Tuesday, July 26, 2016

നരകം ഒരു പഴങ്കഥ, ഭാഗം #1, ഗെഹന്ന (ആരും നിങ്ങളെ ഭയപ്പെടുത്താതിരിക്കട്ടെ.)

ക്രിസ്തുവിൽ പ്രിയരേ,


പുതിയനിയമത്തിൽ നരകം എന്ന് പരിഭാഷപ്പെടുത്തിയിട്ടുള്ള മൂന്ന് ഗ്രീക്ക് വാക്കുകളിൽ ഒരെണ്ണം ഇവിടെ പരിശോധിക്കുകയാണ് (ബാക്കിയുള്ളവ തുടർന്നുവരുന്ന ലേഖനങ്ങളിൽ പരിശോധിക്കും.) ഈ ലേഖനത്തിൽ പരിശോധിക്കുന്ന വാക്ക് ഗെഹന്ന - γέεννα, (gheh'-en-nah, സ്ട്രോങ്സ് നിഘണ്ടുവിൽ G1067).

നരകം എന്ന നിത്യപീഡനത്തിൻറെ ഒരു സ്ഥലം ഇല്ല എന്ന് പറയുമ്പോൾ ചില കുബുദ്ധികൾ ചോദിക്കുന്ന ചില പൊട്ടച്ചോദ്യങ്ങളുണ്ട്: നരകം ഇല്ലെങ്കിൽ കൊലപാതകം ചെയ്യാമോ? വ്യഭിചരിക്കാമോ? ബലാൽസംഗം ചെയ്യാമോ? മോഷ്ടിക്കാമോ?

നരകം ഉണ്ട് എന്ന പേടികൊണ്ട് മാത്രം തെറ്റുചെയ്യുന്നില്ലെങ്കിൽ നിങ്ങൾ യഥാർത്ഥത്തിൽ ഒരു അധമനാണ്. ട്രാഫിക്ക് പോലീസ് പിടിക്കുവാനില്ല എന്നതിനാൽ ലക്കില്ലാതെ വണ്ടിയോടിച്ചാൽ ആർക്കാണ് കുഴപ്പം എന്ന് ആലോചിക്കുക.
നിങ്ങൾ പറഞ്ഞ തെറ്റുകളിൽ ചിലത് ചെയ്താൽ നാട്ടുകാരും പോലീസും തല്ലി എല്ലൊടിക്കും, പിന്നെ ജയിലിൽ ഗോതമ്പുണ്ട തിന്നാം, എന്താ നോക്കുന്നോ?

ഈ ലേഖനം വായിക്കുവാനോ ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ യുക്തിയുക്തമാണോ എന്ന് അവലോകനം ചെയ്യുവാനോ ശ്രമിക്കാതെ, ഇത് ദുരുപദേശമാണെന്ന് പ്രചരിപ്പിക്കുവാൻ സാധ്യതയുള്ള എല്ലാ മതവാദികൾക്കും ഭാവുകങ്ങൾ! ദൈവം നിങ്ങൾക്ക് നല്ലത് വരുത്തട്ടെ! (ചീത്തവിളിക്കുവാൻ മുട്ടുന്നവർ +919066322810 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ തന്നാൽ ഞാൻ തിരിച്ചുവിളിച്ച്, ചീത്ത കേൾക്കാം.)


കുട്ടികളായിരിക്കുമ്പോൾ മുതിർന്നവർ നമ്മളോട് പറയും നുണ പറയരുത്, യേശുവിന് (കത്തോലിക്കരാണെങ്കിൽ ഈശോയ്ക്ക്) ഇഷ്ടപ്പെടില്ല, നരകത്തിൽ പോകും, ചെകുത്താൻ പല്ല് ഈമ്പും എന്നൊക്കെ. ഈ ഗുണദോഷങ്ങളെല്ലാം കഴിഞ്ഞ് താൽപര്യമില്ലാത്ത ആരെങ്കിലും വീട്ടിൽ വന്നാലോ, ഫോൺ ചെയ്താലോ അവരോട് “അപ്പച്ചൻ ഇവിടെയില്ല” എന്ന് പറയുവാൻ നമ്മളെ ഏൽപിക്കും. അവർ പാപം ചെയ്യുന്നത് മാത്രമല്ല, നമ്മളെ രണ്ടിരട്ടി നരകയോഗ്യരാക്കുകയും ചെയ്യുന്നു! (മത്താ 23:15) സത്യമായും അവർ നരകത്തിൽ വിശ്വസിക്കുന്നുണ്ടോ? ഇല്ലേയില്ല, അവർക്ക് നമ്മളെ പേടിപ്പിച്ച്, നിയന്ത്രിക്കുവാനുള്ള ഒരു ഉപായം മാത്രമാണ് നരകം. മാതാപിതാക്കളുടെ കാര്യം മാത്രമല്ല, മതങ്ങളും ജനങ്ങളെ വരുതിക്ക് നിറുത്തുവാനുള്ള ഉപായമായാണ് നരകശിക്ഷയുടെ ഭീഷണി മുഴക്കുന്നത്.

