Tuesday, June 7, 2016

നിങ്ങളെ ആരും ഭയപ്പെടുത്താതിരിക്കട്ടെ: എതിർക്രിസ്തു: ഒരു പൊളിച്ചെഴുത്ത്!

ക്രിസ്തുവിൽ പ്രിയരെ,

എതിർക്രിസ്തുവിനെ പറ്റി നിങ്ങൾക്കെന്തറിയാം?

കൊമ്പും കുളമ്പുമുള്ളവൻ എതിർക്രിസ്തു!
മരിച്ചാലും തിരികെ വരുന്നവൻ എതിർക്രിസ്തു!
രാഷ്ട്രീയാധികാരം കൈയ്യാളുന്നവൻ എതിർക്രിസ്തു!
മതങ്ങളെ നിയന്ത്രിക്കുന്നവൻ എതിർക്രിസ്തു!
മാറിമാറി വരുന്ന അമേരിക്കൻ പ്രസിഡണ്ടുമാർ എതിർക്രിസ്തു!
മാറിമാറി വരുന്ന മാർപാപ്പമാർ എതിർക്രിസ്തു!
മണലാരണ്യങ്ങളിൽ കൊമ്പുകുത്തി ചിന്നം വിളിക്കുന്നവൻ എതിർക്രിസ്തു!
എതിർക്രിസ്തുവിൻറെ അപദാനങ്ങൾ പിന്നെന്തൊക്കെ പാടിനടക്കുന്നുണ്ട് ഉപദേശിമാർ നിങ്ങടെ നാട്ടിൽ?

നിങ്ങൾ കേട്ടതൊക്കെ പരിപൂർണ്ണമായും തെറ്റാണ്. വെളിപ്പാട് പുസ്തകത്തിൽ നിന്നും, ദാനീയേലിൻറെ പ്രവചനത്തിൽ നിന്നും അവർക്ക് അശ്ശേഷം മനസ്സിലാകാത്ത പ്രതീകങ്ങളെയെല്ലാം കൂട്ടിക്കുഴച്ച് മെനഞ്ഞെടുത്തതാണ് ഭീകരനായ എതിർക്രിസ്തുവിനെ. യോഹന്നാൻറെ ലേഖനങ്ങളിൽ എതിർക്രിസ്തു ഒരു ഭീകരരൂപിയല്ല, രാഷ്ട്രീയമോ, മതപരമോ ആയ അധികാരങ്ങളില്ലാത്ത സാധാരണ മനുഷ്യരാണ്! വിശ്വസിക്കുവാൻ കഴിയുന്നില്ലേ? വരൂ, നമുക്ക് എതിർക്രിസ്തുവിനെ പറ്റിയുള്ള വേദഭാഗങ്ങൾ ഒരുമിച്ച് വായിക്കാം.

നമുക്ക് അസ്വീകാര്യരായ ഏതെങ്കിലും കഥാപാത്രത്തെ വർണ്ണിക്കുമ്പോൾ അയാൾക്ക് കത്തിവേഷം നൽകുവാൻ ആകുന്നത്ര ശ്രമിക്കുന്നതിൻറെ ലക്ഷ്യം നമ്മുടെ ഉള്ളിലെ ഭീതി മറ്റുള്ളവർക്ക് പകർന്നുകൊടുക്കുകയോ, മറ്റുള്ളവരെ ഭയത്തിൻറെ വാൾമുനയിൽ നിർത്തി ചൂഷണം ചെയ്യുകയോ ആകാം.

എതിർക്രിസ്തുവിനെ പറ്റിയുള്ള യോഹന്നാൻറെ വിവരണം:

