Tuesday, February 28, 2017

“ശൂന്യമാക്കുന്ന മ്ലേച്ഛത” - ④ - 1290 ദിവസങ്ങൾ, 1335 ദിവസങ്ങൾ

ക്രിസ്തുവിൽ പ്രിയരെ,

ഇത് “ശൂന്യമാക്കുന്ന മ്ലേച്ഛത” എന്ന പരമ്പരയിലെ നാലാമത്തെ ലേഖനമാണ്. ഒന്നും, രണ്ടും, മൂന്നും ഭാഗങ്ങൾ വായിക്കാതെ ഇത് വായിച്ചിട്ട് പ്രയോജനമില്ല.

ഈ ലേഖനം എഴുതുവാൻ മൂന്ന് ആഴ്ച വേണ്ടിവന്നു. എൻറെയും മൃതപ്രായനായ എൻറെ കംപ്യൂട്ടറിൻറെയും ക്ഷയോന്മുഖമായ ആരോഗ്യം മാത്രമല്ല ഈ താമസത്തിന് കാരണം. ഈ ലേഖനം കഴിയുന്നത്ര വസ്തുനിഷ്ഠവും മറ്റാരുടെയെങ്കിലും സ്വാധീനമില്ലാത്തതും ആയിരിക്കണം എന്ന പ്രാർത്ഥനാപൂർവകമായ ആഗ്രഹവും പ്രയത്നവുമാണ് ഈ താമസത്തിന് കാരണം. വളരെയധികം വെട്ടലുകളും തിരുത്തലുകളും നടത്തിയിട്ടും ഈ ലേഖനത്തിൻറെ ദൈർഘ്യം കുറയ്ക്കുവാൻ കഴിയാത്തതിൽ ഖേദിക്കുന്നു.

ഈ ഭാഗം വായിക്കുമ്പോൾ വ്യക്തമായി ഓർമ്മിക്കേണ്ട സംഗതികൾ:
  • ഈ ലേഖനത്തിൻറെ നിഗമനങ്ങൾ അവസാന വാക്കല്ല.
  • മുമ്പ് പറഞ്ഞിട്ടുള്ളത് പോലെ, ഹീബ്രൂ കലണ്ടറിൻറെ അവ്യക്തതയും ജോസഫസിൻറെ രേഖകളിൽ തിയ്യതികൾ വ്യക്തമായി രേഖപ്പെടുത്താത്തതും വ്യക്തമായ നിഗമനങ്ങളിൽ എത്തുന്നതിന് തടസ്സമാണ്.

മത്താ 24:15ൽ യേശു പരാമർശിച്ചത് ദാനീ 12:11 ആണെന്ന് നാം മുൻ ലേഖനങ്ങളിൽ കണ്ടു.
മത്താ 24:15 എന്നാൽ ദാനീയേൽ പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തത് പോലെ ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധസ്ഥലത്തിൽ നിൽക്കുന്നത് നിങ്ങൾ കാണുമ്പോൾ” - വായിക്കുന്നവൻ ചിന്തിച്ചു കൊള്ളട്ടെ -
Mat 24:15 When ye therefore shall see the abomination of desolation[G2050], spoken of by Daniel the prophet, stand in the holy place, (whoso readeth, let him understand:)

ശ്രദ്ധിക്കപ്പെടാതെ പോയ “വരെ”.

ദാനീയേൽ 1211-12ൽ വിവരിക്കപ്പെട്ടിട്ടുള്ള സംഭവങ്ങൾ നിറവേറിത്തീരേക്കേണ്ടത് വിശുദ്ധ ജനത്തിൻറെ ബലം തകർത്തുകളയപ്പെടുന്ന കാലത്താണ്. (ദാനീ 12:7, തകർത്തുകളഞ്ഞ ശേഷമാണ് എന്ന് മലയാളം വേദപുസ്തകം. ഈ ലേഖനപരമ്പര പല പരിഭാഷകൾ താരതമ്യം ചെയ്തുനോക്കിയ ശേഷമാണ് തയ്യാറാക്കിയിട്ടുള്ളത്.)

