Wednesday, August 3, 2016

നരകം ഒരു പഴങ്കഥ, ഭാഗം #3, പഴയനിയമത്തിലെ ഷിയോൾ, നരകവുമല്ല, കല്ലറയുമല്ല, പാതാളവുമല്ല.

ക്രിസ്തുവില്‍ പ്രിയരേ,

പൌരസ്ത്യ ഭാഷകള്‍ സംസാരിക്കുന്ന നമ്മളില്‍ പലര്‍ക്കും കല്ലറയ്ക്ക് തത്തുല്യമായ ഹീബ്രു (എബ്രായ) പദം എന്തായിരിക്കണം എന്ന് ഊഹിക്കാന്‍ കഴിയും. നാം ആ വിഷയത്തിലേക്ക് പിന്നീട് തിരിച്ചുവരും.

ഭൂരിഭാഗം സഭകളുടെയും വിശ്വാസപ്രമാണങ്ങള്‍ ഇംഗ്ലീഷിലെ KJVയുടെ (King James Version) അടിസ്ഥാനത്തിലാണ് രൂപികരിചിട്ടുള്ളത് എന്നതിനാല്‍ ഈ ലേഖനത്തിനും KJVയാണ് ആധാരം.

വാക്ക് എണ്ണം
നരകം (Hell) 31
പാതാളം (Grave) 31
ഗര്‍ത്തം/കുഴി(Pit) 3
ഷിയോൾ എന്ന ഹീബ്രു വാക്കിന്‍റെ (שׁאול, സ്ട്രോങ്സ് നിഘണ്ടുവില്‍ H7585) അര്‍ത്ഥം പാതാളം, അല്ലെങ്കില്‍ കുഴി ആണെന്നാണ് പൊതുവായ ധാരണ. ഈ വാക്ക് പഴയനിയമത്തില്‍ 63 വചനങ്ങളില്‍ 65 തവണ ഉപയോഗിച്ചിട്ടുണ്ട്. (പട്ടിക കാണുക).

നരകം എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന വചനങ്ങള്‍ നാം ഇവിടെ പരിശോധിക്കുന്നില്ല, കാരണം, അവ നരകത്തെ പറ്റിയല്ല എന്ന് മിക്കവാറും എല്ലാവര്‍ക്കും അറിയാം.

എന്‍റെ കാഴ്ചപ്പാടില്‍ ഷിയോള്‍ എന്ന വാക്ക് കുഴി (ഇംഗ്ലീഷില്‍ pit, മലയാളം വേദപുസ്തകത്തില്‍ പാതാളം) എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂന്ന് വചനങ്ങളാണ് പ്രധാനം: ദയവായി സംഖ്യാ 16:30,33 എന്നീ വചനങ്ങള്‍ വായിക്കുക.
സംഖ്യാ 16:30 യഹോവ ഒരു അപൂര്‍വ കാര്യം പ്രവര്‍ത്തിക്കുകയും ഭൂമി വായ് പിളര്‍ന്ന്, അവരെയും, അവര്‍ക്കുള്ള സകലത്തെയും വിഴുങ്ങിക്കളയുകയും അവര്‍ ജീവനോടേ പാതാളത്തിലേക്ക്H7585 ഇറങ്ങുകയും ചെയ്താല്‍ അവര്‍ യഹോവയെ നിരസിച്ചു എന്ന് നിങ്ങള്‍ അറിയും.
Num 16:30 But if the LORD make a new thing, and the earth open her mouth, and swallow them up, with all that appertain unto them, and they go down quick into the pitH7585; then ye shall understand that these men have provoked the LORD.
സംഖ്യാ 16:33 അവരും അവരോട് ചേര്‍ന്നിട്ടുള്ള എല്ലാവരും ജീവനോടെ പാതാളത്തിലേക്ക്H7585 ഇറങ്ങി; ഭൂമി അവരുടെ മേല്‍ അടയുകയും അവര്‍ സഭയുടെ ഇടയില്‍ നിന്നും നശിക്കുകയും ചെയ്തു.
Num 16:33 They, and all that appertained to them, went down alive into the pitH7585, and the earth closed upon them: and they perished from among the congregation.

