Sunday, June 5, 2016

വേദപുസ്തകത്തിലുള്ളത് യുഗാന്ത്യമാണ്, ലോകാവസാനമല്ല.

ക്രിസ്തുവിൽ പ്രിയരേ,

ഒരു നൂറ്റാണ്ടിൽ 4 തലമുറകൾ എന്ന് കണക്കുകൂട്ടിയാൽ (എൻറെ മുത്തച്ഛനും, എൻറെ അപ്പനും, ഞാനും, എൻറെ മകനും ഇരുപതാം നൂറ്റാണ്ടിൽ പിറന്നവരാണ്), കഴിഞ്ഞ 20 നൂറ്റാണ്ടുകളായി 80ൽ അധികം തലമുറകൾ കടന്നുപോയി. ഈ ഓരോ തലമുറകളും അവരുടെ ചുറ്റിലും അന്യായങ്ങളും, അതിക്രമങ്ങളും, പ്രകൃതിക്ഷോഭങ്ങളും നടക്കുന്നത് കാണുമ്പോൾ “അന്ത്യനാളുകളിൽ ഇങ്ങനെയൊക്കെ നടക്കും”, “ലോകാവസാനം അടുത്തു” എന്നൊക്കെ പറഞ്ഞിരിക്കില്ലേ? എവിടെയെങ്കിലും കൂട്ട ബലാൽസംഗമോ, കൂട്ടക്കൊലയോ, ഭൂകമ്പമോ ഉണ്ടായതിൻറെ വാർത്തകൾ ടി.വിയിലോ, മാധ്യമങ്ങളിലോ കാണുമ്പോൾ ഭൂരിപക്ഷം ക്രൈസ്തവരും ഇതാ ലോകാവസാനം അടുത്തെത്തി എന്ന് മനസ്സിൽ കരുതാറില്ലേ? ഫേസ്‍ബുക്കിലും, യൂട്യൂബിലും അന്ത്യകാലത്തെ പറ്റി എഴുതാറില്ലേ, വീഡിയോകൾ പ്രചരിപ്പിക്കാറില്ലേ?

ഈ 80ൽ അധികം തലമുറകൾ അന്ത്യകാലം, ലോകാവസാനം എന്നൊക്കെ അലമുറയിട്ടിട്ടും എന്തേ ഒന്നും സംഭവിച്ചില്ല? എത്രയോ വേദപണ്ഡിതന്മാർ 1844ൽ, 1874ൽ, 1914ൽ, 1960ൽ, 1988ൽ, 2000ൽ, 2012ൽ ... ലോകാവസാനം എന്നെല്ലാം പ്രവചിച്ചിട്ടും എന്തേ ഒന്നും നടന്നില്ല? ഇതുവരെ 500ൽ അധികം ലോകാവസാനങ്ങൾ കഴിഞ്ഞു. ഞാൻ ജനിച്ച 1960 മുതൽ ഇന്നുവരെ 75 ലോകാവസാനങ്ങൾ കഴിഞ്ഞു. ഈ തിയതികൾ നിശ്ചയിച്ചവരെല്ലാം വേദപുസ്തകമാണ് അടിസ്ഥാനം എന്നാണ് അവകാശപ്പെട്ടത്. എന്തുകൊണ്ട് ഈ പണ്ഡിതന്മാർ പ്രവചിച്ചതൊന്നും നടന്നില്ല? തീർന്നിട്ടില്ല, 2033ലും, 2034ലും നടക്കുവാൻ പോകുന്ന കോലാഹലങ്ങൾ കാണുവാൻ നമ്മിൽ പലരും ബാക്കിയുണ്ടാകും. അന്നും ഒന്നും നടക്കില്ല.

ഇപ്പോൾ നിങ്ങൾക്ക് എൻറെ നേരെ വീശി എറിയുവാൻ തോന്നുന്ന വേദവചനം ഞാൻ പറഞ്ഞുതരാം:
2പത്രോ 3:4 പിതാക്കന്മാര്‍ നിദ്രകൊണ്ട ശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തില്‍ ഇരുന്നത് പോലെ തന്നേ ഇരിക്കുന്നു എന്ന് പറഞ്ഞ്, സ്വന്തം മോഹങ്ങൾ അനുസരിച്ച് നടക്കുന്ന പരിഹാസികള്‍ പരിഹാസത്തോടെ അന്ത്യകാലത്ത് വരും എന്ന് പ്രത്യേകം അറിഞ്ഞുകൊള്ളുവിന്‍.
  • “പിതാക്കന്മാര്‍ നിദ്രകൊണ്ട ശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തില്‍ ഇരുന്നത് പോലെ തന്നേ ഇരിക്കുന്നു” എന്ന് ഞാൻ പറയുന്നില്ല.
  • ലേഖനത്തിൻറെ ഒടുവിൽ ഈ വചനം ഒന്നാം നൂറ്റാണ്ടിൽ നിറവേറി എന്ന് വേദപുസ്തകത്തിൽ നിന്നും തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട്, ദയവായി, ഈ വചനം ദുരുപയോഗം ചെയ്യാതിരിക്കുക.

