Sunday, July 3, 2016

ഇപ്പോൾ ഒരു സൃഷ്ടിയും (മൃഗങ്ങളും പക്ഷികളും) ദൈവപുത്രന്മാരുടെ പ്രത്യക്ഷതയ്ക്കായി ഞരങ്ങുന്നില്ല.

ക്രിസ്തുവിൽ പ്രിയരേ,

“സര്‍വ സൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി പ്രസവവേദനയോടെ ഇരിക്കുന്നു” (റോമ 8:22), ശരിക്കും‽

ഞാൻ ഇത് എഴുതുമ്പോൾ പുറത്തുള്ള മരത്തിൽ സന്തോഷത്തോടെ ചാടിക്കളിക്കുന്ന രണ്ട് അണ്ണാൻകുഞ്ഞുങ്ങളെ കാണാം. മരത്തിന് താഴെ ഒരു ചുണ്ടെലി ഏതോ ഭക്ഷണസാധനം കാർന്നുതിന്നുന്നു. രണ്ട് തെരുവനായ്ക്കൾ എന്തോ വെച്ച് മറന്നുപോയത് എടുക്കുവാൻ പോകുന്നത് പോലെ തിരക്കിട്ട് പോകുന്നുണ്ട്. വീട്ടുടമയുടെ രണ്ട് പശുക്കൾ ഇതൊന്നും അറിയാതെ അയവെട്ടുന്നു. അവയ്ക്ക് പ്രസവവേദന ഉള്ളപ്പോൾ പ്രസവവേദനയോടെ ഇരിക്കും എന്നല്ലാതെ അവ ദൈവപുത്രന്മാരുടെ പ്രത്യക്ഷതയ്ക്കായി കാത്തിരിക്കുന്നില്ല. ഇവിടെ ഒരു ദൈവപുത്രൻ ഇരിക്കുന്നതിന പറ്റി യാതൊരുവിധ പരിഗണനയുമില്ലാതെ ചുവരിലെ പല്ലി (ഗൌളി) അതിൻറെ മുന്നിലുള്ള ഒരു പ്രാണിയെ തറപ്പിച്ചുനോക്കിക്കൊണ്ട് ഇരിക്കുന്നു.

പൌലോസ് റോമർക്കുള്ള ലേഖനം എഴുതിക്കൊണ്ടിരുന്നപ്പോൾ അദ്ദേഹത്തിന് ചുറ്റുമുണ്ടായിരുന്ന അണ്ണാൻകുഞ്ഞുങ്ങളും, തെരുവുനായ്ക്കളും, പശുക്കളും, പല്ലികളും പ്രസവവേദനയോടെ ഞരങ്ങുകയായിരുന്നോ എന്ന് അറിയില്ല.

ഗർഭകാലത്തേക്കാൾ നീണ്ട പ്രസവവേദനയുണ്ടോ?


പൌലോസ് റോമർക്കുള്ള ലേഖനം എഴുതിയത് ഒന്നാം നൂറ്റാണ്ടിലാണ് എന്ന് നിങ്ങൾ സമ്മതിക്കും എന്ന് കരുതട്ടേ? പൌലോസ് ഈ ലേഖനം എഴുതുമ്പോൾ അദ്ദേഹത്തിൻറെ ചുറ്റിലുമുള്ള സൃഷ്ടി മുഴുവനും പ്രസവവേദനയാൽ ഞരങ്ങുകയായിരുന്നു (സര്‍വ സൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി പ്രസവവേദനയോടെ ഇരിക്കുന്നു), ഇരുപത്തൊന്നാം നൂറ്റാണ്ടിൽ നിങ്ങൾ ആ ലേഖനം വായിക്കുമ്പോഴും പ്രസവവേദനയാൽ ഞരങ്ങുന്നു. 20 നൂറ്റാണ്ട് നീണ്ടുനിൽക്കുന്ന പ്രസവവേദന ഒരൽപം കൂടുതലല്ലേ? 20 നൂറ്റാണ്ട് നീണ്ടുനിൽക്കുന്ന പ്രസവവേദനയ്ക്ക് എത്രനാളത്തെ ഗർഭകാലം കാണണം?

നിങ്ങളുടെ നാട്ടിൽ എങ്ങനെയാണ് എന്നറിയില്ല, പ്രസവവേദന നീണ്ടുപോയാൽ ഞങ്ങളുടെ നാട്ടിലെ ഡോക്ടർമാർ ഇടപെടുകയും, എന്തെങ്കിലും പ്രതിവിധി ചെയ്യുകയും ചെയ്യും. സൃഷ്ടി മുഴുവനും 20 നൂറ്റാണ്ട് കാലം പ്രസവവേദനകൊണ്ട് ഞരങ്ങിയിട്ടും ചെറുവിരൽ പോലും അനക്കാത്ത നിങ്ങളുടെ ദൈവം നിഷ്ഠൂരനാണ്.

