Tuesday, May 31, 2016

ധനികനും, ദരിദ്രനായ ലാസരും നരകവും - ഒരു സൂക്ഷ്മപരിശോധന.

ക്രിസ്തുവിൽ പ്രിയരേ,

ധനികനെയും ലാസരിനെയും പറ്റിയുള്ള ആഖ്യാനത്തിൽ പലരും ശ്രദ്ധിക്കാതെപോയ ചില അംശങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് ഇവിടെ.

#1 യേശു ആരെയാണ് അഭിസംബോധന ചെയ്തത്?

ശ്രോതാക്കള്‍ക്കുള്ള പ്രസക്തി (audience relevance) മിക്കവരും ശ്രദ്ധിക്കാറില്ല.
ലൂക്കാ 16:14-15 ഇതെല്ലാം ദ്രവ്യാഗ്രഹികളായ പരീശര്‍ കേട്ട്, അവിടത്തെ പരിഹസിച്ചു. അവിടന്ന് അവരോട് പറഞ്ഞത്:..
ഇത് ശിഷ്യന്മാരോട് പറഞ്ഞ പൊതുവായ കാര്യങ്ങളല്ല. പരീശരോട് പറഞ്ഞ കാര്യങ്ങൾക്ക് അവരുമായി ബന്ധം ഉണ്ടായിരിക്കണം.

യേശുവിൻറെ ഭൂമിയിലെ ശുശ്രൂഷയിൽ ഉടനീളം അവിടന്ന് എതിർത്തിരുന്നത് പരിശരെയും, സദൂക്യരെയും, വേദശാസ്ത്രികളെയും, പുരോഹിതന്മാരെയും (മതമേധാവികളെ) ആണെന്ന് ഓർക്കുക. വിസ്താരഭയം നിമിത്തം പരിശരുടെയും, സദൂക്യരുടെയും, വേദശാസ്ത്രികളുടെയും ചരിത്രം ഇവിടെ ചേർക്കുന്നില്ല. ചുരുക്കമായി പറഞ്ഞാൽ മക്കബായരുടെ കാലം മുതൽ രാഷ്ട്രീയവും മതപരവുമായ അധികാരം കൈയ്യാളിയിരുന്ന അവർ സ്വയം വരേണ്യവര്‍ഗ്ഗമായി പരിഗണിക്കുകയും, ബാക്കിയുള്ള യിസ്രായേല്യരെ കീഴാളരായി പരിഗണിക്കുകയും ചെയ്തിരുന്നു.

#2 യിസ്രായേലിൽ എത്ര ധനികന്മാർ ധൂമ്രവസ്ത്രവും പട്ടും ധരിച്ചിരുന്നു? (ലൂക്കാ 16:19)


പട്ട് എന്നത് തെറ്റായ പരിഭാഷയാണ് പഞ്ഞിനൂല്‍ എന്നതാണ് ശരി. (fine linen, പുറ 28:39, 35:23 ... കാണുക).

യിസ്രായേലിൽ എത്ര ധനികർ ധൂമ്രവസ്ത്രവും പഞ്ഞിനൂലും ധരിച്ചിരുന്നതായി വേദപുസ്തകത്തിൽ എഴതപ്പെട്ടിട്ടുണ്ട്?

അത്തരം തുണികൾ ഒന്നുകിൽ സമാഗമകൂടരത്തിൻറെ നിർമ്മിതിക്കോ, അല്ലെങ്കിൽ പുരോഹിത വസ്ത്രങ്ങൾക്കോ ആണ് ഉപകരിച്ചിരുന്നത് എന്ന് പുറപ്പാട്, ലേവ്യ പുസ്തകങ്ങളിൽ ഉടനീളം കാണാം.

രാജാക്കന്മാർ പോലും അത്തരം വസ്ത്രങ്ങൾ ധരിച്ചിരുന്നില്ല. (മൊര്‍ദ്ദെഖായി ധരിച്ചിരുന്നു - പക്ഷേ, അത് യിസ്രായേലിൽ അല്ല, പേർഷ്യയിലെ ശൂശനിലായിരുന്നു. എസ്തർ 8:15. ദാവീദ് പഞ്ഞിനൂൽ വസ്ത്രം - ധൂമ്രം ഇല്ലാതെ - ഒരുതവണ ധരിച്ചിരുന്നു - 1ദിന 15:27, 2ശമൂ 6:14)

അതായത്, ധനികൻറെ വസ്ത്രവും പൌരോഹിത്യവുമായി ബന്ധമുണ്ട്.

#3 ധനവാന്‍റെ മേശയില്‍ നിന്നും വീഴുന്ന അപ്പക്കഷണങ്ങൾ. ലൂക്കാ 16:21



ധനവാൻറെ മേശയിൽ നിന്നും വീഴുന്ന അപ്പക്കഷണങ്ങൾ തിന്ന് വിശപ്പടക്കുവാൻ കൊതിച്ച് ധനവാൻറെ വീട്ടുവാതിലിൽ കിടക്കുന്ന ദരിദ്രൻറെ വ്രണങ്ങൾ നായ്ക്കൾ നക്കുന്നതിൻറെ വർണ്ണന വായിക്കുമ്പോൾ മറ്റൊരു രംഗം ഓർമ്മവരുന്നുണ്ടോ?