ഇടറലിന് ഹേതുവായ കൈ, കണ്ണ്, ഹൃദയം - ആലങ്കാരിക ഭാഷ.

മത്താ 5:29 നിൻറെ വലത് കണ്ണ് നിനക്ക് ഇടര്‍ച്ചവരുത്തുന്നെങ്കില്‍ അത് ചൂഴ്ന്നെടുത്ത്, എറിഞ്ഞുകളയുക; നിന്‍റെ ശരീരം മുഴുവനും നരകത്തില്‍ പോകുന്നതിനെക്കാള്‍ അവയവങ്ങളില്‍ ഒന്ന് നശിക്കുന്നത് നിനക്ക് പ്രയോജനകരമാണ്.
മത്താ 5:30 നിൻറെ വലത് കൈ നിനക്ക് ഇടര്‍ച്ചവരുത്തുന്നു എങ്കില്‍ അത് വെട്ടി, എറിഞ്ഞുകളയുക; നിന്‍റെ ശരീരം മുഴുവനും നരകത്തില്‍ പോകുന്നതിനെക്കാള്‍ അവയവങ്ങളില്‍ ഒന്ന് നശിക്കുന്നത് നിനക്ക് പ്രയോജനകരമാണ്.
നിങ്ങളുടെ വലത് കൈയ്യോ, വലത് കണ്ണോ, വലത് കാലോ നിങ്ങൾക്ക് ഇടറലിന് കാരണമാകുന്നെങ്കിൽ അതിനെ വിച്ഛേദിച്ച് ജീവിതത്തിലോ ദൈവരാജ്യത്തിലോ പ്രവേശിക്കുവാൻ യേശു ആഹ്വാനം ചെയ്തത് (മത്താ 5:29; 30; 18:9; മർക്കോ 9:43, 45, 47) പ്രതീകാത്മകമായാണ് എന്ന് വിവേചിക്കുവാൻ കഴിഞ്ഞവർക്ക്, അതേ സന്ദർഭങ്ങളിൽ നരകത്തെ പറ്റി പരാമർശിച്ചിരിക്കുന്നത് പ്രതീകാത്മകമല്ല എന്നുള്ള വെളിപാട് വന്നത് എങ്ങനെയാണാവോ? (പല വേദപണ്ഡിതന്മാരും “വലത് കൈ” എന്ന പദസമുച്ചയത്തിന് ലൈംഗികമായ വ്യാഖ്യാനം നൽകിയിരിക്കുന്നത് പരിഹാസ്യമാണ്, കാരണം വലതു കൈ എന്ന് മത്തായിയുടെ സുവിശേഷത്തിൽ മാത്രമേയുള്ളൂ, മർക്കോസിൻറെ സുവിശേഷത്തിൽ ഇല്ല. വലത് കൈക്ക് ലൈംഗികമായ അർത്ഥം കണ്ടുപിടിച്ച വേദപണ്ഡിതന്മാർക്ക് വലത് കാലിനും, വലത് കണ്ണിനും യുക്തിയുക്തമായ അർത്ഥം കണ്ടുപിടിക്കുവാൻ കഴിയാത്തതാണ് അതിലും വിചിത്രം.)

കണ്ണും, കൈയ്യും, കാലും വിച്ഛേദിക്കുന്നത് പ്രതീകാത്മകമാണ്, പക്ഷേ, അതേ സന്ദർഭത്തിൽ പരാമർശിച്ചിരിക്കുന്ന നരകം പ്രതീകാത്മകമല്ല എന്ന് വാദിക്കുന്നത് ശുദ്ധ വിവരക്കേടാണ്. ഒന്നുകിൽ രണ്ടും അക്ഷരാർത്ഥത്തിലുള്ളതാണ്, അല്ലെങ്കിൽ രണ്ടും പ്രതീകാത്മകമാണ്. നമ്മുടെ കൈകളോ, കാലുകളോ, കണ്ണുകളോ നമ്മെ പാപം ചെയ്യിക്കില്ല, നമ്മുടെ മനസ്സാണ് പാപം ചെയ്യിക്കുന്നത്.