വ്യാഖ്യാനത്തിലെ ഊളത്തരം

“ഭൂലോകത്തില്‍ എല്ലായിടത്തും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിക്കുവിന്‍” (മർക്കോ 16:15)
And he said unto them, Go ye into all the world, and preach the gospel to every creatureG2937. Mar 16:15

ഈ വചനത്തിലൂടെ യേശു ആഹ്വാനം ചെയ്തത് മനുഷ്യരോട് സുവിശേഷം പ്രസംഗിക്കുവാനാണ് എന്ന് മനസ്സിലാക്കിയവർ, അതേ ഗ്രീക്ക് വാക്ക് (κτίσις, ktis'-is, ക്ടിസിസ്, സ്ട്രോങ്സ് നിഘണ്ടുവിൽ  G2937) ഉപയോഗിക്കപ്പെട്ടിരിക്കുന്ന റോമർ 8:29-22 വചനങ്ങളിലെ പരാമർശം എല്ലാ ചരാചര പ്രാണികളെ പറ്റിയുമാണ് എന്ന് മനസ്സിലാക്കുന്നതിനുള്ള പേരാണ് വ്യാഖ്യാനത്തിലെ ഊളത്തരം.
റോമർ 8:19 സൃഷ്ടി ദൈവപുത്രന്മാരുടെ പ്രത്യക്ഷതയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
Rom 8:19 For the earnest expectation of the creatureG2937 waiteth for the manifestation of the sons of God.
റോമർ 8:20 സൃഷ്ടി മനഃപൂര്‍വമായല്ല മായയ്ക്ക് കീഴ്പെട്ടിരിക്കുന്നത്, അതിനെ പ്രത്യാശയിൽ കീഴ്പെടുത്തിയവൻ നിമിത്തമാണ്.
Rom 8:20 For the creatureG2937 was made subject to vanity, not willingly, but by reason of him who hath subjected the same in hope,
റോമർ 8:21 സൃഷ്ടി ദ്രവത്വത്തിന്‍റെ ദാസ്യത്തില്‍ നിന്നും വിമോചനവും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും;
Rom 8:21 Because the creatureG2937 itself also shall be delivered from the bondage of corruption into the glorious liberty of the children of God.
റോമർ 8:22 സര്‍വ സൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി പ്രസവവേദനയോടെ ഇരിക്കുന്നു എന്ന് നാം അറിയുന്നു.
Rom 8:22 For we know that the whole creatureG2937 groaneth and travaileth in pain together until now.

ദുർബോധനയുടെ ചരിത്രം.

റോമർ 8:21ൻറെ അടിസ്ഥാനത്തിൽ ഭൂമിയിൽ ഇന്നുവരെ ഉണ്ടായിരുന്ന എല്ലാ ജീവജന്തുക്കളും പുനഃസ്ഥാപിക്കപ്പെടും എന്ന ദുർബോധന തുടങ്ങിയത് യഹോവാ സാക്ഷികളുടെ സ്ഥാപകനായ പാസ്റ്റർ സി.റ്റി.റസ്സലാണ് (1874, 1914 ലോകാവസാനം പ്രവചിച്ച ആൾ - Pastor Russell). തുടർന്ന് റേ.എൽ.സ്മിത് (Ray L Smith) അത് ഏറ്റെടുത്തു. ഏതാനും വർഷങ്ങൾക്ക് മുമ്പ് മാർട്ടിൻ സെൻഡർ (Marin Zender) എന്ന പ്രഖ്യാതനായ പ്രസംഗകൻ നിങ്ങൾ ഓമനിച്ച് വളർത്തിയ പട്ടിയും പൂച്ചയും സ്വർഗ്ഗത്തിൽ ഉണ്ടാവും എന്ന് അവകാശപ്പെട്ടു.

ഒന്നു ചോദിക്കട്ടേ? ദൈവത്തിന് നിങ്ങളുടെ വളർത്തുനായും, തെരുവുനായും തമ്മിൽ വ്യത്യാസമുണ്ടോ? ദൈവത്തിൻറെ സൃഷ്ടികളിൽ കൊതുകിനോ, പാറ്റയ്ക്കോ ഇല്ലാത്ത പ്രാധാന്യം നിങ്ങളുടെ പൂച്ചക്കുട്ടിക്ക് ഉണ്ടോ? നിങ്ങളുടെ വളർത്തുനായയും പൂച്ചക്കുട്ടിയും എല്ലാ സുഖവും, സ്നേഹവും അനുഭവിച്ചു. അങ്ങനെ സുഖം അനുഭവിക്കാത്ത തെരുവുനായ്ക്കളെയും, പാറ്റ, കൊതുക്, പഴുതാര മുതലായവയെയും ദൈവം സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകുകയോ, ഭൂമിയിൽ പുനഃസ്ഥാപിക്കുകയോ ചെയ്താൽ അതിനേക്കാൾ വലിയ നരകം വേറെ ഉണ്ടാവില്ല.


ഒന്നാം നൂറ്റാണ്ടിലെ നിങ്ങൾ


തച്ചൻറെ മകൻ
നിങ്ങൾ ഒന്നാം നൂറ്റാണ്ടിൽ, യെഹൂദ്യ ദേശത്ത് ജീവിക്കുന്ന ദൈവഭക്തനായ ഒരു യെഹൂദ മതവിശ്വാസിയാണെന്ന് കരുതുക. നിങ്ങൾക്ക് രാഷ്ട്രീയമായ താൽപര്യങ്ങൾ ഒന്നുമില്ല. മോശെയുടെയും പ്രവാചകന്മാരുടെയും പുസ്തകങ്ങളിൽ നിങ്ങൾ വായിച്ചിട്ടുള്ള പല കാര്യങ്ങളും നിറവേറേണ്ട കാലമായി എന്ന് നിങ്ങൾക്ക് അറിയാം. നിങ്ങൾ നിങ്ങളുടെ വീണ്ടെടുപ്പിനായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നു. നിങ്ങൾ ഒരു ദൈവപുത്രനാണെന്ന് നിങ്ങൾക്ക് ഉത്തമബോധ്യമുണ്ട് (ആവ 14:1; 1ദിന 29:10; യെശ 63:16)

