Friday, September 9, 2016

കർത്താവിൻറെ വരവും മേഘങ്ങളും - ഭാഗം #3 - റാപ്ചറും (Rapture, ഉൽപ്രാപണം) പോയപോലുള്ള വരവും.

ക്രിസ്തുവിൽ പ്രിയരേ,

[ഇത് ഈ പരമ്പരയിലെ മൂന്നാമത്തെ ലേഖനമാണ്. ഇത് വായിക്കുന്നതിന് മുമ്പ് ഒന്നും രണ്ടും ഭാഗങ്ങൾ വായിച്ചു എന്ന് ഉറപ്പുവരുത്തുക.]

ഇനി അൽപം “റാപ്ചർ” (Rapture, ഉൽപ്രാപണം) ആയിക്കളയാം, എന്താ?



1തെസ്സ 4:16, 17ൽ യേശു മേഘങ്ങളിൽ വരും എന്ന് എഴുതിയിട്ടില്ല, പക്ഷേ, ജീവനോടിരിക്കുന്നവർ അവിടത്തെ എതിരേൽക്കുവാൻ മേഘത്തിലേയ്ക്ക് എടുക്കപ്പെടും എന്ന് എഴുതപ്പെട്ടിരിക്കുന്നതിനാൽ അവിടന്ന് മേഘങ്ങളിൽ വരും എന്ന് അനുമാനിക്കുന്നതിൽ തെറ്റില്ല.
1തെസ്സ 4:16 കര്‍ത്താവ് താന്‍ ഗംഭീര നാദത്തോടും പ്രധാനദൂതന്‍റെ ശബ്ദത്തോടും ദൈവത്തിന്‍റെ കാഹളത്തോടും കൂടെ സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിവരികയും ക്രിസ്തുവില്‍ മരിച്ചവര്‍ മുമ്പ് ഉയിര്‍ത്തെഴുനേല്‍ക്കുകയും ചെയ്യും.
1തെസ്സ 4:17 പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോട് ഒരുമിച്ച് ആകാശത്തില്‍ കര്‍ത്താവിനെ എതിരേല്‍ക്കുവാന്‍ മേഘങ്ങളില്‍ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കര്‍ത്താവിനോട് കൂടെ ഇരിക്കും.
ഈ വേദഭാഗത്ത് ആരെങ്കിലും വിലപിക്കുമെന്ന് എഴുതിയിട്ടില്ല. ഇവിടെ അത് പ്രസക്തമല്ലാത്തതിനാൽ പരാമർശിക്കാതിരുന്നതാകാം. ആ ഭാഗം ഒഴിവാക്കി, നേരെ, ഉയിർത്തെഴുന്നേൽപിനെ പരാമർശിച്ചിരിക്കുന്നു.

ഇവിടെ പരാമർശിച്ചിരിക്കുന്ന വരവ് മത്താ 24:30ലും (അതിൻറെ സമാന്തരങ്ങളായ മർക്കോ 13:26ലും, ലൂക്കോ 21:27ലും), വെളി 1:7ലും പരാമർശിച്ചിരിക്കുന്ന വരവിൽ നിന്നും വ്യത്യസ്തമാണെന്ന് തെളിയിക്കുവാൻ കഴിയുമോ? കഴിയുമെങ്കിൽ യേശു എത്ര തവണ വരും എന്ന് ഒന്ന് പറഞ്ഞുതരാമോ? കഴിയില്ലെങ്കിൽ ഒന്നാം നൂറ്റാണ്ടിൽ യേശുവിനെ വിചാരണ ചെയ്ത ന്യായാധിപ സംഘവും (സാൻഹെഡ്രിൻ), യെഹൂദരുടെ 12 ഗോത്രങ്ങളും, യേശുവിനെ കുത്തിയവരും ജീവിച്ചിരുന്ന കാലത്ത് ഈ വരവ് സംഭവിക്കണം.

യേശു വരുന്ന സമയത്ത് ജീവനോടിരിക്കുന്ന വിശ്വാസികൾ മേഘങ്ങളിലേയ്ക്ക് എടുക്കപ്പെടും, “അങ്ങനെ” (എങ്ങനെ? മേഘങ്ങളിലേയ്ക്ക് എടുക്കപ്പെട്ടവരായി) എപ്പോഴും കർത്താവിനോട് കൂടെ ഇരിക്കും, എന്ന് പറഞ്ഞതല്ലാതെ, അവർ കർത്താവിനെ ഭൂമിയിലേയ്ക്ക് ആനയിച്ചുകൊണ്ടുവരും എന്ന് എഴുതപ്പെട്ടിട്ടില്ല.

