Tuesday, August 30, 2016

മത്തായി 24, ലോകാവസാനം. ഭാഗം #1 എത്ര ചോദ്യങ്ങൾ?

ക്രിസ്തുവിൽ പ്രിയരേ,

രാവിലെ 8 മണി. കുട്ടികളെ സ്കൂളിൽ എത്തിക്കേണ്ട വാൻ ഇനിയും വന്നിട്ടില്ല. നിങ്ങൾ നിങ്ങൾക്ക് പരിചയമുള്ള ഏതെങ്കിലും ഒരു ഓട്ടോറിക്ഷ ഡ്രൈവറെ ഫോൺ ചെയ്ത്: “ചേട്ടാ, വീട്ടിലേക്ക് വന്ന്, കുട്ടികളെ കൂട്ടിക്കൊണ്ടുപോയി, സ്കൂളിൽ എത്തിക്കാമോ?” എന്ന് ചോദിച്ചാൽ ഈ ചോദ്യത്തിലുള്ള 3 പദസമുച്ചയങ്ങൾ ഒരേ കാലത്ത്, തുടർച്ചയായി നടക്കേണ്ടവയാണ് എന്നല്ലേ അർത്ഥമാക്കുന്നത്? അതോ:
  1. ഇപ്പോൾത്തന്നെ വന്ന്,
  2. നാളെ കുട്ടികളെ കൂട്ടി,
  3. അടുത്തയാഴ്ച സ്കൂളിൽ ചെല്ലണം
    എന്നാണോ?

നിങ്ങൾ ചോദിച്ച ഒരു ചോദ്യത്തിലെ മൂന്ന് പദസമുച്ചയങ്ങൾ ഒരേ കാലത്ത്, തുടർച്ചയായി നടക്കേണ്ടവയാണെങ്കിൽ, യേശുവിനോട് ശിഷ്യന്മാർ ചോദിച്ച ഇതേപോലെയുള്ള ഒരു ചോദ്യത്തിലെ 3 പദസമുച്ചയങ്ങൾ 3 വ്യത്യസ്ത കാലങ്ങളിൽ നടക്കേണ്ടതാണ് എന്ന പ്രബോധനം എങ്ങനെയുണ്ടായി?
മത്താ 24:3 അവിടന്ന് ഒലിവ് മലയില്‍ ഇരിക്കുമ്പോള്‍ ശിഷ്യന്മാര്‍ തനിച്ച് അവിടത്തെ അടുത്തുവന്ന്:
  1. അത് എപ്പോള്‍ സംഭവിക്കും എന്നും,
  2. അവിടത്തെ വരവിനും
  3. ലോകാവസാനത്തിനും
അടയാളം എന്തെന്നും പറഞ്ഞുതരേണം” എന്ന് അപേക്ഷിച്ചു.
ഈ ഒരു ചോദ്യത്തെ മൂന്ന് ഭാഗമായി പിരിച്ച്, ഈ മൂന്ന് ഭാഗങ്ങളും മൂന്ന് കാലങ്ങളിൽ നടക്കേണ്ടവയാണ് എന്ന് അവകാശപ്പെടുന്നവർ അവരുടെ ജീവിതത്തിൽ ഒരിക്കലും ഈ വചനത്തിൻറെ സമാന്തരങ്ങളായ മർക്കോസ് 13ലും ലൂക്കോസ് 21ലും ഉള്ള വചനങ്ങൾ പഠിച്ചിട്ടില്ല. ആ രണ്ട് അദ്ധ്യായങ്ങളിലും മത്താ 24:3ൽ ഉള്ളതുപോലെ 3 പദസമുച്ചയങ്ങളില്ല.
മർക്കോ 13:4
  1. അത് എപ്പോള്‍ സംഭവിക്കും?
  2. അതിനെല്ലാം നിവൃത്തിവരുന്ന കാലത്തിന്‍റെ ലക്ഷണം എന്തെന്ന്
    ഞങ്ങളോട് പറഞ്ഞാലും” എന്ന് ചോദിച്ചു.
ലൂക്കോ 21:7 ഗുരോ,
  1. അത് എപ്പോള്‍ ഉണ്ടാകും?
  2. അത് സംഭവിക്കുവാറാകുമ്പോള്‍ ഉള്ള ലക്ഷണം എന്ത്?
എന്ന് അവര്‍ അവിടത്തോട് ചോദിച്ചു.
മർക്കോസ് 13, ലൂക്കോസ് 21 എന്നീ അദ്ധ്യായങ്ങൾക്ക് മത്തായി 24മായി ബന്ധമില്ലെന്ന് തോന്നുന്നുണ്ടോ? ഈ മൂന്ന് അദ്ധ്യായങ്ങളും സമാന്തരമായി ഒന്ന് വായിച്ചുനോക്കൂ, സത്യാവസ്ഥ അപ്പോൾ മനസ്സിലാകും.

ക്രിസ്തുവിൽ പ്രിയരേ, ശിഷ്യന്മാർ യേശുവിനോട് ചോദിച്ച ചോദ്യത്തിലെ സംഭവങ്ങൾ ഒരുമിച്ച്, ഇടവേളയില്ലാതെ നടക്കേണ്ടവയായിരുന്നു.

മർക്കോസിൻറെ സുവിശേഷമാണ് ആദ്യം എഴുതപ്പെട്ടത്, മത്തായി അദ്ദേഹത്തിൻറെ സുവിശേഷം മർക്കോസിൻറെ സുവിശേഷത്തിൻറെ അടിസ്ഥാനത്തിലാണ് എഴുതിയത് എന്നാണ്  പണ്ഡിതന്മാരുടെ അഭിപ്രായം. ഇത് സത്യമാണെങ്കിൽ ഏതെങ്കിലും കാര്യത്തെ പറ്റി ഒരു നിഗമനത്തിൽ എത്തുന്നതിന് മുമ്പ് മർക്കോസിൻറെ സുവിശേഷം എന്ത് പറയുന്നു എന്ന് പരിശോധിക്കേണ്ടേ? ലോകാവസാനത്തിൻറെ കാര്യത്തിൽ എന്തുകൊണ്ട് ആരും മർക്കോസിൻറെ സുവിശേഷത്തിൽ എഴുതപ്പെട്ട കാര്യങ്ങൾ പരിഗണിക്കുന്നില്ല? ഈ ചോദ്യത്തിനുള്ള ഉത്തരം വളരെ ലളിതമാണ്: അവരുടെ സഭയുടെ (മതത്തിൻറെ) വിശ്വാസത്തിൻറെ അടിസ്ഥാനം മത്തായി 24:3ലെ സംഭവങ്ങൾ വ്യത്യസ്ഥ കാലങ്ങളിൽ സംഭവിക്കേണ്ടവയാണ് എന്നതാണ്. അവർക്ക് യേശുവിനേക്കാൾ, ദൈവവചനത്തേക്കാൾ പ്രധാനം അവരുടെ വിശ്വാസപ്രമാണമാണ്.
[കർത്താവ് തിരുമനസ്സായാൽ അടുത്ത തവണ ഏതെല്ലാം കാര്യങ്ങളെ പറ്റിയാണ് മത്താ 24:3 പ്രതിപാദിക്കുന്നത് എന്ന് എഴുതാം.]
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

No comments:

Post a Comment