ഈ സമയത്താണ് യെരൂശലേമിൻറെ വെളിമ്പ്രദേശത്ത് ഒട്ടകരോമം കൊണ്ടുള്ള വസ്ത്രം ധരിച്ച ഒരാൾ പ്രത്യക്ഷപ്പെടുന്നതും, “ദൈവരാജ്യം സമീപിച്ചിരിക്കുന്നതിനാൽ പശ്ചാത്തപിക്കുക” എന്ന് ആഹ്വാനം ചെയ്യുന്നതും. ഏതാനും മാസങ്ങൾക്ക് ശേഷം മറ്റൊരാൾ - ഒരു തച്ചൻറെ മകൻ - (തച്ചൻ = ആശാരി) ഇതേ സന്ദേശവുമായി വരികയും അനേകർ അയാളെ പിന്തുടരുകയും ചെയ്യുന്നു. യെഹൂദ മതമേധാവികൾ ആസനത്തിൽ മിശിറ് (നിശറ്) കടിച്ചത് പോലെ അയാളെ ഒതുക്കുവാൻ പരക്കം പായുന്നു. തച്ചൻറെ മകൻറെ ജനസമ്മതി നാൾക്കുനാൾ വർദ്ധിക്കുന്നു.

രാഷ്ട്രീയമായ കരുനീക്കങ്ങളിലൂടെ മതനേതാക്കൾ തച്ചൻറെ മകനെ ഇല്ലായ്മചെയ്യുന്നു. അവരുടെ പെരുമാറ്റത്തിൽ വരുവാനുള്ള ഏതോ മഹാവിപത്തിൻറെ സൂചനയുണ്ട് (യോഹ 11:48). തച്ചൻറെ മകൻറെ ശിഷ്യന്മാർ ദൌത്യം ഏറ്റെടുക്കുന്നു. അവരും സംഘടിതമായി അവരുടെ സന്ദേശം എല്ലായിടത്തും എത്തിക്കുന്നു. തച്ചൻറെ മകൻറെ ശിഷ്യന്മാർ പഠിപ്പിക്കുന്നത് അവരുടെ ഗുരുവിനെ പിന്തുടരുന്നവരാണ് യഥാർത്ഥ ദൈവപുത്രന്മാർ എന്നാണ്. അവരും വീണ്ടെടുപ്പിനെ പറ്റിയും, വരുവാനുള്ള കോപത്തെയും, ന്യായവിധിയെയും കുറിച്ച് പ്രചരണം നടത്തുന്നുണ്ട്.

ഇത്രയും പോരെങ്കിൽ തീവ്രവാദികളായ സീലട്ടുകൾ (Zealots) റോമൻ ഭരണകൂടത്തിനെതിരെ പോരാട്ടത്തിന് ഒരുങ്ങുന്നു. റോമിൽ രാജാക്കന്മാർ മാറിവരുന്നതിൻറെയും അവർ യെഹൂദ്യയിലെ ലഹളകളെ അടിച്ചമർത്തുവാൻ പരിപാടിയിടുന്നതിൻറെയും വാർത്ത അന്തരീക്ഷത്തിൽ മുഴങ്ങുന്നുണ്ട്. യെഹൂദ്യർ തച്ചൻറെ മകനെ പിന്തുടരുന്നവരെ അടിച്ചമർത്തുന്നതും, ഭരണകുടം യെഹൂദ്യരെ അടിച്ചമർത്തുന്നതും നിത്യസംഭവമായിരിക്കുന്നു. യെഹൂദ്യയിലും ചുറ്റുപുറത്തും റോമൻ സൈന്യം സന്നാഹങ്ങൾ ചമയ്ക്കുന്നു. പിലാത്തോസിൻറെ ക്രൂരതകൾ പ്രാദേശികമായിരുന്നെങ്കിൽ (ലൂക്കോ 13:1), നീറോ സീസറിൻറെ ക്രൂരതകൾ റോമാ സാമ്രാജ്യത്തിൻറെ എല്ലാ ഭാഗത്തും വ്യാപിച്ചിരുന്നു. വെസ്പാസിയനും, ടൈറ്റസും റോമിൻറെ എല്ലാ ഭാഗങ്ങളെയും അടക്കി ഭരിക്കുന്നു.

ഇവിടെയാണ് നിങ്ങളുടെ പ്രസവവേദന. ഈ രണ്ട് കൂട്ടരിൽ ആര് പറയുന്നതാണ് ശരി? തച്ചൻറെ മകനെ പിന്തുടരാതിരുന്നത് തെറ്റായിപ്പോയോ? വരുവാനുള്ള പ്രവാചകൻ ഈ തച്ചൻറെ മകൻ തന്നെയായിരുന്നോ? വരുവാനുള്ള പ്രവാചകനെ പറ്റിയുള്ള മതപണ്ഡിതന്മാരുടെ കണക്കുകൂട്ടലുകൾ തെറ്റായിരുന്നോ? ഏതെങ്കിലും മഹാവിപത്ത് വരുവാനുണ്ടെങ്കിൽ അത് എപ്പോഴാണ്? എങ്ങനെയാണ്?

ഇത്തരം സ്ഫോടനാത്മകമായ സാഹചര്യത്തിൽ ജീവിക്കുന്ന നിങ്ങൾ ഞരങ്ങും, തേങ്ങും, പ്രസവവേദനയേക്കാൾ വലിയ വേദന അനുഭവിക്കും. ആത്മസംഘർഷം നിങ്ങളുടെ കൂടപ്പിറപ്പാകും.

