Thursday, July 28, 2016

നരകം ഒരു പഴങ്കഥ, ഭാഗം #2, ഹേഡീസ് (ആരും നിങ്ങളെ ഭയപ്പെടുത്താതിരിക്കട്ടെ.)


ക്രിസ്തുവിൽ പ്രിയരേ,



“നരകം ഒരു പഴങ്കഥ” എന്ന പരമ്പരയുടെ രണ്ടാം ഭാഗമാണിത്. (ആദ്യ ഭാഗം ഇവിടെ വായിക്കാം).

ഈ ലേഖനത്തില്‍ ഇംഗ്ലിഷ് വേദപുസ്തകത്തില്‍ Hell (നരകം) എന്നും, മലയാളം വേദപുസ്തകത്തില്‍ പാതാളം എന്നും പരിഭാഷപ്പെടുത്തിയിരിക്കുന്ന ഹേഡീസ് (ᾅδης, സ്ട്രോങ്സ് നിഘണ്ടുവിൽ G86, ഇംഗ്ലീഷില്‍ Hades) എന്ന പദമാണ്‌ പരിശോധിക്കുന്നത്. മുമ്പ് പല പ്രാവശ്യം പറഞ്ഞിട്ടുള്ളത് പോലെ, നമ്മുടെ വിശ്വാസ സംഹിതകള്‍ അധികവും ഇംഗ്ലീഷിലെ KJV (King James Version) എന്ന പരിഭാഷയെ അടിസ്ഥാനപ്പെടുത്തി രൂപീകരിച്ചവയാണ് എന്നതിനാല്‍ നാം എല്ലാ പദങ്ങളും മനസ്സിലാക്കിയിരിക്കണം. ദൈവത്തിന്‍റെ മനുഷ്യന്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുവാന്‍ സജ്ജനായിരിക്കണമല്ലോ. (1പത്രോ 3:15).

യമൻ അഥവാ കാലൻ

കുതിരപ്പുറത്ത് വരുന്ന മരണവും, നരകവും!


ഹൈന്ദവ പുരാണങ്ങളിൽ പോത്തിൻറെ പുറത്ത് വരുന്ന മരണത്തിൻറെ ദേവനുണ്ട് - യമൻ അഥവാ കാലൻ. കാലൻ വരുന്നത് ഒരുസമയം ഒരാളെ കൊണ്ടുപോകുവാനാണെങ്കിൽ വെളിപ്പാട് പുസ്തകത്തിൽ സാക്ഷാൽ മരണവും, നരകവും (മലയാളത്തിൽ പാതാളം, ഇംഗ്ലീഷിൽ Hell) കുതിരപ്പുറത്ത് എത്തുന്നത് ലോകത്തിലുള്ള നാലിലൊന്ന് പേരെ കൊന്നൊടുക്കുവാനാണ്!
വെളി 6:8 അപ്പോള്‍ ഞാന്‍ മഞ്ഞ നിറമുള്ള ഒരു കുതിരയെ കണ്ടു; അതിന്മേല്‍ ഇരിക്കുന്നവന് മരണം എന്ന് പേര്‍; പാതാളം (G86, Hell) അവനെ പിന്തുടര്‍ന്നു; അവര്‍ക്ക് വാളിനാലും ക്ഷാമത്താലും മഹാവ്യാധിയാലും ഭൂമിയിലെ കാട്ടുമൃഗങ്ങളാലും കൊന്നുകളയുവാന്‍ ഭൂമിയുടെ കാല്‍ അംശത്തിന്‍റെ മേല്‍ അധികാരം ലഭിച്ചു.
ഒരു നിമിഷം ആലോചിച്ചുനോക്കൂ, നരകം അല്ലെങ്കില്‍ പാതാളം കുതിരപ്പുറത്ത്‌ വരാവുന്ന ഒരു ആളാണോ?

നഗരങ്ങളെ വിഴുങ്ങുന്ന നരകം!


വെളി 6:8ലെ നരകം ഒരു കുതിരപ്പുറത്ത്‌ വരുവാന്‍ കഴിയുന്നത്ര ചെറുതായിരുന്നെങ്കില്‍, യേശുവിന്‍റെ ശുശ്രൂഷയുടെ കാലത്ത് അത് ഒരു നഗരത്തെ വിഴുങ്ങുവാൻ മാത്രം വലുതായിരുന്നു.
മത്താ 11:23 കഫര്‍ന്നഹൂമേ, നീ സ്വര്‍ഗത്തോളം ഉയര്‍ന്നിരിക്കുമോ? നീ പാതാളം (G86, Hell, നരകം) വരെ താഴ്ന്നു പോകും; നിന്നില്‍ നടന്ന വീര്യപ്രവൃത്തികള്‍ സോദോമില്‍ നടന്നിരുന്നു എങ്കില്‍ അത് ഇന്നുവരെ നില്‍ക്കുമായിരുന്നു.
കഫര്‍ന്നഹൂം നഗരത്തെ മുഴുവനായി വിഴുങ്ങുവാൻ കഴിയുന്ന നരകത്തിന് ഏതായാലും ഒരു കുതിരപ്പുറത്ത് വരുവാനുള്ള വലിപ്പം പോര! തന്നെയുമല്ല, ഭൂരിപക്ഷം ക്രൈസ്തവരുടെയും അഭിപ്രായത്തിൽ ലോകത്തിൽ ഇന്നുവരെ ജീവിച്ചിരുന്ന 11000 കോടി മനുഷ്യരിലെ ബഹുഭൂരിപക്ഷവും നരകത്തിൽ പതിക്കേണ്ടവരാണെന്നല്ലേ? അപ്പോൾ, ഈ നരകത്തിന് ഭൂമിയോളമെങ്കിലും വലിപ്പം വേണ്ടിവരും!