ടി.വിയിൽ നിന്നുമല്ല, വേദപുസ്തകം വേദപുസ്തകത്തിൽ നിന്നും പഠിക്കുക.


ടി.വിയിൽ അതിക്രമങ്ങളെയും, പ്രകൃതിക്ഷോഭങ്ങളെയും പറ്റിയുള്ള വാർത്തകൾ നിങ്ങൾ കാണുമ്പോഴൊക്കെ ലോകാവസാനമോ ക്രിസ്തുവിൻറെ രണ്ടാംവരവോ സംഭവിക്കും എന്ന് വേദപുസ്തകത്തിൽ എവിടെയും ഇല്ല. ഹിറ്റ്ലറിൻറെ കാലത്ത് ജർമ്മനിയിലും പോളണ്ടിലും ഓസ്ട്രിയയിലുമായി 60 ലക്ഷം മനുഷ്യർ (അധികവും യെഹൂദർ) കൂട്ടക്കുരുതി ചെയ്യപ്പെട്ടതിനേക്കാൾ വലിയ അതിക്രമം ഇപ്പോൾ നടക്കുന്നില്ലല്ലോ? അന്ന് നടക്കാതിരുന്ന ലോകാവസാനം ഇപ്പോൾ നടക്കുമെന്ന് കരുതുവാൻ യുക്തമായ കാരണങ്ങൾ ഉണ്ടോ?

അന്ത്യകാലത്ത് പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകും എന്നല്ലാതെ പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുന്നത് അന്ത്യകാലത്തിൻറെ ലക്ഷണമാണ് എന്ന് വേദപുസ്തകത്തിൽ ഇല്ല. ഒരു മഴപെയ്താൽ എനിക്ക് തുമ്മൽ വരും എന്നതിന് എനിക്ക് തുമ്മൽ വന്നാൽ മഴ പെയ്യും എന്ന് എനിക്ക് അറിയാവുന്ന മലയാളത്തിൽ അർത്ഥമില്ല.

വേദപുസ്തകത്തിലെ ലോകാവസാനം.

വേദപുസ്തകത്തിലെ ഏറ്റവും വിഖ്യാതമായ “ലോകാവസാനം” മത്തായി 24:3ൽ ആണ്. ഈ വചനം അനവധി പണ്ഡിതന്മാർ തലനാരിഴ പിരിച്ച് പരിശോധിച്ച് അവരുടെ സിദ്ധാന്തങ്ങൾ രൂപീകരിച്ചതാണ്. ഈ വചനത്തിൽ ലോകാവസാനം എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്കുകൾ പരിശോധിക്കാം.
മത്താ 24:3 യേശു ഒലിവ് മലയില്‍ ഇരിക്കുമ്പോള്‍ ശിഷ്യന്മാര്‍ തനിച്ച് അവിടത്തെ അടുത്തുവന്ന് അത് എപ്പോള്‍ സംഭവിക്കും എന്ന് അവിടത്തെ വരവിനും ലോകാവസാനത്തിനും അടയാളം എന്തെന്ന് പറഞ്ഞുതരേണം എന്ന് അപേക്ഷിച്ചു.
Mat 24:3 And as he sat upon the mount of Olives, the disciples came unto him privately, saying, Tell us, when shall these things be? and what shall be the sign of thy coming, and of the endG4930 of theG3588 worldG165?
ഈ വചനം നമ്മുടെ ഭാവികാലത്തിൽ നടക്കേണ്ടതാണെങ്കിൽ, ഇതേ വാക്കുകൾ ഇതേ ക്രമത്തിൽ ഉപയോഗിച്ചിരിക്കുന്ന മറ്റൊരു വചനവും നമ്മുടെ ഭാവികാലത്തിൽ നടക്കേണ്ടതല്ലേ? അങ്ങനെയാണോ എന്ന് പരിശോധിക്കാം:
എബ്രാ 9:26 അങ്ങനെയെങ്കില്‍ ലോകസ്ഥാപനം മുതല്‍ യേശു പലപ്പോഴും കഷ്ടമനുഭവിക്കേണ്ടിയിരുന്നു. എന്നാല്‍ അവിടന്ന് ലോകാവസാനത്തില്‍ സ്വന്തം യാഗത്താല്‍ പാപപരിഹാരം വരുത്തുവാന്‍ ഒരിക്കല്‍ പ്രത്യക്ഷനായി.
Heb 9:26 For then must he often have suffered since the foundation of the world: but now once in the endG4930 of theG3588 worldG165 hath he appeared to put away sin by the sacrifice of himself.
സ്വന്തം ബലിയാൽ പാപപരിഹാരം നിർവഹിക്കുവാൻ യേശു പ്രത്യക്ഷനായ കാലമാണ് ലോകാവസാനം. യേശുവിൻറെ ബലി 2000± വർഷങ്ങൾക്ക് മുമ്പ് നടന്നോ അതോ, നമ്മുടെ ഭാവികാലത്ത് എപ്പോഴോ നടക്കുമോ? യേശുവിൻറെ ബലി ഭാവിയിൽ അല്ലെങ്കിൽ മത്താ 24:3ലെ ലോകാവസാനവും ഭാവിയിൽ അല്ല. രണ്ടും ഒരേ കാലത്തെയാണ് സൂചിപ്പിക്കുന്നത്.

