Monday, August 8, 2016

ദൈവരാജ്യം എന്താണ്?

ക്രിസ്തുവിൽ പ്രിയരേ,

ഈ ലേഖനം വായിക്കുന്നതിന് മുമ്പ് “ദൈവരാജ്യം എപ്പോൾ” എന്ന ലേഖനം വായിക്കുന്നത് നന്നായിരിക്കും.

ഫേസ്‍ബുക്ക്, ഗൂഗിൾ പ്ലസ് മുതലായ സാമൂഹ്യമാധ്യമങ്ങളിൽ ദൈവശാസ്ത്ര ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്ന പലരും ഇന്നിന്ന പാപങ്ങൾ ചെയ്യുന്നവർ ദൈവരാജ്യത്തിൽ പ്രവേശിക്കില്ല എന്ന് വാദിക്കുന്നത് കാണാം. അത്തരക്കാരോട് ദൈവരാജ്യം എന്താണ് എന്ന് ചോദിച്ചാൽ ആദ്യത്തെ ഉത്തരം സ്വർഗ്ഗം എന്ന് ആയിരിക്കും. ദൈവരാജ്യം സ്വർഗ്ഗമാണ് എന്ന് തെളിയിക്കുന്ന വചനം ഏത് എന്ന് ചോദിച്ചാൽ ഒന്നുകിൽ ഏതെങ്കിലും അപ്രസക്തമായ വചനം തരും, അല്ലെങ്കിൽ ചീത്തവിളി തുടങ്ങും. ഈയിടെ ഒരു സഹോദരനോട് നിങ്ങൾ ദൈവത്തിൻറെ പക്ഷത്താണെങ്കിൽ വചനം തരുവാൻ നിർബന്ധിച്ചപ്പോൾ, 3-4 മണിക്കൂർ കഴിഞ്ഞ് ഒരു വചനം തന്നു:
റോമ 14:17 ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവില്‍ സന്തോഷവും ആണ്.
ആ സഹോദരനെ കുറ്റം പറയുവാൻ പാടില്ല, കാരണം, പലർക്കും ഈ വചനത്തിലെ “അല്ലാത്ത” ഭാഗം നീക്കിയാൽ ദൈവരാജ്യത്തിൻറെ നിർവചനം ലഭിക്കും എന്ന് അറിയില്ല. ഈ അടുത്ത കാലം വരെ ഞാനും ഇതേ നിർവചനമാണ് നൽകിയിരുന്നത്.

എൻറെ വാദഗതി ശക്തിപ്പെടുത്തുവാൻ ഉപയോഗിച്ചിരുന്ന മറ്റൊരു വചനമാണ്:
1കൊരി 4:20 ദൈവരാജ്യം വചനത്തിലല്ല ശക്തിയിലാണ്.
ഇനിയും വളരെയധികം വാദഗതികൾ ഉണ്ട്, അവയെല്ലാം ആവർത്തിക്കുന്നത് പ്രയോജനരഹിതമാണ്.

പരീശരുടെ ഉള്ളിലെ ദൈവരാജ്യം!