ക്രിസ്തുവിൽ പ്രിയരേ, കഫര്‍ന്നഹൂം സ്വർഗ്ഗത്തിലേക്ക് ഉയർന്നോ? ഈ വചനത്തിൻറെ സന്ദർഭം ദയവുചെയ്ത് പരിഗണിക്കൂ:
മത്താ 11:20 പിന്നെ അവിടന്ന് തന്‍റെ വീര്യപ്രവൃത്തികള്‍ മിക്കതും നടന്ന പട്ടണങ്ങള്‍ മാനസാന്തരപ്പെടാത്തതിനാല്‍ അവയെ ശാസിക്കുവാന്‍ തുടങ്ങി,...
കഫര്‍ന്നഹൂം, കോരസീൻ, ബേത്-സയിദ തുടങ്ങിയ സ്ഥലങ്ങിലെ ജനങ്ങളുടെ മാനസാന്തരപ്പെടാത്ത മനോഭാവത്തെ പറ്റിയല്ലേ സ്വർഗ്ഗത്തിലേക്ക് ഉയർന്നോ എന്ന് ചോദിച്ചത്? അതുകൊണ്ടുതന്നെ അവരുടെ അഹങ്കാരത്തിന് തക്കതായ ശിക്ഷ ലഭിക്കും എന്നല്ലേ പാതാളം (G86, Hell, നരകം) വരെ താഴ്ന്നു പോകും എന്ന് പറഞ്ഞതിൻറെ അർത്ഥം? (കഫര്‍ന്നഹൂം എന്ന സ്ഥലത്തുള്ളവരെല്ലാം പാപികളാണെന്ന് പറയുവാൻ കഴിയുമോ? പത്രോസ്, അന്ത്രെയാസ്, യാക്കോബ്, യോഹന്നാൻ എന്നിവരുടെ വീടുകൾ അവിടെയല്ലേ ഉണ്ടായിരുന്നത്?)

പന്ത് പോലെ എറിയാവുന്ന നരകം (പാതാളം)!


വെളി 20:13 സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്‍പിച്ചുകൊടുത്തു; മരണവും പാതാളവും (G86, Hell, നരകം) തങ്ങളില്‍ ഉള്ള മരിച്ചവരെ ഏല്‍പിച്ചുകൊടുത്തു; ഓരോരുത്തന് അവനവന്‍റെ പ്രവൃത്തികള്‍ക്കടുത്ത വിധി ഉണ്ടായി.
വെളി 20:14 മരണത്തെയും പാതാളത്തെയും (G86, Hell, നരകം) തീപ്പൊയ്കയില്‍ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം.
Rev 20:14 And death and hell were cast into the lake of fire. This is the second death.
(തീപ്പൊയ്ക ബാഹ്യാകാശത്തിൽ എവിടെയോ ഉള്ള ഒരു നിത്യപീഡനത്തിൻറെ സംവിധാനമല്ല എന്ന് ഇതിന് മുമ്പ് എഴുതിയത് വായിച്ചിട്ടില്ലെങ്കിൽ ഇതാ ഇവിടെ വായിക്കാം.)
അഗ്നിയാൽ എരിയുന്ന സ്ഥലം എന്നാണല്ലോ നരകത്തെ (പാതാളത്തെ) പറ്റിയുള്ള പൊതുവായ ധാരണ? അങ്ങനെ അഗ്നിയാൽ എരിയുന്ന സ്ഥലം തീക്കടലിലേക്ക് തള്ളിയിടുന്നതിൻറെ ഉദ്ദേശ്യം എന്താണെന്ന് പരിശോധിക്കാം.
  • തള്ളിയിടുന്നതിന് മുമ്പ് പാതാളം അതിലുള്ള മരിച്ചവരെയെല്ലാം വിട്ടുകൊടുത്തു.
  • അവർ ന്യായവിധിക്ക് വിധേയരായി.
  • അവരിൽ ജീവപുസ്തകത്തില്‍ പേര് എഴുതിയതായി കാണപ്പെടാത്ത എല്ലാവരെയും തീപ്പൊയ്കയില്‍ തള്ളിയിട്ടു. (വെളി 20:15)
വളരെ ന്യായമായ ഒരു സംശയം ചോദിക്കട്ടേ? ജീവപുസ്തകത്തില്‍ പേര് എഴുതപ്പെട്ടിട്ടുള്ളവർ ഈ പാതാളം (നരകം) എന്ന് പറയപ്പെടുന്ന സംഭവത്തിൽ ഇല്ലായിരുന്നെങ്കിൽ അവരെ വെളിയിലെടുത്ത് ന്യായവിധിക്ക് വിധേയരാക്കേണ്ട ആവശ്യമുണ്ടോ? ഒറ്റയടിക്ക് തീക്കടലിലേയ്ക്ക് തള്ളിയിട്ടാൽ മതിയാകുമായിരുന്നില്ലേ? (അവരെ മാത്രമല്ല, മരിച്ചവരെയെല്ലാം ന്യായവിധിക്ക് വിധേയരാക്കി എന്നത് അവഗണിച്ചുകൊണ്ടല്ല ഈ ചോദ്യം ചോദിക്കുന്നത്.)
പാപികൾ നിപതിക്കുന്ന സ്ഥലമാണ് നരകം എന്നല്ലേ സങ്കൽപം? അങ്ങനെയാണെങ്കിൽ, ജീവപുസ്തകത്തില്‍ പേര് എഴുതപ്പെട്ടിട്ടുള്ളവരും അവിടെ എങ്ങനെ എത്തി? ഒരുപക്ഷേ, പാപികൾ മാത്രമേ പാതാളം (നരകം) എന്ന ഈ സംഭവത്തിൽ ഉള്ളെങ്കിൽ അവർക്ക് ന്യായവിധി നൽകി അവരെ തീക്കടലിലേയ്ക്ക് തള്ളുന്നത് ഒരു പ്രഹസനമല്ലേ? ദൈവം അത്തരം പ്രഹസനങ്ങൾ നടത്തുമെന്ന് കരുതുന്നുണ്ടോ?