ഇംഗ്ലീഷിൽ “now once” എന്ന് ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. ഇതിൽ once എന്ന വാക്ക് മലയാളത്തിൽ ഒരിക്കൽ (ഒരു തവണ) എന്ന അർത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. അതല്ല അതിൻറെ അർത്ഥം. “ഒന്നാമത്തെ തവണ” അല്ലെങ്കിൽ “ഒന്നാം പ്രാവശ്യം” എന്നതാണ് യഥാർത്ഥ അർത്ഥം. അടുത്ത വചനം വായിക്കുമ്പോൾ അർത്ഥം വ്യക്തമാകും. ഒന്നാമത്തെ തവണ അവിടന്ന് പ്രത്യക്ഷനായത് പാപപരിഹാര ബലിയായി സ്വയം സമർപ്പിക്കുവാനാണ്, അടുത്ത തവണ അവിടന്ന് വരുമ്പോൾ പാപ(പരിഹാര)വുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല. എബ്രായർക്കുള്ള ഈ ലേഖനം എഴുതിയ കാലം ഉൾപ്പടെയാണ് now, “ഇപ്പോൾ ഈ ലോകാവസാനത്തിൽ” എന്ന് ലേഖനകർത്താവ് എഴുതിയിട്ടുള്ളത്.

ഇവിടെ എന്താണ് സംഭവിക്കുന്നത്?

ഈ വചനങ്ങളിൽ ലോകം എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്ക് αἰών, (ഏയിയോൺ, ahee-ohn', സ്ട്രോങ്സ് നിഘണ്ടുവിൽ G165) ആണ്. ഈ വാക്കിന് കാലം അല്ലെങ്കിൽ യുഗം എന്നാണ് അർത്ഥം (era, epoch, age - വയസ്സ് അല്ല - Stone Age - ശിലായുഗം എന്നതിലെ age). ഈ വാക്കിന് ഒരിക്കലും ഭൂമിയിലെ ജനവാസമുള്ള ഭാഗം (world) എന്ന അർത്ഥം ഇല്ല. ഇതിന് മുമ്പ് എഴുതിയിട്ടുള്ളത് പോലെ, ഈ വാക്ക് തുടർച്ചയായി രണ്ട് തവണ എഴുതിയാൽ എന്നെന്നേക്കും, അനന്തകാലം, യുഗയുഗാന്തരങ്ങൾ എന്നീ അർത്ഥങ്ങൾ ലഭിക്കും. ഈ രണ്ട് വചനങ്ങളിലും the end of the age(s) - യുഗസമാപ്തി, യുഗാന്ത്യം എന്നാണ് അർത്ഥം വരേണ്ടത്. (ASV, Darby, DRB, EMTV, ESV, GNB, GW, ISV, LITV, RV, WNT, YLT തുടങ്ങിയ പരിഭാഷകൾ കാണുക. അയ്യോ, ആ ബൈബിളുകൾ വായിക്കരുത് അവയെല്ലാം സാത്താൻറെ കൈവേലയാണെന്ന് ഞങ്ങളുടെ പാസ്റ്റർ പ്രത്യേകം പറഞ്ഞിട്ടുണ്ട്!) ഈ വചനങ്ങൾ യെഹൂദരുടെ യുഗത്തിൻറെ അവസാനത്തെ പറ്റിയാണ്. യേശു ജനിച്ചതും ശുശ്രൂഷിച്ചതും സ്വയം ബലിയായി മരിച്ചതും അവരുടെ യുഗത്തിൻറെ അന്ത്യത്തിലാണ്.