വേദപണ്ഡിതന്മാർക്ക് ആശയക്കുഴപ്പം ഉണ്ടാക്കിയ ഒരു വചനം പണ്ഡിതനല്ലാത്ത എനിക്ക് ആശയക്കുഴപ്പം ഉണ്ടാക്കിയതിൽ അതിശയമില്ലല്ലോ?
ലൂക്കാ 17:21 ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറയുകയും ഇല്ല; ദൈവരാജ്യം നിങ്ങളുടെ ഉള്ളിലാണ്G1787... (ഇടയിൽ എന്നത് തെറ്റായ പരിഭാഷയാണ്.)
Luk 17:21 Neither shall they say, Lo here! or, lo there! for, behold, the kingdom of God is withinG1787 you.
യേശു പരീശരോടാണ് സംസാരിച്ചുകൊണ്ടിരുന്നത് എന്നതിനാൽ ദൈവരാജ്യം എങ്ങനെയാണ് അവരുടെ ഉള്ളിൽ ഉണ്ടാകുക എന്നതായി വേദപണ്ഡിതന്മാരെ കുഴക്കുന്ന പ്രശ്നം. അതിന് അവർ കണ്ടുപിടിച്ച പ്രതിവിധിയാണ് ദൈവരാജ്യം യേശു ആണെന്നും, യേശു അവരുടെ ഇടയിൽ നിൽക്കുന്നതിനാലാണ് അങ്ങനെ പറഞ്ഞത് എന്നും സമർത്ഥിച്ച് “ഉള്ളിൽ” (within) എന്നതിന് പകരം “ഇടയിൽ” (among) എന്നാക്കി. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക് (ἐντός, G1787, എൻറോസ്) ഉപയോഗിക്കപ്പെട്ടിരിക്കുന്ന വേറെ ഒരേയൊരു വചനമേയുള്ളൂ: മത്താ 23:26. ആ വചനത്തിൽ പാത്രങ്ങളുടെ പുറംഭാഗം മാത്രം വൃത്തിയാക്കുന്ന പരീശരോട് അവയുടെ “ഉൾഭാഗം” വൃത്തിയാക്കുവാനാണോ “ഇടയിൽ” വൃത്തിയാക്കുവാനാണോ യേശു ആവശ്യപ്പെട്ടത് എന്ന് ചിന്തിച്ചാൽ വേദപണ്ഡിതന്മാരുടെയും പരിഭാഷകരുടെയും മൌഡ്യത്തിൻറെ ആഴം മനസ്സിലാകും.
മത്താ 23:26 കുരുടനായ പരീശനെ, കിണ്ടി, കിണ്ണങ്ങളുടെ പുറം വെടിപ്പാക്കുവാന്‍ മുമ്പ് അവയുടെ അകംG1787 വെടിപ്പാക്കുക.
Mat 23:26 Thou blind Pharisee, cleanse first that which is withinG1787 the cup and platter, that the outside of them may be clean also.
നിങ്ങൾ യശഃശരീരനായ തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാളിൻറെ അനന്തരാവകാശികളിൽ ആരുമല്ലെങ്കിൽ ഞാൻ നിങ്ങളോട് നിങ്ങളുടെ പേരിലുള്ള തിരുവന്തപുരത്തെ കവടിയാർ കൊട്ടാരം നിങ്ങളിൽ നിന്നും പിടിച്ചെടുത്ത് എൻറെ മരുമകന് കൊടുക്കും എന്ന് പറഞ്ഞാൽ നിങ്ങൾ എന്ത് മനസ്സിലാക്കും? ഒന്നുകിൽ എനിക്ക് വട്ടാണ്, അല്ലെങ്കിൽ രാവിലെ രണ്ടണ്ണം വീശിയിട്ടുണ്ട് എന്ന് കരുതും, അല്ലേ?

ഇപ്പോൾ യേശു മഹാപുരോഹിതന്മാരോടും പരീശരോടും പറഞ്ഞ ഈ വാക്കുകൾ ശ്രദ്ധിക്കുക:
മത്താ 21:43 ദൈവരാജ്യം നിങ്ങളുടെ പക്കല്‍ നിന്നും എടുത്ത് അതിന്‍റെ ഫലം പുറപ്പെടുവിക്കുന്ന ഒരു ജാതിക്ക് കൊടുക്കപ്പെടും...
Mat 21:43 ... The kingdom of God shall be taken from you, and given to a nation bringing forth the fruits thereof.
അവരുടെ ഉള്ളിൽ ദൈവരാജ്യം ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നവർക്ക് അത് അവരിൽ നിന്നും എടുത്ത് മറ്റൊരു ജാതിക്ക് കൊടുക്കപ്പെടും എന്ന പ്രസ്താവനയിൽ പന്തികേടുകൾ ഒന്നും തോന്നിയില്ല. വേദപണ്ഡിതന്മാർക്ക് പരസ്പരം പൊരുത്തമുള്ള ഒരു വ്യാഖ്യാനം തരുവാൻ കഴിയാത്ത മറ്റൊരു വചനമാണിത്. ചിലർ സഭ അവരുടെ കൈവശമാണ് ഉണ്ടായിരുന്നത് അത് ഇതരർക്ക് കൊടുക്കപ്പെടും എന്ന് വാദിക്കുമ്പോൾ, മറ്റുചിലർ കൃപ അവരിൽ നിന്നും എടുത്ത് ഇതരർക്ക് കൊടുക്കപ്പെടും എന്ന് വാദിക്കുന്നു. വേറൊരു വാദമുഖം അവർക്ക് ദൈവമക്കൾ എന്ന നിലയിൽ ഉണ്ടായിരുന്ന സവിശേഷ അവകാശങ്ങൾ അവരിൽ നിന്നും എടുത്ത് ഇതരർക്ക് കൊടുക്കപ്പെടും എന്നാണ്. അവർക്ക്‍ കൃപ എവിടെ നിന്നും ലഭിച്ചു? സഭ എപ്പോഴാണ് അവരുടെ കൈവശം ഉണ്ടായിരുന്നത്? അവർക്ക് എന്ത് സവിശേഷ അവകാശങ്ങളാണ് ഉണ്ടായിരുന്നത്? ഇവയെല്ലാം ഉത്തരമില്ലാത്ത ചോദ്യങ്ങളാണ്. ഏതായാലും ഈ വചനം ഭൌതികമായ ഒരു രാജ്യത്തെ പറ്റിയല്ല, കാരണം, യേശു ഇത് പറയുമ്പോൾ ഇസ്രായേല്യർക്ക് സ്വന്തമായി ഒരു രാജ്യം ഇല്ലായിരുന്നു. അവർ റോമാ സാമ്രാജ്യത്തിൻറെ അധിപതിയായ സീസറിന് കപ്പം കെട്ടുന്നവരായിരുന്നു: (മത്താ 22:17)