നിങ്ങളെ പോലെ ആശയക്കുഴപ്പത്തിലായിരിക്കുന്ന യെഹൂദ്യരോട് പോയി സുവിശേഷം പ്രസംഗിക്കുവാനാണ് തച്ചൻറെ മകൻ  (യേശു) ശിഷ്യന്മാരോട് ആഹ്വാനം ചെയ്തത്. (മത്താ 28:19)

യെഹൂദ്യരോട് എന്ന് കൃത്യമായി പറയുവാൻ കാരണം

മത്താ 28:19 ആകയാല്‍ നിങ്ങള്‍ പുറപ്പെട്ട്, സകല ജാതികളെയും ശിഷ്യരാക്കി, പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ സ്നാനം കഴിപ്പിക്കുവിൻ...
Mat 28:19 Go ye therefore, and teach all nationsG1484, baptizing them in the name of the Father, and of the Son, and of the Holy Ghost:
പലരുടെയും ധാരണ യേശുവിൻറെ ആദ്യത്തെ ശിഷ്യന്മാർ അവരെ ഏൽപിച്ച ദൌത്യത്തിൽ പരാജയപ്പെട്ടതിനാലാണ് പൌലോസിനോട് ജാതികളോട് സുവിശേഷം പ്രസംഗിക്കുവാൻ ആവശ്യപ്പെട്ടത് എന്നാണ്.
അപ്പൊ 9:15 അവിടന്ന് എന്നോട്: നീ പോകുക; ഞാന്‍ നിന്നെ ദൂരത്ത് ജാതികളുടെ അടുത്തേയ്ക്ക് അയയ്ക്കും എന്ന് പറഞ്ഞു.
Act 22:21 And he said unto me, Depart: for I will send thee far hence unto the GentilesG1484.  (ഇംഗ്ലീഷ് പരിഭാഷകന് അൽപം സാമാന്യബുദ്ധി ഉണ്ടായിരുന്നതിനാൽ nations എന്നും gentiles എന്നും വിവേചനത്തോടെ പരിഭാഷപ്പെടുത്തി.)
പുതിയ നിയമത്തിൽ ദേശം, രാജ്യം, അന്യജാതികൾ എന്നീ അർത്ഥം ലഭിക്കുവാൻ ഒരേയൊരു വാക്കേ ഉള്ളൂ - ἔθνος (eth'-nos, എത്‍നോസ്, സ്ട്രോങ്സ് നിഘണ്ടുവിൽ G1484). ഇതേ വാക്കാണ് മത്താ 28:19ലും മത്താ 24:14ലും ഉപയോഗിച്ചിരിക്കുന്നത്. ഒരേ വാക്കിന് പല അർത്ഥം (നാനാർത്ഥം) വരുമ്പോൾ ഏത് അർത്ഥമാണ് ഏത് സാഹചര്യത്തിൽ സ്വീകരിക്കേണ്ടത് എന്ന ചോദ്യത്തിന് ഉത്തരം സാമാന്യബുദ്ധി ഉപയോഗിക്കുക, ദൈവത്തിനും ദൈവവചനത്തിനും മഹിമ ലഭിക്കുന്ന രീതിയിൽ വ്യാഖ്യാനം ചെയ്യുക എന്നതാണ്.

അപ്പൊസ്തല നടപടികളിൽ പകുതിയിൽ അധികവും പൌലോസിൻറെ സുവിശേഷ ശുശ്രൂഷയെ പറ്റിയാണ്. ആ പുസ്തകം എഴുതിയ ലൂക്കോസ് കി.പി.86 വരെ ജീവിച്ചിരുന്നെങ്കിലും പൌലോസിൻറെ മരണം (കി.പി.68) പോലും ആ പുസ്തകത്തിൽ ഇല്ല. പുതിയ നിയമത്തിലെ അപൂർണ്ണമായ 3 പുസ്തകങ്ങളിൽ ഒന്നാണ് ഇത്. (യാക്കോബ്, 3 യോഹന്നാൻ എന്നിവയാണ് മറ്റ് രണ്ടെണ്ണം. പുതിയനിയമത്തിലെ 27 പുസ്തകങ്ങളിൽ “ആമേൻ” എന്ന വാക്കിൽ അവസാനിക്കാത്ത പുസ്തകങ്ങൾ ഇവ മാത്രമാണ് എന്നതാണ് ഒരു തെളിവ്.) അതുകൊണ്ട് എല്ലാ അപ്പൊസ്തലരുടെയും നടപടികൾ അതിലില്ല.

അപ്പൊസ്തലന്മാരെല്ലാം രക്തസാക്ഷികളായി മരിച്ചത് യേശുക്രിസ്തുവിൻറെ സുവിശേഷത്തിന് വേണ്ടിയായിരുന്നു എന്നത് മറക്കരുത്. (യോഹന്നാൻറെ കാര്യത്തിൽ വിവിധ നിക്ഷിപ്ത താൽപര്യങ്ങൾ ഉള്ളതിനാൽ ഉറപ്പുപറയുവാൻ കഴിയുകയില്ല.)