കോരഹ്, ദാഥാന്‍, അബീരാം എന്നിവര്‍ക്കും അവരെ പിന്തുടര്‍ന്നവര്‍ക്കും ലഭിച്ച ശിക്ഷയുടെ വിവരണമാണ് ഈ വേദഭാഗം. ഇവിടെ കല്ലറ (grave) എന്ന പദം ഉപയോഗിക്കുന്നതിന് പകരം കുഴി (pit) എന്ന പദം ഉപയോഗിച്ചിരിക്കുന്നത് കാണാം. ഇതുതന്നെയാണ് ഇയോബ് 17:16ലും നടക്കുന്നത്. ഈ മൂന്ന് വേദഭാഗങ്ങളിലും ഒന്നിലധികം പേര്‍ ഒരേ കല്ലറയില്‍ അടക്കപ്പെടുന്നത് എങ്ങനെയാണ് എന്നുള്ള ചിന്തയാവാം പരിഭാഷകരെ കല്ലറ എന്നാ വാക്കിന് പകരം കുഴി എന്ന വാക്ക് ഉപയോഗിക്കുവാന്‍ പ്രേരിപ്പിച്ചത്. അതായത്, പരിഭാഷകരുടെ അഭിപ്രായത്തില്‍ കല്ലറയ്ക്കും കുഴിയ്ക്കും തമ്മിലുള്ള വ്യത്യാസം അതില്‍ എത്ര പേര്‍ അടക്കപ്പെട്ടിരിക്കുന്നു എന്നതാണ്.

ഷിയോൾ യഥാർത്ഥത്തിൽ കല്ലറയാണെങ്കിൽ, അബ്രാഹം, യാക്കോബ്, സാറാ, റാഹേല്‍, ദാവീദ്  തുടങ്ങിയുള്ള വേദപുസ്തകത്തിലെ ഏതെങ്കിലും ഒരു കഥാപാത്രം ഷിയോളിൽ അടക്കപ്പെട്ടതായി വേദപുസ്തകത്തിൽ ഇല്ല.

കല്ലറ എന്നതിനുള്ള ഹീബ്രൂ വാക്ക്.


യഥാർത്ഥ മനുഷ്യരുടെ ശവങ്ങൾ മറവുചെയ്യുവാൻ ഉപയോഗിച്ച കല്ലറകളെ സൂചിപ്പിക്കുന്ന ഏതാനും ഹീബ്രൂ വാക്കുകളുണ്ട്.
ഉൽ 50:5 ...ഞാന്‍ കാനാന്‍ ദേശത്ത് എനിക്ക് വേണ്ടി വെട്ടിയിരിക്കുന്ന കല്ലറയില്‍ നീ എന്നെ അടക്കേണം...
Gen 50:5 My father made me swear, saying, Lo,I die: in my grave<H6913> which I have digged for me in the land of Canaan, there shalt thou bury me ...
സ്ട്രോങ്സ് നിഘണ്ടുവിൽ H6913 എന്ന ക്രമസംഖ്യയുള്ള ഇതേ ഹീബ്രൂ വാക്ക് ഉപയോഗിച്ചിരിക്കുന്ന 62 വചനങ്ങളുണ്ട്.
ഉൽ 35:20 അവളുടെ കല്ലറയിന്മേല്‍ യാക്കോബ് ഒരു തൂണ്‍ നിറുത്തി അത് റാഹേലിന്‍റെ കല്ലറത്തൂണ്‍ എന്ന പേരോടെ ഇന്നുവരെയും നില്‍ക്കുന്നു.
Gen 35:20 And Jacob set a pillar upon her grave<H6900> that is the pillar of Rachel's grave<H6900> unto this day.
സ്ട്രോങ്സ് നിഘണ്ടുവിൽ H6900 എന്ന ക്രമസംഖ്യയുള്ള ഇതേ വാക്ക് ഉപയോഗിച്ചിരിക്കുന്ന 13 വചനങ്ങളുണ്ട്.

