Tuesday, September 20, 2016

മത്തായി 24, ലോകാവസാനം. ഭാഗം #3: കി.പി 70ന് മുമ്പ് കള്ളക്രിസ്തുമാരും കള്ളപ്രവാചകന്മാരും ഉണ്ടായിരുന്നോ?

ക്രിസ്തുവിൽ പ്രിയരേ,

കഴിഞ്ഞ 2, 3 നൂറ്റാണ്ടുകളായി വളരെയധികം കള്ളക്രിസ്തുമാരും കള്ളപ്രവാചകരും തലപൊക്കിയിട്ടുണ്ട് എന്നത് ഒരു സത്യമാണ്. കഴിഞ്ഞ ചില വർഷങ്ങളായി ഓരോ വർഷവും 5 മുതൽ 10 വരെ കള്ളപ്രവചനങ്ങൾ പൊളിഞ്ഞ് പാളീസാകുന്നത് നമ്മൾ കണ്ടു. ഇപ്പോഴും തങ്ങൾ ക്രിസ്തുവാണെന്ന് വാദിക്കുന്ന 12 പേരെങ്കിലും ജീവിച്ചിരിപ്പുണ്ട്. ഈ സാഹചര്യത്തിൽ നാം ജീവിക്കുന്ന കാലമാണ് അന്ത്യകാലം എന്ന് ആരെങ്കിലും ധരിച്ചുപോയാൽ അവരെ കുറ്റപ്പെടുത്തുവാനാവില്ല.

മത്തായി 24ൽ പല തവണ കള്ളക്രിസ്തുമാരെയും കള്ളപ്രവാചകരെയും പറ്റി പരാമർശിച്ചിട്ടുണ്ട്. (മത്താ 24:5, 11, 23-24). പൊതുവേ ലോകാവസാനം എന്ന് പരിഭാഷപ്പെടുത്തപ്പെട്ടിട്ടുള്ളതും, നാം യെഹൂദരുടെ യുഗാന്ത്യം എന്ന് സമർത്ഥിക്കുന്നതുമായ കാലം ഏകദേശം കി.പി.70ൽ ആയിരുന്നെങ്കിൽ അതിന് മുമ്പ് കള്ളക്രിസ്തുമാരും കള്ളപ്രവാചകരും തലപൊക്കിയിരുന്നോ എന്നത് വളരെ പ്രസക്തമായ ചോദ്യമാണ്.

വേദപുസ്തകത്തിൻറെയും ചരിത്രത്തിൻറെയും അടിസ്ഥാനത്തിൽ യേശുവും ശിഷ്യന്മാരും ഉൾപ്പെട്ട തലമുറയിൽ കള്ളക്രിസ്തുമാരും കള്ളപ്രവാചകരും ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുകയാണ് ഈ ലേഖനത്തിൽ.

വേദപഠനത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട സംഗതി: വേദപുസ്തകത്തിലെ പല പ്രവചനങ്ങളുടെയും പൂർത്തീകരണം വേദപുസ്തകത്തിൽ തന്നെ നൽകപ്പെട്ടിട്ടുണ്ട്. അവ പൂർത്തീകരണങ്ങളാണെന്ന് നാം മനസ്സിലാക്കാത്തതിനാലോ, (ബോധപൂർവം) നമ്മളെ അങ്ങനെ പഠിപ്പിക്കാത്തതിനാലോ അവ പൂർത്തീകരണം അല്ലാതാകുന്നില്ല.

യേശുവും, പുതിയനിയമത്തിൻറെ രചയിതാക്കളും അന്ത്യകാലം എന്ന് വിവക്ഷിച്ച കാലത്ത് കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും ഉണ്ടായിരിക്കും എന്ന് പറഞ്ഞതല്ലാതെ, നിങ്ങൾ അങ്ങനെയുള്ളവരെ കാണുമ്പോഴൊക്കെ അന്ത്യകാലമാണെന്ന് ആരും പറഞ്ഞിട്ടില്ല. അങ്ങനെയാണെങ്കിൽ ക്രിസ്തുവിന് മുമ്പും അനേകം കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും ഉണ്ടായിരുന്നല്ലോ? മഴപെയ്യുമ്പോൾ വിത്തുവിതയ്ക്കണം എന്ന് പറയുന്നതിന് മഴപെയ്യുമ്പോഴെല്ലാം വിത്തുവിതച്ചുകൊള്ളണം എന്ന അർത്ഥമില്ലല്ലോ?

