Saturday, August 20, 2016

ഏലീയാവും, സ്നാപക യോഹന്നാനും യഹോവയുടെ വലിയതും ഭയങ്കരവുമായ നാളും.

ക്രിസ്തുവിൽ പ്രിയരേ,

(യോഹന്നാൻ സ്നാപകൻ ഏലീയാവയിരുന്നു എന്ന യേശുവിൻറെ പ്രസ്താവനയെ സ്ഥാപിക്കുന്ന ഏതെങ്കിലും ലേഖനം വായിച്ചാലുടനെ വേദപണ്ഡിതന്മാരും ഉപദേശിമാരും ഉയർത്തുന്ന ഒരു പൊട്ടച്ചോദ്യമുണ്ട്. ആ പൊട്ടച്ചോദ്യത്തിനുള്ള ഉത്തരം ഈ ലേഖനത്തിലുണ്ട്.)

ഈസേബെലിൻറെ മകന് വേദപണ്ഡിതന്മാരേക്കാൾ വിവേചനബുദ്ധി ഉണ്ടായിരുന്നു!



ഈസേബെലിനേക്കാൾ ഒരു നീചയും മ്ലേച്ഛയുമായ കഥാപാത്രത്തെ വേദപുസ്തകത്തിൽ കണ്ടെത്തുവാൻ കഴിയില്ല. ഈസേബെലിനും അവരുടെ നട്ടെല്ലില്ലാത്ത, പെങ്കോന്തനും നീചനുമായിരുന്ന ഭർത്താവ് ആഹാബിനും (ബെസ്റ്റ് കോമ്പിനേഷൻ) ഉണ്ടായ മകനാണ് അഹസ്യാവ്. ഈ അഹസ്യാവിനോട് താഴെക്കാണുന്ന വചനം കാണിച്ചുകൊടുത്ത്, ആളെ തിരിച്ചറിയുവാൻ പറഞ്ഞാൽ അഹസ്യാവ് കൃത്യമായി തിരിച്ചറിയും:
മത്താ 3:4 യോഹന്നാന് ഒട്ടകരോമത്താൽ ഉള്ള ഉടുപ്പും അരയിൽ തോൽവാറും ഉണ്ടായിരുന്നു; അവൻറെ ആഹാരം വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു.
അഹസ്യാവിന് ഇത്തരം വേഷവിധാനങ്ങളുള്ള ആളെ തിരിച്ചറിഞ്ഞ് മുൻപരിചയമുണ്ട്. ഈ അഹസ്യാവ് ഒരിക്കൽ തൻറെ അരമനയുടെ മുകളിൽ നിന്നും (വെള്ളമടിച്ചിട്ടാണോ?) താഴെവീണ് നടുവുളുക്കി കിടപ്പിലായപ്പോൾ താൻ സുഖംപ്രാപിക്കുമോ എന്നറിയുവാൻ എക്രോനിലെ ദേവനായ ബാൽസെബൂബിനോട് അന്വേഷിക്കുവാൻ ആളുകളെ അയച്ചപ്പോൾ അവർ വഴിയിൽ ഒരു പ്രവാചകനെ കണ്ടുമുട്ടി, തിരികെപ്പോന്നു. ആ പ്രവാചകൻറെ വേഷത്തെ പറ്റി ചോദിച്ച അഹസ്യാവിനോട് ആ ദൂതന്മാർ പറഞ്ഞ മറുപടിയും, അഹസ്യാവിൻറെ പ്രതികരണവും ശ്രദ്ധിക്കുക:
2രാജാ 1:8 “അദ്ദേഹം രോമവസ്ത്രം ധരിച്ച്, അരയിൽ തോൽവാറ് കെട്ടിയ ആളായിരുന്നു” എന്ന് അവർ അവനോട് പറഞ്ഞു. “അദ്ദേഹം തിശ്ബ്യനായ ഏലീയാവ് തന്നേ” എന്ന് അവൻ പറഞ്ഞു.
ഏറ്റവും നീചരായ മാതാപിതാക്കളുടെ മകനായിരുന്ന അഹസ്യാവിന് ഉണ്ടായിരുന്ന വിവേചനശക്തി പോലും നമ്മുടെ വേദപണ്ഡിതന്മാർക്കും, ഉപദേശിമാർക്കും ഇല്ലേ?

യേശു തറപ്പിച്ച് പറഞ്ഞതിനെ നിരാകരിക്കുന്ന ഉപദേശിമാരും വേദപണ്ഡിതരും!