ശൂന്യമാക്കുന്ന മ്ലേച്ഛത എന്താണെന്ന് കണ്ടുപിടിക്കുവാനുള്ള വ്യഗ്രതയിൽ ഭവിതവാദികളും ഭവിഷ്യവാദികളും ഒരുപോലെ ശ്രദ്ധിക്കാതെ പോയ ഒരു കാര്യമാണ് ദാനീ 12:11ൽ “വരെ” എന്ന വാക്കില്ല എന്നത്.
ദാനീ 12:11 നിരന്തര ഹോമയാഗം നിറുത്തലാക്കുകയും ശൂന്യമാക്കുന്ന മ്ലേച്ഛബിംബത്തെ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന കാലം മുതൽ[H4480] 1290 ദിവസം ചെല്ലും.
Dan 12:11 [KJV] And from[H4480] the time that the daily[H8548] sacrifice shall be taken away, and the abomination that maketh desolate[G2050] set up, there shall be a thousand two hundred and ninety days.
Dan 12:11 [YLT] and from the time of the turning aside of the perpetual sacrifice , and [to] the giving out of the desolating abomination, are days a thousand, two hundred, and ninety.
ദാനീ 12:11 1335 ദിവസത്തോളം കാത്തു ജീവിച്ചിരിക്കുന്നവൻ ഭാഗ്യവാൻ.
ഇവിടെ രണ്ട് സംഭവങ്ങൾ പരാമർശിക്കപ്പെട്ടിട്ടുണ്ട്:
  1. ഹോമയാഗങ്ങൾ നിറുത്തലാക്കുന്നതും
  2. മ്ലേച്ഛത സ്ഥാപിക്കപ്പെടുന്നതും.
ഇവയെ ബന്ധിപ്പിക്കുവാൻ ദാനീ 12:11ൻറെ ഗ്രീക്ക്, ഹീബ്രൂ പാഠങ്ങളിൽ “മുതൽ” (from, H4480) എന്നതിന് തത്തുല്യമായ വാക്ക് ഉണ്ട്, പക്ഷേ, “വരെ” (to) എന്നതിന് തത്തുല്യമായ വാക്ക് ഇല്ലാതിരിക്കുന്നത് യാദൃച്ഛികമായി സംഭവിച്ചതാവാൻ തരമില്ല. ഒരുപക്ഷേ, ദാനീയേലിനെ പ്രവചനം എഴുതുവാൻ പ്രചോദിപ്പിച്ച പരിശുദ്ധാത്മാവ്, പ്രവചിതമായ കാലത്തെ കലുഷിതമായ സംഭവങ്ങൾ മുന്നിൽ കണ്ടതിനാലാകാം ഇങ്ങനെ സംഭവിച്ചത്.

ദാനീയേൽ ഇത്തരം വിശദാംശങ്ങളിൽ ശ്രദ്ധാലുവാണ്. ഉദാഹരണമായി:
ദാനീ 9:25... “യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിയുവാൻ കൽപന പുറപ്പെടുന്നത് മുതൽ അഭിഷിക്തനായ ഒരു പ്രഭു വരെ...”
Dan 9:25 ...from<H4480> the going forth of the commandment to restore and to build Jerusalem unto<H5704> the Messiah...
എന്ന് എഴുതിയിരിക്കുന്നതിൽ “മുതൽ”, “വരെ” എന്നീ വാക്കുകൾ കൃത്യമായി ഉപയോഗിക്കപ്പെട്ടിട്ടുള്ളത് ശ്രദ്ധിക്കുക.

മുകളിൽ സൂചിപ്പിച്ച അഭാവം പരിഗണിക്കാതെയാണ് പലരും ഈ വേദഭാഗത്തിൽ നിന്നും 1290 ദിവസങ്ങളുടെയും 1335 ദിവസങ്ങളുടെയും കൃത്യമായ അവസാനം കണ്ടെത്തുവാൻ ശ്രമിക്കുന്നതും, മറ്റൊരാളുടെ കണ്ടുപിടുത്തത്തേക്കാൾ എൻറെ കണ്ടുപിടുത്തമാണ് എന്ന് മേനി നടിക്കുന്നതും.

