Friday, June 10, 2016

ദൈവരാജ്യം എപ്പോൾ?

ക്രിസ്തുവിൽ പ്രിയരേ,

  • ലോകത്ത് അതിക്രമം വർദ്ധിക്കുമ്പോൾ,
  • കൂട്ടബലാൽസംഗങ്ങൾ സാധാരണമാകുമ്പോൾ,
  • പ്രകൃതിക്ഷോഭങ്ങൾ സർവത്ര നാശം വിതയ്ക്കുമ്പോൾ,
  • പുതിയ പുതിയ രോഗങ്ങൾ ജനലക്ഷങ്ങളെ ഉന്മൂലനം ചെയ്യുമ്പോൾ,
  • യുദ്ധങ്ങളും യുദ്ധത്തിനുള്ള തയ്യാറെടുപ്പുകളും നമുക്കുചുറ്റും നടക്കുമ്പോൾ,
  • മതവൈരവും, തീവ്രവാദവും നാൾക്കുനാൾ വർദ്ധിച്ചുവരുമ്പോൾ,...
നാം സ്വയം ആശ്വസിപ്പിക്കും: “ദൈവരാജ്യം വരും, എല്ലാം ശരിയാകും”.  (ഞാൻ എൽ.ഡി.എഫും, യൂ.ഡി.എഫും അല്ലേ...)
  • ഭൂമിയിൽ രോഗങ്ങളുണ്ടാവില്ല,
  • മരണം ഉണ്ടാവില്ല,
  • കണ്ണീർ ഉണ്ടാവില്ല,...
ഏകദേശം നാം കേട്ടുവളർന്ന ഓണപ്പാട്ട് പോലെ:
മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ,
ആമോദത്തോടെ വസിക്കും കാലം
ആപത്തെങ്ങാർക്കും ഒട്ടില്ല താനും...
യേശുവിൻറെ ഭൂമിയിലെ ശുശ്രൂഷയുടെ കാലം മുതൽ ഇപ്പോൾ വരെ ഏകദേശം 80 തലമുറകൾ കടന്നുപോയി. അവരെല്ലാം അവരുടെ ആയുഷ്ക്കാലത്ത് “ദൈവരാജ്യം വരും, എല്ലാം ശരിയാകും” എന്നുതന്നെയല്ലേ കരുതിയിരിക്കുക?

കഴിഞ്ഞ 2000 വർഷങ്ങളിൽ:

  • അമ്പതിനായിരത്തിൽ അധികം പേർ മരിച്ച 16 ഭൂകമ്പങ്ങളുണ്ടായി,
  • പത്ത് ലക്ഷത്തിൽ അധികം പേർ മരിച്ച 28 യുദ്ധങ്ങൾ ഉണ്ടായി,
  • പത്ത് ലക്ഷത്തിൽ അധികം പേർ മരിച്ച 7 പകര്‍ച്ചവ്യാധികൾ ഉണ്ടായി,
  • അമ്പതിനായിരത്തിൽ അധികം പേർ മരിച്ച 15 കൂട്ടക്കൊലകളുണ്ടായി...
ഹിറ്റലർ കൂട്ടക്കൊല ചെയ്ത 110 ലക്ഷം പേരിൽ ഏകദേശം  60 ലക്ഷം യെഹൂദ്യരുണ്ടായിരുന്നു. ഒരുപക്ഷേ അവർ യേശുവിനെ അംഗീകരിക്കാത്തതിനാൽ അവരുടെ പ്രാർത്ഥന കേട്ടില്ല എന്ന് വാദിച്ചേക്കാം. ബാക്കിയുള്ള 50 ലക്ഷം പേരിൽ 5 പേരുടെയെങ്കിലും പ്രാർത്ഥന ദൈവം ചെവിക്കൊണ്ട് യേശുവിനെ തിരികെ അയയ്ക്കുകയും എല്ലാവരും ധരിച്ചുവെച്ചിരിക്കുന്നത് പോലുള്ള ദൈവരാജ്യം സ്ഥാപിക്കുകയും ചെയ്യാതിരുന്നതെന്ത്?

ദൈവം വാക്കുമാറ്റിയോ, അതോ, ദൈവരാജ്യത്തെ പറ്റിയുള്ള നമ്മുടെ ധാരണകളിൽ എവിടെയെങ്കിലും പിശക് സംഭവിച്ചിട്ടുണ്ടോ? എല്ലാ സംശയങ്ങൾക്കും നിവൃത്തി വരുത്തേണ്ടത് വേദപുസ്തകത്തിൽ നിന്നും ആയിരിക്കണം എന്നതിനാൽ അത്തരം ഒരു പഠനത്തിന് ഉദ്യമിക്കുകയാണിവിടെ. വേദപുസ്തകവും, ലോകചരിത്രവും, സ്ട്രോങ്സ് നിഘണ്ടുവും മാത്രമാണ് ഈ ലേഖനത്തിൻറെ അവലംബം.

ദൈവരാജ്യത്തെ പറ്റിയുള്ള ആദ്യത്തെ പരാമർശം.

[ദൈവരാജ്യവും സ്വർഗ്ഗരാജ്യവും വ്യത്യസ്തങ്ങളാണ് എന്ന് അവകാശപ്പെടുന്നവർ മത്താ 13:31-32, മർക്കോ 4:30-32, ലൂക്കാ 13:18, 19 എന്നീ വേദഭാഗങ്ങളിലുള്ള കടുകുമണിയുടെ ഉപമ മനസ്സിരുത്തി വായിക്കുക.]

ദൈവരാജ്യം എന്ന അർത്ഥം വരുന്ന പദസമുച്ചയം വേദപുസ്തകത്തിൽ ആദ്യമായി ഉപയോഗിക്കപ്പെട്ടിട്ടുള്ളത്, ങൂഹും! സ്നാപക യോഹന്നാൻറെ ശുശ്രൂഷയുടെ ആരംഭത്തിലുമല്ല, യേശുവിൻറെ ശുശ്രൂഷയുടെ ആരംഭത്തിലുമല്ല, പഴയനിയമത്തിൽ ദാനീയേലിൻറെ പുസ്തകത്തിലാണ്:
ദാനീ 2:44 ഈ രാജാക്കന്മാരുടെ കാലത്ത് സ്വര്‍ഗസ്ഥനായ ദൈവം ഒരിക്കലും നശിക്കാത്ത ഒരു രാജ്യം സ്ഥാപിക്കും; ആ രാജ്യം വേറെ ഒരു ജാതിക്ക് ഏല്‍പിക്കപ്പെടുകയില്ല; അത് ഈ രാജ്യങ്ങളെ എല്ലാം തകര്‍ത്ത്, നശിപ്പിക്കുകയും എന്നേയ്ക്കും നിലനില്‍ക്കും.

