Thursday, May 26, 2016

മത്തായി 18:15-20, പിന്നെ വേദവചനങ്ങളുടെ ദുരുപയോഗവും.

ക്രിസ്തുവിൽ പ്രിയരേ,

ഇതിന് മുമ്പ് എഴുതിയ ലേഖനത്തിൽ മത്തായി 18:15-20 1കൊരി 5:1-5ന് സമാന്തരമായ വേദഭാഗമാണ് എന്ന് പരാമർശിച്ചിരുന്നല്ലോ. ഈ വേദഭാഗങ്ങൾ തമ്മിലുള്ള സാജാത്യ വൈജാത്യങ്ങൾ കാണിച്ചുതരിക എന്നതാണ് ഈ ലേഖനത്തിൻറെ ഉദ്ദേശ്യം.



നിരനിരയായി നിൽക്കുന്ന കെട്ടിടങ്ങളുടെ മുകളിൽ നിൽക്കുന്ന ഗൊറില്ലകൾ പരസ്പരം നേന്ത്രക്കായകൊണ്ട് എറിയുന്ന ഒരു കമ്പ്യൂട്ടർ ഗെയിം ഉണ്ട്. ഏറ് കൊണ്ടാൽ എറിഞ്ഞവൻ കൈകൊട്ടി ചിരിക്കും, ഉന്നം തെറ്റിയാൽ പ്രതിയോഗി ഫൂ, ഫൂ എന്ന് കളിയാക്കും. വേദവചനങ്ങൾ അവയുടെ സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത് പരസ്പരം എറിയുവാനുള്ള നേന്ത്രക്കായകളാണ് എന്ന രീതിയിലാണ് പലരും പെരുമാറുന്നത്.


കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌ നല്ല ഒരു എഴുത്തുകാരനും ആയിരുന്നു. അദ്ദേഹത്തിൻറെ എഴുത്തിൻറെ ഒരു പ്രത്യേകത, ഒരേ ലേഖനത്തിലെ ഒരു ഖണ്ഡികയും (paragraph) അടുത്ത ഖണ്ഡികയുമായി ഒരു ബന്ധവും ഉണ്ടായിരിക്കില്ല എന്നതാണ്. ഒരിക്കൽ ഒരു നിരൂപകൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: ഇ.എം.എസ്‌. ഖണ്ഡികകളായി ചിന്തിക്കുന്നു. പല ക്രൈസ്തവരുടേയും ധാരണ യേശു പരസ്പരബന്ധമില്ലാത്ത വചനങ്ങളായി സംസാരിച്ചിരുന്നു എന്നാണ്. പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സ്റ്റീഫൻ ലാങ്‍ടൺ എന്ന ആൾ വേദപുസ്തകത്തെ അദ്ധ്യായങ്ങളായും, പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന റോബെർട്ട് സ്റ്റെഫാനസ് എന്ന ആൾ വചനങ്ങളായും പിരിച്ചു. അങ്ങനെയാണ് ദൈവവചനം നമുക്ക് പരസ്പരം എറിയുവാൻ പറ്റിയ നേന്ത്രക്കാ പരുവത്തിൽ ആയത്.

മത്തായി 18:19, 20 വചനങ്ങൾ ഇത്തരത്തിൽ വളരെയധികം ദുരുപയോഗം ചെയ്യപ്പെടുന്നവയാണ്. ഈ വചനങ്ങളുടെ സന്ദർഭം പരിശോധിക്കുക എന്നതും ഈ ലേഖനത്തിൻറെ ലക്ഷ്യങ്ങളിൽ ഒന്നാണ്.

മത്തായി 18:15-20ൻറെ സന്ദർഭം.


ഈ വേദഭാഗത്തിൻറെ സന്ദർഭം രണ്ട് സഹോദരന്മാർക്ക് ഇടയിൽ ഗുരുതരമായ വഴക്കോ തർക്കമോ ഉണ്ടായാൽ എങ്ങനെ പരിഹരിക്കണം എന്നതാണ്. തർക്കം പരിഹരിക്കുന്നതിന് മൂന്ന് നടപടികളാണ് (ഘട്ടങ്ങളാണ്) യേശു നിർദ്ദേശിക്കുന്നത്.  ഈ വചനങ്ങൾ എങ്ങനെയൊക്കെ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്നതും വിവരണത്തിൽ ഉണ്ട്.

