Thursday, August 4, 2016

നരകം ഒരു പഴങ്കഥ, ഭാഗം #4: 2പത്രോ 2:4ലെ “പാപം ചെയ്ത ദൂതന്മാർ” - കോരഹ്, ദാഥാന്‍, അബീരാം!

ക്രിസ്തുവിൽ പ്രിയരേ,

നരകം എന്ന് പരിഭാഷപ്പെടുത്തപ്പെട്ടിട്ടുള്ള മൂന്ന് വാക്കുകൾ ഇതിനോടകം നാം പരിശോധിച്ചു: ഷിയോൾ, ഗെഹന്ന, ഹേഡീസ്. വേദപുസ്തകത്തിൽ ഒരേയൊരു തവണ ഉപയോഗിക്കപ്പെട്ടിരിക്കുന്ന ഒരു ഗ്രീക്ക് വാക്കുകൂടെയുണ്ട്: ടാർട്ടറോ (ταρταρόω, tar-tar-o'-o, സ്ട്രോങ്സ് നിഘണ്ടുവിൽ G5020). ഈ വാക്ക് 2പത്രോ 2:4ൽ കാണാം.

ചിറകുകളില്ലാത്ത ദൂതന്മാരുമുണ്ട്!


ദൂതന്മാർ എന്ന് കേട്ടാൽ ഉടനെ നമ്മുടെ മനസ്സിൽ ഓടിയെത്തുന്ന രൂപം ഒരിക്കലും മീശ മുളയ്ക്കാത്ത, നല്ല വെളുപ്പ് നിറമുള്ള, കത്തോലിക്കാ പാതിരിമാരുടേതിനേക്കാൾ വെളുത്ത ളോഹയിട്ട, വിശാലമായ ചിറകുകളുള്ള രൂപമാണ്. ഈ രൂപമാണ് നമ്മുടെ മനസ്സിൽ നിന്നും വലിച്ചെറിയേണ്ടത്. പഴയനിയമത്തിൽ കെരൂബുകളുടെ വർണ്ണനയിൽ അവയുടെ ചിറകുകളെ പറ്റി വർണ്ണിക്കുന്നുണ്ട് എന്നതൊഴികെ ദൂതന്മാരെ പറ്റിയുള്ള വർണ്ണനയിൽ ഒരിക്കലും ചിറകുകൾ പരാമർശിക്കപ്പെടുന്നില്ല.

വെളിപ്പാട് പുസ്തകത്തിൻറെ ആമുഖത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു:
  • വെളി 1:1 യേശു ക്രിസ്തുവിന്‍റെ വെളിപാട്: വേഗത്തില്‍ സംഭവിക്കുവാനുള്ളത് തന്‍റെ ദാസന്മാരെ കാണിക്കുവാന്‍, (അന്തിമമായി ഇവരിലാണ് വെളിപ്പാട് എത്തിച്ചേരേണ്ടത്)
  • ദൈവം അത് അവിടത്തേയ്ക്ക് (യേശുവിന്) കൊടുത്തു.
  • അവിടന്ന് (യേശു) അത് തന്‍റെ ദൂതന്‍ മുഖാന്തരം അയച്ച്, (ഇവരാണ് സന്ദേശം എത്തിക്കുന്നത്.)
  • തന്‍റെ ദാസനായ യോഹന്നാന് പ്രദര്‍ശിപ്പിച്ചു.
ഈ വെളിപ്പാട് യോഹന്നാൻ എഴുതി ഏഷ്യയിലുള്ള ഏഴ് സഭകളുടെ ദൂതന്മാർക്ക് അയയ്ക്കുന്നതായി വെളി 2:1, 8, 12, 18; 3:1, 5, 7, 14 എന്നീ വചനങ്ങളിൽ കാണാം.
യഥാർത്ഥത്തിൽ വെളിപ്പാടിൻറെ സന്ദേശം സ്വർഗത്തിലുള്ള ദേവദൂതന്മാർക്ക് നൽകുവാനുള്ളതാണെങ്കിൽ ദൈവം ⇒ യേശു ⇒ ദൂതൻ ⇒ യോഹന്നാൻ ⇒ ദൂതന്മാർ എന്ന ക്രമത്തിൽ നൽകാതെ  ദൈവം ⇒ യേശു ⇒ ദൂതൻ ⇒ ദൂതന്മാർ എന്ന ക്രമത്തിലോ ദൈവം ⇒ യേശു ⇒ ദൂതന്മാർ എന്ന ക്രമത്തിലോ നൽകാമായിരുന്നല്ലോ? ഒരു മനുഷ്യൻറെ കൈകൊണ്ട് എഴുതിയ രായസം വായിച്ചാലേ ദൂതന്മാർ ദൈവത്തെ അനുസരിക്കൂ എന്നുണ്ടോ?