ലോകത്തിലുള്ള 220 കോടി ക്രൈസ്തവർ ദൈവമെന്നോ, ദൈവപുത്രനെന്നോ കരുതി ആരാധിക്കുന്ന യേശു, സ്നാപക യോഹന്നാനായിരുന്നു വരേണ്ടിയിരുന്ന ഏലീയാവ് എന്ന് 2 തവണ തറപ്പിച്ച് പറഞ്ഞിട്ടും അത് നിഷേധിക്കുവാനും നിരാകരിക്കുവാനും ഉപദേശിമാരും, വേദപണ്ഡിതന്മാരും ഉപയോഗിക്കുന്ന വേദഭാഗത്തിൽ നിന്നുമാകട്ടെ തുടക്കം.

യോഹന്നാൻ യഥാർത്ഥത്തിൽ ആരാണെന്ന് ചോദിച്ചറിയുവാൻ യെരൂശലേമിൽ നിന്നും യെഹൂദർ അയച്ച പുരോഹിതരും ലേവ്യരും അദ്ദേഹത്തോട്: “നീ ക്രിസ്തുവാണോ”, “ആ പ്രവാചകനാണോ” എന്നൊക്കെ ചോദിച്ചതിന് അദ്ദേഹം “അല്ല” എന്ന് മറുപടി പറഞ്ഞപ്പോൾ:
യോഹ 1:21 “പിന്നെ എന്ത്? നീ ഏലീയാവോ?” എന്ന് അദ്ദേഹത്തോട് ചോദിച്ചതിന്: “അല്ല” എന്ന് പറഞ്ഞു.
ഇതാണ് നമ്മുടെ വേദപണ്ഡിതന്മാരുടെ തുരുപ്പുചീട്ട്! യോഹന്നാൻ എന്തുകൊണ്ട് അങ്ങനെ പറഞ്ഞു, അദ്ദേഹത്തിൻറെ മറുപടിയും യേശുവിൻറെ പ്രസ്താവനകളും തമ്മിൽ പൊരുത്തക്കേടുണ്ടോ എന്നൊന്നും ചിന്തിക്കാതെയാണ് വേദപണ്ഡിതന്മാരുടെ എടുത്തുചാട്ടം! യോഹന്നാൻ തുടർന്ന് പറഞ്ഞ വാക്കുകൾ പരിഗണിക്കാതെയാണ് ഈ എടുത്തുചാട്ടമെന്നത് ശ്രദ്ധിക്കുക:
യോഹ 1:22 ... യെശയ്യാ പ്രവാചകൻ പറഞ്ഞത് പോലെ: “കർത്താവിൻറെ വഴി നേരെയാക്കുവിൻ എന്ന് മരുഭൂമിയിൽ വിളിച്ച് പറയുന്നവൻറെ ശബ്ദം ഞാനാണ്” എന്ന് പറഞ്ഞു.
ഈ പരാമർശം യെശ 40:3ലേക്കാണ്:
യെശ 40:3 ഒരുവൻ വിളിച്ച് പറയുന്നത് കേൾക്കൂ: മരുഭൂമിയിൽ യഹോവയ്ക്ക് വഴി ഒരുക്കുവിൻ; വിജനപ്രദേശത്ത് നമ്മുടെ ദൈവത്തിന് ഒരു പെരുവഴി നിരപ്പാക്കുവിൻ.
ഇതേ ആശയം യോഹന്നാൻറെ വരവിനെ പറ്റി മലാഖിയുടെ പുസ്തകത്തിൽ ഉണ്ട്:
മലാ 3:1 എനിക്ക് മുന്നിൽ വഴി നിരത്തേണ്ടതിന് ഞാൻ എൻറെ ദൂതനെ അയയ്ക്കുന്നു. നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന ഉടമ്പടിയുടെ ദൂതനുമായവൻ പെട്ടെന്ന് തൻറെ മന്ദിരത്തിലേക്ക് വരും; ഇതാ, അവൻ വരുന്നു എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
യെശയ്യാവിലെ വാക്കുകൾ യോഹന്നാനെ പറ്റി പരാമർശിക്കുവാൻ  മത്തായി ഉദ്ധരിക്കുന്നുണ്ട്:
മത്താ 3:3 “മരുഭൂമിയിൽ വിളിച്ച് പറയുന്നവൻറെ വാക്ക്: കർത്താവിൻറെ വഴി ഒരുക്കി അവിടത്തെ പാത നിരപ്പാക്കുവിൻ” എന്നിങ്ങനെ യെശയ്യാ പ്രവാചകൻ പറഞ്ഞവൻ ഇദ്ദേഹത്തെ പറ്റിയാണ്.
ഇത് പറഞ്ഞുകഴിഞ്ഞാണ് മത്തായി ഏലീയാവിൻറെ വേഷത്തിനെ പറ്റി പരാമർശിക്കുന്നത്. ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ടതെന്താണ്? യോഹന്നാൻ പുരോഹിതരോടും ലേവ്യരോടും പറയാതെ പറഞ്ഞത് ഇതാണ്: “എടാ, നീയൊക്കെ വലിയ പുള്ളികളാണെന്ന മട്ടിൽ പകിട്ടും പത്രാസും കാണിച്ചുകൊണ്ട് നടപ്പില്ലേ? ഏഴാം ക്ലാസും ഗുസ്തിയും മാത്രമുള്ള ചുങ്കക്കാരൻ മത്തായിക്ക് ഞാനാരാണെന്ന് മനസ്സിലാകും, നിനക്കൊന്നും മനസ്സിലാവില്ല! അതിനാണ് വല്ലപ്പോഴുമൊക്കെ വേദപുസ്തകം വായിക്കണമെന്ന് പറയുന്നത്!” നാം മുൻവിധിയോടെ വേദപുസ്തകം പഠിക്കുമ്പോൾ അതിലുള്ള നിധികളെയും രത്നങ്ങളെയും കാണാതെപോകും.