(മലയാളം വേദപുസ്തകത്തിലെ ഭാഷ അസഹ്യമായതിനാൽ എൻറെ സ്വന്തം പരിഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഇംഗ്ലീഷ് പരിഭാഷയുമായി താരതമ്യം ചെയ്തുനോക്കാം. ഇവിടെ King James Version - KJVയിൽ നിന്നുമാണ് ഉദ്ധരിച്ചിക്കുന്നത്.)
1യോഹ 2:18 കുഞ്ഞുങ്ങളേ, ഇത് [യോഹന്നാൻ ഈ ലേഖനം എഴുതിയ കാലം] അന്ത്യനാഴികയാണ്; എതിര്‍ക്രിസ്തു വരും എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ [യോഹന്നാൻ ഈ ലേഖനം എഴുതിയ കാലത്ത്] അനേകം എതിര്‍ക്രിസ്തുക്കള്‍ എഴുന്നേറ്റിരിക്കുന്നതിനാല്‍ [ഭൂതകാലം] അന്ത്യനാഴികയാണ് എന്ന് നമുക്കറിയാം.
1Jn 2:18 Little children, it is the last time: and as ye have heard that antichrist shall come, even now are there many antichrists; whereby we know that it is the last time.
ഈ വചനം നാം ഇതിന് മുമ്പുള്ള ലേഖനത്തിൽ അവലോകനം ചെയ്തതാണ്.
1യോഹ 2:19 അവര്‍ [എതിര്‍ക്രിസ്തുക്കള്‍] നമ്മുടെ [വിശ്വാസികളുടെ] ഇടയില്‍ നിന്നും പുറപ്പെട്ടവരാണ്, എങ്കിലും അവർ നമ്മുടേതായിരുന്നില്ല; അവര്‍ നമ്മുടേതായിരുന്നു എങ്കില്‍ അവർ നമ്മോട് കൂടെ നിൽക്കുമായിരുന്നു; പക്ഷേ, എല്ലാവരും നമ്മുടേതല്ല എന്ന് വ്യക്തമാകണമല്ലോ?
1Jn 2:19 They went out from us, but they were not of us; for if they had been of us, they would no doubt have continued with us: but they went out, that they might be made manifest that they were not all of us.
ഈ വചനം മനസ്സിലാക്കുവാൻ അൽപം കഠിനമാണ്. 1യോഹ 2:18ൽ എതിര്‍ക്രിസ്തുക്കള്‍ എന്ന് വിളിക്കപ്പെട്ടവർ സഭയിലുള്ള മറ്റ് അംഗങ്ങളെ പോലെ (കൊമ്പും കുളമ്പും ഇല്ലാത്ത) സാധാരണ മനുഷ്യരായിരുന്നു. അവർ സഭയിൽ അംഗങ്ങളായിരുന്നെങ്കിലും അവർക്ക് മറ്റ് അംഗങ്ങളോട് യോജിച്ചുപോകുവാൻ കഴിയാത്ത ഒരു വ്യത്യാസം ഉണ്ടായിരുന്നു, അതുകൊണ്ടാണ് അവർ പിരിഞ്ഞുപോയത്. ആ വ്യത്യാസം തുടർന്നുവരുന്ന വചനങ്ങളിൽ കാണാം.
1യോഹ 2:20 നിങ്ങൾ [ബാക്കിയായവർ] പരിശുദ്ധനാല്‍ അഭിഷേകം പ്രാപിച്ച് എല്ലാം അറിയുന്നു.
1Jn 2:20 But ye have an unctionG5545 from the Holy One, and ye know all things.
അതായത്, നിങ്ങളിൽ നിന്നും വിട്ടുപോയവർക്ക് അഭിഷേകം ഇല്ല. അതാണ് നിങ്ങളും അവരും തമ്മിലുള്ള വ്യത്യാസം, നിങ്ങൾക്ക് ഇടയിലെ പൊരുത്തക്കേടിന് കാരണം.

ഈ വചനത്തിൽ അഭിഷേകം (unction, anointing) എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്ക് χρίσμα (khris'-mah, ക്രിസ്മ, സ്ട്രോങ്സ് നിഘണ്ടുവിൽ G5545). ഈ വാക്ക് ഉണ്ടായിരിക്കുന്നത് χρίω (പൂശുക, അഭിഷേചിക്കുക, khree'-o, G5548) എന്ന വാക്കിൽ നിന്നുമാണ്. ക്രിസ്തു എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന വാക്കും ഇതേ വാക്കിൽ നിന്നും ഉണ്ടായതാണ്: Χριστός (അഭിഷിക്തൻ, khris-tos', G5547). ക്രിസ്തു (അഭിഷിക്തൻ) എന്നവാക്കിന് ἀντί (an-tee', G473) എന്ന പൂര്‍വ്വപ്രത്യയം (prefix) ചേർത്താണ് എതിർക്രിസ്തു എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ἀντίχριστος (an-tee'-khris-tos, G500) എന്ന പദം ഉണ്ടായിരിക്കുന്നത്. (ഗ്രീക്കിലെ an-tee പദം ഇംഗ്ലീഷിലെ anti എന്ന പദത്തിന് തത്തുല്യമായ പദമാണ് എന്ന ധാരണയിലാണ് “എതിർ” എന്ന പൂര്‍വ്വപ്രത്യയം (prefix) ചേർത്തിരിക്കുന്നത്. ഈ വാക്കിൻറെ യഥാർത്ഥ അർത്ഥം “പകരം” (for) എന്നാണ്. (ഉദാ: മത്താ 2:22ൽ അര്‍ക്കെലയൊസ് തന്‍റെ അപ്പനായ ഹെരോദാവിന് പകരം വാഴുന്നു. മത്താ 5:38: കണ്ണിന് പകരം കണ്ണ്, പല്ലിന് പകരം പല്ല്.)