ജീവിതത്തിൽ ഒരിക്കൽ പോലും എബ്രാ 9:26ൽ ലോകാവസാനം എന്ന് എഴുതിയിരിക്കുന്നത് ശ്രദ്ധിക്കാത്ത ഉപദേശിമാരും പ്രസംഗകരും ഈ കാര്യം ശ്രദ്ധയിൽ പെട്ടാൽ പുതിയ സിദ്ധാന്തങ്ങൾ രൂപീകരിക്കും. അത്തരത്തിൽ ഒരു വീരൻ യേശു ഇതുവരെ ജനിച്ചിട്ടില്ല എന്ന് വാദിക്കുന്നു. ഈ ലേഖനം വായിക്കുന്ന മലയാളി പാസ്റ്റർമാർ പുതിയ സിദ്ധാന്തങ്ങൾ ഉണ്ടാക്കുന്നത് ഉടനേ കാണാം. അതിൽ ഒരു സിദ്ധാന്തം ഇതാണ്: ഗ്രീക്ക് കൈയ്യെഴുത്തു പ്രതിയിൽ വാക്കുകൾ തമ്മിൽ നേരിയ വ്യത്യാസമുണ്ട്. അങ്ങനെ അവകാശപ്പെടുന്നവർക്ക് ഭാഷയിലെ വിഭക്തികളെ - cases - അറിയില്ല. അവരെ ആദ്യം മലയാളം വ്യാകരണം പഠിക്കുവാൻ അയയ്ക്കുക.

എബ്രാ 9:26ൽ “ലോകസ്ഥാപനം” (the foundation of the world) എന്ന വാക്കിൽ ലോകം എന്ന് പരിഭാഷപ്പെടുത്തയിയിരിക്കുന്ന ഗ്രീക്ക് വാക്ക് -κόσμος (kos'-mos, G2889) ഭൂമിയുമായി ബന്ധപ്പെട്ടതാണ്. അതിന് ചിലപ്പോൾ ലോകം മുഴുവനും എന്നോ, അല്ലെങ്കിൽ ആ വാക്ക് ഉപയോഗിക്കുന്ന ആൾക്ക് അറിയാവുന്ന ഭൂവിഭാഗം എന്നോ അർത്ഥമാകാം.

അന്ത്യകാലം

എബ്രാ 1:1, 2 മുമ്പ് ഭാഗംഭാഗമായും വിവിധമായും പ്രവാചകര്‍ മുഖാന്തരം പിതാക്കന്മാരോട് അരുളിച്ചെയ്ത ദൈവം, ഈ അന്ത്യകാലത്ത് പുത്രന്‍ മുഖാന്തരം നമ്മോട് അരുളിച്ചെയ്തിരിക്കുന്നു...

പുത്രൻ മുഖാന്തരം പിതാവ് മനുഷ്യരോട് അരുളിച്ചെയ്ത കാലമാണ് അന്ത്യകാലം. “നമ്മോട്” എന്ന് എഴുതിയിരിക്കുന്നതിൽ നമുക്ക് നമ്മെത്തന്നെ എഴുതിച്ചേർക്കുവാൻ തോന്നും. യേശു നമ്മളോട് അരുളിച്ചെയ്തിട്ടില്ല. അവിടന്ന് അരുളിച്ചെയ്ത കാര്യങ്ങൾ നമ്മൾ വേദപുസ്തകത്തിൽ വായിക്കുക മാത്രമാണ് ചെയ്യുന്നത്.

ദൈവം യേശുവിലൂടെ മനുഷ്യരുമായി സമ്പർക്കം പുലർത്തിയ കാലവും, എബ്രായർക്കുള്ള ലേഖനം ലേഖകൻ എഴുതിയ കാലവുമാണ് “ഈ അന്ത്യകാലം” എന്ന് എഴുതപ്പെട്ടിരിക്കുന്നത്, നിങ്ങളോ ഞാനോ വായിക്കുന്ന കാലം അല്ല.  (വായനക്കാരൻ ജീവിച്ചിരിക്കുന്ന കാലമാണ് അന്ത്യകാലമെങ്കിൽ നമ്മുടെ മുത്തച്ഛന്മാരും അവരുടെ മുത്തച്ഛന്മാരും ഈ വേദഭാഗം വായിച്ച കാലവും അന്ത്യകാലം ആയിരുന്നോ?)

പത്രോസിൻറെയും യോവേലിൻറെയും “അന്ത്യകാലം”.


പെന്തക്കൊസ്ത ദിനത്തിൽ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ ശിഷ്യന്മാർ അന്യഭാഷകൾ സംസാരിക്കുന്നത് കണ്ട യൂദന്മാർ ഇവന്മാർ കൊച്ചുവെളുപ്പാൻകാലത്തേ ഇളവനടിച്ച് വീലായി എന്ന് പരിഹസിച്ചപ്പോൾ പത്രോസ് അവരോട് പറഞ്ഞത് ശ്രദ്ധിക്കുക:
അപ്പൊ 2:15 നിങ്ങള്‍ ഊഹിക്കുന്നത് പോലെ ഇവര്‍ ലഹരിപിടിച്ചവരല്ല; പകല്‍ മൂന്നാം മണി നേരമേ ആയിട്ടുള്ളുവല്ലോ. [രാവിലെ 9 മണിയേ ആയിട്ടുള്ളൂ, ഷാപ്പ് തുറക്കുവാൻ നേരമായിട്ടില്ല.]
അപ്പൊ 2:16 ഇത് [ഇപ്പോൾ നിങ്ങൾ ഈ കാണുന്നത്] യോവേല്‍ പ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതാണ്: [യോവേ 2:28-32]
അപ്പൊ 2:17 “അന്ത്യകാലത്ത് ഞാന്‍ സകല ജഡത്തിന്‍റെ മേലും എന്‍റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യുവാക്കള്‍ ദര്‍ശനങ്ങള്‍ ദര്‍ശിക്കും; നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്നങ്ങള്‍ കാണും”.
അപ്പൊ 2:18 എന്‍റെ ദാസന്മാരുടെ മേലും ദാസിമാരുടെ മേലും ഞാന്‍ ആ നാളുകളില്‍ എന്‍റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും.

പത്രോസ് പറയുന്നതിൻറെ അർത്ഥമിതാണ്: യോവേലിൻറെ പ്രവചനത്തിൽ അന്ത്യകാലത്ത് എന്ത് നടക്കും പ്രവചിച്ചിക്കപ്പെട്ടിരുന്നോ, ആ പ്രവചനത്തിൻറെ പൂർത്തീകരണമാണ് ഇപ്പോൾ നിങ്ങളുടെ കൺമുന്നിൽ നടക്കുന്നത്, അല്ലാതെ, ഇവരാരും നിങ്ങൾ വിചാരിച്ചത് പോലെ അടിച്ച് പൂസായി പിച്ചും പേയും പറയുന്നതല്ല.

യോവേൽ അന്ത്യകാലത്തെ പറ്റി പറഞ്ഞ പ്രവചനം നിറവേറിയതിനാൽ ആദ്യത്തെ പെന്തക്കൊസ്ത നാൾ ഉൾപ്പെടുന്ന കാലമാണ് അന്ത്യകാലം എന്ന് പത്രോസ്.

അന്ന് അന്ത്യകാലം ആയിരുന്നു, ഇപ്പോഴും അന്ത്യകാലം ആണെങ്കിൽ എത്ര അന്ത്യകാലമുണ്ട്? അന്ത്യകാലത്തിന് 2000± വർഷം ദൈർഘ്യമുണ്ടോ? ബൈബിളിലെ മൊത്തം കാലഗണനം (chronology) 6000± വർഷമാണ്, അതിൽ അന്ത്യകാലം മാത്രം 2000± വർഷമാണ് എന്ന് പറയുന്നത് അൽപം കടന്നകൈയ്യല്ലേ?

(തുടർന്നുവരുന്ന വചനങ്ങളിലെ പ്രകൃതിക്ഷോഭങ്ങളുടെ പേരും പറഞ്ഞാണ് ജോൺ ഹാഗി, ജൊനാഥാൻ കയീൻ, തുടങ്ങിയ കള്ളപ്രവാചകന്മാർ വിശ്വാസികളെ പറ്റിച്ച് കോടികൾ സമ്പാദിച്ചത്. പ്രകൃതിക്ഷോഭങ്ങളെ പറ്റി പിന്നീട് എഴുതാം)

ക്രിസ്തു വെളിപ്പെട്ട കാലമാണ് അന്ത്യകാലം (last times):


1പത്രോ 1:20 അവിടന്ന് ലോകസ്ഥാപനത്തിന് മുമ്പ് മുന്നറിയപ്പെട്ടവനും അവിടന്ന് മുഖാന്തരം ദൈവത്തില്‍ വിശ്വസിക്കുന്ന നിങ്ങള്‍ നിമിത്തം ഈ അന്ത്യകാലത്ത് വെളിപ്പെട്ടവനും ആകുന്നു.
1Pe 1:20 Who verily was foreordained before the foundation of the world, but was manifest in these last times for you,

കർത്താവേ, പത്രോസ് ഈ ലേഖനം എഴുതിയ കാലമാണ് അന്ത്യകാലം! ഈ വചനം ഭൂതകാലത്തിലാണ് (past tense) എഴുതപ്പെട്ടിരിക്കുന്നത്; അതായത് ഈ ലേഖനം എഴുതപ്പെടുന്നതിന് മുമ്പ് യേശു വെളിപ്പെട്ടതിനെ പറ്റിയാണ് എഴുതിയിരിക്കുന്നത് രണ്ടാമത്തെ വരവിനെ പറ്റിയല്ല. അതായത് ക്രിസ്തുവിൻറെ ആദ്യത്തെ വരവുതന്നെ അന്ത്യകാലത്ത് ആയിരുന്നു.

എതിർക്രിസ്തു (അന്തിക്രിസ്തു), അന്ത്യനാഴിക (last time).


1യോഹ 2:18 കുഞ്ഞുങ്ങളേ, ഇത് [യോഹന്നാൻ ഈ കത്ത് എഴുതിയ സമയം] അന്ത്യനാഴിക ആകുന്നു; എതിര്‍ക്രിസ്തു വരുന്നു എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ അനേകം എതിര്‍ക്രിസ്തുക്കള്‍ എഴുന്നേറ്റിരിക്കുന്നതിനാല്‍ അന്ത്യനാഴിക ആകുന്നു എന്ന് നമുക്ക് അറിയാം.
1Jn 2:18 Little children, it is the last time: and as ye have heard that antichrist shall come, even now are there many antichrists; whereby we know that it is the last time.

എൻറെ കർത്താവേ, ഈ യോഹന്നാൻ എന്തല്ലാമാണോ എഴുതിവെച്ചിരിക്കുന്നത്? അങ്ങേര് ഈ ലേഖനം എഴുതിയ കാലം അന്ത്യനാഴികയാണെന്നോ? അനേകം എതിര്‍ക്രിസ്തുക്കള്‍ അപ്പോൾ തന്നെ എഴുന്നേറ്റിരുന്നെന്നോ? ഏയ്, അങ്ങനയായിരിക്കാൻ വഴിയില്ല; ഞങ്ങടെ പാസ്റ്റർ അങ്ങനെയല്ലല്ലോ പറഞ്ഞത്? ബാർ കോഡും, ഗൂഗിൾ ക്രോമും, RFIDയും, മൈക്രോ ചിപ്പുമാണ് എതിര്‍ക്രിസ്തുവിൻറെ (മൃഗത്തിൻറെ) മുദ്ര എന്നല്ലേ ഞങ്ങളെ പഠിപ്പിച്ചത്? സദ്ദം ഹുസൈനും, ഓസാമാ ബിൻ ലാദനും, ഗദ്ദാഫിയും, മാർപാപ്പമാരും ഒക്കെ എതിർക്രിസ്തുവാണെന്ന് പഠിപ്പിച്ചിട്ട് ഇപ്പോൾ ഇതാ യോഹന്നാൻ പറയുന്നു അദ്ദേഹം ഈ കത്ത് എഴുതിയ കാലത്ത് അനേകം എതിര്‍ക്രിസ്തുക്കള്‍ ഉണ്ടായിരുന്നെന്ന്? ഇതെങ്ങനെ ശരിയാകും?!  ഈ വചനം വേദപുസ്തകത്തിൽ ഉള്ളതാണോ? KJV നോക്കിയാലോ? കൺകോർഡൻസ് നോക്കിയാലോ?

സഹോദരരേ, ഈ വചനം വേദപുസ്തകത്തിൽ, ഭൂതകാലമായിത്തന്നെ എഴുതിയിട്ടുണ്ട്. ഇംഗ്ലീഷിൽ KJVയിലും ഉണ്ട്. ഈ വചനം ഭാവികാലത്തിലാണ് എന്ന് വാദിക്കുന്നവർക്ക് വേദപുസ്തകമല്ല, വ്യാകരണ പുസ്തകമാണ് വേണ്ടത്. ഈ വചനം പ്രതീകാത്മകമാണ്, നിഴലാണ് എന്നൊക്കെ വാദിക്കുന്നവർ ദൈവവചനത്തെ നിരാകരിക്കുക മാത്രമല്ല, നിങ്ങൾക്ക് ഭയം വിൽക്കുവാൻ ശ്രമിക്കുകയുമാണ്.

അന്ത്യകാലത്തെ പരിഹാസികൾ


ജീവിതത്തിൽ ഇതുവരെ എത്ര പേരുടെ നേരെ 2പത്രോസ് 3:4 വീശിയെറിഞ്ഞിട്ടുണ്ട് എന്ന് ഓർമ്മിക്കുന്നത് കഷ്ടമായിരിക്കും, അല്ലേ? ഈ കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ (ഞാൻ അടക്കം) എത്ര പേരുടെ നേരേ ഈ വചനം ഉന്നംവെച്ച് എറിഞ്ഞിട്ടുണ്ട്? ഈ വചനം ഒന്നാം നൂറ്റാണ്ടിൽ നിറവേറി എന്നതിന് തെളിവ് അവതരിപ്പിക്കുകയാണ് ഇവിടെ.
2പത്രോ 3:4 ... സ്വന്തം മോഹങ്ങളെ അനുസരിച്ച് നടക്കുന്ന പരിഹാസികള്‍ പരിഹാസത്തോടെ അന്ത്യകാലത്ത് വരും എന്ന് പ്രത്യേകം അറിഞ്ഞുകൊള്ളുവിന്‍.
2Pe 3:3 Knowing this first, that there shall come in the last days scoffersG1703, walking after their own lusts,

ഇവിടെ പരിഹാസികൾ എന്നതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക് ἐμπαίκτης (emp-aheek-tace, സ്ട്രോങ്സ് നിഘണ്ടുവിൽ G1703) ഉപയോഗിക്കപ്പെട്ടിരിക്കുന്ന ഒരേയൊരു വചനം കൂടെയുണ്ട്. യൂദാ 1:18.

“ലേഖനം” എന്ന്  മലയാളത്തിൽ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്കിൻറെ (ἐπιστολή, ep-is-tol-ay, G1992) യഥാർത്ഥ അർത്ഥം “കത്ത്” (എഴുത്ത്) എന്നാണ് - അപ്പൊ 23:25, 1കൊരി 16:3 എന്നീ വചനങ്ങൾ കാണുക. ഇംഗ്ലീഷിലെ epistle എന്ന വാക്കിനും കത്ത് എന്നാണ് അർത്ഥം. മലയാളത്തിലെ ലേഖനം എന്ന വാക്കിന് essay എന്നാണ് അർത്ഥം. ഒരു ലേഖനത്തിന് മേൽവിലാസക്കാർ ഇല്ല, എന്നാൽ ഒരു കത്തിന് മേൽവിലാസക്കാർ ഉണ്ട്.

യൂദായുടെ കത്തിൻറെ മേല്‍വിലാസക്കാർ (addressees) ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന നമ്മളല്ല. 2പത്രോസ് ആർക്ക് എഴുതപ്പെട്ടോ അവർക്ക് എഴുതപ്പെട്ടതാണ് ഈ കത്ത്.  പത്രോസിൻറെ കത്തുകൾ ഏഷ്യയുടെ വിവിധ ഭാഗങ്ങളിലുള്ള യെഹൂദർക്ക് എഴുതപ്പെട്ടവയാണ് (2പത്രോ 3:1, 1പത്രോ 1:1, അപ്പൊ 2:4-10). 2പത്രോസിലെ പല ഭാഗങ്ങളും പരാമർശിക്കുന്നതാണ് യൂദായുടെ കത്ത്, അതുകൊണ്ട് 2പത്രോസിൻറെ രണ്ടാം ഭാഗമോ, അനുബന്ധമോ (sequel) ആണ് യൂദായുടെ കത്ത് എന്ന് പറയാം.

യൂദായുടെ കത്തിലെ പ്രസക്തഭാഗങ്ങൾ, സംക്ഷിപ്തമായി (ലേഖനം പൂർണ്ണമായും വായിക്കുക):
യൂദാ 1:4 ... കൃപയെ ദുഷ്കാമവൃത്തിക്ക് ഹേതുവാക്കി ... ക്രിസ്തുവിനെ നിഷേധിക്കുന്ന ഭക്തിഹീനരായ ചില മനുഷ്യര്‍ [ഈ കത്തിൻറെ മേൽവിലാസക്കാരുടെ ഇടയിൽ] നുഴഞ്ഞുകയറിയിരിക്കുന്നു; ... <= ഭൂതകാലം, past tense.
യൂദാ 1:8 ഇവരും ... ജഡത്തെ മലിനമാക്കുകയും കര്‍ത്തൃത്വത്തെ തുച്ഛീകരിക്കുകയും മഹിമകളെ ദുഷിക്കുകയും ചെയ്യുന്നു. [പരിഹാസക്കാർ]
യൂദാ 1:12 ഇവര്‍ നിങ്ങളുടെ [ഈ കത്തിൻറെ മേൽവിലാസക്കാരുടെ] സ്നേഹസദ്യകളില്‍ മറഞ്ഞുകിടക്കുന്ന പാറകള്‍; നിങ്ങളോട് കൂടെ വിരുന്ന് കഴിഞ്ഞ്, ഭയംകൂടാതെ നിങ്ങളെ തീറ്റുന്നവര്‍; ...
യൂദാ 1:16 അവര്‍ ... സ്വന്തം മോഹങ്ങളെ അനുസരിച്ചു നടക്കുന്നു. [2പത്രോ 3:4 ഒരിക്കൽ കൂടെ വായിക്കുക.]
യൂദാ 1:17 പ്രിയരേ, നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്‍റെ അപ്പൊസ്തലര്‍ [ഏത് അപ്പൊസ്തലൻ? പത്രോസ്] മുമ്പ് പറഞ്ഞ വാക്കുകളെ ഓര്‍ക്കുവിന്‍. [അതായത് ഈ നുഴഞ്ഞുകയറ്റം 2പത്രോസ് എഴുതപ്പെട്ട കാലത്തിനും യൂദായുടെ കത്ത് എഴുതപ്പെട്ട  കാലത്തിനും ഇടയിലാണ് സംഭവിച്ചത്.]
യൂദാ 1:18 അന്ത്യകാലത്ത് ഭക്തികെട്ട മോഹങ്ങളെ അനുസരിച്ചു നടക്കുന്ന പരിഹാസികള്‍ ഉണ്ടാകും എന്ന് അവര്‍ [പത്രോസ്] നിങ്ങളോട് പറഞ്ഞുവല്ലോ.
Jud 1:18 They said to you, "In the last time there will be scoffersG1703, following their own ungodly passions."
അന്ത്യകാലത്ത് വരും എന്ന് പത്രോസ് മുന്നറിയിപ്പ് കൊടുത്തത് ആരെപ്പറ്റിയായിരുന്നോ, അവർ വന്നുകഴിഞ്ഞു എന്ന് യൂദാ പറയുന്നു. അതായത്, അന്ത്യകാലം ഒന്നാം നൂറ്റാണ്ടിൽ ആയിരുന്നു. ദയവുചെയ്ത്, നിങ്ങളുടെ സിദ്ധാന്തങ്ങളുമായി വിയോജിക്കുന്നവരെയെല്ലാം പരിഹാസികൾ എന്ന് വിളിക്കുന്ന പരിപാടി അവസാനിപ്പിക്കുക.

യോഹന്നാൻ എതിർക്രിസ്തു എന്നും, പത്രോസും, യൂദായും പരിഹാസികൾ എന്നും വിളിച്ചത് ആരെയാണെന്ന്, ദൈവഹിതമായിരുന്നാൽ അടുത്ത ലേഖനത്തിൽ എഴുതാം.

എൻറെ ലേഖനങ്ങൾ വായിച്ച് എന്നെ പ്രോത്സാഹിപ്പിക്കുന്നവർക്ക് നന്ദി. എന്നെ വെറുക്കുകയും ശപിക്കുകയും ചെയ്യുന്നവർക്ക് ആശീർവാദം.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

No comments:

Post a Comment