Sunday, September 18, 2016

റാപ്ചറിന് (Rapture, ഉൽപ്രാപണത്തിന്) ഒരു വാൽക്കഷണം.

ക്രിസ്തുവിൽ പ്രിയരേ,

ഇതിന് മുമ്പ് റാപ്ചറിനെ (ഉൽപ്രാപണത്തെ) പറ്റി എഴുതിയപ്പോൾ അതിൽ ചേർക്കണമോ എന്ന സംശയത്താൽ വിട്ടുപോയ ഒരു കാര്യം അവതരിപ്പിക്കുകയാണ് ഈ ലേഖനത്തിൽ.

പൌലോസ് പറഞ്ഞ വളരെ അർത്ഥവത്തായ ഒരു കാര്യമുണ്ട്:
“ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കായി ഒരുക്കിയിട്ടുള്ളത് കണ്ണ് കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്‍റെയും ഹൃദയത്തില്‍ തോന്നിയിട്ടുമില്ല” (1കൊരി 6:9).
വെളിപ്പാട് 21ലെ സ്വർഗത്തിൽ നിന്നും ഇറങ്ങിവരുന്ന പുതിയ യെരൂശലേമിനെ പറ്റിയുള്ള വർണ്ണനയെ സ്വർഗത്തിൻറെ വർണ്ണനയാണെന്ന് തെറ്റിദ്ധരിച്ചവർ തങ്കം പതിപ്പിച്ച വഴികളുള്ള മഹാനഗരമാണ് സ്വർഗം, അവിടെ നാം ദൈവത്തിന് എപ്പോഴും വെഞ്ചാമരം വീശുകയും ഹല്ലെലൂയ്യാ പാടുകയും ചെയ്യും എന്നൊക്കെ പ്രസംഗങ്ങൾ, പ്രഭാഷണങ്ങൾ, പാട്ടുകൾ, സിനിമകൾ മുതലായവകളിലൂടെ നമ്മുടെ മനസ്സുകളിലും ചിന്തകളിലും അരക്കിട്ടുറപ്പിച്ചതല്ലാതെ, ദൈവം നമുക്കായി എന്താണ് ഒരുക്കിവെച്ചിരിക്കുന്നതെന്ന് ആർക്കും അറിയില്ല. എല്ലാവരും അവരവരുടെ ഭാവനാവിലാസങ്ങൾക്കനുസരിച്ച് കഥകൾ മെനഞ്ഞു എന്നല്ലാതെ, ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കായി ഒരുക്കിയിട്ടുള്ളത് എന്താണെന്ന് ആർക്കും അറിയില്ല. വേദപുസ്തകത്തിൽ എവിടെയെങ്കിലും അത്തരത്തിലുള്ള ബഹുമതികളെ പറ്റിയുള്ള ക്ഷണദർശനം (glimpse) ലഭിച്ചാലോ, അത് നമുക്കുള്ളതല്ല എന്ന മട്ടിൽ അവയെ അവയെ അവഗണിക്കും, അല്ലെങ്കിൽ മറ്റാരുടെയെങ്കിലും പേരിൽ ചാർത്തിക്കൊടുക്കും.

ഇതിനിടെ, യേശു മനുഷ്യരെ പറ്റി പറഞ്ഞ വളരെ മനോജ്ഞമായ ഒരു കാര്യം ഒരു സഹോദരന് കാണിച്ചുകൊടുത്തപ്പോൾ ഒരുപാട് നേരത്തെ ആലോചനയ്ക്കും, തർക്കത്തിനും ശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു: “കർത്താവിനങ്ങനെ പലതും പറയാം, പക്ഷേ, യാഥാർത്ഥ്യം അങ്ങനെയല്ല.” ഇതാണ് ക്രൈസ്തവരുടെ കൈയ്യിലിരുപ്പ്. കർത്താവ് പറഞ്ഞാലും വിശ്വസിക്കാത്ത അവസ്ഥ.