തൻറെ മകളുടെ ഭൂതബാധ ഒഴിവാക്കിത്തരുവാൻ ആവശ്യപ്പെട്ട് യേശുവിൻറെയടുത്ത് വന്ന അന്യജാതിക്കാരിയായ (കനാന്യ / സുറൊഫൊയീക്യ) സ്ത്രീയോട് “മക്കൾക്ക് കൊടുക്കേണ്ട അപ്പം ആരും നായ്ക്കൾക്ക് കൊടുക്കാറില്ലല്ലോ?” എന്ന് യേശു ചോദിച്ചതും, അവൾ പ്രത്യുത്തരമായി “നായ്ക്കളും യജമാനൻറെ മേശയിൽ നിന്നും വീഴുന്ന അപ്പക്കഷണങ്ങൾ തിന്നാറുണ്ടല്ലോ” എന്ന് പറഞ്ഞതും ഓർമ്മ വരുന്നത് യാദൃച്ഛികമാകുവാൻ വഴിയില്ല. (മത്താ 15:22-27; മർക്കോസ് 7:25-28)

ലാസരും നായ്ക്കളും സാധാരണക്കാരുടെയും (മതമേധാവികൾ അല്ലാത്തവർ - കത്തോലിക്കരുടെ ഭാഷയിൽ അൽമായർ) അന്യജാതികളുടെയും പ്രതീകമാണെന്ന് വേണം കരുതുവാൻ. ചില പണ്ഡിതന്മാർ ലാസരിൻറെ പേര് അബ്രഹാമിൻറെ ഭൃത്യനായിരുന്ന എല്യേസരിൻറെ (സ്ട്രോങ്സ് നിഘണ്ടുവിൽ H461) പേരിൽ നിന്നും ഉണ്ടായതാണ് എന്ന് സ്ഥാപിച്ച്, ലാസർ അന്യജാതിക്കാരൻ ആയിരുന്നു എന്ന് തെളിയിക്കുവാൻ ശ്രമിക്കാറുണ്ട്, അത് തെറ്റാണ്. അഹരോൻറെ മകനായ എലെയാസരിൻറെ (H499) പേരുമായാണ് ലാസരിൻറെ പേരിന് ബന്ധം.

#4 അബ്രഹാമിൻറെ മടിത്തട്ട് (ലൂക്കാ 16:22)


ലൂക്കാ 16:22 ഉണ്ടാക്കുന്ന തോന്നൽ ലാസർ മരിച്ച ഉടനെ, ശവസംസ്ക്കാരം പോലും നടത്താതെ, (ന്യായവിധിയും ഇല്ലാതെ), ശരീരത്തോടെ അബ്രഹാമിൻറെ മടിയിലേക്ക് എടുക്കപ്പെട്ടു എന്നതാണ്. അബ്രഹാം സ്വർഗ്ഗത്തിലോ, പരദീസയിലോ ആയിക്കൊള്ളട്ടെ, അവിടെ എത്തുന്ന എല്ലാവരും അദ്ദേഹത്തിൻറെ മടിയിലാണോ ഇരിക്കുന്നത്? ഇവിടെ മടി എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്ക് (κόλπος, kol'-pos, സ്ട്രോങ്സ് നിഘണ്ടുവിൽ G2859) ഉപയോഗിച്ചിരിക്കുന്ന രണ്ട് വചനങ്ങൾ:
യോഹ 1:18 ദൈവത്തെ ആരും ഒരു നാളും കണ്ടിട്ടില്ല; പിതാവിന്‍റെ മടിയില്‍ (G2859) ഇരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.
ലാസർ അബ്രഹാമിൻറെ മടിയിൽ ഇരുന്നു എന്നതിന് മകനായി സ്വീകരിക്കപ്പെട്ടു എന്ന് അർത്ഥമാകാം.
യോഹ 13:23 ശിഷ്യന്മാരില്‍ യേശു സ്നേഹിച്ച ഒരുവന്‍ യേശുവിന്‍റെ മാര്‍വ്വിടത്തില്‍ (G2859) ചാരിക്കൊണ്ടിരുന്നു.
ഇത് യേശുവിൻറെ ഒടുവിലത്തെ അത്താഴത്തെ പറ്റിയുള്ള വിവരണത്തിൽ നിന്നുമാണ്. അതായത്, ലാസർ അബ്രഹാമിനോട് കൂടെ പന്തിയിരുന്നു എന്നും അർത്ഥമാകാം.
അബ്രഹാമിൻറെ മടി എന്നതിന് പരദീസ എന്നാണ് യെഹൂദ്യരുടെ വിശ്വാസം എന്നാണ് ചില വേദപണ്ഡിതന്മാരുടെ അഭിപ്രായം. ഈ അഭിപ്രായത്തിന് വ്യക്തമായ തെളിവുകൾ ഒന്നും ഇല്ല. തന്നെയുമല്ല “യെഹൂദ്യരുടെ കെട്ടുകഥകൾ ശ്രദ്ധിക്കരുത്” (തീത്തൊ 1:14) എന്ന നിർദ്ദേശം എന്താണാവോ പണ്ഡിതന്മാർ ശ്രദ്ധിക്കാത്തത്?

#5 ധനികൻറെ പാപം എന്ത്? (ലൂക്ക 16:23)

ഒരു ദരിദ്രനെ സഹായിച്ചില്ല എന്നല്ലാതെ, ദൈവദൂഷണം, പരിശുദ്ധാത്മാവിന് വിരോധമായ പാപം, വ്യഭിചാരം, വിഗ്രഹാരാധന തുടങ്ങിയ പാപങ്ങളിൽ ഏതെങ്കിലും ധനികൻ ചെയ്തതായി എഴുതപ്പെട്ടിട്ടില്ല. ദരിദ്രൻ ദൈവവിശ്വാസി ആയിരുന്നെന്നോ, ധനികൻ അവിശ്വാസി ആയിരുന്നെന്നോ എഴുതപ്പെട്ടിട്ടില്ല. ദരിദ്രരെല്ലാം ദൈവവിശ്വാസികളും പാപഹീനരുമാണെന്നോ ധനികരെല്ലാം അവിശ്വാസികളും പാപികളുമാണെന്നോ സാമാന്യവൽക്കരിക്കുവാൻ കഴിയുമോ? ധനികർ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നത് കഷ്ടമാണെങ്കിൽ (മത്താ 19:23) അവരുടെ കൂടെ നരകത്തിൽ പോകുന്നവരിൽ കോടീശ്വരന്മാരായ ബെന്നി ഹിൻ, ജോയൽ ഓസ്റ്റീൻ, ജോസഫ് പ്രിൻസ്, ബില്ലി ഗ്രഹാം മുതലായ പാസ്റ്റർമാരും ഉണ്ടാകും.