കള്ളക്രിസ്തുക്കൾ, കള്ളപ്രവാചകർ.


(ഹീബ്രൂ ഭാഷയിൽ മിശിഹാ എന്ന നാമപദത്തിൻറെ ഗ്രീക്ക് ഭാഷയിലെ തത്തുല്യമായ പദമാണ് ക്രിസ്തു. ഈ രണ്ട് പദങ്ങളുടെയും അർത്ഥം അഭിഷിക്തൻ എന്നാണ്.)

യെഹൂദരുടെ ന്യായാധിപസംഘത്തിൽ യേശുവിനെ പോലെ മിശിഹായാണെന്ന് അവകാശപ്പെട്ടവരെ പരാമർശിച്ച് ഗമലീയേൽ എന്ന പരീശൻ:
അപ്പൊ 5:36 കുറച്ചുനാൾ മുമ്പ് തദാസ് എന്നവൻ എഴുനേറ്റ്, താൻ മഹാനാണെന്ന് നടിച്ചു; ഏകദേശം 400 പുരുഷന്മാർ അവനോട് ചേർന്നെങ്കിലും അവൻ നശിച്ചു; അവനെ അനുസരിച്ചവർ എല്ലാവരും ചിന്നിച്ചിതറി നാശമായി.
തദാസ് എന്ന പേര് യെഹൂദരുടെ ഇടയിൽ സാമാന്യമായ പേരായിരിക്കണം. ഗമലീയേൽ പരാമർശിച്ച ഈ തദാസ് ജോസഫസ് തൻറെ യെഹൂദരുടെ ചരിത്രം എന്ന പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്ന തദാസ് ആയിരിക്കണമെന്നില്ല, കാരണം ആ സംഭവം നടന്നത് ക്രിസ്തുവിൻറെ മരണം കഴിഞ്ഞ് 10-12 വർഷങ്ങൾക്ക് ശേഷമാണ് (ഗമലീയേലിൻറെ പ്രസംഗം പെന്തക്കൊസ്ത നാൾ കഴിഞ്ഞ് അധികം വൈകിയല്ല.) ആ തദാസ്, സ്വയം ഒരു പ്രവാചകനാണെന്ന് അവകാശപ്പെട്ട്, ഏകദേശം 30,000 പേരെ വഞ്ചിച്ച്, യോർദ്ദാൻ നദി പകുത്ത് വഴിയുണ്ടാക്കി അവരെ മറുകരെ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും, തദ്ദേശ ഭരണാധികാരിയായിരുന്ന കസ്പിയസ് ഫദുസ് (Fadus Cuspius) ആ ഉദ്യമം തകർക്കുകയും തദാസിനെ വധിക്കുകയും ചെയ്തു.
അപ്പൊ 5:37 അവൻറെ ശേഷം ഗലീലിയനായ യൂദാ ചാർത്തലിൻറെ (കാനേഷുമാരി, നികുതി പിരിവ്) കാലത്ത് എഴുനേറ്റു ജനത്തെ തൻറെ പക്ഷം ചേരുവാൻ വശീകരിച്ചു; അവനും നശിച്ചു, അവനെ അനുസരിച്ചവർ എല്ലാം ചിതറിപ്പോയി.
സ്വയം മിശിഹ (ക്രിസ്തു) ആണെന്ന് അവകാശപ്പെടുന്ന ഇത്തരം തട്ടിപ്പുകാർ മിശിഹ തങ്ങളെ റോമൻ ഭരണത്തിൽ നിന്നും സ്വതന്ത്രരാക്കും എന്ന യെഹൂദരുടെ വ്യാമോഹത്തെയാണ് മുതലെടുത്തത്.