“നിരന്തര ഹോമയാഗം”


ഈയിടെ പാസ്റ്റർ സജിത് ജോസഫും, പാസ്റ്റർ അഭിലാഷ് രാജും തമ്മിൽ നടന്ന ചർച്ചയിൽ പാസ്റ്റർ അഭിലാഷ് രാജ് ഈ വചനത്തിൽ നിരന്തര ഹോമയാഗത്തെ പറ്റിയല്ല പരാമർശിച്ചിരിക്കുന്നത് എന്ന് വാദിച്ചു. അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ നിരന്തരമായ എന്തോ ഒന്ന് നിറുത്തപ്പെടും എന്നാണ് ഈ വചനം വിവക്ഷിക്കുന്നത്. അദ്ദേഹം ഇങ്ങനെ പറയുവാൻ കാരണം: ഹോമയാഗം എന്നതിന് തത്തുല്യമായ ഹീബ്രൂ പദം ഈ വചനത്തിൽ ഉപയോഗിച്ചിട്ടില്ല എന്നതാണ്. [ഹോമയാഗം എന്ന പദം പരിഭാഷകർ ചേർത്തതാണ്] ആ വാദം ശരിയാണെങ്കിൽ ദാനീയേലിൻറെ പ്രവചനത്തിൽ ഒരിടത്തും അത്തരത്തിൽ ഒരു പദം ഉപയോഗിച്ചിട്ടില്ല [ദാനീ 8:11, 12, 13, 9:27, 11:31, 12:11,], എന്നിട്ടും അന്തിയോക്കസ് എപ്പിഫാനസിൻറെ കാലത്ത് ഹോമയാഗങ്ങൾ നിറുത്തപ്പെട്ടില്ലേ?

ശൂന്യമാക്കുന്ന മ്ലേച്ഛത റോമൻ സൈന്യമല്ല.


ദാനീയേൽ 12:11 വ്യാഖ്യാനം ചെയ്യുന്നതിലെ ഏറ്റവും വലിയ വെല്ലുവിളി നമ്മുടെ മുൻവിധികളാണ്. ശൂന്യമാക്കുന്ന മ്ലേച്ഛതയെ പറ്റി പരാമർശിച്ചിരിക്കുന്ന മത്താ 24:15; മർക്കോ 13:14 എന്നീ വചനങ്ങൾക്ക് സമാന്തരമായ ലൂക്കോ 21:20 ഇങ്ങനെയാണ്:
ലൂക്കോ 21:20 സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നത് കാണുമ്പോൾ അതിൻറെ നാശം അടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുവിൻ.
Luk 21:20 And when ye shall see Jerusalem compassed with armies, then know that the desolation [G2050] thereof is nigh.
മത്താ 24:15; മർക്കോ 13:14 എന്നീ വചനങ്ങളിൽ “ശൂന്യമാക്കുന്ന” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന അതേ ഗ്രീക്ക് പദം (സ്ട്രോങ്സ് നിഘണ്ടുവിൽ G2050) തന്നെയാണ് ലൂക്കോ 21:20ൽ “നാശം” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഈ പദം പുതിയനിയമത്തിൽ വേറെ എവിടെയും ഉപയോഗിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഈ മൂന്ന് വചനങ്ങളും ഒരേ സംഭവത്തെയാണ് സൂചിപ്പിക്കുന്നത്. (ഗ്രീക്ക് സെപ്റ്റ്വജിൻറിൽ ദാനീ 9:27; 12:11 എന്നീ വചനങ്ങളിലും “ശൂന്യമാക്കുന്ന” എന്നതിന് ഇതേ വാക്ക് ഉപയോഗിച്ചിരിക്കുന്നത് നമ്മുടെ നിഗമനം ശരിയാണെന്ന് ഉറപ്പുതരുന്നു.)

ഈ ഒരു സമാന്തരത്വം നിമിത്തം ശുന്യമാക്കുന്ന മ്ലേച്ഛത റോമൻ സൈന്യമായിരുന്നു എന്ന് പഠിപ്പിക്കുന്നവരുണ്ട്. (ഞാനും അങ്ങനെ ധരിച്ചിരുന്നു.) ജാതികളായ റോമർ യെഹൂദരുടെ വീക്ഷണത്തിൽ മ്ലേച്ഛരായിരുന്നു എന്നതാണ് നിഗമനം. റോമൻ സൈനികർ അത്തരത്തിൽ മ്ലേച്ഛരായിരുന്നെങ്കിൽ അവരിൽ ഒരു ശതാധിപൻ നിർമ്മിച്ച പള്ളി (സിനഗോഗ്, ലൂക്കോ 7:5) എങ്ങനെ യെഹൂദർക്ക് സ്വീകാര്യമാകും? എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടിവരും.