റോമ 14:17ൽ  പറയപ്പെട്ടിരിക്കുന്നത് പോലെ ദൈവരാജ്യം നീതിയും സമാധാനവും പരിശുദ്ധാത്മാവില്‍ സന്തോഷവും ആണെങ്കിൽ അത് എങ്ങനെ മഹാപുരോഹിതന്മാരിലും പരീശരിലും നിന്നും എടുത്ത് ഇതരർക്ക് കൊടുക്കുവാൻ കഴിയും? യേശുവിൻറെ ശുശ്രൂഷയുടെ കാലത്ത് യെഹൂദ്യ മതമേധാവികൾ ആസനത്തിൽ നിശറ് (മിശിറ്) കടിച്ചത് പോലെ പരക്കം പായുന്നതല്ലാതെ അവർക്ക് സന്തോഷമോ, സമാധാനമോ ഉണ്ടായിരുന്നതായി കേട്ടുകേൾവി പോലുമില്ല.

അബ്രാഹാമിൻറെ മക്കൾ, ദൈവത്തിൻറെ മക്കൾ.


യെഹൂദ്യരുടെ (യിസ്രായേല്യരുടെ) എക്കാലത്തെയും ഏറ്റവും വലിയ അഭിമാനം അവർ ദൈവത്തിൻറെയും അബ്രാഹാമിൻറെയും മക്കളാണ് എന്നതായിരുന്നു. അവർ അത് ഗർവത്തോടെ പ്രദർശിപ്പിച്ചിട്ടുമുണ്ട്. പക്ഷേ, പുതിയനിയമം ആരംഭിക്കുന്നതുതന്നെ ആ ഗർവത്തോടുള്ള ശക്തമായ വെല്ലുവിളി ഉയർത്തിക്കൊണ്ടാണ്. യോഹന്നാന്‍ സ്നാപകന്‍ പരീശരോടും സദൂക്യരോടും പറഞ്ഞത് ശ്രദ്ധിക്കുക:
അബ്രാഹം ഞങ്ങള്‍ക്ക് പിതാവായി ഉണ്ട് എന്ന് ഉള്ളത്തില്‍ പറയുവാന്‍ തുനിയരുത്; ഈ കല്ലുകളില്‍ നിന്നും അബ്രാഹമിന് മക്കളെ ഉളവാക്കുവാന്‍ ദൈവത്തിന് കഴിയും എന്ന് ഞാന്‍ നിങ്ങളോട് പറയുന്നു. (മത്താ 3:9)
നിനക്കൊക്കെ ഈ കല്ലിൻറെ വിലയേയുള്ളൂ, ഏറെ ഞെളിയേണ്ട, എന്ന് മലയാളം.
മത്താ 8:11 കിഴക്ക് നിന്നും പടിഞ്ഞാറ് നിന്നും അനേകര്‍ വന്ന്, അബ്രാഹമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വര്‍ഗരാജ്യത്തില്‍ പന്തിയിരിക്കും.
സന്ദർഭത്തിൽ നിന്നും അന്യജാതികളെ പറ്റിയാണ് ചർച്ച എന്നത് വ്യക്തമല്ലേ? പിതാവിനോട് കൂടെ പന്തിയിരിക്കുന്നവർ മക്കളോ, കുടുംബാംഗങ്ങളോ, സുഹൃത്തുക്കളോ ആണ്.
മത്താ 8:12 രാജ്യത്തിന്‍റെ പുത്രന്മാരെ ഏറ്റവും പുറത്തുള്ള ഇരുളിലേക്ക് തള്ളിക്കളയും; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും എന്ന് ഞാന്‍ നിങ്ങളോട് പറയുന്നു.
അനേകർ വന്ന് അബ്രഹാമിനോട് കൂടെ പന്തിയിരിക്കേണ്ടതും, രാജ്യത്തിൻറെ പുത്രന്മാർ (അനന്തരാവകാശികൾ) ആരായിരുന്നാലും അവർ തിരസ്കരിക്കപ്പെടേണ്ടതും ഒരേ സമയത്തല്ലേ? ഈ സന്ദർഭത്തിൽ ആരാണ് രാജ്യത്തിന്‍റെ പുത്രന്മാർ?
യേശു മഹാപുരോഹിതരോടും പരീശരോടും പറഞ്ഞത് ശ്രദ്ധിക്കുക:
ദൈവരാജ്യം നിങ്ങളുടെ പക്കല്‍ നിന്നും എടുത്ത് അതിന്‍റെ ഫലം കൊടുക്കുന്ന ജാതിക്ക് കൊടുക്കും എന്ന് ഞാന്‍ നിങ്ങളോട് പറയുന്നു. (മത്താ 21:43)
അതായത്, ദൈവരാജ്യം അവരുടെ പക്കൽ ഉണ്ടായിരുന്നു, അവരായിരുന്നു രാജ്യത്തിന്‍റെ പുത്രന്മാർ. അതാണ് അവരിൽ നിന്നും എടുത്ത് കൂടുതൽ ഫലം നൽകുന്ന ജാതിക്ക് നൽകപ്പെടേണ്ടത്. (യേശു ഈ കാര്യം അവരോട് പറഞ്ഞത് മുന്തരിത്തോട്ടത്തിൻറെ അനന്തരാവകാശിയെ കൊന്നുകളഞ്ഞ അവിശ്വസ്തരായ പാട്ടക്കാരുടെ ഉപമ പറഞ്ഞതിന് ശേഷമാണ് എന്നത് ശ്രദ്ധിക്കുക.) ദൈവരാജ്യം അവരിൽ നിന്നും എടുത്ത് ആർക്കെങ്കിലും കൊടുത്തോ? കൊടുത്തു, നിങ്ങൾക്ക്, എനിക്ക്:
കൊലൊ 1:13 നമ്മെ ഇരുട്ടിന്‍റെ അധികാരത്തില്‍ നിന്നും വിടുവിച്ച് (ഭൂതകാലം) തന്‍റെ സ്നേഹസ്വരൂപനായ പുത്രന്‍റെ രാജ്യത്തില്‍ ആക്കിവെക്കുകയും (ഭൂതകാലം) ചെയ്ത പിതാവിന് സന്തോഷത്തോടെ സ്തോത്രം.
Col 1:13 He has delivered (past tense) us from the domain of darkness and transferred (past tense) us to the kingdom of his beloved Son,
അന്ന് യെഹൂദ്യരായിരുന്നു അബ്രഹാമിൻറെ മക്കൾ എങ്കിൽ ഇപ്പോൾ വിശ്വാസികൾ എല്ലാവരും അബ്രഹാമിൻറെ മക്കളാണ്. അദ്ദേഹത്തിൻറെ മടിയിൽ ഇരിക്കുന്നവരോ, അദ്ദേഹത്തോടൊപ്പം പന്തിയിരിക്കുന്നവരോ ആണ്.
ഗലാ 3:29 ക്രിസ്തുവിനുള്ളവര്‍ എങ്കിൽ നിങ്ങള്‍ അബ്രാഹമിന്‍റെ സന്തതിയും വാഗ്ദത്ത പ്രകാരം അവകാശികളും ആകുന്നു.
ഗലാ 3:7 അതുകൊണ്ട് വിശ്വാസികള്‍ ആണ് അബ്രാഹമിന്‍റെ മക്കള്‍ എന്ന് അറിയുവിന്‍.
ഒരു കാലത്ത് യെഹൂദ്യർ അബ്രാഹാം തങ്ങളുടെ പിതാവാണ് എന്ന് അഹങ്കരിച്ചിരുന്നു:
യോഹ 8:39 അവര്‍ അവിടത്തോട്: “അബ്രാഹമാണ് ഞങ്ങളുടെ പിതാവ്” എന്ന് ഉത്തരം പറഞ്ഞു...
അവരുടെ അഹങ്കാരം കാണുന്നത് അടുത്ത വചനത്തിലാണ്:
യോഹ 8:41 അവര്‍ അവിടത്തോട്: “ഞങ്ങള്‍ പരസംഗത്താല്‍ ജനിച്ചവരല്ല; ഞങ്ങള്‍ക്ക് ഒരു പിതാവേ ഉള്ളു; അത് ദൈവമാണ്” എന്ന് പറഞ്ഞു.
യേശു അവർ അബ്രാഹാമിൻറെ കൃത്യങ്ങളെയല്ല അനുകരിക്കുന്നത് എന്ന് പറഞ്ഞതിനാണ് അവർ “ഞങ്ങൾ പരസംഗത്താല്‍ ജനിച്ചവരല്ല” എന്ന് പറഞ്ഞത്. യേശു അങ്ങനെ ജനിച്ചതാണ് എന്നാണ് അവർ വ്യംഗ്യമായ ഭാഷയിൽ പറഞ്ഞത്. (ഇതിന് മറുപടിയായാണ് അവർ പിശാചിൻറെ മക്കളാണെന്ന് യേശു പറഞ്ഞത്.)

