Saturday, September 3, 2016

മത്തായി 24: ലോകാവസാനം: “സുവിശേഷം ഭൂലോകത്തിലൊക്കെയും പ്രസംഗിക്കപ്പെട്ട ശേഷം” (മത്ത 24:14)

ക്രിസ്തുവിൽ പ്രിയരേ,

മത്തായി 24:3ൽ നിന്നും 24:14ലേക്ക് ഞാൻ എടുത്തുചാടുവാൻ കാരണമെന്തെന്ന് ആദ്യമേ പറയട്ടെ: പ്രെട്രിസത്തിനെ പറ്റി വളരെ വിശദമായ പഠനം നടത്തിയ അഭിവന്ദ്യനായ ഒരു പാസ്റ്റർ ഇതിനിടെ ഒരു Live Video പ്രസിദ്ധീകരിച്ചതിൻറെ ലിങ്ക് സഹോദരൻ ജിയോ ജോയ് എനിക്ക് അയച്ചുതന്നു. എനിക്ക് സ്പീഡുള്ള ഇൻറർനെറ്റ് കണൿഷനോ, Live Video നടത്തുവാനുള്ള സംവിധാനമോ ഇല്ലാത്തതിനാലാണ് ഈ കുറിപ്പ് എഴുതുന്നത്. ജൊനാഥൻ വെൽട്ടൺ എന്ന പണ്ഡിതൻ വരുത്തിയ ഒരു തെറ്റിനെ പാസ്റ്റർ വലിയതായി പെരുപ്പിച്ച് കാണിച്ചു. ഒന്ന് ചോദിച്ചോട്ടേ, പാസ്റ്ററിൻറെ വീഡിയോയിൽ തെറ്റുകളില്ലേ? “പരിജ്ഞാനം ഇല്ലാത്തതിനാൽ എൻറെ ജനങ്ങൾ നശിക്കുന്നു എന്ന് നമ്മുടെ കർത്താവായ യേശുക്രിസ്തു പറഞ്ഞിട്ടുണ്ട്” എന്ന് പാസ്റ്റർ പറയുന്നുണ്ട് (4 മിനിറ്റ് 39 സെക്കൻറ്). ഈ വചനം ഹോശെയ 4:6ൽ നിന്നും ഉദ്ധരിച്ചതാണ്. പഴയനിയമത്തിൽ യഹോവ പറഞ്ഞ കാര്യങ്ങളെല്ലാം യേശുവിൻറെ പേരിൽ ആരോപിച്ചാൽ ഹിത്ത്യർ, ഗിർഗ്ഗശ്യർ, അമോര്യർ,... തുടങ്ങി അനേക ലക്ഷം മനുഷ്യരെ കൊന്നൊടുക്കുവാൻ കൽപിച്ചതിൻറെ ഉത്തരവാദിത്വവും യേശുവിൻറെ പേരിൽ ആരോപിക്കേണ്ടിവരും. അത് വേണമോ എന്ന് ചിന്തിക്കുക.

ഇവിടെ ഞാൻ എഴുതുന്നത് പാസ്റ്റർ ഗവേഷണം നടത്തി എന്ന് പറയപ്പെടുന്ന മത്തായി 24:14നെ പറ്റി മാത്രമാണ്. പ്രതികരണങ്ങൾ, കാടുകയറാതെ, ഇവിടെ ഉപയോഗിച്ചിരിക്കുന്ന വചനങ്ങളെ പറ്റി മാത്രമായിരിക്കട്ടെ. (പാസ്റ്റർ അദ്ദേഹത്തിൻറെ വിശദമായ പഠനത്തിൽ പരാമർശിച്ച ഇതര വചനങ്ങളെ പറ്റി ഈ പരമ്പരയിൽ എഴുതും, അതുകൊണ്ട്, ഈ വചനവും അതിൻറെ അർത്ഥവും മാത്രമായിരിക്കട്ടെ നമ്മുടെ ശ്രദ്ധാകേന്ദ്രം. ഫേസ്ബുക്കിൽ പ്രതികരിക്കുന്നതാണ് ഉത്തമം. ബ്ലോഗറിൽ പ്രതികരിച്ചാൽ എനിക്ക് അറിയിപ്പ് വരുന്നത് മണിക്കൂറുകൾ കഴിഞ്ഞാണ്.)
മത്താ 24:14 രാജ്യത്തിൻറെ ഈ സുവിശേഷം സകല ജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ എല്ലാം പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.
Mat 24:14 And this gospel of the kingdom shall be preached in all the world[G3625] for a witness unto all nations; and then shall the end come. 
ഇത് നടന്നാൽ മാത്രമേ അവസാനം വരൂ, ഇല്ലെങ്കിൽ വരില്ല എന്ന് പാസ്റ്ററിനെ പോലെ ഞാനും അംഗീകരിക്കുന്നു. ഇത് നടന്നോ ഇല്ലയോ എന്ന് പാസ്റ്റർ പറയുന്നതും അവസാന വാക്കല്ല, ഞാൻ പറയുന്നതും അവസാന വാക്കല്ല. വേദപുസ്തകം പറയുന്നതാണ് അവസാന വാക്ക്. (പാസ്റ്റർ ബെരോയായിലെ ജനങ്ങളെ പോലെ ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിക്കുന്ന ആളായതുകൊണ്ട് ഈ കാര്യത്തിൽ എനിക്ക് അശ്ശേഷം സംശയമില്ല.)

ഈ വചനത്തിൽ ഭൂലോകം (world) എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്ക് οἰκουμένη - എർക്കോമെനെ (സ്ട്രോങ്സ് നിഘണ്ടുവിൽ G3625) വരുന്ന ചില വചനങ്ങൾ ഈ ബാംഗ്ലൂരുകാരൻ ബെരോയക്കാരുടെ മുന്നിൽ അവതരിപ്പിക്കുന്നു.

സുവിശേഷപ്രസംഗത്തെ പറ്റി പൌലോസ്:

റോമ 10:16 എങ്കിലും എല്ലാവരും സുവിശേഷം അനുസരിച്ചിട്ടില്ല: “കർത്താവേ, ഞങ്ങൾ കേൾപ്പിച്ചത് ആർ വിശ്വസിച്ചു” എന്ന് യെശയ്യാവ് പറയുന്നുവല്ലോ.
റോമ 10:17 ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിൻറെ വചനത്താലും വരുന്നു.
റോമ 10:18 എന്നാൽ അവർ കേട്ടില്ലേ എന്ന് ഞാൻ ചോദിക്കുന്നു. “കേട്ടിരിക്കുന്നു നിശ്ചയംഅവരുടെ നാദം സർവ ഭൂമിയിലും അവരുടെ വചനം ഭൂതലത്തിൻറെ അറ്റത്തോളവും പരന്നു”. (“കേട്ടിരിക്കുന്നു”, “പരന്നു” എന്നീ മലയാളം വാക്കുകൾ ഭൂതകാലത്തിലാണ് എന്ന് മനസ്സിലാക്കുവാൻ അഞ്ചാം ക്ലാസ് വരെ മലയാളം പഠിച്ചിട്ടുള്ള ഏത് കുട്ടിക്കും കഴിയും.)
ഇംഗ്ലീഷിലും ഇതേ വചനം ഭൂതകാലത്തിലാണ് ഉള്ളത്.
Rom 10:18 (KJV) But I say, Have they not HEARD? Yes verily, their sound WENT into ALL THE EARTH, and their words unto THE ENDS OF THE WORLD[G3625]. (heard, went എന്നീ വാക്കുകൾ to hear, to go എന്നീ ക്രീയകളുടെ Past Tense അല്ലേ?)
ഇനി അഥവാ KJV തെറ്റാണെന്ന തോന്നലുണ്ടെങ്കിൽ ഇതര പരിഭാഷകൾ പരിശോധിച്ചോളൂ. തമിഴ് വേദപുസ്തകത്തിലൊഴികെ ഞാൻ പരിശോധിച്ച 32 വേദപുസ്തകങ്ങളിലും ഈ വചനം ഭൂതകാലത്തിൽ എഴുതപ്പെട്ടിരിക്കുന്നത് (gone - past participle, went - past tense) ഒരു പ്രെട്രിസ്റ്റ് ഗൂഢാലോചനയാകുവാൻ വഴിയുണ്ടോ? ഇനി പറയാവുന്ന മുട്ടായുക്തി ഈ വചനങ്ങളിൽ “രാജ്യത്തിൻറെ സുവിശേഷം” എന്നില്ല, “സുവിശേഷം” എന്ന് മാത്രമേയുള്ളൂ എന്നതാണ്. യേശു “രാജ്യത്തിൻറെ സുവിശേഷം” എന്ന് 2 തവണയും “സുവിശേഷം” എന്ന് മാത്രമായി 6 തവണയും പറഞ്ഞിട്ടുണ്ട്, അത് വേറെ എന്തിനെയെങ്കിലും പറ്റിയുള്ള സുവിശേഷമായിരിക്കുവാൻ വഴിയില്ല.

റോമ 10:18 ഒരു ഒറ്റപ്പെട്ട വചനമല്ല. ലോകത്തിൽ എല്ലായിടത്തും പ്രസംഗിക്കപ്പെട്ടു എന്ന് സമർത്ഥിക്കുന്ന വേറെ 5 വചനങ്ങളെങ്കിലും ഉണ്ട്. അവയെല്ലാം ഇവിടെ പരിശോധിക്കുന്നില്ല. ഈ വചനത്തിൻറെ (റോമ 10:18) അടിസ്ഥാനത്തിൽ ചില കാര്യങ്ങൾ അവതരിപ്പിക്കുന്നു.

ഭൂലോകത്തെ കലഹിപ്പിച്ച പൌലോസ്!


ഈ ലേഖനം എഴുതിയ പൌലോസിനെ പറ്റി യെഹൂദർ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കുക (അപ്പൊ 17:4 മുതൽ വായിക്കുക).
അപ്പൊ 17:6 അവരെ (പൌലോസിനെയും ശീലാസിനെയും) കാണാതിരുന്ന് യാസോനെയും ചില സഹോദരന്മാരെയും നഗരാധിപന്മാരുടെ അടുത്തേയ്ക്ക് ഇഴച്ചുകൊണ്ട് “ഭൂലോകത്തെ കലഹിപ്പിച്ചവർ ഇവിടെയും എത്തി”;
Act 17:6  And when they found them not, they drew Jason and certain brethren unto the rulers of the city, crying, These that have turned the world[G3625] upside down are come hither also; 
പൌലോസും ശീലാസും സത്യമായും ഭൂലോകത്തെ കലഹിപ്പിച്ചോ, സഹോദരാ, സഹോദരീ? അവർ ഇന്ത്യ, റഷ്യ, ചൈന, ജപ്പാൻ, അമേരിക്ക, ആസ്ട്രേലിയ തുടങ്ങിയ ദേശങ്ങളെയെല്ലാം കലഹിപ്പിച്ചോ? അമേരിക്കയും ആസ്ട്രേലിയയും വേദപുസ്തകത്തിൽ എവിടെയെങ്കിലും പരാമർശിക്കപ്പെടുന്നുണ്ടോ? (ഓ, സേലമും, ഫിലാഡൽഫിയയും വേദപുസ്തകത്തിൽ ഉണ്ടല്ലോ, അല്ലേ?)

പൌലോസ് ഒരിക്കൽ ഏഷ്യയിലേക്ക് വരുവാൻ ആഗ്രഹിച്ചപ്പോൾ പരിശുദ്ധാത്മാവ് അദ്ദേഹത്തെ തടഞ്ഞു (അപ്പൊ 16:6). ആ പൌലോസിനെ പറ്റിയാണ് ലോകം മുഴുവൻ കലഹമുണ്ടാക്കുന്നവൻ എന്ന് യെഹൂദർ പരാതിപ്പെട്ടത് എന്നത് മറക്കരുത്.

എഫെസൊസിൽ പൌലോസിനെതിരെ ഉണ്ടായ ആരോപണം:

അപ്പൊ 19:27 അതിനാൽ നമ്മുടെ ഈ കാര്യം ആക്ഷേപത്തിലാകുവാൻ അടുത്തിരിക്കുന്നതും അല്ലാതെ അർത്തെമിസ് മഹാദേവിയുടെ ക്ഷേത്രം ഏതുമില്ല എന്ന് വരികയും ആസ്യ (ഏഷ്യ) മുഴുവനും ഭൂതലവും ഭജിച്ചുപോരുന്നവളുടെ മാഹാത്മ്യം നശിക്കുകയും ചെയ്യും എന്ന് പറഞ്ഞു.
Act 19:27  So that not only this our craft is in danger to be set at nought; but also that the temple of the great goddess Diana should be despised, and her magnificence should be destroyed, whom all Asia and the world[G3625] worshippeth.  
ഏഷ്യ മുഴുവനും, ഭൂതലം മുഴുവൻ ഭജിക്കുന്ന ഈ അർത്തെമിസ് (ഡയനാ) മഹാദേവിയെ 33 കോടി ദൈവങ്ങളുള്ള ഹൈന്ദവർക്ക് അറിയാമോ? ഇന്ത്യയിൽ, ചൈനയിൽ, റഷ്യയിൽ ... ആർക്കെങ്കിലും ഈ മഹാദേവിയെ അറിയാമോ (വേദപുസ്തകത്തിൽ വായിച്ചതൊഴികെ)? അർത്തെമിസ് ഒരു ഗ്രീക്ക് ദേവതയാണ്. കർണ്ണാടകയിൽ ഓരോ ഗ്രാമത്തിലുമുണ്ട് ദേവന്മാരും, ദേവിമാരും. അവരും അവരുടെ ദേവനെയും, ദേവതയെയും പറ്റി ലോകം മുഴുവൻ ആരാധിക്കുന്ന യെല്ലമ്മാ ദേവി എന്നോ മാരമ്മ ദേവി എന്നോ ബസവ ദേവൻ എന്നോ പറയും. അത് മുഖവിലയ്ക്ക് എടുക്കുവാൻ കഴിയുമോ?

കൈസരുടെ ലോകം:

ലൂക്കോ 2:1 ആ കാലത്ത് ലോകമെല്ലാം പേർവഴി ചാർത്തേണം എന്ന് ഔഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു.
Luk 2:1 And it came to pass in those days, that there went out a decree from Caesar Augustus, that ALL THE WORLD[G3625] should be taxed.
(ഇവിടത്തെ പ്രതിപാദ്യം കാനേഷുമാരിയോ - census, നികുതി പിരിക്കലോ - taxation ആയിക്കൊള്ളട്ടെ, പ്രശ്നമില്ല.)

ഔഗുസ്തൊസ് കൈസർ ഇന്ത്യയിൽ നിന്നും നികുതി പിരിച്ചിരുന്നോ? റഷ്യയിൽ നിന്ന്? അമേരിക്കയിൽ നിന്ന്? ആസ്ട്രേലിയയിൽ നിന്ന്? ചൈനയിൽ നിന്ന്? അപ്പോൾ പിന്നെ ലോകം മുഴുവനും നികുതി പിരിക്കണമെന്നോ/കാനേഷുമാരി നടത്തണമെന്നോ ഔഗുസ്തൊസ് കൈസർ ആജ്ഞാപിച്ചു എന്ന് എഴുതിയിരിക്കുന്നതോ? റോമാ സാമ്രാജ്യത്തിന് വെളിയിൽ നികുതി പിരിക്കുവാനോ, കാനേഷുമാരി നടത്തുവാനോ ഔഗുസ്തൊസ് കൈസർക്ക് അധികാരമുണ്ടോ? റോമാ സാമ്രാജ്യം മദ്ധ്യധരണ്യാഴിയുടെ (Mediterranean Sea) ചുറ്റിലുമുള്ള ഒരു പ്രദേശമായിരുന്നു, അവിടത്തെ മഹാരാജാവിന് അയാളുടെ അധികാരപരിധിക്ക് പുറത്ത് നികുതി പിരിക്കുവാൻ കഴിയില്ല. (ബാറാക്ക് ഒബാമയ്ക്ക് ഇന്ത്യയിലോ, റഷ്യയിലോ, ജപ്പാനിലോ നികുതി പിരിക്കുവാൻ കഴിയാത്തത് പോലെ.)

ലോകം എന്ന പദത്തിന് ഭൂമിയിൽ ജനവാസമുള്ള വരണ്ട നിലം മുഴുവനും എന്ന അർത്ഥം ഞാൻ ഉദ്ധരിച്ച ഏതെങ്കിലും വചനത്തിൽ കാണിക്കുവാൻ കഴിയുമോ? അങ്ങനെ കാണിക്കുവാൻ കഴിയാത്ത എത്രയോ വചനങ്ങൾ എനിക്ക് കാണിക്കുവാൻ കഴിയും. (ലോകസ്രഷ്ടാവായ ദൈവം എന്ന് എഴുതുവാൻ ഉപയോഗിച്ച അതേ ഗ്രീക്ക് പദമാണ് ഒരുപക്ഷേ ലൂക്കോസ് 2:1ലും ഉപയോഗിച്ചിരിക്കുന്നതെങ്കിൽ പോലും ഔഗുസ്തൊസ് കൈസർ ലോകത്തിൻറെ മുഴുവൻ അധിപതിയാകുന്നില്ല.)

അവരുടെ നാദം സർവ ഭൂമിയിലും അവരുടെ വചനം ഭൂതലത്തിൻറെ അറ്റത്തോളവും സുവിശേഷം പരന്നു, (കേൾക്കേണ്ടവർ)“കേട്ടിരിക്കുന്നു നിശ്ചയം” എന്ന് പൌലോസ് നുണ പറഞ്ഞതല്ല. അത് പരിഭാഷയിലെ തെറ്റുമല്ല. പാസ്റ്റർ പറഞ്ഞത് പോലെ പതിനാറാം നൂറ്റാണ്ടിൽ ഉണ്ടായ നവോത്ഥാനത്തിനെ എതിർക്കുവാൻ കത്തോലിക്കാ സഭ കണ്ടുപിടിച്ചതാണ് പ്രെട്രിസം എങ്കിൽ പതിനാറാം നൂറ്റാണ്ടിന് മുമ്പുള്ള വേദപുസ്തകങ്ങളിൽ എന്തുകൊണ്ട് ഈ വചനം ഭൂതകാലത്തിൽ എഴുതപ്പെട്ടിരിക്കുന്നു?

യേശുവിൻറെ ഈ വാക്കുകൾ എന്നെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?

മത്തായി 15:25 “യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുത്തേയ്ക്ക് അല്ലാതെ എന്നെ അയച്ചിട്ടില്ല”.
ലോകരക്ഷകനായ യേശു എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞു? ലോകരക്ഷകൻ യിസ്രായേൽ ഗൃഹത്തിൻറെ മാത്രം രക്ഷകനായോ?

യേശു ആദ്യം അവിടത്തെ ശിഷ്യന്മാരെ പ്രസംഗപര്യടനത്തിന് അയച്ചപ്പോൾ എന്തുകൊണ്ട് ഇങ്ങനെ ആഹ്വാനം ചെയ്തു?
ജാതികളുടെ അടുത്ത് പോകാതെയും ശമര്യരുടെ പട്ടണത്തിൽ കടക്കാതെയും, യിസ്രായേൽ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുത്ത് തന്നേ ചെല്ലുവിൻ” (മത്താ 10:5, 6)
യേശു സ്വയം (84 പ്രാവശ്യം) മനുഷ്യപുത്രൻ (son of man) എന്ന് വിളിച്ചത് നാം ശ്രദ്ധിച്ചിട്ടുണ്ട്. യെഹസ്ക്കേൽ പ്രവാചകനെ പറ്റി 93 പ്രാവശ്യം മനുഷ്യപുത്രൻ എന്ന് പരാമർശിച്ചിട്ടുള്ളത് ശ്രദ്ധിച്ചിട്ടുണ്ടോ? യെഹസ്ക്കേലും യേശുവുമായുള്ള സാമ്യം എന്താണ്?

അപ്പൊസ്തല പ്രവൃത്തികൾ എന്ന പുസ്തകം മിക്കവാറും പൌലോസിൻറെ പ്രവൃത്തികളുടെ ആഖ്യാനമാണ്. മറ്റ് അപ്പൊസ്തലന്മാർ സന്ദർശിച്ച സ്ഥലങ്ങൾ പരിശോധിച്ചാൽ അവരെല്ലാം പോയത് യെഹൂദർ കുടിയേറിയ സ്ഥലങ്ങളിലേയ്ക്കാണെന്ന് കാണാം. തോമസ് കേരളത്തിൽ വന്നില്ല എന്ന് വാദിക്കുന്ന യുക്തിവാദികളും, നിരീശ്വരവാദികളുമുണ്ട്. തോമസ് പ്രസംഗിച്ചത് ബ്രാഹ്മണരോടാണെന്ന് വാദിക്കുന്നവരുണ്ട്. തോമസ് വന്നത് കൊടുങ്ങല്ലൂരാണെന്നതും കൊടുങ്ങല്ലൂരും വടക്കൻ പറവൂരും യെഹൂദന്മാരുടെ കുടിയിരുപ്പുകൾ ഉണ്ടായിരുന്നു എന്നതും യാദൃച്ഛികമാകുവാൻ വഴിയില്ല. ഇന്ത്യയിൽ വരുന്നതിന് മുമ്പ് തോമസ് ഏതെല്ലാം ദേശങ്ങളിൽ പോയിരുന്നു എന്നതിൻറെ വിവരങ്ങൾ ആരെങ്കിലും പരിശോധിച്ചിട്ടുണ്ടോ? ബർത്തൊലോമായി ഗുജറാത്ത്, മഹാരാഷ്ട്ര, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നീ പ്രദേശങ്ങളിൽ പ്രസംഗപര്യടനം നടത്തിയത് എത്ര ക്രൈസ്തവർക്ക് അറിയാം? അറിഞ്ഞിട്ടുവേണ്ടേ ഉദ്ദേശ്യം മനസ്സിലാക്കുവാൻ?

പഴയനിയമ കാലത്തിൽ മാത്രമല്ല, പുതിയനിയമ കാലത്തും (ദൃക്‌സാക്ഷി കാലം) യെഹൂദരെയും ഇതരരെയും (അന്യജാതികളെയും) വ്യത്യസ്തരായി പരിഗണിച്ചിരുന്നു. അതുകൊണ്ടാണ് യേശു സ്വയം യിസ്രായേൽ ഗൃഹത്തിലേക്ക് മാത്രം അയയ്ക്കപ്പെട്ടവൻ എന്ന് പരിഗണിച്ചതും, ശിഷ്യന്മാരെ ജാതികളുടെ അടുത്തേയ്ക്ക് പോകുവാൻ അനുവദിക്കാതിരുന്നതും.
ആമോ 3:2 ഭൂമിയിലെ സകല വംശങ്ങളിലും (കുടുംബങ്ങളിലും) ഞാൻ നിങ്ങളെ മാത്രം തെരഞ്ഞെടുത്തിരിക്കുന്നു (അറിയുന്നു); അതുകൊണ്ട് ഞാൻ നിങ്ങളുടെ അകൃത്യങ്ങൾ എല്ലാം നിങ്ങളിൽ സന്ദർശിക്കും.
Amo 3:2 YOU ONLY HAVE I KNOWN OF ALL THE FAMILIES OF THE EARTH: therefore I will punish you for all your iniquities.
ഇതേ പ്രത്യേക പരിഗണനയാണ് യേശുവും യിസ്രായേലിന് നൽകിയത്. വേദപുസ്തകത്തിൽ എല്ലാ കാലത്തും ഏതെങ്കിലും സ്ഥലത്തെ ദൈവം നശിപ്പിക്കുവാൻ പോകുന്നതിന് മുമ്പ് ആ സ്ഥലത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു: നോഹ, ലോത്ത്, മോശെ, യോനാ, യെഹെസ്ക്കേൽ, യിരെമ്യാവ്, യെശയ്യാ ... എത്രയോ ഉദാഹരണങ്ങൾ. ഏറ്റവുമധികം (ജാതികളുടെ) രാജ്യങ്ങൾക്ക് വിരോധമായി പ്രവചനം നൽകിയത് “മനുഷ്യപുത്രൻ” എന്ന് 93 പ്രാവശ്യം വിളിക്കപ്പെട്ട യെഹസ്ക്കേൽ ആയിരിക്കണം. (യെശയ്യയും യെഹസ്ക്കേലും എത്ര രാജ്യങ്ങൾക്ക് വിരോധമായി പ്രവചനം നൽകി എന്ന് ഞാൻ എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ല.) യേശുവും സ്നാപക യോഹന്നാനും അവരുടെ ശുശ്രൂഷയുടെ ആരംഭം മുതൽ യിസ്രായേലിനും, വിശേഷിച്ചും അവരുടെ മതമേധാവികൾക്കും വരുവാനിരുന്ന അസഹനീയമായ ശിക്ഷയെപറ്റി മുന്നറിയിപ്പ് നൽകിയതും, യേശു യെരൂശലേമിനെ നോക്കി വിലപിച്ചതും (ലൂക്കോ 19:41) സ്വയം മനുഷ്യപുത്രൻ എന്ന് വിശേഷിപ്പിച്ചതും, താനും ശിഷ്യന്മാരും തങ്ങളുടെ പ്രവൃത്തികൾ യിസ്രായേലിൽ മാത്രമായി പരിമിതപ്പെടുത്തിയതും കൂട്ടിവായിക്കുക. ഉത്തരങ്ങൾ ലഭിക്കും.

മത്താ 24:14നെ പറ്റി ചില കാര്യങ്ങൾ കൂടി.


പാസ്റ്റർ അർത്ഥമാക്കിയത് ലോകം മുഴുവനും സുവിശേഷം പ്രസംഗിക്കപ്പെട്ട് എല്ലാവരും ക്രൈസ്തവ മതം സ്വീകരിച്ച ശേഷം അവസാനം വരും എന്നാണ്. സാക്ഷ്യത്തിനായി പ്രസംഗിക്കപ്പെടുക എന്നതിന് അത്രയും വിപുലമായ അർത്ഥമുണ്ടോ? അവിടെ ഉപയോഗിച്ച ഗ്രീക്ക് പദം (μαρτύριον, G3142) ഉപയോഗിച്ചിരിക്കുന്ന 20 വചനങ്ങൾ പരിശോധിച്ചിട്ടും അത്തരത്തിൽ ഒരു അർത്ഥം കാണുന്നില്ലല്ലോ?
മത്താ 24:14ൽ “സകല ജാതികൾക്കും” എന്ന് എഴുതിയിരിക്കുന്നതാണ് വലിയൊരു തുരുപ്പുചീട്ട്. പുതിയനിയമത്തിൽ ജാതികൾ എന്ന പദം കണ്ടാലുടനെ ഉണ്ടാകുന്ന തോന്നൽ പഴയനിയമത്തിലെ പോലെ യെഹൂദരോ, യിസ്രായേല്യരോ അല്ലാത്തവർ എന്നാണ്. പുതിയ നിയമം എഴുതപ്പെട്ട കൊയ്നെ ഗ്രീക്ക് ഭാഷയിൽ രാജത്വം (Kingdom, βασιλεία, ബസ്സീലിയ, സ്ട്രോങ്സ് നിഘണ്ടുവിൽ G932) എന്നതിന് വാക്കുണ്ട്. [നമ്മൾ സാധാരണയായി ദൈവരാജ്യം എന്ന് പറയാറുള്ളത് “ദൈവത്തിൻറെ രാജത്വം” എന്നതിൻറെ ലളിതവൽക്കരിക്കപ്പെട്ട രൂപമാണ്.] രാജ്യം/ദേശം (nation/country) എന്ന അർത്ഥം തരുന്ന വാക്കുകൾ ഇല്ല. ജാതികൾ / രാജ്യങ്ങൾ / ദേശങ്ങൾ എന്ന് അർത്ഥം ലഭിക്കുവാൻ ഒരേ ഗ്രീക്ക് വാക്കാണ് ഉപയോഗിക്കുന്നത്: ἔθνος (എത്നോസ്, സ്ട്രോങ്സ് നിഘണ്ടുവിൽ G1484, ഈ വാക്കിൽ നിന്നുമാണ് ethnic, ethnicity തുടങ്ങിയ പദങ്ങൾ ഉണ്ടായിരിക്കുന്നത്). ഈ വാക്കിന് സമ്മിശ്ര ജനസഞ്ചയം എന്നണ് അർത്ഥം. യെഹൂദരാൽ നിരാകരിക്കപ്പെട്ട പൌലോസ്: “ഞാൻ ജാതികളുടെ അടുത്ത് പോകും” (അപ്പൊ 18:6) എന്ന് പറഞ്ഞിട്ട് പോയത് എങ്ങോട്ടാണെന്ന് ശ്രദ്ധിക്കുക:
അപ്പൊ 18:6 അവർ എതിർപ്പ് പറയുകയും ദുഷിക്കുകയും ചെയ്തതിനാൽ അവൻ വസ്ത്രം കുടഞ്ഞ്: “നിങ്ങളുടെ നാശത്തിന് നിങ്ങൾ തന്നേ ഉത്തരവാദികൾ; ഞാൻ നിർമ്മലൻ ഇനിമേൽ ഞാൻ ജാതികളുടെ അടുത്ത് പോകും” എന്ന് അവരോട് പറഞ്ഞു.
അപ്പൊ 18:7 അവൻ അവിടം വിട്ടു തീത്തൊസ് യുസ്കൊസ് എന്ന ഒരു ദൈവഭക്തൻറെ വീട്ടിൽ ചെന്നു; അവൻറെ വീട് പള്ളിയോട് (συναγωγή, G4864, സിനഗോഗ് - യെഹൂദരുടെ പ്രാർത്ഥനാലയം) തൊട്ടിരുന്നു.
അപ്പൊ 18:8 പള്ളി (സിനഗോഗ്) പ്രമാണിയായ ക്രിസ്പൊസ് തൻറെ സകല കുടുംബത്തോടും കൂടെ കർത്താവിൽ വിശ്വസിച്ചു; കൊരിന്ത്യരിൽ അനേകർ വചനം കേട്ടു വിശ്വസിച്ചു സ്നാനം ഏറ്റു.
യെഹൂദരുടെ സിനഗോഗിലെ പ്രമാണി അന്യജാതിക്കാരനോ യെഹൂദനോ? പൌലോസിനെ എപ്പോഴും തുണച്ചിരുന്ന അക്വിലാവ് അന്യജാതിക്കാരനായിരുന്നോ?
അപ്പൊ 18:2 യെഹൂദർ എല്ലാവരും റോമ നഗരം വിട്ടു പോകണം എന്ന് ക്ലൌദ്യൊസ് കൽപിച്ചതിനാൽ ഇത്തല്യയിൽ നിന്നും ആയിടയ്ക്ക് വന്നവനായി പൊന്തൊസ്കാരൻ അക്വിലാവ് എന്ന് പേരുള്ള ഒരു യെഹൂദനെയും അവൻറെ ഭാര്യ പ്രിസ്കില്ലയെയും കണ്ട് അവരുടെ അടുത്ത് ചെന്നു.
കൊരിന്ത സഭയിൽ അസംഖ്യം യെഹൂദർ ഉണ്ടായിരുന്നു. പത്രോസും മറ്റ് അപ്പൊസ്തലന്മാരും യെഹൂദരുടെ ഇടയിൽ മാത്രം പ്രവർത്തിച്ചപ്പോൾ പൌലോസ് സമ്മിശ്ര ജനവിഭാഗത്തിൻറെ ഇടയിലാണ് പ്രവർത്തിച്ചത്. പൌലോസിന് യെഹൂദർ മാത്രമുള്ള സ്ഥലങ്ങളിലേക്ക് പോകുവാൻ പരിശുദ്ധാത്മാവിൻറെ അനുവാദം ഇല്ലായിരുന്നു. (1പത്രോ 1:1, അപ്പൊ 16:7 എന്നീ വചനങ്ങൾ താരതമ്യം ചെയ്ത് പഠിക്കുക.)

യേശു യെഹൂദ മതമേധാവികളോട്:
മത്താ 21:43 ദൈവരാജ്യം നിങ്ങളുടെ പക്കല്‍ നിന്നും എടുത്ത് അതിന്‍റെ ഫലം കൊടുക്കുന്ന ജാതിക്ക് കൊടുക്കും എന്ന് ഞാന്‍ നിങ്ങളോട് പറയുന്നു.
Mat 21:43 Therefore say I unto you, The kingdom of God shall be taken from you, and given to A NATION bringing forth the fruits thereof.
എന്ന് പറഞ്ഞപ്പോൾ യെഹൂദരല്ലാത്ത ജാതികളെയാണോ ഉദ്ദേശിച്ചത്? മലയാളത്തിൽ ജാതിക്ക് എന്ന് എഴുതിയപ്പോൾ ഇംഗ്ലീഷ് പരിഭാഷകന്മാർ ജാതി (Gentiles) എന്ന് എഴുതാതെ Nations (ജനത) എന്ന് എഴുതിയത് ശ്രദ്ധിക്കുക. കാരണം രാജ്യം ജാതികൾക്കല്ല, യെഹൂദരിലെ ശേഷിപ്പിനും, ഇതരരിൽ നിന്നുമുള്ള വിശ്വാസികൾക്കുമാണ് കൊടുക്കപ്പെട്ടത്.

പറഞ്ഞുവന്നതിൻറെ രത്നച്ചുരുക്കം ഇതാണ്: മത്താ 24:14ൽ “സകല ജാതികൾ” എന്നുള്ളത്: ജാതികളാണോ, രാജ്യങ്ങളാണോ, മനുഷ്യവംശങ്ങളാണോ എന്നതിന് ഉറപ്പില്ല.

സുവിശേഷം ഘോഷിക്കപ്പെട്ട് കഴിഞ്ഞു എന്ന് സ്ഥപിക്കുന്ന മറ്റൊരു വചനം.


ഇംഗ്ലീഷിലെ അറിയപ്പെടുന്ന 30ൽ അധികം പരിഭാഷകളിൽ ഭൂതകാലത്തിലോ, സമീപ ഭൂതകാലത്തിലോ (present perfect tense, അതിന് തത്തുല്യമായ മലയാളം പ്രയോഗം എനിക്ക് അറിയില്ല. ഏ.ആർ.രാജരാജവർമ്മയുടെ ഭാഷാഭൂഷണത്തിലും കണ്ടില്ല) പരിഭാഷപ്പെടുത്തിയിരിക്കുന്ന ഒരു വചനം:
കൊലോ 1:23 ആകാശത്തിൻറെ കീഴെ സകല സൃഷ്ടികളുടെയും ഇടയിൽ ഘോഷിച്ചും (ഭൂതകാലം) പൌലോസ് എന്ന ഞാൻ ശുശ്രൂഷകനായിത്തീർന്നും (ഭൂതകാലം) നിങ്ങൾ കേട്ടുമിരിക്കുന്ന (ഭൂതകാലം) സുവിശേഷത്തിൻറെ പ്രത്യാശയിൽ നിന്നും നിങ്ങൾ ഇളകാതെ അടിസ്ഥാനമുള്ളവരും സ്ഥിരതയുള്ളവരുമായി വിശ്വാസത്തിൽ നിലനിന്നുകൊണ്ടാൽ അങ്ങനെ അവൻറെ മുമ്പിൽ നിൽക്കും.
Col 1:23 (KJV) If ye continue in the faith grounded and settled, and be not moved away from the hope of THE GOSPEL, WHICH YE HAVE HEARD, AND WHICH WAS PREACHED (Past Tense) TO EVERY CREATURE WHICH IS UNDER HEAVEN; whereof I Paul am made a minister;
“THE GOSPEL, ... WHICH WAS PREACHED TO EVERY CREATURE WHICH IS UNDER HEAVEN”, ഭൂതകാലത്തിലാണല്ലോ, പാസ്റ്ററേ? ഈ വചനം താങ്കൾ “ഗ്രേറ്റ് കമ്മീഷൻ” എന്ന് വിളിക്കുന്ന മത്താ 28:19ൻറെ സമാന്തരമായ മർക്കോസ് 16:15ൻറെ പൂർത്തീകരണമാണ്, പാസ്റ്ററേ!

സകല ജാതികളോടുമല്ല, അതും കടന്ന്, ആകാശത്തിൻറെ കീഴിലുള്ള സകല സൃഷ്ടികളോടും ഘോഷിക്കപ്പെട്ട സുവിശേഷം എന്നാണ് പൌലോസ് എഴുതിയിരിക്കുന്നത്. എന്താ, അവസാനം വരുവാൻ ഇത്രയും പോരേ, പാസ്റ്ററേ? അന്ന് അവസാനം വരണമായിരുന്നെങ്കിൽ എന്തിൻറേതായിരിക്കണം എന്നതിലേക്ക് വിസ്താരഭയം നിമിത്തം ഇപ്പോൾ കടക്കുന്നില്ല.

പ്രെട്രിസ്റ്റുകളോട് ചോദ്യങ്ങൾ ചോദിച്ചാൽ ചീത്തവിളിക്കും എന്ന് പാസ്റ്റർ പറഞ്ഞിരുന്നു. ഇന്ത്യയിൽ പ്രെട്രിസത്തെ പറ്റി ഏറ്റവുമധികം എഴുതുന്ന ആൾ ഞാനാണ് (ലോകത്തിൽ ഏറ്റവുമധികം എഴുതുന്നവരിൽ ഒരാളും). എനിക്ക് പാസ്റ്ററിനെ പറ്റി ചില മണിക്കൂറുകൾ മുമ്പ് വരെ അറിയില്ലായിരുന്നു, എന്നിട്ടുവേണ്ടേ ചീത്തവിളിക്കുവാൻ? ജൊനാഥൻ വെൽട്ടൺ ഒരു പാർഷ്യൽ പ്രെട്രിസ്റ്റാണ്. അദ്ദേഹം പ്രെട്രിസത്തിൻറെ അവസാന വാക്കല്ല. അതിനേക്കാൾ കൂടുതൽ ആധികാരികതയുള്ള ആളാണ് ഡോൺ.കെ.പ്രെസ്റ്റൺ. പാസ്റ്റർ അദ്ദേഹത്തോട് സംസാരിച്ച് നോക്കുക. ഡോൺ.കെ.പ്രെസ്റ്റൺ (Don K Preston) പാസ്റ്ററെ ചീത്തവിളിച്ചെങ്കിൽ അതിൻറെ തെളിവ് നൽകുക, ഞാൻ അത് പരസ്യപ്പെടുത്തും.

ഏതെങ്കിലും ഒരു വിചാരധാരയെ പറ്റിയുള്ള അഭിപ്രായ വ്യത്യാസത്തിന് ക്രിസ്തുവിൽ സഹോദരന്മാരായവരെ പരസ്യമായി കള്ളന്മാരെന്നും വഞ്ചകന്മാരെന്നും വിളിക്കുന്നതാണ് യേശു പഠിപ്പിച്ച മാർഗ്ഗം എന്ന് ഞാൻ കരുതുന്നില്ല. എൻറെ കൈയ്യിലുള്ള വേദപുസ്തകം ശത്രുക്കളെ പോലും സ്നേഹിക്കുവാനും ആശീർവദിക്കുവാനുമാണ് പഠിപ്പിക്കുന്നത്.

[എന്നെ പരാമർശിക്കുന്ന പോസ്റ്റുകൾ ഇടുന്ന പക്ഷം അതിൽ എന്നെ ടാഗ് ചെയ്യുക. ഞാൻ എൻറെ സുഹൃത്തുക്കളുടെ പോസ്റ്റുകളിൽ പോലും കമൻറ് എഴുതുന്നത് വിരളമാണ്. നിങ്ങളുടെ പോസ്റ്റിൽ ഉള്ള ആക്ഷേപങ്ങൾ മനസ്സിലാക്കി കുടുതൽ പഠിക്കുവാനാണ്, തർക്കിച്ച് തോൽപിക്കുവാനല്ല. ക്രിസ്തുവിലുള്ള സഹോദരന്മാരെ തോൽപിക്കുന്ന ദൌത്യം കർത്താവ് എനിക്ക് തന്നിട്ടില്ല, നിങ്ങൾ പരസ്പരം സ്നേഹിക്കുന്നതിലൂടെ നിങ്ങൾ എൻറെ ശിഷ്യന്മാരാണെന്ന് ലോകം അറിയും എന്നാണ് കർത്താവ് പഠിപ്പിച്ചത്. ഞാൻ എഴുതിയതിൽ ചീത്തവിളിയുടെ അംശമില്ലെന്ന് തോന്നുന്നു. നിങ്ങളെ വേദനിപ്പിക്കുന്ന ഏതെങ്കിലും പദപ്രയോഗം കണ്ടെത്തിയെങ്കിൽ അറിയിക്കുക, പരസ്യമായി മാപ്പുചോദിക്കും.]

ക്രിസ്തുവിൽ,
ടോസാൻ കട്ടക്കൽ.

എന്നെ ചീത്തവിളിക്കണം എന്ന് ദൈവനിയോഗം ലഭിച്ചവർ 09341960061, 09066322810 എന്നീ നമ്പറുകളിലേക്ക് മിസ്ഡ് കോൾ തന്നാൽ മതി, ഞാൻ തിരിച്ചുവിളിച്ച് ചീത്ത കേട്ടോളാം.

No comments:

Post a Comment