“ഈ രാജാക്കന്മാരുടെ കാലത്ത്”, ഏത് രാജാക്കന്മാരുടെ?

ദാനീയേൽ 2ൻറെ പ്രതിപാദ്യം നെബൂഖദ്നേസരിന്‍റെ സ്വപ്നവും അതിന് ദാനീയേൽ നൽകിയ വ്യാഖ്യാനവുമാണ് എന്നത് അറിയാമല്ലോ? നെബൂഖദ്നേസർ തൻറെ സ്വപ്നത്തിൽ 4 വിഭിന്നമായ ലോഹങ്ങളാൽ നിർമ്മിക്കപ്പെട്ട ഒരു വിഗ്രഹം കണ്ടു. ആ ലോഹങ്ങൾ അവയുടെ അക്ഷയത്വത്തിൻറെ (incorruptibility) അവരോഹണ ക്രമത്തിലും, കാഠിന്യത്തിൻറെ (hardness) ആരോഹണ ക്രമത്തിലുമാണ് നൽകപ്പെട്ടിട്ടുള്ളത്. നാം സ്വർണ്ണവും തങ്കവും വെള്ളിയും ആഭരണങ്ങൾക്കായി ഉപയോഗിക്കുന്നത് അവ രൂപപ്പെടുത്തുവാൻ എളുപ്പമുള്ളവയായതിനാൽ (malleable) മാത്രമല്ല, അവ വിയർപ്പിൽ നിന്നും ഉണ്ടാകുന്ന രാസവസ്തുക്കളുമായി പ്രതിപ്രവർത്തിക്കുകയില്ല എന്നതിനാലുമാണ്. (വെള്ളി വിയർപ്പിലെ സൾഫറുമായി പ്രതിപ്രവർത്തിച്ചാണ് ചിലരുടെ വെള്ളിയരഞ്ഞാണങ്ങൾ കറുപ്പ് നിറമാകുന്നത്. പക്ഷേ, വെള്ളിയുമായി പ്രതിപ്രവർത്തിക്കുന്ന അപൂർവം രാസവസ്തുക്കളിൽ ഒന്നാണ് സൾഫർ.)

ഈ 4 ലോഹങ്ങൾ 4 രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്ന് ദാനീയേൽ വ്യക്തമാക്കി. ഈ ലോഹങ്ങളുടെ ഗുണഗണങ്ങൾ അവ പ്രതിനിധാനം ചെയ്യുന്ന രാജ്യം ദൈവജനമായ യിസ്രായേലിനെ എങ്ങനെ പരിചരിച്ചു എന്നത് മനസ്സിലാക്കിത്തരുന്നു.

ആദ്യത്തെ രാജ്യം നെബൂഖദ്നേസരിന്‍റെ ബാബേലാണ് എന്ന് ദാനീയേൽ വ്യക്തമാക്കിയിട്ടുണ്ട്. ബാക്കിയുള്ള രാജ്യങ്ങൾ ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ മേദ്യ-പേർഷ്യ, ഗ്രീസ് (മാസിഡോണിയ), റോം എന്നിവയാണ്. ഇവ ഊഹങ്ങളാണ് എന്ന് തോന്നാമെങ്കിലും പണ്ഡിതന്മാർ നൽകാത്ത ചില തെളിവുകൾ ഇവിടെ അവതരിപ്പിക്കുന്നു.

① പൊന്ന് (ദാനീ 2:37-38) ബാബേൽ (കി.മു. 626 -  കി.മു. 539)


യിസ്രായേൽ യഹോവയ്ക്ക് വിരോധമായി പാപം ചെയ്തപ്പോൾ അവരെ ശിക്ഷിക്കുവാൻ നിയോഗിച്ചത് ബാബേലിനെയാണ്. അവർ യെരൂശലേമിനെ അഗ്നിക്കിരയാക്കി, എങ്കിലും, ദേവാലയത്തിലെ സാധനസാമഗ്രികൾ ഭദ്രമായി സൂക്ഷിക്കുകയും, യിസ്രായേല്യർക്ക് വിദ്യാഭ്യാസവും തൊഴിലും നൽകുകയും ചെയ്തു (ദാനീ 1:4). പൊന്നുപോലുള്ള രാജ്യം. (ബാബേലിൽ അതിക്രമങ്ങൾ ഒന്നും നടന്നിട്ടില്ല എന്ന് വിവക്ഷിക്കുന്നില്ല. വംശീയ ഉന്മൂലനത്തിൻറെ ഭീഷണി ഉണ്ടായിരുന്നില്ല എന്നതാണ് വിവക്ഷ.)

② വെള്ളി (ദാനീ 2:39) മേദ്യ-പേർഷ്യ (കി.മു. 550 - കി.മു. 330)


കോരെശ് രാജാവ് യിസ്രായേല്യർക്ക് സ്വദേശത്തേക്ക് തിരികെപ്പോകുവാൻ അനുവാദം നൽകി - എസ്രാ 1:1. അർത്ഥഹ്ശഷ്ടാ രാജാവ് യെരൂശലേം പുനർനിർമ്മിക്കുവാൻ അനുവാദവും, നിർമ്മാണത്തിന് ആവശ്യമായ മരവും നൽകി. (നെഹെ 2:8). നിർമ്മാണത്തിന് തടസ്സം നിന്ന ചില പ്രാദേശിക അധികാരികളെ നിയന്ത്രിച്ചു.

എസ്തേരിൻറെ കാലത്ത് യിസ്രായേല്യർക്ക് നേരിട്ട പീഡനങ്ങളാകാം ഒരുപക്ഷേ, മേദ്യ-പേർഷ്യയെ ബാബേലിനേക്കാൾ തരംതാഴ്ന്ന (വെള്ളി) രാജ്യമാക്കുന്നത്.