ഇതിന് മുമ്പ് എഴുതിയ ലേഖനങ്ങളിൽ തീപ്പൊയ്ക എന്താണ് എന്നും, വെളിപ്പാട് 20ന് സമാന്തരമായ മത്തായി 25ലെ ന്യായവിധി ഒരു ഉപമയാണെന്നും എഴുതിയിരുന്നു. ഈ രണ്ട് ന്യായവിധികളിലും വിശ്വാസമല്ല മാനദണ്ഡം, പ്രവൃത്തിയാണ്, "ഓരോരുത്തന് അവനവന്‍റെ പ്രവൃത്തികള്‍ക്ക് തക്കതായ വിധി ഉണ്ടായി" (വെളി 20:13), "എനിക്ക് വിശന്നു, നിങ്ങള്‍ ഭക്ഷിക്കുവാന്‍ തന്നു, ദാഹിച്ചു നിങ്ങള്‍ കുടിക്കുവാന്‍ തന്നു;..." (മത്താ 25:35). വിശ്വാസത്താൽ രക്ഷിക്കപ്പെട്ട, നീതീകരിക്കപ്പെട്ട നിങ്ങൾക്കാണോ പ്രവൃത്തി അടിസ്ഥാനപ്പെടുത്തിയുള്ള ന്യായവിധിയിൽ പങ്കുള്ളത് എന്ന് ചിന്തിച്ചുനോക്കുക. ക്രിസ്തുവിൽ പ്രിയരേ, ഒന്നാം നൂറ്റാണ്ടിൽ, യെഹൂദ്യരുടെ മതവും, സമ്പദ്‍വ്യവസ്ഥയും, ദേവാലയവും, യെരൂശലേമും നശിപ്പിക്കപ്പെട്ട്, അവർ കൂട്ടക്കൊലയ്ക്കും, അടിമകളായി പിടിക്കപ്പെടുന്നതിനും മുമ്പ്, “എന്‍റെ ഈ ഏറ്റവും ചെറിയ സഹോദരന്മാർക്ക്” (അപ്പൊസ്തലന്മാർക്ക്) എന്തെങ്കിലും നല്ലത് ചെയ്ത്, അപ്പോൾ വരുവാനിരുന്ന മഹാവിപത്തിൽ നിന്നും രക്ഷപെടുവാനാണ് യേശു യോഹന്നാൻ വഴിയായി ഒന്നാം നൂറ്റാണ്ടിലെ യെഹൂദ്യർക്ക് നൽകിയ സന്ദേശം.

എൻറെ പിതാവേ, പാപികൾ നിപതിക്കുന്ന നരകത്തിൽ യേശുവും നിപതിച്ചോ?

അപ്പൊ 2:27 നീ എന്‍റെ പ്രാണനെ (ദേഹിയെ, പ്രാണനെ എന്നത് തെറ്റായ പരിഭാഷയാണ്) പാതാളത്തില്‍ (G86, Hell, നരകം) വിടുകയില്ല; നിന്‍റെ പരിശുദ്ധനെ ദ്രവത്വം കാണുവാന്‍ സമ്മതിക്കുകയും ഇല്ല.
അപ്പൊ 2:31 അവിടത്തെ പാതാളത്തില്‍ (G86, Hell, നരകം) വിട്ടുകളഞ്ഞില്ല അവന്‍റെ ജഡം (ദേഹി) ദ്രവത്വം കണ്ടതുമില്ല എന്ന് ക്രിസ്തുവിന്‍റെ പുനരുത്ഥാനം മുന്‍കൂട്ടിക്കണ്ട്, പ്രസ്താവിച്ചു.
ഈ രണ്ട് വചനങ്ങളുടെ അടിസ്ഥാനത്തിൽ യേശു മരിച്ച് ഉയിർത്തെഴുന്നേൽക്കുന്നതിന് ഇടയിലുള്ള മൂന്ന് ദിവസങ്ങളിൽ സാത്താനുമായി മല്ലയുദ്ധം നടത്തി അവൻറെ കൈയ്യിലുണ്ടായിരുന്ന നരകത്തിൻറെ താക്കോൽ പിടിച്ചുവാങ്ങി എന്നൊക്കെ തള്ളുന്നവരുണ്ട്. അവരുടെ കെട്ടുകഥകൾക്ക് വേദപുസ്തകത്തിൽ അടിസ്ഥാനമുണ്ടോ? ഇല്ലേയില്ല.
മരിച്ച് മൂന്ന് ദിവസം യേശു കല്ലറയിൽ ആയിരുന്നില്ലേ? അവിടെയാണ് അവിടത്തെ ദേഹിയെ വിട്ടുകളയാതിരുന്നത്. അവിടത്തെ ദേഹം ദ്രവത്വം കാണാതിരുന്നത് കല്ലറയിലാണ്.
ക്രിസ്തുവിൽ പ്രിയരേ, പാപികൾ നിപതിക്കുന്ന, അഗ്നിയെരിയുന്ന ഒരു സ്ഥലത്തല്ല. അവിടന്ന് പറഞ്ഞതുപോലെ, മൂന്ന് പകലും, മൂന്ന് രാത്രിയും ഭൂമിയുടെ ഉള്ളിൽ ആയിരുന്നു അവിടന്ന് ഉണ്ടായിരുന്നത് (മത്താ 12:40). (ഭൂമിയുടെ ഉള്ളിൽ എന്നതിന് ഭൂമിയുടെ ഉള്ളിൽ ലാവ തിളയ്ക്കുന്ന ഭാഗത്ത് എന്ന് അർത്ഥമില്ല.)

