Monday, August 15, 2016

തിന്മയുടെ സ്രോതസ്, ഹിറ്റിലറിനും, ഒസാമ-ബിൻ-ലാദനും, ബലാൽസംഗികൾക്കും അവിശ്വാസികൾക്കും, ക്രൈസ്തവ പീഡകർക്കും എന്ത് ശിക്ഷ ലഭിക്കും?

ക്രിസ്തുവിൽ പ്രിയരേ,

[നിയമപരമായ മുന്നറിയിപ്പ്: നിങ്ങളുടെ “മദ”വികാരങ്ങളെ വ്രണപ്പെടുത്തുവാൻ സാദ്ധ്യതയുള്ള വിഷയങ്ങൾ ഇവിടെ കൈകാര്യം ചെയ്തിട്ടുള്ളതിനാൽ മുലകുടിമാറാത്ത കൈക്കുഞ്ഞുങ്ങൾ ഈ പേജ് ക്ലോസ് ചെയ്തിട്ട് കളിപ്പാട്ടങ്ങളുമായി കളിക്കുക.]

തിന്മ എന്ന പദം കേൾക്കുമ്പോൾ ഓർമ്മവരുന്ന രണ്ട് കാര്യങ്ങളുണ്ട്: യുദ്ധം, തീവ്രവാദം. (തീവ്രവാദം ഒരുതരത്തിൽ നോക്കിയാൽ വികേന്ദ്രീകൃതമായ യുദ്ധമാണ്.) നാം യുദ്ധക്കെടുതികളെ പറ്റി വളരെയധികം വായിക്കാറുണ്ട്. യുദ്ധത്തിൻറെ നന്മയെ പറ്റി വായിക്കാറുണ്ടോ? നാം ഇന്ന് ഉപയോഗിക്കുന്ന മരുന്നുകളിൽ അധികവും - വിശേഷിച്ചും അത്യാഹിത വിഭാഗത്തിൽ ഉപയോഗിക്കുന്ന മരുന്നുകൾ - യുദ്ധത്തിൽ പരിക്കേൽക്കുന്ന സൈനികരെ ത്വരിതഗതിയിൽ ചികിത്സിക്കുവാനായി വികസിപ്പിച്ചവയായിരുന്നു. ശാസ്ത്ര സാങ്കേതികവിദ്യയുടെ കാര്യത്തിലും യുദ്ധത്തിൻറെ സംഭാവന ചെറുതല്ല.


പലരും ചോദിക്കാറുള്ള ഒരു ചോദ്യം ഇതാണ്: ഗാന്ധിജിയുടെ നാട്ടിൽ എന്തിനാണ് ഇത്രയും വലിയ ഒരു സൈന്യം? അവരുടെ ധാരണ സൈന്യത്തിൻറെ ആവശ്യകത യുദ്ധം ചെയ്യുവാൻ മാത്രമാണെന്നാണ്. 103 കോടി ജനങ്ങളുള്ള നമ്മുടെ നാട്ടിൽ സ്വന്തം ആരോഗ്യം പരിപാലിക്കുന്ന, ആരോഗ്യം പരിപാലത്തെ പറ്റി ബോധവാന്മാരായ എത്രപേരുണ്ട്? അങ്ങനെയുള്ള ഈ നാട്ടിൽ 45 ലക്ഷത്തോളം ആരോഗ്യവാന്മാരും പരിശീലിതരുമായ പട്ടാളക്കാർ ഉള്ളതുകൊണ്ട് ഭൂകമ്പവും, വെള്ളപ്പൊക്കവും പോലെയുള്ള പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുമ്പോൾ നമ്മുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നത് എത്രയോ വലിയ അനുഗ്രഹമാണ്? (സൈനികരോട് നന്ദിയുള്ളവരായിരിക്കുക, അവർക്കുവേണ്ടി ദൈവത്തിന് നന്ദി പറയുക. അവർക്കായി പ്രാർത്ഥിക്കുക.)

ശത്രുക്കൾ പോലും പ്രയോജനരഹിതരല്ല. 


ഇതുവരെ പൊതുവായ കാര്യങ്ങളാണ് പറഞ്ഞതെങ്കിൽ ഇപ്പോൾ വേദപുസ്തകത്തിലേക്ക് വരാം.

അബ്രാഹാമിൻറെ മക്കൾക്ക് വാഗ്ദാനം ചെയ്ത കാനാൻ ദേശം യിസ്രായേൽ മക്കൾക്ക് കൊടുക്കുമ്പോൾ അവിടെയുണ്ടായിരുന്ന അന്യജാതിക്കാരെ അവിടെനിന്നും നിർദ്ദയം ഉന്മൂലനം ചെയ്യണം എന്ന് യഹോവ മോശെയോട് കർശനമായി നിഷ്കർഷിക്കുന്നുണ്ട്. (ആവ 7:1, 2) അത് വായിച്ചാൽ തോന്നും ആ ദേശത്ത് കാലുകുത്തിയാലുടൻ അവരെ ഉന്മൂലനം ചെയ്തിട്ടേ വിശ്രമിക്കാവൂ എന്ന്. ഒരൽപം മുന്നോട്ട് വായിക്കുമ്പോൾ ഒരു വിഭിന്നമായ ചിത്രമാണ് ലഭിക്കുന്നത്:
ആവ 7:22 ആ ജാതികളെ നിൻറെ ദൈവമായ യഹോവ അൽപാൽപമായി നിൻറെ മുമ്പിൽ നിന്നും നീക്കിക്കളയും; കാട്ടുമൃഗങ്ങൾ പെരുകി നിനക്ക് ഉപദ്രവമാകാതിരിക്കുവാൻ അവരെ (ജാതികളെ, ശത്രുക്കളെ) ക്ഷണത്തിൽ നശിപ്പിക്കരുത്
നമ്മൾ സാധാരണയായി മൃഗീയമായി, മൃഗങ്ങളേക്കാൾ ക്രൂരമായി എന്നൊക്കെ പറയാറില്ലേ? ഇവിടെ യഹോവയുടെ വീക്ഷണത്തിൽ ശത്രുക്കൾ മൃഗങ്ങളേക്കാൾ അപകടകാരികളല്ല.

ശത്രുക്കളെ നേരിടുവാൻ പഠിക്കുവാൻ ശത്രുക്കൾ വേണം! 


ഒരിക്കൽ എനിക്ക് വളരെ പ്രിയപ്പെട്ട ഒരു സഹോദരൻ തൻറെ പ്രസംഗത്തിൽ പറഞ്ഞു: യോശുവയാണ് വേദപുസ്തകത്തിലേയ്ക്കും നിരാശാജനകമായ കഥാപാത്രം (Joshua is the most disappointing character of the Bible). കാരണമുണ്ട്: മോശെ തനിക്ക് ഉണ്ടായിരുന്ന ജനസമ്മതിയെല്ലാം യോശുവയ്ക്ക് ലഭിക്കുമെന്ന് ഉറപ്പുവരുത്തിയിട്ടും, അദ്ദേഹം പല തെറ്റായ തീരുമാനങ്ങൾ എടുക്കുകയും തൻറെ അധീനതയിൽ ഉണ്ടായിരുന്ന ജനങ്ങളെ ഫലപ്രദമായി ഉപയോഗിച്ച് ശത്രുക്കളെ നാട്ടിൽ നിന്നും ഉന്മൂലനം ചെയ്യുന്നതിൽ പരാജയപ്പെടുകയും ചെയ്തു എന്നതായിരുന്നു പലരെയും പോലെ എൻറെ സഹോദരൻറെയും കാഴ്ചപ്പാട്. നമ്മുടെ കാഴ്ചപ്പാട് ദൈവത്തിൻറെ കാഴ്ചപ്പാടാകണമെന്നില്ല.