പത്രോസാണ് ജാതികളോടുള്ള സുവിശേഷ പ്രസംഗം ഉദ്ഘാടനം ചെയ്തതെങ്കിലും (അപ്പൊ 10, 11), ജാതികളോട് സുവിശേഷം പ്രസംഗിക്കുവാൻ യേശു നിയോഗിച്ചത് പൌലോസിനെയാണ്. (അപ്പൊ 9:15)

അമേരിഗോ വെസ്ഫുചിയോ, ക്രിസ്റ്റൊഫർ കൊളംബസ്സോ അമേരിക്കൻ വൻകര കണ്ടുപിടിക്കുന്നതിന് മുമ്പും അവിടെ മനുഷ്യവാസം ഉണ്ടായിരുന്നു. ശിഷ്യന്മാർ ആരും അമേരിക്കയിലേക്ക് പോകുവാൻ ശ്രമിച്ചില്ല. ചൈന, മംഗോളിയ മുതലായ പൂർവേഷ്യൻ രാജ്യങ്ങളിൽ പോയില്ല. റഷ്യ, ഓസ്ട്രേലിയ, തെക്കൻ ആഫ്രിക്ക എന്നിവിടങ്ങളിലും പോയില്ല. ഇത്രയും ഭൂവിഭാഗങ്ങൾ ചേർന്നാൽ ഭൂമയിലെ കരഭൂമിയുടെ ഏകദേശം 70-80% ശതമാനം ഭാഗം ഉൾപ്പെടും.



ഇത്രയും ഭാഗങ്ങളിൽ പോകാതിരുന്ന ശിഷ്യന്മാർ വടക്കൻ ആഫ്രിക്ക, ഏഷ്യയിൽ മധ്യ-പൂർവേഷ്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങി ഇന്ത്യ വരെ, റഷ്യയുടെ യൂറോപ്പിലുള്ള ഭാഗങ്ങളൊഴികെ ബ്രിട്ടനും, സ്കോട്ലാൻഡ്, ഐർലാൻഡ് വരെ ഏകദേശം യൂറോപ്പ് മുഴുവനും പോയി സുവിശേഷം പ്രസംഗിച്ചു. പത്രോസ് പ്രസംഗിച്ച ചില സ്ഥലങ്ങൾ:
1പത്രോ 1:1 യേശു ക്രിസ്തുവിന്‍റെ അപ്പൊസ്തലനായ പത്രോസ് പൊന്തൊസിലും ഗലാത്യയിലും കപ്പദൊക്യയിലും ആസ്യയിലും ബിഥുന്യയിലും ചിതറിപ്പാര്‍ക്കുന്ന പ്രവാസികളും ...
(ഇവർ യെഹൂദ്യരായിരുന്നു എന്ന് അപ്പൊ 2:9-10ൽ കാണാം. ഗലാത്യയുടെ വടക്ക് ഭാഗം, തെക്ക് ഭാഗത്ത് പൌലോസ് അന്യജാതികൾക്ക് ശുശ്രൂഷിച്ചു. ബിഥുന്യ പത്രോസിനും മറ്റ് അപ്പൊസ്തലർക്കും നൽകപ്പെട്ടതുകൊണ്ടാവാം അങ്ങോട്ട് പോകുവാൻ പരിശുദ്ധാത്മാവ് പൌലോസിനെ അനുവദിക്കാതിരുന്നത്. അപ്പോ 16:7)
ബര്‍ത്തൊലോമായിയും തോമസും ഇന്ത്യയിലേക്ക് നിയോഗിക്കപ്പെട്ടിരുന്നു എന്ന്  മൂന്നാം നൂറ്റാണ്ടിലെ സഭാചരിത്രകാരന്മാരായ ഓറിജെൻ, യൂസിബിയസ് എന്നിവരുടെ രചനകളിൽ കാണാം.

ബര്‍ത്തൊലോമായി വടക്കേ ഇന്ത്യയിൽ ഗുജറാത്ത്, വടക്കുകിഴക്കൻ ഇന്ത്യ എന്നിവിടങ്ങളിൽ പ്രസംഗിച്ചു. (ഈ സ്ഥലങ്ങളിൽ യെഹൂദ്യർ ഉണ്ടായിരുന്നു. അവിടെ നിന്നും ബെനേ-ഇസ്രായേൽ എന്ന് അറിയപ്പെടുന്ന യിസ്രായേല്യർ 1948ന് ശേഷം യിസ്രായലിലേക്ക് കുടിയേറി).

ഇന്ത്യയിൽ തോമസ് വന്നത് അന്ന് മുസ്സിരിസ് എന്ന് അറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂരിൽ. കൊടുങ്ങല്ലൂരിന് റോമാ സാമ്രാജ്യവുമായി വാണിജ്യബന്ധം ഉണ്ടായിരുന്നു എന്നത് ചരിത്രസത്യമാണ്.  അന്ന്  വടക്കൻ പറവൂർ, കൊച്ചി, മട്ടാഞ്ചേരി, പാലയൂര്‍, കൊല്ലം, കോതമംഗലം, നിരണം, വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ യെഹൂദ്യരുടെ കുടിയിരിപ്പുകൾ ഉണ്ടായിരുന്നു. (ബ്രാഹ്മണന്മാരോടാണ് തോമസ് ആദ്യം പ്രസംഗിച്ചത് എന്നത് കുടുംബമഹിമ അവകാശപ്പെടുവാൻ എൻറെ ബന്ധുക്കളടക്കം ചില കത്തോലിക്കാ കുടുംബങ്ങൾ കെട്ടിച്ചമച്ച കഥയാണ്. തോമസ് കേരളത്തിൽ വന്നിട്ടില്ല, അന്ന് ഇന്ത്യയിലേക്കുള്ള യാത്ര അസാധ്യമായിരുന്നു എന്ന് വാദിക്കുന്നവർ അതിനും 300+ വർഷങ്ങൾക്ക് മുമ്പ് ഗ്രീസിൽ നിന്നും മെഗസ്തനീസ് എങ്ങനെയാണ് ഇന്ത്യയിൽ എത്തിയത് എന്ന് വിശദീകരിക്കണം.)

