Friday, September 23, 2016

മത്തായി 24, ലോകാവസാനം. ഭാഗം #4: “യുദ്ധങ്ങളും യുദ്ധശ്രുതികളും.”

ക്രിസ്തുവിൽ പ്രിയരേ,

മത്താ 24:6 നിങ്ങള്‍ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ച് കേള്‍ക്കും; ചഞ്ചലപ്പെടാതിരിക്കുവാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍; അത് സംഭവിക്കേണ്ടതാണ്.
വളച്ചുകെട്ടില്ലാതെ സംസാരിക്കുന്ന എൻറെ ഒരു സുഹൃത്ത് ഇങ്ങനെ പറഞ്ഞു: മധ്യപൂര്‍വ്വേഷ്യയിൽ എവിടെയെങ്കിലും ഒരു ഒട്ടകം വളിവിട്ടാൽ ഉടനെ കള്ളപ്രവാചകന്മാർക്ക് കിറുക്കിളകും.


ഞാൻ ഈ ലേഖനം എഴുതുന്നത് 2016 സെപ്റ്റംബർ 23നാണ്. ഇപ്പോൾ ലോകത്തിൽ മൂന്നിടത്ത് ഘോരമായ യുദ്ധങ്ങൾ നടക്കുന്നുണ്ട്, എട്ടിടത്ത് യുദ്ധങ്ങൾ നടക്കുന്നുണ്ട്. (ഭൂപടം കാണുക) ഈ യുദ്ധങ്ങളിൽ പലതും ദശാബ്ദങ്ങളായി നടക്കുന്നവയാണ്. അതായത് പത്ര, മാധ്യമങ്ങളുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുള്ള ആരും യുദ്ധങ്ങളെ പറ്റി കേൾക്കാത്തവരായി ഉണ്ടാവില്ല.

മത്താ 24:6നെ സംബന്ധിച്ച ഏറ്റവും ശ്രദ്ധേയമായ സംഗതി: യേശു ഈ വാക്കുകൾ പറഞ്ഞത് ലോകചരിത്രത്തിൽ റോമൻ സമാധാനം (Pax Romana) എന്ന് അറിയപ്പെട്ടിരുന്ന കി.മു.27നും കി.പി.180നും ഇടയിലുള്ള കാലത്താണ് എന്നതാണ്. റോമാ സാമ്രാജ്യം ചുറ്റുമുള്ള രാജ്യങ്ങളെയെല്ലാം പിടിച്ചെടുത്ത്, കപ്പം കൊടുക്കുന്ന സാമന്തരാജ്യങ്ങളാക്കി, എങ്ങും സമാധാനം നിലനിന്നിരുന്ന കാലത്താണ് യേശു യുദ്ധങ്ങളെ പറ്റി പ്രവചിച്ചത്. കി.പി.55ൽ ലൂഷിയസ് സെനക്കായാണ് ആദ്യമായി റോമൻ സമാധാനം എന്ന പദസമുച്ചയം ഉപയോഗിച്ചത്. അതായത് യേശുവിൻറെ കാലത്തിന് മുമ്പും പിമ്പുമായുള്ള നിരവധി വർഷങ്ങളിൽ യുദ്ധങ്ങളോ, യുദ്ധശ്രുതികളോ ഉണ്ടായിരുന്നില്ല.

മുകളിൽ കൊടുത്തിരിക്കുന്ന ഭൂപടം നോക്കുക. അതിൽ കാണിച്ചിരിക്കുന്ന സ്ഥലങ്ങളിൽ സിറിയയിലും അഫ്ഗാനിസ്ഥാനിലും ഒഴികെ പല സ്ഥലങ്ങളിലും യുദ്ധങ്ങൾ നടക്കുന്നുണ്ടെന്ന് പലരും ചിന്തിക്കാറില്ല. ഇങ്ങനെയിരിക്കുമ്പോൾ അമേരിക്കയോ, ഇസ്രായേലോ ഉൾപ്പെടുന്ന ഒരു യുദ്ധത്തിൻറെ ശ്രുതി കേട്ടാൽ അത്രയും നേരം ചൊറികുത്തിയിരുന്ന ഉപദേശിമാർ വേദപുസ്തകമെടുത്ത് കിളിജോത്സ്യം തുടങ്ങുകയായി: “ഇതാ, അവൻ വരുന്നു”! “വാതിൽക്കൽ നിൽക്കുന്നു”!

യേശുവിൻറെ ശ്രോതാക്കൾ.