യേശു വേദശാസ്ത്രികളോട്: “നിങ്ങള്‍ ഹൃദയത്തില്‍ തിന്മ ചിന്തിക്കുന്നത് എന്തുകൊണ്ട്?” (മത്താ 9:4) എന്ന് ചോദിച്ചതിന് അവർ ഹൃദയംകൊണ്ടാണ് ചിന്തിക്കുന്നത് എന്നാണോ അർത്ഥം? എന്നുമുതലാണ് ഹൃദയം ചിന്തിക്കുവാൻ തുടങ്ങിയത്? (“ഞെട്ടിക്കുന്ന വാർത്തകൾ കേൾക്കുമ്പോൾ ചിലർക്ക് ഹൃദയാഘാതം ഉണ്ടാവാറില്ലേ, അത് ചിന്തയിൽ ഹൃദയത്തിന് പങ്കുണ്ട് എന്നതിന് തെളിവല്ലേ” എന്ന് ചോദിച്ചേക്കാം. അത്തരം വാർത്തകൾ കേൾക്കുമ്പോൾ മറ്റ് പലർക്കും വയറിളക്കം ഉണ്ടാകാറുണ്ട്, അപ്പോൾ ഏത് ഭാഗമാണ് ചിന്തയിൽ പങ്കുവഹിക്കുന്നത് എന്നതാണ് എൻറെ മറുചോദ്യം)

കൈ, കാൽ, കണ്ണ്, ഹൃദയം എന്നിവയെല്ലാം പാപം ചെയ്യുവാൻ പ്രേരിപ്പിക്കുന്നു എന്നത് ആലങ്കാരിക ഭാഷയാണ്, അതുകൊണ്ടുതന്നെ അതേ സന്ദർഭങ്ങളിൽ ഉപയോഗിച്ച നരകം എന്ന പദവും ആലങ്കാരികഭാഷയാവാതെ തരമില്ല.

സഹോദരനെ ചീത്തവിളിക്കുന്നവൻറെ ഗതി, സാൻഹെഡ്രിൻ, അഗ്നിനരകം!

മത്താ 5:22 ഞാൻ നിങ്ങളോട് പറയുന്നു: സഹോദരനോട് കോപിക്കുന്നവരെല്ലാം ന്യായവിധിക്ക് യോഗ്യനാകും സഹോദരനോട് നിസ്സാരാ (ഓട്ടത്തലയാ) എന്ന് പറഞ്ഞാല്‍ ന്യായാധിപസഭയുടെ (സാൻഹെഡ്രിൻറെ) മുമ്പില്‍ നില്‍ക്കേണ്ടിവരും; മൂഢാ (വിഡ്‌ഢി) എന്ന് പറഞ്ഞാൽ അഗ്നിനരകത്തിന് യോഗ്യനാകും.
സഹോദരൻ ഉണ്ടായിരുന്നിട്ടും നിങ്ങൾ അവനെ ഒരിക്കലും ചീത്തവിളിച്ചിട്ടില്ലെങ്കിൽ, ഒന്നുകിൽ നിങ്ങൾ ഊമ, അല്ലെങ്കിൽ മന്ദബുദ്ധി, അതുമല്ലെങ്കിൽ ഊമ+മന്ദബുദ്ധി. സഹോദരനെ ഒരിക്കലും ശകാരിച്ചിട്ടില്ല എന്ന് അവകാശപ്പെടുന്നവർ നട്ടാൽ കുരുക്കുന്ന നുണ പറയുന്നതാവാനുള്ള സാധ്യത 99.9999 + 0.0001%. എനിക്ക് പൂച്ചക്കണ്ണുള്ളതും, എൻറെ അനുജന് ചേലാകർമ്മം ചെയ്തതാണെന്നതും ഞങ്ങളുടെ ചെറുപ്പത്തിൽ വീട്ടിലെ സീൻ എന്തായിരുന്നു എന്ന് സങ്കൽപിക്കുവാൻ നിങ്ങളെ സഹായിക്കും എന്ന് കരുതുന്നു.

മത്താ 5:22 പ്രകാരം സഹോദരനെ നിസ്സാരാ (ഓട്ടത്തലയാ) അല്ലെങ്കിൽ വിഡ്‌ഢി എന്ന് വിളിച്ചിട്ടുള്ളവരൊക്കെ അഗ്നിനരകത്തിൽ പതിക്കണം! അങ്ങനെയാണെങ്കിൽ, ലോകത്ത് സഹോരന്മാരുള്ള ഏറെക്കുറെ എല്ലാവരും നരകത്തിൽ പതിക്കും. പക്ഷേ, അതിനുമുമ്പ് അവർ ന്യായാധിപസഭയുടെ (സാൻഹെഡ്രിൻറെ) മുമ്പില്‍ നില്‍ക്കണം!

