Thursday, July 7, 2016

ഉയിർത്തെഴുന്നേൽപ് (resurrection), ചേതനീകരണം (quickening)

ക്രിസ്തുവിൽ പ്രിയരെ,

ഉയിർത്തെഴുന്നേൽപ് എന്ന് കേൾക്കുമ്പോൾ തന്നെ ലാസരും, യേശുവും കല്ലറയിൽ നിന്നും ജീവനോടെ വെളിയിൽ വന്നതാണ് നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത്. നമ്മളെ പഠിപ്പിച്ചിരിക്കുന്നത് കല്ലറയിലുള്ളവരെല്ലാം യേശുവിൻറെ ശബ്ദം കേട്ട് പുറത്തുവരും (യോഹ 5:28) എന്നാണ്.

നമ്മളിൽ എത്ര പേരുടെ മുതുമുത്തച്ഛന്മാരും മുതുമുത്തശ്ശിമാരും കല്ലറകളിൽ അടക്കപ്പെട്ടിട്ടുണ്ട്? കേരളത്തിലെ ഏറ്റവും പഴക്കമുള്ള കല്ലറ ഒരുപക്ഷേ വാസ്കോഡി ഗാമയുടേതോ, അല്ലെങ്കിൽ കൊടുങ്ങല്ലൂരിലെ ചേരമാൻ പള്ളിയിലെ മുസൽമാന്മാരുടെയോ, മാളയിലെ യെഹൂദ്യരുടെയോ ആയിരിക്കണം. ചുരുക്കിപ്പറഞ്ഞാൽ കല്ലറകളിലുള്ളവർ മാത്രമേ ഉയിർത്തെഴുന്നേറ്റ് വരികയുള്ളൂ എങ്കിൽ നമ്മളിൽ പലരുടെയും പൂർവികന്മാരുടെ കാര്യം പോക്കാണ്. ബാംഗ്ലൂരിൽ ഇന്ത്യൻ ക്രിസ്ത്യൻ ശിമിത്തേരിയിൽ അടക്കപ്പെട്ടിരിക്കുന്ന ലക്ഷക്കണക്കിന് പേർ കല്ലറകളിലല്ല അടക്കപ്പെട്ടിരിക്കുന്നത്. അതായത്, അത്രയും പേരുടെ കാര്യവും പോക്ക്.

ഇപ്പോഴത്തെ (2016) ലോക ജനസംഖ്യ 700 കോടി. ഇതുവരെ ഏകദേശം 10760 കോടി പേർ ഭൂമിയിൽ ജീവിച്ചിരുന്നു. അവരെല്ലാം കല്ലറകളിൽ അടക്കപ്പെട്ടിരുന്നെങ്കിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഒരാൾക്ക് 15 എന്ന കണക്കിൽ കല്ലറകൾ ഭൂമിയിൽ ഉണ്ടായിരിക്കണം. ഒരു കുടുംബക്കല്ലറയിൽ ശരാശരി 4 പേർ അടക്കപ്പെട്ടിട്ടുണ്ടെങ്കിലും കുറഞ്ഞത് ഒരാൾക്ക് 4 കല്ലറകൾ വീതം വേണം. അത്രയും കല്ലറകൾ ഭൂമിയിൽ ഉണ്ടെങ്കിൽ ജീവിക്കുവാൻ സ്ഥലം തേടി ചൊവ്വയിൽ പോകേണ്ടിവരും.

നാം വസിക്കുന്ന ഭൂമിയുടെ ഉപരിതലത്തിലെ മണ്ണിൽ മരിച്ച കോടിക്കണക്കിന് മനുഷ്യരുടെ ശരീരങ്ങൾ ഉണ്ട്. ആ മണ്ണിൽ കൃഷിചെയ്തുണ്ടാക്കുന്ന ആഹാരസാധനങ്ങളിലൂടെ അവരുടെ അംശം നമ്മുടെ ശരീരത്തിലെത്തും. ഇത്തരം ഒരു അനുഭവം ഇവിടെ വായിക്കാം.

ഉയിർത്തെഴുന്നേൽപിൻറെ സ്വഭാവം

പുനരുത്ഥാനത്തെ പറ്റി പല ക്രൈസ്തവ വിഭാഗങ്ങളിലും വിഭിന്നമായ അഭിപ്രായങ്ങളാണ് ഉള്ളത്. ഞാൻ ഇന്നുവരെ കേട്ടിട്ടുള്ളതിലേക്കും ഏറ്റവും രസകരമായ അഭിപ്രായം ഇതാണ്: വിശ്വാസത്താൽ അബ്രഹാമിൻറെ മക്കളായ ക്രൈസ്തവർ ആത്മീയമായ ഉയിർത്തെഴുന്നേൽപ് (spiritual resurrection) പ്രാപിച്ച് സ്വർഗത്തിലേക്ക് പോകും. വിശ്വാസത്തിൻറെ പിതാവായ അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് തുടങ്ങിയ പൂർവപിതാക്കന്മാർ ഭൌമിക ശരീരത്തിൽ ഉയിർത്തെഴുന്നേറ്റ്, ബാക്കി അവിശ്വാസികളുടെ കൂടെ ഭൂമിയിൽ കിഴങ്ങ് ഞോണ്ടും.

ശാരീരികമായ / ഭൌതികമായ ഉയിർത്തെഴുന്നേൽപ്  എല്ലാവർക്കും ഉണ്ടെന്ന് വേദപുസ്തകം പഠിപ്പിക്കുന്നില്ല. ഉയിർത്തെഴുന്നേൽപ് (resurrection) എന്ന് വെളിപ്പാട് 20:5ലും മറ്റ് പല വേദഭാഗങ്ങളിലും ഉപയോഗിക്കപ്പെട്ടിരിക്കുന്ന ഗ്രീക്ക് വാക്ക് ἀνάστασις (an-as'-tas-is, അനസ്താസിസ്, സ്ട്രോങ്സ് നിഘണ്ടുവിൽ G386) യേശുവിൻറെ ഉയിർത്തെഴുന്നേൽപിനെ പരാമർശിക്കുവാൻ ഉപയോഗിച്ചതിനേക്കാൾ അധികം തവണ 1കൊരിന്ത്യർ 15ലാണ് ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് ആ അദ്ധ്യായത്തിലെ പ്രസക്ത ഭാഗങ്ങൾ പരിശോധിക്കാം.
1കൊരി 15:35 ഒരുപക്ഷേ ആരെങ്കിലും: മരിച്ചവര്‍ എങ്ങനെ ഉയിര്‍ക്കും? എന്നും ഏത് തരം ശരീരത്തോടെ വരും? എന്നും ചോദിച്ചേക്കാം.
1കൊരി 15:36 മൂഢാ, നീ വിതയ്ക്കുന്നത് ചത്തില്ല എങ്കില്‍ ജീവിക്കുകയില്ല.
1കൊരി 15:37 നീ വിതയ്ക്കുന്നത് ഉണ്ടാകുവാനുള്ള ശരീരം അല്ല, കോതമ്പിൻറെ അല്ലെങ്കിൽ വേറെ ഏതെങ്കിലും വിത്താണ് വിതയ്ക്കുന്നത്;
1കൊരി 15:38 ദൈവം അവിടത്തെ ഇഷ്ടം പോലെ അതിന് ഒരു ശരീരം നൽകും. ഓരോ വിത്തിനും അതാതിന്‍റെ ശരീരം കൊടുക്കും.
കോതമ്പ് വിത്ത് വിതച്ചാൽ കോതമ്പ് വിത്തല്ല ഉണ്ടാകുന്നത്, കോതമ്പ് ചെടിയാണ്. അതായത് നീ വിതയ്ക്കുന്ന അതേ സാധനം അല്ല ഉണ്ടായിവരുന്നത്. മരിച്ച ഒരാളെ അടക്കിയാൽ അതേ ശരീരമല്ല ഉയിർത്തെഴുന്നേറ്റ് വരുന്നത് എന്ന് സാരം.
1കൊരി 15:39 എല്ലാ മാംസവും ഒരുപോലെയല്ല; മനുഷ്യരുടെ മാംസം വേറെ, കന്നുകാലികളുടെ മാംസം വേറെ, പക്ഷികളുടെ മാംസം വേറെ, മത്സ്യങ്ങളുടെ മാംസവും വേറെ.
ആട്ടിറച്ചിയും മാട്ടിറച്ചിയും തമ്മിൽ തിരിച്ചറിയുവാൻ കഴിയാത്ത നാട്ടുകാരും പോലീസും ഉത്തരപ്രദേശിലെ ദാദ്രിയിൽ മാത്രമേയുള്ളൂ എന്നാണ് പൌലോസ് പറയുന്നത്.
1കൊരി 15:40 സ്വര്‍ഗീയമായ ശരീരങ്ങളും ഭൌമികമായ ശരീരങ്ങളും ഉണ്ട്; സ്വര്‍ഗീയ ശരീരങ്ങളുടെ തേജസ്സ് വേറെ, ഭൌമിക ശരീരങ്ങളുടെ തേജസ്സ് വേറെ.
എങ്ങനെ ആട്ടിറച്ചിയും മാട്ടിറച്ചിയും മീനും പരസ്പരം വ്യത്യസ്ഥങ്ങളായിരിക്കുന്നുവോ അതുപോലെ സ്വർഗീയ ശരീരങ്ങളും ഭൌമിക ശരീരങ്ങളും വ്യത്യസ്ഥങ്ങളാണ്. 
ഭൌമിക ശരീരങ്ങൾ ഉണ്ട് എന്ന് എഴുതിയിരിക്കുന്നതിനെ ദുർവ്യാഖ്യാനം ചെയ്താണ് അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നിവരെക്കൊണ്ട് കിഴങ്ങ് ഞോണ്ടിക്കുന്നത്. പൌലോസ് ഇവിടെ പറഞ്ഞിരിക്കുന്നത് ഭൌമിക ശരീരം എത്രത്തോളം സത്യമാണോ സ്വർഗീയ ശരീരങ്ങളും അത്രത്തോളം സത്യമാണ് എന്നാണ്; പുനരുത്ഥാനത്തിൽ ആർക്കെങ്കിലും ഭൌമിക ശരീരം ലഭിക്കും എന്നല്ല.
1കൊരി 15:41 സൂര്യന്‍റെ തേജസ്സ് വേറെ, ചന്ദ്രന്‍റെ തേജസ്സ് വേറെ, നക്ഷത്രങ്ങളുടെ തേജസ്സ് വേറെ; നക്ഷത്രവും നക്ഷത്രവും തമ്മില്‍ തേജസ്സില്‍ വ്യത്യാസം ഉണ്ടല്ലോ.
1കൊരി 15:42 മരിച്ചവരുടെ പുനരുത്ഥാനവും അതുപോലെ തന്നേ. ദ്രവത്വത്തില്‍ വിതയ്ക്കപ്പെടുന്നു, അദ്രവത്വത്തില്‍ ഉയിര്‍ക്കുന്നു;
മനുഷ്യന് ഇപ്പോഴുള്ളത് ചീഞ്ഞുപോകുന്ന ശരീരമാണ്. പുനരുത്ഥാനത്തിൽ ഇതേ ശരീരമാണെങ്കിൽ അതും ചീഞ്ഞുപോകുന്ന ശരീരമായിരിക്കും. അങ്ങനെ സംഭവിക്കാതിരിക്കുവാനാണ് സ്വർഗ്ഗീയമായ ശരീരം നൽകുന്നത്.
1കൊരി 15:43 അപമാനത്തില്‍ വിതയ്ക്കപ്പെടുന്നു, തേജസ്സില്‍ ഉയിര്‍ക്കുന്നു; ബലഹീനതയില്‍ വിതയ്ക്കപ്പെടുന്നു, ശക്തിയില്‍ ഉയിര്‍ക്കുന്നു;
ഇപ്പോഴുള്ള അതേ ശരീരത്തിൽ ഉയിർത്തെഴുന്നേറ്റ് വന്നാൽ ഉണ്ടാകാവുന്ന തേജസ്സ് എത്രമാത്രം ഉണ്ടാകും? പരമാവധി ഒരു നവജാതശിശുവിൻറെ തേജസ്സ്, അല്ലെങ്കിൽ ഒരു വിശ്വസുന്ദരിയുടെ തേജസ്സ്.

ഈ ശരീരത്തിന് ഒരിക്കലും സ്വർഗാരോഹണം ചെയ്ത യേശുവിൻറെ തേജസ്സുള്ള ശരീരത്തോട് (ഫിലി 3:21) കിടപിടിക്കാനാവില്ല. ആ തേജസ്സുള്ള ശരീരം ദർശിച്ച (അപ്പൊ 22:11) പൌലോസിന് കണ്ണിൽ തിമിരം പിടിപെട്ടു (അപ്പൊ 9:18). ഏതെങ്കിലും സുന്ദരിയെ കണ്ടാൽ ചിലരങ്ങനെ വായ്‍പൊളിച്ച് നോക്കിനിൽക്കും എന്നല്ലാതെ ആർക്കും തിമിരം പിടിച്ചതായി കേട്ടിട്ടില്ല. പുനരുത്ഥാനത്തിൻറെ തേജസ്സ് മനസ്സിലാക്കിയവർ ഭൌതികവും ശാരീരികവുമായ പുനരുത്ഥാനം ആഗ്രഹിക്കില്ല.

യേശു ഭൌതികശരീരത്തിലല്ലേ ഉയിർത്തെഴുന്നേറ്റത് എന്ന ചോദ്യം ഉയരാം: ആയിരുന്നു. പക്ഷേ, അവിടത്തെ കണ്ട ആർക്കും തിമിരം ബാധിച്ചില്ല എന്നത് അവിടന്ന് അതേ ശരീരത്തിലല്ല സ്വർഗത്തിൽ ഉണ്ടായിരുന്നത് എന്നതിന് തെളിവല്ലേ? അവിടത്തെ തേജസ്കരണം എപ്പോൾ നടന്നു എന്നോ, അവിടത്തെ ഭൌതികശരീരത്തിന് എന്ത് സംഭവിച്ചു എന്നോ, തേജസ്കരണത്തിൻറെ പ്രക്രിയ എങ്ങനെയാണ് എന്നോ എഴുതപ്പെട്ടിട്ടില്ല.
1കൊരി 15:44 പ്രകൃത്യായുള്ള ശരീരം വിതയ്ക്കപ്പെടുന്നു, ആത്മീയ ശരീരം ഉയിര്‍ക്കുന്നു; പ്രകൃത്യായുള്ള ശരീരം ഉണ്ടെങ്കില്‍ ആത്മീയ ശരീരവും ഉണ്ട്.
"ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന് കൌതുകം" എന്ന പഴഞ്ചൊല്ല് പോലെ, ചിലർക്ക്  ഈ വചനത്തിൽ ശരീരം എന്ന വാക്ക് കാണുമ്പോൾ എന്തൊരു അടക്കാനാവാത്ത നിർവൃതിയാണെന്നോ? ഇത്രയുമെല്ലാം വചനങ്ങളിൽ ഭൌതികവും ആത്മീയവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിത്തന്നിട്ട് ഈ വചനത്തിൽ ആത്മീയശരീരം എന്ന വാക്ക് വ്യക്തമായി ഉപയോഗിച്ചിരിക്കുന്നതിൻറെ അടിസ്ഥാനത്തിൽ ഭൌതികശരീരം തന്നെയാണ് ഉയിർത്തെഴുന്നേറ്റ് വരുന്നത് എന്ന് വാദിക്കുന്നവരുടെ ആത്മീയവും ബൌദ്ധികവുമായ അന്ധതയ്ക്ക് ചികിത്സയില്ല.
1കൊരി 15:45 ആദ്യത്തെ മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായി തീര്‍ന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നുവല്ലോ, അവസാനത്തെ ആദാം ചേതനീകരിക്കുന്ന (quickening) ആത്മാവായി. (ജീവിപ്പിക്കുക എന്നതിനേക്കാൾ quicken എന്നതിന് യോജിക്കുന്ന പരിഭാഷ ചേതനീകരിക്കുക എന്നതാണ്.)
മണ്ണിൽ നിന്നും ഉരുവാക്കിയ മനുഷ്യൻറെ നാസാരന്ധ്രങ്ങളിൽ ദൈവം ജീവശ്വാസം ഊതിയപ്പോഴാണ് അവൻ ജീവനുള്ള ദേഹിയായത്. അവനും അവസാനത്തെ ആദാമുമായി യാതൊരു സാമ്യവുമില്ല. അവസാനത്തെ ആദാം ചേതനീകരിക്കുന്ന (quickening) ആത്മാവാണ്, മണ്ണിൽ നിന്നും ഉണ്ടായ ദേഹിയല്ല. ചേതനീകരിക്കുക എന്നതിൻറെ അർത്ഥം വഴിയേ എഴുതാം.
1കൊരി 15:46 ആത്മീയമായതല്ല ആദ്യം പ്രകൃത്യായുള്ളതാണ് ; ആത്മീയമായത് പിന്നീട് വരുന്നു.
ഇപ്പോൾ നമുക്കുള്ളത് പ്രകൃത്യായുള്ള ശരീരമാണ്, നമുക്ക് ലഭിക്കേണ്ടത് ആത്മീയമായ ശരീരമാണ്.
1കൊരി 15:47 ആദ്യത്തെ മനുഷ്യന്‍ (ആദാം) ഭൂമിയില്‍ നിന്നും മണ്ണുകൊണ്ടുള്ളവന്‍; രണ്ടാം മനുഷ്യന്‍ (യേശു) സ്വര്‍ഗത്തില്‍ നിന്നും ഉള്ളവന്‍.
1കൊരി 15:48 മണ്ണുകൊണ്ടുള്ളവനെ പോലെ മണ്ണുകൊണ്ടുള്ളവരും സ്വര്‍ഗീയനെ പോലെ സ്വര്‍ഗീയന്മാരും ആകുന്നു;
സ്വാഭാവിക മനുഷ്യർ എങ്ങനെ ആദാമിനെ പോലെയാണോ, ഉയിർത്തെഴുന്നേറ്റ മനുഷ്യൻ യേശുവിനെ പോലെ സ്വർഗീയരായിരിക്കും.
1കൊരി 15:49 നാം മണ്ണുകൊണ്ടുള്ളവന്‍റെ ഛായ ധരിച്ചത് പോലെ സ്വര്‍ഗീയന്‍റെ ഛായയും ധരിക്കും.
ഇപ്പോൾ മനുഷ്യർ ഉള്ളത് ആദാമിൻറെ ഛായയിലാണ്, പുനരുത്ഥാനത്തിന് ശേഷം സ്വര്‍ഗീയനായ യേശുവിൻറെ ഛായയാണ് മനുഷ്യർ ധരിക്കേണ്ടത്. അതായത്, നമ്മളെ ആരെങ്‍കിലും കണ്ടാൽ അവൻറെ കണ്ണിന് തിമിരം പിടിക്കണം.

ചേതനീകരണം (quickening)

റോമ 8:11ൻറെ അടിസ്ഥാനത്തിൽ നമ്മുടെ ഭൌതിക ശരീരങ്ങളാണ് ഉയിർപ്പിക്കപ്പെടുന്നത് എന്നൊരു ധാരണ പരന്നിട്ടുണ്ട്.
റോമ 8:11 യേശുവിനെ മരിച്ചവരില്‍ നിന്നും ഉയിര്‍പ്പിച്ചവന്‍റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നു എങ്കില്‍ ക്രിസ്തു യേശുവിനെ മരണത്തില്‍ നിന്നും ഉയിര്‍പ്പിച്ചവന്‍ നിങ്ങളില്‍ വസിക്കുന്ന തന്‍റെ ആത്മാവിനാല്‍ നിങ്ങളുടെ മര്‍ത്യശരീരങ്ങളെയും ചേതനീകരിക്കും.
Rom 8:11 But if the Spirit of him that raised upG1453 Jesus from the dead dwell in you, he that raised upG1453 Christ from the dead shall also quickenG2227 your mortal bodies by his Spirit that dwelleth in you.
ഇവിടെ ചേതനീകരിക്കുക (quicken) എന്നതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക് ζωοποιέω (dzo-op-oy-eh'-o, ത്സോപോയിയോ, സ്ട്രോങ്സ് നിഘണ്ടുവിൽ G2227). ഉയിർപ്പിക്കുക എന്നതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക് ἐγείρω (eg-i'-ro, എഗിറോ, സ്ട്രോങ്സ് നിഘണ്ടുവിൽ G1453). ഈ രണ്ട് വാക്കുകളും ഒരുമിച്ച് വരുന്ന മറ്റൊരു വചനം പരിശോധിക്കാം:
യോഹ 5:23 പിതാവ് മരിച്ചവരെ ഉയിർപ്പിച്ച്, ചേതനീകരിക്കുന്നത് പോലെ പുത്രനും താന്‍ ഇച്ഛിക്കുന്നവരെ ചേതനീകരിക്കുന്നു.
Joh 5:21 For as the Father raiseth upG1453 the dead, and quickenethG2227 them; even so the Son quickenethG2227 whom he will.
ഇവിടെ ഉയിർപ്പിക്കുന്നതും ചേതനീകരിക്കുന്നതും രണ്ട് വ്യത്യസ്ഥ പ്രക്രിയകളാണ്. പിതാവ് ആദ്യം ഉയിർപ്പിക്കുന്നു, അതിന് ശേഷം ചേതനീകരിക്കുന്നു. പിതാവ് ഉയിർപ്പിച്ചത് യേശുവിനെ. അതിന് ശേഷം ചേതനീകരിച്ചു. (ഒരുപക്ഷേ, ഇതായിരിക്കാം യേശുവിൻറെ തേജസ്കരണം നടന്ന ഘട്ടം).

ഏതായാലും ചേതനീകരിക്കുക എന്നതിന് ഭൌതിക ശരീരത്തിൻറെ ഉയിർത്തെഴുന്നേൽപ് എന്ന അർത്ഥം ഇല്ല.

ഉയിർപ്പിക്കപ്പെടുവാനോ, ചേതനീകരിക്കപ്പെടുവാനോ മരിക്കണമെന്നില്ല.

എഫേ 2:5 അതിക്രമങ്ങളാല്‍ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോട് കൂടെ ചേതനീകരിക്കുകയും (കൃപയാലാണ് നിങ്ങള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നത്)
Eph 2:5 Even when we were dead in sins, hath quickened us togetherG4806 with Christ, (by grace ye are saved;)
എഫേ 2:6 ക്രിസ്തു യേശുവില്‍ യേശുവിനോട് കൂടെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച് സ്വര്‍ഗത്തില്‍ ഇരുത്തുകയും ചെയ്തു.
Eph 2:6 And hath raised us up together, and made us sit together in heavenly places in Christ Jesus:
ഇവിടെ ഉപയോഗിച്ചിരിക്കുന്ന συζωοποιέω (sood-zo-op-oy-eh'-o, സൂദ്സോപോയിയോ, സ്ട്രോങ്സ് നിഘണ്ടുവിൽ G4806) എന്ന വാക്ക് നാം മുമ്പ് കണ്ട G2227ൽ നിന്നും ഉണ്ടായതാണ്. അതിൻറെ അർത്ഥം കൂടെ ചേതനീകരിക്കുക എന്നാണ്.

പാപത്തിൽ മരിച്ചിരുന്നവരെ കൃപയാൽ രക്ഷിക്കുന്നതിനും ഉയിർത്തെഴുന്നേൽപ്പിക്കുക എന്നും ചേതനീകരിക്കുക എന്നുമാണ് അർത്ഥം. തന്നെയുമല്ല, അങ്ങനെ രക്ഷിക്കപ്പെട്ടവരെ സ്വർഗത്തിൽ ഇരുത്തി എന്ന് എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക. പൌലോസ് ഇവിടെ “നമ്മെ” എന്ന് ഉദ്ദേശിക്കുന്നത് മരിച്ച്, അടക്കപ്പെട്ട്, ഉയിർത്തവരെ അല്ലല്ലോ?

ക്രിസ്തുവിൽ പ്രിയരെ, ഭൂതകാലത്തിൽ എഴുതിയിരിക്കുന്ന ഈ വചനത്തിൻറെ അർത്ഥം, ജീവനോടിരിക്കുന്ന നാം, ഇപ്പോൾത്തന്നെ, കൃപയാൽ രക്ഷിക്കപ്പെട്ട്, യേശുവിനോടൊപ്പം മരിച്ച്, ഉയിർത്തെഴുന്നേറ്റ് സ്വർഗീയമായ തലത്തിൽ ഇരിക്കുന്നു എന്നാണ്.

മറ്റൊരു ഉദാഹരണം:
കൊലൊ 2:13 അതിക്രമങ്ങളിലും പരിച്ഛേദമില്ലാത്ത നിങ്ങളുടെ മാംസത്തിലും മരിച്ചവരായിരുന്ന നിങ്ങളെയും അവിടന്ന്, അവിത്തോട് കൂടെ ചേതനീകരിച്ചു;
Col 2:13 And you, being dead in your sins and the uncircumcision of your flesh, hath he quickened togetherG4806 with him, having forgiven you all trespasses;
ഈ വചനങ്ങൾ രണ്ടും (എഫേ 2:5; കൊലൊ 2:13) മരിച്ചവരെ പറ്റിയല്ല എഴുതപ്പെട്ടിട്ടുള്ളത്, ജീവനും, മജ്ജയും, മാംസവുമുള്ള പൌലോസിൻറെ ലേഖനത്തിൻറെ വായനക്കാരെ പറ്റിയാണ്.

ഉപസംഹാരം


വെളിപ്പാട് 20:4 പോലെയുള്ള വചനങ്ങളിൽ രക്തസാക്ഷികളായവർ ഉയിർത്തെഴുന്നേറ്റ് വന്ന് യേശുവിനോട് കൂടെ ആയിരമാണ്ട് വാണു എന്ന് നാം വായിക്കുമ്പോൾ അവർ:

  • ഉയിർത്തെഴുന്നേറ്റ് വന്ന ആത്മീയ ശരീരത്തിൽ ഉള്ളവരായിരിക്കാം. അങ്ങനെയാണെങ്കിൽ അവർ അനുവദിക്കാതെ അവരെ ആർക്കും കാണുവാൻ കഴിയില്ല.
  • അല്ലെങ്കിൽ, എഫേ 2:5, കൊലൊ 2:13 എന്നീ വചനങ്ങൾ പോലെ, കൃപയാൽ രക്ഷിക്കപ്പെട്ട, ജീവനോടിരിക്കുമ്പോൾ തന്നെ, യേശുവിനോട് കൂട് ഉയിർപ്പിക്കപ്പെട്ട്, ചേതനീകരിക്കപ്പെട്ട വിശുദ്ധരായിരിക്കാം.
പുനരുത്ഥാനത്തെ പറ്റിയുള്ള അറിവ് വേദപഠനത്തിൽ സഹായകരമാണ്. നാം മരിക്കുമ്പോൾ എന്ത് സംഭവിക്കും എന്നത് പിന്നീട് എഴുതാം.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

No comments:

Post a Comment