Friday, September 9, 2016

കർത്താവിൻറെ വരവും മേഘങ്ങളും ഭാഗം #1 - പഴയനിയമം.

ക്രിസ്തുവിൽ പ്രിയരേ,


[ഇത് മൂന്ന് ഭാഗങ്ങളുള്ള ഒരു പരമ്പരയിലെ ആദ്യത്തെ ലേഖനമാണ്. തുടർന്നുള്ള ലേഖനങ്ങളിലേയ്ക്കുള്ള ലിങ്ക് അതാത് പേജുകളുടെ അവസാനത്തിൽ ഉണ്ട്. പരിപൂർണ്ണമായി വായിക്കാതെ അഭിപ്രായം പറയുകയോ, ഏതെങ്കിലും ഒരു ആശയത്തെ അതിൻറെ സന്ദർഭത്തിൽ നിന്നും അടർത്തിമാറ്റി, ദുഷ്പ്രചരണം നടത്തുകയോ ചെയ്യാതിരിക്കുക.]

വേദപുസ്തകത്തെ വളരെയധികം ദുർവ്യാഖ്യാനം ചെയ്ത്, പൊട്ടിപ്പാളീസായ രണ്ട് കള്ളപ്രവചനങ്ങൾ നടത്തിയ ഒരു പാസ്റ്റർ ഒരിക്കൽ പറഞ്ഞു: “വേദപുസ്തകം ഒരു പഴയ വയലിനാണ്, അതിൽ ആർക്കും എന്ത് രാഗവും വായിക്കാം.” കക്ഷിക്ക് നല്ല എക്സ്പീരിയൻസ് ഉള്ളതുകൊണ്ട് കുറഞ്ഞപക്ഷം ആ പറഞ്ഞതെങ്കിലും തെറ്റാവാൻ വഴിയില്ല.
നിലത്ത് വരച്ചിരിക്കുന്ന ഒരു സംഖ്യ 6 ആണോ 9 ആണോ എന്ന് അറിയുന്നത് നിങ്ങൾ ഏത് വശത്ത് നിൽക്കുന്നു എന്നതിൻറെ അടിസ്ഥാനത്തിലാണ്. നാം നിൽക്കുന്ന വശത്തുനിന്നും നോക്കിയാൽ കാണുന്നത് ശരിയാണ് എന്ന് തോന്നുന്നതിൽ തെറ്റില്ല. പക്ഷേ ആ സംഖ്യയുടെ ഏതെങ്കിലും ഒരു വശത്ത് 0, 1, 6, 8, 9 എന്നിവയല്ലാതെ വേറെ ഏതെങ്കിലും സംഖ്യ ഉണ്ടെങ്കിൽ രണ്ട് വീക്ഷണകോണുകളിൽ ഒന്ന് തെറ്റാവും. (1 വര പോലെയും, 8ൻറെ മുകളിലും താഴെയുമുള്ള വട്ടങ്ങൾ ഒരുപോലെയും ആയാൽ ആശയക്കുഴപ്പം ഉണ്ടാകും.)

ഇതിനിടെ ഒരു അഭിവന്ദ്യനായ പാസ്റ്റർ അപ്പൊ 1:11നെ വ്യാഖ്യാനിക്കുന്ന വീഡിയോ കണ്ടപ്പോൾ എനിക്ക് മുകളിൽ പറഞ്ഞ 6, 9 കളിയാണ് ഓർമ്മവന്നത്. യേശു ശരീരിയായി വരുമെന്നാണ് പാസ്റ്റർ ആ വേദഭാഗത്തിൽ കണ്ടത്. അതായത് പാസ്റ്റർ കണ്ടത് 6 ആണെന്ന് കരുതുക. ഞാൻ കണ്ടത് 9 ആണ്. അതാണ് ഈ കുറിപ്പിലൂടെ സ്ഥാപിക്കുവാൻ ശ്രമിക്കുന്നത്, കർത്താവിന് ചിത്തമായിരുന്നാൽ അതിന് കഴിയും എന്ന പ്രതീക്ഷയോടെ.

മേഘങ്ങളിലുള്ള വരവ്.


വേദപുസ്തകത്തിൽ ഉടനീളം കർത്താവിൻറെ (യഹോവയുടെ) വരവും മേഘങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരുപക്ഷേ നിങ്ങൾക്ക് ഓർമ്മവരുന്നത് യിസ്രായേല്യർ മിസ്രയീമിൽ നിന്നും പുറപ്പെട്ടപ്പോൾ യഹോവ അവരുടെ മുന്നിൽ അഗ്നിമേഘ സ്തംഭത്തിൽ പുറപ്പെട്ടതായിരിക്കാം, ഞാൻ വേറെ ചില വരവുകളെ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്നു.

ശൌലിനെ സംഹരിക്കുവാൻ മേഘത്തിൽ വന്ന യഹോവ!


ഫിലിസ്ത്യരുമായുള്ള യുദ്ധത്തിൽ പരാജിതനായ ശൌൽ രാജാവ് സ്വന്തം വാളിൻറെ മുകളിൽ വീണ് മരിച്ചു എന്നതാണ് യഥാർത്ഥത്തിൽ നടന്നത്. (1ശമു 31:4-6;  1ദിന 10:4. 1ദിന 10:14ൽ യഹോവ ശൌലിനെ കൊന്നു എന്ന് എഴുതിയിരിക്കുന്നത് അത്തരം സാഹചര്യം വരുത്തി എന്ന അർത്ഥത്തിലാണ്.)

ഇനി, ഇതേ സംഭവത്തെ പറ്റി ദാവീദിൻറെ വിവരണം വായിക്കാം:
സങ്കീ 18:1 സംഗീതപ്രമാണിക്ക്: യഹോവയുടെ ദാസനായ ദാവീദിൻറെ ഒരു സങ്കീർത്തനം. യഹോവ അദ്ദേഹത്തെ സകല ശത്രുക്കളുടെ കൈയ്യിൽ നിന്നും, ശൌലിൻറെ  കൈയ്യിൽ നിന്നും വിടുവിച്ച കാലത്ത് അദ്ദേഹം ഈ സംഗീത വാക്യങ്ങളെ യഹോവയ്ക്കായി പാടി...
ഈ സങ്കീർത്തനം യഹോവ ദാവീദിനെ ശൌലിൽ നിന്നും ഇതര ശത്രുക്കളിൽ നിന്നും രക്ഷിച്ചപ്പോൾ എഴുതിയതാണ് എന്ന കാര്യം മറക്കാതെ ഈ സങ്കീർത്തനത്തിലെ പ്രസക്തഭാഗം വായിക്കുക:
സങ്കീ 18:6 എൻറെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, എൻറെ ദൈവത്തോട് നിലവിളിച്ചു; അവിടന്ന് തൻറെ മന്ദിരത്തിൽ നിന്നും എൻറെ അപേക്ഷ കേട്ടു; തിരുമുമ്പിൽ ഞാൻ കഴിച്ച പ്രാർത്ഥന അവിടത്തെ ചെവിയിൽ എത്തി.
സങ്കീ 18:7 ഭൂമി ഞെട്ടിവിറച്ചു; മലകളുടെ അടിസ്ഥാനങ്ങൾ ഇളകി; അവിടന്ന് കോപിക്കുന്നതിനാൽ അവ കുലുങ്ങിപ്പോയി.
സങ്കീ 18:8 അവിടത്തെ മൂക്കിൽ നിന്നും പുക പൊങ്ങി; അവിടത്തെ വായിൽ നിന്നും തീ പുറപ്പെട്ട് ദഹിപ്പിച്ചു. തീക്കനൽ അവിടന്നിൽ നിന്നും ജ്വലിച്ചു.
സങ്കീ 18:9 അവിടന്ന് ആകാശം ചായ്ച്ച് ഇറങ്ങി; കൂരിരുൾ അവിടത്തെ കാൽക്കീഴിൽ ഉണ്ടായിരുന്നു.
സങ്കീ 18:10 അവിടന്ന് കെരൂബിനെ വാഹനമാക്കി പറന്നു; അവിടത്തെ കാറ്റിൻറെ ചിറകിന്മേൽ ഇരുന്ന് പറപ്പിച്ചു.
സങ്കീ 18:11 അവിടന്ന് അന്ധകാരത്തെ തൻറെ മറവും ജലതമസ്സിനെയും ആകാശമേഘങ്ങളെയും തനിക്ക് ചുറ്റും കൂടാരവുമാക്കി.
ആത്മാർത്ഥമായി ചോദിക്കട്ടേ, ശൌലിൽ നിന്നോ, ഫിലിസ്ത്യരിൽ നിന്നോ, ദാവീദിൻറെ മറ്റേതെങ്കിലും ശത്രുക്കളിൽ നിന്നോ യഹോവ ദാവീദിനെ രക്ഷിച്ചപ്പോൾ ഇതിൽ ഏത് കാര്യമാണ് അക്ഷരംപ്രതി നടന്നത്? (സങ്കീ 18:11ൽ മേഘത്തിൻറെ സാന്നിദ്ധ്യം ശ്രദ്ധിക്കുക.)

യഹോവ (കർത്താവ്) അക്ഷരംപ്രതി വന്നില്ല, പക്ഷേ, സംഹരിക്കപ്പെടേണ്ട ശത്രുക്കൾ സംഹരിക്കപ്പെട്ടു. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ശക്തമായ ഭാഷ ഏകദേശം വെളിപ്പാട് പുസ്തകത്തിലെ ഭാഷ പോലെയുണ്ട്. പക്ഷേ, അവയൊന്നും അക്ഷരംപ്രതി നടന്നവയല്ല.

മിസ്രയീമിനെ നശിപ്പിക്കുവാൻ മേഘത്തിൽ വന്ന യഹോവ!

യെശ 19:1 മിസ്രയീമിനെ കുറിച്ചുള്ള പ്രവചനം. യഹോവ വേഗതയുള്ള ഒരു മേഘത്തെ വാഹനമാക്കി മിസ്രയീമിലേക്ക് വരുന്നു; അപ്പോൾ മിസ്രയീമിലെ മിത്ഥ്യാമൂർത്തികൾ അവിടത്തെ സന്നിധിയിൽ നടുങ്ങുകയും മിസ്രയീമിൻറെ ഹൃദയം അതിൻറെ ഉള്ളിൽ ഉരുകുകയും ചെയ്യും.
ഈ അദ്ധ്യായം മുഴുവൻ വായിച്ചോളൂ. ഇതിൽ പറഞ്ഞിരിക്കുന്ന പ്രധാന കാര്യം മിസ്രയീമിലെ മിത്ഥ്യാമൂർത്തികളെ (വിഗ്രഹങ്ങളെ) നശിപ്പിക്കുന്നതിനെ പറ്റിയാണ്. ഈ അദ്ധ്യായത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഭാവിയിൽ നടക്കേണ്ടതാണെന്ന് ഭവിഷ്യവാദികളായ (futurists) അറിയപ്പെടുന്ന വേദപണ്ഡിതന്മാർ ആരുംതന്നെ അഭിപ്രായപ്പെടുന്നില്ല.

യെശ 19:19ൽ പരാമർശിച്ചിരിക്കുന്ന യഹോവയുടെ യാഗപീഠവും, തൂണും യെഹൂദ പുരോഹിതനായിരുന്ന നീതിമാനായ ശിമെയോൻറെ (Simeon the Just) മകൻ ഓനിയാസ് (Onias) എന്ന ആൾ മിസ്രയീമിലെ നിലനിന്നിരുന്ന മിസ്രയീമ്യരുടെ ദേവാലയത്തെ നവീകരിച്ച് യഹോവയ്ക്കായി യാഗപീഠം സ്ഥാപിക്കുകയും, അവരുടെ തൂണിനെ (obelisk, സ്‌മാരകസ്‌തംഭം) യഹോവയ്ക്കായി പ്രതിഷ്ഠിക്കുകയും ചെയ്തു എന്നത് ചരിത്രം.

മിസ്രയീമിൽ (ഈജിപ്തിൽ) ഇപ്പോഴുള്ളത് 90% മുസ്ലീങ്ങളും 9% ഓർത്തഡോക്സ് ക്രൈസ്തവരും, 1% ഇതര ക്രൈസ്തവരുമാണ്. ഇവരിൽ ആരും വിഗ്രഹാരാധന ചെയ്യുന്നവരല്ല, അതുകൊണ്ടുതന്നെ ഈ വേദഭാഗം ഭാവിയിൽ നിറവേറേണ്ടതല്ല. പിരമിഡുകളും സ്ഫിങ്സും വിഗ്രഹങ്ങളല്ല.

യെശ 19:23ൽ മിസ്രയീമിൽ നിന്നും അശ്ശൂരിലേക്ക് ഒരു പെരുവഴി ഉണ്ടായിരിക്കും എന്ന് എഴുതപ്പെട്ടിരിക്കുന്നതും മിസ്രയീമ്യർ അശ്ശൂര്യരോട് കൂടെ ആരാധിക്കും എന്ന് എഴുതപ്പെട്ടിരിക്കുന്നതും അശ്ശൂരിലേക്ക് അടിമകളായി കൊണ്ടുപോകപ്പെട്ട യിസ്രായേല്യർക്ക് തിരികെ വരുവാനുള്ള വഴിയായിരുന്നു എന്നും, കോരേശ്, അലക്സാണ്ടർ രാജാക്കന്മാരുടെ കാലം മുതൽ എബ്രായരുടെ സ്വാധീനം നിമിത്തം മെസൊപ്പൊത്താമ്യ പ്രദേശത്ത് (അവിടെയാണ് അശ്ശൂർ) ഏകദൈവത്തിലുള്ള വിശ്വസം (Monotheism) പ്രചരിച്ചു എന്നും അശ്ശൂർ രാജാക്കന്മാർ മിസ്രായീമിലെ വിഗ്രഹങ്ങളെ തകർത്ത് അവരെയും ഏകദൈവവിശ്വാസത്തിലേക്ക് കൊണ്ടുവന്നു എന്നും ഭവിഷ്യവാദികളായ (futurists) വേദപണ്ഡിതന്മാർ അവരുടെ പഠനങ്ങൾക്ക് ശേഷം അഭിപ്രായപ്പെടുന്നു. (ഭവിഷ്യവാദികൾ പറഞ്ഞത് ഭവിഷ്യവാദികൾക്ക് പ്രശ്നമുണ്ടാക്കില്ലല്ലോ, ഞങ്ങൾ ഭവിതവാദികൾ  - Preterists - പറഞ്ഞാലല്ലേ പ്രശ്നം?)

യെശ 19:4ൽ മിസ്രയീമിനെ ക്രൂരനായ ഒരു രാജാവിന് ഏൽപിച്ചുകൊടുക്കും എന്ന് പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. മിസ്രയീമിൻറെ നാശം നെബൂഖദ്നേസർ മിസ്രയീമിനെ ആക്രമിച്ചപ്പോൾ തുടങ്ങിയതാണ്, പക്ഷേ, നെബൂഖദ്നേസർ മിസ്രയീമിനെ പരിപൂർണ്ണമായി നശിപ്പിക്കുകയോ, വിഗ്രഹങ്ങൾ തകർക്കുകയോ ചെയ്തില്ല. വിഗ്രഹങ്ങളെ തകർത്തത് കോരെശിൻറെ മകനായിരുന്ന കാംബിസെസോ, അശ്ശൂർ രാജാവായ എസർഹദ്ദോനോ ആയിരുന്നിരിക്കണം.

ഏതായാലും, യഹോവ വേഗതയുള്ള ഒരു മേഘത്തെ വാഹനമാക്കി മിസ്രയീമിലേക്ക് വന്നില്ല. ആർക്ക് അല്ലെങ്കിൽ ഏത് ദേശത്തിന് എതിരായാണോ പ്രവചനം അരുളപ്പെട്ടത് ആ ദേശം നശിപ്പിക്കപ്പെട്ടു, അതിലെ വിഗ്രഹങ്ങൾ നശിപ്പിക്കപ്പെട്ടു.

മേഘത്തിൽ യഹോവ വരുമെന്ന് പറഞ്ഞിട്ട് വന്നത് ആരാണെന്ന് അടുത്ത അദ്ധ്യായത്തിൽ യെശയ്യാവ് പറയുന്നുണ്ട്:
യെശ 20:1 അശ്ശൂർ രാജാവായ സർഗ്ഗോൻറെ കൽപന പ്രകാരം തർത്ഥാൻ അസ്തോദിലേക്ക് ചെന്ന്, അസ്തോദിനോട് യുദ്ധം ചെയ്ത്, അതിനെ പിടിച്ച ആണ്ടിൽ,...
അമ്പട മിടുക്കാ, അസ്തോദ് മിസ്രയീമിലല്ല, മധ്യധരണ്യാഴിയുടെ ചുറ്റുവട്ടത്താണെന്ന് ഇത്രവേഗം കണ്ടുപിടിച്ചില്ലേ? മോനേ, കുട്ടപ്പാ, സൂയസ് കനാൽ എന്നാണ് നിർമ്മിച്ചതെന്ന് വല്ല പിടിപാടുമുണ്ടോ? (അതെവിടെയാ, അല്ലേ?) പൊന്നുമോൻ നിഗമനങ്ങളിലേയ്ക്ക് എടുത്തുചാടാതെ, യെശ 20 മുഴുവനും ഒന്ന് വായിച്ചാട്ടെ. യഹോവ യെശയ്യാവിനോട് പിറന്നപടി നടക്കുവാൻ കൽപിക്കുന്നതും, പിന്നീട്:
യെശ 20:4 അശ്ശൂർ രാജാവ് മിസ്രയീമിൽ നിന്നുള്ള ബദ്ധന്മാരെയും കൂഷിൽ നിന്നുള്ള പ്രവാസികളെയും ആബാലവൃദ്ധം മിസ്രയീമിൻറെ ലജ്ജക്കായി നഗ്നന്മാരും ചെരിപ്പിടാത്തവരും ആസനം മറയ്ക്കാത്തവരും ആയി പിടിച്ചുകൊണ്ടുപോകും.
അങ്ങനെ, അവിടെയും യഹോവ മേഘത്തിൽ വന്നില്ല, പക്ഷേ, മിസ്രയീം നാശമായി.

കി.മു. ആറാം നൂറ്റാണ്ടിലെ യെരൂശലേമിൻറെ നാശവും മേഘങ്ങളും.


ഏദോമിൻറെ നാശത്തിനെ പറ്റിയുള്ള ഭീതിജനകമായ പ്രവചനത്തിൽ ഏതായാലും യഹോവ മേഘത്തിൽ വരും എന്ന് എഴുതിയിട്ടില്ല.

കി.മു.ആറാം നൂറ്റാണ്ടിൽ യെരൂശലേം നെബൂഖദ്നേസരിൻറെ സൈന്യത്താൽ നശിപ്പിക്കപ്പെട്ടപ്പോഴും യഹോവ മേഘത്തിൽ വന്നു എന്ന് എഴുതിയിട്ടില്ല. പക്ഷേ, ആ സംഭവത്തിൽ ശ്രദ്ധേയമായ ഒരു കാര്യം യഹോവയുടെ കോപവും മേഘങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്.
വിലാ 2:1 അയ്യോ! യഹോവ സീയോന്‍ പുത്രിയെ തന്‍റെ കോപത്തില്‍ മേഘത്താല്‍ മറച്ചത് എങ്ങനെ? അവന്‍ യിസ്രായേലിന്‍റെ മഹത്വം ആകാശത്ത് നിന്നും ഭൂമിയില്‍ ഇട്ടുകളഞ്ഞു; തന്‍റെ കോപദിവസത്തില്‍ അവന്‍ തന്‍റെ പാദപീഠത്തെ ഓര്‍ത്തതുമില്ല,...
അതായത്, ദൈവത്തിൻറെ കോപത്തിനും മേഘത്തിനും അല്ലെങ്കിൽ മേഘത്തിലുള്ള വരവിനും തമ്മിൽ ബന്ധമുണ്ട്. തന്നെയുമല്ല, മേഘത്തിൽ വരും എന്ന് പറയപ്പെട്ട ഒരു സാഹചര്യത്തിലും നേരിട്ട് വരികയോ, ഭൂമിയിൽ ഇറങ്ങുകയോ ചെയ്തിട്ടില്ല എന്നത് ശ്രദ്ധിക്കുക.


ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

ചീത്തവിളിക്കുവാൻ മുട്ടുന്നവർ: 09341960061, 09066322810 എന്നീ നമ്പറുകളിലേക്ക് മിസ്ഡ് കോൾ തന്നാൽ ഞാൻ തിരിച്ചുവിളിച്ച് ചീത്ത കേട്ടുകൊള്ളാം.

No comments:

Post a Comment