Friday, June 17, 2016

പുതിയ യെരൂശലേം‽ പ്രെസന്‍റ്‌ സാര്‍!

ക്രിസ്തുവിൽ പ്രിയരേ,

ആറാം ക്ലാസ്സിലെ ഞങ്ങളുടെ പേടിസ്വപ്നമായിരുന്നു കണക്ക് സാറും, ക്ലാസ് അദ്ധ്യാപകനുമായ കളരിമുറിയിൽ തോമസ് സാർ.  5'2" ഉയരം, നല്ല വണ്ണം, വെളുത്ത് ചുവന്ന നിറം, കട്ടി ഫ്രെയിം ഉള്ള കട്ടി കണ്ണട, കട്ടി മീശ. വളഞ്ഞകാലൻ കുടയും ചൂരലുമായി സ്റ്റാഫ് റൂമിൽ നിന്നും സാർ പുറപ്പെടുമ്പോഴേ ഹോംവർക്ക് കൃത്യമായി ചെയ്യാത്ത ഞങ്ങളിൽ പലർക്കും മുട്ട് കൂട്ടിയിടിക്കുവാൻ തുടങ്ങും. ക്ലാസ്സിൽ വന്നാൽ ചുറ്റും നോക്കിയിട്ട്, ഹാജർ വിളിക്കുവാൻ തുടങ്ങും: കെ.ജെ.എബ്രാഹം‽ പ്രെസന്‍റ്‌ സാര്‍! ... ബേബി വി.കെ‽ പ്രെസന്‍റ്‌ സാര്‍! ... പി.ജെ.ജേക്കബ്‽ പ്രെസന്‍റ്‌ സാര്‍! ജേക്കബിന് വേണ്ടി “പ്രെസന്‍റ്‌ സാര്‍” പറയുന്നത് കെ. ടോംസാൻ. ജേക്കബ് പഠിക്കുവാൻ മിടുക്കനായിരുന്നു, പക്ഷേ, പലപ്പോഴും ക്ലാസിൽ വരില്ല. അവൻ എൻറെ അയൽവാസിയും ഉറ്റ ചങ്ങാതിയുമായിരുന്നതിനാൽ അവൻ ക്ലാസിൽ വരാത്തപ്പോൾ അവന് വേണ്ടി പ്രെസന്‍റ് പറയുകയും തല്ല് മേടിക്കുകയും എൻറെ സ്ഥിരം പരിപാടിയായിരുന്നു. (ജേക്കബ് ഇപ്പോൾ കണ്ണൂര് പ്രശസ്തനായ ചാർട്ടേഡ് അക്കൌണ്ടൻറാണ്. അവനെ പരിചയമുണ്ടെങ്കിൽ ഈ കഥ അവനോട് പറയരുത്, പ്ലീസ്.)

ഈ കഥ പറയുവാൻ കാരണം: ഇല്ലാത്തതിനെ ഉണ്ടെന്ന് പറയുന്നത് നല്ല തല്ലുകിട്ടാത്തതിൻറെ കുറവാണ് എന്ന് സൂചിപ്പിക്കുവാനാണ്.

