Thursday, August 11, 2016

നാം ദൂതന്മാരെ വിധിക്കുകയില്ലെങ്കിലോ? അതല്ല പൌലോസ് ഉദ്ദേശിച്ചതെങ്കിലോ? (1കൊരി 6:3)

ക്രിസ്തുവിൽ പ്രിയരേ,

ഞങ്ങളുടെ വടക്കൻ കേരളത്തിലെ (മലബാർ എന്ന് പറയുവാൻ കഴിയില്ല, കാരണം ഞങ്ങളുടെ സ്ഥലം മലബാറിനും വടക്ക്, മുമ്പ് കർണ്ണാടകയുടെ ഭാഗമായിരുന്ന ഹോസ്ദൂർഗ് താലൂക്കിലാണ്) ചില ഗ്രാമങ്ങളിലെ ഒരു സമ്പ്രദായമുണ്ട്: അതിഥികളാരെങ്കിലും വീട്ടിൽ വന്ന് അധികം നാൾ താമസിച്ചാൽ, അവർക്ക് ഇടിയപ്പവും കോഴിക്കറിയും വിളമ്പും. ഈ പ്രവൃത്തിയുടെ സന്ദേശം ഇതാണ്: വേഗം സ്ഥലം വിട്ടോ, ഇല്ലെങ്കിൽ നാളെ മുതൽ പാവയ്ക്കാ തോരൻ, പാവയ്ക്കാ സാമ്പാർ, പാവയ്ക്കാ വറുത്തത് ... പാവയ്ക്കാ ... പാവയ്ക്കാ ... തന്നെയാണ് വിളമ്പുവാൻ പോകുന്നത്. (എന്നിട്ടും പോയില്ലെങ്കിൽ എന്തുചെയ്യും എന്ന് അറിയില്ല.) അത് അവരുടെ സമ്പ്രദായത്തിൻറെ ഭാഗം.

സാത്താൻ, പിശാച് തുടങ്ങിയ വാനത്തിൽ നിന്നുമുള്ള ഭീകരമൂർത്തികൾ ഇല്ല എന്ന് നാം പറയുമ്പോൾ ഉടനെ ഉദ്ധരിക്കുന്ന ഒരു വചനം ഇതാണ്.
1കൊരി 6:3 നാം ദൂതന്മാരെ വിധിക്കും എന്ന് നിങ്ങള്‍ അറിയുന്നില്ലേ? ഐഹിക കാര്യങ്ങളെ എത്രയധികം?
എല്ലാ ദൂതന്മാരെയും വിധിക്കുമോ അതോ പാപം ചെയ്ത ദൂതന്മാരെ മാത്രമേ വിധിക്കുകയുള്ളോ എന്ന് ഈ വചനം വ്യക്തമാക്കാത്തത് വേദപണ്ഡിതന്മാർക്ക് അനൽപമായ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്.
  • യെശയ്യാവ് 14ലെ ലൂസിഫർ ബാബേൽ രാജാവായിരുന്നു എന്ന് നാം തെളിയിച്ചു. (ഉടൻ വരുന്നൂ, മലയാളത്തിൽ)
  • യെഹെസ്കേല്‍ 28ലെ കെരൂബ് സോർ രാജാവായിരുന്നു എന്നും നാം തെളിയിച്ചു. (ഉടൻ വരുന്നൂ, മലയാളത്തിൽ)
  • 2പത്രോ 2:4ലെ “പാപം ചെയ്ത ദൂതന്മാർ” - സംഖ്യ 16ലെ കോരഹിൻറെ കൂട്ടക്കാർ ആയിരുന്നു എന്ന് മനസ്സിലാക്കി.
  • സ്വർഗീയ ദൂതന്മാർ എപ്പോഴും ദൈവത്തിന് വിധേയരായിരിക്കുന്നവരാണ് എന്ന് തെളിയിക്കുവാൻ വചനങ്ങളും നൽകി. (സങ്കീ 103:20-21; 148:2; എബ്രാ 1:14).

നമ്മുടെ ഇതുവരെയുള്ള പഠനങ്ങൾ 1കൊരി 6:3നോട് പൊരുത്തപ്പെടുത്തുന്നത് എങ്ങനെ?