മത്താ 24:15ലും മർക്കോ 13:14ലും ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധസ്ഥലത്തിൽ നിൽക്കുന്നതിനെ പറ്റി സംസാരിക്കുമ്പോൾ ലൂക്കോ 21:20 സൈന്യം യെരൂശലേമിനെ വളഞ്ഞിരിക്കുന്നതിനെ പറ്റിയാണ് സംസാരിക്കുന്നത് എന്നത് ശ്രദ്ധിക്കുക - അതായത്, സൈന്യം ഇനിയും വിശുദ്ധസ്ഥലത്തിൽ എത്തിയിട്ടില്ല, അതുകൊണ്ടുതന്നെ, റോമൻ സൈന്യമായിരുന്നില്ല ശൂന്യമാക്കുന്ന മ്ലേച്ഛത.

ശൂന്യമാക്കുന്ന മ്ലേച്ഛതയെ പറ്റിയുള്ള ദാനീയേലിൻറെ പ്രവചനങ്ങളിൽ വ്യക്തമായ ഒരു ക്രമമുണ്ട് (ദാനീ 11:31; 12:10):
  • ഹോമങ്ങളും ബലികളും നിറുത്തലാക്കപ്പെടും
  • ശൂന്യമാക്കുന്ന മ്ലേച്ഛത സ്ഥാപിക്കപ്പെടും.
റോമൻ സൈന്യമാണ് ശൂന്യമാക്കുന്ന മ്ലേച്ഛതയെന്ന് അവകാശപ്പെടുന്നവർ ഈ ക്രമം തെറ്റിക്കുന്നുണ്ട്. സെസ്റ്റ്യസ് ഗാലസ് എന്ന റോമൻ സൈന്യാധിപൻറെ കീഴിൽ റോമൻ സൈന്യം ക്രി.പി.66ൽ യെരൂശലേമിനെ വലയംചെയ്തതാണ് ശൂന്യമാക്കുന്ന മ്ലേച്ഛത എന്ന് അവകാശപ്പെടുന്നവരുണ്ട്. ഈ സംഭവത്തിന് വേദപുസ്തകത്തിലെ പല പ്രവചനങ്ങളുമായും ബന്ധമുണ്ടെങ്കിലും, വെറും 9 ദിവസം മാത്രം നീണ്ടുനിന്ന ഈ ആക്രമണത്തിന് യെരൂശലേമിനെ പിടിക്കുവാൻ കഴിഞ്ഞില്ല. “അവ്യക്തമായ” (for reasons which remain obscure - Wikipedia) കാരണങ്ങളാൽ സെസ്റ്റ്യസ് ഗാലസ് പിൻവാങ്ങി. റോമൻ സൈന്യം നടത്തിയ ഈ ചെറിയ ആക്രമണത്തെ ശൂന്യമാക്കുന്ന മ്ലേച്ഛതയായി കണക്കാക്കുവാൻ കഴിയില്ല. (സെസ്റ്റ്യസ് ഗാലസ് ഏതാനും ദിവസത്തെ ആക്രമണത്തിന് ശേഷം തിരിച്ചുപോയത് മത്താ 24:22ൽ “ആ നാളുകൾ ചുരുങ്ങാതിരുന്നാൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല” എന്നതുമായി കൂട്ടിവായിക്കാം എന്ന് കരുതുന്ന പണ്ഡിതന്മാരുണ്ട്. )

ഹോമയാഗങ്ങൾ നിറുത്തപ്പെട്ടത് ക്രി.പി.66 ജൂലൈയിൽ.



ഒന്നാം നൂറ്റാണ്ടിൽ ഹോമയാഗങ്ങൾ അവസാനിച്ചതിനെ പറ്റി പഠിക്കുമ്പോൾ മിക്കവാറും പേർ അവഗണിക്കുന്ന കാര്യം യെഹൂദരുടെ ആചാരങ്ങളുടെ ഭാഗമായി അർപ്പിക്കപ്പെട്ടിരുന്ന ഹോമയാഗങ്ങൾക്ക് പുറമേ, ഭരണാധികാരികൾക്കും രാജാക്കന്മാർക്കും വേണ്ടി ഹോമയാഗങ്ങൾ അർപ്പിക്കപ്പെട്ടിരുന്നു എന്നതാണ്. (ലേവ്യ 9:23; 2ശമു 6:18; 1ദിന 16:2, 3). റോമൻ രാജാക്കന്മാരുടെ ഭരണകാലത്ത് ഈ ആചാരം പ്രബലമായിരുന്നു എന്നുവേണം കരുതുവാൻ.

