Monday, August 1, 2016

യേശുവിൻറെ രണ്ടാംവരവ് റിയൽ എസ്‍റ്റേറ്റ് ബിസിനസ്സ് തുടങ്ങുവാനല്ല.(യഹോവ അബ്രാഹാമിന് നൽകിയ ഭൂസംബന്ധമായ വാഗ്ദാനങ്ങൾ നിറവേറി)

ക്രിസ്തുവിൽ പ്രിയരേ,

യഹോവ അബ്രാഹാമിന് നൽകിയ ഭൂസംബന്ധമായ വാഗ്ദാനങ്ങൾ നിറവേറ്റപ്പെട്ടിട്ടില്ല, യേശുവിൻറെ രണ്ടാംവരവിലാണ് അത് നിറവേറ്റപ്പെടുവാൻ പോകുന്നത് എന്നൊരു പ്രബോധനം നിലനിൽക്കുന്നുണ്ട്. ഏറ്റവും മാന്യമായ ഭാഷയിൽ പറഞ്ഞാൽ, ഇത്തരം പ്രബോധനങ്ങൾ നടത്തുന്നവർ പുറപ്പാട് പുസ്തകം കഴിഞ്ഞുള്ള പഴയനിയമത്തിലെ പുസ്തകങ്ങളൊന്നും മനസ്സിരുത്തി വായിച്ചിട്ടില്ല.


ദൈവം അബ്രാഹാമിന് നൽകിയ വാഗ്ദാനം ഉൽ 15:18-21ൽ വായിക്കാം.
ഉൽ 15:18 അന്ന് യഹോവ അബ്രാമിനോട് ഒരു ഉടമ്പടി ചെയ്ത് നിന്‍റെ സന്തതിക്ക് ഞാന്‍ മിസ്രയീം നദി തുടങ്ങി ഫ്രാത്ത് നദിയായ മഹാനദി വരെയുള്ള ഈ ദേശത്തെ,
ഉൽ 15:19 കേന്യര്‍, കെനിസ്യര്‍, കദ്മോന്യര്‍, ഹിത്ത്യര്‍,
ഉൽ 15:20 പെറിസ്യര്‍, രെഫായീമ്യര്‍, അമോര്യര്‍,
ഉൽ 15:21കാനാന്യര്‍, ഗിര്‍ഗ്ഗശ്യര്‍, യെബൂസ്യര്‍ എന്നിവരുടെ ദേശത്തെ തന്നിരിക്കുന്നു എന്ന് അരുളിച്ചെയ്തു.
ഇതേ വാഗ്ദാനം യിസ്ഹാക്കിനോടും (ഉൽ 26:3) യാക്കോബിനോടും (ഉൽ 28:13) ആവർത്തിക്കുന്നുണ്ട്.

അബ്രാഹാമിന് വാഗ്ദാനം ചെയ്ത ദേശം
തുടർന്നുവരുന്ന വചനങ്ങൾ വായിക്കുമ്പോൾ ഭൂപടവുമായി താരതമ്യം ചെയ്തുനോക്കുക.

ഞാൻ വേദപുസ്തകം വായിക്കുമ്പോൾ ദൈവം അബ്രാഹാമിന് നൽകിയ ഭൂസംബന്ധമായ വാഗ്ദാനങ്ങൾ പഴയനിയമ കാലത്തുതന്നെ നിറവേറിയതായി കാണുന്നു. ഏത് കാര്യവും നിശ്ചയിക്കുവാൻ രണ്ടോ മൂന്നോ സാക്ഷികൾ വേണമെന്നാണല്ലോ? (ആവ 19:15; മത്താ 18:16) മൂന്ന് സാക്ഷികളെ അവതരിപ്പിക്കുകയാണിവിടെ.