വിശ്വാസിയായ താങ്കൾ ഭൂമിയിലാണോ, സ്വർഗത്തിലാണോ?


ദൈവം നമ്മളെ എത്രമാത്രം വിലമതിക്കുന്നുവെന്നോ, നമുക്ക് എത്ര മഹോന്നതമായ പദവിയാണ് നൽകിയിരിക്കുന്നുവെന്നോ നമ്മുടെ മതം നമ്മളെ പഠിപ്പിക്കുന്നുണ്ടോ? അച്ചന്മാരും പാസ്റ്റർമാരും നാം പാപികളും, അയോഗ്യരും ഒരു പ്രയോജനവും ഇല്ലാത്തവരും ആണെന്ന് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുകയും പാട്ടുകളിലൂടെയും പ്രസംഗങ്ങളിലൂടെയും ആ ധാരണ നമ്മുടെ മനസ്സുകളിൽ സ്ഥിരമായി മുദ്രണം ചെയ്യുകയുമായിരുന്നില്ലേ നൂറ്റാണ്ടുകളായി നടക്കുന്നത്? വേദപുസ്തകം നമ്മളെ പറ്റി പറഞ്ഞിട്ടുള്ള നല്ല കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തിയാൽ പോലും വിശ്വാസികൾ വിശ്വസിക്കാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. ഇതാ ഈ വേദഭാഗം അത്തരം ഒരു ഉദാഹരണമാണ്:
എഫേ 2:4 കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാ സ്നേഹം നിമിത്തം,
എഫേ 2:5 അതിക്രമങ്ങളാല്‍ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോട് കൂടെ ജീവിപ്പിക്കുകയും (കൃപയാല്‍ നിങ്ങള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നു),
Eph 2:5 Even when we were dead in sins, hath quickened us together with Christ, (by grace ye are saved;)
എഫേ 2:6 ക്രിസ്തു യേശുവില്‍ നമ്മെ കുറിച്ചുള്ള വാത്സല്യത്തില്‍ തന്‍റെ കൃപയുടെ അത്യന്ത ധനത്തെ വരുംകാലങ്ങളില്‍ കാണിക്കുവാന്‍,
എഫേ 2:7 ക്രിസ്തു യേശുവില്‍ അവിടത്തോട് കൂടെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച് സ്വര്‍ഗത്തില്‍ ഇരുത്തുകയും (ഭൂതകാലം) ചെയ്തു.
Eph 2:6 And hath raised us up together, and made us sit together in heavenly places in Christ Jesus:
“അതിന് നമ്മൾ സ്വർഗത്തിലല്ലോ ഇരിക്കുന്നത്” എന്നല്ലേ ഇപ്പോൾ മനസ്സിൽ തോന്നിയത്? നിങ്ങളെ ഞാൻ കുറ്റം പറയില്ല. നമ്മളെ നമ്മുടെ മതം പഠിപ്പിച്ചത് മരണമായ ജഡിക ചിന്തയാണ്, ദൈവത്തിന് വിരോധമായ ജഡികമായ മനസ്സാണ് നമ്മിൽ ഉണ്ടാക്കിയത് (റോമർ 8:6,7). “കാഴ്ചയാല്‍ അല്ല വിശ്വാസത്താലാണ് നാം നടക്കുന്നത്” (2കൊരി 5:7) എന്ന് നാം പറയുന്നത് ആത്മാർത്ഥതയില്ലാത്ത അധരവ്യായാമം മാത്രമാണ്. തൊട്ടുവിശ്വസിച്ച തോമായേക്കാൾ നാം അശ്ശേഷം മെച്ചമല്ല.