ക്രി.പി.66ൽ ദേവാലയത്തിൻറെ അപ്പോഴത്തെ ഭരണാധികാരിയായിരുന്ന അനന്യാസിൻറെ മകൻ എലെയാസർ അന്യജാതികൾക്ക് (റോമൻ രാജാക്കന്മാർ അടക്കം) വേണ്ടിയുള്ള ഹോമയാഗങ്ങൾ നിറുത്തിവെക്കുവാൻ ദേവാലയത്തിലെ വിചരിപ്പുകാരെ നിർബന്ധിച്ചു. ഈ സംഭവം ഹീബ്രൂ കലണ്ടറിലെ അവ് (Av, ജൂലൈ-ആഗസ്‌ത്‌) മാസത്തിലാണ് നടന്നത്. (ജോസഫസ്, യെഹൂദരുടെ യുദ്ധങ്ങൾ: പുസതകം 2, അദ്ധ്യായം 17, ഭാഗം 2 - 7). ഇത് നടന്നത് സൈലോഫോറി (Xylophory - Tu B'Av) എന്ന പെരുന്നാളിന് മുമ്പാണെന്ന് ജോസഫസ് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. നെഹ 13:31ൽ പരാമർശിച്ചിരിക്കുന്ന വിറക് വഴിപാടിൻറെ പെരുന്നാളാണിത്. (ഇപ്പോൾ ദേവാലയം ഇല്ലാത്തതിനാൽ യെഹൂദർ ഈ ദിവസം വലൻറൈൻസ് ഡേ പോലെ കമിതാക്കളുടെ ദിനമായി ആചരിക്കുന്നു.) ഈ പെരുന്നാൾ അവ് മാസം 15നാണ്. ചാന്ദ്രമാസം ഗ്രിഗോറിയൻ മാസത്തിൻറെ നടുവിലാണ് തുടങ്ങാറുള്ളത് എന്നതിനാൽ അവ് പതിനഞ്ചിന് ആചരിക്കുന്ന സൈലോഫോറി ജൂലൈ അവസാനത്തിൽ ആയിരിക്കും. യെഹൂദരുടെ കാര്യത്തിലുള്ള ദൈവത്തിൻറെ ഇടപെടലുകൾ പലതും അവ് മാസം 7, 9, 10 (ഏകദേശം ജൂലൈ 22, 24, 25) തിയ്യതികളിലാണ് നടന്നിട്ടുള്ളത് എന്നതിനാൽ ഹോമയാഗങ്ങൾ നിറുത്തപ്പെട്ടതും ഈ തിയ്യതികളിൽ ആയിരിക്കണം.

ശൂന്യമാക്കുന്ന മ്ലേച്ഛത സ്ഥാപിക്കപ്പെടുവാൻ 1290 ദിവസങ്ങൾ.


ക്രി.പി 66 ജൂലൈ മാസത്തിൻറെ ഒടുവിൽ  ഹോമയാഗങ്ങൾ നിറുത്തപ്പെട്ടതിനാൽ ആ മാസത്തിൻറെ ഒടുവിലെ ദിവസങ്ങൾ കണക്കാക്കാതെ, ആഗസ്ത് മാസത്തിൽ നിന്നും 1290 ദിവസങ്ങൾ (43 മാസങ്ങൾ) കണക്കാക്കിയാൽ ക്രി.പി.70ലെ ഫെബ്രുവരി കഴിഞ്ഞ് മാർച്ചിൻറെ ആരംഭത്തിൽ എത്തും. ക്രി.പി 70ലെ പെസഹയ്ക്ക് (ഏപ്രിൽ 14, എന്ന് പണ്ഡിതമതം) ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ടൈറ്റസ് സീസർ യെരൂശലേമിന് ഉപരോധം ഏർപ്പെടുത്തിയത്. ഈ തിയതിയിൽ നിന്നും 45 ദിവസം (1335 - 1290) കുറച്ചാലും മാർച്ചിൻറെ ആരംഭത്തിൽ എത്തും. (1335 ദിവസങ്ങളെ പറ്റി ചുവടെ എഴുതിയിട്ടുണ്ട്.)