സാക്ഷി ①:

യോശു 21:43: യഹോവ യിസ്രായേലിന് താന്‍ അവരുടെ പിതാക്കന്മാര്‍ക്ക് (അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ്) കൊടുക്കും എന്ന് സത്യംചെയ്ത ദേശമെല്ലാം കൊടുത്തു; അവര്‍ അത് കൈവശമാക്കി അവിടെ കുടിപാര്‍ത്തു.
യോശു 21:45: യഹോവ യിസ്രായേല്‍ ഗൃഹത്തോട് അരുളിച്ചെയ്ത വാഗ്ദാനങ്ങളില്‍ ഒന്നും വൃഥാവാകാതെ സകലവും നിവൃത്തിയായി.

സാക്ഷി ②:

1രാജാ 4:21 ഫ്രാത്ത് നദി (ഉൽ 15:18) മുതല്‍ ഫിലിസ്ത്യ ദേശം വരെയും മിസ്രയീമിന്‍റെ അതിര്‍ത്തി വരെയും ഉള്ള സകല രാജ്യങ്ങളെയും ശലോമോന്‍ വാണു; അവര്‍ കപ്പം കൊണ്ടുവന്നു ശലോമോനെ അവന്‍റെ ജീവപര്യന്തം സേവിച്ചു.
ഉൽ 15:18ൽ “മിസ്രയീം നദി” എന്ന് എഴുതിയിരിക്കുന്നത് നൈൽ നദിയെ പറ്റിയല്ല, നൈൽ നദിയുടെ പോഷകനദികളിൽ ഒന്നായിരുന്ന പെലൂസിയൻ നദിയെ പറ്റിയാണ്. മിസ്രയീമിൻറെ കിഴക്കേ അതിർത്തിയിൽ ഉണ്ടായിരുന്ന ഈ നദി വറ്റിവരണ്ട് പോയി. അതായത്, ശലോമോൻറെ കാലത്ത് യിസ്രായേൽ സ്വന്തമാക്കിയിരുന്ന ദേശം യഹോവ അബ്രാഹാമിനോട് വാഗ്ദാനം ചെയ്തിരുന്ന അതേ വിസ്തൃതി ഉള്ളതായിരുന്നു.

സാക്ഷി ③:

നെഹെ 9:7 അബ്രാമിനെ തെരഞ്ഞെടുത്ത്, അവനെ കല്‍ദയ പട്ടണമായ ഊറില്‍ നിന്നും കൊണ്ടുവന്ന്, അവന് അബ്രാഹം എന്ന് പേരിട്ട ദൈവമായ യഹോവ അവിടന്നാണ്.
നെഹെ 9:8 അവിടന്ന് അവന്‍റെ ഹൃദയം അവിടത്തെ മുമ്പാകെ വിശ്വസ്തമായി കണ്ടു; കാനാന്യര്‍, ഹിത്ത്യര്‍, അമോര്യര്‍, പെരിസ്യര്‍, യെബൂസ്യര്‍, ഗിര്‍ഗ്ഗശ്യര്‍ എന്നിവരുടെ ദേശം കൊടുക്കും, അവന്‍റെ സന്തതിക്ക് തന്നെ കൊടുക്കും എന്ന് അവിടന്ന് അവനോട് ഒരു ഉടമ്പടി ചെയ്തു; അവിടന്ന് നീതിമാനായതിനാല്‍ അവിടത്തെ വചനങ്ങളെ നിവൃത്തിച്ചിരിക്കുന്നു.
“അവിടന്ന് നീതിമാനായതിനാല്‍ അവിടത്തെ വചനങ്ങളെ നിവൃത്തിച്ചിരിക്കുന്നു” എന്ന് ഭൂതകാല രൂപത്തിൽ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. എന്താണ് നിവൃത്തിച്ചത്? അബ്രാഹാമിനോടുള്ള വാഗ്ദാനം! വാഗ്ദാനം നിവൃത്തിച്ചതിലൂടെയാണ് അവിടന്ന് നീതിമാൻ എന്ന് വ്യക്തമായത്.