നമ്മുടെ ഉമ്മറപ്പടിയിൽ പൊട്ടിയൊലിക്കുന്ന വ്രണങ്ങളുമായി ഒരു മനുഷ്യൻ ഇരുന്നാൽ നാം എന്ത് ചെയ്യും? ഒന്നുകിൽ അയാളെ പോലീസിനോ ഏതെങ്കിലും സന്നദ്ധസംഘടനയ്ക്കോ ഏൽപിക്കും, അല്ലെങ്കിൽ വേലക്കാരെ വിട്ട് അയാളെ അവിടെനിന്നും ഓടിക്കും. ഇത് രണ്ടും ചെയ്യാതിരുന്ന ധനികൻ നമ്മളിൽ പലരിലും നല്ലവാനാണെന്ന് തോന്നുന്നു.

ദരിദ്രരെ സംരക്ഷിക്കുക എന്ന ന്യയപ്രമാണത്തിലെ നിബന്ധനയുടെ ലംഘനം അയാളിൽ ആരോപിക്കാം. ദരിദ്രരെ സംരക്ഷിക്കാത്തത് നരകശിക്ഷയ്ക്ക് യോഗ്യമായ പാപമാണെങ്കിൽ 98% ക്രൈസ്തവരും നരകത്തിൽ പതിക്കും.

വിശിഷ്ഠ വസ്ത്രങ്ങളും ധരിച്ച്, ശ്രേഷ്ഠ ഭക്ഷണവും ആസ്വദിച്ച് ആഡംബരത്തിൽ ജീവിക്കുന്ന ധനികരെല്ലാം നരകത്തിൽ പതിക്കുമെങ്കിൽ, 700 ഭാര്യമാരും, 300 വെപ്പാട്ടികളും ഉണ്ടായിരുന്ന, ദിവസേന 10 കാളകളെയും, 20 കന്നുകാലികളെയും, 100 ചെമ്മരിയാടുകളെയും, മാൻ, മ്ലാവ്, കേഴ എന്നിവയെയും എണ്ണമറ്റ പക്ഷികളെയും ഭക്ഷിച്ച ശലോമോനും കൂട്ടരും (1രാജാ 4:23) നരകത്തിൽ പതിച്ചിരിക്കണം. കൊലപാതകം, വ്യഭിചാരം, വിഗ്രഹാരാധന ... ശലോമോൻറെ യോഗ്യതകൾക്ക് അവസാനമില്ല. ശലോമോൻ  നരകത്തിൽ പതിക്കുമെങ്കിൽ വേദപുസ്തകത്തിൽ നാം പതിവായി വായിക്കുന്ന പുസ്തകങ്ങളിൽ 3 എണ്ണവും ഏതാനും സങ്കീർത്തനങ്ങളും ആ നരകയോഗ്യൻ എഴുതിയതാണ് എന്ന് ഓർക്കുക!

ധനികർ നരകത്തിൽ പോകുമെങ്കിൽ, ദരിദ്രനായ ലാസരിനെ കൊണ്ടുപോയി ഇരുത്തിയത് ധനികനായ അബ്രഹാമിൻറെ മടിയിൽ. (അബ്രഹാമിൻറെ അധിക യോഗ്യത, ദൈവം അദ്ദേഹത്തെ വിളിച്ചതിന് ശേഷം സമ്പാദിച്ച രണ്ട് വെപ്പാട്ടികൾ. അവരുടെ സന്തതി പരമ്പരകളുടെ ചരിത്രം പറയേണ്ടല്ലോ? വിശ്വാസത്തിൻറെ പിതാവായ അബ്രഹാമിനെ ഇകഴ്ത്തിയതല്ല, ധനികരെല്ലാം പാപികളും അയോഗ്യരുമാണ് എന്ന ചിന്തയുടെ പൊള്ളത്തരം കാണിച്ചുതരുവാനാണ് ഇത് എഴുതിയത്.)

#6 ന്യായവിധി എവിടെ?

ന്യായവിധിക്ക് വിധേയരാകാതെയാണ് ലാസർ അബ്രഹാമിൻറെ മടിയിലും, ധനികൻ നരകത്തിലും എത്തിയത് എന്നത് ശ്രദ്ധിക്കുക. “ഒരിക്കല്‍ മരിക്കുകയും പിന്നെ ന്യായവിധിയും മനുഷ്യര്‍ക്ക് നിയമിച്ചിരിക്കുന്നു” (എബ്രാ 9:27) എന്നല്ലേ വിശ്വസിക്കപ്പെടുന്നത്? ന്യായവിധി ഇല്ലാതെ ലാസർ എങ്ങനെ സ്വർഗ്ഗത്തിലോ / പരദീസയിലോ എത്തി? ധനികൻ എങ്ങനെ നരകത്തിൽ എത്തി? (അതോ, ഒരാൾ മരിച്ചാൽ ഉടനെ അയാൾക്ക് ന്യായവിധി നൽകി സ്വർഗ്ഗത്തിലേക്കോ, നരകത്തിലേക്കോ അയയ്ക്കുകയും, പിന്നീട്, സാവകാശം, അവിടെ നിന്നും തിരിച്ചുവിളിച്ച് ന്യായവിധി നൽകി, അതേ സ്ഥലത്തേക്ക് തിരിച്ചയയ്ക്കുമോ?

ലൂക്കാ 16:23ൽ  നരകം എന്ന് പരിഭാഷപ്പെടുത്തപ്പെട്ടിരിക്കുന്ന ഗ്രീക്ക് വാക്കായ ഹേഡ്സ് (ᾅδης, hadēs, സ്ട്രോങ്സ് നിഘണ്ടുവിൽ G86) ഒരു താൽക്കാലിക നരകം മാത്രമാണെന്നും ഇതേ വാക്ക് ഉപയോഗിച്ചിരിക്കുന്ന വെളി 20:13ൻറെ അടിസ്ഥാനത്തിൽ അന്തിമ ന്യായവിധിയിൽ ഈ താൽക്കാലിക നരകത്തിലുള്ള പാപികളെല്ലാം യഥാർത്ഥ നരകത്തിൽ എറിയപ്പെടും എന്നുമാണ് വിദഗ്ദാഭിപ്രായം. ഇവരെല്ലാം വെളിപ്പാട് പുസ്തകത്തിലെ പ്രതീകങ്ങളുടെ വിഷയത്തിൽ വിദഗ്ദരായതുകൊണ്ടാണല്ലോ ഓരോ തവണയും മദ്ധ്യപൂർവേഷ്യയിൽ (Middle East) ഏതെങ്കിലും ഒട്ടകം തുമ്മിയാൽ ഉടനെ “ലോകാവസാനം വരുന്നേ” എന്ന് വിളിച്ചുകൂവുന്നത്?