ദൈവം യിസ്രായേല്യരുടെ പിതാവായിരുന്നു, അവർ ദൈവത്തിന് വിശിഷ്ട ജനവും ആയിരുന്നു എന്നെല്ലാം പഴയനിയമത്തിൽ പലതവണ ആവർത്തിച്ചിട്ടുള്ള കാര്യങ്ങളാണ്. ഇതരർക്ക് യെഹൂദ്യ മതം സ്വീകരിക്കുവാനുള്ള അനുമതി ഉണ്ടായിരുന്നെങ്കിലും, സാധാരണയായി, അബ്രാഹാമിൻറെ ജീവശാസ്ത്രപരമായ മക്കൾക്കായിരുന്നു യിസ്രായേല്യരും, ദൈവപുത്രരും ആകുവാനുള്ള അവകാശം ഉണ്ടായിരുന്നത്. അതായത്, അവർ ദൈവപുത്രന്മാരായത് ജീവശാസ്ത്രപരമായ കാരണങ്ങളാലാണ്. നാം ദൈവപുത്രന്മാരായതിന് പുറകിൽ ജീവശാസ്ത്രപരമായ കാരണങ്ങളില്ല.
യോഹ 1:12 അവിടത്തെ കൈക്കൊണ്ട് അവിടത്തെ നാമത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവിടന്ന് അധികാരം കൊടുത്തു.
യോഹ 1:13 അവര്‍ രക്തത്തില്‍ നിന്നും അല്ല, മാംസത്തിന്‍റെ ഇഷ്ടത്താല്‍ അല്ല, പുരുഷന്‍റെ ഇഷ്ടത്താലുമല്ല, ദൈവത്തില്‍ നിന്നാണ് ജനിച്ചത്.
യേശുവിൻറെ നാമത്തിൽ വിശ്വസിക്കുന്നവർ ദൈവമക്കളാകുന്നത് അവരെ ജീവശാസ്ത്രപരമായി ജനിപ്പിച്ച അവരുടെ മാതാപിതാക്കളുടെ അഭിലാഷത്താൽ അല്ല, പ്രത്യുത, ദൈവത്തിൽ നിന്നുമാണ്. ജീവശാസ്ത്രപരമായ ജനനത്തിൻറെ പ്രസക്തി അവസാനിച്ചു.

അബ്രാഹാമിൻറെ മക്കൾ ആകുവാനും, ദൈവത്തിൻറെ മക്കൾ ആകുവാനുമുള്ള അവകാശം വിശ്വാസത്തിലൂടെ നമുക്ക് ലഭിച്ചപ്പോൾ യെഹൂദ്യർക്ക് പുത്രത്വം നഷ്ടപ്പെട്ടു. അവരിൽ നിന്ന് എടുക്കപ്പെട്ടതും നമുക്ക് നൽകപ്പെട്ടതും പുത്രത്വമാണ്. അതായത്, ദൈവരാജ്യം നമ്മുടെ പുത്രത്വമാണ്.

