Friday, August 26, 2016

മീഖായേലും പിശാചുമായി മോശെയുടെ ശരീരത്തിനായി കാട്ടാഗുസ്തി നടത്തിയില്ലെങ്കിലോ?

ക്രിസ്തുവിൽ പ്രിയരേ,

[ഈ ലേഖനം ദർബല മനസ്കർക്കുള്ളതല്ല. അൽപം ദൈർഘ്യം കൂടുതലുണ്ട്. ഇതുവരെ നിങ്ങൾ കേട്ടിരിക്കുവാൻ വഴിയില്ലാത്ത കാര്യങ്ങൾ ഇതിൽ പ്രതിപാദിക്കുന്നുമുണ്ട്. എന്നെക്കാൾ സമർത്ഥരായവർ ഈ കാര്യങ്ങളെ പറ്റി കൂടുതൽ വിശദമായ പഠനം നടത്തും എന്ന പ്രതീക്ഷയോടെയാണ് ഇത് പൊതുസമക്ഷം സമർപ്പിക്കുന്നത്.]

സാത്താനും പിശാചും ഇല്ല എന്ന് നാം വാദിക്കുമ്പോൾ ഉണ്ടെന്ന് തെളിയിക്കുവാൻ എടുത്തുകാണിക്കുന്ന ഒരു വചനം ഇതാണ്:
യൂദാ 1:9 എന്നാല്‍ പ്രധാനദൂതനായ മീഖായേല്‍ മോശെയുടെ ശരീരത്തെ കുറിച്ച് പിശാചിനോട് തര്‍ക്കിച്ച്, വാദിക്കുമ്പോള്‍ ഒരു ദൂഷണവിധി ഉച്ചരിക്കുവാന്‍ തുനിയാതെ കര്‍ത്താവ് നിന്നെ ഭര്‍ത്സിക്കട്ടെ എന്ന് പറഞ്ഞതേയുള്ളൂ.
അധികൃതമല്ലാത്ത (apocryphal) പുസ്തകങ്ങളിലോ, കത്തോലിക്കരുടെ വേദപുസ്തകത്തിൽ അധികമായുള്ള പുസ്തകങ്ങളിലോ (deuterocanonical books) മീഖായേല്‍ മോശെയുടെ ശരീരത്തെ കുറിച്ച് പിശാചിനോട് തര്‍ക്കിച്ച്, വാദിച്ചു എന്നൊരു പരാമർശം ഇല്ല. പലരും വേദപുസ്തകത്തിൻറെ ഭാഗമാണെന്ന് വാദിക്കുന്നതും യൂദായുടെ ലേഖനത്തിൽ പരാമർശിക്കപ്പെടുന്നുണ്ട് എന്ന് വാദിക്കുന്നതുമായ ഹാനോക്കിൻറെ പുസ്തകത്തിലും (Book of Enoch) ഇത്തരത്തിൽ ഒരു പരാമർശമില്ല.

ഈ വചനത്തെ പറ്റി ഞങ്ങളുടെ പാസ്റ്റർ ഞങ്ങളോട് പറഞ്ഞ വിശദീകരണം ഇങ്ങനെയാണ്: “സാത്താൻ എന്നത് മനുഷ്യരുടെ പ്രതീകമാണ്. അവർക്ക് മോശെയുടെ മൃതശരീരം ലഭിച്ചാൽ അവർ അത് ഉപയോഗിച്ച് പണം സമ്പാദിക്കുവാൻ ശ്രമിക്കുമായിരുന്നു - ഗോവയിൽ കത്തോലിക്കർ ഫ്രാൻസിസ് സേവ്യറിൻറെ മൃതശരീരം പ്രദർശിപ്പിച്ച് പണമുണ്ടാക്കുന്നത് പോലെ.” (ഇതുപോലുള്ള കഥകൾ നിങ്ങളും കേട്ടിട്ടുണ്ടാവാം.)

ആത്മാർത്ഥമായി പറയട്ടേ: ഇത്തരം ആരോപണങ്ങൾ ശുദ്ധ വിവരക്കേടാണ്. യിസ്രായേൽ പുത്രന്മാർ മരുഭൂമിയിൽ 40 വർഷം അലഞ്ഞുതിരിഞ്ഞപ്പോൾ അവർ യോസേഫിൻറെ അസ്ഥികൂടം ചുമന്നുകൊണ്ടാണ് നടന്നത് (യോശു 24:32). ആ കാലത്ത് അവർ പല അകൃത്യങ്ങളും, വിഗ്രഹാരാധനയും ചെയ്തിട്ടുണ്ട്, പക്ഷേ, ഒരിക്കലും യോസേഫിൻറെ അസ്ഥികൂടത്തെ ആരാധിക്കുവാൻ ശ്രമിച്ചിട്ടില്ല. മറ്റൊരു ഉദാഹരണം: ഒരിക്കൽ യിസ്രായേല്യർ ഒരാളുടെ ശവം മറവുചെയ്യുമ്പോൾ മോവാബ്യർ അവരെ ആക്രമിക്കുവാൻ വന്നു. അവർ ആ ശവം എലീശയുടെ കല്ലറയിലേക്കിട്ട് ഓടിപ്പോയി. എലീശയുടെ അസ്ഥികളെ മുട്ടിയ ശവത്തിന് ജീവൻ തിരികെവന്നു. (2രാജാ 13:21) യിസ്രായേല്യർ ശവങ്ങൾ ഉപയോഗിച്ച് തോന്ന്യാസം കാണിക്കുന്നവരാണെങ്കിൽ എലീശയുടെ ശവമോ അസ്ഥികളോ ആയിരുന്നു മോശെയുടെ അസ്ഥികളേക്കാൾ കൂടുതൽ പ്രയോജനപ്രദം. (ഇവിടെ ഈ പാസ്റ്റർ നടത്തിയത് വെറുപ്പിൻറെ മൊത്തക്കച്ചവടമാണ്: കത്തോലിക്കരെയും, മുസൽമാൻമാരെയും, ഹിന്ദുക്കളെയും കുറ്റപ്പെടുത്തുന്നതാണ് നല്ല ഒരു ദൈവദാസൻറെ ചുമതല എന്ന മിഥ്യാധാരണയാണ് ഇത്തരം വിവരക്കേടുകൾ വിളിച്ചുപറയുവാൻ പാസ്റ്റർമാരെ പ്രേരിപ്പിക്കുന്നത്.)

മോശെയുടെ മൃതശരീരത്തിന് എന്ത് സംഭവിച്ചു?