മിക്കവാറും എല്ലാ അപ്പൊസ്തലന്മാരും സുവിശേഷ പ്രസംഗം നടത്തിയ നാടുകളുടെ പേരുവിവരം ലഭ്യമാണ് (സ്ഥലപരിമിതി നിമിത്തം ഇവിടെ ചേർത്തിട്ടില്ല). ആ സ്ഥലങ്ങളുടെ പൊതുഘടകം അവ യെഹൂദ്യരുടെ കുടിയിരുപ്പുകളായിരുന്നു എന്നതാണ്.

എല്ലാ “സൃഷ്ടി”കളോടും പ്രസംഗിക്കപ്പെട്ട (ഭൂതകാലം) സുവിശേഷം.

കൊലൊ 1:23 ആകാശത്തിന്‍റെ കീഴെ സകല സൃഷ്ടികളുടെയും ഇടയില്‍ പ്രസംഗിക്കപ്പെട്ടതും ... സുവിശേഷത്തിന്‍റെ ...
Col 1:23 If ye continue in the faith grounded and settled, and be not moved away from the hope of the gospel, which ye have heard, and which was preached (past tense) to every creatureG2937 which is under heaven; whereof I Paul am made a minister; (KJV)
Col 1:23 if indeed you continue in the faith, stable and steadfast, not shifting from the hope of the gospel that you heard, which has been proclaimed (present perfect tense) in all creation under heaven, and of which I, Paul, became a minister. (ESV)
Col 1:23 if so be that ye continue in the faith, grounded and steadfast, and not moved away from the hope of the gospel which ye heard, which was preached in all creation under heaven; whereof I Paul was made a minister. (ASV)
Col 1:23 if also ye remain in the faith, being founded and settled, and not moved away from the hope of the good news, which ye heard, which was preached in all the creation that is under the heaven, of which I became--I Paul--a ministrant. (YLT)
മത്താ 28:19ലും 24:14ലും മർക്കോ 16:15ലും ഉപയോഗിച്ചിരിക്കുന്ന അതേ ഗ്രീക്ക് വാക്ക് ഉപയോഗിച്ച് “ആകാശത്തിന്‍റെ കീഴെ സകല സൃഷ്ടികളുടെയും ഇടയില്‍ പ്രസംഗിക്കപ്പെട്ട സുവിശേഷം” എന്ന് പറഞ്ഞപ്പോൾ പൌലോസ് പട്ടികൾക്കും, പന്നികൾക്കും സുവിശേഷം പ്രസംഗിക്കപ്പെട്ടു എന്ന് ഉദ്ദേശിച്ചിരിക്കുമോ?

മലയാളം വ്യാകരണത്തിൽ present perfect tense എന്നതിന് എന്താണ് പറയുന്നതെന്ന് അറിയില്ല. ഇപ്പോൾ ചെയ്ത് തീർന്ന കാര്യങ്ങളെ സൂചിപ്പിക്കുവാനാണ് present perfect tense ഉപയോഗിക്കുന്നത്. തൽക്കാലം സമീപ ഭൂതകാലം എന്ന് ഉപയോഗിക്കുന്നു. അറിയപ്പെടുന്ന എല്ലാ പരിഭാഷകളിലും ഈ വചനം സമീപ ഭൂതകാലത്തിലോ, ഭൂതകാലത്തിലോ ആണ് പരിഭാഷപ്പെടുത്തപ്പെട്ടിരിക്കുന്നത്. അതായത്, പൌലോസ് ഈ വചനം എഴുതുമ്പോൾ (കി.പി.64ന് മുമ്പ്), ഈ വചനത്തിൽ സൃഷ്ടി എന്ന് ഉദ്ദേശിക്കപ്പെട്ടിരുന്നവർക്ക് സുവിശേഷം പ്രസംഗിക്കപ്പെട്ട് കഴിഞ്ഞിരുന്നു. ഏകദേശം ഈ കാലത്തിന് മുമ്പ് എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവാനുള്ള കൽപന ലഭിച്ച അപ്പൊസ്തലന്മാരെല്ലാം അവരുടെ ചുമതല നിർവഹിച്ച് രക്തസാക്ഷികളായിരുന്നു. അതേ സമയം, ജാതികളോട് സുവിശേഷം പ്രസംഗിക്കുവാനുള്ള കൽപന ലഭിച്ച പൌലോസ് തൻറെ ചുമതല നിർവഹിച്ചുകൊണ്ടിരുന്നു. [വെളിപ്പാട് മുഴുവൻ നിറവേറിയാലും എല്ലാ ജാതികൾക്കും, ഗോത്രങ്ങൾക്കും, വംശങ്ങൾക്കും, ഭാഷക്കാർക്കുമുള്ള നിത്യസുവിശേഷം പ്രസംഗിക്കപ്പെടും എന്ന് വെളി 14:6ൽ എഴുതിയിരിക്കുന്നത് ഏഴാമത്തെ കാഹളം മുഴങ്ങിയതിന് (വെളി 11:15ന്) ശേഷമാണെന്നത് ശ്രദ്ധിക്കുക.]