 നടപടി #1:

മത്താ 18:15 നിന്‍റെ സഹോദരന്‍ നിന്നോട് പിഴച്ചാല്‍ (തെറ്റുചെയ്താൽ) നീ ചെന്ന്, നീയും അവനും മാത്രം ഉള്ളപ്പോള്‍ കുറ്റം അവന് ബോധ്യംവരുത്തുക; അവന്‍ നിന്‍റെ വാക്ക് കേട്ടാല്‍ നീ സഹോദരനെ നേടി.
അവൻ മുമ്പുതന്നെ നിൻറെ സഹോദരനായിരുന്നു. ഒരു തർക്കമോ വഴക്കോ ഉണ്ടായാൽ സഹോദരൻ അല്ലാതായി മാറുമോ? സഹോദരനെ നേടി എന്ന് പറയുമ്പോൾ സഹോദരനെ നഷ്ടപ്പെടുവാനുള്ള ഒരു സാദ്ധ്യത ഉണ്ടെന്നല്ലേ അർത്ഥം? അതെങ്ങനെയാണ് എന്ന് മുന്നോട്ടുള്ള വചനങ്ങളിൽ കാണാം.

നടപടി #2

മത്താ 18:16 കേള്‍ക്കാതിരുന്നാല്‍ 2, 3 സാക്ഷികളുടെ വായാല്‍ സകല കാര്യവും ഉറപ്പാകേണ്ടതിന് ഒന്നുരണ്ട് പേരെ കൂട്ടിക്കൊണ്ട് ചെല്ലുക.
നീ നേരിട്ടുചെന്ന് അനുരഞ്ജനത്തിന് ശ്രമിച്ചിട്ട് നിൻറെ സഹോദരൻ അനുരഞ്ജനത്തിന് തയ്യാറാകാതിരുന്നാൽ സഹോദരന്മാരിൽ 2, 3 പേരോട് കൂടെ അവനുമായി സംസാരിക്കുക. (ഏതെങ്കിലും 2,3 പേരല്ല.)

ഈ വേദഭാഗത്തിൽ ഏറ്റവുമധികം ദുരുപയോഗം ചെയ്യപ്പെടുന്ന ഭാഗമാണ് “2, 3 സാക്ഷികളുടെ വായാല്‍ സകല കാര്യവും ഉറപ്പാകേണ്ടതിന്”. ചില ക്രൈസ്തവർ ഏതെങ്കിലും ഒരു തത്വത്തിന് നിദാനമായി ഒരു വചനം കാണിച്ചുകൊടുത്താൽ അത് ഒരു ഒറ്റപ്പെട്ട വചനമാണ് വേദപുസ്തകത്തിൽ വേറെ എവിടെയും അത്തരം വചനമില്ല, എല്ലാത്തിനും 2, 3 സാക്ഷികൾ വേണം എന്ന് ഈ വചനത്തിൻറെ അടിസ്ഥാനത്തിൽ വാദിക്കും. അതിനെപ്പറ്റിയാണോ ഈ വചനം? അവരുടെ സിദ്ധാന്തം ശരിയാണെങ്കിൽ യോഹന്നാൻറെ സുവിശേഷം ഉപയോഗയോഗ്യമല്ല, കാരണം, അതിലുള്ള 90% കാര്യങ്ങളും ഇതര സുവിശേഷങ്ങളിൽ ഇല്ല. ഉദാഹരണം: കാനായിലെ കല്യാണം (യോഹ 2), കല്ലെറിയുവാൻ കൊണ്ടുവന്ന വേശ്യ (യോഹ 8).