ആവ 34:5 അങ്ങനെ യഹോവയുടെ ദാസനായ മോശെ യഹോവയുടെ വചനപ്രകാരം അവിടെ മോവാബ് ദേശത്തില്‍ മരിച്ചു.
ആവ 34:6 യഹോവ അദ്ദേഹത്തെ (മോശെയെ) മോവാബ് ദേശത്ത് ബേത്-പെയോരിന് എതിരെയുള്ള താഴ്‍വരയില്‍ അടക്കി; എങ്കിലും ഇന്നുവരെയും അദ്ദേഹത്തിൻറെ ശവക്കുഴിയുടെ സ്ഥലം ആർക്കും അറിയില്ല.
യഹോവ മോശെയുടെ മൃതശരീരം അടക്കിയ സ്ഥലം ആർക്കും അറിയില്ല എന്ന് പറഞ്ഞതിന് അർത്ഥം പിശാചിന് അറിയാമായിരുന്നെന്നും, പിശാച് അത് കുഴിച്ചെടുക്കുവാൻ ശ്രമിച്ചപ്പോൾ മീഖായേല്‍ തടഞ്ഞെന്നുമാണോ?

യഹോവാ ദൈവം അവിടത്തെ രഹസ്യങ്ങൾ അവിടത്തെ ദാസന്മാർക്കും പ്രവാചകന്മാർക്കും വെളിപ്പെടുത്തിക്കൊടുക്കും (സങ്കീ 3:32; ആമോ 3:7, ദാനീ 2:47), പക്ഷേ, സാത്താനെ പോലെ ഒരു അപകടകാരിക്ക് വെളിപ്പെടുത്തിക്കൊടുക്കുമോ?

[ചിലർക്ക് കത്തോലിക്കരുടെ വേദപുസ്തകം എന്ന് കേട്ടാലുടനെ ആകെക്കൂടി ഒരു വെപ്രാളവും പരാക്രമവുമാണ്. പ്രൊട്ടെസ്റ്റൻറ് സഭകൾ ഉപയോഗിക്കുന്ന King James Version (KJV), 1611 പുറത്തിറങ്ങിയപ്പോൾ അതിൽ കത്തോലിക്കരുടെ എല്ലാ പുസ്തകങ്ങളും ഉണ്ടായിരുന്നു. പ്രൊട്ടെസ്റ്റൻറ് പ്രസ്ഥാനത്തിൻറെ ആദ്യകാല നേതാവായിരുന്ന മാർട്ടിൻ ലൂതർ പ്രസിദ്ധീകരിച്ച വേദപുസകത്തിലും ഈ പുസ്തകങ്ങൾ ഉണ്ടായിരുന്നു. മാർട്ടിൻ ലൂതറിന് വെളിപ്പാട്, യാക്കോബ് എന്നീ പുസ്തകങ്ങളോടായിരുന്നു ചൊരുക്ക്!]

2 മക്കബായര്‍ എന്ന പുസ്തകത്തിൽ പറയുന്ന വളരെ കൌതുകകരമായ ഒരു സംഗതി ഇവിടെ സൂചിപ്പിക്കുന്നു. ബാബേൽ രാജാവായ നെബൂഖദ്നേസര്‍ യെരൂശലേമിനെ നശിപ്പിക്കുന്നതിന് മുമ്പ് യഹോവയുടെ കൽപന അനുസരിച്ച്, പ്രവാചകനായ യിരെമ്യാവ് നിയമപെട്ടകവും, തിരുനിവാസവും (സമാഗമകൂടാരവും), ധൂപപീഠവും മോശെ അവസാനമായി വാഗ്ദത്തദേശം കാണുവാൻ കയറിയ നെബോ മലയിലെ ഒരു ഗുഹയിൽ ഒളിപ്പിച്ചു. യിരെമ്യാവിൻറെ കൂടെ ഈ വസ്തുക്കളെല്ലാം ചുമക്കുവാൻ പോയ ചിലർ പോയ വഴി ഓർത്തുവെച്ച് പോയി അന്വേഷിച്ചു എങ്കിലും കണ്ടെത്തുവാൻ കഴിഞ്ഞില്ല. 2മക്കബയർ 2:4-5

[മക്കബായരുടെ പുസ്തകം പ്രൊട്ടെസ്റ്റൻറുകാരുടെ വേദപുസ്തകത്തിൽ നിന്നും നീക്കുവാനുള്ള കാരണം അതിൽ മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് എന്ന കാരണത്താലാണ്. മരിച്ചവർക്ക് വേണ്ടി ജ്ഞാനസ്നാനം സ്വീകരിക്കുന്നതിനെ പറ്റി പരാമർശിക്കുന്ന 1 കൊരിന്ത്യർ (1കൊരി 15:29) എന്ന ലേഖനത്തെ പറ്റി നമുക്ക് ഒരു പ്രശ്നവുമില്ല, കാരണം അതിനെ ആത്മീയവൽക്കരിച്ച്, വിശദീകരിച്ച് തള്ളാമല്ലോ? (കണ്ണടച്ച് ഇരുട്ടാക്കൽ).]

യൂദാ 1:9ലെ സൂചന സെഖര്യാവ് 3ലേയ്ക്ക്.


സെഖര്യാവ് 3ൽ മീഖായേൽ എന്ന പേര് നൽകപ്പെട്ടിട്ടില്ലെങ്കിലും സാത്താനും യഹോവയുടെ ദൂതനുമായി നടക്കുന്ന ഒരു തർക്കം അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.
സെഖ 3:1 അനന്തരം അവന്‍ എനിക്ക് മഹാപുരോഹിതനായ യോശുവ, യഹോവയുടെ ദൂതന്‍റെ മുമ്പില്‍ നില്‍ക്കുന്നതും സാത്താന്‍ അവനെ കുറ്റം ചുമത്തുവാന്‍ അവന്‍റെ വലത് ഭാഗത്ത് നില്‍ക്കുന്നതും കാണിച്ചുതന്നു.
സെഖ 3:2 യഹോവ സാത്താനോട്: “സാത്താനേ, യഹോവ നിന്നെ ഭര്‍ത്സിക്കുന്നു; യെരൂശലേമിനെ തെരഞ്ഞെടുത്തിരിക്കുന്ന യഹോവ നിന്നെ ഭര്‍ത്സിക്കുന്നു; ഇവന്‍ (അത് - യെരൂശലേം. ഇവിടെ ഇവൻ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഹീബ്രൂ വാക്കിൻറെ - H2088- സാധാരണമായ അർത്ഥം അത്, ഇത്, അവ, ഇവ എന്നിങ്ങനെയാണ്) തീയില്‍ നിന്നും വലിച്ചെടുക്കപ്പെട്ട കൊള്ളിയല്ലയോ?” എന്ന് കല്‍പിച്ചു.
സെഖ 3:2 വായിക്കുമ്പോൾ യഹോവയാണ് ഈ വാക്കുകൾ സംസാരിച്ചത് എന്ന തോന്നൽ ഉണ്ടാകാം. ഒന്നാം വചനം വായിക്കുമ്പോൾ യോശുവ ഒഴികെ അവിടെ സന്നിഹിതരായിരുന്നവർ സാത്താനും ദൂതനും മാത്രമാണെന്ന് വ്യക്തമാകും. സെഖര്യാവിൻറെ പുസ്തകത്തിൽ പലേടത്തും രണ്ട് യഹോവമാർ ഉണ്ടോ എന്ന തോന്നൽ ഉണ്ടാക്കും.