ന്യായാധിപസഭ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്ക് συνέδριον, (സാൻഹെഡ്രിൻ, soon-ed'-ree-on, സ്ട്രോങ്സ് നിഘണ്ടുവിൽ G4892), ഇതിൻറെ അർത്ഥം യെഹൂദ്യരുടെ ന്യായാധിപസഭ. ഇത് മുമ്പ് യെരൂശലേമിൽ നിലനിന്നിരുന്നു. ഇവരാണ് യേശുവിനെയും, ശിഷ്യന്മാരെയും വിചാരണ ചെയ്തത്. കി.പി.358ൽ പിരിച്ചുവിടപ്പെട്ട ശേഷം സാൻഹെഡ്രിൻ രൂപീകരിക്കുവാൻ പല ശ്രമങ്ങൾ നടന്നെങ്കിലും അവയൊന്നും ഫലംകണ്ടില്ല.

ഒരു ജനാധിപത്യ രാജ്യത്ത് ജീവിക്കുന്ന ക്രൈസ്തവനായ നിങ്ങളെ ഏത് സാൻഹെഡ്രിൻറെ മുന്നിലാണോ നിറുത്തേണ്ടത്? ക്രിസ്തുവിൽ പ്രിയരേ, യേശു പറഞ്ഞ കാര്യങ്ങൾ ഒന്നാം നൂറ്റാണ്ടിലുണ്ടായിരുന്ന യെഹൂദ്യർക്ക് ബാധകമായിരുന്നു. നാം പാപരഹിതരായി ജീവിക്കണം എന്നല്ലാതെ നമുക്ക് ബാധകമല്ലാത്ത ശിക്ഷകളെ ഭയക്കേണ്ട കാര്യമില്ല.

ദേഹത്തെയും ദേഹിയെയും നരകത്തിൽ നശിപ്പിക്കുവാന്‍ കഴിയുന്നവൻ

മത്താ 10:28 ദേഹിയെ കൊല്ലുവാന്‍ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തില്‍ നശിപ്പിക്കുവാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍. (ലൂക്കോ 12:5ഉം കാണുക)
ദേഹി എന്ന വാക്കിൻറെ നിർവചനം എന്താണെന്നതിനെ പറ്റി തലനാരിഴ കീറി പരിശോധിക്കുന്നില്ല. ദേഹം (ദേഹവും) നശിപ്പിക്കപ്പെടുന്ന സ്ഥലമാണ് നരകം എന്നാണ് ഈ വചനം അർത്ഥമാക്കുന്നത് എന്നതിൽ തർക്കമില്ലല്ലോ? ഈ വചനത്തെ പറ്റി വിശദമായി പരിശോധിച്ചിട്ടുള്ളതുകൊണ്ട്, ചുരുക്കിപ്പറയാം: ഈ ഭൂമിയിൽ ഇതുവരെ 11000 കോടി മനുഷ്യർ ജീവിച്ച് മരിച്ച് മണ്ണായിട്ടുണ്ട്, ഭൂമിയുടെ ഉപരിതലത്തിലെ മണ്ണിൽ അവരുടെ ശരീരങ്ങളുടെ അംശങ്ങളുണ്ട്.അവരുടെ ദേഹങ്ങൾ മണ്ണായി, ചെടികൾക്കും മരങ്ങൾക്കും വളമായി, ആ ചെടികളും മരങ്ങളുടെ ഫലങ്ങളും ഭക്ഷിച്ച നമ്മുടെ ശരീരത്തിൻറെ ഭാഗമായിത്തീർന്നു; അവരുടെ ദേഹങ്ങളുടെ അംശങ്ങൾ നമ്മുടെ ദേഹത്തുണ്ട്. അവരുടെ ദേഹങ്ങളെ അഗ്നിനരകത്തിൽ നശിപ്പിക്കണമെങ്കിൽ നമ്മുടെ ദേഹങ്ങളെ നശിപ്പിക്കണം. അവരെ ശരീരത്തോടെ പുനരുത്ഥാനം ചെയ്യിക്കണമെങ്കിലും അവരുടെ ശരീരത്തിൻറെ അംശങ്ങൾ നമ്മുടെ ശരീരത്തിൽ നിന്നും വെളിയിൽ വരണം! നമ്മുടെ ശരീരത്തിൽ എത്ര മരിച്ചവരുടെ അംശങ്ങൾ ഉണ്ടാകുമോ, ആവോ?