കാനാൻ ദേശത്ത് ബാക്കിയുണ്ടായിരുന്ന ജാതികളെ പറ്റി യഹോവ പറയുന്നത് ശ്രദ്ധിക്കുക:
ന്യായാ 3:1 കാനാനിലെ യുദ്ധങ്ങൾ ഒന്നും അറിഞ്ഞിട്ടില്ലാത്ത യിസ്രായേലിനെ പരീക്ഷിക്കുവാനും,
ന്യായാ 3:2 യുദ്ധം അറിഞ്ഞിട്ടില്ലാത്ത യിസ്രായേൽ മക്കളുടെ തലമുറകളെ യുദ്ധം അഭ്യസിപ്പിക്കുവാനും യഹോവ അവശേഷിപ്പിച്ച ജാതികൾ: 
(സഹോദരാ, സഹോദരീ, ദൈവത്തെയോർത്ത്, മനഃപാഠം പഠിച്ചുവെച്ചിരിക്കുന്ന യാക്കോബ് 1:13ലെ “ദൈവം തിന്മകളാൽ ആരെയും പരീക്ഷിക്കില്ല” എന്ന ഭാഗം ഇവിടെ കൂട്ടിക്കുഴയ്ക്കരുതേ, അത് പുതിയനിയമ കാലമാണ്, എഴുതപ്പെട്ട ഭാഷ വേറെയാണ്, അവിടെ ചർച്ചാവിഷയം വ്യക്തിപരമായ പാപങ്ങളാണ്.) ശത്രുക്കൾ ഇല്ലാതെ യുദ്ധം അഭ്യസിക്കുവാൻ കഴിയില്ല, അതിനാണ് ശത്രുക്കൾ എന്ന തിന്മയെ യഹോവ അവശേഷിപ്പിച്ചത്. ഈജിപ്തിൽ നിന്നും യിസ്രായേല്യർ പുറപ്പെട്ടത് മുതൽ അവർക്ക് വിജയങ്ങൾ നൽകിയ യഹോവ അവരോട് അവിടത്തെ ആശ്രയിച്ചുകൊണ്ട് യുദ്ധസന്നദ്ധരായിരിക്കുവാനാണ് ആവശ്യപ്പെട്ടത്.

പറഞ്ഞുവന്നതിൻറെ ചുരുക്കം ഇതാണ്: പ്രഥമദൃഷ്ട്യാ യുദ്ധവും ശത്രുക്കളും തിന്മകളാണെന്ന് നമുക്ക് തോന്നാമെങ്കിലും അവയ്ക്കും അവയുടേതായ നന്മയുണ്ട്.

ദ്രോഹികൾ, അവിശ്വാസികൾ എന്നിവർക്കെല്ലാം എന്ത് സംഭവിക്കും?


വേദപുസ്തകത്തിലെ ദ്രോഹികളെ പറ്റി ചിന്തിക്കുമ്പോൾ നിങ്ങൾക്ക് ഫറവോയെയോ, നെബൂഖദ്നേസരിനെയോ, യൂദാസിനെയോ ഓർമ്മവന്നേക്കാം. എനിക്ക് ഓർമ്മവരുന്നത് അവരേക്കാൾ പ്രാധാന്യം കുറഞ്ഞ ഒരാളെയാണ്: ശിമെയി.

അബ്ശാലോമിനാൽ ദേശഭ്രഷ്ടനാക്കപ്പെട്ട് അലഞ്ഞുതിരിയുകയായിരുന്ന ദാവീദിനെ ചീത്തവിളിച്ചുകൊണ്ട് പുറകേ വന്ന ശിമെയിയെ തട്ടിക്കളയാം എന്ന് പരിപാടിയിട്ട തൻറെ മരുമകനോട് ദാവീദ് പറയുന്നത് ശ്രദ്ധിക്കുക:

2ശമു 16:10 ...സെരൂയയുടെ പുത്രന്മാരേ, നിങ്ങൾ എന്താണിങ്ങനെ? അവൻ ശപിക്കട്ടെ; “ദാവീദിനെ ശപിക്കുക” എന്ന് യഹോവ അവനോട് കൽപിച്ചിരിക്കുന്നു; അവനോട് നീ എന്തിനിങ്ങനെ ചെയ്യുന്നു എന്ന് ചോദിക്കുവാൻ കഴിയുമോ?
തന്നെ ചീത്തവിളിക്കുവാൻ യഹോവയാണ് ശിമെയിയെ ഏൽപിച്ചത് എന്ന് പറഞ്ഞതിന് ദാവീദിൻറെ കൂട്ടത്തിലുണ്ടായിരുന്ന നാഥാൻ, ഗാദ് മുതലായ ദീർഘദർശികളിലോ, പ്രവാചകരിലോ ആരെങ്കിലും അദ്ദേഹത്തെ കുറ്റപ്പെടുത്തിയോ?

റോമർ 9നെ പറ്റി ഒരക്ഷരം മിണ്ടരുത്, അതെനിക്കിഷ്ടമല്ല!


സന്ദേശം എന്ന ചിത്രത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തോറ്റതിൻറെ ചമ്മൽ തീർക്കുവാൻ ക്യൂബ വരെയുള്ള എല്ലാ രാജ്യങ്ങളിലെയും തങ്ങളുടെ പ്രസ്ഥാനത്തിൻറെ നേട്ടങ്ങൾ തട്ടിവിടുന്ന ശ്രീനിവാസനോട് “പോളണ്ടിൽ എന്തായി?” എന്ന് ജയറാം ചോദിക്കുമ്പോൾ: “പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്, അതെനിക്കിഷ്ടമല്ല!” എന്നായിരുന്നു മറുപടി.

പുറപ്പാട് പുസ്തകത്തിൽ 4 തവണ “ഞാൻ (യഹോവ) ഫറവോയുടെ ഹൃദയം കഠിനമാക്കും” എന്നും, 8 തവണ “യഹോവ ഫറവോയുടെ ഹൃദയം കഠിനമാക്കി” എന്നും എഴുതപ്പെട്ടിട്ടും 1ശമു 6:6ൽ “ഫറവോയും മിസ്രയീമ്യരും അവരുടെ ഹൃദയം കഠിനമാക്കി” എന്ന ഒരേയൊരു വചനത്തിൽ തൂങ്ങിക്കിടന്ന് വാദിക്കുന്നവരുടെ മൌഡ്യത്തെ പറ്റി എന്ത് പറയുവാൻ? അവർക്ക് അങ്ങനെ സമർത്ഥിക്കണമെങ്കിൽ പുറപ്പാട് പുസ്തകത്തിൽ തന്നെ അത്തരം 6 വചനങ്ങൾ ഉണ്ടായിരുന്നല്ലോ? അപ്പോൾ അതല്ല, യഹോവയാണ് ഫറവോയുടെ ഹൃദയം കഠിനമാക്കിയത് എന്ന് സമർത്ഥിക്കുന്ന 12 വചനങ്ങളെ 6 വചനങ്ങൾ ഉപയോഗിച്ച് എങ്ങനെ നേരിടും? അതുകൊണ്ട് വിദൂരമായ ഒരു വചനം (1ശമു 6:6) കണ്ടുപിടിക്കുന്ന ശ്രീനിവാസന്മാരോട് അതിലും വിദൂരമായ റോമ 9:17 വായിക്കുവാൻ പറഞ്ഞാൽ “റോമർ 9നെ പറ്റി ഒരക്ഷരം മിണ്ടരുത്, അതെനിക്കിഷ്ടമല്ല!” എന്നായിരിക്കും മറുപടി.