റാപ്ചർ അഥവാ ഉൽപ്രാപണം അഥവാ എടുക്കപ്പെടൽ എന്ന പ്രബോധനത്തിൻറെ ഒരു പ്രധാന ഭാഗം: യേശു വരുമ്പോൾ ജീവനോടെയുള്ള വിശ്വാസികൾ മുകളിലേയ്ക്ക് (മേഘത്തിലേയ്ക്ക്) എടുക്കപ്പെടും എന്നാണല്ലോ? നമ്മുടെ കർത്താവ് വരുമ്പോൾ വിശുദ്ധന്മാരോടൊപ്പം വരും എന്ന് വേദപുസ്തകത്തിൽ ഉണ്ടെങ്കിൽ ഈ പ്രബോധനത്തിന് എന്ത് സംഭവിക്കും?
യൂദാ 1:15 “ഇതാ കര്‍ത്താവ് എല്ലാവരെയും വിധിക്കുവാനും അവര്‍ ഭക്തിഹീനതയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകല പ്രവൃത്തികളും നിമിത്തം ഭക്തികെട്ട പാപികള്‍ തന്‍റെ നേരെ പറഞ്ഞ സകല നിഷ്ഠൂരങ്ങളും നിമിത്തവും ഭക്തികെട്ടവരെ എല്ലാം ബോധംവരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോട് കൂടെ വന്നിരിക്കുന്നു (വരും, വരുന്നു എന്നതാണ് ശരിയായ പരിഭാഷ)”...
ഇവിടെ കർത്താവ് വരുന്നത് വിശുദ്ധന്മാരോട് കൂടെയാണ്. വിശുദ്ധന്മാർ മേഘത്തിലേയ്ക്ക് എടുക്കപ്പെട്ട് അങ്ങനെ കർത്താവിനോട് കൂടെ എപ്പോഴും ഇരിക്കും എന്നാണ് 1തെസ 4:17 പറയുന്നത്. അതുകൊണ്ടുതന്നെ യൂദാ 1:15 പറയുന്നത് മേഘത്തിൽ നിന്നും കർത്താവിനെ ആനയിച്ച് കൊണ്ടുവരുന്നതിനെ പറ്റിയല്ല.

യൂദാ 1:15 ഒരു ഒറ്റപ്പെട്ട വചനമല്ല. ഹാനോക്ക് പറഞ്ഞതായി പറയപ്പെടുന്ന ഒരു വചനമാണ് യൂദാ ഉദ്ധരിച്ചിരിക്കുന്നത്. ഹാനോക്കിൻറെ കാലത്ത് എഴുത്ത് സമ്പ്രദായം (the art of writing) നിലനിന്നിരുന്നോ എന്നത് സംശയാസ്പദമാണ്. അതുകൊണ്ടുതന്നെ ഇപ്പോൾ ഹാനോക്കിൻറെ പുസ്തകം എന്ന പേരിൽ ലഭ്യമായ പുസ്തകം ഹാനോക്ക് എഴുതിയതാവാൻ തരമില്ല.

അപ്പോൾ യൂദായ്ക്ക് തെറ്റുപറ്റി എന്നാണോ ഞാൻ പറയുന്നത്? മത്താ 27:9-10ൽ സെഖ 11:12, 13 ഉദ്ധരിച്ചിട്ട് അത് യിരെമ്യാവ് പറഞ്ഞതാണ് എന്ന് എഴുതപ്പെട്ടിരിക്കുന്നത് തെറ്റല്ല. അന്നത്ത കാലത്ത് അച്ചടിവിദ്യ ഉണ്ടായിരുന്നില്ല. ശാസ്ത്രിമാരുടെ തൊഴിൽ വേദം പകർത്തിയെഴുതൽ ആയിരുന്നെങ്കിലും, ലക്ഷക്കണക്കിനുള്ള യിസ്രായേൽ ജനതയ്ക്ക് മുഴുവനും വായിക്കുവാനുള്ളത്രയും പകർപ്പുകൾ എഴുതിയുണ്ടാക്കുക പ്രായോഗികമല്ല. ദേവാലയത്തിലും സിനഗോഗുകളിലും ഉപയോഗിക്കുവാനുള്ള പ്രതികൾ മാത്രമാണ് അവർ ഉണ്ടാക്കിയിരുന്നത്. ബാക്കിയുള്ളവർ മിക്കവാറും വായ്മൊഴി പാരമ്പര്യങ്ങളെ (oral traditions) ആശ്രയിച്ചിരുന്നു എന്നുവേണം മനസ്സിലാക്കുവാൻ. മത്തായിയുടെ പരാമർശത്തിലെ പ്രവാചകൻറെ പേരിനേക്കാൾ ആ പ്രവചനത്തിൽ അടങ്ങിയിരിക്കുന്ന ദൈവത്തിൻറെ വാക്കുകളല്ലേ പ്രധാനം?

