Tuesday, September 6, 2016

പ്രെട്രിസം ശരിയാണെങ്കിൽ, ഒലീവ് മല രണ്ടായി പിളർന്നോ? (സെഖ 14:4)

ക്രിസ്തുവിൽ പ്രിയരെ,

ഭവിതവാദം (Preterism) ശരിയാണെങ്കിൽ സെഖ 14:ൽ എഴുതപ്പെട്ടിട്ടുള്ളത് പോലെ, “ഒലീവ് മല രണ്ടായി പിളർന്നോ?” എന്ന് ചോദിക്കുന്നവരുണ്ട്. അവർക്കുള്ള മറുപടിയാണ് ഈ ലേഖനം.

യെഹൂദന്മാർ യേശുവിനെ അവരുടെ മിശിഹയെന്ന് അംഗീകരിക്കാതിരുന്നതിന് ഒരു കാരണം യേശു അവരുടെ ഭാവനയിലെ മിശിഹ പോലെ വന്നില്ല എന്നതാണ്. അവർ കാത്തിരുന്നത് ഒരു വടക്കൻ വീരഗാഥയിൽ ചന്തുച്ചേകവർ കുതിരപ്പുറത്ത് വാളും ചുഴറ്റിക്കൊണ്ട് വരുന്നത് പോലെ വരുന്ന മിശിഹയെയാണ്. അതേ സമയം യേശുവോ ഒരു പാവപ്പെട്ട തച്ചൻറെ മകനായി, അവരെ നിരാശപ്പെടുത്തിക്കൊണ്ട്, അവരുടെയിടയിൽ എത്തി.

അതുപോലെ സെഖ 14:4 വായിക്കുമ്പോൾ മനസ്സിൽ വരുന്ന ചിത്രം ആകാശം മുട്ടെ ഉയരമുള്ള യഹോവ (കർത്താവ്) ആകാശത്തിൽ നിന്നും ഒലീവ് മലയുടെ മുകളിലേയ്ക്ക് കുതിച്ച് ചാടുന്നതും, അവിടത്തെ ചാട്ടത്തിൻറെ ആഘാതത്തിൽ മല കിഴക്കക്കോട്ടും, പടിഞ്ഞാറോട്ടും പിളർന്ന് നീങ്ങുന്നതുമല്ലേ? ആ പിളർപ്പിൻറെ ഒരോ വരമ്പിലും ഒരോ കാൽ വെച്ചുകൊണ്ട് താഴേയ്ക്ക് നോക്കിനിൽക്കുന്ന യഹോവയുടെ ചിത്രം മനസ്സിൽ കണ്ടിട്ടില്ലേ? 100 അടി വീതിയുള്ള പിളർപ്പ് ഉണ്ടാകണമെങ്കിൽ യഹോവയ്ക്ക് 100 അടി ഉയരം ഉണ്ടാകണം.
സെഖ 14:4 അന്ന് അവിടത്തെ കാൽ യെരൂശലേമിന് എതിരെ കിഴക്കുള്ള ഒലിവ് മലയിൽ നിൽക്കും; ഒലിവ് മല കിഴക്കുപടിഞ്ഞാറായി നടുവെ പിളർന്നുപോകും; ഏറ്റവും വലിയ ഒരു താഴ്വര ഉളവാകും; മലയുടെ ഒരു പാതി വടക്കോട്ടും മറ്റെ പാതി തെക്കോട്ടും പിൻവാങ്ങിപ്പോകും.
ഏകദേശം ആറടിയിൽ താഴെ ഉയരമുള്ള ഒരു മനുഷ്യൻ ഈ ഒലിവ് മലയിൽ പലതവണ ഉണ്ടായിരുന്നു എന്നും തൻറെ ശിഷ്യന്മാരുമായി പിളർന്ന മലയുടെ നടുവിലെ വഴിയിലൂടെ യെരൂശലേമിലേക്ക് നടന്നുവന്നത് ഈ പ്രവചനത്തിൻറെ പൂർത്തീകരണമായിരുന്നു എന്നും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഈ മനുഷ്യന് പഴയനിയമത്തിൽ യഹോവയെന്നും (KJVയിൽ കർത്താവ്), പുതിയനിയമത്തിൽ കർത്താവ് യേശു ക്രിസ്തു എന്നും പേര് പറയും. (പഴയനിയമത്തിൽ യഹോവ എന്ന് എഴുതപ്പെട്ടതെല്ലാം യേശുവിനെ പറ്റിയാണ് എന്ന് ഞാൻ പറയുന്നില്ല.)
ലൂക്കോ 19:29 അവിടന്ന് ഒലിവ് മലയരികെ ബേത്-ഫാഗക്കും ബേഥാന്യെക്കും സമീപിച്ചപ്പോള്‍ ശിഷ്യന്മാരില്‍ 2 പേരെ അയച്ചു.
ഇത് എവിടെ നടന്നു എന്ന് അറിയാമോ? ഒലീവ് മലയുടെ നടുവിലൂടെ റോമൻ ഭരണകൂടം നിർമ്മിച്ച റോമൻ റോഡിൽ (the Old Roman Road). ഞാൻ പറയുന്നത് വിശ്വസിക്കേണ്ട, ബെനഡിക്റ്റൈൻ സന്യാസിയും യെരൂശലേം ഗവേഷകനുമായ ബാർഗിൽ പിക്സനർ (Bargil Pixner, 1921-2002) എഴുതിയ മെശിഹായുടെ വഴിയും ആദിമ സഭയുടെ ഗലീലി മുതൽ യെരൂശലേം വരെയുള്ള സ്ഥലങ്ങളും (Paths of the Messiah and Sites of the Early Church from Galilee to Jerusalem) എന്ന പുസ്തകത്തിൻറെ പേജ് 425 കാണുക. (അദ്ദേഹം ഭവിതവാദി -Preterist അല്ലേ! ഇതേ വിഷയത്തിൽ ഗവേഷണം നടത്തി, ഇതേ നിഗനത്തിൽ എത്തിയ അനേകരുണ്ട്.)

റോമൻ ഭരണകൂടം മലയിടിച്ചതിനും വഴിവെട്ടിയതിനും ദൈവത്തിനെന്ത് കാര്യം, അല്ലേ? മലയിടിക്കുവാനും വഴിവെട്ടുവാനും ദൈവം കൽപിച്ചിരുന്നോ? കൽപന കേൾക്കണമോ?
ലൂക്കോ 3:5 എല്ലാ താഴ്വരയും നികത്തപ്പെടും; എല്ലാ മലയും കുന്നും നിരത്തപ്പെടും; വളഞ്ഞത് നേരെയായും ദുര്‍ഘടമായത് നിരന്ന വഴിയായും തീരും;
സ്നാപക യോഹന്നാൻ ഈ വാക്കുകൾ വെറുതെ പറഞ്ഞതാണെന്നാണോ ഓർത്തത്? [ഓ, നാം ഈ വചനത്തെ ആത്മീയവൽക്കരിച്ച്, വിശദീകരിച്ച് തള്ളിയതല്ലേ? ഇയാളുടെയൊരു ബാലിശമായ (silly) കണ്ടുപിടുത്തം, അല്ലേ?]

സ്നാപക യോഹന്നാൻ എന്തിനായിരുന്നു അയയ്ക്കപ്പെട്ടത്?
മലാ 3:1 എനിക്ക് മുന്നിൽ വഴി നിരത്തേണ്ടതിന് ഞാന്‍ എന്‍റെ ദൂതനെ അയയ്ക്കുന്നു...
യെരൂശലേമില്‍ നിന്നും യെരീഹോവിലേക്ക് പോയ്ക്കൊണ്ടിരുന്ന ഒരു മനുഷ്യൻ കള്ളന്മാരുടെ കൈയില്‍ അകപ്പെട്ട് ദേഹോപദ്രവം ഏറ്റപ്പോൾ
നല്ല ശമര്യക്കാരൻ അയാളെ സഹായിച്ചതും ഇതേ റോമൻ റോഡിലാണെന്ന് ഗവേഷകർ പറയുന്നു. (ലൂക്കോ 10:30-33).

കി.പി.66-70 കാലത്ത് ടൈറ്റസ് സീസർ സൈന്യത്തിൻറെ പോക്കുവരവ് സുഗമമാക്കുവാൻ ഈ വഴി കൂടുതൽ വിസ്താരമാക്കി എന്ന് വിവിധ ഗവേഷകർ അഭിപ്രായപ്പെടുന്നു.


ഒരു മല പിളർത്തിയതിൽ നിന്നും യഹോവ എന്താണ് സ്ഥാപിക്കുവാൻ ശ്രമിച്ചത്?


യഹോവ സർവശക്തനാണെന്ന് തെളിയിക്കുവാൻ ഒരു മല പിളർക്കേണ്ട ആവശ്യമില്ല. സെഖ 14:4ൽ യഹോവയുടെ കോപത്തിനാലെയോ, പ്രതികാരത്തിനാലെയോ മലയെ പിളർത്തും എന്ന് എഴുതിയിട്ടുമില്ല. പിന്നെ എന്താണ് കർത്താവ് മലയെ പിളർത്തിയതിൽ നിന്നും തെളിയിച്ചത്?

ക്രിസ്തുവിൽ പ്രിയരേ, ഇതിനാണ് യഹോവയുടെ മുൻകരുതൽ എന്ന് പറയുന്നത്. കി.പി.70ൽ യെരൂശലേം നശിപ്പിക്കപ്പെടുന്നതിന് മുമ്പ്, ദൈവത്തിൽ നിന്നും പ്രത്യേക വെളിപാട്‌ ലഭിച്ചതനുസരിച്ച് അവിടെയുണ്ടായിരുന്ന വിശ്വാസികൾ യോര്‍ദ്ദാനിലുള്ള പെല്ലാ എന്ന സ്ഥലത്തേയ്ക്ക് ഓടി രക്ഷപെട്ടു എന്ന് സഭാചരിത്രകാരനായ യൂസീബിയസ് എഴുതിയിട്ടുണ്ട് (അടിക്കുറിപ്പ് കാണുക). യെരൂശലേമിൽ നിന്നും പെല്ലായിലേയ്ക്കുള്ള എളുപ്പവഴി ഒലിവ് മല പിളർന്ന് ഉണ്ടായ വഴിയാണ്. ജീവനുംകൊണ്ട് ഓടുന്നവർ വളഞ്ഞ വഴിയിലൂടെ പോയി കഷ്ടപ്പെടാതിരിക്കുവാനാണ് വളഞ്ഞത് നേരെയായും ദുര്‍ഘടമായത് നിരന്ന വഴിയായും മാറ്റിയത്.

വിശുദ്ധന്മാരെ കൺമണി പോലെ കാക്കുന്ന എൻറെ കർത്താവിന് എല്ലാ കാലത്തും സ്തോത്രമുണ്ടാകട്ടെ!
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

“the members of the Jerusalem church, by means of an oracle given by revelation to acceptable persons there, were ordered to leave the City before the war began and settle in a town in Peraea called Pella.” Eusebius The History of the Church 3.5.

No comments:

Post a Comment