19, 20 വചനങ്ങളുടെ വിഷയം സഭയിൽ നിന്നും വിട്ടുപോയവരും നിലനിൽക്കുന്നവരും തമ്മിലുള്ള വ്യത്യാസമാണ്. നിലനിൽക്കുന്നവർക്ക് അഭിഷേകമുണ്ട്, അതുകൊണ്ട് എല്ലാം അറിയാം. വിട്ടുപോയവർക്ക് അഭിഷേകം ഇല്ല. അഭിഷേകത്തിൻറെ അഭാവമാണ് അവരെ എതിർക്രിസ്തുക്കൾ ആക്കുന്നത്, കൊമ്പും കുളമ്പും, രാഷ്ട്രീയാധികാരവും അല്ല. അഭിഷേകം ഉള്ളവർ അഭിഷിക്തരാണെങ്കിൽ അഭിഷേകം ഇല്ലാത്തവർ അനഭിഷിക്തരല്ലേ ആകേണ്ടത്?

1യോഹ 2:22 യേശുവിനെ ക്രിസ്തുവല്ല എന്ന് നിഷേധിക്കുന്നവനല്ലാതെ നുണയൻ (liar) ആരാണ്? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാണ് എതിര്‍ക്രിസ്തു.
1Jn 2:22 Who is a liar but he that denieth that Jesus is the Christ? He is antichrist, that denieth the Father and the Son.
ഇതാണ് പ്രശ്നം. നിങ്ങളിൽ നിന്നും വിട്ടുപോയവർക്ക് അഭിഷേകം ഇല്ലാത്തതിനാൽ അവർക്ക് യേശുവിനെ ക്രിസ്തു എന്ന് അംഗീകരിക്കുവാൻ കഴിയുന്നില്ല. അല്ലാതെ അവർ രാഷ്ട്രീയത്തെയും മതത്തെയും നിയന്ത്രിക്കുന്നതിനാൽ അല്ല. പരിശുദ്ധാത്മാവിൻറെ അഭിഷേകം ഇല്ലാതെ ആർക്കും യേശുവിനെ കർത്താവ് എന്ന് അംഗീകരിക്കുവാൻ കഴിയില്ല. (1കൊരി 12:3, വേറെയും അനുയോജ്യമായ വചനങ്ങൾ ഉണ്ടാകാം.)
1യോഹ 2:23 പുത്രനെ നിഷേധിക്കുന്നവന് പിതാവും ഇല്ല; പുത്രനെ സ്വീകരിക്കുന്നവന് പിതാവും ഉണ്ട്.
1Jn 2:23 Whosoever denieth the Son, the same hath not the Father: (but) he that acknowledgeth the Son hath the Father also.
ഇതാണ് ക്രൈസ്തവ വിശ്വാസത്തിൻറെ അടിസ്ഥാന പ്രമാണം (the Doctrine of Christ). ഇവിടെയാണ് എതിർക്രിസ്തുക്കൾ എന്ന് വിളിക്കപ്പെടുന്നവർക്ക് തെറ്റുപറ്റിയത്. അവരുടെ വിശ്വാസത്തിൽ ക്രിസ്തുവിന് സ്ഥാനമില്ല. റോമൻ കത്തോലിക്കർ മുതൽ യഹോവാ സാക്ഷികളും, മൊര്‍മോണ്‍ സഭക്കാരും വരെ എല്ലാ ക്രൈസ്തവരും പിതാവിനെയും പുത്രനെയും സ്വീകരിക്കുന്നവരാണ്, അതുകൊണ്ട് ഏതെങ്കിലും ക്രൈസ്തവ വിഭാഗമാണ് അന്തിക്രിസ്തു എന്ന വാദത്തിന് വേദപുസ്തകത്തിൽ അടിസ്ഥാനമില്ല.
തുടർന്നുള്ള വചനങ്ങൾ അഭിഷേകത്തെ പറ്റിയും, പിതാവിലും പുത്രനിലും നിലനിൽക്കുന്നതിനെ പറ്റിയുമാണ്. എതിർക്രിസ്തുവിനെ പറ്റിയുള്ള 4 വചനങ്ങളിൽ രണ്ടെണ്ണം നമ്മൾ പരിശോധിച്ചു. ബാക്കിയുള്ള രണ്ടെണ്ണവും പരിശോധിച്ചിട്ട് ഈ വിഷയത്തിലേക്ക് തിരിച്ചുവരാം.

ആദിമ സഭയിലെ അംഗങ്ങൾ തോൽപിച്ച എതിർക്രിസ്തു.


1യോഹ 4:1 പ്രിയമുള്ളവരേ, കള്ളപ്രവാചകര്‍ പലരും ലോകത്തിലേക്ക് പുറപ്പെട്ടിരിക്കുന്നതിനാല്‍ (ഭൂതകാലം) എല്ലാ ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കള്‍ ദൈവത്തില്‍ നിന്നും ഉള്ളവയാണോ എന്ന് പരിശോധിക്കുവിന്‍.
1Jn 4:1 Beloved, believe not every spirit, but try the spirits whether they are of God: because many false prophets are gone out into the world.
കള്ളപ്രവാചകരുടെ ലക്ഷണമാണ് ഇവിടെ വിഷയം. ആത്മാവിനെ പരിശോധിക്കുവാനുള്ള ഭൂതക്കണ്ണാടികൾ (microscope) ഒന്നുമില്ല. ഒരാളുടെ സാക്ഷ്യം യേശുവിനെ പറ്റി അല്ലെങ്കിൽ അയാൾ കള്ളപ്രവാചകൻ, കാരണം: യേശുവിനെ പറ്റിയുള്ള സാക്ഷ്യമാണ് പ്രവചനത്തിന്‍റെ ആത്മാവ് (വെളി 19:10, the testimony of Jesus is the spirit of prophecy).