റോമ 9:17 “ഇതിനായാണ് ഞാൻ നിന്നെ നിറുത്തിയിരിക്കുന്നത്; നിന്നിൽ എൻറെ ശക്തി കാണിക്കുവാനും എൻറെ നാമം സർവ ഭൂമിയിലും പ്രസ്താവിക്കപ്പെടുവാനുമാണ്” എന്ന് തിരുവെഴുത്തിൽ ഫറവോയോട് അരുളിച്ചെയ്യുന്നു. 
ഫറവോയുടെ ഹൃദയം കഠിനപ്പെടുത്തിയത് ദൈവമായിരുന്നു. യഹോവയുടെ നാമം പ്രസിദ്ധമാകുവാനായിരുന്നു. ഫറവോയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം എന്തെങ്കിലും ചെയ്യുവാൻ കഴിയുമായിരുന്നോ? ഇല്ലേയില്ല.

പുഴുക്കുതീനി ഏശാവ്. 


(ഉൽ 25:30ൽ യാക്കോബ് ഉണ്ടാക്കിയത് പായസമല്ല, ചുവന്ന പയറുകൊണ്ടുള്ള പുഴുക്കാണ്.)

റോമ 9:10 റിബെക്കയും നമ്മുടെ പിതാവായ യിസ്ഹാക്ക് എന്ന ഒരുവനാൽ ഗർഭം ധരിച്ചു,
റോമ 9:11 കുട്ടികൾ ജനിക്കുന്നതിനും, നന്മയോ തിന്മയോ ചെയ്യുന്നതിനും മുമ്പേ തെരഞ്ഞെടുപ്പിൻ പ്രകാരമുള്ള ദൈവനിർണയം പ്രവൃത്തികൾ നിമിത്തമല്ല വിളിച്ചവൻറെ ഇഷ്ടം നിമിത്തമാണെന്ന് തെളിയിക്കുവാൻ,
റോമ 9:12 “മൂത്തവൻ ഇളയവനെ സേവിക്കും” എന്ന് അവളോട് അരുളിച്ചെയ്തു.
റോമ 9:13 “ഞാൻ യാക്കോബിനെ സ്നേഹിച്ചു ഏശാവിനെ ദ്വേഷിച്ചു” എന്ന് എഴുതിയിരിക്കുന്നു.
“മൂത്തവൻ ഇളയവനെ സേവിക്കും” എന്ന് അരുളിച്ചെയതത് ഏശാവും, യാക്കോബും ഗർഭത്തിൽ ആയിരിക്കുമ്പോഴാണ്. ഏശാവ് പുഴുക്ക് തിന്നതിനോ, മറ്റെന്തെങ്കിലും ചെയ്തതിനോ അയാളെ ദൈവം അയാളെ വെറുത്തതിൽ പങ്കില്ല. നിങ്ങളുടെ സഹോദരൻ വിശന്നുവലഞ്ഞ് വന്നാൽ ഒരു നേരത്തെ ഭക്ഷണത്തിനായി അയാളുടെ സ്വത്തുക്കൾ നിങ്ങൾ തട്ടിയെടുക്കുമോ? അവരുടെ അമ്മ അവരെ പ്രസവിക്കുന്ന സമയത്ത് തുടങ്ങിയതാണ് യാക്കോബിൻറെ പാരപണി. ഇരട്ടക്കുട്ടികൾ വെളിയിൽ വരുമ്പോൾ മൂത്തവനായ ഏശാവിൻറെ കുതികാലിന് പിടിച്ചുവലിച്ചുകൊണ്ട് തുടങ്ങിയതാണ് യാക്കോബിൻറെ പാരപണി(ഹോശെ 12:3). (എബ്രാ 12:16ൽ ഏശാവിനെ പറ്റിയുള്ള പരാമർശം എടുത്തുചാട്ടക്കാരൻ അല്ലെങ്കിൽ ബുദ്ധിശൂന്യൻ എന്ന നിലയിലാണ്. ഭക്തിഹീനൻ എന്ന് മലയാളത്തിലും, profane അല്ലെങ്കിൽ unholy എന്ന് ഇംഗ്ലീഷിലും പരിഭാഷപ്പെടുത്തിയിരിക്കുന്നത് തെറ്റാണെന്ന് അവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക് പരിശോധിച്ചാൽ ഇത് മനസ്സിലാകും. Silly - ബാലിശമായ, ബുദ്ധിശൂന്യമായ - എന്നതാണ് കൂടുതൽ കൃത്യമായ പരിഭാഷ.)

ഏശാവിനും സ്വന്തം ഇഷ്ടപ്രകാരം എന്തെങ്കിലും ചെയ്യുവാൻ കഴിയുമായിരുന്നോ?


നെബൂഖദ്നേസർ യഹോവയുടെ സേവകൻ. 


ഒരു നിശ്ചിതമായ രീതിയിൽ വസ്ത്രം ധരിക്കുകയും, സംസാരിക്കുകയും, പെരുമാറുകയും, വേദപുസ്തകം പിടിച്ചിരിക്കുകയും ചെയ്യുന്ന ആരെയും നാം ദൈവദാസന്മാർ എന്ന് വിളിക്കും, എന്നാൽ യഹോവ ദൈവം നേരിട്ട് എൻറെ ദാസൻ എന്ന് വിളിച്ച വളരെ കുറവ് പേരേയുള്ളൂ. ഒരു അന്യജാതിക്കാരനെ ദൈവം തൻറെ ദാസൻ എന്ന് വിളിച്ചത് ഒരുപക്ഷേ, നെബൂഖദ്നേസരിനെ മാത്രമായിരിക്കും!
യിരെ 25:9 ഞാൻ ആളയച്ച് വടക്കുള്ള സകല വംശങ്ങളെയും എൻറെ ദാസനും ബാബേൽ രാജാവുമായ നെബൂഖദ്നേസരിനെയും ഈ ദേശത്തിൻറെ നേരെയും അതിലെ നിവാസികളുടെ നേരെയും ചുറ്റും വസിക്കുന്ന ഈ സകല ജാതികളുടെ നേരെയും വരുത്തി അവരെ ഉന്മൂലനാശം ചെയ്ത്, സ്തംഭനഹേതുവും പരിഹാസവിഷയവും ശാശ്വതശൂന്യവും ആക്കിത്തീർക്കും. (യിരെ 27:6; 43:10 കാണുക.) 
ഈ നെബൂഖദ്നേസരാണ് കി.മു. ആറാം നൂറ്റാണ്ടിൽ യെരൂശലേമിലെ ദേവാലയം തകർത്ത്, യിസ്രായേല്യരെ തടവുകാരും അടിമകളുമായി പിടിച്ചുകൊണ്ടുപോയത് എന്ന് ഓർമ്മിക്കുക.

ദൈവത്തിന് നമ്മുടെ വക്കാലത്ത് വേണ്ട! 