ക്രിസ്തുവിൻറെ സ്വർഗാരോഹണം കഴിഞ്ഞ് ഏകദേശം ഒരു വർഷത്തിന് ശേഷം ദോസിത്തിയോസ് എന്ന ശമര്യൻ താൻ ആവ 18:15ൽ പ്രവചിക്കപ്പെട്ടിരിക്കുന്ന പ്രവാചകനാണെന്ന് അവകാശപ്പെട്ടു. അയാളുടെ ശിഷ്യനായ സൈമൺ മാഗ്നസ് (അപ്പൊ 8:9ലെ ആഭിചാരക്കാരനായ ശിമെയോൻ) താൻ ദൈവത്തിൻറെ ശക്തിയാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു.
അപ്പൊ 8:9 ശിമെയോന്‍ എന്ന് പേരുള്ള ഒരു പുരുഷന്‍ ആ പട്ടണത്തില്‍ ആഭിചാരം ചെയ്തു, താന്‍ മഹാന്‍ എന്ന് പറഞ്ഞു ശമര്യ ജാതിയെ ഭ്രമിപ്പിച്ചുപോന്നു.
വീണ്ടും 2, 3 വർഷങ്ങൾക്ക് ശേഷം മറ്റൊരു ശിമെയോൻ തലപൊക്കി. ഇയാൾ മോശെയുടെ കാലത്ത് നിർമ്മിക്കപ്പെട്ട ദേവാലയത്തിലെ വിശുദ്ധ പാത്രങ്ങൾ കാണിച്ചുകൊടുക്കാം എന്ന് ജനങ്ങളെ വ്യാമോഹിപ്പിച്ചു. മിശിഹാ വന്നിരിക്കുന്നു എന്ന് തെറ്റിദ്ധരിച്ച ജനങ്ങൾ അയാളുടെ പുറകെ പോയി നശിക്കുന്നതിന് മുമ്പ്, പീലാത്തോസ് ഇടപെടുകയും ഒരു അത്യാഹിതം ഒഴിവാക്കുകയും ചെയ്തു.

ഫേലിക്സ് ദേശാധിപതിയായിരുന്ന കാലത്ത് യെഹൂദയിൽ കള്ളപ്രവാചകന്മാരുടെയും കള്ളക്രിസ്തുമാരുടെയും വിളയാട്ടമായിരുന്നു. ദിവസേന അനേകരെ പിടികൂടി, കൊന്നുകളഞ്ഞു. ഈ കൂട്ടക്കൊല ഫേലിക്സിൻറെ പദവി നഷ്ടപ്പെടുവാനും കാരണമായി.

ഈ കാലത്ത് ഫേലിക്സ് എന്നുതന്നെ പേരുള്ള ഒരു ഈജിപ്തുകാരനായ തട്ടിപ്പുകാരൻ തലപൊക്കി, ഒലീവ് മലയുടെ മുകളിൽ പോയിനിന്ന് അയാളുടെ കൽപനപ്രകാരം യെരൂശലേമിൻറെ മതിലുകൾ ഇടിയുന്നത് കാണിക്കാമെന്നും, റോമൻ സൈനികപ്പാളയം പിടിച്ചെടുക്കാമെന്നും 30,000 ജനങ്ങളെ വ്യാമോഹിപ്പിച്ചു.

പൊർക്ക്യൊസ് ഫെസ്തൊസിൻറെ (അപ്പൊ 24) കാലത്ത്, (കി.പി.60), വളരെ പ്രഖ്യാതനായ ഒരു തട്ടിപ്പുകാരൻ തലപൊക്കി, ജനങ്ങളെ റോമൻ നുകത്തിൽ നിന്നും രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്ത് അവരെ മരുഭൂമിയിലേയ്ക്ക് കൂട്ടിക്കോണ്ടുപോകുവാൻ ശ്രമിച്ചു. അവർ ഫെസ്തൊസിൻറെ മുൻകരുതലിന് മുമ്പിൽ തകർന്നുപോയി.