യേശു അവിടത്തെ ശിഷ്യന്മാരെ അവരുടെ ആദ്യത്തെ സുവിശേഷ പ്രചരണത്തിന് അയച്ചപ്പോൾ (മത്താ 10:5) അവർക്ക് നേരിട്ടേക്കാവുന്ന എതിർപ്പുകളെയും ഉപദ്രവങ്ങളെയും പറ്റി മുന്നറിയിപ്പ് കൊടുത്ത ശേഷം അവർക്ക് ഉത്തേജനം നൽകുവാൻ വേണ്ടി പറഞ്ഞ വാക്കുകളുടെ ഭാഗമാണ് മത്താ 10:28. യേശു ശിഷ്യന്മാരോട് പറയുന്ന കാര്യം ഇതാണ്: ദൈവത്തെയല്ലാതെ, ഒരുത്തനേം പേടിക്കേണ്ട! ഒരുപക്ഷേ, അവർ നിങ്ങളെ അടിച്ചെന്നും, ചീത്തവിളിച്ചെന്നും, പോലീസിൽ ഏൽപിച്ചെന്നും, വിരട്ടിയോടിച്ചെന്നും വരും, നിങ്ങൾ ധൈര്യമായി ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് വിളിച്ചുപറയുക. അവര് കേട്ടില്ലേ, അവർക്ക് പോയി, അത്രതന്നേ! (ഞാൻ സംഭാഷണം എഴുതുന്നതിൽ വിദഗ്ദനല്ല, നിങ്ങൾ സ്വയം വായിച്ചുനോക്കിക്കോളൂ, യേശു പറഞ്ഞതിൻറെ രത്നച്ചുരുക്കം ഇത്രയുമേയുള്ളൂ.)

ദൈവരാജ്യത്തിൻറെ സുവിശേഷം നിരാകരിക്കുന്നവർക്കുള്ള ശിക്ഷാവിധി ഈ വേദഭാഗത്തിൽ തന്നെ നൽകപ്പെട്ടിട്ടുണ്ട്.
മത്താ 10:15 ന്യായവിധി ദിവസത്തില്‍ ആ പട്ടണത്തെക്കാള്‍ സോദോമ്യരുടെയും ഗൊമോര്യരുടെയും ദേശത്തിന് സഹിക്കുവാന്‍ ആകും എന്ന് ഞാന്‍ സത്യമായി നിങ്ങളോട് പറയുന്നു.
അതായത്, അവർക്ക് ലഭിക്കുന്ന ശിക്ഷ സോദോം, ഗൊമോര പട്ടണങ്ങളേക്കാൾ കടുത്തതായിരിക്കുമെന്ന്. എനിക്ക് നിങ്ങളെക്കാൾ ഉയരമുണ്ട് എന്ന് പറഞ്ഞാൽ അതിന് അർത്ഥം നിങ്ങൾക്ക് ഒരു സാധാരണ മനുഷ്യൻറെ ഉയരവും, എനിക്ക് ആകാശവും, ബാഹ്യാകാശവും എല്ലാം കടന്നുപോകുന്ന ഉയരമുണ്ടെന്നാണോ?