അൽപം കൂടെ “സീരിയസ്സായി” പറഞ്ഞാൽ യോഹന്നാൻ താൻ ഏലീയാവ് അല്ല എന്ന് പറഞ്ഞതിന് കാരണം കണ്ടുപിടിക്കുന്നതിനേക്കാൾ എളുപ്പം, യെഹൂദരുടെ കൂടാരപ്പെരുന്നാളിന് താൻ വരുന്നില്ല, തൻറെ സമയം ഇനിയും വന്നിട്ടില്ല എന്ന് തറപ്പിച്ചുപറഞ്ഞ യേശു എന്തുകൊണ്ട് കൂടാരപ്പെരുന്നാളിൽ പങ്കെടുത്തു എന്ന് കണ്ടുപിടിക്കുന്നതായിരിക്കും.  (യോഹ 7:2-10).

സ്നാപക യോഹന്നാന് യേശു വരേണ്ടിയിരുന്ന മിശിഹ ആയിരുന്നോ എന്ന് സംശയം ഉണ്ടായിരുന്നതിനാൽ നമ്മുടെ ദൈവദാസന്മാർക്കും വേദപണ്ഡിതന്മാർക്കും സംശയം ഉണ്ടാകാതിരുന്നത് നമ്മുടെ ഭാഗ്യം! (ലൂക്കോ 7:18-23)

സ്നാപക യോഹന്നാൻറെ ഒരു പ്രസ്താവനയ്ക്ക് ദൈവപുത്രൻറെ രണ്ട് പ്രസ്താവനകളേക്കാൾ വിലകൽപിക്കുന്നവർ ആരെയാണ് പിന്തുടരുന്നത് - ദൈവരാജ്യത്തിലെ ചെറിയവരേക്കാൾ ചെറിയവനായ സ്നാപക യോഹന്നാനെയോ (മത്താ 11:11) അതോ ദൈവരാജ്യത്തിൻറെ അധിപതിയായ യേശുവിനെയോ?

ഏലീയാവിനെ പറ്റി മലാഖി, ദേവദൂതൻ:

മലാ 4:5 യഹോവയുടെ വലിയതും ഭയങ്കരവുമായ നാൾ വരുന്നതിന് മുമ്പ് ഞാൻ നിങ്ങൾക്ക് ഏലീയാവ് പ്രവാചകനെ അയയ്ക്കും.
മലാ 4:6 ഞാൻ വന്ന്, ഭൂമിയെ ശാപത്താൽ നശിപ്പിക്കാതിരിക്കുവാൻ അവൻ അപ്പന്മാരുടെ ഹൃദയം മക്കളുടെ നേരെയും മക്കളുടെ ഹൃദയം അപ്പന്മാരുടെ നേരെയും തിരിക്കും.
സ്നാപക യോഹന്നാനെ പറ്റി അദ്ദേഹത്തിൻറെ പിതാവ് സെഖര്യാവിനോട് ദേവദൂതൻ:
ലൂക്കോ 1:17 അവൻ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുകൊണ്ടും ഒരുക്കമുള്ള ഒരു ജനത്തെ കർത്താവിന് വേണ്ടി ഒരുക്കുവാൻ അവിടത്തെ മുമ്പിൽ ഏലീയാവിൻറെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും.
മലാഖിയിൽ “അപ്പന്മാരുടെ ഹൃദയം മക്കളുടെ നേരെയും മക്കളുടെ ഹൃദയം അപ്പന്മാരുടെ നേരെയും തിരിക്കും” എന്ന് എഴുതിയ സ്ഥാനത്ത് ലൂക്കോസ് “അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും” എന്ന് മാത്രം എഴുതിയിരിക്കുന്നതിനെ പറ്റി വലിയ എന്തോ കണ്ടുപിടിച്ചത് പോലെ ആഘോഷിക്കുന്നവരുണ്ട്. മുമ്പ് പലപ്പോഴും എഴുതിയിട്ടുള്ളത് പോലെ, യേശുവും ശിഷ്യന്മാരും പഴയനിയമത്തിൻറെ ഗ്രീക്ക് പതിപ്പായ സെപ്റ്റ്വജിൻറ് (Septuagint) ആണ് ഉപയോഗിച്ചിരുന്നത് എന്നതിൻറെ മറ്റൊരു തെളിവാണ് ഈ വചനം. ഗ്രീക്ക് പതിപ്പായ സെപ്റ്റ്വജിൻറിൽ “മക്കളുടെ ഹൃദയം അപ്പന്മാരുടെ നേരെയും” എന്ന പദസമുച്ചയം ഇല്ല.
Mal 4:6 who shall turn again the heart of the father to the son, and the heart of a man to his neighbor, lest I come and smite the earth grievously.

സ്നാപക യോഹന്നാനാണ് ഏലീയാവ് എന്ന് യേശു പറഞ്ഞതിന്: “വേദപുസ്തകം പുനർജന്മത്തെ പറ്റി പഠിപ്പിക്കുന്നുണ്ടോ?” എന്ന പൊട്ടച്ചോദ്യം ചോദിക്കുന്നവർക്കുള്ള മറുപടി ഈ വചനത്തിലുണ്ട്. സ്നാപക യോഹന്നാൻറെ വേഷവിധാനം ഏലീയാവിൻറെത് പോലെ ആയിരുന്നെങ്കിലും പുനർജന്മമല്ല അർത്ഥമാക്കുന്നത്, ഏലീയാവിൻറെ ആത്മാവാണ് - അതേ ചിന്ത, അതേ സമർപ്പണബുദ്ധി - യോഹന്നാന് ഉണ്ടായിരുന്നത് എന്ന് ഈ വചനം വ്യക്തമാക്കുന്നു.

ഏറ്റവും ഒടുവിൽ, യേശുവിൻറെ സാക്ഷ്യം.