യേശുവിൻറെ ഉയിർത്തെഴുന്നേൽപിന് ശേഷം അവിടത്തെ ശരീരത്തിൽ പൊള്ളലിൻറെ പാടുകൾ ഉണ്ടായിരുന്നതായി ആരും എഴുതിയിട്ടില്ലാത്തതിനാൽ അവിടന്ന് എവിടെയായിരുന്നോ ആ നരകം (പാതാളം) അഗ്നി എരിയുന്ന സ്ഥലമല്ല എന്നത് വ്യക്തമല്ലേ? (അതുപോലെതന്നെ ഭൂമിയുടെ ഉള്ളിലെ ലാവ തിളയ്ക്കുന്ന ഭാഗത്ത് അല്ല എന്നും.)

പാതാളത്തിന് താക്കോൽ ഉണ്ടാകുവാൻ അതെന്താ സിൻഡിക്കേറ്റ് ബാങ്കിൻറെ ലോക്കറാണോ?

വെളി 1:18 ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍ ഇതാ, എന്നെന്നേയ്ക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്‍റെയും പാതാളത്തിന്‍റെയും (G86, Hell, നരകം) താക്കോല്‍ എന്‍റെ കൈവശം ഉണ്ട്.
ചായക്കട നടത്തുന്ന ഒരു പട്ടർ കടയിലെ പണപ്പെട്ടിയുടെ താക്കോൽ അരഞ്ഞാണച്ചരടിൽ കെട്ടിയിട്ടിരിക്കും. ഒരു രാത്രിയിൽ ചായയുണ്ടാക്കുന്ന പയ്യൻ പണപ്പെട്ടിയുമായി മുങ്ങിയപ്പോൾ: “അതിനെന്താ, താക്കോൽ നമ്മുടെ കൈവശമുണ്ടല്ലോ?” എന്ന് പട്ടർ ആശ്വസിച്ചു പോലും! അതുപോലെയാണ് ഇവിടെയും: യേശുവിൻറെ കൈയ്യിൽ മരണത്തിൻറെയും പാതാളത്തിൻറെയും താക്കോലുണ്ട് - എന്നിട്ടോ, മരണവും പാതാളവും കുതിരപ്പുറത്ത് ഉലാത്തുന്നു! (വെളി 6:8)

ക്രിസ്തുവിൽ പ്രിയരേ, യേശു അവിടത്തെ പുനരുത്ഥാനത്തിന് ശേഷം പറഞ്ഞത് ഓർമ്മയുണ്ടോ?
മത്താ 28:18 "സ്വര്‍ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്ക് നല്‍കപ്പെട്ടിരിക്കുന്നു.”
“സകല അധികാരവും” എന്നതിൽ ഉൾപ്പെടാത്തതായി എന്തുണ്ട്? അവിടത്തേക്ക് കുരിശുമരണത്തിന് മുമ്പുതന്നെ സ്വന്തം ജീവൻറെ മേൽ അധികാരം ഉണ്ടായിരുന്നില്ലേ? (യോഹ 10:17, 18)

ഒന്നാം നൂറ്റാണ്ടിൽ പീഡത്തിലൂടെ കടന്നുപോയിരുന്ന (വെളി 1:9) ക്രൈസ്തവർക്ക് ഉത്തേജനവും, ധൈര്യവും നൽകുക എന്നതായിരുന്നില്ലേ ഈ വേദഭാഗത്തിൻറെ ഉദ്ദേശ്യം. ആദിയും, അന്ത്യവുമായ, മരണത്തെ അതിജീവിച്ച ഞാൻ നിങ്ങളുടെ കൂടെയുണ്ട് എന്നതാണ് യേശുവിൻറെ സന്ദേശം.

ധനികൻ പീഡിപ്പിക്കപ്പെട്ട പാതാളം (നരകം)


ഹേഡീസ് എന്ന ഗ്രീക്ക് വാക്ക് ഉപയോഗിക്കപ്പെട്ടിട്ടുള്ള വചനങ്ങളിൽ ലൂക്കോ 16:23ൽ മാത്രമേ യാതന അല്ലെങ്കിൽ പീഡനം അനുഭവിക്കുക എന്ന പരാമർശം വരുന്നുള്ളൂ. അതിനെ പറ്റി, “ധനികനും, ദരിദ്രനായ ലാസരും നരകവും” എന്ന ലേഖനത്തിൽ വിശദമായി എഴുതിയിട്ടുള്ളതിനാൽ ഇവിടെ ആവർത്തിക്കുന്നില്ല.

പാതാളം എന്ന വാക്കിൻറെ അർത്ഥം.

1കൊരി 15:55 ഹേ മരണമേ, നിന്‍റെ വിഷമുള്ള് എവിടെ? ഹേ പാതാളമേ(G86, Hell, നരകം), നിന്‍റെ ജയം എവിടെ?
ഈ വചനം ഹോശേ 13:14ൽ നിന്നുമുള്ള ഉദ്ധരണിയാണ്.
ഹോശേ 13:14 ... മരണമേ, നിന്‍റെ ബാധകള്‍ എവിടെ? പാതാളമേ, നിന്‍റെ സംഹാരം എവിടെ?
മലയാളത്തിൽ 1കൊരി 15:55ലെ പോലെതന്നെ ഈ ഹോശേ 13:14ൽ കാണാത്തതിന് കാരണം മലയാളം അടക്കം മിക്കവാറും വേദപുസ്തകങ്ങൾ ക്രിസ്തുവിന് ശേഷം 7 മുതൽ 17 വരെ നൂറ്റാണ്ടുകളിൽ തയ്യാറാക്കപ്പെട്ട മസോറട്ടിക് ടെക്‍സ്റ്റ് (Masoretic Text) എന്ന ഹീബ്രു കൈയ്യെഴുത്തുപ്രതിയുടെ പരിഭാഷയായതുകൊണ്ടാണ്. ക്രിസ്തുവിന് 300 വർഷങ്ങൾക്ക് മുമ്പ് തയ്യാറാക്കിയ സെപ്റ്റ്വജിൻറ് (Septuagint) എന്ന ഗ്രീക്ക് കൈയ്യെഴുത്തുപ്രതിയിൽ നിന്നുമാണ് യേശുവും ശിഷ്യന്മാരും വചനങ്ങൾ ഉദ്ധരിച്ചിരുന്നത്. (KJV ഭ്രാന്ത് പിടിച്ചവർ എന്നെ കടിച്ചുകീറുവാൻ വരുന്നതിന് മുമ്പ് താഴെ കൊടുത്തിരിക്കുന്ന വചനങ്ങൾ വായിച്ചുനോക്കുവാൻ കാലുപിടിച്ച് അപേക്ഷിക്കുന്നു.)
1Co 15:55 O death, where is thy sting? O grave<G86>, where is thy victory?