(ഉൽ 15:18-21ൽ ഉള്ള ചില ജാതികളുടെ പേരുകൾ ഇവിടെ ഇല്ലാത്തതിന് കാരണം, ആ ജാതികൾ യോശുവ, ദാവീദ് എന്നിവരുടെ കാലത്ത് ഉന്മൂലനം ചെയ്യപ്പെട്ടവരോ, ആ ജാതികൾ തമ്മിലുള്ള ഉൾപ്പോരുകളിൽ ഇല്ലാതായവരോ ആണ്.)

ദൈവം യിസ്രായേലിന് വീണ്ടും ഭൂമി നൽകുമോ?


ആവർത്തന പുസ്തകം 30:1-5ൽ, യിസ്രായേല്യർ ചിതറിക്കപ്പെട്ട നാടുകളിൽ നിന്നും പശ്ചാത്തപിച്ച്, യഹോവയുടെ നേരെ തിരിഞ്ഞാൽ അവിടന്ന് അവരെ അവരുടെ പിതാക്കന്മാരുടെ നാട്ടിലേക്ക് തിരികെ കൊണ്ടുവരും, അവർ തങ്ങളുടെ പിതാക്കന്മാർ കുടിയിരുന്ന ദേശത്തെ കൈവശമാക്കും എന്ന് എഴുതപ്പെട്ടിരിക്കുന്നു. ദൈവം അവർക്ക് ആ ദേശത്തെ നിത്യമായ അവകാശമായി കൊടുക്കും എന്ന് എഴുതിയിട്ടില്ല.

ദൈവം അരുളിച്ചെയ്ത വാഗ്ദാനങ്ങളെല്ലാം നിറവേറ്റി എന്ന് പറഞ്ഞ നെഹെമ്യാവ് അദ്ദേഹത്തിൻറെ കാലത്ത് തിരിച്ചെത്തിയ യിസ്രായേല്യരുടെ അവസ്ഥയെ പറ്റി പറയുന്നത് ശ്രദ്ധിക്കൂ:
നെഹെ 9:36 ഇതാ, ഞങ്ങള്‍ ഇന്ന് ദാസന്മാര്‍; നീ ഞങ്ങളുടെ പിതാക്കന്മാര്‍ക്കും ഫലവും ഗുണവും അനുഭവിക്കുവാന്‍ കൊടുത്ത ഈ ദേശത്ത് തന്നേ ഇതാ, ഞങ്ങള്‍ ദാസന്മാരായിരിക്കുന്നു.
നെഹെമിയായുടെ കാലത്ത് അവർ സ്വദേശത്തേയ്ക്ക് തിരിച്ചെത്തിയത് അവർ പശ്ചാത്തപിച്ചതുകൊണ്ടാണോ അതോ അവരുടെ പ്രവാസകാലം അവസാനിച്ചതിനാലാണോ? പിന്നെയും നൂറ്റാണ്ടുകൾ കഴിഞ്ഞ് യേശുവിൻറെ കാലത്ത് അവർക്ക് പശ്ചാത്താപം ഉണ്ടായിരുന്നോ?

ഇപ്പോൾ യിസ്രായേലിൽ കുടിയിരിക്കുന്നവർ ആരാണ്?


അബ്രാഹാമിന് നൽകപ്പെട്ട ഭൂസംബന്ധമായ വാഗ്ദാനങ്ങളിൽ ഒരാൾക്ക് പങ്ക് ലഭിക്കണമെങ്കിൽ അയാൾ അബ്രാഹാമിൻറെ വംശാവലിയിൽ ഉൾപ്പെട്ട ആളായിരിക്കണം. യിസ്രായേല്യർക്ക് വംശാവലി വളരെ പ്രധാനമാണ്. ബാബേലിലെ പ്രവാസത്തിൽ നിന്നും തിരിച്ചുവരുന്ന കാലത്ത് വ്യക്തമായ വംശാവലിയുടെ രേഖകൾ കാണിക്കുവാനില്ലാത്ത 150 പേരെ അശുദ്ധരായി കണക്കാക്കി എന്ന് എസ്രാ 8:3ൽ കാണാം.