1യോഹ 4:2 ദൈവത്തില്‍ നിന്നും ഉള്ള ആത്മാവിനെ ഇതിനാല്‍ അറിയാം; യേശുക്രിസ്തു മാംസത്തില്‍ വന്നു എന്ന് ഏറ്റുപറയുന്ന ആത്മാവെല്ലാം ദൈവത്തില്‍ നിന്നുള്ളത്.
1Jn 4:2 Hereby know ye the Spirit of God: Every spirit that confesseth that Jesus Christ is come in the flesh is of God:
എതിർക്രിസ്തുക്കളും കള്ളപ്രവാചകരും യേശു ക്രിസ്തു മാംസത്തിൽ വന്നു എന്ന് ഏറ്റുപറയുന്നില്ല എന്ന് വിവക്ഷ.
1യോഹ 4:3 യേശുവിനെ ഏറ്റുപറയാത്ത യാതൊരു ആത്മാവും ദൈവത്തില്‍ നിന്നുള്ളതല്ല. അത് എതിര്‍ക്രിസ്തുവിന്‍റെ ആത്മാവാണ്; അത് (എതിര്‍ക്രിസ്തു) വരും എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ; അത് ഇപ്പോഴും (ഒന്നാം നൂറ്റാണ്ടിൽ) ലോകത്തില്‍ ഉണ്ട്.
1Jn 4:3 And every spirit that confesseth not that Jesus Christ is come in the flesh is not of God: and this is that spirit of antichrist, whereof ye have heard that it should come; and even now already is it in the world.
അതായത്, യേശു മാംസത്തിൽ വന്നു എന്ന് ഏറ്റുപറയാത്ത ആത്മാക്കളാണ് കള്ളപ്രവാചകരും എതിര്‍ക്രിസ്തുക്കളും. അത്തരം ആളുകൾ ഒന്നാം നൂറ്റാണ്ടിൽ തന്നെ നിലനിന്നിരുന്നു.
1യോഹ 4:4 കുഞ്ഞുങ്ങളേ, നിങ്ങള്‍ [സഭയിൽ ബാക്കിയുള്ളവർ] ദൈവത്തിൽ നിന്നും ഉള്ളവരാണ്; അവരെ [കള്ളപ്രവാചകരെ, എതിര്‍ക്രിസ്തുക്കളെ] ജയിച്ചിരിക്കുന്നു. നിങ്ങളില്‍ ഉള്ളവന്‍ ലോകത്തില്‍ ഉള്ളവനെക്കാള്‍ വലിയവനാണല്ലോ?
1Jn 4:4 Ye are of God, little children, and have overcome them [false prophets and antichrists]: because greater is he that is in you, than he that is in the world.
നിങ്ങൾ തോൽപിച്ചത് സദ്ദം ഹുസൈനെയോ, ഗദ്ദാഫിയെയോ, ഒസാമാ ബിന്‍ ലാദനെയോ, ഹിറ്റ്ലറെയോ, കൊമ്പും കുളമ്പുമുള്ള ഭീകരമൂർത്തിയെയോ അല്ല; യേശു മാംസത്തിൽ വന്നു എന്ന് ഏറ്റുപറയാത്ത കള്ളപ്രവാചകരെയും, എതിര്‍ക്രിസ്തുക്കളെയും. ആരാണവർ? നിങ്ങളുടെ സഹജീവികൾ, നിങ്ങളോടൊപ്പം സഭയിൽ ഉണ്ടായിരുന്നവർ. പരിശുദ്ധാത്മാവിൻറെ അഭിഷേകം ഇല്ലാത്തതിനാൽ സഭയിൽ നിന്നും വിട്ടുപോയവർ.
സാധാരണ മനുഷ്യരാൽ തോൽപിക്കുവാൻ കഴിയുന്ന എതിർക്രിസ്തുവിനെയാണോ ഇത്രയുംനാൾ ഭീകരരൂപിയായി ചിത്രീകരിച്ചുകൊണ്ടിരുന്നത്?