③ താമ്രം (ദാനീ 2:39) ഗ്രീസ് (കി.മു. 359 - കി.മു. 167)


[ഫിലിപ്പ് രാജാവിൻറെ കാലത്താണ് മാസിഡോണിയ (ഗ്രീസ്) ഒരു പ്രസക്തമായ രാജ്യമായി മാറുന്നത്. അതിന് മുമ്പ് അത് ഒരു നാട്ടുരാജ്യമായിരുന്നു. അതിനാലാണ് കി.മു. 359 മുതൽ കണക്കാക്കുന്നത്.]

അലക്സന്തരിൻറെ കാലശേഷം മാസിഡോണിയ 4 ഭാഗങ്ങളായി പിരിഞ്ഞപ്പോൾ യിസ്രായേൽ അവയിൽ ഒന്നായ സെല്യൂസീഡ് ഉപരാജ്യത്തിൻറെ ഭാഗമായി മാറി. സെല്യൂസീഡ് രാജാക്കന്മാരിൽ ഒരാളായ അന്ത്യോക്യസ് എപ്പിഫാനസ് യെഹൂദ്യരെ അത്യധികം പീഡിപ്പിക്കുകയും, അവർക്കും യഹോവയ്ക്കും മ്ലേച്ഛമായ കാര്യങ്ങൾ ചെയ്യുവാനും, വിഗ്രഹാരാധന ചെയ്യുവാനും, പന്നിയിറച്ചി ഭക്ഷിക്കുവാനും നിർബന്ധിച്ചു. അന്ത്യോക്യസിൻറെ ആജ്ഞയ്ക്ക് വഴങ്ങാത്തവരെ അതിഭീകരമായി പീഡിപ്പിച്ചു. പലരെയും തൊലിയുരിച്ച് തിളയ്ക്കുന്ന എണ്ണയിൽ വറുത്തു. യെരൂശലേമിൽ അനവധി വിഗ്രഹങ്ങൾ സ്ഥാപിച്ചു. ദേവാലയത്തിലെ ബലിപീഠത്തിൽ പന്നിയിറച്ചി ബലികഴിച്ചു. അന്ത്യോക്യസിൻറെ ക്രൂരതകളെ പറ്റിയുള്ള പ്രവചനം ദാനീയേൽ 8ലും, അവയുടെ പൂർത്തീകരണം കത്തോലിക്കരുടെ വേദപുസ്തകത്തിലെ മക്കബായരുടെ പുസ്തകങ്ങളിലും കാണാം. (അയ്യേ, കത്തോലിക്കരുടെ വേദപുസ്തകം വായിക്കരുതെന്ന് പാസ്റ്റർ പ്രത്യേകം പറഞ്ഞിട്ടുള്ളതാ! പേടിക്കേണ്ട, പാസ്റ്റർമാർ ഉപയോഗിക്കുന്ന King James Version 1611ൽ പുറത്തിറങ്ങിയപ്പോൾ കത്തോലിക്കരുടെ പുസ്തകങ്ങളും അതിൽ ഉണ്ടായിരുന്നു.)

കഠിനമായ താമ്ര രാജ്യം!

④ ഇരുമ്പ് (ദാനീ 2:40-43) റോം (കി.മു 27- കി.പി. 395)


“ഇരുമ്പ് സകലത്തെയും തകര്‍ത്ത് കീഴടക്കുന്നത് പോലെ അത് എല്ലാത്തെയും ഇടിച്ച് തകര്‍ക്കും”.
ചുറ്റുപാടുമുള്ള രാജ്യങ്ങളെ തകർത്താണ് റോമാ രാജ്യം വികസിച്ചത്. വിഖ്യാതമായ റോമൻ സമാധാനം (Pax Romana) പോലും ഔഗുസ്തൊസ് കൈസരുടെ (Augustus Caesar) രാഷ്ട്രീയ (കു)തന്ത്രത്തിൻറെ ഫലമാണെന്ന് പറയപ്പെടുന്നു. ക്രൈസ്തവരെ ഉപദ്രവിക്കുവാൻ തുടങ്ങുന്നതിന് മുമ്പ് യെഹൂദ്യരെ റോമൻ ഭരണകൂടം അത്യധികം ഉപദ്രവിച്ചിരുന്നു.

“കാൽപാദവും കാല്‍വിരലുകളും പാതി കളിമണ്ണിനാലും പാതി ഇരുമ്പിനാലും ഉള്ളതായി കണ്ടതിന്‍റെ അർത്ഥം: അത് ഒരു വിഭജിക്കപ്പെട്ട രാജ്യം ആയിരിക്കും; എങ്കിലും അതിന് ഇരുമ്പിൻറെ ശക്തി ഉണ്ടായിരിക്കും”.
റോമിൻറെ യുദ്ധതന്ത്രത്തിൻറെ ഭാഗമായിരുന്നു കീഴടക്കുന്ന രാജ്യങ്ങളിലെ ഭരണാധികാരികളെ നീക്കംചെയ്യാതെ അവരെ സാമന്തരാജാക്കന്മാരായി നിയമിക്കുകയും അവരിലൂടെ റോമിൻറെ നയങ്ങൾ നടപ്പാക്കുകയും എന്നത്.

10 കാൽവിരലുകൾ എന്ന് ദാനീയേൽ എടുത്തുപറയുന്നില്ലെങ്കിലും അവ റോം രാജ്യത്തെ പുനഃസംഘടിപ്പിച്ച് ഔഗുസ്തൊസ് കൈസർ ഏർപ്പെടുത്തിയ 10 പ്രവശ്യകളുടെ പ്രതീകമാണെന്ന് കരുതുന്നതിൽ തെറ്റില്ല. അങ്ങനെയുള്ള 10 പ്രവശ്യകളിൽ ഒന്നിൻറെ സാമന്ത രാജാക്കന്മാരായിരുന്നു ഹെരോദാവിൻറെ വംശം.
“ഇരുമ്പും കളിമണ്ണും ഇടകലര്‍ന്നതായി കണ്ടതിന്‍റെ അർത്ഥം: അവര്‍ മനുഷ്യ ബീജത്താല്‍ തമ്മില്‍ ഇടകലരുമെങ്കിലും ഇരുമ്പും കളിമണ്ണും തമ്മില്‍ ചേരാതിരിക്കുന്നത് പോലെ അവര്‍ തമ്മില്‍ ചേരുകയില്ല.” (ദാനീ 2:43)
വേദപുസ്തകത്തിൽ കളിമണ്ണ് എന്ന് വിളിക്കപ്പെടുകയും, സ്വയം അങ്ങനെ വിളിക്കുകയും ചെയ്ത ഒരേയൊരു വംശമേയുള്ളൂ: യിസ്രായേൽ.

യെശ 64:8 യഹോവേ, അവിടന്ന് ഞങ്ങളുടെ പിതാവ്; ഞങ്ങള്‍ കളിമണ്ണും അവിടന്ന് ഞങ്ങളെ മെനയുന്നവനും...
യിരെ 18:6 ... യിസ്രായേൽ ഗൃഹമേ, കളിമണ്ണ് കുശവൻറെ കൈയ്യിൽ ഇരിക്കുന്നതുപോലെ നിങ്ങൾ എൻറെ കൈയ്യിൽ ഇരിക്കുന്നു.

“മനുഷ്യ ബീജത്താല്‍ തമ്മില്‍ ഇടകലരും” എന്നതിൻറെ അർത്ഥം വൈവാഹിക ബന്ധങ്ങളാണെന്ന് പണ്ഡിതന്മാർ അംഗീകരിക്കുന്നു. എന്തുകൊണ്ട് നേരിട്ട് വൈവാഹിക ബന്ധം എന്ന് എഴുതിയില്ല? എന്നത് പ്രസക്തമായ ചോദ്യമാണ്. ഒരുപക്ഷേ, വൈവാഹിക ബന്ധം മാത്രം ആയിരിക്കില്ല, ചിലരെ വെപ്പാട്ടികളായി എടുത്തിരിക്കാം.

ഇരുമ്പ് റോമും, കളിമണ്ണ് യിസ്രായേലും ആണെങ്കിൽ അവർക്കിടയിൽ വൈവാഹിക ബന്ധം ഉണ്ടായിരുന്നു എന്ന് തെളിയിക്കണം. അത്തരത്തിൽ ഒരു തെളിവ് വേദപുസ്തകത്തിൽ ഉണ്ട്.
അപ്പൊ 24:24 കുറെനാൾ കഴിഞ്ഞ് ഫേലിക്സ് യെഹൂദ സ്ത്രീയായ തൻറെ ഭാര്യ ദ്രുസില്ലയുമായി വന്നു...

നീറോ സീസറിൻറെ ഭാര്യ പോപ്പിയ സബീന ഒരു യെഹൂദ സ്ത്രീയായിരുന്നു.

റോം രാജ്യം കി.പി.395ൽ രണ്ടായി പിരിഞ്ഞു. കിഴക്കൻ റോമാരാജ്യം കി.പി.1453ൽ ഇല്ലാതായി. പടിഞ്ഞാറൻ റോമാരാജ്യം കി.പി.476ൽ ഇല്ലാതായി.

റോം തിരിച്ചുവരുമോ?


“ഈ രാജാക്കന്മാരുടെ നാളുകളിൽ” എന്ന് എഴുതിയിരിക്കുന്നതിൻറെ അർത്ഥം റോം രാജ്യത്തിലെ രാജാക്കന്മാരുടെ കാലത്തിൽ എന്നാണ് എന്നത് പകൽ പോലെ വ്യക്തമാണ്. ബഹുഭൂരിപക്ഷം പേരുടെയും ധാരണയിലുള്ള ദൈവരാജ്യം റോം രാജ്യത്തിൻറെ കാലത്ത് [കി.മു.29നും കി.പി.395നും (29BC - 395AD) ഇടയിൽ] ഉണ്ടായില്ല. എന്തിന്, കിഴക്കൻ റോം രാജ്യം 1453ൽ ഇല്ലാതായിട്ടും അവരുടെ ധാരണയിലെ ദൈവരാജ്യം ഉണ്ടായില്ല. “പണ്ഡിതന്മാർ” ഇനി എന്തു ചെയ്യും? കഥകൾ കെട്ടിച്ചമയ്ക്കും. വിളവെടുപ്പ് കഴിയുമ്പോൾ മണ്ണിൽ ബാക്കിയായ ചേനയുടെ കണക്കോ, ചേമ്പിൻ തടയോ രണ്ടുമൂന്ന് വർഷം കഴിയുമ്പോൾ മുളച്ചുവരുന്നത് പോലെ റോം രാജ്യം പൊങ്ങിവരും എന്ന് ഒരു പുസ്തകമെഴുതി എന്തും വിശ്വസിക്കുവാൻ തയ്യാറായിരിക്കുന്നവരുടെ കാശ് തട്ടിയെടുക്കും!

അടുത്ത വാദം റോം രാജ്യം കത്തോലിക്കാ സഭയിലൂടെ ഇപ്പോഴും നിലനിൽക്കുന്നു എന്നതാണ്. റോം രാജ്യത്തിൻറെ വിസ്തീർണ്ണം 44,00,000 ചതുരശ്ര കിലോമീറ്റർ ആയിരുന്നു. വത്തിക്കാൻറെ വിസ്തീർണ്ണം 0.44 ചതുരശ്ര കിലോമീറ്റർ. റോം രാജ്യത്തിൻറെ സൈന്യബലം ഒരു സാമ്രാജ്യം സ്ഥാപിച്ചു. വത്തിക്കാന് പട്ടാളം ഇല്ല. ഇനി അഥവാ മാർപ്പാപ്പ എല്ലാ കത്തോലിക്കരോടും യുദ്ധത്തിനിറങ്ങുവാൻ ഒരു ചാക്രിക ലേഖനം (circular എന്നതിൻറെ പരിഭാഷ) പുറപ്പെടുവിച്ചാൽ എത്ര അച്ചായന്മാർ യുദ്ധത്തിന് പുറപ്പെടും? (ഓ പിന്നേ, പിതാവ് വേറെ പണിനോക്ക്, മനുഷ്യന് റബ്ബറ് റീപ്ലാൻറ് ചെയ്യാനുള്ളപ്പഴാ ഒരു ചാക്രിക ലേഖനം!)