യോസേഫിന്‍റെ പൌത്രനായിരുന്ന മാഖീരിന്‍റെ പൌത്രനായിരുന്ന സെലോഫഹാദിന്‍റെ 5 പുത്രിമാര്‍ തങ്ങൾക്ക് സഹോദരന്മാർ ഇല്ലാത്തതിനാൽ തങ്ങളുടെ പിതാവിൻറെ സ്വത്തിൻറെ അവകാശം ആർക്ക് ലഭിക്കും എന്ന ചോദ്യവുമായ മോശെയുടെയും എലെയാസര്‍ പുരോഹിതന്‍റെയും പ്രഭുക്കളുടെയും അടുത്തുവന്നപ്പോൾ (സംഖ്യ 27) അവർക്ക് മോശെ യഹോവയിൽ നിന്നും നൽകിയ മറുപടിയിൽ അവർ സ്വത്തവകാശം നഷ്ടപ്പെടാതിരിക്കുവാൻ സ്വന്തം ഗോത്രത്തിൽ നിന്നുതന്നെ വിവാഹം കഴിക്കണം എന്ന് നിഷ്കർഷിച്ചിരുന്നു. (സംഖ്യ 36:6-11). അതായത്, ഭൂസ്വത്തിൻറെ അവകാശം യിസ്രായേലിൻറെ ഒരു ഗോത്രത്തിൽ നിന്നും മറ്റൊരു ഗോത്രത്തിലേക്ക് പോലും പോകുവാൻ പാടില്ല!

ഈ കാര്യങ്ങൾ മനസ്സിൽ വെച്ചുകൊണ്ട് ഇപ്പോൾ പലസ്തീൻ നാട്ടിൽ ഇപ്പോൾ കുടിയിരിക്കുന്ന “യെഹൂദ്യർ” ആരെന്ന് നോക്കാം. (ഓരോ വംശത്തെ പറ്റിയും വിവരിക്കുന്ന വിക്കിപ്പീഡിയ പേജുകളുടെ ലിങ്കുകളും നൽകിയിരിക്കുന്നു.)


ഇപ്പോൾ യിസ്രായേലിൽ അധിവസിക്കുന്ന യെഹൂദ്യരിൽ 50%ൽ അധികം മിസ്രയീ യെഹൂദ്യരാണ്. അവരുടെ പേര് ഉണ്ടായിരിക്കുന്നത് മിസ്രയീമിൻറെ (ഈജിപ്‌ത്‌ - നോഹയുടെ മക്കളിൽ ഹാമിൻറെ മകൻ - ഉൽ 10:6) പേരിൽ നിന്നുമാണ്. ഇവർ മിസ്രയീമിൽ നിന്നും, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും, ഇപ്പോഴുള്ള മധ്യപൂര്‍വ്വേഷ്യൻ രാജ്യങ്ങളിൽ നിന്നും പാകിസ്ഥാൻ, ഇന്ത്യ മുതലായ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും വന്നവരാണ്. ഇവരിൽ അധികപക്ഷവും യഥാർത്ഥ യെഹൂദ്യരാണെന്ന് തെളിയിക്കുവാൻ യാതൊരു ചരിത്രരേഖകളും ഇല്ലാത്തവരാണ്.

അടുത്ത വലിയ വംശം അസ്കെനാസി യെഹൂദ്യരാണ്. ഇവരുടെ പേര് നോഹയുടെ പുത്രൻ യാഫെത്തിന്‍റെ പുത്രൻ ഗോമെരിന്‍റെ പുത്രന്മാര്‍ അസ്കെനാസിൻറെ (ഉൽ 10:3) പേരിൽ നിന്നുമാണ് ഉണ്ടായിരിക്കുന്നത്. ഇവർക്കും ചരിത്രപരമായി യെഹൂദ്യരാണെന്ന് തെളിയിക്കുവാൻ രേഖകളില്ല. ഇന്ന് ലോകത്തുള്ള യെഹൂദ്യരിൽ 70%-80% ഇവരാണ്.