ഈ കാലഘട്ടത്തിൽ നിരവധി മ്ലേച്ഛതകൾ നടന്നിരുന്നു. അവയിൽ ഏറ്റവും മ്ലേച്ഛമായത് എന്ന് ജോസഫസ് രേഖപ്പെടുത്തിയിരിക്കുന്ന ഒരു സംഭവം മാത്രം ഇവിടെ എഴുതുന്നു.

യെഹൂദരും റോമരും തമ്മിലുള്ള യുദ്ധം നടക്കുമ്പോൾ യുദ്ധം ചെയ്യുന്ന യെഹൂദരുടെ ഇടയിൽ മൂന്ന് സംഘങ്ങൾ ഉണ്ടായിരുന്നു: (“മഹാനഗരം 3 അംശമായി പിരിഞ്ഞു” എന്ന് വെളി 16:19.)
  • ശിമയോൻറെ മകൻ എലെയാസറുടെ കീഴിൽ സീലട്ടുകൾ.
  • ഗിസ്കാലയിൽ നിന്നുമുള്ള യോഹന്നാനും (John of Gischala - ഇവനാണ് പുതിയനിയമത്തിലെ പ്രധാന വില്ലന്മാരിൽ ഒരാൾ) അയാളുടെ സംഘവും.
  • ശിമെയോൻ ബാർ ഗ്ലോറയും അയാളുടെ വലിയ സംഘവും.
ഇവർ പരസ്പരം കൊന്നൊടുക്കുകയും, നിരപരാധികളായ ജനങ്ങളെ ഉപദ്രവിക്കുകയും ചെയ്തുകൊണ്ടിരുന്നു. യെരൂശലേം നഗരത്തിന് വെളിയിൽ ഉണ്ടായിരുന്ന ടൈറ്റസ് സീസറും വെസ്പാസിയനും ഈ സംഘങ്ങൾ തമ്മിൽത്തല്ലി ചാകുവാൻ വേണ്ടി കാത്തുനിന്നു.

ഈ കാലത്തിൽ യോഹന്നാൻ ഗിസ്കാല ബലിപീഠത്തിൽ ബലിയർപ്പിച്ചുകൊണ്ടിരുന്ന പുരോഹിതന്മാരെ വേട്ടയാടിപ്പിടിക്കുവാൻ ഏദോമ്യരെ (ഹെരോദ്യരെ) പ്രേരിപ്പിച്ചു. (ജോസഫസ്, യെഹൂദരുടെ യുദ്ധങ്ങൾ 4:5:1, 2).

ഗിസ്കാലയാൽ പ്രേരിതരായ ഏദോമ്യർ ദേവാലയത്തിൻറെ പ്രാകാരത്തെ യെഹൂദരുടെ രക്തംകൊണ്ട് നിറച്ചു. ജനസമ്മതനും ജനക്ഷേമതൽപരനും, സമാധാനകാംഷിയും ആയിരുന്ന പുരോഹിതനായ അനന്യാസിനെയും യേശു എന്ന പേരുള്ള ഒരാളെയും കൊന്ന്, യെഹൂദരുടെ പാരമ്പര്യത്തിന് വിരുദ്ധമായി അവരുടെ ശവശരീരങ്ങൾ മറവുചെയ്യാതെ പൊതുസ്ഥലത്ത് അവശേഷിപ്പിച്ചു. (വെളിപ്പാട് 11ലെ രണ്ട് സാക്ഷികൾ?!)

നല്ലവരും ഹീനരുമായ എല്ലാത്തരം മനുഷ്യരുടെയും രക്തം പവിത്രമായ ബലിപീഠത്തിൽ വീഴ്ത്തി. (ജോസഫസ്, യെഹൂദരുടെ യുദ്ധങ്ങൾ 5:1:3) അന്തിയോക്കസ് എപ്പിഫാനസിൻറെ കാലത്ത് പന്നിയുടെ രക്തമാണ് ബലിപീഠത്തിൽ ചൊരിയപ്പെട്ടതെങ്കിൽ ഇക്കുറി അത് മനുഷ്യരക്തമാണ്.