#7 ധനികൻ തൻറെ 5 സഹോദരന്മാരെ പറ്റി പരാമർശിച്ചത് എന്തിന്? (ലൂക്കാ 16:28)

ദരിദ്രനോട് കരുണ കാണിക്കാതിരുന്നത് സ്വാർത്ഥത നിമിത്തമാണെങ്കിൽ, നരകത്തിലെ യാതനകളിലും ധനികൻറെ സ്വാർത്ഥത മാറിയില്ലേ? എന്തുകൊണ്ടാണ് ലോകത്തിലുള്ള ധനികരോടെല്ലാം ദരിദ്രരെ സഹായിക്കണം എന്ന് ഉപദേശിക്കണം എന്ന് ആവശ്യപ്പെടാതെ, എൻറെ 5 സഹോദരന്മാരുടെ അടുത്തേക്ക് ആരെയെങ്കിലും അയയ്ക്കണം എന്ന് ആവശ്യപ്പെട്ടത്? ഒന്നുകിൽ അയാളുടെ വിട്ടുമാറാത്ത സ്വാർത്ഥത, അല്ലെങ്കിൽ തൻറെ സഹോദരന്മാർക്ക് ഏതെങ്കിലും തരത്തിലുള്ള അത്യാഹിതം സംഭവിക്കുവാൻ പോകുന്നു എന്നുള്ള അറിവ്.

എന്തുകൊണ്ട് 4, 6 അല്ലെങ്കിൽ മറ്റൊരു സംഖ്യ പാടില്ല? മുമ്പ് സൂചിപ്പിച്ചത് പോലെ, ധനികൻ പൌരോഹിത്യത്തിൻറെ പ്രതീകമാണെങ്കിൽ 5 എന്ന സംഖ്യക്ക് പ്രാധാന്യമുണ്ട്.

പുരോഹിതന്മാരും ലേവ്യരും ലേവി ഗോത്രത്തിൽ ഉൾപ്പെട്ടവരാണ് എന്ന് അറിവുള്ളതാണല്ലോ? വെളിപ്പാട് ഒഴികെയുള്ള പുതിയനിയമ പുസ്തകങ്ങളിൽ യിസ്രായേലിലെ മറ്റ് 5 ഗോത്രക്കാരുടെ പേരുകൾ എഴുതപ്പെട്ടിരിക്കുന്നത് യാദൃച്ഛികമാകുവാൻ വഴിയില്ല.
  • യെഹൂദാ - യേശുവും മിക്കവാറും എല്ലാ ശിഷ്യന്മാരും.
  • ബെന്യാമീന്‍  - ഗമലീയേൽ, പൌലോസ് - റോമർ 11:1 (തര്‍സൊസുകാരനായ പൌലോസ്  വളർന്നതും പഠിച്ചതും യെരൂശലേമിലാണ് - അപ്പൊ 22:3. ഗമലീയേലിൻറെ മുത്തച്ഛനായിരുന്ന ഹില്ലേൽ എന്ന മഹാപണ്ഡിതൻ ബെന്യാമീന്യനായിരുന്നു.)
  • ആശേര്‍  - ഹന്നാ പ്രവാചിക - ലൂക്കാ 2:36
  • സെബൂലൂന്‍ - മത്തായി 4:14, 15, യെശ 9:1 (ഇതൊരു പ്രവചനത്തിൻറെ പൂർത്തീകരണമാണ്.)
  • നഫ്താലി - മത്തായി 4:14, 15, യെശ 9:1
യേശുവിൻറെ കാലത്ത് യെരൂശലേമിലും പരിസരത്തും ഉണ്ടായിരുന്ന പ്രമുഖരെല്ലാം ഈ ഗോത്രങ്ങളിൽ ഉൾപ്പെട്ടവർ ആയിരുന്നിരിക്കാം. ഇത് ഒരു ശക്തമായ വാദമാണ് എന്ന് സമർത്ഥിക്കുന്നില്ല, അവഗണിക്കുന്നില്ല എന്ന് മാത്രം. ധനികൻ പൌരോഹിത്യത്തിൻറെ പ്രതിനിധിയാണ് എന്ന് അറിയാവുന്ന പണ്ഡിതന്മാരുടെ അഭിപ്രായം ലേവ്യനായ ധനികനും 5 സഹോദരന്മാരും ചേർന്ന് 6, അത് 12ൻറെ പകുതിയാണ് എന്നൊക്കെയാണ്. അത്തരം കണക്കുകൂട്ടലുകളുടെ സാധുത എന്താണെന്ന് അറിയില്ല.

6 പേർ വരുന്നതും അൽപമെങ്കിലും സാംഗത്യമുള്ളതുമായ വാദം പുരോഹിതവർഗ്ഗത്തിൻറെ ആദിപിതാവായ ലേവിയുടെ അമ്മയായ ലേയായ്ക്ക് 6 പുത്രന്മാർ ഉണ്ടായിരുന്നു എന്നതാണ് (രൂബേന്‍, ശിമെയോന്‍, ലേവി, യെഹൂദാ, യിസ്സാഖാര്‍, സെബൂലൂന്‍. - ഉൽപത്തി 35:23). അത്തരം അറിവ് ഈ വേദഭാഗത്തിൻറെ വ്യാഖ്യാനത്തിൽ എങ്ങനെ സഹായിക്കും എന്നത് വ്യക്തമല്ല.

#8 അവര്‍ക്ക് മോശെയും പ്രവാചകരും ഉണ്ടല്ലോ? (ലൂക്ക 16:29) ആർക്ക്? അന്യജാതികൾക്കോ?