1യോഹ 4:5 അവര്‍ [എതിർക്രിസ്തുക്കൾ] ലോകത്തിൽ നിന്നും ഉള്ളവരാണ്, അതുകൊണ്ട് ലോകത്തെ പറ്റി സംസാരിക്കുന്നു; ലോകം അവരുടെ വാക്ക് കേള്‍ക്കുന്നു. (ഈ വചനത്തിൽ ലൌകികർ എന്നെല്ലാം എഴുതിയിരിക്കുന്നത് ഒന്നാന്തരം തള്ളാണ്. ഇംഗ്ലീഷ് പരിഭാഷ കാണുക.)
1Jn 4:5  They are of the world: therefore speak they of the world, and the world heareth them.
അവർ ലോകത്തിൽ നിന്നും ഉള്ള മനുഷ്യർ എന്നല്ലാതെ, ദംഷ്ട്രകൾ കാണിക്കുന്ന ഭീകരജീവികളല്ല. (തുടർന്നുവരുന്ന വചനങ്ങളിൽ ലോകത്തിൽ നിന്നുള്ളവരും ദൈവത്തിൽ നിന്നുള്ളവരും തമ്മിലുള്ള വ്യത്യാസം കാണിച്ചുതരുന്നു.)

ഇവിടെ ലോകത്തിൽ നിന്നുമുള്ളവർ എന്ന് പറഞ്ഞിരിക്കുന്നതിൻറെ വിശദീകരണം ഈ ലേഖനത്തിൻറെ ഒടുവിൽ ഉണ്ട്.

അടിച്ചുതളിച്ചതിനകത്ത് കയറ്റുവാൻ പാടില്ലാത്ത “ആൻറി” ക്രൈസ്റ്റ് (എതിർക്രിസ്തു)


നമ്മുടെ നാട്ടിൽ മുമ്പൊക്കെ ഒരു വീട്ടിലെ വിവരങ്ങൾ അടുത്ത വീട്ടിൽ എത്തിക്കുന്ന ഏഷണിക്കാരി തള്ളമാർ (അനൽപം തന്തമാരും) ഉണ്ടായിരുന്നു (ഇപ്പോഴും ഉണ്ടാവാം). അവരെ റേഡിയോ മാമ്മി, ആകാശവാണി, ന്യൂസ് പേപ്പർ എന്നൊക്കെ വിളിക്കും. എൻറെ ഭാര്യ അവരുടെ വടക്കൻ പറവൂർ ഭാഷയിൽ പറയും, അവരെയൊന്നും അടിച്ചുതളിച്ചതിനകത്ത് (മുറ്റത്ത്) കയറ്റരുതെന്ന്. അത്തരത്തിൽ യോഹന്നാൻ എതിർക്രിസ്തുവിന് ഊരുവിലക്ക് കൽപിക്കുന്നതാണ് അടുത്ത വേദഭാഗം:
2 യോഹ 1:7 യേശു ക്രിസ്തുവിനെ മാംസത്തില്‍ വന്നു എന്ന് ഏറ്റുപറയാത്ത പല വഞ്ചകന്മാര്‍ ലോകത്തിലേക്ക് പുറപ്പെട്ടിരിക്കുന്നു (ഭൂതകാലം). വഞ്ചകനും എതിര്‍ക്രിസ്തുവും ഇങ്ങനെയുള്ളവന്‍ ആകുന്നു.
2Jn 1:7 For many deceivers are entered into the world, who confess not that Jesus Christ is come in the flesh. This is a deceiver and an antichrist.
എതിർക്രിസ്തുവിന് ഇതിന് മുമ്പ് നൽകിയ അതേ വിവരണം തന്നെയാണ് ഇവിടെയും. ഭയം മൂലധനമാക്കിയവർ പറയുന്നത് പോലെ, കൊമ്പും കുളമ്പുമുള്ള ഭീകരരൂപത്തെ പറ്റിയല്ല യോഹന്നാൻ എഴുതിയത്.

2 യോഹ 1:9 ക്രിസ്തുവിന്‍റെ ഉപദേശത്തില്‍ നിലനില്‍ക്കാതെ അതിനെ മറികടക്കുന്ന ഒരുവനും ദൈവം ഇല്ല; ഉപദേശത്തില്‍ നിലനില്‍ക്കുന്നവന് പിതാവും പുത്രനും ഉണ്ട്.
2Jn 1:9 Whosoever transgresseth, and abideth not in the doctrine of Christ, hath not God. He that abideth in the doctrine of Christ, he hath both the Father and the Son.
ക്രിസ്തുവിന്‍റെ ഉപദേശം (the doctrine of Christ) സ്വീകരിക്കാത്തവൻ എതിർക്രിസ്തുവാണ്. അത് സ്വീകരിക്കുന്നവന് പിതാവും പുത്രനും ഉണ്ട്.

2 യോഹ 1:10 ഒരുവന്‍ ഈ ഉപദേശവുമായി അല്ലാതെ നിങ്ങളുടെ അടുത്തുവന്നാൽ അവനെ വീട്ടില്‍ സ്വീകരിക്കരുത്; അവനെ വന്ദിക്കരുത്.
2Jn 1:10  If there come any unto you, and bring not this doctrine, receive him not into your house, neither bid him Godspeed:
ക്രിസ്തുവിൻറെ ഉപദേശവുമായല്ലാതെ, എതിർക്രിസ്തുവിൻറെ (പിതാവും പുത്രനും ഇല്ലാത്ത) ഉപദേശവുമായി വരുന്നവനെ അടിച്ചുതളിച്ചതിനകത്ത് കയറ്റരുത് എന്ന് സാരം.