Masoretic Text KJV Hos 13:14 I will ransom them from the power of the grave; I will redeem them from death: O death, I will be thy plagues; O grave, I will be thy destruction: repentance shall be hid from mine eyes.

Septuagint Hos 13:14 I will deliver them out of the power of Hades, and will redeem them from death: where is thy penalty, O death? O Hades<G86>, where is thy sting? comfort is hidden from mine eyes.
ഈ ലേഖനത്തിന് ആധാരമായ ഹേഡീസ് (Hades) എന്ന വാക്ക് സെപ്റ്റ്വജിൻറ് പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. അതുപോലെതന്നെ ഇതേ വാക്ക് നരകം എന്നല്ലാതെ കല്ലറ (grave) എന്ന് ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഒരേയൊരു വചനം 1കൊരി 15:55 മാത്രമാണെന്നതും ശ്രദ്ധിക്കുക. ഇതിന് കാരണമുണ്ട്: ഇതുവരെ നാം കണ്ട വചനങ്ങളിൽ ഈ ഒരു വചനം മാത്രമാണ് പഴയനിയമത്തിൽ നിന്നുമുള്ള ഉദ്ധരണി. ഹീബ്രു കൈയ്യെഴുത്തുപ്രതിയിൽ ഉപയോഗിച്ചിരിക്കുന്ന ഷിയോൾ എന്ന വാക്കിന് കല്ലറ എന്ന അർത്ഥമുണ്ട് എന്ന ധാരണയാണ് ഈ ചുവടുമാറ്റത്തിന് കാരണം. (ഷിയോൾ - Sheol - എന്ന വാക്ക് KJVയിൽ 31 തവണ നരകം എന്നും, 31 തവണ കല്ലറ എന്നും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.)

കക്കാന്‍ പഠിച്ചാല്‍ പോര ...നില്‍ക്കാനും പഠിക്കണം എന്ന് കേട്ടിട്ടില്ലേ? നരകം, അഗ്നിനരകം എന്നൊക്ക പറഞ്ഞ് നാട്ടുകാരെ പേടിപ്പിക്കുവാനുള്ള വ്യഗ്രതയിൽ ഈയൊരു വചനം ഒരുതരത്തിലും നരകമാക്കുവാൻ കഴിയില്ല എന്ന അവസ്ഥ സംജാതമായി, കാരണം 1കൊരി 15ൻറെ വിഷയം പുനരുത്ഥാനമാണല്ലോ, അവിടെ നരകത്തിന് എന്ത് കാര്യം?

ഷിയോൾ എന്ന ഹീബ്രു വാക്കിനെ പറ്റി ഇപ്പോൾ വരെ ഞാൻ മലയാളത്തിൽ എഴുതിയിട്ടില്ല (ജൂലൈ 28, 2016). ഇതിന് മുമ്പ് ഇംഗ്ലീഷിൽ എഴുതിയപ്പോൾ ഒരു കാര്യം മനസ്സിലായി: ഹേഡീസും ഷിയോളും ഒരേ ആശയമാണ്. അതെന്താണെന്ന് പറയുന്നതിന് മുമ്പ് പാതാളം, ഹേഡീസ് എന്നീ വാക്കുകളുടെ അർത്ഥം പറയാം.

പാതാളം എന്ന വാക്ക് തമിഴിലെ പാതാളം (பாதாளம்) എന്ന വാക്കിൽ നിന്നും ഉണ്ടായതാണ്. ഈ വാക്ക് പാദം (பாதம்), നിലം എന്ന അർത്ഥമുള്ള അളം (அளம்) എന്നീ വാക്കുകൾ ചേർന്ന് ഉണ്ടായതാണ്. അതായത് കാലിനടിയിലെ നിലം, നാം നിന്നാൽ (കാലിന് അടിയിൽ ആയതുകൊണ്ട്) “കാണാത്ത നിലം”. (മറ്റൊരു ഉദാഹരണം: ഉപ്പളം ഉപ്പ് ഉണ്ടാക്കുന്ന നിലം.)

ഇനി ഹേഡീസ് എന്ന വാക്കിൻറെ സ്ട്രോങ്സ് നിഘണ്ടുവിലെ വിവരണം:
G86 ᾅδης (hadēs, hah'-dace) From G1 (as a negative particle) and G1492; properly unseen... (ഈ വാക്ക് G1, G1492 എന്ന രണ്ട് വാക്കുകളിൽ നിന്നും ഉണ്ടായതാണ്.)

ഇതിൽ G1 എന്ന സംഖ്യയുള്ള “Α” “അ” എന്ന വിപരീതപദം ഉണ്ടാക്കുവാനുള്ള പൂര്‍വ്വപ്രത്യയമാണ് (prefix). അ+പരിചിതൻ=അപരിചിതൻ, അ+ന്യായം=അന്യായം എന്നതുപോലെ.

G1492, εἴδω (i'-do, ഐഡോ) എന്നതിൻറെ അർത്ഥം “കാണുക”.

അതായത് G1, G1492 എന്നീവാക്കുകൾ ചേർന്നുണ്ടായ G86ൻറ അർത്ഥം കാണുവാൻ കഴിയാത്തത്. ദൃശ്യം.