ഹിന്ദിയോ, ഉർദുവോ, അറബിയോ അറിയാവുന്നവർക്ക് കല്ലറയുടെ ഹീബ്രൂ വാക്ക് ഊഹിക്കാം. നമ്മുടെ നാട്ടിലെ മുസൽമാന്മാർ കല്ലറയ്ക്ക് എന്താണ് പറയുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? “കബർ”. (പിറന്ന മണ്ണിലേക്ക് അബ്ദുൾ കലാം മടങ്ങി; ഭൗതിക ശരീരം രാമേശ്വരത്ത് കബറടക്കി.)
അതുതന്നെയാണ് കല്ലറയ്ക്കുള്ള ഹീബ്രൂ വാക്ക് - കബർ. (ഹിന്ദിയിൽ कब्र. ഉർദുവിൽ قبر.)

സ്ട്രോങ്സ് നിഘണ്ടുവിൽ H6913 എന്ന ക്രമസംഖ്യയുള്ള വാക്കിൻറെ വിവരണം:
വാക്ക്: קָ֫בֶר
ഇംഗ്ലീഷ് ഉച്ചാരണം: keh'-ber (കെബർ)
അർത്ഥം: grave (കല്ലറ).
ഇതേ വാക്കിൻറെ പൂജകബഹുവചന രൂപമാണ് H6900 എന്ന ക്രമസംഖ്യകൊണ്ട് സൂചിപ്പിക്കുന്ന കെബുറാ (קְבֻרָה , keb-oo-raw) എന്ന വാക്ക്. (പൂജകബഹുവചനം എന്നതിൻറെ അർത്ഥം ബഹുമാനം കാണിക്കുവാൻ ഉപയോഗിക്കുന്ന ബഹുവചനം. രാജാക്കന്മാർ സ്വയം നാം എന്ന് പറയുന്നതും, സ്ത്രീകളെ പറ്റി പരാമർശിക്കുമ്പോൾ അവൾ എന്ന് ഉപയോഗിക്കാതെ അവർ എന്ന് ഉപയോഗിക്കുന്നതും ഉദാഹരണങ്ങൾ)

ഈ വാക്ക് സ്ത്രീകളുടെയോ രാജാക്കന്മാരുടെയോ കല്ലറകളെ സൂചിപ്പിക്കുവാനാണ് ഉപയോഗിച്ചിരിക്കുന്നത്.

ഷിയോൾ കുഴിയോ ഗർത്തമോ അല്ല!

ഷിയോൾ എന്ന വാക്ക് 3 തവണ കുഴി (pit) എന്ന് പരിഭാഷപ്പെടുത്തിയിട്ടുണ്ടെങ്കിൽ, 36 തവണ കുഴി എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന മറ്റൊരു വാക്കുണ്ട് - ബോർ (בּוֹר, സ്ട്രോങ്സ് നിഘണ്ടുവിൽ H953, ഉൽ 37:30, 32 കാണുക) ഷിയോളാണ് കുഴി എന്ന അർത്ഥം തരുന്ന വാക്കെങ്കിൽ, ബോർ എന്ന് എഴുതിയിരിക്കുന്നിടത്തെല്ലാം ഷിയോൾ എന്ന് എഴുതുമായിരുന്നില്ലേ?

ഷിയോൾ യഥാർത്ഥത്തിൽ എന്താണ്?