യൂദാ 1:9ൽ “കർത്താവ് നിന്നെ ഭർത്സിക്കട്ടെ” എന്ന് മീഖായേൽ പറഞ്ഞു എന്ന് ഉദ്ധരിച്ചിരിക്കുന്നത് സെഖ 3:2ലെ “യഹോവ നിന്നെ ഭർത്സിക്കുന്നു” എന്ന പദസമുച്ചയമാണ്.

ഇവിടെ സംസാരിക്കുന്ന ആൾ യഹോവയാണെങ്കിൽ “ഞാൻ നിന്നെ ഭർത്സിക്കുന്നു” എന്ന് പറയില്ലായിരുന്നോ? യഹോവയെ കണ്ടു, യഹോവ സംസാരിച്ചു, യഹോവ നയിച്ചു ... എന്നിങ്ങനെ പഴയനിയമത്തിൽ എഴുതപ്പെട്ടിരിക്കുന്നതൊക്കെ ദൈവദൂതന്മാരെ യഹോവയുടെ പ്രതിനിധികളായി ഉപയോഗിച്ച് ചെയ്ത കാര്യങ്ങളാണ്. (ഇതിനെ പറ്റി പിന്നീട് വിശദമായി എഴുതാം. പുറ 13:21; 14:19; 23:20, 21 എന്നീ വചനങ്ങൾ ശ്രദ്ധയോടെ പഠിക്കുക.)

സാത്താൻ, ദൈവദൂതൻ, പറയപ്പെട്ട വാക്കുകൾ എന്നിവയെല്ലാം ഒത്തുവരുന്നുണ്ട്, പക്ഷേ, മോശെയുടെ മൃതശരീരം എവിടെ?

മഹാപുരോഹിതനായ യോശുവയെ തിരിച്ചറിയൽ.


ബാബേൽ രാജാവായ നെബൂഖദ്നേസര്‍ യിസ്രായേല്യരെ അടിമകളായി പിടിച്ചുകൊണ്ടുപോയ ശേഷം ചെയ്ത ആദ്യത്തെ കാര്യങ്ങളിലൊന്ന് അവരെ കൽദയരുടെ അരാമ്യ ഭാഷ പഠിപ്പിക്കുക എന്നതായിരുന്നു (ദാനീ 1:4). ഈ പരിശീലനത്തിൻറെ ഫലം അത്ര അഭിലക്ഷണീയമായിരുന്നില്ല. യിസ്രായേല്യരുടെ ഭാഷ അത്ര ഹീബ്രുവുമല്ല, അത്ര അരാമ്യ ഭാഷയുമല്ല എന്ന നിലയിലേയ്ക്ക് വന്നു. ഇതിൻറെ ഫലമോ, അവർ എഴുതിയ പുസ്തകങ്ങളിൽ ഹീബ്രൂ ഭാഷയും അരാമ്യ ഭാഷയും ഇടകലർന്ന് വരുന്നത് കാണാം. ഉദാഹരണമായി അരാമ്യ ഭാഷയിൽ എഴുതപ്പെട്ട എസ്രായുടെ പുസ്തകത്തിലെ ചില വചനങ്ങൾ പരിപൂർണ്ണമായും ഹീബ്രൂ ഭാഷയിലാണ്. (എസ്രാ 1:2-4, 4:8-16, 4:17-22, 5:7-17, 6:3-5, 6:6-12, 7:12-26). ഇത് പിൽക്കാലത്ത് ആരോ കൂട്ടിച്ചേർത്തതാണ് എന്ന ആരോപണങ്ങൾ ഉണ്ടെങ്കിലും, എസ്രാ പല സമയത്തായി എഴുതിയപ്പോൾ അപ്പപ്പോഴത്തെ മാനസികാവസ്ഥയ്ക്ക് (mood) അനുസൃതമായി എഴുതിയതാവാനേ വഴിയുള്ളൂ.

പേരുകളുടെ കാര്യത്തിലും അരാമ്യ ഭാഷയുടെ സ്വാധീനം ഉണ്ടായിരുന്നു. നമ്മൾ മലയാളത്തിൽ രവി എന്ന് എഴുതിയിട്ട് “എടാ, രെവീ” എന്നും “ഗംഗാധരൻ” എന്ന് എഴുതിയിട്ട് “എടാ, ഗെംഗാധരാ” എന്നും “ജലജ” എന്ന് എഴുതിയിട്ട് “ജെലജ ടീച്ചർ” എന്നും വിളിക്കുന്നത് എഴുത്തിലേക്കും വന്നാൽ എന്താകും സ്ഥിതി? അതുതന്നെയാണ് അരാമ്യ ഭാഷയിൽ പലരുടെയും പേരുകൾക്ക് സംഭവിച്ചത്.