യൂദാ ഉദ്ധരിച്ചിരിക്കുന്ന വാക്യം സെഖ 14:5; ആവ 33:2 എന്നീ വചനങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞ് വായ്മൊഴി പാരമ്പര്യത്തിൽ നിന്നും ഉണ്ടായതാവണം. ഈ വചനത്തിലെ പ്രധാന ഭാഗം സെഖ 14:5ൽ കാണുവാൻ കഴിയും:
സെഖ 14:5 എന്നാല്‍ മലകളുടെ താഴ്വര ആസേല്‍ വരെ എത്തുന്നതിനാല്‍ നിങ്ങള്‍ എന്‍റെ മലകളുടെ താഴ്വരയിലേക്ക് ഓടിപ്പോകും; യെഹൂദാ രാജാവായ ഉസ്സീയാവിന്‍റെ കാലത്ത് നിങ്ങള്‍ ഭൂകമ്പം ഹേതുവായി ഓടിപ്പോയത് പോലെ നിങ്ങള്‍ ഓടിപ്പോകും; എന്‍റെ ദൈവമായ യഹോവയും തന്നോട് കൂടെ സകല വിശുദ്ധന്മാരും വരും.
ഈ വചനത്തിൻറെ സന്ദർഭം യെരൂശലേം നഗരം അന്യജാതികളായ ശത്രുക്കളാൽ വളയപ്പെടുന്നതും കർത്താവ് ഒലിവ് മലയിൽ ഇറങ്ങുന്നതുമാണെന്ന് സെഖ 14:1-4ൽ കാണാം.

ഈ രണ്ട് വചനങ്ങളും വായിക്കുമ്പോൾ പല ക്രൈസ്തവരും ഇത് വിശുദ്ധന്മാരെ പറ്റിയല്ല, ദൂതന്മാരെ പറ്റിയാണ് എന്ന് സമർത്ഥിക്കുവാൻ ശ്രമിക്കാറുണ്ട്. കർത്താവ് വിശുദ്ധ ദൂതന്മാരുമായി വരും എന്ന് എഴുതപ്പെട്ടിരിക്കുന്ന വചനങ്ങളാണ് (മത്താ 25:31; മർക്കോ 8:38; ലൂക്കോ 9:26) ഈ വ്യാഖ്യാനത്തിന് ആധാരം.

സെഖ 14:5, യൂദാ 1:15 എന്നീ വചനങ്ങളിൽ വിശുദ്ധന്മാർ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഹീബ്രൂ (קָדֹשׁ קָדוֹשׁ, കൌദോഷ്, സ്ട്രോങ്‍സ് നിഘണ്ടുവിൽ H6918), ഗ്രീക്ക് (ἅγιος, ഹാഗിയോസ്, സ്ട്രോങ്‍സ് നിഘണ്ടുവിൽ G40) വാക്കുകൾ വേദപുസ്തകത്തിൽ ഒരിടത്തും ദൂതന്മാർ എന്ന് പരിഭാഷപ്പെടുത്തപ്പെട്ടില്ല. ഈ രണ്ട് വാക്കുകൾക്കും വിശുദ്ധം, പരിശുദ്ധം, വിശുദ്ധന്മാർ എന്നല്ലാതെ വേറെ അർത്ഥം ഇല്ല.

മത്താ 25:31; മർക്കോ 8:38; ലൂക്കോ 9:26 എന്നീ വചനങ്ങളിൽ ദൂതന്മാരോടൊപ്പം വരുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും വേറെയാരും ഉണ്ടാവില്ല എന്ന് പറഞ്ഞിട്ടില്ലല്ലോ? വെളിപ്പാട് 19:11ൽ കർത്താവ് ഒരു വെളുത്ത കുതിരയുടെ മുകളിലാണ് വരുന്നത്. കർത്താവിൻറെ വരവിനെ പറ്റി പ്രതിപാദിക്കുന്ന ഇതര പുസ്തകങ്ങളിൽ വെളുത്ത കുതിരയെ പറ്റി പരാമർശിക്കുന്നില്ല എന്നതിനാൽ വെളിപ്പാടിലെ പരാമർശം അസത്യമാകുന്നില്ലല്ലോ?