ഈ സംഭവത്തെ പറ്റി വിവരിക്കുന്നിടത്ത് ജോസഫസ് യെരൂശലേമിനെ പറ്റി ഇങ്ങനെ പറയുന്നു: “ഇനിമുതൽ നീ ദൈവത്തിൻറെ സ്ഥലമായിരിക്കുവാൻ യോഗ്യയല്ല; സ്വന്തം ജനങ്ങളുടെ കല്ലറയായിത്തീർന്ന നിനക്ക് നിലനിൽക്കുവാൻ അർഹതയില്ല; നിന്നിലെ ആഭ്യന്തര യുദ്ധം, ഏറ്റവും പവിത്രമായ ആലയത്തെ ശ്മശാനമാക്കി മാറ്റിയിരിക്കുന്നു.” (ജോസഫസ്, യെഹൂദരുടെ യുദ്ധങ്ങൾ 5:1:3)

മനസ്സ് മരവിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമായ പല സംഭവങ്ങളും ആ കാലഘട്ടത്തിൽ നടന്നിട്ടുണ്ട്. അവയിൽ ഒന്നുപോലും അന്തിയോക്കസ് എപ്പിഫാനസിൻറെ പ്രവൃത്തിയേക്കാൾ നിന്ദ്യവും ഹീനവും മ്ലേച്ഛവുമായ ഈ പ്രവൃത്തിക്ക് തുല്യമല്ല.

1335 ദിനങ്ങൾ.

ദാനീ 12:11 1335 ദിവസത്തോളം കാത്തു ജീവിച്ചിരിക്കുന്നവൻ ഭാഗ്യവാൻ.
യെഹൂദയിൽ ആഭ്യന്തര കലഹങ്ങളും ചേരിപ്പോരും, ക്ഷാമങ്ങളും, ഭൂകമ്പങ്ങളും; യെരൂശലേമിനുള്ളിൽ കൊള്ളയും കൊലയും കൊള്ളിവെപ്പും, വെളിയിൽ ഉപരോധവുമായി ടൈറ്റസിൻറെ കീഴിൽ റോമൻ സൈന്യം. ഇതിനിടയിലാണ് “ഭാഗ്യവാൻ” പ്രത്യാശയോടെ കാത്തിരിക്കേണ്ടത്! എന്ത് പ്രത്യാശിക്കണം, എന്നല്ലേ? പ്രത്യാശിക്കുവാൻ വളരെയുണ്ട്.

യെരൂശലേമിനെ സൈന്യം വളയുന്നതിനെയും ഉപദ്രവത്തെയും പറ്റി പറഞ്ഞ ശേഷം യേശു പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കുക:
ലൂക്കോ 21:27 അപ്പോൾ മനുഷ്യപുത്രൻ ശക്തിയോടും മഹാതേജസ്സോടും കൂടെ മേഘത്തിൽ വരുന്നത് അവർ കാണും.
ലൂക്കോ 21:28 ഇത് (ഇവയെല്ലാം) സംഭവിച്ച് തുടങ്ങുമ്പോൾ നിങ്ങളുടെ വീണ്ടെടുപ്പ് അടുത്തുവരുന്നതിനാൽ നിവർന്ന് തല പൊക്കുവിൻ
Luk 21:28 And when these things begin to come to pass, then look up, and lift up your heads; for your redemption draweth nigh
അതായത്, ഈ പറയപ്പെട്ട ഉപദ്രവങ്ങളും കലഹങ്ങളും സൈന്യവും, യെരൂശലേമിൻറെയും ദേവാലയത്തിൻറെയും നാശവുമെല്ലാം മനുഷ്യപുത്രൻറെ വരവിൻറെ പ്രത്യക്ഷതയാണ് . ഇവ കാണുമ്പോൾ യെരൂശലേമിലുള്ള വിശ്വാസികൾ അവരുടെ വീണ്ടെടുപ്പ് അടുത്തുവരുന്നു എന്ന് മനസ്സിലാക്കണം. അതാണ് അവരുടെ പ്രത്യാശ. അതിനായാണ് അവർ കാത്തിരിക്കേണ്ടത്. (യെരൂശലേം സൈന്യത്താൽ ചുറ്റപ്പെട്ടിരിക്കുന്നത് ഇന്ത്യയിലോ, ആഫ്രിക്കയിലോ ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നവർ കാണുവാനോ അറിയുവാനോ വഴിയില്ലല്ലോ? അതായത്, ഇത് യെരൂശലേമിലും യെഹൂദയിലും മാത്രം ഉണ്ടായിരുന്നവർക്ക് ബാധകമായ കാര്യങ്ങളാണ്. ഇതൊക്കെ ഇപ്പോഴാണ് നടക്കുന്നതെങ്കിൽ നാം അറിഞ്ഞില്ലെന്നുവരും, കാരണം, നാം വാട്സാപ്പ്, ഫേസ്ബുക്ക്, ആംഗ്രി ബേഡ്സ്, കാൻഡി ക്രഷ് എന്നിവയുമായി തല കുനിച്ചാണല്ലോ ഇരുപ്പ്!)