അങ്ങനെ, മഹാപുരോഹിതനായ യോശുവയുടെ പേര് എസ്രായുടെയും നെഹെമ്യാവിൻറെയും പുസ്തകങ്ങളിൽ യേശുവ എന്നായിത്തീർന്നു. അദ്ദേഹത്തിൻറെ പിതാവിൻറെ പേരും മാറിപ്പോയി.
സെഖ 6:11 ... മഹാപുരോഹിതനായി യെഹോസദാക്കിന്‍റെ മകനായ യോശുവ...
ഹഗ്ഗായി 2:2 ... മഹാപുരോഹിതനായി യെഹോസദാക്കിന്‍റെ മകനായ യോശുവ ...
ഇതേ പേരുകൾ എസ്രായുടെയും നെഹെമ്യാവിൻറെയും പുസ്തകങ്ങളിൽ എഴുതിയിരിക്കുന്നതിലെ വ്യത്യാസം ശ്രദ്ധിക്കുക:
എസ്രാ 3:2 യോസാദാക്കിന്‍റെ മകനായ യേശുവയും അവന്‍റെ സഹോദരന്മാരായ പുരോഹിതരും... (എസ്രാ 3:8, 5:2; 10:18; നെഹെ 12:26 എന്നീ വചനങ്ങളും കാണുക.)
എസ്രാ, നെഹെമ്യാവ് എന്നീ പുസ്തകങ്ങളിൽ മഹാപുരോഹിതനായ യേശുവ എന്ന് പരാമർശിക്കാതെ, “യേശുവയും അവന്‍റെ സഹോദരന്മാരായ പുരോഹിതരും” എന്ന് പരാമർശിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. (എസ്രാ 3:2, 8; 10:18). അദ്ദേഹം പുരോഹിതന്മാരിൽ പ്രഥമഗണനീയനായിരുന്നു എന്ന്‍ അർത്ഥം.

യോശുവ എന്ന യേശുവയുടെ എതിരാളികൾ (സാത്താന്മാർ).


സാത്താൻ എന്ന പദത്തിൻറെ അർത്ഥം എതിരാളി അല്ലെങ്കിൽ ശത്രു എന്നാണ്. എസ്രാ, നെഹെമ്യാവ് എന്നീ പുസ്തകങ്ങൾ ഭൂരിഭാഗവും അരാമ്യ ഭാഷയിൽ എഴുതപ്പെട്ടിരിക്കുന്നതിനാൽ പഴയനിയമത്തിലെ ഇതര പുസ്തകങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന അതേ പദപ്രയോഗങ്ങൾ നമുക്ക് പ്രതീക്ഷിക്കുവാൻ കഴിയില്ല.

എസ്രായുടെ കാലത്തെ യിസ്രായേല്യർക്ക് നേരിടേണ്ടിവന്ന ശത്രുക്കൾ നല്ല ഒന്നാന്തരം സാത്താന്മാരായിരുന്നു. ഈ സാത്താന്മാർ യേശുവയുമായി ഏറ്റുമുട്ടുന്നുണ്ട്.
എസ്രാ 4:1 പ്രവാസികള്‍ യിസ്രായേലിന്‍റെ ദൈവമായ യഹോവയ്ക്ക് മന്ദിരം പണിയുന്നു എന്ന് യെഹൂദയുടെയും ബെന്യാമീന്‍റെയും വൈരികള്‍ കേട്ടപ്പോള്‍:
എസ്രാ 4:2 അവര്‍ സെരുബ്ബാബേലിന്‍റെയും പിതൃഭവന തലവന്മാരുടെയും അടുത്തുവന്ന് അവരോട്: ഞങ്ങള്‍ നിങ്ങളോട് കൂടെ പണിയട്ടെ; നിങ്ങളുടെ ദൈവത്തെ നിങ്ങള്‍ എന്നപോലെ ഞങ്ങളും അന്വേഷിക്കുകയും ഞങ്ങള്‍ അവന്, ഞങ്ങളെ ഇവിടെ കൊണ്ടുവന്ന അശ്ശൂര്‍ രാജാവായ എസര്‍ഹദ്ദോന്‍റെ കാലം മുതല്‍ യാഗം കഴിക്കുകയും ചെയ്തുപോരുന്നു എന്ന് പറഞ്ഞു.
എസ്രാ 4:3 അതിന് സെരുബ്ബാബേലും യേശുവയും ശേഷം യിസ്രായേല്‍ പിതൃഭവന തലവന്മാരും അവരോട് ഞങ്ങളുടെ ദൈവത്തിന്‍റെ ആലയം പണിയുന്നതില്‍ നിങ്ങള്‍ക്ക് ഞങ്ങളുമായി കാര്യമൊന്നുമില്ല; പാര്‍സി രാജാവായ കോരെശ് രാജാവ് ഞങ്ങളോട് കല്‍പിച്ചത് പോലെ ഞങ്ങള്‍ യിസ്രായേലിന്‍റെ ദൈവമായ യഹോവയ്ക്കായി അത് പണിതുകൊള്ളാം എന്ന് പറഞ്ഞു.
എസ്രാ 4:4 ആകയാല്‍ ദേശവാസികള്‍ യെഹൂദാ ജനത്തിന് ധൈര്യക്ഷയം വരുത്തി പണിയാതെ ഇരിക്കുവാന്‍ അവരെ പേടിപ്പിച്ചു.
എസ്രാ 4:5 അവരുടെ ഉദ്ദേശ്യം നിഷ്ഫലമാക്കുവാന്‍ അവര്‍ പാര്‍സി രാജാവായ കോരെശിന്‍റെ കാലത്തെല്ലാം പാര്‍സി രാജാവായ ദാര്യാവേശിന്‍റെ വാഴ്ച വരെയും അവര്‍ക്ക് വിരോധമായി കാര്യസ്ഥരെ കൈക്കൂലി കൊടുത്ത്, വശത്താക്കി.
അഹശ്വേരോശ്, അര്‍ത്ഥഹ്ശഷ്ടാ എന്നീ രാജാക്കന്മാരുടെ കാലത്ത് യെഹൂദ്യർക്ക് വിരോധമായി രാജാക്കന്മാർക്ക് കത്തുകൾ എഴുതി ദേവാലയ നിർമ്മാണത്തിനെതിരെ സ്റ്റേ ഓർഡർ വാങ്ങിച്ചതിനെ പറ്റിയാണ് തുടർന്നുവരുന്ന വചനങ്ങൾ. ഈ കാലത്ത് പിശാചിൻറെ പണി ചെയ്തവരുടെ പേരുവിവരങ്ങളും നൽകിയിട്ടുണ്ട്: 
രെഹൂം, ശിംശായി, ദീന്യര്‍, അഫര്‍സത്യര്‍, തര്‍പ്പേല്യര്‍, അഫര്‍സ്യര്‍, അര്‍ക്കവ്യര്‍, ബാബേല്യര്‍, ശൂശന്യര്‍, ദേഹാവ്യര്‍, ഏലാമ്യര്‍, ശമര്യർ (എസ്രാ 4:9)
പോരേ സാത്താന്മാരുടെ പട‽ ഇവരിൽ ചിലരെങ്കിലും യിസ്രായേൽ വംശജരായിരുന്നിരിക്കാൻ സാദ്ധ്യതയുണ്ട് എന്നതാണ് ഏറ്റവും ദുഃഖകരം. ഇവരിൽ രെഹൂം (Rehum) എന്ന ആളുടെ പേര് യിസ്രായേല്യരുടെ പേരുകളുടെ കൂടെ കാണാം (എസ്രാ 2:2). നെഹെ 3:17ൽ ലേവ്യരുടെ പേരുകളുടെ കൂടെ ഇതേ പേര് കാണാം. രണ്ട് പേർക്ക് ഒരേ പേര് ഉണ്ടായിക്കൂടേ എന്ന് ചോദിക്കാം. ഒരു യിസ്രായേല്യൻറെ പേര് ഒരു അന്യജാതിക്കാരന് (നേരേ മറിച്ചും) ഉണ്ടാകുവാനുള്ള സാദ്ധ്യത കുറവല്ലേ?