ക്രിസ്തുവിൽ പ്രിയരേ, ഈ വേദഭാഗം യേശു അവിടത്തെ ശിഷ്യന്മാരെ യെഹൂദ്യരുടെ അടുത്തേക്ക് മാത്രമായി അയച്ചപ്പോൾ അവർക്ക് നൽകിയ നിർദ്ദേശങ്ങളുടെ ഭാഗമാണ് എന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു. യെഹൂദ്യർക്കായി ദൈവം എഴുന്നേൽപിക്കുന്ന ആ പ്രവാചകനെ നിരാകരിക്കുന്നവർക്ക് ലഭിക്കേണ്ട ശിക്ഷ മോശെ വ്യക്തമാക്കിയിട്ടുണ്ട്:
ആവ 18:18 നിന്നെ പോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്കും അവരുടെ സഹോദരന്മാരുടെ ഇടയില്‍ നിന്നും എഴുനേല്‍പ്പിച്ച് എന്‍റെ വചനങ്ങളെ അവന്‍റെ നാവിന്മേല്‍ ആക്കും; ഞാന്‍ അവനോട് കല്‍പിക്കുന്നതെല്ലാം അവന്‍ അവരോട് പറയും.
ആവ 18:19 അവന്‍ എന്‍റെ നാമത്തില്‍ പറയുന്ന എന്‍റെ വചനങ്ങള്‍ ആരെങ്കിലും കേള്‍ക്കാതിരുന്നാല്‍ അവനോട് ഞാന്‍ ചോദിക്കും.
“ചോദിക്കും” എന്ന് എഴുതിയിരിക്കുന്നതിൻറെ അർത്ഥം പത്രോസ് കൂടുതൽ വ്യക്തമാക്കുന്നു:
അപ്പൊ 3:22 “ദൈവമായ കര്‍ത്താവ് നിങ്ങളുടെ സഹോദരന്മാരില്‍ നിന്നും എന്നെ പോലെ ഒരു പ്രവാചകനെ നിങ്ങള്‍ക്ക് എഴുനേല്‍പ്പിച്ച് തരും; അവന്‍ നിങ്ങളോട് സംസാരിക്കുന്ന സകലത്തിലും നിങ്ങള്‍ അവന്‍റെ വാക്ക് കേള്‍ക്കേണം”.
അപ്പൊ 3:22 “ആ പ്രവാചകന്‍റെ വാക്ക് കേള്‍ക്കാത്ത എല്ലാവരും ജനത്തിന്‍റെ ഇടയില്‍ നിന്നും ഛേദിക്കപ്പെടും.” എന്ന് മോശെ പറഞ്ഞുവല്ലോ.
പഴയനിയമത്തിൽ ന്യായപ്രമാണം ലംഘിച്ചവർക്കുള്ള ശിക്ഷയായിരുന്നു ജനങ്ങളിൽ നിന്നും വിഛേദിക്കുക എന്നത്.
  • ഉൽ 17:14ൽ പരിച്ഛേദന ഏല്‍ക്കാത്തവരെയും,
  • പുറ 30:33, 38ൽ വിശുദ്ധമായ അഭിഷേകതൈലം സ്വന്തം ആവശ്യത്തിനായി ഉണ്ടാക്കുകയോ മറ്റുള്ളവർക്ക് കൊടുക്കുകയോ ചെയ്യുന്നവരെയും,
  • ലേവ്യ 7:20ൽ അശുദ്ധിയോടെ സമാധാനയാഗങ്ങളുടെ മാംസം തിന്നുന്നവരെയും,
തുടങ്ങി നൂറിൽപരം തവണ ജനങ്ങളിൽ നിന്നും വിഛേദിക്കണം എന്ന് നിർദ്ദേശിച്ചപ്പോഴെല്ലാം കൊന്നുകളയണം എന്ന് അർത്ഥമാക്കിയ മോശെ “ആ പ്രവാചകനെ”, “അഭിഷിക്തനെ” അല്ലെങ്കിൽ മിശിഹായെ നിരാകരിക്കുന്നവരെ മാത്രം നരകം എന്ന ഒരു സ്ഥലത്ത് ചുട്ട്, വറുത്ത്, പുഴുങ്ങി, പൊരിക്കണം എന്ന് നിർദ്ദേശിക്കുവാനുള്ള സാധ്യത എത്രമാത്രമുണ്ട്?

സോദോം ഗൊമോറയെ പറ്റിയുള്ള പരാമർശവും, നരകവും ഈ വേദഭാഗത്തിൽ ഒരുമിച്ച് വരുന്നത് യാദൃച്ഛികമായി സംഭവിച്ചതല്ല. യേശുവിനെ, അവരുടെ മിശിഹായെ, നിരാകരിച്ച 11 ലക്ഷം യെഹൂദ്യർ കൊല്ലപ്പെട്ട്, നരകം എന്ന് പരിഭാഷപ്പെടുത്തപ്പെട്ടിട്ടുള്ള ഗെഹന്ന എന്ന പേരുള്ള താഴ്വരയിൽ എറിയപ്പെട്ടതും യാദൃച്ഛികമായിരിക്കുവാൻ വഴിയില്ല. ഇത് സംഭവിച്ചത് കി.പി.70ൽ. സോദോം ഗൊമോറയിലെ ഉന്മൂലനം ഏതാനും മണിക്കൂറുകൾകൊണ്ട് അവസാനിച്ചെങ്കിൽ, ടൈറ്റസ് സീസറിൻറെ കീഴിൽ റോമൻ സൈന്യം മൂന്നര വർഷം യെരൂശലേമിനെ വലയം ചെയ്തപ്പോൾ, ജനങ്ങൾ ഭക്ഷണവും വെള്ളവുമില്ലാതെ കഷ്ടപ്പെട്ടു, തെരുവുമൃഗങ്ങൾ പോലും തിന്നുവാൻ അറയ്ക്കുന്ന മലിനവസ്തുക്കൾ ഭക്ഷിക്കുവാൻ നിർബന്ധിതരായി. ഒടുവിൽ തെരുവുനായ്ക്കളെ പോലെ കൊല്ലപ്പെട്ട്, ഗെഹന്ന താഴ്വരയിൽ എറിയപ്പെട്ടു. ഇതാണ് സോദോം ഗൊമോറയേക്കാൾ സഹിക്കുവാൻ ആവാത്ത ന്യായവിധി.

ഗെഹന്ന താഴ്‍വര


ഗെഹന്ന എന്ന സ്ഥലം യെരൂശലേമിൻറെ കിഴക്കുതെക്കേ മൂലയിൽ കിദ്രോനിനോട് ചേർന്നുള്ള താഴ്‍വരയാണ്. പഴയനിയമത്തിൽ അധർമ്മികളായ ചില രാജാക്കന്മാർ മക്കളെ അഗ്നിപ്രവേശം നടത്തിക്കുവാനും (2രാജാ 23:10), ശിശുബലി കഴിക്കുവാനും (2ദിന 28:3; 33:6; യിരെ 7:31), അന്യദേവന്മാർക്ക് ബലിയർപ്പിക്കുവാനും (യിരെ 32:35) ഉപയോഗിച്ചിരുന്ന ബെൻഹിന്നോം താഴ്‍വരയാണ് പുതിയനിയമ കാലത്ത് ഗ്രീക്ക് ഭാഷയിൽ ഗെഹന്ന എന്ന് അറിയപ്പെട്ടിരുന്നത്. ഈ സ്ഥലം “കൊലയുടെ താഴ്വര” എന്ന് വിളിക്കപ്പെടുന്ന കാലം വരും എന്ന് യിരെമ്യാവ് മുഖാന്തരം പ്രവചിക്കപ്പെട്ടിരുന്ന പ്രവചനം നിറവേറിയതാണ് കി.പി.70ൽ നടന്നത്:
യിരെ 7:32 അതുകൊണ്ട് ഇനി അതിന് തോഫെത്ത് എന്നും ബെന്‍-ഹിന്നോം താഴ്വര എന്നും പേര് പറയാതെ കൊലയുടെ താഴ്വര എന്ന് പേര്‍ വിളിക്കുന്ന കാലം വരും എന്ന് യഹോവയുടെ അരുളപ്പാട്. വേറെ സ്ഥലം ഇല്ലാത്തതിനാല്‍ അവര്‍ തോഫെത്തില്‍ ശവം അടക്കും. (യിരെ 19:6ഉം കാണുക)
തിരുനിവാസം സ്വര്‍ഗീയമായതിന്‍റെ ദൃഷ്ടാന്തവും നിഴലും ആയിരുന്നത് പോലെ (എബ്രാ 8:5) നരകം എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗെഹന്ന പ്രപഞ്ചത്തിന് വെളിയിലുള്ള ഏതെങ്കിലും പീഡന കേന്ദ്രത്തിൻറെ നിഴലല്ല. യേശുവിനെ ക്രിസ്തു (അഭിഷിക്തൻ, മിശിഹ) എന്ന് അംഗീകരിക്കുവാൻ വിമുഖത കാണിച്ച, ദൈവരാജ്യത്തിൻറെ സുവിശേഷത്തെ നിരാകരിച്ച യെഹൂദ്യർക്ക് ലഭിച്ച ശിക്ഷയുടെ ശാശ്വത സ്മാരകമാണ്.

ഇപ്പോൾ ഗെഹന്ന മനോഹരമായ ഒരു പ്രദേശമാണ്.


മത്തായി 10ൻറെ സന്ദർഭം യെഹൂദ്യരോട് സുവിശേഷം പ്രസംഗിക്കുന്നതും അവർ അത് നിരാകരിച്ചാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളുമാണ്. ഈ വേദഭാഗത്തിന് സാർവത്രികമോ, സാർവലൌകികമോ ആയ സാധുതയില്ല. അവർക്ക് ലഭിക്കേണ്ടത് ലഭിച്ചു. ഈ വേദഭാഗം എടുത്ത് കണ്ണിൽകണ്ടവരുടെ മുകളിൽ ആരോപിക്കുന്നതല്ല വേദവ്യാഖ്യാനം.

യെഹൂദ മതമേധാവികൾക്ക് നരകം.

പരീശരും വേദശാസ്ത്രികളുമായുള്ള യേശുവിൻറെ ഏറ്റുമുട്ടലുകളുടെ മൂർദ്ധന്യമാണ് മത്തായി 23ൽ നാം വായിക്കുന്നത്. യേശു തൻറെ ശുശ്രൂഷയിൽ ഏറ്റവും അവസാനമായി നരകം (ഗെഹന്ന) എന്ന പദം ഉപയോഗിച്ചത് ഈ അദ്ധ്യായത്തിലാണ്.
മത്താ 23:15 കപടഭക്തിക്കാരായ ശാസ്ത്രിമാരേ പരീശരേ, നിങ്ങള്‍ക്ക് ഹാ കഷ്ടം; നിങ്ങള്‍ ഒരുവനെ മതത്തില്‍ ചേര്‍ക്കുവാന്‍ കടലും കരയും ചുറ്റി നടക്കുന്നു; ചേര്‍ത്ത ശേഷം അവനെ നിങ്ങളെക്കാള്‍ ഇരട്ടി നരകയോഗ്യന്‍ ആക്കുന്നു.
ഇവിടെ കപടഭക്തിക്കാർ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന വാക്ക് ὑποκριτής (hoop-ok-ree-tace', ഹൂപ്പോക്രീറ്റേസ്, സ്ട്രോങ്സ് നിഘണ്ടുവിൽ G5273) ആണ്. ഈ വാക്കിൽ നിന്നുമാണ് hypocrite എന്ന ഇംഗ്ലീഷ് വാക്ക് ഉണ്ടായിരിക്കുന്നത്. ഈ വാക്കിൻറെ അർത്ഥം കപടനാട്യക്കാരന്‍ അല്ലെങ്കിൽ ആത്മവഞ്ചകൻ എന്നാണ്. യേശു പരീശരെയും ഇതര മതമേധാവികളെയും ആക്ഷേപിക്കുവാൻ ഉപയോഗിച്ച വാക്കാണിത്.

സാധാരണക്കാരെ ബദ്ധപ്പെട്ട് അവരുടെ മതത്തിൽ ചേർത്തിട്ട് അവരെ തങ്ങളേക്കാൾ വലിയ കപടനാട്യക്കാരാക്കി മാറ്റുന്നു എന്നാണ് ഈ വചനത്തിൻറെ അർത്ഥം. ഇവിടെ പാപമല്ല അവരെ നരകയോഗ്യരാക്കുന്നത്, അവരുടെ വിശുദ്ധന്മാരെന്നുള്ള നാട്യമാണ്.
മത്താ 23:33 പാമ്പുകളേ, സര്‍പ്പസന്തതികളേ, നിങ്ങള്‍ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും?
ഇതും പരീശരോടും, ശാസ്ത്രികളോടുമുള്ള ഭർത്സനത്തിൻറെ ഭാഗമാണ്. തുടർന്നുവരുന്ന വചനങ്ങളിൽ ഈ ശിക്ഷ എപ്പോൾ സംഭവിക്കും എന്ന് വ്യക്തമാക്കുന്നുണ്ട്.
മത്താ 23:36 ഇതെല്ലാം ഈ തലമുറയുടെ മേല്‍ വരും എന്ന് ഞാന്‍ സത്യമായി നിങ്ങളോട് പറയുന്നു.
യേശു അഭിസംബോധന ചെയ്ത തലമുറയുടെ മേൽ ആ ശിക്ഷ വന്നു, കി.പി.70ൽ.

നരകം (ഗെഹന്ന) എന്ന പ്രതീകം.

യാക്കോ 3:5 നാവ് ചെറിയ അവയവമാണെങ്കിലും വളരെയധികം വമ്പ് പറയുന്നു. കുറച്ച് തീ എത്ര വലിയ കാട് കത്തിക്കുന്നു?
യാക്കോ 3:6 നാവും ഒരു തീയാണ്; അത് നമ്മുടെ അംഗങ്ങളുടെ കൂട്ടത്തില്‍ അനീതി ലോകമായി ദേഹത്തെ മുഴുവന്‍ മലിനമാക്കി ജീവചക്രത്തിന് തീ കൊളുത്തുകയും നരകത്താല്‍ അതിന് തീ പിടിക്കുകയും ചെയ്യുന്നു.
നരകത്താൽ നാവിന് തീ പിടിക്കും എന്നാണോ ഈ വചനത്തിൻറെ അർത്ഥം? നരകം എന്താ ഗ്യാസ് ലൈറ്ററോ, തീപ്പെട്ടിക്കൊള്ളിയോ, തീപ്പന്തമോ ആണോ? ഈ വചനങ്ങളുടെ സന്ദർഭം നാം നമ്മുടെ വാക്കുകളെ നിയന്ത്രിക്കണം, ശ്രദ്ധയോടെ സംസാരിക്കണം എന്നല്ലേ പഠിപ്പിക്കുന്നത്? നാവ് പാപം ചെയ്യുമോ? മനസ്സും ചിന്തയുമല്ലേ പാപഹേതുക്കൾ? ഇവിടെയും നരകം ഒരു പ്രതീകം മാത്രമാണ്.

നാശം, നശിപ്പിക്കൽ എന്ന അർത്ഥത്തിൽ നരകം എന്ന പദം ഉപയോഗിച്ചിരിക്കുന്നത് ഒന്നാം നൂറ്റാണ്ടിൽ യെഹൂദ്യർക്ക് ഉണ്ടായ നാശത്തെ സൂചിപ്പിക്കുവാനാണ്. മറ്റ് സന്ദർഭങ്ങളിൽ നരകം ഒരു പ്രതീകമായാണ് ഉപയോഗിച്ചിരിക്കുന്നത്. ആരും നിങ്ങളെ ഭയപ്പെടുത്താതിരിക്കട്ടെ.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

No comments:

Post a Comment