Thursday, February 9, 2017

“ശൂന്യമാക്കുന്ന മ്ലേച്ഛത”, ③ ഹീബ്രൂ കലണ്ടറും ജോസഫസും ഉയർത്തുന്ന പ്രശ്നങ്ങൾ.

ക്രിസ്തുവിൽ പ്രിയരെ,

ഇത് “ശൂന്യമാക്കുന്ന മ്ലേച്ഛത” എന്ന പരമ്പരയിലെ മൂന്നാമത്തെ ലേഖനമാണ്. ഒന്നും രണ്ടും ഭാഗങ്ങൾ വായിക്കാതെ ഈ ഭാഗം വായിച്ചിട്ട് പ്രയോജനമില്ല.

ശൂന്യമാക്കുന്ന മ്ലേച്ഛത സ്ഥാപിക്കപ്പെട്ട കാലം ഒന്നാം നൂറ്റാണ്ടിൽ ദേവാലയം തകർക്കപ്പെടുന്നതിന് മുമ്പായിരുന്നു എന്ന് സ്ഥാപിക്കുവാനാണ് എൻറെ ശ്രമം എന്ന് മനസ്സിലായിരിക്കുമല്ലോ?

3½ വർഷങ്ങൾ.


പ്രാചീന ഹീബ്രൂ ഭാഷയിൽ ഭിന്നസംഖ്യകൾ അവതരിപ്പിക്കുവാനുള്ള സംവിധാനം ഇല്ലാതിരുന്നത് അവിശ്വാസികൾക്ക് വേദപുസ്തകത്തെ അവഹേളിക്കുവാനുള്ള അവസരം നൽകി.
1രാജാ 7:26 അവൻ ഒരു കടൽ വാർത്തുണ്ടാക്കി; അത് വൃത്താകാരം ആയിരുന്നു; അതിന് വക്കോട് വക്ക് (വ്യാസം) 10 മുഴവും ഉയരം 5 മുഴവും ചുറ്റും (ചുറ്റളവ്‌) 30 മുഴം നൂൽ അളവും ഉണ്ടായിരുന്നു.
10 മുഴം വ്യാസമുള്ള വൃത്തത്തിന് πd (പൈ X വ്യാസം) എന്ന സമവാക്യമനുസരിച്ച് 31.41 മുഴം ചുറ്റളവ് വേണ്ടേ എന്നാണ് അവരുടെ ചോദ്യം. പൈ അറിയാത്ത നമ്മുടെ ആശാരിമാർ എങ്ങനെയാണ് വട്ടത്തിലുള്ള കിണറുകളും തൂണുകളും, കെട്ടിടങ്ങളും ഉണ്ടാക്കിയിരുന്നത് എന്നത് അവിശ്വാസികളുടെ വിഷയമല്ലല്ലോ?

വെളിപ്പാട് പുസ്തകത്തിൽ ഒരേ കാലയളവിനെ “ഒരു കാലവും ഇരു കാലവും അരക്കാലവും”, 42 മാസങ്ങൾ, 1260 ദിവസങ്ങൾ എന്നിങ്ങനെ വിവിധ രീതികളിൽ അവതരിപ്പിച്ചിട്ടുണ്ട് എന്നത് സത്യമായിരിക്കേ, ദാനീ 12:7ൽ “കാലവും കാലങ്ങളും കാലാർദ്ധവും” എന്ന് എഴുതിയിരിക്കുന്നത് കൃത്യം 3½ വർഷങ്ങൾ ആയിക്കൊള്ളണമെന്നില്ല. കാരണം: അര (അർദ്ധം) എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഹീബ്രൂ വാക്കിന് (സ്ട്രോങ്സ് നിഘണ്ടുവിൽ H2677) ഇടയിൽ, നടുവിൽ, അർദ്ധരാത്രി, ഭാഗം, അംശം എന്നൊക്കെ അർത്ഥമുണ്ട്. (യെശ 44:16, 19 വചനങ്ങൾ കാണുക.)

അതായത്, ദാനീ 12:7ൽ “കാലവും കാലങ്ങളും കാലാർദ്ധവും” എന്ന് എഴുതിയിരിക്കുന്നതിന് കാലം (വർഷം) + കാലങ്ങൾ (2 വർഷങ്ങൾ) + ഒരു വർഷത്തിൻറെ അംശം എന്ന് അർത്ഥമാകാം. 3½ വർഷങ്ങൾ എന്നത് ഒരു വർഷത്തിൽ 360 ദിവസങ്ങൾ ഉള്ള കലണ്ടറിൽ 1260 ദിവസങ്ങളാണ്. ദാനീ 12:11, 12 വചനങ്ങളിലെ 1290, 1335 ദിവസങ്ങൾ എന്നിവ യഥാക്രമം 3 വർഷം 7 മാസവും, 3 വർഷം 8½ മാസവുമാണ്. നമ്മളുടെ നാടൻ ഭാഷയിൽ പറഞ്ഞാൽ മൂന്നിൽ ചില്വാനം വർഷങ്ങൾ. കൃത്യം 3½ വർഷങ്ങൾ ആയിക്കൊള്ളണമെന്നില്ല എന്ന് അർത്ഥം.