ഞാൻ ജ്ഞാനസ്നാനം സ്വീകരിച്ച 2001ലോ, നിങ്ങൾ സ്വീകരിച്ച വർഷത്തിലോ അല്ല നമ്മെ ക്രിസ്തു യേശുവില്‍ അവിടത്തോട് കൂടെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച് സ്വര്‍ഗത്തില്‍ ഇരുത്തിയത്. നാം ഓരോരുത്തരും ജ്ഞാനസ്നാനം സ്വീകരിക്കുമ്പോൾ നമ്മളെ ക്രിസ്തുനോട് കൂടെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നില്ല. അത് ഒരേയൊരിക്കലായി സംഭവിച്ച കാര്യമാണ്, യേശു ഉയിര്‍ത്തെഴുന്നേറ്റപ്പോഴാണ് അത് സംഭവിച്ചത്. അത് നമുക്ക് വെളിപ്പെട്ടത് ഇപ്പോഴാണെന്ന് മാത്രം (പഴയ കാലത്ത് നടന്നത് “വരുംകാലങ്ങളില്‍ കാണിക്കുവാന്‍”).

(ഇനി അഥവാ, നിങ്ങൾ ജ്ഞാനസ്നാനം സ്വീകരിച്ചപ്പോഴാണ് യേശുവിനോട് കൂടെ നിങ്ങളെ സ്വർഗത്തിൽ ഇരുത്തിയത് എന്നുതന്നെയിരിക്കട്ടെ. അപ്പോഴും നിങ്ങൾ സ്വർഗ്ഗത്തിൽ തന്നെയല്ലേ?)

അങ്ങനെ, സ്വർഗത്തിൽ ഇരിക്കുന്ന നിങ്ങൾ യേശുവിനെ എതിരേൽക്കുവാൻ മേഘങ്ങളിലേയ്ക്ക് എടുക്കപ്പെടണമോ, അതോ യേശുവിനോട് കൂടെ സ്വർഗത്തിൽ നിന്നും ഇറങ്ങിവരണമോ? (എഫേസ്യർക്കുള്ള ലേഖനം മരിച്ച് സ്വർഗത്തിൽ എത്തിയവർക്ക് എഴുതിയ ലേഖനമാണെന്ന് വാദിക്കരുതേ, പ്ലീസ്.)


ഇനി ഭവിഷ്യവാദികളുടെ തുരുപ്പുചീട്ട്. അപ്പൊ 1:11.


ഇതുവരെ നാം പരിശോധിച്ച വചനങ്ങളിലെല്ലാം കർത്താവിൻറെ വരവും മേഘങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടു. പഴയനിയമത്തിലെ വരവുകളിലൊന്നും അവിടന്ന് അക്ഷരാർത്ഥത്തിൽ വന്നില്ലെന്നും ആർക്ക് അല്ലെങ്കിൽ ഏത് ദേശത്തിനോ ആളുകൾക്കോ വിരോധമായാണോ വരുമെന്ന് പറഞ്ഞത് ആ ആളുകളോ ദേശമോ നാശമായി എന്നും നാം കണ്ടു. പുതിയനിയമത്തിൽ നാം ഇതുവരെ പരിശോധിച്ച വചനങ്ങളിലൊന്നും യേശു മേഘത്തിൽ വന്നതല്ലാതെ ഭൂമിയിൽ ഇറങ്ങിയതായി എഴുതപ്പെട്ടിട്ടില്ല. തന്നെയുമല്ല, 1തെസ 4:17ൽ ജീവനോടിരിക്കുന്ന വിശുദ്ധർ മേഘങ്ങളിലേയ്ക്ക് എടുക്കപ്പെട്ട് അവിടെത്തന്നെ തുടരും എന്നല്ലാതെ, കർത്താവും വിശുദ്ധന്മാരുമായി ഭൂമിയിൽ ഇറങ്ങുമെന്നും എഴുതപ്പെട്ടിട്ടില്ല.

