണത്തിലേക്ക് ഓടിക്കുകയും ചെയ്യും.
മത്താ 23:35 നീതിമാനായ ഹാബേലിൻറെ രക്തം മുതൽ നിങ്ങൾ മന്ദിരത്തിനും യാഗപീഠത്തിനും നടുവിൽ കൊന്നവനായി ബേരെഖ്യാവിൻറെ മകനായ സെഖര്യാവിൻറെ രക്തം വരെ ഭൂമിയിൽ ചൊരിഞ്ഞ നീതിയുള്ള രക്തമെല്ലാം നിങ്ങളുടെ മേൽ വരേണ്ടതാണ്.
മത്താ 23:36 ഇതെല്ലാം ഈ തലമുറയുടെ മേൽ വരും എന്ന് ഞാൻ സത്യമായി നിങ്ങളോട് പറയുന്നു.
മത്താ 23:37 യെരൂശലേമേ, യെരൂശലേമേ, പ്രവാചകരെ കൊല്ലുകയും നിൻറെ അടുത്ത് അയച്ചിരിക്കുന്നവരെ [G649] (അപ്പൊസ്തലന്മാർ[G652] = അയയ്ക്കപ്പെട്ടവർ) കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തൻറെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കും പോലെ നിൻറെ മക്കളെ ചേർത്തുകൊള്ളുവാൻ എനിക്ക് എത്ര വട്ടം മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല.
ഇത്രയധികം സമാനതകൾ ഉണ്ടായിട്ടും അത് കാണാതെ, “സ്വന്തം വ്യാഖ്യാനങ്ങൾ” (2പത്രോ 1:20) നൽകിയവരുടെ വ്യാഖ്യാനങ്ങൾക്ക് യേശുവിൻറെ വാക്കുകളേക്കാൾ അധികം പ്രാമാണികത ഉണ്ടായതാണ് ക്രൈസ്തവ വിശ്വാസത്തിന് സംഭവിച്ച അപചയം!

ഭൂമിയിൽ ചൊരിഞ്ഞ നീതിയുള്ള രക്തമെല്ലാം വരേണ്ടത് നെബൂഖദ്നേസരിൻറെ ബാബിലോണിൻറെ മേലെയോ, കത്തോലിക്കാ സഭയുടെ മേലെയോ, പുനഃസ്ഥാപിക്കപ്പെട്ട ബാബിലോണിൻറെ മേലെയോ ആണെന്ന് യേശു പറഞ്ഞോ? യേശുവിനെ ആരാധിക്കുന്നു എന്ന് അവകാശപ്പെടുന്നവർ ദൈവത്തിൻറെ യഥാർത്ഥ വചനമായ യേശു ക്രിസ്തുവിൻറെ വാക്കുകൾ പ്രമാണിക്കാത്തതാണ് ഖേദകരം. (വെളി 19:13)

യെരൂശലേം എന്ന പദത്തിനാൽ അവിടന്ന് അഭിസംബോധന ചെയ്തുകൊണ്ടിരുന്ന യെഹൂദ മതമേധാവികളെയാണ് അർത്ഥമാക്കിയത് എന്നത് വ്യക്തമാണല്ലോ?
യേശുവിനെയും അപ്പൊസ്തലരെയും പ്രവാചകന്മാരെയും കൊന്നതോ, കൊല്ലുവാൻ പ്രേരിപ്പിച്ചതോ യെരൂശലേം തലസ്ഥാനമായുള്ള യെഹൂദ മതമേധാവികളാണ്.(1തെസ്സ 2:14-15; അപ്പൊ 12:1-3)

വിദേശരാജ്യങ്ങളുമായി വാണിജ്യം നടത്തിയിരുന്ന ബാബിലോൺ. (വെളി 18:11-19)


യെരൂശലേം വെളിപ്പാടിലെ ബാബിലോൺ അല്ല എന്ന് തെളിയിക്കുവാൻ പലരും യെരൂശലേമിന് വിദേശരാജ്യങ്ങളുമായി വാണിജ്യം ഇല്ലായിരുന്നു എന്ന് വാദിക്കാറുണ്ട്. ഇത്തരം അഭിപ്രായം വെച്ചുപുലർത്തുന്നവർ വേദപുസ്തകമോ, ലോകചരിത്രമോ പഠിച്ചിരിക്കുവാൻ സാധ്യതയില്ല. ഏറ്റവും കുറഞ്ഞത് ശലോമോൻറെ കാലം മുതലെങ്കിലും യെരൂശലേമിന് വിദൂര ദേശങ്ങളുമായി വാണിജ്യബന്ധങ്ങൾ ഉണ്ടായിരുന്നു.