ഇവരിൽ ദീന്യര്‍ എന്ന് എഴുതപ്പെട്ടിരിക്കുന്നവരെ പറ്റി വേദപുസ്തകത്തിൽ മറ്റെങ്ങും പരാമർശമില്ല. ഇവർ യാക്കോബിൻറെ മകളായിരുന്ന ദീനയുടെ വംശജർ ആയിരിക്കുവാനുള്ള സാദ്ധ്യതയുണ്ട്. ഇവരുടെ പേരിൻറെ പദോൽപത്തി സ്ട്രോങ്സ് നിഘണ്ടുവിൽ ഇല്ല. [സ്ട്രോങ്സ് ഹീബ്രൂ, ഗ്രീക്ക് ഭാഷകളുടെ നിഘണ്ടുവല്ല, King James Versionൽ (KJV) എങ്ങനെ പരിഭാഷപ്പെടുത്തിയിരിക്കുന്നു എന്നതിൻറെ പട്ടികയാണ്. KJVയിൽ തെറ്റായി പരിഭാഷപ്പെടുത്തിയിരിക്കുന്ന വാക്കുകളും അതേപടി സ്ട്രോങ്സിൽ കൊടുത്തിട്ടുണ്ട്.]
ദീനയും ദീന്യരുമായുള്ള ബന്ധം മനസ്സിലാക്കുവാൻ ഇവിടെ കൊടുത്തിരിക്കുന്ന പട്ടികയിലെ ക്രമം ശ്രദ്ധിക്കുക.
പൂർവികൻ ഹീബ്രൂ പേര് വംശജർ ഹീബ്രൂ പേര്
കോരഹ് H7141,  קֹרַח ko'-rakh,കോരഹ്  കോരഹ്യർ H7145 קָרְחִי, kor-khee', കോരഹീ
ലേവി H3878, לֵוִי, lay-vee', ലേവി ലേവ്യൻ/ർ H3881, לֵוִיִּי, lay-vee-ee', ലേവിയീ
ദീന H1783, דִּינָה, dee-naw', ദീന ദീന്യര്‍ H1784, דִּינַי, dee-nah'ee, ദീനാഹീ

പൂർവികൻറെ പേരിൻറെ അവസാനം ഈ (യീ) എന്ന സ്വരം ചേർത്താണ് അയാളുടെ വംശജരുടെ പേരുകൾ ഉണ്ടായിരിക്കുന്നത്.

യിസ്രായേൽ വംശജർ യിസ്രായേല്യർക്കിട്ട് പാരപണിയുമോ എന്ന് ചോദിച്ചേക്കാം. ശലോമോൻറെ കാലശേഷം യിസ്രായേൽ രാജ്യം യിസ്രായേലും യെഹൂദയുമായി പിരിഞ്ഞ കാലം മുതൽ നിരന്തരമായ ശത്രുതയല്ലേ യിസ്രായേൽ വെച്ചുപുലർത്തിയത്?

നെഹെമ്യാവിൻറെ നേതൃത്വത്തിൽ യെരൂശലേമിൻറെ പുനർനിർമ്മാണം നടന്നുകൊണ്ടിരുന്നപ്പോൾ ശത്രുക്കളെ ഭയന്ന് ഒരു കൈയ്യിൽ ആയുധങ്ങളും മറുകൈയ്യിൽ പണി ചെയ്യുവാനുള്ള ഉപകരണങ്ങളുമായി ജനങ്ങൾ പണിയിൽ വ്യാപൃതരായത് നമുക്കെല്ലാം സുപരിചിതമായ സംഭവമാണ്.
നെഹെ 4:11 ഞങ്ങളുടെ ശത്രുക്കള്‍ നാം അവരുടെ ഇടയില്‍ ചെന്ന്, അവരെ കൊന്ന്, പണി മുടക്കുന്നത് വരെ അവര്‍ ഒന്നും അറിയുകയും കാണുകയും അരുത് എന്ന് പറഞ്ഞു.
നെഹെ 4:13 അതുകൊണ്ട് ഞാന്‍ മതിലിന്‍റെ പിമ്പുറത്ത് പൊക്കം കുറഞ്ഞ സ്ഥലങ്ങളിലും തുറന്നുകിടക്കുന്ന സ്ഥലങ്ങളിലും ആളുകളെ ആക്കി ജനത്തെ കുടുംബം കുടുംബമായി വാളുകളോടും കുന്തങ്ങളോടും വില്ലുകളോടും കൂടെ നിറുത്തി.
നെഹെ 4:16 അന്ന് മുതല്‍ എന്‍റെ ഭൃത്യന്മാരില്‍ പാതിപേര്‍ വേലയ്ക്ക് നിന്ന് പാതിപേര്‍ കുന്തവും പരിചയും വില്ലും കവചവും ധരിച്ചു നിന്നു; മതില്‍ പണിയുന്ന എല്ലാ യെഹൂദരുടെയും പുറകില്‍ പ്രഭുക്കള്‍ നിന്നു;
നെഹെ 4:17 ചുമടെടുക്കുന്ന ചുമട്ടുകാര്‍ ഒരു കൈകൊണ്ട് വേല ചെയ്യുകയും മറ്റെ കൈകൊണ്ട് ആയുധം പിടിക്കുകയും ചെയ്തു.
നെഹെ 4:18 പണിയുന്നവര്‍ അരയില്‍ വാള്‍ കെട്ടിക്കൊണ്ട് പണിതു...
യിസ്രായേലിൻറെ ശത്രുക്കളുടെ ഒരു പട്ടികതന്നെ നെഹെമ്യാവ് നിരത്തുന്നുണ്ട്:
നെഹെ 4:7 യെരൂശലേമിന്‍റെ മതിലുകള്‍ അറ്റകുറ്റം തീര്‍ന്നുവരുന്നെന്നും ഇടിവുകള്‍ അടഞ്ഞ് തുടങ്ങിയെന്നും സന്‍ബല്ലാത്തും തോബീയാവും അരാബ്യരും അമ്മോന്യരും അസ്തോദ്യരും കേട്ടപ്പോള്‍ അവര്‍ക്ക് മഹാകോപം ജനിച്ചു.
എസ്രായുടേയും നെഹമ്യാവിൻറെയും കാലത്ത് യിസ്രായേല്യർ നേരിട്ട എതിർപ്പുകളെ വർണ്ണിക്കണമെങ്കിൽ അവരുടെ പുസ്തകങ്ങളുടെ പകുതിയെങ്കിലും ഇവിടെ ചേർക്കേണ്ടിവരും.