മറ്റൊരു പ്രബലമായ വംശം സെഫർദി യെഹൂദ്യരാണ്. സ്പെയിനിൽ നിന്നും വന്ന ഇവർക്കും വ്യക്തമായ ചരിത്രമൊന്നും ഇല്ല.ഇനിയുമുണ്ട് ചെറിയ വംശങ്ങൾ അഞ്ചാറെണ്ണം.

ഇവരിൽ ആർക്കാണ് അബ്രാഹാമിനോട് ചെയ്ത വാഗ്ദാനം ചെയ്ത ഭൂമി നൽകേണ്ടത്? ഇവരൊക്കെ യഥാർത്ഥ യിസ്രായേല്യരാണെന്ന് തെളിയിക്കുവാൻ ഡി.എൻ.എ ടെസ്റ്റുകൾ പോലും നടത്തി, പക്ഷേ, ഫലങ്ങൾ അവർക്ക് പോലും സ്വീകാര്യമല്ല. (ഗൂഗിളിൽ തേടിനോക്കൂ.)

റോമർ 11:26ൽ എല്ലാ യിസ്രായേലും രക്ഷിക്കപ്പെടും എന്ന് എഴുതിയിട്ടുണ്ടല്ലോ?


അതൊരു വളരെ വലിയ വിഷയമാണ്. വളരെ ചുരുക്കമായി വിവരിക്കാം. റോമർക്കുള്ള ലേഖനത്തിൻറെ ഭീമഭാഗവും യിസ്രായേലിൻറെ രക്ഷയെ പറ്റിയാണ്. ഇതേ ലേഖനത്തിൽ പൌലോസ് പറയുന്ന മറ്റൊരു കാര്യം ശ്രദ്ധിക്കുക.
റോമ 9:6 ... യിസ്രായേലില്‍ നിന്നും ഉത്ഭവിച്ചവര്‍ എല്ലാം യിസ്രായേല്യര്‍ അല്ല.
റോമ 9:7 അബ്രാഹമിന്‍റെ സന്തതിയാകയാല്‍ എല്ലാവരും മക്കളാകുന്നില്ല;...
യിസ്രായേലിൻറെ ഒരു ശേഷിപ്പ് മാത്രമേ രക്ഷിക്കപ്പെടുകയുള്ളൂ എന്ന് പ്രവചനപുസ്തകങ്ങളിൽ എഴുതിയിട്ടുണ്ട്. (യെശ 10:22, 23, സെപ്റ്റ്വജിൻറ് പരിഭാഷ). ഇതേ വിഷയം റോമർ 9:27-29ൽ പൌലോസും പരാമർശിക്കുന്നുണ്ട്.
റോമ 9:27 യെശയ്യാവ് യിസ്രായേലിനെ കുറിച്ച്: യിസ്രായേല്‍ മക്കളുടെ എണ്ണം കടല്‍ക്കരയിലെ മണല്‍ പോലെ ആയിരുന്നാലും ശേഷിപ്പേ രക്ഷിക്കപ്പെടൂ.
ഈ ശേഷിപ്പിനെ പറ്റി പരാമർശിച്ച ശേഷം ആ ശേഷിപ്പ് പൌലോസ് ഈ ലേഖനം എഴുതിയ കാലത്ത് നിലനിന്നിരുന്നു എന്ന് റോമർ 11ൻറെ ആരംഭത്തിൽ എഴുതിയിരിക്കുന്നത് എന്തുകൊണ്ട് ആരും ശ്രദ്ധിക്കുന്നില്ല?
റോമ 11:3 ഏലീയാവ് യിസ്രായേലിന് വിരോധമായി: “കര്‍ത്താവേ, അവര്‍ നിന്‍റെ പ്രവാചകരെ കൊന്നു നിന്‍റെ യാഗപീഠങ്ങളെ ഇടിച്ചു കളഞ്ഞു; ഞാന്‍ ഒരുവന്‍ മാത്രം ശേഷിച്ചിരിക്കുന്നു; അവര്‍ എനിക്കും ജീവഹാനി വരുത്തുവാന്‍ നോക്കുന്നു” എന്ന് ദൈവത്തോട് വാദിക്കുമ്പോള്‍,
റോമ 11:4 അവന് അരുളപ്പാട് ഉണ്ടായത് എന്താണ്? “ബാലിന് മുട്ടുകുത്താത്ത 7000 പേരെ ഞാന്‍ എനിക്കായി ശേഷിപ്പിച്ചിരിക്കുന്നു”, എന്നല്ലേ?
റോമ 11:5 അങ്ങനെ ഈ കാലത്തിലും (പൌലോസ് ഈ ലേഖനം എഴുതുമ്പോൾ) കൃപയാലുള്ള തെരഞ്ഞെടുപ്പിന്‍ പ്രകാരം ഒരു ശേഷിപ്പ് ഉണ്ട്.
ആ ശേഷിപ്പാണ് രക്ഷിക്കപ്പെടുന്ന “എല്ലാ യിസ്രായേലും”. ഒരു ശേഷിപ്പ് മാത്രം രക്ഷിക്കപ്പെടും എന്ന് പ്രവചനത്തിൽ എഴുതിയത് ഉദ്ധരിച്ച്, അത്തരം ഒരു ശേഷിപ്പ് പൌലോസ് എഴുതുമ്പോഴും ബാക്കിയുണ്ട് എന്ന് മനസ്സിലാക്കിത്തന്നത് യേശുവിനെ കൊന്നവരടക്കം എല്ലാ യിസ്രായേല്യരും രക്ഷിക്കപ്പെടും എന്ന അർത്ഥത്തിലാണോ?