ഷിയോൾ കല്ലറയാണെന്ന് വാദത്തിന് വേണ്ടി അംഗീകരിച്ചുകൊണ്ട് ഈ വചനം വായിക്കാം:
സദൃ 23:14 വടികൊണ്ട് അവനെ അടിക്കുന്നതിനാല്‍ നീ അവന്‍റെ പ്രാണനെ “കല്ലറയിൽ” (പാതാളത്തില്‍, ഷിയോളിൽ) നിന്നും വിടുവിക്കും.
നിങ്ങൾ നിങ്ങളുടെ മകനെ അടിച്ചാലും ഇല്ലെങ്കിലും അവൻ ഒരു ദിവസം മരിച്ച്, കല്ലറയിൽ ചേരേണ്ടവനല്ലേ? ഇനി ആർക്കെങ്കിലും ഈ വചനം നരകത്തിൽ / പാതാളത്തിൽ നിന്നും മക്കളെ രക്ഷിക്കുന്നതിനെ പറ്റിയാണ് എന്ന തോന്നൽ ഉണ്ടെങ്കിൽ: അങ്ങനെ മക്കളെ നരകത്തിൽ രക്ഷിക്കുവാൻ കഴിയുമായിരുന്നെങ്കിൽ ദൈവപുത്രൻറെ ബലിയും പീഡാനുഭവവും ആവശ്യമായിരുന്നില്ലല്ലോ? അബ്രാഹാമിനോട് ചേലാകർമ്മം ഒരു നിത്യ ഉടമ്പടിയാണ് എന്ന് നിഷ്കർഷിച്ചത് പോലെ, മക്കളെ മുച്ചൂടും അടിക്കണം എന്നൊരു നിയമം ചേർത്താൽ മതിയാകുമായിരുന്നു. മക്കളെ അടിച്ചതിനാൽ അവർ നരകത്തിൽ പോകാതെ സ്വർഗത്തിൽ പോകുമായിരുന്നെങ്കിൽ ഞാൻ കൊണ്ടിട്ടുള്ള അടിക്ക് 40-45 വർഷം മുമ്പേ സ്വർഗത്തിൽ എത്തുമായിരുന്നു!

ഷിയോൾ എന്ന വാക്ക് അന്വേഷിക്കുക, തേടുക, (അറിയാത്തതിനാലോ, ഇല്ലാത്തതിനാലോ) ചോദിക്കുക എന്നിങ്ങനെ അർത്ഥമുള്ള ഷാൽ (שָׁאַל, സ്ട്രോങ്സ് നിഘണ്ടുവിൽ H7592) എന്ന വാക്കിൽ നിന്നും ഉണ്ടായതാണ്.

ഷിയോൾ എന്ന വാക്കിന് തേടിപ്പിടിക്കേണ്ടത്, അന്വേഷിക്കേണ്ടത് അല്ലെങ്കിൽ അദൃശ്യമായത് (unseen) അല്ലെങ്കിൽ അജ്ഞാതമായ (unknown) എന്നതായിരിക്കും കൂടുതൽ ഉത്തമമായ പരിഭാഷ.

ഒരു ഉദാഹരണം.
സങ്കീ 139:8 ഞാന്‍ സ്വര്‍ഗത്തില്‍ കയറിയാല്‍ നീ അവിടെയുണ്ട്; പാതാളത്തില്‍ എന്‍റെ കിടക്ക വിരിച്ചാല്‍ നീ അവിടെയുണ്ട്.
ഏത് കാണാമറയത്ത് (തേടിപ്പിടിക്കേണ്ടിടത്ത്) ഒളിച്ചാലും ദൈവത്തിൻറെ കണ്ണുകൾ അവിടെയുമുണ്ട് എന്നല്ലേ ഇവിടെ ദാവീദ് അർത്ഥമാക്കുന്നത്?
സങ്കീ 116:3 മരണപാശങ്ങള്‍ എന്നെ ചുറ്റി, പാതാള വേദനകള്‍ എന്നെ പിടിച്ചു; ഞാന്‍ കഷ്ടവും സങ്കടവും അനുഭവിച്ചു.
Psa 116:3 The sorrows of death compassed me, and the pains of hell gat hold upon me: I found trouble and sorrow.
മലയാളത്തിൽ പാതാളം എന്ന് പരിഭാഷപ്പെടുത്തിയാലും വേദനകൾ ഉള്ള സ്ഥലം അല്ലെങ്കിൽ അവസ്ഥയാണ് നരകം എന്നത് സന്ദർഭത്തിൽ നിന്നും ധ്വനിക്കുന്നില്ലേ?