ഭൂമിയിലെ വ്യാപാരികൾ യെരൂശലേമുമായി ക്രയവിക്രയം നടത്തിയിരുന്ന സാധനങ്ങൾ അക്ഷരമാലാക്രമത്തിൽ (വെളി 18:12, 13).
ആട്, ആനക്കൊമ്പ്, ഇരുമ്പ്, എണ്ണ, ഏലം, കടുംചുവപ്പ്, കന്നുകാലി, കുതിര, കുന്തുരുക്കം, കോതമ്പ്, ചന്ദനം, ധൂപവർഗം, ധൂമ്രവസ്ത്രം, നേരിയ തുണി, നേരിയ മാവ്, പട്ട്, പിച്ചള, പൊന്ന്, മർമ്മരക്കല്ല്, മാനുഷദേഹം, മാനുഷപ്രാണൻ, മുത്ത്, മൂറ്, രത്നം, രഥം, ലവംഗം, വിലയേറിയ മരം, വീഞ്ഞ്, വെള്ളി.
ഇവയിൽ ചിലതെങ്കിലും ശലോമോൻറെ കാലം മുതൽ ഇറക്കുമതി ചെയ്തിരുന്നു.
1രാജാ 10:22 രാജാവിന് സമുദ്രത്തിൽ ഹീരാമിൻറെ കപ്പലുകളോട് കൂടെ തർശീശ് കപ്പലുകൾ ഉണ്ടായിരുന്നു; തർശീശ് കപ്പലുകൾ 3 സംവത്സരത്തിൽ ഒരിക്കൽ പൊന്ന്, വെള്ളി, ആനക്കൊമ്പ്, കുരങ്ങ്, മയിൽ എന്നിവ കൊണ്ടുവന്നു.

ഹീരാം സോരിൻറെ രാജാവായിരുന്നു. ഇദ്ദേഹം ശലോമോൻറെ കച്ചവട പങ്കാളിയായിരുന്നു. പിൽക്കാലത്ത് യെഹൂദയും യിസ്രായേലുമായി സോരിന് വ്യാപാരബന്ധം ഉണ്ടായിരുന്നു. (യെഹെ 27:17) സോർ കയറ്റുമതി ഇറക്കുമതി വ്യാപാരിയായിരുന്നു. സോർ ക്രയവിക്രയം ചെയ്തിരുന്ന സാധനങ്ങൾ:
ആട്ടുകൊറ്റൻ, ആട്ടുരോമം, ആനക്കൊമ്പ്, ആളുകൾ, ഇരുമ്പ്, എണ്ണ, കയറ്, കരിമരം, കാരീയം, കുഞ്ഞാട്, കുതിര, കോതമ്പ്, കോലാട്, കോവർകഴുത, താമ്രം, തേൻ, ധൂമ്രവസ്ത്രം, പടക്കുതിര, പത്മരാഗം, പരവതാനി, പരിമളതൈലം, പലഹാരം, പവിഴം, പുതപ്പ്, പൊന്ന്, മരതകം, രത്നം, വയമ്പ്, വഴനത്തോൽ, വിചിത്രവസ്ത്രം, വീഞ്ഞ്, വെള്ളി, വെള്ളീയം, ശണപടം,
ഈ ചരക്കുകളുടെ ഹീബ്രുവിലും ഗ്രീക്കിലുമുള്ള പേരുകൾ കൂടുതൽ കൃത്യതയോടെ പരിഭാഷപ്പെടുത്തിയാൽ ഇതിലും അധികം സാദൃശ്യങ്ങൾ കണ്ടേക്കാം. (ഉദാഹരണത്തിന്, മിക്കവാറും രത്നങ്ങളുടെ പേരുകൾ അലക്ഷ്യമായാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.)