ഇത്രയും എതിർപ്പുകളുടെ നടുവിലും യിസ്രായേല്യർ ദേവാലയവും നഗരവും പുനസ്ഥാപിച്ചു.
എസ്രാ 6:15 ദാര്യാവേശ് രാജാവിൻറെ വാഴ്ചയുടെ ആറാം ആണ്ടിൽ ആദാർ മാസം മൂന്നാം തിയ്യതി ഈ ആലയം പണിതു തീർന്നു.
ഈ പണിതീർന്ന ആലയത്തിൽ നിയമപെട്ടകം, നിലവിളക്ക്, തിരശ്ശീലകൾ, പൌരോഹിത്യ വസ്ത്രങ്ങൾ മുതലായ സുപ്രധാനമായ വസ്തുക്കൾ ഇല്ലായിരുന്നു. ബാബേലിലേയ്ക്ക് കൊണ്ടുപോയ ദേവാലയത്തിലെ പാത്രങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്.

യോശുവയുടെ മലിന വസ്ത്രങ്ങൾ യിസ്രായേലിൻറെ ശോച്യാവസ്ഥയുടെ പ്രതീകം.


ഉപരിപ്ലവമായ വായനയിൽ സെഖ 3:1-2 യോശുവയെ പറ്റിയാണ് എന്ന് തോന്നും, പക്ഷേ, ഈ വേദഭാഗത്ത് യിസ്രായേലിനെ പരാമർശിക്കുന്നത് എന്തിനാണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? ആ വചനം ഒരിക്കൽക്കൂടെ മനസ്സിരുത്തി വായിക്കുക.
സെഖ 3:1 അനന്തരം അവന്‍ എനിക്ക് മഹാപുരോഹിതനായ യോശുവ, യഹോവയുടെ ദൂതന്‍റെ മുമ്പില്‍ നില്‍ക്കുന്നതും സാത്താന്‍ അവനെ കുറ്റം ചുമത്തുവാന്‍ അവന്‍റെ വലത് ഭാഗത്ത് നില്‍ക്കുന്നതും കാണിച്ചുതന്നു.
സെഖ 3:2 യഹോവ സാത്താനോട്: “സാത്താനേ, യഹോവ നിന്നെ ഭര്‍ത്സിക്കുന്നു; യെരൂശലേമിനെ തെരഞ്ഞെടുത്ത യഹോവ നിന്നെ ഭര്‍ത്സിക്കുന്നു; ഇത് (യെരൂശലേം, ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഹീബ്രൂ വാക്ക് സ്ട്രോങ്സ് നിഘണ്ടുവിൽ H2088 ആണ് ഈ വാക്കിന് ത്, വ, ഇത്, ഇവ, this, these, എന്നിങ്ങനെയാണ് അർത്ഥം.) തീയില്‍ നിന്നും വലിച്ചെടുക്കപ്പെട്ട കൊള്ളിയല്ലേ?” എന്ന് കല്‍പിച്ചു.
യോശുവ അലക്കി വൃത്തിയാക്കാത്ത വസ്ത്രങ്ങൾ ധരിച്ചുകൊണ്ടിരിക്കുവാൻ സാദ്ധ്യത കുറവാണ്. യെഹൂദ്യർ വൃത്തിയുടെ കാര്യത്തിൽ അതീവ ശ്രദ്ധാലുക്കളാണ്. സെഖ 3:2ൽ “തീയിൽ നിന്നും വലിച്ചെടുക്കപ്പെട്ട കൊള്ളിയല്ലയോ” എന്ന് യോശുവയെ പറ്റിയാണ് പറഞ്ഞിരിക്കുന്നതെങ്കിൽ അതിന് തക്കതായ കാരണം കാണിക്കുവാൻ കഴിയണം. ആ വാക്യത്തിലെ പ്രതിപാദ്യം യോശുവ അല്ല, യെരൂശലേമാണ്. കി.മു. ആറാം നൂറ്റാണ്ടിൽ നെബൂഖദ്നേസർ അഗ്നിക്കിരയാക്കിയ യെരൂശലേമിൻറെ അവശിഷ്ടമായിരുന്നില്ലേ എസ്രായുടെയും, നെഹെമ്യാവിൻറെയും, യോശുവയുടെയും കാലത്ത് ഉണ്ടായിരുന്നത്? ആ യെരൂശലേമിൻറെ ശോച്യാവസ്ഥയുടെ പ്രതീകമാണ് യോശുവയുടെ മലിനമായ വസ്ത്രങ്ങൾ. (“യെരൂശലേമിനെ തെരഞ്ഞെടുത്ത യഹോവ” എന്നത് യഹോയ്ക്കുള്ള വിശേഷണമല്ലേ എന്ന സംശയം ന്യായമാണ്. “സൈന്യങ്ങളുടെ യഹോവ”, “യിസ്രായേലിന്‍റെ ദൈവമായ യഹോവ”, “നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ” എന്നിങ്ങനെ പല തവണ, പല തരത്തിൽ യഹോവയെ വിശേഷിപ്പിച്ചിട്ടുണ്ട്, പക്ഷേ, വേറെ ഒരിടത്തും “യെരൂശലേമിനെ തെരഞ്ഞെടുത്ത യഹോവ” എന്ന വിശേഷണമില്ല; “യഹോവ യെരൂശലേമിനെ തെരഞ്ഞെടുത്തു” എന്നുണ്ട്, പക്ഷേ, അത് വിശേഷണമല്ലല്ലോ?)

യെരൂശലേമിൻറെ അപ്പോഴത്തെ അവസ്ഥയെ പറ്റി ഹഗ്ഗായിയുടെ പുസ്തകത്തിൽ നിന്നും:
ഹഗ്ഗാ 2:3 ഈ ആലയത്തിന് ആദ്യം ഉണ്ടായിരുന്ന പ്രൗഢി കണ്ടവരിൽ ആരെങ്കിലും നിങ്ങളുടെ ഇടയിൽ അവശേഷിക്കുന്നുണ്ടോ? ഇപ്പോൾ കണ്ടിട്ട് നിങ്ങൾക്ക് എന്ത് തോന്നുന്നു? ഇത് ഒന്നുമല്ല (നിസ്സാരം) എന്ന് തോന്നുന്നില്ലേ?
തുടർന്നുവരുന്ന വചനങ്ങളിൽ പൂർണ്ണശക്തിയോടെ ജോലി ചെയ്യുവാൻ ആഹ്വാനം ചെയ്യുകയും, അവിടത്തെ ആത്മാവ് അവരോട് കൂടെ ഉണ്ടായിരിക്കും എന്ന് വാഗ്ദാനം ചെയ്യുന്നുമുണ്ട്. അതുകഴിഞ്ഞ് വളരെ ശ്രദ്ധേയമായ ചില കാര്യങ്ങൾ പറയുന്നുണ്ട്:
ഹഗ്ഗാ 2:7 ... ഞാൻ ഈ ആലയത്തെ മഹത്വപൂർണമാക്കും...
ഹഗ്ഗാ 2:9 ഈ ആലയത്തിൻറെ പിന്നീടുള്ള മഹത്വം മുമ്പുണ്ടായിരുന്നതിനേക്കാൾ മഹത്തരമായിരിക്കും...
ജാതികളുടെ അമൂല്യമായ വെള്ളിയും സ്വർണ്ണവും ആലയത്തിലേക്ക് വരുന്നതിനെ പറ്റി പരാമർശിക്കുന്നുണ്ട്. എസ്രായുടെ പുസ്തകത്തിൽ ബാബിലോണിൻറെ (ബാബേലിൻറെ) പ്രവശ്യകളിൽ ഉണ്ടായിരുന്നത്രയും സ്വർണ്ണവും വെള്ളിയും യെരൂശലേം ദേവാലയത്തിലേക്ക് സംഭാവന ചെയ്തതിനെ പറ്റി പരാമർശിക്കുന്നുണ്ട്.
എസ്രാ 7:14-16... രാജാവും അവൻറെ മന്ത്രിമാരും യെരൂശലേമിൽ അധിവസിക്കുന്ന യിസ്രായേലിൻറെ ദൈവത്തിന് ഔദാര്യമായി കൊടുത്തിരിക്കുന്ന വെള്ളിയും പൊന്നും, ബാബേൽ സംസ്ഥാനത്ത് നിന്നെല്ലാം നിനക്ക് ലഭിക്കുന്ന വെള്ളിയും പൊന്നും എല്ലാം യെരൂശലേമിൽ തങ്ങളുടെ ദൈവത്തിൻറെ ആലയം വകയിൽ ജനവും പുരോഹിതരും തരുന്ന ഔദാര്യ ദാനങ്ങളോട് കൂടെ കൊണ്ടുപോകുവാനും രാജാവും അവൻറെ 7 മന്ത്രിമാരും നിന്നെ അയയ്ക്കുന്നു.
ഒരുപക്ഷേ ശലോമോൻറെ കാലത്ത് ഉണ്ടായിരുന്നത്രയും സ്വർണ്ണവും വെള്ളിയും എസ്രാ-നെഹെമ്യാവുമാരുടെ കാലത്ത് ഇല്ലായിരുന്നിരിക്കാം, എങ്കിലും, നിയമപെട്ടകം, ധൂപപീഠം മുതലായവ ഇല്ലായിരുന്നെങ്കിലും യഹോവ ആ ആലയത്തെ മഹത്വപൂർണമാക്കി. (ഹഗ്ഗാ 2:7, 9).

ഇതാണ് യോശുവയുടെ മലിനമായ വസ്ത്രങ്ങളെ മഹനീയമാക്കുന്നതിൻറെ പ്രതീകാത്മകത.

മോശെയുടെ മൃതശരീരത്തിൻറെ പ്രസക്തി.


പല പണ്ഡിതന്മാരുടെയും അഭിപ്രായത്തിൽ സഭ എങ്ങനെ ക്രിസ്തുവിൻറെ ശരീരമാണോ അതേപോലെ യെഹൂദ്യർ മോശെയുടെ ശരീരമാണെന്നാണ്. അത്തരം വാദഗതികൾ യുക്തിയുക്തമാണെങ്കിലും, അവയെ സമർത്ഥിക്കുവാൻ വേദവചനങ്ങൾ ഒന്നുമില്ല.

1971 മുതൽ 1996 വരെ വടകരയിൽ നിന്നുള്ള പാർലമെൻറ് അംഗമായിരുന്ന ശ്രീ കെ.പി.ഉണ്ണികൃഷ്ണൻ, 1996ൽ ഓ.ഭരതനോട് തോറ്റപ്പോൾ 1996ലെ തെരഞ്ഞെടുപ്പ് ഉണ്ണികൃഷ്ണൻറെ വാട്ടർലൂവായിരുന്നു എന്ന് പറഞ്ഞാൽ, വാട്ടർലൂ എന്ന സ്ഥലത്ത് എങ്ങനെ നെപ്പോളിയന് പരാജയം നേരിട്ടോ അതുപോലെ 1996ലെ തെരഞ്ഞെടുപ്പിൽ ഉണ്ണികൃഷ്ണന് പരാജയം നേരിട്ടു എന്നല്ലേ അർത്ഥം? ഇവിടെ വാട്ടർലൂ പരാജയത്തിൻറെ പ്രതീകമാണ്.