ഈ സങ്കീർത്തനം ദാവീദ് എഴുതിയതാണെന്നിരിക്കട്ടെ. ദാവീദിൻറെ ജീവിതത്തിൽ ഏറ്റവും ദുഖഃകരമായ സംഭവം എന്തായിരുന്നിരിക്കാം? ബത്ത്-ശേബയുമായുള്ള അവിഹിതബന്ധത്തിൽ ഉണ്ടായ കുട്ടി മരിച്ചത്? തൻറെ ഒരു ഭാര്യയിൽ ഉണ്ടായ മകൻ മറ്റൊരു ഭാര്യയിൽ ഉണ്ടായ മകളെ ബലാൽസംഗം ചെയ്തതോ, അതിന് പ്രതികാരമായി അവളുടെ ആങ്ങള ആ ബലാൽസംഗിയെ കൊന്നതോ? തൻറെ ഉറ്റ ചങ്ങതിയായിരുന്ന യോനാഥാന്‍ ഫിലിസ്ത്യരാൽ കൊല്ലപ്പെട്ടതോ?

ക്രിസ്തുവിൽ പ്രിയരേ, ദാവീദിന് കുട്ടി നഷ്ടപ്പെട്ടപ്പോൾ വേറെ ഭാര്യമാരിൽ അര ഡസൻ കുട്ടികൾ വേറെ ഉണ്ടായിരുന്നു. വിവാഹം കഴിച്ച് 20ൽ അധികം വർഷങ്ങൾ കഴിഞ്ഞ് വളരെയധികം ചികിത്സയ്ക്കും പ്രാർത്ഥനയ്ക്കും നേർച്ചയ്ക്കും ശേഷം ഉണ്ടായ ഒരേയൊരു കുട്ടി മരിച്ചുപോയവരെ നാം കണ്ടിട്ടുണ്ട്. അവരുടെ വേദന നാം അറിഞ്ഞിട്ടുണ്ട്. നമ്മളിൽ ചിലരും അത്തരം അനുഭവങ്ങൾ നേരിട്ടിട്ടുണ്ട്. ഒന്നു ചോദിച്ചോട്ട, ഇത്രയുമേയുള്ളോ ഈ നരക വേദന? ഈ വേദനയെ പറ്റിയാണോ കാലാകാലമായി ക്രൈസ്തവ മതം ജനങ്ങളെ പേടിപ്പിച്ചുകൊണ്ടിരുന്നത്?

ഭൂമിയിൽ മനുഷ്യനായി ജീവിച്ചിരുന്ന ദാവീദിന് നരകത്തിൽ / പാതാളത്തിൽ നിന്നുമുള്ള വേദന എങ്ങനെ കിട്ടി? പാതാളത്തിൽ നിന്നും വേദന മുകളിലേക്ക് കൊണ്ടുവരുന്ന ഓവുചാലുകൾ ഉണ്ടോ?

ക്രിസ്തുവിൽ പ്രിയരേ, നമുക്കൊരു തലവേദന വന്നാൽ തല വെട്ടിപ്പൊളിക്കുന്ന തലവേദന എന്ന് പറയാറില്ലേ? സത്യമായും തല വെട്ടിപ്പൊളിക്കുന്നതിൻറെ വേദന നമുക്ക് അറിയാമോ? ഈ വചനത്തിൽ നരകം/പാതാളം എന്ന് ഉപയോഗിച്ചിരിക്കുന്നത് ആലങ്കാരിക ഭാഷയായല്ലേ? വേദനയുടെ കാഠിന്യം മനസ്സിലാക്കിത്തരുവാനല്ലേ?

മകനെ ശിക്ഷിച്ച് വളർത്തിയാൽ അവൻ നിനക്ക് നഷ്ടപ്പടുന്ന (തേടിക്കണ്ടുപിടിക്കേണ്ട) അവസ്ഥ ഒഴിവാക്കാം എന്നല്ലേ സദൃ 23:14ൻറെ അർത്ഥം?