യഥാർത്ഥ യിസ്രായേല്യൻ എങ്ങനെയായിരിക്കും എന്ന് അറിയാമോ?
യോഹ 1:47 നഥനയേല്‍ തന്‍റെ അടുത്ത് വരുന്നത് യേശു കണ്ട്: “ഇതാ, സാക്ഷാല്‍ യിസ്രായേല്യന്‍; ഇവനില്‍ കപടം ഇല്ല” എന്ന് അവനെ കുറിച്ച് പറഞ്ഞു.
ഇതാണ് യിസ്രായേല്യന്‍, യേശുവിനെ കുത്തിയവരും കൊന്നവരും അല്ല! നഥനയേലിനെ പോലെയുള്ളവരാണ് യിസ്രാവേലിൻറെ ശേഷിപ്പ്. അവരാണ് കൃപയാലുള്ള തെരഞ്ഞെടുപ്പിന്‍ പ്രകാരം രക്ഷിക്കപ്പെടുന്നത്.

പൌലോസ് റോമർക്കുള്ള ലേഖനം എഴുതിയ കാലത്ത് യഥാർത്ഥ യിസ്രായേല്യർ ഉണ്ടായിരുന്നു. അവർ നഥനയേലിനെ പോലെ യേശുവിനെ പിന്തുടർന്നു. കി.പി.70ൽ യെരൂശലേം നാശമായപ്പോൾ ദൈവത്തിൽ നിന്നുമുണ്ടായ വെളിപ്പാട് അനുസരിച്ച് അവിടെനിന്നും പ്രയാണം ചെയ്ത് പെല്ലാ എന്ന സ്ഥലത്തേക്ക് രക്ഷപെട്ടു.

അപ്പോൾ പിന്നെ, അബ്രാഹാമിനോട് ചെയ്ത വാഗ്ദാനങ്ങൾ നിറവേറിയിട്ടില്ല എന്ന പ്രചരണത്തിന് കാരണമെന്താണ്?