പ്രിയരേ, വീട്ടിൽ വരുന്ന അതിഥികളെ സ്വീകരിക്കരുത് എന്നല്ല യോഹന്നാൻ പറയുന്നത്. പിതാവിലും പുത്രനിലുമുള്ള നിങ്ങളുടെ വിശ്വാസത്തെ ഹനിക്കുവാൻ സാധ്യതയുള്ളവരെ ഒഴിവാക്കുവാനാണ്.

ഹിറ്റ്ലറോ, ഒസാമാ ബിന്‍ ലാദനോ (അവർ ജീവനോടിരുന്നെങ്കിൽ) നിങ്ങളുടെ വീട്ടിൽ വരുവാൻ സാധ്യതയില്ലല്ലോ? വരുവാൻ സാധ്യതയുള്ളത് നിങ്ങളുടെ ഇടയിൽ നിന്നും വിശ്വാസം ഉപേക്ഷിച്ചുപോയ ആരെങ്കിലും ആയിരിക്കണം. അവർ വരുന്നതിൻറെ ഉദ്ദേശ്യം നിങ്ങളെ സ്വാധീനിച്ച് അവരുടെ കൂടെ ചേർക്കുവാൻ ആയിരിക്കണം. (ഉദാഹരണങ്ങൾ നിങ്ങൾക്കറിയാം.) അങ്ങനെയുള്ളവരെ സ്വീകരിക്കരുത് എന്നാണ് വിവക്ഷ.

 ശ്രോതാക്കളുടെ ബന്ധവും (audience relevance) എതിർക്രിസ്തുവും.


യോഹന്നാൻ എഴുതിയ കത്തുകൾക്ക് (ലേഖനങ്ങൾക്ക്) ശ്രോതാക്കളല്ല, മേൽവിലാസക്കാരാണ് ഉള്ളത്. ആരോടാണോ ഒരു കാര്യം പറയുന്നത്, ആർക്കാണോ ഒരു ലേഖനം എഴുതപ്പെടുന്നത് അവരെ ദൈവശാസ്ത്ര പഠനത്തിൽ ശ്രോതാക്കൾ (audience) എന്ന് പറയും. യോഹന്നാൻറെ കത്തുകളിൽ എഴുതപ്പെട്ട കാര്യങ്ങൾ പ്രാധമികമായി ആ കത്തിൻറെ മേൽവിലാസക്കാർക്കാണ് ബാധകമാകുന്നത്. (നമുക്ക് അതിൽ നിന്നും പാഠങ്ങൾ ഇല്ലെന്നല്ല.)

ഈ കത്തിൻറെ ഒന്നാം നൂറ്റാണ്ടിലെ മേൽവിലാസക്കാരോട് യോഹന്നാൻ:
  • ഇപ്പോൾ (ഒന്നാം നൂറ്റാണ്ടിൽ) അനേകം എതിർക്രിസ്തുക്കൾ പുറപ്പെട്ടരിക്കുന്നു എന്ന് പറഞ്ഞത് വെറുംവാക്കല്ല. ഇത് പുതിയനിയമമാണ്. പഴയനിയമം ആയിരുന്നെങ്കിൽ നിഴലാണെന്നോ, ദൃഷ്ടാന്തമാണെന്നോ അവകാശപ്പെടാമായിരുന്നു.
  • എതിർക്രിസ്തു ഭീകരരൂപിയാണെന്നോ, രാഷ്ട്രീയ നേതാവാണെന്നോ പറയാതെ, മാംസത്തിൽ വന്ന ക്രിസ്തുവിനെ അംഗീകരിക്കാത്തവനാണ് എന്ന് വ്യക്തമാക്കിയിരിക്കുന്നു.
  • എതിർക്രിസ്തുക്കൾ അഭിഷേകം ഇല്ലാത്തവരാണ് എന്ന് പരോക്ഷമായി പ്രസ്താവിച്ചു.
  • എതിർക്രിസ്തുക്കൾ വിശ്വാസികളുടെ ഇടയിൽ നിന്നും പിരിഞ്ഞുപോയ സാധാരണ മനുഷ്യരാണെന്ന് വ്യക്തമാക്കി.

ഇതിൽ എവിടെയാണ് സഭ കാലാകാലമായി പഠിപ്പിക്കുന്ന എതിർക്രിസ്തുവിൻറെ ഭീഭത്സമായ ചിത്രമുള്ളത്?

ദാനിയേൽ 7ലെ മൃഗമോ? വെളിപ്പാടിലെ മൃഗമോ? എന്നെല്ലാം ചോദിച്ചേക്കാം. ആ മൃഗങ്ങൾ വിശ്വാസികളുടെ ഇടയിൽ നിന്നും പിരിഞ്ഞുപോയതാണെന്ന് തെളിയിക്കുവാൻ കഴിയുമോ?