മരിച്ചവർ പാതാളത്തിൽ (കാണാത്ത നിലത്ത്) ആയി, അല്ലെങ്കിൽ അദൃശ്യരായി എന്നതാണ് ഈ വാക്കിൻറെ അർത്ഥം. യേശുവും, പാപികളും, വിശുദ്ധരുമെല്ലാം മരണശേഷം കല്ലറയിലോ, മണ്ണിലോ അദൃശ്യരാകുന്നു. അവരാരും ദൈവത്തിൻറെ കണ്ണിൽ നിന്നും മറഞ്ഞിരിക്കുന്നില്ല. നാം മലയാളത്തിൽ ശവം മറവുചെയ്യുക എന്ന് പറയാറില്ലേ? ശവത്തെ നമ്മുടെ മുന്നിൽ നിന്നും മറയ്ക്കുക, കാണാതെയാക്കുക എന്നല്ലേ അതിന് അർത്ഥം?

ഹേഡീസിന് രണ്ട് അറയുണ്ട്, ഒരു അറയിൽ പാപികൾ ദണ്ഡിക്കപ്പെടുന്നു, ഇനിയൊരു അറയിൽ വിശുദ്ധന്മാർ ആനന്ദിക്കുന്നു, എന്നൊക്കെയുള്ള സിദ്ധാന്തങ്ങൾക്ക് യാതൊരു അടിസ്ഥാനവും ഇല്ല. (ഹീബ്രുവും ഗ്രീക്കും അക്ഷരമാല പോലും അറിയാത്തവർ എബ്രായരുടെയും യവനരുടെയും സംസ്ക്കാരത്തിൽ അങ്ങനെയായിരുന്നു ഇങ്ങനെയായിരുന്നു എന്ന് തള്ളുതള്ളുന്നത് കേൾക്കുമ്പോൾ ഉണ്ടാകുന്ന ചൊറിച്ചിൽ പറഞ്ഞറിയിക്കുവാൻ വയ്യ.)

പാപി ചെല്ലുന്നിടം പാതാളം എന്നൊരു പഴഞ്ചൊല്ല് കേട്ടിട്ടില്ലേ? അതിനി തിരുത്തി എഴുതാം മരിച്ചവൻ ചെല്ലുന്നിടം പാതാളം.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

5 comments:

  1. "ഈ രണ്ട് വചനങ്ങളുടെ അടിസ്ഥാനത്തിൽ യേശു മരിച്ച് ഉയിർത്തെഴുന്നേൽക്കുന്നതിന് ഇടയിലുള്ള മൂന്ന് ദിവസങ്ങളിൽ സാത്താനുമായി മല്ലയുദ്ധം നടത്തി അവൻറെ കൈയ്യിലുണ്ടായിരുന്ന നരകത്തിൻറെ താക്കോൽ പിടിച്ചുവാങ്ങി എന്നൊക്കെ തള്ളുന്നവരുണ്ട്. അവരുടെ കെട്ടുകഥകൾക്ക് വേദപുസ്തകത്തിൽ അടിസ്ഥാനമുണ്ടോ? ഇല്ലേയില്ല.
    മരിച്ച് മൂന്ന് ദിവസം യേശു കല്ലറയിൽ ആയിരുന്നില്ലേ? അവിടെയാണ് അവിടത്തെ ദേഹിയെ വിട്ടുകളയാതിരുന്നത്. അവിടത്തെ ദേഹം ദ്രവത്വം കാണാതിരുന്നത് കല്ലറയിലാണ്.
    ക്രിസ്തുവിൽ പ്രിയരേ, പാപികൾ നിപതിക്കുന്ന, അഗ്നിയെരിയുന്ന ഒരു സ്ഥലത്തല്ല. അവിടന്ന് പറഞ്ഞതുപോലെ, മൂന്ന് പകലും, മൂന്ന് രാത്രിയും ഭൂമിയുടെ ഉള്ളിൽ ആയിരുന്നു അവിടന്ന് ഉണ്ടായിരുന്നത് (മത്താ 12:40). (ഭൂമിയുടെ ഉള്ളിൽ എന്നതിന് ഭൂമിയുടെ ഉള്ളിൽ ലാവ തിളയ്ക്കുന്ന ഭാഗത്ത് എന്ന് അർത്ഥമില്ല.)"

    ഇവിടെ ഒരു സംശയം നില നിൽക്കുന്നു. 1 പത്രോസ് 4: 5-6 വാക്യങ്ങൾ. ഇവിടെ കർത്താവ് മരിച്ചവരോടും സുവിശേഷം അറിയിച്ചതായി പത്രോസ് അപ്പോസ്തലൻ പറയുന്നു. മാത്രമല്ല "അവർ ജഡസംബന്ധമായി മനുഷ്യരെപ്പോലെ വിധിക്കപ്പെടുകയും ആത്മാവ് സംബന്ധമായി ദൈവത്തിനൊത്തവണ്ണം ജീവിക്കയും ചെയ്യേണ്ടതിനു തന്നെ" എന്ന് പറഞ്ഞിരിക്കുന്നു.

    ഇവിടെ പ്രതിപാദിച്ചിരിക്കുന്ന മരിച്ചവർ ആരാണ്?
    കർത്താവു അവരോട് എപ്പോൾ സംവദിച്ചു?
    ഈ രണ്ട് ചോദ്യങ്ങളും futurists കർത്താവു പാതാളം എന്ന സ്ഥലത്തുള്ള മുൻപേ മരിച്ചു പോയവരെ ഉദ്ധരിക്കുന്നതിന് വേണ്ടി പാതാളത്തിൽ പോയി എന്ന് വ്യാഖാനിക്കുന്നു. അപ്പോൾ പാതാളം/നരകം ഇല്ലേ?

    ഒന്ന് വിശദീകരിച്ചാൽ ഉപകാരമായിരുന്നു.