ഭൂരാജാക്കന്മാരുടെ മേൽ രാജത്വമുള്ള മഹാനഗരം.

വെളി 17:18 നീ കണ്ട സ്ത്രീയോ ഭൂരാജാക്കന്മാരുടെ (ഭൂമിയിലെ രാജാക്കന്മാരുടെ) മേൽ രാജത്വമുള്ള മഹാനഗരം തന്നേ.
ഈ വചനത്തിൻറെ അടിസ്ഥാനത്തിൽ ഒരു നിഗമനത്തിലും എത്തുവാൻ കഴിയില്ല.
  • ഇന്ത്യയേക്കാൾ അൽപം കൂടുതൽ വിസ്തൃതി ഉണ്ടായിരുന്ന റോമാ സാമ്രാജ്യത്തിന് ഭൂമിയിലെ എല്ലാ രാജാക്കന്മാരുടെ മേലും രാജത്വം ഉണ്ടായിരുന്നിരിക്കാൻ വഴിയില്ല.
  • ബാബിലോൺ 9 ചതുരശ്ര കി.മി. വിസ്തീർണ്ണമുള്ള വളരെ ചെറിയ ഒരു രാജ്യമായിരുന്നു, അത് ക്രി.മു.141ൽ ഇല്ലാതായി.
  • കത്തോലിക്കാ സഭയ്ക്ക് മുസ്ലീം, കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെ മേലെ രാജത്വം ഉണ്ടാകുവാൻ വഴിയില്ലല്ലോ?
ഇവിടെ ഭൂമി എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്കിന് (γῆ, ഗേ, G1093) എപ്പോഴും ഭൂഗോളം എന്ന അർത്ഥമില്ല. ഉദാഹരണമായി യെഹൂദ്യ ദേശം (മത്താ 2:6), യിസ്രായേൽ ദേശം (മത്താ 2:20) സെബൂലൂൻ ദേശം, നഫ്താലി ദേശം (മത്താ 4:14) എന്നെല്ലാം പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഇതേ വാക്കാണ്. ഈ വാക്കിന് നിലം (ground), രാജ്യം (country) എന്നെല്ലാം അർത്ഥമുണ്ട്.

“പാപ്പച്ചന് മലബാറിൽ ഭൂമിയുണ്ട്” എന്നതിന് അയാൾക്ക് അവിടെ ഒരു ഭൂഗോളം ഉണ്ടെന്ന് അർത്ഥമില്ലല്ലോ? അതുപോലെ തന്നെ, യെരൂശലേം എന്ന ബാബിലോണിന് വേദപുസ്തകത്തിൽ “ദെക്കപ്പൊലി” (മത്താ 4:25; മാർക്കൊ 5:20; 7:31) എന്ന് അറിയപ്പെടുന്ന 10 നാട്ടുരാജ്യങ്ങളുടെ മേൽ അധീശത്വം ഉണ്ടായിരുന്നു എന്ന് കർത്താവിന് അഭീഷ്ടമായിരുന്നാൽ തുടർന്നുവരുന്ന ലേഖനങ്ങളിൽ നാം തെളിയിക്കും.

ഉപസംഹാരം.


യെരൂശലേമിനെ വെളിപ്പാടിലെ മഹാവേശ്യയുമായി ബന്ധിപ്പിക്കുന്ന ഘടകങ്ങൾ ഇനിയും ഉണ്ടാകാം. വെറുപ്പ് എന്ന ഒരേയൊരു കാരണം ഒഴികെ, വേദപുസ്തകത്തിൽ അടിസ്ഥാനമില്ലാതെ, വേറെ ഏതെങ്കിലും നഗരത്തെയോ, സ്ഥാപനത്തെയോ മഹാവേശ്യയായി ചിത്രീകരിക്കുന്നത് ആരോഗ്യമുള്ള പ്രബോധനമല്ല.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

No comments:

Post a Comment