യിസ്രായേലുകാരെ (യെഹൂദ്യരെ) പറ്റി പരാമർശിച്ചുകൊണ്ട് പൌലോസ്: ഭൂമിയിൽ എല്ലായിടത്തും, ലോകത്തിൻറെ അറ്റം വരെ സുവിശേഷം പ്രസംഗിക്കുന്നവരുടെ ശബ്ദം ചെന്നു (ഭൂതകാലം - റോമർ 10:16-21) എന്ന് പ്രസ്താവിക്കുമ്പോൾ അന്ന് അമേരിക്കയിൽ എത്തിയിട്ടില്ല എന്നത് സ്പഷ്ടമല്ലേ? ലോകം എന്നതിനാൽ വിവക്ഷിക്കപ്പെടുന്നത് റോമാ സാമ്രാജ്യവും, അതുമായി വാണിജ്യ ബന്ധമുള്ള ഇന്ത്യ പോലുള്ള ദേശങ്ങളും മാത്രമാണ്.

“സൃഷ്ടി” വളർത്തുനായും, പൂച്ചക്കുട്ടിയുമാണെങ്കിൽ “പുതിയ സൃഷ്ടിയോ”?

 2കൊരി 5:17 ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടിയാകുന്നു; പഴയത് കഴിഞ്ഞുപോയി, ഇതാ, എല്ലാം പുതിയതായി തീർന്നിരിക്കുന്നു.
2Co 5:17 Therefore if any man be in Christ, he is a new creatureG2937: old things are passed away; behold, all things are become new.
ഇവിടെയും സൃഷ്ടി എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് റോമർ 8:19-22ൽ ഉപയോഗിച്ചിരിക്കുന്ന അതേ ഗ്രീക്ക് വാക്കാണ്.

“ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടിയാകുന്നു”, അങ്ങനെയാണെങ്കിൽ ക്രിസ്തുവിൽ അല്ലാത്തവനോ? “പഴയ സൃഷ്ടി”, അല്ലേ? “പഴയ സൃഷ്ടി” എന്നൊരു പദസമുച്ചയം വേദപുസ്തകത്തിൽ ഇല്ലാത്തതിനാൽ വെറും “സൃഷ്ടി”. ആ സൃഷ്ടിയാണ് ദൈവപുത്രന്മാരുടെ പ്രത്യക്ഷതയ്ക്കായി കാത്തിരുന്നത്, തെരുവുനായും, കൊതുകും, പഴുതാരയുമല്ല. (ഇവിടെ ഞാൻ ഊഹിക്കുകയാണ് എന്ന ആരോപണം ഉയർന്നേക്കാം. പട്ടിയും, പൂച്ചയും, കൊതുകും, പാറ്റയും സ്വർഗ്ഗത്തിലെത്തും എന്നത്രയും പരിഹാസ്യമായ ഊഹം ഞാൻ നടത്തുന്നില്ല.)

ഈ വചനം നിങ്ങളുടെ ചിന്തയുടെ ഭാഗമാകുന്നത് വരെ മനസ്സിരുത്തി വായിക്കുക. “ഒരുവൻ ക്രിസ്തുവിലായാൽ ... എല്ലാം പുതിയതായി തീർന്നിരിക്കുന്നു”. “എല്ലാം” എന്ന് പറഞ്ഞതിൽ എന്താണ് ഉൾപ്പെടാത്തത്? നിങ്ങൾ ക്രിസ്തുവിലായാൽ നിങ്ങൾ മാത്രമല്ല പുതിയതായി തീരുന്നത്, നിങ്ങൾക്ക് ചുറ്റുമുള്ള എല്ലാം, നിങ്ങളുമായി സമ്പർക്കത്തിലാകുന്ന എല്ലാം, സർവ ചരാചരങ്ങളും, പ്രപഞ്ചവും എല്ലാം പുതിയതായി മാറുന്നു. ഇത്തരം ഒരു ചിന്താഗതി ഇല്ലാത്തതിനാലാണ്, നാം അപകർഷതാ ബോധത്തിൽ ജീവിക്കുന്നതും, മറ്റുള്ളവരെ വെറുക്കുന്നതും. പുതിയ സൃഷ്ടിയാണെന്ന് അവകാശപ്പെടുന്നവർ യഥാർത്ഥത്തിൽ പുതിയ സൃഷ്ടികളായിരുന്നെങ്കിൽ ലോകത്ത് വെറുപ്പും, യുദ്ധങ്ങളും, തീവ്രവാദവും, പട്ടിണിയും ... ഉണ്ടാവില്ലായിരുന്നു.