ലോകത്തിൽ നിന്നുമുള്ളവർ:


പ്രിയരേ, അവർ (എതിർക്രിസ്തുക്കൾ) ലോകത്തിൽ നിന്നും ഉള്ളവരാണ് എന്ന് 1യോഹ 4:5ൽ എഴുതിയിരിക്കുന്നത് ശ്രദ്ധിച്ചോ?
1യോഹ 4:5 അവര്‍ [എതിർക്രിസ്തുക്കൾ] ലോകത്തിൽ നിന്നും ഉള്ളവരാണ്, അതുകൊണ്ട് ലോകത്തെ പറ്റി സംസാരിക്കുന്നു; ലോകം അവരുടെ വാക്ക് കേള്‍ക്കുന്നു.

വിശ്വാസികൾ ദൈവത്തിൽ നിന്നും ഉള്ളവരാണ് എന്നതിന് സംശയമേയില്ല. (യോഹ 1:12, 13). ലോകത്തിൽ ഉള്ളവരെല്ലാം ലൌകികരല്ല. ലൌകികത (സുഖഭോഗ തൃഷ്ണ) ആയിരുന്നില്ല അവരുടെ പ്രശ്നം.

ഈ ലേഖനം എഴുതപ്പെട്ട കാലത്ത് യെഹൂദ മതമായിരുന്നു പ്രബല മതം. ക്രൈസ്തവരായി മാറിയവരിൽ ഭൂരിഭാഗവും യെഹൂദ മതസ്തരായിരുന്നു. യെഹൂദരെ സംബന്ധിച്ചിടത്തോളം ദൈവത്തിന് ഒരു പുത്രനുണ്ട് എന്ന ചിന്ത തികച്ചും അസഹ്യമായിരുന്നു.
യോഹ 5:18 യേശു ശബ്ബത്തിനെ ലംഘിച്ചതിനാല്‍ മാത്രമല്ല, ദൈവത്തെ സ്വന്തം പിതാവെന്ന് പറഞ്ഞ്, തന്നെത്താന്‍ ദൈവത്തോട് സമമാക്കിയതിനാലും യെഹൂദര്‍ യേശുവിനെ കൊല്ലുവാന്‍ അത്യധികം ശ്രമിച്ചുകൊണ്ടിരുന്നു.
Joh 5:18 Therefore the Jews sought the more to kill him, because he not only had broken the Sabbath, but said also that God was his Father, making himself equal with God.

ഇത്തരം ഒരു പശ്ചാത്തലത്തിൽ നിന്നും വന്നവരോട് ദൈവത്തെയും ക്രിസ്തുവിനെയും വിശ്വസിക്കണം എന്ന് പഠിപ്പിക്കുമ്പോൾ അവരുടെ മനസ്സിൽ ഓരായിരം സംശയങ്ങൾ ഉയരും. അപ്പോൾ അവർ സ്വാഭാവികമായും ചിന്തിക്കും: 10 ലക്ഷത്തോളം യെഹൂദ്യരുടെ നടുവിലുള്ള ഏറിയാൽ 10,000 പേരുള്ള ഈ ചെറിയ ക്രൈസ്തവ മതം ഈ അടുത്തകാലത്ത് ഉണ്ടായതാണ്. ഞങ്ങളുടെ മതത്തിൻറെ പണ്ഡിതന്മാർ 4000 വർഷങ്ങളായി ഉണ്ടാക്കിയെടുത്തതാണ് ഞങ്ങളുടെ വിശ്വാസസംഹിത. അത് തെറ്റായിരിക്കുമോ? ഈ 10 ലക്ഷം പേരുടെ വിശ്വാസം തെറ്റായിരിക്കുമോ? ഈ പുതിയ മതത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും നടക്കുന്നുണ്ട്. പക്ഷേ, ഇത്തരം ചെറിയ മതങ്ങൾ ഇതിന് മുമ്പും ഉണ്ടായി, നശിച്ചുപോയിട്ടില്ലേ? എന്നൊക്കെ (അപ്പൊ 5:36, 37). അടുത്ത നടപടി തിരികെ യെഹൂദ്യ മതപണ്ഡിതന്മാരുടെ അടുത്ത് സംശയനിവാരണത്തിനായി പോകുക എന്നതാണ്. അവർ വെറുതെ വിടുമോ? സംശയം ചോദിക്കുവാൻ ചെല്ലുന്നവരെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കുക എന്നതല്ലേ മതമേധാവികളുടെ പണി? ഈ സംശയക്കാർ തിരികെ വന്ന് രണ്ട് വള്ളത്തിലും കാലിട്ടിരിക്കുന്ന കുറെ പേരെയും കൂട്ടിക്കൊണ്ട് പോകും. അതിനാണ് അവരെ അടുപ്പിക്കരുത് എന്ന് യോഹന്നാൻ പറഞ്ഞത്.

ഇവിടെ ലോകം യെഹൂദ്യരാണ്. അവരുടെ മതമാണ് അവരുടെ ആകർഷണം, ബലഹീനത.