യേശു മലമുകളിൽ വെച്ച് രൂപാന്തരപ്പെട്ടതിന് ശേഷം ശിഷ്യന്മാരോട് കൂടെ തിരിച്ചുവരുമ്പോൾ:
മത്താ 17:10 ശിഷ്യന്മാർ അവിടത്തോട്: “അങ്ങനെയാണെങ്കിൽ ഏലീയാവ് ആദ്യം വരേണം എന്ന് ശാസ്ത്രിമാർ പറയുന്നത് എന്തുകൊണ്ട്” എന്ന് ചോദിച്ചു. (ഇത് എൻറെ സ്വന്തം പരിഭാഷയാണ്.)
Mat 17:10 And his disciples asked him, saying, Why then say the scribes that Elias must first come?
“അങ്ങനെയാണെങ്കിൽ” (എന്നാൽ) - എങ്ങനെയാണെങ്കിൽ? ഈ വാക്ക് ഈ വചനത്തെ ഇതിന് മുമ്പ് നടന്ന കാര്യങ്ങളുമായി ബന്ധിപ്പിക്കുന്നു. യേശു മലമുകളിൽ വെച്ച് രൂപാന്തരപ്പെട്ടപ്പോൾ മോശെയും, ഏലീയാവും കാണപ്പെട്ടതിനെയാണ് ശിഷ്യന്മാർ പരാമർശിക്കുന്നത്. മോശെയും ഏലീയാവും കാണപ്പെട്ടപ്പോൾ പത്രോസിൻറെ പ്രതികരണം ശ്രദ്ധിച്ചിരുന്നോ?
മത്താ 17:4 അപ്പോൾ പത്രോസ് യേശുവിനോട്: കർത്താവേ, നാം ഇവിടെ ആയിരിക്കുന്നത് നല്ലത്; നിനക്ക് സമ്മതമെങ്കിൽ ഞാൻ ഇവിടെ 3 കുടിലുകൾ ഉണ്ടാക്കാം ഒന്ന് നിനക്കും ഒന്ന് മോശെയ്ക്കും ഒന്ന് ഏലീയാവിനും എന്ന് പറഞ്ഞു.
അതായത്, പത്രോസ് കരുതിയത് മോശെയും, ഏലീയാവും വന്നത് ഇവിടെ സ്ഥിരതാമസമാക്കുവാനാണ് എന്നാണ്. എന്നാൽ ശിഷ്യന്മാരുടെ പ്രതീക്ഷകളെ തകിടംമറിച്ചുകൊണ്ട് മോശെയും ഏലീയാവും തിരിച്ചുപോയതിൻറെ ഞെട്ടലിലാണ് ശിഷ്യന്മാർ: “അങ്ങനെയാണെങ്കിൽ ...” എന്ന് ചോദിക്കുന്നത്. അതിന് യേശു പറഞ്ഞ മറുപടി ശ്രദ്ധിക്കുക:
മത്താ 17:11 അതിന് അവിടന്ന്:  “ഏലീയാവ് വന്ന്, സകലവും പുനഃസ്ഥാപിക്കും, സത്യം.
മത്താ 17:12 എന്നാല്‍ ഏലീയാവ് വന്നുകഴിഞ്ഞു എന്ന് ഞാന്‍ നിങ്ങളോട് പറയുന്നു; എങ്കിലും അവര്‍ അദ്ദേഹത്തെ തിരിച്ചറിയാതെ തങ്ങള്‍ക്ക് തോന്നിയതെല്ലാം അദ്ദേഹത്തോട് ചെയ്തു. അതുപോലെ മനുഷ്യപുത്രനും അവരാല്‍ കഷ്ടപ്പെടുവാനുണ്ട്” എന്ന് ഉത്തരം പറഞ്ഞു.
“വന്നുകഴിഞ്ഞു” എന്ന വാക്കിന് എനിക്കറിയാവുന്ന മലയാളത്തിൽ വരിക എന്ന പ്രവൃത്തി പൂർത്തിയായി, നിറവേറി, കഴിഞ്ഞു എന്നാണ് അർത്ഥം. മഞ്ചേശ്വരം മുതൽ പാറശാല വരെയുള്ള മലയാളികൾ സംസാരിക്കുന്ന മലയാളത്തിൻറെ ഏതെങ്കിലും ഭാഷാഭേദത്തിൽ (dialect) “വന്നുകഴിഞ്ഞു” എന്ന വാക്കിന് “ഭാവിയിൽ വരും” എന്ന് അർത്ഥമുണ്ടോ?

യേശുവിൻറെ വാക്കുകളിൽ നിന്നും ശിഷ്യന്മാർ എന്ത് മനസ്സിലാക്കി എന്നത് ശ്രദ്ധിക്കുക:
മത്താ 17:13 അവിടന്ന് യോഹന്നാന്‍ സ്നാപകനെ കുറിച്ച് തങ്ങളോട് പറഞ്ഞു എന്ന് ശിഷ്യന്മാര്‍ ഗ്രഹിച്ചു.
പഠിപ്പും പത്രാസും ഇല്ലാതിരുന്ന മുക്കുവന്മാരും, ചുങ്കക്കാരുമായിരുന്ന ശിഷ്യന്മാർക്ക് യേശു ആരെയാണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായി. ഭവിഷ്യവാദികളായ നമ്മുടെ ദൈവദാസന്മാർ യേശുവിനെ വിശ്വസിക്കുവാൻ എപ്പോൾ പഠിക്കുമോ?

യേശുവിൻറെ സാക്ഷ്യം #2:

മത്താ 11:13 സകല പ്രവാചകരും ന്യായപ്രമാണവും യോഹന്നാന്‍ വരെ പ്രവചിച്ചു.
മത്താ 11:14 നിങ്ങള്‍ക്ക് സ്വീകരിക്കുവാന്‍ മനസ്സുണ്ടെങ്കില്‍ വരേണ്ട ഏലീയാവ് അദ്ദേഹമാണ്. (എൻറെ കർത്താവേ, മലയാളം വേദപുസ്തകത്തിൽ “പരിഗ്രഹിക്കുവാൻ” എന്നൊക്കെ എഴുതിവെച്ച പരിഭാഷകനോട് ക്ഷമിക്കേണമേ. “പരിഗ്രഹിക്കുക” എന്ന വാക്കിൻറെ സാമാന്യമായ അർത്ഥം “വിവാഹം കഴിക്കുക” എന്നാണ്.)
അവിടന്ന് പറയുന്ന കാര്യങ്ങൾ സ്വീകരിക്കുവാന്‍ മനസ്സില്ലാത്ത ഭവിഷ്യവാദി (futurist) “ദൈവദാസന്മാർ” ഉയർന്നുവരും എന്ന് യേശുവിന് നല്ല വ്യക്തമായി അറിയാമായിരുന്നു, അതുകൊണ്ടാണ് അവിടന്ന് പറഞ്ഞത്: “നിങ്ങള്‍ക്ക് സ്വീകരിക്കുവാന്‍ മനസ്സുണ്ടെങ്കില്‍” വരേണ്ട ഏലീയാവ് യോഹന്നാൻ സ്നാപകനാണെന്ന്. ഇവിടെ വ്യാഖ്യാനിക്കേണ്ടതായി ഒന്നുമില്ല, വളരെ വ്യക്തമായ പ്രസ്താവനയാണിത്. ക്രിസ്തുവിനെ വിശ്വസിക്കുവാൻ ക്രൈസ്തവർക്ക് മനസ്സുണ്ടാകുവാൻ നമുക്ക് പ്രാർത്ഥിക്കാം.

ഏലീയാ ഒന്നാം നൂറ്റാണ്ടിൽ വന്നെങ്കിൽ ദൈവത്തിൻറെ ഭയങ്കരമായ കോപം എവിടെ?

ലൂക്കോ 21:20 സൈന്യങ്ങള്‍ യെരൂശലേമിനെ വളഞ്ഞിരിക്കുന്നത് കാണുമ്പോള്‍ അതിന്‍റെ നാശം അടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുവിന്‍.
ഇത് പുതിയ യെരൂശലേമിനെ പറ്റിയല്ല, യിസ്രായേലിൻറെ തലസ്ഥാനമായിരുന്ന യെരൂശലേമിനെ പറ്റിയാണ്. സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞത് കി.പി.66-70ൽ.
ലൂക്കോ 21:21 അന്ന് യെഹൂദ്യയില്‍ ഉള്ളവര്‍ മലകളിലേക്ക് ഓടിപ്പോകട്ടെ; അതിന്‍റെ നടുവിലുള്ളവര്‍ പുറപ്പെട്ട്, പോകട്ടെ; നാട്ടുമ്പുറങ്ങളില്‍ ഉള്ളവര്‍ അതില്‍ കടക്കരുത്.
ഈ സംഭവം ആഗോളാടിസ്ഥാനത്തിൽ നടക്കേണ്ട കാര്യമല്ല, യെഹൂദ്യയിൽ മാത്രം നടക്കേണ്ട കാര്യമാണ്. ആത്മീയ യിസ്രായേൽ എന്ന ആശയം ഉണ്ട് (ഗലാ 6:16), ആത്മീയ യെഹൂദ്യ എന്ന ഒരു ആശയം വേദപുസ്തകത്തിൽ ഇല്ല; അതുകൊണ്ടുതന്നെ അത്തരം വ്യാഖ്യാനങ്ങൾ തെറ്റാണ്. ആത്മീയ യെഹൂദ്യയെയാണ് സൈന്യം വളയുന്നതെങ്കിൽ ഓടിപ്പോകുവാൻ അതിന് മലകളുണ്ടോ, അതിന് നാട്ടുമ്പുറങ്ങളുണ്ടോ?
ലൂക്കോ 21:22 എഴുതിയിരിക്കുന്നവ എല്ലാം നിവൃത്തിയാകേണ്ടതിന് ആ നാളുകള്‍ പ്രതികാരത്തിൻറെ കാലമാണ്.
“എഴുതിയിരിക്കുന്നവ എല്ലാം”, എവിടെ എഴുതിയിരിക്കുന്നത്? ലേവ്യർ 26, ആവർത്തന പുസ്തകം 28, തുടങ്ങി പ്രവാചകന്മാരുടെ പുസ്തകങ്ങളിൽ എഴുതിയിരിക്കുന്നത്! “എല്ലാം” എന്നതിന് ഏത് ഭാഷയിലാണ് “ചിലത്” അല്ലെങ്കിൽ “അൽപം” എന്നുള്ള അർത്ഥമുള്ളത്?

മലാഖിയിൽ ഭൂമിയെ ശാപത്താൽ നശിപ്പിക്കും എന്നല്ലേ എഴുതിയിരിക്കുന്നത്, യെരൂശലേമാണോ ഭൂമി?