മുമ്പ് പലതവണ എഴുതിയിട്ടുള്ളത് പോലെ യുദ്ധങ്ങൾ ഉണ്ടാകുമ്പോഴെല്ലാം ലോകാവസാനം ഉണ്ടാകും എന്ന് യേശു പറഞ്ഞിട്ടില്ല.
മത്താ 24:6 നിങ്ങള്‍ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ച് കേള്‍ക്കും; ചഞ്ചലപ്പെടാതിരിക്കുവാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍; അത് സംഭവിക്കേണ്ടതാണ്;
ഇവിടെ യേശുവിൻറെ ശ്രോതാക്കളായ നിങ്ങൾ എന്നത് ടോസാൻ കട്ടക്കലോ, ജിയോ ജോയിയോ , അഭിലാഷ് രാജോ അല്ല. യേശു ആരോടാണ് സംസാരിച്ചതെന്ന് മത്തായി 24ൻറെ സമാന്തരമായ മർക്കോസ് 13ൽ പറയുന്നുണ്ട്:
മർക്കോ 13:3 പിന്നെ അവിടന്ന് ഒലിവ് മലയില്‍ ദേവാലയത്തിന് നേരെ ഇരിക്കുമ്പോള്‍ പത്രോസും യാക്കോബും യോഹന്നാനും അന്ത്രെയാസും സ്വകാര്യമായി അവിടത്തോട്:...
ഇവിടെ വിവരിക്കപ്പെട്ടിരിക്കുന്നത് ഒരു സ്വകാര്യ സംഭാഷണമാണ്. ചോദ്യം ചോദിച്ച 4 പേർക്ക് മറുപടി നൽകുമ്പോൾ ആ മറുപടി അഭിസംബോധന ചെയ്യുന്നത് ആരെയാണോ അവരാണ് നിങ്ങൾ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ((പരമാവധി അവർ ഉൾപ്പെടുന്ന ഗണം - അപ്പൊസ്തലന്മാർ) വേദപുസ്തകം വായിക്കുന്നവരെയാണ് “നിങ്ങൾ” എന്ന് യേശു അർത്ഥമാക്കിയതെങ്കിൽ കഴിഞ്ഞ 2000± വർഷങ്ങളിൽ എത്ര കോടി വേദപുസ്തകത്തിൻറെ വായനക്കാർ യുദ്ധങ്ങളെയും യുദ്ധ ശ്രുതികളെയും പറ്റി കേട്ടിരിക്കും? അപ്പോഴൊന്നും ലോകാവസാനം സംഭവിച്ചില്ലല്ലോ?