ഇവരിൽ ദോസിത്തിയോസ് മാത്രമേ താൻ മിശിഹായാണെന്ന് അവകാശപ്പെട്ടുള്ളു എന്നത് സത്യമാണ്, പക്ഷേ, മറ്റുള്ളവർ ചെയ്തുകൊണ്ടിരുന്നത് മിശിഹാ വന്ന് യെരൂശലേമിൽ ദൈവരാജ്യം സ്ഥാപിക്കും എന്ന യെഹൂദരുടെ പ്രതീക്ഷയെ ചൂഷണംചെയ്യുക എന്നതായിരുന്നു.

അപ്പൊ 13:6-10ൽ ബര്‍യേശു എന്ന് പേരുള്ള കള്ളപ്രവാചകനെ പറ്റി നാം വായിക്കുന്നു.
അപ്പൊ 13:6 അവര്‍ ദ്വീപിലൂടെ പാഫൊസ് വരെ ചെന്നപ്പോള്‍ ബര്‍യേശു എന്ന് പേരുള്ള യെഹൂദനായ കള്ള പ്രവാചകനായ ഒരു വിദ്വാനെ കണ്ടു.
അവന്‍ ബുദ്ധിമാനായ സെര്‍ഗ്ഗ്യൊസ് പൌലോസ് എന്ന ദേശാധിപതിയുടെ വിശ്വാസത്തെ തടുക്കുവാൻ ശ്രമിച്ചതും, പൌലോസ് അവനെ ഉറ്റുനോക്കിയതും, അവന് തിമിരം ബാധിച്ചതും തുടർന്നുവരുന്ന വചനങ്ങളിൽ ഉണ്ട്.

യോഹന്നാൻ തൻറെ ഒന്നാം ലേഖനം എഴുതിയ കാലത്ത് കള്ളപ്രവവാചകന്മാർ ഉണ്ടായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു.
യോഹ 4: 1 പ്രിയമുള്ളവരേ, കള്ള പ്രവാചകര്‍ പലരും ലോകത്തിലേക്ക് പുറപ്പെട്ടിരിക്കുന്നതിനാല്‍ ഏത് ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കള്‍ ദൈവത്തില്‍ നിന്നും ഉള്ളവയോ എന്ന് പരിശോധിക്കുവിൻ.
കള്ളക്രിസ്തുക്കൾ എന്നതുകൊണ്ട് യേശു അർത്ഥമാക്കിയത് എതിർക്രിസ്തുക്കളെ ആണെങ്കിൽ, ഒന്നാം നൂറ്റാണ്ടിൽ യോഹന്നാൻ തൻറെ ലേഖനങ്ങൾ എഴുതുമ്പോൾ തന്നെ അനേകം എതിർക്രിസ്തുക്കൾ ലോകത്തിലേയ്ക്ക് പുറപ്പെട്ടിരിക്കുന്നു എന്ന് 1യോഹ 2:18; 4:3 2യോഹ 1:7 എന്നീ വചനങ്ങൾ പറയുന്നു.

ഞാൻ ഒരു ചരിത്ര വിദ്യാർത്ഥിയോ, ഗവേഷകനോ അല്ല. പൊതുസഞ്ചയത്തിൽ (public domain) ലഭ്യമായ ജോസഫസ് എഴുതിയ “യെഹൂദരുടെ പുരാവൃത്തം” (Antiquities of the Jews) പോലെയുള്ള കൃതികൾ മാത്രമാണ് ഈ വിവരങ്ങൾക്ക് അവലംബം. കൂടുതൽ വിശദമായി ചരിത്രം പഠിച്ചവർക്ക് എത്രയോ അധികം തെളിവുകൾ നൽകുവാൻ കഴിഞ്ഞേക്കും.

മലയാളത്തിൽ ഇത്തരത്തിലുള്ള ലേഖനങ്ങൾ ഇതിനുമുമ്പ് അധികം ഉണ്ടായിട്ടില്ലാത്തതിനാൽ ഇത്തരം ലേഖനങ്ങൾക്ക് പ്രചോദനമാകട്ടെ എന്ന് കരുതി എഴുതിയതാണ്.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

No comments:

Post a Comment