പുതിയ സൃഷ്ടി = ദൈവത്തിൻറെ യിസ്രായേൽ

ഗലാ 6:15 യേശുക്രിസ്തുവിൽ പരിച്ഛേദന (യെഹൂദ്യർ) ഒന്നുമല്ല, പരിച്ഛേദനയില്ലാത്തതും (അന്യജാതികൾ) ഒന്നുമല്ല, പുതിയ സൃഷ്ടിയാണ് വേണ്ടത്.
Gal 6:15 For in Christ Jesus neither circumcision availeth any thing, nor uncircumcision, but a new creatureG2937.
പരിച്ഛേദനയുള്ളവരെയും പരിച്ഛേദനയില്ലാത്തവരെയും ക്രിസ്തുവിൻറെ കീഴിൽ ഏകോപിപ്പിക്കുക എന്നതാണ് പുതിയ സൃഷ്ടിയുടെ ലക്ഷ്യം. ഈ ഏകോപിപ്പിക്കപ്പെട്ട സംഘത്തെയാണ് ദൈവത്തിൻറെ യിസ്രായേൽ എന്ന് വിളിക്കുന്നത്:
ഗലാ 6:16 ഈ പ്രമാണം അനുസരിച്ച് നടക്കുന്ന എല്ലാവര്‍ക്കും, ദൈവത്തിന്‍റെ യിസ്രായേലിനും സമാധാനവും കരുണയും ഉണ്ടാകട്ടെ.
പരിച്ഛേദനയോ, പരിച്ഛേദനയുടെ അഭാവമോ ഒന്നുമല്ല എന്ന പ്രമാണം അനുസരിച്ച് നടക്കുന്നവരാണ് പുതിയ സൃഷ്ടി, അല്ലെങ്കിൽ ദൈവത്തിന്‍റെ യിസ്രായേൽ. അതായത് മുമ്പുണ്ടായിരുന്ന യിസ്രായേൽ ദൈവത്തിൻറേതല്ല. [ഒരു നീണ്ടകഥ ചുരുക്കിപ്പറഞ്ഞാൽ: യിസ്രായേലിൻറെ നിരന്തരമായ അവിധേയത്വവും അധര്‍മ്മങ്ങളും വ്യഭിചാരവും നിമിത്തം യഹോവ അവളെ വിവാഹമോചനം ചെയ്തു. (യിരെ 3:8). എങ്കിലും യിസ്രായേലിൻറെ ഒരു ശേഷിപ്പിനെ ദൈവം രക്ഷിക്കും എന്ന വാഗ്ദാനം എന്നും നിലനിന്നിരുന്നു (യെശ 10:22; റൊമ 9:27). അങ്ങനെയുള്ള ഒരു ശേഷിപ്പ് ഒന്നാം നൂറ്റാണ്ടിലും നിലനിന്നിരുന്നു എന്ന് പൌലോസ് (റോമ 11:5). ഇവരെ പറ്റിയാണ് “എല്ലാ യിസ്രായേലും രക്ഷിക്കപ്പെടും” എന്ന് എഴുതപ്പെട്ടിരിക്കുന്നത്. (ബാക്കിയുള്ളവർ എല്ലാ യിസ്രായേല്യരും യിസ്രായേൽ അല്ല - റോമ 9:6 എന്ന ഗണത്തിൽ പെടുന്നവരാണ്.) ഈ യിസ്രായേലിൻറെ ശേഷിപ്പാണ് ഒന്നാം നൂറ്റാണ്ടിൽ ഞരങ്ങുകയും പ്രസവവേദനപ്പെടുകയും ചെയ്തുകൊണ്ടിരുന്നത്.]

സമാന്തരമായി രണ്ട് വിഭാഗങ്ങൾ തങ്ങളാണ് യഥാർത്ഥ ദൈവപുത്രന്മാർ എന്ന് അവകാശവാദം ഉന്നയിക്കുമ്പോൾ ഇതിൽ ആരാണ് യഥാർത്ഥ ദൈവപുത്രന്മാർ എന്നത് മനസ്സിലാവാതെ ആശയക്കുഴപ്പത്തിലാകുന്നവർക്ക് ഈ രണ്ട് വിഭാഗങ്ങളിൽ ഒന്നാണ് ദൈവത്തിന് സ്വീകാര്യർ എന്ന് എങ്ങനെ മനസ്സിലാകും? ഏതെങ്കിലും ഒരു വിഭാഗം പ്രത്യക്ഷമായും നിരാകരിക്കപ്പെടണം.
  • ആബേലിൻറെ ബലി സ്വീകരിക്കപ്പെട്ടു എന്ന് വ്യക്തമായത് കയീനിൻറെ ബലി തിരസ്കരിക്കപ്പെട്ടപ്പോൾ.
  • ഏലീയാവിൻറെ ബലി സ്വീകരിക്കപ്പെട്ടു എന്ന് വ്യക്തമായത് ബാലിൻറെ പ്രവാചകരുടെ ബലി തിരസ്കരിക്കപ്പെട്ടപ്പോൾ.
അതുപോലെ, ദൈവപുത്രർ, അബ്രഹാമിൻറെ സന്തതികൾ എന്ന് അവകാശപ്പെട്ടിരുന്ന യെഹൂദ്യർ തിരസ്കരിക്കപ്പെട്ടപ്പോൾ യഥാർത്ഥ ദൈവപുത്രരും, അബ്രഹാമിൻറെ സന്തതികളും ആരാണെന്നത് വ്യക്തമായി. ഇത് നടന്നത് കി.പി.70ൽ.

ഇപ്പോൾ ഒരു സൃഷ്ടിയും പ്രസവവേദനപ്പെടുന്നില്ല (പൂർണ്ണ ഗർഭിണികൾ ഒഴികെ). പ്രസവവേദന 2000 വർഷം നീണ്ടുനിൽക്കുവാൻ ദൈവം അനുവദിച്ചില്ല, ഒരു സിസേറിയൻ നടത്തി, (റോമ 9:28) ദൈവപുത്രന്മാർ ആരാണെന്നത് പ്രത്യക്ഷമായി.

ഇപ്പോൾ ഒരുത്തരും ഞരങ്ങുന്നില്ല, ദൈവരാജ്യം തങ്ങളുടെ ഉള്ളിലാണ് എന്ന സത്യം മനസ്സിലാക്കാതെ, (ലോകത്തെ വെറുക്കുവാൻ പറഞ്ഞതിൻറെ അർത്ഥം മനസ്സിലാക്കാതെ) ലോകത്തെ മുഴുവൻ വെറുക്കുന്നവരൊഴികെ.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

No comments:

Post a Comment