ഫറവോ സ്വന്തം ഹൃദയത്തെ കഠിനപ്പെടുത്തിയെന്നും ഏശാവിനെ അയാളുടെ ഭക്തിഹീനത മൂലമാണ് ദൈവം വെറുത്തത് എന്നൊക്കെ സ്ഥാപിക്കുവാൻ ശ്രമിക്കുന്നവർ ഞങ്ങളുടെ ദൈവം തങ്കപ്പെട്ട ദൈവമാണെന്ന് ദൈവത്തിന് സൽപേരുണ്ടാക്കിക്കൊടുക്കുവാനാണ് ശ്രമിക്കുന്നത്. അത്തരം സൽപേരിൻറെ ആവശ്യം ദൈവത്തിനില്ല. ദൈവം ഉത്തരവാദിത്തബോധമുള്ള പിതാവാണ്, അവിടന്ന് ചെയ്യുന്നത് എന്താണെന്ന് അവിടത്തേയ്ക്ക് ഉത്തമ ബോദ്ധ്യമുണ്ട്. അവിടന്ന് മക്കളെ ശിക്ഷിക്കും. മക്കളെ ശിക്ഷിച്ചുവളർത്തുന്നത് തെറ്റാണെന്ന് ചിന്തിക്കുന്ന അമേരിക്കക്കാരൻറെ നാട്ടിലാണ് ഏറ്റവുമധികം കുറ്റകൃത്യങ്ങൾ നടക്കുന്നത്. അവർക്ക് യേശുവിൻറെ മരണം പോലും അനാവശ്യമായി തോന്നുവാൻ തുടങ്ങിയിട്ടുണ്ട്.

യഹോവയെ “തങ്കപ്പെട്ട ദൈവം” ആക്കുവാൻ ശ്രമിക്കുന്നവർ “ഏശാവിനെ ദൈവം വെറുത്തില്ല, കുറവ് സ്നേഹിച്ചു” എന്നേയുള്ളൂ എന്ന് സ്ഥാപിക്കുവാനാണ് ശ്രമിക്കുന്നത്. ഏശാവിനെ കുറവ് സ്നേഹിച്ചതുകൊണ്ടാണോ അവൻറെ നാടിനെ കുളംകുത്തി, കുട്ടിച്ചോറാക്കിയത്? (മലാ 1:3)? കുറവ് സ്നേഹിക്കുന്നതിനാൽ നിർവികാരതയോ, നിസ്സംഗതയോ ആകാം, ഒരാളെയും അയാളുടെ കുലത്തെയും ഉന്മൂലനം ചെയ്യണമായിരുന്നോ എന്ന ചോദ്യത്തിന് ഇത്തരക്കാർക്ക് ഉത്തരമില്ല. പൌലോസ് പറയുന്നത് ദൈവത്തിൻറെ തെരഞ്ഞെടുപ്പുകളിൽ ഒരാളുടെ പ്രവൃത്തികൾക്ക് പ്രാധാന്യമില്ല എന്ന് കാണിക്കുവാനാണ് ഇങ്ങനെയൊക്കെ ചെയ്തത് എന്നാണ്. ഇത് സത്യമാണ്. ഇത് വായിക്കുന്ന നിങ്ങളെയും എന്നെയും ദൈവം തെരഞ്ഞടുത്തത് നമ്മുടെ പ്രവൃത്തികളുടെ വൈശിഷ്ട്യം കാരണമല്ലല്ലോ?

മിക്കവാറും ക്രൈസ്തവർക്ക് അസുഖകരമായി തോന്നുന്ന ചില വചനങ്ങൾ: 


യെശ 45:7 ഞാൻ പ്രകാശത്തെ നിർമ്മിക്കുന്നു, അന്ധകാരത്തെയും സൃഷ്ടിക്കുന്നു; ഞാൻ നന്മയെ ഉണ്ടാക്കുന്നു, തിന്മയെയുംH7451 സൃഷ്ടിക്കുന്നു; യഹോവയായ ഞാൻ ഇതെല്ലാം ചെയ്യുന്നു
ഇവിടെ തിന്മയെ യഹോവയാണ് സൃഷ്ടിക്കുന്നത് എന്ന ഭാഗം അസത്യമാണ് എന്ന് തെളിയിക്കുവാനാണ് പലരുടെയും ശ്രമം. അതിനുവേണ്ടി അവർ ഉപയോഗിക്കുന്ന വാദഗതി ഇതാണ്: അന്ധകാരം ഒരു വസ്തുവല്ല, പ്രകാശത്തിൻറെ അഭാവമാണ് അന്ധകാരം, അതുകൊണ്ടുതന്നെ നന്മയുടെ അഭാവമാണ് തിന്മ എന്നാണ് അവരുടെ വാദം. നിങ്ങൾ ഒരു വിജനമായ സ്ഥലത്ത് പോയി നിൽക്കുക. അവിടെ നന്മ ഒന്നുമില്ല എന്നതിനാൽ തിന്മ ഉണ്ട് എന്ന് അർത്ഥമില്ല. നിങ്ങൾ പരിചയക്കാർ ഒന്നുമില്ലാത്ത ഒരു സ്ഥലത്ത് പോയി സ്വന്തം കാര്യം നോക്കിക്കൊണ്ട് ജീവിക്കുക. അവിടെ നന്മയോ തിന്മയോ കണ്ടില്ലെന്നുവരും. ആരെങ്കിലും നിങ്ങൾക്ക് നന്മ ചെയ്തില്ല എന്നതിന് തിന്മ ചെയ്തു എന്ന് അർത്ഥമില്ല.