നടപടി #3

മത്താ 18:17 അവരെ കൂട്ടാക്കാതിരുന്നാല്‍ സഭയോട് അറിയിക്കുക; സഭയെയും കൂട്ടാക്കാതിരുന്നാല്‍ അവന്‍ നിനക്ക് പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ഇരിക്കട്ടെ.
നീ 2, 3 സഹോദരന്മാരോട് കൂടെ നിന്നോട് വഴക്കിട്ട സഹോദരനോട് സംസാരിച്ചിട്ടും അവൻ അനുരഞ്ജനത്തിന് തയ്യാറാകാതിരുന്നാൽ വിഷയം സഭയിൽ അവതരിപ്പിക്കുക. അവൻ സഭയുടെ ഉപദേശം കൈക്കൊള്ളാതിരുന്നാലോ? “അവന്‍ നിനക്ക് പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ഇരിക്കട്ടെ.”
ആ പദപ്രയോഗത്തിൻറെ അർത്ഥം മനസ്സിലായോ? ഇല്ലേ? അവനെ സഭയിൽ നിന്നും പുറത്താക്കുക. ഇനിമുതൽ അവൻ നിനക്ക് സഹോദരനല്ല. ഇതാണ് “അവന്‍ നിന്‍റെ വാക്ക് കേട്ടാല്‍ നീ സഹോദരനെ നേടി” എന്ന് പറയുവാൻ കാരണം. അവനെ സഭയിൽ നിന്നും ഭ്രഷ്ടനാക്കിയാൽ നിനക്ക് ഒരു സഹോദരനെ നഷ്ടമാകും.

ഒരാളെ സഭയിൽ നിന്നും പുറത്താക്കുക എന്നത് അത്യധികം കഠിനവും വേദനാജനകവുമായ നടപടിയാണ്. അത്തരം ഒരു നടപടി സ്വീകരിക്കുന്നതിന് മുമ്പ് അത് ഒഴിവാക്കുവാൻ കഴിയുന്നതെല്ലാം ചെയ്യണം.
മത്താ 18:18 നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിഞ്ഞിരിക്കും എന്ന് ഞാന്‍ സത്യമായി നിങ്ങളോട് പറയുന്നു.
ഈ വചനമാണ് ഏറ്റവും ദുരുപയോഗം ചെയ്യപ്പെടുന്നത്. ഇതുപയോഗിച്ച് കത്തോലിക്കർ കുമ്പസാരവും പാപമോചനവും നൽകുന്നു. ഇതര ക്രൈസ്തവർ സഭയിലെ മൂപ്പന്മാരുടെ (പാസ്റ്റർമാർ, ബോധകന്മാർ) എന്നിവരുടെ അപ്രമാദിത്വം അരക്കിട്ടുറപ്പിക്കുവാൻ ഉപയോഗിക്കുന്നു.

ഇത് ഒന്നോ രണ്ടോ പേർ എടുക്കുന്ന തീരുമാനത്തെ പറ്റിയല്ല എന്നത് ശ്രദ്ധിക്കുക. സഭ ഒന്നായി, ഏകമനസ്സോടെയും ഏകകണ്‌ഠമായും എടുക്കുന്ന തീരുമാനത്തെ പറ്റിയാണ്.  അതുകൊണ്ടുതന്നെ, പുരോഹിതന്മാരുടെയോ, മൂപ്പന്മാരുടെയോ തീരുമാനങ്ങളെ സാധൂകരിക്കുവാൻ ഈ വചനം ഉപയോഗിക്കുന്നത് തെറ്റാണ്.

നിങ്ങൾ ഏകകണ്‌ഠമായി എടുക്കുന്ന തീരുമാനത്തിന് ദൈവീകമായ അംഗീകാരമുണ്ട് എന്നാണ് ഈ വചനത്തിൻറെ കരുത്ത്.
മത്താ 18:19 ഭൂമിയില്‍ വെച്ചു നിങ്ങളില്‍ 2 പേര്‍ യാചിക്കുന്ന ഏത് കാര്യത്തിലും ഐക്യപ്പെട്ടാല്‍ അത് സ്വര്‍ഗസ്ഥനായ എന്‍റെ പിതാവില്‍ നിന്നും അവര്‍ക്കും ലഭിക്കും;
ഈ വചനത്തിൻറെ അടിസ്ഥാനത്തിൽ പല കാര്യങ്ങളെ പറ്റിയും നമ്മളിൽ പലരും ഒന്നുചേർന്ന് പ്രാർത്ഥിച്ചിച്ചിട്ടില്ലേ? പ്രാർത്ഥനാ യോഗങ്ങൾ നടത്തിയിട്ടില്ലേ? അപ്പോഴൊക്കെ ഓർത്തിരുന്നോ ഇത് തെറ്റായി പരിഭാഷപ്പെടുത്തിയ വചനമാണെന്നും അതിൻറെ സന്ദർഭം ഒരാളെ സഭയിൽ നിന്നും പുറത്താക്കുന്നതാണെന്നും?

ഈ വചനത്തിൽ കാണപ്പെടുന്ന യാചിക്കലും ലഭിക്കലും പരിഭാഷകരുടെ വകയാണ്. ഇംഗ്ലീഷ് പരിഭാഷ കാണുക:

Mat 18:19 Again I say unto you, That if two of you shall agree on earth as touching anything that they shall ask, it shall be done for them of my Father which is in heaven.

ഭൂമിയിൽ നിങ്ങളിൽ രണ്ടുപേർ ഏകമനസ്സോടെ  ചോദിക്കുന്ന ഏതുകാര്യവും സ്വർഗ്ഗത്തിലുള്ള എൻറെ പിതാവ് നിർവഹിക്കും എന്നാണ് ഏകദേശ പരിഭാഷ. ഇവിടെ begging, receiving മുതലായ വാക്കുകൾ ഇല്ല.

ഈ വചനം ഒരാളെ സഭയിൽ നിന്നും പുറത്താക്കുന്നതിനെ പറ്റിയാണ് എന്ന് മനസ്സിലാക്കുമ്പോൾ അത് കൂട്ടപ്രാർത്ഥന നടത്തി, ദൈവത്തെ ഘെരാവോ ചെയ്ത് കാര്യം സാധിക്കുവാനുള്ളതല്ല എന്നത് വ്യക്തമാകും.

കൂട്ടപ്രാർത്ഥന നടത്തരുത് എന്നല്ല ഞാൻ പറയുന്നത്, ഈ വചനം അതിനെപറ്റിയല്ല എന്നാണ് പറഞ്ഞതിൻറെ അർത്ഥം. (ഒരുപക്ഷേ, ആരെങ്കിലും ഞാൻ എഴുതിയതിനെ സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത് ഉപയോഗിക്കുമോ എന്ന സംശയം ഇല്ലാതില്ല.)

ഇതിന് മുമ്പുള്ള വചനത്തിൽ പറഞ്ഞിട്ടുള്ളത് പോലെ നിങ്ങൾ ഏകകണ്ഠമായി എടുക്കുന്ന തീരുമാനത്തിന് ദൈവികമായ അംഗീകാരം ഉണ്ടെന്നാണ് ഈ വചനത്തിൻറെയും വിവക്ഷ.
മത്താ 18:20 രണ്ടോ മൂന്നോ പേര്‍ എന്‍റെ നാമത്തില്‍ കൂടിവരുന്നിടത്തെല്ലാം ഞാന്‍ അവരുടെ നടുവില്‍ ഉണ്ട് എന്നും ഞാന്‍ നിങ്ങളോട് പറയുന്നു.
ഈ വാക്യത്തിൻറെ സാമാന്യമായ ദുരുപയോഗം സഭായോഗത്തിന് വരുന്നതിൽ നിന്നും വിട്ടുനിൽക്കരുത് എന്ന് പഠിപ്പിക്കുവാനാണ്. അല്ലെങ്കിൽ, സഭയിൽ യേശു സന്നിഹിതനായിരിക്കും എന്ന് തെളിയിക്കുവാനാണ്.

“മഹത്വത്തിന്‍റെ പ്രത്യാശയായ ക്രിസ്തു നിങ്ങളില്‍ ഇരിക്കുന്നു” എന്ന് കൊലൊ 1:27ൽ എഴുതപ്പെട്ടിരിക്കുന്നു.