ക്രിസ്തുവിൽ പ്രിയരേ, ലോകത്ത് രാഷ്ട്രീയക്കാർക്ക് ഏറ്റവുമധികം ലാഭം കിട്ടുന്ന രണ്ട് കാര്യങ്ങളുണ്ട്:
  1. യുദ്ധം. ആയുധങ്ങളുടെ നിർമ്മാണം, ഇറക്കുമതി, വിപണനം മുതൽ യുദ്ധത്തിൽ മരിച്ച സൈനികരെ അടക്കുവാനുള്ള ശവപ്പെട്ടി ഇറക്കുമതി ചെയ്യുന്നതിൽ വരെ എല്ലാ തലത്തിലുമുള്ള രാഷ്ട്രീയക്കാർക്കും കമ്മീഷൻ കിട്ടും.
  2. പെട്രോളിയം. ഇന്ത്യയിൽ ഒരു മാസം 1.8കോടി ടൺ പെട്രോളിയം ഇറക്കുമതി ചെയ്യുന്നുണ്ട്. ഒരു ടണ്ണിന് 100 രൂപ കമ്മീഷൻ അടിച്ചാൽ രാഷ്ട്രീയക്കാർക്ക് എത്ര കിട്ടും? അമേരിക്കയിൽ ഒരു ദിവസത്തെ പെട്രോളിയം ഇറക്കുമതി 13ലക്ഷം ടണ്ണാണ് (പ്രതിമാസം 4 കോടി ടൺ). അവിടത്തെ രാഷ്ട്രീയക്കാർ എത്ര കമ്മീഷൻ അടിക്കുന്നുണ്ടാവണം എന്ന് കണക്കുകൂട്ടി നോക്കൂ.
പെട്രോളിയം സുലഭമായി ലഭിച്ചാൽ രാഷ്ട്രീയക്കാരന് ലാഭം കൂടും. സുലഭമായി ലഭിക്കുവാനുള്ള എളുപ്പമാർഗം പെട്രോളിയം ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളെ ആക്രമിക്കുക എന്നതാണ്. യുദ്ധം വഴിയും ലാഭം, പെട്രോളിയം വഴിയും ലാഭം! പെട്രോളിയം ഉൽപാദിപ്പിക്കുന്നത് യിസ്രായേലിന് ചുറ്റുമുള്ള മുസ്ലീം രാജ്യങ്ങളാണെന്നത് യിസ്രായേലിനെ സംരക്ഷിക്കുവാനാണെന്ന വ്യാജേന അവരെ ആക്രമിക്കാം എന്ന അധിക സൌകര്യം നൽകുന്നു. അബ്രാഹാമിനോട് ദൈവം ചെയ്ത വാഗ്ദാനങ്ങൾ പാലിക്കുവാൻ അമേരിക്കയും, യൂറോപ്യൻ രാജ്യങ്ങളും ദൈവത്തെ സഹായിക്കുകയാണല്ലോ എന്ന് കരുതി ഇത്തരം രാഷ്ട്രീയക്കാരെ പിന്തുണയ്ക്കുവാൻ ജനങ്ങളുള്ളത് അതിലും സൌകര്യം! യിസ്രായേൽ ചുറ്റുമുള്ള രാജ്യങ്ങളെ കീഴ്പെടുത്തിയാൽ ഉടനെ ലോകാവസാനം സംഭവിക്കുമെന്ന് കിനാവുകാണുന്ന ഭവിഷ്യവാദി മണ്ടന്മാർ ഇതിനെല്ലാം പിന്തുണനൽകുന്നു!

സയണിസ്റ്റുളുടെയും, രാഷ്ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും പ്രചരണതന്ത്രങ്ങളിൽ വീഴാതെ, വിവേചനത്തോടെ വേദപുസ്തകം പഠിക്കുക. ദൈവത്തെയും, യേശുവിനെയും വിശ്വസിക്കുക. സഹജീവികളെ സ്നേഹിക്കുക.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

No comments:

Post a Comment