1കൊരി 6:3 മനസ്സിലാക്കുവാൻ ഒരൽപം പുറകോട്ട് പോകണം. അഗമ്യഗമനം നടത്തിയ ഒരാളെ സത്താന് ഏൽപിച്ചുകൊടുക്കുവാൻ 1കൊരി 5:5ൽ പൌലോസ് കൊരിന്ത സഭയോട് ആവശ്യപ്പെടുന്നുണ്ട്:
1കൊരി 5:5 ആത്മാവ് കര്‍ത്താവായ യേശുവിന്‍റെ നാളില്‍ രക്ഷിക്കപ്പെടേണ്ടതിന് ജഡസംഹാരത്തിനായി  അവനെ (അഗമ്യഗമനം നടത്തിയവനെ) സാത്താന് ഏല്‍പിക്കേണം എന്ന് വിധിച്ചിരിക്കുന്നു.
ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന നമുക്ക് ഈ വേദഭാഗം മനസ്സിലാക്കുവാൻ ബുദ്ധിമുട്ടുണ്ടാവാം, പക്ഷേ, കൊരിന്ത സഭക്കാർക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല! അവർ അയാളെ സഭയിൽ നിന്നും ബഹിഷ്കരിച്ചു! അത് നമ്മളെങ്ങനെ അറിയും? കൊരിന്ത്യർക്കുള്ള രണ്ടാം ലേഖനത്തിൽ പൌലോസ് ഈ സംഭവത്തെ പറ്റി പരാമർശിക്കുന്നുണ്ട്!
2കൊരി 2:5 ഒരുവന്‍ എന്നെ ദുഃഖിപ്പിച്ചെങ്കില്‍ അവന്‍ എന്നെ അല്ല ഒരുവിധത്തില്‍ - ഞാന്‍ കണക്കിലേറെ പറയരുതല്ലോ - നിങ്ങളെ എല്ലാവരെയും ദുഃഖിപ്പിച്ചിരിക്കുന്നു.
2കൊരി 2:6 അവന് ഭൂരിപക്ഷത്താല്‍ ഉണ്ടായ ഈ ശിക്ഷ മതി.
2കൊരി 2:7 അവന്‍ അതീവ ദുഃഖത്തില്‍ മുങ്ങിപ്പോകാതിരിക്കുവാന്‍ നിങ്ങള്‍ അവനോട് ക്ഷമിക്കുകയും അവനെ ആശ്വസിപ്പിക്കുകയുമാണ് വേണ്ടത്.
2കൊരി 2:8 അതുകൊണ്ട് നിങ്ങളുടെ സ്നേഹം അവന് ഉറപ്പിച്ചുകൊടുക്കുവാന്‍ ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു.
2കൊരി 2:9 നിങ്ങള്‍ സകലത്തിലും അനുസരണം ഉള്ളവരാണോ എന്ന് പരീക്ഷിച്ച് അറിയുവാനും ആയിരുന്നു ഞാന്‍ എഴുതിയത്.
2കൊരി 2:10 നിങ്ങള്‍ വല്ലതും ക്ഷമിക്കുന്നവനോട് ഞാനും ക്ഷമിക്കുന്നു; എന്നാല്‍ ഞാന്‍ വല്ലതും ക്ഷമിച്ചിരിക്കുന്നു എങ്കില്‍ നിങ്ങള്‍ നിമിത്തം ക്രിസ്തുവിന്‍റെ സന്നിധാനത്തില്‍ ക്ഷമിച്ചിരിക്കുന്നു.
“ഭൂരിപക്ഷത്താല്‍ ഉണ്ടായ ഈ ശിക്ഷ” എന്ന പരാമർശം 1കൊരി 5:3-5 വചനങ്ങളിലേക്കാണ്. കൊരിന്ത്യ സഭക്കാർ ബഹിഷ്കരിച്ച ആളെ വീണ്ടും സ്വീകരിക്കുവാനും അയാൾ ദുഃഖത്തിൽ ആഴ്ന്നുപോകാതെ അയാളെ ആശ്വസിപ്പിക്കുവാനുമാണ് പൌലോസ് നിർദ്ദേശിക്കുന്നത്. ഈ അദ്ധ്യയത്തിൻറെ ആരംഭം മുതൽ വായിച്ചാൽ അഗമ്യഗമനക്കാരനെ സാത്താന് ഏൽപിച്ചുകൊടുക്കുവാൻ കൽപിച്ചതിൽ പൌലോസിന് ജാള്യതയുണ്ടായിരുന്നു എന്ന് മനസ്സിലാകും.