റോം രാജ്യം അതിൽ നിന്നും പിരിഞ്ഞുപോയ രാജ്യങ്ങളിലൂടെ ഇപ്പോഴും നിലനിൽക്കുന്നു എന്നതാണ് അടുത്ത വാദം. അക്ബർ ചക്രവർത്തിയോ, അശോക ചക്രവർത്തിയോ ഇന്ത്യൻ പ്രധാനമന്ത്രിയിലൂടെ (ഇത് എഴുതുമ്പോൾ: ശ്രീ നരേന്ദ്ര മോദി) നമ്മെ ഭരിക്കുന്നു എന്ന് നമ്മളൊട് ആരെങ്കിലും പറഞ്ഞാൽ നാം അവനെ കിട്ടുന്ന ആദ്യത്തെ വണ്ടിക്ക് കുതിരവട്ടത്തോ, ഊളമ്പാറയിലോ എത്തിക്കില്ലേ? കുറഞ്ഞപക്ഷം അവൻറെ തലയിൽ നെല്ലിക്കാത്തളം വെക്കില്ലേ? അങ്ങനെയുള്ള നമ്മൾ പ്രവചനത്തിൻറെ പേരിൽ വിളമ്പുന്ന വങ്കത്തരങ്ങൾക്ക് ചെവികൊടുക്കുന്നതെന്തിന്?

റോമിൻറെ കഥകഴിഞ്ഞു. ഇപ്പോഴുള്ള വൻശക്തികളിൽ ഫ്രാൻസ് മാത്രമാണ് കത്തോലിക്കാ ഭൂരിപക്ഷമുള്ള രാജ്യം. സൈനിക ശക്തിയിൽ ഇന്ത്യ ഫ്രാൻസിനേക്കാൾ ബഹുദൂരം മുന്നിലാണ്. അമേരിക്കയിൽ 22% കത്തോലിക്കർ മാത്രമാണുള്ളത്. ഒരു കത്തോലിക്കൻ ആദ്യമായും അവസാനമായും പ്രസിഡണ്ടായത് ജോൺ എഫ് കെന്നഡിയാണ്.

യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റ് സ്വർഗ്ഗാരോഹണം ചെയ്യുന്നതിന് മുമ്പ് പറഞ്ഞ കാര്യം എപ്പോഴും ഓർമ്മിക്കുക: “സ്വര്‍ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്ക് നല്‍കപ്പെട്ടിരിക്കുന്നു.” (മത്താ 28:18).  യേശുക്രിസ്തുവിന് വിരുദ്ധമായി വർത്തിക്കുന്ന ഒരു അന്തർധാരയും നിലവിലില്ല. സകലവും അവിടത്തെ കാൽക്കീഴിലാണ്. അതുകൊണ്ട് മക്കൾ റോമൻ വ്യാമോഹങ്ങൾ മാറ്റിവെച്ച്, വേദപുസ്തകം പഠിക്കുവാൻ ഒരുങ്ങുക.

സമയരേഖ കി.പി. 29: (29 AD)

മത്താ 3:1 ആ കാലത്ത് യോഹന്നാന്‍ സ്നാപകന്‍ വന്ന്, യെഹൂദ്യ മരുഭൂമിയില്‍ പ്രസംഗിച്ചു.
സ്നാപക യോഹന്നാൻറെ ശുശ്രൂഷ ആരംഭിച്ചത് തിബേരിയൂസ് കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടില്‍ - ലൂക്കാ 3:1.
തിബേരിയൂസ് ഭരണം ആരംഭിച്ചത് കി.പി. 14 (സെപ്റ്റംബർ 18ന്). അതായത് 15 + 14 = 29.
മത്താ 3:2 സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നതിനാല്‍ മാനസാന്തരപ്പെടുവിന്‍ എന്ന് പറഞ്ഞു.
2000ൽ അധികം വർഷങ്ങൾക്ക് ശേഷമാണ് ദൈവരാജ്യം സമീപിക്കേണ്ടതെങ്കിൽ ഒന്നാം നൂറ്റാണ്ടിലെ യെഹൂദ്യർ എന്തിന് മാനസാന്തരപ്പെടണം? എന്ന ചോദ്യം പ്രസക്തമാണ്.

സമയരേഖ കി.പി. 30: (30 AD)

സ്നാപക യോഹന്നാൻ പല തവണ തടവിലാക്കപ്പെട്ടിരിക്കണം (മത്താ 4:2; 11:2; 14:3). ഏതായാലും യേശുവിൻറെ പൊതുശുശ്രൂഷ ആരംഭിച്ചത് സ്നാപക യോഹന്നാൻ തടവിലാക്കപ്പെട്ടതിന് ശേഷമാണ് എന്ന് വേദപുസ്തകം. യോഹന്നാൻ തടവിലാക്കപ്പെട്ട വർഷം വ്യക്തമല്ലെങ്കിലും, അദ്ദേഹം വധിക്കപ്പെട്ടത് ക്രിസ്തുവിൻറെ പീഡാസഹനത്തിന് മുമ്പായതിനാൽ, വേദപുസ്തകത്തിൽ എഴുതപ്പെട്ടിരിക്കുന്ന ആദ്യത്തെ തടവിലാക്കൽ കി.പി 30ൽ ആണെന്ന് ഊഹിക്കുന്നു. കൃത്യമായ തിയതിയോ വർഷമോ ഞാൻ പറയുന്ന സംഗതിയെ ബാധിക്കില്ല.

മത്താ 4:12 യോഹന്നാന്‍ തടവിലായി...
മത്താ 4:17 അന്നുമുതല്‍ യേശു: “സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നതിനാല്‍ മാനസാന്തരപ്പെടുവിന്‍” എന്ന് പ്രസംഗിച്ചു തുടങ്ങി.

മർക്കോ 1:14 യോഹന്നാന്‍ തടവിലായ ശേഷം യേശു ഗലീലിയില്‍ ചെന്ന് ദൈവരാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിച്ചു.
മർക്കോ 1:15 “കാലം തികഞ്ഞു. ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ട് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍” എന്ന് പറഞ്ഞു.
യേശുവിൻറെ ആദ്യത്തെ പൊതുപ്രഖ്യാപനം സ്നാപക യോഹന്നാൻറേതിൽ നിന്നും ഒട്ടും വ്യത്യസ്ഥമല്ല. മർക്കോസിൻറെ സുവിശേഷത്തിൽ അൽപം കൂടെ വിശദവിവരം ഉണ്ട്: “കാലം തികഞ്ഞു” (The time is fulfilled). സന്ദർഭത്തിൽ നിന്നും മനസ്സിലാക്കേണ്ടത് ദൈവരാജ്യം സമീപിക്കുവാനുള്ള കാലം തികഞ്ഞു എന്നല്ലേ? കി.പി 30ൽ കാലം തികഞ്ഞിട്ടും, ഇനിയും തികഞ്ഞില്ല എന്ന് അവകാശപ്പെടുന്നവർ നമ്മളൊക്കെ വായിക്കുന്ന അതേ വേദപുസ്തകം തന്നെയല്ലേ വായിക്കുന്നത്?

ദിബ്രുഗഡ് - കന്യാകുമാരി എക്സ്പ്രസ് അസ്സമിലെ ദിബ്രുഗഡിൽ നിന്നും പുറപ്പെടുമ്പോഴേ എറണാകുളം റെയിൽവേ സ്റ്റേഷനിൽ “ദിബ്രുഗഡ് സേ കന്യാകുമാരി ജാനേവാലി ട്രെയിൻ നമ്പർ 15905 വിവേക് എക്സ്പ്രസ് പ്ളാറ്റ്ഫോം നമ്പർ ഏക് പർ ആനേവാലീ ഹേ” എന്ന് വിളിച്ചുപറയുവാൻ തുടങ്ങുമോ? (83 മണിക്കൂറാണ് ഈ ട്രെയിനിൻറെ ഓട്ടസമയം)  കൂടിപ്പോയാൽ ട്രെയിൻ ആലുവായിലോ, ചാലക്കുടിയിലോ എത്തിയാൽ ആനേവാലീ എന്ന് വിളിച്ചുപറയുവാൻ തുടങ്ങിയേക്കാം. അങ്ങനെയിരിക്കെ, 2000 വർഷങ്ങൾക്ക് ശേഷം വരേണ്ടതാണെങ്കിൽ ദൈവരാജ്യത്ത പറ്റി യേശു സമീപിച്ചിരിക്കുന്നു എന്ന് പറഞ്ഞിരിക്കുവാൻ സാധ്യതയുണ്ടോ?

വേറെ ചില പണ്ഡിതന്മാർ ഇംഗ്ലീഷ് പരിഭാഷയിലെ “at hand” എന്ന പ്രയോഗത്തിലണ് കടിച്ചുതൂങ്ങുന്നത്. ആ പ്രയോഗം സമയദൈർഘ്യത്തെ അല്ല ദൂരത്തെയാണ് സൂചിപ്പിക്കുന്നത് എന്നാണ് അവരുടെ വാദം. മനസ്സിലായില്ലേ? പറമ്പിലെ മൂവാണ്ടൻ മാവിൽ നിന്നും പഴമാങ്ങ പറിക്കുവാൻ നാം എത്തിക്കുത്തി ആയാറില്ലേ? അതുപോലെ ആഞ്ഞാൽ കിട്ടാവുന്ന ദൂരത്താണ് ദൈവരാജ്യം എന്നാണ് അവരുടെ വ്യാഖ്യാനം. മർക്കോ 1:15ൽ “കാലം തികഞ്ഞു” എന്ന് എഴുതിയിരിക്കുന്നത് സമയദൈർഘ്യത്തെ പറ്റിയാണെന്ന് അറിയുവാൻ തിയോളജി ഡിഗ്രി ആവശ്യമില്ല, സാമാന്യബുദ്ധി മതിയാവും.

കി.പി.30ൽ സമീപത്തെത്തി, കി.പി.33ന് മുമ്പ് വന്നുകഴിഞ്ഞു:

മത്താ 12:28 ദൈവാത്മാവിനാല്‍ ഞാന്‍ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുത്ത് വന്നെത്തിയിരിക്കുന്നു സ്പഷ്ടം.
Mat 12:28 But if I cast out devils by the Spirit of God, then the kingdom of God is come unto you.
ഈ വാക്യം പറയുന്നതിന് തൊട്ടുമുമ്പ് യേശു കുരുടനും ഊമയുമായ ഒരു ഭൂതഗ്രസ്തനെ സുഖപ്പെടുത്തിയിരുന്നു. (മത്താ 12:22). ഈ കാഴ്ച കണ്ട് അത്ഭുതപ്പെട്ട യെഹൂദ്യരോടും (മത്താ 12:22), യേശു ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലിൻറെ സഹായത്താലാണ് ഭൂതങ്ങളെ പുറത്താക്കിയത് എന്ന് ആരോപിച്ച പരീശരോടും യേശു പറഞ്ഞ മറുപടിയുടെ ഭാഗമാണ് മത്താ 12:28.

തൻറെ ശുശ്രൂഷയുടെ ആരംഭത്തിൽ “ദൈവരാജ്യം സമീപിച്ചിരിക്കുന്നു” (മർക്കോ 1:15) എന്ന് പറഞ്ഞ യേശു, ഇവിടെ “ദൈവരാജ്യം നിങ്ങളുടെ അടുത്ത് വന്നെത്തിയിരിക്കുന്നു സ്പഷ്ടം” എന്ന് പറഞ്ഞതിന് അതുതന്നെ അല്ലാതെ വേറെ എന്തുണ്ട് അർത്ഥം? ഞാൻ പഠിച്ച പള്ളിക്കൂടത്തിൽ “വന്നെത്തിയിരിക്കുന്നു” എന്നത് “വന്നെത്തുക” എന്ന ക്രിയയുടെ ഭൂതകാലമാണ്. കി.പി.33ന് മുമ്പ് യേശു ഭൂതകാല രൂപത്തിൽ പറഞ്ഞ ഈ വാക്കുകൾ 2000 വർഷങ്ങൾക്ക് ശേഷം ഭാവികാല രൂപം കൈക്കൊണ്ടതായിരിക്കും ക്രൈസ്തവ വിശ്വാസം കണ്ട ഏറ്റവും വലിയ അത്ഭുതവും അടയാളവും!

“ദൈവരാജ്യം നിങ്ങളുടെ അടുത്ത് വന്നെത്തിയിരിക്കുന്നു സ്പഷ്ടം” എന്ന് എഴുതിയിരിക്കുന്നത് ഭാവികാലത്തെയാണ് പരാമർശിക്കുന്നത് എന്ന് വാദിക്കുന്നവരുടെ കൈയ്യിൽ നിന്നും വേദപുസ്തകം തന്ത്രപൂർവം കൈക്കലാക്കുക, പകരം അവർക്ക് മലയാളം വ്യാകരണത്തിൻറെ പുസ്തകം വാങ്ങിക്കൊടുക്കുക. അവരുടെ കൈയ്യിൽ വേദപുസ്തകം ഇരിക്കുന്നത് അപകടമാണ്. ഒരുപക്ഷേ, അവർ “വചനം ജഡമായി തീര്‍ന്നു” എന്ന ഭൂതകാലത്തിലുള്ള പ്രസ്താവം “വചനം ജഡമായി തീരും” എന്ന് ഭാവികാലത്തിൽ ആക്കുവാനും മതി, കരുതലോടിരിക്കുക!

യേശുവിനെ വിശ്വസിക്കുക എന്നതിന് അവിടന്ന് പറഞ്ഞ വാക്കുകൾ (മുൻവിധിയോടെയുള്ള പരിഭാഷകൾ ഒഴിവാക്കി) അവയുടെ പൂർണ്ണമായ അർത്ഥത്തിൽ വിശ്വസിക്കുക എന്നതാണ് അർത്ഥം. യേശു ദൈവമാണെന്നോ, ദൈവകുമാരനാണെന്നോ വിശ്വസിക്കുന്ന ഹിന്ദുക്കളുണ്ട്. യേശു എന്നൊരു വ്യക്തി നിലനിന്നിരുന്നു എന്ന് വിശ്വസിക്കുന്ന നിരീശ്വരവാദികളുണ്ട്. യേശു ലോകത്തെ വിധിക്കുവാൻ വരുമെന്ന് വിശ്വസിക്കുന്ന മുസൽമാൻമാരുണ്ട്. അത്രയുമൊക്കെ വിശ്വസിക്കുവാൻ ഒരു ക്രൈസ്തവൻ ആവശ്യമില്ല!

സമയരേഖ കി.പി. 62: (62 AD)

എൻറെ ഒരു ഉപജീവനമാർഗ്ഗം പരിഭാഷയാണ്. 5 ഭാഷകളിൽ പരിഭാഷ ചെയ്യും. നിങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ ഉള്ള ഒരു പുസ്തകം തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുവാൻ പറഞ്ഞാൽ ഞാൻ ചെയ്യും. അതേ സമയം അതേ പുസ്തകം ലോകത്തെങ്ങും ഇല്ലാത്ത അർനോമി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുവാൻ പറഞ്ഞാൽ ഞാൻ നിങ്ങൾക്ക് നിങ്ങളുടെ സ്ഥലത്തിന് അടുത്തുള്ള ഏതെങ്കിലും ഒരു മനോരോഗ വിദഗ്ദൻറെ ഫോൺ നമ്പർ തരുവാനല്ലേ സാദ്ധ്യത? നിങ്ങളെ കരുമാലിവിള എന്ന ഇല്ലാത്ത സ്ഥലത്തേക്ക് സ്ഥലംമാറ്റി എന്നൊരു ഉത്തരവ് വന്നാൽ, ആ ഉത്തരവ് അയച്ച മേലുദ്യോഗസ്ഥന് വട്ടാണ് എന്നല്ലേ നിങ്ങൾ കരുതൂ?
കൊലൊ 1:13 നമ്മെ ഇരുട്ടിന്‍റെ അധികാരത്തില്‍ നിന്നു വിടുവിച്ച് തന്‍റെ സ്നേഹസ്വരൂപനായ പുത്രന്‍റെ രാജ്യത്തില്‍ ആക്കിവെക്കുകയും ചെയ്ത പിതാവിന് സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവര്‍ ആകേണം എന്നും അപേക്ഷിക്കുന്നു.
(KJV) Who hath delivered us from the power of darkness, and hath translated us into the kingdom of his dear Son:
(WNT) It is God who has delivered us out of the dominion of darkness, and has transferred us into the Kingdom of His dearly-loved Son,
നമ്മെ പുത്രന്‍റെ രാജ്യത്തില്‍ ആക്കിവെച്ചു എന്ന് മലയാളത്തിലും transferred us into the Kingdom എന്നും translated us into the kingdom എന്നും ഇംഗ്ലീഷിലും എഴുതിയിരിക്കുന്നതിൽ ഏതെങ്കിലും ഒന്ന് ഭാവികാലത്തിൽ ഉണ്ടോ? ഇല്ലാത്ത ഒരു രാജ്യത്തിലേക്ക് ആക്കിവെക്കുവാനോ, സ്ഥലംമാറ്റുവാനോ കഴിയുമോ?

(ഈ പോക്ക് പോയാൽ ഇയാൾ എല്ലാം ഭൂതകാലത്തിലാക്കുമോ എന്ന് ചിന്തിക്കുന്നില്ല? തീർന്നിട്ടില്ല, ഇനിയുമുണ്ട്.)

സമയരേഖ കി.പി. 64: (64 AD)

ഞായറാഴ്ച തോറും പള്ളികളിലും സഭാമന്ദിരങ്ങളിലും പാതിരിമാരും പാസ്റ്റർമാരും നിങ്ങൾ
പാപികളും, മ്ലേച്ഛരും, തുച്ഛരും, നരകപാത്രരും, ദൈവത്തിനും യേശുവിനും അറപ്പുള്ളവരും ആണെന്ന് നിങ്ങളുടെ നേരെ കൈചൂണ്ടി അലറുന്നത് വർഷങ്ങളോളം കേട്ടുകൊണ്ടിരുന്നില്ലേ? ഇതാ, ഞാൻ നിങ്ങളോട് പറയുന്നു, നിങ്ങൾ മ്ലേച്ഛരല്ല, തുച്ഛരല്ല, നിങ്ങൾ രാജാക്കന്മാരാണ്. എന്താ, വിശ്വാസം വരുന്നില്ലേ?
എഫെ 2:5 അതിക്രമങ്ങളാല്‍ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോട് കൂടെ ജീവിപ്പിക്കുകയും (കൃപയാല്‍ ആണ് നിങ്ങള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നു),
Eph 2:5 Even when we were dead in sins, hath quickened us together with Christ, (by grace ye are saved;)
എഫെ 2:6 ക്രിസ്തു യേശുവില്‍ അവിടത്തോട് കൂടെ ഉയിര്‍ത്തെഴുനേല്‍പ്പിച്ച്, സ്വര്‍ഗത്തില്‍ ഇരുത്തുകയും ചെയ്തു.
Eph 2:6 And hath raised us up together, and made us sit together in heavenly places in Christ Jesus:
ഈ വചനങ്ങളിൽ എവിടെയെങ്കിലും ഭാവികാലത്തിൻറെ ലാഞ്ചന പോലും കണ്ടെത്തുവാൻ കഴിയുമോ? നിങ്ങളെ സ്വർഗത്തിൽ ഇരുത്തിക്കഴിഞ്ഞു. നിലവാരമുള്ള എത്ര പരിഭാഷകൾ വേണമെങ്കിലും പരിശോധിച്ചോളൂ, നിങ്ങൾക്ക് ഈ വചനം ഭാവികാലത്തിൽ എഴുതപ്പെട്ടിരിക്കുന്നത് കാണുവാൻ കഴിയില്ല.

സമയരേഖ കി.പി. 70ന് മുമ്പ്.


വെളിപ്പാട് പുസ്തകം കി.പി.70ന് ശേഷം എഴുതപ്പെട്ടതാണ് എന്ന് വാദിക്കുന്നവരുണ്ട്. ആയിക്കോട്ടെ, ആ പുസ്തകം ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതാണ് എന്നതിന് തർക്കമില്ലല്ലോ? വെളിപ്പാട് പുസ്തകത്തിൻറെ മേൽവിലാസക്കാർ ഒന്നാം നൂറ്റാണ്ടിൽ ഏഷ്യാ മൈനറിൽ ഉണ്ടായിരുന്ന ഏഴ് സഭകളുടെ മൂപ്പന്മാരാണ്.
വെളി 1:4 യോഹന്നാന്‍ ആസ്യയിലെ 7 സഭകള്‍ക്കും എഴുതുന്നത്...
Rev 1:11 John to the seven churches which are in Asia:..
ഈ ഏഴ് സഭകളും യോഹന്നാൻ വെളിപ്പാട് എഴുതുന്ന കാലത്ത് ഏഷ്യയിൽ ഉണ്ടായിരുന്നവയാണ്. ചില കപടമതങ്ങൾ (cults) ഏഴ് സഭകൾ സഭാചരിത്രത്തിലെ വിഭിന്ന ഘട്ടങ്ങളാണെന്ന് അവകാശപ്പെടും. അത്തരം കപടമതങ്ങളുടെ ലക്ഷ്യം വിശ്വാസികളുടെ മനസ്സുകളെ നിയന്ത്രിക്കുകയും (mind control) അവയുടെ സ്ഥാപകനാണ് യേശുക്രിസ്തുവിനെക്കാൾ ഉന്നതൻ എന്ന് സ്ഥാപിക്കുകയുമാണ്.

യോഹന്നാൻ പറയുന്നത് കേൾക്കുക:

വെളി 1:6 നമ്മെ ... തന്‍റെ പിതാവായ ദൈവത്തിന് നമ്മെ രാജാക്കന്മാരും [രാജ്യവും തെറ്റാണ്] പുരോഹിതരും ആക്കിത്തീര്‍ത്ത [യേശു ക്രിസ്തുവിന്] എന്നെന്നേയ്ക്കും മഹത്വവും ബലവും; ആമേന്‍.
Rev 1:6 And [Jesus Christ] hath made us kings and priests unto God and his Father; to him be glory and dominion for ever and ever. Amen.
ഈ വചനത്തിൽ മലയാളം വേദപുസ്തകത്തിൽ രാജ്യവും എന്നും ഇംഗ്ലീഷിൽ kings എന്നും പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്ക് βασιλεύς (bas-il-yooce', G935, ബെസീലിയോസ്) 118 തവണ പുതിയനിയമത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ഒരിക്കൽ പോലും അതിന് രാജ്യം എന്ന പരിഭാഷ ഇല്ല.

ഈ വചനത്തിലും നമ്മെ രാജാക്കന്മാരും പുരോഹിതരും ആക്കിത്തീർത്തു എന്ന് ഭൂതകാലത്തിൽ എഴുതപ്പെട്ടിരിക്കുന്നു. ആക്കിത്തീർക്കും എന്ന് ഭാവികാലത്തിൽ എഴുതപ്പെട്ടിട്ടുള്ള നിലവാരമുള്ള ഒരു പരിഭാഷ പോലും കണ്ടെത്താനാകില്ല.

ആദ്യം ദൈവത്തിൻറെ രാജ്യവും നീതിയും അന്വേഷിക്കുവിന്‍! (മത്താ 6:33)



രാജ്യം ഇല്ലാതെ എന്ത് രാജാവ്? നിങ്ങൾ രാജാക്കന്മാരാണെന്ന് വെളി 1:6, നിങ്ങളെ സ്വർഗത്തിൽ ഇരുത്തിയെന്ന് എഫെ 2:6. നിങ്ങളുടെ രാജ്യം എവിടെ?

ഒന്നാം നൂറ്റാണ്ടിൽ മലയിലെ പ്രസംഗം കേട്ടുകൊണ്ടിരുന്ന പ്രായേണ നിരക്ഷരരായ യെഹൂദ്യരോട് യേശു 2000 വർഷങ്ങൾക്ക് ശേഷം വരുവാനിരിക്കുന്ന ദൈവത്തിൻറെ രാജ്യം അന്വേഷിക്കുവാൻ പറഞ്ഞു എന്ന് കരുതുന്നതിൽ യുക്തിയില്ല. നിലനിൽക്കാത്ത ഒന്നിനെ അന്വേഷിക്കുവാൻ സാമാന്യബുദ്ധിയുള്ള ആരും പറയില്ല.

ഭൂതകാലത്തിലുള്ള ഇത്രയും വചനങ്ങൾ ഓർമ്മയിൽ നിന്നും എഴുതിയതാണ്. ഇനിയും അനേകം ഉണ്ട്. ദൈവരാജ്യം ഭാവിയിൽ വരേണ്ടതാണ് എന്ന് തെളിയിക്കുവാൻ പുതിയ പരിഭാഷതന്നെ വേണ്ടിവരും. അങ്ങനെയൊന്ന് ഉണ്ടാക്കുവാൻ കഷ്ടപ്പെടുന്നതിനേക്കാൾ ദൈവരാജ്യം എന്താണെന്ന് മനസ്സിലാക്കുവാൻ ശ്രമിക്കുന്നതല്ലേ ഉത്തമം?

കർത്താവിന് ചിത്തമായിരുന്നാൽ അടുത്തതിൽ: ദൈവരാജ്യം എന്താണ്?

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

3 comments:

  1. I am a beginner in the Bible. But I cannot see the truth in the Bible that, the kingdom of God is came. The reason is the prechers of law. But when I read the Bible with newborn baby without prejudice mind God revealed me the truth. Today I am very happy to see one man with the same revelation. God bless you. There only way to spread this truth is to teach the grace of God in the Bible.

    ReplyDelete