ഇവിടെ തിന്മ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഹീബ്രു വാക്ക് רָעָה (റാഹ്) അല്ലെങ്കിൽ רַע (റാ) (സ്ട്രോങ്സ് നിഘണ്ടുവിൽ H7451) ആദ്യമായി ഉപയോഗിച്ചിരിക്കുന്ന വചനം:
ഉൽ 2:9 കാണുവാൻ ഭംഗിയുള്ളതും തിന്നുവാൻ നല്ല ഫലം ഉള്ളതുമായ ഓരോ വൃക്ഷങ്ങളും തോട്ടത്തിൻറെ നടുവിൽ ജീവവൃക്ഷവും നന്മ, തിന്മകളെH7451 കുറിച്ചുള്ള അറിവിൻറെ വൃക്ഷവും യഹോവയായ ദൈവം നിലത്ത് നിന്നും മുളപ്പിച്ചു. 
ഈ വാക്ക് പഴയനിയമത്തിൽ 623 വചനങ്ങളിൽ 664 തവണ ഉപയോഗിച്ചിട്ടുണ്ട്. ഈ 664 തവണയും, തിന്മ, ചീത്ത എന്നുള്ള അർത്ഥത്തിലാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. യെശ 45:7ൽ ഈ പദം ഉപയോഗിച്ചിരിക്കുന്നത് ഇഷ്ടപ്പെടാത്തവർ മറ്റ് വചനങ്ങളുടെ കാര്യത്തിൽ എന്ത് വിശദീകരണം നൽകും?
വിലാ 3:38 അത്യുന്നതൻറെ വായിൽ നിന്നും നന്മയും തിന്മയുംH7451 പുറപ്പെടുന്നില്ലയോ?
വിലാപങ്ങൾ എഴുതപ്പെട്ടത് ബാബേൽ രാജാവിനാൽ യെരൂശലേമിനെ നശിപ്പിക്കുകയും യിസ്രായേലിനെ അടിമകളായി കൊണ്ടുപോകുകയും ചെയ്തതിന് ശേഷമാണെന്ന് ഓർമ്മിക്കുക. പ്രവാചകന്മാരിൽ പ്രമുഖനായിരുന്ന യിരെമ്യാവിന് തിന്മ എവിടെ നിന്നും വന്നെന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന അമേരിക്കൻ ഉപദേശിയോ വേദപണ്ഡിതനോ പറഞ്ഞുകൊടുക്കേണമോ?
ആമോ 3:6 നഗരത്തിൽ കാഹളം ഊതുമ്പോൾ ജനം പേടിക്കാതിരിക്കുമോ? യഹോവ വരുത്തിയാലല്ലാതെ നഗരത്തിൽ അനർത്ഥംH7451 (തിന്മ) സംഭവിക്കുമോ
വേദപുസ്തകത്തിൽ ഒരിടത്തും തിന്മ സാത്താനിൽ നിന്നും വരുന്നു എന്ന് എഴുതിയിട്ടില്ല. ജനസംഖ്യയെടുക്കുവാൻ സാത്താൻ ദാവീദിനെ പ്രേരിപ്പിച്ചു എന്ന് എഴുതിയിരിക്കുന്ന 1ദിന 21:1ൻറെ സമാന്തരമായുള്ള 2ശമു 24:1ൽ യഹോവയാണ് ദാവീദിനെ പ്രേരിപ്പിച്ചത് എന്ന് എഴുതിയിരിക്കുന്നു. (1, 2 ദിനവൃത്താന്ത പുസ്തകങ്ങളിൽ വളരെയധികം പകർത്തിയെഴുത്തിലെ തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. ബെന്യാമീൻറെ മക്കളുടെ പേരുകളും ദാനിൻറെ മക്കളുടെ പേരുകളും കൂടിക്കുഴഞ്ഞാണ് കിടക്കുന്നത്. ആണിനെ പെണ്ണാക്കിയതും, പിതാക്കളുടെ പേരുകൾ മാറിയതും അടക്കമുള്ള തെറ്റുകൾ ഉണ്ട്.)
ഇയ്യോ 2:10 ... നാം ദൈവത്തിൻറെ കൈയിൽ നിന്നും നന്മ കൈക്കൊള്ളുന്നെങ്കിൽ; തിന്മയുംH7451 കൈക്കൊണ്ടുകൂടേ എന്ന് പറഞ്ഞു. ഇതിൽ ഒന്നിലും ഇയ്യോബ് അധരങ്ങളാൽ പാപം ചെയ്തില്ല.
ഈ വചനത്തിൻറെ അവസാനഭാഗം മനസ്സിരുത്തി വായിക്കുക: നന്മ എന്നതുപോലെ തിന്മയും ദൈവത്തിൽ നിന്നാണ് വരുന്നത് എന്ന് ഇയ്യോബ് പറഞ്ഞത് പാപമല്ല. മറ്റൊരുതരത്തിലാണ് പറഞ്ഞിരുന്നതെങ്കിൽ അത് പാപമാകുമായിരുന്നു. അങ്ങനെയാണെങ്കിൽ തിന്മ ദൈവത്തിൽ നിന്നുമല്ല വരുന്നത് എന്ന് അവകാശപ്പെടുന്നവർ പാപമല്ലേ ചെയ്യുന്നത്?

“ഞാൻ ഈ നഗരത്തിൻറെ / ആളുടെ / രാജ്യത്തിൻറെ മേൽ തിന്മ വരുത്തും” എന്ന് യഹോവ പറയുന്ന 12 വചനങ്ങൾ ഉണ്ട്. ഇവയൊന്നും വ്യാഖ്യാനിച്ച് എഴുതിത്തള്ളാവുന്ന വചനങ്ങളല്ല.

ശിമെയി, ഏശാവു, ഫറവോൻ, നെബൂഖദ്നേസർ ഇവരൊക്കെ ചെയ്ത കാര്യങ്ങൾ ദൈവനിയോഗത്താൽ ചെയ്യപ്പെട്ടവയാണ്. യഹോവയ്ക്ക് വിരോധമായി തെറ്റുചെയ്ത ശലോമോനെ ശിക്ഷിക്കുവാൻ യഹോവ എഴുന്നേൽപിച്ച പ്രതിയോഗികൾക്ക് ഹീബ്രൂ ഭാഷയിൽ ഉപയോഗിച്ചിരിക്കുന്ന പദം എന്താണെന്നറിയാമോ? സാത്താൻ! (1രാജാ 11:14, 25)

സൂക്ഷിക്കുക, ഇപ്പോൾ നിങ്ങളുടെ “മദ”വികാരം പൊട്ടും! 


ഇവരൊക്കെ ചെയ്തത് കുറ്റകൃത്യങ്ങളാണെങ്കിൽ പ്രേരണാക്കുറ്റം ആരുടേതാണ്? ഏത് ദേശത്തെ നിയമമാണ് കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നവരെ കുറ്റവിമുക്തരാക്കുന്നത്? വികാരപരമായി ചിന്തിക്കാതിരുന്നാൽ കാര്യങ്ങൾ മനസ്സിലാകും. ദൈവം ആത്മീയ മണ്ഡലത്തിലാണുള്ളത്. ഭൌതികമണ്ഡലത്തിലുള്ള ആരോടെങ്കിലും എന്തെങ്കിലും അറിയിക്കേണ്ടിവരുമ്പോൾ ദേവദൂതന്മാരെയോ ദീർഘദർശികളെയോ പ്രയോജനപ്പെടുത്തിയിരുന്നു. അതുപോലെതന്നെ ഭൌതികമണ്ഡലത്തിലുള്ളവരെ ശിക്ഷിക്കുവാൻ ഇതര മനുഷ്യരെ പ്രയോജനപ്പെടുത്തി. അതിന് അർത്ഥം അവർ ഹീനരോ, നരകയോഗ്യരോ ആണെന്നല്ല, പ്രത്യുത, നെബൂഖദ്നേസരിനെ പോലെ യഹോവയുടെ ദാസന്മാർ ആയിരുന്നു.

ഹിറ്റ്ലർ, ഒസാമാ-ബിൻ-ലാദൻ, നിർഭയ കേസിലെ പ്രതികൾ.


സാർവത്രിക രക്ഷ (Universal Salvation) എന്ന പദപ്രയോഗം കേട്ടാലുടനെ ഉയരുന്ന ചില ചോദ്യങ്ങൾ:
  • ഹിറ്റ്ലർ സ്വർഗത്തിൽ പോകുമെന്നാണോ?
  • 6 വയസ്സുള്ള കുട്ടിയെ ബലാൽസംഗം ചെയ്തയാൾ സ്വർഗത്തിൽ പോകുമോ? (6 വയസ്സ് ഇത്തരം ചോദ്യങ്ങളിലെ പതിവാണ്. 6 മാസമുള്ള കുട്ടിയെയോ, 60 വയസ്സായ സ്ത്രീയെയോ ബലാൽസംഗം ചെയ്യുന്നത് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നവർക്ക് തെറ്റായി തോന്നുകയില്ലേ?) 
ചൈനയുടെ മേധാവിയായിരുന്ന മാവോ സേതൂങ് 49-78 ദശലക്ഷം പേരെയും, സോവിയറ്റ് റഷ്യയുടെ ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിൻ ഏകദേശം 23 ദശലക്ഷം പേരെയും കൊലചെയ്തതിൻറെ പ്രേരകശക്തികൾ ആയിരുന്നെങ്കിലും, 12 ദശലക്ഷം പേരുടെ കൊലയ്ക്ക് കാരണക്കാരനായ ഹിറ്റ്ലറാണ് ഏറ്റവും ഭീകരനായി ഓർമ്മിക്കപ്പെടുന്നത്. (യെഹൂദ്യരോടുള്ള അമിതമായ മമതയും, ഹിറ്റ്ലറുടെ കാലത്തെ കോൺസൻറ്രേഷൻ ക്യാമ്പുകളുടെ അവശിഷ്ടങ്ങളും മാധ്യമങ്ങളുടെ പ്രചരണങ്ങളും ഇത്തരം ഒരു പ്രതിഛായ ഉണ്ടാക്കുന്നതിൽ സഹായിച്ചിരിക്കാം.)