അങ്ങനെ നിങ്ങളിൽ വാസമായിരിക്കുന്ന ക്രിസ്തു. നിങ്ങൾ രണ്ടോ മൂന്നോ പേർ കൂടിവരുമ്പോൾ നിങ്ങളുടെ ഉള്ളിൽ നിന്നും കുതിച്ചുചാടി, നിങ്ങളുടെ നടുവിൽ നിൽക്കുമോ?

1കൊരി 5:4ൽ നാം കണ്ടത് പോലെ സഭ ഒന്നടങ്കം ഒരു തീരുമാനമെടുക്കുമ്പോൾ ദൈവപിതാവിൻറെയും യേശുവിൻറെയും സാന്നിദ്ധ്യവും അംഗീകാരവും ആ തീരുമാനത്തിന് ഉണ്ടായിരിക്കും എന്നതാണ് മത്താ 18:19, 20 വചനങ്ങളുടെ അർത്ഥം.

അത്യുന്നതന്‍ കൈപ്പണിയായതില്‍ വസിക്കുന്നില്ല. (അപ്പൊ 7:48) അത് കത്തോലിക്കരുടെ പള്ളിയായിരുന്നാലും, ഇതര ക്രൈസ്തവരുടെ സഭാമന്ദിരം ആയിരുന്നാലും.

1കൊരി 3:16 നിങ്ങള്‍ ദൈവത്തിന്‍റെ മന്ദിരം എന്നും ദൈവത്തിന്‍റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നു എന്നും അറിയുന്നില്ലേ?

1കൊരി 6:19 ... പരിശുദ്ധാത്മാവിന്‍റെ മന്ദിരമാണ് നിങ്ങളുടെ ശരീരം ... എന്ന് അറിയുന്നില്ലേ?

സഭയായി കൂടിവരേണ്ട എന്നാണോ ഇയാൾ പറയുന്നത്? എന്ന് ചോദിച്ചേക്കാം. തീർച്ചയായും കൂടിവരണം. അങ്ങനെ കൂടിവരുന്നത് ആ ഉദ്ദേശ്യത്തോടെ നിർമ്മിച്ച കെട്ടിടങ്ങളിൽ ആയിരിക്കണമെന്ന് പുതിയനിയമത്തിൽ ഉണ്ടോ?

ആദിമസഭ വീടുകളിലാണ് ചേർന്നുവന്നിരുന്നത് എന്ന് റോമ 16:5; 1കൊരി 16:19; കൊലൊ 4:15; 1തിമോ 3:5, 15; ഫിലേ 1:2; എന്നീ വചനങ്ങൾ സൂചിപ്പിക്കുന്നു.

സഭ (church) എന്ന് പരിഭാഷപ്പെടുത്തിയിട്ടുള്ള ἐκκλησία (ek-klay-see'-ah സ്ട്രോങ്‍സ് ക്രമസംഖ്യ G1577) എന്ന ഗ്രീക്ക് വാക്കിന് വിളിച്ച് വേർതിരിക്കപ്പെട്ടവർ,  എന്നതാണ് അർത്ഥം. അതിന് ഒരു കെട്ടിടം എന്നോ, സ്ഥാപനം എന്നോ അർത്ഥമില്ല.

ഇതേ വാക്ക് അപ്പൊ 19:32ൽ പൌലോസിന് എതിരായി കൂടിവന്നവരെ സൂചിപ്പിക്കുവാൻ  “ജനസംഘം” (ബി.ജെ.പിയുടെ മുൻ അവതാരമല്ല) എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഇതേ വാക്കാണ്. അതായത് ഈ വാക്കിന് ഏതെങ്കിലും ഉദ്ദേശ്യത്തിനായി കൂടിവന്നവർ എന്നേ അർത്ഥമുള്ളൂ. അപ്പോ 19:39ൽ എഫെസൊസ് പട്ടണത്തിന്‍റെ മേനവന്‍ പൌലോസിനെ പറ്റിയുള്ള പരാതികൾ ധര്‍മ്മസഭയിൽ (lawful assembly) തീര്‍ക്കാം എന്ന് പറയുവാൻ ഇതേ വാക്ക് ഉപയോഗിച്ചപ്പോൾ അത് ഒരു ആരാധനാ മന്ദിരത്തെയല്ലല്ലോ ഉദ്ദേശിച്ചത്?

1കൊരി 5:1-5നും മത്താ 18:15-20നും  ഉള്ള ബന്ധം.

ഈ രണ്ട് വേദഭാഗങ്ങളും സഭയിലെ ഒരു അംഗത്തിനെ പുറത്താക്കുന്നതിനെ പറ്റിയാണ്. മത്തായി 20ൽ മൂന്ന് ഘട്ടങ്ങളോ, നടപടികളോ നിർദ്ദേശിച്ചിരിക്കുന്നതിന് കാരണം ഒരു വാദിയും (നിങ്ങൾ) പ്രതിയും (നിങ്ങളോട് വഴക്കുള്ള സഹോദരൻ) ഉള്ളതിനാലാണ്. 1കൊരി 5ൽ പ്രതി മാത്രമേയുള്ളൂ (ദുർന്നടപ്പുകാരൻ), തന്നെയുമല്ല, അയാളുടെ കുറ്റം സഭയ്ക്ക് അറിയാം. മൂന്നാമത്തെ നടപടിക്ക് - സഭ ഏകകണ്ഠമായി, ഏകമനസോടെ നടപ്പാക്കുന്ന സഭയ്ക്ക് പുറത്താക്കലിന് യേശുവിൻറെ അംഗീകാരം ഉണ്ട്.

മത്തായി 20ലെ അധികാരം ഉപയോഗിച്ച് സഭയിൽ നിന്നും ആരെയെങ്കിലും പുറത്താക്കുന്നതിന് മുമ്പ് ഓർക്കുക: 1കൊരി 5ൽ വ്യഭിചാരത്തേക്കാൾ ഹീനമായ അഗമ്യഗമനം (incest) നടത്തിയ ആളെയാണ് പുറത്താക്കിയത്. മത്തായി 18ൽ രണ്ട് സഹോദരന്മാർ തമ്മിലുള്ള തീർത്താൽ തീരാത്ത പ്രശ്നത്തിനാണ് പുറത്താക്കിയത്. സഭയുടെ വിശ്വാസപ്രമാണങ്ങളെ അംഗീകരിക്കാത്തതിനോ, ഉപദേശിമാരുടെ ദൈവശാസ്ത്രപരമോ, പ്രബോധനപരമോ ആയ അഭിപ്രായങ്ങളോട് വിയോജിപ്പുള്ളതിനോ അല്ല.

ഞാൻ ഇവിടെ എഴുതുന്ന കാര്യങ്ങൾ പുതിയതോ ഏതെങ്കിലും ഇസവുമായി (സിദ്ധാന്തവുമായി) ബന്ധപ്പെട്ടതോ അല്ല. www.biblehub.comൽ ഈ വചനങ്ങൾക്ക് വിവിധ പണ്ഡിതന്മാർ എഴുതിയ വ്യാഖ്യാനങ്ങൾ വായിച്ചാൽ 60-80% പണ്ഡിതരും ഇതേ അഭിപ്രായങ്ങൾ തെളിവുസഹിതം പ്രകടിപ്പിക്കുന്നത് കാണാം. ഇതിനുമുമ്പ് ഞാൻ എഴുതിയ ഒരു ലേഖനത്തിൻറെ കമൻറുകളിൽ ഒരു സഹോദരൻ ഇത് ഇന്ന ഇസമാണ് എന്ന് അവഹേളിക്കുന്ന തരത്തിൽ എഴുതിയിരിക്കുന്നത് കണ്ടു. അദ്ദേഹത്തിന് ഞാൻ എഴുതിയതിനെ ദൈവവചനത്താലോ , ചരിത്രത്താലോ, യുക്തിയാലോ ഖണ്ഡിക്കുവാൻ കഴിയാത്തതിനാലാവാം. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.


ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

No comments:

Post a Comment