ഹീബ്രൂ കലണ്ടറും ജോസഫസും ഉയർത്തുന്ന പ്രശ്നങ്ങൾ.


നാലാം നൂറ്റാണ്ടിന് മുമ്പ് ഉണ്ടായിരുന്ന ഹീബ്രൂ കലണ്ടർ ഒരുതരം തമാശയായിരുന്നു. 29, 30, 29, 30 എന്ന ക്രമത്തിൽ 12 മാസങ്ങളും 354 ദിവസങ്ങളും ഉള്ള ഹീബ്രൂ ചാന്ദ്ര വർഷം സൌര വർഷത്തേക്കാൾ 11 ദിവസം കുറവായിരുന്നതിനാൽ 3 വർഷം കൂടുമ്പോൾ 33 ദിവസത്തിൻറെ വ്യത്യാസം വരും. അപ്പോൾ പുരോഹിതന്മാർ ബാർലിയുടെ വിളവ് (ആബീബ് മാസത്തിൻറെ പേരിൻറെ അർത്ഥം ബാർലിയുടെ കതിര് എന്നാണ്), മരങ്ങളിലെ ഫലങ്ങൾ, ഉത്തര/ദക്ഷിണായനങ്ങൾ എന്നിവ പരിശോധിച്ച് പന്ത്രണ്ടാം മാസമായ ആദാർ മാസത്തെ ആദാർ 2 എന്ന് ആക്കിയിട്ട് അതിന് മുമ്പ് ആദാർ എന്നൊരു മാസം ചേർക്കും. എന്നിട്ടും ബാക്കിയുള്ള 3 ദിവസങ്ങളിൽ 2 എണ്ണം ഓരോ മാസത്തിന് ചാർത്തിക്കൊടുക്കും. (ബാക്കിയുള്ള ഒരു ദിവസം എന്തെടുക്കുമോ, ആവോ?!) യുദ്ധങ്ങളോ, ആഭ്യന്തര പ്രശ്നങ്ങളോ ഉള്ള വർഷങ്ങളിൽ ഇതൊന്നും നടത്തില്ല. (ആർക്കെങ്കിലും സ്വന്തം വയസ്സ് കൃത്യമായി അറിയണമെങ്കിൽ ഒരു പാട്ടയിൽ ദിവസേന ഒരോ ചക്കക്കുരു ഇട്ടുവെച്ചിട്ട് എണ്ണിനോക്കണമായിരുന്നു എന്ന് സാരം.)

[354 ദിവസങ്ങളുള്ള ചാന്ദ്രമാസങ്ങളുള്ള കലണ്ടറുകൾ ഉപയോഗിക്കുമ്പോൾ 19 വർഷങ്ങളുടെ ഒരു ആവൃത്തിയിൽ (cycle) 7 തവണ അധികമാസങ്ങൾ ഉണ്ടാകും എന്ന് പൊതുവിജ്ഞാനത്തിനായി പറഞ്ഞുവെക്കുന്നു.]

ഫ്ലേവിയസ് ജോസഫസ് ഉൽപത്തി മുതൽ യെഹൂദരുടെ നാശം വരെയുള്ള കാര്യങ്ങൾ വളരെ വിശദമായി എഴുതിയിരുന്നു. അദ്ദേഹത്തിൻറെ സമ്പൂർണ കൃതികൾ വേദപുസ്തകത്തിൻറെ ഇരട്ടിയിൽ അധികം വലിപ്പം വരും. വേദപുസ്തകത്തിലുള്ള പല കാര്യങ്ങളുടെയും വിശദാംശങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. ഒന്നാം നൂറ്റാണ്ടിലെ ഏറ്റവും വിശ്വാസയോഗ്യരായ ചരിത്രകാരന്മാരിൽ ഒരാളാണ് അദ്ദേഹം.

പക്ഷേ, ചരിത്രകാരന് വേണ്ട ഏറ്റവും പ്രധാപ്പെട്ട കാര്യം തിയ്യതികളാണെന്ന് ജോസഫസ് മറന്നുപോയിരിക്കാം. അദ്ദേഹത്തിൻറെ കൃതികളിൽ തിയ്യതികളെ പറ്റിയുള്ള പരാമർശം കുറവാണ്. ഇനി അഥവാ എവിടെയെങ്കിലും തിയ്യതികൾ നൽകപ്പെട്ടിട്ടുണ്ടെങ്കിലും അവ മുകളിൽ വിവരിച്ചത് പോലെയുള്ള തിയ്യതികൾ ആയിരിക്കും.