അവരെ കുറ്റം പറയുവാൻ കഴിയുമോ? ഉദാഹരണമായി, ഈ ലേഖനം ഇത്രയും വരെ നിങ്ങൾ വായിച്ചെത്തിയെങ്കിൽ നിങ്ങൾക്ക് അറിയാം എതിർക്രിസ്തു എന്ന വാക്ക് വരുന്ന വചനങ്ങൾ മാത്രമല്ല അവയുടെ പശ്ചാത്തലവും വിശദീകരിക്കപ്പെട്ടിട്ടുണ്ടെന്ന്. എങ്കിലും ഒരു സംശയം വരില്ലേ എന്തുകൊണ്ട് ഇത്രയും നാൾ 30, 40 വർഷത്തെ ശുശ്രൂഷയുടെ ചരിത്രവും, പ്രശസ്തമായ തിയോളജി കോളേജുകളിൽ നിന്നും ബിരുദാനന്തര ബിരുദങ്ങളുമുള്ള പ്രശസ്തരായ പാസ്റ്റർമാരും പ്രസംഗകരും ഇങ്ങനെയൊന്നും പറഞ്ഞില്ലെന്ന്? 300 കോടിയിൽ അധികം വരുന്ന ക്രൈസ്തവരെല്ലാം ഇത്രയും നാൾ തെറ്റുകളാണോ വിശ്വസിച്ചിരുന്നതെന്ന്? അവർക്കൊന്നും ലഭിക്കാത്ത വെളിപ്പാട് ബാംഗ്ലൂരിലുള്ള, തിയോളജി കോളേജിൻറെ പടി കണ്ടിട്ടില്ലാത്ത ഈ സോഫ്ട്‍വേർ എഞ്ചിനീയർക്ക് എങ്ങനെ കിട്ടിയെന്ന്? ഒരുപക്ഷേ, ഇയാൾക്ക് തെറ്റിയതാണെങ്കിലോ എന്ന്? അടുത്തത് നിങ്ങൾ ഫേസ്ബുക്കിലോ, വാട്‍സാപ്പിലോ നിങ്ങൾ ജ്ഞാനി എന്ന് കരുതുന്ന ആളോട് സംശയം ചോദിക്കാൻ പോകില്ലേ? അപ്പോൾ അവർ നിങ്ങളോട് 2തെസ്സ 2:3ലെ നാശയോഗ്യനും, അധര്‍മമൂര്‍ത്തിയും എതിർക്രിസ്തു ആയിരുന്നു എന്ന് പറയും. വീണ്ടും അവർക്ക് തെറ്റും. കാരണം, അത് ഒരു ചരിത്രപുരുഷനാണ്. വേദപുസ്തകം അവലോകനം ചെയ്ത് പഠിച്ചിട്ടുള്ളവർക്ക് അയാളുടെ പേര് അറിയാം, നിങ്ങളുടെ ദൈവശാസ്ത്ര ഗുരുവിന് അറിയുവാൻ വഴിയില്ല. തന്നെയുമല്ല, യോഹന്നാൻ എതിർക്രിസ്തുക്കൾ അനേകർ ഉണ്ട് എന്ന് ഒന്നിലധികം തവണ പറഞ്ഞിട്ടുണ്ട്, 2തെസ്സ 2:3ൽ ഒരേയൊരു മനുഷ്യനെ പറ്റിയാണ് പ്രതിപാദിച്ചിരിക്കുന്നത്. ദാനിയേൽ 7ൽ ഉള്ള മൃഗവും, വെളിപ്പാടിലെ മൃഗവും ക്രിസ്തുവിലുള്ള വിശ്വാസത്തിൽ നിന്നും വിട്ടുപോയവരല്ല. അവർ അന്യജാതിക്കാരായ രാജാക്കന്മാർ ആയിരുന്നു. അവർ ക്രൈസ്തവരെ ഉപദ്രവിച്ചിട്ടുണ്ട് എന്നത് സത്യമാണ്, പക്ഷേ, അവരാരും യോഹന്നാൻ എതിർക്രിസ്തുവിന് നൽകിയ വിവരണത്തോട് ഇണങ്ങുന്നവരല്ല.

ഈ എഴുതിയതിൽ അൽപം പോലും എൻറെ നേട്ടമല്ല. യോഹന്നാൻ എഴുതിയ കാര്യങ്ങൾ ഞാൻ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തി എന്നേയുള്ളൂ. ഈ എഴുതിയതിൽ എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ അത് മാത്രമാണ് എൻറേത്. ഇവിടെ എഴുതിയിരിക്കുന്ന കാര്യങ്ങൾ ഒരു ക്രൈസ്തവ വിഭാഗവുമായി ബന്ധപ്പെട്ടതല്ല.

ക്രൈസ്തവ ജീവിതം ഭീതിയുടേതല്ല. ഭയപ്പെടുന്നവൻ ഇനിയും സ്നേഹത്തിൽ പൂർണ്ണനായിട്ടില്ല.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

No comments:

Post a Comment