അപ്രായോഗികമായ പുതിയ യെരൂശലേം


വെളിപ്പാട് 21ലെ പുതിയ യെരൂശലേം ഭാവികാലത്തിൽ എപ്പോഴോ ആകാശത്തിൽ നിന്നോ, സ്വർഗ്ഗത്തിൽ നിന്നോ താഴേക്ക് ഇറങ്ങിവരും [യോപ്പയിൽ വിശന്നുവലഞ്ഞിരുന്ന പത്രോസിനുണ്ടായ ദർശനത്തിൽ ഒരു തുപ്പട്ടിയിൽ വിവിധതരം മൃഗങ്ങളുള്ള ഒരു പാത്രം ഇറങ്ങിവരുന്നത് കണ്ടതുപോലെ (അപ്പൊ 10:11, 12)] എന്നാണ് ബഹു ഭൂരിപക്ഷം ക്രൈസ്തവരുടെയും വിശ്വാസം. പുതിയ യെരൂശലേമിൻറെ നിർമ്മിതിയിൽ ഉപയോഗിച്ചിരിക്കുന്ന വിവിധ രത്നങ്ങളെയും അതിൻറെ തൂണുകളെയും വാതിലുകളെയും പറ്റിയുള്ള വിശദമായ വർണ്ണ വായിക്കുന്നതിനിടയിൽ അധികമാരും ശ്രദ്ധിക്കാത്ത ഒരു അംശമുണ്ട്:
വെളി 21:16 നഗരം സമചതുരമായി കിടക്കുന്നു; അതിന്‍റെ വീതിയും നീളവും സമം. അളവുകോലിനാല്‍ അവന്‍ നഗരത്തെ അളന്നു, 12000 ഫർലോങ് ആണെന്ന് കണ്ടു; അതിന്‍റെ നീളവും വീതിയും ഉയരവും സമമാണ്.
Rev 21:16 And the city lieth foursquare, and the length is as large as the breadth: and he measured the city with the reed, twelve thousand furlongs. The length and the breadth and the height of it are equal.
12000 ഫർലോങ് എന്നത് 2414 കിലോമീറ്റർ ആണ്. 2414 കിലോമീറ്റർ നീളവും, വീതിയും, ഉയരവുമുള്ള ഒരു ചതുരക്കട്ട ആകാശത്ത് നിന്നും ഇറങ്ങിവന്ന് 6371 കിലോമീറ്റർ മാത്രം ആരമുള്ള (radius) ഭൂമിയുടെ മുകളിൽ ഇരുന്നാൽ ഇപ്പോൾ തന്നെ ഭൂകമ്പങ്ങൾ നാശം വിതയ്ക്കുന്ന ഭൂമി, കൂടുതൽ ബലഹീനമാകും. 2414 കിലോമീറ്റർ നീളവും വീതിയുമുള്ള സമചതുര കട്ടയുടെ അടിത്തറയുടെ വിസ്തീർണ്ണം 58,27,396 (2414 * 2414) ചതുരശ്ര കിലോമീറ്ററാണ് - ഏകദേശം ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ ചേരുന്നത്രയും വിസ്തീർണ്ണം. 8.8 കിലോമീറ്റർ ഉയരമുള്ള എവറസ്റ്റ് കൊടുമുടിയുടെ മുകളിൽ കയറുന്നവർക്ക് ഓക്സിജൻ സിലിണ്ടർ വേണം ജീവൻ നിലനിർത്തുവാൻ, അങ്ങനെയിരിക്കെ, 2414 കിലോമീറ്റർ ഉയരമുള്ള പുതിയ യെരൂശലേമിൻറെ നല്ലൊരു ഭാഗം പ്രയോജനരഹിതമായിരിക്കും. ഉരുണ്ട ഭൂമിയുടെ മുകളിൽ പ്രതിഷ്ഠിക്കുന്ന ചതുരക്കട്ടയുടെ താഴത്തെ മൂലകൾ സമുദ്രനിരപ്പിൽ നിന്നും 24 കിലോമീറ്റർ ഉയരത്തിലായിരിക്കും (എവറസ്റ്റിൻറെ മൂന്നിരട്ടി ഉയരത്തിൽ.)

ഇത്രയും പറഞ്ഞുവന്നത് പുതിയ യെരൂശലേം അക്ഷരാർത്ഥത്തിൽ സ്ഥാപിക്കപ്പെട്ടാൽ അത് പ്രയോജനരഹിതമായ ഒരു സൗധം ആയിരിക്കും എന്ന് സൂചിപ്പിക്കുവാനാണ്.

പുതിയ യെരൂശലേം ഒന്നാം നൂറ്റാണ്ടിൽ ഇവിടെ ഉണ്ടായിരുന്നു:

വെളി 21:1 പുതിയ യെരൂശലേം എന്ന വിശുദ്ധ നഗരം ഭര്‍ത്താവിനായി അലങ്കരിക്കപ്പെട്ട മണവാട്ടിയെ പോലെ ഒരുങ്ങി സ്വര്‍ഗത്തില്‍ നിന്നും, ദൈവസന്നിധിയില്‍ നിന്നും, ഇറങ്ങുന്നത് ഞാന്‍ കണ്ടു.
Rev 21:2 And I John saw the holy city, new Jerusalem, coming down from God out of heaven, prepared as a bride adorned for her husband.
സ്വർഗത്തിൽ നിന്നും ഇറങ്ങിവരുന്ന പുതിയ യെരൂശലേം സ്വർഗ്ഗീയ യെരൂശേമല്ല എന്ന് തെളിയിക്കുവാൻ വഴിയില്ലെങ്കിൽ, ഒന്നാം നൂറ്റാണ്ടിലെ വിശ്വാസികളോട് എബ്രായർക്കുള്ള ലേഖനം പറയുന്നത് ശ്രദ്ധിക്കൂ:
എബ്രാ 12:22 സീയോന്‍ പര്‍വ്വതത്തിനും ജീവനുള്ള ദൈവത്തിന്‍റെ നഗരമായ സ്വര്‍ഗീയ യെരൂശലേമിനും അനേകായിരം ദൂതന്മാരുടെ സര്‍വ സംഘത്തിനും
എബ്രാ 12:23 സ്വര്‍ഗത്തില്‍ പേരെഴുതിയിരിക്കുന്ന ആദ്യജാതരുടെ സഭയ്ക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപതിക്കും സിദ്ധന്മാരായ നീതിമാന്മാരുടെ ആത്മാക്കള്‍ക്കും,
എബ്രാ 12:24 പുതുനിയമത്തിന്‍റെ മദ്ധ്യസ്ഥനായ യേശുവിനും ഹാബേലിന്‍റെ രക്തത്തെക്കാള്‍ ഗുണകരമായി സംസാരിക്കുന്ന പുണ്യാഹ രക്തത്തിനും അടുത്താണ് നിങ്ങള്‍ (ഒന്നാം നൂറ്റാണ്ടിലെ ഈ കത്തിൻറെ മേൽവിലാസക്കാർ) വന്നിരിക്കുന്നത് (ഭൂതകാലം).
നിലനിൽക്കാത്ത, ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരിക്കുന്ന നമ്മുടെ ഭാവികാലത്തിൽ വന്നുചേരേണ്ട സ്വർഗ്ഗീയ യെരൂശലേമിന് അടുത്തേക്ക് ഒന്നാം നൂറ്റാണ്ടിലെ ഈ ലേഖനത്തിൻറെ മേൽവിലാസക്കാർ വന്നിരിക്കുന്നു എന്ന് പറഞ്ഞ് അവരെ വ്യാമോഹിപ്പിച്ചെങ്കിൽ, അവരോട് നുണ പറഞ്ഞെങ്കിൽ, ലേഖനകർത്താവിന് എൻറെ കണക്ക് സാറായിരുന്ന കളരിമുറിയിൽ തോമസ് സാറിൻറെ ചൂരലുകൊണ്ട് നാല് പെടയെങ്കിലും കിട്ടണം.