എൻറെ അമ്മ ജനിച്ചത് 1934 ഏപ്രിൽ 30ന് ആയിരുന്നു. ഇത് മലയാളം കലണ്ടറിൽ 1109 മേടം 17. ഈ തിയ്യതിയെ പറ്റി ഞാൻ നിങ്ങളോട് 1934 മേടം 17 എന്നോ, 1109 ഏപ്രിൽ 30 എന്നോ പറഞ്ഞാൽ എങ്ങനിരിക്കും? ജോസഫസ് പലേടത്തും ഗ്രീക്ക്, റോമൻ, ഹീബ്രൂ തിയ്യതികൾ ഇത്തരത്തിൽ കൂട്ടിക്കുഴച്ചിട്ടുണ്ടെന്ന് പണ്ഡിതന്മാർ കരുതുന്നു.

ഇങ്ങനെയുള്ള വിവിധ കാരണങ്ങളാൽ അന്തിയോക്കസ് എപ്പിഫാനസിൻറെ കാലത്തെ സംഭവങ്ങളെ നമ്മൾ കണക്കുകൂട്ടിയ അത്രയും ലളിതമായി ഒന്നാം നൂറ്റാണ്ടിൽ നടന്ന സംഭവങ്ങളുടെ ഇടയിലുള്ള കാലം കണക്കുകൂട്ടുവാൻ കഴിയില്ല.

സംഭവബഹുലമായ കാലം.


വേദപുസ്തകം ശ്രദ്ധാപൂർവം പഠിച്ചിട്ടുള്ളവർക്ക്‍ ഏതാനും ദിവസങ്ങൾ ചെലവഴിച്ചാൽ ആദാം മുതൽ യേശു വരെ ഉള്ളവരുടെ വംശവൃക്ഷം (family tree) ഉണ്ടാക്കിയെടുക്കാം. അതേ സമയം മഹാഭാരതത്തിൽ വളരെയധികം കഥാപാത്രങ്ങളും സങ്കീർണമായ ബന്ധങ്ങളും ഉള്ളതുകൊണ്ട് അത്തരം ഒരു ഉദ്യമം പ്രായേണ ശ്രമകരമാണ്. ലോകത്തിൽ ആദ്യമായി മഹാഭാരതത്തിൻറെ വംശവൃക്ഷം തയ്യാറാക്കിയത് ശ്രീ വെട്ടം മാണിയാണ്. അതിനായി അദ്ദേഹം 10-12 വർഷങ്ങൾ ചെലവഴിക്കേണ്ടിവന്നു.

മഹാഭാരതത്തിലെ അത്രയും കഥാപാത്രങ്ങൾ 7-8 വർഷക്കാലത്തിനുള്ളിൽ ചേരിതിരിഞ്ഞ് ഉപജാപങ്ങളും, ഗൂഡാലോചനകളും, വഴക്കുകളും, യുദ്ധങ്ങളും നടത്തുകയും, ശത്രുക്കളെ സൃഷ്ടിക്കുകയും, സംഹരിക്കുകയും, സംഹരിക്കപ്പെടുകയും, പ്രകൃതിക്ഷോഭങ്ങൾക്കും ദൈവകോപത്തിനും വിധേയരാകുകയും ചെയ്താൽ എങ്ങനെയുണ്ടാകും? ഏകദേശം അതുപോലെയായിരുന്നു ക്രി.പി 66 മുതൽ 70 വരെയുള്ള കാലഘട്ടത്തിൽ യെരൂശലേമിലും യെഹൂദയിലും നടന്നിരുന്ന സംഭവങ്ങൾ.

രണ്ട് തവണ ബലികൾ നിറുത്തിവെക്കപ്പെട്ടു, പലരും പലതരത്തിലുള്ള വിഗ്രഹങ്ങളും ചിഹ്നങ്ങളും സ്ഥാപിച്ചു, പലതരത്തിലുള്ള മ്ലേച്ഛതകൾ പ്രവർത്തിച്ചു.

യെഹൂദർക്കും റോമർക്കും ഇടയിൽ ഉണ്ടായ ഒന്നാം യുദ്ധം ഏകദേശം 7 വർഷങ്ങളോളം നീണ്ടുനിന്നു - ക്രി.പി. 66 മുതൽ 73-74 വരെ. യുദ്ധത്തിൻറെ പ്രധാന ഭാഗം നടന്നത് യെരൂശലേം നശിപ്പിക്കപ്പെട്ട ക്രി. പി. 70ന് മുമ്പുള്ള നാലിൽ താഴെ (മൂന്നിൽ ചില്വാനം) വർഷങ്ങളിലാണ്. ആ കാലഘട്ടത്തിൽ നടന്ന ചില സുപ്രധാന സംഭവങ്ങളാണ് അടുത്ത ലേഖനത്തിൽ അവതരിപ്പിക്കുന്നത്.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

No comments:

Post a Comment