ദൂതന്മാരുടെ പദവിയെ പറ്റി വേദപുസ്തകം:

എബ്രാ 1:14 അവരെല്ലാം (ദൂതന്മാരെല്ലാം) രക്ഷപ്രാപിക്കേണ്ടവരുടെ (വിശുദ്ധന്മാരുടെ) ശുശ്രൂഷയ്ക്ക് അയയ്ക്കപ്പെടുന്ന സേവകാത്മാക്കളല്ലേ?
1കൊരി 6:3 നാം ദൂതന്മാരെ വിധിക്കും എന്ന് നിങ്ങള്‍ അറിയുന്നില്ലേ? ഐഹിക കാര്യങ്ങളെ എത്രയധികം?
ഇവിടെ ദൂതന്മാരെ വിധിക്കും എന്ന് പറഞ്ഞിരിക്കുന്നത് പാപംചെയ്ത ദൂതന്മാരെയാണെന്ന് എന്ന് വ്യക്തമാക്കിയിട്ടില്ല. ദൂതന്മാരെ എന്തിനാണ് വിധിക്കേണ്ടതെന്നും വ്യക്തമാക്കിയിട്ടില്ല.

ദൈവപുത്രൻ സ്വന്തം മഹോന്നതമായ പദവി ഉപേക്ഷിച്ച്, മനുഷ്യരെ ശുശ്രൂഷിച്ചു എന്നതിനാൽ ഉന്നതമായ പദവിയിൽ ഉള്ളവർക്ക് എളിയവരെ ശുശ്രൂഷിക്കാം എന്നത് സ്പഷ്ടമാണ്, അതുകൊണ്ടുതന്നെ ദൂതന്മാർ മനുഷ്യരായ വിശുദ്ധന്മാർക്ക് ശുശ്രൂഷ ചെയ്യുന്നത് വലിയ കാര്യമല്ലായിരിക്കാം, എന്നാൽ, താഴ്ന്ന പദവിയിൽ ഉള്ളവർ ഉയർന്ന പദവിയിൽ ഉള്ളവരെ വിധിക്കുക എന്നത് അത്രയധികം സാധ്യതയുള്ള കാര്യമാണോ?

വിശുദ്ധന്മാർ കർത്താവിനോട് കൂടെ വരും എന്നതിൻറെ അർത്ഥവ്യാപ്തി.

  • വിശുദ്ധന്മാർ മേഘങ്ങളിലേയ്ക്ക് എടുക്കപ്പെടും എന്ന റാപ്ചർ (Rapture, ഉൽപ്രാപണം) സിദ്ധാന്തം പുനഃപരിശോധിക്കപ്പെടേണ്ടിവരും.
  • യൂദാ 1:15, സെഖ 14:5 എന്നീ വചനങ്ങളുടെ താൽപര്യം കർത്താവ് വിശുദ്ധന്മാരുമായി വരുന്നത് പാപികളെ വിധിക്കുവാനാണെങ്കിൽ ആ വിധിക്ക് മുമ്പ് ഈ വിശുദ്ധന്മാർ എങ്ങനെ കർത്താവിൻറെ സവിധത്തിൽ എത്തിച്ചേർന്നു എന്ന് അന്വേഷിക്കേണ്ടിവരും.
  • മരണം, പുനരുത്ഥാനം, വിധി എന്നിവയെ പറ്റിയുള്ള നമ്മുടെ ധാരണകൾ പുനർവിചിന്തനത്തിന് വിധേയമാക്കേണ്ടിവരും.
  • വേദപുസ്തകത്തിൽ നാം ഇനിയും കണ്ടെത്തിയിട്ടില്ലാത്ത രത്നങ്ങൾ അനവധിയുണ്ട് എന്ന് മനസ്സിലാക്കേണ്ടിവരും.
ഈ വചനങ്ങൾ മഹാ സംഭവങ്ങളാണെന്നോ, ഇവ എൻറെ തുരുപ്പുചീട്ടാണെന്നോ ഞാൻ പറയുന്നില്ല. കർത്താവിൻറെ വരവും വിധിയുമായി ബന്ധപ്പെട്ട ഈ വചനങ്ങളെ അവഗണിച്ചുകൊണ്ടോ, അവയെ വളച്ചൊടിച്ചുകൊണ്ടോ ഉണ്ടാക്കിയ സിദ്ധാന്തങ്ങൾ നിലനിൽക്കുമോ എന്നതാണ് എൻറെ ചോദ്യം.
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

No comments:

Post a Comment