(പുത്രത്വം എടുക്കുവാനും കൊടുക്കുവാനും കഴിയുമോ എന്നത് പ്രസക്തമായ ചോദ്യമാണ്. യിസ്രായേല്യർ യഹോവയുടെ അക്ഷരാർത്ഥത്തിലുള്ള ഭാര്യ അല്ലാതിരുന്നിട്ടും ഉപേക്ഷണപത്രം (bill of divorce) നൽകിയതിനെ പറ്റി ചിന്തിക്കുക.)

യേശുവും നമ്മളും.


യേശു ദൈവത്തോട് സമാനനാണെന്ന് അവകാശപ്പെട്ടു എന്ന് ആരോപിച്ച് അവിടത്തെ കല്ലെറിയുവാൻ പരിപാടിയിട്ട യെഹൂദ്യരോട് യേശു പറയുന്നത് ശ്രദ്ധിക്കുക:
യോഹ 10:34 യേശു അവരോട്: നിങ്ങള്‍ ദൈവങ്ങളാണ് എന്ന് ഞാന്‍ പറഞ്ഞു എന്ന് നിങ്ങളുടെ ന്യായപ്രമാണത്തില്‍ എഴുതിയിട്ടില്ലേ?
Joh 10:34 Jesus answered them, Is it not written in your law, I said, Ye are gods?
യോഹ 10:35 ദൈവത്തിന്‍റെ അരുളപ്പാട് ഉണ്ടായിട്ടുള്ളവരെ ദൈവങ്ങൾ എന്ന് പറഞ്ഞെങ്കില്‍ - തിരുവെഴുത്തിന് നീക്കം വന്നുകൂടായല്ലോ - (കർത്താവേ, മലയാളം വേദപുസ്തകം സഹിക്കാൻ വയ്യേ!)
Joh 10:35 If he called them gods, unto whom the word of God came, and the scripture cannot be broken;
ദൈവവചനം ആരിലേയ്ക്ക് വന്നിരിക്കുന്നോ അവരാണ് ദൈവങ്ങൾ. നിങ്ങളിലേക്ക് ദൈവവചനം വന്നിരിക്കുന്നു. ഇപ്പോൾ നിങ്ങൾ ദൈവപുത്രന്മാരും ദൈവങ്ങളുമാണ്.

ഇനിയെന്ത്? എന്താണ് അടുത്ത നടപടി? ഞായറാഴ്ച സഭയിൽ പോകുക, ദൈവത്തെയും യേശുവിനെയും ആരാധിക്കുക, ബാക്കി ദിവസങ്ങളിൽ, സമയം ലഭിക്കുമ്പോഴൊക്കെ വേദപുസ്തകം വായിക്കുക, പ്രാർത്ഥിക്കുക? നിങ്ങൾ ദൈവപുത്രന്മാരോ, ദൈവങ്ങളോ ആണെങ്കിൽ ലോകം നിങ്ങളിൽ നിന്നും എന്ത് പ്രതീക്ഷിക്കുന്നത് ഇത്രമാത്രമാണോ? നിങ്ങൾ ദൈവത്തിൽ  നിന്നും എന്ത് പ്രതീക്ഷിക്കുന്നുവോ ലോകത്തിന് അതുതന്നെ ആയിരിക്കുക.

എപ്പോഴും ഓർമ്മിക്കുക: നിങ്ങൾ ഭൂമിയിലെ ദൈവപുത്രന്മാരും ദൈവങ്ങളുമാണ്. നമ്മൾ ഓരോരുത്തരും അത് മനസ്സിലാക്കി പ്രവർത്തിക്കുമ്പോഴാണ് ദൈവരാജ്യം ഭൂമിയിൽ പ്രബലമാകുന്നത്.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