ഇനി അപ്പൊ 1:9-11 ശ്രദ്ധിച്ച് വായിക്കുക: (ഇവിടെ യേശുവിൻറെ പോക്കിനോടും മേഘം ബന്ധപ്പെട്ടിരിക്കുന്നു എന്നത് ശ്രദ്ധിക്കുക.)
അപ്പോ 1:9 ഇത് പറഞ്ഞ ശേഷം അവർ കാൺകെ അവിടന്ന് ആരോഹണം ചെയ്തു; ഒരു മേഘം അവിടത്തെ മൂടിയതിനാൽ അവിടന്ന് അവരുടെ കാഴ്ചയ്ക്ക് മറഞ്ഞു.
Act 1:9 And when he had spoken these things, while they beheld, he was taken up; and a cloud received him out of their sight.
അപ്പോ 1:10 അവിടന്ന് പോകുമ്പോൾ അവർ ആകാശത്തിലേക്ക് ഉറ്റുനോക്കുമ്പോൾ വെള്ള വസ്ത്രം ധരിച്ച 2 പുരുഷന്മാർ അവരുടെ അടുത്ത് നിന്നു.
Act 1:10 And while they looked stedfastly toward heaven as he went up, behold, two men stood by them in white apparel;
അപ്പോ 1:11 ഗലീലിയിലെ പുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്ക് നോക്കിനിലക്കുന്നത് എന്ത്? നിങ്ങളെ വിട്ടു സ്വർഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗത്തിലേക്ക് പോകുന്നവനായി നിങ്ങൾ കണ്ടത് പോലെ തന്നേ അവിടന്ന് വീണ്ടും വരും എന്ന് പറഞ്ഞു.
Act 1:11 Which also said, Ye men of Galilee, why stand ye gazing up into heaven? this same Jesus, which is taken up from you into heaven, shall so come in like manner[G3739] [G5158] as ye have seen him go into heaven.
നമ്മുടെ മുൻവിധികൾക്ക് അനുസൃതമായി വ്യാഖ്യാനിക്കുവാൻ വേണ്ടത്ര അവസരം നൽകുന്ന ഒന്നാണ് ഈ വേദഭാഗം. കർത്താവിൻറെ വരവിനെ പറ്റി വേദപുസ്തകത്തിൽ ഈ ഒരു വേദഭാഗം മാത്രമേ ഉള്ളെങ്കിൽ: ശരീരത്തോടെ പോയി ശരീരത്തിൽ തിരിച്ചുവരും എന്ന് വ്യാഖ്യാനിക്കാം. പക്ഷേ, കർത്താവിൻറെ വരവിനെ പറ്റിയുള്ള ഏറെക്കുറെ എല്ലാ വേദഭാഗങ്ങളും മേഘത്തിൽ, മേഘത്തോടെ, അല്ലെങ്കിൽ മേഘം വാഹനമാക്കി വരും എന്ന് എഴുതപ്പെട്ടിട്ടുള്ളതിനാൽ ഈ വേദഭാഗത്തിലും മേഘത്തിലുള്ള വരവിന് മുൻതൂക്കം ലഭിക്കുന്നു.

ഇവിടെ “പോലെ തന്നേ” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന രണ്ട് ഗ്രീക്ക് വാക്കുകൾ - G3739 (ഹോസ്, ὅς, hos), G5158 - (ട്രോപോസ്, τρόπος, trop'-os) ഇംഗ്ലീഷിൽ “in like manner” - അതേ രീതിയിൽ - എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നു. മുകളിലേക്ക് നോക്കി നിന്ന ശിഷ്യന്മാർ കണ്ടത് മേഘത്താൽ ആവൃതനായി സ്വർഗത്തിലേക്ക് പോകുന്ന യേശുവിനെയല്ലേ? അതേ രീതിയിൽ തിരികെ വരും എന്ന് എഴുതിയിരിക്കുന്നതിന് മേഘാവൃതനായി തിരികെവരും എന്നും അർത്ഥം ഉണ്ടാകാമല്ലോ? “കണ്ടത് പോലെ” എന്നതിന് ആരോഹണം എന്ന പ്രവൃത്തി കണ്ടതിനെ പറ്റിയല്ലേ പരാമർശം, ആളെ കണ്ടതിനെ പറ്റിയാകണമെന്നില്ലല്ലോ?

യേശു ശരീരത്തിൽ, ഏകദേശം 6 അടി പൊക്കമുള്ള മനുഷ്യനായി വരും എന്ന് വാദിച്ച് സമർത്ഥിക്കുവാൻ അപ്പൊ 1:9-11 പോര, കാരണം, വേറൊരിടത്തും അത്തരം പരാമർശമില്ല. സെഖ 14:4ൽ പരാമർശിക്കപ്പെട്ടിരിക്കുന്നത് പോലെ ഒലിവ് മലയുടെ മുകളിൽ യേശു വന്നിറങ്ങേണ്ടതും ആ മല രണ്ടായി പിളരേണ്ടതും ആവശ്യമാണെങ്കിൽ, അത് നടക്കേണ്ടത് കുതിരകളും, കഴുതകളും, ഒട്ടകങ്ങളുമായി ജനങ്ങൾ യുദ്ധം ചെയ്യാറുള്ള കാലത്തായിരുന്നു. (സെഖ 14:14-16). (വെട്ടുക്കിളികളെ ഡ്രോണുകളാക്കുവാൻ നോക്കേണ്ട, പാസ്റ്ററേ, നിങ്ങൾ കുറച്ചുകാലം മുമ്പ് അവയെ ഹെലിക്കോപ്റ്ററാക്കിയത് മറന്നിട്ടില്ല. സാങ്കേതിക വിദ്യ പുരോഗമിക്കുന്നതിന് അനുസൃതമായി നിങ്ങൾ വ്യാഖ്യാനങ്ങൾ മാറ്റും പക്ഷേ, അതിനനുസരിച്ച് യേശു വരില്ല.)

ഉപസംഹാരം.


അപ്പോൾ യേശു കി.പി.70ൽ വന്നില്ലെന്നാണോ ഭവിതവാദിയായ (Preterist) ആയ ഞാൻ പറയുന്നത്?

വേദപുസ്തകത്തിൽ ഉടനീളം കർത്താവ് മേഘങ്ങളിൽ വരുമ്പോഴെല്ലാം എന്തെല്ലാം നടക്കുമെന്ന് പറഞ്ഞിട്ടുണ്ടോ അതെല്ലാം നടന്നിട്ടുണ്ട്, കർത്താവ് നേരിട്ട് (പ്രത്യക്ഷമായി) വന്നാലും ഇല്ലെങ്കിലും. കർത്താവ് വരുമ്പോൾ എന്ത് നടക്കും, എങ്ങനെ നടക്കും എന്ന് നാം പ്രതീക്ഷിക്കുന്നു, നമ്മുടെ മതം നമ്മളെ ധരിപ്പിച്ചിരിക്കുന്നു എന്നതിനനുസരിച്ച് നടന്നില്ല എന്നത് കർത്താവ് വന്നില്ല എന്നതിനുള്ള തെളിവല്ല.

ഭൌതിക മണ്ഡലത്തിൽ അവിടന്ന് നിർവഹിക്കും എന്ന് വ്യക്തമായി പ്രസ്താവിക്കപ്പെട്ട കാര്യങ്ങൾ എല്ലാ കാലങ്ങളിലും നടന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ അദൃശ്യമായ ആത്മീയ മണ്ഡലത്തിൽ നടക്കേണ്ട കാര്യങ്ങൾ നടന്നിട്ടുണ്ടാവണം എന്ന് കരുതുന്നതിൽ തെറ്റില്ല. പ്രതീകാത്മകമായ കാര്യങ്ങൾ അക്ഷരംപ്രതി നടക്കുമെന്ന് നമ്മുടെ മതം നമ്മെ തെറ്റിദ്ധരിപ്പിച്ചതിനോ, നാം സ്വയം തെറ്റായി ധരിച്ചതിനോ കർത്താവിനെയോ, വേദപുസ്തകത്തെയോ പഴിക്കുന്നത് നിരർത്ഥകമാണ്.

ഒന്നാം നൂറ്റാണ്ടിൽ യേശു മനുഷ്യനായി വന്നപ്പോഴും യെഹൂദർക്ക് അവിടത്തെ സ്വീകരിക്കുവാൻ തടസ്സമായത് അവരുടെ മതം അവരിൽ കുത്തിവെച്ച തെറ്റായ ധാരണകളാണ്. അവരുടെ മതത്തിന് മാത്രമേ തെറ്റ് സംഭവിക്കൂ എന്ന് തെളിയിക്കുവാൻ കഴിയുമോ? കർത്താവിൻറെ രണ്ടാം വരവിനെ പറ്റിയുള്ള നമ്മുടെ മതത്തിൻറെ പ്രബോധനങ്ങൾ തെറ്റാണെങ്കിലോ?

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.


ചീത്തവിളിക്കുവാൻ മുട്ടുന്നവർ: 09341960061, 09066322810 എന്നീ നമ്പറുകളിലേക്ക് മിസ്ഡ് കോൾ തന്നാൽ ഞാൻ തിരിച്ചുവിളിച്ച് ചീത്ത കേട്ടുകൊള്ളാം.

No comments:

Post a Comment