വേദപുസ്തകത്തിൽ ഇതുപോലെ പ്രതീകമായി ഉപയോഗിച്ചിരിക്കുന്ന ഒരു സ്ഥലമാണ് ശീലോ:
യിരെ 26:9 ഈ ആലയം ശീലോവിന് തുല്യമാകും, ഈ നഗരം നിവാസികള്‍ ഇല്ലാതെ ശൂന്യമാകും എന്ന് നീ യഹോവയുടെ നാമത്തില്‍ പ്രവചിച്ചത് എന്തുകൊണ്ട് എന്ന് പറഞ്ഞ്, ജനമൊക്കെയും യഹോവയുടെ ആലയത്തില്‍ യിരെമ്യാവിന്‍റെ അടുത്തുവന്ന് കൂടി. (ശീലോവിൽ എന്ത് സംഭവിച്ചു എന്ന് വേദപുസ്തകത്തിൽ വിശദമായി എഴുതിയിട്ടില്ല - ശീലോ എങ്ങനെയോ നാശമായി എന്ന് യിരെ 7:12ൽ സൂചിപ്പിക്കുന്നത് ഒഴികെ.)
പേരില്ലാത്ത ഒരു സ്ഥലത്തെ പറ്റി നാം എങ്ങനെയാണ് മറ്റുള്ളവരെ പറഞ്ഞുമനസ്സിലാക്കുന്നത്? അവിടെയുള്ള ഏതെങ്കിലും മരം, അല്ലെങ്കിൽ അവിടെ നടന്ന ഏതെങ്കിലും സംഭവം മുതലായവയെ പരാമർശിച്ചുകൊണ്ടായിരിക്കും. “എടാ, നമ്മൾ പഞ്ചായത്തോഫീസിൻറെ അവിടന്ന് വരുമ്പോൾ ഇടത്തുവശത്ത് ആ വലിയ ആഞ്ഞിലി മരം നിൽക്കുന്നിടത്ത്”, അല്ലെങ്കിൽ, “എടീ, ഇന്നാള് നമ്മള് പള്ളീന്ന് വരുമ്പം നമ്മടെ പാപ്പച്ചൻ ജോസുകുട്ടിയുമായി തല്ലുകൂടുന്നത് കണ്ടിടത്ത്” എന്നൊക്കെ പറയാറില്ലേ? അതുപോലെ, എസ്രാ-നെഹെമ്യാവുമാരുടെ കാലത്ത് ഉണ്ടായിരുന്ന യെഹൂദ്യരുടെ ശത്രുക്കളിൽ ആർക്കെങ്കിലും മോശെയുടെ മൃതശരീരം മറവുചെയ്ത സ്ഥലവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യം പറഞ്ഞ് യെഹൂദ്യരെ അപഹസിക്കണമെങ്കിൽ “മോശെയുടെ മൃതശരീരം അടക്കിയിടത്ത്” എന്ന് ആ സ്ഥലത്തെ പറ്റി പരാമർശിക്കാം.

എന്തെല്ലാം തടസ്സങ്ങൾ ഉണ്ടായാലും ദേവാലയം പുനർനിർമ്മിക്കപ്പെടും എന്ന് മനസ്സിലാക്കിയ ശത്രുക്കൾ യെഹൂദ്യരെ അപഹസിക്കുവാൻ: “നീയൊക്കെ ദേവാലയം കെട്ടിയിട്ടെന്ത് പ്രയോജനം? നിയമപെട്ടകവും, ധൂപപീഠവും പൌരോഹിത്യ വസ്ത്രങ്ങളുമില്ലാതെ എന്ത് ദേവാലയം?” എന്ന തരത്തിൽ ചോദിച്ചിരിക്കില്ലേ? പൌരോഹിത്യ വസ്ത്രങ്ങളേക്കാൾ അധികം പ്രാധാന്യമുള്ളത് പുരോഹിതൻറെ ന്യായവിധി പതക്കത്തിന് ഉള്ളിലുള്ള ഊറീം തുമ്മീം എന്ന വസ്തുക്കളാണ് (പുറ 28:30 - ഇവ എന്താണെന്ന് ആർക്കും അത്ര പിടിപാടില്ല.) ഇവ ഉപയോഗിച്ചാണ് യഹോവയുടെ തീരുമാനങ്ങൾ അറിഞ്ഞിരുന്നത്. ഊറീമും തുമ്മീമും എസ്രാ-നെഹെമ്യാവുമാരുടെ കാലത്ത് ഇല്ലായിരുന്നു - എസ്രാ 2:63; നെഹെ 7:65.

2 മക്കബായര്‍ എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് ശരിയാണെങ്കിൽ മോശെയുടെ ശവശരീരം മറവുചെയ്ത സ്ഥലത്തോ, അതിനടുത്തോ ആണ് നിയമപെട്ടകവും, ധൂപപീഠവും യിരെമ്യാവ് ഒളിപ്പിച്ചത്. അങ്ങനെയാണെങ്കിൽ യെഹൂദ്യരുടെ ശത്രുക്കൾ പേരറിയാത്ത ആ സ്ഥലത്തെ സൂചിപ്പിക്കാനാവാം മോശെയുടെ മൃതദേഹത്തെ പറ്റി പരാമർശിച്ചത്.

എസ്രാ-നെഹെമ്യാവുമാരുടെ കാലത്ത് ഉണ്ടായിരുന്ന യെഹൂദ്യരുടെ ശത്രുക്കളിൽ ചിലർ യിസ്രായേൽ വംശജരായിരുന്നെങ്കിൽ അവർ ഒരുപക്ഷേ യിരെമ്യാവിൻറെ കാലത്ത് നിയമപെട്ടകവും ധൂപപീഠവും ചുമക്കുവാൻ പോയവരുടെ പിന്മുറക്കാർ ആയിരിക്കാം. സമാഗമകൂടാരത്തിലെ ഉരുപ്പടികൾ (നിയമപെട്ടകം. ധൂപപീഠം) മുതലായവ ചുമക്കുവാനുള്ള അവകാശം ലേവ്യർക്ക് ആയിരുന്നു എന്നതും എസ്രാ 4:9ൽ പരാമർശിച്ചിരിക്കുന്ന രെഹൂമിൻറെ പേര് നെഹെ 3:17ൽ ലേവ്യരുടെ പേരുകളുടെ കൂടെ ഉണ്ടായിരുന്നു എന്നതും ചേർത്ത് വായിക്കുമ്പോൾ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത കൈവരുന്നില്ലേ?

ഈ ലേഖനം ഈ വിഷയത്തിലെ അവസാനവാക്കല്ല. സർവശക്തനായ ദൈവത്തിനോട് മത്സരിക്കുവാൻ പ്രാപ്തരായ ആരുമില്ല എന്ന് ഉറച്ചുവിശ്വസിക്കുന്ന ഒരു ഭക്തൻറെ ചിന്തകളാണ്. സാത്താനെ പറ്റിയുള്ള ബാക്കി പരാമർശങ്ങൾ ഭാഷാപ്രയോഗങ്ങളാണെന്ന് വ്യക്തമായി തെളിയിച്ചിട്ടുള്ള സ്ഥിതിക്ക് യൂദാ 1:9ലും ഒരു ഭാഷാപ്രയോഗമായിരിക്കുവാനുള്ള സാദ്ധ്യത തള്ളിക്കളയുവാൻ കഴിയില്ല.
ക്രിസ്തുവിൽ, 
ടോംസാൻ കട്ടക്കൽ

No comments:

Post a Comment