“വീണ്ടെടുപ്പ്”


പയ്യന്നൂരിൽ നിന്നും ഞങ്ങളുടെ ഗ്രാമത്തിലൂടെ കടന്നുപോകുന്ന ലാസ്റ്റ് ബസ്സ് രാത്രി 9:30ന് പുറപ്പെടുമായിരുന്നു. അതിൽ കയറിപ്പറ്റുവാനുള്ള വ്യഗ്രതയിൽ പൊതുമര്യാദയും, മനുഷ്യത്വവും മറന്ന് ഉന്തും, തള്ളും, തെറിവിളിയും, ചവിട്ടും നടത്തുന്നത് കണ്ടിട്ടുണ്ട്.

ലൂക്കോ 21:28ൽ “വീണ്ടെടുപ്പ്” എന്ന വാക്ക് വായിക്കുമ്പോൾ അത് സ്വർഗത്തിലേയ്ക്കുള്ള ലാസ്റ്റ് ബസ്സ് പുറപ്പെടുന്നതിനെ പറ്റിയാണ് പരാമർശിക്കുന്നത് എന്ന് കരുതി സ്വയം വചനത്തിലേയ്ക്ക് കുത്തിക്കയറ്റുവാൻ ശ്രമിക്കുന്നവർ ഞാൻ പറയുന്നത് കേൾക്കേണ്ട, ഭവിഷ്യവാദികളും (futurist) വിഖ്യാതരുമായ വേദപണ്ഡിതന്മാർ പറയുന്നത് കേൾക്കൂ:
  • ചാൾസ് എല്ലിക്കോട്ട്: “യെരൂശലേമിൻറെ നാശത്തെ തുടർന്ന് ക്രിസ്തുവിൻറെ സഭയ്ക്ക് യെഹുദരുടെ പീഡനത്തിൽ നിന്നും ലഭിച്ച വിമുക്തി.”
  • ജാമിസൺ-ഫോസെറ്റ്-ബ്രൌൺ: “യെഹൂദ രാജ്യം ഇല്ലായതായതോടെ പുരോഹിത മേധാവിത്തത്തിൻറെ അടിച്ചമർത്തലിൽ നിന്നുമുള്ള വിമോചനം.”
  • പുൾപിറ്റ് കമൻററി: “യെഹൂദ അധികാരികളുമായുള്ള കടുത്ത ശത്രുതയിൽ നിന്നുമുള്ള വിമോചനം.”
ഇത്രയും ലളിതമായ സംഭവത്തെ ആത്മീയവൽകരിച്ച്, ജനങ്ങൾക്ക് വ്യാമോഹങ്ങൾ വിൽക്കുകയായിരുന്നു ക്രൈസ്തവ മതം. ഇത്രയുമൊക്കെ വ്യക്തമായി എഴുതിയാലും മസ്തിഷ്കപ്രക്ഷാളനം ചെയ്യപ്പെട്ട മതവാദികൾ ലളിതമായ സത്യത്തെ അംഗീകരിക്കില്ല.

ഈ ലേഖനം ഒരു മഹാ സംഭവമാണെന്ന് അവകാശപ്പെടുന്നില്ല. കൂടുതൽ വിശദവും ഗഹനവുമായ പഠനം കൃത്യമായ തിയ്യതികൾ കണ്ടെത്തുവാൻ സഹായിച്ചേക്കും.

 ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

No comments:

Post a Comment