വേദപുസ്തകം കള്ളം പറയില്ല. (അതുകൊണ്ട്, ശ്രീമാൻ കളരിമുറിയിൽ തോമസ് സാർ അദ്ദേഹത്തിൻറെ സമാധിയിൽ വിശ്രമിക്കട്ടെ.) സഭകളുടെ പ്രബോധനങ്ങൾ സത്യത്തെ വളച്ചൊടിക്കും, മറച്ചുപിടിക്കും, ഭൂതകാലത്തെ ഭാവികാലമാക്കും. (അത്തരം പ്രബോധങ്ങൾക്കാണ് ചൂരൽക്കഷായം വേണ്ടത്.)

ഒന്നാം നൂറ്റാണ്ടിലെ വിശ്വാസികൾ സ്വര്‍ഗീയ യെരൂശലേമിന് അടുത്ത് വന്നിരിക്കുന്നു എന്ന് പറഞ്ഞപ്പോൾ അവർ മുകളിലുള്ള യെരൂശലേമിലേക്ക് കയറിപ്പോയതുമില്ല, സ്വര്‍ഗീയ യെരൂശലേം താഴേയ്ക്ക് ഇറങ്ങിവന്നതുമില്ല എന്നത് വ്യക്തമാണല്ലോ? അവർ ന്യായപ്രമാണത്തിൻറെ അടിമത്തത്തിൽ നിന്നും ക്രിസ്തുവിലുള്ള സ്വാതന്ത്ര്യത്തിലേക്കാണ് വന്നുചേർന്നത്. മുകളിൽ നിന്നും ഇറങ്ങിവരുന്ന ചതുരക്കട്ടയല്ല പുതിയ യെരൂശലേം.

(എബ്രായർക്കുള്ള ലേഖനത്തെ പറ്റി പറയുമ്പോൾ ലേഖനകർത്താവ് പൌലോസല്ല എന്ന് വാദിക്കുന്നവരുടെ പാണ്ഡിത്യത്തെ മാനിച്ചാണ് പേര് ഉപയോഗിക്കാത്തത്. ഈ ലേഖനം ലൂക്കോസാണ് എഴുതിയത് എന്ന് ചിലരും, പ്രിസ്കില്ലയാണ് എഴുതിയതെന്ന് മറ്റുചിലരും വാദിക്കുന്നു. ആര് എഴുതി എന്നത് പ്രസക്തമല്ല, എന്താണ് എഴുതിയിരിക്കുന്നത്, ആർക്കാണ് എഴുതിയത് എന്നിവയാണ് പരമപ്രധാനം.)

ന്യായപ്രമാണത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യത്തിൻറെ യെരൂശലേം.