സംഖ്യാ 16:30, 33ൽ കോരഹ്, ദാഥാന്‍, അബീരാം എന്നിവരം അവരുടെ പങ്കാളികളുടെയും വിഷയത്തിൽ അവർ ഷിയോളിൽ (പാതാളത്തിൽ) ഇറങ്ങും എന്ന് പറഞ്ഞത് നരകശിക്ഷയെ പറ്റിയാണ് എന്ന് ധരിച്ചുവശായവരുണ്ട്.
സംഖ്യ 16:32 ഭൂമി വായ് തുറന്ന്, അവരെയും അവരുടെ കുടുംബങ്ങളെയും കോരഹിനോട് ചേര്‍ന്നിട്ടുള്ള എല്ലാവരെയും അവരുടെ സര്‍വ സമ്പത്തിനെയും വിഴുങ്ങിക്കളഞ്ഞു.
എന്ന് എഴുതിയിരിക്കുന്നതിന് അവർ നിന്ന സ്ഥലത്ത് ഒരു കുഴി രൂപപ്പെട്ട്, അവർ അതിൽ വീണു എന്നാണോ, ഭൂമി അക്ഷരാർത്ഥത്തിൽ വായ് തുറന്ന് കോരഹിനെയും കൂട്ടരെയും ലാവ ഉരുകുന്ന ഭൂമിയുടെ അന്തര്‍ഭാഗത്ത് എത്തിച്ചുവെന്നാണോ അർത്ഥം? അവർ എങ്ങനെയാണാവോ കൃത്യമായി ഭൂമിയുടെ വായ ഉള്ളിടത്തുതന്നെ മോശെയ്ക്ക് വിരോധമായി കലാപക്കൊടി ഉയർത്തുവാൻ തീരുമാനിച്ചത്? അതോ എവിടെയൊക്കെ മനുഷ്യർ തെറ്റുചെയ്യുന്നുവോ, അവിടെയൊക്കെ വായ തുറക്കുവാൻ ഭൂമി തയ്യാറായിരിക്കുകയാണോ?

ക്രിസ്തുവിൽ പ്രിയരേ, 6 ലക്ഷം യുദ്ധസന്നദ്ധരായ പുരുഷന്മാരുള്ള (അതായത് മൊത്തം 30 ലക്ഷത്തിലധികം ജനങ്ങളുള്ള), അച്ചടക്കമില്ലാത്ത, ഒരു മഹാപുരുഷാരത്തെ നയിക്കേണ്ട ഭാരിച്ച ചുമതലയാണ് മോശെയിൽ നിക്ഷിപ്തമായിരുന്നത്. ഓരോ ചെറിയ കാര്യത്തിനും വലിയ കോലാഹലമുണ്ടാക്കുന്നവർ, പട്ടിണിയേക്കാൾ അടിമത്തം ഇഷ്ടപ്പെടുന്നവർ. അത്തരക്കാരെ നയിക്കുമ്പോൾ ഇടയ്ക്കിടെ ഉണ്ടാകുന്ന കലാപങ്ങൾ മോശെയുടെ ജോലിഭാരം വർദ്ധിപ്പിക്കും. അതുണ്ടാവാതിരിക്കുവാനുള്ള ശക്തമായ ഒരു താക്കീതായിരുന്നു കോരഹിനും കൂട്ടർക്കും നൽകപ്പെട്ട ശിക്ഷ.

മുമ്പ് പലതവണ എഴുതിയിട്ടുള്ളത് പോലെ, പ്രവചനങ്ങളിലും താക്കീതുകളിലും അത്യുക്തികളും അതിശയോക്തികളും ഉപയോഗിക്കപ്പെടുന്നത് സാധാരണമാണ്, അവയൊന്നും അക്ഷരാർത്ഥത്തിൽ മനസ്സിലാക്കേണ്ടവയല്ല.

ദൈവം സ്നേഹമാണ്. ദൈവം നമ്മുടെ ഉത്തരവാദിത്തമുള്ള, സാമാന്യബുദ്ധിയോ ഉള്ള പിതാവാണ്. ക്രൈസ്തവ മതം വരച്ചുകാണിക്കുന്ന ഭീകരമൂർത്തിയല്ല.
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

No comments:

Post a Comment