അന്യജാതികൾക്ക് മോശെയോ? മോശ എന്നതുകൊണ്ട് ന്യായപ്രമാണമല്ലേ ഉദ്ദേശിക്കുന്നത്? (2കൊരി 3:15) അന്യജാതികൾക്കാണോ ന്യായപ്രമാണം കൊടുത്തത്? യോന ഒഴികെ എത്ര പ്രവാചകന്മാർ അന്യജാതികളുടെ അടുത്തേയ്ക്ക് അയയ്ക്കപ്പെട്ടിട്ടുണ്ട്?
റൊമ 9:4 അവര്‍ യിസ്രായേല്യര്‍; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവര്‍ക്ക് ഉള്ളവ;
റോമ 3:2 ...ദൈവത്തിന്‍റെ അരുളപ്പാടുകള്‍ അവരുടെ [യെഹൂദരുടെ] പക്കലാണ് സമര്‍പ്പിച്ചിരിക്കുന്നത്.
മോശയുടെ ന്യായപ്രമാണവും പ്രവാചകരുടെ വാക്കുകളും ലോകത്തിന് മുഴുവൻ ന്യായവിധിക്ക് കാരണമാകുമെങ്കിൽ, എന്തുകൊണ്ട് ന്യയപ്രമാണം പ്രസംഗിക്കുവാൻ പ്രസംഗകരെ ലോകം മുഴുവൻ അയച്ചില്ല? സുവിശേഷം പ്രസംഗിക്കുവാൻ ശിഷ്യന്മാരെ അയച്ചത് പോലെ? എന്തിന് ന്യായപ്രമാണം യിസ്രായേലിൽ മാത്രമായി ഒതുക്കി?

ചിലർക്ക് ഉടനെ ഓർമ്മവരാവുന്ന ചില വേദഭാഗങ്ങൾ:

റോമ 1:19-28: ഈ വേദഭാഗം വായിച്ചാൽ തോന്നും സോമാലിയായിലോ, നൈജീരിയയിലോ കുടിവെള്ളവും, ആഹാരവുമില്ലാതെ ചത്തടിയുന്ന അസ്തിപഞ്ജരമായ ആയിരങ്ങൾ എവിടെയെങ്കിലും ഒരു പച്ചപ്പ് കണ്ടാൽ ഉടനെ യിസ്രായേലിൽ ഒരു ദൈവമുണ്ടായിരുന്നു എന്നും ആ ദൈവമാണ് പ്രപഞ്ചത്തിൻറെ സ്രഷ്ടാവ് എന്നും മനസ്സിലാക്കി, കുടിവെള്ളവും ആഹാരവും തേടാതെ, ദൈവത്തെ തേടി പുറപ്പെടണമെന്ന്.
റോമ 2:12 ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവരെല്ലാം ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ട് പാപം ചെയ്തവരെല്ലാം ന്യായപ്രമാണത്താല്‍ വിധിക്കപ്പെടും.
അതായത് ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്യാത്തവനും, ന്യായപ്രമാണം ഉണ്ടായിട്ട് പാപം ചെയ്യാത്തവനും രക്ഷിക്കപ്പെടും. കാര്യങ്ങൾ ഇത്ര ലളിതമാണെങ്കിൽ യേശുവിൻറെ പ്രസക്തി എന്ത്? ന്യായപ്രമാണം എഴുതി ഒരു ചെറിയ ജനവിഭാഗത്തെ ഏൽപിച്ച്, അത് ലോകം മുഴുവൻ പഠിപ്പിക്കാതെ, അതിൻറെ അടിസ്ഥാനത്തിൽ ലോകം മുഴുവനെയും വിധിക്കുന്നത് തികഞ്ഞ അന്യായമാണ്. ഉഗാണ്ടയിലെയോ, നൈജീരിയയിലെയോ ശിക്ഷാനിയമത്തിൻറെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ വിധി നടപ്പാക്കുന്നത് പോലെ.

ഈ വേദഭാഗത്തിൽ നിന്നും നരകം, യാതന മുതലായ അംശങ്ങൾ കണ്ടെത്തിയവർ അതിൽ മോശയെയും, പ്രവാചകന്മാരെയും രണ്ട് തവണ പരാമർശിച്ചിരിക്കുന്നത് കാണാതിരുന്നത് എന്തുകൊണ്ട്? ന്യായപ്രമാണവും പ്രവാചകന്മാരും ആർക്ക് നൽകപ്പെട്ടിരുന്നോ നരകവും  അവർക്കാണ് എന്നല്ലേ ലൂക്കാ 16:19-31ൻറെ അർത്ഥം?

#9 ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ വിശ്വസിക്കാത്തവർ (ലൂക്കാ 16:31)

അബ്രഹാം ധനികനോട് പറയുന്നത് ശ്രദ്ധിക്കുക: 
അവര്‍ മോശെയുടെയും പ്രവാചകരുടെയും വാക്ക് കേള്‍ക്കാതിരുന്നാല്‍ മരിച്ചവരില്‍ നിന്നും ഒരുവന്‍ എഴുന്നേറ്റ് ചെന്നാലും വിശ്വസിക്കുകയില്ല (ലൂക്കാ 16:31)
യേശുവിൻറെ പുനരുത്ഥാനത്തിൽ വിശ്വസിക്കാത്ത പലരും ഉണ്ടായിരുന്നെങ്കിലും അവർക്കെല്ലാം ന്യായപ്രമാണവും (മോശെ) പ്രവാചകന്മാരും ഉണ്ടായിരുന്നു എന്ന് സമർത്ഥിക്കുവാൻ കഴിയില്ല. ഉദാഹരണം: അഥേനയിലെ എപ്പിക്കൂര്യരും സ്തോയിക്കരും (അപ്പൊ 17:18, 32). അതേസമയം, ന്യായപ്രമാണവും പ്രവാചകന്മാരും ഉണ്ടായിരുന്ന സദൂക്യര്‍ പുനരുത്ഥാനം ഇല്ല എന്നാണ് വിശ്വസിച്ചിരുന്നത്. സദൂക്യർക്കോ, പുനരുത്ഥാനം ഉണ്ട് എന്ന് വിശ്വസിക്കുന്ന ഇതര യെഹൂദർക്ക് യേശുവിൻറെ പുനരുത്ഥാനത്തെപ്പറ്റി പത്രോസും സ്തെഫാനൊസും സാക്ഷ്യം നൽകിയിട്ടും എന്തെങ്കിലും മാറ്റം ഉണ്ടായോ? എത്ര പുരോഹിതന്മാർ വിശ്വസിച്ചു? എത്ര സദൂക്യര്‍ വിശ്വസിച്ചു? എത്ര പരീശർ വിശ്വസിച്ചു? അവർ വിശ്വാസികളെയും അപ്പൊസ്തലന്മാരെയും ഉപദ്രവിക്കുകയല്ലേ ചെയ്തത്?