ഇവിടെ വളരെ സുപ്രധാനമായ ഒരു ചോദ്യം ഉയരുന്നു: സാത്താന് ഏൽപിച്ചുകൊടുക്കുക എന്നതിന് സഭയിൽ നിന്നും പുറത്താക്കുക എന്നാണ് അർത്ഥം എന്നത് കൊരിന്ത സഭക്കാർ എങ്ങനെ മനസ്സിലാക്കി? ഒരുപക്ഷേ “സാത്താന് ഏൽപിക്കുക” എന്നത് ഒരു ആലങ്കാരിക ഭാഷയായിരിക്കാം (ഞങ്ങൾ കോഴിയിറച്ചിക്ക് പത്രോസ്, മൂരിയിറച്ചിക്ക് - ബീഫിന് അബ്രാഹാം, ആട്ടിറച്ചിക്ക് ദാവീദ് എന്നൊക്കെ പറയുന്നത് പോലെ) അല്ലെങ്കിൽ അവരുടെ സമ്പ്രദായത്തിൻറെ ഭാഗമാകാം.

“സാത്താന് ഏൽപിക്കുക” എന്ന പദപ്രയോഗത്തിൻറെ അർത്ഥം സഭയിൽ നിന്നും ബഹിഷ്കരിക്കുക എന്നാണെങ്കിൽ, “ദൂതന്മാരെ വിധിക്കുക” എന്ന പ്രയോഗത്തിന് അങ്ങനെതന്നെയാണ് അർത്ഥം എന്നതിന് എന്തെങ്കിലും ഉറപ്പുണ്ടോ? എന്തുകൊണ്ട് അതൊരു ആലങ്കാരിക ഭാഷയായിക്കൂടാ?

വിശുദ്ധന്മാർ ലോകത്തെ വിധിക്കുന്നതിനെ പറ്റി.


തൊട്ടുമുമ്പുള്ള വചനവും പൂർണ്ണതയ്ക്കായി പരിശോധിക്കാം:
1കൊരി 6:2 വിശുദ്ധന്മാര്‍ ലോകത്തെ വിധിക്കും എന്ന് അറിയുന്നില്ലേ? ലോകത്തെ നിങ്ങള്‍ വിധിക്കും എങ്കില്‍ ഏറ്റവും ചെറിയ സംഗതികളെ വിധിക്കുവാന്‍ നിങ്ങള്‍ അയോഗ്യരോ?
നമ്മുടെ ശത്രുക്കളെയും നമ്മുടെ വിശ്വാസം സ്വീകരിക്കാത്തവരെയും വിധിക്കണമെന്നതും അവർക്ക് ശിക്ഷ നൽകണമെന്നതും നമ്മളിൽ പലരുടെയും ഉള്ളിലുള്ള ഒരു ആഗ്രഹമാണ്. ദൈവം അവിടത്തെ ശത്രുക്കളെ യേശുവിൻറെ പാദപീഠമാക്കും എന്ന് വായിക്കുമ്പോൾ നാം വെറുക്കുന്നവർ ആ ദർവിധിയിലൂടെ കടന്നുപോകുന്നത് മനസ്സിൽ കാണാത്തവരുണ്ടാവില്ല. (അവർ സ്വയം ദൈവമായി അവരോധിക്കുകയാണ് ചെയ്യുന്നത് എന്ന് അവർ മറക്കുന്നു.)

അവിടന്ന് പിടിക്കപ്പെടുന്നതിനും ക്രൂശിക്കപ്പെടുന്നതിനും മുമ്പ് ലോകത്തിൻറെ ന്യായവിധിയെ കുറിച്ച് പറഞ്ഞ ഈ വാക്കുകൾ ശ്രദ്ധിക്കുക:
യോഹ 12:31 ഇപ്പോള്‍ (യേശു ഈ വാക്കുകൾ പറഞ്ഞ കാലത്ത്, നിങ്ങൾ വായിക്കുമ്പോഴല്ല) ഈ ലോകത്തിന്‍റെ ന്യായവിധിയാണ്; ഇപ്പോള്‍ ഈ ലോകത്തിന്‍റെ പ്രഭുവിനെ പുറത്ത് തള്ളിക്കളയും.
യെഹൂദ്യർ യേശുവിനെ അവരുടെ മിശിഹാ എന്ന് അംഗീകരിക്കുവാൻ മടിച്ചതിനുള്ള ഒരു കാരണം അവിടന്ന് അവരുടെ മിശിഹായെ പറ്റിയുള്ള ധാരണകളുമായി ഇണങ്ങിയില്ല എന്നതായിരുന്നു. ഒരുപക്ഷേ, അതുതന്നെയായിരിക്കാം ലോകത്തിൻറെ ന്യായവിധിയെ പറ്റിയുള്ള നമ്മുടെ ധാരണകളുടെയും അവസ്ഥ. യേശു ഒരു വലിയ സിംഹാസനത്തിലിരിക്കും, ലോകത്ത് എല്ലായിടത്തുനിന്നുമുള്ള മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ എല്ലാ മനുഷ്യരും അവിടത്തെ മുന്നിൽ അണിനിരത്തപ്പെടും, അവിടന്ന് ഒരു ആട്ടിടയൻ എന്നപോലെ ചെമ്മരിയാടുകളെയും കോലാടുകളെയും വേർതിരിക്കും എന്നൊക്കെയാണല്ലോ നമ്മെ പഠിപ്പിച്ചിരിക്കുന്നത്? നമ്മുടെ പ്രതീക്ഷകളെയും നമ്മളെ പഠിപ്പിച്ചിരിക്കുന്ന കാര്യങ്ങളെയും തകിടംമറിച്ചുകൊണ്ട് യേശു പറയുന്നത് അവിടന്ന് പിടികൂടപ്പെട്ട കാലമാണ് ലോകത്തിൻറെ ന്യായവിധി എന്ന്. (യേശു വീണ്ടും വന്ന് ലോകത്തെ വിധിക്കും എന്ന്  എഴുതപ്പെട്ടിരിക്കുന്ന വചനങ്ങളെ അവഗണിച്ചുകൊണ്ടല്ല ഞാൻ ഇത് എഴുതുന്നത്). എൻറെ ചോദ്യം ഇതാണ്: യേശു വിഭാവനം ചെയ്ത ലോകത്തിൻറെ ന്യായവിധി, അതിനെ പറ്റിയുള്ള നമ്മുടെ ധാരണയിൽ നിന്നും വിഭിന്നമാണെങ്കിലോ?

മനുഷ്യരെ വിധിക്കുവാൻ ചില മനുഷ്യർക്ക് അധികാരം നൽകപ്പെട്ടിരുന്നു:
  • യേശുവിൻറെ 12 അപ്പൊസ്തലന്മാർക്ക് യിസ്രായേലിലെ 12 ഗോത്രങ്ങളെ വിധിക്കുവാനുള്ള അധികാരം നൽകപ്പെട്ടിരുന്നു. (മത്താ 19:28; ലൂക്കോ 22:30). ഇന്ന് ലോകത്തുള്ള 220 കോടി ക്രൈസ്തവരിൽ ആർക്കും 12 അപ്പൊസ്തലന്മാരിൽ ഒരാളാകുവാൻ കഴിയില്ല.
  • യേശുവിന്‍റെ സാക്ഷ്യവും ദൈവ വചനവും നിമിത്തം തല ഛേദിക്കപ്പെട്ട രക്തസാക്ഷികൾക്ക് (വെളി 20:4). ഇത് എഴുതുമ്പോൾ ഞാൻ ഒരിക്കൽ കൂടെ പരിശോധിച്ചു, എൻറെ തല കഴുത്തിന് മുകളിൽ ഉണ്ട്. ഇന്നത്തെ പരിതസ്ഥിതിയിൽ ഞാൻ ബംഗ്ലാദേശിൽ പോയി അവിടത്തെ വ്യവസ്ഥിതിക്ക് എതിരായി എന്തെങ്കിലും എഴുതിയാലൊഴികെ എൻറെ തല ഛേദിക്കപ്പെടുവാനുള്ള സാധ്യത കുറവാണ്.
ചുരുക്കിപ്പറഞ്ഞാൽ, ഇപ്പോൾ ജീവനോടിരിക്കുന്ന നമ്മളിൽ ബഹുഭൂരിപക്ഷവും, അവർ വിശുദ്ധന്മാരായിരുന്നാലും, ലോകത്തെ വിധിക്കുവാനുള്ള അവകാശം ലഭിച്ചവരല്ല.

ചിറകുകളില്ലാത്ത ദൂതന്മാരും ഉണ്ട്.


1കൊരി 6:3ൽ “നാം ദൂതന്മാരെ വിധിക്കും” എന്ന് വായിക്കുമ്പോൾ മനുഷ്യരുടെ പുത്രിമാരെ വിവാഹം ചെയ്ത ദൈവത്തിന്‍റെ പുത്രന്മാരുടെ (ഉൽ 6:2) ചിത്രമാണ് നമ്മുടെ മനസ്സിലെത്തുന്നത്. മറ്റൊരു ചിത്രം ഒരിക്കലും മീശമുളയ്ക്കാത്ത, തൂവെള്ള കുപ്പായവും നീണ്ട ചിറകുകളുമുള്ള സ്വർഗീയ ദൂതന്മാരുടേതും - ഇവയൊക്കെ ചിത്രങ്ങളുടെയും, സിനിമകളുടെയും സ്വാധീനത്താൽ ഉണ്ടാകുന്നതാണ്.

വെളിപ്പാട് പുസ്തകത്തിൽ പരാമർശിച്ചിട്ടുള്ള ഏഴ് സഭകളുടെ ദൂതന്മാർ ആ സഭകളുടെ മൂപ്പന്മാരായിരുന്നു എന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. അവരുടെ കൃത്യവിലോപത്തെ പറ്റി യേശു അവരെ കുറ്റപ്പെടുത്തുന്നുമുണ്ട്.
  • വെളി 2:14 നിന്നെ (പെര്‍ഗ്ഗമൊസിലെ സഭയുടെ ദൂതനെ) കുറിച്ച് ചില കുറ്റങ്ങൾ പറയുവാനുണ്ട്;...
  • വെളി 2:20 ... ഈസേബെല്‍ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു എന്ന ഒരു കുറ്റം നിന്നെ (തുയഥൈരയിലെ സഭയുടെ ദൂതനെ) കുറിച്ച് പറയുവാന്‍ ഉണ്ട്.
  • വെളി 3:2 ... നിന്‍റെ (സര്‍ദ്ദിസിലെ സഭയുടെ ദൂതൻറെ) പ്രവൃത്തി എന്‍റെ ദൈവത്തിന്‍റെ സന്നിധിയില്‍ പൂര്‍ണതയുള്ളതായി ഞാന്‍  കണ്ടില്ല.
  • വെളി 3:15 ഞാന്‍ നിന്‍റെ (ലവൊദിക്യയിലെ സഭയുടെ ദൂതൻറെ) പ്രവൃത്തി അറിയുന്നു; നീ ഉഷ്ണവാനുമല്ല; ശീതവാനുമല്ല;...
ചുരുക്കിപ്പറഞ്ഞാൽ ദൂതൻ എന്ന വാക്ക് ഉപയോഗിക്കപ്പെട്ടിരിക്കുന്നു എന്ന ഒറ്റ കാരണത്താൽ പരാമർശിക്കപ്പെടുന്നത് സ്വർഗത്തിലെ ദൂതന്മാരെ ആകണമെന്നില്ല.

മതമേധവികളും ദൂതന്മാരും.


ശരിയായി പരിഭാഷപ്പെടുത്തിയാൽ ഹീബ്രൂ ഭാഷയിൽ ദൂതമന്മാരെയും സന്ദേശവാഹകരെയും സൂചിപ്പിക്കുവാൻ വേറെ വേറെ വാക്കുകളില്ല. ദൂതൻ എന്ന അർത്ഥം തരുന്ന ഹീബ്രൂ വാക്ക് מַלְאָךְ ആണ്, (മലഖ്, സ്ട്രോങ്സ് നിഘണ്ടുവിൽ H4397, H4398).

പുതിയ നിയമത്തിൽ  ദൂതൻ എന്നതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക് ̓́γγελος (ആഞ്ചലോസ്, സ്ട്രോങ്സ് നിഘണ്ടുവിൽ G32) ആണ്.

ഈ ലോകത്തിൻറെ പ്രഭുക്കൾ യെഹൂദ്യ മതമേധാവികളായിരുന്നു എന്ന നമ്മുടെ നിഗമനം ശരിയാണെങ്കിൽ, ദൂതന്മാരെയും യെഹൂദ പുരോഹിതന്മാരെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു വചനമെങ്കിലും ഉണ്ട്. തുടർന്നുവരുന്ന വചനത്തിൽ ദൂതന്മാരെ സൂചിപ്പിക്കുന്ന ഹീബ്രൂ വാക്കിൻറെ സാന്നിദ്ധ്യം ശ്രദ്ധിക്കുക.
മലാ 2:7 പുരോഹിതന്‍ സൈന്യങ്ങളുടെ യഹോവയുടെ ദൂതന്‍H4397 ആയതിനാല്‍ അവന്‍റെ അധരങ്ങള്‍ പരിജ്ഞാനം സൂക്ഷിച്ചുവെക്കേണ്ടതും ഉപദേശം അവനോട് ചോദിച്ചു പഠിക്കേണ്ടതുമാണ്.
Mal 2:7 For the lips of a priest should guard knowledge, and people should seek instruction from his mouth, for he is the messengerH4397 of the LORD of hosts.
ഇപ്പോൾ ദൂതൻ എന്നതിനുള്ള ഗ്രീക്ക് പദം വരുന്ന 1കൊരി 6:3 പരിശോധിക്കാം.
1കൊരി 6:3 നാം ദൂതന്മാരെG32 വിധിക്കും എന്ന് നിങ്ങള്‍ അറിയുന്നില്ലേ? ഐഹിക കാര്യങ്ങളെ എത്രയധികം?
1Co 6:3 Know ye not that we shall judge angelsG32? how much more things that pertain to this life?
ഈ ലോകത്തിൻറെ പ്രഭു യെഹൂദ്യ മതമേധാവികളായിരുന്നു എന്ന അറിവിനോട് മലാ 2:7, 1കൊരി 6:3 എന്നീ വചനങ്ങൾ ചേർത്ത് വായിക്കുമ്പോൾ ഈ വേദഭാഗം മനസ്സിലാക്കുന്നത് ലളിതമാകുന്നു.

പുരോഹിതരിൽ നിന്നും മാത്രമല്ല പരീശരിലും വേദശാസ്ത്രികളിലും നിന്നും ദൈവരാജ്യത്തെ പറ്റിയുള്ള അറിവ് യേശു പ്രതീക്ഷിച്ചിരുന്നു. ഉദാഹരണമായി പരീശനായ നിക്കോദേമോസുമായുള്ള സംഭാഷണത്തിൻറെ ഒരു ഘട്ടത്തിൽ അദ്ദേഹത്തിൻറെ അറിവില്ലായ്മയെ പറ്റി ആകുലചിത്തനായ യേശു, ഇങ്ങനെ ചോദിക്കുന്നുണ്ട്:
നീ യിസ്രായേലിന്‍റെ ഉപദേഷ്ടാവ് (അദ്ധ്യാപകൻ, ഗുരു) ആയിരുന്നിട്ടും ഇത് അറിയുന്നില്ലേ? - യോഹ 3:10
മറ്റൊരവസരത്തിൽ വേദശാസ്ത്രികളെ പറ്റി യേശു പറയുന്നത് ശ്രദ്ധിക്കുക:
മത്താ 13:52 സ്വര്‍ഗരാജ്യത്തിന് ശിഷ്യനായിത്തീര്‍ന്ന ഏത് ശാസ്ത്രിയും തന്‍റെ നിക്ഷേപത്തില്‍ നിന്നും പുതിയതും പഴയതും എടുത്തുകൊടുക്കുന്ന ഒരു വീട്ടുടമസ്ഥനോട് സദൃശനാണ്.
അവസാനമായി അദ്ധ്യാപകരെ പറ്റി യാക്കോബിന് പറയുവാനുള്ളത് ശ്രദ്ധിക്കുക.
യാക്കോ 3:1 സഹോദരന്മാരേ, അധികം ശിക്ഷാവിധി വരും എന്ന് അറിഞ്ഞു നിങ്ങളില്‍ അനേകര്‍ ഉപദേഷ്ടാക്കള്‍ (അദ്ധ്യാപകർ, ഗുരുക്കൾ)  ആകരുത്.
പുരോഹിതന്മാർ, പരീശർ, ശാസ്ത്രികൾ, അദ്ധ്യാപകർ തുടങ്ങിയ ശിക്ഷാവിധിക്ക് അർഹതയുള്ള മനുഷ്യരായ “ദൂതന്മാർ” ഉണ്ടെന്ന് മനസ്സിലാക്കി, സ്വർഗീയ ദൂതന്മാരെ വെറുതെ വിട്ടുകൂടേ?

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

No comments:

Post a Comment