ഹിറ്റ്ലറിനെ പറ്റി എന്തെങ്കിലും പറയുന്നതിന് മുമ്പ് നെബൂഖദ്നേസരിനെ പറ്റി ഒരു കാര്യം കൂടെ ശ്രദ്ധിക്കേണ്ടതുണ്ട്. നെബൂഖദ്നേസരിന് മനോരോഗം ഭേദമായിക്കഴിഞ്ഞപ്പോൾ നടത്തിയ പ്രസ്താവനയിൽ നിന്നും:
ദാനി 5:21 ... മനുഷ്യരുടെ രാജ്യങ്ങളുടെ മേൽ അത്യുന്നതനായ ദൈവം വാഴുകയും അവിടത്തേയ്ക്ക് ഇഷ്ടമുള്ളവരെ അവയുടെ മേൽ നിയമിക്കുകയും ചെയ്യുന്നു... 
ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. വളരെയധികം ദ്രോഹികളായ ചില രാജാക്കന്മാരെ പോലും യഹോവ അഭിഷേകം ചെയ്ത് നിയമിച്ചിട്ടുണ്ട്:
1രാജാ 19:15 യഹോവ ഏലീയാവിനോട് അരുളിച്ചെയ്തത് എന്തെന്നാൽ: നീ പുറപ്പെട്ട്, ദമ്മേശെക്കിൻറെ മരുഭൂമി വഴിയായി മടങ്ങിപ്പോകുക; നീ അവിടെ എത്തുമ്പോൾ ഹസായേലിനെ അരാമിന് രാജാവായി അഭിഷേകം ചെയ്യുക.
1രാജാ 19:16 നിംശിയുടെ മകനായ യേഹൂവിനെ യിസ്രായേലിന് രാജാവായി അഭിഷേകം ചെയ്യേണം; ... 
ഹസായേലും യേഹൂവും യിസ്രായേലിനും യെഹൂദായ്ക്കും വരുത്തിയ ഹാനി യഹോവ മുൻകൂട്ടി കണ്ടിരുന്നില്ലേ? യഹോവയ്ക്ക് ആരംഭത്തിൽ തന്നെ അന്ത്യവും അറിയില്ലേ?

പുതിയനിയമത്തിലും ഭരണാധികാരികളും ഭരണകൂടങ്ങളും ദൈവത്താൽ നിയമിക്കപ്പെട്ടവയാണെന്ന് എഴുതിയിട്ടുണ്ടല്ലോ?
റോമ 13:1 ഏത് മനുഷ്യനും ശ്രേഷ്ഠ അധികാരങ്ങൾക്ക് കീഴടങ്ങട്ടെ. ദൈവത്താൽ അല്ലാതെ ഒരു അധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങൾ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു.
റോമ 13:2 ആകയാൽ അധികാരത്തോട് മറുക്കുന്നവൻ ദൈവ വ്യവസ്ഥയോട് മറുക്കുന്നു. മറുക്കുന്നവരോ ശിക്ഷാവിധി പ്രാപിക്കും. (തുടർന്ന് വായിക്കുക.) 
ഹിറ്റ്ലറെ നിയമിച്ചതും ദൈവമായിരിക്കുവാനല്ലേ സാദ്ധ്യത? ഹസായേൽ, യേഹൂ, നെബൂഖദ്നേസർ എന്നിവരെ നിയമിച്ച ദൈവം ഹിറ്റ്ലറിനെയോ, സ്റ്റാലിനെയോ നിയമിച്ചില്ലെന്ന് കരുതുവാൻ തക്കതായ കാരണമില്ല. (ഭരണാധികാരികളുടെ നിയമനം ന്യായപ്രമാണത്തിൻറെ ഭാഗമല്ല. രാജാക്കന്മാരെ നിയമിക്കുന്നതിനെ ന്യായപ്രമാണം നിരുത്സാഹപ്പെടുത്തുന്നുണ്ട് - ആവ 17:14-20. ശമുവേലിനോട് യിസ്രായേല്യർ തങ്ങൾക്ക് ഒരു രാജാവിനെ നിയമിക്കണം എന്ന് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹവും അവരെ രാജഭരണത്തിൻറെ പ്രത്യാഘാതങ്ങൾ പറഞ്ഞുമനസ്സിലാക്കുന്നുണ്ട് - 1ശമു 8).

ലോകത്ത് രാജഭരണം ഇല്ലാതാകുവാൻ തുടങ്ങി, പല തരത്തിലുള്ള ജനകീയ ഭരണകൂടങ്ങൾ ഉണ്ടാകുവാൻ തുടങ്ങിയ കാലത്താണ് മാവോ, സ്റ്റാലിൻ, ഹിറ്റ്ലർ തുടങ്ങിയവർ അധികാരത്തിൽ വന്നത്. അവർ നൂറോ, ഇരുന്നൂറോ പേരുടെ കൊലയ്ക്ക് കാരണക്കാരായിരുന്നെങ്കിൽ അവരിൽ നിന്നും ലോകം ഒന്നും പഠിക്കില്ലായിരുന്നു. അവർ ദശലക്ഷക്കണക്കിന് മനുഷ്യരുടെ കൊലയ്ക്ക് കാരണക്കാരായത് നമുക്ക് വളരെ അമൂല്യമായ ഒരു പാഠം തന്നു: ഏത് ഭരണ വ്യവസ്ഥിതിയായിരുന്നാലും വ്യക്തികളിൽ അപരിമിതമായ അധികാരം കേന്ദ്രീകരിച്ചാൽ അത് വിപത്താണ്.

നിർഭയയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൻറെ പാഠങ്ങൾ നാം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ഒരുപക്ഷേ, നാം നമ്മുടെ പെൺകുട്ടികൾക്ക് ഭദ്രത നൽകണമെന്നോ, ആൺകുട്ടികളെ മൂല്യബോധത്തോടെ വളർത്തണമെന്നോ ആയിരിക്കാം നാം പഠിക്കേണ്ട പാഠങ്ങൾ.

ഒസാമ-ബിൻ-ലാദനെ പോലെയുള്ള തീവ്രവാദികൾ ആരുടെ കൈയ്യിലെ ചട്ടുകങ്ങളാണെന്ന് നമുക്ക് അറിയില്ലല്ലോ? തൊട്ടടുത്തുള്ള തങ്ങളുടെ ആജന്മ ശത്രുക്കളായ യിസ്രായേലിനെ ആക്രമിക്കാതെ ദൂരെയുള്ള പാരീസിനെ ആക്രമിക്കുന്ന ഐസിസ് തീവ്രവാദികളുടെ പിന്നിൽ ആരായിരിക്കുമോ? വേഗത്തിൽ പണം സമ്പാദിക്കുവാനുള്ള വ്യഗ്രതയാണോ പലരെയും തീവ്രവാദ സംഘടനകളിൽ കൊണ്ടുചെന്ന് എത്തിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിക്കിലീക്സ് പോലെയുള്ള സംരംഭങ്ങൾ കൂടുതൽ വ്യാപകമാകുമ്പോൾ ഇതിൻറെയൊക്കെ പിന്നിലുള്ള കള്ളക്കളികൾ വെളിയിൽ വരും.

ഒരു സംസ്ഥാനം സ്വർഗമാക്കി എന്ന് അവകാശപ്പെട്ടുകൊണ്ട് കൂടുതൽ ഉന്നതമായ സ്ഥാനം നേടിയെടുത്ത ഒരു മഹാൻ ഇവിടെയുണ്ടല്ലോ? ഉന്നതമായ പദവിയിലേക്ക് വന്ന് രണ്ട് വർഷം കഴിഞ്ഞപ്പോൾ ആ സംസ്ഥാനത്തിൻറെ നിജസ്ഥിതി എന്താണെന്ന് വെളിയിൽ വരുവാൻ തുടങ്ങിയില്ലേ? ഇത് വിവരസാങ്കേതികവിദ്യയുടെ യുഗമാണ് നുണകൾ അധികം നാൾ നിലനിൽക്കില്ല.

ദൈവദാസന്മാരെ പീഡിപ്പിച്ച തീവ്രവാദികൾക്ക് ശിക്ഷ ലഭിക്കുമോ?


പുതിയനിയമത്തിൽ അപ്പൊസ്തലന്മാരെയും പ്രവാചകന്മാരെയും പീഡിപ്പിച്ച ബാബേലിന് ശിക്ഷ ലഭിക്കും എന്ന് എഴുതിയിട്ടുണ്ട്. മത്താ 23:34-39 വരെയുള്ള വചനങ്ങളും, വെളി 18:21-24 വരെയുള്ള വചനങ്ങളും കൂട്ടി വായിച്ചാൽ ബാബേൽ യെരൂശലേമായിരുന്നു എന്ന് വ്യക്തമാകും. (അതേ, Preterism - ഭവിതവാദം - തന്നെയാണ്.) ആ ശിക്ഷ കി.പി.70ൽ കഴിഞ്ഞുപോയ സംഭവമാണ്. അതുകൊണ്ട്, എവിടെയെങ്കിലും ഏതെങ്കിലും ദൈവദാസൻ കൊല്ലപ്പെട്ടാൽ അയാൾക്ക് വേണ്ടി പ്രതികാരം ചെയ്യുവാൻ നരസിംഹം ചാടിവരുന്നത് പോലെ ദൈവവും യേശുവും ചാടിവരില്ല.

പുതിയനിയമത്തിൽ പല തവണ ശിഷ്യന്മാർക്കും, യേശുവിൻറെ സാക്ഷികൾക്കും ഉപദ്രവങ്ങൾ നേരിടുമെന്നും അത്തരം സന്ദർഭങ്ങളിൽ ദൈവികമായ ഇടപെടലുകൾ ഉണ്ടാകുമെന്നും എഴുതിയിട്ടുണ്ട്. അത്തരം വചനങ്ങളെ അവയുടെ സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത് മനസ്സിലാക്കരുത്.

മത്താ 10:17 മനുഷ്യരെ സൂക്ഷിച്ചുകൊള്ളുവിൻ; അവർ നിങ്ങളെ ന്യായാധിപസഭകളിൽG4892 ഏൽപിക്കുകയും തങ്ങളുടെ പള്ളികളിൽG4864 ചമ്മട്ടിയാൽ അടിക്കുകയും ... 

ഇവിടെ ന്യായാധിപസഭ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്ക് സാൻഹെഡ്രിൻ (συνέδριον, സ്ട്രോങ്സ് നിഘണ്ടുവിൽ G4892) ആണ്. ഇത് യെഹൂദ്യരുടെ വിചാരണ കോടതിയാണ്. പള്ളി എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്ക് സിനഗോഗ് (συναγωγή, സ്ട്രോങ്സ് നിഘണ്ടുവിൽ G4892) ആണ്, യെഹൂദ്യരുടെ പ്രാർത്ഥനാമന്ദിരം. അതായത്, ശിഷ്യന്മാർക്ക് ഉപദ്രവം ഉണ്ടാകേണ്ടിയിരുന്നത് യെഹൂദ്യരുടെ മതത്തിൽ നിന്നുമാണ്. ഐസിസ് ദൈവദാസന്മാരെ ഉപദ്രവിച്ച് യെഹൂദ്യരുടെ സിനഗോഗുകളിലോ, സാൻഹെഡ്രിനിലോ ആണോ?

ഫറവോയ്ക്കോ, ഏശാവിനോ, ശിമെയിക്കോ, നെബൂഖദ്നേസരിനോ അവർ ചെയ്ത തിന്മകളുടെ കാര്യത്തിൽ തീരുമാനമെടുക്കുവാനുള്ള അധികാരം ഇല്ലായിരുന്നെങ്കിൽ ഹിറ്റ്ലറിനോ, സ്റ്റാലിനോ ഉണ്ടായിരുന്നിരിക്കുമോ?

ബലാൽസംഗികളെയും തീവ്രവാദികളെയും ദൈവം കയറൂരിവിട്ടു എന്ന് ഞാൻ പറയില്ല. നമ്മളും അവരുടെ അതേ സാഹവചര്യങ്ങളിൽ ജനിച്ച്, വളർന്നിരുന്നെങ്കിൽ അവരേക്കാൾ വ്യത്യസ്തരാകുമായിരുന്നോ? അവരുടെ മാതാപിതാക്കളെയോ, സാഹചര്യങ്ങളെയോ തെരഞ്ഞെടുക്കുവാനുള്ള അവകാശം അവർക്ക് ഉണ്ടായിരുന്നോ?

എല്ലാ യിസ്രായേല്യരും - അവർ എത്രമേൽ ഹീനരും, പാപികളുമായിരുന്നാലും - നിരുപാധികം രക്ഷിക്കപ്പെടും എന്നല്ലേ ഭൂരിപക്ഷം ക്രൈസ്തവരും വിശ്വസിക്കുന്നത്? അതേ സന്ദർഭത്തിൽ എഴുതപ്പെട്ടിരിക്കുന്ന ഒരു വചനം ശ്രദ്ധിക്കുക:

റോമ 11:32 ദൈവം എല്ലാവരോടും കരുണ ചെയ്യുവാന്‍ എല്ലാവരെയും അനുസരണക്കേടില്‍ അടച്ചുകളഞ്ഞു.
ഇവിടെ അനുസരണക്കേടിൽ (അവിധേയത്വത്തിൽ) അടച്ചത് ദൈവമാണ്, അത് യിസ്രായേല്യരെ ആയിരുന്നാലും, അന്യജാതിക്കാരെ ആയിരുന്നാലും. അങ്ങനെ ചെയ്തതിൻറെ ഉദ്ദേശ്യം എല്ലാവരോടും കരുണ കാണിക്കുവാനുമാണ്.

അനുരഞ്ജനത്തിൻറെ സുവിശേഷം.


വളരെ സുപ്രധാനവും, എന്നാൽ നമ്മുടെ സഭകൾ വേണ്ടത്ര പ്രാധാന്യം നൽകാത്തതുമായ ഒരു വേദഭാഗം നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തിക്കൊണ്ട് ഈ ലേഖനം അവസാനിപ്പിക്കുന്നു.

2കൊരി 5:17 ഒരുവന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടിയാകുന്നു; പഴയത് ഒഴിഞ്ഞുപോയി, ഇതാ, എല്ലാം പുതിയതായി തീര്‍ന്നിരിക്കുന്നു.
ക്രിസ്തുവിലുള്ള നമ്മളാണ് പുതിയ സൃഷ്ടി. നമ്മളാണ് പുതിയ ആകാശം, നമ്മളാണ് പുതിയ ഭൂമി.
2കൊരി 5:18 അതിനെല്ലാം ദൈവമാണ് കാരണഭൂതന്‍; അവിടന്ന് നമ്മെ ക്രിസ്തു മൂലം തന്നോട് അനുരഞ്ജിപ്പിച്ചു, അനുരഞ്ജനത്തിന്‍റെ ശുശ്രൂഷ ഞങ്ങള്‍ക്ക് തന്നിരിക്കുന്നു.
ആദ്യം ദൈവം നമ്മളെ പുതിയ സൃഷ്ടിയായി മാറ്റി, നമ്മളെ അവിടത്തോട് അനുരഞ്ജിപ്പിച്ചു - (മലയാളം വേദപുസ്തകത്തിൽ എഴുതിയിരിക്കുന്നത് പോലെ ബുൾഡോസർ വെച്ച് നിരപ്പിക്കുകയല്ല ചെയ്തത്.) അതിന് ശേഷം അനുരഞ്ജനത്തിൻറെ ശുശ്രൂഷ നമുക്ക് നൽകി.
2കൊരി 5:19 ദൈവം ലോകത്തിൻറെ ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവില്‍ തന്നോട് അനുരഞ്ജിപ്പിച്ചു. ഈ അനുരഞ്ജനത്തിന്‍റെ വചനം ഞങ്ങളുടെ പക്കല്‍ ഭരമേല്‍പിച്ചിരിക്കുന്നു.
അനുരഞ്ജനത്തിന്‍റെ വചനം നമുക്ക് (ക്രൈസ്തവർക്ക്) നൽകിയത്, ദൈവം ലോകത്തെ തന്നോടുതന്നെ അനുരഞ്ജിപ്പിച്ചു എന്ന് ലോകത്തെ അറിയിക്കുവാനല്ലേ? ദൈവം നിങ്ങളുടെ പാപങ്ങളെ (ലംഘനങ്ങൾ പാപങ്ങളേക്കാൾ ഘോരമാണ്) കണക്കിലെടുക്കാതെ നിങ്ങളെ അവിടത്തോട് അനുരഞ്ജിപ്പിച്ചു എന്ന നല്ല വിശേഷം ജനങ്ങളെ അറിയിക്കുന്ന എത്ര ദൈവദാസന്മാരുണ്ട്. “പശ്ചാത്തപിച്ചോ, ഇല്ലെങ്കിൽ നരകത്തിൽ കിടന്ന് പൊരിഞ്ഞോ” എന്നല്ലേ 99% ദൈവദാസന്മാരുടെയും “സുവിശേഷം”?
2കൊരി 5:20 ആകയാല്‍ ഞങ്ങള്‍ “ദൈവത്തോട് അനുരഞ്ജനപ്പെടുവിന്‍” എന്ന് ക്രിസ്തുവിൻറെ സ്ഥാനപതികളായി, ക്രിസ്തുവിന് പകരം അപേക്ഷിക്കുന്നു; അത് ദൈവം ഞങ്ങളിലൂടെ പ്രബോധിപ്പിക്കുന്നത് പോലെയാണ്.
ക്രിസ്തുവിൻറെ ഒരു സ്ഥാനപതി ചെയ്യേണ്ട കാര്യം ഇതാണ്: “ദൈവം നിങ്ങളുടെ പാപങ്ങളെ പരിഗണിക്കാതെ, നിങ്ങളെ തന്നോടുതന്നെ അനുരഞ്ജനപ്പെടുത്തിയിരിക്കുന്നു. ഈ സത്യം മനസ്സിലാക്കി, ധൈര്യത്തോടെ ദൈവത്തോട് അനുരഞ്ജനപ്പെടുവാൻ” ലോകത്തെ അറിയിക്കുക. അതിന് പകരം, കഴിഞ്ഞ 2000± വർഷങ്ങളായി “ദൈവം നിങ്ങളുടെ ഓരോ പാപങ്ങൾക്കും കണക്കിട്ടുകൊണ്ടാണിരിക്കുന്നത്, പശ്ചാത്തപിച്ചില്ലെങ്കിൽ നരകത്തിൽ എറിയും” എന്ന് ലോകത്തെ മുഴുവൻ ഭീഷണിപ്പെടുത്തിയവർ ദൈവത്തിൻറെ സ്ഥാനപതികളോ, ദാസന്മാരോ ആണോ? (സാധാരണയായി ഭീഷണിമുഴക്കുന്ന പണി ചെയ്യുന്നവരെ സ്ഥാനപതികൾ എന്നോ ദൈവദാസന്മാർ എന്നോ വിളിക്കാറുണ്ടോ?).
ശരിയായ അനുരഞ്ജനത്തിൻറെ, കരുണയുടെ, കൃപയുടെ സുവിശേഷം പ്രസംഗിക്കപ്പെട്ടിരുന്നെങ്കിൽ ലോകത്തിൽ എത്ര ഹിറ്റ്ലർമാരും, ബിൻ-ലാദന്മാരും, ബലാൽസംഗികളും കുറയുമായിരുന്നു? ചില മതങ്ങൾ പോലും നിലവിൽവരില്ലായിരുന്നു. ചില മതങ്ങൾ പൂർണ്ണമായി ഇല്ലാതാകുമായിരുന്നു.

വേദപുസ്തകത്തിൽ കഠിനമായ ശിക്ഷ വാഗ്ദാനം ചെയ്തിരിക്കുന്നത് പാപികൾക്കല്ല, ദൈവത്തെ വികലമായി ചിത്രീകരിക്കുന്ന ബോധകന്മാർക്കാണ്.
യാക്കോ 3:1 സഹോദരന്മാരേ, കഠിനമായ ശിക്ഷാവിധി വരുമെന്ന് അറിഞ്ഞ് നിങ്ങളില്‍ അനേകര്‍ ഉപദേഷ്ടാക്കളാകരുത്. (ഉപദേശിമാർ, അദ്ധ്യാപകർ, ബോധകന്മാർ)
യേശു ശത്രുക്കളെ സ്നേഹിക്കുവാനും, നമ്മളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിക്കുവാനുമാണ് പഠിപ്പിച്ചത്. അവരുടെ മേൽ ദൈവകോപം ഉണ്ടാകണമെന്ന് കാംഷിക്കുന്ന ക്രൈസ്തവർക്ക് ഏത് തരത്തിലുള്ള ആത്മാവാണുള്ളത്? (ലൂക്കോ 9:55).

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

No comments:

Post a Comment