യേശുവിൻറെ ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ വിശ്വസിക്കാത്ത മുസൽമാന്മാരും, ഹിന്ദുക്കളും, നിരീശ്വരവാദികളും നമ്മുടെ ചുറ്റിലും ഉണ്ടാകും, പക്ഷേ, യേശു ആരോടാണോ ഈ വാക്കുകൾ പറഞ്ഞത്, അവരെ അവഗണിച്ചിട്ടല്ല ദൈവവചനം പഠിക്കേണ്ടത്. വേദപുസ്തകത്തിലായാലും അനുദിനജീവിതത്തിലായാലും ആരോടാണ് ഒരു കാര്യം പറയപ്പെട്ടത് ആ കാര്യം പ്രാഥമികമായി അയാൾക്കാണ് ബാധകമാകുന്നത് (audience relevance). ഉദാഹരണമായി: പൌലോസ് തിമൊഥെയൊസിനോട്: “ഞാന്‍ കര്‍പ്പൊസിന്‍റെ പക്കല്‍ വെച്ചിരിക്കുന്ന പുതപ്പും പുസ്തകങ്ങളും പുസ്തകച്ചുരുളുകളും നീ വരുമ്പോള്‍ കൊണ്ടുവരിക.” (2തിമോ 4:13) എന്ന് എഴുതിയിരിക്കുന്നത് വായിച്ചാൽ ഉടനെ നമ്മളാരും കര്‍പ്പൊസിന്‍റെ വീട് അന്വേഷിച്ച് പുറപ്പെടില്ലല്ലോ?

യെഹൂദരെല്ലാം നരകത്തിൽ പതിക്കും എന്നാണോ ഞാൻ പറഞ്ഞുവരുന്നത്? അല്ലേയല്ല. എല്ലാ യിസ്രായേലും രക്ഷിക്കപ്പെടും എന്നല്ലേ വിശ്വസിക്കപ്പെടുന്നത്? (റോമ 11:26)

എത്രയെത്ര പൊരുത്തക്കേടുകൾ? എത്രയെത്ര നോട്ടപ്പിഴകൾ?


കാളപെറ്റു, കയറെടുത്തോ എന്ന് കേട്ടാൽ ഉടനെ കയറെടുക്കുന്നതിനേക്കാൾ വലിയ മണ്ടത്തരമാണ് 200 വാക്കുകളുള്ള (മലയാളത്തിൽ 200, ഇംഗ്ലീഷ് KJVയിൽ 299 വാക്കുകൾ) ഒരു വേദഭാഗത്തിൽ നിന്നും ഏതാനും വാക്കുകൾ മാത്രം തെരഞ്ഞെടുത്ത് ഒരു സിദ്ധാന്തം ഉണ്ടാക്കുന്നത്. സത്യവചനത്തെ യോഗ്യമായി കൈകാര്യം ചെയ്യുന്നത് (2 തിമോ 2:15, rightly handling the word of truth) അങ്ങനെയല്ല.

പ്രിയരേ, ഈ വേദഭാഗം വ്രണബാധിതനായ ഒരു ദരിദ്രൻ സ്വർഗ്ഗത്തിൽ പോകുന്നതിനെ പറ്റിയോ, ധനികൻ നരകത്തിൽ പോകുന്നതിനെ പറ്റിയോ അല്ല. ഒരു വരേണ്യവർഗ്ഗം തിരസ്ക്കരിക്കപ്പെടുകയും അധഃസ്ഥിതർ സ്വീകരിക്കപ്പെടുകയും ചെയ്യപ്പെടുന്നതിൻറെ രൂപകകഥയാണിത് (ദൃഷ്‌ടാന്തം).

ഇത് ഒരു ഒറ്റപ്പെട്ട ആഖ്യാനമല്ല, ഇതിന് സമാനമായ വേറെയും വേദഭാഗങ്ങൾ ഉണ്ട്.


അബ്രഹാമും രണ്ട് വിഭാഗങ്ങളും ഉൾപ്പെടുന്ന സമാനമായ മറ്റൊരു വേദഭാഗം.


അബ്രാഹാമുമായി ബന്ധപ്പെട്ട ഇത്തരത്തിലുള്ള ഒരു ആഖ്യാനം മത്തായിയുടെ സുവിശേഷത്തിൽ ഉണ്ട്. ഒരിക്കൽ ഒരു ശതാധിപന്‍ യേശുവിനോട് രോഗിയായ തൻറെ ഭൃത്യനെ സുഖപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടപ്പോൾ, അയാളെ അനുഗമിക്കുവാൻ തയ്യാറായ യേശുവിനോട് അവിടന്ന് എൻറെ വീട്ടിൽ കാലുകുത്തുവാൻ എനിക്ക് യോഗ്യതയില്ല, അവിടന്ന് ഒരു വാക്ക് പറഞ്ഞാൽ എൻറെ ഭൃത്യൻ സുഖപ്പെടും എന്ന് പറഞ്ഞതാണ് സന്ദർഭം.
മത്താ 8:10 ...യിസ്രായേലില്‍ ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ല എന്ന് ഞാന്‍ സത്യമായി നിങ്ങളോട് പറയുന്നു.
അതായത് ശതാധിപന്‍ യിസ്രായേല്യനല്ല.
മത്താ 8:11 കിഴക്ക് നിന്നും പടിഞ്ഞാറ് നിന്നും അനേകര്‍ വന്ന്, അബ്രാഹമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വര്‍ഗരാജ്യത്തില്‍ പന്തിയിരിക്കും.
സന്ദർഭത്തിൽ നിന്നും അന്യജാതികളെ പറ്റിയാണ് ചർച്ച എന്നത് വ്യക്തമല്ലേ? പിതാവിനോട് കൂടെ പന്തിയിരിക്കുന്നവർ മക്കളോ, കുടുംബാംഗങ്ങളോ, സുഹൃത്തുക്കളോ ആണ്.
മത്താ 8:12 രാജ്യത്തിന്‍റെ പുത്രന്മാരെ ഏറ്റവും പുറത്തുള്ള ഇരുളിലേക്ക് തള്ളിക്കളയും; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും എന്ന് ഞാന്‍ നിങ്ങളോട് പറയുന്നു.
അനേകർ വന്ന് അബ്രഹാമിനോട് കൂടെ പന്തിയിരിക്കേണ്ടതും, രാജ്യത്തിൻറെ പുത്രന്മാർ (അനന്തരാവകാശികൾ) ആരായിരുന്നാലും അവർ തിരസ്കരിക്കപ്പെടേണ്ടതും ഒരേ സമയത്തല്ലേ? ഈ സന്ദർഭത്തിൽ ആരാണ് രാജ്യത്തിന്‍റെ പുത്രന്മാർ?
യേശു മഹാപുരോഹിതരോടും പരീശരോടും പറഞ്ഞത് ശ്രദ്ധിക്കുക:
ദൈവരാജ്യം നിങ്ങളുടെ പക്കല്‍ നിന്നും എടുത്ത് അതിന്‍റെ ഫലം കൊടുക്കുന്ന ജാതിക്ക് കൊടുക്കും എന്ന് ഞാന്‍ നിങ്ങളോട് പറയുന്നു. (മത്താ 21:43)
അതായത്, ദൈവരാജ്യം അവരുടെ പക്കൽ ഉണ്ടായിരുന്നു, അവരായിരുന്നു രാജ്യത്തിന്‍റെ പുത്രന്മാർ. അതാണ് അവരിൽ നിന്നും എടുത്ത് കൂടുതൽ ഫലം നൽകുന്ന ജാതിക്ക് നൽകപ്പെടേണ്ടത്. (യേശു ഈ കാര്യം അവരോട് പറഞ്ഞത് മുന്തരിത്തോട്ടത്തിൻറെ അനന്തരാവകാശിയെ കൊന്നുകളഞ്ഞ അവിശ്വസ്തരായ പാട്ടക്കാരുടെ ഉപമ പറഞ്ഞതിന് ശേഷമാണ് എന്നത് ശ്രദ്ധിക്കുക.)
ദൈവരാജ്യം അവരിൽ നിന്നും എടുത്ത് ആർക്കെങ്കിലും കൊടുത്തോ? കൊടുത്തു, നിങ്ങൾക്ക്, എനിക്ക്:
കൊലൊ 1:13 നമ്മെ ഇരുട്ടിന്‍റെ അധികാരത്തില്‍ നിന്നും വിടുവിച്ച് (ഭൂതകാലം) തന്‍റെ സ്നേഹസ്വരൂപനായ പുത്രന്‍റെ രാജ്യത്തില്‍ ആക്കിവെക്കുകയും (ഭൂതകാലം) ചെയ്ത പിതാവിന് സന്തോഷത്തോടെ സ്തോത്രം.
Col 1:13 He has delivered (past tense) us from the domain of darkness and transferred (past tense) us to the kingdom of his beloved Son,
അന്ന് യെഹൂദ്യരായിരുന്നു അബ്രഹാമിൻറെ മക്കൾ എങ്കിൽ ഇപ്പോൾ വിശ്വാസികൾ എല്ലാവരും അബ്രഹാമിൻറെ മക്കളാണ്. അദ്ദേഹത്തിൻറെ മടിയിൽ ഇരിക്കുന്നവരോ, അദ്ദേഹത്തോടൊപ്പം പന്തിയിരിക്കുന്നവരോ ആണ്.
ഗലാ 3:29 ക്രിസ്തുവിനുള്ളവര്‍ എങ്കിൽ നിങ്ങള്‍ അബ്രാഹമിന്‍റെ സന്തതിയും വാഗ്ദത്ത പ്രകാരം അവകാശികളും ആകുന്നു.
ഗലാ 3:7 അതുകൊണ്ട് വിശ്വാസികള്‍ ആണ് അബ്രാഹമിന്‍റെ മക്കള്‍ എന്ന് അറിയുവിന്‍.

ക്രിസ്തബ്ദം 70ൽ യെരൂശലേം നശിപ്പിക്കപ്പെട്ടപ്പോൾ (ചിത്രകാരൻറെ ഭാവന)
നാം അബ്രഹാമിൻറെ മക്കളായി അദ്ദേഹത്തിൻറെ മടിയിലിരിക്കുവാനോ, കൂടെ പന്തിയിരിക്കുവാനോ അർഹത നേടിയപ്പോൾ അതുവരെ രാജ്യത്തിൻറെ പുത്രരായിരുന്നവർ പുറന്തള്ളപ്പെട്ടു. ഇങ്ങനെ പുറന്തള്ളപ്പെട്ടു എന്നത് പ്രകടമായത് ക്രിസ്തബ്ദം 70ൽ (70 AD) യെരൂശലേമും അവരുടെ രാജ്യവും സമ്പദ്‍വ്യവസ്ഥയും നാശമായി,  ദേവാലയം നശിപ്പിക്കപ്പെടുകയും, അവരിൽ 11 ലക്ഷം പേർ കൊല്ലപ്പെടുകയും, വളരെയധികം പേർ അടിമകളായി പിടിക്കപ്പെടുകയും, നാടുവിട്ടോടുകയും ചെയ്തപ്പോൾ. ആ ദുർഗ്ഗതിയിൽ നിന്നും രക്ഷപെടുവാനാണ് തൻറെ 5 സഹോദരന്മാരുടെ അടുത്തേക്ക് മരിച്ചവരിൽ നിന്നും ഉയിർത്ത ആരെയെങ്കിലും അയയ്ക്കുവാൻ ധനികൻ ആവശ്യപ്പെട്ടത്. യേശുവിനെ വിശ്വസിച്ച് ക്രൈസ്തവരായ യെഹൂദരും ഇതരരും യെരൂശലേമിൻറെ നാശത്തിൽ ഉൾപ്പെടാതെ ദെക്കപ്പൊലിയിലുള്ള പെല്ലാ എന്ന സ്ഥലത്തേക്ക് ഓടി രക്ഷപെട്ടു. (അന്ന് യെഹൂദ്യർക്കുണ്ടായ നാശനഷ്ടങ്ങളെ പറ്റി ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന  ഫ്ലേവിയസ് ജോസഫസിൻറെ യൂദന്മാരുടെ യുദ്ധങ്ങൾ എന്ന സമാഹാരത്തിലെ ആറാം പുസ്തകത്തിൽ കാണാം.)