ന്യായപ്രമാണത്തെയും യേശുവിലുള്ള കൃപയെയും തമ്മിലുള്ള സാജാത്യ വൈജാത്യ പഠനം (compare and contrast) നടത്തുന്ന ഗലാത്യർക്കുള്ള ലേഖനത്തിലെ ഒരു ഭാഗം: (എൻറെ സ്വതന്ത്ര പരിഭാഷയാണ് ഉപയോഗിച്ചിട്ടുള്ളത്. ദൈർഘ്യം കുറയ്ക്കുവാൻ ഇംഗ്ലീഷ് പരിഭാഷ ചേർത്തിട്ടില്ല.)
ഗലാ 4:22 അബ്രാഹമിന് 2 പുത്രന്മാര്‍ ഉണ്ടായിരുന്നു; ഒരുവന്‍ ദാസി പ്രസവിച്ചവൻ, ഒരുവൻ സ്വതന്ത്ര പ്രസവിച്ചവൻ എന്ന് എഴുതിയിരിക്കുന്നു.
ഗലാ 4:23 ദാസിയുടെ മകൻ മാംസത്താലും സ്വതന്ത്രയുടെ മകൻ വാഗ്ദാനത്താലും ജനിച്ചവർ.
ഗലാ 4:24 ഇത് ഒരു ദൃഷ്‌ടാന്തമാണ്. ഈ സ്ത്രീകൾ 2 ഉടമ്പടികളാണ്; ഒന്ന് സീനായ് മലയിൽ നിന്നും ഉണ്ടായി അടിമകളെ പ്രസവിക്കുന്നു; അത് ഹാഗർ.
ഗലാ 4:25 ഹാഗർ എന്നത് അറബി ദേശത്ത് സീനായ് മലയെ കുറിക്കുന്നു. അത് ഇപ്പോഴത്തെ (ഈ ലേഖനം എഴുതപ്പെട്ട കാലത്തെ) യെരൂശലേമിന് തുല്യമാണ്; അത് തന്‍റെ മക്കളോട് കൂടെ അടിമത്തത്തിലാണ്.
എന്തിൻറെ അടിമത്തം? ഈ വേദഭാഗത്തിൻറെ പരാമർശ വിഷയം ന്യായപ്രമാണമാണ്. അതുകൊണ്ടുതന്നെ ന്യായപ്രമാണത്തിൻറെ അടിമത്തമാണ് വിഷയം.
ഗലാ 4:26 മുകളിലുള്ള യെരൂശലേം സ്വതന്ത്രയാണ്. അവളാണ് നമ്മുടെ അമ്മ.
ഈ ലേഖനം എഴുതപ്പെട്ടപ്പോൾ നമ്മുടെ അമ്മയായ യെരൂശലേം മുകളിലാണ് ഉള്ളത്.
ഗലാ 4:28 സഹോദരന്മാരേ നാം യിസ്ഹാക്കിനെ പോലെ വാഗ്ദാനത്താല്‍ ജനിച്ച മക്കളാണ്.
ഗലാ 4:29 അന്ന് മാംസത്താൽ ജനിച്ചവൻ ആത്മാവിനാൽ ജനിച്ചവനെ ഉപദ്രവിച്ചത് പോലെ ഇപ്പോഴും (ഒന്നാം നൂറ്റാണ്ടിൽ) കാണുന്നു.
ഇത് വളരെയധികം ദുരുപയോഗം ചെയ്യപ്പെടുന്ന ഒരു വചനമാണ്. ഇവിടെ ഹാഗറിൻറെ മക്കളായി പരിഗണിക്കുന്നത് യഥാർത്ഥത്തിൽ സാറായുടെ മക്കളായിരുന്ന യെഹൂദ്യരെയാണ്. പല ക്രൈസ്തവരും അവർക്ക് അന്യ മതസ്ഥരിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള എതിർപ്പുകൾ നേരിടുമ്പോൾ ഈ വചനം ഉദ്ധരിക്കാറുണ്ട്. ഇവിടെ ഒന്നാം നൂറ്റാണ്ടിൽ യെഹൂദ്യർ ക്രൈസ്തവരെ ഉപദ്രവിച്ചതിനെ പറ്റിയാണ് എഴുതിയിരിക്കുന്നത്. (സഭാമന്ദിരത്തിന് അടുത്തുള്ള അന്യമതസ്ഥർ സഭയിൽ നിന്നുമുണ്ടാകുന്ന ശബ്ദമാലിന്യത്തെ പറ്റി പരാതിപ്പെട്ടതിനെയോ, പോലീസിൽ പരാതി കൊടുത്തതിനെയോ പറ്റിയല്ല.)
ഗലാ 4:30 തിരുവെഴുത്ത് പറയുന്നത്: ദാസിയെയും മകനെയും പുറത്താക്കുക; ദാസിയുടെ മകൻ സ്വതന്ത്രയുടെ മകനോട് കൂടെ അവകാശിയാകുകയില്ല.
ഹാഗാറിൻറെ മക്കളെ, മാംസത്താൽ ഉണ്ടായ മക്കളെ, പഴയ ഉടമ്പടിയുടെ മക്കളെ, അഥാവാ ന്യായപ്രമാണത്തിൻറെ മക്കളെ പുറത്താക്കുക, അവർ ആത്മീയ സന്തതികളോടൊപ്പം അവകാശികളാകില്ല.
ഗലാ 4:31 അങ്ങനെ സഹോദരന്മാരേ, നാം ദാസിയുടെ മക്കളല്ല സ്വതന്ത്രയുടെ മക്കളാണ്.
ഗലാ 5:1 സ്വാതന്ത്ര്യത്തിനായി ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറച്ചുനില്‍ക്കുവിൻ; അടിമത്തത്തിൻറെ നുകത്തിൽ വീണ്ടും കുടുങ്ങരുത്.
ദാസിയുടെ മക്കൾ പുറത്താക്കപ്പെട്ടത് കി.പി.70ൽ. അടിമത്തത്തിൻറെ നുകമായ ന്യായപ്രമാണം ക്രിസ്തുവിനോടൊപ്പം ക്രൂശിൽ തറയ്ക്കപ്പെട്ടെങ്കിലും (കൊലൊ 2:14), അത് എടുത്തുനീക്കപ്പെട്ടത് പ്രകടമായത് നിരന്തര (അനുദിന) ഹോമയാഗം നിറുത്തലാക്കപ്പെട്ടപ്പോഴാണ്. ഇത് നടന്നത് കി.പി.70 ജൂൺ 17ന്. (രണ്ടാം നൂറ്റാണ്ടിൽ നിരന്തര ഹോമയാഗം പുനസ്ഥാപിക്കുവാൻ ശ്രമിച്ചെങ്കിലും, യെഹൂദ്യരുടെ മൂന്നാം യുദ്ധം - ബാർ കോഖ്ബാ യുദ്ധം, കി.പി 132–136 - പരാജയപ്പെട്ടതോടെ ആ ശ്രമം ഉപേക്ഷിക്കേണ്ടിവന്നു.)