    ReplyDelete
    Replies
    1. താങ്കളുടെ കമന്‍റ് വളരെ വൈകിയാണ് കണ്ടത്. 1പത്രോസ് 4:5, 6 വളരെ മുമ്പേ എന്‍റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത് വ്യക്തമായും ശാരീരികമായി മരിച്ചവരോട് സുവിശേഷം പ്രസംഗിക്കപ്പെട്ടതിനെ പറ്റിയാണ് എന്നുതന്നെയാണ് ഞാൻ എന്നും വിശ്വസിച്ചിരുന്നത്. ഇതിനെ പറ്റി ഞാൻ എഴുതിയിട്ടുമുണ്ട്. പക്ഷേ, എന്നെ അലട്ടുന്ന ചോദ്യം ഇതാണ്: മരിച്ചവരുടെ ആത്മാക്കൾ ദൈവത്തിലേയ്ക്ക് മടങ്ങുന്നുവെങ്കിൽ (പ്രസം 12:7) ഈ ആത്മാക്കൾ എവിടെയാണ്? ചിലർ പറയുന്നത് പോലെ ഹേഡീസിന് (Hades) വിശുദ്ധർക്കും പാപികൾക്കുമായി രണ്ട് അറകളുണ്ടെന്ന കഥ ഞാൻ വിശ്വസിക്കുന്നില്ല, അതുപോലെതന്നെ, കത്തോലിക്കരുടെ വിശുദ്ധീകരണ സ്ഥലം (Purgatory) എന്ന കഥയും. ഈ വിഷയത്തെ പറ്റി അവസാന വാക്ക് പറയുന്നതിനേക്കാൾ കൂടുതൽ പഠിക്കുക എന്നതാണ് അഭികാമ്യം എന്ന് തോന്നുന്നു. ഈ വേദഭാഗത്തോട് 1പത്രോ 3:18-21 ചേർത്തുവായിക്കുക.

      Delete
  2. Thank you very much for the response.

    So is there a chance for correction after bodily death? It is really confusing. Also according to 1Pet 3:18-21, who are these 8 people who disobeyed. I was under the impression that the 8 people in the boat were the ones who obeyed God and is saved from the deluge. This verse again says they are saved again.

    Is it possible that Christ went and talked to them about the Gospel, which they never heard before and hearing of Gospel and believing is mandatory for getting saved?

    In that case did Jesus spoke to all who passed away before Christ including Abraham, Jacob, Isaac and even Moses?

    These two passages are very difficult to understand.

    Hope we can get a proper explanation to this from the scripture as it is remains a stumbling block.

    ReplyDelete
    Replies
    1. 1പത്രോ 3:18-21ന്‍റെ പരിഭാഷ അത്ര മനസ്സിലാക്കുവാൻ എളുപ്പമല്ല (ഗ്രീക്ക് പാഠവും അത്ര എളുപ്പമല്ല.) പണ്ടുമുതലേ ബൈബിൾ പരിഭാഷയിൽ ചിഹ്നങ്ങൾ (punctuation marks) ഉപയോഗിക്കുന്നതിലെ പന്തികേടാണ് കുഴപ്പങ്ങൾക്കെല്ലാം കാരണം. () [] തുടങ്ങിയ ചിഹ്നങ്ങൾ പരിഭാഷകർ കൂട്ടിച്ചേർത്ത വാക്കുകൾക്കും, പ്രക്ഷിപ്‌ത (interpolation, മൂലകൃതിയിൽ കൂട്ടിച്ചേർത്ത) ഭാഗങ്ങൾക്കും ഉപയോഗിച്ചിരുന്നതുകൊണ്ട് ഇപ്പോഴും ആ ചിഹ്നങ്ങൾ ഉപയോഗിച്ചാൽ ജനങ്ങൾ തെറ്റിദ്ധരിച്ചേക്കാം എന്ന് കരുതി ആരും ഉപയോഗിക്കാറില്ല.

      --------------

      1പത്രോ 3:20ന്‍റെ മലയാളം പരിഭാഷ തരക്കേടില്ല, ഇംഗ്ലീഷ് പരിഭാഷ വായിച്ചതുകൊണ്ടാണ് താങ്കൾക്ക് ആശയക്കുഴപ്പം ഉണ്ടായതെന്ന് തോന്നുന്നു.

      1Pe 3:19 By which also he went and preached unto the spirits in prison;
      1Pe 3:20 Which sometime were disobedient, when once the longsuffering of God waited in the days of Noah, [while the ark was a preparing, wherein few, that is, eight souls were saved by water.]

      ---

      ഇവിടെ []ൽ കൊടുത്തിരിക്കുന്ന ഭാഗം “the days of Noah”യുടെ വിശേഷണമാണ്, അതിന് വചനത്തിന്‍റെ ആരംഭവുമായി ബന്ധമില്ല.

      ---

      ചില ക്രൈസ്തവ വിഭാഗങ്ങളിൽ പെട്ടവർ കണ്ണിൽ കണ്ടവരോടൊക്കെ “രക്ഷിക്കപ്പെട്ടോ?” എന്ന് ചോദിക്കുന്നത് കാണാം. അവരോട് തിരിച്ച് “എന്തിൽ നിന്നും?” എന്ന് ചോദിച്ചാൽ വ്യക്തമായ ഉത്തരമില്ല. “മരണത്തിൽ നിന്നും” എന്ന് പറയുന്നവരോട് “നിങ്ങൾ മരിക്കില്ലേ?” എന്ന് ചോദിച്ചാൽ ഉത്തരം മുട്ടും. “നരകത്തിൽ നിന്നും” എന്ന് പറയുന്നവരോട് “നരകം എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന വാക്ക് (ഗെഹന്ന), യെരൂശലേമിനോട് ചേർന്ന ഹിന്നോം മക്കളുടെ താഴ്വര എന്നാണ് അർത്ഥം എന്ന് പറഞ്ഞാൽ അവർ വാപൊളിക്കും. “നിങ്ങൾ ക്രിസ്തുവിനോടൊപ്പം മരിച്ച്, ഉയിർപ്പിക്കപ്പെട്ട്, ക്രിസ്തുവിനോടൊപ്പം സ്വർഗീയ സ്ഥലത്ത് ഇരുത്തപ്പെട്ടവരല്ലേ?” എന്ന് ചോദിച്ചാൽ അത്തരം ഒരു വചനം അവർ കേട്ടിട്ടുപോലുമില്ല (ഏഫേ 2:6). [ഈയടുത്തിടെയായി കേൾക്കുവാൻ തുടങ്ങിയിട്ടുണ്ട്.]

      ---

      “രക്ഷിക്കപ്പെടുക” എന്നത് ഒന്നാം നൂറ്റാണ്ടിലെ യഹൂദരുടെയും, യഹൂദ മതാനുസാരികളുടെയും (proselytes) ആവശ്യകതയായിരുന്നു. അന്ന് രക്ഷിക്കപ്പെടാതിരുന്നവർ 70 AD തുടങ്ങിയുള്ള കാലത്ത് നശിച്ചു. അവർക്ക് ആദാമിലുള്ള അവരുടെ സ്വത്വത്തിൽ (identity) നിന്നും ക്രിസ്തുവിലുള്ള സ്വത്വത്തിലേയ്ക്ക് സംക്രമിക്കേണമായിരുന്നു. ഇപ്പോഴുള്ള മനുഷ്യരാശി മുഴുവനും ക്രിസ്തുവിൽ പുതിയ സൃഷ്ടിയാണ്, ആരും ആദാമിൽ ഇല്ല. നമുക്ക് അത്തരത്തിൽ ഒരു സംക്രമണത്തിന്‍റെ ആവശ്യകതയില്ല.

      ---

      ന്യായപ്രമാണം ഇല്ലാത്തിടത്ത് ലംഘനവുമില്ല, ന്യായവിധിയുമില്ല. ആദാമിന്‍റെ സന്തതി പരമ്പരയ്ക്കാണ് ന്യായപ്രമാണം ഉണ്ടായിരുന്നത്. (മോശെ അത് ക്രോഡീകരിച്ചു എന്നേയുള്ളൂ, അത് ഘട്ടം ഘട്ടമായി നൽകപ്പെട്ടതാണ്.) ലോകത്തിന്‍റെ ഇതര ഭാഗങ്ങളിൽ ഉണ്ടായിരുന്നവർക്ക് ന്യായപ്രമാണം നൽകപ്പെട്ടിരുന്നില്ലല്ലോ? (വിസ്താരഭയം നിമിത്തം ദീർഘിപ്പിക്കുന്നില്ല, ഉൽപത്തി 1 മുതൽ 3 വരെ അദ്ധ്യായങ്ങൾ വെളിപ്പാട് 20 മുതൽ 22 വരെ അധ്യായങ്ങളുടെ അത്രതന്നെ പ്രതീകാത്മകമാണ്, സൃഷ്ടിയോ, ആദാമോ ആക്ഷരികമല്ല.)

      ---

      (പിന്നീട് യിസ്രായേലായി മാറിയ) ആദാമിന്‍റെ വംശാവലിയെ ദൈവത്തിന് മനുഷ്യരുമായി സംവദിക്കുവാനുള്ള ഒരു കുഴലായി (conduit) ദൈവം ഉപയോഗിച്ചു, എന്നാൽ അവർ അതിനെ സ്ഥാപനവൽക്കരിച്ച ഒരു മതമാക്കി മാറ്റി. എല്ലാ മതങ്ങളെയും പോലെ അവർക്കും ക്രൂരനായ ഒരു ദൈവം ആവശ്യമായിരുന്നു, അതിനാൽ അവർ പ്രകൃതിക്ഷോഭങ്ങളെ ദൈവത്തിൽ ആരോപിച്ചു (പ്രളയം, സോദോം-ഗൊമോറ); അവർ കൊന്നൊടുക്കിയ ജനതതികളെ ദൈവം കൽപിച്ചിട്ട് കൊന്നൊടുക്കിയതായി ചിത്രീകരിച്ചു; അവർ യുദ്ധത്തിൽ വിജയം നേടിയപ്പോൾ അത് ദൈവം നേടിത്തന്നതാണെന്ന് അവകാശപ്പെട്ടു...
      ---

      യേശുവിലൂടെ സത്യം വെളിപ്പെട്ടു. ദൈവം ക്രൂരനല്ല നിഴൽ പോലുമില്ലാത്ത സ്നേഹമാണെന്ന് വെളിപ്പെട്ടു. അവർക്ക് വരുവാനിരുന്ന സ്വയം വരുത്തിവെക്കുന്ന (Self-inflicted) ദുരന്തത്തിൽ നിന്നും രക്ഷപെടുവാൻ (രക്ഷിക്കപ്പെടുവാൻ) ആഹ്വാനം ചെയ്തു. അവർ കേട്ടില്ല. നശിച്ച് തുലഞ്ഞു. അവർക്കായിരുന്നു രക്ഷിക്കപ്പെടേണ്ട ആവശ്യകത. നമുക്കല്ല, നാം ജീവിക്കുന്ന ലോകം (പ്രപഞ്ചം) ക്രിസ്തുവിന്‍റെ അധീനതയിലാണ്, അവിടന്ന് പാപത്തെയും, മരണത്തെയും (ദൈവത്തിൽ നിന്നുമുള്ള വേർപാടാണ് മരണം) നിർമാർജനം ചെയ്തു; ലോകത്തെ മുഴുവൻ ദൈവവുമായി അനുരഞ്ജനപ്പെടുത്തി.

      Delete
  3. Thank you Sir. It is clear now. God bless you

    ReplyDelete