അടിക്കുറിപ്പുകൾ:
  1. “ദൈവരാജ്യത്തിൽ പ്രവേശിക്കുക” എന്ന പ്രയോഗം വരുന്ന പല വചനങ്ങളും ഉണ്ടല്ലോ, അപ്പോൾ അത് ഒരു സ്ഥലമല്ലേ എന്ന ചോദ്യത്തിന് ഇതിന് മുമ്പും ഉത്തരം എഴുതിയിട്ടുണ്ട്: “സ്വസ്ഥതയില്‍ പ്രവേശിക്കുക” എന്ന് 7 തവണ (എബ്രാ 3:11, 18; 4:1, 3, 5, 10, 11) എഴുതിയിട്ടുള്ളതുകൊണ്ട് സ്വസ്ഥത ഒരു സ്ഥലമാകുമോ?
  2.  “ജാതി” (ἔθνος, എത്നോസ്, സ്ട്രോങ്സ് നിഘണ്ടുവിൽ G1484) എന്ന വാക്ക് വളരെ കരുതലോടെ കൈകാര്യം ചെയ്യേണ്ട ഒരു പദമാണ്. പലരും കരുതുന്നത് പോലെ യെഹൂദ്യർ / യിസ്രായേല്യർ അല്ലാത്തവരെ സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്ന പദം മാത്രമല്ലത്. പലപ്പോഴും അന്യജാതികൾ (യെഹൂദ്യർ അല്ലാത്തവർ) എന്ന അർത്ഥത്തിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിലും, ആ വാക്കിൻറെ അർത്ഥം “സമ്മിശ്ര ജനതതി” എന്നാണ്. ഉദാഹരണമായി പൌലോസ് ജാതികളുടെ ഇടയിലേയ്ക്ക് പോയി എന്ന് എഴുതപ്പെട്ടിരിക്കുന്നതിന് അദ്ദേഹം അന്യജാതികൾ മാത്രമുള്ള സ്ഥലങ്ങളിലേക്ക് പോയി എന്നല്ല അർത്ഥം, അദ്ദേഹം യെഹൂദ്യരോട് മാത്രം പ്രസംഗിക്കാതെ, യെഹൂദ്യരും, അന്യജാതികളും അടങ്ങുന്ന ജനതതികളുടെ അടുത്തേയ്ക്ക് പോയി എന്നാണ്. പൌലോസ് പോയ കൊരിന്ത, ഗലാത്യ മുതലായ സ്ഥലങ്ങളിലും അവിടത്തെ സഭകളിലും യെഹൂദ്യർ ഉണ്ടായിരുന്നു. (ഉദാ: അക്വിലാവ്, പ്രിസ്കില്ല. അപ്പൊ 18:2). അതുപോലെതന്നെ, ജാതികളുടെ ദേശങ്ങളിലേക്ക് പോകരുതെന്ന് ശിഷ്യന്മാരോട് നിഷ്കർഷിച്ച യേശു, “ജാതികളുടെ ഗലീലിയിലേയ്ക്ക്” (മത്താ 4:14, 15) പോയത് അവിടെ യെഹൂദ്യർ ഉള്ളതിനാലാണ്. മത്താ 21:43ൽ രാജ്യം യെഹൂദ്യരിൽ പക്കല്‍ നിന്നും എടുത്ത് അതിന്‍റെ ഫലം പുറപ്പെടുവിക്കുന്ന ഒരു ജാതിക്ക് കൊടുക്കപ്പെടും എന്ന് പറഞ്ഞതിൻറെ അർത്ഥം യെഹൂദ്യരെ പരിപൂർണ്ണമായി ഒഴിവാക്കി, അന്യജാതികൾക്ക് മാത്രമായി കൊടുക്കും എന്നല്ല, പ്രത്യുത, യേശുവിനെ സ്വീകരിക്കുന്ന യെഹൂദ്യരുടെ ശേഷിപ്പും, അന്യജാതികളിൽ നിന്നും വന്ന വിശ്വാസികളും ചേർന്ന സമ്മിശ്ര ജാതിക്ക് കൊടുക്കും എന്നാണ്. ഇംഗ്ലീഷ് പരിഭാഷകർക്ക് ഈ വ്യത്യാസം അറിയാവുന്നതിനാൽ അന്യജാതികളെ മാത്രം പരാമർശിക്കുമ്പോൾ Gentiles എന്നും സമ്മിശ്ര ജാതിയെ പരാമർശിക്കുമ്പോൾ Nations എന്നും ഉപയോഗിച്ചിരിക്കുന്നത് കാണാം. (പരിഭാഷകർക്കും മുൻവിധികൾ ഉണ്ടാകാം എന്നതിനാൽ എപ്പോഴും ഈ നിയമം പാലിച്ചിരിക്കണമെന്നില്ല.)

No comments:

Post a Comment