ഈ ചോദ്യത്തിന് രണ്ട് വിധത്തിൽ ഉത്തരം നൽകാം.
മലാ 4:6ൽ ഭൂമി എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന എരെറ്റ്സ് (אֶרֶץ , സ്ട്രോങ്സ് നിഘണ്ടുവിൽ H776) എന്ന അതേ ഹീബ്രൂ വാക്കാണ് ഉൽ 1:1ലും ഭൂമി എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. (അതായത് പഴയനിയമത്തിൻറെ ആദ്യത്തെയും അവസാനത്തെയും വചനങ്ങളിൽ).
മലാ 4:6 ഞാൻ വന്ന്, ഭൂമിയെH776 ശാപത്താൽ നശിപ്പിക്കാതിരിക്കുവാൻ...
Mal 4:6 ... lest I come and smite the earthH776 with a curse.
ഉൽ 1:1 ആദിയില്‍ ദൈവം ആകാശവും ഭൂമിയുംH776 സൃഷ്ടിച്ചു.
Gen 1:1 In the beginning God created the heaven and the earthH776.
ഈ വാക്കിൻറെ സാമാന്യമായ അർത്ഥം ഭൂമി എന്നാണ്. കുറ്റ്യാടിയിൽ എനിക്ക് ഭൂമിയുണ്ട് എന്നതിന് അർത്ഥം ഈ ഭൂഗോളം മഴുവൻ എൻറെ തറവാട്ട് സ്വത്താണെന്നാണോ?

തൻറെ കൂടാരത്തിൽ സന്ദർശകരായി എത്തിയ 3 പുരുഷന്മാരെ കണ്ടപ്പോൾ അബ്രാഹാം നിലത്ത് കുമ്പിട്ടു എന്നതിനും ഇതേ വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്:
ഉൽ 18:2 ... അവരെ കണ്ടപ്പോള്‍ അദ്ദേഹം കൂടാരവാതില്‍ക്കല്‍ നിന്നും അവരെ എതിരേല്‍ക്കുവാന്‍ ഓടിച്ചെന്ന് നിലംH776 വരെ കുനിഞ്ഞു:
Gen 18:2 ... when he saw them, he ran to meet them from the tent door, and bowed himself toward the groundH776,
ഹീബ്രൂ ഭാഷയിൽ ഭൂമി, നാട്, ദേശം, വയൽ, നിലം ... എല്ലാത്തിനും ഒരേ വാക്കേയുള്ളൂ - എരെറ്റ്സ്. ഈ വാക്ക് എങ്ങനെ പരിഭാഷപ്പെടുത്തുന്നു എന്നത് പരിഭാഷകൻറെ മനോധർമ്മമാണ്.

ക്രിസ്തുവിന് മുമ്പ് ആറാം നൂറ്റാണ്ടിൽ ബാബേൽ രാജാവായ നെബൂഖദ്നേസര്‍ യെരൂശലേമിനെ നശിപ്പിച്ചതിനെ പറ്റിയുള്ള പ്രവചനം:
യിരെ 4:23 ഞാന്‍ ഭൂമിയെH776 നോക്കി അതിനെ പാഴും ശൂന്യമായി കണ്ടു; ഞാന്‍ ആകാശത്തെ നോക്കി; അതിന് പ്രകാശം ഇല്ലാതെയിരുന്നു.
Jer 4:23 I beheld the earthH776, and, lo, it was without form, and void; and the heavens, and they had no light.
സത്യമായും കി.മു. ആറാം നൂറ്റാണ്ടിൽ യെരൂശലേം നാശമായപ്പോൾ ഭൂമി മുഴുവനും പാഴും ശൂന്യവുമായോ? യെരൂശലേമിലും യൂദെയായിൽ നിന്നും യിസ്രായേല്യരെ അടിമകളാക്കി ബാബേലിൻറെ തലസ്ഥാനമായ ശൂശനിൽ കൊണ്ടുചെന്നപ്പോൾ അവിടെ രാജധാനി ഉണ്ടായിരുന്നില്ലേ? (ദാനീ 8:2) ഭൂമി മുഴുവൻ ശൂന്യമായെങ്കിൽ രാജധാനി എങ്ങനെ ബാക്കിയായി? കി.മു.ആറാം നൂറ്റാണ്ടിൽ ഇന്ത്യ പരിപൂർണ്ണമായി നാശമായോ? അത്തരത്തിൽ നാശമായി എന്നുള്ള തെളിവുകൾ ഉണ്ടോ?

ഇവിടെ പാഴും ശൂന്യവും എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന അതേ ഹീബ്രൂ വാക്കുകളുള്ള മറ്റൊരു വചനം കാണിച്ചുതരാം, ഈ രണ്ട് വചനങ്ങളും തമ്മിൽ താരതമ്യം ചെയ്തുനോക്കൂ:
ഉൽ 1:2 ഭൂമിH776 പാഴായുംH8414 ശൂന്യമായുംH922 ഇരുന്നു; ആഴത്തിന്‍റെ മീതെ ഇരുള്‍ ഉണ്ടായിരുന്നു.
Gen 1:2 And the earthH776 was without formH8414, and voidH922; and darkness was upon the face of the deep.

യിരെ 4:23 ഞാന്‍ ഭൂമിയെH776 നോക്കി അതിനെ പാഴുംH8414 ശൂന്യമായിH922 കണ്ടു; ഞാന്‍ ആകാശത്തെ നോക്കി; അതിന് പ്രകാശം ഇല്ലാതെയിരുന്നു.
Jer 4:23 I beheld the earthH776, and, lo, it was without formH8414, and voidH922; and the heavens, and they had no light.
ഒരേ വാക്കുകൾ ഒരേ ക്രമത്തിൽ ഉപയോഗിച്ചിരിക്കുന്നു! രണ്ട് വചനങ്ങളും അവസാനിക്കുന്നത് ഇരുട്ടിനെ പറ്റി പരാമർശിച്ചുകൊണ്ടാണ്!

ചിന്തിച്ചുനോക്കൂ: കി.മു. ആറാം നൂറ്റാണ്ടിൽ യെരൂശലേം നാശമായപ്പോൾ ഭൂമി മുഴുവനും സൃഷ്ടിയുടെ കാലത്ത് എന്നതുപോലെ ശൂന്യമായോ?

വേദപുസ്തകം നുണപറയുമെന്നാണോ ഞാൻ പറയുന്നത്? അല്ലേയല്ല! ഇവിടെ ഉപയോഗിച്ചിരിക്കുന്ന ആലങ്കാരിക ഭാഷയുടെ പേര്: മഹാദുരന്തത്തിൻറെ ഭാഷ (apocalyptic language). ഇത്തരം ഭാഷാപ്രയോഗത്തിൽ ഭയപ്പെടുത്തുന്ന അത്യുക്തികളും അതിശയോക്തികളും പ്രയോഗിക്കും. അവയൊന്നും അക്ഷരംപ്രതി നിറവേറ്റപ്പെടുന്ന കാര്യങ്ങളല്ല. ആകാശം ചുരൾ പോലെ ചുരുണ്ടുപോകും (യെശ 34:4) എന്ന് പറയുമ്പോഴേ അറിയില്ലേ അത് കടലാസോ, പായയോ അല്ല ചുരുളുവാനും ചുരുട്ടുവാനും എന്ന്?

വേദപുസ്തകത്തോടുള്ള പരിചയം ഭയത്തെ അകറ്റും. ആരെങ്കിലും പറഞ്ഞുകേട്ടുള്ള യുഗാന്തശാസ്ത്രം (eschatology) മാത്രം കൈമുതലായുള്ള “ദൈവദാസന്മാരാണ്” വിശ്വാസികളെ ഭയത്തിൻറെ മുൾമുനയിൽ നിറുത്തുന്നതും, ദൈവത്തിനെ ക്രൂരനായി ചിത്രീകരിക്കുന്നതും!

യഹോവയുടെ ഭയങ്കരമായ കോപത്തിൻറെ നാൾ കി.പി 70ൽ കഴിഞ്ഞുപോയി. ഭാവിയിൽ വരേണ്ട ഏലീയാവും ഇല്ല, ഭയങ്കരമായ നാളും ഇല്ല.

വാൽക്കഷണം: ഏലീയാവിൻറെയും യോഹന്നാൻ സ്നാപകൻറെയും പ്രധാന ശത്രുക്കൾ സ്ത്രീകളായിരുന്നു എന്നത് കൌതുകകരമായ മറ്റൊരു വസ്തുതയാണ്. ഏലീയാവിൻറെ ശത്രു ഈസേബെലും, യോഹന്നാൻ സ്നാപകൻറെ ശത്രു ഹെരോദാവിൻറെ ഭാര്യ ഹെരോദ്യയും. ഈസേബെലിന് ഏലീയാവിനെ കൊല്ലിക്കുവാൻ കഴിഞ്ഞില്ല; ഹെരോദ്യ യോഹന്നാൻ സ്നാപകനെ കൊല്ലിച്ചു.

ക്രിസ്തുവിൽ, 
ടോംസാൻ കട്ടക്കൽ

No comments:

Post a Comment