യേശുവിൻറെ ഭൂമിയിലെ ശുശ്രൂഷയിൽ ഉടനീളം അവിടന്ന് സാധാരണക്കാരോടും, ചുങ്കക്കാരോടും, പാപികളോടും, വേശ്യകളോടും ഇടപെട്ടിരുന്നു. അവരിൽ ചിലരോട് മേലിൽ പാപം ചെയ്യരുതെന്നോ, നിൻറെ പാപങ്ങൾ നിന്നോട് ക്ഷമിച്ചിരിക്കുന്നു എന്നോ അല്ലാതെ, അവരെല്ലാം നരകത്തിൽ പതിക്കും എന്ന് താക്കീത് ചെയ്തിട്ടില്ല. അവരെ കഠിനമായി ഭർത്സിച്ചിട്ടില്ല. അതേ സമയം മതമേധാവികളുമായുള്ള അവിടത്തെ ഓരോ ഇടപെടലും തീപ്പൊരി പറക്കുന്ന ഏറ്റുമുട്ടലുകളായിരുന്നു. യെഹെസ്കേലും യിരെമ്യാവും എങ്ങനെ അവരുടെ സമകാലീനരായ യിസ്രായേല്യരോട് അവർക്ക് അപ്പോൾ വരുവാനിരുന്ന വിപത്തിനെ പറ്റി താക്കീതുചെയ്തുകൊണ്ടിരുന്നോ, അതുപോലെ തന്നെ യേശുവും തൻറെ സമകാലീനരായ യെഹൂദ്യരോട് അവർക്ക് അപ്പോൾ വരുവാനിരുന്ന വിപത്തിനെ പറ്റി താക്കീതുചെയ്തുകൊണ്ടിരുന്നു. (വേദപുസ്തകത്തിൽ ഏറ്റവുമധികം തവണ “മനുഷ്യപുത്രൻ” എന്ന് സംബോധന ചെയ്യപ്പെട്ടിട്ടുള്ളത് യെഹെസ്കേൽ ആണ് എന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? - 93 തവണ. യേശു അങ്ങനെ സംബോധന ചെയ്തത്/ചെയ്യപ്പെട്ടത് 88 തവണ. ഇതൊന്നും യാദൃച്ഛികമല്ല.)

ഇത് വായിക്കുന്നതിന് മുമ്പും പിമ്പും ഇയാൾ പ്രെട്രിസം (Preterism) എന്ന ദൈവദൂഷണമാണ് അവതരിപ്പിക്കുന്നത് എന്ന് കരുതുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും അനുമോദനങ്ങൾ, ഹൃദയം നിറഞ്ഞ നന്ദി. മാർട്ടിൻ ലൂതർ പ്രോട്ടസ്റ്റെൻറ് പ്രസ്ഥാനം തുടങ്ങിയപ്പോൾ കത്തോലിക്കരും അങ്ങനെ തന്നെയാണ് പെരുമാറിയത്. നിങ്ങളിൽ പലരും കൃപയെ പറ്റി പ്രസംഗിക്കുവാൻ തുടങ്ങിയപ്പോൾ നിങ്ങൾ പാപം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറഞ്ഞവരെ മറക്കരുത്.
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

ആക്ഷേപങ്ങൾക്ക് മറുപടി:

#1 ഇതാണോ ദൈവരാജ്യം?
മഹാപുരോഹിതരുടെയും പരീശരുടെയും പക്കൽ ഉണ്ടായിരുന്നപ്പോൾ ഏതായിരുന്നു ദൈവരാജ്യം? (മത്താ 21:43)
#2 ദൈവരാജ്യവും സ്വർഗ്ഗരാജ്യവും വേറെവേറെയല്ലേ?
എപ്പോഴെങ്കിലും മത്തായി 13ലെയും ലൂക്കാ 13ലെയും രാജ്യത്തിൻറെ ഉപമകൾ താരതമ്യം ചെയ്ത് പഠിച്ചിട്ടുണ്ടോ?
#3 കൊലൊ 1:13ൽ പുത്രന്‍റെ രാജ്യം എന്നല്ലേ എഴുതിയിരിക്കുന്നത്?
ലൂക്കാ 9:26-27, മത്താ 16:29 എന്നീ വചനങ്ങൾ താരതമ്യം ചെയ്യുക.
#4 സ്വർഗ്ഗരാജ്യം സ്വർഗ്ഗത്തിൽ അല്ലേ?
അല്ല, മത്തായിയുടെ സുവിശേഷത്തിൽ മാത്രമാണ്.
ദൈവരാജ്യം നിങ്ങളുടെ ഉള്ളിലാണ് (ലൂക്കാ 17:21, “ഇടയിൽ” എന്നത് തെറ്റായ പരിഭാഷയാണ്. അതേ ഗ്രീക്ക് വാക്ക് ഉപയോഗിച്ചിട്ടുള്ള മത്താ 23:26ൽ കിണ്ടി, കിണ്ണങ്ങളുടെ “ഇടയിൽ” വെടിപ്പാക്കുന്നതിനെ പറ്റി അല്ലല്ലോ പറഞ്ഞിരിക്കുന്നത്? ഉൾവശം വെടിപ്പാക്കുന്നതിനെ പറ്റി അല്ലേ?)

2 comments: