Saturday, July 9, 2016

വെളിപ്പാട് 20: ആയിരമാണ്ട് അടിയന്തരാവസ്ഥ (വാഴ്ച) - ഭാഗം #1

ക്രിസ്തുവിൽ പ്രിയരേ.

“അസാധ്യമായവയെല്ലാം നീക്കംചെയ്ത ശേഷം ബാക്കിയുള്ളത് എന്തുതന്നെയായിരുന്നാലും, അത് എത്രമാത്രം അസംഭവ്യമായിരുന്നാലും അതുതന്നെയായിരിക്കണം സത്യം എന്ന് എത്രയോ തവണ ഞാൻ നിങ്ങളോട് പറഞ്ഞിട്ടുണ്ട്?”
~ഷെർലോക് ഹോംസ്

2പത്രോ 3:8ൽ ആയിരം വർഷം എന്ന് പരാമർശിച്ചിരിക്കുന്നത് അക്ഷരശഃ ആയിരം വർഷങ്ങൾ ആയിക്കൊള്ളണമെന്നില്ല എന്ന് നാം കണ്ടു. ആയിരം വർഷത്തെ പറ്റിയുള്ള ഏറ്റവും വിഖ്യാതമായ പരാമർശം ഉള്ളത് വെളിപ്പാട് 20ൽ ആണ്. ഇപ്പോൾ ആ പരാമർശവും പരിശോധിക്കാം.

വെളിപ്പാട് 20 മനസ്സിലാക്കുന്നതിലെ ക്ലിഷ്ടത എഴുതപ്പെട്ടിരിക്കുന്ന കാര്യങ്ങളിലല്ല, എഴുതപ്പെടാത്ത കാര്യങ്ങളിലാണ്. ഒരു ഉദാഹരണം: എൻറെ ഒരു ചങ്ങാതി, പ്രകാശ് ജോസഫ്, ജനിച്ചതും വളർന്നതും ഒരു ഗ്രാമത്തിൽ. അവിടെയും അടുത്തുള്ള പട്ടണത്തിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉടനേ സ്റ്റേറ്റ് ബാങ്കിൽ ജോലി ലഭിച്ചു. 38 വർഷത്തെ വിജയകരവും സമാധാനപൂർണവുമായ ബാങ്ക് സേവനം പൂർത്തിയാക്കി, റിട്ടയർ ചെയ്തപ്പോൾ കിട്ടിയ കനത്ത തുക കൊടുത്ത് ചെന്നൈയിൽ വിശാലമായ ഫ്ലാറ്റ് വാങ്ങി. ഭാര്യയും, മക്കളും, കൊച്ചുമക്കളുമായി താമസിക്കുന്നു. പ്രഭാതസവാരിക്ക് മുമ്പും, സായാഹ്നസവാരിക്ക് ശേഷവും മുടങ്ങതെ ഒരു മണിക്കൂർ സമയം വേദവചനങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യും, ആരുടെയെങ്കിലും പോസ്റ്റിന് ലൈക്ക് കൊടുക്കും, “ആമേൻ” എന്ന് കമൻറും. ഇത്രയുമൊക്കെ ചെയ്തതുകൊണ്ട് വെളിപ്പാട് 20ലെ ഈ വചനത്തിൻറെ പൂർണ്ണമായ അവകാശം തനിക്ക് ഉണ്ടെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്:
വെളി 20:4 ഞാന്‍ ന്യായാസനങ്ങളെ കണ്ടു; അവയില്‍ ഇരിക്കുന്നവര്‍ക്ക് ന്യായവിധിയുടെ അധികാരം കൊടുക്കപ്പെട്ടു; യേശുവിന്‍റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്‍റെ പ്രതിമയെയോ നമസ്കരിക്കാതെയും നെറ്റിയിലും കൈമേലും അതിന്‍റെ മുദ്ര കൈക്കൊള്ളാതെയും ഇരുന്നവരുടെ ആത്മാക്കളെയും ഞാന്‍ കണ്ടു. അവര്‍ ജീവിച്ച്, 1000 വർഷം ക്രിസ്തുവിനോട് കൂടെ വാണു.
വെളി 20:6 മരിച്ചവരില്‍ ശേഷമുള്ളവര്‍ 1000 വർഷം കഴിയുവോളം ജീവിച്ചില്ല. ഇത് ഒന്നാം പുനരുത്ഥാനം.
Rev 20:4 And I saw thrones, and they sat upon them, and judgment was given unto them: and I saw the souls of them that were beheaded for the witness of Jesus, and for the word of God, and which had not worshipped the beast, neither his image, neither had received his mark upon their foreheads, or in their hands; and they lived and reigned with Christ a thousand years.
Rev 20:5 Rev 20:5  But the rest of the dead lived not again until the thousand years were finished. This is the first resurrection.
ശ്രീ പ്രകാശ് ജോസഫ്, ബാങ്കിൽ ജോലിചെയ്തിരുന്ന 38 വർഷത്തിൽ ഒരിക്കലും ഒരു തൊഴിൽ സമരത്തിലോ, ബന്ദിലോ, ഘൊരാവൊയിലോ പങ്കെടുത്തിട്ടില്ല. ശത്രുക്കൾ ആരുമില്ല. കക്ഷിയുടെ തല ഛേദിക്കപ്പെടുവാൻ ഒരുവിധത്തിലുമുള്ള സാധ്യതയില്ല. പക്ഷേ, കക്ഷിക്ക് ഒന്നാം പുനരുത്ഥാനത്തിൽ പങ്കുചേർന്ന് ക്രിസ്തുവിനോടൊപ്പം 1000 വർഷം വാഴണം.

ഇത് ബാങ്ക് ജീവനക്കാരനായിരുന്ന ഒരു പ്രകാശ് ജോസഫിൻറെ മാത്രം കാര്യമല്ല, സോഫ്ട്‍വേർ എഞ്ചിനീയറായി ജീവിതകാലം മുഴുവൻ കീബോർഡിലും മൌസിലും മാറിമാറി കുത്തിയ എൻറെയും, ആശുപത്രി ജീവനക്കാരനോ, വക്കീലോ, ഗുമസ്തനോ ആയിരുന്ന ഓരോരുത്തരുടെയും മനോഗതം ഇതാണ്: ഞാനില്ലാതെ ക്രിസ്തു 1000 വർഷം ഭരിക്കാനോ? ഏയ്, ഇല്ലേയില്ല!

ചിലർക്ക് അവരില്ലെങ്കിലും സാരമില്ല, അവരുടെ സഭയുടെ സ്ഥാപകനെങ്കിലും ആദ്യത്തെ പുനരുത്ഥാനത്തിൽ ഉയിർത്തെഴുന്നേറ്റ്, ക്രിസ്തുവിൻറെ കൂടെ വാഴണം. ഇങ്ങനെയാണ് ആത്മീയവൽക്കരണം (spiritualization) തുടങ്ങുന്നത്. തല ഛേദിക്കപ്പെടുക എന്നതിന് അതല്ല അർത്ഥം, യേശുവിനായി പരിപൂർണ്ണമായി ജീവിതം സമർപ്പിക്കുക എന്നാണ് എന്നൊക്കെ വാദിക്കുന്നവരുണ്ട്. ആത്മീയവൽക്കരിച്ചോളൂ, പക്ഷേ, യഥാർത്ഥത്തിൽ തല ഛേദിക്കപ്പെട്ട, യഥാർത്ഥത്തിൽ രക്തസാക്ഷികളായവരേക്കാൾ വലിയ രക്തസാക്ഷിത്വമാണോ ഫേസ്ബുക്കിൽ വചനം പോസ്റ്റ് ചെയ്യുന്നത് എന്ന് ഇടയ്ക്കൊന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.

(“നെറ്റിയിൽ അവിടത്തെ പേര് എഴുതപ്പെട്ട അവിടത്തെ ദാസന്മാർ അവിടത്തോടൊപ്പം എന്നെന്നേക്കും വാഴും” എന്ന് വെളി 22:3-5 വരെയുള്ള വചനങ്ങളിൽ എഴുതപ്പെട്ടിരിക്കുന്നത് വെളിപ്പാട് 20ൽ വിവരിച്ചിട്ടുള്ള കാര്യങ്ങൾ പൂർത്തിയായതിന് ശേഷം നടക്കുന്ന കാര്യമാണ്. നമുക്ക് അവിടെയാണ് പങ്കുള്ളത് - ഫേസ്ബുക്കിൽ വചനം പോസ്റ്റിയാലും ഇല്ലെങ്കിലും. ആയിരം വർഷം വാഴ്ച ഒരു പരിമിത കാലത്തേയ്ക്കുള്ള വാഴ്ചയാണ്, എന്നെന്നേയ്ക്കും ഉള്ളതല്ല.)

ആയിരം വർഷത്തിൻറെ അവസാനം.


(ഇയാൾ ആയിരം വർഷത്തിൻറെ ആരംഭത്തെ പറ്റി പറയാതെ അവസാനത്തെ പറ്റി പറയുന്നതിൽ എന്തോ ഒരു ദുരുദ്ദേശ്യം ഇല്ലേ എന്നൊരു സംശയം തോന്നുന്നില്ലേ? സംശയിക്കേണ്ട, ഈ പരമ്പരയിലെ അവസാന ലേഖനത്തിൽ ആരംഭത്തെ പറ്റി എഴുതിയിട്ടുണ്ട്.)
വെളി 20:7 1000 വർഷം കഴിയുമ്പോൾ സാത്താനെ തടവില്‍ നിന്നും അഴിച്ചുവിടും.
Rev 20:7 And when the thousand years are expired, Satan shall be loosed out of his prison,
വെളി 20:8 അവന്‍ ഭൂമിയുടെ 4 ദിക്കിലും ഉള്ള ജാതികളായി സംഖ്യയില്‍ കടല്‍പ്പുറത്തെ മണല്‍ പോലെയുള്ള ഗോഗ്, മാഗോഗ് എന്നവരെ യുദ്ധത്തിനായി കൂട്ടിച്ചേര്‍ക്കുവാന്‍ വശീകരിക്കുവാന്‍ പുറപ്പെടും.
Rev 20:8 And shall go out to deceiveG4105 the nations which are in the four quarters of the earth, Gog and Magog, to gather them together to battle: the number of whom is as the sand of the sea.
വെളി 20:9 അവര്‍ ഭൂമിയില്‍ പരക്കെ കയറിച്ചെന്ന്, വിശുദ്ധന്മാരുടെ പാളയത്തെയും പ്രിയ നഗരത്തെയും വളയും; എന്നാല്‍ ആകാശത്ത് നിന്നും തീ ഇറങ്ങി അവരെ ദഹിപ്പിക്കും.
Rev 20:9 And they went up on the breadth of the earth, and compassed the camp of the saints about, and the beloved city: and fire came down from God out of heaven, and devoured them.
സാത്താൻ ആരെങ്കിലും ആയിക്കൊള്ളട്ടെ, ഗോഗും, മാഗോഗും ഏതെങ്കിലും ദേശക്കാർ ആയിക്കൊള്ളട്ടെ, 1000 വർഷം അവസാനിച്ചുകഴിഞ്ഞ് അവർ ഒത്തുചേർന്ന് വിശുദ്ധന്മാരുടെ പാളയത്തെയും പ്രിയ നഗരത്തെയും വളയും. വിശുദ്ധന്മാരുടെ പാളയം എവിടെയുമാകാം. പ്രിയ നഗരം എന്ന പദസമുച്ചയം വേദപുസ്തകത്തിൽ വേറെ എവിടെയും ഉപയോഗിച്ചിട്ടില്ല. ഒരുപക്ഷേ പ്രിയ നഗരം പുതിയ യെരൂശലേമാണ് എന്ന് വാദിച്ചേക്കാം, പക്ഷേ, പുതിയ യെരൂശലേം ഭൂമിയിലെ മറ്റ് നഗരങ്ങൾ പോലെ ഭൌതികമായ ഒരു നഗരമല്ല. തന്നെയുമല്ല, പുതിയ യെരൂശലേമിൽ മരണവും, കണ്ണുനീരും, ശാപവും, മുറവിളിയും ഇല്ല എന്ന് ഉറപ്പുതന്ന ശേഷം, കവാടങ്ങൾ രാത്രിയിലും പകലും അടയ്ക്കാത്ത ആ നഗരത്തെ ശത്രുക്കൾ വളയും എന്ന് പറയുന്നതിൽ അർത്ഥമില്ല.

നിങ്ങൾ ഭവിഷ്യവാദിയായിരുന്നാലും (Futurist), ഭവിതവാദിയായിരുന്നാലും (Preterist) പ്രിയ നഗരം ഏതാണ് എന്ന് തെളിയിക്കുവാൻ നേരിട്ടുള്ള വചനം ലഭിക്കുവാൻ സാദ്ധ്യത വളരെ കുറവാണ്.
  • വേദപുസ്തകത്തിൽ ഭൂമിയിൽ ... കയറിച്ചെന്നു (went up on earth) എന്ന് വേറെ എവിടെയും എഴുതിയിട്ടില്ല. യെരൂശലേമിലേക്ക് കയറിച്ചെന്നു എന്ന് 20 തവണ എഴുതിയിട്ടുണ്ട്.
  • ഇത് പരലോക യെരൂശലേം അല്ല, കാരണം പരലോക യെരൂശലേമിലേക്ക് ഭൂമിയിലൂടെ കയറിച്ചെല്ലുവാൻ കഴിയില്ല. (ഒന്നാം നൂറ്റാണ്ടിലെ വിശ്വാസികൾ പരലോക യെരൂശലേമിലേക്ക് വന്നു എന്ന് എഴുതിയിരിക്കുന്നത് അത് ഭൌതികമായ ഒരു സ്ഥലമല്ല എന്ന് തെളിയിക്കുന്നു. എബ്രാ 12:22)
  • സീയോൻ എന്നത് യെരൂശലേമിന് പര്യായമാണ്. [എറണാകുളവും കൊച്ചിയും പോലെ. കൊച്ചി എറണാകുളം ജില്ലയ്ക്ക് ഉള്ളിലാണ്. എറണാകുളം നഗരം വിശാല കൊച്ചിക്ക് ഉള്ളിലാണ്. കൊച്ചി (ഐലൻറ്) എറണാകുളം നഗരത്തിന് ഉള്ളിലാണ്. കൊച്ചി (ഐലൻറ്) വിശാല കൊച്ചിക്ക് ഉള്ളിലാണ്.]
  • യഹോവ അവിടത്തെ പ്രിയപ്പെട്ട സീയോനെ സ്നേഹിക്കുന്നു എന്ന് സങ്കീ 78:68; 87:2
  • യേശു ഏത് നഗരത്തിന് വേണ്ടി കണ്ണീരൊഴുക്കിയോ ആ യെരൂശലേം നഗരമായിരിക്കണം പ്രിയ നഗരം. - ലൂക്കോ 19:41 (ലാസർ മരിച്ചപ്പോൾ മാത്രമല്ല യേശു കണ്ണീരൊഴുക്കിയത്.)
  • യഹോവ അവിടത്തെ പേര് സ്ഥാപിക്കുവാൻ തെരഞ്ഞെടുത്ത യെരൂശലേം നഗരമായിരിക്കണം പ്രിയ നഗരം. - 1രാജാ 11:36.
  • 1611ൽ പ്രസിദ്ധീകരിച്ച King James Version (KJV 1611) എന്ന പരിഭാഷയിൽ ഉണ്ടായിരുന്ന പ്രഭാഷകൻ (Ecclesiasticus, സീറാക്ക്) എന്ന പുസ്തകത്തിൽ യെരൂശലേമിനെ പറ്റി പ്രിയ നഗരം എന്ന് പറഞ്ഞിട്ടുണ്ട്:
    പ്രഭാഷകൻ 24:11 എൻറെ പ്രിയപ്പെട്ട നഗരത്തിൽ അവിടന്ന് എനിക്ക് വിശ്രമം നൽകി, യെരൂശലേമിൽ എനിക്ക് ആധിപത്യവും.
    Ecclesiasticus 24:11 Likewise in the beloved city he gave me rest, and in Jerusalem was my power.
    (ഈ പുസ്തകം ഇപ്പോൾ കത്തോലിക്കരുടെ വേദപുസ്തകത്തിൽ ഉണ്ട്. ക്രിസ്തുവിന് 250 വർഷം മുമ്പ് എഴുതപ്പെട്ട സെപ്റ്റ്വജിൻറ് എന്ന ഗ്രീക്ക് പഴയനിയമത്തിലും ഈ പുസ്തകം ഉണ്ട്.)
  • ഗോഗും മാഗോഗും യിസ്രായേൽ ദേശത്തിന് (the land of Israel) വിരോധമായി യുദ്ധത്തിന് വരും എന്ന് എഴുതിയിരിക്കുന്നു. (യെഹെ 38:18, 19) സഭ ഒരിക്കലും യിസ്രായേൽ ദേശമല്ല.
ഗോഗും മാഗോഗും യിസ്രായേലിനോട് യുദ്ധത്തിന് വരുന്നത് അമ്പ്, വില്ല്,
വാൾ എന്നിവയുമായാണ്. (യെഹെ 38:4, 8, 21; 39:3, 9, 23) ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ കാട്ടുജാതിക്കാർ ഞണ്ട്, ആമ, മുള്ളനെലി, വവ്വാൽ മുതലായവയെ പിടിക്കുവാൻ ഉപയോഗിക്കുന്ന ആയുധങ്ങളാണ് അമ്പും വില്ലും. (ങ്ഹാ, ടി.വി.സീരിയലുകളിൽ അമ്പും വില്ലും ഉപയോഗിക്കാറുണ്ട്. റബ്ബറുകൊണ്ട് ഉണ്ടാക്കിയ വാളിന് ലോഹത്തിൻറെ പെയിൻറടിച്ചവ.) ഇപ്പോൾ അമ്പും വില്ലും വാളുമായി യുദ്ധത്തിന് വരുന്നവനെ നേരിടൻ ഒരു കൈത്തോക്ക് മതി. (അമ്പ് മിസ്സൈലാണെന്ന് പറയുന്ന പാസ്റ്റർമാരെ കണ്ടിട്ടില്ലേ? വെട്ടുക്കിളി ഹെലികോപ്ടറാണ് എന്ന് പറഞ്ഞുകൊണ്ടിരുന്നവർ ഈ അടുത്തിടെ തിരുത്തി ഡ്രോൺ എന്നാക്കി. ഇനിയും തിരുത്തും, സാങ്കേതികവിദ്യ മാറുന്നതിനനുസരിച്ച് തിരുത്തിക്കൊണ്ടേയിരിക്കും, അവരുടെ കിളിജോത്സ്യം കേൾക്കുവാൻ ആളുകൾ ഉള്ളത്രയും കാലം.)

ഗോഗ് വ്യക്തമായ വംശപരമ്പര അറിയപ്പെടാത്ത ഒരു മനുഷ്യൻറെ പേരാണ്, അയാൾ മേശേക്ക്, തൂബാല്‍, മാഗോഗ് എന്നീ ദേശങ്ങളുടെ പ്രഭുവായിരുന്നു. (യെഹെ 38:2, 3).

റോമാ സാമ്രാജ്യത്തിൻറെ പരിധിക്കുള്ളിലോ, അതിർത്തിയിലോ വരുന്ന ദേശമാണ് മാഗോഗ്. കിളിജോത്സ്യം പറയുന്ന ഭവിഷ്യവാദികൾ മാഗോഗ് എന്ന കിരീടം അവർക്ക് വെറുപ്പും ഭയവുമുള്ളവരുടെയെല്ലാം തലയിൽ ചാർത്തിക്കൊടുക്കും. സോവിയറ്റ് യൂണിയൻ വൻശക്തിയായിരുന്നപ്പോൾ ആ രാജ്യമായിരുന്നു ചിലർക്ക് മാഗോഗ്. ചിലർക്ക് ഇപ്പോഴുള്ള റഷ്യ മാഗോഗാണ്. ലോകത്തിൽ മുസ്ലീം ജനസംഖ്യയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയാണ് ചിലർക്ക് മാഗോഗ്. (ഇസ്ലാംഭീതിയാണ് അവരുടെ രോഗം. മുസ്ലീം ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള ഇന്തോനേഷ്യയെക്കാളും രണ്ടാം സ്ഥാനത്തുള്ള പാകിസ്ഥാനേക്കാളും ഇന്ത്യയ്ക്ക് സൈനിക, ആയുധ ബലങ്ങൾ കൂടുതലുണ്ടല്ലോ?)


ആയിരം വർഷ വാഴ്ച കഴിഞ്ഞത് കി.പി.70ന് മുമ്പ്.


ചുരുക്കമായി പറഞ്ഞാൽ, ഗോഗും മാഗോഗും യിസ്രായേലിനെ വളയുന്നത് ഭാവിയിൽ നടക്കേണ്ട കാര്യമല്ല. അത് കഴിഞ്ഞുപോയി. അമ്പും വില്ലും വാളുമായി വന്ന്  യെരൂശലേമിനെ വളഞ്ഞ റോമാ സാമ്രാജ്യത്തിൻറെ നിറവേറിയ ചരിത്രം ഉള്ളപ്പോൾ എന്തിന് കിളിജ്യോത്സ്യം? എന്തിന് ഊഹാപോഹം? റോമൻ സൈന്യത്തിൽ, വിശേഷിച്ചും ഓക്സീലിയ എന്ന റോമൻ പൌരന്മാരല്ലാത്തവരുടെ സേനാവിഭാഗത്തിൽ റോമിൻറെ സാമന്തരാജ്യങ്ങളിൽ നിന്നുമുള്ള സൈനികർ ഉണ്ടായിരുന്നു. ഇവരിൽ സിറിയരും, പേർഷ്യരും, അറബികളും, ഈജിപ്ത്യരും തുടങ്ങി വിവിധ ജാതിക്കാർ ഉണ്ടായിരുന്നു. (ഭൂപടം കാണുക.) ഇവരിൽ കപ്പദോക്യ
ഭാഗത്തായിരുന്നു മാഗോഗ്. കൊലൊ 3:11ൽ ശകൻ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന സൈത്യർ - Scythian, ബര്‍ബ്ബരർ - Barbarian, എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന നാടോടികൾ എന്നിവരൊക്കെ യെരൂസലേമിനെ ആക്രമിച്ച റോമൻ സേനയിൽ ഉണ്ടായിരുന്നു.

റോമാ സൈന്യം യെരൂശലേമിനെ വളഞ്ഞത് (ഉപരോധം ഏർപ്പെടുത്തിയത്) കി.പി.70ൽ. ആയിരം വർഷ വാഴ്ച കഴിഞ്ഞ ശേഷമാണ് സാത്താൻ ഗോഗിനെയും മാഗോഗിനെയും (റോമാ സൈന്യം) കൂട്ടിക്കൊണ്ടുവന്ന് പ്രിയനഗരമായ യെരൂശലേമിനെ വളഞ്ഞത്. അതായത്, കി.പി.70ന് മുമ്പ് ആയിരം വർഷ വാഴ്ച കഴിഞ്ഞു.

സാത്താനെ ബന്ധിച്ചതിൻറെ ഉദ്ദേശ്യം.

വെളി 20:3 ആയിരം വർഷങ്ങൾ കഴിയുന്നത് വരെ ജാതികളെ വശീകരിക്കാതിരിക്കുവാന്‍ അവനെ അഗാധത്തില്‍ തള്ളിയിട്ട് അടച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു. അതിന് ശേഷം അവനെ അല്‍പകാലത്തേക്ക് അഴിച്ചുവിടേണ്ടതാണ്.
Rev 20:3 And cast him into the bottomless pit, and shut him up, and set a seal upon him, that he should deceiveG4105 the nations no more, till the thousand years should be fulfilled: and after that he must be loosed a little season.
ആയിരം വർഷത്തിന് ശേഷം സാത്താനെ അല്‍പകാലത്തേക്ക് അഴിച്ചുവിടുമ്പോൾ സാത്താൻ ഒപ്പിക്കുന്ന പണി നാം വെളി 20:8ൽ കണ്ടു - പ്രിയ നഗരത്തെ ആക്രമിക്കുവാൻ ജാതികളെ വശീകരിക്കുവാൻ പുറപ്പെടും.

എൻറെ അറിവിൽ വെളിപ്പാട് 20ലും, അതിൻറെ സമാന്തര വേദഭാഗമായ വെളിപ്പാട് 12ലും ഒഴികെ വേറെ ഒരിടത്തും സാത്താനോ, പിശാചോ ജാതികളെ വഞ്ചിക്കും എന്നോ വശീകരിക്കും എന്നോ എഴുതപ്പെട്ടിട്ടില്ല. വെളിപ്പാട് 12ൽ സ്വർഗത്തിലെ യുദ്ധത്തിൽ (അതിൻറെ അർത്ഥം എന്തുതന്നെയായാലും) പരാജിതനായ സാത്താൻ ഭൂമിയിലേക്ക് തള്ളപ്പെട്ട ശേഷം ചെയ്തതും വിശുദ്ധന്മാർക്ക് വിരോധമായി യുദ്ധം ചെയ്യുക എന്നതാണ്. (വെളി 12:8,9,17)

അതായത്, ജാതികൾ വഞ്ചിക്കപ്പെടുകയോ, വശീകരിക്കപ്പെടുകയോ ചെയ്യുന്നത് ഒരു പരിമിതമായ കാലത്തേയ്ക്കും, നിശ്ചിതമായ ഉദ്ദേശ്യത്തോടെയുമാണ്. കണ്ണിൽ കണ്ടവരെയെല്ലാം സാത്താനാൽ വഞ്ചിക്കപ്പെട്ടവർ എന്ന് വിധിക്കുവാൻ ഈ വേദവചനങ്ങൾ ഉപയോഗിക്കരുത് എന്ന് സാരം.
അടുത്ത ഭാഗത്തിൽ തുടരും...
ക്രിസ്തുവിൽ,
ടോംസൻ കട്ടക്കൽ

2 comments:

  1. I would like to point out a small typographical error in the below passage

    Begin Quote>>
    വെളി 22:4 ഞാന്‍ ന്യായാസനങ്ങളെ കണ്ടു; അവയില്‍ ഇരിക്കുന്നവര്‍ക്ക് ന്യായവിധിയുടെ അധികാരം കൊടുക്കപ്പെട്ടു; യേശുവിന്‍റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്‍റെ പ്രതിമയെയോ നമസ്കരിക്കാതെയും നെറ്റിയിലും കൈമേലും അതിന്‍റെ മുദ്ര കൈക്കൊള്ളാതെയും ഇരുന്നവരുടെ ആത്മാക്കളെയും ഞാന്‍ കണ്ടു. അവര്‍ ജീവിച്ച്, 1000 വർഷം ക്രിസ്തുവിനോട് കൂടെ വാണു.
    വെളി 22:6 മരിച്ചവരില്‍ ശേഷമുള്ളവര്‍ 1000 വർഷം കഴിയുവോളം ജീവിച്ചില്ല. ഇത് ഒന്നാം പുനരുത്ഥാനം.
    Rev 20:4 And I saw thrones, and they sat upon them, and judgment was given unto them: and I saw the souls of them that were beheaded for the witness of Jesus, and for the word of God, and which had not worshipped the beast, neither his image, neither had received his mark upon their foreheads, or in their hands; and they lived and reigned with Christ a thousand years.
    Rev 20:5 Rev 20:5 But the rest of the dead lived not again until the thousand years were finished. This is the first resurrection.
    End Quote<<

    The reference given in malayalam should read വെളി 20:4 and വെളി 20:6. The refrence provided in english is the correct verses. Hope it will be noticed corrected.

    Thank you and God bless you

    ReplyDelete