അപ്പോസ്തലന്മാരുടെ കാലത്തെ യുദ്ധങ്ങൾ


ഇതിനെ പറ്റി അറിയുവാൻ ഞാൻ ബൈബിൾ ഹബ്ബ് എന്ന വെബ്‍സൈറ്റിൽ മത്താ 24:6ന് ഭവിഷ്യവാദികൾ (Futurists) എഴുതിയിരിക്കുന്ന വിമർശനങ്ങൾ വായിച്ചു: അവരിൽ ഭൂരിഭാഗം പേരും ഒന്നാം നൂറ്റാണ്ടിലെ യെഹൂദ്യ ദേശവുമായി ബന്ധപ്പെട്ട യുദ്ധങ്ങളെ പറ്റി അല്ലാതെ, നമ്മുടെ ഭാവിയിൽ നടക്കേണ്ട യുദ്ധങ്ങളെ പറ്റി പറയുന്നതേ ഇല്ല!
  1. ഹെരോദാവിനും അരേതാവിനും (2കൊരി 11:32) ഇടയിൽ യുദ്ധം. ഹെരോദാവ് അരേതാവിൻറെ ജാമാതാവായിരുന്നു (son-in-law). ഹെരോദാവ് അരേതാവിൻറെ മകളായ തൻറെ ഭാര്യ ഫസേലിസിനെ അവഗണിച്ച് തൻറെ സഹോദരനായ ഫിലിപ്പിൻറെ ഭാര്യയായ ഹെരോദ്യയുമായി അവിഹിത ബന്ധം പുലർത്തിയതിനാൽ (മത്താ 14:3) ഫസേലിസ് അരേതാവിൻറെ അടുത്തേയ്ക്ക് ഓടി. അരേതാവ് സൈന്യത്തെ അയച്ച് ഹെരോദാവിനെ തോൽപിച്ചു. - കി.പി.33-34ൽ.
  2. “കലി”ഗുളയുടെ കലി. കി.പി. 37 - 41 കാലയളവിൽ റോമൻ ചക്രവർത്തിയായിരുന്ന കലിഗുള യെരൂശലേമിലെ ദേവാലയത്തിൽ തൻറെ വിഗ്രഹം പ്രതിഷ്ഠിക്കുവാൻ ആവശ്യപ്പെട്ടത് യെഹൂദന്മാർ നിരാകരിച്ചപ്പോൾ കലിഗുളയ്ക്ക് കലിയിളകി, പട്ടാളത്തെ അയയ്ക്കുമെന്ന ശ്രുതി പരന്നു. യെഹൂദ കർഷകർ കൃഷി ചെയ്യാതെ പ്രതിഷേധിച്ചപ്പോൾ യുദ്ധസാധ്യത ഒഴിവായി.
  3. വെൻറീഡിയസ് ക്യുമാനസിൻറെ കൂട്ടക്കുരുതി. യെഹൂദയിലെ റോമൻ ഭരണാധികാരിയായിരുന്ന ക്യുമാനസിൻറെ കാലത്ത് ദേവാലയത്തിൽ പെസഹാ ആചരിക്കുവാൻ എത്തിയ യെഹൂദരെ ചീത്തവിളിച്ച ഒരു പട്ടാളക്കാരനെ മാതൃകാപരമായി ശിക്ഷിക്കുവാൻ അദ്ദേഹം വൈമുഖ്യം കാണിച്ചതിൽ പ്രതിഷേധിച്ച് കല്ലേറ് നടത്തിയ യെഹൂദരെ ഭുജബലംകൊണ്ട് നേരിട്ടപ്പോൾ 20,000-30,000 യെഹൂദർ കൊല്ലപ്പെട്ടു. കി.പി. 48-52.
  4. കി.പി.63ന് മുമ്പ് കൈസര്യയിൽ (മത്താ 16:13) സിറിയരും യെഹൂദരും തമ്മിൽ ആ സ്ഥലത്തിൻറെ ഉടമസ്ഥതയെ പറ്റി ഏറ്റുമുട്ടലുകൾ ഉണ്ടായിക്കൊണ്ടിരുന്നു. ഇത് കലിഗുള, ക്ലൌദ്യൊസ്, നീറോ എന്നിവരുടെ ഭരണകാലങ്ങളിൽ സംഘർഷം തുടർന്നു. ഏകദേശം 20,000 യെഹൂദർ കൊല്ലപ്പെട്ട ശേഷം യെഹൂദരെ ആ നാട്ടിൽ നിന്നും നീക്കം ചെയ്തു. കുപിതരായ യെഹൂദർ ചുറ്റിലുമുള്ള സിറിയരുടെ പട്ടണങ്ങൾ മുഴുവൻ കൊള്ളയടിച്ച് അസംഖ്യം സിറിയരെ കൊന്നൊടുക്കി. കൈസര്യയിലെ ജനങ്ങൾ പരാതി പറയുവാൻ ഹെരോദാവിൻറെ അടുത്ത് വന്നതും, അയാൾ വർണ്ണപ്പകിട്ടുള്ള വസ്ത്രങ്ങളണിഞ്ഞ് അവരുടെ മുന്നിൽ ജാട കാണിച്ചതും അപ്പൊ 12:19-21ൽ നാം വായിക്കുന്നു.
  5. സൈതോപൊളിയിലെ (Scythopolis) നിവാസികൾ അവരുടെ തന്നെ ജനങ്ങളുമായി പോരാടുവാൻ യെഹൂദരെ നിയോഗിച്ചു. ആ വിജയത്തിന് ശേഷം രാത്രിയിൽ പതിയിരുന്ന് 13,000 യെഹൂദരെ കൊന്നുകളഞ്ഞു. “ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിര്‍ക്കും”.
  6. അസ്കലോനിൽ കൊല്ലപ്പെട്ടവർ 2,500,
  7. പ്തൊലെമായിസിൽ കൊല്ലപ്പെട്ടവർ 2,000.
  8. അലക്സാണ്ട്രിയയിൽ യെഹൂദരും ജാതികളുമായുള്ള സ്പർദ്ധ വീണ്ടും തലയുയർത്തിയതിൽ രണ്ട് ഭാഗത്തിനും ആൾനഷ്ടം ഉണ്ടായി. അവിടെ കൊല്ലപ്പെട്ട യെഹൂദർ 50,000.
  9. ഫിലാഡൽഫിയ, ബാബേൽ (ബാബിലോണിയ), സിറിയ ... യെഹൂദർക്ക് ദുരന്തങ്ങൾ നേരിട്ട സ്ഥലങ്ങളുടെ പട്ടിക എന്താ പോരേ? ഇനിയും വേണമെങ്കിൽ ഫ്ലേവിയസ് ജോസഫസിൻറെ യൂദന്മാരുടെ പുരാവൃത്തം (Antiquities of the Jews) 1.6 കാണുക. റ്റാസിറ്റസ്, പ്ലിനി, ഫിലോ എന്നിവരൊക്കെ ആ കാലത്തിലെ ചരിത്രകാരന്മാരൊക്കെ എഴുതിയ രേഖകളുണ്ട്.

ക്ഷാമങ്ങൾ.

മത്താ 24:7 ... ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും.
ഇതിൻറെ പൂർത്തീകരണം വേദപുസ്തകത്തിൽ തന്നെയുണ്ട്. (അത് വായനക്കാരൻ അനായാസം കണ്ടുപിടിക്കാതിരിക്കുവാൻ famine എന്ന് ഒരിടത്തും dearth എന്ന് മറ്റൊരിടത്തും പരിഭാഷപ്പെടുത്തിയവർക്ക് പരമവീരചക്രം നൽകണം.)
അപ്പൊ 11:27 ആ കാലത്ത് യെരൂശലേമിൽ നിന്നും പ്രവാചകർ അന്ത്യൊക്ക്യയിലേക്ക് വന്നു.
അപ്പൊ 11:28 അവരിൽ അഗബൊസ് എന്ന് പേരുള്ള ഒരുവൻ എഴുനേറ്റ്: “ലോകത്തിലെല്ലാം മഹാക്ഷാമം ഉണ്ടാകും” എന്ന് ആത്മാവിനാൽ പ്രവചിച്ചു; അത് ക്ലൌദ്യൊസിൻറെ കാലത്ത് സംഭവിച്ചു.
തുടർന്നുവരുന്ന വചനങ്ങളിൽ യെഹൂദയിലെ ക്ഷാമബാധിതരെ സഹായിക്കുവാൻ ശിഷ്യന്മാർ പിരിവെടുത്തതിൻറെ വിവരണമുണ്ട്.

യെഹൂദയിലെ ക്ഷാമബാധിതരെ സഹായിക്കുവാൻ പൌലോസ് മക്കെദോന്യയിലും അഖായയിലും നിന്ന് പിരിവെടുത്തതിനെ വിവരിക്കുന്ന വചനങ്ങൾ സ്വന്തം കീശയും, ബാങ്ക് അക്കൌണ്ടും നിറയ്ക്കുവാൻ ഉപയോഗിക്കുന്ന പാസ്റ്റർമാർ യേശുവിൻറെ പ്രവചനം നിറവേറിയത് മനസ്സിലാക്കിയാലേ അതിശയമുള്ളൂ. (റോമ 15:25-31; 1കൊരി 16:1-16; 2കൊരി 9:1-12;)

റോമിലും സിറിയയിലും ക്ഷാമം ഉണ്ടായിരുന്നു. സുയെടൊണിയസ് എന്ന റോമൻ ചരിത്രകാരൻ പറയുന്നത് ക്ലൌദ്യൊസിൻറെ കാലം മുഴുവനും റോമാ സാമ്രാജ്യത്തിൽ അവിടവിടെ ക്ഷാമം ഉണ്ടായിരുന്നെന്നാണ്. റോമിൽ മാത്രം 30,000 പേർ മരിച്ചു.

ഭൂകമ്പങ്ങൾ.


വേദപുസ്തകവുമായി ബന്ധപ്പെട്ട ഏറ്റവും ചരിത്രപ്രധാനമായ ഭൂകമ്പം നടന്നത് ലവൊദിക്യയിലാണ് - കി.പി. 60ൽ. ആ നഗരം പൂർണ്ണമായി നാശമായി.

യൂദെയാ, ക്രേത്ത, റോം, അപ്മീയാ, ഫ്രുഗ്യ, കംപാനിയ തുടങ്ങി ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇതേ കാലത്തിൽ ഭൂകമ്പങ്ങൾ ഉണ്ടായിരുന്നു എന്ന് മുമ്പ് സൂചിപ്പിച്ചിരുന്ന ചരിത്രകാരന്മാർ എഴുതിയിരിക്കുന്നു.

ഒന്നാം നൂറ്റാണ്ടിലെ യുദ്ധങ്ങളുടെയും, ക്ഷാമങ്ങളുടെയും, ഭൂകമ്പങ്ങളുടെയും ഒരു രൂപരേഖ മാത്രമാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. വായിക്കുന്നവർക്ക് മുഷിയരുതല്ലോ?

നമുക്ക് ചരിത്രം അറിയില്ല എന്നതിനാൽ ചരിത്രസത്യങ്ങൾ ഇല്ലാതാകുന്നില്ല.

ഒന്നാം നൂറ്റാണ്ടിൽ, യെഹൂദരുടെ യുഗാന്ത്യം സംഭവിക്കുവാൻ വേണ്ട ഏറ്റവും പ്രധാനമായ കാര്യം രാജ്യത്തിൻറെ സുവിശേഷം പ്രസംഗിക്കപ്പെട്ട് കഴിയുക (മത്താ 24:14). അത് സംഭവിച്ചുകഴിഞ്ഞു എന്ന് നമ്മൾ കണ്ടു.


ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

No comments:

Post a Comment