മിക്കവാറും എല്ലാ ക്രൈസ്തവ വിഭാഗങ്ങളും അംഗീകരിക്കുന്ന സംഗതിയാണ് ഏഴ് സഭകളുടെ ദൂതന്മാർ ആ സഭകളുടെ മൂപ്പന്മാരാണെന്നത്. ചില ക്രൈസ്തവ വിഭാഗങ്ങൾ അവയുടെ സ്ഥാപകനാണ് ഏഴാമത്തെ ദൂതൻ എന്ന് അവകാശപ്പെടുന്നത് അവർക്ക് ചിറകുകൾ ഉണ്ടായിരുന്നതിനാൽ അല്ലല്ലോ?

തന്നെയുമല്ല, ചില സഭകളുടെ ദൂതന്മാരെ അവരുടെ കൃത്യവിലോപത്തെ പറ്റി ഭർത്സിക്കുന്നുമുണ്ട്. (വെളി 2:20; 3:3, 15-18 കാണുക). സ്വർഗത്തിലെ ദൂതന്മാർ ഒരിക്കലും കൃത്യവിലോപം കാണിക്കില്ല. (സങ്കീ 103:20-21; 148:2; എബ്രാ 1:14)

ദൂത് (സന്ദേശം) അറിയിക്കുന്നവനാണ് ദൂതൻ, അത് സ്വർഗത്തിലുള്ള ദൂതനാവണമെന്നില്ല. പുതിയനിയമത്തിലും പഴയനിയമത്തിലും മനുഷ്യരായ സന്ദേശവാഹകരേയും ദേവദൂതന്മാരെയും സൂചിപ്പിക്കുവാൻ വെവ്വേറെ വാക്കുകൾ ഇല്ല. (ദൂതന്മാർ ആരാണ് എന്നതിനെ പറ്റി ഉടനെ എഴുതാം - കർത്താവ് അനുവദിച്ചാൽ!)

ചൈനയിലുണ്ടാക്കിയ ചങ്ങല

127 മണിക്കൂറുകൾ (127 hours) എന്ന ഹോളീവുഡ് സിനിമയിൽ രണ്ട് ചെങ്കുത്തായ പാറക്കെട്ടുകളുടെ ഇടയിൽ കുടുങ്ങിപ്പോയ നായകൻ രക്ഷപെടുവാൻ വേറെ വഴികളില്ലാത്തതിനാൽ കല്ലിനിടയിൽ ഉടക്കിയിരിക്കുന്ന തൻറെ വലതുകൈ ഇടതുകൈകൊണ്ട് മുറിച്ചുകളയുവാൻ ശ്രമിച്ചപ്പോഴാണ് കയ്യിലുള്ള ചൈനീസ് മടക്കുകത്തി കാശിന് കൊള്ളില്ല എന്ന് മനസ്സിലാക്കിയത്. ചൈനീസ് ഉൽപന്നങ്ങൾ വാങ്ങി മണ്ടന്മാരായവർ നമ്മുടെയിടയിൽ ഇല്ലേ?

ക്രൈസ്തവ മതത്തിൻറെ പ്രബോധനമനുസരിച്ച് പാപം ചെയ്ത് വീണുപോയ ദൂതന്മാരാണ് (fallen angels) ലോകത്തിലുള്ള മനുഷ്യരെക്കൊണ്ട് പാപം ചെയ്യിക്കുന്നതും, ലോകത്തിലുള്ള എല്ലാ തിന്മയ്ക്കും ഉത്തരവാദികളും അവരാണ്. ഇത്തരം വീണുപോയ ദൂതന്മാരിൽ ഒന്നാണ് സാത്താൻ / പിശാച് എന്നാണ് അവർ കരുതുന്നത്. ഇപ്പോൾ പത്രോസ് പാപം ചെയ്ത ദൂതന്മാരെ പറ്റി എഴുതിയിരിക്കുന്നത് വായിക്കാം:
2പത്രോ 2:4 പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ, അന്ധതമസ്സിന്‍റെ ചങ്ങലയിട്ട്, നരകത്തിലാക്കി ന്യായവിധിക്കായി കാക്കുവാന്‍ ഏല്‍പിക്കുകയും,...
2Pe 2:4 For if God spared not the angels that sinned, but cast them down to hellG5020, and delivered them into chains of darkness, to be reserved unto judgment;
“അന്ധതമസ്സിന്‍റെ ചങ്ങലയിട്ട്, നരകത്തിലാക്കിയ” പാപം ചെയ്ത്, വീണുപോയ ദൂതന്മാരും സാത്താനും ആ ചങ്ങലയിൽ നിന്നും വെളിയിൽ വന്ന് ലോകത്തിലുള്ള മനുഷ്യരെക്കൊണ്ട് പാപം ചെയ്യിക്കുവാൻ ആ ചങ്ങല ചൈനയിൽ ഉണ്ടാക്കിയതായിരുന്നോ? ഈ പ്രപഞ്ചം മുഴുവൻ ഉണ്ടാക്കിയ സർവശക്തനും സർവജ്ഞാനിയുമായ ദൈവത്തിന് ബലമുള്ള ഒരു ചങ്ങല പോലും ഉണ്ടാക്കുവാനുള്ള അറിവും കഴിവുമില്ലേ?

ഒരുപക്ഷേ ഇത് വായിച്ചിട്ട്, ഇയ്യാൾക്ക് ആത്മീയമായ വളർച്ചയില്ല എന്ന് കരുതുന്നവരുണ്ടാകാം. ശരി, ഈ വേദഭാഗത്തിന് യുക്തിയുക്തമായ വിശദീകരണം തരുവാൻ നിങ്ങളെക്കൊണ്ട് ആകുമെങ്കിൽ ഈ എഴുതിയത് തെറ്റായിപ്പോയി എന്ന് ഞാൻ അംഗീകരിക്കാം.

യൂദായുടെ ലേഖനത്തിൽ ദൂതന്മാർ പാപം ചെയ്തിട്ടില്ല, നരകവുമില്ല.


പത്രോസിൻറെ വിവരണത്തിൻറെ സമാന്തര വേദഭാഗമായ യൂദായുടെ ലേഖനത്തിൽ ദൂതന്മാർ പാപം ചെയ്യുകയല്ല ചെയ്തത്, നരകത്തെ പറ്റി പരാമർശിക്കുന്നുമില്ല:
യൂദാ 1:6 തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്തം വാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്‍റെ വിധിക്കായി എന്നേയ്ക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിന്‍റെ കീഴില്‍ സൂക്ഷിച്ചിരിക്കുന്നു.
ഇന്നത്തെ പത്രത്തിൽ കേരളത്തിലെ ഒരു ഐ.ഏ.എസ് ഉദ്യോഗസ്ഥൻ തൻറെ സ്ഥാനം രാജിവെച്ചു എന്ന് വായിച്ചു. അയാൾ ഔദ്യോഗിക വസതി ഉപേക്ഷിച്ചിരിക്കണം. അയാൾ ചെയ്തത് ചങ്ങലയ്ക്കിടേണ്ട പാപമാണോ?

പത്രോസിൻറെ വിവരണത്തിൽ തുടർന്നുവരുന്ന വചനത്തിൽ നോഹയെ പറ്റി പരാമർശിക്കുന്നതിനാൽ ദൂതന്മാർ പാപം ചെയ്തത് ജലപ്രളയത്തിന് മുമ്പാണ് എന്ന അഭ്യൂഹം പരന്നു. യൂദായുടെ ലേഖനം അധികമാരും പഠിക്കാത്തതിനാൽ തുടർന്നുവരുന്ന വചനത്തിൽ ലോത്തിനെയും, സോദോം ഗൊമോരയെയും പരാമർശിച്ചിരിക്കുന്നത് ആരും ശ്രദ്ധിക്കാതെ പോയി. [അല്ലെങ്കിൽ പുതിയ കഥകളെന്തെങ്കിലും മെനഞ്ഞെടുക്കുമായിരുന്നു! യൂദാ 1:15ൽ ഹാനോക്കിനെ പറ്റി പരാമർശിച്ചിരിക്കുന്നതിനാൽ അധികൃതമല്ലാത്ത (Apocrypha) ഹാനോക്കിൻറെ പുസ്തകത്തിൽ (Book of Enoch) നിന്നുമുള്ള കാവൽക്കാരെ (Watchers) പറ്റിയാണ് ഇവിടെ പരാമർശിക്കുന്നത് എന്നൊരു അഭ്യൂഹം പരന്നിട്ടുണ്ട്. 2014ൽ പുറത്തിറങ്ങിയ നോഹ എന്ന ഹോളീവുഡ് സിനിമ ഇത്തരം അഭ്യൂഹത്തിൻറെ ഫലമാണ്.]

അധികാരികളെ നിന്ദിച്ചവരും മഹാന്മാരെ ദുഷിച്ചവരുമായ ദൂതന്മാർ!


പത്രോ 2:4ന് മുമ്പ് പഴയനിയമത്തിൽ നിന്നുമുള്ള സംഭവങ്ങളൊന്നും പരാമർശിക്കുന്നില്ല. അതേസമയം യൂദാ 1:6ന് മുമ്പുള്ള വചനം കാണുക:
യൂദാ 1:5 ... കര്‍ത്താവ് ജനത്തെ മിസ്രയീമില്‍ നിന്നും രക്ഷിച്ചിട്ടും വിശ്വസിക്കാത്തവരെ പിന്നീട് നശിപ്പിച്ചു.
യൂദാ 1:6 ഈ വചനത്തിൻറെ തുടർച്ചയാണ്, കാരണം അടുത്ത വചനം തുടങ്ങുന്നത് (ഗ്രീക്കിലും ഇംഗ്ളീഷിലും) “And” എന്ന സംയോജക പദത്തോടെയാണ്.
Jud 1:6 AndG5037 the angels which kept not their first estate,...
അതായത്, യൂദാ 1:6ൽ പറയപ്പെട്ടിട്ടുള്ള കാര്യങ്ങൾ 1:5ൽ പറയപ്പെട്ടിട്ടുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ്.

പത്രോസിൻറെയും യൂദായുടെയും ലേഖനങ്ങളിൽ ഈ “ദൂതന്മാരുടെ” കുറ്റം എന്തായിരുന്നു എന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്: (മലയാളം വേദപുസ്തകം പരിഭാഷപ്പെടുത്തിയ ആളെ കല്ലറയിൽ നിന്നും എഴുന്നേൽപിച്ച് ഭാരതരത്നവും, ജ്ഞാനപീഠവും, സാഹിത്യത്തിനുള്ള നോബേൽ സമ്മാനവും, ബൂക്കർ പ്രൈസും ഒരുമിച്ച് നൽകണം)
യൂദാ 1:8 അങ്ങനെ തന്നേ ഇവരും സ്വപ്നാവസ്ഥയിലായി ജഡത്തെ മലിനമാക്കുകയും കര്‍ത്തൃത്വത്തെ (അധികാരികളെ) തുച്ഛീകരിക്കുകയും മഹിമകളെ (മഹാന്മാരെ) ദുഷിക്കുകയും ചെയ്യുന്നു.
2പത്രോ 1:10 വിശേഷാല്‍ മലിന മോഹത്താല്‍ ജഡത്തെ അനുസരിച്ചു നടക്കുകയും കര്‍ത്തൃത്വത്തെ (അധികാരികളെ) നിന്ദിക്കുകയും ചെയ്യുന്നവരെയാണ്.
ദൈവം യിസ്രായേലിനെ മിസ്രയീമില്‍ നിന്നും രക്ഷിച്ച ശേഷം അധികാരികളെ നിന്ദിച്ചവരും മഹാന്മാരെ ദുഷിച്ചവരും ആരാണെന്ന് ഓർമ്മയുണ്ടോ?
സംഖ്യാ 16:1 ലേവിയുടെ മകനായ കെഹാത്തിന്‍റെ മകനായ യിസ്ഹാരിന്‍റെ മകന്‍ കോരഹ്, രൂബേന്‍ ഗോത്രത്തില്‍ എലീയാബിന്‍റെ പുത്രന്മാരായ ദാഥാന്‍, അബീരാം, പേലെത്തിന്‍റെ മകനായ ഓന്‍ എന്നിവര്‍,
സംഖ്യാ 16:2 യിസ്രായേല്‍ മക്കളില്‍ സഭാപ്രധാനികളും സംഘസദസ്യന്മാരും പ്രമാണികളുമായ 250 പുരുഷന്മാരെ കൂട്ടി മോശെയോട് മത്സരിച്ചു.
സംഖ്യാ 16:3 അവന്‍ മോശെയ്ക്കും അഹരോനും വിരോധമായി കൂട്ടംകൂടി അവരോട് മതി, മതി; സഭ പൂര്‍ണമായി എല്ലാവരും വിശുദ്ധരാകുന്നു; യഹോവ അവരുടെ മദ്ധ്യേ ഉണ്ട്; പിന്നെ നിങ്ങള്‍ യഹോവയുടെ സഭയ്ക്ക് മീതെ നിങ്ങളെ തന്നെ ഉയര്‍ത്തുന്നത് എന്ത്? എന്ന് പറഞ്ഞു.
“തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ” എന്ന് മലയാളത്തിലും “kept not their first estate” (പ്രഥമ പദവി കാത്തുകൊള്ളാതെ) എന്ന് ഇംഗ്ലീഷിലും എഴുതിയിരിക്കുന്നത് കോരഹിനെ പറ്റിയാണ്. കോരഹായിരുന്നല്ലോ സംഘത്തലവൻ? കോരഹിൻറെ ആദ്യത്തെ പദവി എന്തായിരുന്നെന്നോ? ഒരു ലേവ്യനായിരുന്ന കോരഹിന് യിസ്രായേൽ ജനങ്ങൾ നൽകിയിരുന്ന ദംശാശത്തിൽ പങ്ക്, പട്ടണങ്ങളിൽ വീടും പുരയിടവും, തിരുനിവാസത്തിലെ ശുശ്രൂഷയിൽ പങ്ക്, കൂടാരം അഴിച്ചുമാറ്റുവാനും ചുമക്കുവാനും, വീണ്ടും കെട്ടിപ്പൊക്കുവാനുമുള്ള അവകാശം, സൈനിക സേവനത്തിൽ നിന്നും ഒഴിവ് തുടങ്ങി പല പ്രത്യേക അവകാശങ്ങളും ഉണ്ടായിരുന്നു. മറ്റ് 11 ഗോത്രക്കാർക്കും ഇല്ലാതിരുന്ന അവകാശങ്ങൾ ലഭിച്ചിട്ടും തൃപ്തിവരാത്തതിനാലാവാം മോശെയോട് കലഹിക്കുവാൻ ഒരുമ്പെട്ടത്!

കോരഹ്, ദാഥാന്‍, അബീരാം എന്നിവർക്ക് ശിക്ഷയെ പറ്റി വിവരിച്ചിരിക്കുന്ന സംഖ്യാ 16:30, 33ൽ ഇംഗ്ലീഷിൽ പൊതുവെ നരകം (മലയാളത്തിൽ പാതാളം) എന്ന് പരിഭാഷപ്പെടുത്താറുള്ള ഷിയോൾ എന്ന ഹീബ്രൂ വാക്ക് ഉപയോഗിച്ചിരിക്കുന്നതും, അതേ സംഭവത്തെ പറ്റിയാണെന്ന് നാം ഇവിടെ സ്ഥാപിച്ച 2പത്രോ 2:4ൽ നരകം എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്ക് പ്രത്യക്ഷപ്പെടുന്നതും യാദൃച്ഛികമാകുവാൻ തരമില്ല. കോരഹ്, ദാഥാന്‍, അബീരാം എന്നിവർ ഒരു കുഴിയിലാണ് അവസാനിച്ചത്, നരകത്തിലല്ല.

ക്രിസ്തുവിൽ പ്രിയരേ, നരകം ഒരു പഴങ്കഥ എന്ന പരമ്പര ഇവിടെ അവസാനിക്കുന്നു. അവതരണത്തിലുള്ള എൻറെ കഴിവില്ലായ്മ നരകത്തെ സത്യമാക്കില്ല. ഈ അവസാന ലേഖനം എനിക്കൊരു വെളിപാടായിരുന്നു. ആത്മപ്രശംസയില്ലാതെ പറയട്ടേ, ഈ ലേഖനം എഴുതിത്തുടങ്ങിയപ്പോൾ “പാപം ചെയ്ത ദൂതന്മാർ” കോരഹ്, ദാഥാന്‍, അബീരാം എന്നിവരായിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു - എൻറെ കർത്താവ് എനിക്ക് മനസ്സിലാക്കിത്തന്നു. കർത്താവിന് നന്ദി, സ്തോത്രം!

ക്രിസ്തുവിൻറെ,
ടോംസാൻ കട്ടക്കൽ

No comments:

Post a Comment