ന്യായപ്രമാണത്തിലെ ആചാരപരവും, ഭക്ഷണപരവുമായ നിയമങ്ങൾ മാത്രമേ യേശുവിനോടൊപ്പം ക്രൂശിൽ തറയ്ക്കപ്പെട്ടിട്ടുള്ളൂ, സാന്മാർഗ്ഗിക നിയമങ്ങൾ ക്രൂശിൽ തറയ്ക്കപ്പെട്ടിട്ടില്ല എന്ന് വാദിക്കുന്ന യെഹൂദവൽക്കരണവാദികൾ (Judaizers - Gal 2:14) ഉണ്ട്. അവർ നിങ്ങളെ അടിമത്തത്തിൻറെ നുകത്തിന് കീഴ്പ്പെടുത്തുവാൻ ശ്രമിക്കുന്നവരാണ്. അത്തരക്കാർ നിങ്ങളെ സമീപിച്ചാൽ ചോദിക്കുക: “നിങ്ങളുടെ മരുമകൻ നിങ്ങളുടെ മകളെ അയാൾ വിവാഹം ചെയ്തപ്പോൾ അവൾ കന്യക അല്ലായിരുന്നു എന്ന് ആരോപിക്കുകയും അയാളുടെ ആരോപണം അസത്യമാണെന്ന് തെളിയിക്കുവാൻ നിങ്ങളാൽ കഴിയാതിരിക്കുകയും ചെയ്താൽ, അവളെ കല്ലെറിഞ്ഞ് കൊല്ലുവാൻ നിങ്ങൾ കൂടുമോ?” (ആവ 22:13-23, കന്യകാത്വം തെളിയിക്കുവാനുള്ള മനുഷ്യത്വത്തെയും സ്ത്രീത്വത്തെയും അപമാനിക്കുന്ന തരത്തിലുള്ള നടപടികൾ സംസ്ക്കാരമുള്ള മനുഷ്യർക്ക് ഹീനമായി തോന്നും.) അല്ലെങ്കിൽ ഇങ്ങനെ ചോദിക്കുക: “നിങ്ങളുടെ മകൻ സ്വവർഗ്ഗപ്രേമിയാണെന്ന് തെളിയിക്കപ്പെട്ടാൽ അവനെ കൊല്ലുവാൻ കൂടുമോ, കൊല്ലുവാൻ അനുവദിക്കുമോ?” (ലേവ്യ 18:22; 20:13) ന്യായപ്രമാണം ഭാഗികമായി മാത്രമാണ് എടുത്തുമാറ്റപ്പെട്ടത് എന്ന് അവകാശപ്പെടുന്നവർ സ്വയം ന്യായപ്രമാണം പാലിക്കുന്നില്ല. അവർക്ക് ദശാംശം ലഭിക്കുവാനും, മറ്റുള്ളവരെ വിധിക്കുവാനുമുള്ള ഉപകരണം മാത്രമാണ് ന്യായപ്രമാണം.

കി.പി.70ൽ യെരൂശലേം നശിപ്പിക്കപ്പെട്ടതിൻറെ പ്രാധാന്യം.


ഈ കാര്യം മറ്റൊരിടത്തും എഴുതാത്തതിനാൽ ഇവിടെ എഴുതുന്നു. ആത്മീയമണ്ഡലത്തിലുള്ള ദൈവം അവിടത്തേക്ക് ഭൌതികമണ്ഡലത്തിലുള്ള നമ്മളോട് ഏന്തെങ്കിലും കാര്യം അറിയിക്കണം അല്ലെങ്കിൽ മനസ്സിലാക്കിത്തരണമെങ്കിൽ അത് എങ്ങനെ സാധിക്കും? പ്രവാചകന്മാർ പോലെയുള്ള മനുഷ്യരിലൂടെ അവിടത്തേക്ക് പറയുവാനുള്ള കാര്യങ്ങൾ അറിയിക്കുക എന്നുള്ളതാണ് ഒരു മാർഗ്ഗം. പക്ഷേ, അവർ പറയുന്ന കാര്യങ്ങൾ ആധികാരികമാണ് എന്നതിന് എന്തുണ്ട് തെളിവ്? അത്തരം സാഹചര്യങ്ങളിൽ അത്ഭുതങ്ങളും അടയാളങ്ങളും ഉപയോഗിക്കും. ഏലിയാവ് ബാലിൻറെ 450 പ്രവാചകന്മാരുമായി ഏറ്റുമുട്ടിയപ്പോൾ അദ്ദേഹത്തിൻറെ ആധികാരികത തെളിഞ്ഞത് ആകാശത്തിൽ നിന്നും അഗ്നിയിറങ്ങി ജലത്താൽ കുതിർന്നിരുന്ന ബലിപീഠത്തിലെ വിറകും മണ്ണും ദഹിപ്പിച്ചപ്പോഴാണ്. (1രാജാ 18:38)

മോശെ മരുഭൂമിയിൽ തിരുനിവാസം ഉയർത്തി പ്രതിഷ്ഠിച്ചപ്പോൾ അത് അംഗീകരിക്കപ്പെട്ടതിൻറെ അടയാളം ഒരു മേഘം വന്ന് കൂടാരത്തെ ആവരണം ചെയ്തതും, യഹോവയുടെ തേജസ് കൂടാരത്തിൽ നിറഞ്ഞതും, രാത്രിയിൽ മേഘം അഗ്നിസ്‌തംഭമായി മാറിയതും ആയിരുന്നു. (പുറ 40:34-38) അങ്ങനെ ഒരു സംഭവം നടന്നില്ലെങ്കിൽ മോശെ ഉയർത്തിയ തിരുനിവാസത്തിന് ഞങ്ങളൊക്കെ ചെറുപ്പത്തിൽ ക്രിസ്തുമസിന് ഉണ്ടാക്കിയിരുന്ന പുൽക്കൂടിൻറെ പോലും വില കാണില്ലായിരുന്നു. (അതേ, ഞാൻ നല്ല ഒന്നാന്തരം കോട്ടയം-ചങ്ങനാശ്ശേരി അച്ചായനാണ്. എൻറെ അപ്പൻ നാലുനേരവും കൊന്തയെത്തിക്കുന്ന കത്തോലിക്കനാണ്. ചുമ്മാതല്ല ഇയാൾ ഈ തോന്ന്യാസമൊക്കെ എഴുതുന്നത് എന്ന തോന്നലുള്ളവർക്ക് വെടിമരുന്നിന് വഴിമരുന്ന് ഇരിക്കട്ടെ .)

പലരും, വിശേഷിച്ചും അവിശ്വാസികളും നാസ്തികരും, ഉന്നയിക്കുന്ന ചോദ്യമാണ്: “ദൈവത്തിന് മനുഷ്യൻറെ തെറ്റുകൾ ക്ഷമിക്കണമെങ്കിൽ സ്വർഗ്ഗത്തിലിരുന്ന് ക്ഷമിച്ചാൽ മതിയായിരുന്നില്ലേ? യേശുവിൻറെ പീഡാനുഭവം ആവശ്യമായിരുന്നോ?” എന്നൊക്കെ. ഉത്തരം വളരെ ലളിതമാണ്: ആത്മീയമണ്ഡലത്തിലുള്ള ദൈവം താൻ മനുഷ്യനെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് പ്രത്യക്ഷമായി പ്രദർശിപ്പിക്കുവാൻ യേശുവിൻറെ ജീവിതത്തേക്കാൾ എറ്റവും നല്ല മാതൃക എന്തുണ്ട്? മനുഷ്യനെ രക്ഷിക്കുവാൻ വേണ്ടി താൻ എന്ത് ചെയ്യില്ല എന്ന് യേശുവിൻറെ മരണത്തിലൂടെയല്ലാതെ എങ്ങനെ പ്രകടമാക്കും? ദൈവം സ്വർഗ്ഗത്തിലിരുന്ന് കൈ ചലിപ്പിച്ചാൽ പാപങ്ങൾ ഇല്ലാതായേക്കാം, പക്ഷേ, അത് നിറവേറ്റി എന്ന് മനുഷ്യൻ എങ്ങനെ അറിയും? ഇവിടെയാണ് യേശുവിൻറെ ജീവിതത്തിൻറെയും മരണത്തിൻറെയും പ്രസക്തി. ദൈവം മനുഷ്യനെ ഭ്രാന്തമായി സ്നേഹിക്കുന്നു എന്നതിൻറെ നിദർശനമാണ് യേശു. (മാതാപിതാക്കൾ കുട്ടികളെ ശിക്ഷിച്ചാൽ ഉടനെ 911ലേക്ക് ഫോൺ വിളിച്ച് അവരെ അറസ്റ്റ് ചെയ്യിക്കുന്ന അമേരിക്കയിൽ നിന്നുമുള്ള ദൈവശാസ്ത്രജ്ഞന് യേശുവിൻറെ ബലി അനാവശ്യമായി തോന്നുന്നതിൽ അതിശയമില്ല.)

ന്യായപ്രമാണവും, ബലികളും, ആചാരങ്ങളും എല്ലാം എടുത്തുമാറ്റിയത് ശാശ്വതമായിട്ടാണ്, അതിന് സാധുതയില്ല എന്ന് പ്രകടമാക്കിയതാണ് കി.പി.70ലെ സംഭവങ്ങൾ. വേദപുസ്തകം കൈയ്യിൽ പിടിച്ചുകൊണ്ട് കി.പി.70ൽ നടന്ന സംഭവങ്ങൾക്കും ദൈവത്തിനും യാതൊരു സംബന്ധവുമില്ല എന്ന് വാദിക്കുന്നവരുണ്ട്. അവരുടെ വാദം ശരിയാണെങ്കിൽ ഈ സംഭവങ്ങൾ നടക്കും എന്ന് പ്രവചിച്ച യേശുവും ശിഷ്യന്മാരും, പഴയനിയമത്തിലെ മോശ മുതലുള്ള പ്രവാചകന്മാരും നുണപറയുകയായിരുന്നു. അല്ലെങ്കിൽ വേദപുസ്തകം കി.പി.70ലെ സംഭവങ്ങൾ നടന്ന ശേഷം തിരുത്തപ്പെട്ടു (Vaticinium ex eventu - "Prophecy from the event"). തന്നെയുമല്ല, പഴയനിയമത്തിൽ യിസ്രായേൽ യഹോവയ്ക്ക് വിരോധമായി പാപം ചെയ്തപ്പോഴൊക്ക അവരെ അവരുടെ ശത്രുക്കൾക്ക് വിറ്റു എന്ന് എഴുതിയിരിക്കുന്നതും (ന്യായാ 2:14; 3:8; 4:2; 10:7; 1ശമു 12:9), യെഹൂദയെയും, യിസ്രായേലിനെയും അവരുടെ അതിക്രമങ്ങൾ നിമിത്തം അശ്ശൂർ രാജാവിൻറെയും, ബാബേൽ രാജാവിൻറെയും കൈകളിൽ ഏൽപിച്ചു എന്നും എഴുതിയിരിക്കുന്നതും നുണകളുടെ കൂമ്പാരം ആയിരിക്കണം (അവരുടെ അഭിപ്രായത്തിൽ). വേദപുസ്തകത്തിൽ പകർത്തിയെഴുതുമ്പോൾ വന്ന പിഴവുകൾ ഉണ്ട്, ആത്മീയമായതിനെ ഭൌതികമായി മനസ്സിലാക്കിയ യിസ്രായേല്യരുടെ തെറ്റുകൾ ഉണ്ട്, പക്ഷേ, വേദപുസ്തകം നുണപറയില്ല. യിസ്രായേൽ തെറ്റ് ചെയ്തപ്പോഴൊക്കെ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

ആവർത്തന പുസ്തകം 18ൽ മോശെ പറഞ്ഞ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് പത്രോസ് യെരൂശലേമിൽ കൂടിവന്നിരുന്ന യിസ്രായേല്യരോട് പറയുന്നത് ശ്രദ്ധിക്കുക:
അപ്പോ 3:22 ദൈവമായ കര്‍ത്താവ് നിങ്ങളുടെ സഹോദരന്മാരില്‍ നിന്നും എന്നെ പോലെ ഒരു പ്രവാചകനെ നിങ്ങള്‍ക്ക് എഴുനേല്‍പ്പിച്ച് തരും; അവന്‍ നിങ്ങളോട് സംസാരിക്കുന്ന സകലത്തിലും നിങ്ങള്‍ അവന്‍റെ വാക്ക് കേള്‍ക്കേണം.
അപ്പോ 3:23 ആ പ്രവാചകന്‍റെ വാക്ക് കേള്‍ക്കാത്ത എല്ലാവരും ജനത്തിന്‍റെ ഇടയില്‍ നിന്നും ഛേദിക്കപ്പെടും.
മോശെയും പത്രോസും യിസ്രായേല്യരെയാണ് അഭിസംബോധന ചെയ്തത് എന്ന കാര്യം ശ്രദ്ധിക്കുക. യിസ്രായേല്യർക്ക് വേണ്ടി ദൈവം അവരുടെ സഹോദരന്മാരിൽ നിന്നും എഴുന്നേൽപിച്ച യേശുവിനെ തിരസ്കരിച്ചതിൻറെ പ്രത്യാഘാതമായിരുന്നു കി.പി.70ലെ അവരുടെ ദേശത്തിൻറെയും നഗരത്തിൻറെയും നാശം. യേശു ആയിരുന്നു “ആ പ്രവാചകൻ” എന്നതിൻറെ തെളിവ്. യേശു കള്ളപ്രവാചകൻ അല്ലായിരുന്നു എന്നതിൻറെ തെളിവ്. (ഈ വേദഭാഗം യിസ്രായേല്യരെ പറ്റി മാത്രമുള്ളതാണ്, നിങ്ങളുടെ വിശ്വാസം സ്വീകരിക്കാത്തവരെ വിധിക്കുവാനുള്ളതല്ല.)

പഴയ യെരൂശലേം പരിമിതമായ ഒരു സ്ഥലമാണ്. അതേ സമയം പുതിയ യെരൂശലേം ഭൂമിക്ക് താങ്ങനാകാത്ത ഭീമാകാരമായ ഒരു സൌധമാണ്. അത് അക്ഷരശഃ മുകളിൽ നിന്നും ഇറങ്ങിവരില്ല. ഗലാത്യർക്കുള്ള ലേഖനത്തിൽ ദാസിയെയും മകനെയും പുറത്താക്കുക എന്ന് പറഞ്ഞതല്ലാതെ സ്വതന്ത്രയ്ക്കും മകനും എന്തെങ്കിലും സംഭവിക്കും എന്ന് പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധിക്കുക. പഴയ യെരൂശലേമും അതിൻറെ അനുബന്ധ വ്യവസ്ഥിതിയും നശിപ്പിക്കപ്പെട്ടതാണ് നാം ദൈവപുത്രന്മാരായി, അവകാശികളായി സ്വീകരിക്കപ്പെട്ടതിൻറെ പ്രത്യക്ഷമായ തെളിവ്.

പഴയ യെരൂശലേമിൻറെ പ്രസക്തി.


കള്ളപ്രവാചകന്മാരുടെ സ്ഥിരം പല്ലവിയാണ് യെരൂശലേം ലോകത്തിൻറെ ടൈംപീസാണ് (timepiece), അവിടെ നടക്കുന്ന ഓരോ സംഭവവികാസവും ലോകാവസാനത്തിൻറെ സൂചനയാണ് എന്നൊക്കെ. പച്ച മലയാളത്തിൽ പറഞ്ഞാൽ ഇവരുടെ സിദ്ധാന്തങ്ങൾ മണ്ണാങ്കട്ടയാണ്. ഈ തള്ള് തള്ളുന്ന അണ്ണന്മാർക്ക് തെറ്റിപ്പോയ മൂന്നും നാലും ലോകാവസാന പ്രവചനങ്ങളുടെ കുപ്രസിദ്ധി ഉണ്ടെന്നത് മറക്കരുത്. പഴയനിയമ കാലത്ത് ആയിരുന്നെങ്കിൽ കല്ലെറിഞ്ഞ് കൊല്ലേണ്ട കള്ളപ്രവാചകന്മാർ. യെരൂശലേമിനെ പറ്റി യേശു പറഞ്ഞത് ശ്രദ്ധിക്കുക:
യോഹ 4:21 എന്‍റെ വാക്ക് വിശ്വസിക്കുക; നിങ്ങള്‍ പിതാവിനെ ആരാധിക്കുന്നത് ഈ മലയിലും അല്ല യെരൂശലേമിലും അല്ല എന്നുള്ള നാഴിക വരുന്നു.
യോഹ 4:23 യഥാർത്ഥ ഭക്തന്മാർ പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന നാഴിക വരുന്നു; ഇപ്പോള്‍ വന്നുമിരിക്കുന്നു. തന്നേ ആരാധിക്കുന്നവര്‍ ഇങ്ങനെയുള്ളവര്‍ ആയിരിക്കേണം എന്ന് പിതാവ് ഇച്ഛിക്കുന്നു.
ഇതാണ് ദൈവത്തിൻറെ പദ്ധതിയിൽ യെരൂശലേമിനും, അവിടത്തെ മലയ്ക്കും ഉള്ള സ്ഥാനം! ടൈംപീസും ഇല്ല വോൾ ക്ലോക്കും (wall clock) ഇല്ല. യെരൂശലേമിൻറെ പ്രസക്തി തീർന്നു. മുസൽമാൻമാർ ഹജ്ജിന് പോകുന്നത് പോലെ “വിശുദ്ധ നാടുകളിലേക്ക് തീർത്ഥാടനം” നടത്തുന്നതുകൊണ്ട് പ്രയോജനമില്ല. അവിടെ നടക്കുന്നത് വിശുദ്ധമായ കാര്യങ്ങളല്ല മനുഷ്യാവകാശ ലംഘനമാണ് (പച്ച മലയാളത്തിൽ: തെമ്മാടിത്തരം). വിശുദ്ധ നാടുകളിലേക്ക് ടൂർ സംഘടിപ്പിക്കുന്ന സഭകൾ നിങ്ങളുടെ കാശ് പിടുങ്ങി നിങ്ങൾക്ക് വ്യാമോഹം വിൽക്കുകയാണ് ചെയ്യുന്നത്.

പുതിയ യെരൂശലേം എന്താണ്?


ഈ ചോദ്യം എന്നോട് ചോദിച്ചാൽ, ഞാൻ ചോദിക്കും: പുതിയ യെരൂശലേം എന്തല്ല?
  • ക്രിസ്തുവിലുള്ള സ്വാതന്ത്ര്യത്തിൻറെ പുതിയ ഉടമ്പടിയാണ് പുതിയ യെരൂശലേം.
  • നമ്മുടെ അമ്മയാണ് പുതിയ യെരൂശലേം.
  • നമ്മുടെ പുത്രസ്വീകാരത്തിൻറെ തെളിവാണ് പുതിയ യെരൂശലേം.
  • ക്രിസ്തുവിൻറെ വധുവാണ് പുതിയ യെരൂശലേം.
  • സമസ്ത സൃഷ്ടിയുടെയും പ്രത്യാശാകേന്ദ്രമാണ് പുതിയ യെരൂശലേം.

നാം ഒരിക്കലും രാത്രിയില്ലാത്ത പുതിയ യെരൂശലേമിൻറെ പ്രകാശത്തിൽ നടക്കുന്നവരാണ്,  നമ്മിലെ പ്രകാശം പറകളുടെയോ, കട്ടിലുകളുടെയോ അടിയിൽ ഒളിപ്പിച്ച് വെക്കാതെ, ഉയർത്തിപ്പിടിച്ച് ലോകത്തെ പ്രകാശമാനമാക്കാം.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

2 comments: